വയലറ്റ് കാബേജ്: സോണിയ റഫീക്ക് എഴുതിയ കഥ

''എന്റെ വീടിന്റെ താക്കോല്‍ തന്നിരിക്കുന്നത് നിന്റെ ഇഷ്ടക്കാരെ വിളിച്ചുകേറ്റാനല്ല. പറ, ഇവിടെ നീ എത്ര പേരെ കൊണ്ടുവന്നിട്ടുണ്ട്?''
വയലറ്റ് കാബേജ്: സോണിയ റഫീക്ക് എഴുതിയ കഥ

രുണ്ട മറയുള്ള സ്വപ്നങ്ങളാണ് എലീനയുടേത്. നിഴല്‍ വീണ ഇടനാഴികളിലും ആള്‍ത്താമസമില്ലാത്ത കെട്ടിടങ്ങളിലും പാതി ചാരിയ വാതിലിനു പിന്നിലും സംഭവിക്കുന്ന സ്വപ്നങ്ങള്‍. വെയില്‍ തുറസുകളില്‍നിന്നും ഒളിയിടങ്ങളുടെ ചൂടുതേടിയ സ്വപ്നങ്ങള്‍. എലീനയുടെ നെഞ്ചില്‍ ഭാരമില്ല, പക്ഷേ, വല്ലാത്തൊരു ഞെരുക്കമുണ്ട്. തൊട്ടാലുരുകുന്ന രഹസ്യങ്ങളുടെ ഞെരുക്കം. ഋഷിയോട് പറയുന്ന ഓരോ വാക്കും മൂല്യം മായ്ക്കപ്പെട്ട നാണയങ്ങള്‍പോലെ നിഗൂഢസമ്പത്തായി അവള്‍ സൂക്ഷിക്കുന്നു. ഋഷി വന്നതിനുശേഷം അവള്‍ക്കു പുറംകാഴ്ചകളില്ല, ഉള്ളിലെ കാഴ്ചകളാണ് അധികവും കാണാറ്, ഉള്ളിലേക്കുള്ളിലേക്ക്, ആഴങ്ങളിലേക്കെത്തുന്നവ. 
മുപ്പതാം വയസ്സിലെ ആദ്യ പ്രണയം ജലമാണ്. നീരുറവയാകുമത് ചിലനേരം, ചിലപ്പോള്‍ ഒഴുകുന്ന പ്രവാഹമാവും. അങ്ങനെയിരിക്കുമ്പോള്‍ അത് തോരാത്ത പേമാരിയാകും. അവളില്‍നിന്നും അവളിലേക്കും അവളോടൊപ്പവും പെയ്യുന്ന പേമാരി. ഇതിപ്പോള്‍ നാലാംദിവസമാണ് ഋഷിയുടെ വീട്ടിലേക്ക്, അപകടസാധ്യത മുന്‍കൂട്ടി അറിഞ്ഞുകൊണ്ട് ധൈര്യപ്പെട്ടു ചെയ്യുന്ന 'റിസ്‌ക്' വിഭാഗത്തിലെ പ്രവൃത്തിയാണതെന്ന് അവളുടെ മുഖം കണ്ടാല്‍ ആരും പറയില്ല. തന്റെ ഇരുണ്ട സ്വപ്നങ്ങള്‍പോലെ അവളിപ്പോള്‍ വെളിച്ചത്തിലും ഇരുളായി സഞ്ചരിക്കാന്‍ പഠിച്ചിരിക്കുന്നു. 
അരുണ്‍ ഇന്നലേയും ചോദിച്ചു, എന്താണിത്ര സന്തോഷമെന്ന്, മുഖം തുടുത്തതിന്റേയും കണ്ണുകള്‍ പ്രകാശിതമായതിന്റേയും കാരണമാണ് അയാള്‍ അന്വേഷിച്ചത്. ''പ്രണയം, പ്രണയം... അതല്ലാതൊന്നുമല്ല'' എന്ന ലളിതമായ മറുപടിക്ക് പകരം അവള്‍ നാലഞ്ച് വരികള്‍ ചേര്‍ത്ത് ഖണ്ഡിക പണിഞ്ഞ് അരുണിനു സമ്മാനിച്ചു. മെട്രോ നഗരങ്ങളിലെ ജീവിതം ആണുങ്ങളെക്കാള്‍ പെണ്ണുങ്ങളെയാണ് സ്വാധീനിക്കുക എന്ന സ്വയം പ്രഖ്യാപിത തത്ത്വമായിരുന്നു അതിനു അരുണിന്റെ മറുപടി. 


എലീന ഓട്ടോറിക്ഷയില്‍ കയറിയപ്പോള്‍ മണി 9.30, അര മണിക്കൂറില്‍ ഋഷിയുടെ വീട്ടിലെത്തും. ഇത്രയും നേരത്തെ വേണ്ട, തീരുമാനിച്ച സമയം 10.45 ആണ്. സമയമുണ്ട്, എലീന അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി, കൂറ്റന്‍ ഷെല്‍ഫുകള്‍ക്കിടയിലൂടെ നടന്നു, കട തുറന്നിട്ടേയുള്ളു, ആളുകള്‍ അധികമില്ല. ആര്‍ക്കും മുഖം കൊടുത്തില്ല, നിറഞ്ഞ ട്രോളികളിലേക്ക് മാത്രം കുനിഞ്ഞുനോക്കി നടന്നു, ഓരോ ട്രോളിയും ഓരോ ലഘുവീടുകള്‍, വീട്ടിലുള്ള എല്ലാവരേയും എല്ലാ മുറികളേയും തൃപ്തിപ്പെടുത്താന്‍ പോന്ന ഉല്‍പ്പന്നമൊന്നെങ്കിലും അതില്‍ ഉണ്ടാവുമെന്നത് നിശ്ചയം. വെറുതെ കറങ്ങിത്തിരിയുന്നൊരു പെണ്ണ്, ഇവള്‍ എന്ത് വാങ്ങാന്‍ വന്നു? എന്തുകൊണ്ട് ഒന്നും വാങ്ങുന്നില്ല? എന്നൊക്കെയാണ് ചുറ്റുമുള്ളവരുടെ നോട്ടത്തെ അവള്‍ വ്യാഖ്യാനിച്ചത്. അവള്‍ 50 ശതമാനം ഡിസ്‌കൗണ്ടില്‍ വില്‍ക്കുന്ന ട്രാവല്‍ ബാഗുകളുടെ അരികില്‍ ചെന്നുനിന്നു. രണ്ടുമൂന്നെണ്ണം കയ്യിലെടുത്ത് നോക്കി, സിബ്ബ് ഊരിയും ഉള്‍വശം പരിശോധിച്ചും കുറച്ച് സമയം അവിടങ്ങനെ നിന്നു. യാത്രചെയ്ത യാത്രകളും ചെയ്യാനിരിക്കുന്ന യാത്രകളും ഓര്‍ത്തു. ലക്ഷ്യമില്ലാത്തൊരു യാത്രയിലാണ് അരുണിന്റെ ജീവിതത്തില്‍ വന്നുകയറിയത്, അതിനുശേഷം ചെയ്തതെല്ലാം അരുണിന്റെ യാത്രകള്‍, എന്നാണിനി സ്വന്തം യാത്രകള്‍! ഇപ്പോള്‍ ഋഷിയെന്ന ലഷ്യം മാത്രമാണവള്‍ക്കുള്ളത്, ഒഴിവുസമയമെല്ലാം അയാളുമായി ഫോണില്‍, അല്ലെങ്കില്‍ ചാറ്റില്‍, അതുമല്ലെങ്കില്‍ ചെറിയ കൂടിക്കാഴ്ചകള്‍. ഇനി യാത്രകള്‍ ഋഷിയോടൊപ്പമെങ്കില്‍ എന്തിനീ ട്രാവല്‍ ബാഗ്? അവനോടൊപ്പം എത്രയെത്ര വിര്‍ച്ച്വല്‍ യാത്രകള്‍, എവിടേയ്ക്കെന്നില്ലാതെ അവള്‍ നടത്തിയിരിക്കുന്നു. എലീന ബാഗ് തിരികെ വച്ചു. 
ഋഷിയുടെ വാട്സാപ്പ്. അയാള്‍ ഓഫീസിലേക്ക് ഇറങ്ങിയിട്ടില്ല, 10.30-നു അനുപമയെ ബാങ്കില്‍ വിട്ടതിനുശേഷമേ ഓഫീസിലേക്ക് പോകൂ. അപ്പോള്‍ സമയം ഇനിയും ബാക്കി. ആളുകള്‍ അവളെ തുറിച്ചുനോക്കുന്നു, എന്തുകൊണ്ടാണിങ്ങനെ? ഇന്നു മാത്രമല്ല, ഋഷിയോട് പ്രണയം തുടങ്ങിയ നാള്‍ മുതല്‍ ആളുകള്‍ എവിടേയും അവളെ ശ്രദ്ധിക്കുന്നു, തന്റെ ശരീരത്തില്‍നിന്നും എന്തെങ്കിലും ഗന്ധമോ വെളിച്ചമോ ദ്രാവകമോ അന്തരീക്ഷത്തിലേക്ക് വികിരണം ചെയ്യുന്നത് മാതിരി. 'ഹാ! പ്രകാശമേ' എന്ന് പാടി പലരും തന്നെ കൊതിക്കുന്നുണ്ടാവും, തനിക്കൊരു ഭംഗിയൊക്കെ ഉണ്ടെന്ന് എലീനയ്ക്കും തോന്നിത്തുടങ്ങിയിരുന്നു. അവള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നിറങ്ങി. വെയില്‍. വിയര്‍പ്പ്. പക്ഷേ, വിയര്‍ക്കരുത്, മുഷിയരുത്, ചൂടേറ്റ് വാടരുത്. പോകുന്നത് അവനരികിലേക്കാണ്. എലീന വീണ്ടും മാര്‍ക്കറ്റിനുള്ളില്‍ തിരികെ കയറി. ഫോട്ടോ ഫ്രെയിമുകള്‍ ഇരിക്കുന്ന ഭാഗത്തെത്തി, വട്ടത്തിലും ചതുരത്തിലുമുള്ള ഫ്രെയിമുകള്‍. ഒറ്റപ്പടം, ഇരട്ടപ്പടം, കുടുംബചിത്രം എല്ലാം പാകമാകുന്ന പലതരം ഫ്രെയിമുകള്‍. ഇതിലൊന്നിലും തന്റേയും ഋഷിയുടേയും ഒരുമിച്ചുള്ള ചിത്രം പാകമാവില്ല, ഒരു ഫ്രെയിമിലും ഒരുമിച്ചിരിക്കാന്‍ കഴിയാത്തവരാണല്ലോ അവര്‍. 
ഋഷിയും അനുപമയും വീട്ടില്‍നിന്നിറങ്ങിയെന്ന സന്ദേശം ലഭിച്ചയുടന്‍ അവള്‍ ഓട്ടോറിക്ഷയില്‍ കയറി. ഋഷിയുടെ വീടിന്റെ താക്കോല്‍ എപ്പോഴും അവളുടെ കൈവശമുണ്ടാവും. എവിടേയ്ക്കു പോയാലും അവളതെടുക്കും, മീന്‍ വാങ്ങാന്‍ പോകുമ്പോള്‍ എന്തിനാണത് കയ്യില്‍ കരുതുന്നതെന്ന് അവള്‍ക്കറിയില്ല. ബാങ്കില്‍ പോകുമ്പോള്‍, ബ്യൂട്ടി പാര്‍ലറില്‍ പോകുമ്പോള്‍ ഒക്കെ അത് കൈവശമുണ്ടാവും. കാരണം എവിടെയാണതിന്റെ സുരക്ഷിതസ്ഥാനമെന്നത് ഇപ്പോഴും അവള്‍ കണ്ടെത്തിയിട്ടില്ല എന്നതുകൊണ്ടുതന്നെ. 
അവള്‍ വീടുതുറന്ന് ഉള്ളില്‍ കയറി. മറ്റൊരുവന്റെ വീടു തുറക്കുമ്പോഴും അലമാര തുറക്കുമ്പോഴും ചുറ്റും നോക്കണമെന്ന് ആരോ പഠിപ്പിച്ചിട്ടുള്ളതുപോലെ എലീന ചുറ്റുപാടും കണ്ണുപായിച്ചു. മെട്രോകളിലെ വീടുകളില്‍ പകല്‍ ആരുമുണ്ടാവില്ല, എല്ലാവരും നഗരത്തിന്റെ ഏകാന്തത തീര്‍ക്കാന്‍ പാടുപെടുന്ന സമയമാണിത്. 
അവള്‍ കിടക്കയില്‍ ചെന്നിരുന്നു. ഇത് നാലാം വരവാണ്. ചുമരുകള്‍ അവളെ അറിഞ്ഞുതുടങ്ങിയിട്ടില്ല. അതിലവള്‍ ആശ്വസിച്ചു. ഒരു കണ്ണാടിപോലെ അവ അവളെ പ്രതിഫലിപ്പിച്ചിരുന്നുവെങ്കില്‍ എന്താവും സ്ഥിതി. കണ്ണാടി! അവള്‍ കണ്ണാടിക്ക് മുന്നില്‍ ചെന്നിരുന്നു. അനുപമ തുറന്നുവച്ച ഫൗണ്ടേഷന്‍ ക്രീമും ലിപ്സ്റ്റിക്കും എടുത്തുനോക്കി എല്ലാം അതാത് ഇടങ്ങളില്‍ അവ കിടന്ന അതേ ചെരുവില്‍ അങ്ങനെതന്നെ വച്ചു. ഇപ്പോള്‍ ആ കണ്ണാടിയില്‍ എലീനയും അവളുടെ സ്വകാര്യതയും മാത്രം. തൊട്ടുമുന്‍പ് വരെ അത് അനുപമയുടേത് മാത്രമായിരുന്നു, ഇപ്പോള്‍ അത് എലീനയുടെ രഹസ്യമായി മാറിയിരിക്കുന്നു. കണ്ണാടികളെ വിശ്വസിച്ചുകൂടാ, അവ രൂപം മാറും. കിടക്കയില്‍ ലാവന്‍ഡര്‍ നിറമുള്ള വിരി, എലീനയുടെ ഇഷ്ടനിറമാണ്, ഋഷി വിരിച്ചിട്ടതാവും. അനുപമ ഊരിയിട്ട പൈജാമയും ടി ഷര്‍ട്ടും കട്ടിലിന്റെ രണ്ട് കോണുകളില്‍, തലയിണയില്‍ കമഴ്ന്നു കിടന്ന ഉടുപ്പ് അവള്‍ എടുത്തുമാറ്റി, രണ്ട് ചെമ്പന്‍ മുടിയിഴകള്‍, അത് അനുപമയുടേത്, എലീന തലയിണയില്‍ മുഖമടുപ്പിച്ചു, ഇത് ഋഷിയുടെ തലയിണയാണ്, അനുപമയുടേതില്‍ കാബേജിന്റെ മണം. അനുപമയ്ക്ക് കാബേജിന്റെ ഗന്ധമാണോ! കാബേജ്! അവളോര്‍ത്തു; ഒരിക്കല്‍ കോഫീ ഷോപ്പില്‍ വച്ച്, സാലഡ് കഴിക്കുമ്പോള്‍, ഋഷി അതില്‍നിന്ന് കാബേജ് ഇലകള്‍ ചികഞ്ഞുമാറ്റി കളയുന്നത്. എലീനയുടെ ഉള്ളില്‍ ധാരാളം ഇലകളുള്ള മൂടിക്കെട്ടിയൊരു വയലറ്റ് കാബേജ് ആയി അനുപമയുടെ രൂപം തെളിഞ്ഞുവന്നു, നിഗൂഢമായൊരു ഗോളമാണത്. എലീന സ്വന്തം ശരീരം മണത്തു, എന്താണെന്റെ മണമെന്ന് ഉള്ളില്‍ സംശയിച്ചുകൊണ്ട് അവള്‍ തൂവാല നനച്ച് കക്ഷത്തെ വിയര്‍പ്പ് തുടച്ചു. സ്വന്തം ശ്വാസത്തിന്റെ ഗന്ധം പരിശോധിച്ചു, ഇല്ല, രാവിലെ കഴിച്ച മുട്ടക്കറിയുടെ മണമില്ല. വിശ്വാസം വരാതെ അവള്‍ രണ്ടു തവണ മൗത്ത്വാഷ് കുലുക്കിത്തുപ്പി. കുളിമുറിയില്‍ ഋഷി ഊരിയിട്ട ഉടുപ്പ്, ബാത്ത്ടബ്ബില്‍ അനുപമയുടെ അഞ്ചാറ് ചെമ്പന്‍ മുടിനാരുകള്‍. 
ഋഷിയുടേയും അനുപമയുടേയും മകള്‍ ധന്യക്ക് പനിയായിരുന്നു, എന്നിട്ടും സ്‌കൂളില്‍ തള്ളിവിട്ടു, കാരണം ഈ കൂടിക്കാഴ്ച മൂന്ന് ആഴ്ച മുന്‍പേ തീരുമാനിച്ചതല്ലേ. കുഞ്ഞിനെ ആശുപത്രിയില്‍ കാണിക്കാന്‍ അനുപമയെങ്ങാനും ലീവ് എടുത്താലോ എന്നൊരു സംശയം എലീന ചോദിച്ചതാണ്. അവള്‍ക്കിന്ന് ബാങ്കില്‍ തിരക്കുള്ള ദിവസമാണ്, പോയേ പറ്റൂ, നോ വറീസ് എന്ന് ഋഷി ഉറപ്പിച്ച് പറഞ്ഞു. എലീന ഒരു ചൂയിംഗ് ഗം വായിലിട്ടു, ആത്മവിശ്വാസം വരുത്താനുള്ള മറ്റൊരുപാധി. മേശപ്പുറത്ത് കൂജയില്‍ വച്ചിരുന്ന വെള്ളം രണ്ടിറക്ക് കുടിച്ചു, ജനാലകള്‍ നല്ലവണ്ണം അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി, കര്‍ട്ടന്‍ ഒന്നുകൂടി ചുരുള്‍ നിവര്‍ത്തിയിട്ടു. മേശയില്‍ ചാരിനിന്ന് അവള്‍ ഋഷിക്ക് വാട്സാപ്പ് അയക്കാന്‍ തുടങ്ങിയപ്പോള്‍... ഒരനക്കം, മുന്‍വാതിലിലാണ്, രണ്ടു പേരുടെ ഒച്ച, ഋഷിയുടെ ശബ്ദമല്ലെന്നുറപ്പ്. പരിഭ്രമത്തില്‍ ച്യൂയിംഗ് ഗം ഉള്ളില്‍ പോയത് എലീന അറിഞ്ഞില്ല. തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ണാടിയില്‍ സ്വന്തം മുഖം കണ്ട് അവള്‍ ഞെട്ടി, അവളെ അവിടെ കണ്ടത് ഈ കണ്ണാടി മാത്രം, ഇവയ്ക്ക് കാഴ്ചകള്‍ പുനര്‍ജീവിപ്പിക്കാന്‍ കഴിവുണ്ടാകുമോ എന്നുപോലും അവള്‍ ആശങ്കപ്പെട്ടു. എലീന വേഗം അടുത്തുകണ്ട ഒളിയിടത്തിലേക്ക് ഊര്‍ന്നുകയറി, കട്ടിലിനടിയിലാണവളിപ്പോള്‍. തൊണ്ടയില്‍ ഒരുപാട് ഇതളുകളുള്ളൊരു ചക്രം കറങ്ങുന്നതുപോലെ, അവള്‍ക്ക് വെള്ളം വേണം, നെഞ്ചിടിപ്പ്, കൈകളില്‍ വിറ. 


അനുപമയാണ് കിടപ്പുമുറിയിലേക്ക് കയറിവരുന്നത്, അപ്പുറത്ത് ഒരാള്‍ ഫോണില്‍ സംസാരിക്കുന്ന ശബ്ദം. അനുപമ ആദ്യം കിടക്കവിരി മാറ്റി, ഇളം നീല നിറത്തിലൊന്ന് വിരിച്ചിട്ട്, ലാവന്‍ഡര്‍ വിരി ചുരുട്ടി നിലത്തിട്ടു, എന്നിട്ടവള്‍ വസ്ത്രം മാറി, ചുവന്ന ഫ്രില്ലുകള്‍ പിടിപ്പിച്ചൊരു നൈറ്റ് ഡ്രസ്സ്. അതിനുള്ളില്‍ അനുപയുടെ ശരീരം കാബേജ് ഇലകള്‍ പോലെ കൂമ്പിനിന്നു, അവള്‍ ചാഞ്ഞും ചെരിഞ്ഞും കണ്ണാടിയില്‍ ഭംഗി നോക്കി, മുടി മുകളിലേക്ക് കെട്ടിവച്ചു. ഡ്രസ്സിംഗ് ചെയറില്‍ ഇരുന്നുകൊണ്ട് ചുവന്ന ഫ്രില്ലുകള്‍ ഉയര്‍ത്തി കാലില്‍ ക്രീം പുരട്ടുന്നു, ചുവപ്പിനടിയില്‍ കാലുകളുടെ മെഴുമെഴുത്ത വെളുപ്പ്. ചില്ലി റെഡ് നിറത്തിലെ നെയില്‍പോളിഷ് ഐവറി നിറത്തിലെ മാര്‍ബിള്‍ തറയിലേക്ക് രക്തത്തുള്ളികളായി ഇറ്റുവീഴുമെന്ന് തോന്നിപ്പോയി എലീനയ്ക്ക്. എലീനയുടെ നെഞ്ചിടിപ്പ് അനുപമയുടെ കാലൊച്ചകളോട് ഈണം കോര്‍ത്തു. ഋഷിയുടെ സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു, അവളെപ്പോളെത്തുമെന്ന അന്വേഷണങ്ങളാണ്, എലീനയുടെ ഫോണ്‍ എപ്പോഴും സൈലന്റ് മോഡില്‍ തന്നെയാണ്, അവള്‍ അനങ്ങിയില്ല. സമയനിഷ്ഠയാണ് പ്രണയനിഷ്ഠ എന്ന തത്ത്വത്തില്‍ ഓടുന്ന ബന്ധമാണ് അവരുടേത്. സൂചിമുനയില്‍ സഞ്ചരിക്കുന്ന പാതകള്‍, ആ മുനമ്പിന്റെ അറ്റം ഒന്ന് മുന്നോട്ടോ പിന്നോട്ടോ മാറിപ്പോയാല്‍ തീരാവുന്ന പാത. ഒരു ഫോണ്‍ കാള്‍, അല്ലെങ്കില്‍ ഒരു സന്ദേശം സമയം തെറ്റി വന്നുവീണാല്‍ അവിടെ പൊട്ടിവീഴും എല്ലാ ഇരുള്‍ സ്വപ്നങ്ങളുടേയും കലവറ. മുറിയിലേക്ക് അയാള്‍ കടന്നുവന്നു. ജീന്‍സ് ആണ് വേഷം. കട്ടിലിനടിയിലേക്ക് ചുമരുപറ്റി ഒന്നുകൂടി നീങ്ങിക്കിടന്നതിനാല്‍ എലീനയ്ക്കിപ്പോള്‍ ഇരുവരുടേയും മുട്ടുകാല്‍ വരെ മാത്രമേ കാണാനാവുന്നുള്ളു. അവര്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, എലീനയ്ക്ക് തലകറങ്ങി, വെള്ളം കുടിക്കണം. മാര്‍ബിളിന്റെ തണുപ്പ് എലീനയുടെ നാഭിയില്‍ മരവിപ്പായി പടര്‍ന്നു. കട്ടിലിനടിയിലെ പൊടിപടലം, അവളുടെ ഇടതുകവിളാകെ പൊടി പറ്റിപിടിച്ചു. ഋഷി എത്തും വരെ ശരീരഗന്ധം കാത്തുവച്ച്, ഫ്രഷ് ആണോ എന്ന് പലവട്ടം പരിശോധിച്ച് കാത്തിരുന്ന എലീന കട്ടിലിനടിയില്‍ പൊടിയിലും തണുപ്പിലും ഇടക്ക് കുളിര്‍ന്നും ചെറുതായി വിയര്‍ത്തും കമഴ്ന്നുകിടക്കുകയാണ്.
അനുപമ കട്ടിലില്‍ കിടന്നു, അയാള്‍ കട്ടിലിനരികിലേക്ക് വന്നപ്പോള്‍ അവള്‍ ഓരത്തേക്ക് നീങ്ങിപ്പോകുന്ന അനക്കം എലീനക്ക് കേള്‍ക്കാം, അയാള്‍ കിടക്കയിലേക്ക് ചവിട്ടിക്കയറി നിന്നു, അനുപമയും എണീറ്റു നിന്നുവെന്ന് തോന്നുന്നു, നാലു കാലുകള്‍ എലീനയുടെ ശരീരത്തിനു സമാന്തരമായി ഉയര്‍ന്നുനിന്നു. ദൂരെനിന്നു നോക്കിയാല്‍ താഴെ കിടക്കുന്ന എലീനയും മുകളില്‍ നിവര്‍ന്നുനില്‍ക്കുന്ന അനുപമയും കാമുകനും ചേര്‍ന്ന് ഒരു ലംബരേഖ തീര്‍ത്തതുപോലെ. കാമുകന്‍! കാമുകനുണ്ടാവുക; എലീനയുടെ രഹസ്യവും നെഞ്ചിന്റെ ഞെരുക്കവും ഋഷിയെന്ന കാമുകനാണ്. ആ രഹസ്യം തനിക്ക് മാത്രമല്ല, അനുപമയ്ക്കുമുണ്ട് ഇരുളില്‍ ഒളിഞ്ഞ സ്വപ്നങ്ങളും ഞെരുങ്ങിയ ശ്വാസകോശങ്ങളും. 
''നിനക്കിന്ന് വരാനാവുമെന്ന് കരുതിയതല്ല, മോളെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതായിരുന്നു, വയ്യാതെ പറഞ്ഞുവിട്ടു സ്‌കൂളില്‍.'' അനുപമ നനഞ്ഞ ചുണ്ടുകളോടെ അയാളോട്.
''കാണണം എന്ന് വിചാരിച്ച ഏത് ദിവസമാണ് നമ്മള്‍ കാണാതിരുന്നിട്ടുള്ളത്? എല്ലായ്പോഴും നമുക്കെല്ലാം അനുകൂലമാണ്, അനൂ.''
അവര്‍ കിടക്കയില്‍ ഇരിക്കുകയാണിപ്പോള്‍. അല്ല, കിടക്കുകയാണ്. അനുപമയുടെ നീണ്ട മുടി കട്ടിലില്‍നിന്ന് താഴേക്ക് ഊര്‍ന്നുകിടക്കുന്നു. ചുംബനങ്ങള്‍ മാത്രം ശബ്ദിച്ച ഏതാനും നിമിഷങ്ങള്‍. അനുപമയുടെ മുടി ചിലനേരം നിലത്ത് മുട്ടും, മാര്‍ബിള്‍ തണുപ്പില്‍ വിറച്ചത് പോലെ അത് വീണ്ടും മുകളിലേക്കുയരും. ഋഷിയുടെ സന്ദേശങ്ങള്‍ മുടിയനക്കങ്ങള്‍ക്ക് അനുസൃതമായ താളത്തില്‍ വന്നുപെരുകി. അനുപമ തലയിണയില്‍ തലവച്ച് കിടക്കുകയാണ്, അവളുടെ ശരീരത്തിന്റെ അനക്കങ്ങള്‍ എലീനയുടെ വയറ്റിലെ തണുപ്പിനു ശക്തികൂട്ടി. അനുപമയുടെ ആവേശത്തില്‍ കുതിര്‍ന്ന ഞരക്കങ്ങളില്‍ കൃഷ്ണാ എന്ന പേര് വിളിച്ചുകേട്ടു. കൃഷ്ണ! അതാണയാളുടെ പേര്. എലീന ഋഷിയുടെ സുഹൃത്ബന്ധങ്ങളില്‍ ആ പേരു തിരഞ്ഞു. കൃഷ്ണ; ആ പേരു കേട്ടിട്ടില്ല. അനുപമ കട്ടിലിന്റെ തലയ്ക്കല്‍ ചാരിയിരുന്നുകൊണ്ട് തളര്‍ച്ചയോടെ ചോദിച്ചു, ''ഇനിയെന്നാ?''
''എന്നും, എപ്പോഴും.''
''എന്നും എപ്പോഴും നീ തന്നെയാണ്. ഞാന്‍ എപ്പോഴും നിന്നോട് മിണ്ടിക്കൊണ്ടിരിക്കുകയല്ലേ. നീ എന്നില്‍ സദാ സംഭവിച്ചുകൊണ്ടിരിക്കും.''
''ഇതൊക്കെ പറയണോ, നമ്മളിപ്പോ ആറേഴ് വര്‍ഷങ്ങളായില്ലേ, ഇനി വാക്കുകള്‍ക്ക് എന്ത് വില?''
എന്തോ പറയാന്‍ തുനിഞ്ഞ അനുപമയുടെ ചുണ്ടുകള്‍ അയാള്‍ പൊത്തിപ്പിടിച്ചു, ചുണ്ടുകൊണ്ടോ വിരലുകള്‍കൊണ്ടോ എന്ന് എലീനയ്ക്ക് മനസ്സിലായില്ല. എലീന കിടക്കയുടെ അടിവശത്തെ പലകയില്‍ ചെറുവിരല്‍ ഉയര്‍ത്തി തൊട്ടു. പൊള്ളുന്നോ? മാര്‍ബിളിനോട് ചേര്‍ന്നു കിടക്കുന്ന ശരീരഭാഗങ്ങളില്‍ അവള്‍ തണുത്തു, മറുപുറം അവള്‍ക്ക് ഉഷ്ണിച്ചു. നീലവിരിയുടെ അഗ്രം ഫാനിന്റെ കാറ്റില്‍ തിരമാലകളുണ്ടാക്കി. അവള്‍ കൈപ്പത്തി നിവര്‍ത്തി കട്ടിലിന്റെ പലകയില്‍ അമര്‍ത്തിവച്ചു. ചൂട്, നെഞ്ചിന്റെ ചൂട്. വിരിയുടെ നീലത്തിരമാലകളില്‍ കയറിയിറങ്ങി സഞ്ചരിക്കുന്നൊരു കെട്ടുമരം പോലെ എലീന. എലീന കൈകള്‍ വയറ്റില്‍ മുറുക്കിക്കെട്ടി നിവര്‍ന്നു കിടന്നു. മലര്‍ന്നുകിടന്ന് നക്ഷത്രങ്ങളെ കാണുന്ന കുട്ടിയെപ്പോല്‍ അവള്‍ അവരുടെ ഉമ്മകള്‍ എണ്ണി. ഒരാകാശം, രണ്ടാകാശം, എത്രയെത്ര ആകാശങ്ങള്‍ നിറക്കുവാനുള്ള ചുംബനങ്ങള്‍! 
''അതുകൊണ്ട് ഞാനൊരിക്കലും ഒറ്റയ്ക്കല്ല, എനിക്ക് ഏകാന്തതയില്ല.''
അനുപമ പറഞ്ഞു നിര്‍ത്തിയപ്പോള്‍ കൃഷ്ണ തന്റെ വീടിന്റെയുള്ളില്‍ പലയിടങ്ങളിലായി ആരും കാണാതെ അനുപമയെ ഒളിപ്പിച്ചിരിക്കുന്നതെങ്ങനെയെന്ന് പറയുകയാണ്.
''മുന്നിലെ മുറിയില്‍ നാലു ചൂരല്‍ കസേരയുണ്ട്, അതിലൊന്നിന്റെ വിടവുകളില്‍ നിന്റെ നഖങ്ങളുണ്ട്, ഞാന്‍ കടിച്ചെടുത്ത നഖത്തുണ്ടുകള്‍. നിന്റെ കൈകളില്‍ അമരും പോലെ എനിക്കനുഭവപ്പെടുന്നു ആ കസേരയിലിരിക്കുമ്പോള്‍. ഷര്‍ട്ടുകള്‍ തൂക്കിയ അലമാരയുടെ അടിത്തട്ടില്‍ നിന്റെ തൂവാലകളുണ്ട്, ഇടക്കിടെ ജീവവായുപോലെ ഞാനത് മുഖത്ത് പൊത്തി മണക്കും. നിന്റെ കണ്‍പീലികള്‍ എന്റെ കിടക്കയുടെ നേരെ മുന്നിലെ ചുമരില്‍ പതിച്ച ചിത്രത്തിന്റെ കണ്ണാടിച്ചില്ലിനുള്ളിലുണ്ട്, എപ്പോഴും നീ എന്നെ നോക്കുകയാണെന്ന് വിശ്വസിക്കാന്‍. പിന്നെ, നിന്റെ മുടി...''
''മതി.''
 എലീന ആസ്വദിച്ചുവന്നതാണ് കൃഷ്ണയുടെ വര്‍ത്തമാനം. അപ്പോഴേയ്ക്കും അനുപമയതിനു തടയിട്ടതെന്തിനെന്ന് അവള്‍ക്ക് മനസ്സിലായില്ല. അവളിപ്പോള്‍ അയാളുടെ നെഞ്ചത്ത് തലവച്ച് കിടക്കുകയാവും, അങ്ങനെയാണ് എലീന ഊഹിച്ചെടുത്തത്. 
''കൃഷ്ണാ നിനക്കറിയുമോ ഋഷിയുടെ ഗന്ധം?''
''എനിക്കിവിടെ നിന്നെ മാത്രമേ മണക്കുന്നുള്ളൂ.''
''അതുകൊണ്ടല്ല, ഋഷിക്ക് ഗന്ധമില്ല കൃഷ്ണാ.''
കഴിഞ്ഞ തവണ അവിടെ വന്നു പോയപ്പോള്‍, എലീന താന്‍ അണിഞ്ഞിരുന്ന വസ്ത്രങ്ങള്‍ ചെന്നപാടെ സോപ്പ് പൊടിയില്‍ മുക്കിവച്ചതോര്‍ത്തു. അരുണ്‍ മണം പിടിക്കാന്‍ മിടുക്കനാണ്. 
''ഋഷി ഒരു കപ്പത്തണ്ടാണ്. ഒരു കുഴല്‍ മനുഷ്യന്‍. അയാള്‍ക്ക് ഒന്നുമില്ല. പ്രണയം എന്തെന്ന് അയാള്‍ ഒരിക്കലും അറിയില്ല.''
കൃഷ്ണ ഒരു സിഗരറ്റ് കൊളുത്തി. എലീനയ്ക്ക് ചുമവന്നു. അവള്‍ വാപൊത്തി. നിലത്ത് പൊഴിഞ്ഞുവീഴുന്ന എരിയുന്ന ചാരം ഒളിക്കാനെന്നവണ്ണം കട്ടിലിനടിയില്‍ എലീനക്കരികിലേക്ക് പാറിവന്നു. 
''നമ്മുടെ ഭാവി എന്താണ്?'' അനുപമയുടേതാണ് ചോദ്യം.
''നമുക്ക് ഭാവിയില്ല, വര്‍ത്തമാനം മാത്രം.''
''നമ്മള്‍ എന്നെങ്കിലും മരിക്കില്ലേ?''
''ഞാന്‍ മരിച്ചാല്‍ നിന്നിലൂടെയും നീ മരിച്ചാല്‍ എന്നിലൂടെയും ജീവിക്കും.''
''നമ്മള്‍ ഉണ്ടായിരുന്നതിനു എന്ത് തെളിവാണ്, കൃഷ്ണാ? ഈ പ്രണയത്തിനെന്ത് തെളിവ്?''
''ഞാനെവിടെയും ഒപ്പിട്ടുകൊടുത്തിട്ടില്ല, അതുപോലെ നീയും. നമുക്ക് തെളിവായി സന്താനങ്ങളില്ല. നമ്മുടെ പ്രണയം കണ്ടവരുമില്ല.''
''ഒപ്പിട്ട്, സന്താനങ്ങളുണ്ടാക്കി, നാലു പേര്‍ക്ക് മുന്നില്‍ ഒരുമിച്ച് ഞെളിഞ്ഞുനിന്ന് തെളിവുണ്ടാക്കാന്‍ ഞാന്‍ നിന്റെ ഭാര്യയൊന്നുമല്ലല്ലോ. നമുക്ക് നമ്മുടേതായ ഒരു സിവിലിസേഷന്‍ ഇല്ലേ? അതിനുള്ളില്‍ ജീവിച്ചുമരിക്കാം. 'കൃഷ്ണാനു സിവിലൈസേഷന്‍', ഇത്രാം ആണ്ടുമുതല്‍ ഇത്രാം ആണ്ടുവരെ ഒളിയിടങ്ങളില്‍ നിലനിന്നിരുന്ന പ്രണയസംസ്‌കാരമെന്ന് നമ്മുടെ ശവക്കല്ലറകളില്‍ എഴുതിവയ്ക്കാം. എന്ത് പറയുന്നു?''
കൃഷ്ണ അവളെ പുണര്‍ന്നിരിക്കണം ഇപ്പോള്‍. എലീന ശബ്ദമൊന്നും കേള്‍ക്കുന്നില്ല. അവള്‍ വീണ്ടും നക്ഷത്രങ്ങളെണ്ണി, ഇത്തവണ കൃഷ്ണയുടെ ചുംബന നക്ഷത്രങ്ങളെക്കാള്‍ അനുപമയുടെ ഉമ്മത്താരകങ്ങളാണ് അവള്‍ അധികമായി കേട്ടത്. 
''നോക്കൂ അനൂ, നിന്റെ ഋഷിക്ക് ഇതുപോലൊരു പ്രണയമുണ്ടാവില്ലേ?''
''ഒരിക്കലുമില്ല, ഹ ഹ ഹാ... ഞാന്‍ പറഞ്ഞില്ലേ, ഋഷി ഒരു കുഴലാണ്. മൃദുവായ അംശങ്ങളെന്തെങ്കിലുമുണ്ടോ അയാള്‍ക്ക്? അയാള്‍ക്ക് ഒരിക്കലും പ്രണയിക്കാനാവില്ല.''
എലീനയ്ക്ക് കുടിനീരു വിക്കി. നെഞ്ചിലെ പിടിത്തം മുറുകുന്നതുപോലെ. എലീന പിന്നിലൂടെ കയ്യിട്ട് ബ്രായുടെ കുടുക്കുകള്‍ വിടര്‍ത്തി. ദീര്‍ഘനിശ്വാസം വിട്ടു. ഒച്ചയില്ലാത്ത ദീര്‍ഘനിശ്വാസമോ! അവള്‍ക്ക് അവളെത്തന്നെ വിശ്വസിക്കാനായില്ല.


ഇതേ കിടക്കയില്‍ ഋഷി തന്നെ ചേര്‍ത്തുകിടത്തി പറഞ്ഞ പ്രണയ വാചകങ്ങളില്‍ ഏതിനാണ് പ്രണയമില്ലാത്തതെന്ന് അവളൊന്നോര്‍ത്തു. അപ്പോഴേക്കും വാട്ട്സാപ്പില്‍ ഋഷിയുടെ മെസസ്സജുകള്‍ നിറഞ്ഞു. അയാള്‍ കാത്തിരുന്ന് മുഷിഞ്ഞു, കാണാനുള്ള ആകാംക്ഷയില്‍ ആകെ വീര്‍പ്പുമുട്ടുന്നൊരു കാമുകന്റെ സന്ദേശങ്ങള്‍ വകവയ്ക്കാതിരിക്കുന്നതെങ്ങനെ. എലീന എന്തോ ഒന്ന് ടൈപ്പ് ചെയ്ത് അയാളെ ശാന്തമാക്കി. അപ്പോഴേക്കും അനുപമയും കൃഷ്ണയും കട്ടിലില്‍ നിന്നുമിറങ്ങി. വസ്ത്രമണിയുന്നതിനിടെ അവര്‍ കെട്ടിപ്പിടിക്കുന്നത് കാണാം. പക്ഷേ, ഒന്നും സംസാരിച്ചില്ല. എലീനയ്ക്ക് തോന്നി കൃഷ്ണയാണ് അനുപമയ്ക്ക് ചുരിദാര്‍ ഇട്ടുകൊടുത്തതെന്ന്. വാതില്‍ പൂട്ടി ഇരുവരും വീടിനു പുറത്തിറങ്ങി. പുറത്ത് കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ടപ്പോള്‍ എലീന വേഗം കട്ടിലിനടിയില്‍നിന്നും നിരങ്ങിയിറങ്ങി. ഋഷിയെ വിളിച്ച് താനെത്തിയെന്നറിയിച്ചു. പിന്നീട് ആ വീട്ടില്‍ ഓരോ മുറികളിലായി അവള്‍ ഭ്രാന്തു പിടിച്ചതുപോലെ ഓടി നടന്നു, എന്തോ തിരയുന്നതു പോലെ. എലീന വേഗം കിടക്കവിരി മാറ്റി, നീലവിരി ചുരുട്ടിമാറ്റി, ലവന്‍ഡര്‍ വിരിച്ചു. കൃഷ്ണയുടെ എന്തെങ്കിലും അവശേഷിപ്പുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാനാണവള്‍ അല്പം മുന്‍പ് മുറികളില്‍ കയറിയിറങ്ങിയത്. ധൃതിയില്‍ അനുപമയുടെ നൈറ്റ് ഡ്രസ് മടക്കി അലമാരയില്‍ വച്ചു. എന്നിട്ടുമവള്‍ തൃപ്തയായില്ല. കുളിമുറിയിലും മറ്റും ഓടിനടന്ന് എയര്‍ ഫ്രെഷനര്‍ സ്പ്രേ ചെയ്തു. അനുപമ കിടക്കയില്‍ ഊരിയിട്ടിരുന്ന പൈജാമയും ടീഷര്‍ട്ടും അവള്‍ വന്നപ്പോള്‍ കിടന്ന രീതിയില്‍ വിരിച്ചിട്ടു. ഇനിയോ? ഇനിയെന്ത്? എലീന കിടക്കയുടെ അരികുകളില്‍ തടവി നോക്കി, എന്തെങ്കിലും മറന്നിട്ടുവോ അവര്‍. 
വാതില്‍ക്കല്‍ ഋഷിയുടെ ശബ്ദം. എലീന ഞെട്ടിത്തിരിഞ്ഞു. കണ്ണാടിയിലെ അവളെ കണ്ട് വീണ്ടും എലീന ഭയന്നു. ഋഷി അവളെ തുടരെത്തുടരെ ഉമ്മവച്ചു. എലീന പിന്നിലേക്ക് മാറി, ''ഞാനൊന്ന് ബാത്രൂമില്‍ പോയിട്ട്...''
അവള്‍ തിടുക്കത്തില്‍ കുളിമുറിയില്‍ കയറി കുറ്റിയിട്ടു. വയറുവേദനിക്കുന്നു, ശര്‍ദ്ദി. എലീന വാഷ്ബേസിനില്‍ കുടലാകെ ഇളക്കിക്കൊണ്ടു തെകിട്ടി. അവള്‍ സ്വയം മണത്തുനോക്കി. തനിക്കുമുണ്ട് കാബേജ് മണം. അതോ അനുപമയുടെ ഗന്ധം മൂക്കില്‍ കുടുങ്ങിക്കിടക്കുന്നതാവുമോ?
''എലീനാ, നിനക്ക് സുഖമില്ലേടീ...'' വാതില്‍ തുറന്നപ്പോള്‍ ആകെ വിഷമിച്ചുനിന്ന ഋഷിയെ നോക്കി പുഞ്ചിരിച്ചിട്ട് അവള്‍ കിടപ്പറയിലേക്ക്. ഋഷി അവളെ കട്ടിലില്‍ കിടത്തി നെറുകയില്‍ ബാം പുരട്ടി ഉഴിയാന്‍ തുടങ്ങി. ''അല്പം മയങ്ങൂ.''
അയാള്‍ ചുറ്റും പരതിനോക്കിക്കൊണ്ട് ചോദിച്ചു: ''നീ ഇന്ന് പുതിയ പെര്‍ഫ്യൂം ആണോ?''
''ഇല്ലില്ല' അവള്‍ പറഞ്ഞു.
അയാള്‍ എലീനയുടെ അരികിലേക്ക് അടുത്തപ്പോള്‍ അവള്‍ കുതറിമാറി. 
''എന്താ?'' ഋഷി അസ്വസ്ഥനായി.
''വെയിലത്ത് നടന്നുവന്നതാ, ആകെ വിയര്‍ത്തു... ക്ഷീണം.''
''എക്‌സ്‌ക്യൂസസ്? അതും എന്നോട്! നിനക്കെന്തുപറ്റി?''
അവള്‍ മിണ്ടിയില്ല. വീണ്ടും തെകിട്ടി വരുന്നു. മുഖത്തെ ഭീതി എങ്ങനെ മറയ്ക്കണമെന്നറിയാതെ അവള്‍ വീണ്ടും കുളിമുറിയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍, ഋഷി അവളെ ബലമായി പിടിച്ചുനിര്‍ത്തി. അവള്‍ മുഖം വെട്ടിച്ചു, ഋഷി ദേഷ്യപ്പെട്ട് ദൂരെ മാറിനിന്നു. എലീന ഒരു വയലറ്റ് കാബേജിന്റെ ഇലകള്‍ക്കുള്ളിലകപ്പെട്ടതാണെന്ന് ഋഷി അറിഞ്ഞില്ല. അനുപമയുടേതു പോലൊരു വയലറ്റ് കാബേജ്.
''ഇവിടെ മറ്റെന്തോ മണമുണ്ട്. സിഗരറ്റിന്റെ മണമാണ്. സത്യം പറ എലീനാ.''
ഋഷി അവളെ കിടക്കയിലേക്ക് തള്ളിയിട്ടു. കട്ടിലിന്റെ കോണില്‍ ചുരുട്ടിവച്ച നിലയില്‍ നീലകിടക്കവിരി ഋഷിയുടെ കണ്ണില്‍പ്പെട്ടു. അയാളത് നിവര്‍ത്തിനോക്കി. അതില്‍നിന്ന് കൃഷ്ണയുടെ കയ്യില്‍ കെട്ടിയിരുന്ന ബാന്റ് ഊര്‍ന്നുവീണു. 
''ഇതാരുടെ?'' അയാള്‍ അലറി: ''നീ ഇവിടെ ആരെയാ വിളിച്ചുകേറ്റിയത്, സത്യം പറ.''
ഋഷി അവളെ ചെകിട്ടത്തടിക്കുകയും ആഞ്ഞുകുലുക്കുകയും ചെയ്തു.
''എന്റെ വീടിന്റെ താക്കോല്‍ തന്നിരിക്കുന്നത് നിന്റെ ഇഷ്ടക്കാരെ വിളിച്ചുകേറ്റാനല്ല. പറ, ഇവിടെ നീ എത്ര പേരെ കൊണ്ടുവന്നിട്ടുണ്ട്?'' അത് പറയുമ്പോള്‍ ഋഷിയുടെ കണ്ണുകളില്‍ നനവുണ്ടായിരുന്നു.
എലീന കരഞ്ഞില്ല. അവള്‍ തന്റെ ഇരുണ്ട സ്വപ്നങ്ങള്‍ക്കുള്ളില്‍ എവിടെയോ പെട്ടുപോയതുപോലെ തപ്പിത്തടഞ്ഞ് വാതിലിനരികിലേക്ക് നടന്നു. 
''എന്റെ വീടിന്റെ താക്കോല്‍ താടീ...'' അയാള്‍ അത് പിടിച്ചുവാങ്ങി അവളെ പുറത്തേക്ക് തള്ളിവിട്ടു. 
എലീന പടിയില്‍ ഇരുന്നുകൊണ്ട് മുറ്റത്ത് കിടന്ന അനുപമയുടെ ചെരുപ്പുകളിലേക്ക് നോക്കി. നാലു വള്ളികളുള്ള ചെരുപ്പ്, നെടുകയും കുറുകെയും ഇഴപിരിഞ്ഞ നാല് വള്ളികള്‍. എലീന അതെടുത്തണിഞ്ഞു. അനുപമയുടെ ചെരുപ്പിട്ട് അവള്‍ പുറത്തിറങ്ങി നടന്നു; അവള്‍ക്കത് സ്വന്തം ചെരുപ്പെന്നപോല്‍ പാകമായി തോന്നി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com