'ഹിറ്റ്ലറും മുസ്സോളിനിയും പരാജയപ്പെട്ടിടത്ത് മോദിക്ക് ജയിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല' കോടിയേരി സംസാരിക്കുന്നു

ഇടതുപക്ഷ മതേതര ശക്തികളുടെ കരുത്താണ് കേരളത്തിലെ മുസ്ലിം ബഹുജനങ്ങള്‍ സുരക്ഷിതരായിരിക്കാന്‍ കാരണം
'ഹിറ്റ്ലറും മുസ്സോളിനിയും പരാജയപ്പെട്ടിടത്ത് മോദിക്ക് ജയിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല' കോടിയേരി സംസാരിക്കുന്നു

''ചിലപ്പോള്‍ ചില സംഭവങ്ങള്‍ നമ്മള്‍ പണ്ടുകാലത്ത് ചെയ്തിട്ടുണ്ടാകാം. അന്നു ചെയ്തത് ആ കാലഘട്ടത്തില്‍ ചിലപ്പോള്‍ ശരിയായിരിക്കും; അന്ന് സമൂഹം അത് അംഗീകരിച്ചതുമായിരിക്കും. പക്ഷേ, സമൂഹം അംഗീകരിക്കാത്ത ഒരു സമീപനവും സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല.'' രണ്ടാമതും സി.പി.എം സംസ്ഥാന സെക്രട്ടറിയായ ശേഷം നല്‍കിയ വിശദമായ അഭിമുഖത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞത് മട്ടന്നൂരിലെ ശുഹൈബ് വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേരിട്ടുകൊണ്ടിരിക്കുന്ന പഴികളുടെ പശ്ചാത്തലത്തിലാണ്. അവ്യക്തതകളൊന്നും അവശേഷിപ്പിക്കാതെ കൃത്യമായാണ് കോടിയേരി സംസാരിച്ചത്. ശുഹൈബ് വധമോ സി.പി.എമ്മിനെതിരായ വിമര്‍ശനശരങ്ങളോ പാര്‍ട്ടിക്കാരായ പ്രതികള്‍ക്കെതിരായ അച്ചടക്ക നടപടിയോ സി.ബി.ഐ അന്വേഷണ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയോ ഒന്നുമായിരുന്നില്ല സംഭാഷണത്തിന്റെ തുടക്കം. അതൊക്കെ പിന്നാലെ വന്നതാണ്, തികച്ചും സ്വാഭാവികമായി. പാര്‍ട്ടി ഇനി ചെയ്യാന്‍ പോകുന്നതെന്തൊക്കെ, സംസ്ഥാന ഭരണത്തെക്കുറിച്ച് പാര്‍ട്ടിക്ക് പറയാനുള്ളത്, ത്രിപുര തെരഞ്ഞെടുപ്പു ഫലം, ബി.ജെ.പി ആക്രമണം, മുന്നണി പുനസ്സംഘടന ഇതൊക്കെ ചോദിക്കുകയും പറയുകയും ചെയ്യേണ്ട പ്രധാന കാര്യങ്ങളുടെ നിരയില്‍ ആദ്യം തന്നെയുണ്ടായി; ആ ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടികള്‍തന്നെ ഉണ്ടാവുകയും ചെയ്തു. എങ്കിലും ഇടയ്ക്കു നിന്നൊരു ചോദ്യത്തിന്റെ ഉത്തരം ആദ്യം എടുത്തിട്ടല്ലാതെ ഈ അഭിമുഖം വായനക്കാരിലേക്ക് എത്തിക്കാനാകില്ല; അങ്ങനെയല്ലാതെ തുടങ്ങാന്‍ കഴിയില്ല. എന്തുകൊണ്ടെന്നാല്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇത്രയ്ക്കു കൃത്യമായ ചില മറുപടികള്‍ സി.പി.എമ്മിന്റെ കേരളത്തിലെ അത്യുന്നത നേതാവില്‍നിന്ന് മുന്‍പുണ്ടായിട്ടില്ല. ''പൊതുസമൂഹത്തിന്റെ മുന്നില്‍ ഈ സംഭവം പാര്‍ട്ടിയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ട്. ആ തെറ്റിദ്ധാരണ മാറ്റാനുള്ള ഇടപെടലാണ് പാര്‍ട്ടി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.'' എന്ന് കോടിയേരി പറയുന്നു. പിടിച്ചുനില്‍ക്കാനുള്ള കുമ്പസാര സ്വരമോ അതോ തിരിച്ചറിവിന്റെ വിവേകമോ ഇതു രണ്ടുമോ എന്ന് കേരളം ചര്‍ച്ച ചെയ്യട്ടെ. ഈ അഭിമുഖത്തിലുടനീളം പാര്‍ട്ടിക്കു വേണ്ടി പ്രകടിപ്പിക്കുന്ന സ്വയംവിമര്‍ശനത്തിലും ആത്മവിശ്വാസത്തിലും കോടിയേരി ഒരു പോലെ പ്രസരിപ്പിക്കുന്നത് ഊര്‍ജ്ജം തന്നെയാണ്; വിട്ടുവീഴ്ചയില്ലാതെ. പക്ഷേ, സാഹചര്യങ്ങള്‍ മാറിമറിയുന്നുവെന്നും മുന്‍പത്തെയത്ര ഭദ്രമല്ല എന്നുമുള്ള സമ്മതത്തിന്, ഒരടി പിന്നോട്ടുവച്ച് രണ്ടടി മുന്നോട്ടു കുതിക്കുന്ന അടവുനയത്തിന്റെ ചുവപ്പുനിറമുണ്ട്. ഏത് ആളായാലും കൊല ചെയ്യപ്പെടുമ്പോള്‍ സമൂഹത്തിന്റെ മനോഭാവം മാറുമെന്നും അതു മനസ്സിലാക്കി സി.പി.എം പ്രവര്‍ത്തകര്‍ പെരുമാറണമെന്നും കോടിയേരി ഓര്‍മ്മിപ്പിക്കുന്നു. 

സംഭാഷണത്തില്‍നിന്ന്: 

രണ്ടാമതും സെക്രട്ടറിയാകുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ പ്രതീക്ഷിച്ചതിലും 'ഹെവി' ആയിട്ടില്ലേ. പാര്‍ട്ടി നയിക്കുന്ന മുന്നണി ഭരണത്തിലാണ്, പാര്‍ട്ടി വലിയ വിമര്‍ശനങ്ങളുടെ നടുവിലുമാണല്ലോ?

പാര്‍ട്ടി ശക്തിപ്പെടുന്നതിനനുസരിച്ച് നേതൃതലത്തില്‍ നില്‍ക്കുന്നവരുടെ ഉത്തരവാദിത്വം സ്വാഭാവികമായും വര്‍ധിക്കും. പുതിയ സാഹചര്യങ്ങള്‍ നേരിടാനുള്ള ബാധ്യത ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ക്കുണ്ട്. അത്തരത്തിലുള്ള കൂടുതല്‍ ഉത്തരവാദിത്വങ്ങളുണ്ട് എന്നു മാത്രമേയുള്ളു. എതിരാളികള്‍ പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ സ്വാഭാവികമായും ഉന്നയിക്കും. അതിന്റെ മുന്നില്‍ പതറിപ്പോയിട്ടൊന്നും കാര്യമില്ല. എന്തെങ്കിലും തെറ്റുകള്‍ നമ്മുടെ ഭാഗത്തു സംഭവിക്കുന്നുണ്ടെങ്കില്‍ അത് തിരുത്തുക. അല്ലാതെ തെറ്റായ വിമര്‍ശനങ്ങളെ യാതൊരു തരത്തിലും അംഗീകരിച്ചുകൊടുക്കേണ്ട ആവശ്യമില്ല. വിമര്‍ശനങ്ങള്‍ക്കു പിന്നാലെ പോയി, പാര്‍ട്ടി ചെയ്യേണ്ട ഉത്തരവാദിത്വങ്ങള്‍ ചെയ്യാതെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കാനാണ് അത്തരത്തിലുള്ള പല ആരോപണങ്ങളും ഉന്നയിക്കുകയും വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ കുത്തിപ്പൊക്കുകയും ചെയ്യുന്നത്. അതിനു പിന്നാലെ പോവുക എന്നുള്ളതല്ല ഇന്നത്തെക്കാലത്ത് ചെയ്യേണ്ട ഉത്തരവാദിത്വം. 

ഭരണത്തില്‍ പൂര്‍ണ്ണതൃപ്തി ഉണ്ടാകില്ല എന്നത് സ്വാഭാവികമാണ്. പക്ഷേ, രണ്ടു വര്‍ഷം തികയുന്ന ഇടതുമുന്നണി സര്‍ക്കാരിനെക്കുറിച്ചു സംസ്ഥാന സമ്മേളനത്തിന്റെ വിലയിരുത്തലും പാര്‍ട്ടി കൂടി ഇടപെടുന്ന പുതിയ പദ്ധതികളും എന്തൊക്കെയാണ്?

പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റാണ് ഇന്ന് കേരളത്തിലുള്ളത്. പ്രത്യേകിച്ച് മുന്‍കാലങ്ങളില്‍ എല്‍.ഡി.എഫ് കേരളത്തില്‍ അധികാരത്തില്‍ വന്നതില്‍നിന്നു വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലാണ് ഇത്തവണ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നത്. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്നു, സംസ്ഥാന സര്‍ക്കാരുകളെ ഏതുവിധവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിന്റെ എല്ലാ കെടുതികളും കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളൊക്കെ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. കേരളത്തിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു. ഇത് സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന ബദല്‍ സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭക്ഷ്യഭദ്രതാ നിയമം കേന്ദ്രം നടപ്പാക്കിയ പിന്നാലെ റേഷന്‍ സമ്പ്രദായം പൂര്‍ണ്ണമായും തകര്‍ന്നു. സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം ഇല്ലാതായി. ഇത് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധിയാണ്. ഇതിന്റെ ഫലമായി മുന്‍ഗണനാ ലിസ്റ്റില്‍ ഇല്ലാത്ത റേഷന്‍ കാര്‍ഡുകാര്‍ക്ക് മാസത്തില്‍ ഒരു കിലോ അരി മാത്രമാണ് കിട്ടുന്നത്. ഇത് കേരളത്തില്‍ വിലക്കയറ്റം സൃഷ്ടിക്കുന്നതിന് ഇടയാക്കി. ഈ സ്ഥിതി മറികടക്കുന്നതിനുവേണ്ടിയാണ് മാവേലി സ്റ്റോറിലും മറ്റും വില കുറച്ച് അരി വില്‍ക്കുന്ന സമ്പ്രദായം സ്വീകരിക്കേണ്ടിവന്നത്. പൂര്‍ണ്ണ റേഷന്‍ കൊടുത്തിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. വിദ്യാഭ്യാസരംഗത്ത് വാണിജ്യവല്‍ക്കരണമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിന്റെ ഫലമായിട്ടാണ് കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍- അതില്‍ കേരള സര്‍ക്കാരിന്റെ നയം 5:50 സീറ്റാണ്, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് സീറ്റില്‍ 25,000 രൂപ കൊടുത്തു പഠിക്കാവുന്ന സ്ഥിതിയാണ് ഇവിടെ ഉണ്ടായിരുന്നത്. കേന്ദ്രനയം കാരണം, സുപ്രീംകോടതി വിധിയും വന്നതോടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം അഞ്ച് ലക്ഷം രൂപ ഫീസ് നല്‍കിയാല്‍ മാത്രമേ പഠിക്കാന്‍ സാധിക്കുകയുള്ളു എന്ന സ്ഥിതി ഉണ്ടായി. കേന്ദ്രം സൃഷ്ടിച്ച ഒരു നയത്തിന്റെ കെടുതിയാണ് സംസ്ഥാനം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രാവിഷ്‌ക്കൃത പദ്ധതികളുടെയെല്ലാം തന്നെ കേന്ദ്രവിഹിതം വെട്ടിക്കുറച്ചിരിക്കുകയാണ്. ഇത് സംസ്ഥാന സര്‍ക്കാരിന് അധികബാധ്യത ഉണ്ടാക്കുന്നു. ഇങ്ങനെ കേന്ദ്രം സൃഷ്ടിക്കുന്ന പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഒരു വലിയ പോരാട്ടമായാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം തന്നെ മാറിയിരിക്കുന്നത്. അതിനിടയില്‍ കുറേയധികം നേട്ടങ്ങളുണ്ടാക്കാന്‍ കേരള സര്‍ക്കാരിനു കഴിഞ്ഞു. അതില്‍ പ്രത്യേകിച്ചും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത് സാമൂഹികനീതി ഉറപ്പു വരുത്തുന്ന നയങ്ങള്‍ നടപ്പാക്കാനാണ്. 600 രൂപയുണ്ടായിരുന്നു പെന്‍ഷന്‍ 1200 രൂപയായി വര്‍ധിപ്പിച്ചു. 52 ലക്ഷം പേര്‍ക്ക് സാമൂഹിക ക്ഷേമപെന്‍ഷന്‍ കിട്ടുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റി. ദേവസ്വംബോര്‍ഡിനു കീഴിലുള്ള പൂജാരിമാരെ നിയമിക്കുന്നതില്‍ ഇത്രയും കാലം സംവരണമുണ്ടായിരുന്നില്ല. 140 പൂജാരിമാരെ അഞ്ച് ദേവസ്വംബോര്‍ഡുകളിലായി നിയമിച്ചപ്പോള്‍ അതില്‍ 76 പേര്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവരും പന്ത്രണ്ടാളുകള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമാണ്. ഇതൊരു ചരിത്രസംഭവമാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു കാര്യം. കേരളത്തിലെ പിന്നാക്ക സമുദായങ്ങള്‍ക്ക് ആദ്യമായാണ് ഇത്തരമൊരു സംവരണം. ഇത് പക്ഷേ, വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഇതിലെല്ലാം സര്‍ക്കാര്‍ സ്വീകരിക്കുന്നത് പുതിയൊരു കാഴ്ചപ്പാടിന്റെ ഭാഗമായ സമീപനമാണ്. 
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ എങ്ങനെയെങ്കിലും ഭരിച്ചാല്‍ പോര. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുന്നതുപോലെ ഭരിക്കാനല്ല എല്‍.ഡി.എഫിനെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. സാമൂഹികമാറ്റം ഉണ്ടാകണം. ആ സാമൂഹികമാറ്റം ഉണ്ടാക്കാനുള്ള ഇടപെടലുകള്‍ ഇവിടെ നടക്കുന്നു എന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രത്യേകത. 1957-ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വന്നപ്പോഴാണ് ഭൂപരിഷ്‌ക്കരണം കൊണ്ടുവന്നത്. 1967-ല്‍ കാര്‍ഷിക പരിഷ്‌കരണം. പിന്നെ അധികാര വികേന്ദ്രീകരണം, സമ്പൂര്‍ണ്ണ സാക്ഷരത, ജനകീയാസൂത്രണം, കുടുംബശ്രീ, തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനം സ്ത്രീ പ്രാതിനിധ്യം ഇതെല്ലാം കൊണ്ടുവന്നത് ഇടതുപക്ഷ സര്‍ക്കാരുകള്‍ നടത്തിയ സാമൂഹിക ഇടപെടലുകളുടെ ഭാഗമായാണ്. അത്തരത്തിലുള്ള ഇടപെടലുകള്‍ നടത്തുക എന്നതായിരിക്കണം എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴുള്ള നടപടി. മുന്‍പ് ഇടതുപക്ഷ സര്‍ക്കാരിന് താല്‍ക്കാലികമായ എന്തെങ്കിലും ആശ്വാസം ചെയ്താല്‍ മതി. ഇത്തരത്തില്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്രഭരണമുള്ള ഇക്കാലത്ത് അതിനു ബദല്‍ എന്താണ് എന്ന പരിപാടികള്‍ നടപ്പാക്കാന്‍ കഴിയണം. അതിന്റെ ഭാഗമായാണ് ലൈഫ് പദ്ധതി കൊണ്ടുവന്നത്. എല്ലാവര്‍ക്കും വീട്- ഇതൊരു വലിയ വെല്ലുവിളിയാണ്. ഈ മുതലാളിത്തവല്‍ക്കരണ നയങ്ങളുടെ ഫലമായി ചെറിയ സ്ഥലവും വീടുമുള്ളവര്‍ അതുപേക്ഷിച്ച് വാടകവീട്ടില്‍ പോയി താമസിക്കുകയാണ്, പ്രാരാബ്ധം കാരണം. കേരളത്തില്‍ അഞ്ച് ലക്ഷം ആളുകള്‍ക്ക് വീടില്ല. ഇതില്‍ ഒന്നര ലക്ഷം പേര്‍ക്ക് സ്ഥലമുണ്ട്, വീടില്ല. മൂന്നര ലക്ഷം ആളുകള്‍ക്ക് സ്ഥലവുമില്ല, വീടുമില്ല. ഇതാണ് സ്ഥിതി. ഇവര്‍ക്കെല്ലാംതന്നെ വാസയോഗ്യമായ വീടുണ്ടാക്കിക്കൊടുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്. കുറേ വീടുകള്‍ പൂര്‍ത്തീകരിച്ചു. ഇത് വിജയിപ്പിക്കാന്‍ കഴിഞ്ഞാല്‍ കേരളം ഇന്ത്യയ്ക്ക് മാതൃകയായിരിക്കും. ജനപങ്കാളിത്തത്തോടുകൂടിയുള്ള ഒരു പദ്ധതിയാക്കി ഇതിനെ മാറ്റണമെന്ന് പാര്‍ട്ടി സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം ഞങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. രണ്ടായിരം ഭവനരഹിതര്‍ക്ക് പാര്‍ട്ടി മുന്‍കൈയെടുത്തു വീടുവച്ചു നല്‍കും. ഒരു ലോക്കലില്‍ ഏറ്റവും പാവപ്പെട്ട ഒരാള്‍ക്ക്. ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. എറണാകുളം ജില്ലയില്‍ 30 വീടുകള്‍ ഇതിന്റെ ഭാഗമായി തുടങ്ങിക്കഴിഞ്ഞു. ഇത് കേരളത്തില്‍ ഒരു ജനകീയ പ്രസ്ഥാനമായി മാറാന്‍ പോവുകയാണ്. ഇതേ നിലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയാണ് സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നത്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ അധികവും സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലുമാണ് പഠിക്കുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും കിട്ടണം. ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായാണ് സ്വാശ്രയ സ്ഥാപനങ്ങള്‍ വന്നത്. അതിന്റെ ഭാഗമായാണ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ വ്യാപകമായത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ പോകാതെയായി. കുറച്ചുകഴിഞ്ഞാല്‍ ഈ സര്‍ക്കാര്‍ സ്‌കൂളുകള്‍ പൂട്ടിപ്പോകുന്ന സ്ഥിതിയുണ്ടായി. ഇത് മനസ്സിലാക്കിയാണ് പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ പാര്‍ട്ടി പങ്കാളിയാകണം, ജനപങ്കാളിത്തം വേണം എന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഇത് വലിയ ഒരു മാറ്റം കേരളസമൂഹത്തില്‍ ഉണ്ടാക്കുന്ന കാര്യമാണ്. ഈ സര്‍ക്കാര്‍ വന്നശേഷമുള്ള ഒരു മാറ്റം ശ്രദ്ധിക്കേണ്ടതാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് നിലച്ചിരിക്കുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലുമായി ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ അധികം വന്നുചേര്‍ന്നു. ഇതൊരു തുടക്കമാണ്. സ്‌കൂളുകളെല്ലാം മികവിന്റെ കേന്ദ്രങ്ങളായാല്‍ ഈ സ്‌കൂളില്‍ പഠിച്ചാല്‍ മതിയെന്ന ബോധം ജനങ്ങളില്‍ ഉണ്ടാക്കാന്‍ കഴിയും. പാര്‍ട്ടി അതില്‍ പങ്കാളിത്തം വഹിച്ചാല്‍ മറ്റുള്ളവരും അതില്‍ ഭാഗഭാക്കാകും. ഇതാണ് ഞങ്ങളിപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം. 
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഒരു ഏരിയയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കാനുള്ള പദ്ധതിയില്‍ പാര്‍ട്ടി സഹകരിക്കും. വിഭവസമാഹരണത്തിനും മറ്റും പാര്‍ട്ടി മുന്‍കൈയെടുക്കും. സര്‍ക്കാരാശുപത്രികളെ മെച്ചപ്പെടുത്തണം. അല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളുടെ മേധാവിത്വമുള്ള സംസ്ഥാനമായി കേരളവും മാറും. ഇതില്‍നിന്നു കേരളത്തെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുമായി സഹകരിക്കുകയാണ് പാര്‍ട്ടി. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് കേരളത്തില്‍ നടപ്പാക്കുന്നത്. അതിന്റെ ഭാഗമായി നമ്മുടെ ജലസ്രോതസ്സുകളെല്ലാം മാലിന്യമുക്തമാക്കും. കുളങ്ങള്‍, തോടുകള്‍, പുഴകള്‍ എന്നിവ മാലിന്യമുക്തമാക്കുന്നതിന് സര്‍ക്കാര്‍ ഇന്ന് നല്ല ഇടപെടല്‍ നടത്തിയപ്പോള്‍ ചില നദികള്‍ പുനര്‍ജ്ജനിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഒരു ജില്ലയില്‍ ഒരു പുഴയെങ്കിലും മാലിന്യമുക്തമാക്കാന്‍ പാര്‍ട്ടി നേതൃത്വം കൊടുക്കും. ഒരു പഞ്ചായത്ത് ഒരു കുളമോ തോടോ മാലിന്യമുക്തമാക്കും. അങ്ങനെ വരുമ്പോള്‍ രണ്ടായിരത്തില്‍പ്പരം കുളങ്ങള്‍ പാര്‍ട്ടി മുന്‍കൈയെടുത്ത് മാലിന്യമുക്തമാക്കും. 14 പുഴകളെങ്കിലും മാലിന്യമുക്തമാകും. ഇത് ലക്ഷക്കണക്കിന് ജനങ്ങളെ പങ്കെടുപ്പിക്കുന്ന യജ്ഞമായി മാറും. അങ്ങനെ ദീര്‍ഘവീക്ഷണത്തോടെയുളള പരിപാടികളുമായി രംഗത്തിറങ്ങിക്കൊണ്ടു മാത്രമേ കേരളത്തെ ഇനി ഒരു വികസിത സംസ്ഥാനമായിട്ടും മറ്റും സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായ മനോഭാവത്തിലേക്കും വളര്‍ത്താന്‍ കഴിയുകയുള്ളു. 
സാന്ത്വന പരിചരണം ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. ഒരു ലോക്കലില്‍ ഒരു സാന്ത്വനപരിചരണ കേന്ദ്രമെങ്കിലും തുടങ്ങും. അങ്ങനെ രണ്ടായിരം എണ്ണം. ഒരെണ്ണത്തില്‍ പത്തു പേര്‍ക്കെങ്കിലും വളണ്ടിയര്‍മാരായി പരിശീലനം നല്‍കും. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിച്ച ആളുകള്‍, എക്‌സ് മിലിട്ടറിക്കാര്‍, വിരമിച്ച സര്‍ക്കാരുദ്യോഗസ്ഥര്‍ തുടങ്ങിയവരെ കണ്ടെത്തി പരിശീലനം കൊടുത്ത് വീട്ടില്‍പ്പോയി ചികില്‍സിക്കും. ജീവകാരുണ്യ പ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറും. ഇങ്ങനെ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന ഈ പദ്ധതികളെല്ലാം തന്നെ കേരളത്തിലൊരു മാറ്റം ലക്ഷ്യംവച്ചുകൊണ്ടുള്ള പദ്ധതികളാണ്. റോഡുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍, റെയില്‍വേ വികസനം, വിമാനത്താവള വികസനം ഇതൊക്കെ വേണം. ഈ അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ടു മാത്രം ഒരു ഇടതുപക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാകുന്നില്ല. ഇത് മറ്റ് സര്‍ക്കാരുകളും ചെയ്യും. മറ്റു പാര്‍ട്ടികളുടെ സര്‍ക്കാരുകളും റോഡും പാലവുമൊക്കെ ഉണ്ടാക്കുകയും റെയില്‍വേ വികസനം നടത്തുകയുമൊക്കെ ചെയ്യും. പക്ഷേ, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍ക്കാരാകുമ്പോള്‍ വികസനത്തില്‍ ഒരു മാനുഷിക മുഖം വേണം. സാധാരണക്കാരന് നേട്ടമുണ്ടാക്കാന്‍ കഴിയുന്ന തരത്തിലായിരിക്കണം, അവരുടെ ജീവിതനിലവാരം മാറണം, അവരുടെ സാമൂഹികബോധം മാറണം, മതനിരപേക്ഷ ബോധം വളര്‍ത്തിയെടുക്കണം. ഇങ്ങനെയുള്ള കാഴ്ചപ്പാടോടുകൂടി പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ സര്‍ക്കാരിനെ രാജ്യത്തെ മറ്റു സര്‍ക്കാരുകളില്‍നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്ന സര്‍ക്കാരായി മാറ്റുന്നത്. അതുകൊണ്ട് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് മതിപ്പ് വര്‍ധിച്ചിട്ടുണ്ട്. അഴിമതിയില്ലാത്ത ഭരണമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. മുമ്പത്തെ സര്‍ക്കാര്‍ ഒരു രണ്ടു വര്‍ഷമായപ്പോഴേയ്ക്ക് എത്ര അഴിമതിക്കേസുകളാണ് വന്നത്. ഇപ്പോള്‍ അഴിമതിക്കേസുകളില്ല. മാത്രമല്ല, സര്‍ക്കാരാശുപത്രികളിലെ അഴിമതി കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞു. പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. മുഖ്യമന്ത്രിതന്നെ അതിന് മുന്‍കൈയെടുത്തു. സര്‍വ്വീസ് സംഘടനകളെ സഹകരിപ്പിക്കാന്‍ ശ്രമിച്ചു. ആക്ഷേപങ്ങള്‍ ഇപ്പോഴുമുണ്ട്. അതുകൂടി ഇല്ലാതാക്കുന്ന ഒരു അഴിമതിരഹിത ഭരണത്തിലേക്ക് എത്താന്‍ കാര്യങ്ങള്‍ വിലയിരുത്തി മുന്നോട്ടു പോകണം എന്നാണ് സംസ്ഥാന സമ്മേളനം നിര്‍ദ്ദേശിച്ചിരിക്കുന്നത്. തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗത വേണം എന്നതാണ് മറ്റൊന്ന്. അതാണ് പാര്‍ട്ടി പരിശോധിച്ച മറ്റൊരു കാര്യം. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കണം. അതു നടപ്പില്‍ വരുത്തണമെങ്കില്‍ ജനപങ്കാളിത്തം വേണം. വെറും ഉദ്യോഗസ്ഥതലത്തിലുള്ള ഭരണംകൊണ്ട് മാത്രം സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ജനങ്ങളില്‍ എത്തില്ല. ഇതാണ് മുന്‍കാലത്തെല്ലാം യു.ഡി.എഫ് ഭരണത്തില്‍ കേരളത്തിനു സംഭവിച്ച തെറ്റ്. അതില്‍നിന്നു വ്യത്യസ്തമായ ഒരു ഭരണക്രമം ഉണ്ടാക്കാനുള്ള ശ്രമത്തിനു തുടക്കമിട്ടു. സര്‍ക്കാരിന്റെ ആകെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു നോക്കിയാല്‍ നല്ല മെച്ചം ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതു ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതില്‍ പ്രധാനമായും നമ്മള്‍ ചെയ്യേണ്ടത് ചെയ്ത നല്ല കാര്യങ്ങളെ പ്രോല്‍സാഹിപ്പിക്കുക എന്നതാണ്. വിമര്‍ശനങ്ങള്‍ പരിശോധിച്ച് ആ വിമര്‍ശനങ്ങളില്‍ ഉള്‍ക്കൊള്ളേണ്ട കാര്യങ്ങളെ ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ മുന്നോട്ടു പോകും. ഈ നിലയാണ് വേണ്ടത്. സംസ്ഥാന സമ്മേളനം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊതുവേ മതിപ്പ് പ്രകടിപ്പിച്ചു. 

സര്‍ക്കാരിനെക്കുറിച്ചു പാര്‍ട്ടി സെക്രട്ടറിക്കുള്ളതും പരസ്യമായി ഉന്നയിക്കാവുന്നതുമായ വിമര്‍ശനങ്ങള്‍ എന്തൊക്കെയാണ്?

മന്ത്രിമാരും മറ്റും നല്ലതുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ഇനിയും ഉയരണം. ഉയരാനുള്ള കാര്യങ്ങള്‍ ചെയ്യണം. അതിന് ഓരോരുത്തരം ശ്രമിക്കണം. മന്ത്രിമാര്‍ കൂടുതല്‍ സമയവും സെക്രട്ടേറിയറ്റില്‍ കേന്ദ്രീകരിക്കണം എന്നാണ് ഞങ്ങള്‍ എടുത്ത ഒരു തീരുമാനം. ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പരിപാടികള്‍ ധാരാളം വരും. എല്ലാ പരിപാടികളും ഏറ്റെടുത്ത് കേരളം മുഴുവന്‍ ചുറ്റിനടക്കുന്നതിലല്ല, ഭരണത്തിലായിരിക്കണം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഭരണവുമായി ബന്ധപ്പെട്ടു ചില ചെറിയ പ്രശ്‌നങ്ങളുണ്ടാകും. ആ ചെറിയ പ്രശ്‌നങ്ങളില്‍ ഒരു പൊതുപ്രശ്‌നം ഉണ്ടാകും. വ്യക്തിപരമായി ഓരോരുത്തരുടേയും പ്രശ്‌നം പരിഹരിച്ചുകൊടുക്കുക എന്നല്ല, പൊതുപ്രശ്‌നം പരിഹരിക്കാനായിരിക്കണം ശ്രദ്ധിക്കേണ്ടത്. പലര്‍ക്കും സ്പെഷ്യല്‍ ഓര്‍ഡര്‍ വേണം, സ്ഥലംമാറ്റം വേണം. അതിനെല്ലാം ന്യായയുക്തമായത് ചെയ്തുകൊടുക്കണം. വഴിവിട്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സമയം ചെലവഴിക്കരുത്. സര്‍ക്കാരിനു മുന്നില്‍ വന്ന അത്തരം ചില പൊതുകാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. വിദ്യാഭ്യാസ വായ്പ ഉദാഹരണം. കടക്കെണിയില്‍പ്പെട്ട ചില വിദ്യാര്‍ത്ഥികളുടെ പ്രശ്‌നമാണ് സര്‍ക്കാരിനു മുന്നില്‍ വന്നത്. പക്ഷേ, അതൊരു പൊതുപ്രശ്‌നമാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ തൊള്ളായിരം കോടി രൂപയുടെ ബാധ്യത ഏറ്റെടുത്തുകൊണ്ട്  ആ വിദ്യാര്‍ത്ഥികളെ കടക്കെണിയില്‍നിന്നു മോചിപ്പിച്ചത്. പക്ഷേ, പല ബാങ്കുകാരും സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ മടിച്ചു. വിദ്യാര്‍ത്ഥികളെ ഇപ്പോഴും ബുദ്ധിമുട്ടിക്കുന്നു. ആ പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കും. ഒരു സര്‍ക്കാര്‍ എങ്ങനെയാണ് ജനപക്ഷത്തു നില്‍ക്കുന്നത് എന്നതിന് തെളിവാണ് ഇത്. ചില ബാങ്കുകളില്‍നിന്ന് വായ്പയെടുത്താല്‍ ഇരട്ടിയിലധികം തിരിച്ചടച്ചാലും കടം അവശേഷിക്കുന്ന സ്ഥിതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പലിശയെന്നും പിഴപ്പലിശയെന്നുമൊക്കെ പറഞ്ഞ് ഈടുവച്ച രേഖകള്‍ തിരിച്ചുകൊടുക്കില്ല. ഇതിനെപ്പറ്റി സര്‍ക്കാര്‍ ഒരു തീരുമാനം എടുത്തു. എടുത്ത പണത്തിന്റെ ഇരട്ടി കാലങ്ങളായി തിരിച്ചടച്ചു കഴിഞ്ഞാല്‍ ബാധ്യതയില്‍നിന്ന് ഒഴിവാക്കിക്കൊടുക്കണം. രണ്ടു ലക്ഷം ആളുകള്‍ക്ക് ഇതിന്റെ ആനുകൂല്യം കിട്ടും. ഇത് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെല്ലാം, ഒരു വ്യക്തിയുടെ കാര്യമാണെങ്കിലും പൊതുവായ ഒരു പ്രശ്‌നം അതിലുണ്ടെങ്കില്‍ അതനുസരിച്ച് തീരുമാനമെടുക്കണം. ചില ചട്ടങ്ങള്‍ ചിലപ്പോള്‍ അതിനു തടസ്സമായി വരും. മന്ത്രിയുടെ മുന്നില്‍ ഒരു കേസ് വരുമ്പോള്‍ ജനങ്ങളെ സഹായിക്കേണ്ട പ്രശ്‌നമാണ് അതെങ്കിലും നിലവിലുള്ള ചട്ടപ്രകാരം അത് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. ചട്ടവിരുദ്ധമായ ഒരു കാര്യവും ചെയ്യാന്‍ മന്ത്രിക്ക് പറ്റില്ല, നിയമപ്രകാരമേ ചെയ്യാന്‍ പറ്റൂ. അതിന് ആ നിയമം മാറ്റണം, ചട്ടം മാറ്റണം. മന്ത്രി നിര്‍ദ്ദേശം തയ്യാറാക്കി സമര്‍പ്പിച്ച് നിയമഭേദഗതിയോ ചട്ടഭേദഗതിയോ എന്താണ് വേണ്ടതെങ്കില്‍ അത് കൊണ്ടുവരണം. ഇതിനുവേണ്ടിയാണ് ഓരോ മന്ത്രിമാരും കൂടുതല്‍ സമയം ഭരണകാര്യങ്ങളില്‍ ചെലവഴിക്കേണ്ടത്. ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യണം, നിയമവിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്യണം. ഓരോ വകുപ്പിന്റേയും ഗുണമേന്മ വര്‍ധിപ്പിക്കാന്‍ ശ്രമിക്കണം എന്നാണ് മന്ത്രിമാര്‍ക്ക് പാര്‍ട്ടി സംസ്ഥാന സമ്മേളനം നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം. ഇതിനനുസരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും എന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. 

കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനെ പലവിധത്തില്‍ ബുദ്ധിമുട്ടിക്കുന്നുവെന്ന ആരോപണം ശക്തമാണല്ലോ. സി.പി.എം ബംഗാള്‍ സംസ്ഥാന സമ്മേളനം വരെ ഇക്കാര്യത്തില്‍ പ്രമേയം പാസ്സാക്കി. കേന്ദ്രത്തിന്റെ ഈ ഭീഷണി എല്‍.ഡി.എഫ് സര്‍ക്കാരിനു മുകളില്‍ സ്ഥിരമായി നിലനില്‍ക്കുന്ന വാള്‍ ആയി കാണുന്നുണ്ടോ. എങ്ങനെ മറികടക്കും?

ആര്‍.എസ്.എസ്സിന്റെ നയമാണത്. കേന്ദ്ര-സംസ്ഥാന ബന്ധം സംബന്ധിച്ച് ആര്‍.എസ്.എസ്സിന് ഒരു ലക്ഷ്യമുണ്ട്. സുശക്തമായ കേന്ദ്രവും ദുര്‍ബല സംസ്ഥാനങ്ങളും എന്നാണ് ആര്‍.എസ്.എസ്സിന്റെ കാഴ്ചപ്പാട്. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ ഭരണമാണ് അവരുടെ ലക്ഷ്യം. ഫെഡറല്‍ തത്വങ്ങള്‍ അവര്‍ അട്ടിമറിക്കുകയാണ്. ഫെഡറല്‍ ഘടനയുള്ള രാജ്യമാണ് ഇന്ത്യ. അതിന്റെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്ന വിധത്തിലല്ല ബി.ജെ.പിയുടെ തീരുമാനങ്ങളൊന്നും വരുന്നത്. അതിന്റെ ഫലമാണ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പാര്‍ട്ടികളും ബി.ജെ.പി നേതൃത്വത്തിലുള്ള മുന്നണിയുമായി അന്തഃഛിദ്രങ്ങള്‍ ഉണ്ടാകുന്നത്. ആന്ധ്രയിലെ ടി.ഡി.പിയുമായുള്ള ബന്ധത്തില്‍ വീഴ്ച വന്നിരിക്കുന്നത് സംസ്ഥാനങ്ങളോടുള്ള ഈ സമീപനത്തിന്റെ ഭാഗമാണ്. ഇത് ആര്‍.എസ്.എസ്സിന്റെ ഒരു നിലപാടാണ്. ജി.എസ്.ടി കൊണ്ടുവന്നത് ഇതിന്റെ ഭാഗമാണ്. വരുമാനം മുഴുവന്‍ കേന്ദ്രത്തിന്. സംസ്ഥാനങ്ങള്‍ക്ക് വരുമാനമൊന്നുമില്ലാതാക്കുക. പണത്തിനുവേണ്ടി കേന്ദ്രത്തിനു മുന്നില്‍ കൈനീട്ടി നില്‍ക്കുന്ന അവസ്ഥയുണ്ടാക്കുക. നോട്ട് നിരോധനം ഇതിന്റെ ഭാഗമായി വന്നതാണ്. നോട്ടുകളെല്ലാം ബാങ്കില്‍ എത്തിക്കുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിഭവസമാഹരണത്തിന് പണമില്ലാതെ വന്നു. ഇത് ബി.ജെ.പി സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ള പുതിയ ഒരു അവസ്ഥയാണ്. ബി.ജെ.പിയോടൊപ്പം നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബുദ്ധിമുട്ടില്ല. അപ്പോ, കേന്ദ്ര സര്‍ക്കാരിന്റെ വിധേയരായി സംസ്ഥാനങ്ങളെ മാറ്റുക. കൂടെ നില്‍ക്കുന്നവര്‍ക്ക് പണം കൊടുക്കും. അങ്ങനെയാണ് ബീഹാറിലെ നിതീഷ് കുമാറിനെ ബി.ജെ.പിയോടൊപ്പം കൊണ്ടുവന്നത്. ആ സംസ്ഥാനത്തിന് നിലനില്‍ക്കണമെങ്കില്‍ പണം വേണം. അതിനുവേണ്ടി നിതീഷ് കുമാര്‍ ബി.ജെ.പിയുടെ വിനീത ദാസനായി മാറി. കേന്ദ്രാവിഷ്‌ക്കൃത പദ്ധതികളിലൊക്കെ നേരത്തെ കേന്ദ്രത്തിന്റെ വിഹിതമായിരുന്നു കൂടുതല്‍. ഇപ്പോള്‍ കേന്ദ്രത്തിന്റെ വിഹിതം കുറവും സംസ്ഥാന വിഹിതം കൂടുതലുമാണ്. സംസ്ഥാനത്തിന് ഇത് നിര്‍ത്താനും സാധിക്കില്ല. അങ്ങനെ വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളൊക്കെ പ്രതിസന്ധിയിലായി. ഇത് കേന്ദ്രസര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ഇങ്ങനെയാണ് സംസ്ഥാന സര്‍ക്കാരുകളെ പ്രതിസന്ധിയിലാക്കുന്നത്. ബി.ജെ.പിയോടൊപ്പം നില്‍ക്കാത്ത സംസ്ഥാനങ്ങള്‍ക്കാണ് ഇത് കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നത്. 

രാഷ്ട്രീയമായി ഒപ്പം നില്‍ക്കാത്തതാണല്ലോ പ്രശ്‌നം. സംഘ്പരിവാറിന്റെ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ സി.പി.മ്മിനേയും കേരള സര്‍ക്കാരിനേയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നാണോ?

ബി.ജെ.പിയുടെ അജന്‍ഡ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നതാണ്. അതിനുള്ള എല്ലാ കരുക്കളും അവര്‍ നീക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഇന്നത്തെ പാര്‍ലമെന്ററി ജനാധിപത്യം മാറ്റാനാണ് അവരുടെ ശ്രമം. പ്രസിഡന്‍ഷ്യല്‍ മോഡല്‍ ഭരണമാണ് അവരുടെ ഉന്നം. അതിനാണ് കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടപ്പാക്കാം എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. അത് ഇന്നത്തെ തെരഞ്ഞെടുപ്പു സമ്പ്രദായം മുഴുവന്‍ അട്ടിമറിക്കും. പ്രസിഡന്‍ഷ്യല്‍ മോഡല്‍ ഭരണത്തിലേക്ക് എത്തിക്കാനുള്ള ചുവടുവയ്പുകള്‍ ഓരോന്നായി ആര്‍.എസ്.എസ് തുടങ്ങിയിരിക്കുകയാണ്. മതനിരപേക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കുക ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെ നേരിടുക എന്നത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. മതനിരപേക്ഷത, ജനാധിപത്യം, സ്വതന്ത്ര പരമാധികാരം, ബഹുസ്വരത എന്നിവയ്ക്കുവേണ്ടി പോരാടുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. അതിനു സഹായകമായ നിലപാടുകള്‍ മാത്രമേ ഇടതുപക്ഷം സ്വീകരിക്കുകയുള്ളു. അതിന് വിരുദ്ധമായ ഒരു നിര്‍ദ്ദേശവും ആര് നല്‍കിയാലും, കേന്ദ്രം നല്‍കിയാലും ഇടതുപക്ഷം അത് അംഗീകരിക്കാന്‍ തയ്യാറാകില്ല. അത് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടാണ്. അതുകൊണ്ട് അങ്ങനെയുള്ള സര്‍ക്കാരുകളേയും വ്യക്തികളേയും വരുതിയില്‍ കൊണ്ടുവരാനാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നത്. സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ്, എന്‍.ഐ.എ തുടങ്ങിയ വിവിധ ഏജന്‍സികളെയെല്ലാം അവര്‍ക്ക് താല്‍പ്പര്യമുള്ള വിധത്തില്‍ സംസ്ഥാനങ്ങളില്‍ ഇടപെടാന്‍ ഉപയോഗിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരെ വരുതിയില്‍ നിര്‍ത്താന്‍ ഇതെല്ലാം ഉപയോഗിക്കുന്നു. ഇതിന്റെയെല്ലാം ഫലമായാണ് ബി.ജെ.പി സര്‍ക്കാര്‍ ഇന്ന് ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഭയപ്പെടുത്തി കീഴ്പെടുത്തുക; ഇത് അവരുടെ ഇന്നത്തെയൊരു പൊളിറ്റിക്‌സാണ്. അതിന് ഈ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്ന അക്രമോല്‍സുകമായ ഒരു ഭരണമാണ് രാജ്യത്ത് ഇന്ന് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിനാണ് പരമാവധി ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട് ഇടതുപക്ഷ സര്‍ക്കാരുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിലാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

ത്രിപുര തെരഞ്ഞെടുപ്പില്‍ സംഭവിച്ചതും അതിനുശേഷമുണ്ടായതും പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണല്ലോ. എന്നാല്‍ വിജയപ്രതീക്ഷയാണ് അവസാന നിമിഷവും പാര്‍ട്ടി നേതൃത്വം പ്രകടിപ്പിച്ചത്. പക്ഷേ, വലിയ പരാജയമുണ്ടായി. ജയിച്ച ബി.ജെ.പി കായികമായ ആക്രമണവും തുടങ്ങി. യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കുന്നതില്‍ പാര്‍ട്ടിക്ക് രാഷ്ട്രീയമായി പിഴവ് സംഭവിച്ചോ?

സി.പി.എമ്മിന് ഇത്തവണ ത്രിപുരയില്‍ മുന്‍കാലത്തുണ്ടാകുന്നതുപോലുള്ള വലിയ വിജയം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിട്ടില്ല. പക്ഷേ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ അംഗബലം കിട്ടുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷയില്‍ തെറ്റില്ല. കാരണം, ഇപ്പോള്‍ത്തന്നെ 45 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്. ചെറിയ വോട്ടുകള്‍ക്കാണ് പരാജയം സംഭവിച്ചത്. 12 സീറ്റുകളില്‍ 200-ല്‍ ചില്ലറ വോട്ടുകള്‍ക്കാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. വോട്ടിന്റെ കണക്ക് നോക്കിയാല്‍ ബി.ജെ.പിക്ക് രണ്ടായിരത്തിലധികം വോട്ടുകള്‍ മാത്രമേ കൂടുതല്‍ കിട്ടിയിട്ടുള്ളു. അവര്‍ ഐപിഎഫ്ടി എന്ന സംഘടനയുമായി കൂട്ടുകെട്ടുണ്ടാക്കി. അവര്‍ക്ക് കഴിഞ്ഞ തവണ കിട്ടിയ ഏഴ് ശതമാനം വോട്ടുകളും ബി.ജെ.പി മുന്നണിക്ക് കിട്ടി. അതുംകൂടി ബി.ജെ.പിക്ക് അനുകൂലമായി മാറുകയും 36 ശതമാനം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസ്സ് ഒന്നര ശതമാനത്തോളം വോട്ടിലേക്ക് താഴുകയും ചെയ്തു. 34 ശതമാനത്തിലധികം കോണ്‍ഗ്രസ്സ് വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമായി ഇങ്ങനെ മാറുക കൂടി ചെയ്തപ്പോഴാണ് ഈ സ്ഥിതിവിശേഷം ഉണ്ടായത്. കോണ്‍ഗ്രസ്സിന് ഇത്ര വലിയ ഒരു തകര്‍ച്ച അവിടെയുണ്ടാകും എന്ന് പ്രതീക്ഷിച്ചതല്ല. ഒരു 10 ശതമാനം വോട്ടെങ്കിലും അവര്‍ക്കു നിലനിര്‍ത്താന്‍ കഴിയും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഇത്ര വലിയ ചോര്‍ച്ച വന്നപ്പോള്‍ കൈപ്പത്തിയില്‍ താമര വിരിയുന്ന സ്ഥിതിയുണ്ടായി. അതാണ് ത്രിപുരയില്‍ കണ്ടിരിക്കുന്നത്. പരാജയം ഇത്തരത്തില്‍ പ്രതീക്ഷിച്ചതല്ലെങ്കിലും അവിടെ ഉണ്ടായിട്ടുള്ള സംഭവങ്ങളെ വിശദമായി വിശകലനം ചെയ്യേണ്ടതുണ്ട്. മുന്‍പും ത്രിപുരയില്‍ സി.പി.എം പരാജയപ്പെട്ടിട്ടുണ്ട്. പത്ത് വര്‍ഷത്തെ ഭരണത്തിനുശേഷം 1988-ല്‍ പരാജയപ്പെട്ടു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന കാലത്ത് തീവ്രവാദ സംഘടനകളുമായി സഖ്യമുണ്ടാക്കിയാണ് അവര്‍ അന്ന് അവിടെ അധികാരത്തില്‍ വന്നത്. പക്ഷേ, അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും ഇടതുപക്ഷം അധികാരത്തില്‍ തിരിച്ചുവന്നു. ഈ സ്ഥിതിഗതികളെ നേരിടാന്‍ ഇടതുപക്ഷത്തിനു കഴിയും; ജനങ്ങള്‍ക്കിടയില്‍ ക്ഷമാപൂര്‍വ്വം പ്രവര്‍ത്തിക്കണം, ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കണം. മൂന്നു നാലു ശതമാനം വോട്ടുകള്‍ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടുപോയിട്ടുണ്ട്. ആ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചുപിടിക്കണം. അതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കേന്ദ്രീകരിക്കുക എന്നതായിരിക്കണം ഇടതുപക്ഷത്തിന്റെ ശ്രദ്ധ. എന്നാല്‍, അധികാരം കിട്ടിയതോടുകൂടി അസാധാരണമായ വിധത്തിലുള്ള അക്രമങ്ങള്‍ ബി.ജെ.പി അഴിച്ചുവിട്ടത് നാളെ അവര്‍ക്ക് വലിയ തിരിച്ചടിയായി വരും. അധികാരം കിട്ടുമ്പോള്‍ ഇതാണ് ചെയ്യുന്നതെങ്കില്‍ ഇതാണ് ബി.ജെ.പി എന്ന് അവിടുത്തെ ജനങ്ങള്‍ക്ക് മനസ്സിലായിക്കഴിഞ്ഞു. മുന്‍പ് കോണ്‍ഗ്രസ്സും ഇങ്ങനെ ചെയ്തപ്പോഴാണ് തിരിച്ചടിയുണ്ടായത്. അന്ന് 1200 സി.പി.എം പ്രവര്‍ത്തകരെ അഞ്ചുകൊല്ലംകൊണ്ട് ത്രിപുരയില്‍ കൊലപ്പെടുത്തി. ഇത്ര ചെറിയ സംസ്ഥാനത്ത്. ഇത്തവണ മൂന്നു ദിവസംകൊണ്ട് മൂന്നാളെ കൊന്നു. അവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്, അതിലൊരാള്‍ ഗര്‍ഭിണിയുമാണ്. ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കു പറ്റി. പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുക, വീടുകള്‍ തകര്‍ക്കുക, ലെനിന്റെ പ്രതിമ തകര്‍ക്കുക ഇതൊക്കെ നടന്നു. ഇതിനെതിരായ പ്രതിഷേധം പെട്ടെന്നുതന്നെ ഉണ്ടായി എന്നത് ജനാധിപത്യത്തിന്റെ ഒരു പ്രത്യേകതയാണ്. ലെനിന്റെ പ്രതിമയും തമിഴ്നാട്ടില്‍ ഇ.വി. രാമസ്വാമി നായ്ക്കരുടെ പ്രതിമയും തകര്‍ത്തു. യു.പിയില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു, ഗാന്ധിജിയുടെ പ്രതിമ തകര്‍ത്തു. മറ്റൊരു രാജ്യക്കാരനായ ലെനിന് ഇവിടെ എന്താണ് കാര്യം എന്നാണ് ബി.ജെ.പിയുടെ ഒരു നേതാവ് പറഞ്ഞത്. അങ്ങനെ വന്നാല്‍ ഇന്ത്യയില്‍ ജനിച്ച ശ്രീബുദ്ധന്റെ പ്രതിമ മറ്റു രാജ്യങ്ങളില്‍ സ്ഥാപിക്കാന്‍ കഴിയില്ലല്ലോ. യേശുക്രിസ്തുവിന്റെ പ്രതിമ ഇന്ത്യയില്‍ ഒരു സ്ഥലത്തും സ്ഥാപിക്കാന്‍ കഴിയില്ലല്ലോ; മദര്‍ തെരേസയുടെ പ്രതിമ സ്ഥാപിക്കാന്‍ കഴിയില്ലല്ലോ. ഇങ്ങനെയുള്ള വാദഗതികള്‍ ഉന്നയിക്കുന്ന ആര്‍.എസ്.എസ്സിന്റെ ഈ നിലപാട് പൊതുസമൂഹം അംഗീകരിക്കില്ല. അവരുടെ വികലമായ വീക്ഷണമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. ഈ സംഭവങ്ങളിലൂടെ ആര്‍.എസ്.എസ്സ് എന്താണെന്ന് തുറന്നുകാട്ടപ്പെടുകയാണ്. ത്രിപുരയിലെ ഗവര്‍ണര്‍പോലും അക്രമത്തെ ന്യായീകരിക്കുകയാണ്. ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കേണ്ട, ക്രമസമാധാനപാലനം ഉറപ്പു വരുത്തേണ്ട ഗവര്‍ണര്‍ ഈ അക്രമകാരികള്‍ക്കൊപ്പം കൂടി. ആര്‍.എസ്.എസ്സിനല്ലാതെ ഇങ്ങനെയൊരു നിലപാടെടുക്കാന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാരാണെങ്കില്‍ നോക്കിനില്‍ക്കുന്നു. ഒരു സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഉത്തരവാദപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നു. കേരളത്തില്‍ ഒരു ആര്‍.എസ്.എസ്സുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ഇങ്ങോട്ടു വന്നു, നിരവധി മന്ത്രിമാര്‍ വന്നു. അവിടെ രണ്ടു സ്ത്രീകളുള്‍പ്പെടെ കൊല്ലപ്പെട്ടിട്ടും തിരിഞ്ഞുനോക്കാനാളില്ല. എന്താണ് ബി.ജെ.പി ഭരണത്തില്‍ രാജ്യത്ത് സംഭവിക്കുന്നത് എന്നുള്ളതിന്റെ ഒരു ഉദാഹരണമാണ് ത്രിപുരയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളിലുണ്ടായ സംഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഏതായാലും ഈ സ്ഥിതിഗതികളിലൂടെ അവരിപ്പോള്‍ ഒരു പ്രഖ്യാപനം നടത്തിക്കഴിഞ്ഞു: നരേന്ദ്ര മോദിയുടെ ലക്ഷ്യം കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യുകയാണ്. റീഗനും താച്ചറും ലക്ഷ്യം വച്ചതുതന്നെയാണ് മോദിയും ലക്ഷ്യം വയ്ക്കുന്നത് എന്ന് പരസ്യപ്പെടുത്തിയിരിക്കുകയാണ്. പക്ഷേ, ഇവര്‍ക്കെല്ലാം മുന്‍പേ ഹിറ്റ്ലറും മുസ്സോളിനിയും ഇതിനുവേണ്ടി ശ്രമിച്ചിരുന്നു. അവര്‍ പരാജയപ്പെട്ടിടത്ത് ഇനി മോദിക്ക് ജയിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഏതായാലും അവര്‍ ഈ ലക്ഷ്യത്തോടുകൂടി നീങ്ങിക്കഴിഞ്ഞിരിക്കുകയാണ്. കമ്യൂണിസ്റ്റുകാരെ ലക്ഷ്യം വച്ചുനീങ്ങുന്നത് കമ്യൂണിസ്റ്റുകാര്‍ക്കെതിരായ ആക്രമണം മാത്രമല്ല. നാളെ ഇത് മറ്റുള്ളവര്‍ക്കെതിരായും നടക്കും. ത്രിപുരയില്‍ കോണ്‍ഗ്രസ്സിന്റെ ഓഫീസും ആക്രമിച്ചു. ഇന്ന് കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ആണെങ്കില്‍ നാളെ മറ്റു പാര്‍ട്ടികള്‍ക്കെതിരേയും തിരിയും. ജര്‍മനിയില്‍ ഹിറ്റ്ലര്‍ ആസൂത്രണം ചെയ്ത അതേ ആക്രമണ പദ്ധതിയിലേക്കാണ് ഇന്ത്യയില്‍ ഇവരും നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനെ ചെറുക്കേണ്ടതായിട്ടുണ്ട്. ജനാധിപത്യവിശ്വാസികള്‍ ഇതിനെതിരെ ഒന്നിച്ചു നില്‍ക്കണം. ജനാധിപത്യം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടം നടത്തണം. ആ പോരാട്ടം മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് സി.പി.എമ്മിന്റെ ഇന്നത്തെ പ്രധാന ഉത്തരവാദിത്വം. 

കേരളവും ബംഗാളും കര്‍ണാടകയുമാണ് അടുത്ത ലക്ഷ്യം എന്ന് ബി.ജെ.പി പറയുന്നു. അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു, 2021-ല്‍ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിനൊക്കെ ഒരാഴ്ചയോ ഒരു മാസമോ മുന്‍പ് തയ്യാറെടുത്താല്‍ പോരെന്നുറപ്പാണ്. എന്തുതരം ഗൃഹപാഠവും തയ്യാറെടുപ്പുമാണ് സി.പി.എം പ്രത്യേകിച്ചും ഇടതുപക്ഷം പൊതുവേയും ചെയ്യാനുദ്ദേശിക്കുന്നത്?

ഇത്തവണത്തെ സംസ്ഥാന സമ്മളനം തന്നെ അതിനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. തീരുമാനമെടുത്തു കഴിഞ്ഞിട്ടുണ്ട്. ആ എടുത്ത തീരുമാനങ്ങളാകെ പരസ്യപ്പെടുത്തി ചെയ്യേണ്ട കാര്യങ്ങളല്ല. സംഘടനാപരമായി ചെയ്യേണ്ട കാര്യങ്ങളാണ്. മുന്‍കരുതലോടുകൂടി പ്രവര്‍ത്തനം നടത്തണം എന്നാണ് സംസ്ഥാന സമ്മേളന തീരുമാനം. ഈ കരുതല്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഭാവിയിലുണ്ടാകും. 

മട്ടന്നൂരിലെ ശുഹൈബ് വധം കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ല. പാര്‍ട്ടിക്ക് അതുമായി ബന്ധമില്ലെന്നു പറയുകയും കേസില്‍ പ്രതികളായവര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുകയും ചെയ്തു. കേസ് സി.ബി.ഐ അന്വേഷിക്കാന്‍ കോടതി വിധിയുണ്ടായി. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ പ്രത്യാഘാതത്തില്‍നിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത പാര്‍ട്ടി ഇപ്പോള്‍ ശുഹൈബ് വധത്തിന്റെയൊരു കുരുക്കിലാണ്. രാഷ്ട്രീയ എതിരാളികള്‍ അത് നന്നായി ഉപയോഗിക്കുകയും ചെയ്യുന്നു. മറികടക്കാന്‍ പാര്‍ട്ടി എന്താണ് ചെയ്യാന്‍ പോകുന്നത്?

ഇതൊക്കെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങളാണ്. സി.പി.എം ആസൂത്രണം ചെയ്യുന്നതല്ല. പ്രാദേശികമായി ഉണ്ടായ ചില പ്രശ്‌നങ്ങളുടെ പേരില്‍ ഉണ്ടായ സംഭവമാണ് ശുഹൈബ് വധം. പക്ഷേ, അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. എന്തെല്ലാം പ്രകോപനം ഉണ്ടായാലും കൊലപാതകം പാടില്ല. കൊലപാതകം നടക്കുന്നതോടുകൂടി അതിന്റെ തലം മാറിപ്പോകും. അതുകൊണ്ട് ഏത് ആളായാലും കൊലചെയ്യപ്പെടുമ്പോള്‍ സമൂഹത്തിന്റെ മനോഭാവം മാറും. അതു മനസ്സിലാക്കി സി.പി.എം പ്രവര്‍ത്തകര്‍ പെരുമാറണം. ആവശ്യമായ ജാഗ്രത വേണം. അതില്‍നിന്നു വ്യത്യസ്തമായ ഒരു സംഭവമാണ് ഇവിടെ നടന്നത്. അത് അവിടുത്തെ പാര്‍ട്ടിയുടെ ഏതെങ്കിലുമൊരു ഘടകം ആസൂത്രണം ചെയ്ത ഒരു സംഭവമല്ല. പക്ഷേ, അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ സി.പി.എമ്മുമായി ബന്ധമുള്ളവരുണ്ട്. അങ്ങനെയുള്ള ആളുകളുടെ ബന്ധം പൊലീസ് ആരോപിക്കുന്നതുപോലെയാണെങ്കില്‍ സ്വാഭാവികമായും പാര്‍ട്ടിയില്‍ നില്‍ക്കാന്‍ അവര്‍ക്ക് യാതൊരു അര്‍ഹതയുമില്ല. പാര്‍ട്ടി മുന്‍കൈയെടുത്ത് ഇത്തരം സംഭവങ്ങള്‍ നടത്താന്‍ പാടില്ല എന്ന തീരുമാനം പാര്‍ട്ടിക്കുണ്ട്. അത് ലംഘിച്ച് നിലപാടെടുത്തവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ യാതൊരു യോഗ്യതയുമില്ല. അതുകൊണ്ടാണ് പാര്‍ട്ടി പരിശോധിച്ച് ആവശ്യമായ നടപടിയെടുത്തത്. പൊതുസമൂഹത്തിന്റെ മുന്നില്‍ ഈ സംഭവം പാര്‍ട്ടിയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ട്. ആ തെറ്റിദ്ധാരണ മാറ്റാനുള്ള ഇടപെടലാണ് പാര്‍ട്ടി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി കേരള പൊലീസ് നല്ല നിലയില്‍ ആ കേസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ടവരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കുക, അതാണ് സര്‍ക്കാരിന്റെ ചുമതല. അതിന്റെ ഭാഗമായി അന്വേഷണസംഘം ഫലപ്രദമായി അന്വേഷിക്കുകയും സംഭവത്തില്‍ ഉള്‍പ്പെട്ടയാളുകളെ കണ്ടെത്തുകയും ചെയ്തു. അവര്‍ ഡമ്മി പ്രതികളാണെന്ന് ആദ്യം കോണ്‍ഗ്രസ്സ് ആരോപിച്ചിരുന്നെങ്കിലും പരിക്കേറ്റ ആളുകള്‍ തന്നെ പറഞ്ഞു, ഡമ്മിയല്ല യഥാര്‍ത്ഥ ആളുകള്‍ തന്നെയാണെന്ന്. പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് അവിടെ സമരത്തിനു നേതൃത്വം കൊടുത്ത കോണ്‍ഗ്രസ്സ് നേതാവ് പറഞ്ഞു. പിന്നീട് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഒരു രാഷ്ട്രീയ ആവശ്യമാണ്. ആ രാഷ്ട്രീയ ആവശ്യം ഇപ്പോള്‍ ഹൈക്കോടതി എന്തുകൊണ്ടോ അംഗീകരിച്ചുകൊടുത്തിരിക്കുന്നു. ഹൈക്കോടതി എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാടെടുത്തത് എന്നു വ്യക്തമല്ല. പൊലീസ് അന്വേഷിക്കാത്ത എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ കോടതിക്കുതന്നെ അന്വേഷണ സംഘത്തോടു പറയാം, നിങ്ങള്‍ ഇന്ന ഭാഗം കൂടി അന്വേഷിക്കണം എന്ന്. ഗൂഢാലോചന കേരള പൊലീസ് തന്നെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഐ.പി.സി 120 (ബി) ചേര്‍ത്ത് അന്വേഷിക്കുന്നുണ്ട്. അത്തരത്തിലുള്ള ഏത് അന്വേഷണവും നടത്തുന്നതിന് ഞങ്ങള്‍ എതിരല്ല. സി.ബി.ഐ തന്നെ അന്വേഷിച്ച് 'യഥാര്‍ത്ഥ പ്രതികളെ' കണ്ടെത്താന്‍ സാധിക്കുമെങ്കില്‍ അവരത് ചെയ്യട്ടെ. പക്ഷേ, യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ എന്ന പേരില്‍ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരെ രാഷ്ട്രീയ വിരോധംകൊണ്ട് മാത്രം പ്രതിചേര്‍ക്കുന്ന സ്ഥിതി ഉണ്ടായിക്കൂടാ. പല കേസുകളിലും സി.ബി.ഐ ഇങ്ങനെ നിലപാടെടുക്കുന്നുണ്ട്. സംഭവവുമായി ഒരു ബന്ധവുമില്ലാത്ത പാര്‍ട്ടി നേതാക്കന്മാരെ കേസില്‍ പ്രതിചേര്‍ക്കുന്നു. പാര്‍ട്ടിയുടെ നേതാക്കന്മാരാണ്, ഇവരറിയാതെ ഇത്തരം സംഭവങ്ങളൊന്നും നടക്കില്ല എന്നു പറഞ്ഞുകൊണ്ട് പ്രതിചേര്‍ക്കുന്ന സ്വഭാവം സി.ബി.ഐക്കുണ്ട്. അത് തെളിവുകളുടെ അടിസ്ഥാനത്തിലല്ല. തെളിവുകളില്ലാതെ ആരെയെങ്കിലും കേസില്‍ പ്രതിചേര്‍ക്കുന്ന സ്ഥിതി ഒരു അന്വേഷണ ഏജന്‍സിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. സി.ബി.ഐ ഒട്ടേറെ കേസുകളില്‍ ശരിയായ നിലപാട് സ്വീകരിക്കുന്ന ഒരു ഏജന്‍സി തന്നെയാണ്. പക്ഷേ, കേരളത്തിലുള്ള ഒട്ടേറെ രാഷ്ട്രീയ കേസുകളില്‍ ശരിയല്ലാത്ത നിലപാടാണ് സി.ബി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ആ ഉദ്ദേശ്യം വച്ചുകൊണ്ടായിരിക്കാം, സി.പി.എമ്മിന്റെ നേതാക്കളെ കുടുക്കാം എന്നു കരുതിയിട്ടായിരിക്കണം സി.ബി.ഐ അന്വേഷണം വേണം എന്ന് കോണ്‍ഗ്രസ്സും മറ്റും ആവശ്യപ്പെട്ടത്. അത് കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒന്നിച്ചുയര്‍ത്തിയ മുദ്രാവാക്യമായി മാറി. ഇതാണ് കേരളത്തില്‍ ഇന്നു വന്നിരിക്കുന്ന ഒരു മാറ്റം. പരസ്പരം എതിര്‍ക്കുന്ന ഈ കക്ഷികള്‍ സി.പി.എമ്മിനെ എതിര്‍ക്കാന്‍ ഒന്നിക്കുകയാണ്. സി.പി.എമ്മിനെ ഒതുക്കണം എന്നാണ് കോണ്‍ഗ്രസ്സിന്റേയും ബി.ജെ.പിയുടേയും ലക്ഷ്യം. അതിനുവേണ്ടി സി.ബി.ഐയെ ഉപയോഗിക്കുന്നു, യു.എ.പി.എ ഉപയോഗിക്കുന്നു. നേരത്തെ ടാഡ, പോട്ട, മിസ ഇതൊക്കെ ഉപയോഗിച്ച് ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പുതിയ രൂപത്തിലുള്ള ഒരു ആക്രമണ രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഏതായാലും ഇക്കാര്യത്തില്‍ ഞങ്ങളെക്കുറിച്ച് തെറ്റായ രീതിയില്‍ ചിന്തിക്കുന്ന ആളുകളുടെ മനോഭാവം മാറ്റിയെടുക്കാന്‍ ഞങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കും. ഞങ്ങള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല. അക്രമംകൊണ്ട് ഒരു പാര്‍ട്ടിയേയും ഇല്ലാതാക്കാന്‍ കഴിയില്ല. അക്രമംകൊണ്ട് ഒരു പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഞങ്ങളുടെ പാര്‍ട്ടി ഈ കേരളത്തില്‍ എന്നോ ഇല്ലാതായിപ്പോകുമായിരുന്നു. ഞങ്ങളുടെ തൃശൂര്‍ സമ്മേളനത്തില്‍ 577 രക്തസാക്ഷി കുടീരങ്ങളില്‍നിന്ന് ദീപശിഖകള്‍ പുറപ്പെട്ടു. ഈ 577 കുടീരങ്ങളെന്നു പറഞ്ഞാല്‍ രക്തസാക്ഷികളുടെ എണ്ണം അത്രയുമല്ല, അതിലും കൂടുതലാണ്. ഉദാഹരണത്തിന്, പുന്നപ്ര വയലാറിലെ ആറ് രക്തസാക്ഷി കുടീരങ്ങളില്‍നിന്നാണ് ദീപശിഖകള്‍ പുറപ്പെട്ടത്. ഈ ആറ് സ്ഥലത്ത് രക്തസാക്ഷികളായത് 400-ലധികം കമ്യൂണിസ്റ്റുകാരാണ്. ഇത്രയേറെപ്പേര്‍ രക്തസാക്ഷിത്വം വഹിക്കേണ്ടിവന്ന പാര്‍ട്ടിയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം; സി.പി.എം. അതില്‍ 216 പേരെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ്സുകാരാണ്. 250-ല്‍ അധികം ആളുകളെ കൊന്നത് കോണ്‍ഗ്രസ്സാണ്. ബാക്കിയുള്ളവരെ കോണ്‍ഗ്രസ്സും ബ്രിട്ടീഷ് പട്ടാളവുമെല്ലാം ചേര്‍ന്ന് വെടിവച്ചും ലോക്കപ്പില്‍ കൊണ്ടുപോയി കൊന്നിട്ടുമാണ് ഇത്രയധികം പേര്‍ രക്തസാക്ഷികളായത്. അങ്ങനെയുള്ളൊരു പാര്‍ട്ടിയെയാണ് കൊലപാതകപ്പാര്‍ട്ടി എന്ന് ചിത്രീകരിക്കുന്നത്. ഞങ്ങളാണ് ഏറ്റവുമധികം ആക്രമണത്തിനു വിധേയമായ പാര്‍ട്ടി. അതുകൊണ്ടുതന്നെ ഞങ്ങള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല. എവിടെയെങ്കിലും എന്തെങ്കിലും സംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതുണ്ടാകാന്‍ പാടില്ല. ഞങ്ങള്‍ സമാധാനത്തിനു മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കുന്നവരാണ്. പ്രത്യേകിച്ച് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. ഞങ്ങളെയെല്ലാം വിളിച്ചു സംസാരിച്ചു. അവിടെ ഞങ്ങളൊരു വാക്ക് കൊടുത്തു, ഞങ്ങള്‍ മുന്‍കൈയെടുത്ത് ഒരു സംഭവവും നടത്തില്ല. അതില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കില്ല. കര്‍ശനമായ നിലപാട് സ്വീകരിച്ചുകൊണ്ട് സമാധാനം സ്ഥാപിക്കാന്‍ ഏതറ്റം വരെയും പോകാന്‍ സി.പി.എം സന്നദ്ധമാണ്. അതിനുള്ള തുടര്‍പ്രവര്‍ത്തനമായിരിക്കും ഇനി പാര്‍ട്ടി സംഘടിപ്പിക്കാന്‍ പോകുന്നത്. സമാധാനത്തിനാണ് പാര്‍ട്ടി മുന്‍ഗണന കൊടുക്കുന്നത്. 

ഇത് പ്രവര്‍ത്തകര്‍ക്കുള്ള കൃത്യമായ മെസ്സേജാണോ?

മെസ്സേജാണ് സമ്മേളനം കൊടുത്തിരിക്കുന്നത്. പരസ്യമായി ഞങ്ങള്‍ സമ്മേളനത്തില്‍ത്തന്നെ പ്രസംഗിച്ചു; സംസ്ഥാന സമ്മേളനത്തില്‍ ഒരു തീരുമാനമായിട്ടു വന്നു. ഈ രീതി തുടരാന്‍ പാടില്ല. ഇത് തെറ്റാണ് ചെയ്തത്. ഇത് നമുക്ക് ഒരു താക്കീതാണ് എന്നു പറഞ്ഞു. ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാത്ത ഒരു പ്രവര്‍ത്തനത്തിലും പങ്കെടുക്കാന്‍ പാടില്ല. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കണം. ജനങ്ങള്‍ അംഗീകരിക്കാത്ത ഒരു കാര്യം ചെയ്തതുകൊണ്ട് പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടാകില്ല. 
ചിലപ്പോള്‍ ചില സംഭവങ്ങള്‍ നമ്മള്‍ പണ്ടുകാലത്ത് ചെയ്തിട്ടുണ്ടാകാം. അന്നു ചെയ്തത് ആ കാലഘട്ടത്തില്‍ ചിലപ്പോള്‍ ശരിയായിരിക്കും; അന്ന് സമൂഹം അത് അംഗീകരിച്ചതുമായിരിക്കും. പക്ഷേ, സമൂഹം അംഗീകരിക്കാത്ത ഒരു സമീപനവും സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല. അത് പാര്‍ട്ടി അണികളെ ഞങ്ങള്‍ വിദ്യാഭ്യാസം ചെയ്യിക്കും. അങ്ങനെ തുടര്‍ച്ചയായ ഒരു പ്രചാരണ പരിപാടി ഇതിനുവേണ്ടി സംഘടിപ്പിക്കും. അതാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഇത്ര വലിയ ഭൂരിപക്ഷം കിട്ടിയതില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന്റെ പിന്തുണ വലിയ ഘടകമായി എന്ന് പാര്‍ട്ടിയും മുന്നണിയുംതന്നെ അംഗീകരിച്ചതാണ്. എന്നാല്‍ ഈ സര്‍ക്കാരിന്റെ പല നടപടികളും പ്രത്യേകിച്ചും പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍ ഏകപക്ഷീയമായി മാറുന്നു എന്ന വിമര്‍ശനം പലയിടത്തുനിന്നും ഉണ്ടാകുന്നു. പറവൂര്‍ സംഭവവും എം.എം. അക്ബറിന്റെ അറസ്റ്റുമാണ് രണ്ട് ഉദാഹരണങ്ങളായി ഈ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ. എന്താണ് പ്രതികരണം?

പറവൂര്‍ സംഭവം. മുസ്ലിം വിഭാഗത്തിലെ ഒരു തീവ്രവാദ സംഘടനയുടെ ഭാഗമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനം അതിന്റെയകത്തുണ്ട്. അവര്‍ വീടുകളില്‍ കയറി പ്രചരിപ്പിച്ച ലഘുലേഖ മതംമാറ്റത്തിനു പ്രോല്‍സാഹനം കൊടുക്കുന്നതും മതവൈരം കുത്തിയിളക്കുന്നതുമായ ലഘുലേഖയാണ്. അത്തരത്തിലുള്ള സംഭവങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കില്ല. അതിന്റെ ഭാഗമായി അവരുടെ പേരില്‍ നടപടിയെടുത്തു. നടപടിയെടുത്തെങ്കിലും അവരെ ദീര്‍ഘകാലം ജയിലിലടയ്ക്കുന്ന സമീപനമല്ല സര്‍ക്കാര്‍ സ്വീകരിച്ചത്. അവര്‍ക്ക് ജാമ്യം കൊടുത്തു. താക്കീത് ചെയ്തു വിട്ടയയ്ക്കുന്ന സമീപനം സ്വീകരിച്ചത് അവരെ തിരുത്താനാണ്. ഇത് ആരു സ്വീകരിച്ചാലും തെറ്റാണ്. ആര്‍.എസ്.എസ്സ് സ്വീകരിച്ചാലും മുസ്ലിം വിഭാഗത്തിലെ സംഘടന സ്വീകരിച്ചാലും തെറ്റാണ്. മുസ്ലിം ലീഗ് കേരളത്തില്‍ കാലങ്ങളായി സംഘടിതമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയല്ലേ. പക്ഷേ, മുസ്ലിം ലീഗ് ഈ തരത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന, മുസ്ലിം വിഭാഗത്തിലുള്ള ചില സംഘടനകള്‍, യഥാര്‍ത്ഥത്തില്‍ മുസ്ലീങ്ങളെക്കുറിച്ചുള്ള സങ്കല്‍പ്പത്തിനും ധാരണയ്ക്കും വിരുദ്ധമായ ഒരു മനോഭാവം സമൂഹത്തിലുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് സഹായം ചെയ്തുകൊടുക്കാന്‍ ഗവണ്‍മെന്റിന് സാധിക്കില്ല. അവരെ തിരുത്തിക്കണം. ഇങ്ങനെയൊരു ശ്രമം ഇവര്‍ നടത്തുന്നത് വര്‍ഗ്ഗീയ ശക്തികള്‍ക്ക്, പ്രത്യേകിച്ച് ഭൂരിപക്ഷ വര്‍ഗ്ഗീയ ശക്തികള്‍ക്ക് പ്രോല്‍സാഹനം ചെയ്തുകൊടുക്കും. മുസ്ലിം സംഘടനകള്‍തന്നെ അവരെ തിരുത്തിക്കണം. അതിനുള്ള ഒരു ഇടപെടലിന്റെ ഭാഗമായി അന്ന് കേസ് രജിസ്റ്റര്‍ ചെയ്യുക എന്നുള്ളത് താല്‍ക്കാലികമായി സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സഹായകരമായിരുന്നു. അല്ലെങ്കില്‍ വര്‍ഗ്ഗീയമായ ഒരു ചേരിതിരിവ് അവിടെ ഉണ്ടാകും. ആ ഇടപെടല്‍ തടയാന്‍ സാധിച്ചത് അത്തരമൊരു ഇടപെടല്‍ പൊലീസിന്റെ ഭാഗത്തുനിന്ന് നടത്തിയതുകൊണ്ടാണ്. അതാരുടെ ഭാഗത്തുനിന്നുണ്ടായാലും സര്‍ക്കാര്‍ അത് ചെയ്യേണ്ടതായിട്ടു വരും.
അക്ബറിന്റെ സംഭവം. അത് അവിടുത്തെ സ്‌കൂളുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണ്. അവിടെ പഠിപ്പിച്ച സിലബസാണ് പ്രശ്‌നം. അത് സാധാരണഗതിയില്‍ ഒരു പൊതുവിദ്യാലയത്തിന്റെ ഭാഗമായി പഠിപ്പിക്കേണ്ട കാര്യമല്ല. മതവൈരം ഉണ്ടാക്കുന്ന തരത്തില്‍, പുതിയ തലമുറയില്‍ മതവിദ്വേഷം ജനിപ്പിക്കുന്ന വിധത്തില്‍ പഠിപ്പിച്ചാല്‍ സാധാരണഗതിയില്‍ ഒരു നോട്ടീസ് അടിക്കുന്നതില്‍നിന്ന് വ്യത്യസ്തമാണ് അത്. അതിന്റെ ഭാഗമായിട്ടുള്ള നടപടി സ്വീകരിക്കാതിരുന്നാല്‍ ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികളാണ് മുതലെടുക്കുന്നത്. ഐ.പി.സി 153 പ്രകാരമുള്ള കേസ് എന്നുള്ള രീതിയിലല്ല അതിനെ കാണേണ്ടത്. 153 പ്രകാരം കേസുള്ളയാളുകള്‍ പലരുമുണ്ടാകും. പക്ഷേ, അതില്‍നിന്നു വ്യത്യസ്തമായ ഒരു തലം അതിന്റെ അകത്തുണ്ടായതുകൊണ്ടാണ് പൊലീസ് അന്വേഷണം നടത്തുകയും സ്‌കൂളിനെതിരായി നിയമനടപടി സ്വീകരിക്കുകയും ചെയ്തത്. അതോടൊപ്പം ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികള്‍ നടത്തുന്ന പാഠ്യപരിപാടിയ്ക്കകത്തും തെറ്റായ ചില കാര്യങ്ങളുണ്ട്. അതും പരിശോധിക്കേണ്ടതായിട്ടുണ്ട്. അതും സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മതനിരപേക്ഷതയ്ക്കു വിരുദ്ധമായിട്ടുള്ള പഠനം നടത്തലുകള്‍ പൊതുവിദ്യാലയത്തിനു നിരക്കാത്ത വിധത്തില്‍ സിലബസിനു വിരുദ്ധമായി പഠിപ്പിക്കുന്ന സ്ഥിതി ഉണ്ടായിക്കൂട. അത് കണ്ടില്ലെന്നു നടിച്ചാല്‍ ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികള്‍ കേരളത്തില്‍ മുതലെടുക്കും. അതിന് അവസരം കൊടുക്കാതിരിക്കാന്‍ മുസ്ലിം സംഘടനകള്‍ ജാഗ്രതയോടുകൂടി പ്രവര്‍ത്തിക്കണം. കേരളത്തിലെ മുസ്ലിം സംഘടനകള്‍ പൊതുവില്‍ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരാണ്. അതാണ് മഹാഭൂരിപക്ഷം മുസ്ലിങ്ങളുടെ അവസ്ഥ. പക്ഷേ, ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ട്. അതില്ലാ എന്ന് കാണരുത്. മുന്‍കാലത്തുനിന്ന് വ്യത്യസ്തമായ ഒരു സ്ഥിതിയുണ്ട് കേരളത്തില്‍. അതാണ് പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആ സംഭവങ്ങളെ നമ്മള്‍ പ്രോല്‍സാഹിപ്പിക്കുന്ന സ്ഥിതിവിശേഷം വന്നാല്‍ അത് കേരളത്തില്‍ ആര്‍.എസ്.എസ്സിനായിരിക്കും ഗുണം ചെയ്യുക. ആര്‍.എസ്.എസ്സിന്റെ തീവ്രവര്‍ഗ്ഗീയതയെ എതിര്‍ക്കണമെങ്കില്‍ മറ്റു വര്‍ഗ്ഗീയ പ്രചരണത്തേയും തുറന്നു കാണിക്കണം. അതാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം. അല്ലാതെ മുസ്ലിം വിരുദ്ധ സമീപനം സര്‍ക്കാരിനില്ല. മുസ്ലിമാണ് എന്നുള്ളതുകൊണ്ട് ഒരാളും ഇവിടെ പീഡിപ്പിക്കപ്പെടില്ല. മറ്റൊരു സംസ്ഥാനത്ത് മുസ്ലിമായിട്ട് വേഷം ധരിച്ചു നടക്കുന്നവരെ ആക്രമിക്കുന്നു. അതാണ് ജുനൈദിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം. ഒരാള്‍ ബീഫ് കഴിച്ചാല്‍ അവനെ കൊല്ലുന്നു. അത്തരമൊരു സംഭവവും കേരളത്തില്‍ നടക്കില്ല. മുസ്ലിം വേഷധാരിയായതുകൊണ്ടോ മുസ്ലിം ആചാരപ്രകാരം ജീവിക്കുന്നതുകൊണ്ടോ ഇവിടെ ഒരു സംഭവവും നടത്താന്‍ അനുവദിക്കില്ല. ഒരു കാരണവശാലും അത്തരം സംഭവങ്ങളെ ഗവണ്‍മെന്റ് പ്രോല്‍സാഹിപ്പിക്കില്ല, അത് അമര്‍ച്ച ചെയ്യും. അതേ സന്ദര്‍ഭത്തില്‍, മുസ്ലിം വിഭാഗത്തിന്റെ പേരിലായാലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, ഭീകരവാദ ചിന്താഗതികള്‍ പ്രചരിപ്പിക്കുന്നത് അനുവദിച്ചുകൂടാ. അത് മതനിരപേക്ഷതയ്ക്കു വിരുദ്ധമാണ്. അതില്‍ ഗവണ്‍മെന്റ് കര്‍ശനമായ നിലപാട് സ്വീകരിക്കുകയും വേണം. 

കേരളത്തിലെ മുസ്ലിം സമുദായത്തിലെ പ്രധാനപ്പെട്ട സുന്നി സംഘടനകളിലൊന്നായ എ.പി വിഭാഗം നേരത്തെ മുതല്‍ സി.പി.എം അനുകൂല രാഷ്ട്രീയ നിലപാടുകളാണല്ലോ സ്വീകരിക്കുന്നത്. ലീഗനുകൂലമായിരുന്ന ഇ.കെ. വിഭാഗമാകട്ടെ, സമീപകാലത്ത് ലീഗുമായി അകലുന്നു എന്ന സൂചനകള്‍ ശക്തമാണ്. അവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലുള്‍പ്പെടെ ചിലയിടങ്ങളില്‍ എല്‍.ഡി.എഫ് അനുകൂല നിലപാടെടുക്കുകയും ചെയ്തു. ഈ ധ്രുവീകരണത്തില്‍ ഇടതുപക്ഷം ഏതുവിധത്തിലാണ് രാഷ്ട്രീയമായി ഇടപെടുക?

മുസ്ലിം സമുദായത്തില്‍ വലിയ മാറ്റങ്ങളുണ്ട്. നേരത്തെ കേരളത്തിലെ മുസ്ലിം ബഹുജനങ്ങളില്‍ മുസ്ലിം ലീഗായിരുന്നു ഒരേയൊരു രാഷ്ട്രീയപ്പാര്‍ട്ടി. മുസ്ലിം ലീഗ് വിചാരിക്കുന്നതനുസരിച്ച് എല്ലാം നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു അവസ്ഥ കേരളത്തില്‍ ഉണ്ടായിരുന്നു. നിരവധി മുസ്ലിം സംഘടനകള്‍ കേരളത്തിലുണ്ട്. സുന്നി വിഭാഗത്തില്‍ ഇ.കെ, എ.പി എന്നീ രണ്ട് പ്രബലമായ വിഭാഗങ്ങളുണ്ട്. മുജാഹിദുകളുടെ സംഘടനകളുണ്ട്. ഈ സംഘടനകളെല്ലാം ഉണ്ടെങ്കിലും അവസാനം ലീഗ് ഉദ്ദേശിക്കുന്നതനുസരിച്ച് കാര്യങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുമായിരുന്നു. പ്രത്യേകിച്ച് മുമ്പത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാ മുസ്ലിം സംഘടനകളേയും ഒരു കുടക്കീഴിലാക്കി നിര്‍ത്താന്‍ അവര്‍ക്ക് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സാധിച്ചിരുന്നു. ഇപ്പോള്‍ അവര്‍ക്കത് കഴിയുന്നില്ല. അതിന്റെ കാരണം, ഇങ്ങനെയുള്ള ഏതിന്റെയെങ്കിലും കൂടെ നില്‍ക്കാതെ തന്നെ കേരളത്തിലെ മുസ്ലിം ബഹുജനങ്ങള്‍ സുരക്ഷിതരാണ് എന്നതാണ്. കേരളത്തിലെ ഇടതുപക്ഷ മതേതര ശക്തികളുടെ കരുത്താണ് കേരളത്തിലെ മുസ്ലിം ബഹുജനങ്ങള്‍ സുരക്ഷിതരായിരിക്കാന്‍ കാരണം. ഇത് അവര്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. മുസ്ലിംലീഗിനകത്തും ഈ മാറ്റം വരുന്നുണ്ട്. മുസ്ലിം ലീഗ് നേരത്തെയുള്ള അവസ്ഥയിലല്ല ഇപ്പോഴുള്ളത്. അതിനകത്തും പലതരത്തിലുള്ള അന്തഃഛിദ്രങ്ങളുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ ലീഗിനകത്തും വളര്‍ന്നുവരുന്നുണ്ട്. മുന്‍പ് തങ്ങള്‍ ഒരു തീരുമാനമെടുത്താല്‍ എല്ലാവരും അംഗീകരിക്കും. ഇന്ന്, കൂടിയാലോചന നടത്തി മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്ന നിലയിലേക്ക് ലീഗ് എത്തി. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായ ഒരു മാറ്റം മുസ്ലിം സമുദായത്തിനകത്തുതന്നെ വന്നുകൊണ്ടിരിക്കുന്നു. എ.പി സുന്നി ആയാലും ഇ.കെ സുന്നി ആയാലും പഴയതുപോലെ മാര്‍ക്‌സിസ്റ്റുവിരുദ്ധ സമീപനത്തിന് ഇന്ന് പ്രസക്തിയില്ല. വര്‍ഗ്ഗീയശക്തികള്‍, പ്രത്യേകിച്ചും ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തില്‍ രാജ്യത്തെ വിഴുങ്ങാന്‍ ശ്രമിക്കുന്ന സന്ദര്‍ഭത്തില്‍ കമ്യൂണിസ്റ്റുകാരുമായി യോജിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. മതന്യൂനപക്ഷ വിഭാഗങ്ങള്‍ കമ്യൂണിസ്റ്റുകാരുമായി യോജിച്ചു പ്രവര്‍ത്തിക്കുകയാണ്  വേണ്ടത്. 
മുസ്ലിങ്ങളില്‍ മാത്രമല്ല, ക്രിസ്ത്യാനികളിലും ദളിത് വിഭാഗങ്ങളിലുമൊക്കെ ധാരാളം സംഘടനകളുണ്ട്. അവയിലെ മതനിരപേക്ഷ ചിന്താഗതിയുള്ള സംഘടനകളും ഇടതുപക്ഷവുമായി സഹകരിക്കുകയാണ് വേണ്ടത്. ഒരു പുതിയ രാഷ്ട്രീയം രൂപപ്പെടുത്തിയെടുക്കാന്‍ കഴിയണം. കേരളത്തിലെ മുസ്ലിം സംഘടനകളെല്ലാം തന്നെ ഐ.എസ്.ഐ.എസ്സിന്റെ ഭാഗമല്ല. അവരിലെല്ലാം തന്നെ മതനിരപേക്ഷ ചിന്ത വര്‍ദ്ധിച്ചുവരുന്നുണ്ട്. അതിനു കാരണം ദേശീയ രാഷ്ട്രീയ രംഗത്തുവന്ന മാറ്റങ്ങളാണ്. മുന്‍പ് കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടില്‍ ചിന്തിച്ചുകൊണ്ടിരുന്ന മുസ്ലിങ്ങളുടെ ശത്രുക്കള്‍ ഇപ്പോള്‍ കമ്യൂണിസ്റ്റുകാരല്ല. ക്രിസ്ത്യന്‍ വിഭാഗത്തിനും കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു അവരുടെ ഒരുകാലത്തെ ശത്രു. വിമോചന സമരകാലത്ത്. ഇന്നത് മാറി. മുസ്ലിം ബഹുജനങ്ങളും ക്രിസ്ത്യന്‍ ബഹുജനങ്ങളും കമ്യൂണിസ്റ്റുപാര്‍ട്ടിയുമായി യോജിച്ചു നില്‍ക്കുന്ന സൗഹൃദപാതയിലേക്കു വന്നു. ശത്രുതാ മനോഭാവം മാറി. ഇതിന്റെ ഭാഗമാണ് സുന്നി വിഭാഗങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം. ഞങ്ങള്‍ അതില്‍ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ ഭാഗമായി നില്‍ക്കുന്നില്ല. എ.പി സുന്നി വിഭാഗത്തെ ബഹിഷ്‌ക്കരിക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചല്ലോ. അവരുടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന തെറ്റായ നിലപാടാണ് ലീഗ് സ്വീകരിച്ചത്. ആ നിലപാട് എ.പി സുന്നി വിഭാഗത്തോട് സ്വീകരിച്ചത് രാഷ്ട്രീയ കാരണങ്ങളാലാണ്. അങ്ങനെയൊരു നിലപാടിലേക്ക് പോകേണ്ട കാര്യമെന്താണ് എന്ന് ചൂണ്ടിക്കാട്ടി ഞങ്ങളതില്‍ ശക്തമായ നിലപാടെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില സ്ഥലത്ത് അവര്‍ ഞങ്ങളെ സഹായിച്ചു. അതിന്റെ പേരില്‍ അവരോട് ശത്രുതാപരമായ മനോഭാവമാണ് ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗം സ്വീകരിക്കുന്നത്. അങ്ങനെ അവരെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അങ്ങനെ അവരെ ഒറ്റപ്പെടുത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന് ഞങ്ങള്‍ പറഞ്ഞു. എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ സംഘടനയായാലും മറ്റു സംഘടനകളായാലും സമൂഹത്തില്‍ അവരുടേതായ സ്ഥാനമുണ്ട്. അവര്‍ ഞങ്ങളെ എതിര്‍ക്കാറുണ്ട്. പലപ്പോഴും. ഞങ്ങള്‍ അവരെയും എതിര്‍ക്കാറുണ്ട് പക്ഷേ, അവര്‍ക്കെതിരെ ലീഗ് സ്വീകരിച്ചതുപോലുള്ള സമീപനം സ്വീകരിക്കുന്നത് ഞങ്ങള്‍ അംഗീകരിക്കില്ല. അങ്ങനെയല്ല സമുദായ സംഘടനകളോട് സ്വീകരിക്കേണ്ട സമീപനം. എന്‍.എസ്.എസ് ഞങ്ങളെ എതിര്‍ക്കുന്നുണ്ട്, പലപ്പോഴും എതിര്‍ക്കാറുണ്ട്. ഞങ്ങള്‍ എന്‍.എസ്.എസ്സിന് എതിരല്ല. എസ്.എന്‍.ഡി.പി ഞങ്ങളെ എതിര്‍ക്കുന്നുണ്ട്. പക്ഷേ, ഞങ്ങള്‍ എസ്.എന്‍.ഡി.പിക്ക് എതിരല്ല. സാമുദായിക സംഘടനകളും മത സംഘടനകളും അവരുടേതായ ചില പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. അവരുടെ കൂടെ നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ക്കുന്നയിക്കാം. അവര്‍ ഉന്നയിക്കുന്ന ന്യായമായ കാര്യങ്ങളുടെ കൂടെ സി.പി.എം ഉണ്ടാവുകയും ചെയ്യും. പക്ഷേ, അവര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിനെ ഞങ്ങള്‍ തുറന്നുകാണിക്കും; അതിനെ ഞങ്ങള്‍ എതിര്‍ക്കുകയും ചെയ്യും. ഇതാണ് സമുദായ സംഘടനകളോടും മതസംഘടനകളോടും ഞങ്ങള്‍ സ്വീകരിക്കുന്ന സമീപനം. ഇവരുമായി ഒരു രാഷ്ട്രീയ മുന്നണി ഞങ്ങളുണ്ടാക്കില്ല. അങ്ങനെയൊരു രാഷ്ട്രീയ മുന്നണി വേണമെന്ന് അവരും ഞങ്ങളോട് ആവശ്യപ്പെടുന്നില്ല. അവരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ്. 
എസ്.എന്‍.ഡി.പി വിഭാഗത്തിന്റെ പ്രശ്‌നമാണ് സംവരണം. സാമുദായിക സംവരണം. ദേവസ്വം ബോര്‍ഡില്‍ ഇത്രയും കാലം സാമുദായിക സംവരണം ഉണ്ടായിട്ടില്ല. ഇടതുപക്ഷം വന്നപ്പോഴാണ് ആദ്യമായി സംവരണം ഏര്‍പ്പെടുത്താന്‍ തയ്യാറായത്. എന്‍.എസ്.എസ്സിന്റെ ആവശ്യമാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുക എന്നത്. അതൊരു സംസ്ഥാന സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്ന കാര്യമല്ല. ഭരണഘടന ഭേദഗതി ചെയ്യണം. പക്ഷേ, സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം ഞങ്ങളിപ്പോള്‍ ചെയ്തു. മുന്നോക്ക സമുദായങ്ങള്‍ക്ക്, അല്ലെങ്കില്‍ സംവരണാനുകൂല്യം കിട്ടാത്ത സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഒരു 10 ശതമാനം സംവരണം കൊടുക്കാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡില്‍ ഞങ്ങള്‍ കൈക്കൊണ്ടു. ഞങ്ങള്‍ എടുക്കുന്ന ഈ സമീപനത്തെയാണ് അവര്‍ പരിശോധിക്കേണ്ടത്. ഏതു മതത്തിലേയും സമുദായത്തിലേയും പാവപ്പെട്ടവരുടെ കൂടെയാണ് ഞങ്ങള്‍. മുസ്ലിം വിഭാഗത്തിലായാലും മറ്റു സമുദായങ്ങളിലായാലും ഏറ്റവും പാവപ്പെട്ടവരാണ് വര്‍ഗ്ഗപരമായി ഞങ്ങളുടെ ഒപ്പം നില്‍ക്കേണ്ട ജനവിഭാഗം. അത് ഏതു മതത്തില്‍പ്പെട്ടവരായാലും ഞങ്ങള്‍ അവരുടെ കൂടെയായിരിക്കും.

കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളും ഇടതുപക്ഷത്തിന്റെ സാന്നിധ്യവും ഇവിടെ വര്‍ഗ്ഗീയ ശക്തികളെ തടഞ്ഞുനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. പക്ഷേ, സമീപകാലത്ത് വര്‍ഗ്ഗീയ ശക്തികളുടെ അടിത്തറ വിപുലപ്പെടുന്ന ഒരു സ്ഥിതി പ്രകടമാണ്. മതേതരത്വത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന ഈ മാറ്റം സി.പി.എമ്മിനെക്കൂടിയല്ലേ ദുര്‍ബ്വലപ്പെടുത്തുന്നത്?

ഇതില്‍ ആര്‍.എസ്.എസ്സ് ഇന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷിയാണ്. മൂന്നു വര്‍ഷം മുന്‍പുള്ള അവസ്ഥയല്ല. ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ ഘടനാപരമായ ഒരു മാറ്റം വന്നിട്ടുണ്ട്. ആ മാറ്റം വലതുപക്ഷത്തിലേക്കുള്ള മാറ്റമാണ്. ലോകത്താകെ വലതുപക്ഷത്തിലേക്കുള്ള ഒരു മാറ്റം വന്നിട്ടുണ്ട്. അമേരിക്കയില്‍ ട്രംപ് വന്നതും മറ്റുപല രാജ്യങ്ങളിലേയുമൊക്കെ സ്ഥിതി. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ മാറ്റം ബി.ജെ.പിക്ക് അനുകൂലമായാണ് വന്നത്. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയും ഇതിന്റെയൊരു ഭാഗമാണ്. അവരുടെകൂടെ നിന്ന ജനവിഭാഗങ്ങളാണ് വലിയ തോതില്‍ ബി.ജെ.പിയിലേക്ക് മാറിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും സംഭവിച്ചിരിക്കുന്നത് അതാണ്. അതിന്റെ കാരണം, കഴിഞ്ഞ 25 കൊല്ലമായി നടപ്പാക്കിയ ഉദാരവല്‍ക്കരണമാണ്. അതാണ് വര്‍ഗ്ഗീയ ശക്തികള്‍ക്ക് വളരാനുള്ള അവസരമുണ്ടായത്. ഇതുപയോഗിച്ചത് വലതുപക്ഷത്തിലെ ആര്‍.എസ്.എസ് ആഭിമുഖ്യമുള്ളവരാണ്. അതിന്റേതായ പ്രശ്‌നം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ബാധിക്കും. ഒരു പാര്‍ട്ടിയെ മാത്രമായി ബാധിക്കാതിരിക്കില്ല. സമൂഹത്തിലുള്ള ഒരു കടന്നുകയറ്റമാണത്. വര്‍ഗ്ഗീയതയും മതബോധവും ശക്തിപ്പെടുത്തുക, ജാതിബോധത്തെ മതബോധമാക്കി മാറ്റുക. ഇത് കണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിയുന്നില്ലെങ്കില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയിലും പ്രശ്‌നങ്ങള്‍ വരും. നമ്മുടെ പാര്‍ട്ടി അണികളിലും ആശയക്കുഴപ്പമുണ്ടാകും. ഇപ്പോള്‍ കേരളത്തില്‍ ഞങ്ങളുടെ പാര്‍ട്ടിക്ക് 4,60,000 മെമ്പര്‍മാരാണുള്ളത്. പാര്‍ട്ടി മെമ്പര്‍മാര്‍ അത്രയുമാണെങ്കിലും ഞങ്ങള്‍ക്ക് ഒന്നരക്കോടിയോളം ജനങ്ങളില്‍ സ്വാധീനമുണ്ട്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കേരളത്തിലെ ജനസംഖ്യയില്‍ 40 ശതമാനത്തിലധികം ആളുകള്‍ ഞങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ്. ശത്രുവിന്റെ മുന്നിലും ഞങ്ങള്‍ക്കു ബന്ധമുണ്ടാകും. അത് കേരളത്തിന്റെയൊരു പ്രത്യേകതയാണ്. ഇങ്ങനെയുള്ള പ്രത്യേകതയുള്ള കേരളത്തില്‍ ഇവരെല്ലാം കമ്യൂണിസ്റ്റ് ആശയഗതിക്കാരായിരിക്കില്ല. മാര്‍ക്‌സിസം-ലെനിനിസം പഠിച്ചവരല്ല. ഇവരില്‍ ദൈവ വിശ്വാസികളുണ്ട്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പെട്ടുപോകുന്നവരുണ്ട്. ഈ വിഭാഗങ്ങളിലേക്കാണ് ആര്‍.എസ്.എസ് കടന്നുകയറാന്‍ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള ബോധങ്ങളെ ഉപയോഗിച്ചുകൊണ്ട്. അതിനെ ഫലപ്രദമായി ചെറുക്കണമെങ്കില്‍ യുക്തിചിന്ത പ്രചരിപ്പിക്കണം. ശാസ്ത്രബോധം പ്രചരിപ്പിക്കണം. മുന്‍കാലങ്ങളില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തിച്ചതുപോലെ ഇപ്പോള്‍ പ്രവര്‍ത്തിച്ചാല്‍ പോരാ. ഈ പുതിയ പ്രശ്‌നങ്ങളെക്കൂടി അഭിമുഖീകരിക്കാന്‍ കഴിയുന്ന തരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരണം. 
നേരത്തെ കോണ്‍ഗ്രസ്സിനെ എതിര്‍ത്താല്‍ മതി. അല്ലെങ്കില്‍ കേരളത്തില്‍ മുസ്ലിം ലീഗിനെ എതിര്‍ത്താല്‍ മതി. ഇപ്പോഴതു പോര. ആക്രമണോല്‍സുകമായ രീതിയിലുള്ള വര്‍ഗ്ഗീയത രാജ്യത്ത് ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അവരുടെ പ്രത്യയശാസ്ത്രത്തെക്കൂടി തുറന്നു കാണിച്ചു പ്രവര്‍ത്തിക്കണം. ഹിന്ദുത്വ എന്നത് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. ആ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കണമെങ്കില്‍ വര്‍ഗ്ഗപരമായ പ്രത്യയശാസ്ത്രം ഉയര്‍ന്നുവരണം. വര്‍ഗ്ഗീയതയെ മറ്റൊരു വര്‍ഗ്ഗീയതകൊണ്ട് എതിര്‍ക്കാന്‍ സാധിക്കില്ല. അതിന് എല്ലാ വിഭാഗങ്ങളിലുംപെട്ട ആളുകളുടെ വര്‍ഗ്ഗപരമായ ഐക്യമാണ് വേണ്ടത്. ഇന്ന് രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 73 ശതമാനം ധനികരായ ഒരു ശതമാനത്തിന്റെ കൈകളിലാണ്. ബാക്കി 99 ശതമാനക്കാരുടെ കൈയില്‍ 27 ശതമാനം സ്വത്ത് മാത്രമേയുള്ളു. ഇന്ത്യയില്‍ അസമത്വം വര്‍ധിച്ചുവരികയാണ്. ഈ അസമത്വം വര്‍ധിച്ചുവരുന്ന ജനങ്ങളെയാണ് ജാതിയടിസ്ഥാനത്തിലും മതത്തിന്റെ അടിസ്ഥാനത്തിലും വിഭജിച്ച് കുത്തകമുതലാളിത്ത ഭരണം നിലനിര്‍ത്താന്‍ ആര്‍.എസ്.എസ് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റുകളാണ് ഇതിന് പ്രോല്‍സാഹനം കൊടുക്കുന്നത്. കോര്‍പ്പറേറ്റ് മീഡിയ. ദൃശ്യമാധ്യമങ്ങള്‍, അച്ചടി മാധ്യമങ്ങള്‍ ഇതിന് അനുകൂലമായി വലിയ പ്രചാരവേലകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അവര്‍ക്ക് അവരുടെ ഈ ഭരണം നിലനിര്‍ത്തണം. അതിനുവേണ്ടി വര്‍ഗ്ഗീയതയെ അവര്‍ പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് ഈ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അണിനിരത്തുക, വര്‍ഗ്ഗപരമായ ഐക്യത്തിലേക്ക് അണിനിരത്തുക എന്ന ലക്ഷ്യത്തോടുകൂടി പോകണമെങ്കില്‍ നേരത്തെ നമ്മള്‍ പ്രവര്‍ത്തിച്ചതുപോലെ മാത്രം പ്രവര്‍ത്തിച്ചാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ നിലനില്‍ക്കാന്‍ കഴിയില്ല. അതിന് ലക്ഷ്യബോധത്തോടുകൂടി പ്രവര്‍ത്തിക്കണം. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ അംഗങ്ങളും ഒപ്പം നില്‍ക്കുന്ന ബഹുജനങ്ങളും ഇതിനെതിരെ നിരന്തരമായ ബോധവല്‍ക്കരണം നടത്തണം, ആശയപ്രചരണം നടത്തണം. പൊതുവില്‍ പ്രകടനം നടത്തുക, ജാഥ നടത്തുക, സമരം നടത്തുക എന്ന രീതിയില്‍നിന്നു മാറി ആശയപരമായ കരുത്തുള്ളവരാക്കി മുഴുവനാളുകളേയും മാറ്റി ഈ പ്രത്യയശാസ്ത്ര ബോധം ജനങ്ങളില്‍ ഉണ്ടാക്കിക്കൊണ്ടു വേണം പ്രവര്‍ത്തിക്കാന്‍. അതിനു പകരം താല്‍ക്കാലികമായ പ്രവര്‍ത്തനം മാത്രം പോര. അത്തരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തണം. തൃശൂര്‍ സമ്മേളനം അതിന് തീരുമാനിച്ചിട്ടുണ്ട്. അതിന്റെ നാനാവശങ്ങളെക്കുറിച്ചു ഞങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി രാഷ്ട്രീയ പഠനപ്രക്രിയയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. ഇ.എം.എസ് അക്കാദമിയെ ഇതിനുവേണ്ടി ശക്തമാക്കാന്‍ ഉദ്ദേശിക്കുകയാണ്, ഒരു അനൗപചാരിക സര്‍വ്വകലാശാലപോലെ. എല്ലാ ജില്ലകളിലും ഈ പഠന ഗവേഷണ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും വര്‍ഗ്ഗ ബഹുജന സംഘടനാ അംഗങ്ങള്‍ക്കും രാഷ്ട്രീയ പ്രത്യയശാസ്ത്ര വിദ്യാഭ്യാസം കൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. മറ്റുപല സംസ്ഥാനങ്ങളിലും ഞങ്ങളുടെ ബഹുജന സംഘടനാ പ്രവര്‍ത്തകരുടെ വോട്ടുകളൊന്നും തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് കിട്ടുന്നില്ല എന്നാണ് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായത്. തമിഴ്നാട്ടിലും മറ്റു പല സംസ്ഥാനങ്ങളിലും ഇതു കാണാം. ഇതിനു കാരണം, നമ്മളും മറ്റുള്ളവരും മുഖാമുഖം ഏറ്റുമുട്ടുമ്പോള്‍ അവര്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്യും. നമ്മള്‍ മുഖ്യശക്തിയല്ല എന്നു കാണുമ്പോള്‍ അവര്‍ അവര്‍ക്കിഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യും. ഇതാണ് മറ്റു പല സംസ്ഥാനങ്ങളിലും നടക്കുന്നത്. രാഷ്ട്രീയബോധത്തില്‍, ആശയതലത്തില്‍ വരുന്ന ദുര്‍ബ്ബലതയാണ് അതിനു കാരണം. അതിലേക്കു വന്നുപോകുന്നതാണ് ശത്രുവര്‍ഗ്ഗത്തിനു ഗുണം ചെയ്യുന്നത്. അതാണ് ആര്‍.എസ്.എസ്സും ചെയ്യുന്നത്. അവര്‍ വളരെ ആസൂത്രിതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ കേഡര്‍മാര്‍ക്ക് വിദ്യാഭ്യാസമുണ്ട്, ലക്ഷക്കണക്കിനാളുകളെ പ്രചാരകന്മാരാക്കി വച്ചിരിക്കുന്നു, ഫുള്‍ടൈം കേഡര്‍മാരായിട്ട് നിശ്ചയിച്ചിരിക്കുന്നു. ഇതിനെല്ലാമുള്ള ഫണ്ട് കോര്‍പ്പറേറ്റുകള്‍ അവര്‍ക്ക് കൊടുക്കുന്നു. നാട്ടില്‍ അവര്‍ ഫണ്ടൊന്നും പിരിക്കുന്നില്ല. കോര്‍പ്പറേറ്റുകളുടെ പാര്‍ട്ടിയാണ് ബി.ജെ.പി. കോര്‍പ്പറേറ്റുകളാണ് അവരുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മുഴുവന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍നിന്നു വ്യത്യസ്തമായി തൊഴിലാളികള്‍ക്കിടയില്‍ നിന്നുതന്നെ ഫണ്ട് കണ്ടെത്തിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കോര്‍പ്പറേറ്റുകളുടെ പണം ഞങ്ങള്‍ക്ക് ആവശ്യമില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റ് ഫണ്ട് കൊടുക്കുന്നത് നിരോധിക്കുകയാണ് വേണ്ടത്. ഇതാണിന്ന് ബി.ജെ.പിയുടെ ഏറ്റവും വലിയ ധനസ്രോതസ്സായി മാറിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പണാധിപത്യത്തിലേക്കു എത്തുന്നത് ഇതിന്റെ ഫലമായാണ്. ഇതിനെല്ലാം വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു വിപ്ലവ ബഹുജന പ്രസ്ഥാനമാണ് സി.പി.എം. ആ നിലയിലേക്ക് പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കണം. വിപ്ലവ സ്വഭാവം വര്‍ധിപ്പിക്കുക, ബഹുജന പിന്തുണ വര്‍ധിപ്പിക്കുക ഈ ലക്ഷ്യമാണ് സി.പി.എമ്മിനുള്ളത്.

കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസ്സിനെ ഇടതുമുന്നണി ഘടക കക്ഷിയാക്കാനുള്ള നീക്കങ്ങള്‍ പരസ്യമായിത്തന്നെ നടന്നിരുന്നല്ലോ. സി.പി.ഐ അതിന് എതിരുമാണ്. എല്‍.ഡി.എഫ് പുനസ്സംഘടിപ്പിക്കുന്നുണ്ടോ?
ഞങ്ങള്‍ അതു സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ല. കെ.എം. മാണിയും ഒരു തീരുമാനവും എടുത്തിട്ടില്ല. ഇതു സംബന്ധിച്ച് ഒരു വിവാദത്തിന് ഇപ്പോള്‍ ഇടമില്ല. സി.പി.ഐ എന്തുകൊണ്ടാണ് ദിവസവും ഇതു ചര്‍ച്ചാവിഷയമാക്കുന്നത് എന്ന് അവരാണ് പറയേണ്ടത്. ഞങ്ങളിതുവരെ അങ്ങനെയൊരു തീരുമാനമെടുത്തതായി സി.പി.ഐയെ അറിയിച്ചിട്ടില്ല. കെ.എം. മാണി ഇങ്ങനെയൊരു തീരുമാനമെടുത്തതായി ഞങ്ങളേയും അറിയിച്ചിട്ടില്ല. അങ്ങനെയൊരു സ്ഥിതിവിശേഷം ഇപ്പോള്‍ കേരളത്തില്‍ ഇല്ല. അങ്ങനെ എന്തെങ്കിലുമൊരു സംഭവമുണ്ടാകുമ്പോള്‍ ഞങ്ങളത് ചര്‍ച്ച ചെയ്യും. കെ.എം. മാണിയുടെ പാര്‍ട്ടി ഇടതുപക്ഷവുമായി സഹകരിക്കാന്‍ സന്നദ്ധമാകുന്ന ഒരു സ്ഥിതിവിശേഷം വന്നാല്‍ അപ്പോഴത് ചര്‍ച്ച ചെയ്യും. ആ ഘട്ടത്തിലേ ഞങ്ങളതു ചര്‍ച്ച ചെയ്യൂ. അങ്ങനെ ചര്‍ച്ച ചെയ്തുകഴിഞ്ഞാല്‍ത്തന്നെ സി.പി.ഐയുമായി ചര്‍ച്ച ചെയ്തിട്ടേ തീരുമാനമെടുക്കുകയുള്ളു. ഇടതുപക്ഷ മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടേ തീരുമാനമെടുക്കുകയുള്ളു. ഇടതുപക്ഷ മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഒരു കക്ഷിയേയും മുന്നണിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ല. അത്തരത്തിലൊരു ചര്‍ച്ചയ്ക്ക് ഇപ്പോള്‍ യാതൊരു പ്രസക്തിയുമില്ല. അനവസരത്തില്‍ ഇത്തരമൊരു ചര്‍ച്ച നടത്തുന്നത് രാഷ്ട്രീയ എതിരാളികള്‍ക്ക് ഇടതുപക്ഷ മുന്നണിയില്‍ അഭിപ്രായവ്യത്യാസമാണ് എന്ന് പ്രചരിപ്പിക്കാന്‍ മാത്രമേ അവസരമാവുകയുള്ളു. സി.പി.ഐയും സി.പി.എമ്മും ഏറ്റവും യോജിച്ചു പ്രവര്‍ത്തിക്കുന്ന രണ്ടു പാര്‍ട്ടികളാണ്. ഏതുകാര്യവും ഞങ്ങള്‍ രണ്ടു പാര്‍ട്ടികളും ചര്‍ച്ച ചെയ്‌തേ തീരുമാനിക്കുകയുള്ളു. സി.പി.ഐ അറിയാതെ ഇക്കാര്യത്തില്‍ സി.പി.എം ഒരു തീരുമാനമെടുക്കുകയില്ല. അതാണ് ഈ കാര്യത്തില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ കൂടി വിലയിരുത്തലാകില്ലേ? ബി.ജെ.പി ജയിച്ചേ പറ്റൂ എന്നുറപ്പിച്ചാണുതാനും?


എല്‍.ഡി.എഫിന് ചെങ്ങന്നൂരില്‍ വിജയിക്കാവുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇടതുപക്ഷ മുന്നണിക്ക് അനുകൂലമാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യം. ബി.ജെ.പി ഇതിനെക്കാള്‍ വലിയ സന്നാഹങ്ങളോടുകൂടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. അന്നത്തേതിനെക്കാള്‍ കൂടുതലൊന്നും ഇപ്പോള്‍ അവര്‍ കാണിക്കാന്‍ പോകുന്നില്ല. ബി.ജെ.പിയുടെ തനിനിറം ജനങ്ങള്‍ക്ക് മനസ്സിലായ സാഹചര്യത്തില്‍ അന്നു കിട്ടിയ വോട്ടുപോലും അവര്‍ക്ക് ഇന്നു നേടാന്‍ സാധിക്കില്ല. ബി.ജെ.പി എന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി. അതുകൂടി കണക്കിലെടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ചെങ്ങന്നൂരിലുള്ളത്. ഇടതുപക്ഷ മുന്നണി ആ സീറ്റ് നിലനിര്‍ത്തും.
ഭരണവിരുദ്ധ വികാരം ഇന്ന് കേരളത്തിലില്ല. ഭരണത്തിന് അനുകൂലമായ വികാരമാണ് അവിടെ പ്രതിഫലിക്കാന്‍ പോകുന്നത്. അത് ഞങ്ങള്‍ ശക്തമായി പ്രചരിപ്പിക്കും. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തന്നെയായിരിക്കും ഞങ്ങള്‍ക്ക് ഗുണം ചെയ്യുക. അതുകൊണ്ട് ഞങ്ങള്‍ക്ക് പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട്.

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ട് രണ്ട് വര്‍ഷമാകുന്നു. 16 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായിരുന്ന മുതിര്‍ന്ന നേതാവ്. പല സന്ദര്‍ഭങ്ങളിലും മാധ്യമങ്ങള്‍ ആക്രമിക്കുകയും അദ്ദേഹം അതിനെയൊക്കെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. സമീപദിവസങ്ങളില്‍ അദ്ദേഹംതന്നെ നടത്തിയ ഒരു പ്രതികരണം വലിയ ചര്‍ച്ചയായി. താന്‍ വണ്ടിയിടിച്ച് മരിക്കണം എന്നാഗ്രഹിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ വരെ കേരളത്തിലുണ്ട് എന്നാണ് പറഞ്ഞത്. പിണറായി വിജയനെ ഉന്നംവച്ചിരിക്കുന്ന ഒരു മാധ്യമ സമൂഹം ഇവിടെയുണ്ടോ?
ഇതിപ്പോള്‍ ആദ്യമായി കേരളത്തില്‍ തുടങ്ങിയതല്ലല്ലോ. കേരളത്തിലെ കമ്യൂണിസ്റ്റു വിരുദ്ധ മാധ്യമങ്ങളുടെ മുഖ്യ അജന്‍ഡ സി.പി.എമ്മിനെ തകര്‍ക്കുക എന്നതാണ്. പാര്‍ട്ടിയുടെ നേതൃതലത്തില്‍ നില്‍ക്കുന്നവരെ ആക്രമിക്കുക എന്ന അജന്‍ഡ. അതുകൊണ്ട് പിണറായി വിജയനെതിരായ ആക്രമണം പാര്‍ട്ടിക്കെതിരായ ആക്രമണമാണ്. പാര്‍ട്ടി നേതൃത്വത്തെ ശിഥിലമാക്കുക, അതാണ് ആക്രമണത്തിനു പിന്നിലുള്ളത്. ഒരുപാടു സംഭവങ്ങള്‍ ഇവിടെ കേരളത്തില്‍ നടത്തിയിട്ടുണ്ട്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവര്‍ ഇനിയും തുടര്‍ന്നുകൊണ്ടിരിക്കും. അതില്‍ ജാഗ്രത പാലിക്കുക എന്നതു മാത്രമാണ് സി.പി.എമ്മിനു ചെയ്യാനുള്ളത്. അവര്‍ തുടരട്ടെ. കേരളത്തിലെ മാധ്യമ സിന്‍ഡിക്കേറ്റെന്നോ മാധ്യമ കോക്കസെന്നോ പറയുന്ന ശക്തികള്‍ സജീവമാണ്. അവര്‍ ഒരു കേന്ദ്രത്തിലിരുന്ന് വാര്‍ത്തയുണ്ടാക്കുന്നു. അത് വിശ്വസനീയമാണെന്നു വരുത്താന്‍ ശ്രമിക്കുന്നു. അത് അവരിനിയും തുടരും. അതിനെ നേരിട്ട് ഞങ്ങള്‍ മുന്നോട്ടു പോകും. ഇതുകൊണ്ടൊന്നും ഞങ്ങള്‍ പതറാന്‍ പോകുന്നില്ല. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ സ്വാഭാവികമായിട്ടും ഉണ്ടാകും. കമ്യൂണിസ്റ്റായാല്‍ ഇതൊക്കെ ഉണ്ടാകുമെന്ന് മനസ്സിലാക്കിയിട്ടേ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ചേരാന്‍ പറ്റുകയുള്ളു. ഇതൊക്കെ മനസ്സിലാക്കിയിട്ടാണ് സി.പി.എം പ്രവര്‍ത്തിക്കുന്നത്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു പതര്‍ച്ചയുമില്ല. വേവലാതിയുമില്ല. ജനങ്ങളെയാണ് ഞങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. മാധ്യമങ്ങളുടെ പരിലാളനകളേറ്റ് വളര്‍ന്നുവന്നവരല്ല കേരളത്തിലെ സി.പി.എം നേതാക്കള്‍. പത്രത്തിന്റെ താളുകളിലൂടെ നേതാക്കളായവരല്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വളര്‍ന്നുവന്നവരാണ്; ചോരയും നീരും നല്‍കി നേതൃത്വത്തിലേക്കു വന്നവരാണ്. അതുകൊണ്ട് ഏതെങ്കിലും മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരവേലയുടെ മുന്നില്‍ തളര്‍ന്നുപോകുന്ന പാര്‍ട്ടിയോ നേതൃത്വമോ അല്ല. അതുകൊണ്ടുതന്നെ പിണറായി വിജയനെ സംബന്ധിച്ച് ഇപ്പോള്‍ ഉണ്ടായിട്ടുള്ള ക്രൂരമായ തരത്തിലുള്ള ആക്ഷേപങ്ങളും വിമര്‍ശനങ്ങളും രോഗപരിശോധനയ്ക്കു പോകുന്നതിനെക്കുറിച്ചുപോലും ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിപ്പിക്കുന്ന രീതി ഇതിലൂടെയൊക്കെ പ്രതിഫലിക്കുന്നത് കേരളത്തിലെ മാധ്യമങ്ങളുടെ സംസ്‌കാരമാണ്. അത് അവര്‍ തുടരട്ടെ, അവരുടെ ജോലിയുടെ ഭാഗമാണത്. ഞങ്ങള്‍ ഞങ്ങളുടെ ശരിയായ നിലപാടുകളുമായി മുന്നോട്ടു പോകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com