നാളെയുടെ നടന്‍- എന്‍ ശശിധരന്‍ എഴുതുന്നു

മുപ്പത്തിയാറ് വര്‍ഷത്തോളം മുഖ്യധാര സിനിമയുടെ ഭാഗമായി നിലനില്‍ക്കുകയും അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിക്കുകയും ചെയ്ത ഇന്ദ്രന്‍സ്, അഭിനേതാക്കളുടെ വംശത്തിലെ സാധാരണ മനുഷ്യന്റെ പ്രതിനിധിയാണ്. 
നാളെയുടെ നടന്‍- എന്‍ ശശിധരന്‍ എഴുതുന്നു

കേരള സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍, താരപ്രഭയില്ലാത്ത ഒരാള്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെടുന്നത് 2016-ലാണ്. 'കമ്മട്ടിപ്പാട'ത്തിലൂടെ വിനായകന്‍ കൈവരിച്ച ഈ നേട്ടം, സിനിമയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള പുതിയ പര്യാലോചനകള്‍ക്ക്  തുടക്കമിട്ടു. അഭിനേതാവിന്റെ സ്വത്വപ്രതിനിധാനത്തെക്കുറിച്ച് സംസ്‌കാരവ്യവസായം രൂപപ്പെടുത്തിയ സങ്കല്പങ്ങള്‍, വലിയൊരളവില്‍ തല്ലിത്തകര്‍ക്കപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. ഇപ്പോള്‍ 'ആളൊരുക്കം' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സില്‍ എത്തിപ്പെടുമ്പോള്‍, നാം അനുഭവിക്കുന്നത് ഏറെക്കുറെ സമാനമായ ആനന്ദവും സംതൃപ്തിയുമാണ്. ഇന്ദ്രന്‍സിന്റെ കാര്യത്തില്‍ ഈ പുരസ്‌കാരത്തിന് മൂല്യപരമയ മികവും നിറവും കൂടുതലാണെന്ന് പറയാതെ വയ്യ. മുപ്പത്തിയാറ് വര്‍ഷത്തോളം മുഖ്യധാര സിനിമയുടെ ഭാഗമായി നിലനില്‍ക്കുകയും അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിക്കുകയും ചെയ്ത ഇന്ദ്രന്‍സ്, അഭിനേതാക്കളുടെ വംശത്തിലെ സാധാരണ മനുഷ്യന്റെ പ്രതിനിധിയാണ്. സ്വയം പ്രതീകമാവാന്‍ വിസമ്മതിക്കുന്ന ഒരു പ്രതിനിധി.
ഏതൊരു ചെറിയ നടനും/നടിക്കും താരപ്രഭയുടേതായ പരിവേഷം സൃഷ്ടിച്ച് സുരക്ഷിതത്വം അനുഭവിക്കാനും സാമൂഹികമായ ഇടപെടലുകളേയും കൊടുക്കവാങ്ങലുകളേയും പ്രതിരോധിച്ച് സ്വയം ഒരു അധികാരസ്വരൂപമാവാനുമുള്ള അവസരം സിനിമാ വ്യവസായം അനുവദിച്ചുകൊടുക്കുന്നുണ്ട്. പുതുമുഖ നായികമാര്‍പോലും വാചാലരാകാറുള്ള 'ഇന്‍ഡസ്ട്രി'യുടെ ഘടന അങ്ങനെയുള്ളതാണ്. ഈ ഇന്‍ഡസ്ട്രിയുടെ പരിരക്ഷ ഭേദിച്ച് ജനങ്ങളിലേക്കിറങ്ങുവാന്‍ ധൈര്യം കാട്ടുന്നവര്‍ നന്നേ വിരളം. താരങ്ങള്‍ മണ്ണിലേക്കിറങ്ങുന്നതിനെ ചെറുക്കുന്ന എന്തോ ഒന്ന് മലയാളിയുടെ ഭാവുകത്വത്തിലും ഉണ്ടെന്ന് തോന്നുന്നു. ആരാധനയും അകല്‍ച്ചയും തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധം എന്നു പറയാം. ഇന്ദ്രന്‍സിനേയും അലന്‍സിയറേയും പോലുള്ള അപൂര്‍വ്വം നടന്മാര്‍ മാത്രമേ ഈ ഒഴുക്കിനെതിരെ നീന്താന്‍ ധൈര്യം കാട്ടിയിട്ടുള്ളൂ.


ഏറ്റവും ദരിദ്രമായ ചുറ്റുപാടുകളില്‍ ജനിച്ചുവളര്‍ന്ന ഒരു ബാലന്റെ അതിജീവിനത്തിനായുള്ള തീവ്രശ്രമങ്ങള്‍; അതിന്റെ ഭാഗമായി, തയ്യല്‍ക്കാരന്റെ സഹായിയായും തയ്യല്‍ക്കാരനായും അമച്വര്‍ നാടകങ്ങളിലെ ഹാസ്യനടനായും സിനിമയിലെ കോസ്റ്റ്യൂം ഡിസൈനറായും ജീവിച്ച ഒരാള്‍, ജന്മസിദ്ധമായ അഭിനയശേഷികൊണ്ടുമാത്രം കച്ചവടസിനിമകളില്‍ മിന്നിമറയുന്ന ചെറിയ റോളുകളില്‍ അഭിനയിച്ച് വെള്ളിത്തിരയുടെ ഭാഗമായിത്തീര്‍ന്ന തളരാത്ത ആത്മവിശ്വാസം... ശരിയായ ഇന്ദ്രന്‍സിലേക്കെത്താന്‍ പല വഴികളിലൂടെ പിന്നോട്ട് നടക്കേണ്ടി വരും. നീണ്ട കഴുത്തും മെലിഞ്ഞു കുറുകിയ ശരീരവും കിളിക്കൂവലിനെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദവും വിലകുറഞ്ഞ ഹാസ്യം ജനിപ്പിക്കാനുള്ള 'ടൂളു'കളായി മാത്രമേ ചലച്ചിത്ര സംവിധായകന്‍ പരിഗണിച്ചുള്ളൂ എന്നത് തികച്ചും സ്വാഭാവികം. ഈ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് ഇന്ദ്രന്‍സ് ചെയ്ത 'മാന്നാര്‍ മത്തായി സ്പീക്കിങ്ങ്' പോലുള്ള ഒട്ടനേകം സിനിമകള്‍, ആ നടന്റെ ഏറ്റവും ജനപ്രിയ വേഷങ്ങളായി അംഗീകരിക്കപ്പെട്ടു. അവയെ തള്ളിപ്പറഞ്ഞുകൊണ്ട് ഇന്ദ്രന്‍സിന്റെ രണ്ടാംവരവിനെ മാത്രം ആഘോഷിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല.
എം.പി. സുകുമാരന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ടി.വി. ചന്ദ്രന്‍, ജയരാജ്, മാധവ് രാംദാസ്, രഞ്ജിത്ത്, മനു, ഷെറി, മനോജ് കാന, അനില്‍ നരിക്കോട് തുടങ്ങിയ സംവിധായകരുടെ ഒരു നീണ്ട നിര തന്നെയുണ്ട്, ഇന്ന് നാമറിയുന്ന ഇന്ദ്രന്‍സ് എന്ന നടന്റെ വീണ്ടെടുപ്പിന് പിന്നില്‍. (മനുവിന്റെ 'മണ്‍റോ തുരുത്തില്‍' ഇന്ദ്രന്‍സിന്റെ പ്രകടനം പ്രേക്ഷകരിലേക്കും അവാര്‍ഡ് കമ്മിറ്റിക്കാരിലേക്കും എത്താതെ പോയത് ദൗര്‍ഭാഗ്യകരം). ആദ്യകാല സിനിമകളില്‍നിന്ന് ഇപ്പോള്‍ ചെയ്യുന്ന വേഷങ്ങളിലേക്കുള്ള മാറ്റം ഇന്ദ്രന്‍സിനെ സംബന്ധിച്ച് തികച്ചും സ്വാഭാവികവും ജൈവികവുമായിരുന്നു. മനുഷ്യന്‍ എന്ന നിലയിലുള്ള ആര്‍ജ്ജവവും തൊഴിലിനോടുള്ള സമ്പൂര്‍ണ്ണമായ സമര്‍പ്പണവും ചുറ്റുമുള്ള ലോകത്തെ കണ്‍തുറന്ന് കാണാനുള്ള സ്ഥൈര്യവും ഇന്ദ്രന്‍സിന്റെ 'കരിയറില്‍' എക്കാലത്തും ഉണ്ടായിരുന്നു.
ഇന്ദ്രന്‍സിനെ ഒരിക്കലെങ്കിലും പരിചയപ്പെടാനിടയായ എല്ലാവരും അദ്ദേഹത്തിന്റെ വിനയത്തെക്കുറിച്ച് വാചാലരാകാറുണ്ട്. ഏത് വിനയത്തിനു പിന്നിലും കാപട്യത്തിന്റെ ഒരംശമുണ്ട് എന്നത് മലയാളിയുടെ അംഗീകൃത ബോധ്യങ്ങളില്‍ ഒന്നാണ്. ഈ ബോധ്യം തെറ്റാണെന്ന് സ്ഥാപിക്കാന്‍, എന്റെ ചെറിയ ജീവിതത്തിനിടയില്‍ ഒരാളെ മാത്രമേ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ; അത് ഇന്ദ്രന്‍സാണ്. ജീവിതത്തിന്റെ അടിവേരുകളില്‍നിന്ന് മുളപൊട്ടി വളര്‍ന്ന് തിടം വച്ച ഒരാളുടെ ലാളിത്യവും സമസൃഷ്ടി സ്‌നേഹവും ആ വിനയത്തിലുണ്ടാവാം. അതിനുമപ്പുറത്ത് മറ്റെന്തോ അതോര്‍മ്മിപ്പിക്കുന്നു; സ്വന്തം സ്വത്വത്തെക്കുറിച്ചുള്ള യഥാതഥമായ തിരിച്ചറിവില്‍നിന്ന് ഉരുത്തിരിയുന്ന സമഗ്രവും ജനാധിപത്യപരവുമായ ഒരു ലോകബോധം. ഉറങ്ങിക്കിടക്കുന്ന കൊച്ചുകുഞ്ഞിനെ നോക്കിയിരിക്കുന്ന ഒരച്ഛന്റെ വാത്സല്യവും ആര്‍ദ്രതയും കണ്ണിറുക്കിയുള്ള ആ ചിരിയിലും ശരീരഭാഷയിലും നമുക്ക് വായിക്കാനാവും. നിത്യജീവിതത്തിലെ ചെറിയ ചെറിയ ഇടപെടലുകളില്‍നിന്നാണ് പലപ്പോഴും ഒരു മനുഷ്യന്റെ യഥാര്‍ത്ഥ സ്വത്വം കണ്ടെത്താനാവുക. പലരേക്കുറിച്ചുമുള്ള നമ്മുടെ മതിപ്പുകള്‍ക്ക് ഇടിവു തട്ടുന്നതും അപ്പോഴാവും. ഇന്ദ്രന്‍സ് ചെറിയ കാര്യങ്ങളുടെ തമ്പുരാനാണ്. സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും നിര്‍വ്യാജമായ സാന്നിധ്യം കണ്ടുമുട്ടുന്നവരിലെല്ലാം അദ്ദേഹം ഉപേക്ഷിച്ചുപോവുന്നു.


ഞാനാദ്യമായി കൊല്ലൂര്‍ മൂകാംബികക്ഷേത്രത്തിലേക്ക് പോകുന്നത് ഇന്ദ്രന്‍സ് നിര്‍ബ്ബന്ധിച്ചിട്ടാണ്. യാത്രയോടുള്ള സഹജമായ വൈമുഖ്യവും നാസ്തികനായി അറിയപ്പെടുന്ന എന്റെ പ്രതിച്ഛായ തകര്‍ക്കേണ്ടെന്ന ആഗ്രഹവും കാരണം ഞാന്‍ ഒട്ടേറെ തടസ്സവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ടാവണം. ''അമ്മ വിളിക്കുന്നുണ്ട് മാഷേ, മാഷ് കേഴ്ക്കാഞ്ഞിട്ടാ'' എന്നൊരു തമാശയില്‍ എന്നെ വീഴ്ത്തിയാണ് ഞങ്ങള്‍ അഞ്ച് സുഹൃത്തുക്കളെ ഇന്ദ്രന്‍സ് കൊല്ലൂരിലെത്തിക്കുന്നത്. അതിരാവിലെ സൗപര്‍ണ്ണികയില്‍ കുളിക്കുമ്പോഴും ക്ഷേത്രത്തില്‍ ക്യൂ നില്‍ക്കുമ്പോഴുമായി മലയാളികളായ ഒട്ടേറെപ്പേര്‍ ഇന്ദ്രന്‍സിനെ തിരിച്ചറിഞ്ഞ് ചുറ്റുംകൂടി. പല പ്രായത്തിലുള്ള കുട്ടികളുണ്ടായിരുന്നു അവര്‍ക്കിടയില്‍. അവര്‍ ആ നടനോട് കാട്ടിയ സ്‌നേഹവും കൗതുകവും മറക്കവയ്യാത്ത ഒരനുഭവമായിരുന്നു. അച്ഛനമ്മമാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ആ കുട്ടികള്‍ക്കുവേണ്ടി ഫോട്ടോ എടുക്കാനും അവരോട് സംസാരിക്കാനും പൂര്‍ണ്ണ സന്തോഷത്തോടെ സമ്മതം കാട്ടുന്ന ആ മനുഷ്യനെപ്പറ്റി ആദ്യമായി അഭിമാനം തോന്നിയത് അന്നാണ്. അന്ന് ഒപ്പം നിന്ന് ഫോട്ടോ എടുത്ത കുട്ടികളില്‍ പലരും ഇന്ന് യൗവ്വനത്തിലെത്തിയിട്ടുണ്ടാവും. പുരസ്‌കാരലബ്ധിയുടെ ആദ്യ പ്രതികരണമായി ''ഞാന്‍ തുടങ്ങിയിട്ടല്ലേ ഉള്ളൂ'' എന്ന് ഇന്ദ്രന്‍സ് പറയുന്നത് കേട്ടപ്പോള്‍ എന്തുകൊണ്ടോ, ആ കുട്ടികളെ ഓര്‍ത്തുപോയി. ഇന്ദ്രന്‍സ് ഇന്നിന്റെ നടനല്ല, നാളെയുടെ നടനാണെന്ന് അവര്‍ തിരിച്ചറിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com