ബാഗ്ദാദ് തെരുവുകളില്‍ രക്ഷകന്‍ 

ഇറാഖി നോവലിസ്റ്റ് അഹമ്മദ് സാദ്ദവിയുടെ 'ഫ്രാങ്കന്‍സ്റ്റീന്‍ ഇന്‍ ബാഗ്ദാദ്'എന്ന നോവലിനെക്കുറിച്ച്
ബാഗ്ദാദ് തെരുവുകളില്‍ രക്ഷകന്‍ 

1914-ലെ ബ്രിട്ടീഷ് അധിനിവേശത്തിനുശേഷം ഇറാഖിന് സമാധാനം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയെല്ലാം നഷ്ടമായതായി പ്രസിദ്ധ സാഹിത്യകാരന്‍ ഹസന്‍ ബ്ലാസിം 'ഇറാഖ് + 100' എന്ന കൃതിയില്‍ അഭിപ്രായപ്പെടുന്നു. ബ്രിട്ടീഷ് അധിനിവേശാനന്തരം സദ്ദാം ഹുസൈന്‍ രാഷ്ട്രത്തലവനായി അധികാരമേറ്റെടുത്ത കാലയളവിലും ഈ ദുരവസ്ഥയില്‍ മാറ്റമൊന്നുമുണ്ടായില്ല. സുന്നി-ഷിറ്റി-വഹാബി വംശീയ കലാപങ്ങള്‍ ഏറ്റവും രൂക്ഷമായതും ഇക്കാലത്താണ്. 2013-ലെ അമേരിക്കന്‍ അധിനിവേശത്തിനും സദ്ദാം ഹുസൈന്‍ ഭരണകൂടത്തിന്റെ പതനത്തിനും ശേഷം ഈ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു. അമേരിക്കന്‍ സേന ഇറാഖ് വിട്ടുപോകാന്‍ വിസമ്മതിക്കുകയും താല്‍ക്കാലിക ജനകീയ ഭരണകൂടം വിവിധ മതവംശജരുടെ കൈകളില്‍ അമരുകയും ചെയ്തതോടെ തലസ്ഥാന നഗരിയായ ബാഗ്ദാദില്‍ മരണം താണ്ഡവമാടി. ദിനംപ്രതി ചാവേര്‍ ആക്രമണങ്ങള്‍, കാര്‍ ബോംബ് സ്ഫോടനങ്ങള്‍, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുന്നുകൂടിക്കിടക്കുന്ന ജഡാവശിഷ്ടങ്ങള്‍. നഗരത്തില്‍ മരണം പ്ലേഗിന്റെ ശക്തിയോടെ പടര്‍ന്നു. സിനാല്‍ അന്‍ടൂണിന്റെ 'ദി കോര്‍പ്സ് വാഷര്‍', ഹസന്‍ ബ്ലാസിമിന്റെ 'ദി കോര്‍പ്സ് എക്‌സിബിഷന്‍ ഏന്റ് അദര്‍ സ്റ്റോറീസ്' തുടങ്ങിയ കൃതികളില്‍ ഇറാഖിന്റെ ഈ ദയനീയാവസ്ഥ പ്രകടമാണ്. 

സദ്ദാം ഹുസൈന്റെ ബാത്ത് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തിന്റെ പതനത്തിനു ശേഷമുള്ള ബാഗ്ദാദ് നഗരത്തിന്റെ ഭീകരാവസ്ഥയാണ് ഇറാഖി നോവലിസ്റ്റ് അഹമ്മദ് സാദ്ദവിയുടെ 'ഫ്രാങ്കന്‍സ്റ്റീന്‍ ഇന്‍ ബാഗ്ദാദ്' എന്ന നോവലിന്റെ പശ്ചാത്തലം. കവിയും തിരക്കഥാകൃത്തും കൂടിയായ സാദ്ദവിയുടെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെട്ട ആദ്യ നോവലാണ് ഇത്. അറബിക്ക് ബുക്കര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്റര്‍നാഷണല്‍ പ്രൈസ് ഫോര്‍ അറബിക് ഫിക്ഷന്‍ പുരസ്‌കാരം നേടിയ നോവലാണ് 'ഫ്രാങ്കന്‍സ്റ്റീന്‍ ഇന്‍ ബാഗ്ദാദ്.' ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇറാഖി നോവലിസ്റ്റാണ് അഹമ്മദ് സാദ്ദവി. 2018-ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയിലും ഈ നോവല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 
അമേരിക്കന്‍ അധിനിവേശം ഇറാഖി ജനതയില്‍നിന്ന് എടുത്തുകളഞ്ഞത് അവരുടെ സ്വാതന്ത്ര്യവും സമാധാനവും മാത്രമായിരുന്നില്ല. അതു കുടുംബ ബന്ധങ്ങളെ ശിഥിലപ്പെടുത്തി ഭാര്യമാരില്‍നിന്നു ഭര്‍ത്താക്കന്മാരേയും അമ്മമാരില്‍നിന്നു മക്കളേയും വേര്‍പെടുത്തി. 2005-ലെ ബാഗ്ദാദ് ഭീതിയുടെ നഗരമായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഭീതിയാണ് നഗരം ഭരിച്ചിരുന്നത്. 

മേരി ഷെല്ലിയുടെ 'ഫ്രാങ്കന്‍സ്റ്റീന്‍' പ്രസിദ്ധീകരിക്കപ്പെട്ട് 200-ാം വര്‍ഷത്തിലാണ് 'ഫ്രാങ്കന്‍സ്റ്റീന്‍ ഇന്‍ ബാഗ്ദാദ്' പുറത്തിറങ്ങുന്നത് എന്ന പ്രത്യേകത കൂടി ഈ നോവലിനുണ്ട്. എന്നാല്‍, സാദ്ദവിയുടെ ഫ്രാങ്കന്‍സ്റ്റീന്‍ ഇറാഖിന്റെ ഏറ്റവും പുതിയ പ്രശ്‌നങ്ങളായ നീതിനിഷേധത്തേയും അഴിമതിയേയും മൂല്യച്യുതിയേയുമാണ് പ്രതിരോധിക്കുന്നത്. 

സ്ഫോടന പരമ്പരകള്‍ 
ബോംബ് സ്ഫോടനങ്ങള്‍ അധിനിവേശ ഇറാഖില്‍ പുതുമയല്ല. അതില്‍ കൊല്ലപ്പെടുന്നവരുടെ സംഖ്യ ജനസംഖ്യയുമായി തുലനം ചെയ്യുമ്പോള്‍ ഭയാനകമാണ്. സാദ്ദവിയുടെ 'ഫ്രാങ്കന്‍സ്റ്റീന്‍ ഇന്‍ ബാഗ്ദാദ്' ആരംഭിക്കുന്നതുതന്നെ ബാഗ്ദാദിലെ തയ്റാന്‍ ചത്വരത്തില്‍ നടക്കുന്ന ബോംബ് സ്ഫോടനത്തിന്റെ വിവരണങ്ങളിലൂടെയാണ്. ബാഗ്ദാദില്‍ നടന്ന സ്ഫോടനങ്ങളില്‍ ഏറ്റവുമധികം മരണങ്ങള്‍ ഉണ്ടായ ഒരു സ്ഫോടനമായിരുന്നു അത്. ലെയ്ന്‍ നമ്പര്‍ 7-ല്‍ താമസിക്കുന്ന ഏലീശ്വ എന്ന വൃദ്ധ വിധവ ബസില്‍ ഇരിക്കുമ്പോഴാണ് സ്ഫോടനം നടക്കുന്നത്. എന്നാല്‍, അവരത് ശ്രദ്ധിക്കുന്നതേയില്ല. 20 വര്‍ഷം മുന്‍പ് ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ നഷ്ടപ്പെട്ട തന്റെ പുത്രന്‍ ഡാനിയേലിനെക്കുറിച്ച് മാത്രമായിരുന്നു അവരുടെ ചിന്ത. 

എന്നാല്‍, ഈ സ്ഫോടനം ഹാദി-അല്‍-അതാഗ് എന്ന ആക്രി കച്ചവടക്കാരന് വളരെയേറെ ഗുണം ചെയ്തു. തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന നഹിം അദാകി ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ശേഷം അയാള്‍ തികച്ചും ഒറ്റപ്പെട്ടിരുന്നു. സ്ഫോടനങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ശരീരഭാഗങ്ങള്‍ തുന്നിച്ചേര്‍ത്ത് അയാളുണ്ടാക്കിയ മനുഷ്യരൂപത്തിന് ഒരു നാസികയുടെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിസ്സംഗനായി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ ശ്രദ്ധിച്ചുനിന്നിരുന്ന അയാളുടെ ദൃഷ്ടിയില്‍ പെട്ടെന്നാണ് ചോരയൊലിക്കുന്ന ഒരു മൂക്ക് ശ്രദ്ധയില്‍പ്പെട്ടത്. മറ്റൊന്നും ആലോചിക്കാതെ അതു വാരി തന്റെ ചാക്ക് സഞ്ചിയിലിട്ട് അയാള്‍ ഓടിമറഞ്ഞു. 
തന്റെ നിര്‍മ്മിതിക്ക് തികച്ചും അനുയോജ്യമായിരുന്നു ആ മൂക്ക്. ഇതോടെ മനുഷ്യരൂപം പൂര്‍ത്തിയായി. തികച്ചും ഉചിതമായ ഒരു പ്രവൃത്തിയാണ് താന്‍ ചെയ്യുന്നതെന്നാണ് അയാളുടെ വിശ്വാസം. കാരണം സ്ഫോടനങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ശരീരഭാഗങ്ങള്‍ തൂത്തുവാരി നശിപ്പിക്കുകയായിരുന്നു അധികാരികള്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു പൂര്‍ണ്ണ മനുഷ്യജഡത്തെ അങ്ങനെ ചെയ്യാന്‍ പറ്റില്ല. അതിനു മതപരമായ സംസ്‌കാരം ലഭിക്കുകതന്നെ വേണം. ഇതുമൂലം തന്റെ സുഹൃത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കുമെന്നും അയാള്‍ വിശ്വസിച്ചു. നഹീം തന്റെ ഒട്ടകത്തോടൊപ്പം ചിതറിത്തെറിക്കുന്നത് അയാള്‍ നേരിട്ട് കണ്ടതാണ്. ഒരു തെരുവുയുദ്ധത്തിന്റെ ഭീകരത ഭയജനകമായ രീതിയിലാണ് സാദ്ദവി ചിത്രീകരിച്ചിരിക്കുന്നത്. ഒട്ടകത്തിന്റെ മാംസവും നഹീമിന്റെ മാംസവും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ കൂടിക്കുഴഞ്ഞിരുന്നതായി സാദ്ദവി ചിത്രീകരിച്ചിരിക്കുന്നു. നോവലില്‍ മറ്റൊരു ഭാഗത്ത് മനുഷ്യശിരസിന്റെ ഭാഗങ്ങള്‍ തലനാരിഴകളോടൊപ്പം ഇലക്ട്രിക്ക് പോസ്റ്റില്‍ പറ്റിപ്പിടിച്ചിരിക്കുന്നതും സാദ്ദവി ചിത്രീകരിക്കുന്നുണ്ട്. 

വാട്സ് ഇറ്റ്സ് നെയിമിന്റെ വരവ് 
ഈജിപ്തുകാരനായ അസീസിന്റെ ചായക്കടയിലിരുന്ന് ഹാദി തന്റെ ശവ-മനുഷ്യ സൃഷ്ടിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. എന്നാല്‍, നുണയന്‍ എന്ന നിലയില്‍ പേരുകേട്ട ഹാദി പറയുന്നതൊന്നും ആരും വിശ്വസിക്കുന്നില്ല. കൂടാതെ ഏതു സമയവും അയാള്‍ മദ്യത്തിന്റെ ലഹരിയിലുമായിരിക്കും. 

ദിവസങ്ങള്‍ക്കുള്ളില്‍ ബാഗ്ദാദില്‍ മറ്റൊരു ചാവേര്‍ സ്ഫോടനം നടക്കുന്നു. ഇത്തവണ സദീര്‍ നൊവോടല്‍ ഹോട്ടലിലായിരുന്നു സ്ഫോടനം. ഒരു സുഡാനി ചാവേര്‍ മനുഷ്യബോംബ് ഹോട്ടല്‍ ഗേറ്റിനുള്ളിലേക്ക് ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. എന്നാല്‍, ചാവേറിന് തന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയും മുന്‍പ് ഹസിം മുഹമ്മദ് ജാഫര്‍ എന്ന കാവല്‍ക്കാരന്‍ അയാളെ തടയുകയും സുഡാനിക്കു നേരെ നിറയൊഴിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ ഉഗ്രസ്ഫോടനത്തില്‍ ഹോട്ടലിന് സാരമായ പരിക്കേല്‍ക്കുകയും കാവല്‍ക്കാരന്‍ ജാഫറും ഡ്രൈവര്‍ സുഡാനിയും കൊല്ലപ്പെടുകയും ചെയ്തു. ഈ സ്ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന ഹാദിക്കും പരിക്കേറ്റു. ഈ സംഭവവും ഹാദി പിന്നീട് അസീസിനോട് വിവരിച്ചു പറയുന്നുണ്ട്. 

തികച്ചും നൂതനമായ രീതിയിലാണ് അഹമ്മദ് സാദ്ദവി തന്റെ നോവലിന്റെ ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ഒരേ സമയം ഹൊറര്‍ നോവല്‍ എന്ന നിലയിലും യുദ്ധത്തിന്റെ ക്രൂരതകള്‍ ഫാന്റസിയുടെ രൂപത്തില്‍ ചിത്രീകരിക്കുന്നതിനും അനാഥരാക്കപ്പെടുന്നവരുടെ കഥകള്‍ വിവരിക്കുന്നതിനും എല്ലാം അദ്ദേഹം ശ്രമിക്കുന്നു. അധ്യായങ്ങള്‍ ക്രമപ്രകാരം ചിട്ടപ്പെടുത്താതെ വര്‍ത്തമാനകാലത്തില്‍നിന്നു ഭൂതകാലത്തിലേക്കും ഭൂതകാലത്തില്‍നിന്ന് പെട്ടെന്നു വര്‍ത്തമാനകാലത്തിലേക്കും സാദ്ദവി വായനക്കാരനെ കൊണ്ടുപോകുന്നു. 

നോവലിന്റെ മൂന്നാം അധ്യായം ഫാന്റസിയും മാജിക്കല്‍ റിയലിസവും ഇടകലര്‍ത്തിയാണ് സാദ്ദവി രചിച്ചിരിക്കുന്നത്. തലേന്ന് ബാഗ്ദാദിലുണ്ടായ അതിഭീകര ചുഴലിക്കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങളുണ്ടായി. ഹാദി താമസിച്ചിരുന്ന മുറി ഏതാണ്ട് നശിച്ചുപോയിരുന്നു. ഹോട്ടല്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജാഫറിന്റെ ആത്മാവ് നഗരത്തില്‍ അലയുമ്പോളാണ് തുറന്നുകിടക്കുന്ന ഹാദിയുടെ മുറി കാണുന്നത്. മുറിക്കകത്ത് ഹാദിയുടെ സൃഷ്ടിയായ മനുഷ്യരൂപം ജീവസറ്റ് കിടക്കുന്നുണ്ടായിരുന്നു. അതിനകത്തേക്ക് ജാഫറിന്റെ ആത്മാവ് പ്രവേശിക്കുകയും ജഡത്തിനു ജീവന്‍ വെക്കുകയും ചെയ്യുന്നു. 'വാട്സ് ഇറ്റ്സ് നെയിം' എന്നൊരു പേര്‍ ഹാദി തന്റെ സൃഷ്ടിക്ക് നല്‍കിയിരുന്നു. ജീവന്‍ വെച്ച 'വാട്സ് ഇറ്റ്സ് നെയിം' സാവധാനം പുറത്തുകടക്കുന്നു. ശ്മശാനത്തിലെത്തിയ അത് കാണുന്നത് ഏലീശ്വയുടെ പുത്രന്‍ ഡേവിസിന്റെ ആത്മാവിനെയാണ്. അവര്‍ തമ്മില്‍ സംസാരത്തിലേര്‍പ്പെടുന്നുമുണ്ട്. 

നഗരത്തില്‍ നാല് യാചകര്‍ വിചിത്രമായ രീതിയില്‍ കൊല്ലപ്പെടുന്നതോടെ പൊലീസിന്റേയും മാധ്യമങ്ങളുടേയും ശ്രദ്ധ ലെയിന്‍ 7-ലേക്ക് തിരിയുന്നു. അവിടെ ഒറൂബ ഹോട്ടലില്‍ കഴിയുന്ന അല്‍-ഹഖീവ എന്ന മാസികയുടെ പത്രാധിപ സമിതി അംഗം മഹ്മൂദ് അല്‍ സവാദി എന്ന പത്രപ്രവര്‍ത്തകന്‍ തന്റെ പത്രാധിപരുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഈ സംഭവത്തിന് പിറകിലെ ദുരൂഹത കണ്ടെത്താന്‍ ശ്രമിക്കുന്നതോടെയാണ് 'ഫ്രാങ്കന്‍സ്റ്റീന്‍ ഇന്‍ ബാഗ്ദാദ്' ഒരു സര്‍റിയലിസ്റ്റിക് നോവലിന്റെ ഘടനയിലേക്ക് രൂപം മാറുന്നത്. നാലു യാചകരും കൊല്ലപ്പെട്ടിരിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. നാലുപേരുടേയും കൈകള്‍ തൊട്ടടുത്തിരിക്കുന്ന ആളുടെ കഴുത്തില്‍ മുറുകിയിരിക്കുകയാണ്. ഇത് പൊലീസിനേയും അമേരിക്കന്‍ സൈന്യം രൂപീകരിച്ച അന്വേഷണസംഘത്തേയും കുഴക്കുന്നു. അഞ്ചാമതൊരാളുടെ സാന്നിദ്ധ്യം അവര്‍ ഊഹിക്കുന്നുണ്ട്. എന്നാല്‍, മദ്യലഹരിയില്‍ ഇവര്‍ പരസ്പരം കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് അവസാനം അവര്‍ എത്തുന്നത്. 

രണ്ട് ദിവസങ്ങള്‍ക്കകം നഗരത്തിലെ ഏറ്റവും വൃദ്ധനായ ബാര്‍ബര്‍ അബു സെയ്ദൂന്‍ കൊല്ലപ്പെടുന്നു. വിചിത്രമായ രീതിയിലാണ് ഈ കൊലപാതകവും. തന്റെ പഴയ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് അയാളുടെ ജഡം കാണപ്പെട്ടത്. സദ്ദാം ഹുസൈന്‍ ഭരണകൂടത്തിന്റെ കടുത്ത അനുയായി ആയിരുന്നു അയാള്‍. ഏലീശ്വക്ക് അയാളോട് പ്രത്യേക ദേഷ്യം തന്നെയുണ്ടായിരുന്നു. കാരണം ഡേവിഡിനെ പ്രായപൂര്‍ത്തിയാകും മുന്‍പേ പട്ടാളത്തില്‍ ചേര്‍ക്കാന്‍ മുന്‍കൈയെടുത്തത് അയാളായിരുന്നു. തുടര്‍ന്നു നഗരത്തിലെ വേശ്യാലയത്തില്‍ വെച്ച് ഉയര്‍ന്ന ഒരു ഗവണ്‍മെന്റുദ്യോഗസ്ഥന്‍ കൂടി കൊല്ലപ്പെടുന്നു. ഇതോടെ ബാഗ്ദാദ് നഗരം ഭീതിയുടെ പിടിയില്‍ അമരുകയാണ്. 

ഇതിനിടെ രാത്രിഞ്ചരനായ വാട്സ് ഇറ്റ്സ് നെയിം ആകസ്മികമായി ഏലീശ്വയുടെ വസതിയിലെത്തിച്ചേരുന്നു. അവര്‍ അതിനെ തന്റെ നഷ്ടപ്പെട്ട പുത്രന്‍ ഡേവിഡായി കണ്ട് സ്വീകരിച്ചു. ഇക്കാര്യം അവര്‍ തന്റെ സമീപവാസികളോട് പറഞ്ഞെങ്കിലും ഇരുപത് വര്‍ഷം മുന്‍പ് കാണാതായ ഒരാള്‍ തിരിച്ചെത്തി എന്നു വിശ്വസിക്കാന്‍ ഒരാളും തയ്യാറായില്ല. 

മഹ്മൂദ് എന്ന പത്രപ്രവര്‍ത്തകന്‍ ഹാദിയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നു. അയാളില്‍ നിന്ന് വാട്സ് ഇറ്റ്സ് നെയിം എന്ന സൃഷ്ടിയുടെ സമ്പൂര്‍ണ്ണ കഥ ചോര്‍ത്തിയെടുക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. അവസാനം മഹ്മൂദ് തന്റെ ഏറ്റവും വലിയ രഹസ്യം ഹാദിയോട് പറയുമെങ്കില്‍ താന്‍ വാട്സ് ഇറ്റ്സ് നെയിമിന്റെ സത്യാവസ്ഥ വെളിപ്പെടുത്താമെന്ന് ഹാദി സമ്മതിച്ചു. വാട്സ് ഇറ്റ്സ് നെയിമുമായി തനിക്ക് അഭിമുഖം സംഘടിപ്പിച്ചുതരാമോ എന്ന മഹ്മൂദിന്റെ ചോദ്യത്തിന് അതു തന്നാല്‍ അസാധ്യമാണെന്നായിരുന്നു ഹാദിയുടെ മറുപടി. എന്നാല്‍ താന്‍ അതിനു ശ്രമിക്കാമെന്ന് അയാള്‍ സമ്മതിച്ചപ്പോള്‍ ഇന്റര്‍വ്യൂ രേഖപ്പെടുത്താനായി ഒരു ഡിജിറ്റല്‍ റിക്കോര്‍ഡര്‍ മഹ്മൂദ് ഹാദിക്ക് നല്‍കുന്നു. ഇതൊരിക്കലും തിരിച്ചു ലഭിക്കില്ലെന്ന് ഉറപ്പിച്ചുതന്നെയാണ് അയാള്‍ അതു നല്‍കിയത്. എന്നാല്‍, അയാളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് വാട്സ് ഇറ്റ്സ് നെയിമിന്റെ ഇന്റര്‍വ്യൂ രേഖപ്പെടുത്തിയ റിക്കോര്‍ഡര്‍ അയാള്‍ക്ക് ലഭിച്ചു. 

ഒട്ടും അനിവാര്യമല്ലാതിരുന്ന ഒരു യുദ്ധത്തിന്റെ ക്രൂരതകള്‍ പേറേണ്ടിവന്നവരാണ് ബാഗ്ദാദ് നിവാസികള്‍ എന്ന് അഹമ്മദ് സാദ്ദവി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. വംശീയ കലാപങ്ങള്‍ കൊണ്ട് കലുഷിതമായിരുന്ന ഇറാഖിന്റെ രാഷ്ട്രീയ-സാമൂഹ്യാന്തരീക്ഷം കൂടുതല്‍ വഷളാക്കാന്‍ മാത്രമെ അമേരിക്കന്‍ ആക്രമണം വഴിവെച്ചുള്ളൂ. റിയല്‍ എസ്റ്റേറ്റ് മാഫിയയും അമേരിക്കന്‍ ചാരസംഘടനകളും ഇറാഖിനുമേല്‍ പിടിമുറുക്കി. ഈ സാഹചര്യത്തില്‍ ഒരു രക്ഷകന്റെ വരവിനെക്കുറിച്ചു സ്വപ്നം കാണല്‍ മാത്രമായിരുന്നു സാധാരണ ഇറാഖി പൗരനു മുന്‍പിലുള്ള ഏക പോംവഴി. 
വാട്സ് ഇറ്റ്സ് നെയിം എന്ന കഥാപാത്രത്തെ മൂന്നു രീതിയില്‍ വായിക്കാമെന്ന് അഹമ്മദ് സാദവി ഒരഭിമുഖത്തില്‍ പറയുന്നു. ഒന്ന്: വിവിധ വംശ, വര്‍ഗ്ഗ, വര്‍ണ്ണരായ ഇറാഖികളുടെ ശരീരഭാഗങ്ങളാല്‍ രൂപപ്പെട്ടവയാണ് അതിന്റെ ശരീരമെന്നതിനാല്‍ 'അത്' ഒരു സമ്പൂര്‍ണ്ണ ഇറാഖിയാണ്. രണ്ട്: വാട്സ് ഇറ്റ്സ് നെയിം രക്ഷകന്‍ മനുഷ്യരൂപമെടുത്തതാണ്. നീതി നിഷേധിക്കപ്പെട്ട ഒരു ജനതയ്ക്ക് നീതി ലഭ്യമാക്കാന്‍ അവതരിച്ചതാണ് വാട്സ് ഇറ്റ്സ് നെയിം. മൂന്ന്: വാട്സ് ഇറ്റ്സ് നെയിം നാശത്തിന്റെ പ്രതീകമാണ്. 

'ഫ്രാങ്കന്‍സ്റ്റീന്‍ ഇന്‍ ബാഗ്ദാദി'ന്റെ വായനയിലൂടെ ലഭ്യമാകുന്നത് അധിനിവേശാനന്തര ഇറാഖിന്റെ സമ്പൂര്‍ണ ചിത്രമാണ്. ഏലീശ്വയുടെ പൗരാണിക വസതി സ്വന്തമാക്കാന്‍ കൊതിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ് ഫറാജ്, ദുരൂഹതകള്‍ നിറഞ്ഞ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. അല്‍-ഹഖീവ് മാസികയുടെ ചീഫ് എഡിറ്ററും ഉടമസ്ഥനുമായ അലിബഹര്‍ അല്‍ സെയ്ദ്, മാതാവിനെ ബാഗ്ദാദില്‍ തനിച്ചാക്കി മെല്‍ബണിലേക്ക് കുടിയേറേണ്ടിവന്ന ഏലീശ്വയുടെ പെണ്‍മക്കള്‍, ഫാദര്‍ ജോസിയ എന്ന അര്‍മേനിയന്‍ പാതിരി തുടങ്ങി നിരവധി കഥാപാത്രങ്ങളാണ്  280 പേജുകള്‍ മാത്രമുള്ള ഈ നോവലില്‍ നിറഞ്ഞുനില്‍ക്കുന്നത്. 

തന്റെ സൃഷ്ടിയായ വാട്സ് ഇറ്റ്സ് നെയിം തന്നെ വധിക്കും എന്ന ഭീതിയിലാണ് ഹാദി കഴിയുന്നത്. ഒരു ദിവസം അര്‍ധരാത്രി 'അത്' അയാളെ സന്ദര്‍ശിക്കുകയും ചെയ്തു. തന്റെ സൃഷ്ടിക്ക് സംസാരിക്കാന്‍ കൂടി കഴിയുമെന്ന് അപ്പോള്‍ മാത്രമാണ് ഹാദി മനസ്സിലാക്കുന്നത്. തന്റെ പത്രപ്രവര്‍ത്തക സുഹൃത്തിന്റെ ആവശ്യം അയാള്‍ 'അതി'നോട് പറയുകയും വാട്സ് ഇറ്റ്സ് നെയിം സമ്മതിക്കുകയും ചെയ്യുന്നു. 
മഹ്മൂദ് എന്ന പത്രപ്രവര്‍ത്തകന്‍ വ്യക്തിത്വമാര്‍ന്ന ഒരു കഥാപാത്രമാണ്. തന്റേതല്ലാത്ത കാരണങ്ങളാല്‍ ഗ്രാമം വിട്ട് ബാഗ്ദാദിലേക്ക് കുടിയേറിയതാണ് അയാള്‍. പത്രപ്രവര്‍ത്തകനാകുക എന്നതു തന്നെയായിരുന്നു അയാളുടെ ലക്ഷ്യം. തന്റെ ഒരു സുഹൃത്ത് വഴിയാണ് അയാള്‍ക്ക് അല്‍-ഹഖീഖ മാസികയില്‍ ജോലി ലഭിക്കുന്നത്. സ്ഥിരോത്സാഹിയായ അയാളെ മാസികയുടെ ഉടമ വളരെയേറെ ഇഷ്ടപ്പെടുകയും വൈകാതെ അയാളെ ഉത്തരവാദിത്വമുള്ള ജോലികള്‍ ഏല്‍പ്പിക്കുകയും മാസികയുടെ എഡിറ്റര്‍-ഇന്‍-ചീഫ് ആക്കുകയും ചെയ്തു. ഇറാഖിനുമേലുണ്ടായ അമേരിക്കന്‍ അധിനിവേശത്തെ നിശിതമായ ഭാഷയില്‍ത്തന്നെയാണ് മഹ്മൂദ് വിമര്‍ശിക്കുന്നത്. 

അദ്ഭുതസൃഷ്ടിയുടെ കഥ 
ഹാദി മഹ്മൂദിന് കൈമാറിയ ഡിജിറ്റല്‍ റിക്കോര്‍ഡറില്‍ 'വാട്സ് ഇറ്റ്സ് നെയിം' തന്റെ കഥ വിവരിക്കുകയാണ്. തന്റെ ശരീരം സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ട നിരവധി മനുഷ്യരുടെ അവയവങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്. കൈവിരലുകള്‍പോലും. മുഖം ഏറ്റവും ഭീകരത പ്രകടമാക്കുന്നു. തുന്നിക്കെട്ടുകളില്‍നിന്ന് തക്കാളിജ്യൂസ് പോലെ ചലവും രക്തവും ഒലിച്ചിറങ്ങുന്നു. ജനങ്ങള്‍ ഭയപ്പെടാതിരിക്കാനാണ് രാത്രികാലങ്ങളില്‍ മാത്രം സഞ്ചരിക്കുന്നത്. കാണുന്നവരെയെല്ലാം ഭയപ്പെടുത്തുകയോ കൊലപ്പെടുത്തുകയോ അല്ല തന്റെ ഉദ്ദേശ്യം. ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട നീതി നടപ്പാക്കിക്കൊടുക്കുക എന്നതാണ് തന്റെ ദൗത്യം. ''ഒരു വിഭാഗം ജനങ്ങളുടെ നീതി മറ്റൊരു വിഭാഗം ജനങ്ങളുടെ അനീതിയായി മാറുന്നു'' അതു പറയുന്നു. തന്നെ ഒരു വ്യക്തിയായി കാണരുത്. ഇറാഖിനെ മൊത്തം താന്‍ പ്രതിനിധീകരിക്കുന്നു. 

താന്‍ പ്രതികാരത്തിനു വേണ്ടിയല്ല നടക്കുന്നത്. ജനങ്ങളും അമേരിക്കന്‍ സൈന്യവും ഭരണകൂടവും അവരുടെ പൊലീസ് സേനയും തന്നെ അങ്ങനെയാണ് കാണുന്നത്. ഇത് അനീതിയാണ്. ഓരോ കൊലപാതകത്തിനു പിറകിലും നിരപരാധിയായ ഒരു ഇരയുണ്ട്. കൊലയ്ക്കുശേഷം ആ ഇരയുടെ ശരീരഭാഗം തന്നില്‍നിന്നും കൊഴിഞ്ഞുപോകും. ഇനി കുറച്ചുസമയം കൂടിയേ ബാക്കിയുള്ളൂ. വളരെയധികം ചെയ്തു തീര്‍ക്കാനുണ്ട്. അതായത് കുറേയേറെ കൊലപാതകങ്ങള്‍ അതോടെ ശരീരഭാഗങ്ങള്‍ മുഴുവന്‍ കൊഴിഞ്ഞുപോകുകയും താന്‍ അനന്തതയില്‍ ലയിക്കുകയും ചെയ്യും. ഒരര്‍ത്ഥത്തില്‍ ഹാദി തന്റെ പിതാവാണ്. ഏറ്റവും അവസാനമേ താനയാളെ കൊലപ്പെടുത്തുകയുള്ളൂ. 
നോവലിന്റെ പത്താം അദ്ധ്യായത്തിലാണ് വാട്സ് ഇറ്റ്സ് നെയിം തന്റെ കഥ പറയുന്നത്. ഈ ഭാഗത്ത് പ്രത്യക്ഷപ്പെടുന്ന മജീഷ്യന്‍, സോഫിസ്റ്റ്, എനിമി എന്നീ കഥാപാത്രങ്ങളുടെ ചിത്രീകരണം ഫാന്റസിയുടെ അംശങ്ങള്‍ കലര്‍ത്തിയുള്ളതാണ്. നോവലിലെ തന്നെ ചില കഥാപാത്രങ്ങളുടെ പ്രതിരൂപങ്ങളായും ഇവരെ കാണാവുന്നതാണ്. 
വാട്സ് ഇറ്റ്സ് നെയിം പ്രതീക്ഷിച്ചപോലെയായിരുന്നില്ല സംഭവവികാസങ്ങള്‍. അഴുകിവീണുകൊണ്ടിരുന്ന അവയവങ്ങള്‍ക്ക് പകരം അയാള്‍ സ്വയം കണ്ടെത്തേണ്ടിയിരുന്നു. ഈ അവയവങ്ങള്‍ക്കായി അയാള്‍ കൊലപ്പെടുത്തിയവരില്‍ തനി കുറ്റവാളികളും ഉള്‍പ്പെട്ടിരുന്നു. തന്റെ കൂട്ടുകാരായ മജീഷ്യന്‍, എനിമി തുടങ്ങിയവരുടെ സഹായത്തോടെ അയാള്‍ അവ സ്വശരീരത്തില്‍ തുന്നിച്ചേര്‍ത്തു. ഇപ്പോള്‍ അയാളുടെ ശരീരത്തിന്റെ പകുതി ഭാഗവും കൊടും കുറ്റവാളികളുടെയാണ്. അമേരിക്കന്‍ സൈനികരുമായുള്ള ഒരേറ്റുമുട്ടലിന്റെ കഥ കൂടി പറയുന്നതോടെ ഡിജിറ്റല്‍ റിക്കോര്‍ഡറിന്റെ ബാറ്ററി പൂര്‍ണ്ണമായും അവസാനിക്കുകയും വാട്സ് ഇറ്റ്സ് നെയിം എന്ന അത്ഭുത സൃഷ്ടിയുടെ കഥ അവസാനിക്കുകയും ചെയ്യുന്നു. 

അന്വേഷണങ്ങള്‍ 
നോവലിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ ചടുലഗതിയിലാണ് നീങ്ങുന്നത്. ഇവിടെ ഫാന്റസിയുടെ അംശങ്ങള്‍ സാദവി പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നു. അമേരിക്കന്‍ സേനയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന അന്വേഷണസംഘത്തിന്റെ തലവന്‍ ബ്രിഗേഡിയര്‍ മജീദ് ആണ്. ഒരു മുന്‍ ബാത്തിസ്റ്റ് അനുയായി ആണ് അയാള്‍. വിശദമായ ചോദ്യം ചെയ്യലില്‍ അയാള്‍ക്ക് മഹ്മൂദില്‍നിന്നു യാതൊന്നും കണ്ടെത്താനായില്ല. 
ഇതിനിടെ ലെയ്ന്‍ 7-ല്‍ കൂടുതല്‍ സംഭവങ്ങള്‍ നടന്നിരുന്നു. അബു അല്‍മാര്‍ തന്റെ ഹോട്ടല്‍ പുതുക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. ഏലീശ്വ സ്വന്തം പൈതൃക ഗൃഹം വിട്ട് പെണ്‍മക്കളോടൊപ്പം പോകാന്‍ തീരുമാനിച്ചു. ഫറാജിന്റെ സ്വപ്നങ്ങള്‍ നാമാവശേഷമായി. ഏലീശ്വയുടെ പുരാതന ഗൃഹം സ്വന്തമാക്കണമെന്നത് അയാളുടെ ആഗ്രഹങ്ങളിലൊന്നായിരുന്നു. 
പത്രപ്രവര്‍ത്തകന്‍ മഹ്മൂദ് എഴുതിയ ലേഖനം അല്‍-ഹഖീഖ മാസിക പ്രസിദ്ധീകരിച്ചത് 'ഫ്രാങ്കന്‍സ്റ്റീന്‍ ഇന്‍ ബാഗ്ദാദ്' എന്ന പേരിലായിരുന്നു. എന്നാല്‍ മഹ്മൂദ് നല്‍കിയ തലക്കെട്ട് 'ഇറാഖ് തെരുവുകളില്‍ അലയുന്ന പട്ടണേതിഹാസം' എന്നായിരുന്നു. മഹ്മൂദിന് ഇത് കണ്ടപ്പോള്‍ നിരാശയാണ് തോന്നിയത്. ലേഖനത്തിന്റെ ലേ ഔട്ട് ഭംഗിയാക്കാന്‍ മേരി ഷെല്ലിയുടെ 'ഫ്രാങ്കന്‍സ്റ്റീന്‍' എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചലച്ചിത്രത്തിലെ റോബര്‍ട്ട് ഡി നീറോയുടെ വലിയൊരു ചിത്രവും മഹ്മൂദ് ചേര്‍ത്തിരുന്നു. 

മുഖ്യ പത്രാധിപര്‍ സെയ്ദി ഇറാഖിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്ക നല്‍കിയിരുന്ന സംഖ്യയില്‍നിന്ന് കോടിക്കണക്കിനു ഡോളര്‍ തിരിമറി നടത്തിയതായി ആരോപണമുയര്‍ന്നു. ബഹ്റിനിലായിരുന്നു അയാള്‍. ഇതേ തുടര്‍ന്നു മാസിക ഓഫീസ് അമേരിക്കന്‍ സൈനിക മേധാവികള്‍ കണ്ടുകെട്ടുകയും മഹ്മൂദിന് ജോലി നഷ്ടപ്പെടുകയും ചെയ്തു. അന്വേഷണോദ്യോഗസ്ഥന്‍ ബ്രിഗേഡിയര്‍ മജീദിനെതിരേയും സൈനിക മേധാവികള്‍ ആരോപണമുയര്‍ത്തി. അയാളുടെ ഓഫീസില്‍നിന്നു രഹസ്യവിവരങ്ങള്‍ റൈറ്റര്‍ എന്ന ഇ-മെയില്‍ അഡ്രസിലേക്ക് ആരോ അയച്ചുകൊടുക്കുന്നു എന്നായിരുന്നു ആരോപണം. ഇതിനിടെ ലെയ്ന്‍ 7-ല്‍ മറ്റൊരു സ്ഫോടനവും കൂടി നടന്നിരുന്നു. ഈ സ്ഫോടനത്തില്‍ ഏലീശ്വയുടെ വീടും ഹാദിയുടെ ആക്രിസാധനങ്ങളും പാടെ തകര്‍ന്നു. 

തുടര്‍ന്നുള്ള കഥാഭാഗങ്ങള്‍ റൈറ്റര്‍ എന്ന കഥാപാത്രമാണ് പറയുന്നത്. പാടെ തകര്‍ന്ന മഹ്മൂദ് തന്റെ സെല്‍ഫോണും ലാപ്ടോപും വാട്സ് ഇറ്റ്സ് നെയിം നല്‍കിയ ഇന്റര്‍വ്യൂ അടങ്ങിയ ഡിജിറ്റല്‍ റിക്കോര്‍ഡറും റൈറ്റര്‍ക്ക് വില്‍ക്കുന്നു. ഇതുകൊണ്ട് അയാള്‍ കടങ്ങള്‍ വീട്ടി നാട്ടിലേക്ക് മടങ്ങി. സെയ്ദി അവസാനമായി അയച്ച ഇ-മെയിലും മറ്റ് ചില വിവരങ്ങളും അയാള്‍ റൈറ്റര്‍ക്ക് കൈമാറുന്നു. ഈ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് റൈറ്റര്‍ നോവല്‍ പൂര്‍ത്തിയാക്കുന്നത്. 

ബാഗ്ദാദില്‍ തുടര്‍ച്ചയായുണ്ടായ സ്ഫോടനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് അമേരിക്കന്‍ സൈനികമേധാവികളുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച കമ്മിറ്റി ചെയര്‍മാന്റെ ടോപ് സീക്രട്ട് എന്നു രേഖപ്പെടുത്തിയ ഫൈനല്‍ റിപ്പോര്‍ട്ട് നോവലിന്റെ ആദ്യഭാഗത്ത് തന്നെ സാദ്ദവി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ ബാഗ്ദാദിലെ സ്ഫോടന വിവരങ്ങളും ഇ-മെയില്‍ അയക്കലും എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. അജ്ഞാതനായ കഥപറച്ചില്‍കാരന്‍ എഴുതി പൂര്‍ത്തിയാക്കിയ 17 അധ്യായങ്ങള്‍ അടങ്ങിയ നോവലും കണ്ടെടുത്തിരുന്നു. രാജ്യത്തിന്റെ സുരക്ഷ തകര്‍ക്കുന്ന ഒന്നും അതിലില്ലെങ്കിലും പ്രസിദ്ധീകരിക്കാതിരിക്കുന്നതാണ്  നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

18, 19 അധ്യായങ്ങള്‍ റൈറ്റര്‍ ആണ് പൂര്‍ത്തിയാക്കിയത്. ഇതിന്റെ പേരില്‍ അറസ്റ്റിലാകുമെന്ന് അയാള്‍ക്കുറപ്പായിരുന്നു. 2006 ഫെബ്രുവരി 21-ന് വാട്സ് ഇറ്റ്സ് നെയിം അറസ്റ്റിലായി എന്ന വിവരം അധികാരികള്‍ പുറത്തുവിട്ടു. എന്നാല്‍, ഇത് ഒരു പ്രത്യേക രീതിയിലാണ് സാദവി വിവരിക്കുന്നത്. ബാഗ്ദാദില്‍ നടന്ന രണ്ടാമത്തെ സ്ഫോടനത്തില്‍ ഹാദിക്ക് ഗുരുതര പരിക്കേറ്റിരുന്നു. അയാളുടെ മുഖം പ്ലാസ്റ്ററുകളഴിച്ചപ്പോള്‍ വാട്സ് ഇറ്റ്സ് നെയിമിന്റേതിനു സമാനമായി. പൊലീസ് പിടിയിലായത് ഹാദിയാണോ, അതോ യഥാര്‍ത്ഥ വാട്സ് ഇറ്റ്സ് നെയിം തന്നെയാണോ എന്ന സംശയം അവശേഷിക്കുന്നു. കാരണം നോവലിന്റെ അവസാന പേജില്‍ ഭീകരരൂപി അറസ്റ്റിലാകുന്ന രംഗം തകര്‍ന്ന കെട്ടിടത്തിന്റെ ജനലിലൂടെ വീക്ഷിക്കുന്ന രണ്ട് കണ്ണുകളെക്കുറിച്ച് സാദ്ദവി വിവരിക്കുന്നുണ്ട്. 

ഒരു ടെലിവിഷന്‍ ഷോയില്‍ മഹ്മൂദിന്റെ സഹപ്രവര്‍ത്തകന്‍ ഫരീദ് ഷഫാസ് പറയുന്നു: ഈ ദുഷ്ടശക്തി ജനങ്ങളുടെ ഭയത്തിന്റെ സൃഷ്ടിയാണ്. അപരനെ കൊലപ്പെടുത്താന്‍ കത്തിയോ തോക്കോ ആയാണ് ഇവിടെ മനുഷ്യര്‍ നടക്കുന്നത്. ഭയമാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. താന്‍ കൊല്ലപ്പെടുമോ എന്ന ഭയം. 
2005-ല്‍ നടന്ന ഇമാം ബ്രിഡ്ജ് സ്ഫോടനത്തേയും സാദ്ദവി തന്റെ നോവലില്‍ വിവരിക്കുന്നുണ്ട്. ചരിത്ര യാഥാര്‍ത്ഥ്യങ്ങളും ഭാവനയും കൂട്ടിക്കലര്‍ത്തിയുള്ള രചനാതന്ത്രമാണ് ഈ ഭാഗങ്ങളില്‍ സാദവി ഉപയോഗിച്ചിരിക്കുന്നത്. 
ഒരു ഹൊറര്‍/സര്‍റിയലിസ്റ്റിക്/ഗോഥിക് നോവല്‍ എന്നതിലുപരി സദ്ദാം ഹുസൈന്‍ ഭരണകൂടത്തിന്റെ പതനശേഷമുള്ള ഇറാഖിന്റെ യഥാര്‍ത്ഥ അവസ്ഥ ചിത്രീകരിക്കുന്ന നോവല്‍ കൂടിയാണ് 'ഫ്രാങ്കന്‍സ്‌റ്റൈന്‍ ഇന്‍ ബാഗ്ദാദ്.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com