' കൊലക്കേസ് പ്രതി ഞാനല്ല, ഞാന്‍ വെറും ഡമ്മി '

സിപിഎമ്മിനു വേണ്ടി കൊലക്കേസ് പ്രതിയാക്കപ്പെട്ട ചമ്പാട്ടെ മനീഷിന്റെ വെളിപ്പെടുത്തല്‍. 
മനീഷ്, ചിത്രം സുരേഷ് പാനൂര്‍
മനീഷ്, ചിത്രം സുരേഷ് പാനൂര്‍



യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും മുന്‍പില്ലാത്തവിധം കക്ഷിരാഷ്ട്രീയത്തിനതീതമായി കണ്ണൂരിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തിയിരിക്കുന്നു. ഇനിയൊരു കൊലപാതകം ഉണ്ടാകരുത് എന്ന് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടികളുടെ അണികള്‍ തന്നെ അഭിപ്രായപ്രകടനങ്ങളുമായി മുന്നോട്ടുവരുന്നു. ഇത് മനുഷ്യത്വമില്ലാത്ത സങ്കുചിത രാഷ്ട്രീയത്തിനെതിരെയുള്ള മുന്നറിയിപ്പാണ്. അതിന്റെ ഒരു ഉദാഹരണമാണ് കണ്ണൂരിലെ തെരുവുകളിലെങ്ങും സ്ഥാപിക്കപ്പെട്ട ഷുഹൈബിന്റെ വെട്ടിയരിഞ്ഞ കാലുകള്‍ കാട്ടിയുള്ള പോസ്റ്ററുകള്‍ അതില്‍ ഒരോര്‍മ്മപ്പെടുത്തലും കുറ്റബോധവും എല്ലാം ഉണ്ട്. മനുഷ്യത്വമുള്ളവര്‍ക്ക് ഒറ്റത്തവണയേ ആ ചിത്രങ്ങളിലേക്ക് നോക്കാന്‍ കഴിയൂ. സി.പി.എമ്മിനെ വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകം. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികള്‍ യഥാര്‍ത്ഥ പ്രതികളല്ല എന്ന ആരോപണവും നിലനില്‍ക്കുന്നു. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ലിസ്റ്റുപ്രകാരം പ്രതികളും സാക്ഷികളും ഉണ്ടാക്കപ്പെടുന്ന പതിവുരീതി തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഇത് ഏറെക്കാലം കൊണ്ടുപോകാനാവില്ല. എല്ലാക്കാലത്തും തെറ്റുചെയ്യാതെ ജയിലില്‍ കിടക്കാന്‍ ആളുകള്‍ മുന്നോട്ടുവന്നെന്ന് വരില്ല. കണ്ണൂര്‍ കൊലപാതകത്തിലെ ഡമ്മി പ്രതികള്‍ വീണ്ടും ചര്‍ച്ചയാവുമ്പോള്‍ ഒരിക്കല്‍ സി.പി.എമ്മിനുവേണ്ടി കൊലക്കേസ് പ്രതിയാക്കപ്പെട്ട പാനൂര്‍ ചമ്പാട് എട്ടുവീട്ടില്‍ മനീഷ് തന്റെ അനുഭവം പറയുന്നു. 2009 മാര്‍ച്ച് 12-ന് പാനൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ കുറ്റിച്ചിറക്കര വിനയനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതിയാക്കപ്പെട്ടയാളാണ് മനീഷ്. കേസില്‍ പ്രതിയാക്കുന്നതിനെക്കുറിച്ചും കൊലപാതകങ്ങളുടെ ഉള്ളറകളെക്കുറിച്ചും പൊലീസിന്റേയും രാഷ്ട്രീയനേതാക്കളുടേയും കാപട്യങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിക്കുന്നു.

എങ്ങനെയാണ് വിനയന്‍ കേസില്‍ താങ്കള്‍ പ്രതിയാകുന്നത്?

ചെയ്യാത്ത ഒരു കൊലക്കേസില്‍ പാര്‍ട്ടിക്കുവേണ്ടി ആറുമാസം ഒളിവിലും 62 ദിവസം ജയിലിലും കിടന്ന ഒരാളാണ് ഞാന്‍. ആ കേസില്‍ ഒരാളൊഴികെ ബാക്കി എല്ലാവരേയും നിരപരാധികളാണെന്നു കണ്ട് വിട്ടയച്ചു. കൊലപാതകക്കേസില്‍ പിടിക്കപ്പെടുന്നത് യഥാര്‍ത്ഥ പ്രതികളല്ല എന്ന് ജനസമൂഹത്തോട് കാണിക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ഉദാഹരണമാണ് എന്റെ അനുഭവം.
എന്റെ സുഹൃത്തായിരുന്നു ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന വിനയന്‍. വിനയന്‍ കൊല്ലപ്പെടുന്നതിന്റെ തലേദിവസമാണ് സി.പി.എം. പ്രവര്‍ത്തകനായ അജയന്‍ പാനൂര്‍ കൂന്നോത്തുപറമ്പില്‍ വെച്ച് കൊല്ലപ്പെടുന്നത്. അതിന്റെ വിലാപയാത്ര നടക്കുമ്പോള്‍ അതിലേക്ക് ബോംബേറുണ്ടായി. പാനൂരില്‍നിന്ന് അജയന്റെ വീട്ടിലേക്കുള്ള വഴിയില്‍ വൈദ്യര്‍ പീടികയ്ക്ക് അടുത്തുവെച്ചായിരുന്നു അത്. ആകെ ഭീകരാന്തരീക്ഷമായിരുന്നു. വിലാപയാത്രയോടൊപ്പം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ഞാനായിരുന്നു. സുരക്ഷിതമായ സ്ഥലത്തെത്തിയാലേ വണ്ടികള്‍ നിര്‍ത്താന്‍ പറ്റൂ. കുറച്ചപ്പുറം പാറാട് എത്തിയപ്പോഴാണ് വണ്ടി നിര്‍ത്തിയത്. ആറേഴ് പേര്‍ക്ക് ബോംബേറില്‍ പരിക്കുണ്ടായിരുന്നു. തുടര്‍ന്നും വിലാപയാത്ര മുന്നോട്ട് പോയി. പരിക്കേറ്റവരേയും കൊണ്ട് ഞാന്‍ തലശ്ശേരി സഹകരണ ആശുപത്രിയിലേക്കും പോയി. വേറെയും വണ്ടികളില്‍ പരിക്കേറ്റവര്‍ ഉണ്ടായിരുന്നു. ബോംബേറ് നടന്ന വഴിയിലൂടെ പോകുന്നത് സുരക്ഷിതമല്ലാത്തതുകൊണ്ട് മറ്റൊരു വഴിയിലൂടെയാണ് വണ്ടി തലശ്ശേരിയിലേക്ക് വിട്ടത്. ആസ്പത്രിയില്‍ നില്‍ക്കുമ്പോഴാണ് വിനയന്‍ കൊല്ലപ്പെട്ട വാര്‍ത്ത അറിയുന്നത്. അന്നു വൈകിട്ട് തന്നെ കൊല നടന്നു.
എന്റെ ഒരു സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരാനായി അന്ന് രാത്രി ഞാന്‍ കോയമ്പത്തൂരില്‍ പോകാന്‍ ഏറ്റിരുന്നു. ആശുപത്രിയിലെ കാര്യങ്ങളെല്ലാം തീര്‍ത്ത് അന്നു രാത്രി ഞാന്‍ കോയമ്പത്തൂരിലേക്ക് പോയി. വിനയന്റെ കൊലപാതകം കഴിഞ്ഞ് 15 ദിവസത്തിനുശേഷം തയ്യാറാക്കിയ രണ്ടാമത്തെ പ്രതിപ്പട്ടികയിലാണ് എന്റെ പേര് വന്നത്. ആദ്യത്തെ പട്ടികയില്‍ ഞാനുണ്ടായിരുന്നില്ല. സുഹൃത്തിന്റെ ഒരു കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നില്‍ക്കുന്ന സമയത്താണ് ഭാര്യ എന്നെ വിളിച്ച് ഇക്കാര്യം പറയുന്നത്. വീട് മുഴുവന്‍ പൊലീസായിരുന്നു.
ഞങ്ങളുടെ പ്രദേശത്തെ അങ്കണവാടി മറ്റ് കെട്ടിടങ്ങളൊന്നും കിട്ടാത്തതിനാല്‍ എന്റെ വീടിന്റെ വരാന്തയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്റെ ഭാര്യയാണ് അങ്കണവാടി കുട്ടികളെ പഠിപ്പിക്കുന്നതും. കുട്ടികളെയെല്ലാം പേടിപ്പെടുത്തുന്ന രീതിയില്‍ ഒരു സംഘം പൊലീസുകാര്‍ വീടിനു ചുറ്റും വളഞ്ഞു. ഉടന്‍ ഞാന്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വവുമായി ബന്ധപ്പെട്ടു. അന്നേ ദിവസം ടെലിവിഷന്‍ ചാനലുകളില്‍ വന്ന തലശ്ശേരി സഹകരണ ആശുപത്രിയിലെ വിഷ്വല്‍സ് പരിശോധിച്ചാല്‍ത്തന്നെ കൊലപാതകം നടക്കുന്ന സമയത്ത് ഞാന്‍ എവിടെയായിരുന്നു എന്ന് മനസ്സിലാക്കാം. അത് സ്റ്റേഷനില്‍ച്ചെന്ന് പറയാം എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ പാര്‍ട്ടി പറഞ്ഞത് ''കേസ് പെട്ടെന്നുതന്നെ ഒഴിവാകും. ഇപ്പോള്‍ സ്റ്റേഷനിലേക്ക് പോകണ്ട. മനീഷ് തല്‍ക്കാലം നാട്ടില്‍നിന്ന് മാറിനില്‍ക്കണം'' എന്നാണ്. ഞാന്‍ അന്ന് മോട്ടോര്‍ തൊഴിലാളി യൂണിയന്റെ പാനൂര്‍ ഏരിയ പ്രസിഡന്റാണ്. സി.ഐ.ടി.യു ജില്ലാ കൗണ്‍സിലറും മോട്ടോര്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും കൂടിയായിരുന്നു. വിനയന്‍ എന്റെ സുഹൃത്താണ്. എന്റെ വണ്ടിയില്‍ പല തവണ യാത്ര ചെയ്തിരുന്ന ഒരാളാണ്. എന്റെ വീടിനടുത്താണ് അവന്റെ വീട്. അങ്ങനെയുള്ള ഒരാളുടെ കൊലക്കേസില്‍ പ്രതിപ്പട്ടികയില്‍ വരുന്നത് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്ന് ഞാന്‍ നേതാക്കളോട് പറഞ്ഞു. അപ്പോഴും പറഞ്ഞത്, പ്രതിപ്പട്ടികയില്‍നിന്ന് നീ ഒഴിവാകും, തല്‍ക്കാലം നാട്ടില്‍ നിന്ന് മാറി പൊലീസിന്റെ പിടിയില്‍ പെടാതെ നില്‍ക്കണം എന്നാണ്.

യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ വേണ്ടി പാര്‍ട്ടി നിര്‍ദ്ദേശം അനുസരിക്കുകയായിരുന്നു?

പാര്‍ട്ടിക്കുവേണ്ടി കൊലപാതകക്കേസില്‍ പ്രതിയാകേണ്ടിവന്നതില്‍ എനിക്ക് അന്ന് വിഷമമൊന്നും ഉണ്ടായിരുന്നില്ല. എന്റെ സുഹൃത്തായ വിനയന്റെ കൊലക്കേസില്‍ പ്രതിയായി എന്നതുമാത്രമായിരുന്നു എന്റെ വിഷമം. പാര്‍ട്ടിയും നാട്ടുകാരും എന്നെ കൊലയാളിയാക്കിയപ്പോഴും ഞാന്‍ കൊന്നു എന്ന് പറയപ്പെട്ട വിനയന്റെ കുടുംബം എന്നെ അവിശ്വസിച്ചില്ല എന്നതായിരുന്നു എന്റെ ആശ്വാസം. വിനയന്റെ സഹോദരന്‍ തിലകന്‍ അതെന്നോട് നേരിട്ടു പറഞ്ഞിട്ടുമുണ്ട്. അന്നത്തെ ഏരിയാ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗങ്ങളുള്‍പ്പെടെയുള്ളവരാണ് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുന്നത്. ആറുമാസം നാട്ടില്‍നിന്ന് മാറി താമസിച്ചു. പാര്‍ട്ടി പറഞ്ഞത് അഞ്ചുപേരാണ് അതില്‍ പ്രതികള്‍, നിങ്ങള്‍ ഏഴാം പ്രതിയാണ്. അതുകൊണ്ട് കേസില്‍ നിങ്ങള്‍ ഉള്‍പ്പെടില്ല എന്നാണ്. എന്നെപ്പോലെതന്നെ പ്രതിചേര്‍ക്കപ്പെട്ട ബാലകൃഷ്ണന്‍ എന്നയാളും ഉണ്ടായിരുന്നു. കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശേഷം ഹൃദയസംബന്ധമായ പല അസുഖങ്ങളുമായി ആശുപത്രിയില്‍ത്തന്നെയായിരുന്നു അദ്ദേഹം. അത്രയ്ക്ക് തളര്‍ന്നുപോയിരുന്നു. ഞങ്ങളെ രണ്ടുപേരേയും ഒഴിവാക്കും എന്നാണ് പാര്‍ട്ടി പറഞ്ഞത്.

താങ്കളുടേത് ഒരു സി.പി.എം കുടുംബമാണ് അല്ലേ?

ഞാന്‍ ഒരു രക്തസാക്ഷി കുടുംബത്തിലെ അംഗമാണ്. സി.പി.എമ്മായി ജനിച്ച ഒരാളാണ്. എന്റെ നാലാമത്തെ വയസ്സിലാണ് അച്ഛന്റെ അനിയനായ എട്ടുവീട്ടില്‍ രാജുമാഷിനെ ആര്‍. എസ്. എസുകാര്‍ വെട്ടിക്കൊല്ലുന്നത്. ഇളയച്ഛന്റെ പേരിലാണ് സി.പി.എം. പാനൂര്‍ ഏരിയാക്കമ്മിറ്റി ഓഫീസ്. കണ്ണമ്പള്ളി എല്‍.പി. സ്‌കൂള്‍ അധ്യാപകനായിരുന്ന ഇളയച്ഛന്‍ 1978-ലാണ് സ്‌കൂളില്‍നിന്ന് വരുന്ന വഴി കൊല്ലപ്പെടുന്നത്. കിഴക്കേ ചമ്പാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു അദ്ദേഹം. എന്റെ അച്ഛന്‍ പാര്‍ട്ടിയിലെ മുഴുവന്‍സമയ പ്രവര്‍ത്തകനാണ്. പാനൂര്‍ ഏരിയക്കമ്മിറ്റി രൂപീകരിച്ചതു മുതല്‍ ഏരിയാക്കമ്മിറ്റി അംഗമാണ് അച്ഛന്‍. സി.പി.എം. ചമ്പാട് ലോക്കല്‍ കമ്മിറ്റി ഓഫീസ് എന്റെ അമ്മയുടെ അച്ഛന്‍ കാവിലേരി കുമാരന്റെ പേരിലാണ്. ചെറിയ പ്രായത്തില്‍ത്തന്നെ ഞാനും പാര്‍ട്ടിയില്‍ സജീവമായിരുന്നു. രക്തസാക്ഷികളുടേയും ബലിദാനികളുടേയും കുടുംബത്തെ മുഴുവന്‍ പാര്‍ട്ടികള്‍ സഹായിക്കുന്നുണ്ട് എന്നാണ് പൊതുവെ പറയുക. എന്നാല്‍, ഇളയച്ഛന്റെ കുടുംബം വളരെ ബുദ്ധിമുട്ടിയാണ് പിന്നീട് ജീവിച്ചിരുന്നത്. സംരക്ഷിക്കപ്പെടാത്ത ഇത്തരത്തിലുള്ള നിരവധി കുടുംബങ്ങളും കണ്ണൂരിലുണ്ട്.

എവിടെയാണ് ഒളിവില്‍ കഴിഞ്ഞത്?

ബാംഗ്ലൂരില്‍ എന്റെ സുഹൃത്തുക്കളുടെ കൂടെയായിരുന്നു. അക്രമം നടക്കുന്ന സമയത്ത് ഈ പ്രദേശത്തുള്ളവര്‍ കൂടുതലും മാറിനില്‍ക്കുന്നത് മൈസൂരിലും ബാംഗ്ലൂരിലുമാണ്. ഈ മേഖലയിലുള്ള പല ആളുകളുടേയും കച്ചവടസ്ഥാപനങ്ങളും മറ്റും അവിടെ ധാരാളമുണ്ട്. അവിടെ പോയാല്‍ അവരുടെ കൂടെയൊക്കെ താമസിക്കാം. പോലീസിനും ഇക്കാര്യങ്ങളൊക്കെ അറിയാം. പൊലീസ് അഡ്ജസ്റ്റുമെന്റ് കൂടിയുണ്ട് ഇതില്‍. പ്രതികളല്ലല്ലോ പ്രതിപ്പട്ടികയില്‍ വരുന്നത്.

പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം തന്നെയാണോ കോടതിയില്‍ ഹാജരായത് ?

ബാംഗ്ലൂരില്‍ ആറുമാസം താമസിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. പിന്നീട് പാര്‍ട്ടി പറഞ്ഞു: ''കുറേ ശ്രമിച്ചിട്ടും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞില്ല അതുകൊണ്ട് കോടതിയില്‍ ഹാജരാകണം'' എന്ന്. പിന്നെ എന്റെ മുന്നില്‍ വേറൊരു വഴിയില്ല. ഞാന്‍ ആദ്യം തന്നെ പോലീസ് സ്റ്റേഷനില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ പാര്‍ട്ടി തന്നെയാണ് വിലക്കിയത്. കോടതിയില്‍ കീഴടങ്ങിയാല്‍ ബാക്കി കാര്യങ്ങളൊക്കെ പാര്‍ട്ടി നോക്കിക്കോളാം, ജയിലില്‍നിന്ന് എത്രയും പെട്ടെന്ന് പുറത്തിറക്കാം എന്നുകൂടി പറഞ്ഞു. പാര്‍ട്ടിയെ വിശ്വസിച്ചു. അങ്ങനെ കോടതിയില്‍ നേരിട്ടു ഹാജരായി. പിന്നീട് 62 ദിവസം കൊലക്കേസ് പ്രതിയായി എനിക്ക് കണ്ണൂര്‍ ജയിലില്‍ കിടക്കേണ്ടിവന്നു. പാര്‍ട്ടി പറയുന്നതാണ് വേദവാക്യം എന്നു കരുതിയാണ് അന്നങ്ങനെ ചെയ്തത്.


ഈ സമയത്തെ പൊലീസ് അന്വേഷണം എങ്ങനെയായിരുന്നു?

കൊലക്കേസ് പ്രതിയെ സ്വാഭാവികമായും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങേണ്ടതാണ്. അത്രയും ദിവസം കിടന്നിട്ടും എന്റെ കാര്യത്തില്‍ അതുണ്ടായില്ല. സി.ഐ. സന്തോഷിനായിരുന്നു കേസന്വേഷണത്തിന്റെ ചുമതല. ഒരു ദിവസം സി.ഐ. ജയിലില്‍ എന്നെ കാണാന്‍ വന്നു. അന്ന് അദ്ദേഹം എന്നോട് പറഞ്ഞത് , ''നീ യഥാര്‍ത്ഥ പ്രതിയല്ല എന്ന് എനിക്കറിയാം. ഞാനെന്ത് ചെയ്യാനാണ്. ഇനിയുള്ള കേസുകളിലൊന്നും പാര്‍ട്ടി തരുന്ന ലിസ്റ്റില്‍നിന്ന് പ്രതികളെ എടുക്കില്ല. ഇതിലെനിക്കൊന്നും ചെയ്യാനില്ല. പാര്‍ട്ടി തന്ന ലിസ്റ്റ് അംഗീകരിക്കുകയേ വഴിയുള്ളൂ'' എന്നാണ്. ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ അയാളുടെ നിസ്സഹായാവസ്ഥ പ്രതിയോട് പറയുകയാണ്. എന്റെ മൊഴിയെടുക്കാന്‍ വന്നതാണദ്ദേഹം. എല്ലാം അറിയുന്ന നിങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് മൊഴിയാണ് ഞാന്‍ തരേണ്ടത് എന്ന് ഞാനും ചോദിച്ചു. അതാണ് ഇവിടുത്തെ പൊലീസിന്റെ അവസ്ഥ.

പാര്‍ട്ടി പിന്നീട് താങ്കളെ ജാമ്യത്തില്‍ എടുത്തോ?

ബോധപൂര്‍വ്വമാണ് എന്നെ പ്രതിപ്പട്ടികയില്‍ പാര്‍ട്ടി ഉള്‍പ്പെടുത്തിയത് എന്നുവേണം കരുതാന്‍. പലതവണ ജാമ്യാപേക്ഷ തള്ളി. ഒരിക്കല്‍ എന്നെ കാണാന്‍ വന്ന പാര്‍ട്ടി നേതാക്കളോട് ഞാന്‍ പറഞ്ഞു. ഇനി ജാമ്യത്തിന് ഹൈക്കോടതിയില്‍ കൊടുക്കണം എന്ന്. അപ്പോള്‍ അവര്‍ പറഞ്ഞത് 90 ദിവസം കഴിയട്ടെ എന്നാണ്. ഓരോ വ്യക്തികള്‍ക്കുവേണ്ടി മാത്രം ഹൈക്കോടതിയില്‍ പോകാന്‍ കഴിയില്ല എന്ന്. കേസിന്റെ ചെലവ് ഞാന്‍ വഹിക്കാം എന്നു പറഞ്ഞിട്ടും പാര്‍ട്ടി നേതാക്കള്‍ വഴങ്ങിയില്ല. നിനക്ക് വേണമെങ്കില്‍ പേഴ്സണലായി മുന്നോട്ട് പോകാം . പിന്നെ പാര്‍ട്ടി കേസിന്റെ ഒരു കാര്യത്തിനും ഉണ്ടാവില്ല എന്നും കൂടി പറഞ്ഞു. പിന്നീട് എന്റെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സഹായത്തോടെ വ്യക്തിപരമായി നീങ്ങിയതിന് ശേഷമാണ് ജാമ്യം കിട്ടിയത്. ഇക്കാലത്ത് എന്റെ കൂടെയുണ്ടായിരുന്ന പ്രതികളുടെ വീട്ടുചെലവുകള്‍ പാര്‍ട്ടി വഹിച്ചിരുന്നു. എന്റെ വീട്ടില്‍ അതും ഉണ്ടായില്ല. ഞാന്‍ ജയിലിലുള്ള സമയത്തുതന്നെ അങ്കണവാടിയില്‍ പഠിപ്പിക്കുന്നതില്‍നിന്ന് എന്റെ ഭാര്യയെ പാര്‍ട്ടി ഇടപെട്ട് ഒഴിവാക്കുകയും ചെയ്തു. പാര്‍ട്ടി തന്നെയാണ് ആ ജോലി നല്‍കിയതും.

ബോധപൂര്‍വ്വം കേസില്‍ പെടുത്തിയതാണ് എന്ന് തോന്നാന്‍ കാരണമെന്താണ്?

ഞങ്ങളുടെ പ്രദേശത്ത് മൊബൈല്‍ ടവര്‍ വരുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നം നടക്കുന്നുണ്ടായിരുന്നു. കോട്ടക്കുന്നില്‍ വരുന്ന ടവറിനെതിരെ സമരം സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. മൊബൈല്‍ ടവറിനെതിരെ സമരം നടത്തുന്നതിന് ഞാന്‍ എതിരായിരുന്നു. കാരണം നമ്മളെല്ലാവരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. സമരം പാടില്ലെന്ന നിലപാടായിരുന്നു എന്റേത്. അതിനുശേഷം ഞാന്‍ മൊബൈല്‍ കമ്പനിക്കാരില്‍നിന്നും പൈസ വാങ്ങിയതുകൊണ്ടാണ് അതിനെ അനുകൂലിക്കുന്നത് എന്ന ആരോപണവും വന്നു. ആ സമയത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തലശ്ശേരി കോടതിയെ സമീപിച്ച് മൊബൈല്‍ ടവറിനെതിരെ സ്റ്റേ വാങ്ങി. ഇത് കണ്ടിട്ട് സി.പി.എമ്മിന് ഈ പ്രദേശം നഷ്ടപ്പെട്ടുപോകുമോ എന്നു തോന്നി. അങ്ങനെ സി.പി.എം. ബ്രാഞ്ച് യോഗം ചേര്‍ന്ന് മൊബൈല്‍ ടവറിനെതിരായ സമരം തുടങ്ങാന്‍ തീരുമാനിക്കുകയും സമരസമിതിയുടെ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. പാര്‍ട്ടിയുടെ തീരുമാനമായതിനാല്‍ അനുസരിക്കുകയേ വഴിയുള്ളൂ. സമരം ശക്തമായി മുന്നോട്ട് പോയി. ടവര്‍ വരില്ല എന്ന ഘട്ടം എത്തുമ്പോഴേക്കും പാനൂര്‍ ഏരിയ കമ്മിറ്റിയില്‍നിന്നും എന്നെ വിളിപ്പിച്ചു. പ്രക്ഷോഭസമിതിയില്‍നിന്ന് രാജിവെക്കണം എന്നാവശ്യപ്പെട്ടു. മൊബൈല്‍ ടവറുകാരുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ സമരത്തില്‍നിന്ന് പിന്മാറാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. എന്നെക്കൊണ്ട് രാജിവെപ്പിച്ച് സമരം നിര്‍ജീവമാക്കുകയായിരുന്നു ലക്ഷ്യം. ''രാജിവെക്കണമെങ്കില്‍ ജനങ്ങളുടെ യോഗം വിളിച്ച് എന്തുകൊണ്ട് പാര്‍ട്ടി സമരത്തില്‍നിന്ന് പിന്മാറുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. അല്ലാതെ ഞാനായിട്ട് രാജിവെക്കില്ല. ഞാന്‍ തുടക്കത്തിലേ ഈ സമരത്തിന് എതിരായിരുന്നു. രാജിവെച്ചാല്‍ ജനങ്ങള്‍ എന്നെ അവിശ്വസിക്കും'' ഇതായിരുന്നു ഞാന്‍ പാര്‍ട്ടിയോട് പറഞ്ഞത്. ഈ സമരങ്ങള്‍ നടക്കുന്നതിനിടയിലാണ് കൊലപാതകക്കേസിലെ പ്രതിപ്പട്ടികയില്‍ വരുന്നത്.

വിനയന്‍ കൊലക്കേസില്‍ താങ്കളേയും കൂട്ടുപ്രതികളേയും പിന്നീട് വെറുതെ വിട്ടു അല്ലേ?

എനിക്കൊപ്പം പ്രതികളായ സജീവനും അരവിന്ദനും അന്നത്തെ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദന് ഞങ്ങള്‍ യഥാര്‍ത്ഥ പ്രതികളല്ലെന്നും പുനരന്വേഷിക്കണമെന്നും പറഞ്ഞ് പരാതി നല്‍കിയിരുന്നു. പരാതി പരിശോധിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. പിന്നീടാണ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതും കേസില്‍ ടി.കെ. രജീഷ് പിടിയിലാകുന്നതും. ടി.കെ. രജീഷ് പൊലീസിന് കൊടുത്ത മൊഴിയില്‍ പാനൂര്‍-തലശ്ശേരി മേഖലയിലെ പല കൊലപാതകങ്ങളിലും പങ്കുള്ളതായി വെളിപ്പെടുത്തിയിരുന്നു. വിനയനെ കൊന്ന കേസില്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികളല്ല എന്ന മൊഴിയും ഇതിലുണ്ടായിരുന്നു. അതാണ് സത്യത്തില്‍ ഞങ്ങള്‍ക്ക് തുണയായത്. ടി.കെ. രജീഷിന്റെ മൊഴിയും വി.എസ്. ഉത്തരവിട്ടതും പരിഗണിച്ച് കേസ് വീണ്ടും പരിശോധിച്ചു. പ്രതിപ്പട്ടികയിലുള്ള ഒരാളൊഴികെ ബാക്കി എല്ലാവരേയും നിരപരാധികളാണെന്നു കണ്ട് വിട്ടയച്ചു. ഞാന്‍, മനോജ്, അരവിന്ദന്‍, സജീവന്‍, സൂരജ്, ബാലകൃഷ്ണന്‍ എന്നിവര്‍ അങ്ങനെയാണ് കേസില്‍നിന്നു രക്ഷപ്പെടുന്നത്. ഇല്ലാത്ത കേസിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവര്‍. 

യഥാര്‍ത്ഥ പ്രതികളല്ല പിടിക്കപ്പെടുന്നത് എന്നല്ലേ മനസ്സിലാക്കേണ്ടത്?

ഓരോ സംഭവത്തിനും ചെയ്യാന്‍ ഓരോ പാര്‍ട്ടിക്കും പരിശീലനം കിട്ടിയ അഞ്ചോ പത്തോ പേരാണ് ഉണ്ടാകുക. അവരാണിത് ചെയ്യുന്നത്. അവര്‍ ചിത്രത്തിലേ ഇല്ല. ജയകൃഷ്ണന്‍ മാഷിന്റെ കേസ് തന്നെ എടുത്താല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍പോലും യഥാര്‍ത്ഥ പ്രതികളായിരുന്നില്ല എന്നാണ് പിന്നീട് തെളിഞ്ഞത്. യഥാര്‍ത്ഥ പ്രതികളെ ഇതുവരെ കണ്ടെത്താനുമായില്ല. ആരും അത് ചര്‍ച്ച ചെയ്യുന്നുമില്ല. ഡി.വൈ.എഫ്.ഐ. കേന്ദ്രക്കമ്മിറ്റി അംഗം കൂടിയായിരുന്ന പി.വി. രജീന്ദ്രനാഥ് ഉള്‍പ്പെടെയുള്ളവരാണ് നിലവില്‍ വിനയന്‍ കേസിന്റെ പ്രതിപ്പട്ടികയിലുള്ളത്.

പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകേണ്ട സാഹചര്യം എന്തായിരുന്നു?

മൊബൈല്‍ ടവര്‍ സമരം ശക്തമായി മുന്നോട്ട് പോയിരുന്നു. പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രതിപക്ഷം പോലും ഇല്ലാതെ സി.പി.എം. കാലങ്ങളായി ഭരിക്കുന്ന പഞ്ചായത്താണ്. മാര്‍ച്ച് നടത്തിയതിന്റെ പിറ്റേ ദിവസം എന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. അതില്‍ കണ്‍ട്രോള്‍ കമ്മിഷന് ഞാന്‍ പരാതി കൊടുത്തു. കമ്മിഷന്‍ പരാതി പരിശോധിക്കാന്‍ ജില്ലാക്കമ്മിറ്റിയെ ചുമതലപ്പെടുത്തി. എം. പ്രകാശന്‍ മാഷ് ഏകാംഗ കമ്മിറ്റിയായി ഈ നടപടി പരിശോധിക്കാന്‍ വന്നു. എന്റെ വാദങ്ങള്‍ കൃത്യമായി ഞാന്‍ പറഞ്ഞു. അതിനെ തുടര്‍ന്ന് നടപടി പിന്‍വലിച്ചു. പിന്നീട് പാര്‍ട്ടി ഭാരവാഹികള്‍ക്കിടയില്‍ അസംതൃപ്തി ഉള്ളതായി എനിക്ക് തോന്നിയിരുന്നു. ഒരു ദിവസം പാനൂര്‍ ഏരിയാക്കമ്മിറ്റിയംഗം ഇ. വിജയന്‍മാഷ് കടലാസിലെ സാങ്കേതിക പ്രശ്‌നങ്ങള്‍കൊണ്ട് മാത്രമാണ് മനീഷ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയതെന്നും അധികം വൈകാതെ തന്നെ പുറത്താക്കുമെന്നും എന്റെ ബ്രാഞ്ചായ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പാനൂര്‍ യൂണിറ്റ് സെക്രട്ടറിയോട് പറഞ്ഞു. പിന്നെ ഇതുമായി മുന്നോട്ട് പോകുന്നത് ശരിയല്ല എന്നുകണ്ട് ഞാന്‍ വിട്ടുനില്‍ക്കുകയായിരുന്നു.

പാര്‍ട്ടി വിട്ടതിനുശേഷം എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ?

പാര്‍ട്ടി വിട്ടശേഷം ജനകീയവേദി എന്ന സംഘടന രൂപീകരിച്ച് പാരിസ്ഥിതിക-സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ഇപ്പോഴും സജീവമായി ഈ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനത്തിനിടയിലാണ് എനിക്ക് നേരെ അക്രമങ്ങള്‍ ഉണ്ടാകുന്നത്. അതോടെ ഈ സംഘടന മാത്രമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും സംരക്ഷണം വേണം എന്നും തോന്നിയതോടെ ഞാന്‍ സി.പി.ഐ. യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സി.പി.ഐ. യില്‍ എത്തിയശേഷവും അക്രമം ഉണ്ടായി. ഒരു ദിവസം ടൂവീലറില്‍ പോകുമ്പോള്‍ ഒരു സംഘം വണ്ടി തടഞ്ഞു. പുറത്ത് ഒരടി കിട്ടിയെങ്കിലും വീഴാതെ പെട്ടെന്നുതന്നെ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്ത് രക്ഷപ്പെട്ടു. ആയുധങ്ങളുമായാണ് ആ സംഘം എത്തിയത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. എന്നെ കിട്ടാതായതോടെ സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി മുകുന്ദനെ വീട്ടില്‍ കയറി വെട്ടി. അദ്ദേഹത്തിന്റെ പരിക്ക് അതിഗുരുതരമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ത്തന്നെ നില്‍ക്കണം എന്ന ആഗ്രഹം കൊണ്ടാണ് ഞാന്‍ സി.പി.ഐ. യില്‍ ചേര്‍ന്നത്. അപ്പോഴും സ്ഥിതിക്ക് മാറ്റമൊന്നും ഉണ്ടായില്ല. സംരക്ഷണം തരാന്‍ സി.പി.ഐയ്ക്കും കാര്യമായി സാധിച്ചില്ല. മുന്നണി ഒന്നാണല്ലോ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് എന്നെ അവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സി.പി.എം. പറഞ്ഞു. അതിനെ ചോദ്യം ചെയ്യാന്‍ സി.പി.ഐയ്ക്കും കഴിഞ്ഞില്ല. ആ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പോയാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. എന്നെ സംരക്ഷിക്കാന്‍ കഴിയില്ല എന്നു ബോധ്യമായപ്പോഴാണ്  സി.പി.ഐയില്‍നിന്നും മാറുന്നത്. ഇപ്പോള്‍ മനുഷ്യാവകാശ സംരക്ഷണ മിഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറിയും കൂടിയാണ്.
എന്നെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത വിവരം അവരില്‍നിന്നുതന്നെ എനിക്ക് ചോര്‍ന്നുകിട്ടിയതാണ്. എനിക്ക് കിട്ടിയ വിവരങ്ങളെല്ലാം വെച്ച് ഞാന്‍ സബ് ജഡ്ജിക്ക് പരാതി നല്‍കിയിരുന്നു. അത് വലിയ വാര്‍ത്തയായിരുന്നു. അതിനുശേഷം കാര്യമായ അക്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞാന്‍ താമസിക്കുന്ന കിഴക്കെ ചമ്പാട് എന്നത് പാര്‍ട്ടി ഗ്രാമമാണ്. പൊതുവെ സി.പി.എമ്മില്‍നിന്ന് പുറത്തുപോകുന്ന ഒരാള്‍ക്ക് എവിടെ പോയാലും ഒരാളും അംഗീകാരം കൊടുക്കില്ല. ഒരു കാര്യവും നടക്കില്ല. ഒറ്റപ്പെടുത്തിക്കളയും. എന്റെ മറ്റ് പ്രവര്‍ത്തനങ്ങളൊക്കെക്കൊണ്ടുതന്നെ എന്നെ ഒറ്റപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. അതുകൊണ്ട് എനിക്കിവിടെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നു.

കണ്ണൂരിലെ കൊലപാതകങ്ങള്‍ പാര്‍ട്ടി അറിഞ്ഞാണോ ചെയ്യുന്നത്?

ഏതു കൊലപാതകത്തിനും വ്യക്തമായ പ്ലാനിങ് ഉണ്ടാകും. ഒരാളെ കൊല്ലാന്‍ എന്തെങ്കിലും ഒരു കാരണം ഉണ്ടാവണം. പാര്‍ട്ടിക്കെതിരെ നില്‍ക്കുന്ന ഒരാളെ കൊല്ലുമ്പോള്‍ പാര്‍ട്ടി അറിയാതെ ചെയ്തു എന്നു പറയാന്‍ കഴിയില്ല. എനിക്കെതിരെ നടന്ന അക്രമംപോലും പാര്‍ട്ടി അറിയാതെയല്ല. എല്ലാ അക്രമത്തിനും ആസൂത്രണവും നേതൃത്വവും ഉണ്ടാവും. പി. ജയരാജനെ അക്രമിച്ചു എന്നതിന്റെ പേരിലാണ് കതിരൂര്‍ മനോജ് കൊല്ലപ്പെടുന്നത്. ആളുകള്‍ക്കിടയില്‍ ഒരുതരം പക ഉണ്ടാക്കിയെടുക്കാന്‍ പാര്‍ട്ടിക്കാര്‍ക്ക് കഴിയുന്നുണ്ട്. ജയരാജനെ ആക്രമിച്ച ശേഷം അദ്ദേഹത്തിന്റെ വായില്‍ മൂത്രമൊഴിച്ചയാളാണ് മനോജ് എന്ന രീതിയിലാണ് പാര്‍ട്ടി അണികള്‍ക്കിടയില്‍ പ്രചരിപ്പിച്ചത്. ഒഴിച്ചോ ഇല്ലയോ എന്നതൊന്നും നമുക്കറിയില്ല. ആ പകയുടെ അനന്തരഫലമാണ്  മനോജിനെ കൊലപ്പെടുത്തിയത്. അതിലൊന്നും പ്ലാനിങില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും.

പാര്‍ട്ടി ഗ്രാമങ്ങളില്‍ത്തന്നെയാണോ ആയുധങ്ങളും ബോംബുമൊക്കെ ഉണ്ടാക്കുന്നത് ? 

പാര്‍ട്ടി ഗ്രാമങ്ങളിലെല്ലാം ആയുധങ്ങളുണ്ടാക്കുന്നുണ്ട്. ഈ പ്രദേശത്ത് കൈകള്‍ നഷ്ടപ്പെട്ട എത്രയോ പേരുണ്ട്. എങ്ങനെയാണ് അവരുടെ കൈകള്‍ നഷ്ടപ്പെടുന്നത്. ബോംബുകള്‍ ഉണ്ടാക്കുമ്പോള്‍ പൊട്ടിയാണ്. അതിനര്‍ത്ഥം ഇവിടെ ആയുധങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നല്ലേ. വേറെ സ്ഥലത്തുനിന്ന് വരുന്നതല്ലല്ലോ. അങ്ങനെ പൊട്ടി പരിക്കേറ്റവരെയെല്ലാം സംരക്ഷിക്കുന്നതും അതത് പാര്‍ട്ടികളാണ്. എന്തുകൊണ്ടാണ് അവരെ പാര്‍ട്ടികള്‍ സംരക്ഷിക്കുന്നത്. പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഉണ്ടാക്കിയതുകൊണ്ടല്ലേ. അങ്ങനെ നിര്‍ദ്ദേശം കിട്ടാതെയാണ് ഒരാള്‍ ഉണ്ടാക്കുന്നതെങ്കില്‍ അവര്‍ സംരക്ഷിക്കപ്പെടേണ്ട ആവശ്യമില്ലല്ലോ. സമീപ പ്രദേശങ്ങളായ പൊയിലൂര്‍, പുല്ല്യോട്, ചമ്പാട്, പാട്യം എന്നിവിടങ്ങളിലെല്ലാം ബോംബുണ്ടാക്കുമ്പോള്‍ പൊട്ടി മരിക്കുകയും അപകടം പറ്റുകയും ചെയ്തിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. നിരവധി അനുഭവങ്ങള്‍ ഈ മേഖലയില്‍ത്തന്നെ ഉണ്ട്.

പാര്‍ട്ടികള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുണ്ടോ?

ടി.കെ. രജീഷിന്റെ വെളിപ്പെടുത്തല്‍ വന്നതോടെയാണ് ഞാന്‍ രക്ഷപ്പെട്ടത്. രജീഷിന്റെ വെളിപ്പെടുത്തലിലൂടെ നമുക്ക് മനസ്സിലാകുന്നത് പുറത്തുനിന്നുള്ള ക്വട്ടേഷന്‍ ടീമാണ് കണ്ണൂരില്‍ കൊലപാതകം നടത്തുന്നത് എന്നാണ്. പാട്യം സ്വദേശിയായ രജീഷിനെ അണികള്‍ അറിയുന്നതുതന്നെ ടി.പി. ചന്ദ്രശേഖരന്റെ കൊലക്കേസില്‍ പിടിക്കപ്പെടുമ്പോഴാണ്. അതിനുമുന്‍പ് ആളുകള്‍ക്ക് അയാളെ അറിയില്ല. രജീഷ് ബോംബെയിലായിരുന്നു. അയാള്‍ ഇവിടുത്തെ കൊലപാതകത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അത് ക്വട്ടേഷനല്ലേ? തലശ്ശേരി കോടതിയില്‍ വരുന്ന ഒട്ടുമുക്കാല്‍ കേസുകളും പരിശോധിച്ചാല്‍ നമുക്കറിയാം പ്രതികള്‍ യഥാര്‍ത്ഥ പ്രതികളല്ല. സംഭവം ചെയ്യാന്‍ ഒരു വിഭാഗവും അതില്‍ പ്രതികളാകാന്‍ എന്നെപ്പോലുള്ള ആളുകളും. പ്രതികളേയും സാക്ഷികളേയും പാര്‍ട്ടി കൊടുക്കുകയാണ്. വിനയനെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമാണ് എന്നല്ലേ ടി.കെ. രജീഷിന്റെ മൊഴിയിലൂടെ വ്യക്തമാകുന്നത്. ക്വട്ടേഷനാണെങ്കിലും പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വത്തിന്റെ സഹായമില്ലാതെ അവര്‍ക്ക് കൃത്യം പൂര്‍ത്തിയാക്കാന്‍ കഴിയില്ല.

രാഷ്ട്രീയനേതൃത്വം തീരുമാനിച്ചാല്‍ നിര്‍ത്താന്‍ പറ്റുന്നതാണോ കൊലപാതകങ്ങള്‍? 

ഇത് അവസാനിക്കണമെങ്കില്‍ പൊലീസ് മാറണം. എന്നെപ്പോലെ ഒരുപാട് പേര്‍ ഈ പ്രദേശത്തുണ്ട്. സാക്ഷികളേയും പ്രതികളേയും പാര്‍ട്ടി കൊടുക്കുന്നതുകൊണ്ടാണ് മിക്ക കേസുകളിലും കൃത്യമായി ശിക്ഷിക്കപ്പെടാത്തത്. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്താല്‍ ഈ ചെയ്യുന്നവരും പ്ലാന്‍ ചെയ്യുന്നവരും അകത്തുപോകും. മനുഷ്യനെ വെട്ടിക്കൊല്ലണം എന്ന് ചിന്തിക്കുന്നവര്‍ പാര്‍ട്ടിയില്‍ ഒരു ചെറിയ വിഭാഗമേ ഉള്ളൂ. ടി.പി. കേസോടുകൂടി ഇത് അവസാനിക്കും എന്നു വിചാരിച്ചതാണ്. വീണ്ടും പാര്‍ട്ടി കൊടുക്കുന്ന ലിസ്റ്റിലേക്ക് കാര്യങ്ങള്‍ മാറി. ഒരു മനുഷ്യനെ വെട്ടിക്കൊല്ലാന്‍ എല്ലാവര്‍ക്കും കഴിയില്ല. അതിന് മനസ്സാക്ഷി മരവിക്കണം. വടിവാളെടുത്ത് പച്ചയായ ഒരു മനുഷ്യനെ വെട്ടാന്‍ കൃത്യമായ പരിശീലനം വേണം. അങ്ങനെയുള്ളവര്‍ വളരെ കുറച്ചേ ഉണ്ടാകൂ. അവര്‍ അകത്തായാല്‍ പിന്നെ വീണ്ടും ഇങ്ങനെയൊരു ടീമിനെ ഉണ്ടാക്കിക്കൊണ്ടുവരണം. അങ്ങനെയൊരു ടീമിനെ ഉണ്ടാക്കണമെങ്കില്‍ മനുഷ്യത്വം മരവിച്ച ഒരു നേതൃത്വം ഉണ്ടാകണം. ആ നേതൃത്വമടക്കം അകത്തായാല്‍ ഇത് നില്‍ക്കും. പെട്ടെന്നുണ്ടാകുന്ന പ്രകോപനത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നതല്ല ഇവിടെ. ബോധപൂര്‍വ്വം എത്രയോ ദിവസങ്ങള്‍ അയാളെ നിരീക്ഷിച്ച് പഠിച്ച് പ്ലാന്‍ ചെയ്ത് ചെയ്യുകയാണ്. ഈ ഭീകരതയുടെ ദുരന്തം അനുഭവിക്കുന്നത് കൊല്ലപ്പെടുന്നവന്റെ കുടുംബവും എന്നെപ്പോലെ പ്രതിയാക്കപ്പെടുന്നവരുമാണ്. ഒന്നോ രണ്ടോ കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെട്ടാല്‍ കണ്ണൂരില്‍ കൊലപാതകങ്ങള്‍ നില്‍ക്കും. പാര്‍ട്ടി തരുന്ന പ്രതിപ്പട്ടിക വേണ്ട അന്വേഷിച്ച് കണ്ടുപിടിച്ചോളാം എന്ന് പൊലീസ് തീരുമാനിക്കേണ്ടിയിരിക്കുന്നു. അന്വേഷണം ക്രിയാത്മകമല്ലെങ്കില്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രക്ഷോഭങ്ങളുണ്ടാവണം. ഭരണകൂടം മാറില്ല. ഭരിക്കുന്നവന് ഭരിക്കുന്നവന്റെ താല്‍പ്പര്യങ്ങളുണ്ടാകും.

പൊലീസിന് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സാഹചര്യമില്ല എന്നാണോ?

പൊലീസിന് ഭയമാണ്. അല്ലെങ്കില്‍ താല്‍പ്പര്യങ്ങളുണ്ടാകും. പാനൂര്‍ മേഖലയില്‍ കൃത്യമായി നടപടിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഷൗക്കത്തലി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വീടിന്റെ കിണറില്‍ കരി ഓയില്‍ ഒഴിച്ചു. വീട് ആക്രമിച്ചു. പാനൂര്‍ പൊലീസ് സ്റ്റേഷന്‍ വരെ ആക്രമിക്കപ്പെടുന്നത് അദ്ദേഹം അവിടെയുണ്ടായ കാലത്താണ്. കൃത്യമായി പണിയെടുത്തു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. പൊലീസുകാരന്റെ വീട്ടിലെ നായയെ വെട്ടിക്കൊല്ലുക, വീടിന്റെ വരാന്തയില്‍ റീത്ത് കൊണ്ടുവെക്കുക തുടങ്ങിയ ക്രൂരതകളും ഉണ്ടായിട്ടുണ്ട്. അപ്പോള്‍ പൊലീസുകാരും പേടിക്കും. പൊലീസിനും കുടുംബവും മക്കളും ഒക്കെ ഉണ്ടല്ലോ. പിന്നെ പൊലീസില്‍ത്തന്നെ പാര്‍ട്ടിക്ക് ചാരന്മാരുമുണ്ട്. 

( സി.പി.എം. വിട്ട് സി.പി.ഐ.യിലും പ്രര്‍ത്തിച്ചിരുന്ന ഇ. മനീഷ് ഇപ്പോള്‍ ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറിയാണ്. മനുഷ്യാവകാശ - പാരിസ്ഥിതിക വിഷയങ്ങളില്‍ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്).
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com