നിട്ടാന്തരമുള്ള മീസാന്‍കല്ലുകള്‍

നിട്ടാന്തരമുള്ള മീസാന്‍കല്ലുകള്‍

അങ്ങനെയിരിക്കെ ദേശത്തെ മുഴുവന്‍ സ്തബ്ധരാക്കിക്കൊണ്ട് ആ വാര്‍ത്ത വന്നു.


ങ്ങനെയിരിക്കെ ദേശത്തെ മുഴുവന്‍ സ്തബ്ധരാക്കിക്കൊണ്ട് ആ വാര്‍ത്ത വന്നു. ശരീഫായെ പുഴയിലേക്ക് എറിഞ്ഞുകൊന്നത് സ്വന്തം സഹോദരനായ ഹംസക്കയാണെന്ന്. മാട്ടൂലിലെ മഹാമാന്ത്രികനായ മുഹമ്മദ്ക്കയാണത്രേ പ്രതിയെക്കുറിച്ചുള്ള വിവരം എസ്.ഐ. സുഗുണനെ അറിയിച്ചത്. കഥ പൊടിപ്പും തൊങ്ങലും വച്ച് നാടുനീളെ പ്രചരിച്ചു. കവലകളിലും ചായക്കടയിലും അതിന് പുതിയ നിറവും മണവും വന്നു. സത്യം ഹംസക്കാക്ക് മാത്രമേ അറിയൂ. ഹംസക്കയും ശരീഫയും കുഞ്ഞുനാള്‍ മുതല്‍ അനാഥരായാ വളര്‍ന്നത്. കുഞ്ഞുനാളില്‍ തന്നെ ഉമ്മയും വാപ്പയും മരണപ്പെട്ടു. ഹംസക്ക തന്റെ കുഞ്ഞുപെങ്ങളെ ബന്ധുക്കളുടെ സഹായമില്ലാതെയാ വളര്‍ത്തിയത്. ആരോടും തന്റെ വേദനയും പരിഭവവും ഹംസക്ക പറഞ്ഞില്ല. രാവിലെ ശരീഫായെ പള്ളിക്കൂടത്തില്‍ വിട്ടതിനുശേഷമേ ഹംസക്കാ കടപ്പല്‍ണിക്ക് പോകാറുള്ളൂ. പണികഴിഞ്ഞാല്‍ നാട്ടുകവലകളിലോ അങ്ങാടിയിലെ കടകളിലോ കയറൂല്ല. നേരെ തന്റെ കുഞ്ഞുപെങ്ങളുടെ അടുത്തേക്ക് വരും. എപ്പോഴും ശരീഫാക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും വാങ്ങിക്കൊടുക്കും. എവിടെയെങ്കിലും ഉത്സവമോ ചന്തയോ കണ്ടാല്‍ തന്റെ പെങ്ങള്‍ക്ക് മാലയും വളകളും വാങ്ങാതെ ഹംസക്കാക്ക് ഉറക്കം കിട്ടാറില്ല. ശരീഫ പഠിക്കാനും ഏറെ മിടുക്കിയായിരുന്നു. കടലില്‍ പണി കുറഞ്ഞു കുറഞ്ഞു വന്നു തുടങ്ങി. ഹംസക്കാക്ക് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങള്‍ മനസ്സില്‍ നുരഞ്ഞുപൊങ്ങി. തന്റെ പെങ്ങള്‍ പഴയപോലെ ഒരു കുട്ടിയല്ല. ഇപ്പോള്‍ 16 വയസ്സായി. എനിയുള്ള ജീവിതം എങ്ങനെ? ഒറ്റയ്ക്ക് പെരയിലിരുന്നാല്‍ ഇങ്ങനെയുള്ള ചിന്തകള്‍ ഹംസക്കയെ വല്ലാതെ അലട്ടും. ഉത്തരം കണ്ടെത്താന്‍ വയ്യാത്ത നൂറായിരം ചോദ്യങ്ങള്‍. ഹംസക്ക ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ ശരീഫാ വന്നു ചോദിക്കും: എന്താ ഇക്കാക്കാ ഇങ്ങനെ ആലോചിക്കുന്നത്? ഹംസക്ക ശാന്തമായി പറയും: കടലില്‍ ഇങ്ങനെ കൂലിയും പണിയുമില്ലാതായാല്‍ നാളത്തെ കാര്യങ്ങളാ ആലോചിക്കുന്നത്. ശരീഫ ചിരിച്ചുകൊണ്ട് പറയും: എന്റെ ഇക്കാ. പടച്ചോന്‍ നമുക്ക് എന്തെങ്കിലും ഒരു വഴി തുറന്നു തരും. ഹംസക്കക്ക് തന്റെ പെങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ആധി ദിനംപ്രതി കൂടിക്കൂടി വന്നു. ഇത് ഹംസക്കായെ ഒരു മനോരോഗിയുടെ നിലയിലേക്ക് കൊണ്ടുപോയി. നാട്ടുകവലയിലും അങ്ങാടിയിലുമുള്ള ആരോടും അധികം സംസാരിക്കാതായി. ഒരു ദിവസം രാവിലെ ഹംസക്ക തന്റെ പെങ്ങളേയും കൂട്ടി വളപട്ടണത്തേക്കുള്ള ബസില്‍ കയറി അവിടെ ഇറങ്ങി ശരീഫാക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ വേണ്ടുവോളം വാങ്ങിക്കൊടുത്തു. പിന്നെ കുറേ വളകളും കണ്‍മഷികളും വാങ്ങിക്കൊടുത്തു. നേരെ വളര്‍പട്ടണം പാലം ലക്ഷ്യമാക്കി നടന്നു. ശരീഫ ചോദിച്ചപ്പോള്‍, വളര്‍പട്ടണം പാലത്തിലൂടെ മറുകര കടന്ന് നമുക്ക് പാപ്പിനിശ്ശേരിയിലെ മൂന്നുപെറ്റ ഉമ്മാന്റെ ഖബറുകള്‍ സിയറത്ത് ചെയ്ത് മാട്ടൂലിലേക്ക് ബസ് കയറി പുരയിലേക്ക് പോകാമെന്ന് പറഞ്ഞു. ശരീഫാക്ക് ഇക്കാക്കാനെ സംശയിക്കേണ്ട ആവശ്യമില്ലല്ലോ. കുഞ്ഞുനാള്‍തൊട്ട് തന്റെ തുടുപ്പും ചലനവും ആശയും നിരാശയും എല്ലാം ഹൃദ്യസ്തമാണ്. ശരീഫ മുന്നിലും ഹംസക്ക പിന്നിലുമായി പാലത്തിലൂടെ വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ട് നടന്നു. പെട്ടെന്നാ ഹംസക്ക ശരീഫാനെ പുഴയിലേക്ക് തള്ളിയിട്ടത്. ഒന്നുരണ്ടു തവണ ശരീഫ വെള്ളത്തില്‍ മുങ്ങിത്താഴുമ്പോള്‍ തന്റെ ചോരയുടെ തുടിപ്പായ ഹംസക്കായെ വേദനയോടെ നോക്കിയത്രേ. പിന്നെ ഒരു കൈ ഉയര്‍ത്തി ജീവന്‍ രക്ഷിക്കാന്‍ പറഞ്ഞുപോലും. ഹംസക്ക വേഗം പാലം കടന്ന് മാട്ടൂലേക്കുള്ള ബസ് കയറി പുരയിലേക്ക് തിരിച്ചുവന്നു. പിന്നെ അടുത്ത കടയിലും കവലയിലും തന്റെ പെങ്ങളെ കാണാനില്ലെന്ന വാര്‍ത്ത പരത്തി. രാവിലെതന്നെ പഴങ്ങാടിയിലെ പൊലീസ് സ്റ്റേഷനില്‍ ഒരു പരാതിയും കൊടുത്തു. ദേശവാസികളോ അയല്‍വാസികളോ ഹംസക്കായെ സംശയിച്ചില്ല. ഹംസക്ക ജീവിക്കുന്നത് തന്നെ തന്റെ പെങ്ങള്‍ക്കു വേണ്ടിയായിരുന്നുവെന്ന് ദേശവാസികള്‍ക്ക് അറിയാമായിരുന്നു. മാട്ടൂല്‍ ദേശത്തെ സ്ത്രീകള്‍ ആങ്ങളമാരോട് പറയാറുണ്ടത്രേ, ഹംസക്കാനെ നോക്കി പഠിക്കാന്‍. തന്റെ കുഞ്ഞുപെങ്ങക്ക് വേണ്ടി ജീവിക്കുന്ന ഹംസക്കാ ദേശവാസികള്‍ക്ക് ഒരു മാതൃകാ സഹോദരനായിരുന്നു. 

ദിനങ്ങള്‍ കഴിഞ്ഞിട്ടും ശരീഫായെ കൊന്നവരെക്കുറിച്ചുള്ള ഒരു വിവരവും ലഭിച്ചില്ല. പഴങ്ങാടിയിലെ എസ്.ഐ. സുഗുണന്‍ പഠിച്ച വിദ്യ പലതും പയറ്റിനോക്കി. പ്രതിമാത്രം വലയില്‍ കുടുങ്ങിയില്ല. മാട്ടൂല്‍ ദേശത്തെ ഒരുവിധപ്പെട്ട യുവാക്കളെയെല്ലാം പൊലീസുകാര്‍ ചോദ്യം ചെയ്തു വിട്ടു. പിന്നെ തിരുവിതാംകൂറില്‍നിന്നു പണിക്ക് വന്ന ചേട്ടന്മാരേയും സുഗുണന്‍ എസ്.ഐ. നിരന്തരം ചോദ്യംചെയ്തു. ശരീഫ വധക്കേസ് ദേശവാസികള്‍ ഏറെക്കുറെ മറക്കാന്‍ തുടങ്ങി. ശരീഫായെ കൊന്നതിനു ശേഷം ഹംസക്ക മാനസികമായി ഏറെ തകര്‍ന്നുപോയി. എപ്പോഴും പെരയില്‍ ഏകനായി ഇരിക്കുമത്രേ. പലപ്പോഴും തന്റെ കുഞ്ഞുപെങ്ങള്‍ ഉറക്കത്തില്‍ മുന്നില്‍ വന്നുനിന്നു ചോദിക്കുമത്രേ: എന്തിനാ ഇക്കാ, ഇത്രയും കാലം ഒരു മാടിനെ പോറ്റുന്നതുപോലെ കഷ്ടപ്പെട്ട് എന്നെ നോക്കിയത്? എന്റെ ഉപ്പയും ഉമ്മയും ഉണ്ടായിരുന്നുവെങ്കില്‍ ഈ ദുനിയാവില്‍ ഇപ്പോഴും ഞാന്‍ ഉണ്ടാകുമല്ലോ? എനിക്ക് ദുനിയാവില്‍ ജീവിച്ചു കൊതിതീര്‍ന്നിട്ടില്ല ഇക്കാ. പല ദിനവും ഹംസക്ക രാത്രി ഉറക്കത്തില്‍നിന്നു ഞെട്ടി ഉണരും. പലപ്പോഴും തനിക്ക് പറ്റിയ കൈപ്പിഴയെ ഓര്‍ത്ത് വിലപിക്കും. കുഞ്ഞുനാളില്‍ രാത്രി പലപ്പോഴും ശരീഫ ഹംസക്കാനോടു കഥ പറയാന്‍ പറയും. ഹംസക്കാ ഇഫിരിത് എന്ന ജിന്നിന്റെ ആയിരം കഥകള്‍ അവള്‍ക്ക് പറഞ്ഞുകൊടുക്കും. കഥ കേള്‍ക്കുമ്പോള്‍ തന്റെ മുത്തുപോലുള്ള പല്ലുകള്‍ പുറത്ത്കാട്ടി അവള്‍ പൊട്ടിച്ചിരിക്കും. എല്ലാം ഒരു മിന്നല്‍പ്പിണര്‍പോലെ ഹംസക്കാന്റെ ഖല്‍ബില്‍ മിന്നിമറയും. രാവിലെ ഹംസക്ക തന്റെ പെങ്ങളെ ഖബറിടത്തിന്റെ മീസാന്‍ കല്ലിനരികെ ഒരു കുഞ്ഞു മൈലാഞ്ചി ചെടി നട്ടു. ഹംസക്കാനെ ഖബര്‍സ്ഥാനില്‍ കണ്ട മൗലവി ചോദിച്ചു: എന്താ ഹംസേ പെങ്ങളെ നിരിയന്ന് നിന്നെ വിട്ടുപോയില്ലെ? ഹംസക്ക മൗലവിയോടു പറഞ്ഞു: അവള്‍ക്ക് എപ്പോഴും കൈകളില്‍ മൈലാഞ്ചി ഇടുന്നത് ഏറെ ഇഷ്ടമാണ്. മൈലാഞ്ചിയിട്ട ചുമന്ന കൈ അവള്‍ ഏറെ സന്തോഷത്തോടെ ഹംസക്കക്ക് കാണിച്ചുകൊടുക്കും. ഖബറിലിരുന്നു അവള്‍ മൈലാഞ്ചി ഇടട്ടെ. അതിന് വേണ്ടിയാ ഈ മൈലാഞ്ചിച്ചെടി ഞാന്‍ മീസാന്‍കല്ലിനടുത്ത് നട്ടത്. മൗലവി സമയം കിട്ടുമ്പോള്‍ അതിന് വെള്ളം നനക്കണം. ഹംസക്ക പറയുമ്പോള്‍ കണ്ണുകളില്‍നിന്നും കണ്ണുനീര്‍ ഇറ്റിറ്റ് വീഴും. പിന്നെ ഹംസക്ക മൗലവിയുടെ ചുമലിലേക്ക് തലവെച്ച് പൊട്ടിക്കരഞ്ഞു. അത് പലപ്പോഴും കര്‍ക്കിട മാസത്തിലെ പെരുമഴക്കാലത്തെ മാടായി പുഴയുടെ രൗദ്രഭാവത്തോടെയുള്ള കുത്തൊഴുക്കിനെ ഓര്‍മ്മിപ്പിച്ചു. 

ദിനങ്ങള്‍ കഴിയുന്തോറും ഹംസക്ക ഒരു മനോരോഗിയുടെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി. നാട്ടുകവലകളിലും അങ്ങാടിയിലും വന്ന് എന്തൊക്കെയോ വായില്‍ തോന്നുന്നത് വിളിച്ചു പറയും. ദേശവാസികള്‍ ആരും ഹംസക്കാനോടു മറുപടി പറയില്ല. എന്തെങ്കിലും ചീത്ത പറഞ്ഞാലും എല്ലാവരും ശാന്തമായി കേട്ടിരിക്കും. അത് ഹംസക്കക്ക് പെങ്ങളോടുള്ള ഇഷ്ടത്തില്‍നിന്നു വന്ന നൊസ്സാണെന്നേ നാട്ടുകൂട്ടം കുരുതിയുള്ളൂ. എല്ലാ ദിവസവും വൈകുന്നേരം തന്റെ പെങ്ങളെ മീസാന്‍കല്ലിനു കീഴെ നട്ടുവളര്‍ത്തിയ മൈലാഞ്ചി ചെടിക്ക് ഒരു കുടം വെള്ളം ഒഴിക്കും. പിന്നെ കുറേ നേരം മീസാന്‍കല്ലുകള്‍ പിടിച്ചു പൊട്ടിക്കരയും. പിന്നെ ശാന്തനായി ഖബറിന്റെ മീസാന്‍കല്ലുകളിലേക്ക് നോക്കിയിരിക്കും. ഹംസക്ക രാത്രി പെരയിലിരുന്നു ഓരോ ചിന്തകളിലും മുഴുകും. ഞാന്‍ ഭ്രാന്തനാകുകയാണെന്ന് ഹംസക്കക്ക് ചിലപ്പോള്‍ തോന്നും. ഒരു ദിവസം പത്തുകെട്ട് ബീഡി വലിക്കും. ഉറക്കം എന്നെന്നേക്കുമായി ഹംസക്കക്ക് അന്യമായി. ഉറങ്ങാന്‍ പായയില്‍ കിടന്നാല്‍ താന്‍ കുഞ്ഞുനാള്‍ മുതല്‍ തന്റെ പെങ്ങളെ എടുത്ത് നടന്നതും മുസഖാന്‍ പള്ളിയിലെ മഖ്ബറയില്‍ പോയി അവള്‍ക്ക് പേരു വിളിച്ചതും നല്ല പനി വന്നു ഏരിപുരത്തെ ഡോക്ടറെ കാണിച്ചിട്ടും പനി പോകാഞ്ഞിട്ട് ഒളിയങ്കര പള്ളിയിലെ സൂഫി ഖബറിടത്ത് പോയി തന്റെ സങ്കടം പറഞ്ഞതും തുലാവര്‍ഷത്തിലെ പേടിപ്പെടുത്തുന്ന ഇടിയും മിന്നലുമുള്ളപ്പോള്‍ ശരീഫ ഹംസക്കാന്റെ നെഞ്ചത്ത് തലവെച്ചു കിടന്നതും ഓര്‍ക്കും. താന്‍ കടല്‍പ്പണി കഴിഞ്ഞു തിരിച്ചുവരുന്നതും കാത്ത് ഉമ്മറപ്പടിയില്‍ ഇരിക്കുന്ന പെങ്ങളെ മുഖം മുന്നില്‍ തെളിഞ്ഞുവരും. ഇത് ഹംസക്കയെ ഒരു നിദ്രരഹിത ലോകത്തേക്ക് കൊണ്ടുപോയി. എപ്പോഴെങ്കിലും ഒന്നു കണ്ണടച്ചാല്‍ അവള്‍ ചിരിച്ചുകൊണ്ടു മുന്നില്‍ വരും. അവസാനം പറയും, എന്റെ ജീവന്റെ തുടിപ്പായിരുന്നില്ലെ ഇക്കാ. ഈ ദുനിയാവില്‍ എനിക്ക് സ്വന്തമെന്ന് പറയാന്‍ അവകാശമുള്ള ഏകവ്യക്തി. എന്തിനാ ഇക്കാ കിനാവും പൂമ്പാറ്റകളേയും കണ്ട് കൊതിതീരാത്ത എന്നെ ഈ ദുനിയാവില്‍നിന്നു പറഞ്ഞയച്ചത്? രാത്രി മുഴുവനും ഹംസക്ക പൊട്ടിക്കരയും. അത് പലപ്പോഴും തെക്കുമ്പാട് ദ്വീപില്‍ ഒറ്റപ്പെട്ടുപോയ ദേവകന്യകയുടെ നിലവിളിയെ ഓര്‍മ്മിപ്പിക്കും.

പകലും രാത്രിയും തള്ളിനീക്കുന്നത് ഹംസക്കാക്ക് വലിയ ഭാരമായി തോന്നിത്തുടങ്ങി. ഒരു ദിവസം രാത്രി പെരയില്‍ ഒറ്റയ്ക്ക് ഇരുന്നപ്പോള്‍ മനസ്സ് കനംവെക്കുന്നതുപോലെ തോന്നി. മഹാസിദ്ധനായ മുഹമ്മദ്ക്കാന്റെ പെരയില്‍ പോയി കുറച്ചുനേരം എന്തെങ്കിലും പറഞ്ഞിരുന്നാല്‍ തെല്ല് ആശ്വാസം ലഭിക്കുമെന്ന് നിരീച്ച് ഹംസക്ക ഒരു ബീഡിയും വലിച്ച് മുഹമ്മദ്ക്കാന്റെ പെരയിലേക്കു പോയി. ഹംസക്കായുടെ ഒരു അകന്ന ബന്ധുകൂടിയാണ് സിദ്ധനായ മുഹമ്മദ്ക്ക. ഹംസക്ക വേഗം മുഹമ്മദ്ക്കാന്റെ പെരയില്‍ കയറുകയും അദ്ദേഹം ഇരിക്കാറുള്ള ഇരുട്ടുമുറിയുടെ വാതില്‍ക്കല്‍ മുട്ടുകയും ചെയ്തു. മുഹമ്മദ്ക്ക ചോദിച്ചു. ആരാ. ഞാനാ ഹംസയാ. എന്താടാ നിനക്ക് രാത്രി കാര്യം. ഇക്കാനെ ഒന്നു കാണാനാ. നീ അകത്തേക്ക് കയറിവാടാ. ഹംസക്ക മെല്ലെ ആ ഇരുട്ടുമുറിയില്‍ കയറി വാതിലിന്റെ കുറ്റിയിട്ടു. പിന്നെ മുഹമ്മദ്ക്കാനോടു ചോദിച്ചു: ഇക്കാ വലിക്കാറുള്ള ഒരു ബീഡി തരുമോ? മനസ്സിന് ഒരു സ്വസ്ഥതയും ഇല്ല. മുഹമ്മദ്ക്കാ ഒരു കഞ്ചാവ് ബീഡി കൊടുത്തു. മുഹമ്മദ്ക്കായും ഒരു ബീഡിക്ക് തീകൊളുത്തി. ഹംസക്കാ കഞ്ചാവ് ബീഡി ആഞ്ഞുവലിച്ചു. എന്തോ ഒരു ഉന്മാദം തല മുതല്‍ കണംകാലുവരെ കയറുന്നതുപോലെ തോന്നി. മുഹമ്മദ്ക്ക ചോദിച്ചു: എന്താ, ഹംസേ? പെങ്ങളെ മരണം നിന്നെ ആകെ തളര്‍ത്തിക്കളഞ്ഞുവോ? കഞ്ചാവിന്റെ ലഹരിയില്‍ ഹംസക്ക പൊട്ടിക്കരയാന്‍ തുടങ്ങി. പിന്നെ ശാന്തമായി പറഞ്ഞു: ഒരു കൈയബദ്ധം പറ്റിപ്പോയി ഇക്കാ. ഞാന്‍ മഹാപാപിയാ. എന്റെ പെങ്ങളെ പുഴയിലേക്ക് തള്ളിയിട്ടത് ഞാനാ. ഇക്കാ. എന്താടാ നീ പറയുന്നത്. നിനക്ക് കഞ്ചാവ് തലക്ക് പിടിച്ചുവോ. ഇല്ല, ഞാന്‍ പറയുന്നത് പകല്‍പോലെ സത്യമാ. എന്റെ മനസ്സില്‍ ശൈത്താന്‍ വേണ്ടാത്ത ചിന്തകള്‍ തോന്നിപ്പിച്ചു. ദാരിദ്ര്യവും കഷ്ടപ്പാടുംകൊണ്ട് ഞാന്‍ എല്ലാം മറന്നുപോയി. ഹംസക്കാ പൊട്ടിക്കരഞ്ഞുകൊണ്ട് എല്ലാ കാര്യവും മുഹമ്മദ്ക്കാനോടു തുറന്നുപറഞ്ഞു. നീ വേഗം പെരയിലേക്ക് പോ. ഈ കാര്യം നീ മറ്റാരോടും പറയരുത്. ഹംസക്കാന്റെ മനസ്സില്‍ ഒരു പുതുമഴ പെയ്തിറങ്ങിയത് പോലെ തോന്നി. മനസ്സില്‍നിന്നും ഒരു വലിയ ഭാരം ഇറക്കിവെച്ചതുപോലെ. ഇറങ്ങാംനേരം ഹംസക്ക പറഞ്ഞു: ദുനിയാവില്‍ എന്തുഭാരവും ഞാന്‍ ചുമന്ന് നടക്കും. ഇത് എനിക്ക് താങ്ങാന്‍ പറ്റുന്നില്ല. എന്റെ പെങ്ങളെ മുഖം മനസ്സില്‍നിന്നും മായുന്നില്ല. എവിടെ തിരിഞ്ഞാലും അവളെ കുസൃതിച്ചിരി കേള്‍ക്കും. മനസ്സ് ശാന്തമാകണമെങ്കില്‍ കുറ്റം ഏറ്റുപറയണം. പഴങ്ങാടിയിലെ എസ്.ഐയെ രാവിലെ പോയി കാണണം. എല്ലാം സമ്മതിക്കണം. മുഹമ്മദ്ക്ക പറഞ്ഞു: നീ ആരോടും ഒന്നും പറയണ്ട. നീ വേഗം പെരയിലേക്ക് പൊയ്ക്കോ. പോകാന്‍നേരം ഹംസക്ക ഒരു ബീഡി കൂടി ചോദിച്ചു. മുഹമ്മദ്ക്ക ഒരു ബീഡി കൊടുത്തു. ഇവിടെ ഇരുന്നു വലിച്ചോ. നീ പുറത്ത് ഇറങ്ങി ഇന്ന് നടക്കേണ്ട. മുഹമ്മദ്ക്ക ശാന്തമായി വീണ്ടും ചോദിച്ചു: എന്തിനാടാ ഈ മഹാപാപം നീ ചെയ്തത്? എനിക്ക് അറിഞ്ഞുകൂടാ. ഒന്നും എനിക്ക് അറിഞ്ഞുകൂടാ. അവള്‍ വളര്‍ന്നു. ഒരു പെണ്ണായതുമുതല്‍ മനസ്സ് മുഴുവനും ആധിയായിരുന്നു. പെരയുടെ ഇടവഴികളിലൂടെ കാലൊച്ച കേട്ടാല്‍ ഭയം ഇരട്ടിക്കും. പിന്നെ രാത്രി മുഴുവനും വല്ലാത്ത ഒരു ഭയവും. അന്ന് നല്ല നിലാവുണ്ടായിരുന്നു. പാതിരവരെ ഹംസക്ക മുഹമ്മദ്ക്കാനോടു തന്റെ കുഞ്ഞുന്നാള്‍ മുതലുള്ള ജീവിതകഥകള്‍ കഞ്ചാവിന്റെ ലഹരിയില്‍ പറഞ്ഞുകൊണ്ടേയിരുന്നു. അര്‍ദ്ധരാത്രി ഹംസക്ക തന്റെ പെങ്ങളുടെ ഖബറിടത്തിലെ മീസാന്‍കല്ലിലെ മൈലാഞ്ചിച്ചെടിക്ക് പള്ളിയിലെ കുളത്തില്‍നിന്നു വെള്ളമെടുത്ത് കുളിര്‍ക്കേ ഒഴിച്ചുകൊടുത്തു പിന്നെ കുറേ നേരം മീസാന്‍കല്ലിന് തലചായ്ചു കിടന്നു പൊട്ടിക്കരഞ്ഞു. മനസ്സ് ശാന്തമായപ്പോള്‍ പെരയിലേക്ക് തിരിച്ചുപോയി. അന്ന് ഹംസക്ക നീണ്ട നിദ്രരഹിത രാത്രികളില്‍നിന്നു മോചിതനായി. 

രാവിലെ പഴങ്ങാടിയിലെ പോലീസുകാര്‍ കൂട്ടമായി ഹംസക്കാന്റെ പെരയുടെ വാതില്‍ മുട്ടി. ഹംസക്ക വാതില്‍ തുറന്നപ്പോള്‍ എസ്.ഐ. സുഗുണന്‍ ബലമായി ഹംസക്കാന്റെ കൈയില്‍ കയറിപ്പിടിച്ചു. പിന്നെ കേട്ടാല്‍ അറപ്പുള്ള ഭാഷയില്‍ ചീത്തവിളിച്ചു. തന്റെ മുഷ്ടിചുരുട്ടി അടിവയറ്റില്‍ രണ്ട് തൊഴിവെച്ചുകൊടുത്തു. വാര്‍ത്ത കാട്ടുതീപോലെ മാട്ടൂല്‍ ദേശത്തും മാടായി ദേശത്തും പരന്നു. ശരീഫായെ തള്ളിയിട്ട് കൊന്നത് ഹംസക്കയാണെന്ന്. പിന്നെയും ആയിരം വാര്‍ത്തകള്‍ നാടുനീളെ പ്രചരിച്ചു. അത് സിദ്ധനായ മുഹമ്മദ്ക്കാന്റെ നിട്ടാന്തരമുള്ള ജിന്നാണത്രെ ഹംസക്കായാണ് കൊലയാളിയെന്ന് കണ്ടുപിടിച്ചത്. മാട്ടൂല്‍, മാടായി ദേശത്തെ മാപ്പിള സ്ത്രീകള്‍ പരസ്പരം പറഞ്ഞുണ്ടാക്കിയത് മുഹമ്മദ്ക്കാന്റെ നീട്ടാന്തരമുള്ള ജിന്ന് മരിച്ചുപോയ ശരീഫാന്റെ ആത്മാവിനെ ഏതോ ശരീരത്തില്‍ ആവാഹിച്ചു പറയിച്ചതാണ് ഹംസക്കായാണ് ശരീഫായെ കൊന്നതെന്ന്. രാവിലെ മുഹമ്മദ്ക്കായാ എസ്.ഐക്ക് വിവരം കൈമാറിയത്. ഹംസക്കാനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ ഒരേയൊരു ആഗ്രഹം മാത്രമേ അദ്ദേഹം ആവശ്യപ്പെട്ടുള്ളൂ. അവസാനമായി തന്റെ പെങ്ങളെ മീസാന്‍കല്ലിന്റെ താഴെയുള്ള മൈലാഞ്ചി മരത്തിന് ഒരു കുടം വെള്ളം ഒഴിക്കണമെന്ന്. തന്റെ പെങ്ങള്‍ക്ക് മൈലാഞ്ചി ജീവനാണെന്നും. സിദ്ധനായ മുഹമ്മദ്ക്ക ഇതേത്തുടര്‍ന്നാണ് മാട്ടൂല്‍ മാടായിദേശവും കടന്ന് ഏറെ പ്രശസ്തനായ മന്ത്രവാദിയായി അറിയപ്പെട്ടത്. അന്നുരാത്രി ഞാന്‍ ഒരുപോള കണ്ണടച്ചില്ല. ഞാന്‍ ഉപ്പാനോടു ചോദിച്ചു: ആ മുഹമ്മദ്ക്ക കൊടുംചതിയനാണോ? ഉപ്പ ഒന്നും മിണ്ടിയില്ല.

രാത്രി പലപ്പോഴും രണ്ടുകൈ നിറയെ ചുവന്ന മൈലാഞ്ചി ഇട്ടു നല്ല മൊഞ്ചത്തിയായി പൊട്ടിച്ചിരിക്കുന്ന ശരീഫാ ആയിരം തവണ മുന്നില്‍ വന്നുനില്‍ക്കുന്നതായി എനിക്ക് തോന്നി. പിന്നെ വികൃതമായ തന്റെ പല്ലുകള്‍ പുറത്ത് കാണിച്ചു ആര്‍ത്തട്ടഹസിക്കുന്ന മുഹമ്മദ്ക്കായും നിട്ടാന്തരമുള്ള മാടായിയിലെ ആയിരം മീസാന്‍കല്ലുകളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com