സാലിം അലി പക്ഷിനിരീക്ഷണത്തിലെ ഇന്ത്യന്‍ തനിമ

ബേര്‍ഡ് മാന്‍ ഓഫ് ഇന്ത്യയെന്ന പേരില്‍ ലോകം അറിയുന്ന സാലിം മൊയ്നുദ്ദീന്‍ അബ്ദുല്‍ അലി എന്ന സാലിം അലി അന്തരിച്ചിട്ട് ജൂണ്‍ 20-ന് മുപ്പത്തിയൊന്ന് വര്‍ഷം തികഞ്ഞു.
സാലിം അലി പക്ഷിനിരീക്ഷണത്തിലെ ഇന്ത്യന്‍ തനിമ

ബേര്‍ഡ് മാന്‍ ഓഫ് ഇന്ത്യയെന്ന പേരില്‍ ലോകം അറിയുന്ന സാലിം മൊയ്നുദ്ദീന്‍ അബ്ദുല്‍ അലി എന്ന സാലിം അലി അന്തരിച്ചിട്ട് ജൂണ്‍ 20-ന് മുപ്പത്തിയൊന്ന് വര്‍ഷം തികഞ്ഞു.  ഇന്ത്യയുടെ പക്ഷിനിരീക്ഷണ ശാസ്ത്രത്തിന്റെ പിതാവ് ആരാണെന്ന ചോദ്യത്തിന് സാലിം അലി എന്നാണ് നമുക്ക് നല്‍കാവുന്ന ഉത്തരം. 

എന്നാല്‍ പലരും ആ സ്ഥാനം ഇംഗ്ലീഷുകാരനായ അലന്‍ ഒക്ടോവിയന്‍ ഹ്യു(എ.ഒ. ഹ്യു) മിനാണ് ചാര്‍ത്തിക്കൊടുക്കാറുള്ളത്. ബ്രിട്ടീഷ് ഭരണകാലത്തെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ഇന്ത്യന്‍ പക്ഷിനിരീക്ഷണ ശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. ബ്രിട്ടീഷ് മിലിട്ടറിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരേയും ബ്രിട്ടീഷുകാരായ തോട്ടം ഉടമകളേയും മറ്റും പക്ഷിനിരീക്ഷണത്തിലേക്ക് ആകര്‍ഷിക്കാന്‍ ഹ്യൂമിന് സാധിച്ചിട്ടുണ്ട്. 1872-നും 1888-നും ഇടയ്ക്ക് അദ്ദേഹം പ്രസിദ്ധീകരിച്ച 'ചിതറിയ തൂവലുകള്‍' എന്ന പക്ഷിനിരീക്ഷണ മാഗസിന്റെ പതിനൊന്ന് വാല്യങ്ങളും ഇന്ത്യയിലെ പക്ഷികളെ സംബന്ധിച്ച് വിലപിടിപ്പുള്ള രേഖകളാണ്. എന്നു കരുതി എ.ഒ. ഹ്യൂമിനെ ഇന്ത്യന്‍ പക്ഷിനിരീക്ഷണ ശാസ്ത്രത്തിന്റെ പിതാവെന്നൊക്കെ വിശേഷിപ്പിക്കുന്നത് കടന്നകയ്യാണെന്നാണ് എന്റെ വിശ്വാസം.

1862-64 കാലത്ത് ബ്രിട്ടീഷുകാരനായ സൈനിക ഡോക്ടര്‍ ടി.സി. ജെര്‍ഡനാണ് ഇന്ത്യയിലെ പക്ഷികളെക്കുറിച്ച് ആദ്യമായി ശ്രദ്ധേയമായൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ജെര്‍ഡന്റെ 'ഇന്ത്യയിലെ പക്ഷികള്‍' എന്ന ഗ്രന്ഥമാണ് ഇന്ത്യയില്‍ പക്ഷിനിരീക്ഷണ ശാസ്ത്രത്തിന് തുടക്കം കുറിച്ചതെന്നുപോലും പറയാം. അങ്ങനെയെങ്കില്‍ ഹ്യൂമിനും മുന്‍പ് ഈ രംഗത്ത് വലിയ സംഭാവനചെയ്ത ജെര്‍ഡനെയല്ലേ ഇന്ത്യന്‍ പക്ഷിനിരീക്ഷണ ശാസ്ത്രത്തിന്റെ പിതാവായി കരുതേണ്ടത്. 

പക്ഷിനിരീക്ഷണത്തിന്റെ കുത്തക ബ്രിട്ടീഷുകാര്‍ക്കുമാത്രം പതിച്ചുകൊടുക്കുന്നത് ശരിയല്ല. ബ്രിട്ടീഷുകാര്‍ക്ക് മുന്‍പ് പക്ഷിനിരീക്ഷണം ഇവിടെയുണ്ടായിരുന്നു. ഒരുപക്ഷേ, അതീവ ജാഗ്രതയോടെ ഇവിടുത്തെ ഗോത്രവര്‍ഗ്ഗക്കാരും നായാടികളും പ്രകൃതിനിരീക്ഷണം നടത്തിയിരുന്നു. മൃഗങ്ങളേയും പക്ഷികളേയും സൂക്ഷ്മമായി പഠിച്ചിരുന്നു. വന്യജീവികളെ വേട്ടയാടാന്‍ ഇതവര്‍ക്ക് അനിവാര്യമായിരുന്നു. എന്നാല്‍, ഇത്തരം നിരീക്ഷണങ്ങളൊന്നും ആരും കുറിച്ചുവയ്ക്കുകയൊന്നും ചെയ്തിരുന്നില്ലന്നെയുള്ളു. വിദ്യാസമ്പന്നരും ഉപരിവര്‍ഗ്ഗത്തില്‍പ്പെട്ടവരുമായ ബ്രാഹ്മണരും മറ്റും മാംസാഹാരം വര്‍ജ്ജിച്ചിരുന്നതിനാല്‍ അവര്‍ക്ക് വന്യജീവികളെ കാര്യമായി ശ്രദ്ധിക്കേണ്ട കാര്യവുമില്ലായിരുന്നു. അതുകൊണ്ടാവാം ഇവിടെ വന്യജീവികളെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ കൂടുതല്‍ ഉണ്ടാകാതിരുന്നത്. എങ്കിലും കാല്‍പ്പനിക പക്ഷിനിരീക്ഷണം ഇവിടെ വേണ്ടുവോളമുണ്ടായിരുന്നു. വന്യജീവികള്‍ ഇഷ്ടം പോലെ നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും കഥകളിലുമൊക്കെയുണ്ട്. ഇതിനും വന്യജീവി നിരീക്ഷണം ആവശ്യമാണ്.

കാട്ടിലിരുന്നു സല്ലപിക്കുകയായിരുന്ന ഇണപ്പക്ഷികളായ രണ്ട് ക്രൗഞ്ചപ്പക്ഷികളിലൊന്നിനെ (ക്രെയിന്‍) അമ്പെയ്തു വീഴ്ത്തിയ കാട്ടാളനെ വാല്‍മീകി പ്രാകുന്നതാണല്ലോ രാമയണ പിറവിക്ക് കാരണമായി തീരുന്നത്. ജീവിതകാലം മുഴുവന്‍ ഒരിണയോടൊപ്പം ജീവിക്കുന്ന പക്ഷികളാണ് ക്രൗഞ്ചപ്പക്ഷികള്‍. ഈ രഹസ്യം വാല്‍മീകിക്ക് അറിയാമായിരുന്നിരിക്കണം. ഇണപ്പക്ഷികളിലൊന്നിനെ കൊന്നാല്‍ മറ്റേ പക്ഷിക്കുണ്ടാകുന്ന കഠിന ദുഃഖത്തെയോര്‍ത്താണ് വാല്‍മീകി പൊട്ടിത്തെറിച്ചത്.

മുഗള്‍ രാജാക്കന്മാരൊക്കെ പ്രകൃതിസ്‌നേഹികളും കവിഹൃദയമുള്ളവരുമായിരുന്നു. ഔറംഗസേബ് ഇതില്‍നിന്ന് വ്യത്യസ്തനായിരിക്കാം. ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ ഡയറിക്കുറിപ്പുകളൊക്കെ നല്ല ഒന്നാംതരം പക്ഷിനിരീക്ഷണക്കുറിപ്പുകള്‍ കൂടിയാണ്. ഇന്ത്യയിലാദ്യമായി വര്‍ണ്ണചിത്രങ്ങളോടെ പക്ഷിനിരീക്ഷണക്കുറിപ്പുകള്‍ എഴുതിയത് ജഹാംഗീര്‍ ആയിരുന്നു. കൊട്ടാരം ചിത്രമെഴുത്തുകാരനായ മണ്‍സൂറാണ് മനോഹരമായ പക്ഷിച്ചിത്രങ്ങള്‍ കുറിപ്പുകളില്‍ ആലേഖനം ചെയ്തിരുന്നത്. മൗറിഷ്യസില്‍ ഒരുകാലത്ത് ധാരാളം ഉണ്ടായിരുന്ന ഡോഡോ പക്ഷി ഇപ്പോള്‍ വംശനാശമടഞ്ഞുപോയ പക്ഷിയാണ്. യൂറോപ്യരാണ് ഇതിനെ മുച്ചൂടും കൊന്നു നശിപ്പിച്ചത്. ഈ ഡോഡോ പക്ഷിയെ മുഗള്‍ക്കൊട്ടാരത്തില്‍ വളര്‍ത്തിയിരുന്നുവെന്ന് നമ്മള്‍ മനസ്സിലാക്കുന്നത് മണ്‍സൂറിന്റെ ചിത്രങ്ങളിലൂടെയാണ്. ക്രെയിന്‍ പക്ഷികളെക്കുറിച്ചുള്ള ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ നിരീക്ഷണക്കുറിപ്പുകള്‍ ശാസ്ത്രീയവും സൗന്ദര്യാത്മകവുമാണെന്ന് കാണാം.

ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ന് നമ്മള്‍ അറിയുന്ന തരത്തിലുള്ള പക്ഷിനിരീക്ഷണ ശാസ്ത്രത്തിന് തുടക്കം കുറിച്ചത് ബ്രിട്ടീഷുകാരാണെന്നതില്‍ സംശയമില്ല. എന്നാല്‍ അവരില്‍നിന്നൊക്കെ പക്ഷിനിരീക്ഷണ ശാസ്ത്രത്തെ വളരെ മുന്നോട്ടു കൊണ്ടുപോകാന്‍ സാലിം അലിക്ക് കഴിഞ്ഞു. സാലിം അലിയുടെ പക്ഷിനിരീക്ഷണം എ.ഒ. ഹ്യൂമില്‍നിന്ന് വളരെ വ്യത്യസ്തമാണ്. പക്ഷിനിരീക്ഷണത്തിന് ഒരു ഇന്ത്യന്‍ തനിമ നല്‍കുകയും വിനാശകരമായ ബ്രിട്ടീഷ് പക്ഷിനിരീക്ഷണത്തിന് പകരം സംരക്ഷിത സ്വഭാവത്തോടെയുള്ള

പക്ഷിനിരീക്ഷണത്തിന് തുടക്കം കുറിച്ചതും സാലിം അലിയാണ്.
പക്ഷിനിരീക്ഷകനായിരുന്ന എ.ഒ. ഹ്യൂം തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത്. എന്നാല്‍, നമ്മളാരും അദ്ദേഹത്തെ അതിന്റെ പേരില്‍ രാഷ്ട്രപിതാവായി കാണില്ല. ഹ്യൂമിന്റെ കോണ്‍ഗ്രസ്സിന് പരിമിതമായ ലക്ഷ്യങ്ങളേ ഉണ്ടായിരുന്നുള്ളു. മഹാത്മാ ഗാന്ധി അതിന്റെ തലപ്പത്തു വന്നതോടെയാണ് കാര്യങ്ങള്‍ തലകീഴായി മറിഞ്ഞത്. കോണ്‍ഗ്രസ് ഒരു ജനകീയ പ്രസ്ഥാനമായി വളര്‍ന്ന് ഒടുക്കം ബ്രിട്ടീഷുകാരെ ഇവിടുന്ന് കെട്ടുകെട്ടിച്ചു. കോണ്‍ഗ്രസ്സില്‍ എന്തു പരിവര്‍ത്തനമാണോ ഗാന്ധിജി ചെയ്തത് അതാണ് പക്ഷിനിരീക്ഷണ ശാസ്ത്രത്തില്‍ സാലിം അലി ചെയ്തത്. മഹാത്മജി രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോള്‍ സാലിം അലി ഇന്ത്യയുടെ പരിസ്ഥിതി സ്വാതന്ത്ര്യത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ചു. എക്കോളജി എന്ന് ഇവിടെ ആരും കേള്‍ക്കാതിരുന്ന കാലത്താണ് സാലിം അലി നമ്മുടെ പ്രകൃതിസമ്പത്തിന്റെ സംരക്ഷകനായിത്തീര്‍ന്നത്.

കുരുവിയുടെ പതനം
മുംബൈയിലെ ഇടത്തരക്കാര്‍ കഴിയുന്ന ഖേത്ത് വാഡിയിലെ സമ്പന്നമായൊരു കുടുംബത്തിലാണ് സാലിം അലി ജനിക്കുന്നത്. പിതാവ് മൊയ്നുദ്ദീന്‍ അമ്മ സീനത്ത് അണ്‍നിസ. സാലിം അലി ജനിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പിതാവ് മരിച്ചു. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ മാതാവും. സാലിമും എട്ട് സഹോദരങ്ങളും ഇതോടെ അനാഥരായി. പിന്നീട് ഇവര്‍ അമ്മാവനായിരുന്ന അമീറുദ്ദീന്‍ തയ്യാബ്ജിയുടെ വീട്ടിലാണ് വളര്‍ന്നത്. അമീറുദ്ദീന്‍ നാട്ടിലെ അറിയപ്പെടുന്ന സമ്പന്നനും പൊതുകാര്യസമ്മതനുമായിരുന്നു. എ.ഒ. ഹ്യൂമിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ആളുമാണ്.

വേട്ടക്കാരുടെ ക്ലബ്ബായി തുടങ്ങുകയും പിന്നീട് ഇന്ത്യയുടെ പ്രകൃതിപഠനത്തിന്റെ സിരാകേന്ദ്രമായി മാറുകയും ചെയ്ത മുംബൈ നാച്ച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സ്ഥാപക അംഗവുമാണ്. പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ നല്ല വിദ്യാഭ്യാസം നല്‍കണമെന്ന വിശ്വാസക്കാരനുമായിരുന്നു. അതുകൊണ്ട് അക്കാലത്ത് ലഭിക്കാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസമാണ് സാലിം അലിക്ക് ലഭിച്ചത്. തറവാട് വക കുതിരവണ്ടിയില്‍ രാജകീയമായി കുടുംബത്തിലെ കുട്ടികളെല്ലാവരും കൂടി സ്‌കൂളിലേക്ക് പോയിരുന്ന നല്ല നാളുകളെക്കുറിച്ച് സാലിം ധാരാളം എഴുതിയിട്ടുണ്ട്.

ശിയാ മുസ്ലിങ്ങളിലെ ഇസ്മയിലി വിഭാഗമായ ബോറ സമുദായത്തിലാണ് സാലിം അലി ജനിച്ചത്. ബോറ മുസ്ലിങ്ങള്‍ വണിക്കുകളാണ്. വലിയ കച്ചവടക്കാരും ഉദ്യോഗസ്ഥരുമൊക്കെ സാലിം അലിയുടെ കുടുംബത്തിലുണ്ടായിരുന്നു. അക്കാലത്തെ സമ്പന്ന കുടുംബത്തില്‍പ്പെട്ടവര്‍ നായാട്ടിന് പോകുക സാധാരണമാണ്. അമീറുദ്ദീന്‍ തയ്യാബ്ജി തന്നെ പേരെടുത്ത നായാട്ടുകാരന്‍ കൂടിയായിരുന്നു. കാട്ടില്‍ നായാട്ടിനിടയില്‍ പുലിയുടെ ആക്രമണത്തിലും മറ്റും സാലിമിന്റെ കുടുംബത്തില്‍പ്പെട്ടവര്‍ മരിച്ചിട്ടുപോലുമുണ്ട്. 

പള്ളിക്കൂടം അടയ്ക്കുന്ന കാലത്ത് കുടുംബക്കാരെല്ലാവരുംകൂടി കുട്ടികളേയുംകൂട്ടി കാട്ടുപ്രദേശമായ ചെമ്പൂരിലേക്ക് മാറിത്താമസിക്കും. മുതിര്‍ന്നവര്‍ വന്യജീവികളെ വേട്ടയാടാന്‍ പോകും. സാലിമും കൂട്ടുകാരും കാട്ടുതാറാവുകളുടെ മുട്ട ശേഖരിക്കാനും കാട്ടുമുയലുകളേയും പക്ഷികളേയും വോട്ടയാടാനും പോകും. ഇങ്ങനെ വേട്ടയാടാന്‍ വേണ്ടി അമ്മാവന്‍ സാലിമിന് ഒന്‍പത് വയസ്സുള്ളപ്പോള്‍ത്തന്നെ ഒരു എയര്‍ഗണ്‍ വാങ്ങിക്കൊടുത്തിരുന്നു. സാലിം അലിയുടെ പ്രകൃതിനിരീക്ഷണം തുടങ്ങുന്നത് പക്ഷിവേട്ടയില്‍നിന്നാണ്.

ഒരിക്കല്‍ അമ്മാവന്റെ കുതിരാലയത്തില്‍ കുതിരയുടെ പടക്കോപ്പ് തൂക്കിയിടാനായി തറച്ചിരുന്ന മരയാണികളിലൊന്ന് ഇളകിപ്പോയ കുഴിയില്‍ കുരുവി കൂടൊരുക്കിയത് സാലിം കണ്ടു. കുതിരയ്ക്ക് നല്‍കുന്ന ധാന്യങ്ങള്‍ കൊത്തിപ്പെറുക്കി തിന്നാനായി കുരുവികള്‍ ധാരാളം അവിടെ പാറിപ്പറക്കുന്നതും ശ്രദ്ധിച്ചു. സാലിം പക്ഷിവേട്ട അവിടെയാക്കി. കൂട്ടില്‍ അടയിരിക്കുന്ന പക്ഷിക്കു കൂട്ടായി ഒരാണ്‍കുരുവി മരയാണിയില്‍ വന്നിരുപ്പുണ്ടായിരുന്നു. സാലിം അതിനെ വെടിവച്ചിട്ടു. ഉടന്‍ പെണ്‍കുരുവി മറ്റൊരു ആണ്‍കുരുവിയെ തുണക്കായി കൂട്ടിക്കൊണ്ടുവന്നു. സാലിം അതിനേയും വെടിവച്ചിട്ടു. ഇങ്ങനെ തുടരെത്തുടരെ എട്ടോളം കുരുവികളെ വകവരുത്തി. ഇക്കാര്യങ്ങളൊക്കെ തന്റെ ഡയറിയില്‍ കുഞ്ഞു സാലിം കുറിച്ചുവയ്ക്കുമായിരുന്നു. കാലിഗ്രാഫിയോട് കിടപിടിക്കുന്ന കയ്യക്ഷരമായിരുന്നു സാലിമിന്റേത്. ഇംഗ്ലീഷും ഉറുദുവും നന്നായി സാലിം കൈകാര്യം ചെയ്യുമായിരുന്നു. 1906-07 കാലത്താണ് കുരുവിവേട്ട നടന്നത്. അന്‍പത് വര്‍ഷങ്ങള്‍ക്കുശേഷം ഈ വേട്ടക്കുറിപ്പുകള്‍ ന്യൂസ് ലെറ്റര്‍ ഫോര്‍ ബേര്‍ഡ് വാച്ചേഴ്സില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

ഒരിക്കല്‍ സാലിം വെടിവച്ചിട്ട കുരുവികളിലൊന്നിന്റെ കഴുത്തില്‍ ഒരു മഞ്ഞ മറുക് കണ്ടു. വ്യത്യസ്തനായ ഈ പക്ഷിയെ മുസ്ലിങ്ങള്‍ക്ക് ഭക്ഷിക്കാന്‍ കഴിയുമോ (ഹലാല്‍) എന്ന സംശയം സാലിമിന് ഉണ്ടായി. സംശയവുമായി അമ്മാവനെ സമീപിച്ചു. എന്നാല്‍ അദ്ദേഹത്തിന് സാലിമിനെ സഹായിക്കാന്‍ കഴിഞ്ഞില്ല. പകരം ഒരു കത്തും നല്‍കി മുംബൈ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ സെക്രട്ടറിയായിരുന്ന മില്ലാഡ് സായിപ്പിന്റെ അരികിലേക്ക് പറഞ്ഞയച്ചു. അങ്ങനെ വെടിവച്ചിട്ട പക്ഷിയുമായി ബി.എന്‍.എച്ച്.എസിന്റെ പടികടന്നു ചെന്ന സാലിമിന് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. തന്റെ കയ്യിലുള്ളത് പീതകണ്ഠന്‍കുരുവി(യെല്ലോ ത്രോട്ടഡ് സ്പാരോ) ആണെന്ന് സാലിമിന് മനസ്സിലായി. മില്ലാഡ് സായിപ്പ് എയ്റ്റ് കെന്‍ എഴുതിയ കോമണ്‍ബേര്‍ഡ്സ് ഓഫ് മുംബൈ, എ നാച്ചുറലിസ്റ്റ് ഓണ്‍ ദി പ്രൗള്‍ എന്നീ പുസ്തകങ്ങളും സാലിമിന് സമ്മാനിച്ചു. ഈ സംഭവമാണ് സാലിം അലിയെ പക്ഷികളുടെ അത്ഭുത പ്രപഞ്ചത്തിലേക്ക് ആനയിക്കാനിടയാക്കിയത്. അതുകൊണ്ടാവാം എണ്‍പത്തിയഞ്ചാം വയസ്സില്‍ സാലിം അലി  എഴുതിയ തന്റെ ആത്മകഥയ്ക്ക് 'ഫാള്‍ ഓഫ് എ സ്പാരോ' (കുരുവിയുടെ പതനം) എന്ന് നാമകരണം ചെയ്തത്.


 
ഗുരുക്കന്മാര്‍
സാലിം അലിയെ പിന്തുടരുമ്പോള്‍ ഒരു കാര്യം നമ്മള്‍ക്ക് ബോധ്യമാകും. പ്രകൃതിയില്‍നിന്നാണ് സാലിം അലി അധികവും പഠിച്ചിട്ടുള്ളത്. പ്രകൃതിയായിരുന്നു സാലിമിന്റെ മഹാഗുരു. കാല്‍ഏജില്‍നിന്ന് (കോളേജില്‍നിന്ന്) കാല്‍വിദ്യാഭ്യാസം മാത്രമേ ലഭിക്കുകയുള്ളൂവെന്ന് മഹാസംഗീതജ്ഞനായിരുന്ന അരിയക്കുടി രാമനുജ അയ്യങ്കാര്‍ പറഞ്ഞിട്ടുണ്ട്. സാലിം അലിയുടെ കാര്യത്തില്‍ ഇതു ശരിയാണ്. സാലിം അലിക്ക് ജന്തുശാസ്ത്രത്തില്‍ ഒരു ഡിഗ്രിയെടുക്കാന്‍ കഴിഞ്ഞില്ല. കോളേജില്‍ സാലിം ഒരു ശരാശരി വിദ്യാര്‍ത്ഥി മാത്രമായിരുന്നു. കണക്ക് തലയില്‍ കയറില്ലായിരുന്നു. 

പക്ഷികളായിരുന്നു അദ്ദേഹത്തിന്റെ മനസ്സ് നിറയെ. നല്ല സ്പോര്‍ട്സ്മാനുമായിരുന്നു. കുതിരസവാരിക്കാരനും ഫുട്‌ബോള്‍ കളിക്കാരനുമായിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് ഇംഗ്ലീഷുകാരനായൊരു പ്രൊഫസര്‍ ഇന്ത്യന്‍ എഴുത്തുകാരുടെ ഉപന്യാസങ്ങള്‍ എന്നൊരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. രബീന്ദ്രനാഥ ടാഗോര്‍, സരോജിനി നായിഡു തുടങ്ങിയ മഹാപ്രതിഭകളുടെ ഉപന്യാസങ്ങളാണ് അതില്‍ ചേര്‍ത്തിരുന്നത്. കൂട്ടത്തില്‍ സാലിം അലിയുടെ ഒരു ഉപന്യാസവും അദ്ദേഹം ചേര്‍ക്കുകയുണ്ടായി. സാലിം അലി അക്കാദമിക് വിദ്യാഭ്യാസത്തില്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെങ്കിലും അതിനും മുകളിലൂടെ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ഇതില്‍നിന്ന് കാണാം. ഇന്ത്യയില്‍ പക്ഷിനിരീക്ഷണ ശാസ്ത്രം പഠിപ്പിക്കുന്ന ഒരു സര്‍വ്വകലാശാലയും അന്നുണ്ടായിരുന്നില്ല. അതുകൊണ്ട് സാലിം അലി ബര്‍ലിനില്‍ പോയി ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്ന പ്രൊഫ. എര്‍വിന്റെ കീഴില്‍ വര്‍ഗ്ഗീകരണ ശാസ്ത്രത്തിലും ഇക്കോളജിയിലും സുവോജ്യോഗ്രഫിയിലും പരിശീലനം നേടുകയുണ്ടായി. തന്റെ യാഥാര്‍ത്ഥ ഗുരുനാഥന്‍ പ്രൊഫ. എര്‍വിന്‍ സ്ട്രേറ്റ് മാനാണെന്ന് സാലിം അലി പറഞ്ഞിട്ടുണ്ട്.

തെഹ്മിനയും സാലിമും
കുട്ടിക്കാലം മുതല്‍ തന്നെ അന്തംവിട്ട് പക്ഷികള്‍ക്കു പിന്നാലെ പാഞ്ഞുനടന്നിരുന്ന ഒരാളായിരുന്നു സാലിം അലി. പക്ഷിപഠനമല്ലാതെ മറ്റൊരു ജോലിയും തനിക്ക് വഴങ്ങില്ലെന്ന് അദ്ദേഹത്തിന് ഉത്തമബോധ്യമുണ്ടായിരുന്നു. പക്ഷിനിരീക്ഷണത്തിലൂടെ ഒരു ചില്ലിക്കാശ് പോലും വരുമാനം ഉണ്ടാക്കാനാകുമായിരുന്നില്ല. കല്യാണപ്രായമായപ്പോള്‍ ബന്ധുക്കള്‍ ചില കൂട്ടുബിസിനസ്സില്‍ സാലിമിനെ പിടിച്ചിട്ടു. എന്നാല്‍, അതൊന്നും വിജയിച്ചില്ല. ഇക്കാലത്താണ് സാലിം വിവാഹിതനാകുന്നത്. ബ്രിട്ടനില്‍ കഴിഞ്ഞിരുന്ന കുടുംബശാഖകളില്‍പ്പെട്ട തെഹ്മിനയെന്ന സുന്ദരിയെയാണ് തന്റെ 22-ാമത്തെ വയസ്സില്‍ അദ്ദേഹം വിവാഹം കഴിച്ചത്. നാഗരികതയുടെ മടിത്തട്ടില്‍നിന്നു വന്ന തെഹ്മിനയ്ക്ക് തന്റെ കാട്ടുജീവിതം ഇഷ്ടപ്പെടുമോയെന്ന് അദ്ദേഹം സംശയിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടും സാലിമിന് അനുയോജ്യയായ ഭാര്യയായിരുന്നു തെഹ്മിനയെന്ന് അവര്‍ തെളിയിച്ചു. സാലിമിന്റെ തുച്ഛമായ വരുമാനത്തിനനുസരിച്ച് അവര്‍ തന്റെ ജീവിതം ക്രമപ്പെടുത്തി. സാലിമിനെപ്പോലെ പ്രകൃതിയേയും പക്ഷികളേയും ഇഷ്ടപ്പെട്ടിരുന്ന തെഹ്മിനയ്ക്ക്  ജീവിതം ബുദ്ധിമുട്ടായി തോന്നിയതേയില്ല. കാട്ടിലും മേട്ടിലും അവരൊന്നിച്ചു ജീവിച്ചു. പക്ഷിസര്‍വ്വേകളില്‍ സാലിമിന് താങ്ങും തണലുമായി നിന്നു. തിരുകൊച്ചി സര്‍വ്വേയിലും അവര്‍ സാലിമിന് ഒപ്പമുണ്ടായിരുന്നു. ഡറാഡൂണില്‍ താമസിക്കുന്ന കാലത്ത് ഒരു സാധാരണ ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധമൂലം തെഹ്മിന മരിച്ചു. 21 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് അങ്ങനെ തിരശ്ശീല വീണു. സാലിമിന് താങ്ങാവുന്നതിലും അധികമായിരുന്നു ആ വേര്‍പാട്. പിന്നീട് സഹോദരി കാമുവിന്റെ പാലിഹില്ലിലെ വീട്ടിലാണ് ഏതാണ്ട് 40 വര്‍ഷത്തോളം സാലിം ജീവിച്ചത്. 

സാലിം അലിയും കേരളവും
സാലിം അലിയുടെ കാല്‍പ്പാടുകള്‍ പതിയാത്ത പ്രദേശങ്ങള്‍ കേരളത്തില്‍ വിരളമാണെന്ന് പറയാം. ഒരുപക്ഷേ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏതു പ്രദേശമെടുത്താലും ഇതുപോലൊക്കെ തന്നെയായിരിക്കും. കേരളത്തില്‍ പക്ഷിനിരീക്ഷണ ശാസ്ത്രത്തിന് ഒരു അടിത്തറയുണ്ടാക്കിത്തന്നത് സാലിം അലിയാണ്. ബ്രിട്ടീഷ് ഭരണത്തിലിരുന്ന മലബാറില്‍ (വയനാട്ടിലും മറ്റും) ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ പക്ഷിപഠനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സാലിം അലി 1932-33 കാലത്ത് നടത്തിയ തിരു-കൊച്ചി പക്ഷിസര്‍വ്വേയാണ് കേരളത്തെ സംബന്ധിച്ച് ആധികാരികമായ പഠനം. 1930 മുതലാണ് സാലിം അലി നാട്ടുരാജ്യങ്ങളില്‍ പക്ഷിസര്‍വ്വേ ആരംഭിച്ചത്. ആദ്യ സര്‍വ്വേ നൈസാമിന്റെ ഹൈദരാബാദിലായിരുന്നു. രണ്ടാം സര്‍വ്വേ തിരുവിതാംകൂറിലും കൊച്ചിയിലും. ജീപ്പൊന്നും കണ്ടുപിടിച്ചിട്ടില്ലാത്ത കാലത്ത് വളരെ ത്യാഗപൂര്‍ണ്ണമായാണ് സാലിം അലിയും ഭാര്യ തെഹ്മിനയും നമ്മുടെ കാടുകളായ കാട്ടിലൊക്കെ അലഞ്ഞത്. 1933 ജനുവരിയില്‍ മറയൂരില്‍നിന്നായിരുന്നു സര്‍വ്വേയുടെ തുടക്കം. മൂന്നാര്‍, ശാന്തന്‍പാറ, തട്ടേക്കാട്, കോട്ടയം, പീരുമേട്, കുമളി, ദേരമല, രാജംപാറ, തെന്മല, തിരുവനന്തപുരം, കേപ്കോമറിന്‍, അരമ്പൊളി, മാലമൂര്‍ എസ്റ്റേറ്റ്  എന്നിവിടങ്ങള്‍  കേന്ദ്രീകരിച്ചായിരുന്നു തിരുവിതാംകൂര്‍ സര്‍വ്വേ. കൊച്ചിയില്‍ അതേവര്‍ഷം തന്നെ നവംബറില്‍ സര്‍വ്വേ ആരംഭിച്ചു. കുരിയാര്‍കിട്ടി, വടക്കാംഞ്ചേരി, നെന്മാറ, പാടഗിരി, കരുപടന്ന എന്നീ സ്ഥലങ്ങളില്‍ തമ്പടിച്ചു. 

പക്ഷിസര്‍വ്വേ നടത്തുമ്പോള്‍ ഇന്നും സാലിം അലിയെയാണ് മിക്കവരും മാതൃകയാക്കുക. പൊതുഫണ്ട് പരമാവധി അരിഷ്ടിച്ചുമാത്രം ചെലവഴിക്കുക.  സാമ്പത്തികം ഒഴിവാക്കി സേവനം ചെയ്യുക. തിരുവിതാംകൂറില്‍ നടത്തിയ സര്‍വ്വേയ്ക്ക് 2000 രൂപയും കൊച്ചി സര്‍വ്വേയ്ക്ക് 1200 രൂപയുമാണ് അനുവദിച്ചത്. ഇതില്‍ തെഹ്മിനയുടെ കണക്ക് ബുക്കില്‍  സര്‍വ്വേ ചെലവ് 2458 രൂപയാണ്. സാമ്പത്തികമായി വളരെ ഞെരുക്കം സാലിം അലി അനുഭവിച്ചിരുന്ന കാലത്താണ് വഴിച്ചെലവ് മാത്രം സ്വീകരിച്ചുകൊണ്ട് ത്യാഗപൂര്‍ണ്ണമായ പക്ഷിസര്‍വ്വേകള്‍ നടത്തിയത്. ഈ മാതൃക പിന്‍പറ്റുന്ന നിരവധി പരിസ്ഥിതിപ്രവര്‍ത്തകരെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നമുക്ക് കാണാം. സ്വാതന്ത്ര്യസമരത്തിലേക്ക് ജനം എടുത്തുചാടിയത് സാമ്പത്തിക ലക്ഷ്യത്തോടെയായിരുന്നില്ലല്ലോ. രണ്ടാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കാവുന്ന പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിലും അതാണ് ആവശ്യം. വിദേശ ഫണ്ട് വാങ്ങി എന്‍.ജി.ഒകള്‍ പ്രവര്‍ത്തിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല.

തിരുവല്ലയ്ക്കടുത്ത് ഒരു എസ്റ്റേറ്റില്‍ പക്ഷിസര്‍വ്വേ നടത്താന്‍ എനിക്ക് അവസരം ലഭിച്ചപ്പോള്‍ സാലിം അലിയേയാണ് മാതൃകയാക്കിയത്. ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയാണ് സര്‍വ്വേ ചെയ്തുകൊടുത്തത്. വാഹനത്തില്‍ അവര്‍ കൊണ്ടുപോയതുകൊണ്ട് വാഹനക്കൂലി വാങ്ങേണ്ടതായി വന്നതുമില്ല. തിരുവനന്തപുരത്ത് അങ്ങാടിക്കുരുവി സംരക്ഷണ പ്രവര്‍ത്തനങ്ങളും ചേരക്കോഴി സര്‍വ്വേയും ഞങ്ങള്‍ നടത്തിയതും ഇതേ രീതിയിലായിരുന്നു. നൂറനാട്ട് ഗ്രാമശ്രീ പ്രകൃതിസംരക്ഷണസമിതി പ്രവര്‍ത്തിച്ചിരുന്നതും പ്രവര്‍ത്തകര്‍ സ്വന്തം ചെലവുകള്‍ വഹിച്ചുകൊണ്ടാണ്. സാലിം അലി പ്രകൃതിസംരക്ഷണ കാര്യത്തിലും പക്ഷിപഠനത്തിലുമൊക്കെ കാണിച്ചുതന്ന സേവനമാതൃകയാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് വെളിച്ചം പകരുന്നത്
സാലിം അലി തിരുകൊച്ചി സര്‍വ്വേയ്ക്കായി 19 സ്ഥലങ്ങളിലാണ് ചെലവഴിച്ചത്. എഴുപത്തിയഞ്ച് വര്‍ഷത്തിനു ശേഷം 2009-ല്‍ ഇതേ വഴിയിലൂടെ സി. ശശികുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം പക്ഷിസര്‍വ്വേ നടത്തുകയുണ്ടായി. സി. വിഷ്ണുദാസ്, എസ്. രാജു, എസ്. കണ്ണന്‍, പി.എ. വിനയന്‍ എന്നിവരായിരുന്നു സംഘാംഗങ്ങള്‍. പ്രകൃതിയിലുള്ള അക്കാലത്തേയും ഇപ്പോഴത്തേയും വ്യതിയാനങ്ങളും പക്ഷിസാന്ദ്രതയിലുള്ള വിത്യാസങ്ങളുമൊക്കെയായിരുന്നു പഠനവിഷയം. സംസ്ഥാന വനംവകുപ്പ് മുന്‍കയ്യെടുത്താണ് ഈ യാത്ര ഒരുക്കിയത്. എലോങ്ങ് ദി ട്രയല്‍ ഓഫ് സാലിം അലിയെന്ന പേരില്‍ റിപ്പോര്‍ട്ട് വനം വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവിതാംകൂര്‍ സര്‍വ്വേയില്‍ സാലിം അലിക്ക് സഹായിയായി സര്‍ക്കാര്‍ വിട്ടുകൊടുത്തത് തിരുവനന്തപുരം മ്യൂസിയം ക്യൂറേറ്ററായിരുന്ന എന്‍.ജി. പിള്ളയെയായിരുന്നു.  വളരെ വേഗം ഇരുവരും തമ്മിലടുത്തു. കൊച്ചി സര്‍വ്വേയ്ക്കും എന്‍.ജി. പിള്ളയെ വിട്ടുതരണമെന്ന് സാലിം അലി അഭ്യര്‍ത്ഥിച്ചെങ്കിലും വൈസ്രോയിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാറിനില്‍ക്കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. എങ്കിലും കൊച്ചിയിലും ചില സ്ഥലങ്ങളില്‍ എന്‍.ജി. പിള്ള സാലിം അലിയോടൊപ്പം ചേര്‍ന്നു. മിനര്‍ട് ഷാജനെന്ന ലോകപ്രശസ്ത പക്ഷിനിരീക്ഷകനൊപ്പം അഫ്ഗാനിസ്ഥാനില്‍ സാലിം അലി സര്‍വ്വേയ്ക്ക് പോയപ്പോഴും എന്‍.ജി. പിള്ളയെ ഒപ്പം കൂട്ടാന്‍ അദ്ദേഹം മറന്നില്ല. തന്റെ ആത്മകഥയില്‍ പലതവണ എന്‍.ജി. പിള്ളയെന്ന മലയാളിയെ സാലിം അലി നന്ദിപൂര്‍വ്വം പരാമര്‍ശിക്കുന്നുണ്ട്.

1935-37 കാലത്ത് മുംബൈ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ജേര്‍ണലില്‍ തിരു-കൊച്ചി സര്‍വ്വേയെക്കുറിച്ച് വിശദമായി അദ്ദേഹം എഴുതി. ഓര്‍ണിത്തോളജി ഓഫ് ട്രാവന്‍കൂര്‍ ആന്റ് കൊച്ചിന്‍ എന്ന പേരില്‍ 246 പേജുകളിലായാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 289 പക്ഷികളെക്കുറിച്ചുള്ള വിവരണമാണ് അതില്‍ ഉണ്ടായിരുന്നത്. തിരുവിതാംകൂര്‍ ദിവാനും തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ ചാന്‍സലറുമായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരുടെ മുന്‍കയ്യില്‍  ഈ റിപ്പോര്‍ട്ട് പുസ്തകമാക്കി. ബേര്‍ഡ്സ് ഓഫ് ട്രാവന്‍കൂര്‍ ആന്റ് കൊച്ചിന്‍ എന്ന പേരില്‍. കേരളപ്പിറവിക്കുശേഷം 1969-ല്‍ ബേര്‍ഡ്സ് ഓഫ് കേരള എന്ന പേരില്‍ ചില്ലറ മാറ്റങ്ങളോടെ പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. 1985-ല്‍ ഇതിന്റെ മൂന്നാം പതിപ്പും പുറത്തിറക്കി. ഇന്ദുചൂഡന് (കെ.കെ. നീലകണ്ഠന്‍) കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം എഴുതാന്‍ സഹായകരമായത് സാലിം അലിയുടെ ബേര്‍ഡ്സ് ഓഫ് ട്രാവന്‍കൂര്‍ ആന്റ് കൊച്ചിനാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സാലിം അലിയും സൈലന്റ്വാലിയും
തോല്‍ക്കുന്ന സമരത്തില്‍ എന്നെക്കൂടി അണിചേര്‍ക്കുകയെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രശസ്ത സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീര്‍ സൈലന്റ്വാലി സമരത്തിന്റെ ഭാഗമാകുന്നത്.  ഇന്ത്യയില്‍ അണക്കെട്ട് സ്ഥാപിക്കുന്നതിനെതിരെ ആദ്യമായാണ് ഒരു സമരം. സമരം നയിക്കുന്നത് കുറച്ച് എഴുത്തുകാരും പ്രകൃതിസ്‌നേഹികളും. ഇവിടുത്തെ സര്‍വ്വ രാഷ്ട്രീയ പാര്‍ട്ടികളും നിയമസഭയും സര്‍ക്കാരും ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളും മാധ്യമങ്ങളില്‍ മഹാഭൂരിപക്ഷവും എതിര്‍ഭാഗത്ത്. കോടതിയും കേന്ദ്രവും അണക്കെട്ട് വേണമെന്ന് വാദിക്കുന്നവരോടൊപ്പം.  ഇങ്ങനെയൊരു സാഹചര്യത്തില്‍ സമരം വിജയിക്കുകയെന്നത് അസാധ്യമായിരുന്നു. 

നാല്‍പ്പത് ദശലക്ഷം വര്‍ഷംകൊണ്ട് രൂപപ്പെട്ട സൈലന്റ്വാലി മഴക്കാടുകള്‍ സംരക്ഷിക്കുകയെന്നത് അന്ന് ഭൂരിപക്ഷത്തിന്റെ അജന്‍ഡയിലേ ഉണ്ടായിരുന്നില്ല. സിംഹവാലന്‍ കുരങ്ങിനു വേണ്ടിയാണോ വികസനം തടയുന്നതെന്നായിരുന്നു അന്നെല്ലാവരും ചോദിച്ചിരുന്നത്. സാലിം അലി 1947-ലും 1962-63 കാലത്തും കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും പക്ഷിപഠനവും പ്രകൃതിപഠനവും നടത്തിയിരുന്നു. കേരളത്തിലെ ജനകീയ സര്‍ക്കാരുകള്‍ വര്‍ദ്ധിത ആവേശത്തോടെ മഴക്കാടുകള്‍ ഒന്നൊന്നായി വെട്ടിനിരത്തി റബ്ബറും തോട്ടങ്ങളും യൂക്കാലിയുമൊക്കെ നടുന്നതു കണ്ട് അദ്ദേഹം രോഷാകുലനായി. ദുരമൂത്ത കേരളത്തിലെ രാഷ്ട്രീക്കാരെക്കുറിച്ച് അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് സൈലന്റ്വാലി വൈദ്യുതനിലയം സ്ഥാപിക്കാന്‍ അനുമതി തേടിയത്. 1977-ല്‍ സൈലന്റ്വാലിയില്‍ സാലിം അലി സന്ദര്‍ശിക്കുകയുണ്ടായി. 60 മെഗാവാട്ട് വൈദ്യുതിക്കുവേണ്ടി ഏഴ് ചതുരശ്ര കിലോമീറ്റര്‍ മഴക്കാടുകളാണ് നശിപ്പിക്കപ്പെടുക. മറ്റ് പാരിസ്ഥിതിക ദുരന്തങ്ങള്‍ വേറെയും. 

ഇത് ആരെക്കാളും നന്നായി അറിയമായിരുന്നയാള്‍ സാലിം അലിയായിരുന്നു. സാലിം അലിയുടെ നേതൃത്വത്തില്‍ സേവ് സൈലന്റ്വാലി സമിതി തന്നെ ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ബി.എന്‍.എച്ച്.എസിന്റെ ഉപാധ്യക്ഷയായിരുന്ന ദില്‍നവാസ് വരിയാവയും സാലിം അലിക്കു പിന്നില്‍ ഉണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവുമായും ഇന്ദിരാ ഗാന്ധിയുമായും വളരെ അടുത്തബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു സാലിം അലി. ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥയിലെ തോല്‍വിക്കുശേഷം അധികാരത്തില്‍ തിരിച്ചെത്തിയ സമയമായിരുന്നു. ഇന്ദിരാ ഗാന്ധിയോട് സൈലന്റ്വാലി സംരക്ഷിക്കേണ്ടത് രാജ്യത്തിന് അത്യാവശ്യമാണെന്ന് ബോധ്യപ്പെടുത്തിയത് സാലിം അലിയാണ്. കേരളത്തിലെ കോണ്‍ഗ്രസ്സുകാരെ പറഞ്ഞ് മനസ്സിലാക്കി പദ്ധതി ഉപേക്ഷിക്കണമെന്ന് ഇന്ദിരയോട് ആവശ്യപ്പെട്ടതും സാലിം അലിയായിരുന്നു. സാലിം അലി സൈലന്റ്വാലി സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടില്ലായിരുന്നുവെങ്കില്‍ പുരാതനമായ ഈ ജൈവവ്യൂഹം എപ്പോഴേ വെള്ളത്തിനടിയിലാകുമായിരുന്നു. കുന്തിപ്പുഴ ആ പ്രദേശമാകെ വിഴുങ്ങുമായിരുന്നു. 

തോല്‍ക്കുന്ന സമരമായി അത് അവസാനിക്കുമായിരുന്നു. ഇത് കേരളത്തിലെ മാത്രം കാര്യമാണ്. സാലിം അലിയെക്കുറിച്ച് പറയാന്‍ ഓരോ സംസ്ഥാനത്തിലും ഇതുപോലെ  ഒരുപാട് കഥകളുണ്ടാവും. ആയിരക്കണക്കിന് പ്രകൃതിസ്‌നേഹികളേയും പക്ഷിനിരീക്ഷകരേയും സൃഷ്ടിച്ചെടുത്ത സാലിം അലിയാണ് നമ്മുടെ ദേശീയ പക്ഷിനിരീക്ഷണ പ്രൊഫസ്സറായി നിയമിക്കപ്പെട്ടയാള്‍.
 

1976-ല്‍ രാഷ്ട്രം പത്മവിഭൂഷന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നമ്മുടെ ആദ്യത്തെ പക്ഷിസങ്കേതമായ തട്ടേക്കാടിന് ജന്മം നല്‍കിയ സാലിം അലിയെ ഇനിയെങ്കിലും ഇന്ത്യന്‍ പക്ഷിനിരീക്ഷണ ശാസ്ത്രത്തിന്റ പിതാവെന്ന് നമുക്ക് ആത്മാര്‍ത്ഥമായൊന്നു വിളിച്ചുകൂടെ. ഡോ. വി.എസ്. വിജയനേയും ഡോ. സുഗതനേയും പോലെയുള്ള കേരളത്തിലെ അദ്ദേഹത്തിന്റെ ശിഷ്യരും പ്രകൃതിസ്‌നേഹികളും ഇതിനായി മുന്നിട്ടിറങ്ങേണ്ടതല്ലേ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com