മലബാറിന്റെ നാടകമണ്ണില്‍... നെല്‍സണ്‍ ഫെര്‍ണാണ്ടസ് എഴുതുന്നു

എം.ടിയുടെ മുസാവരി ബംഗ്ലാവ് എന്ന ചെറുകഥ നാടകമാക്കാന്‍ സെബാസ്റ്റ്യന്‍ അല്ലാതെ മറ്റാരും ധൈര്യപ്പെടുമായിരുന്നില്ല.
ആഹ്വാന്‍ സെബാസ്റ്റിയന്‍
ആഹ്വാന്‍ സെബാസ്റ്റിയന്‍

നാടകത്തെ സംബന്ധിച്ചിടത്തോളം കൊച്ചിയും തിരുവിതാംകൂറുമായിരുന്നു എന്റെ തട്ടകങ്ങള്‍. ഒറ്റപ്പാലം പപ്പന്‍ എന്ന നടന്‍ നിര്‍ബന്ധിച്ചതുകൊണ്ടുമാത്രം ഒരിക്കല്‍ പൊന്നാനിയിലുള്ളൊരു സമിതിയുമായി സഹകരിച്ചു. അതിനപ്പുറമുള്ള മലബാറും ഉത്തര മലബാറുമെല്ലാം എനിക്ക് എത്തിപ്പിടിക്കാന്‍ കഴിയാതിരുന്ന മേഖലകളായിരുന്നു. 

കൊച്ചിയില്‍ നിന്നെത്തി കോഴിക്കോട്ട് സ്ഥിരത്താമസമാക്കിയ ജമാല്‍ കൊച്ചങ്ങാടിയും ഇബ്രാഹിം വേങ്ങരയും എന്റെ അടുത്ത സുഹൃത്തുക്കളാണ്. രണ്ടുപേരും നാടകോപാസകരെന്ന നിലയില്‍ മലബാറിന്റെ മണ്ണില്‍ വേരുറപ്പിച്ചവരുമായിരുന്നു. അവരിലൂടെ ഒരു ശ്രമം നടത്തിയിരുന്നെങ്കില്‍ എനിക്കും അതേ മണ്ണില്‍ ചുവടുറപ്പിക്കാമായിരുന്നു. പക്ഷേ, പകല്‍ ഓഫീസും രാത്രി റിഹേഴ്സല്‍ ക്യാമ്പും എന്ന എന്റെ പദ്ധതി നടക്കാതെ വരും. അതുകൊണ്ട് മലബാറിനെ മറക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴും ആഹ്വാന്‍ സെബാസ്റ്റ്യന്‍ എന്ന ചെറുപ്പക്കാരന്‍ എന്റെ ഓര്‍മ്മകളില്‍ ഇരച്ചുകയറുകയായിരുന്നു. 

എം.ടിയുടെ മുസാവരി ബംഗ്ലാവ് എന്ന ചെറുകഥ നാടകമാക്കാന്‍ സെബാസ്റ്റ്യന്‍ അല്ലാതെ മറ്റാരും ധൈര്യപ്പെടുമായിരുന്നില്ല. ചെറുകഥയുടെ ഒഴുക്കും ഒതുക്കവും നഷ്ടപ്പെടുമെന്നു എം.ടി. ഭയപ്പെട്ടു. പക്ഷേ, സെബാസ്റ്റ്യന്‍ പിന്‍മാറിയില്ല. അസാധ്യമായതിനെ സാധ്യമാക്കുക. അതൊരു ജീവിതവ്രതമാക്കിയ ആ ചെറുപ്പക്കാരന്‍ എം.ടിയെക്കൊണ്ടു ചെറുകഥ അരമണിക്കൂറുള്ളൊരു നാടകമായി എഴുതിച്ചു. അതിന്റെ തുടര്‍ച്ചയെന്നോണം ഓരോ രംഗങ്ങള്‍ കെ.ടി. മുഹമ്മദിനേയും തിക്കോടിയനേയും ടി. ദാമോദരനേയും കൊണ്ട് എഴുതിച്ചു. നാലുപേര്‍ ചേര്‍ന്നെഴുതിയ ഒരു നാടകം. മലയാളത്തില്‍ ഇങ്ങനെയൊരു പരീക്ഷണം ആദ്യമായിരുന്നു. കുഞ്ഞാണ്ടിയും ബേബിയും ചേര്‍ന്നാണ് നാടകം സംവിധാനം ചെയ്തത്. സെബാസ്റ്റ്യന്‍ സംഗീതം പകര്‍ന്നു. ആഹ്വാന്‍ മ്യൂസിക്കല്‍ തിയറ്റേഴ്സ് അരങ്ങിലെത്തിച്ചു. അപകടകരമായ ആ പരീക്ഷണം അത്യപൂര്‍വ്വമായൊരു നാടകാനുഭവമായി മാറുകയായിരുന്നു. 

സെബാസ്റ്റ്യനിലെ സാഹസികനു വെല്ലുവിളി എന്നും ഹരമായിരുന്നു. സെബാസ്റ്റ്യനെക്കുറിച്ചു ഞാന്‍ കൂടുതല്‍ അറിയുന്നതു നൂറിലേറെ തിരക്കഥകള്‍ രചിച്ചിട്ടുള്ള ജോണ്‍ പോളില്‍ നിന്നാണ്. അരയില്‍ തിരുകിയ കഠാരകളുമായി കോഴിക്കോടന്‍ ഗലികളിലും തെരുവുകളിലും കച്ചറയായി കാടിളക്കി നടന്നിരുന്നൊരു ചെറുപ്പക്കാരന്‍ നാടകത്തിനുവേണ്ടി ജീവിതമര്‍പ്പിച്ച ആഹ്വാന്‍ സെബാസ്റ്റ്യനായ കഥ എന്നില്‍ കൗതുകമുണര്‍ത്തി. കഠാര പിടിച്ച കൈകള്‍ക്ക് ഏഴു സ്വരങ്ങളുടെ അകിടില്‍നിന്നും സംഗീതം ചുരത്താന്‍ കഴിയുമോ... വൈകാരിക വിരേചനത്തിന്റെ ഗിരിശിഖരങ്ങളില്‍ അഭിരമിക്കാന്‍ പാകത്തില്‍ ജനഹൃദയങ്ങളില്‍ തിരയിളക്കം സൃഷ്ടിക്കുന്ന നാടകമുഹൂര്‍ത്തങ്ങളൊരുക്കാന്‍ കഴിയുമോ... ഒരാളില്‍നിന്നും ഒരു കൈത്താങ്ങുപോലുമില്ലാതെ തന്റെ നാടക സപര്യയെ ആറു പതിറ്റാണ്ടുകാലം നെഞ്ചേറ്റി നില്‍ക്കാന്‍ കഴിയുമോ... കഴിയും എന്ന് തന്റെ അവസാന ശ്വാസംകൊണ്ടുപോലും വിളംബരം ചെയ്ത വ്യക്തിയാണ് ആഹ്വാന്‍ സെബാസ്റ്റ്യന്‍. കെ.പി. കേശവമേനോന്‍, ഉറൂബ്, തിക്കോടിയന്‍, കെ.ടി. മുഹമ്മദ്, എം.ടി. വാസുദേവന്‍ നായര്‍, വാസു പ്രദീപ്,  ടി. ദാമോദരന്‍, യു.എ. ഖാദര്‍, കെ.എം. രാഘവന്‍ നമ്പ്യാര്‍, പി.ജെ. ആന്റണി, കെ.ടി. രവി, സദാനന്ദന്‍, പുതിയറ, സി.എല്‍. ജോസ്, ഡോ. ഇന്ദുകുമാര്‍, എ.പി. ഉമ്മര്‍, സുന്ദരന്‍ കല്ലായി, വില്ലാപ്പിള്ളി രാജന്‍, സുരാസു തുടങ്ങിയ പലരും രചന നിവര്‍ത്തിച്ച നാടകങ്ങളില്‍ അമരക്കാരനോ സംഗീതക്കാരനോ ആയി സെബാസ്റ്റ്യന്‍ പിന്‍ബലം പകര്‍ന്നിരുന്നു എന്നു ഞാനറിയുന്നത് 'ആഹ്വാന്‍ സെബാസ്റ്റ്യന്റെ രണ്ടു നാടകങ്ങള്‍' എന്ന പുസ്തകത്തിനു ജോണ്‍ പോള്‍ എഴുതിയ മുന്നുരയില്‍നിന്നാണ്. 

മലബാറില്‍ ആഹ്വാന്‍ സെബാസ്റ്റ്യനു മുന്‍പും നാടകപ്രതിഭകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവരിലെത്ര പേര്‍ ചോരയുടെ മണം മാറ്റാന്‍ ശ്രുതിപ്പെട്ടിയില്‍ വിരലുകളെ നൃത്തം ചെയ്യിച്ചിട്ടുണ്ട്? ആര്‍ദ്രതയില്‍ അലിയുന്ന ഈണങ്ങള്‍ക്കായി രാപകല്‍ തപസ്സിരുന്നിട്ടുണ്ട്? ഓമനിച്ചു കൊതിതീരാത്ത കൊച്ചുമകളുടെ ശവമടക്കു കഴിയും മുന്‍പെ നാടകവണ്ടിയിലേക്ക് ഓടിക്കയറിയിട്ടുണ്ട്? ആ നിലയില്‍ നോക്കുമ്പോള്‍ സെബാസ്റ്റ്യനോടുള്ള ആദരവ് ആരാധനയായി മാറുകയാണ്. 

നാടകസമിതികളുമായി സഹകരിച്ചിട്ടില്ലെങ്കിലും മലബാറിലെ കലാകാരന്മാരെ മനസ്സിരുത്തി പഠിക്കാനുള്ള എന്റെ നാടകവഴിയില്‍ ദീപം തെളിച്ച മറ്റു രണ്ടുപേര്‍ ജമാല്‍ കൊച്ചങ്ങാടിയും പൂന്നൂര്‍ കരുണാകരനുമായിരുന്നു. കോഴിക്കോട്ടെ കേന്ദ്രകലാസമിതി വര്‍ഷംതോറും നടത്തിവന്ന നാടകമത്സരത്തില്‍ 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു' എന്ന നോവല്‍ നാടകമാക്കി അവതരിപ്പിക്കാനെത്തിയ ബഷീര്‍ പെണ്ണുകെട്ടി ബേപ്പൂരില്‍ പൊറുതിയായ കാര്യം താനറിയുന്നതു ജമാലില്‍ നിന്നാണ്. സമാന്തര നാടകരംഗത്ത് വേറിട്ട ശബ്ദമായിരുന്ന കെ.ടിയുടെ മരുമകന്‍ താജിനെക്കുറിച്ചും അദ്ദേഹത്തിന്റെ 'രാവുണ്ണി' 'കുടുക്ക' എന്നീ നാടകങ്ങളെക്കുറിച്ചും പറയുമ്പോള്‍ ജമാലിന്റെ വാക്കുകളില്‍ നനവിറ്റുകയായിരുന്നു. 

കലാസാംസ്‌ക്കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ ദേശപോഷിണി വായനശാലയിലൂടെ നാടകരംഗത്തെ മഹാപ്രതിഭകളായി മാറിയ പലരെക്കുറിച്ചുമുള്ള അറിവ് പകര്‍ന്നു തന്നതു പൂന്നൂര്‍ കരുണാകരനായിരുന്നു. അവരില്‍ ചിലരെ കുറിച്ചെങ്കിലും എഴുതിയില്ലെങ്കില്‍ ഈ ഓര്‍മ്മപ്പുസ്തകം തീര്‍ത്തും അപൂര്‍ണ്ണമായിരിക്കും. 
നാടകത്തിന്റെ സമഗ്ര മേഖലകളിലും പരീക്ഷണം നടത്തിയ ഒരുപക്ഷേ ആദ്യത്തെ നാടകകൃത്തും അഭിനേതാവും സംവിധായകനുമാണ് വാസു പ്രദീപ്. വര്‍ണ്ണവസന്തം വിരിയിക്കുന്ന സെറ്റുകള്‍ നാടകത്തിന്റെ ആകര്‍ഷണമായിരുന്ന കാലത്ത് ഒരേയൊരു കര്‍ട്ടന്‍ ഉപയോഗിച്ച് അദ്ദേഹം നാടകം അവതരിപ്പിച്ചു. അഭിനയത്തിന് ഉതകുന്നവിധത്തില്‍ വാക്കുകളെ സംവിധാനം ചെയ്യലാണ് നാടകമെന്ന നിര്‍വ്വചനം നിലനില്‍ക്കെ സംഭാഷണം തീരെ ഇല്ലാത്ത 110 മിനിറ്റോളം വരുന്ന 'ബുദ്ധി' എന്ന നാടകത്തിനു രംഗഭാഷ്യം നല്‍കി. കളര്‍ ലൈറ്റുകളും മാജിക് ലാന്റേണുകളുമെല്ലാം കണ്ണഞ്ചിനിന്നിരുന്ന അരങ്ങില്‍ നിഴലും വെളിച്ചവും ഉപയോഗിച്ചു ഭൂതകാലത്തേയും വര്‍ത്തമാനകാലത്തേയും വേര്‍തിരിച്ചു നിര്‍ത്തി. ചെറിയ വേഷപ്പകര്‍ച്ചകളിലൂടെ ഒരാള്‍ തന്നെ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന അവതരണരീതില്‍ നാടകം അവസാനിച്ചു എന്നു തോന്നുന്നിടത്തു കഥാപാത്രം സ്വന്തം ജീവിതം തന്നെ തുറന്നുകാട്ടുന്ന രചനാകൗശലവുമെല്ലാം വാസു പ്രദീപിന്റെ ധീരമായ പരീക്ഷണങ്ങളായിരുന്നു. ജോസ് തോമസ് പെര്‍ഫോമിങ്ങ് ആര്‍ട്ട്‌സ് നല്‍കിവരുന്ന ഒരുലക്ഷം രൂപയുടെ തിയേറ്റര്‍ പെര്‍സണല്‍ അവാര്‍ഡ് 2008-2009ല്‍ വാസു പ്രദീപിനാണ് ലഭിച്ചത്. 
ആകാശവാണിയില്‍ സ്‌ക്രിപ്റ്റ് റൈറ്ററായി ചേര്‍ന്നു ഡ്രാമാ പ്രൊഡ്യൂസറായി വിരമിച്ച തിക്കോടിയന്‍ ദേശപോഷിണിയുടെ സ്ഥിരം നാടകകൃത്തായിരുന്നു. അദ്ദേഹത്തിന്റെ പഴയ ബന്ധം, ജീവിതം, പ്രസവിക്കാത്ത അമ്മ, അറ്റുപോയ കണ്ണി എന്നിവ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ നാടകങ്ങളായിരുന്നു. തിക്കോടിയന്റെ അതിമഹത്തായ സംഭാവന 'അരങ്ങൊഴിഞ്ഞ നടന്‍' എന്ന നാടകഗ്രന്ഥമായിരുന്നു. 

ആകാരവടിവും ഘനഗംഭീരമായ ശബ്ദവും അഭിനയത്തികവും കൊണ്ട് ഏതു കഥാപാത്രത്തേയും വ്യാഖ്യാനിക്കാന്‍ കഴിയുന്ന നടനായിരുന്നു കുഞ്ഞാണ്ടി. ദേശപോഷിണി അവതരിപ്പിച്ച വിശ്വപ്രസിദ്ധമായ 'ഈഡിപ്പസ്' നാടകത്തില്‍ വാസു പ്രദീപിനും ബാലന്‍ കെ. നായര്‍ക്കുമൊപ്പം പ്രധാന വേഷത്തില്‍ കുഞ്ഞാണ്ടിയായിരുന്നു. ടാഗോറിന്റെ 'കാബൂളിവാല', തിക്കോടിയന്റെ 'പുഷ്പവൃഷ്ടി', ഉറൂബിന്റെ 'തീകൊണ്ടു കളിക്കരുത്' എന്നീ നാടകങ്ങളിലെ കഥാപാത്രങ്ങള്‍ കുഞ്ഞാണ്ടി നിറഞ്ഞാടിയ വേഷങ്ങളായിരുന്നു. 

വാസു പ്രദീപിന്റെ 'ജീവിക്കാന്‍ വേണ്ടി' എന്ന നാടകത്തിനായി 12-ാം വയസ്സില്‍ അരങ്ങിലെത്തിയ നടിയായിരുന്നു നെല്ലിക്കോട് കോമളം. പിന്നീട് തിക്കോടിയന്റെ 'പഴയബന്ധം' എന്ന നാടകത്തില്‍ അഭിനയിച്ചു. അതുവരെ നാടകത്തില്‍ സ്ത്രീവേഷം കെട്ടിയതു പുരുഷന്മാരായിരുന്നു. തിക്കോടിയന്റെ 'ജീവിതം' മലബാര്‍ കേന്ദ്രകലാസമിതിയുടെ നാടകമത്സരത്തില്‍ സമ്മാനാര്‍ഹമായതോടെ കോമളം കോഴിക്കോടന്‍ നാടകവേദിയിലെ തിരക്കുള്ള നടിയായി മാറുകയായിരുന്നു. ശാന്താദേവിയും മച്ചാട് വാസന്തിയും നിലമ്പൂര്‍ അയിഷയും സീനത്തും കുട്ട്യേടത്തി വിലാസിനിയും കൃഷ്ണവേണിയുമെല്ലാം അരങ്ങില്‍ നിലയുറപ്പിക്കുന്നതിനും ഒരുപക്ഷേ, കാരണമായതു കോമളത്തിന്റെ രംഗപ്രവേശമായിരിക്കാം. 

ഇംപ്രൊവൈസ്ഡ് പ്ലേ അഥവാ ഇന്‍സിഡന്റ് പ്ലേയുടെ ഉപജ്ഞാതാക്കളായ കുതിരവട്ടം പപ്പുവും നെല്ലിക്കോട് ഭാസ്‌ക്കരനുമെല്ലാം ദേശപോഷിണിയുടെ കണ്ടെത്തലുകളായിരുന്നു. മറ്റു പലരേയും പോലെ പിന്നീടവര്‍ സിനിമാരംഗത്തെ നിറസാന്നിധ്യങ്ങളായി മാറുകയായിരുന്നു. 
ടി. ദാമോദരന്‍, എന്‍.എസ്. വിജയരാജ്, പി.എന്‍. ചന്ദ്രന്‍, കെ.ടി. രവി, ജയശങ്കര്‍ പൊതുവത്ത്, കൊല്ലം കണ്ടി പ്രഭാകരന്‍, എം.പി. ജയപ്രകാശ് എന്നിവര്‍ അവതരണത്തിലും രചനയിലും പുതിയ സാധ്യതകള്‍ തേടി ദേശപോഷിണിയില്‍ എത്തിയവരായിരുന്നു. 
സുപ്രസിദ്ധ സംവിധായകനും സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനുമായ നരിപ്പറ്റ രാജു സംവിധാനം ചെയ്ത 'ഷെത്സ്യാനിലെ നല്ല സ്ത്രീ' (ബ്രഹത്) ദേശപോഷിണി ഒത്തിരി അരങ്ങുകളില്‍ അവതരിപ്പിക്കുകയുണ്ടായി. 

മുസ്ലിം നാടകപ്രസ്ഥാനങ്ങള്‍ 
മുസ്ലിം നാടകപ്രസ്ഥാനത്തില്‍ നൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും അതിന്റെ പുനര്‍ജ്ജനി 1945-'46 കാലഘട്ടത്തില്‍ ഇസ്ലാമിക് സര്‍വ്വീസ് സൊസൈറ്റി തുടങ്ങിവച്ച ദേശസ്‌നേഹ നാടകങ്ങളിലൂടെയായിരുന്നു. സുല്‍ത്താന്‍ അലാവുദ്ദീന്‍, സ്വതന്ത്രപതാക, കറവപ്പശു എന്നീ നാടകങ്ങള്‍ കല്ലായി റോഡിലെ പി.വി.എസ്. ഹാളിലാണ് ആദ്യമായി അരങ്ങേറിയത്. പക്ഷേ, നാടകം ഹറാമാണെന്ന വിധിയെഴുത്തിന്റേയും അതില്‍ അഭിനയിക്കുന്നവര്‍ മതവിരോധികളാണെന്നുമുള്ള മുദ്രകുത്തലിന്റേയും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സംഘാടകര്‍ക്കു കഴിഞ്ഞില്ല. 

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് എം.എസ്.എ. ഡ്രമാറ്റിക് അസോസിയേഷന്‍ രൂപമെടുത്തത്. യാഥാസ്ഥിതികരും ദരിദ്രരുമായൊരു ഈ സമൂഹത്തിന്റെ മധ്യത്തിലേക്കു സാംസ്‌ക്കാരിക വിപ്ലവത്തിന്റെ തീപ്പന്തവുമായെത്തിയ ഈ സംഘടനയ്ക്കും കോഴിക്കോട്ടെ മുസ്ലിങ്ങള്‍ അയിത്തം കല്പിക്കുകയായിരുന്നു. ആരാണ് അപരാധി, വമ്പത്തി നീയാണു പെണ്ണ്, തറവാടും മടിശീലയും എന്നീ നാടകങ്ങള്‍ക്കു വലിയ സ്വീകരണമായിരുന്നു സാധാരണക്കാരില്‍നിന്നും ലഭിച്ചത്. ഹാജി അബ്ദു റഹിമാന്‍, കെ.പി. ഉമ്മര്‍, കുഞ്ഞാവ, ബി. മുഹമ്മദ്, കെ.ടി. മുഹമ്മദ്, പി.എന്‍.എം. ആലിക്കോയ, ബാബുരാജ്, പി.എം. കാസിം എന്നിവരായിരുന്നു സംഘടനയുടെ നെടുംതൂണുകള്‍. 

എന്നാല്‍, അന്‍പതുകളുടെ മദ്ധ്യത്തോടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് നിലച്ചമട്ടായി. അതിനുശേഷമായിരുന്നു ബ്രദേഴ്സ് സ്റ്റേജ് ഇന്ത്യാ, ആഹ്വാന്‍ തിയറ്റേഴ്സ് എന്നീ സമിതികള്‍ പ്രൊഫഷണല്‍ നാടകങ്ങളുമായി രംഗത്തെത്തിയത്. 

മലബാര്‍ നാടകവേദിയുടെ വികാസപരിണാമങ്ങളെക്കുറിച്ചു പറയുമ്പോള്‍ നിലമ്പൂരിനെ മറന്നുകളയാനാവുമോ. ഇ.കെ. അയമു എഴുതി ഡോ. എം. ഉസ്മാന്‍ സംവിധാനം ചെയ്ത ''ജ്ജ് നല്ല മന്‌സനാകാന്‍ നോക്കു'' മുസ്ലിം സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ആദ്യ നാടകമാണ്. നിലമ്പൂര്‍ അയിഷയുടെ അരങ്ങേറ്റം കുറിച്ച ഈ നാടകം മലയാളക്കര ഹര്‍ഷാരവത്തോടെ സ്വീകരിക്കുകയായിരുന്നു. മുസ്ലിങ്ങള്‍ക്കിടയില്‍നിന്നു നാടകരംഗത്തേക്കു വന്ന ആദ്യ നടിയെന്ന നിലയില്‍ ഒത്തിരി ഭീഷണികളെ നേരിടേണ്ടിവന്നിട്ടും ഒരു കുലുക്കവുമില്ലാതെ ഉറച്ചുനിന്ന കലാകാരിയാണ് ആയിഷ. 

യശശ്ശരീരനായ നിലമ്പൂര്‍ ബാലനും അദ്ദേഹത്തിന്റെ ഭാര്യ വിജയലക്ഷ്മിയും നിലമ്പൂരിന്റെ സംഭാവനകളാണ്. ബാലന്‍ 'അന്യരുടെ ഭൂമി' എന്ന ചലച്ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ്. കോഴിക്കോട് സംഗമം തിയറ്റേഴ്സിലെ പ്രധാന നടിയായിരുന്നു വിജയലക്ഷ്മി. കെ.ടി. മുഹമ്മദിന്റെ ഭാര്യയായിരുന്ന സീനത്തും നിലമ്പൂര്‍ കളരിയില്‍നിന്നാണ് നാടകരംഗത്തേക്കു വരുന്നത്. 

ഏറെ കൊട്ടിഘോഷിക്കപ്പെട്ട 'കണ്ടം ബച്ച കോട്ട്' രചിച്ച മുഹമ്മദ് യൂസഫ്, ഇസ്ലാം മതവിശ്വാസിയായി മാറിയ ആലുവാക്കാരനായ ആംഗ്ലോ ഇന്ത്യനായിരുന്നു. നാടകവഴിയിലൂടെ ഒത്തിരി അലഞ്ഞിട്ടും ഉത്തര മലബാറിനെക്കുറിച്ചു കാര്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല. അതൊരു കുറവായിത്തന്നെ കാണുന്നു. എങ്കിലും അരങ്ങിനുവേണ്ടി ജീവന്‍ ബലികഴിച്ച കേളുവേട്ടനെക്കുറിച്ചു പറയാതെ വയ്യ. 

കൊച്ചിന്‍ നാടകവേദിയിലെ കുയിലനും മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ ടി.കെ. ചെല്ലപ്പനും അവസാന നാടകം കളിക്കുമ്പോള്‍ മരണം എന്ന കോമാളി തൊട്ടു പിന്നില്‍ത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ കോമാളിക്കു കേളുവേട്ടനെ തേടി നടക്കേണ്ടിവന്നില്ല. അവസാന നാടകത്തിന്റെ തിരശ്ശീല താഴുമ്പോഴേയ്ക്കും കേളുവേട്ടന്‍ അരങ്ങില്‍ ആത്മാഹൂതി ചെയ്യുകയായിരുന്നു. എന്തിന് എന്ന ചോദ്യത്തിന് ഒരു ശരിയുത്തരം ഇനിയും കിട്ടിയിട്ടില്ല. കേളുവേട്ടനെക്കുറിച്ച് എന്‍. പ്രഭാകരനും എന്‍. ശശിധരനും ചേര്‍ന്നെഴുതിയ നാടകത്തിലും അതുണ്ടെന്നു തോന്നുന്നില്ല.

വീണ്ടും എന്നിലേക്ക്
അമലയുടെ 'ഉയിര്‍ത്തെഴുന്നേല്പി'നു ശേഷം ഞാന്‍ നാടകത്തില്‍നിന്നു മെല്ലെ പിന്‍വാങ്ങുകയായിരുന്നു. നാടകം ഉത്സവപ്പറമ്പിലും പെരുന്നാള്‍ സ്ഥലങ്ങളിലുമായി ഒതുങ്ങിയിരിക്കുന്നു. നാടകം എന്ന ത്രിത്വത്തിലെ പ്രേക്ഷകന്‍ എന്ന ഘടകം ഇല്ലാതായിരിക്കുന്നു. ഉത്സവത്തിനും പെരുന്നാളിനുമായെത്തുന്ന കുറേ ആളുകള്‍; വെറും ഒരാള്‍ക്കൂട്ടം. അവരുടെ അഭിരുചിക്കൊത്തു നാടകം എഴുതണം; അവതരിപ്പിക്കണം. വിലകുറഞ്ഞ തമാശകള്‍ക്കും വെടിക്കെട്ടു സംഭാഷണങ്ങള്‍ക്കും കാര്യകാരണ ബന്ധമില്ലാത്ത സംഭവങ്ങള്‍ക്കുമായി നാടകകൃത്തും അരങ്ങും നിന്നുകൊടുക്കണം. ആ ഗതികേട് ഓര്‍ത്തപ്പോഴാണ് നാടകം മടുത്തുതുടങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com