ബലാത്സംഗം ആയുധമാകുമ്പോള്‍

കത്തുവ സംഭവം മുന്‍നിര്‍ത്തി ബലാത്സംഗം എന്ന ഹീനകൃത്യം മാനവചരിത്രത്തില്‍ വംശീയതയ്ക്കും വര്‍ഗ്ഗീയതയ്ക്കും എങ്ങനെ ഇന്ധനവും ആയുധവുമാകുന്നു എന്ന അന്വേഷണം
ബലാത്സംഗം ആയുധമാകുമ്പോള്‍

രിത്രത്തില്‍ വര്‍ഗ്ഗ, വംശീയ, ഗോത്ര കലാപങ്ങളില്‍ ബലാത്സംഗം എന്നും  ആയുധമായിട്ടുണ്ട്. പാക്കിസ്താന്‍ വിഭജനസമയത്തും കിഴക്കന്‍ പാകിസ്താന്‍ വിഭജനകാലത്തും അതിര്‍ത്തികളിലും അതിന്റെ ഭീകരരൂപം കണ്ടതാണ്. കഠ്വയില്‍ ഈ ആയുധപരിശീലനം പിഞ്ചുകുഞ്ഞില്‍ പ്രയോഗിക്കപ്പെട്ടു. കശ്മീര്‍ ഹിന്ദുപണ്ഡിറ്റുകള്‍ താമസിക്കുന്ന സ്ഥലത്ത് മുസ്ലിം ബക്കര്‍വാള്‍ വിഭാഗക്കാരായ നാടോടി വിഭാഗം തമ്പടിച്ച് താമസിക്കുന്നതിനെതിരെ ഹിന്ദുപണ്ഡിറ്റ് വിഭാഗം ഒരുക്കിയ കെണിയായിരുന്നു കുട്ടിക്ക് നേരെ നടന്ന അക്രമം. ഇതില്‍ കാമാസക്തി എന്നതിനെക്കാള്‍ വംശീയവെറി തന്നെയായിരുന്നു മുന്നില്‍. ഈ ഹീനകൃത്യം പെട്ടെന്നുള്ള പ്രകോപനത്തിന്റെ പുറത്തായിരുന്നില്ല. ആസൂത്രിതവും ചിന്തിതവുമായിരുന്നു. 

കത്തുവ പ്രദേശത്തിന് ഒരു പ്രത്യേകതയുണ്ട്. 1947-ലെ ഇന്ത്യാ വിഭജനസമയത്തുണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ പാകിസ്താനിലേയ്ക്ക് എല്ലാം വിട്ടെറിഞ്ഞ് ഓടിപ്പോയവര്‍ ഇവിടെയുള്ളവരായിരുന്നു. അവരുടെ സ്ഥലങ്ങള്‍ പിന്നീട് വന്നവര്‍ കയ്യേറുകയോ സര്‍ക്കാര്‍ പ്രത്യേക 'കൈവശാവകാശ' ഭൂമിയായി കണക്കാക്കുകയോ ചെയ്തു. പാകിസ്താനില്‍ ഹിന്ദുക്കളും ഇങ്ങനെ അവരുടെ സ്ഥലങ്ങള്‍ അക്കാലത്ത് ഉപേക്ഷിച്ചിരുന്നു. അല്ലാത്തവരില്‍ ഭൂരിപക്ഷവും അവിടെ കൊല്ലപ്പെടുകയോ മതം മാറ്റപ്പെടുകയോ ചെയ്തു. ഈ വംശീയ - വര്‍ഗ്ഗീയ വെറിയുടെ ജീനുകള്‍ ഒളിച്ചിരിപ്പുണ്ടാവാം.
 

ലോകത്തില്‍ പലയിടത്തും ജിപ്‌സിക്കൂട്ടങ്ങളും നാടോടികളും ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടുണ്ട്. ഒന്നാം ലോകയുദ്ധകാലത്ത് അര്‍മേനിയയിലും രണ്ടാംലോകയുദ്ധകാലത്ത് ഹിറ്റ്ലറുടെ ജര്‍മ്മനിയിലും അതുണ്ടായിരുന്നു. ചരിത്രത്തില്‍ നടന്ന വംശീയ വെറിയുടേയും കലാപങ്ങളുടേയും ഇരകള്‍ ഏറെയും സ്ത്രീകളും കുട്ടികളും ആയിരുന്നു. കാലദേശാതീതമായി ഇരകള്‍ പിച്ചിച്ചീന്തപ്പെട്ടു. മതം, ഗോത്രം, വംശം, ജാതി തുടങ്ങിയ വേര്‍തിരിവുകള്‍ക്കു ഇന്ധനം പാകാന്‍ ബലാത്സംഗം ആയുധമായി. ആണിനെ കൊന്നും അവന്റെ പെണ്ണിന്റെ മാനം തകര്‍ത്തും ഒരു പ്രദേശത്തിനുമേല്‍ മതവും അധികാരവും കൊടിനാട്ടി. പുരുഷന്‍ ഒരു തവണ കൊല്ലപ്പെടുമ്പോള്‍ ബലാത്സംഗത്തിനിരയാവുന്ന സ്ത്രീകള്‍ രണ്ടുതവണ കൊല്ലപ്പെടുന്നു എന്നതാണ് ശരി. ബലാത്സംഗത്തോടെ സ്ത്രീ മാനസികമായും ശാരീരികമായും കൊല്ലപ്പെടുന്നു. പിന്നെ അവളെക്കാത്ത് യഥാര്‍ത്ഥ മരണവും. 

ബലാത്സംഗം ഹീനമായ ആയുധം
ചരിത്രത്തില്‍ വംശഹത്യകള്‍ വ്യാപകമായി നടന്ന അര്‍മേനിയ, ബംഗ്ലാദേശ്, ബോസ്‌നിയ, ഇറാക്ക്, റുവാണ്ട, കോംഗോ, ബറുണ്ടി, ശ്രീലങ്ക, സിറിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നു കേള്‍ക്കുന്ന കഥകള്‍ നടുക്കുന്നതാണ്. പരിഷ്‌കൃത സമൂഹത്തിന്റെ മുഖത്ത് എന്നും തീരാക്കളങ്കമായതാണ് ബോസ്‌നിയന്‍ യുദ്ധത്തിന്റെ ഭാഗമായി നടന്ന   ക്രൂരമായ സ്ത്രീവേട്ടകള്‍. ഒരുകാലത്ത് ഒറ്റ രാഷ്ട്രമായി നിലനിന്നിരുന്ന  യുഗോസ്ലാവിയ കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ തകര്‍ച്ചയ്ക്കുശേഷം വിവിധ രാജ്യങ്ങളായി പിരിഞ്ഞു. ഒരിക്കലും ചേരാത്ത വംശീയതയെ കൃത്രിമമായി ഒന്നിപ്പിക്കുകയായിരുന്നു കമ്യൂണിസ്റ്റുകള്‍. പക്ഷേ, അതു പാളി. പിന്നീട് രാജ്യം സെര്‍ബിയയും ബോസ്‌നിയ ഹെര്‍സഗോവിനയും ക്രൊയേഷ്യയും ഒക്കെയായി പരസ്പരം പടവെട്ടുമ്പോള്‍ അതിന്റെ ഇരകള്‍ ബോസ്‌നിയയിലെ സ്ത്രീകള്‍ ആയിരുന്നു. 20,000-ത്തിനും 30,000-ത്തിനും ഇടയില്‍ ബോസ്‌നിയന്‍ മുസ്ലിം സ്ത്രീകള്‍ ഇവിടെ ബലാത്സംഗത്തിനിരയായി. അവരുടെ പുരുഷന്മാരെ പ്രത്യേക കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ കൊണ്ടുപോയി കൊന്നുതള്ളി. രഹസ്യമായി കൂട്ടമായി കുഴിച്ചു മൂടി. യുദ്ധത്തിനുശേഷമാണ്  ഈ കൂട്ടക്കുഴിമാടങ്ങള്‍ പലതും കണ്ടെടുത്തത്.

ബോസ്‌നിയയില്‍ മാനഭംഗത്തിനിരയായ 20 സ്ത്രീകളെ നേരിട്ട് കണ്ടു സംസാരിച്ച് പ്രമുഖ എഴുത്തുകാരനായ അലക്‌സാണ്ടര്‍ സ്റ്റിഗ്ലാ മേയര്‍ 'മാസ് റേപ്പ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. നടുക്കം സൃഷ്ടിക്കുന്ന വിവരങ്ങളാണ് അതില്‍. തങ്ങളുടെ പുരുഷന്മാരെ നിരനിരയായി നിര്‍ത്തി വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയശേഷം പിന്നീട് ഒരു വിവരവുമില്ല. അവരെയെല്ലാം കൊന്നു. പിന്നീട് വീട്ടിലേക്ക് കടന്നുവന്ന പട്ടാളക്കാര്‍ ഞങ്ങളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. യാതൊരു ചെറുത്തുനില്‍പ്പും എവിടെയും ഉണ്ടായില്ല. ഭയം, മാനസികത്തകര്‍ച്ച, വേദന എല്ലാംകൊണ്ട് ഞങ്ങളൊക്കെ ജീവച്ഛവങ്ങളായിരുന്നു - അവര്‍ പറയുന്നു. 

പത്തു വര്‍ഷം നീണ്ടുനിന്ന കോംഗോ യുദ്ധത്തിന്റെ ബാക്കിപത്രം 40 ലക്ഷം പേരുടെ മരണത്തിന്റെ കണക്കു മാത്രമായിരുന്നില്ല വംശഹത്യാപോരിന്റെ മറവില്‍ നടന്ന കൂട്ടബലാത്സംഗത്തിന്റെ കണക്ക് കൂടിയായിരുന്നു. ഒരു വയസ്സുള്ള കുട്ടി മുതല്‍ 80 വയസ്സുള്ള വൃദ്ധകള്‍ വരെ കൂട്ടമാനഭംഗത്തിനിരയായി. ഇരയില്‍ കാമദാഹം തീര്‍ത്തതുകൊണ്ടുമാത്രം തീരുന്നില്ല ശത്രുക്കളുടെ പക. അവരുടെ രഹസ്യഭാഗങ്ങള്‍ തകര്‍ത്തുകളയുകയോ പിന്നീട് കൊല്ലുകയോ ചെയ്യുന്നു.

കോംഗോ വംശീയ യുദ്ധത്തിന്റെ സമയത്ത് 2004-ല്‍ നടന്ന സംഭവം ഇങ്ങനെ. കോംഗോ റിപ്പബ്ലിക്കില്‍പ്പെട്ട ഗോമാ എന്ന ഗ്രാമത്തില്‍ വീട്ടിനു മുന്നില്‍ കളിക്കുകയായിരുന്ന ഷാഷിം എന്ന ആറുവയസ്സുകാരിയെ അതുവഴി പോയ പട്ടാളക്കാര്‍ വീട്ടുകാര്‍ നോക്കിനില്‍ക്കെ എടുത്തുകൊണ്ടു പോയി. എതിര്‍ത്തവരെ തോക്ക് ചൂണ്ടിയോടിച്ചു. പിന്നീട് കുട്ടിയെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി നാലുപേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്തു. ഗുരുതരമായ മുറിവുകളോടെ മരിച്ചുവെന്നു കരുതി കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടി പിന്നീട് രക്ഷപ്പെട്ടു. കുട്ടിയെ പിന്നീട് സന്ദര്‍ശിച്ച ജീവകാരുണ്യ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന മസ്ലിം കിസോനി എന്ന മനഃശാസ്ത്ര കൗണ്‍സലര്‍ പറയുന്നു: ചെറിയ കുട്ടികളോട് എങ്ങനെയാണ് ഈ രീതിയില്‍ ക്രൂരകൃത്യം ചെയ്യാന്‍ കഴിയുന്നത്. വംശരോഷം എത്രയായാലും ഇങ്ങനെ പറ്റുമോ? അവര്‍ ചോദിക്കുന്നു. 

സെര്‍ബനേഷ്യയിലേക്ക് പാലായനം ചെയ്യുന്ന ബോസ്റ്റിയന്‍ സ്ത്രീകള്‍
സെര്‍ബനേഷ്യയിലേക്ക് പാലായനം ചെയ്യുന്ന ബോസ്റ്റിയന്‍ സ്ത്രീകള്‍

1996-ല്‍ കോംഗോയില്‍ അഭയാര്‍ത്ഥിയായി എത്തപ്പെട്ട റുവാണ്ടന്‍ തുത്സി വംശജയായ 70കാരി ലോകത്തോട് വിളിച്ചുപറഞ്ഞ പീഡനത്തിന്റെ ആഴം നോക്കുക. റുവാണ്ടയില്‍ ചുരുങ്ങിയ മാസങ്ങള്‍കൊണ്ട് എട്ട് ലക്ഷം പേരുടെ മരണത്തിനിരയാക്കിയ ഹുടു-തുത്സി വംശപ്പോരിന്റെ ഇരയായിരുന്നു അവര്‍. ഭര്‍ത്താവിനേയും അഞ്ചു ആണ്‍മക്കളേയും മൂന്നു പെണ്‍മക്കളേയും കലാപകാരികള്‍ വെട്ടിക്കൊന്നു. ആ വൃദ്ധയെ അവര്‍ ആര്‍പ്പുവിളിയോടെ പിടിച്ചുകൊണ്ടുപോയി. ആടിനെ അറക്കാനെന്നപോലെ കാട്ടിന്റെ മറവില്‍ കെട്ടിയിട്ടു. പട്ടാളക്കാര്‍ ഉള്‍പ്പെടെ 15 പേരാണ് അവരെ ബലാത്സംഗം ചെയ്തത്. എന്നിട്ടും വംശീയ അരിശം തീരാതെ അവരുടെ തകര്‍ന്ന യോനിയില്‍ മരക്കഷണം കുത്തിക്കയറ്റി. അവരുടെ പെണ്‍മക്കളേയും കൂട്ടബലാത്സംഗത്തിനു ശേഷമാണ് കൊന്നത്. എല്ലാ കൊടിയ ദുരന്തങ്ങള്‍ക്കും സാക്ഷിയായി അവര്‍ ഇന്നും ജീവിക്കുന്നു.

'ഹ്യൂമന്‍ റൈറ്റ് വാച്ചി'ലെ സ്പെഷലിസ്റ്റ് ആയ അനിക്വാന്‍ വുഡന്‍ ബര്‍ക് എന്ന കോംഗോ ഡോക്ടര്‍ ഒരിക്കല്‍ എഴുതി 30 വയസ്സുള്ള വീട്ടമ്മയെ ബലാത്സംഗത്തിനു ശേഷം രണ്ടു കണ്ണും കുത്തിപ്പൊട്ടിച്ചു. രണ്ടു ചുണ്ടുകളും കത്തികൊണ്ടു മുറിച്ചെടുത്തു. കര്‍ണപടം അടിച്ചുതകര്‍ത്തു. ഇതുകാരണം അക്രമികള്‍ കേസില്‍നിന്നു രക്ഷപ്പെട്ടു. കണ്ണും കാതുമില്ലാത്ത സംസാരിക്കാന്‍ കഴിയാത്ത അവരുടെ വാദഗതികള്‍ക്ക് കോടതിയില്‍ വിലയില്ലാതായി. 30 ശതമാനത്തോളം സ്ത്രീകള്‍ക്ക് മരണം തോറ്റുപോകുന്ന പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നടുങ്ങിപ്പോകുന്ന കാഴ്ചകളാണ് കാണേണ്ടിവന്നത്. ആരോഗ്യ പ്രവര്‍ത്തകരും റെഡ് ക്രോസ് സംഘടനക്കാരും പറയുന്നത് പലര്‍ക്കും വിശ്വസിക്കാനാവുന്നില്ല. ബലാത്സംഗത്തിനുശേഷം അക്രമികള്‍ സ്ത്രീകളുടെ ലൈംഗികാവയവങ്ങള്‍ കല്ലും പൊട്ടിച്ച കുപ്പികളും കുന്തങ്ങളും തോക്കുകളും കൊണ്ട് നിര്‍ദ്ദാക്ഷിണ്യം പിളര്‍ക്കുന്നു. ഇരകളുടെ നിലവിളിയില്‍ അവര്‍ പ്രാകൃത പരപീഡന രതിസുഖം അനുഭവിക്കുന്നു. രാജ്യസ്‌നേഹവും വിപ്ലവവും മോചനവും കാണുന്നു. കോംഗോവില്‍ ബലാത്സംഗം ബുള്ളറ്റിനെക്കാള്‍ വിലകുറഞ്ഞ ഒന്നായി മാറുന്നു. കോംഗോ പടയാളികളില്‍ 61% പേരും എച്ച്.ഐ.വി ബാധിതരായിരുന്നു. അതുകൊണ്ടുതന്നെ ബലാത്സംഗത്തിനിരയായ 30 ശതമാനം സ്ത്രീകളും എച്ച്.ഐ.വി. ബാധിതരായി. കുട്ടികളുടെ സ്ഥിതിയാണ് ദയനീയം. പത്തു വയസ്സുള്ള കുട്ടികള്‍ വരെ ക്രൂരതയ്ക്കിരയാവുന്നു.

'വാര്‍ചൈല്‍ഡ് യു.കെ' എന്ന എന്‍.ജി.ഒയുടെ എക്‌സിക്യൂട്ടീവ് അംഗം റോബ് വില്യംസ് ഒരിക്കല്‍ എഴുതി. കോംഗോവില്‍ ക്രൂരത കാട്ടുന്ന പട്ടാളക്കാരില്‍ അല്ലെങ്കില്‍ കലാപകാരികളായ പുരുഷന്മാരില്‍ പലര്‍ക്കും സാമൂഹ്യബന്ധമില്ലാത്തവരാണ്. അവരുടെ കുറ്റകൃത്യമുള്ള മനസ്സുമാണ് അവരെ നയിച്ചത്. നിയമത്തെ ഭയന്നുമാത്രം കുറ്റകൃത്യങ്ങളില്‍നിന്നു മാറിനില്‍ക്കുന്നവര്‍ എല്ലാ നിയമവും പൊലീസും സ്വതന്ത്രമായ അല്ലെങ്കില്‍ സഹായകരമായ ഒരു വനാന്തരീക്ഷത്തില്‍ അത്തരം മനുഷ്യനിലെ അല്ലെങ്കില്‍ പുരുഷനിലെ കാട്ടുമൃഗം ഉണരും. അതാണ് കോംഗോയില്‍ പല സ്ഥലത്തും കണ്ടത്. അദ്ദേഹം പറയുന്നു. 

കോംഗോ ആഭ്യന്തരയുദ്ധത്തില്‍ പലായനം ചെയ്ത സ്ത്രീകള്‍ പലപ്പോഴും രാത്രികാലങ്ങളില്‍ കാട്ടില്‍ത്തന്നെ ഒളിക്കുകയാണ് പതിവ്. മിനോവ പട്ടണത്തിലെ കാടുകളില്‍ ഒളിച്ചവരെ തേടി 2,000-ത്തോളം പട്ടാളക്കാരാണ് വിവിധ ഭാഗങ്ങളില്‍ എത്തിയത്. ലക്ഷ്യം സ്ത്രീകള്‍ മാത്രമായിരുന്നു. പട്ടാള കമാന്‍ഡര്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കി: ''പോകൂ, പോയി ബലാത്സംഗം ചെയ്യൂ, ഒന്നിനേയും വെറുതെ വിടരുത്. 2012-ല്‍ നടന്ന ഒരു സംഭവത്തെക്കുറിച്ച് അന്നാട്ടുകാരിയായ നഗീറ എന്ന പെണ്‍കുട്ടി അഭയാര്‍ത്ഥി ക്യാമ്പില്‍ വിവരിക്കുന്നുണ്ട്. മൂന്നു പട്ടാളക്കാര്‍ ഒന്നിച്ചായിരുന്നു അവളെ പീഡിപ്പിച്ചത്. രണ്ടുപേര്‍ മുന്നില്‍നിന്നും ഒരാള്‍ പിന്നില്‍നിന്നും. അതു പോലെ മാസ്തിക എന്ന ഒരു കുട്ടിയെ ആദ്യം അവളുടെ സ്‌കൂള്‍ അധ്യാപകന്‍ തന്നെ ബലാത്സംഗം ചെയ്തു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ ഭര്‍ത്താവിനെ പട്ടാളം അവള്‍ കാണ്‍കെ വെടിവെച്ചു കൊന്നു. അവളെ അവിടെ വെച്ചുതന്നെ പീഡിപ്പിച്ചു. രണ്ടു ചെറിയ പെണ്‍മക്കളായിരുന്നു മാസ്തികയ്ക്ക്. അവരേയും അതുപോലെ പട്ടാളക്കാര്‍ പീഡിപ്പിച്ചു. ഇപ്പോള്‍ മാനഭംഗത്തിനിരയായവരെ സഹായിക്കുന്ന സംഘടനയിലെ അംഗമാണവള്‍. അതുകൊണ്ടുതന്നെ മൂന്നുതവണ വീണ്ടും പട്ടാളക്കാര്‍ക്ക് വിധേയമാകേണ്ടിവന്നു.

ഡി.ആര്‍.സി കോംഗോവിലെ മിനോസയിലെ കൂട്ടബലാത്സംഗത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിദ്ധീകരണമായ 'പബ്ലിക് ഹെല്‍ത്തി'ല്‍ ഇങ്ങനെ പറയുന്നുണ്ട്. 2015-ലെ കണക്ക് പ്രകാരം  ദിവസം 1500 പേര്‍ ബലാത്സംഗത്തിനിരയാവുന്നു. 20 കൊല്ലം കൊണ്ട് ഇവിടെ മരിച്ചുവീണ 40 ലക്ഷം പേരില്‍ 12 ശതമാനം പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനു വിധേയമായി. അതിന്റെ കണക്കുകള്‍ എത്രയോ വലുതാണെന്നു കാണാം. കൂട്ടബലാത്സംഗങ്ങളുടെ ഭീകരത അന്താരാഷ്ട്ര തലത്തില്‍ ഇടം പിടിച്ചത് റുവാണ്ടയെ സംബന്ധിച്ച കണക്കുകളാണ്. രണ്ടര ലക്ഷം തുത്സി വനിതകളാണ് ഇവിടെ പീഡനത്തിനിരയായത്. ഇതില്‍ 30 ശതമാനത്തോളം കൊല്ലപ്പെട്ടു.
 

ബോസ്‌നിയന്‍ മുസ്ലിം വനിതയും അഭയാര്‍ത്ഥിയുമായ അസിജ എന്ന സ്ത്രീ ക്രൊയേഷ്യന്‍ അഭയാര്‍ത്ഥിക്ക്യാമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ കാര്യം കരളലിയിക്കുന്നതായിരുന്നു.  വീട്ടിനകത്ത് കടന്ന സെര്‍ബ് പട്ടാളക്കാര്‍ അച്ഛനമ്മമാര്‍ ഉള്‍പ്പെടെ ബന്ധുക്കള്‍ പലരേയും കൊന്നു. അവരെ സംസ്‌ക്കരിക്കേണ്ട ഉത്തരവാദിത്വവും ഞങ്ങള്‍ക്കായിരുന്നു. അവസാനം ഞങ്ങളെ കൂട്ടബലാത്സംഗത്തിനിരയാക്കി. അതും കുട്ടികളുടെ മുന്നില്‍ വെച്ച്. റുവാണ്ടന്‍ വംശശുദ്ധീകരണത്തിന്റെ ഭാഗമായി നടന്ന ബലാത്സംഗത്തില്‍ ഒരുപാട് സ്ത്രീകള്‍ ഗര്‍ഭിണികളാക്കപ്പെട്ടു. തുത്സി ഗര്‍ഭപാത്രങ്ങളില്‍ പ്രതിഷേധത്തിന്റേയും വംശ നശീകരണത്തിന്റേയും പ്രതീകമായി ബീജങ്ങള്‍ നിറയ്ക്കുകയായിരുന്നു കലാപകാരികള്‍. ഇതിന്റെ ഭാഗമായി ജനിക്കപ്പെട്ട കുഞ്ഞുങ്ങള്‍ വെറുക്കപ്പെട്ടവരായി വളര്‍ന്നു. റുവാണ്ടയില്‍ 2000 മുതല്‍ 5000 വരെ ഇത്തരം കുട്ടികള്‍ വളരുന്നു. ഇവര്‍ യുദ്ധക്കുട്ടികള്‍ എന്നോ ബലാത്സംഗക്കുട്ടികള്‍ എന്നോ അപമാനിക്കപ്പെട്ട് അറിയപ്പെടുന്നു. 1947-ലെ ഇന്ത്യാ വിഭജന കാലത്ത് നടന്ന വംശീയ - വര്‍ഗ്ഗീയ കലാപങ്ങളില്‍ വ്യാപകമായ ബലാത്സംഗങ്ങള്‍ നടന്നു. നിരവധി ഹിന്ദു - മുസ്ലിം - സിഖ് വനിതകള്‍ ഗര്‍ഭിണികളായി. ഇവര്‍ക്ക് ജനിച്ച കുട്ടികള്‍ സമൂഹത്തില്‍ത്തന്നെ വലിയ ചോദ്യചിഹ്നമായാണ് വളര്‍ന്നത്. ജീവിത കാലം മുഴുവന്‍ അപമാനത്തിന്റേയും പീഡനത്തിന്റേയും അനാഥത്വത്തിന്റേയും പ്രതീകമായി അവര്‍ വളര്‍ന്നു.

റുവാണ്ടയിലെ ബലാത്സംഗ ശിശുക്കളെക്കുറിച്ച് പഠിച്ച കാതറിന്‍ ബോണറ്റ് എന്ന സാമൂഹ്യ പ്രവര്‍ത്തക പറയുന്നു: ഈ കുട്ടികളെ നോക്കാന്‍ ആരും ഇല്ല. ആര് സംരക്ഷിക്കും? ഭര്‍ത്താവിനേയും കുടുംബത്തേയും കൊന്നയാളിന്റെ ബീജം പേറിയ ഒരു അമ്മയുടെ മാനസികാവസ്ഥയ്ക്ക് ആര് ഉത്തരം പറയും. അവരില്‍ പലരും അഞ്ചും പത്തും തവണ പലരാല്‍ പീഡിപ്പിക്കപ്പെട്ടതാണ്. ആരുടെ കുഞ്ഞ് എന്നുപോലും അറിയില്ല. വംശഹത്യകളില്‍ ഇരകളെ കൊല്ലുന്നതോടൊപ്പം പലപ്പോഴും ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളെ കൊല്ലാതെ വിടുന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 1996-ലെ 'ദി സ്റ്റേറ്റ് ഓഫ് വേള്‍ഡ് ചില്‍ഡ്രന്‍സ് റിപ്പോര്‍ട്ട്' അനുസരിച്ച് ഇരകളായ ബോസ്‌നിയന്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു ഗര്‍ഭിണികളാക്കാന്‍ ആസൂത്രിത ശ്രമം തന്നെ ഉണ്ടായിരുന്നു. അബോര്‍ഷനുപോലും സമ്മതിച്ചില്ല. കിഴക്കന്‍ ബംഗാളില്‍ 1971-ലെ സൈനിക ഇടപെടലില്‍ ബംഗാളി സ്ത്രീകളോട് പാക് പട്ടാളം പറഞ്ഞത് ഞങ്ങള്‍ നിങ്ങളെക്കൊണ്ട് പഞ്ചാബി കുഞ്ഞുങ്ങളെ പ്രസവിപ്പിക്കും. പാക് പഞ്ചാബാണ് ഉദ്ദേശിച്ചത്. മറ്റൊന്നു മതം മാറ്റമാണ്. ഇന്ത്യാ വിഭജനത്തിന്റ കാലഘട്ടത്തില്‍ പതിനായിരക്കണക്കിന് ഹിന്ദു സ്ത്രീകളെ ഇസ്ലാമിലേക്കും തിരിച്ചും മതം മാറ്റിയിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ക്ക് മറ്റൊരു വഴിയില്ലായിരുന്നു. സ്വന്തം മതം അവരെ പുറന്തള്ളിയപ്പോള്‍ ആത്മഹത്യ അല്ലെങ്കില്‍ മതം മാറ്റം, ഇതുമാത്രമയിരുന്നു രക്ഷ. ചില ഗ്രാമങ്ങളെ മൊത്തമായി മതം മാറ്റിയ സംഭവവും ഉണ്ടായി. ഇറാക്കിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ്സ് എന്ന ഭീകര സംഘടന യസീദി ന്യൂനപക്ഷ സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന വാര്‍ത്തകള്‍ നമ്മെ നടുക്കുന്നതാണ്. നൈജീരിയയില്‍ ബോക്കോഹറാം എന്ന ഭീകര സംഘടന നൂറുകണക്കിന് സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റി തടവില്‍ പാര്‍പ്പിച്ചിരുന്നു. ഇവരില്‍ പലരും ലൈംഗിക അടിമകളാക്കി മാറ്റിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. കുട്ടികളെ ഇതുവരെ മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

2003-ലാണ് പടിഞ്ഞാറന്‍ സുഡാനിലെ ഡര്‍ഫറില്‍ ആഭ്യന്തരയുദ്ധത്തിന്റ ഭാഗമായി വ്യാപകമായി വംശഹത്യകള്‍ നടന്നത്. പ്രതികാരം വ്യാപകവും ക്രൂരവുമായി ബലാത്സംഗത്തിലേക്കും മറ്റു ലൈംഗിക അക്രമത്തിലേക്കും നീങ്ങിയത് യാതൊരു മറയും ഇല്ലാതെയാണ്. ഡര്‍ഫറില്‍ നടക്കുന്നത് അധിനിവേശത്തിന്റെ ഏറ്റവും വൃത്തികെട്ട തലമാണ്. കുതിരപ്പുറമേറി വരുന്ന പിശാചുക്കള്‍ എന്നറിയപ്പെടുന്ന ജാന്‍ജ്വീദ് കലാപകാരികളും വിമതരും തമ്മിലുള്ള ഏറ്റമുട്ടലാണ് സുഡാനെ മനുഷ്യന്റെ, പ്രത്യേകിച്ചും അന്നു സ്ത്രീകളുടെ നരകമാക്കി മാറ്റിയത്.

ജര്‍മ്മന്‍ സൈന്യം ബല്‍ജിയത്തിലും ജൂതന്മാര്‍ക്കെതിരേയും ഈ കൃത്യം ഒരു നിയമംപോലെ നടപ്പാക്കിയപ്പോള്‍ ബര്‍ലിന്‍ കീഴടക്കാന്‍ എത്തിയ സോവിയറ്റ് സൈനികര്‍ അവരുടെ കാമദാഹ ലഹരിയില്‍ ബര്‍ലിനിലെ സ്ത്രീകളെ ചവിട്ടിമെതിച്ച് നൃത്തം ചെയ്തു നാസികളോടുള്ള എല്ലാ പ്രതികാരത്തിന്റെ അങ്ങേയറ്റം വിതച്ചുകൊണ്ടുതന്നെ. ജപ്പാന്‍ ഒരുകാലത്ത് ചൈനയിലും ഓട്ടോമന്‍ തുര്‍ക്കികള്‍ അര്‍മീനിയയിലും പാകിസ്താന്‍ പട്ടാളക്കാര്‍ കിഴക്കന്‍ ബംഗാള്‍ എന്ന ബംഗ്ലാദേശിലും സെര്‍ബുകള്‍ ബോസ്‌നിയയിലും ഈ വംശശുദ്ധീകരണ തന്ത്രം ആഘോഷിക്കുക തന്നെ ചെയ്തു. യുദ്ധത്തെക്കുറിച്ച് പഠിച്ച സാമൂഹ്യ മനഃശാസ്ത്രജ്ഞര്‍ പറഞ്ഞതില്‍ കാര്യമുണ്ട്. ബലാത്സംഗം അതു ചെയ്യപ്പെടുന്ന സ്ഥലത്തെ പുരുഷന്മാര്‍ക്കും രാജ്യത്തിനും ഒരുതരം ഷെയിംകോംപ്ലക്‌സ് അല്ലെങ്കില്‍ ഹോണര്‍ കോംപ്ലക്‌സ് ഉണ്ടാക്കും എന്നാണ്. ഇത് ഇരകളെ മാനസികമായി തളര്‍ത്താനും യുദ്ധത്തില്‍ പരാജയപ്പെടുത്താനും ഉപകരിക്കും എന്നത് തന്നെയാണ്. സ്വയം അപകര്‍ഷത ഉണ്ടാക്കുക, നാണക്കേടുണ്ടാക്കുക എന്നൊക്കെത്തന്നെയാണ് ഇതിന്റെ ലക്ഷ്യം.

ബോസ്റ്റിയന്‍ മുസ്ലീം അഭയാര്‍ത്ഥികള്‍
ബോസ്റ്റിയന്‍ മുസ്ലീം അഭയാര്‍ത്ഥികള്‍

1971-ലെ ബംഗ്ലാദേശ് ആഭ്യന്തര യുദ്ധത്തില്‍ ലക്ഷക്കണക്കിനു സ്ത്രീകളാണ് ബലാല്‍ക്കാരത്തിന് ഇരകളായത്. മാനഭംഗപ്പെടുത്താന്‍ അവിടത്തെ പട്ടാളക്കാരോടൊപ്പം അന്നത്തെ പാക് അനുകൂല ജമാഅത്തെ ഇസ്ലാമി ഗുണ്ടകളും പങ്കെടുത്തു. ഇവര്‍ക്കുള്ള ശിക്ഷകള്‍ വൈകിയെങ്കിലും 35 വര്‍ഷത്തിനു ശേഷം ഷേക് ഹസീനയുടെ സര്‍ക്കാര്‍ നടപ്പാക്കി എന്നുള്ളത് നീതി മരിക്കുന്നില്ല എന്നുള്ളതിന് ഉദാഹരണമാണ്. സൂസണ്‍ ബ്രൗണ്‍ മില്ലര്‍ ഒരു പത്രത്തില്‍ എഴുതിയ 'എഗെന്‍സ്റ്റു ഔര്‍ വില്‍ മെന്‍', 'വുമണ്‍ ആന്റ റേപ്പ്' എന്ന ലേഖനത്തില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ പീഡനത്തിനിരയായ സ്ത്രീകളെ യുദ്ധവീരാംഗനമാര്‍ (വാര്‍ഹിറോയിന്‍സ്) എന്ന രീതിയില്‍ കണക്കാക്കിയ കാര്യം സൂചിപ്പിക്കുന്നുണ്ട്. അന്നത്തെ പ്രസിഡന്റ മുജീബ് റഹ്മാന്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വന്തം മാനം കൊള്ളയടിക്കപ്പെടേണ്ട ദുരന്തത്തിലായിരുന്നു ഈ സ്ത്രീകള്‍. ഇവര്‍ രാജ്യത്തിനുവേണ്ടി മരിച്ച പട്ടാളക്കാരെപ്പോലെ പുരുഷന്മാരെപ്പോലെ, വീര നായികമാരാണ് മുജീബ് റഹ്മാന്‍ പറഞ്ഞു. ഇവരെ രാജ്യം ബഹുമാനിക്കും. പക്ഷേ, അതൊന്നും സംഭവിച്ചില്ല. അവര്‍ സമൂഹത്തില്‍നിന്നും ബഹിഷ്‌കൃതരായി.

പാക് പട്ടാള ഇടപെടലിന്റെ വെറും ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ ഒരു ലക്ഷത്തോളം സ്ത്രീകളെയാണ് മാനഭംഗം ചെയ്തത്. ആയിരങ്ങള്‍ ഗര്‍ഭിണികളായപ്പോള്‍ ഇവരെ ഭര്‍ത്താക്കന്മാര്‍ സ്വീകരിച്ചില്ല. 'ധീരവനിതകള്‍' ആണെന്നു പറഞ്ഞിട്ടും ഭര്‍ത്താവിനോ അവരുടെ കുടുംബങ്ങള്‍ക്കോ അവര്‍ സ്വീകാര്യമായിരുന്നില്ല. പലരും ലൈംഗിക രോഗത്തിനടിമകളായി. കാല്‍ലക്ഷം ബലാത്സംഗക്കുട്ടികളാണ് അന്നു ബംഗ്ലാദേശിലുണ്ടായിരുന്നത്. ബംഗാളികളും പഞ്ചാബികളുമായ അമ്മമാര്‍ ആ പാപത്തിന്റേയും പീഡനത്തിന്റേയും അവക്ഷിപ്തം ഏറ്റെടുത്തില്ല. അതുകൊണ്ടുതന്നെ ആശുപത്രികളിലും വീടുകളിലും അനാഥാലയങ്ങളിലും മുലപ്പാല്‍ കിട്ടാതെ ആ കുഞ്ഞുങ്ങള്‍ നിലവിളിച്ചു കരഞ്ഞത് വംശഹത്യകളുടെ കറുത്ത നാടകങ്ങളിലെ ഒരേട് കൂടിയാണെന്ന് അന്നത്തെ ബംഗ്ലാദേശ് പത്രങ്ങളിലെ വിദേശ മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാണാം.

ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള 'ഇന്റര്‍നാഷണല്‍ അബോര്‍ഷന്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ്' സെന്ററിലെ ഡോ. ജെഫോറി ഡേവീസ് അദ്ദേഹത്തിന്റെ അക്കാലത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ അനുഭവം പറയുന്നു. ''കിഴക്കന്‍ ബംഗാളിന്റെ വിദൂര പ്രദേശങ്ങളില്‍ ഞാന്‍ യാത്ര ചെയ്തു. വംശഹത്യയുടെ ആരും പറയാത്ത ദയനീയ ചിത്രങ്ങളാണ് എവിടെയും കണ്ടത്. ബലാത്സംഗത്തിനിരയായ സ്ത്രീകള്‍ സ്വന്തം ബന്ധുക്കള്‍പോലും സ്വീകരിക്കാത്തപ്പോള്‍ പലരും ആത്മഹത്യയിലേക്ക് അഭയം കണ്ടെത്തി. കുളങ്ങളിലും പുഴകളിലും അടുത്തടുത്ത ദിവസങ്ങളിലായി നിരവധി പേരുടെ ശരീരം ചത്തുപൊന്തി. പലരും ഗര്‍ഭവതികളായിരുന്നു. പല വീടുകളിലും എലിവിഷം ഉണ്ടായിരുന്നു. അതു കഴിച്ചായിരുന്നു ഒരു കൂട്ടര്‍ മരിച്ചത്. 1000-ത്തിലധികം പേര്‍ നാടന്‍ ഗര്‍ഭമലസിപ്പിക്കല്‍ മാര്‍ഗ്ഗം സ്വീകരിച്ചു. പലരും ചോരവാര്‍ന്നു മരിച്ചു. ചിലര്‍ നിത്യരോഗികളായി നരകസമാന ജീവിതം നയിച്ചു. അന്നു അനാഥക്കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ മദര്‍ തെരേസയുടെ ആശ്രമം തയ്യാറായി. എങ്കിലും അവര്‍ക്കും പരിമിതികള്‍ ഉണ്ടായിരുന്നു. അത്രമാത്രം ആള്‍ക്കാരാണ് പീഡനത്തിനിരയായത്. ഡേവീസ് എഴുതുന്നു. പ്രമുഖ എഴുത്തുകാരനായ മുല്‍ക് രാജ് ആനന്ദ് എഴുതി പാക് പട്ടാളത്തിന്റെ ആസൂത്രിതമായ ഒരു നീക്കമായിരുന്നു ബംഗ്ലാദേശിലെ റേപ്പ് ആക്രമണം. ഒരു പുതിയ വംശം സൃഷ്ടിക്കാനും ബംഗാളികളെ തകര്‍ക്കാനും ഉള്ള നടപടി.

ഇന്ത്യാ - പാക് വിഭജന കാലത്ത് യു.പിയിലെ ബറേലിയില്‍ കണ്ട ഭീകരരംഗത്തെക്കുറിച്ച് പ്രശസ്ത എഴുത്തുകാരന്‍ യശ്പാല്‍ തന്റെ 'നിറം പിടിപ്പിച്ച നുണകള്‍' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഓടിപ്പിടിച്ചു കൊണ്ടുവന്ന എതിര്‍ മതത്തിലെ ഒരു പെണ്‍കുട്ടിയെ തെരുവില്‍ ലേലം വിളിച്ചു വില്‍ക്കുകയാണ്. ലേലക്കാരന്‍ നൂല്‍ബന്ധം പോലുമില്ലാത്ത അവളുടെ ശരീരത്തെ ഒരു കൂറ്റന്‍ പാവയെപ്പോലെ പിടിച്ചുയര്‍ത്തി വിലപേശുകയാണ്. ഏമാന്മാരെ, ഒന്നാം നമ്പര്‍ പുത്തന്‍ ചരക്കാണ്, സംശയമുണ്ടെങ്കില്‍ തപ്പിനോക്കാം. ആള്‍ക്കാര്‍ കാലിച്ചന്തയില്‍ വന്നു നോക്കുന്നതുപോലെ രംഗം വീക്ഷിക്കുന്നു.

ജര്‍മ്മനിയില്‍ ഹിറ്റ്ലറുടെ ജൂതവേട്ടക്കാലത്ത് ബലാത്സംഗത്തെപ്പോലും ക്രൂരമായി ശാസ്ത്രീയ പഠനവിധേയമാക്കിയിരുന്നു. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് കൊണ്ടുപോയ ജൂതവനിതകളെ ഇതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി. ഇതിനായി ക്രൂരന്മാരായ ഡോക്ടറുടെ ഒരു സംഘത്തെത്തന്നെ നിയോഗിച്ചു. തടവുകാരായ വനിതകളെ അവരുടെ പ്രായത്തില്‍ തരം തിരിച്ചു തടവുകാരെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ചു. അതുകഴിഞ്ഞ ഉടനെ പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ രഹസ്യാവയവങ്ങളില്‍ എന്തു മാറ്റം ഉണ്ടാകുന്നു എന്നു പരിശോധിക്കുകയായിരുന്നു. ഡോ. ജോസഫ് മെംഗലിനെപ്പോലുള്ള ക്രൂരനായ നാസി ഡോക്ടര്‍ ഹെര്‍മന്‍ സ്റ്റീവ് (Herman steive 18861952) ആയിരുന്നു ഇതിനു നേതൃത്വം നല്‍കിയത്. ജൂത, ജിപ്‌സി വനിതകളെ അതിനായി സ്ഥിരമായി ജയില്‍ കാവല്‍ക്കാരെക്കൊണ്ടും പീഡിപ്പിച്ചു. ഇതേക്കുറിച്ച് അദ്ദേഹം വലിയ പ്രബന്ധവും തയ്യാറാക്കി. ബലാത്സംഗസമയത്ത് ഇരകളുടെ ശരീരത്തിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍, ഹൃദയസ്പന്ദന നിരക്ക്, മുഖത്തെ ഭാവമാറ്റങ്ങള്‍, പുരുഷന്റെ ശാരീരിക മാറ്റങ്ങള്‍ ഒക്കെ അളന്നെടുക്കപ്പെട്ടിരുന്നു. അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി പറയുന്നു.

നാസികളുടെ ക്രൂരകൃത്യങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചയായിരുന്നു. പലതും യുദ്ധവിരാമത്തിനു ശേഷമാണ് ലോകം അറിഞ്ഞത്. അതേസമയം ലോകത്തിനു ഭീഷണിയായ ജര്‍മ്മന്‍ ഏകാധിപത്യത്തെ തകര്‍ത്തു ലോകത്തെ മോചിപ്പിച്ചു എന്നു പറയുന്ന സോവിയറ്റ് യൂണിയന്റെ ചെമ്പടയുടെ മഹത്വവും പാടിപ്പുകഴ്ത്തപ്പെട്ടു. പക്ഷേ, ചെമ്പട ബര്‍ലിനിലും വാഴ്സയിലും മറ്റും കീഴടക്കിയ പ്രദേശത്ത് ചെയ്തുകൂട്ടിയ കിരാതത്വത്തിനു പലപ്പോഴും ലോകം തിരക്കിനിടയില്‍ കണ്ണും കാതും കൊടുത്തില്ല എന്നതാണ് സത്യം.

കീഴടക്കിയ രാജ്യങ്ങളിലെ റഷ്യന്‍ സ്ത്രീകളെ വരെ റഷ്യന്‍ പട്ടാളക്കാര്‍ വെറുതെ വിട്ടില്ല.  സൈന്യ ചരിത്രകാരനായ ആന്റണി ബീവറിന്റെ റിപ്പോര്‍ട്ടുകളെക്കുറിച്ച് ഡാനിയല്‍ ജോണ്‍സണ്‍  'ടെലഗ്രാഫ്' പത്രത്തില്‍ എഴുതിയത് ഇങ്ങനെ: സോവിയറ്റ് ഭടന്മാര്‍ റഷ്യന്‍ പോളിഷ് പെണ്‍കുട്ടികളെ രക്ഷിക്കേണ്ടതിനു പകരം ആസൂത്രിതമായി ലൈംഗികമായി ഉപയോഗിച്ചു. ബര്‍ലിന്‍ പിടിച്ചടക്കാനുള്ള യുദ്ധത്തില്‍ മൂന്നു ലക്ഷം സോവിയറ്റ് പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. അതേസമയം ജര്‍മ്മനിയുടെ പത്തുലക്ഷം ഭടന്മാര്‍ക്കും ജീവഹാനി ഉണ്ടായി. ഈ പോരാട്ടത്തിനിടയിലാണ് റഷ്യക്കാരുടെ ക്രൂര ബലാത്സംഗങ്ങള്‍ ഉണ്ടായത്. റഷ്യക്കാരുടെ സഖ്യരാഷ്ട്രങ്ങളായ ഹംഗറി, റൊമാനിയ, ക്രൊയേഷ്യ എന്നിവിടങ്ങളിലൊക്കെ ഇതു നടന്നു. അതേസമയം യുഗോസ്ലാവ്യയിലെ കമ്യൂണിസ്റ്റു നേതാവ് മിലോവന്‍ ജിലാസ് ഇതിനെ എതിര്‍ത്തു. അതിന് സോവിയറ്റ് യൂണിയന്റെ പരമാധികാരിയും ഫാസിസ്റ്റു വിരുദ്ധ മുന്നണിയുടെ മുന്നണിപ്പോരാളിയുമായ സ്റ്റാലിന്റെ മറുപടി ഇങ്ങനെയായിരുന്നു.

കോംഗോയില്‍ ബലാല്‍ക്കാരത്തിനിരയായ യുവതി മകനോടൊപ്പം
കോംഗോയില്‍ ബലാല്‍ക്കാരത്തിനിരയായ യുവതി മകനോടൊപ്പം

ചോരയും മരണവും താണ്ടി പതിനായിരക്കണക്കിനു പട്ടാളക്കാര്‍ ദുരിതയാത്ര ചെയ്യുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലും തമാശ വേണ്ടേ ഈ ബലാത്സംഗവാര്‍ത്തകള്‍, അത്രയേ ഉള്ളൂ. എന്നാല്‍, സാധാരണക്കാരെ ഇത്തരം ചെയ്തികള്‍ പാര്‍ട്ടിക്കെതിരെ നീക്കും എന്ന ജര്‍മ്മന്‍ കമ്യൂണിസ്റ്റുകാരുടെ ആശങ്കയ്ക്കും സ്റ്റാലിന്‍ ഇങ്ങനെ മറുപടി നല്‍കി: ''ചെമ്പടയുടെ പ്രശസ്തി ഇത്തരം നിസ്സാര ആരോപണങ്ങളിലൂടെ ചളിയില്‍ താഴ്ത്താന്‍ നമ്മള്‍ ആരെയും അനുവദിക്കില്ല. 1944-ല്‍ ചെമ്പട ഈസ്റ്റ് പ്രഷ്യ, സില്‍സിയ എന്നിവിടങ്ങളില്‍ എത്തിയപ്പോള്‍ യുദ്ധങ്ങള്‍ക്ക് മുന്‍പുതന്നെ ഗ്രാമങ്ങളില്‍ സ്ത്രീകളെ തേടിയിറങ്ങുകയായിരുന്നു. എതിര്‍ത്ത ജര്‍മ്മന്‍കാര്‍ പേപ്പട്ടികളെപ്പോലെ കൊല്ലപ്പെട്ടു. ആദ്യം പേടി രൂപപ്പെടുത്തുകയായിരുന്നു സോവിയറ്റ് പട്ടാളം. പത്തുവയസ്സു മുതല്‍ 80 വയസ്സുകാരികളെ വരെ ബയണറ്റിന്റെ സാക്ഷിയാക്കി ബലാത്സംഗം ചെയ്തു. പിന്നീട് എല്ലാവരേയും കൊന്നു കൂട്ടമായി കുഴിച്ചുമൂടുകയായിരുന്നു.

നൊബേല്‍ സമ്മാനം നേടിയ റഷ്യന്‍ നോവലിസ്റ്റ് അലക്‌സാണ്ടര്‍ സോള്‍ഷെനിത്സന്‍ അന്നു പട്ടാളത്തില്‍ ഉണ്ടായിരുന്നു. ഈ ക്രൂരതയെ അദ്ദേഹം കവിതകളില്‍ അവതരിപ്പിക്കുന്നുണ്ട്. എല്ലാവരും സോള്‍ഷെനിത്സനെപ്പോലെയായിരുന്നില്ല. അന്നത്തെ സോവിയറ്റ് കമാന്‍ഡര്‍ മാര്‍ഷല്‍ സൂക്കോവ് പറഞ്ഞ കാര്യം ശ്രദ്ധേയമാണ്. കൊലയാളികളുടെ ഈ മണ്ണില്‍ നാം എല്ലാത്തരത്തിലുള്ള പ്രതികാരവും ഞങ്ങള്‍ ചെയ്യും. രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടത്തില്‍ ഒരു കോടിയോളം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്നാണ് ഏകദേശ കണക്ക്. 20 ലക്ഷം പേര്‍ അബോര്‍ഷനു വിധേയമായിട്ടുള്ളതായും പറയുന്നു.

ഇവിടെയാണ് നാം 'എ വുമണ്‍ ഇന്‍ ബര്‍ലിന്‍' എന്ന കൃതി വായിക്കേണ്ടത്. എഴുത്തുകാരി ആരെന്നറിയാത്ത ആ കൃതി ലോകത്തിനു മുന്നില്‍ നടുക്കം ഉണ്ടാക്കിയത് യുദ്ധകാലത്ത് സ്ത്രീകള്‍ എത്രമാത്രം പീഡിപ്പിക്കപ്പെടുന്നു എന്നറിയുന്നതുകൊണ്ടുതന്നെ. 1945 ഏപ്രില്‍ 20-ാം തീയതി മുതല്‍ ജൂണ്‍ 22-ാം തീയതി വരെ, ബര്‍ലിന്‍ കീഴടക്കിയ റഷ്യന്‍ പട്ടാളക്കാരുടെ തടങ്കലില്‍പ്പെട്ട ഒരു സ്ത്രീ എഴുതിയ ഡയറിക്കുറിപ്പുകള്‍. ജര്‍മ്മനിയില്‍ തുടക്കത്തില്‍ അതു പ്രസിദ്ധീകരിക്കാന്‍ അനുമതി ലഭിച്ചില്ലെങ്കിലും ലോകത്ത് മിക്ക ഭാഷകളിലും അതു പ്രസിദ്ധീകരിച്ചു. മലയാളത്തില്‍ കൈരളി ബുക്‌സ് ഇതിന്റെ പരിഭാഷ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട 32-കാരിയായ ഒരു പത്രപ്രവര്‍ത്തകയാണ് അവരുടെ എല്ലാ മാനവും പണയം വെച്ചുകൊണ്ടുതന്നെ ഇതെഴുതുന്നത്. പക്ഷേ, ആരാണെന്നു പേരു വെളിപ്പെടുത്തിയിട്ടില്ല. അന്നത്തെ സോവിയറ്റ് ചേരിയിലായിരുന്ന കിഴക്കന്‍ ജര്‍മ്മനിയില്‍ ജീവന്‍ നഷ്ടപ്പെടും എന്നു ഭയന്നാവും. കാരണം ഈ പുസ്തകം ജര്‍മ്മനിക്ക് നാണക്കേടുണ്ടാക്കുന്നു എന്നാണ് അന്നത്തെ ഭരണകൂടം പറഞ്ഞത്. അത്രമാത്രം ഭീകരമായിരുന്നു സ്ത്രീകളോടുള്ള റഷ്യന്‍ പട്ടാളക്കാരുടെ സമീപനം. അതേസമയം ഈ ഡയറിക്കുറിപ്പുകള്‍ എഴുതിയത്. പ്രശസ്ത ജര്‍മ്മന്‍ പത്രപ്രവര്‍ത്തക മാര്‍ത്താ ഹില്ലേഴ്സ് ആണെന്നും പറയപ്പെടുന്നു.  

രണ്ടാം ലോകമഹായുദ്ധ സമയത്തും അതിനു തൊട്ടു മുന്‍പും ജപ്പാന്റെ ഇംപീരിയല്‍ ആര്‍മി ശത്രുരാജ്യങ്ങളിലെ സ്ത്രീകളോട് കാണിച്ച ക്രൂരതകള്‍ ചരിത്രത്തിലുണ്ട്. ബലാത്സംഗവും ലൈംഗിക അടിമത്തവും എങ്ങനെയാണ് ഒരു യുദ്ധത്തിന്റേയും കീഴടക്കലിന്റേയും ആയുധമായി മാറുന്നത് എന്നത് ഈ ചരിത്രം പരിശോധിച്ചാല്‍ മതിയാകും. 1937-ല്‍ ജപ്പാനിലെ 'ഇംപിരീയല്‍ ആര്‍മി'ക്ക് മുന്‍പില്‍ ചൈനയിലെ നാന്‍ജിംഗ് എന്ന പ്രദേശം വീണപ്പോള്‍ അവിടെ പട്ടാളം കാട്ടിയത് കിരാതമായ ലൈംഗിക പീഡനങ്ങള്‍ തന്നെയായിരുന്നു.

തങ്ങള്‍ പിടിച്ചെടുത്ത പ്രദേശത്ത് വളരെ ആസൂത്രിതമായി 'ബലാത്സംഗ ഫാക്ടറി' പട്ടാളം രൂപപ്പെടുത്തിയിരുന്നു. പട്ടാളം വീടുകളില്‍നിന്നും സ്‌കൂളുകളില്‍നിന്നും യാതൊരു മറയുമില്ലാതെ പെണ്‍കുട്ടികളേയും സ്ത്രീകളേയും പിടിച്ചുകൊണ്ടുപോവും, എതിര്‍ത്താല്‍ മരണം സുനിശ്ചിതം. പട്ടാളരേഖകളില്‍ ഇവര്‍ 'കംഫര്‍ട്ട് വുമണ്‍' എന്നറിയപ്പെട്ടു. ആ പേരില്‍ എന്താണ് പട്ടാളം ഉദ്ദേശിക്കുന്നതെന്നറിയില്ല. ചൈന, കൊറിയ, ബര്‍മ്മ, തായ്ലന്റ്, ഇന്‍ഡോനേഷ്യ,  ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെല്ലാം ലക്ഷക്കണക്കിനു കംഫര്‍ട്ട് വുമണ്‍ അടിമകളാക്കി മാറ്റപ്പെട്ടു. അതേസമയം ഈ യാഥാര്‍ത്ഥ്യം ജപ്പാന്‍ തങ്ങളുടെ ചരിത്രപുസ്തകത്തില്‍നിന്നു മറച്ചു വെച്ചു. എന്നാല്‍, പിന്നീട് ഈ 'ലൈംഗിക ഫാക്ടറി' നടത്തിയതിന് ജപ്പാന്‍ കൊറിയയോട് മാപ്പു പറഞ്ഞു. ജീവിക്കുന്ന നരകമായിരുന്നു. ഇത് ഈ നൂറ്റാണ്ടില്‍ അവിശ്വസനീയമായത്. വളരെ കാര്യക്ഷമമായി, ആസൂത്രിതമായി സൈന്യത്തിനുവേണ്ടി നടപ്പാക്കിയ ലൈംഗിക മെനു തന്നെയായിരുന്നു ഈ റേപ്പ് ഫാക്ടറിയില്‍ എന്നു 'മിലിട്രി സെക്ഷ്വല്‍ സ്ലേവ് ഇന്‍ വാര്‍ ടൈം' എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ രാധിക കുമാരസ്വാമി പറയുന്നു.

മിനോറില്‍ ബലാല്‍സംഗത്തിനിരയായ 60 വയസുള്ള സിഗിരി
മിനോറില്‍ ബലാല്‍സംഗത്തിനിരയായ 60 വയസുള്ള സിഗിരി

അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു: 1932-ല്‍ ചൈനയിലെ ഷങ്ഹായിയിലാണ് ആദ്യ 'കംഫേര്‍ട്ട് വുമണ്‍' സങ്കേതം ഉണ്ടായത്. അന്നത്തെ ഇംപീരിയല്‍ ആര്‍മിയുടെ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഒകാമുറയാഷുജി ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഏഷ്യയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പട്ടാളക്കാരുടെ കാമദാഹം തീര്‍ക്കാന്‍ പെണ്‍കുട്ടികളെ നിറച്ച കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രത്തിലുടെ യാത്ര ചെയ്തു. കപ്പലില്‍ കുട്ടികള്‍ മാറിമാറി ബലാത്സംഗം ചെയ്യപ്പെട്ടു. എതിര്‍ത്താല്‍ കടലിലെറിയുമെന്ന ഭീതികാരണം ആരും മിണ്ടിയില്ല. എതിര്‍ത്തവരെ കടലിലെ സ്രാവുകള്‍ക്ക് ആഹാരമാക്കി. ഹോങ്കോങ്, കൊറിയ, സിംഗപ്പൂര്‍, ലൈബീരിയ, തായ്ലന്റ്, ജപ്പാന്‍ ദ്വീപ് സമൂഹങ്ങള്‍ ഇവിടെയൊക്കെ ഇംപീരിയല്‍ സേന ഇത്തരം ക്യാമ്പുകള്‍ ഒരുക്കി. രോഗം ബാധിച്ചവരേയും ഭ്രാന്തിന്റെ ലക്ഷണം കാണിക്കുന്നവരേയും അവര്‍ നിഷ്‌ക്കരുണം വെടിവെച്ചു കൊന്നു. ഇത്തരം കേന്ദ്രങ്ങള്‍ പിന്നീട് വേശ്യാലയമാക്കി പട്ടാളം മാറ്റി. പൊതുജനങ്ങള്‍ക്കും പ്രവേശനം നല്‍കി. അവരില്‍നിന്നു പണവും പിരിച്ചു.

അന്നത്തെ 'കംഫര്‍ട്ട് വുമണ്‍' ആയ സ്ത്രീകള്‍ പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം സത്യം വിളിച്ചു പറഞ്ഞുകൊണ്ടു പൊതുമധ്യത്തില്‍ എത്തിയിട്ടുണ്ട്. 2005-ല്‍ തെക്കന്‍ കൊറിയയിലെ സിയോളില്‍ 80-കാരിയായ കൊറിയന്‍ സ്ത്രീ ജില്‍ വോണ്‍ക് 1997-ല്‍ വിറയലോടെ ഇക്കാര്യം തുറന്നു പറഞ്ഞത് 'ഐറിഷ് ടൈംസ്' പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 18-കാരിയായ അവരെ ജപ്പാന്‍ പട്ടാളം പട്ടാപ്പകല്‍ പിടിച്ചുകൊണ്ടു പോവുകയായിരുന്നു. 12 പേരാണ് ഒറ്റ ദിവസം അവരെ ബലാത്സംഗം ചെയ്തത്. മരിക്കണമെന്നു തോന്നി. തന്റെ കൂട്ടുകാരിയായ ലീകിസണിനും ഇതേ അനുഭവമായിരുന്നു. കാലില്‍ ചങ്ങലയിട്ടിരുന്നു. കക്കൂസില്‍പ്പോലും പോകാന്‍ പറ്റാത്ത അവസ്ഥ. അവര്‍ക്ക് അടിവയര്‍ മാത്രം മതി. വിതുമ്പിക്കൊണ്ടു അവര്‍ പറഞ്ഞിരുന്നു. ജപ്പാന്‍ കൊറിയയോട് കാണിച്ച ഈ നെറികേടിനെതിരെ അവര്‍ ജപ്പാന്‍ സര്‍ക്കാറിനു കത്തയച്ചു. മറുപടി ഉണ്ടായില്ല.

ചൈനക്കാരിയായ ഗുവോക്‌സിക്യൂവിനെ പിടിച്ചുകൊണ്ടു പോയത് ഏഴു പേരായിരുന്നു. ഏഴു പേരും അവരെ ആക്രമിച്ചു. പറയാന്‍ പറ്റാത്ത പീഡനമായിരുന്നു പിന്നീട് നടന്നത്. ക്രൂരതയിലാണ് അവര്‍ രതിരസം കണ്ടെത്തിയത്. മനസ്സില്ലാത്ത മാംസം മാത്രമായിരുന്നു തങ്ങള്‍. ഒടിച്ചും മടക്കിയും ആവശ്യത്തിന് ഉപയോഗിക്കുന്ന മാംസം മാത്രം. അവര്‍ പറഞ്ഞിരുന്നു, കംഫര്‍ട്ട് വുമണ്‍ എന്ന ക്യാമ്പിനെക്കുറിച്ച്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഉള്‍പ്പെടെ ജപ്പാന്‍ നേതാക്കള്‍ അംഗീകരിച്ചില്ല. അതുപോലെ നാന്‍ജിംഗ് കൂട്ടബലാത്സംഗത്തേയും. സംഭവത്തെ സര്‍ക്കാര്‍ പറയാന്‍ ഇഷ്ടപ്പെടാത്തപ്പോള്‍ ടോക്കിയോ യൂണിവേഴ്സിറ്റിയിലെ ചരിത്ര പ്രൊഫസര്‍ യോഷിയാക്കി യോഷിമി തുറന്നു പറഞ്ഞു. നൂറുകണക്കിനു തെളിവുകള്‍ ഉള്ളപ്പോള്‍ എങ്ങനെയാണ് ഇക്കാര്യം നിഷേധിക്കാന്‍ കഴിയുക.

1937-ലാണ് ജപ്പാന്‍ ഇംപീരിയല്‍ ആര്‍മി ചൈനയിലെ 'നാന്‍ജിംഗ്' പ്രവിശ്യ കീഴടക്കുന്നത്. വെറും ആറാഴ്ച നടന്ന യുദ്ധത്തില്‍ മൂന്നു ലക്ഷം പേര്‍ കൊല്ലപ്പെട്ടു. കീഴടക്കുക എന്നാല്‍ കൊല്ലുക എന്നുതന്നെയാണ് ജപ്പാന്റെ ക്രൂരത. കാല്‍ലക്ഷം പേരാണ് ബലാത്സംഗത്തിനിരയായത് ആറാഴ്ച കൊണ്ടാണെന്നോര്‍ക്കണം. ആവശ്യം കഴിഞ്ഞ എല്ലാവരേയും അവര്‍ വേശ്യാലയത്തിനു കൊടുത്തു. ജപ്പാന്‍കാര്‍ ഇത്തരം സ്ത്രീകളെ വിളിച്ചിരുന്നത് പബ്ലിക് ടോയ്ലറ്റ് എന്നാണ്. കീഴടക്കപ്പെട്ട സ്ഥലങ്ങളില്‍ നിരവധി ശവക്കുഴികള്‍ പിന്നീട് കണ്ടെടുത്തു. 30,000 പേരെ കുഴിച്ചിട്ടതായിരുന്നു കണ്ടെത്തിയ ഏറ്റവും വലിയ ശവക്കുഴി. ജിയാംഗ് ഡോംഗ്മെന്‍ എന്ന സ്ഥലത്ത് ഈ അധിനിവേശ കൂട്ടക്കൊലയുടെ സ്മാരകം ഇന്നും അവിടെയുണ്ട്. സംഭവത്തില്‍ ജപ്പാന്‍ പിന്നീട് ചൈനയോട് മാപ്പു പറഞ്ഞിരുന്നു. പാശ്ചാത്യരില്‍നിന്നു ചൈനയെ ഞങ്ങള്‍ രക്ഷിക്കുകയായിരുന്നു എന്നാണ് ജപ്പാന്റെ അന്നത്തെ ഔദ്യോഗിക ഭാഷ്യം. ഈ തലയോടുകളെ സാക്ഷിനിര്‍ത്തി ചരിത്രം ഇതു കേട്ടു പൊട്ടിച്ചിരിച്ചിരിക്കാം.

നാന്‍ജിംഗ് കൂട്ടക്കൊലയേയും ബലാത്സംഗത്തിന്റേയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ ആധുനിക സമൂഹത്തെ പേടിപ്പിക്കുന്നതാണ്. ബന്ധുക്കളുടെ മുന്നില്‍വെച്ച് വെട്ടിയെടുത്ത ചൈനക്കാരുടെ തലകള്‍ പട്ടികളെക്കൊണ്ട് തീറ്റിക്കുക, അച്ഛനെക്കൊണ്ട് കത്തികാട്ടി മകളെ ബലാത്സംഗം ചെയ്യിക്കുക, മൃഗങ്ങളെക്കൊണ്ടു ലൈംഗിക കേളിയിലേര്‍പ്പെടുത്തുക, ചെറിയ സമയത്തിനുള്ളില്‍ എത്രപേരെ കൊല്ലാമെന്നു മത്സരം നടത്തുക തുടങ്ങിയ മൃഗീയതകള്‍ക്ക് കണക്കില്ലായിരുന്നു.

രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ന്യൂറംബര്‍ഗ് വിചാരണയില്‍ ഒറ്റ ബലാത്സംഗക്കേസു പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നാണ് വസ്തുത. യുദ്ധക്കുറ്റങ്ങളുടെ ഒരു ഭാഗമായി മാത്രമാണ് ഇത്തരം സ്ത്രീവേട്ടയെ കണ്ടത്. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകം എത്ര മാറിയിട്ടും വംശവിദ്വേഷം പുത്തന്‍ രൂപത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായി. അധികാരം, മൂലധനാധിപത്യം, സൈനിക ഏകാധിപത്യം, മതതീവ്രഭരണം തുടങ്ങിയ അന്തരീക്ഷത്തില്‍ കീഴ്പെടുത്തലിന്റെ പൗരാണിക അധ്യായമായ ബലാത്സംഗത്തിനു യാതൊരു മാറ്റവും ഇല്ല. ശ്രീലങ്ക, ബോസ്‌നിയ, കോംഗോ, ഇറാക്ക്, കിഴക്കന്‍ ബംഗാള്‍ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നമ്മളതു കണ്ടുകഴിഞ്ഞു. 

നിയമത്തിന്റെ ഭയം എന്നതൊഴിച്ചാല്‍ പുരുഷനില്‍ ചങ്ങല പൊട്ടിക്കാന്‍ കാത്തു നില്‍ക്കുന്ന ഒരു മൃഗം ഒളിഞ്ഞിരിപ്പുണ്ട്. മുഖമില്ലാത്ത ആള്‍ക്കൂട്ടം ചെയ്യുന്ന പ്രവൃത്തികള്‍ അതു കൊലയായാലും ഹീനമായ ബലാത്സംഗമായാലും എന്നെയാരും കാണുന്നില്ലല്ലോ, ഞാന്‍ ആള്‍ക്കൂട്ടത്തിലാണല്ലോ എന്ന വികാരം കൊണ്ടുതന്നെയാണ്. 1984-ല്‍ ഡല്‍ഹിയിലും 2002-ല്‍ ഗുജറാത്തിലും നടന്ന വംശഹത്യയില്‍ ഇതു വ്യക്തമാണ്. വെറിപിടിച്ച ആള്‍ക്കൂട്ടമാണ് എല്ലാം ചെയ്യുന്നത്. നിയമം അവിടെ കണ്ണുമടച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com