സ്വന്തം മണ്ണില്‍ അവരെ ജീവിക്കാന്‍ വിടണം

ആദിവാസികളുടെ ഉപജീവനം സംരക്ഷിക്കുകയാണ് അവരെ സംരക്ഷിക്കാനുള്ള പ്രധാനപ്പെട്ട ഒരു ചുമതല
സ്വന്തം മണ്ണില്‍ അവരെ ജീവിക്കാന്‍ വിടണം

ടവേളകളില്ലാതെ ആദിവാസി ജീവിതങ്ങളെ പിടിച്ചുലയ്ക്കുന്ന ചെറുതും വലുതുമായ ഓരോന്നിലുമുണ്ട് കാലങ്ങളായുള്ള വഞ്ചനയുടേയും കബളിപ്പിക്കലിന്റേയും എണ്ണമറ്റ വിവരങ്ങള്‍. മധുവിന്റെ ദാരുണമരണം അതിനിടയില്‍ സംഭവിച്ചുപോയ നടുക്കങ്ങളിലൊന്നു മാത്രം. ആദിവാസി ഭൂമി പലതരത്തില്‍ പലര്‍ തട്ടിയെടുക്കുന്നതിന്റേയും അവരെ സ്വന്തം ആഹാരങ്ങളില്‍നിന്നുപോലും അകറ്റി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതിന്റേയും മാത്രമല്ല, അവരുടെ അതിജീവനത്തിന്റേയും തിരിച്ചറിവുകളുടേയും നേര്‍ക്കുനേര്‍ സാക്ഷികൂടിയായ ഒരാളുണ്ട്, നമുക്കൊപ്പം. ഒന്നും അറിയുന്നില്ലെന്നു ഭാവിച്ച് ഉദ്യോഗകാലം തീര്‍ത്ത ഉന്നതനായിരുന്നില്ല, ആദിവാസികള്‍ക്കുവേണ്ടി ഇടപെട്ടുകൊണ്ടേയിരുന്ന സാധാരണക്കാരനായിരുന്നു അട്ടപ്പാടി ഉള്‍പ്പെടുന്ന പാലക്കാട് ജില്ലയുടെ രണ്ടാമത്തെ കളക്ടറായിരുന്ന ടി. മാധവമേനോന്‍. 1958-ല്‍ കളക്ടറായപ്പോള്‍ അട്ടപ്പാടിയിലെ ആദിവാസികളിലേക്ക് കാല്‍നടയായി അലഞ്ഞും മനസ്സുകൊണ്ടറിഞ്ഞും അദ്ദേഹം എത്തി. മൂന്ന് പതിറ്റാണ്ടു മുന്‍പ് സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്നു വിരമിച്ച ശേഷവും സമീപകാലം വരെ സംസ്ഥാന സര്‍ക്കാര്‍ ആദിവാസി പ്രശ്‌നങ്ങളില്‍ പ്രത്യേകിച്ച് അട്ടപ്പാടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ഉപദേശങ്ങളും തേടിയിരുന്നു. വയസ്സിപ്പോള്‍ 85. കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറായാണ് വിരമിച്ചത്. അഹാഡ്സ് (അട്ടപ്പാടി ഹില്‍സ് ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി) രൂപീകരണത്തിലുള്‍പ്പെടെ സര്‍ക്കാരിനു മാര്‍ഗ്ഗദര്‍ശനമായ പഠനങ്ങളും റിപ്പോര്‍ട്ടുകളും അദ്ദേഹത്തിന്റേതായുണ്ട്. പട്ടികവര്‍ഗ്ഗ ക്ഷേമ ഡയറക്ടറും നിക്ഷിപ്ത വനഭൂമി പാലകനും അഹാഡ്സ് ഗവേണിങ് കൗണ്‍സില്‍ അംഗവുമായിരുന്നു. ''രാഷ്ട്രീയക്കാര്‍ക്ക് ആദിവാസികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാകാത്തതല്ല. പക്ഷേ, വോട്ട് ഇത്രയല്ലേ ഉള്ളൂ. എല്ലാവരും കൂടി രണ്ടു ലക്ഷത്തോളം മാത്രം. വോട്ടര്‍മാര്‍ എന്ന നിലയില്‍ നോക്കിയാല്‍ 50,000 പേരുണ്ടാകും. അതാകട്ടെ, പലയിടത്തുമായി ചിതറിക്കിടക്കുകയുമാണ്. അവരെക്കാള്‍ എത്രയോ അധികം സംഘടിത വോട്ട് ബാങ്കുകള്‍ വേറെയുണ്ട്. അതുകൊണ്ട് അവര്‍ക്കിത്ര മതി എന്നാണ് മനോഭാവം.'' മാധവമേനോന്‍ പറയുന്നു: ''ആദിവാസികളുടെ കാര്യങ്ങള്‍ നോക്കാന്‍ ഉദ്യോഗസ്ഥരുടെ കുറവേയില്ല. അട്ടപ്പാടിയിലെ മാത്രം കാര്യമെടുത്താല്‍ ഓരോ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഓരോ ഓഫീസര്‍മാരെ നിയമിക്കും. അങ്ങനെ നിരവധി ഓഫീസുകളും ഓഫീസര്‍മാരുമുണ്ട്. പക്ഷേ, ആദിവാസികളുടെ കാര്യം മാത്രം നടക്കുന്നില്ല. ഇത്രയൊന്നും ഉദ്യോഗസ്ഥരെ ആദിവാസി മേഖലകള്‍ക്ക് ആവശ്യമില്ല. ആദിവാസികള്‍ക്ക് അധികാരം കൊടുക്കുകയാണ് വേണ്ടത്. മൂപ്പന്‍സ് കൗണ്‍സിലും ഊരുവികസന സമിതിയും പോലുള്ള അത്തരം പരീക്ഷണങ്ങള്‍ വലിയ വിജയവുമായിരുന്നു.'' വളരെ ചുരുക്കമാണെങ്കിലും പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥരുണ്ടെന്നും പക്ഷേ, മൊത്തം ഘടന ഇങ്ങനെയായതുകൊണ്ട് അവര്‍പോലും നിസ്സഹായരാണെന്നും അനുഭവങ്ങളില്‍നിന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. 

ടി. മാധവമേനോന്‍ ഐ.എ.എസ്സുമായി നടത്തിയ സംഭാഷണത്തില്‍നിന്ന്: 


അട്ടിമറികള്‍; വാഗ്ദാനലംഘനങ്ങള്‍

അടിയന്തരാവസ്ഥക്കാലത്ത്  1975-ലെ ആദിവാസി ഭൂസംരക്ഷണ നിയമം ഉണ്ടാകുമ്പോള്‍ ഞാന്‍ പട്ടികവര്‍ഗ്ഗ ക്ഷേമ ഡയറക്ടറായിരുന്നു. ആദിവാസി ഭൂമി കൈമാറ്റം തടയലും അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കലും സംബന്ധിച്ച നിയമം. അതിനുശേഷം ആ നിയമം നടപ്പാക്കാന്‍ ആവശ്യമായ ചട്ടങ്ങള്‍ ഉണ്ടാക്കാതെ കുറേക്കാലം കിടന്നു. പിന്നീട് ഡയറക്ടറെന്ന നിലയില്‍ ചട്ടങ്ങള്‍ തയ്യാറാക്കി സെക്രട്ടേറിയേറ്റിലേക്ക് അയച്ചു. റവന്യൂ വകുപ്പിന്റെ അധികാര പരിധിയില്‍പ്പെട്ട കാര്യത്തില്‍ വകുപ്പ് വേണ്ടതു ചെയ്തുകൊള്ളുമെന്നും ഡയറക്ടര്‍ അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ട എന്നുമാണ് കിട്ടിയ മറുപടി. പിന്നീട് 1983-ല്‍ ആണ് ചട്ടങ്ങള്‍ രൂപീകരിച്ചത്. സ്വഭാവികമായും അത്രകാലവും നിയമം നടപ്പാക്കിയില്ല. ആ കാലയളവിനിടയില്‍ വീണ്ടും വന്‍തോതില്‍ ആദിവാസി ഭൂമി അന്യാധീനപ്പെട്ടു. 1978-ലാണ് ഞാന്‍ വേറെ തസ്തികയിലേക്ക് പോയത്. എങ്കിലും അട്ടപ്പാടിയിലെ കുറേ ആദിവാസി ഭൂമി സംരക്ഷിക്കാന്‍ സാധിച്ചിരുന്നു. 
സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ത്തന്നെ മൂപ്പന്‍സ് കൗണ്‍സില്‍ രൂപീകരിച്ചു. പക്ഷേ, അത് അട്ടിമറിക്കപ്പെട്ടു. ഒരുപാട് അധികാരങ്ങളോടുകൂടിയതായിരുന്നു ആദിവാസി മൂപ്പന്മാര്‍ ഉള്‍പ്പെട്ട ആ സമിതി. ഏതെങ്കിലും ഊരില്‍ ഭൂമി അന്യാധീനപ്പെട്ടാല്‍ ആ ഊരുമൂപ്പനെ മാറ്റാനുള്ള അധികാരം വരെ ആദിവാസികള്‍ക്ക് കൊടുത്തു. ആദിവാസികള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുദ്യോഗസ്ഥരെ അവിടെനിന്നു മാറ്റുന്നതിനു ശുപാര്‍ശ ചെയ്യാനുള്ള അധികാരവും കൗണ്‍സിലിനുണ്ടായിരുന്നു. ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ ആദിവാസികള്‍ക്കു നല്‍കിയ പല അധികാരങ്ങളും കൊടുത്തു. മുന്നോട്ട് അത് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഫലപ്രദമാകുമായിരുന്നു. ആദിവാസി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മികച്ച നേതൃത്വം നല്‍കുന്ന സമിതിയായിരുന്നേനെ. പക്ഷേ, ഒറ്റപ്പാലം സബ്കളക്ടറെ അതിന്റെ കണ്‍വീനറായി വച്ചിടത്താണ് അബദ്ധം പറ്റിയത്. മറ്റു ചുമതലകള്‍ക്കിടയില്‍ ഇതിനു കാര്യമായ ശ്രദ്ധ കൊടുക്കാന്‍ സബ്കളക്ടര്‍ക്ക് സാധിച്ചില്ല. അഞ്ചോ ആറോ തവണ മാത്രമേ യോഗം ചേര്‍ന്നുള്ളു. കാര്യമായ തീരുമാനങ്ങളൊന്നും എടുത്തുമില്ല. ആ ഉത്തരവും മൂപ്പന്‍സ് കൗണ്‍സിലുകളും സാങ്കേതികമായി ഇന്നും നിലനില്‍ക്കുന്നു. ഉത്തരവ് റദ്ദാക്കിയിട്ടില്ല, കൗണ്‍സിലുകള്‍ പിരിച്ചുവിട്ടിട്ടുമില്ല. പക്ഷേ, പ്രവര്‍ത്തിക്കുന്നില്ലെന്നു മാത്രം. 
പിന്നീട് ആദിവാസി ഭൂസംരക്ഷണ നിയമത്തിന് ചട്ടങ്ങള്‍ രൂപീകരിച്ച ശേഷമാകട്ടെ അത് വേണ്ടവിധം നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കാതെ മനപ്പൂര്‍വ്വം നിയമത്തെ കൊല്ലുകയാണ് ചെയ്തത്. അന്ന് ഒറ്റപ്പാലം സബ്കളക്ടറായിരുന്നു പിന്നീട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വിരമിച്ച പി. സുബ്ബയ്യ. അന്യാധീനപ്പെട്ട കുറേ ആദിവാസി ഭൂമി തിരിച്ചു കൊടുക്കാന്‍ അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചു. അതിനെതിരെ ഭൂമി കയ്യേറ്റക്കാര്‍ അദ്ദേഹത്തെ ഘെരാവോ ചെയ്തു. മര്‍ദ്ദനമേല്‍ക്കുകയും ചെയ്തുവെന്നാണ് അറിഞ്ഞത്. എന്നാല്‍, തീരുമാനത്തില്‍നിന്നു പിന്നോട്ടു പോകാന്‍ സുബ്ബയ്യ തയ്യാറായില്ല. മാത്രമല്ല, ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. അദ്ദേഹത്തെ അവിടെ നിന്ന് ഉടനടി സ്ഥലംമാറ്റുന്നതാണ് പിന്നെ കണ്ടത്. പരാതിയും കേസുമൊക്കെ തേഞ്ഞുമാഞ്ഞ് ഇല്ലാതെയുമായി. അത് വളരെ വ്യക്തമായ സൂചനയായിരുന്നു. ആ നിയമം നടപ്പാക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ വ്യക്തമായ സിഗ്‌നല്‍ കൊടുക്കുകയായിരുന്നു. അതുകഴിഞ്ഞ് സര്‍ക്കാര്‍ ഒരുപാട് കള്ളത്തരങ്ങള്‍ കാണിച്ചു. ഒരു ആദിവാസി ഭൂസംരക്ഷണ ഓര്‍ഡിനന്‍സ് ഇറക്കി. ഞാന്‍ 1987-ല്‍ വിരമിച്ച ശേഷമായിരുന്നെങ്കിലും ഓര്‍ഡിനന്‍സ് ഒപ്പുവയ്ക്കുന്നതിന് എത്തിയപ്പോള്‍ ഗവര്‍ണര്‍ എന്നെ വിളിച്ച് അഭിപ്രായം ചോദിച്ചിരുന്നു. പക്ഷേ, അദ്ദേഹം അത് ഒപ്പുവച്ചില്ല. ആ ഓര്‍ഡിനന്‍സ് പിന്‍വലിച്ചിട്ട് സര്‍ക്കാര്‍ പുതിയൊരു നിയമനിര്‍മ്മാണം നടത്തി. അതിനിടയിലാണ് 1975-ലെ നിയമം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട ഡോ. നല്ലതമ്പി തേരാ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറഞ്ഞത് അന്നത്തെ നിയമത്തെക്കാള്‍ ആദിവാസികള്‍ക്ക് കൂടുതല്‍ ഗുണകരമായ നിയമമാണ് ഇപ്പോള്‍ നിലവിലുള്ളത് എന്നായിരുന്നു. നിലവിലുള്ള നിയമം  സുപ്രീംകോടതി അംഗീകരിച്ചത് ചില വ്യക്തമായ നിബന്ധനകളോടെയാണ്. ഇനിയും ആദിവാസി ഭൂമിയില്‍ കയ്യേറ്റം അനുവദിക്കരുത് എന്നായിരുന്നു ഒന്നാമത്തേത്. ഭൂമി അന്യാധീനപ്പെട്ടവരായാലും അല്ലെങ്കിലും ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും കുറഞ്ഞത് ഒരേക്കര്‍ ഭൂമി വീതം നല്‍കണം എന്നായിരുന്നു അടുത്തത്. ഈ നിയമപ്രകാരം സര്‍ക്കാര്‍ അത് പാലിക്കാന്‍ ബാധ്യസ്ഥരാണ്. ആദിവാസി പുനരധിവാസത്തിന്  സ്ഥിരം ഫണ്ട് രൂപീകരിക്കണം എന്നായിരുന്നു മൂന്നാമത്തെ ഉപാധി. ആ ഫണ്ട് സാങ്കേതികമായി ഇപ്പോഴുമുണ്ട്. പക്ഷേ, കയ്യേറ്റം ഇനി അനുവദിക്കരുതെന്നും എല്ലാ ആദിവാസികള്‍ക്കും ഭൂമി കൊടുക്കണം എന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടില്ല. 

ഭൂമിയുടെ രാഷ്ട്രീയം

ആദിവാസികള്‍ക്ക് ഭൂമി കൊടുത്ത രീതിയാണ് അതിലും കഷ്ടം. ആര്‍ക്കും വേണ്ടാത്ത, ഉപയോഗശൂന്യമായ ഭൂമിയാണ് പലയിടത്തും നല്‍കിയത്. പലതും തമിഴ്നാടിന്റെ അതിര്‍ത്തിയിലും മറ്റും വെള്ളംപോലും കിട്ടാത്ത ഭൂമിയായിരുന്നു. ആദിവാസികള്‍ ആ ഭൂമി ഏറ്റെടുത്തതു കൂടിയില്ല. അവര്‍ അവിടെപ്പോയി നോക്കിയപ്പോള്‍ വാസയോഗ്യമല്ല എന്നു കണ്ട് തിരിച്ചുപോയി. റവന്യൂ രേഖകളില്‍ ഭൂമി കൊടുത്തു എന്നുതന്നെയായിരിക്കും. പക്ഷേ, ആ ഭൂമി അവര്‍ക്ക് ഉപകാരപ്പെട്ടില്ല എന്നതാണ് സത്യം. അങ്ങനിരിക്കെയാണ് 2002-ലെ മുത്തങ്ങാ സമരം. മഹാനായ കോണ്‍ഗ്രസ്സ് നേതാവായിരുന്നല്ലോ അന്ന് മുഖ്യമന്ത്രി. ഞാന്‍ പേര് പറയുന്നില്ല. മുഴുവന്‍ ആദിവാസികള്‍ക്കും രണ്ടര ഏക്കര്‍ വരെ ഭൂമി കൊടുക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. അതിന് ആദിവാസി മിഷനുമുണ്ടാക്കി. മിഷന്റെ സ്പെഷ്യല്‍ ഓഫീസറായിരുന്ന ഡോ. പി.കെ. ശിവാനന്ദന്‍ കഠിനാധ്വാനം ചെയ്ത് ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ പറ്റുന്ന 40,000-ത്തോളം ഏക്കര്‍ ഭൂമി കണ്ടെത്തുകയും ചെയ്തു. പക്ഷേ, പിന്നീട് മിഷന്റെ അധികാരങ്ങള്‍ തിരിച്ചെടുക്കുകയും ഭൂമി കണ്ടെത്തുകയും പട്ടയം കൊടുക്കുകയും മാത്രമാക്കി ചുരുക്കുകയും ചെയ്തു. ഭൂമി കൊടുക്കല്‍ മാത്രമല്ല, ആ ഭൂമി വികസിപ്പിച്ച് അവരെ പുനരധിവസിപ്പിക്കലും കൂടിയായിരുന്നു മിഷന്റെ ലക്ഷ്യം. ഭൂമി കൊടുത്തു, അതൊക്കെ അന്യാധീനപ്പെടുകയും ചെയ്തു. ഉദാഹരണത്തിന്, ഇടുക്കി ജില്ലയിലെ ദേവികുളം മേഖലയില്‍ മുതുവാന്മാര്‍ക്ക് കൊടുത്ത ഭൂമി. നല്ല ഭൂമിയാണ്. പക്ഷേ, അതൊക്കെ മറ്റുള്ളവരുടെ കൈയിലാണ്.
അന്യാധീനപ്പെടുന്നതിന്റെ പ്രക്രിയയെക്കുറിച്ച് പഠനം തന്നെ നടന്നിട്ടുണ്ട്. വിശദാംശങ്ങള്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ (സി.ഡി.എസ്) ഉണ്ട്. ആദിവാസികളില്‍നിന്ന് ഭൂമി മറ്റുള്ളവരുടെ കൈകളിലെത്തുന്നതിന്റെ നിരവധി കേസുകള്‍ പഠിച്ചു തയ്യാറാക്കിയതാണ് അത്. പല കേസുകളിലും പണം കൊടുത്തു കെണിയിലാക്കുകയാണ് ചെയ്തിരിക്കുന്നത്. കടക്കെണി എന്നുതന്നെ പറയാം. കൃഷി ചെയ്യാനോ അല്ലെങ്കില്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗം വരുന്ന സമയത്തോ പണം കടം കൊടുക്കും. 500 രൂപയും 1000 രൂപയുമൊക്കെയാണ് 1970-കളിലും 80-കളിലും ആദിവാസികള്‍ക്ക് ഇങ്ങനെ കൊടുത്തത്. അതുകഴിഞ്ഞ് ആ ഭൂമി അവര്‍ പാട്ടത്തിനെടുക്കും. ഭൂമിയുടെ കൈവശാവകാശം മാത്രമല്ല, അതില്‍നിന്നു കിട്ടുന്ന ആദായവും അവരുടേതു മാത്രമായി. ആദായം എത്ര കിട്ടിയാലും അത് ആദിവാസിക്ക് കൊടുത്ത പണത്തിന്റെ പലിശയായി കണക്കാക്കി. പാവപ്പെട്ട ആദിവാസിയോട് അങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. ഭൂമി തിരിച്ചുകിട്ടണമെങ്കില്‍ അവര്‍ക്ക് വില കൊടുക്കുകയും വേണമെന്നായി. ആദ്യം നല്‍കിയ പണം തിരിച്ചുകൊടുത്താല്‍ മാത്രം പോര. ഈ കൈവശം വയ്ക്കല്‍ നിയമപ്രകാരം സാധുവല്ല. തിരുവനന്തപുരം ജില്ലയില്‍ കാണിക്കാര്‍ വിഭാഗത്തിന്റെ കുറേ ഭൂമി ഇങ്ങനെ മറ്റുള്ളവര്‍ കൈവശം വച്ചിരുന്നത് കേസുകൊടുത്താണ് തിരിച്ചുപിടിച്ചത്. ഇടുക്കി ജില്ലയില്‍ ഇത്തരം കുറേ കേസുകളുണ്ടായി. പക്ഷേ, ആ കേസുകളില്‍ ആദിവാസികള്‍ക്കുവേണ്ടി വാദിക്കാന്‍ വക്കീലന്മാരുണ്ടായില്ല. കാരണം, ഭൂമി നിയമവിരുദ്ധമായി കൈവശം വച്ചിരുന്നതൊക്കെ വലിയ മുതലാളിമാരോ ഭൂമാഫിയകളോ അവരുടെ ആളുകളോ ആയിരുന്നു. അവരുടെ സ്വാധീനത്തേയും മറ്റും ഭയന്നാണ് വക്കീലന്മാര്‍ വിട്ടു നിന്നത്. എന്നാല്‍, അക്കൂട്ടത്തില്‍ മുതുവാന്മാരുടെ കുറേ ഭൂമി തിരിച്ചുപിടിക്കാന്‍ സാധിച്ചു. വയനാട്ടില്‍ കാട്ടുനായ്ക്കരുടേയും മറ്റും ഭൂമി കൈയേറുക തന്നെയായിരുന്നു. വിചിത്രമായ പല രീതികളും ആദിവാസി ഭൂമി കൈയടക്കാന്‍ സ്വീകരിച്ചിട്ടുണ്ട്. കുറിച്യ വിഭാഗത്തിന്റേത് കൂട്ടുകുടുംബ വ്യവസ്ഥയായതുകൊണ്ട് ഭൂമിയുടെ ഉടമസ്ഥാവകാശവും കൂട്ടായിട്ടാണ്. അതിന്റെയൊരു സംരക്ഷണം ലഭിച്ചതുകൊണ്ട് അവരുടെ ഭൂമി വലിയതോതില്‍ മറ്റുള്ളവര്‍ക്ക് സ്വന്തമാക്കാന്‍ സാധിച്ചില്ല. പക്ഷേ, കുറുമരുടെ ഭൂമി കടക്കെണിയില്‍പ്പെടുത്തി തട്ടിയെടുത്തു. വയനാട്ടില്‍ ഈ ഭൂമി തട്ടിയെടുക്കലിനൊപ്പം പ്രകൃതിയെ നശിപ്പിക്കുകകൂടി ചെയ്തു. ആദിവാസികളില്‍നിന്നു വ്യത്യസ്തമായി പുറത്തുനിന്നുള്ളവര്‍ കൃഷിക്ക് തുടക്കമിട്ടതുതന്നെ കാട് വെട്ടിത്തെളിച്ചാണ്. ഇഞ്ചിപ്പുല്ല് വയ്ക്കാന്‍ ആദ്യംതന്നെ വെട്ടിത്തെളിക്കും. പിന്നെ കപ്പയും മുരിങ്ങയും കുരുമുളകുമൊക്കെ വയ്ക്കും. ആദിവാസികളുടെ ജീവിതത്തിന്റേയും നിലനില്‍പ്പിന്റേയും ഭാഗമായ പാരിസ്ഥിതിക സന്തുലനത്തെ തകിടം മറിക്കുന്ന രീതിയിലുള്ള കൃഷികള്‍. പണിയര്‍ക്ക് ഭൂമിയേ ഉണ്ടായിരുന്നില്ല. പണ്ടുമുതലേ ഫ്യൂഡല്‍ വ്യവസ്ഥയുടെ ഭാഗമായി അവരെ അടിമകളാക്കി. കാട്ടുനായ്ക്കര്‍ക്ക് കുറച്ചു ഭൂമിയുണ്ടായിരുന്നു. അത് പുറത്തുനിന്നുള്ളവര്‍ ബലാല്‍ക്കാരമായി കൈയേറി സ്വന്തമാക്കുകയാണ് ചെയ്തത്. തനി അക്രമം. ഞങ്ങള്‍ ഇവിടെ കൃഷി ചെയ്യാന്‍ പോവുകയാണ് എന്ന് പറഞ്ഞ് ചിലര്‍ എത്തുകയാണ്. ചെറുത്തുനില്‍ക്കാന്‍ ഭയന്ന് ആദിവാസികള്‍ ഓടിപ്പോകും. കാട്ടുനായ്ക്കര്‍ പൊതുവേ ചെറുത്തുനില്‍ക്കാന്‍ മടിക്കുന്നവരാണ്. ഒന്നാമത് അവരുടെ ഭാഷ വ്യത്യസ്തമാണ്. പിന്നെ പൊലീസ് ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ പേടിയും. പരാതിയുമായൊന്നും പോകില്ല. അതുകൊണ്ട് ഭൂമി നഷ്ടപ്പെട്ടാല്‍ അവര്‍ കാട്ടിലേക്ക് പോവുകയേയുള്ളു. ഇങ്ങനെ പലവിധത്തിലാണ്  ഭൂമി നഷ്ടപ്പെട്ടത്.

ആരുടെ വനാവകാശം?

കാട്ടില്‍ ജീവിക്കുന്ന ആദിവാസികള്‍ക്ക് കാടുമായി ബന്ധപ്പെട്ടുതന്നെ പണ്ട് കുറേ അവകാശങ്ങളുണ്ടായിരുന്നു. 1980-ലെ വനസംരക്ഷണ നിയമം വന്നതോടെ അതൊക്കെ ഇല്ലാതായി. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് സംഭവിച്ച ഏറ്റവും വലിയ അടി അതാണ്. വനം വകുപ്പ് അവരെയങ്ങ് ഒഴിപ്പിക്കുകയാണ് ചെയ്തത്. എന്നിട്ട് ആദിവാസി ഭൂമികൂടി വനമാക്കി മാറ്റി. ആദിവാസികള്‍ അവരുടെ രീതിയനുസരിച്ച് പരിസ്ഥിതിക്ക് കോട്ടം തട്ടാതെ കൃഷി ചെയ്തു ജീവിച്ചുവന്ന സ്ഥലങ്ങളാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. ഭൂമിയുടെ പല രൂപങ്ങളുണ്ട്. പരിസ്ഥിതിക്ക് നിര്‍ണ്ണായകമായ ആ സ്ഥിതി നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ആദിവാസികള്‍ കൃഷി ചെയ്യുക. ഉദാഹരണത്തിന്, കുന്നുകള്‍ ഉള്ളിടത്ത് അത് ഇടിച്ചു നിരപ്പാക്കി കൃഷി ചെയ്യില്ല. അതുപോലെ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സന്തുലനാവസ്ഥ സംരക്ഷിക്കണം, കാട്ടുചെടികളും മനുഷ്യര്‍ വളര്‍ത്തുന്ന ചെടികളും തമ്മിലുള്ള സന്തുലനാവസ്ഥ സൂക്ഷിക്കണം. ഇതെല്ലാംകൂടി കണക്കിലെടുത്ത് വളരെ ബുദ്ധി ഉപയോഗിച്ച് അവര്‍ പണ്ടുമുതലേ വികസിപ്പിച്ചെടുത്തു നിലനിര്‍ത്തുന്ന കൃഷിരീതിയുണ്ട്. അതിലൂടെ അവര്‍ ഭൂമിയുടെ സന്തുലനവും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സന്തുലനവുമൊക്കെ നിലനിര്‍ത്തി. ഗംഭീരമാണ് ആ കൃഷിരീതി. അത് മനസ്സിലാക്കാന്‍ കഴിവില്ലാതെ ആധുനിക വനവല്‍ക്കണം എന്നും ശാസ്ത്രീയ വനവല്‍ക്കരണം എന്നും പറഞ്ഞ് കാടുകളിലൊക്കെ തേക്കും മറ്റും വച്ചു. എന്നിട്ട് ആദിവാസികളെ കൃഷിക്കു കൊള്ളാത്ത സ്ഥലത്തേക്ക് മാറ്റി. അട്ടപ്പാടിയിലെ തടിക്കുണ്ടില്‍ അത് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. അവിടെ പാരപ്പട എന്നൊരു സ്ഥലമുണ്ട്. മനോഹരമായ ഭൂമി. അവിടെ വ്യാപകമായി വനം വകുപ്പ് തേക്ക് വച്ചതോടെ ജീവിക്കാന്‍ വയ്യാത്ത സ്ഥലമായി മാറി. തേക്ക് വച്ച രീതികള്‍ കണ്ടാല്‍ കഷ്ടം തോന്നും. തേക്ക് വയ്ക്കാന്‍ പറ്റാത്ത ഭൂമിയുണ്ട്. പക്ഷേ, അവിടേയും തേക്ക് വച്ചു. ആദിവാസികള്‍ കുന്നിന്റെ മുകളില്‍ പോയി കൃഷി ചെയ്യേണ്ടി വന്നു. കൃഷിയില്‍നിന്നുണ്ടായിരുന്ന വരുമാനം കുറഞ്ഞതോടെ ജീവിതത്തിന്റെ സുസ്ഥിരതയെ ബാധിച്ചു. കുറുമ്പരുടെ ഭൂമിയൊക്കെ അങ്ങനെ അന്യാധീനപ്പെടുകയും ജീവിതം താറുമാറാവുകയുമാണ് ചെയ്തത്. കഞ്ചാവ് മാഫിയ അവരെക്കൊണ്ട് നിര്‍ബന്ധിച്ച് കഞ്ചാവ് കൃഷി ചെയ്യിച്ചു. കുറേ പണവും കൊടുത്തു. പക്ഷേ, ജീവിതം ദുരിതമായി മാറി. കഞ്ചാവ് മാഫിയയുടെ അടിമകളായി അവരെ മാറ്റി. ഒരുപാടു പേരെ കൊന്നു. ഭയങ്കരമായ കൊലപാതകങ്ങള്‍ നടന്നു. എന്നിട്ട് കാട്ടുപന്നി കൊന്നതാണെന്ന് പറയും. 1980-കളുടെ അവസാനവും 1990-കളുടെ ആദ്യവുമായിരുന്നു ഈ സ്ഥിതി കൂടുതല്‍. അട്ടപ്പാടി ഹില്‍സ് ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി (അഹാഡ്സ്) വന്ന ശേഷമാണ് അത് നിന്നത്. അഹാഡ്സ് വന്നതോടെ അവര്‍ക്ക് എന്തെങ്കിലുമൊക്കെ ജോലി കൊടുക്കുകയും വരുമാനം ലഭ്യമാക്കുകയും ചെയ്തു. അവിടെ എപ്പോഴും ആളുണ്ടായി. 
പിന്നെയാണ് 2005-ലെ വനാവകാശ നിയമം വരുന്നത്. വനാവകാശ നിയമം നമ്മുടെ കാടുകളില്‍ ഇനിയും നല്ലതുപോലെ നടപ്പാക്കിയിട്ടില്ല. വനാവകാശ നിയമപ്രകാരം ചിലയിടത്തൊക്കെ ഭൂമിയില്‍ വ്യക്തിഗതമായ അവകാശങ്ങളുണ്ട്. അട്ടപ്പാടിയിലെ ആദിവാസികള്‍ അതു വേണ്ടെന്നുവച്ച് അപേക്ഷ കൊടുക്കാന്‍തന്നെ പോയില്ല. ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്താണ് തങ്ങളുടെ ഭൂമി എന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ അവരത് അംഗീകരിക്കില്ല. വെറും ജൈവക്കൃഷി മാത്രം ചെയ്യുന്നതുകൊണ്ട് അതിനു യോജിച്ചവിധം അവിടുത്തെ പരിസ്ഥിതിയെ സംരക്ഷിച്ചു നിലനിര്‍ത്തേണ്ടതുകൊണ്ട് മാറിമാറി പലയിടത്താണ് അവരുടെ കൃഷി. ഒരിടത്ത് ഒരിക്കല്‍ കൃഷി ചെയ്താല്‍ പിന്നെ കുറച്ചു വര്‍ഷക്കാലം അവിടെ കൃഷി ചെയ്യില്ല. ജലസേചനം നടപ്പാക്കുകയും വളങ്ങളും കീടനാശിനികളും ഉപയോഗിക്കുകയും ചെയ്താല്‍ മാത്രമേ ഒരിടത്തുതന്നെ സ്ഥിരമായി കൃഷി ചെയ്യാന്‍ പറ്റുകയുള്ളു. അവര്‍ അതൊന്നും ചെയ്യാറില്ല. പഴയ മട്ടില്‍ത്തന്നെ കൃഷി ചെയ്യുമ്പോള്‍ മൂന്ന് വര്‍ഷത്തില്‍ക്കൂടുതല്‍ ഒരിടത്ത് കൃഷി ചെയ്താല്‍ ആ മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടും. അതുകൊണ്ട് അവര്‍ ആ കാലയളവ് കഴിഞ്ഞ് മറ്റൊരിടത്താണ് കൃഷി ചെയ്യുക. ഈ ഭൂമിയിലേക്ക് പിന്നെ അവര്‍ കൃഷിക്ക് വരുന്നത് ഒരു ഏഴ് കൊല്ലം കഴിഞ്ഞിട്ടായിരിക്കും. അപ്പോള്‍ ആ ഭൂമി വീണ്ടും ഫലഭൂയിഷ്ഠമായിട്ടുണ്ടാകും. പരിസ്ഥിതിക്ക് കോട്ടമൊന്നും സംഭവിക്കുകയുമില്ല. അതുകൊണ്ട് നിങ്ങളുടെ ഭൂമി ഏതാണെന്ന് ചോദിച്ചാല്‍ കൃത്യമായ ഒരുത്തരം പറയാന്‍ അവര്‍ക്ക് സാധിക്കില്ല. പിന്നെ സാമൂഹിക അവകാശമുണ്ട്. അതായത് വേട്ടയ്ക്കൊഴികെ പരമ്പരാഗതമായി അവര്‍ നിലനിര്‍ത്തിയിരുന്ന എല്ലാ അവകാശങ്ങളും കൊടുക്കുക. വേട്ട നിരോധിച്ചിരിക്കുന്നതുകൊണ്ട് അതുമാത്രം പാടില്ല. മീന്‍ പിടിക്കാം, വനവിഭവങ്ങള്‍ ശേഖരിക്കാം, അതെല്ലാം ചെയ്യാം. ആദിവാസികളും മറ്റ് പരമ്പരാഗത വനവാസികളും ജീവിക്കുന്ന ഏതു കാട്ടിലും അവര്‍ക്ക് ഈ അവകാശങ്ങളുണ്ട്. നമ്മുടെ നാട്ടില്‍ ആദിവാസികളല്ലാതെ  മറ്റ് പരമ്പരാഗത വനവാസികളൊന്നുമില്ല. 

ആദിവാസി പഞ്ചായത്തുകള്‍ വൈകരുത് 

വനാവകാശ നിയമം മറ്റു നിയമങ്ങളില്‍നിന്നു വളരെ വ്യത്യസ്തമാണ്. മറ്റെല്ലാ നിയമങ്ങളിലും തീരുമാനമെടുക്കുന്നത് ഉദ്യോഗസ്ഥരായിരിക്കും. ഇതില്‍ ആ അധികാരങ്ങളൊക്കെ പഞ്ചായത്തിനാണ്. അക്കാര്യത്തിലാണ് വാസ്തവത്തില്‍ തെറ്റുപറ്റിയത്. നമ്മുടെ പഞ്ചായത്തുകള്‍ ആദിവാസി പഞ്ചായത്തുകളല്ല. ഇടമലക്കുടിയില്‍ മാത്രമാണ് ആദിവാസികള്‍ക്ക് ഒരു പഞ്ചായത്തുള്ളത്. അട്ടപ്പാടിയിലെത്തന്നെ കാര്യമെടുത്തുനോക്കൂ. അവിടെ കുറുമ്പര് താമസിക്കുന്നതൊക്കെ പൊതുപഞ്ചായത്തിന്റെ ഭാഗമാണ്. ആദിവാസി അംഗങ്ങള്‍ ഒന്നോ രണ്ടോ മാത്രമാണുണ്ടാവുക. ആദിവാസികളല്ലാത്ത അംഗങ്ങള്‍ ധാരാളമുണ്ടാകും. ഇവര്‍ അവരെ വര്‍ത്തമാനം പറഞ്ഞ് ഒതുക്കും. ആദിവാസികള്‍ക്ക് മലയാളത്തില്‍ പ്രാവീണ്യമില്ല. ഇടമലക്കുടിയില്‍ അതാണ് സംഭവിച്ചത്. മുതുവാന്‍ ഭാഷ മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്തതുകൊണ്ടും ആദിവാസികള്‍ക്ക് മലയാളം അറിയാത്തതുകൊണ്ടും ഉദ്യോഗസ്ഥര്‍ പറയുന്നത് അവര്‍ അംഗീകരിക്കും. കുറുമ്പരുടേയും കാട്ടുനായ്ക്കരുടേയും കാണിക്കാര്‍മാരുടേയുമൊക്കെ ഇടയില്‍ സംഭവിച്ചത് അവര്‍ താമസിക്കുന്ന ഇടങ്ങളെ വലിയ പഞ്ചായത്തുകളുടെ വാര്‍ഡുകളാക്കി മാറ്റി എന്നതാണ്. തിരുവനന്തപുരത്ത് കാണിക്കാര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ നാലോ അഞ്ചോ പഞ്ചായത്തുകളുടെ ഭാഗങ്ങളായി ചിതറിക്കിടക്കുകയാണ്. ഇതെല്ലാം ചേര്‍ത്ത് അവരുടേതു മാത്രമായ ഒരു പഞ്ചായത്ത് സാധ്യമാണ്. അതുപോലെ അട്ടപ്പാടിയില്‍ കുറുമ്പര്‍ക്ക് മാത്രമായി ഒരു പഞ്ചായത്ത് രൂപീകരിക്കാം. അങ്ങനെ ആദിവാസികള്‍ക്കു മാത്രമായി അഞ്ചോ ആറോ പഞ്ചായത്തുകളെങ്കിലും രൂപീകരിക്കാന്‍ സാധിക്കും. വയനാട്ടില്‍ കാട്ടുനായ്ക്കര്‍ താമസിക്കുന്നത് മുത്തങ്ങയ്ക്ക് ചുറ്റുമാണ്. അവര്‍ക്ക് അവിടെയൊരു പഞ്ചായത്ത് അത്യാവശ്യമാണ്. അവരോട് അനീതി കാണിക്കുകയും അവരിലൊരാളെ വെടിവച്ചു കൊല്ലുകയും ചെയ്ത അതേ സ്ഥലത്തുതന്നെ അവര്‍ക്ക് പഞ്ചായത്ത് കൊടുക്കുകയാണ് വേണ്ടത്. കുറുമ്പര്‍ ജീവിക്കുന്ന കാടത്രയും ഒരു പഞ്ചായത്താക്കാവുന്നതാണ്. പിന്നെ മലയ്ക്കപ്പാറയും പറമ്പിക്കുളവും. കാടര് താമസിക്കുന്ന പാലക്കാട് ജില്ലയിലെ പ്രദേശവും തൃശൂര്‍ ജില്ലയില്‍പ്പെട്ട മലയ്ക്കപ്പാറയും ചേര്‍ത്ത് ഒരു പഞ്ചായത്താക്കണം. രണ്ട് ജില്ലയിലായി കിടക്കുന്ന പ്രദേശങ്ങള്‍ ചേര്‍ത്ത് ഒരു പഞ്ചായത്താക്കാന്‍ നിയമഭേദഗതി വേണ്ടിവരും. പിന്നൊന്ന് പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവില്‍, ശബരിമല പ്രദേശങ്ങളൊക്കെ ഉള്‍പ്പെടുത്തി മലമ്പണ്ടാരങ്ങള്‍ക്ക് ഒരു പഞ്ചായത്ത്. വാര്‍ഡുകള്‍ നോക്കുകയാണെങ്കില്‍ ഇന്ന് നിലവിലുള്ള നിരവധി വാര്‍ഡുകള്‍ വിഭജിച്ച് ആദിവാസികളുടെ മാത്രം വാര്‍ഡുകളാക്കി മാറ്റാന്‍ പറ്റും. ഞാന്‍ പറഞ്ഞുവരുന്നത്, വനവിഭവ നിയമപ്രകാരമുള്ള അധികാരങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കേണ്ടത് ആദിവാസികളുടെ പഞ്ചായത്തുകളെയാണ് എന്നാണ്. ഇതിനു പുറമേ, ആദിവാസികളെ ശാക്തീകരിക്കാന്‍ ആദിവാസി മേഖലകളിലെ എല്ലാ ജോലികളും കുടുംബശ്രീ യൂണിറ്റ്, ഊരുവികസന സമിതികള്‍ തുടങ്ങി അവര്‍ മാത്രം ഉള്‍ക്കൊള്ളുന്ന നിയമപരമായ സമിതികളെ ഏല്‍പ്പിക്കണം. മലയാളത്തിനു പുറമേ അതാത് ആദിവാസി വിഭാഗങ്ങളുടെ ഭാഷ കൂടി അതാത് പഞ്ചായത്തുകളില്‍ ഔദ്യോഗിക ഭാഷയാക്കണം. തീരുമാനങ്ങളുടെ മിനിട്സ് മലയാളത്തില്‍ മാത്രമായാല്‍ അവര്‍ ഉദ്യോഗസ്ഥരെ വല്ലാതെ ആശ്രയിക്കേണ്ടിവരികയും കബളിപ്പിക്കപ്പെടുകയും ചെയ്യാം. അതിനു പകരം അവരുടെ ഭാഷയിലാകണം എഴുത്തുകുത്തുകള്‍. അത് പരിഭാഷപ്പെടുത്തി സുഗമമാക്കുന്നതിന് വിദ്യാഭ്യാസം സിദ്ധിച്ച അവരുടെതന്നെ ആളുകളെ നിയമിക്കാന്‍ പറ്റും. അത് നടപ്പാകുമ്പോള്‍ മാത്രമാണ് അവര്‍ നമ്മുടെ ജനാധിപത്യത്തിന്റെ ഭാഗമാവുക. അല്ലെങ്കില്‍ ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ഇരകളായി അവര്‍ തുടരും. ഈ കാര്യങ്ങളൊക്കെ പലവട്ടം സര്‍ക്കാരിനും ആസൂത്രണ ബോര്‍ഡിനുമൊക്കെ കൊടുത്തതാണ്. പല സെമിനാറുകളിലും നിര്‍ദ്ദേശിച്ചതുമാണ്. 

ഊരുവികസന സമിതികളുടെ മാതൃക

കോടിക്കണക്കിനു രൂപ ആദിവാസി ക്ഷേമത്തിനുവേണ്ടി വിനിയോഗിച്ചത് അവര്‍ക്ക് ഗുണകരമല്ലാതായതിനെക്കുറിച്ച് വലിയ വാര്‍ത്തകളൊക്കെ വരുന്നുണ്ടല്ലോ. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? ഉദ്യോഗസ്ഥരും കരാറുകാരുമാണ് ഈ പണമൊക്കെ വിനിയോഗിക്കുന്നത്. ഈ പണമൊക്കെ കൊടുക്കുന്നത് അവര്‍ക്കാണ്. ഒരു റോഡ് വെട്ടണമെങ്കില്‍ കരാറുകാരന്‍, ഒരു കിണര്‍ കുഴിക്കണമെങ്കില്‍ കരാറുകാരന്‍. അഹാഡ്സ് ഇതിനു പകരം അവരുടെ ഊരുവികസന സമിതികളെത്തന്നെ ശാക്തീകരിക്കുകയാണ് ചെയ്തത്. ഊരുവികസന സമിതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സമിതികളാണ്. അവര്‍ സ്വയം ജോലി ഏറ്റെടുത്തു ചെയ്ത്, സ്വയം ബില്ല് പാസ്സാക്കുന്ന രീതിയിലേക്ക് അവരെ ശാക്തീകരിച്ചു. അതിനു പല ഘടകങ്ങളുമുണ്ട്. പ്രധാനപ്പെട്ട ഒന്ന് അവരുടെ ബില്ല് പാസ്സാക്കുന്ന പ്രക്രിയ എളുപ്പമാക്കിയതാണ്. ഒരു ഊരുവികസന സമിതി ചെയ്ത ജോലിയുടെ ബില്ലുമായി ഓഫീസില്‍ പോയാല്‍ അന്നുതന്നെ അത് പാസ്സാക്കി പണം കൊടുക്കും. അല്ലാതെ നാളെ വരൂ, മറ്റന്നാള്‍ വരൂ എന്നുള്ള രീതിയൊന്നുമില്ല. അതുകൊണ്ട് അവര്‍ക്ക് കടം വാങ്ങേണ്ട ആവശ്യമില്ല. ബില്ല് മാറി പണമാകുന്നത് ദിവസങ്ങള്‍ കഴിഞ്ഞിട്ടാകുമ്പോള്‍ അതുവരെ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ അവര്‍ പണം കടം വാങ്ങേണ്ടിവരും. അത് മാറിയത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
മറ്റൊന്ന് അവര്‍ക്ക് കണ്‍സള്‍ട്ടന്റിനെ വയ്ക്കാം എന്നതാണ്. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ വേണ്ട. യോഗ്യരായ ഏതെങ്കിലും വിദഗ്ദ്ധരെ നിയമിക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ജോലി പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. ഏകദേശം 170 കോടി രൂപയുടെ ജോലികളാണ് ഊരുവികസന സമിതികള്‍ ചെയ്തത്. കള്ളത്തരങ്ങളൊന്നും ഉണ്ടാകാത്തതുകൊണ്ട് ഓഡിറ്റ് ആക്ഷേപം ഉണ്ടായില്ല. ജോലികളുടെ ഗുണനിലവാരവും പ്രകടം. ആ ജോലികളുടെ ഫലം എന്ന നിലയ്ക്കല്ലാതെ ആദിവാസികളുടെ ക്ഷേമത്തിനുവേണ്ടി ചെലവഴിക്കുന്ന പണം എന്ന നിലയ്ക്കും അത് അവര്‍ക്കുതന്നെ കിട്ടി. അവര്‍ക്കുവേണ്ടി ഒരു സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ അഴിമതിയില്ലാതെ അത് പൂര്‍ത്തിയാകുന്നു, ചെയ്യുന്ന ജോലിയുടെ കൂലിയും അവര്‍ക്കുതന്നെ കിട്ടുന്നു. ഊരുവികസന സമിതികളുടെ ഭാരവാഹികളിലും പ്രവര്‍ത്തകരിലും സ്ത്രീകള്‍ക്ക് വലിയ പ്രാതിനിധ്യമാണ് ഉണ്ടായിരുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നിവരില്‍ ഒരാള്‍ സ്ത്രീ ആയിരിക്കണം എന്നത് നിയമപരമായിത്തന്നെ നിര്‍ബന്ധമായിരുന്നു. ഒമ്പതംഗ നിര്‍വ്വാഹക സമിതിയില്‍ അഞ്ച് സ്ത്രീകള്‍. 
വലിയ വിപ്ലവകരമായ മാറ്റമായിരുന്നു ഊരുവികസന സമിതികള്‍. എന്നാല്‍, അവയെ പിന്നീട് ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് ഇല്ലാതാക്കി. എല്ലാ ആദിവാസി മേഖലകളിലേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊരുവികസന സമിതികള്‍ മുഖേനയായാല്‍ കരാര്‍ സമ്പ്രദായം പൊളിയും. കരാര്‍ സമ്പ്രദായം പൊളിഞ്ഞാല്‍ സര്‍ക്കാരുദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള കൂട്ടുകച്ചവടം പൊളിയും. അതിലുള്ള പേടികൊണ്ടാണ് അവരത് ഇല്ലാതാക്കിയത്. എനിക്കു തോന്നുന്നത് പഞ്ചായത്തുണ്ടെങ്കിലും ഊരുവികസന സമിതികളെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കുകയാണ് വേണ്ടത് എന്നാണ്. എങ്കില്‍ അട്ടപ്പാടിയില്‍ സംഭവിച്ചതുപോലെ ആദിവാസി ഭക്ഷണം കിട്ടാതെ നാട്ടുകാരുടെ തല്ലുകൊണ്ട് മരിക്കേണ്ടിവരില്ലായിരുന്നു. ഊരുവികസന സമിതിയെ ആശ്രയിക്കാമായിരുന്നു; സഹായിക്കാന്‍ ഊരുവികസന സമിതിയുണ്ടാകുമായിരുന്നു. 

തട്ടിപ്പിന്റെ തട്ടുകള്‍

1975-ല്‍ ആദിവാസിക്ഷേമ ഡയറക്ടറായപ്പോള്‍ ആദിവാസി മേഖലയില്‍ എന്റെ അടിത്തറ സഹകരണസംഘങ്ങളായിരുന്നു. ഇടമലക്കുടിയില്‍ നല്ല ഒരു സംഘമുണ്ടായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ സംഘത്തിന്റെ ആസ്ഥാനം അവര്‍ മാറ്റി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ സംഘടിതശക്തി ഉപയോഗിച്ച് അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുകയാണ് ചെയ്തത്. ആദിവാസിയുടെ സൗകര്യത്തെക്കാള്‍ മുന്‍ഗണന ഉദ്യോഗസ്ഥരുടെ സൗകര്യത്തിനായി. ഇടമലക്കുടിയിലെ പഞ്ചായത്തിനും സംഭവിച്ചത് അതാണ്. പഞ്ചായത്തിന്റെ സൗകര്യം ഇടയ്ക്ക് ദേവികുളത്തേക്കു മാറ്റിയതും ഇതേ പരിഗണനയിലാണ്. തിരിച്ച് ഇടമലക്കുടിയിലേക്കുതന്നെ മാറ്റിയെങ്കിലും അവിടെ ആരുമില്ല എന്നാണ് മനസ്സിലാകുന്നത്. പല പഠനങ്ങളും പറയുന്നത് ആദിവാസികള്‍ക്കുവേണ്ടിയുള്ള ഫണ്ടിന്റെ 70 ശതമാനവും ചോരുന്നു എന്നാണ്. 90 ശതമാനവും ചോരുന്നുവെന്നും 20-25 ശതമാനം ചോരുന്നുവെന്നുമൊക്കെയുള്ള കണ്ടെത്തലുകളുണ്ട്. 50 മുതല്‍ 60 ശതമാനം വരെ കള്ളത്തരമായിട്ടു പോകുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. 
മൂന്നു തലങ്ങളിലാണ് കള്ളത്തരം. കരാറുകാര്‍, പ്രാദേശിക രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ചിലപ്പോള്‍ കരാറുകാരന്‍ തന്നെ ആയിരിക്കും രാഷ്ട്രീയക്കാരന്‍. അല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ക്ക് വളരെ അടുപ്പമുള്ള ആളായിരിക്കും കരാറുകാര്‍. നേരെ മറിച്ച് ആദിവാസിയെത്തന്നെ പ്രാപ്തനാക്കിയാല്‍ പണം അവരിലേക്കുതന്നെ പോകും. ബില്ല് അന്നന്ന് പാസ്സാക്കി കൊടുക്കണമെന്നു മാത്രം. കരാറുകാര്‍ക്ക് ബില്ല് പാസ്സാക്കിക്കിട്ടാന്‍ വൈകിക്കുന്നതിലാണ് അഴിമതി. കരാറുകാര്‍ ഉദ്യോഗസ്ഥന് പണം കൊടുക്കുന്നത് അവരോടുള്ള ഇഷ്ടം കൊണ്ടല്ല, തന്റെ കാര്യം നടക്കാനാണ്. ഊരുവികസന സമിതിയുടെ കാര്യത്തില്‍ ഇതില്ല. 
ജോലി നടക്കുമ്പോള്‍ത്തന്നെ അതിലെ പിഴവുകള്‍ തിരുത്തിപ്പോകുന്ന രീതിയും ഊരുവികസന സമിതി നടത്തുന്ന പണികളിലുണ്ട്. പിന്നത്തേയ്ക്കു മാറ്റിവയ്ക്കുകയല്ല. കരാറുകാര്‍ പണിയുമ്പോള്‍ പരിശോധന പിന്നീടാണല്ലോ. പിഴവ് കണ്ടെത്തിയാല്‍ മുഴുവനും ഇടിച്ചുനിരത്തി രണ്ടാമതും പണിയും. അപ്പപ്പോള്‍ത്തന്നെ പിഴവുകള്‍ കണ്ടെത്തി പരിഹരിക്കുമ്പോള്‍ ഈ സ്ഥിതി ഒഴിവാകുന്നു. ആദിവാസി മേഖലകളില്‍ മാത്രമല്ല, മറ്റിടങ്ങളിലും ഊരുവികസന സമിതികളുടെ മാതൃക നടപ്പാക്കാവുന്നതാണ്.

അവര്‍ ഇല്ലാതാകുന്നത് ഇങ്ങനെ

ആദിവാസികളുടെ ഉപജീവനം സംരക്ഷിക്കുകയാണ് അവരെ സംരക്ഷിക്കാനുള്ള പ്രധാനപ്പെട്ട ഒരു ചുമതല. നിലമ്പൂര്‍ കാടുകളിലെ ചോലനായ്ക്കര്‍ക്ക് നമ്മള്‍ കുറേ ചോറും മറ്റും കൊടുത്തിട്ടും അരി വിതരണം ചെയ്തതുകൊണ്ടും തുണി കൊടുത്തിട്ടും കാര്യമില്ല. അവരുടെ ഉപജീവനം എന്നത് അവരുടെ കാടും വേട്ടയാടലും മീന്‍പിടുത്തവുമൊക്കെയായി ബന്ധപ്പെട്ടതാണ്. ഇഷ്ടംപോലെ കാട് മുഴുവന്‍ ചുറ്റിനടന്ന് ആവശ്യത്തിന് പോഷകവും വൈവിധ്യവുമുള്ള ഭക്ഷണം അവര്‍ കണ്ടെത്തുന്നു. ആ ഉപജീവനരീതിയുടെ ഭാഗമായിത്തന്നെയാണ് അവരുടെ ആവാസവും. അത് തകര്‍ത്തുകൊണ്ട് അവരെ സംരക്ഷിക്കാനാകില്ല. കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, മലമ്പണ്ടാരങ്ങള്‍, കുറുമ്പര്‍, കാടര് തുടങ്ങി സ്വന്തം ആവാസവ്യവസ്ഥയ്ക്കുള്ളില്‍ മാത്രം ജീവിക്കുന്നവരിലേക്ക്  റേഷന്‍ സമ്പ്രദായം പോലുള്ളതൊക്കെ എത്തിച്ചതുകൊണ്ടും കാര്യമില്ല. അവരുടെ ജീവിതത്തിന്റെ നന്മകളിലേക്ക് നമ്മള്‍ അനാവശ്യമായി ഇടപെടാതിരിക്കുകയും അവരെ ബുദ്ധിമുട്ടിക്കാതിരിക്കുകയുമാണ് വേണ്ടത്. പക്ഷേ, അത്തരം ഇടപെടലുകള്‍ ഉണ്ടാകുന്നു. അവര്‍ക്ക് സ്വന്തം ഭക്ഷണംപോലും ഇല്ലാതാകുന്നു. ജനസംഖ്യ കുറയുന്നതിന് അതൊരു പ്രധാന കാരണമാണ്. കുറുമ്പരുടെ ജനസംഖ്യ വളരെ സാവധാനമാണ് വര്‍ധിക്കുന്നത്. ഇപ്പോള്‍ അവര്‍ ഏകദേശം 3000-ത്തോളം ആളുകളാണുള്ളത്. ഞാന്‍ ആദ്യം 1970-കളില്‍ അവരെ കാണുമ്പോള്‍ ഏകദേശം 2000-ത്തോളമാണ് ഉണ്ടായിരുന്നത്. അതിനുശേഷം ഇത്രയും കാലത്തിനിടയ്ക്ക് 1000-ത്തോളം മാത്രമാണ് ജനസംഖ്യ വര്‍ധിച്ചത്. ചോലനായ്ക്കരുടെ എണ്ണം കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 
രോഗങ്ങളും ആദിവാസികളുടെ നിലനില്‍പ്പിനു ഭീഷണിയാകുന്നുണ്ട്. സിക്കിള്‍സെല്‍ അനീമിയ പോലുള്ള രോഗങ്ങള്‍. മധുവിനെ രോഗവും പട്ടിണിയും കൂടിയാണ് ആ അവസ്ഥയില്‍ എത്തിച്ചത്. പട്ടിണിയും പനിയും തണുപ്പുമെല്ലാം കൂടി ചേരുമ്പോള്‍ സിക്കിള്‍സെല്‍ അനീമിയ മൂര്‍ച്ഛിക്കും. അതിന്റെ കൂടെ എന്തെങ്കിലുമൊരു ഷോക്ക് കൂടി ശരീരത്തില്‍ തട്ടിയാല്‍ വേഗം മരിക്കും. സിക്കിള്‍സെല്ലിന് ഫലപ്രദമായ ചികില്‍സ നല്‍കണം.
പാലക്കാട് കളക്ടറായിരുന്നപ്പോള്‍ 1959-ല്‍ അട്ടപ്പാടിയിലെ ആദിവാസികളെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട്, പിന്നീട് 1970-ല്‍ നിക്ഷിപ്ത വനപരിപാലകനായിരിക്കുമ്പോള്‍ ആദിവാസികള്‍ക്ക് കൊടുക്കേണ്ട വനമേഖലയും വിസ്തൃതിയും മറ്റും സംബന്ധിച്ച ശുപാര്‍ശകള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട്, പിന്നീട് ആദിവാസിക്ഷേമ മിഷന്‍ വന്നപ്പോള്‍, ആര്‍ക്കൊക്കെ ഏതൊക്കെ കൊടുക്കാം എന്നതിനു രൂപരേഖ എന്ന നിലയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് എന്നിവ ആദിവാസി ജീവിതവുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകളാണ്. ഏറ്റവും ഒടുവില്‍ 2003-ല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അദ്ദേഹം തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ട് അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തെക്കുറിച്ചുള്ള സമഗ്ര വിവരശേഖരം തന്നെയായി. അതില്‍നിന്ന് കുറേ കാര്യങ്ങളൊക്കെ സര്‍ക്കാര്‍ നടപ്പാക്കി എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു; അതേ, കുറേ കാര്യങ്ങള്‍ മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com