വാസനാബാല - മഹാശ്വേതാദേവിയുടെ ചെറുകഥ

എന്നെ ഭര്‍ത്താവ് ചവിട്ടാറുണ്ട്, തല്ലാറുണ്ട്. അതു കണ്ടുകൊണ്ടുനില്‍ക്കുന്ന ഭര്‍ത്താവിന്റെ അമ്മയും പെങ്ങളും ചിരിക്കാറാണ് പതിവ്.
വാസനാബാല - മഹാശ്വേതാദേവിയുടെ ചെറുകഥ


 വാസനാബാലയുടെ പേര് എന്തുമാകട്ടെ, അവള്‍ സ്വയം പറയുന്നു:
പേര് ആരാണ് പറഞ്ഞുതന്നത്?
തീര്‍ച്ചയായും ഗോലകിന്റെ മകന്‍ തന്നെ. അവനല്ലേ തുള്ളിച്ചാടി നൃത്തം വെച്ച് നടക്കുന്നത്... പറഞ്ഞല്ലോ, ഇവര്‍ വരും, എല്ലാം എഴുതി എടുക്കും, കോടതിയില്‍ വിചാരണ നടക്കും എന്നൊക്കെ. 
കേള്‍ക്കുന്നുണ്ടോ മക്കളേ, എന്റെ പേരും എഴുതിയിരിക്കുന്നത് വാസനാബാല, ശരി. പക്ഷേ, ഇവിടെ ചുറ്റുപുറത്തും എന്നെ *'ബ്യാങ്ങ് ദീദ' എന്നാണ് വിളിക്കുന്നത്. എല്ലാ കുട്ടികളും വയസ്സായവരും. 
അതെന്താ? പേര് വാസനാബാല ഖാട്ടുയ എന്നാണല്ലോ എഴുതിക്കാണുന്നത്?
വോട്ടിന്റെ കാര്‍ഡ് ഉണ്ടാക്കുന്ന സമയത്ത് ഗോപാല്‍- ആ നന്ദറാണിയുടെ ഭര്‍ത്താവ്... അവനല്ലാതെ എനിക്കു വേറെ ആരുമില്ലായിരുന്നു. അവനാണ് എല്ലായിടത്തും ഓടിച്ചെന്ന് വോട്ടിന്റെ കാര്‍ഡ് ഉണ്ടാക്കിയിരുന്നത്. റേഷന്റെ കാര്‍ഡും. അവനെത്ര നല്ല മനുഷ്യനായിരുന്നു. ഒരു പാര്‍ട്ടിയും ഉണ്ടായിരുന്നില്ല. ഭൂമിയുണ്ടായിരുന്നത് അവന്‍ വിറ്റു. ആ ദേഷ്യം വെച്ചുകൊണ്ടല്ലേ അവര്‍ അവനെ കൊന്നത്. കനാലിന്റെ മറുകരയ്ക്കല്‍നിന്നു വന്ന്... 
താങ്കളുടെ വയസ്സും കുറച്ചൊന്നുമല്ലല്ലോ?
അതൊരുപാട്. അറുപത്തഞ്ച് നടക്കുന്നു.
എന്നിട്ടും താങ്കളെ അവര്‍...?
ഞാന്‍ ഒരു വലിയ തെറ്റ് ചെയ്തില്ലേ...
പറഞ്ഞുകൊണ്ടിരിക്കെ കരച്ചില്‍ വന്നു പറയാന്‍ കഴിയാതായി. 
താങ്കളോ? തെറ്റു ചെയ്‌തെന്നോ? എന്തുതെറ്റ്? 
പറഞ്ഞുവല്ലോ, എല്ലാവരും എന്നെ 'ബ്യാങ്ങ് ദീദ' എന്നാണ് വിളിക്കാറുള്ളതെന്ന്. എന്റെ പേരും കേട്ടുവല്ലോ, വാസനാബാല.
വളരെ നല്ല പേരാണല്ലോ!
നോക്കൂ, അത്രയ്ക്കു സ്തുതിക്കയൊന്നും വേണ്ട. പെണ്ണിനല്ലേ പേര്, നമ്മള്‍ക്കറിയില്ലേ, കല്യാണം കഴിഞ്ഞാല്‍ ആരുടെയെങ്കിലും ഭാര്യ, മക്കളുണ്ടായാല്‍ അവരുടെ അമ്മ, എന്താ അങ്ങനെയല്ലേ, പേരിനെന്തെങ്കിലും അര്‍ത്ഥമുണ്ടോ? എനിക്കു പേരിട്ടത് വല്യച്ഛന്‍. വാസനാബാല എന്ന്. ശരി, ഇപ്പോള്‍ എന്റെ ജീവിതകഥ മുഴുവനും പറയാനിരിക്കയല്ലല്ലോ, പക്ഷേ, അവരുടെ കൂടെ ആയതുകൊണ്ട് ഒരു കാര്യം പറയേണ്ടിയിരിക്കുന്നു. വന്നവരില്‍ പ്രായം ചെന്ന സ്ത്രീ ആശ്ചര്യപ്പെട്ടു. പറഞ്ഞു:
വളരെ വ്യക്തമായി നല്ല പോലെ എല്ലാം പറയുന്നുണ്ടല്ലോ. പഠിപ്പും മറ്റും ഉണ്ടായിരിക്കണം അല്ലേ? 


അതല്ലേ ഇല്ലാതെ പോയത്. നിങ്ങള്‍ക്കു ഭാഗ്യം ഉണ്ട്, അച്ഛനമ്മമാര്‍ വേണ്ട നേരത്തു വേണ്ടതു ചെയ്തു തന്നു. സ്‌കൂളിലും കോളേജിലും ഒക്കെ പോയി പഠിച്ചു. എനിക്കതിനൊന്നും ഭാഗ്യമുണ്ടായില്ല. പക്ഷേ, പുസ്തകങ്ങള്‍ വായിച്ചു പഠിച്ചു പരീക്ഷ പാസ്സായാലേ അറിവുണ്ടാകുകയുള്ളൂ? എങ്കില്‍ അഞ്ചു പത്തു പെണ്‍കുട്ടികളെ എന്താ നിങ്ങള്‍ പഠിപ്പിക്കാത്തത്?
ചന്നനി പറഞ്ഞു:
ആ കാര്യമൊക്കെ ഇരിക്കട്ടെ, മുത്തശ്ശി. ഇവര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നു കേള്‍ക്കട്ടെ? എന്നുതൊട്ട് കേള്‍ക്കുന്നതാണ് ഓരോ വര്‍ത്തമാനങ്ങള്‍! എല്ലാവര്‍ക്കും അറിയില്ലേ ഇവിടെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടായ വിവരങ്ങള്‍? ഇവരൊക്കെ വിശദവിവരം അറിയാനാണ് വന്നിരിക്കുന്നത്, അല്ലേ?
എന്താണിനി വിവരം? എന്നിട്ടും എന്തുചെയ്യും?
എത്രയെത്ര സ്ത്രീകളെ മാനഭംഗം ചെയ്തു. അവരൊക്കെ ഈ ഗ്രാമത്തില്‍തന്നെ ജീവിക്കണ്ടേ അതു ചെയ്തവരും ഈ ഗ്രാമത്തില്‍ത്തന്നെ ഉണ്ടാവില്ലേ. ഇവരോട് എല്ലാം പറയണം, ചന്നനീ. എന്നും എന്നും ചെറിയമ്മ, അമ്മായി, ചേച്ചി എന്നു വിളിച്ചു വന്നിരുന്നവര്‍ എന്നിട്ടവരുടെ തന്നെ മാനമല്ലേ നശിപ്പിച്ചത്. എന്തൊക്കെ ആയാലും ഒരു കാര്യം ഞാന്‍ പറയാം, ചെയ്തവര്‍ക്കൊന്നും ഒരു ശിക്ഷയും കിട്ടില്ല. കണ്ടതല്ലേ! കഴിഞ്ഞതവണ കമ്മീഷന്‍ വന്നു. എത്രപേര്‍ വന്നു. നന്ദീഗ്രാമത്തിലെ സ്ത്രീകളുടെ ചാരിത്രം നഷ്ടപ്പെട്ട വിവരം എല്ലായിടത്തും അറിഞ്ഞില്ലേ? അതുതന്നെ. എന്തെങ്കിലും പ്രതിവിധി പ്രതികാരം ഉണ്ടായോ? എന്നെങ്കിലും അതു സംഭവിക്കുമോ? ആ, അതോര്‍ക്കുമ്പോള്‍ തല കറങ്ങുകയാണ്. 

മഹാശ്വേതാദേവി


റിപ്പോര്‍ട്ടര്‍ യുവതി പറഞ്ഞു:
എന്തൊക്കെയായാലും താങ്കള്‍ വളരെ വ്യക്തമായി പറഞ്ഞു. താങ്കളോട് അവര്‍ എന്തെങ്കിലും ചെയേ്താ? ആക്രമിച്ചോ, അന്യായമായി വല്ലതും? താങ്കള്‍ക്ക് ഇത്രയും പ്രായമായില്ലേ?
കേട്ടില്ലേ പറയുന്നത്, ദേ, നോക്കൂ.
വാസനാബാല കാലിന്മേല്‍നിന്ന് തുണി തുടവരെ ഉയര്‍ത്തി കാണിച്ചു കൊടുത്തു. നീണ്ടനീണ്ട രക്തം കക്കിയപോലെയുള്ള പാടുകള്‍. വലത്തുവശത്തെ തോളത്തുനിന്നു തുണിനീക്കി, അവിടേയും അത്തരം പാടുകള്‍. 
ഇതെന്താ? ഈ വിധം അടിച്ചു?
വാസനാബാല അഭിമാനത്തോടെ പറഞ്ഞു:
എന്തിനാണ് അടിച്ചതെന്നു പറയാം. ഞാന്‍ പറഞ്ഞില്ലേ ഗ്രാമത്തിലെ പെണ്ണുങ്ങളുടെ വിവരങ്ങള്‍. അതെല്ലാം കേട്ടതോടെ കാണാനിടയായപ്പോഴും എന്റെ തലയ്ക്കകത്തെ രക്തം തിളക്കാന്‍ തുടങ്ങി. ആ നേരത്ത് എനിക്കെത്ര വയസ്സായി എന്ന കാര്യം മറന്നുപോയി. പണ്ടത്തെ ശരീരബലമൊന്നും ഇപ്പോള്‍ ഇല്ല. കുളത്തില്‍ കൊണ്ടുപോയി കിടക്കവിരിയും കൊതുകുവലയും നനച്ചുകൊണ്ടുവരാറുണ്ട്. അത് അന്ന്. പത്തു നാളികേരം പൊതിച്ചുവെക്കാനും അവ ചിരകി എടുക്കാനും കഴിഞ്ഞിരുന്നു. അമ്മായി എന്നു വിളിച്ചവരും ചെറിയമ്മേ, ചേച്ചി എന്നു വിളിച്ചവരും മാനം നഷ്ടപ്പെട്ടു എന്നു കരയുന്നു. ചോദിക്കിന്‍ ഇവരോട് അവര്‍ പറയും. എന്നുമെന്നും തനി അക്രമി മനസ്സ്. അവരുടെ ജീവിതം നശിപ്പിച്ചതുകേട്ട് എങ്ങനെ അനങ്ങാതിരിക്കും. അന്യായം കണ്ടാലവിടെ ചാടിയെത്തുന്ന സ്വഭാവം. അതിനാല്‍ തല്ലുകൊണ്ടു. അതിലൊരു ദുഃഖവുമില്ല. ആ ആണ്‍പിള്ളേരെ നല്ലപോലെ തല്ലി. അവരെന്നേയും അടിച്ചു. 
ഏത് ആണ്‍പിള്ളേരാണ്?
എന്നും എന്നെ 'തവള മുത്തശ്ശി' എന്ന് വിളിക്കാറുള്ളവര്‍. 
അങ്ങനെ ഒരു പേരെന്താ?
അവരിവിടെ ഇല്ല. ഗ്രാമത്തിലുള്ളവരാണ്. പഠിച്ച് വലിയവരായി. നല്ലവരായി. ജോലിക്കുള്ള പരീക്ഷ എഴുതി. ജോലി കിട്ടി. അവരാണ് എനിക്ക് ഈ പേര് ഇട്ടത്. ആ പേര് ഇന്നും നിലനിന്നു. 
അവരെ താങ്കള്‍ തല്ലി?
ഇല്ലേ പിന്നേ, അടിക്കില്ലേ? കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ തൊട്ടറിയുന്നതാണ്. അവരുടെ ചേട്ടന്മാരേയും ചേച്ചിമാരേയും എനിക്കറിയാം. എനിക്കു സ്വന്തം മക്കളില്ല. 
ഉണ്ടായില്ലേ?
ഭാഗ്യത്തിനുണ്ടായില്ല. ഭര്‍ത്താവിന് വേറെ 'സേവ'... 
എന്നുവെച്ചാല്‍!
അതുതന്നെ, പുറത്തെ പെണ്ണ് എന്താണതിനു പറയുക 'ഉപോന്തി' എന്നോ മറ്റോ...?
മനസ്സിലായി. കെപ്ട് എന്നു പറയുന്നത്?
അല്ല. ഒന്നല്ല. പുറത്തെത്രയുണ്ടാവും ആവോ! 
അതിന് 'കെപ്ട്' എന്നു പറയും. 
അതൊക്കെ നിങ്ങള്‍ക്കറിയാം. ഞങ്ങള്‍ പുറത്തെ അഴഞ്ഞ പെണ്ണ് എന്ന്. അവരും എന്തു കൂട്ടരാണ്. ചിലര്‍ സ്വന്തം ഭര്‍ത്താവിനെ തല്ലിക്കളഞ്ഞവരാണ്. അതെല്ലാം അധര്‍മ്മമല്ലേ?
ചന്നനി പതുക്കെ പറഞ്ഞു:
അദ്ദേഹം ഒന്നിനെ വിട്ട് മറ്റൊന്ന് അങ്ങനെ മാറിക്കൊണ്ടിരുന്നു. ഈ ഗ്രാമത്തില്‍ അങ്ങനെ ഒരാള് മാത്രം. 
അതും കല്യാണത്തിനുശേഷമല്ലേ അറിഞ്ഞത്! അതിനുമുന്‍പ് അറിഞ്ഞില്ലല്ലോ!
'തവള മുത്തശ്ശി' എന്ന പേരെങ്ങനെ വന്നു, പറയൂ. 
എനിക്ക് നല്ല ശരീരാരോഗ്യം ഉണ്ടായിരുന്നു. എത്ര കുട്ടികളെ വേണമെങ്കിലും നോക്കാം. ഓരോ കളികള്‍ കളിച്ചും കളിപ്പിച്ചും അവരെ നോക്കാറുണ്ട്. അവരെ ചിരിപ്പിക്കാനായി തവളെയെപ്പോലെ ചാടുമായിരുന്നു. അങ്ങനെയാണ് 'തവള മുത്തശ്ശി' ആയത്. ചന്നനി പറഞ്ഞു:
അന്നൊക്കെ കാലവും നന്നായിരുന്നു. 
അതങ്ങനെയാണ് കഴിഞ്ഞു പോയ ദിനങ്ങള്‍. എപ്പോഴും നല്ലതായിരുന്നു എന്നു തോന്നും. ഇങ്ങനെ പറഞ്ഞ് വാസനാബാല ചുമരിന്മേല്‍ ചാരി ഇരുന്നു. സാവധാനത്തില്‍ പറഞ്ഞു:
എല്ലാം ഇങ്ങനെ മാറിക്കൊണ്ടിരിക്കും. ഇങ്ങനെ മാറും എന്നാരെങ്കിലും വിചാരിച്ചോ?
ആര് വിചാരിക്കും? അവര്‍ക്കിടയില്‍ നിങ്ങളൊരുവന്‍ മാത്രം ചാടി എതിര്‍ക്കും, കയിലും ചട്ടുകവും ചൂലും എല്ലാം എടുത്തു തല്ലാനൊരുങ്ങും എന്ന് അവര്‍ വിചാരിച്ചു കാണില്ല. 
വാസനാബാല അത്യന്തം ആനന്ദത്തോടെ പറഞ്ഞു:
അതില്ല. അവര്‍ വിചാരിച്ചുകാണില്ല. പള്‍ട്ടന്‍, ബണ്ടി, ഭോല, എല്ലാവരേയും നല്ലപോലെ അടിച്ചുവിട്ടു. കൈ ഉയര്‍ത്തി തല്ലി. അതിനുശേഷം മീറ്റിങ്ങിനു പോയില്ലേ? ആ പ്രബോധ ബാബു, സുപ്രഭാ റായ്, വേറെയും പലരും കൂടി ആദ്യത്തെ മീറ്റിങ്ങ് കൂടിയല്ലോ. പ്രായം ചെന്ന സ്ത്രീ പറഞ്ഞു. 
അതിനുശേഷം ഡല്‍ഹിയില്‍നിന്നും ബോംബെയില്‍നിന്നും എല്ലാവരും എത്തി. 
ഉവ്വ്. അവരൊക്കെ വന്നു. കുറേ എഴുതിക്കൂട്ടി കൊണ്ടുപോയി. എഴുത്തുകുത്തുകള്‍ നടന്നു എന്നു കേട്ടു. 
കേട്ടുവോ?
കേട്ടു എന്നു പറയുന്നതല്ലേ ശരി?  എല്ലായിടത്തും എത്താന്‍ കഴിയില്ല. കഴിഞ്ഞില്ല. അവസാനം ചന്നനിയെ അവര്‍ പിടിച്ചു കീറി തിന്നുകയായിരുന്നു. ഞാനെന്റെ പ്രായം മറന്നു. അവര്‍ നാലു പേരാണ് ആക്രമിക്കുന്നതെന്നും മറന്നേ പോയി. ഞാനൊരു തള്ള. കട്ടിലിന്റെ കീഴില്‍ പാത്രങ്ങള്‍ വെച്ചിരുന്നു. ഗ്രാമങ്ങളില്‍ അങ്ങനെ വെക്കില്ലേ. അവയെടുത്ത്... പത്രപ്രവര്‍ത്തക ചോദിച്ചു:
കളവ് പോകാറില്ലേ?

മഹാശ്വേതാദേവി


ഇത്രയും കാലം ഉണ്ടായിട്ടില്ല. ഇനി വേണമെങ്കില്‍ അതും ഉണ്ടാവും. സ്ത്രീജനങ്ങളുടെ ചാരിത്രം കൊണ്ട് തോന്ന്യവാസം കാണിക്കുക എന്നത് ഇതേവരെ ഉണ്ടായിട്ടുണ്ടോ? ഇപ്പോള്‍ അതും നടന്നില്ലേ? ജീവിച്ചകാലത്തോളം കാണാത്തതെല്ലാം ചെയ്തു കാണിച്ചില്ലേ ഇന്നത്തെ ചെറുക്കന്മാര്‍! ഇത്ര വലിയ പാപങ്ങള്‍ക്കു ശിക്ഷ നല്‍കില്ലേ കോടതി?
മധ്യവയസ്‌ക പറഞ്ഞു:
കോടതി?
കോടതിയല്ലേ വിധി പറയുന്നത്! ആ ചെക്കനെ, ആ ധനഞ്ജയനെ തൂക്കിലിടാന്‍ വിധിച്ചില്ലേ? തൂക്കിലിടുകയും ചെയ്തില്ലേ? ഇവര്‍ക്കെന്താ ഒന്നും കിട്ടില്ലേ? എന്താവും ശിക്ഷ? കൊടുക്കില്ലേ?
എന്താ അങ്ങനെ പറയുന്നത്. തീര്‍ച്ചയായും ശിക്ഷ നല്‍കുന്നതാണ്. 
വാസനാബാല ചിരിച്ചു പറഞ്ഞു:
കോടതി എന്തു ചെയ്യും? ഗവണ്‍മെന്റ് പറഞ്ഞാലല്ലേ കോടതി അനങ്ങുകയുള്ളു. ഇപ്പോള്‍ പാര്‍ട്ടിയല്ലേ സര്‍ക്കാര്‍ നടത്തുന്നത്? ഇന്നാള് എവിടെയാണുണ്ടായത്, അതിന്റെ കാല്‍ഭാഗം ഈ പിള്ളേര്‍ ചെയ്തില്ല. എന്നാലും ധനഞ്ജയനു തൂക്കുമരം കിട്ടി. 
അവന്‍ ഒരേ ഒരു തെറ്റേ ചെയ്തുള്ളു. 
അതു പറയണോ. അതുകൊണ്ട് പറയുകയാണോ? ആരാണ് കണ്ടത്? നിങ്ങള്‍ പഠിപ്പുള്ളവര്‍ കാറും കൊണ്ടുവന്നു. നിങ്ങള്‍ പറയുന്നതു സമ്മതിക്കുന്നു. ഇപ്പോള്‍ വെറും രണ്ടു പേര്‍ മാത്രമല്ലേ കേട്ടത്. രണ്ട് പിടയുന്ന പെണ്‍കുട്ടികളെപ്പറ്റി കേട്ടു. അങ്ങനെ എത്ര പെണ്‍കുട്ടികള്‍, എത്ര സ്ത്രീകള്‍ ഇവരുടെ അനാവശ്യങ്ങള്‍ക്കും അന്യായങ്ങള്‍ക്കും ഇരയായി. നിങ്ങള്‍ പറയുന്നു വിധി ഉണ്ടാകും എന്ന്. എന്തു വിധി? പൊലീസ് ചെയ്യുമോ? അവന്മാരെ പിടിക്കുമോ? പിടിച്ചില്ലെങ്കില്‍ കോടതിയില്‍ കേസുവരുന്നതെങ്ങനെ? ധനഞ്ജയനെ പിടിച്ചതെന്തുകൊണ്ട്? ആ പെണ്‍കുട്ടികളുടെ അച്ഛന്‍ വലിയ ധനികനായതുകൊണ്ട്. എണ്ണിയാല്‍ തീരാത്ത പണമുള്ളവരുണ്ടെങ്കില്‍ വലിയ ബംഗ്ലാവുപോലെയുള്ള വീടുള്ളവരാണെങ്കില്‍ പൊലീസ് വരും. ഒരു കാര്യം തീര്‍ച്ച. പണംകൊണ്ട് കളിയാടിയില്ലെങ്കില്‍ പൊലീസ് അനങ്ങില്ല. 
എന്താ അങ്ങനെ പറയുന്നത്? ഞങ്ങള്‍ വന്നില്ലേ? 
ഇതിനു മുന്‍പും വന്നു, കേട്ടു, എഴുതിയെടുത്തു. ഒരെണ്ണത്തിനെ പൊലീസ് പിടിച്ചുവോ? സ്റ്റേഷനിലിരിക്കുന്നവന്‍ തനി ദുഷ്ടനാണ്, വഞ്ചകന്‍. എന്തായാലും ആരേയും പിടിച്ചില്ല, ശിക്ഷിച്ചിട്ടുമില്ല. ഒന്നുമുണ്ടാവില്ല, മോളേ, ഒന്നും ഉണ്ടാവില്ല. 
പക്ഷേ, താങ്കള്‍...
അതെ പറയാം. എന്നെ ആരും തൊട്ടില്ല. ഞാനെന്തിനു തല്ലാന്‍ പോയി എന്നറിയണോ? എഴുതിക്കോളൂ. എന്തുകൊണ്ടെന്നാല്‍ പെണ്ണുങ്ങളുടെ മാനഹാനി കാണേണ്ടിവന്നു. പെണ്ണുങ്ങള്‍ സഹിക്കുന്നതു ചിരകാലമായി കാണുന്നു. ഭര്‍ത്താവ് മരിച്ചാല്‍ ചിതയിലേക്കു ഭാര്യയേയും വലിച്ചുകൊണ്ടുപോകുന്നു. ഇപ്പോള്‍ നമ്മുടെ നാട്ടിലില്ലാതായി. ഒരുകാലത്ത് ഉണ്ടായിരുന്നില്ലേ? എന്റെ പേര് എന്റെ വല്യച്ഛന്‍ വച്ചതാണ്. എത്ര സ്‌നേഹം ലഭിച്ച പെണ്‍കുട്ടി ആയിരുന്നു. ഒരു സ്ത്രീയുടെ അപമാനം കണ്ടുകൊണ്ട് മറ്റൊരു സ്ത്രീ ഒന്നും ചെയ്യാതിരിക്കുക എന്നതു സാധ്യമാണോ? ഒരുകാലത്ത് എനിക്കും സുന്ദരമായ മുഖമുണ്ടായിരുന്നു. ആരോഗ്യവും നല്ലപോലെ. പോത്തിനെ പോലെ പണിയും. നല്ല പേര് കേട്ടിട്ടുണ്ടോ? ഇല്ല. പത്തിരുപത് പവന്‍ സ്വര്‍ണ്ണം, പാത്രങ്ങള്‍, വസ്ത്രങ്ങള്‍, കട്ടില്‍, നാല്‍ക്കാലി എന്നിവയെല്ലാം കൊണ്ടുവന്നു കയറിയിട്ടെന്താ? ഭര്‍ത്താവ് എന്നും പുറത്തു സുഖം തേടുന്നവന്‍! അത് എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും അത് അന്യായമാണെന്ന് ആരെങ്കിലും എന്നെങ്കിലും പറഞ്ഞോ? ഇല്ല. മദ്ധ്യവയസ്‌കയായ സ്ത്രീ പറഞ്ഞു:
അതെല്ലാം സത്യമാണ്. പക്ഷേ...
പോട്ടെ. എല്ലാം പോട്ടെ. ഞാനെത്രയൊക്കെ പറഞ്ഞാലും നിങ്ങള്‍ക്കു മനസ്സിലാവില്ല.

മഹാശ്വേതാദേവി


സ്ത്രീകളെ അപമാനിക്കുന്ന എന്നുമെന്നും പുരുഷന്മാര്‍ തന്നെയാണ്. അതും മുഴുവന്‍ ശരിയല്ല. എന്നെ ഭര്‍ത്താവ് ചവിട്ടാറുണ്ട്, തല്ലാറുണ്ട്. അതു കണ്ടുകൊണ്ടുനില്‍ക്കുന്ന ഭര്‍ത്താവിന്റെ അമ്മയും പെങ്ങളും ചിരിക്കാറാണ് പതിവ്. എനിക്കു ദേഹമാകെ എരിഞ്ഞു പുകയാറുണ്ട്. അത്രതന്നെ... 
ഉം... പറയൂ, പറയൂ,,
അവര്‍, പ്രത്യേകിച്ച് മദ്ധ്യവയസ്‌ക ഒരു ഗ്രാമീണ സ്ത്രീയില്‍നിന്ന് ഇത്രയും കാര്യങ്ങള്‍ ആദ്യമായി കേള്‍ക്കുകയാണ്. റിപ്പോര്‍ട്ടര്‍ യുവതി തല ആട്ടി.
മോളേ, ഇത്തിരിവെള്ളം കുടിക്കാന്‍ താ... വാസനാബാല വെള്ളം കുടിച്ചു തുടര്‍ന്നു പറഞ്ഞു:
ആണ്‍പിള്ളാര് പെണ്ണുങ്ങളെ തോന്നിയതു കാണിച്ച് അപമാനിക്കുന്നതു കണ്ടപ്പോള്‍ അവരെ ആവുന്നത്ര തല്ലി. ഒരുപാട് അടിച്ചു. 
അവരും അടിച്ചു?
തീര്‍ച്ചയായും. പക്ഷേ, പെണ്‍കുട്ടികളെ അപമാനിക്കുമ്പോള്‍, മാനഭംഗം ചെയ്യുമ്പോള്‍ ഒരു പെണ്ണ് എതിര്‍ക്കാന്‍ വരുക എന്നത് ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. 
ഇത്തവണ അവരതു കണ്ടു!
അതെ, കണ്ടു. ഒരുകാലത്ത് അടുത്തിരുന്നു കഥകള്‍ പറഞ്ഞവര്‍, തവള മുത്തശ്ശിയായി കളിപ്പിച്ചവര്‍... അവര്‍ക്കറിയാം ആ തവള മുത്തശ്ശിയെ. ഈ രൂപം അവര്‍ കണ്ടിട്ടില്ല. കൈയില്‍ കിട്ടിയ കയിലും ചട്ടുകവും ചൂലും എടുത്ത് ഇടംവലം നോക്കാതെ പൊതിരെ തല്ലുന്ന മുത്തശ്ശിയെ അവര്‍ കണ്ടിട്ടില്ലായിരുന്നു. 
ഇപ്പോള്‍ കണ്ടു. 
അതെ ഇപ്പോള്‍ കണ്ടു. ഈ പെണ്‍പിള്ളേരോടു ഞാനെത്ര പറഞ്ഞു, എത്രകാലം അടി മേടിച്ചുകൊണ്ടിരിക്കും, ഇനി തിരികെ കൊടുക്കാന്‍ നോക്ക്... പത്രാധിപയുടെ മുഖത്തു സന്തോഷം. ആവേശത്തോടെ പറഞ്ഞു:
ദാറ്റ്സ് ഇറ്റ്! തിരിച്ച് അടിക്കുകതന്നെ വേണം. നിയമം കൊണ്ടു മാത്രം സ്ത്രീകളെ എംപവര്‍ ചെയ്യാനാവില്ല. ഇവര്‍ പറഞ്ഞതു വളരെ വിലപിടിച്ച വാക്കുകളാണ്. 
വാസനാബാല തിരുത്തി. 
ഞാന്‍ പഠിപ്പുള്ളവളല്ല.
മദ്ധ്യവയസ്‌ക പറഞ്ഞു:
താങ്കളെ ഞങ്ങളുടെ സംഘടനയിലേക്കു കൊണ്ടുപോകാന്‍ കഴിഞ്ഞെങ്കില്‍!
ഇല്ല, മക്കളേ! നിങ്ങളുടെ പണി നിങ്ങള്‍ ചെയ്യുക. ഞങ്ങളുടെ ജോലി ഞങ്ങള്‍ ചെയ്യാം. എല്ലം കേട്ടില്ലേ, എല്ലാം എഴുതി എടുത്തല്ലോ? ഇനി?
ഇതെല്ലാം കൊല്‍ക്കത്തയ്ക്കു അയക്കും.
അതോടെ ഞങ്ങളുടെ കാര്യത്തില്‍നിന്ന്  ഒഴിവാകും? 
ഇല്ലില്ല. താങ്കള്‍ പറഞ്ഞതുപോലെ ആദ്യം വേണ്ടത് ഇവിടത്തെ പൊലീസുകാര്‍ ചെയ്യണം. 
പൊലീസ് അവരുടെ കടമ ചെയ്താല്‍... വാസനാബാല വിശ്വസിക്കാത്തപോലെ കഴുത്തനക്കി.
ചെയ്യില്ല. പൊലീസ് ഗവണ്‍മെന്റിന്റെ. ഗവണ്‍മെന്റ് പാര്‍ട്ടിയുടെ. അമര്‍ത്തിക്കളയാന്‍ സാദ്ധ്യത അധികം. നിങ്ങള്‍ കണ്ടതല്ലേ? ഇവിടത്തെ സ്റ്റേഷനിലെ പൊലീസ്സുകാര്‍ മരപ്പാവകള്‍പോലെ നിന്ന് എല്ലാം കാണും. ഡല്‍ഹി പൊലീസുണ്ടായിരുന്നതിനാല്‍ ഗ്രാമത്തിലേക്കു കടക്കാന്‍ കഴിഞ്ഞു. പൊലീസ് ഒന്നും ചെയ്യില്ല. പൊലീസായാലും ഗവണ്‍മെന്റായാലും എല്ലാം പാര്‍ട്ടിയുടേതാണ്. പാര്‍ട്ടിയും പണ്ടത്തെപ്പോലെയാണോ? ഏറെക്കാലമായില്ലേ ഈ കൊടുക്കലും വാങ്ങലും തുടങ്ങിയിട്ട്?  ഒരു ചെക്കനെയെങ്കിലും ശിക്ഷിക്കുമോ? ശിക്ഷിക്കില്ല. 
എന്താ അങ്ങനെ പറയുന്നത്?
എന്റെ മനസ്സു പറയുന്നു. 
ഞങ്ങള്‍ ഇനി പോകുന്നു. 
ശരി. പോയി വരൂ. 
അവര്‍ എണീറ്റു. നടക്കുമ്പോള്‍ പത്രറിപ്പോര്‍ട്ടര്‍ പറഞ്ഞു:  
അവര്‍ എത്ര നന്നായി സംസാരിച്ചു, അല്ലേ? പഠിപ്പുണ്ടായിരുന്നെങ്കില്‍ എവിടെ എത്തുമായിരുന്നു. 
തിരികെ ചെന്നശേഷം കാര്യമായി എന്തെങ്കിലും ചെയ്യണം. സ്‌കൂളുകളില്‍ പ്രോബ്ലം ചൈല്‍ഡുകള്‍ക്ക് കൗണ്‍സിലിങ്ങ് ചെയ്യണം. പത്രറിപ്പോര്‍ട്ടര്‍ ആദ്യം ഒന്നും പറഞ്ഞില്ല. പിന്നെ പറഞ്ഞു: 
റിയ ചേച്ചീ അവരോടു സംസാരിച്ചില്ലെങ്കില്‍ നമ്മളുടെ ജീവിതം എത്ര അപചയമാണെന്ന് അറിയാന്‍ കഴിയില്ലായിരുന്നു. 

*തവള മുത്തശ്ശി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com