നവരചനയുടെ കാല്‍പ്പന്താഘോഷം

രാത്രി മോസ്‌ക്കോയിലെ ലൂഷ്‌നിക്കി സ്റ്റേഡിയത്തില്‍ 90 മിനിറ്റുകള്‍ നീണ്ടുനിന്ന യുദ്ധം കണ്ട് ക്രമാതീതമായി മിടിച്ച ഹൃദയങ്ങളെ ദിദിയര്‍ ദിഷാംപ്സിന്റെ ഫ്രെഞ്ച് കുട്ടികള്‍ വിജയസ്പര്‍ശം കൊണ്ട് ശാന്തരാക്കി. 
നവരചനയുടെ കാല്‍പ്പന്താഘോഷം

ലോകം വൈരങ്ങളും വര്‍ണ്ണഭേദങ്ങളും മാറ്റിവെയ്ക്കപ്പെട്ട ഒരു മാസക്കാലം. ഭൂമിയില്‍ മനുഷ്യവാസമുള്ളയിടങ്ങളെല്ലാം  ആവേശത്തിന്റെ കൊടുമുടി കയറിയ ആ 31 ദിനരാത്രങ്ങളുടെ ജീവിതതാളം റഷ്യയിലെ കളിമേടുകളിലെ ആ പന്തിന്റെ സഞ്ചാരപഥത്തിനൊപ്പമായിരുന്നു. ഒടുവില്‍ ജൂലൈ 15-ന്റെ രാത്രി മോസ്‌ക്കോയിലെ ലൂഷ്‌നിക്കി സ്റ്റേഡിയത്തില്‍ 90 മിനിറ്റുകള്‍ നീണ്ടുനിന്ന യുദ്ധം കണ്ട് ക്രമാതീതമായി മിടിച്ച ഹൃദയങ്ങളെ ദിദിയര്‍ ദിഷാംപ്സിന്റെ ഫ്രെഞ്ച് കുട്ടികള്‍ വിജയസ്പര്‍ശം കൊണ്ട് ശാന്തരാക്കി. 

ഭൂപടത്തിന്റെ മുറിവുകളില്‍നിന്ന് ലോക ഫുട്‌ബോളിന്റെ രാജരഥ്യയിലേക്ക് ഒരു കൊടുങ്കാറ്റുപോലെ വീശിയടിച്ച കൊച്ചു ക്രൊയേഷ്യയുടെ സ്വപ്നങ്ങളെ തല്ലിക്കൊഴിച്ച് 4-2 വിജയത്തോടെ രണ്ടാം രാജസൂയം പൂര്‍ത്തിയാക്കിയ ഫ്രാന്‍സ് തന്ത്രമികവിന്റേയും ആസൂത്രണത്തിന്റേയും ആവിഷ്‌കാരത്തിന്റേയും കുറ്റമറ്റ പാഠങ്ങളാണ് കാട്ടിത്തന്നത്. സെമി ഫൈനലിലെ അതേ ടീമുകളില്‍ വിശ്വാസമര്‍പ്പിച്ച ഫ്രാന്‍സും ക്രൊയേഷ്യയും കളിമികവിലും വിഭവശേഷിയിലും തുല്യരെന്നു തോന്നിച്ചെങ്കിലും എതിരാളിയുടെ ദൗര്‍ബ്ബല്യങ്ങള്‍ കണ്ടറിഞ്ഞ് അവിടെ തങ്ങളുടെ ആയുധങ്ങള്‍ മൂര്‍ച്ചയോടെ പ്രയോഗിക്കുന്നതില്‍ ഫ്രാന്‍സ് ഒരു കാതം മുന്നിലായിരുന്നു. കപ്പിനും ചുണ്ടിനുമിടയില്‍ വിജയത്തിന്റെ പാനപാത്രം നുകരാനാവാതെ തട്ടിയുടഞ്ഞുവീണ ക്രൊയേഷ്യയുടെ സങ്കടങ്ങളെല്ലാം ഫുട്‌ബോള്‍ പ്രേമികളും ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു. 

ഒരു മാസക്കാലം റഷ്യയില്‍ വിസ്മയക്കുതിപ്പ് നടത്തിയതിനൊടുവിലാണ് ക്രൊയേഷ്യയ്ക്ക് ഇങ്ങനെ ഒരു വിധി ദുരന്തമുണ്ടായത്. ചരിത്രത്തിന്റെ തനിയാവര്‍ത്തനം കൂടിയായിരുന്നു അത്. ലോക കപ്പില്‍ തങ്ങള്‍ അരങ്ങേറ്റം കുറിച്ച 1998-ല്‍ സെമിഫൈനലില്‍ ആതിഥേയരായ ഫ്രാന്‍സിനു മുന്നിലാണ് ക്രൊയേഷ്യ വീണത്. ഫുട്‌ബോളിലെ സ്‌കോര്‍ ബോര്‍ഡിന് പറയാന്‍ കഴിയുന്നതല്ല ഏതു ടീമിനായിരുന്നു തന്ത്രമികവെന്ന്. ഫൈനലിന്റെ ഭൂരിഭാഗവും പന്തിന്മേലുള്ള ആധിപത്യത്തിലും ആക്രമണത്തിലും ക്രൊയേഷ്യയായിരുന്നു മുന്നില്‍. എതിര്‍ദിശയില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന 4-1-4-1 വ്യൂഹസംവിധാനത്തില്‍ അണിനിരന്ന ക്രൊയേട്ടുകളെ അടക്കിനിര്‍ത്താന്‍ ഫ്രാന്‍സ് 4-4-2 ന്റെ പ്രതിരോധാത്മക തന്ത്രം സ്വീകരിച്ചു. എന്നാല്‍, അവസരങ്ങള്‍ തുറന്നെടുക്കുന്നതിലും അത് മുതലാക്കുന്നതിലും അലംഭാവം കാട്ടിയതുമില്ല. 

ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിച്ച വന്‍താരങ്ങളുടെ പിഴവുകള്‍ അവരുടെ ദുരന്തമായി. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വിജയശില്പിയായ മരിയോ മാന്‍സുക്കിച്ച് ഫൈനലില്‍ സ്വന്തം പോസ്റ്റിലേക്കായിരുന്നു പന്തിനു തലവെച്ചു കൊടുത്തത്. 18-ാം മിനിറ്റിലെ മാന്‍ക്കിച്ചിന്റെ ആ ദാന ഗോളോടെയാണ് കളി മാറിമറിഞ്ഞത്. ഭാഗ്യദേവത ഫ്രാന്‍സിന്റെ ശിബിരത്തില്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ ക്രൊയേഷ്യന്‍ നിരയിലെ രണ്ട് പേര്‍ നിര്‍ഭാഗ്യത്തിന്റെ കൂട്ടാളികളായി. റഷ്യന്‍ ലോക കപ്പിലെ 12-ാമത്തെ സെല്‍ഫ് ഗോള്‍ സ്വന്തം പേരിനോടു ചേര്‍ത്തുവെച്ച മാന്‍സുക്കിച്ചാണ് ആ ഹതഭാഗ്യരില്‍ ഒന്നാമന്‍. മാന്‍സുക്കിച്ചിന്റെ പിഴവിന് പ്രതിവിധി ചെയ്ത ഒന്നാംതരമൊരു ഗോളിലൂടെ ഇവാന്‍ പെരിവിച്ച് ഫ്രാന്‍സിന്റെ വല കുലുക്കി. പക്ഷേ, പിന്നീട് എതിര്‍മുന്നേറ്റത്തെ ചെറുക്കാനുള്ള ശ്രമത്തില്‍ പന്ത് 'കൈകാര്യം' ചെയ്ത പെരിസിച്ച് തന്നെ ഫ്രാന്‍സിന് പെനാല്‍റ്റി സമ്മാനിച്ചു. ഈ രണ്ട് പിഴവുകള്‍ ക്രൊയേഷ്യയുടെ വീഴ്ചയില്‍ നിര്‍ണായകമായി ഭവിച്ചു. 
അന്തിമ വിശകലനത്തില്‍ ഫ്രാന്‍സിന്റെ തന്ത്രജ്ഞതയും വ്യക്തിഗത മികവുമാണ്  ക്രൊയേഷ്യയുടെ കൈയില്‍നിന്ന് കളി തട്ടിയെടുത്തതെന്നു കാണാം. പോള്‍ പോഗ്ബയുടേയും കിലിയന്‍ എംബപ്പെയുടേയും ഗോളുകള്‍ അതിന്റെ തെളിവായി. 

രണ്ടാം ഫ്രെഞ്ച് വിപ്ലവം
അന്റോയ്ന്‍ ഗ്രീസ്മാന്റെ നേതൃത്വത്തിലിറങ്ങിയ ടീമിലൂടെ രണ്ട് ദശകത്തിനുള്ളിലെ രണ്ടാം ഫ്രെഞ്ച് വിപ്ലവം. അതാകട്ടെ, റഷ്യയുടെ മണ്ണില്‍ കാല്‍പ്പന്തിന് പുതിയ വിതാനങ്ങള്‍ സമ്മാനിച്ചും നിറച്ചാര്‍ത്തുകളേകിയും കലാശിച്ചു. 20 വര്‍ഷം, മൂന്ന് ഫൈനലുകള്‍, രണ്ട് കിരീടം. ഏതളവുകോല്‍ വെച്ചും അതുല്യമായ നേട്ടമാണിത്. 1998-ല്‍ സ്വന്തം മണ്ണില്‍ ഫ്രാന്‍സ് ആദ്യമായി കിരീടമുയര്‍ത്തിയപ്പോള്‍ നായകനായിരുന്ന ദിദിയര്‍ ദിഷാംപ്സ് കളിക്കാരനായും കോച്ചായും ലോക കപ്പ് ഉയര്‍ത്തുന്ന മൂന്നാമത്തെ വ്യക്തിയെന്ന അപൂര്‍വ്വ ശോഭയിലെത്തി. ഈ ഇരട്ട നേട്ടത്തിലെ മറ്റ് രണ്ട് പേര്‍ ജര്‍മ്മനിയുടെ ഫ്രാന്‍സ് ബെക്കന്‍ ബോവറും (1974, 1990) ബ്രസീലിന്റെ മരിയോ സഗോലയും (1958, 1962, 1970) ആണ്. 

യൂറോപ്പില്‍നിന്ന് ഒന്നിലധികം തവണ ലോക കപ്പ് നേടുന്ന മൂന്നാമത്തെ രാജ്യമാണ് ഫ്രാന്‍സ്. ഇറ്റലി, ജര്‍മ്മനി എന്നിവര്‍ നാല് തവണ വീതം ചാമ്പ്യന്‍മാരായി. ഈ രണ്ടാം ജയത്തോടെ കപ്പ് നേട്ടത്തില്‍ ഫ്രാന്‍സ് യുറഗ്വായ്ക്കും (1930, 1950) അര്‍ജന്റീനയ്ക്കും (1978, 1986) ഒപ്പമെത്തുകയും ചെയ്തു. 

അതേസമയം 1950-ല്‍ യുറഗ്വായ് എന്ന തെക്കേ അമേരിക്കയിലെ കുഞ്ഞന്‍ രാജ്യം ലോക കപ്പിന്റെ കലാശപ്പോരാട്ടത്തിലെത്തിയശേഷം ആദ്യമായാണ് ക്രൊയേഷ്യയെപ്പോലൊരു കൊച്ചു രാജ്യം ഫൈനലില്‍ കടക്കുന്നത്. ഇതുവരെ 21 ലോക കപ്പുകളില്‍ എട്ട് രാജ്യങ്ങള്‍ മാത്രമാണ് ജേതാക്കളായിട്ടുള്ളത്. രണ്ടാം തവണ കിരീടം നേടിയ ഫ്രാന്‍സിന്റെ നീലക്കുപ്പായക്കാര്‍ യൂറോപ്പിനും ലാറ്റിനമേരിക്കയ്ക്കും പുറത്തുള്ളവര്‍ക്ക് ലോകകപ്പ് അപ്രാപ്യമാണെന്ന് ഒരിക്കല്‍ക്കൂടി പ്രഖ്യാപിക്കുന്നു. അതുല്യമായ പോരാട്ടവീര്യവും ആത്മസമര്‍പ്പണവും പ്രദര്‍ശിപ്പിച്ച ക്രൊയേഷ്യയെ തികഞ്ഞ പ്രൊഫഷണലിസവും സാങ്കേതികമേന്മയും തന്ത്രജ്ഞതയും പാരമ്പര്യശക്തിയും കൊണ്ട് മറികടക്കുകയായിരുന്നു ഫ്രാന്‍സ്. 

എന്നാല്‍, 41 ലക്ഷം ജനങ്ങള്‍ മാത്രമുള്ള ബാള്‍ക്കന്‍ രാജ്യമായ ക്രൊയേഷ്യയുടെ ഈ പരാജയം പോലും വിജയത്തോളം പോന്നതാണ്. യക്ഷിക്കഥയുടെ നിഗൂഢ സൗന്ദര്യമുള്ള പ്രയാണ വഴികളിലൂടെ കടന്നാണ് ക്രൊയേഷ്യ ലൂഷ്‌നിക്കി സ്റ്റേഡിയത്തില്‍ ഫ്രാന്‍സുമായി മുഖാമുഖം നിന്നത്. 
എല്ലാ അര്‍ത്ഥത്തിലും ലോക ഫുട്‌ബോളിലെ അത്ഭുതക്കൂട്ടമാണ് ക്രൊയേഷ്യന്‍ ടീം. കാല്‍പ്പന്ത് കളിയെന്നാല്‍ ഒത്തൊരുമയുടെ കളിയാണെന്ന് തെളിയിക്കുകയാണ് ക്രൊയേഷ്യ. ഒപ്പം ലോക കപ്പിനെക്കുറിച്ച് ഇതുവരെ നിലനിന്നിരുന്ന ചില ഭയപ്പാടുകളും അവര്‍ ഇല്ലാതാക്കി. 

ലൂക്കാമോഡ്രിച്ച് എന്ന മാന്ത്രികന്‍
ലോക കപ്പ് ഫുട്‌ബോളില്‍ ക്രൊയേഷ്യയുടെ വൈഖരികളുടെ ശില്പിയാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. അവരുടെ നായകനും നിയന്താതാവുമായ ലൂക്കാമോഡ്രിച്ച്. പാതിവഴിയില്‍ സ്വപ്നങ്ങള്‍ ഉപേക്ഷിച്ചുപോയ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും സാധിക്കാത്തത് ഈ 32-കാരന്‍ നേടി. 

പഴയ യുഗോസ്ലാവ്യന്‍ ഫുട്‌ബോള്‍ പാരമ്പര്യത്തിന്റെ ഉറച്ച അടിത്തറയില്‍ നിന്നുകൊണ്ട് കാലം തേച്ചുമിനുക്കിയെടുത്ത മുത്തുകളാണ് ഈ പടക്കളത്തില്‍ രക്തവും വിയര്‍പ്പും ചിന്തിയ ലൂക്കാ മോഡ്രിച്ചും ഇവാന്‍ റാക്കിട്ടിച്ചും ഇവാന്‍ പെറാസിച്ചും ആന്റേ റാബിച്ചും മാന്‍സുക്കിച്ചും ദൊമാഗോജ് വിദയും ബാറിനു കീഴിലെ മിന്നല്‍ പ്രകടനത്തിലൂടെ ശ്രദ്ധേയനായ ഡാനിയേല്‍ സുബാസിച്ചും ഒക്കെ ഉള്‍പ്പെട്ട ഈ ക്രൊയേഷ്യന്‍ സംഘം. 

ഓരോ മത്സരവും ഓരോ അഗ്‌നിപരീക്ഷകളൊരുക്കി കാത്തിരുന്നപ്പോഴും അവിടെയൊന്നും ഇടറാതേയും പതറാതേയും ക്രൊയേഷ്യന്‍ യാനത്തെ നിയന്ത്രിച്ച അതുല്യനായ കപ്പിത്താനാണ് മോഡ്രിച്ച്. എതിരാളികളുടെ ആപല്‍മേഖലയെ നിര്‍ഭയം കടന്നാക്രമിച്ചും അവര്‍ ഒരുക്കിവെയ്ക്കുന്ന കെണികളില്‍ വീഴാതേയും അവര്‍ക്ക് കെണികള്‍ ഒരുക്കിയും മോഡ്രിച്ച് ക്രൊയേഷ്യന്‍ സംഘത്തെ ഒന്നാകെ ചേര്‍ത്തുപിടിച്ചു. നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും നേടാന്‍ ഒരുപാടുണ്ടെന്നും ഈ നായകന്‍ ടീമിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഉഷ്ണജ്വാലകള്‍ ഉയര്‍ന്ന തീക്ഷ്ണമായ ഫൈനലിന്റെ അവസാനം ഈ നൂറ്റാണ്ടിന്റെ അഞ്ചാമത്തെ ലോക കിരീടം ഫ്രാന്‍സിനാണെന്ന് വിധിയെഴുതപ്പെട്ടപ്പോഴും ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യ ഹൃദയഹാരിയായ ഒരു കളി സംഘമായി ചരിത്രത്തിലേക്ക് കയറിപ്പോവുകയായിരുന്നു. 

അതേ ക്രൊയേഷ്യ നമുക്ക് പകര്‍ന്നുതന്നത് സൗമ്യമായ ഒരു ആഹ്ലാദമാണ്. നായകന്റെ ആത്മവീര്യത്തിനു മുന്നില്‍ ഒരേ അണിയായിനിന്ന് ക്രൊയേട്ടുകള്‍ ആലപിച്ച വീരഗാഥ ആരെയാണ് പുളകംകൊള്ളിക്കാത്തത്. ക്രോട്ടുനിരയുടെ മാന്ത്രികനാണ് ലൂക്കാ മോഡ്രിച്ച്. എതിരാളികള്‍ വിജയത്തോടടുക്കുമെന്നു തോന്നിച്ചപ്പോഴും തങ്ങള്‍ക്ക് ഇനിയും പോരാട്ടം ബാക്കിയുണ്ടെന്നു തെളിയിച്ച മത്സരങ്ങള്‍ പക്കലുണ്ട്. റഷ്യന്‍ മൈതാനത്തെ ഏറ്റവും വലിയ ഓട്ടക്കാരനായ മോഡ്രിച്ച് ഏഴ് മാസങ്ങളിലായി 70-ലേറെ കിലോമീറ്ററാണ് ഓടിത്തീര്‍ന്നത്. 

അര്‍ഹിച്ച നേട്ടമാണ് മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ഗോള്‍ മോഡ്രിച്ചിനെ തേടിയെത്തിയത്. തോല്‍വിയുടെ വക്കില്‍നിന്നുപോലും തന്റെ പ്രകടനത്തിലൂടെ ഈ മധ്യനിര പോരാളി ടീമിനെ കരകയറ്റി. കേവലം കാറ്റുനിറച്ച ഒരു പന്തല്ല, മറിച്ച് ഒരു നാടിന്റെ സ്വപ്നങ്ങളിലേക്കും പ്രതീക്ഷകളിലേക്കുമായിരുന്നു ക്രൊയേഷ്യന്‍ സംഘം പന്ത് തട്ടിയത്. ദുരിതങ്ങളുടെ പടുകുഴിയില്‍നിന്നാണ് ലൂക്കാ മോഡ്രിച്ച് ലോക ഫുട്‌ബോളില്‍ പ്രഭ വിടര്‍ത്തിയത്. യുദ്ധക്കെടുതികളുടെ നടുവില്‍നിന്നുകൊണ്ട് നരകതുല്യമായ ജീവിതം പിന്നിട്ട മോഡ്രിച്ച് ഇച്ഛാശക്തിയുടേയും നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതിഭാസ്പര്‍ശത്തിന്റേയും പന്ത് കളിച്ചുകൊണ്ടാണ് ഇന്ന് ലോക ഫുട്‌ബോളിലെ അതുല്യരായ കളിക്കാരുടെ നിരയിലേക്ക് ഉയര്‍ന്നത്. റയല്‍ മാഡ്രിഡിനൊപ്പം മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍. ഇപ്പോഴിതാ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരവും അര്‍ഹമായ കൈകളില്‍ തന്നെ ചെന്നെത്തിയിരിക്കുന്നു. 

സര്‍വ്വാധിപത്യത്തിന്റെ കാലം കഴിയുന്നു
സര്‍വ്വാധിപത്യമില്ല. സര്‍വ്വാധിപതികളുമില്ല. അതിന്റെ കാലം കഴിഞ്ഞുവെന്ന് അടിവരയിടുകയായിരുന്നു റഷ്യന്‍ ലോക കപ്പ്. നിലവിലെ ജേതാക്കളായ ജര്‍മ്മനി ആദ്യ റൗണ്ടില്‍ത്തന്നെ വാല്‍ചുരുട്ടി വിരണ്ടു മടങ്ങിയപ്പോള്‍ തുടങ്ങി അട്ടിമറികളുടെ കഥ. അത്യാഹിതങ്ങളെന്നു വിശേഷിപ്പിക്കുന്നതാവും ശരി. അട്ടിമറികളെന്ന വിശേഷണത്തില്‍ പെടുത്തിയാല്‍, കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് തങ്ങളുടെ കളിവിരുതിന് പുതിയ തൊങ്ങലുകള്‍ ചാര്‍ത്തിയെത്തിയ ടീമുകളോട് നീതികേട് കാട്ടുന്നതാവും അത്. 

എങ്കിലും വന്‍മരങ്ങളുടെ വീഴ്ചയില്‍ പ്രകമ്പനംകൊണ്ട ഈ ലോക കപ്പ് ആസ്വാദനത്തിന്റേയും ലാവണ്യത്തിന്റേയും പുതിയ രൂപരേഖ ഉണ്ടാക്കിയെന്നുതന്നെ പറയാം. എന്നാല്‍, റഷ്യയില്‍ പന്തുരുളും മുന്‍പേ 21-ാമത് ലോക കപ്പിലെ വന്‍വീഴ്ചകള്‍ തുടങ്ങിയിരുന്നു. നാല് തവണത്തെ ജേതാക്കളായ ഇറ്റലിയും ടോട്ടല്‍ ഫുട്‌ബോളിന്റെ ഏറ്റവും നല്ല പ്രയോക്താവായ ഇതിഹാസ താരം യോഹാന്നര്‍ ക്രൈതിന്റെ പിന്‍മുറക്കാരായ ഹോളണ്ടും ലാറ്റിന്‍ രുചിയുടെ ചിലിയും ആദ്യ ലോക കപ്പ് മുതല്‍ കരുത്തു കാണിച്ചിരുന്ന അമേരിക്കയും ഇത്തവണ പന്തു തട്ടാന്‍ അവസരം കിട്ടാത്ത സംഘങ്ങളായി യോഗ്യതാ വഴികളില്‍ വീണുപോയിരുന്നു. റഷ്യയിലേക്ക് ടിക്കറ്റ് കിട്ടാതെ അവരെല്ലാം വീട്ടിലിരുന്നപ്പോള്‍ ആമുഖത്തിന്റെ അടരുകളില്‍നിന്ന് റഷ്യയിലേക്ക് അഗ്‌നിശോഭയോടെ കടന്നുവന്നത് ലോക ഫുട്‌ബോളിലെ കുഞ്ഞന്‍മാരായ പനാമയും ഐസ്ലന്‍ഡുമാണെന്നോര്‍ക്കുക. 

അതിന്റെ തുടര്‍ച്ചയായിരുന്നു റഷ്യയില്‍ കളി തുടങ്ങിയപ്പോള്‍ കണ്ടത്. നിലവിലെ ജേതാക്കളായ ജര്‍മ്മനിയെ നിലംതൊടാന്‍ അനുവദിക്കാതെ മെക്സിക്കോയും ദക്ഷിണ കൊറിയയും കൂടി പറത്തിവിട്ടത്. തുടര്‍ന്ന് പോര്‍ച്ചുഗലും സ്പെയിനും അര്‍ജന്റീനയും കപ്പ് നേടുമെന്ന് ഉറപ്പിച്ചുവന്ന ബ്രസീലും കൊളംബിയയും രംഗം വിടുന്ന കാഴ്ചകളായിരുന്നു. ഈ ടീമുകളുടെയെല്ലാം വീഴ്ചകള്‍ ലോകകപ്പിന്റെ ഗരിമയ്ക്കും താളലയങ്ങള്‍ക്കും ഇടിവ് സൃഷ്ടിച്ചെങ്കിലും ഫുട്‌ബോള്‍ വളരുകയാണെന്നും പുതിയ സരണികളുടേയും കണ്ടുപിടുത്തങ്ങളുടേയും കാലമാണിതെന്നും അടിവരയിട്ടുറപ്പിച്ചുകൊണ്ടാണ് റഷ്യയില്‍ പോരാട്ടം നിലച്ചത്. രണ്ടോ മൂന്നോ വന്‍ശക്തികളുടെ ആധിപത്യമേഖലയായി ചുരുങ്ങാതെ കളിയുടെ സര്‍ഗ്ഗാത്മകതയിലും സാങ്കേതികതയിലും ഉരുത്തിരിയുന്ന കാല്‍പ്പന്തിന്റെ പുതിയ ചക്രവാളങ്ങള്‍ കാണിച്ചുകൊടുക്കാന്‍ ക്രൊയേഷ്യയും ബല്‍ജിയവും ഇംഗ്ലണ്ടുമടക്കം പുതുശക്തിയാര്‍ജ്ജിച്ച ടീമുകള്‍ക്ക് കഴിഞ്ഞു. 
ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ട് വന്‍കരകളുടെ പോരാട്ടമായിരുന്നു. ബ്രസീലും യുറഗ്വായും ലാറ്റിന്‍ സംഗീതമാലപിക്കാതെയും ലാറ്റിന്‍ രുചികള്‍ സമ്മാനിക്കാതെയും നിഷ്പ്രഭരാക്കപ്പെട്ടപ്പോള്‍ പിന്നീടത് യൂറോപ്പിനുമാത്രം അവകാശപ്പെട്ട പോരാട്ടമായി മാറി. അതിനു മുന്‍പേ ഏഷ്യയുടേയും ആഫ്രിക്കയുടേയും മധ്യ അമേരിക്കയുടേയും പോരാട്ടങ്ങള്‍ അവസാനിക്കുകയും ചെയ്തു. 

അതേസമയം യൂറോപ്പിന്റേയും ലാറ്റിനമേരിക്കയുടേയും ശക്തികള്‍ക്കു മുന്‍പില്‍ അപകര്‍ഷതാബോധമില്ലാതെ പോരാടാനാവുമെന്നും ചിലപ്പോള്‍ തോളോടു തോള്‍ നിന്ന് മാറ്റുരക്കാനാവുമെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഏഷ്യന്‍ ടീമുകളായ ഇറാനും ദക്ഷിണ കൊറിയയും ജപ്പാനും സെനഗലും നൈജീരിയയും മൊറോക്കൊയുമെല്ലാം മടങ്ങിയത്. ചാമ്പ്യന്‍മാരുടെ ശവപ്പെട്ടിയില്‍ ഒരാണി തറിപ്പിച്ച കൊറിയയും നിര്‍ഭാഗ്യംകൊണ്ട് നോക്കൗട്ട് നഷ്ടമാക്കിയ സെനഗലും സ്പെയിനോട് ഒറ്റ ഗോളിനു മാത്രം തോല്‍ക്കുകയും പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടുകയും മെറോക്കോയോട് വിജയം പിടിച്ചുവാങ്ങുകയും ചെയ്ത ഇറാനും ബല്‍ജിയത്തെ വിറപ്പിച്ചുവിട്ട ജപ്പാനും കാണികളുടെ ഹൃദയം കവര്‍ന്നുകൊണ്ടാണ് റഷ്യയില്‍നിന്നു കളം വിട്ടത്. കറുത്ത വര്‍ഗ്ഗക്കാരായ കുടിയേറ്റക്കാരുടെ പ്രതിഭാശേഷിയില്‍ വാര്‍ത്തെടുക്കപ്പെട്ട ഫ്രെഞ്ച് വിജയത്തിലെ വിയര്‍പ്പുമുത്തുകള്‍ ആഫ്രിക്കന്‍കരയുടെ കാല്‍പ്പന്തിന്റെ ഉറവ വറ്റാത്ത വിഭവശേഷിയുടെ സാക്ഷ്യപത്രം കൂടിയാണെന്ന കാര്യം മറക്കരുത്. ആഫ്രിക്കയിലെ ഫുട്‌ബോള്‍ സംവിധാനങ്ങളും ഭരണനിര്‍വ്വഹണവും യൂറോപ്പിന്റേതുപോലെ കിടയറ്റതായിരുന്നെങ്കില്‍ റൊമേയു ലൂക്കാക്കുവും കിലിയന്‍ എംബാപ്പെയും പോള്‍ പോഗ്ബയും എന്‍ഗോളെ കാന്റെയുമടക്കം അസംഖ്യം കളിക്കാര്‍ ഫ്രാന്‍സിന്റെയോ ബല്‍ജിയത്തിന്റെയോ ഇംഗ്ലണ്ടിന്റെയോ ഒക്കെ കുപ്പായങ്ങളില്‍ കാണാനാവുമായിരുന്നോ എന്ന ചോദ്യവും പ്രസക്തമാകുന്നു. 
ഇംഗ്ലണ്ട്, ഫ്രാന്‍സ്, ബല്‍ജിയം, ക്രൊയേഷ്യ ടീമുകള്‍ അവസാന നാളില്‍ നിറഞ്ഞതോടെ റഷ്യ ലോകകപ്പ് ഒരു യൂറോക്കപ്പായി മാറി. ബല്‍ജിയത്തിനെതിരെ നേടിയ ഫ്രാന്‍സിന്റെ വിജയം സമാന രീതികളുടെ ഏറ്റമുട്ടലിലെ തന്ത്രങ്ങളുടെ മാറ്റുരയ്ക്കലായിരുന്നു. സമാനതന്ത്രവും യുവത്വവുമായെത്തിയ ഇംഗ്ലണ്ടിന് ക്രൊയേഷ്യയുടെ മുന്നില്‍ കാലിടറി വീഴുകയും ചെയ്തു. 

പെലെയെ ഓര്‍മ്മിപ്പിക്കുന്നു
1958-ലെ സ്വീഡന്‍ ലോക കപ്പിലൂടെ ഒരു കൊള്ളിയാന്‍പോലെ ഉദിച്ചുയര്‍ന്ന് കളിയുടെ മാന്ത്രിക സഞ്ചിയും പീലിക്കെട്ടുകളുമായി ലോക ഫുട്‌ബോളിലെ ചക്രവര്‍ത്തിയായി മാറിയ പെലെയെ ഓര്‍മ്മിപ്പിക്കുകയാണ് കൗമാരക്കാരനായ കിലിയന്‍ എംബാപ്പെ. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഫ്രാന്‍സിനുവേണ്ടി ഇരട്ടഗോള്‍ നേടിക്കൊണ്ട് ഒരു മത്സരത്തില്‍ രണ്ട് ഗോള്‍ നേടുന്ന കൗമാരതാരമെന്ന റെക്കോര്‍ഡില്‍ പെലെയ്‌ക്കൊപ്പമെത്തിയ എംബാപ്പെ ക്രൊയേഷ്യക്കെതിരായ ഫൈനലിലും ലക്ഷ്യം കണ്ടു. അതോടെ പെലെയ്‌ക്കൊപ്പം മറ്റൊരു കിന്നരിയും അസാധാരണ വേഗവും പന്തടക്കവും ഡ്രിബിളിങ്ങുംകൊണ്ട് എതിരാളികളെ അമ്പരപ്പിക്കുന്ന ഈ 19-കാരനും ചാര്‍ത്തിക്കിട്ടി. ലോക കപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ കൗമാരക്കാരനെന്ന ബഹുമതിയാണ് ഗോളടിക്കുന്നതിലും അതിനു വഴിയൊരുക്കുന്നതിലും ഒരുപോലെ ശേഷിയും നൈപുണ്യവുമുള്ള എംബാപ്പെയ്ക്കല്ലാതെ മറ്റാര്‍ക്കാണ് മികച്ച യുവതാരത്തിനു പുരസ്‌കാരം നല്‍കുക.

റഷ്യയില്‍ പ്രതിഭ തെളിയിച്ച യുവതാരങ്ങളില്‍ ഫ്രാന്‍സിന്റെ പ്രതിരോധതാരമായ ബെഞ്ചമിന്‍ പവാര്‍ഡും തലയെടുപ്പോടെ നില്‍ക്കുന്നു. അര്‍ജന്റീനയ്‌ക്കെതിരെ ഒന്നാംതരമൊരു ഗോള്‍ നേടിയ പവാര്‍ഡ്, 1998-ല്‍ ലിലിയന്‍തുറാം ലോകകപ്പില്‍ ഗോള്‍ നേടിയതിനുശേഷം ലോകകപ്പില്‍ ഗോളടിക്കുന്ന ഫ്രാന്‍സിന്റെ ആദ്യ പ്രതിരോധ താരമാണ്. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്വത്താണ്. വയസ്സ് 22.

റഷ്യയില്‍നിന്ന് ജര്‍മ്മനിക്ക് ടിക്കറ്റ് നല്‍കിയ ഗോളിനുടമയായ മെക്സിക്കോയുടെ യിര്‍വിങ്ങ് ലൊസാനോയാണ് താരപദവിയിലെത്തിയ മറ്റൊരാള്‍. ലോകകപ്പിലെ പ്രകടനത്തിലൂടെ ബാഴ്സലോണയും യുവന്റസുമടക്കം വമ്പന്‍ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായിരിക്കയാണ് ഹോളണ്ടിലെ പി.എസ്.വിഐന്തോവന്റെ ഈ മിഡ് ഫീല്‍ഡര്‍. റഷ്യയില്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു താരം സി.എസ്.കെ. മോസ്‌കോയുടെ മധ്യനിരക്കാരനായ അലക്സാണ്ടര്‍ ഗോളോവിനാണ്. ഉദ്ഘാടന മത്സരത്തില്‍ റഷ്യയ്ക്കുവേണ്ടി സൗദിഅറേബ്യക്കെതിരെ തകര്‍പ്പന്‍ ഫ്രീക്കിക്ക് ഗോളും രണ്ട് ഗോള്‍ സഹായവുമായി അരങ്ങുവാണ ഗോളോവിനെ യെല്‍വിച്ച  
യുവന്റസുമടക്കം വമ്പന്‍ ക്ലബ്ബുകള്‍ നോട്ടമിട്ടിരിക്കുകയാണ്.

അതേസമയം വിളിപ്പാടകലെ നഷ്ടപ്പെട്ട ലോക കപ്പിന്റെ നഷ്ടബോധത്തിലാണ് ലോക കപ്പിലെ ടോപ്പ്‌സ്‌കോററും ഇംഗ്ലണ്ടിന്റെ യുവനായകനുമായ ഹാരികെയ്ന്‍. അടിച്ചുകൂട്ടിയ ഗോളുകളുടെ കണക്കെടുപ്പില്‍ ഗോള്‍ഡന്‍ ബൂട്ടിനുടമയായെങ്കിലും ടൂര്‍ണമെന്റിലുടനീളം മികവ് പുലര്‍ത്താന്‍ കഴിയാതെ പോയി. കളിക്കളത്തില്‍ സമചിത്തതയോടെയും സൗമ്യതയോടെയും ടീമിനെ നയിച്ചെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ടീമിന്റെ ആക്രമണോത്സുകത നിലനിര്‍ത്തുന്നതിലും പ്രതിഭാശേഷിക്കൊത്തുയരാന്‍ 25-കാരനായ ഹാരികെയ്ന് കഴിഞ്ഞില്ല. ആത്യന്തികമായി ആ പോരായ്മ ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തിനു വിഘാതമാവുകയും ചെയ്തു.

മെസ്സിയുടെ മാന്ത്രിക സ്പര്‍ശം
ഈ ലോകകപ്പ് കണ്ട ഏറ്റവും സുന്ദരമായ ഗോളില്‍ പതിഞ്ഞത് ലയണല്‍ മെസ്സിയുടെ മാന്ത്രികസ്പര്‍ശമായിരുന്നു. നൈജീരിയയ്‌ക്കെതിരെ എവര്‍ ബനേഗയുടെ കിടയറ്റ ക്രോസിനെ നെഞ്ചിലെടുത്ത് തുടകൊണ്ട് തടുത്ത് കണ്ണടച്ചു തുറക്കും മുന്‍പേ വലങ്കാലനടിയിലൂടെ മെസ്സി നെറ്റിലെത്തിച്ചു. ഗോളുകളുടെ പവിഴ ശേഖരത്തില്‍ എന്നും അരുമയോടെ സൂക്ഷിച്ചുവെയ്ക്കാവുന്ന അസുലഭ സൗന്ദര്യമുള്ള ഈ ഗോള്‍, 1998-ല്‍ ഹോളണ്ടിന്റെ ഡെന്നിസ് ബര്‍കാംബ് അര്‍ജന്റീനയ്‌ക്കെതിരെ നേടിയ ഗോളിനെക്കാള്‍ മികച്ചതായി നിരീക്ഷകര്‍ വാഴ്ത്തുന്നു.

അര്‍ജന്റീനയ്‌ക്കെതിരെ ഫ്രാന്‍സിന്റെ പ്രതിരോധതാരം ബെഞ്ചമിന്‍ പവാര്‍ഡിന്റേയും ജപ്പാനെതിരെ ബെല്‍ജിയത്തിന്റെ നാസര്‍ ചാഡ്ലിയുടേയും ഗോളുകളും റഷ്യയിലെ മികച്ച ഗോളുകളില്‍പ്പെടുന്നു.
അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ സ്‌പെയിന്‍-പോര്‍ച്ചുഗല്‍ (3-3), ജര്‍മനി-സ്വീഡന്‍ (2-1), പ്രീക്വാര്‍ട്ടറിലെ ഫ്രാന്‍സ്-അര്‍ജന്റീന (4-3), ബെല്‍ജിയം-ജപ്പാന്‍ (3-2), ക്വാര്‍ട്ടറില്‍ റഷ്യ-ക്രൊയേഷ്യ (6-5), (2-2) മത്സരങ്ങള്‍ പോരാട്ടത്തിന്റെ തീക്ഷ്ണതകൊണ്ടും ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കയറ്റിറക്കങ്ങള്‍കൊണ്ടും വിസ്മയ ഗോളുകളുടെ ചാരുതകൊണ്ടും ആരാധകരുടെ മനസ്സു നിറച്ചവയാണ്.

പ്രതിരോധ പാഠങ്ങളുടെ പന്താട്ടം
പരമ്പരാഗതമായ പ്രതിരോധച്ചുവടുകളില്‍നിന്ന് ആക്രമണങ്ങളുടെ കടലിരമ്പങ്ങളായി യൂറോപ്പിന്റെ കരുത്തുറ്റ നിരകള്‍ കളംമാറ്റി ചവിട്ടിയതായിരുന്നു നാല് വര്‍ഷം മുന്‍പ് ബ്രസീല്‍ ലോകകപ്പിനെ സജീവമാക്കിയ ഘടകം. എന്നാല്‍, റഷ്യയില്‍ കണ്ടത് പ്രതിരോധാത്മക പരീക്ഷണങ്ങളാണ്. പ്രതിരോധമുറകള്‍ സുന്ദരമായി നടപ്പാക്കിയ സെനഗലും മൊറോക്കോയും കൊറിയയും ഇറാനും കൊളംബിയയുമടക്കം രണ്ടാം നിരയിലെ ടീമുകള്‍ പോലും ഫുട്‌ബോള്‍ ലോകത്തിനു പുതിയ മാതൃക സമ്മാനിച്ചു.

യൂറോപ്പും ലാറ്റിനമേരിക്കയും ആഫ്രിക്കയുമെല്ലാം തമ്മില്‍ ശൈലികളുടെ വ്യത്യാസം നേര്‍ത്തു നേര്‍ത്തു വന്നപ്പോള്‍ ലോക ഫുട്‌ബോള്‍ ആഗോളശൈലിയെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് റഷ്യന്‍ ലോകകപ്പ് മാറ്റിച്ചവിട്ടിയത്. വ്യക്തിഗത മികവുപോലും ഏറെയൊന്നും കണ്ടില്ല. ഒരു താരത്തെ കേന്ദ്രീകരിച്ചു കളിമെനയാന്‍ ശ്രമിച്ചവര്‍ കുഴിയില്‍ വീഴുന്നതും കണ്ടു.

ഒന്നാംതരം ടീമും ഒന്നിനും കൊള്ളാത്ത ടീമും തമ്മില്‍ അന്തരമില്ലാതായി. ഏത് ടീമും ഏത് നിമിഷവും കടപുഴകുകയോ കടപുഴക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥ. മെസ്സി, ക്രിസ്റ്റ്യാനോ തുടങ്ങി പാണന്മാരും പന്തയക്കാരും പാടിപ്പുകഴ്ത്തിയവരില്‍ പലരും പടയില്‍ തോറ്റപ്പോള്‍ പൊരുതിക്കയറി വന്ന പുതുശക്തികളുടെ സംഗമമായി ഈ ലോക കപ്പ് മാറി. ഒരു ടീമിനെ ഒറ്റയ്ക്കു ചുമലിലേറ്റുന്നവരുടെ മാജിക് ഒട്ടും പ്രകടമായില്ല. ക്രിസ്റ്റ്യാനോയെ മാത്രം വിജയിച്ച ആ നിരയില്‍ പെടുത്താം. എന്നാല്‍, ഗോളടിക്കുന്നതിനേക്കാള്‍ മഹത്തരമാണ് ഗോളടിപ്പിക്കുന്നത്. ചുഴികളുറങ്ങുന്ന മധ്യനിരയുടെ ശുദ്ധശാന്തതയില്‍നിന്ന്, ഒരുപക്ഷേ, അതിനും പിന്നില്‍നിന്ന് പന്ത് കൊരുത്തെടുത്ത് കാലുകള്‍ക്കും തലകള്‍ക്കും കൈമറിഞ്ഞ് കുതിക്കുന്നതിന്റെ ചന്തവും വൈഭവവും എത്ര കണ്ടാലും മതിവരില്ലല്ലോ. ഒടുവില്‍ പെനല്‍റ്റി ബോക്‌സിനെ അമ്പരപ്പിക്കുന്ന തന്ത്രങ്ങളിലൂടെ അപ്രതീക്ഷിതമായ പാസുകളും ക്രോസുകളും നല്‍കി കൂട്ടുകാരെക്കൊണ്ട് ഗോളടിപ്പിക്കുക. ഇത്തരക്കാരാണ് കളി സൃഷ്ടിക്കുക. ഫ്രാന്‍സിന്റെ നായകന്‍ അന്റോയ്ന്‍ ഗ്രീസ്മാനും ക്രൊയേഷ്യയുടെ നട്ടെല്ലായ ലൂക്കാമോഡ്രിച്ചും റാക്കിട്ടിച്ചും ബെല്‍ജിയത്തിന്റെ ഇഡന്‍ ഹസാര്‍ഡും ഫെല്ലെയ്നിയും നാസിര്‍ ചാഡ്ലിയും ഇംഗ്ലണ്ടിന്റെ ജെസ്സി ലിംഗാര്‍ഡും ആഷ്ലി യങും അര്‍ജന്റീനയുടെ മഷ്‌റാനോയും എവര്‍ ബനേഗയും ബ്രസീലിന്റെ വില്യനും ഫിലിപ്പോ കുട്ടിന്യോയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗ്രാനിറ്റ് ഷാക്കയും കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസുമടക്കം എത്രയോ താരങ്ങള്‍ കളി മെനയുന്നതിന്റേയും ഗോളിന്റെ ഉറവിടങ്ങള്‍ തുരന്നെടുക്കുന്നതിന്റേയും വിസ്മയ ദൃശ്യങ്ങള്‍ കാട്ടിത്തന്നിരിക്കുന്നു.

റഷ്യയില്‍ പ്രതിരോധത്തിലൂന്നിയ ഗെയിം പ്ലാനായിരുന്നു മിക്ക ടീമുകളും പുറത്തെടുത്തത്. അതിജീവനത്തിന്റെ പഴയ പ്രതിരോധതന്ത്രത്തേക്കാള്‍ ഇവിടെ ടീമുകള്‍ക്ക് പഥ്യമായി കണ്ടത് പ്രതിരോധിച്ച് ജയിക്കുന്ന രീതിയിലേക്ക് കളി മാറ്റിയതാണ്. നിരന്തരമായ പ്രതിരോധത്തിനിടെ വീണുകിട്ടുന്ന അവസരത്തില്‍ പ്രത്യാക്രമണത്തിലൂടെ സ്‌കോര്‍ ചെയ്യുക. അത്ലറ്റിക്കോ മാഡ്രിഡില്‍ ദ്യോഗോ സിമയോണി നടപ്പാക്കിയ തന്ത്രത്തിന്റെ തുടര്‍ച്ചയാണിത്. പ്രതിരോധത്തിലെ ആള്‍ക്കൂട്ടം സൃഷ്ടിക്കലെന്ന ബസ്സ് പാര്‍ക്കിങ്ങ് അല്ലെങ്കില്‍ ബ്ലോക്ക് ഡിഫന്‍സ് ഫലപ്രദമായി വമ്പന്‍ ടീമുകള്‍ക്കെതിരെ ചെറിയ ടീമുകള്‍ നടപ്പാക്കുന്നത് റഷ്യയില്‍ കണ്ടു. വലിയ ടീമുകള്‍ ഇത്തരമൊരു വെല്ലുവിളി പ്രതീക്ഷിച്ചിരുന്നില്ലെന്ന്  അവരുടെ പ്രകടനം തന്നെ തെളിവായി. എന്നാല്‍, ഈ പ്രതിരോധ സന്നദ്ധതയെ തകര്‍ക്കാന്‍ വിങ്ബാക്കുകളെ ആക്രമണത്തിനു നിയോഗിക്കുകയെന്ന  മറുതന്ത്രം ചില ടീമുകളെങ്കിലും നടപ്പാക്കിക്കണ്ടു. ബ്ലോക്ക് ഡിഫന്‍സിനെതിരെ നന്നായി പൊരുതാന്‍ ബ്രസീലിന്റെ വിങ്ബാക്കുകള്‍ക്കും പ്രതിരോധാത്മക മിഡ് ഫീല്‍ഡര്‍മാര്‍ക്കും കഴിഞ്ഞു. സ്‌പെയിനെ റഷ്യയും അര്‍ജന്റീനയെ ഐസ്ലന്‍ഡും ജര്‍മ്മനിയെ സ്വീഡനും ഫ്രാന്‍സിനെ ഓസ്‌ട്രേലിയയും കടുകട്ടിയായ പ്രതിരോധ കളിയിലൂടെ വിഷമിപ്പിക്കുകയുണ്ടായി.

ഇതൊക്കെയാണെങ്കിലും തന്ത്രമികവും ആസൂത്രണവും മികച്ച ഗെയിംപ്ലാനിങ്ങും ഉള്ള ടീമുകള്‍ക്കാണ് തൂവലുകള്‍ നേടാനായത്. കളിക്കാരുടെ വ്യക്തിപരമായ വൈശിഷ്ട്യം ടീം ഗെയിമിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ ഫ്രാന്‍സും ഇംഗ്ലണ്ടും ക്രൊയേഷ്യയും ബെല്‍ജിയവും കാട്ടിയ മികവാണ് അവരെ മുന്നോട്ടു നയിച്ചതെന്നു വിലയിരുത്തപ്പെടുന്നു.
റഷ്യന്‍ ലോകകപ്പില്‍ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ വി.എ.ആര്‍ അഥവാ വീഡിയോ അസിസ്റ്റന്റ് റഫറി എന്ന സാങ്കേതികവിദ്യയുടെ പ്രയോഗം മത്സരങ്ങള്‍ക്കു പുതിയ മാനമേകി. 41 തവണ വി.എ.ആര്‍ ഉപയോഗിച്ചു. 62 മത്സരങ്ങളില്‍ 19 പുനഃപരിശോധനകളാണ് വി.എ.ആറിലൂടെ തീരുമാനിച്ചത്. വി.എ.ആര്‍ ഫുട്‌ബോളിനെ മാറ്റുകയല്ല; കളിയെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നതെന്ന ഫിഫയുടെ നിലപാട് ശരിവെച്ചുകൊണ്ടാണ് റഷ്യയില്‍ ലോകകപ്പിനു കൊടിയിറങ്ങിയത്.

എല്ലാം കണ്ടുകഴിഞ്ഞതാണ്. റഷ്യയുടെ മുക്കിലും മൂലയിലും ഫുട്‌ബോള്‍ ലഹരി മാത്രമായിരുന്നു ഇതുവരെ. വലിയ സ്വപ്നങ്ങള്‍ കാണുന്ന കൊച്ചു ഖത്തറാണ് ഫുട്‌ബോള്‍ മാമാങ്കത്തിന്റെ അടുത്ത വേദി- 2022-ല്‍. ഇവിടെ വാണവരും വീണവരും പുതിയ പോര്‍മുഖത്തിനായി വിഭവങ്ങള്‍ സമാഹരിച്ചും ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടിയും ഖത്തറിലെത്തും. എല്ലാം കഴിഞ്ഞ് റഷ്യന്‍ ലോക കപ്പിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍  അവസാന ജയം ഫുട്‌ബോളിന്റേതുതന്നെ. ലോക ഫുട്‌ബോളിന്റെ ഈ പരമപീഠത്തില്‍ കാല്‍പ്പന്തുകളി അങ്ങനെ തന്നെയായിരിക്കട്ടെ.

റഷ്യ 2018 നാഴികക്കല്ലുകള്‍
മത്സരങ്ങള്‍ - 64 ഗോളുകള്‍ - 169
(1998-നും 2014-നും ശേഷം (171 വീതം)
ഏറ്റവുമധികം ഗോളുകള്‍)
ഗോളിലേക്കുള്ള ആകെ ഷോട്ടുകള്‍ - 1623
പെനല്‍റ്റികള്‍ അനുവദിച്ചത് - 29
പെനല്‍റ്റികള്‍ ഗോളാക്കിയത് - 22
ദാന ഗോളുകള്‍ - 12

(ലോക കപ്പില്‍ ഏറ്റവും കൂടുതല്‍)
മഞ്ഞക്കാര്‍ഡുകള്‍ - 219
ചുവപ്പു കാര്‍ഡുകള്‍ - 4

ഗോളിലേക്കുള്ള ഷോട്ടുകള്‍ - ബ്രസീല്‍, ബെല്‍ജിയം (40 വീതം)
ഷോട്ടുകള്‍ ഗോളാക്കിയത് - റഷ്യ (22.9 %)
കൂടുതല്‍ പാസുകള്‍ - ഇംഗ്ലണ്ട് : 3840
പാസിങ്ങിലെ കൃത്യത - സ്‌പെയിന്‍ (91%)

ആദ്യ ഇലവനില്‍ ഏറ്റവും കൂടുതല്‍ മാറ്റം - ബെല്‍ജിയം (24)
കൂടുതല്‍ സെറ്റ് പീസ് ഗോളുകള്‍ - ഇംഗ്ലണ്ട് (9)

കൂടുതല്‍ ഗോളുകള്‍:
ബെല്‍ജിയം - 16
ഫ്രാന്‍സ് - 14
ക്രൊയേഷ്യ - 14
ഇംഗ്ലണ്ട് - 12
റഷ്യ - 11
ബ്രസീല്‍ - 8

കൂടുതല്‍ ഫൗള്‍ : ക്രൊയേഷ്യ (114)
ബെല്‍ജിയം (99)
റഷ്യ (95)
ഫ്രാന്‍സ് (93)

കൂടുതല്‍ അവസരങ്ങള്‍ : കിറന്‍ട്രിപ്പിയര്‍
(ഇംഗ്ലണ്ട് - 24)

കൂടുതല്‍ പാസുകള്‍ : സെര്‍ജിയോ റാമോസ്
(സ്‌പെയിന്‍ - 508)

ലക്ഷ്യത്തിലേക്ക് കൂടുതല്‍ ഷോട്ടുകള്‍ : നെയ്മര്‍
(ബ്രസീല്‍ - 13)

ഗോളികളുടെ രക്ഷപ്പെടുത്തല്‍ : 
തിബൗ ക്വര്‍ട്ടോ (ബെല്‍ജിയം - 27)

ഒച്ചാവോ (മെക്‌സിക്കോ - 25)
ഷ്മൈക്കള്‍ (ഡെന്‍മാര്‍ക്ക് - 21)
പിക്‌ഫോര്‍ഡ് (ഇംഗ്ലണ്ട് - 17)

ഗോള്‍ വേട്ടക്കാര്‍:
ഹാരികെയ്ന്‍ (ഇംഗ്ലണ്ട് - 6)
അന്റോയ്ന്‍ ഗ്രീസ്മാന്‍ (ഫ്രാന്‍സ് - 4)
കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ് - 4)
റൊമേലു ലുക്കാക്കു (ബെല്‍ജിയം - 4)
ഡെനിസ് ചെറിഷേവ് (റഷ്യ - 4)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍ - 4)

ദാനഗോള്‍ ഒഴിച്ചാല്‍ ഏറ്റവുമധികം വ്യത്യസ്ത കളിക്കാര്‍ ഗോള്‍ നേടിയത് - ബെല്‍ജിയം (10 പേര്‍)

വ്യക്തിഗത പുരസ്‌കാരങ്ങള്‍ :
ഗോള്‍ഡന്‍ ബോള്‍
(മികച്ച താരം) : ലൂക്ക മോഡ്രിച്ച് (ക്രൊയേഷ്യ)

ഗോള്‍ഡന്‍ ബൂട്ട്
(ഗോള്‍ വേട്ടക്കാരന്‍) : ഹാരികെയ്ന്‍ (ഇംഗ്ലണ്ട്-6 ഗോള്‍)

ഗോള്‍ഡന്‍ ഗ്ലൗ
(മികച്ച ഗോളി) : തിബൗ ക്വര്‍ട്ടോ (ബെല്‍ജിയം)

മികച്ച യുവതാരം : കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്)

ലോക കപ്പ് നേടിയ രാജ്യങ്ങള്‍
1930    യുറഗ്വായ്
1934    ഇറ്റലി
1938    ഇറ്റലി
1950    യുറഗ്വായ്
1954    പശ്ചിമ ജര്‍മനി
1958    ബ്രസീല്‍
1962    ബ്രസീല്‍
1966    ഇംഗ്ലണ്ട്
1970    ബ്രസീല്‍
1974    പശ്ചിമ ജര്‍മനി
1978    അര്‍ജന്റീന
1982    ഇറ്റലി
1986    അര്‍ജന്റീന
1990    പശ്ചിമ ജര്‍മനി
1994    ബ്രസീല്‍
1998    ഫ്രാന്‍സ്
2002    ബ്രസീല്‍
2006    ഇറ്റലി
2010    സ്‌പെയിന്‍
2014    ജര്‍മനി
2018    ഫ്രാന്‍സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com