രോഗം ഒരു രൂപകം: വി. മോഹനകൃഷ്ണന്‍ എഴുതുന്നു

സൂസന്‍ സൊണ്ടാഗ്
സൂസന്‍ സൊണ്ടാഗ്

രോഗങ്ങള്‍ ജീവിതത്തിന്റെ ഇരുണ്ട ഭാഗമാണ്, ദുര്‍വ്വഹമായ പൗരത്വം. പിറവികൊണ്ടവര്‍ ക്കെല്ലാം രോഗികളുടേയും അരോഗികളുടേയും നാടുകളില്‍ ഇരട്ട പൗരത്വമുണ്ട്. അരോഗികളുടെ നാട്ടിലെ പാസ്സ്പോര്‍ട്ടിലാണ് ഏവര്‍ക്കും താല്പര്യമെങ്കിലും മറ്റേ നാട്ടിലെ പൗരന്മാര്‍ കൂടിയാണ് നാമെന്ന്  എപ്പോഴെങ്കിലുമൊരിക്കല്‍ തിരിച്ചറിയാതെ പറ്റില്ല.  (സൂസന്‍ സൊണ്ടാഗ്)

'നിര്‍മ്മാല്യം' എന്ന സിനിമയിലെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളിലൊന്നാണ്  ദേശത്തില്‍ വസൂരി പടര്‍ന്നു  പിടിക്കുന്നത്. ദീനമെന്നാണ് സിനിമയില്‍ പറയുന്നതെങ്കിലും അത് വസൂരിയുടെ മറ്റൊരു പേരാണ്. രോഗകാരണം ഭഗവതീകോപമാണെന്നും ഗുരുതി നടത്തണമെന്നും തീരുമാനിക്കപ്പെടുന്നു. ഭഗവതിയില്‍നിന്നകന്നുപോയെന്ന് കരുതപ്പെട്ടിരുന്ന നാട്ടുകാര്‍ക്ക് വീണ്ടുമൊരുമിക്കാനുള്ള കാരണമായി വസൂരിയും ഗുരുതിയും മാറുന്നു. ഭഗവതിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാടിന് ഗ്രാമജീവിതത്തില്‍ നഷ്ടമായ പ്രസക്തിയും ഇതോടൊപ്പം തിരിച്ചു കിട്ടുകയാണ്. ദേശശരീരത്തിന്റെ രോഗമകറ്റാനുള്ള ശുശ്രൂഷാകര്‍മ്മത്തിന് നായകനായി നിന്ന വെളിച്ചപ്പാടിന് കുടുംബശരീരത്തിലെ രോഗം കണ്ടെത്താനായില്ല. പരാജയപ്പെട്ട നായകനായാണ് വെളിച്ചപ്പാട് ജീവിതത്തില്‍നിന്ന് മടങ്ങിയത്.

വസൂരി  നാട്ടില്‍ ആരെയൊക്കെ ബാധിച്ചു എന്ന് സിനിമ വ്യക്തമാക്കുന്നില്ല. കഴകക്കാരന്‍ വാരിയരുടെ ഭാര്യയുടെ ദേഹത്താണ് ആദ്യം രോഗം പ്രത്യക്ഷപ്പെടുന്നത്. വെളിച്ചപ്പാടിന്റെ കുടുംബത്തില്‍ ആര്‍ക്കും രോഗം ബാധിക്കുന്നില്ല. അതുകൊണ്ടാണ്  വെളിച്ചപ്പാടിന് ഗുരുതിയുമായി മുന്നോട്ട്  പോകാനാവുന്നത്. മൂലകഥയില്‍(പള്ളിവാളും കാല്‍ച്ചിലമ്പും) വെളിച്ചപ്പാടിന്റെ മകള്‍ അമ്മിണിക്കാണ് ആദ്യം രോഗം കാണുന്നത്. അയമുണ്ണിക്ക് രോഗം വന്നതായി പറയുന്നില്ല. അയാള്‍ നാലാം വേദക്കാരനായതുകൊണ്ട് ഗുരുതിയുടേയും വെളിച്ചപ്പാടിന്റേയുമൊന്നും പരിധിയില്‍ വരുന്നതുമല്ല. 

രോഗബാധ അറിഞ്ഞതു മുതല്‍ അതിനെ നേരിടാനുള്ള ഉപാധിയായി ഗുരുതി മാത്രം പരിഗണിക്കപ്പെടുന്നു എന്നതാണ് സിനിമയിലെ വിശ്വാസപരമായ യുക്തി. ആധുനിക വൈദ്യശാസ്ത്രത്തിന്റെ സാന്നിദ്ധ്യം അടായാളപ്പെടുത്താനായി ഒരാളുമില്ല. എന്നാല്‍, രോഗത്തിന്റെ ശാസ്ത്രീയകാരണം വിശദീകരിക്കപ്പെടുന്നുണ്ട്. അത് വിദേശികളോട് രോഗത്തെക്കുറിച്ച് പറയുന്ന സന്ദര്‍ഭത്തിലാണ്. ദീനം കണ്ടാല്‍ ഭഗവതിയുടെ കോപം കൊണ്ടാണെന്നാണ് വിശ്വാസമെന്നും എന്നാല്‍ കുംഭത്തിലെ ചൂടുകൊണ്ടുമാകാം എന്നൊരു മദ്ധ്യമ നിലപാടിലാണ് ക്ഷേത്രം ട്രസ്റ്റിയായ തിരുമേനി രോഗകാരണം വിശദീകരിക്കുന്നത്.  ദ്വിഭാഷി തനിക്കറിയാവുന്നവിധം അത് ഇംഗ്ലീഷിലാക്കുന്നു (These People believe Small Pox is a curse of God). വസൂരിയാണെന്നറിഞ്ഞിട്ടും  തിരുമേനിയെ കാണാന്‍ വെളിച്ചപ്പാടിന് പ്രത്യേക പരിഗണനയൊന്നും ലഭിക്കുന്നില്ല. വിദേശികള്‍ക്കായി ഒരുക്കിയ നൃത്തപരിപാടി കഴിഞ്ഞ ശേഷമാണ് ഗുരുതിക്ക് തന്റെ വകയായി 101 രൂപയും ആനയും തിരുമേനി വാഗ്ദാനം ചെയ്യുന്നത്. അതില്‍ കൂടുതലൊന്നുമില്ലെന്നും അമ്പലം കൊണ്ട് തനിക്കെന്താണ് ഗുണമെന്നും അദ്ദേഹം ചോദിക്കുന്നു. ശാന്തിപ്പണി ഉപേക്ഷിച്ച് ചായക്കട തുടങ്ങിയ പഴയ ശാന്തിക്കാരനാകട്ടെ, 50 പൈസയാണ് സംഭാവനയായി മേശപ്പുറത്തേക്ക് വലിച്ചെറിയുന്നത്. ഒരു രൂപയില്‍ കുറഞ്ഞ് ആരും എഴുതിയിട്ടില്ല എന്ന് വെളിച്ചപ്പാട് പറയുന്നുണ്ടെങ്കിലും എത്ര ഗ്ലാസ്സ് കഴുകിയാലാണ് കാലണ കിട്ടുക എന്നാണ് അദ്ദേഹത്തിന്റെ മറുപടി. ക്ഷേത്രം ട്രസ്റ്റിയും പഴയ പൂജാരിയുമൊന്നും വിശ്വാസങ്ങള്‍ക്കൊപ്പമില്ല എന്നത് വളരെ പ്രധാനമാണ്. വെളിച്ചപ്പാടിനും കുറച്ചാളുകള്‍ക്കും മാത്രമേ രോഗം ഭഗവതീകോപം മാത്രമാകുന്നുള്ളു. മറ്റുള്ളവരെല്ലാം പല സാദ്ധ്യതകള്‍ കല്പിക്കുന്നവരാണ്.

സൂസന്‍ സൊണ്ടാഗ്
സൂസന്‍ സൊണ്ടാഗ്

വെളിച്ചപ്പാട് വിശ്വാസത്തിന്റെ പിന്തുണയുള്ള വൈദ്യന്‍ കൂടിയാണ്. അസുഖം ബാധിച്ച കുട്ടിയെ ജപിച്ചൂതി  തന്റെ വൈദ്യപാരമ്പര്യം അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ദീനത്തിന് ഗുരുതിക്കു പുറമേ മുറ്റത്ത് ചാണകം തളിക്കണം, പടിക്കല്‍ ചാണകം കലക്കിവെക്കണം, വറുത്തിടണ്ട, എണ്ണയും മെഴുക്കും ഉപയോഗിക്കണ്ട തുടങ്ങിയ മറ്റു ചില പ്രതിവിധികളും അദ്ദേഹം നിര്‍ദ്ദേശിക്കുന്നുണ്ട്. 'തീക്കട്ടയില്‍ ഉറുമ്പരിച്ചാല്‍ കരിക്കട്ടയെ വെച്ചിരിക്കുമോ' എന്നൊരു പഴഞ്ചൊല്ല് ഈ സന്ദര്‍ഭത്തില്‍ വാരിയര്‍ ഉദ്ധരിക്കുന്നുണ്ട്. വാരിയര്‍ അര്‍ത്ഥമാക്കുന്ന തീക്കട്ട വാരസ്യാരായിരിക്കണം. ബാക്കിയെല്ലാം  കരിക്കട്ടകളും.

കടുത്ത പകര്‍ച്ചവ്യാധികളാലോ പ്രകൃതിക്ഷോഭങ്ങളാലോ ഏറെ പരീക്ഷിക്കപ്പെട്ട നാടല്ല  കേരളം. കോളറ, വസൂരി, മലമ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കേരളത്തെ ആസകലം ബാധിക്കുകയുണ്ടായിട്ടില്ല. എന്നാല്‍ ചില പ്രദേശങ്ങളില്‍ അത് വലിയ ജീവനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. അവയെ അതാത് സമൂഹങ്ങള്‍ നേരിട്ടത് വിശ്വാസവഴിയിലൂടെ സ്വജീവന്‍ നല്‍കിക്കൊണ്ടായിരുന്നു. അക്കാലത്ത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഇടപെടലുകള്‍ക്ക് നിരവധി പരിമിതികളുണ്ടായിരുന്നു. 1811-ല്‍ തന്നെ തിരുവിതാംകൂറില്‍ വാക്സിനേഷന്‍ നടപ്പിലായിരുന്നെങ്കിലും പ്രതിരോധ കുത്തിവെപ്പുകളൊക്കെ വ്യാപകമാവുന്നത് പിന്നെയുമേറെ കഴിഞ്ഞാണ്. എന്നാല്‍, ഇടുക്കിയിലേക്കും വയനാട്ടിലേക്കും പോയവര്‍ വിശ്വാസം മാത്രം ചുമന്നുകൊണ്ടല്ല കുടിയേറിയത്. അവരുടെ ഭാണ്ഡത്തില്‍ മലമ്പനിക്കുള്ള മരുന്നുമുണ്ടായിരുന്നു.

കീറ്റ്‌സ്
കീറ്റ്‌സ്

പകര്‍ച്ചവ്യാധികളിലും പ്രകൃതിദുരന്തങ്ങളിലും മരണമടഞ്ഞവര്‍ക്ക് അക്കാലത്ത് ആചാരപരമായ ശവസംസ്‌ക്കാരമൊന്നും ലഭിച്ചില്ല. രോഗം ബാധിച്ചവര്‍ ആളൊഴിഞ്ഞ വീടുകളിലേക്ക്  മാറ്റിത്താമസിപ്പിക്കപ്പെടുകയോ അവരെ വിട്ട് മറ്റുള്ളവര്‍ സുരക്ഷിതരാവാന്‍ ശ്രമിക്കുകയോ ചെയ്തു. രോഗം മാറി ആരും തിരിച്ചുവരാനിടയില്ലാത്തതിനാല്‍ രാത്രിയുടെ നിശ്ശബ്ദതയില്‍ അവരില്‍ പലരും പാതി ജീവനോടെ സംസ്‌ക്കരിക്കപ്പെട്ടു. സംസ്‌ക്കാരത്തിനു നിയോഗിക്കപ്പെട്ടവര്‍ മദ്യപിച്ചെത്തി പായില്‍ ചുരുട്ടിക്കെട്ടിയാണ് ഇത്തരം കൃത്യങ്ങളിലേര്‍പ്പെട്ടതെന്ന് പറയപ്പെടുന്നു.

ദസ്തയോവ്‌സ്‌കി
ദസ്തയോവ്‌സ്‌കി

സംസ്‌ക്കാരം എന്ന വാക്ക് കൂട്ടിച്ചേര്‍ത്തുപയോഗിക്കാന്‍ സാദ്ധ്യമല്ലാത്ത  വിധത്തിലുള്ള ശവസംസ്‌ക്കാരങ്ങളായിരുന്നു അതെല്ലാം. ജീവനുള്ളവരെപ്പോലും കുഴിയിലിട്ടു മൂടിയ അനുഭവങ്ങളുമുണ്ട്. (ഇത്തരമൊരു സംഭവത്തെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നുണ്ട്: 'കുഴിയാറും തീര്‍ത്തല്ലോ പാറുക്കുട്ടീ'/മാതൃഭൂമി.കോം) കോളറ ബാധിതരുടെ കാര്യത്തിലും ഇതൊക്കെയാണ് സംഭവിച്ചത്. എം.ടിയുടെ 'അസുരവിത്തി'ല്‍ കോളറ മരണങ്ങളുടെ ഘോഷയാത്ര തന്നെയുണ്ട്. ''നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന  ഗ്രാമത്തിനു മുകളില്‍ മരണം ഒരു കൂറ്റന്‍ പരുന്തിനെപ്പോലെ ചിറകു വിരുത്തി വട്ടമിട്ടു പറക്കുന്നുണ്ടെന്നു തോന്നി'' എന്നാണ് എം.ടി എഴുതുന്നത്. അവിടെയും ഭഗവതീകോപമെന്ന ആശയം കടന്നുവരുന്നു. കാവിലെ വെളിച്ചപ്പാടിന് ആളയക്കാനും വേനല്‍ക്കാലത്ത് ഗുരുതി നടത്താനുമുള്ള നിര്‍ദ്ദേശങ്ങളുമുണ്ട്.

ചെക്കോവ്
ചെക്കോവ്

എന്നാല്‍, അമ്പലത്തിലെ വെളിച്ച പ്പാടിനും ദീനം ബാധിക്കുന്നു. അനാഥശവങ്ങളായി മലമൂത്രങ്ങളില്‍ കുളിച്ച് കിടന്നവരെ അബ്ദുള്ളയായി മതം മാറിയ ഗോവിന്ദന്‍ കുട്ടിയാണ് മറവ് ചെയ്യുന്നത്. അക്കൂട്ടത്തില്‍   ഗോവിന്ദന്‍കുട്ടിയുടെ പൂര്‍വ്വമതത്തിലെ ഭാര്യ മീനാക്ഷിയുമുണ്ടായിരുന്നു. അയാളുടെ പൂര്‍വ്വമതമോ പുതിയ മതമോ അവിടെ സാന്നിദ്ധ്യമാകുന്നില്ല. 'ഖസാക്കിന്റെ ഇതിഹാസ'ത്തില്‍ വസൂരിയാണ്  തേരോട്ടം നടത്തുന്നത്.

സിഎച്ച് ലോറന്‍സ്
സിഎച്ച് ലോറന്‍സ്

''ജമന്തിപ്പൂക്കള്‍ വിരിഞ്ഞുപൊട്ടി'' എന്നാണ് വിജയന്‍ വസൂരിയെ വിശേഷിപ്പിക്കുന്നത്. രോഗം ബാധിച്ച രവിയെ രാജാവിന്റെ പള്ളിയിലാണ് താമസിപ്പിക്കുന്നത്. രവി രോഗമുക്തി നേടി തിരിച്ചുവന്നെങ്കിലും നിരവധി ഖസാക്കുകാര്‍ക്ക് അതിനെ അതിജീവിക്കാനായില്ല. അതിജീവിച്ചവരില്‍ ചിലര്‍ക്ക് കാഴ്ച പോയി. കുട്ടികളായിരുന്നു മരിച്ചവരിലേറെയും. ഹാജര്‍ പുസ്തകത്തില്‍ ആ പേരുകള്‍ക്ക് താഴെ പച്ചമഷിയില്‍ അടിവര മാത്രമാണിട്ടത്. അവയൊന്നും വെട്ടിക്കളയാന്‍ രവിക്ക് കഴിഞ്ഞില്ല. അവിടെയും ശവം മറവു ചെയ്യുന്നതിന് ചുമതലപ്പെടുത്തപ്പെട്ടത് പറയരും മറ്റുമായിരുന്നു. വേനലിന്റെ രാത്രിയിലൂടെ പണ്ടാര ശവങ്ങള്‍ ചുമന്നുകൊണ്ട് പറയര്‍ നടന്നു. മൈമൂന നൈജാമണ്ണന്റെ യന്ത്രം കെട്ടിയാണ് രോഗത്തെ പ്രതിരോധിക്കുന്നത്. (''നൈജാമണ്ണനോടെ ചെന്ത്രം കെട്ടീരിക്ക്''). അവള്‍ വാക്സിനേഷനും നടത്തിയിട്ടുണ്ട്. (''ഞമ്മള്‍ കയ്യും കീറി വെച്ച്ട്ട്ണ്ട് ') 
കാക്കനാടന്റെ 'വസൂരി'യിലും ഒരു ദേശമാകെ പടര്‍ന്നു പിടിക്കുന്ന രോഗം വലിയ ദുരന്തം സൃഷ്ടിക്കുന്നു. പാപം, സദാചാരം തുടങ്ങിയ പ്രമേയങ്ങളുടെ വ്യാഖ്യാനമാണ് ഇവിടെ പകര്‍ച്ച വ്യാധി.

ജോര്‍ജ് ഓര്‍വെല്‍
ജോര്‍ജ് ഓര്‍വെല്‍


നിര്‍മ്മാല്യത്തില്‍ വസൂരി ബാധിച്ച് ആരും മരിച്ചതായി പറയുന്നില്ല. രോഗം മാറി കുളിച്ചു വരുന്നവരാണെല്ലാം. കാരണം  വസൂരിയായിരുന്നില്ല, ചിക്കന്‍ പോക്സായിരുന്നു അത്. അക്കാലമാവുമ്പോഴേക്കും വസൂരി ശാസ്ത്രത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു. 
ഇവിടെയൊന്നും രോഗമെന്നത് ഒരു വ്യക്തിയുടെ വെറുമൊരു ആരോഗ്യപ്രശ്‌നമല്ല. മറ്റുള്ളവരിലേക്ക് പടരാന്‍ തുടങ്ങുമ്പോള്‍ അതൊരു സാമൂഹ്യപ്രശ്‌നമാവുന്നു. ദേശവും വിശ്വാസ ങ്ങളുമായി ഇടകലരുമ്പോള്‍ അതിന്റെ അര്‍ത്ഥതലങ്ങള്‍ പലതാകുന്നു. ചുരുക്കത്തില്‍ രോഗം ഒരു രൂപകമാവുന്നു.

ഖലീല്‍ ജിബ്രാന്‍
ഖലീല്‍ ജിബ്രാന്‍

രോഗം രൂപകമാവുമ്പോള്‍
രോഗത്തിന്റെ ഇത്തരത്തിലുള്ള രൂപകവല്‍ക്കരണത്തിനെതിരെയാണ് നിരൂപകയായ സൂസന്‍ സൊണ്ടാഗ് 'രൂപകവും രോഗവും' (Illness as metaphor) എന്ന പുസ്തകമെഴുതിയത്. രൂപകങ്ങള്‍ സമൂഹം തനിക്കെതിരാണെന്ന്  രോഗിക്ക് തോന്നാന്‍ കാരണമാകുന്നു. അത് രോഗത്തിന് മറ്റു പല കാരണങ്ങള്‍ തേടുന്നു. അവയില്‍ പലതും രോഗിയെത്തന്നെ കാരണമായി കണ്ടെത്തുന്നവയാവും. ഭഗവതീ കോപം എന്ന ചിന്തയിലൊക്കെ യഥാര്‍ത്ഥത്തില്‍ ഇതാണുള്ളത്. മാനസിക കാരണങ്ങളാലാണ് രോഗങ്ങളുണ്ടാവുന്നതെന്നും മനശ്ശക്തികൊണ്ട് അതിനെ ഭേദപ്പെടുത്താമെന്നും കരുതുന്ന സിദ്ധാന്തങ്ങള്‍ രോഗത്തെക്കുറിച്ചുള്ള അജ്ഞതയുടെ സൂചകമാണ്. ഒരാളുടെ സ്വഭാവമാണ് രോഗകാരണം എന്ന വിധത്തില്‍ രോഗത്തെ വിശേഷണങ്ങളില്‍ പൊതിഞ്ഞ  സിദ്ധാന്തങ്ങള്‍ രോഗിയെ നിരുത്സാഹപ്പെടുത്താനും മൗനിയും ലജ്ജാലുവുമാക്കാനും മാത്രമേ സഹായിക്കു. രൂപകാത്മകമായി ചിന്തിക്കാതെ രോഗത്തിന്റെ ഭൗതികാവസ്ഥയിലും ശുശ്രൂഷകളിലും മാത്രം ശ്രദ്ധിക്കണമെന്നാണ് സൂസന്‍ സൊണ്ടാഗിന്റെ അഭിപ്രായം. രൂപകവും മറ്റ് ബിംബഭാഷകളും രോഗിയെ തന്റെ അനുഭവങ്ങളില്‍നിന്ന് പുതിയ അര്‍ത്ഥങ്ങളുല്പാദിപ്പിക്കാന്‍ സഹായിക്കുമെന്ന കാരണത്താലും നമ്മുടെ ലോകങ്ങളുടേയും സ്വത്വങ്ങളുടേയും നിര്‍മ്മാണത്തില്‍ രൂപകങ്ങള്‍ കൂടി ഉള്‍പ്പെടുന്നതിനാലും  സൊണ്ടാഗിന്റെ ഈ നിലപാടിനെതിരെ വിമര്‍ശനങ്ങളുണ്ടായി.

ക്ഷയം, ക്യാന്‍സര്‍, എയ്ഡ്സ് എന്നീ രോഗങ്ങളെ ആസ്പദമാക്കിയാണ് രൂപകവല്‍ക്കരണം എന്ന ആശയം  സൊണ്ടാഗ് വിശദീകരിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലേയും ഇരുപതാം നൂറ്റാണ്ടിലേയും പ്രധാന രോഗങ്ങളിലൊന്നായ ക്ഷയരോഗത്തെ ദൈവത്തിന്റെ ശിക്ഷകളിലൊന്നായി കരുതുന്ന വിശ്വാസമുണ്ടായിരുന്നു. അതേസമയം പത്തൊന്‍പതാം നൂറ്റാണ്ടിലെ 'കാല്പനിക രോഗം' എന്നാണ് അത് അറിയപ്പെട്ടിരുന്നത്.

മാര്‍കോസ്
മാര്‍കോസ്

കവികള്‍ക്കും കലാകാരന്മാര്‍ക്കും വരാറുള്ള രോഗമായിരുന്നു അത്. സ്പിനോസ, ഗൊയ്ഥെ, കീറ്റ്സ്, ദസ്തയേവ്സ്‌കി, ചെക്കോവ്, കാഫ്ക, ഡി.എച്ച്. ലോറന്‍സ്, ജോര്‍ജ്ജ് ഓര്‍വെല്‍, ഖലീല്‍ ജിബ്രാന്‍, ഋത്വിക് ഘട്ടക്ക് തുടങ്ങി വലിയൊരു വിഭാഗം കലാകാരന്മാരെ ബാധിച്ച രോഗമായിരുന്നു അത്. മലയാളത്തില്‍ ചങ്ങമ്പുഴയുടെ മരണവും ക്ഷയരോഗം മൂലമായിരുന്നു. കാല്പനിക ദുഃഖം എന്ന വാക്ക് ക്ഷയരോഗത്തില്‍ നിന്നാണുണ്ടാവുന്നത്. കാല്പനികവല്‍ക്കരിക്കപ്പെട്ട ക്ഷയരോഗത്തിന്റെ രൂപകങ്ങളില്‍ അവസാനത്തേതാണ് ഇരുപതാം നൂറ്റാണ്ടിലെ  മെലിഞ്ഞ ശരീരമുള്ള പെണ്‍കുട്ടികള്‍ എന്ന് സൂസന്‍ സൊണ്ടാഗ് നിരീക്ഷിക്കുന്നു. സന്തോഷവാന്മാരെ പ്ലേഗ് ബാധിക്കില്ല എന്നൊരു വിശ്വാസം 16, 17 നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലുണ്ടായിരുന്നു. എയ്ഡ്സിന്റെ വരവിനു മുന്‍പ് ഇരുപതാം നൂറ്റാണ്ടിലെ മാതൃകാരോഗം ക്യാന്‍സറായിരുന്നു. രോഗങ്ങളും സാഹിത്യകലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കെ.പി. അപ്പന്റെ പഠനത്തില്‍ (രോഗവും സാഹിത്യകലയും) ക്ഷയരോഗത്തിന് കാല്പനികതയുമായും സിഫിലിസിന് റിയലിസവുമായും കാന്‍സറിന് ആധുനികതയുമായും  എയ്ഡ്സിന് ഉത്തരാധുനികതയുമായും ബന്ധമുണ്ടെന്ന് നിരീക്ഷണമുണ്ട്. സൂസന്‍ സൊണ്ടാഗും കെ.പി. അപ്പനും ക്യാന്‍സര്‍ ബാധിച്ചാണ് മരിച്ചത്. തങ്ങളുടെ സ്വന്തം രോഗാവസ്ഥയില്‍നിന്നാണ് രണ്ടു പേരുടേയും പുസ്തകങ്ങളുണ്ടാവുന്നത്.

ഋത്വിക് ഘട്ടക്
ഋത്വിക് ഘട്ടക്

 പുതുരോഗം, പുതുവിശ്വാസങ്ങള്‍
പഴയകാല രോഗങ്ങള്‍ക്ക് ആലംബമായി പഴയ വിശ്വാസങ്ങളുമുണ്ടായിരുന്നു. ഒരു നാടിനെ യാകെ ഭീതിദമാക്കി പടര്‍ന്നുപിടിക്കുന്ന രോഗത്തിനു മുന്നില്‍ വേണ്ടത്ര പ്രതിവിധിയില്ലാതെ നിസ്സഹായമാകുന്നേടത്താണ് വിശ്വാസത്തിന്റെ കടന്നുവരവ്. മരുന്നുകള്‍ വ്യാപകമല്ലാതിരുന്ന അക്കാലത്ത് വിശ്വാസമായിരുന്നു പ്രധാന മരുന്ന്. വസൂരിക്കും കോളറയ്ക്കുമെല്ലാം ഇങ്ങനെ വിശ്വാസങ്ങളുടെ പിന്തുണ കിട്ടി. എന്നാല്‍ ആധുനിക കാലത്തെ രോഗങ്ങളെ വിശ്വാസങ്ങളോ ദൈവങ്ങളോ പിന്തുണയ്ക്കാനില്ല. ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്കൊന്നും ദൈവങ്ങളുടേയോ വിശ്വാസങ്ങളുടേയോ പിന്തുണയില്ല. അവയെ ആസ്പദമാക്കി വിശ്വാസങ്ങളും ആചാരങ്ങളും രൂപപ്പെടുത്താന്‍ സമൂഹമനസ്സിന് സാവകാശം കിട്ടിയിട്ടില്ല. വളരെ എളുപ്പം വിശ്വാസത്തിലേക്ക് ചാഞ്ഞ് ആചാരമാതൃകകള്‍ രൂപീകരിക്കാന്‍ ആധുനിക സാങ്കേതികസമൂഹം സമ്മതിക്കുന്നുമില്ല. ക്ഷയം, ക്യാന്‍സര്‍, എയ്ഡ്സ് തുടങ്ങിയ രോഗങ്ങള്‍ക്കുമേല്‍ പാപം, സദാചാരം തുടങ്ങിയ രൂപകങ്ങളുടെ ഒരാവരണം നിലനില്‍ക്കുന്നുണ്ടെങ്കിലും  ഏതു രോഗത്തിനും ആധുനിക വൈദ്യശാസ്ത്രത്തില്‍ പ്രതിവിധികളുണ്ടെന്ന വിശ്വാസമാണ് ഭൂരിപക്ഷത്തേയും നയിക്കുന്നത്. അലോപ്പതിയെ വിമര്‍ശിക്കുന്നവരും മറ്റ് സമാന്തര വൈദ്യരംഗത്ത് പ്രതിവിധി കണ്ടെത്തുന്നവരാണ്.
 

പുതിയൊരു പകര്‍ച്ചവ്യാധിയാണ് നിപ വൈറസ് മൂലം കേരളത്തിലൊരുഭാഗത്ത് പടരാന്‍ ആരംഭിച്ചത്. വൈറസ് എന്ന പ്രതിഭാസം തന്നെ ഇപ്പോഴും ശാസ്ത്രത്തിന്റെ ദുരൂഹതകളിലൊന്നായി തുടരുന്നു. ഭൂമിയില്‍ ജീവന്‍ രൂപപ്പെടുന്നതിന്  കാരണമായ അതേ തന്മാത്രകളാണ് വൈറസായും പകര്‍ന്നാടുന്നത്. ലോകത്തിന്റെ ഏതാനും ചില ഭാഗങ്ങളില്‍ മാത്രമാണ് ഈ രോഗം ഇതിനു മുന്‍പ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട്  പൂര്‍വ്വാനുഭവങ്ങള്‍ അധികമില്ല. അവിടെയൊക്കെ അനവധിയാളുകള്‍ മരിച്ചുകഴിഞ്ഞാണ് രോഗം തന്നെ സ്ഥിരീകരിക്കാനായതെങ്കില്‍ ഇവിടെ അത് രണ്ടാമത്തെ രോഗിയുടെ മരണത്തോടെ സാധിതമായി. ആരോഗ്യവിഭാഗവും ഭരണരംഗവും പൊതുസമൂഹവും ഒത്തുചേര്‍ന്ന് നടത്തിയ ഒരു കേരളമോഡല്‍ മുന്നേറ്റം തന്നെയായിരുന്നു അത്. കേരള മോഡലിനെക്കുറിച്ച് സംശയമുള്ളവര്‍ക്ക് നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ അത് സ്വയം വെളിപ്പെടുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തം.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ രോഗശമനശേഷിയെക്കുറിച്ചുള്ള അതിരുകടന്ന വിശ്വാസത്തെ നിപ വൈറസ് സംശയാകുലമാക്കിയെങ്കിലും  സമൂഹത്തിന്റെ മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലായിരുന്നു. വസ്തുതകളെല്ലാം തുറന്നു പറഞ്ഞു എന്നതാണ് എപ്പോഴുമെന്നപോലെ ശാസ്ത്രം ഇവിടെയും കാണിച്ച സത്യസന്ധത. ഈ സുതാര്യത രോഗത്തെക്കുറിച്ചുള്ള ആശങ്ക പാതിയകറ്റി. വൈറസാണ് കാരണമെന്നും വവ്വാലുകളിലാണ് ഇത്തരം വൈറസുകള്‍ കാണപ്പെടുന്നതെന്നും ഏതെല്ലാം സാഹചര്യങ്ങളിലാണ് അത് പകരുന്നതെന്നും എന്തെല്ലാം മുന്‍കരുതലുകളാണ് എടുക്കേണ്ടതെന്നും വിശദീകരിക്കപ്പെട്ടു. വവ്വാലുകള്‍ തലകീഴായി തൂങ്ങിക്കിടന്ന് മാനവ സംസ്‌ക്കാരത്തോടൊപ്പം സഞ്ചരിച്ച ജീവികളാണ്. പ്രകൃതിയുടെ പല സന്തുലനങ്ങള്‍ക്കും അത്യാവശ്യമായ ആ ജീവിയെ വ്യാപകമായി കൊന്നൊടുക്കിയാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദീകരിച്ചത് ശാസ്ത്രം തന്നെയാണ്. അങ്ങനെയാണ് ഒരു കൂട്ടക്കുരുതിയില്‍നിന്ന് വവ്വാലുകള്‍ രക്ഷപ്പെട്ടത്. രോഗവുമായി ബന്ധപ്പെട്ട് വവ്വാലുകള്‍ രംഗപ്രവേശം ചെയ്തപ്പോള്‍ത്തന്നെ അതിന് മനുഷ്യേതരവും പാരിസ്ഥിതികവും അതിഭൗതികവുമായ ചില മാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. രൂപകമായില്ലെങ്കിലും വവ്വാലുകള്‍ ഒരു പ്രതീകമായി മാറിയേക്കും. ഞണ്ടുകള്‍ ക്യാന്‍സറിന്റെ പ്രതീകമായതുപോലെ.
പകര്‍ച്ചവ്യാധിയുടെ ഭീഷണിക്കു മുന്നില്‍ ഭിന്നാഭിപ്രായങ്ങളുടെ ജനാധിപത്യത്തിന് പ്രവര്‍ത്തിക്കാനുള്ള ഇടം  തീരെയില്ലായിരുന്നു.

ലിനി
ലിനി

വ്യത്യസ്തമായ ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചവര്‍ ഒറ്റപ്പെട്ടത് സ്വാഭാവികം മാത്രം. പകര്‍ച്ചവ്യാധികള്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. പൗരാവകാശങ്ങളും മൗലികാവകാശങ്ങളുമൊക്കെ റദ്ദാക്കപ്പെടുന്ന അടിയന്തരാവസ്ഥക്കാലമാണത്. ഭരണകൂടത്തിന്റെ അഭിപ്രായങ്ങളും അതു മുന്നോട്ടുവെക്കുന്ന കാര്യകാരണങ്ങളും മാത്രമാണ് തല്‍ക്കാലം അംഗീകരിക്കപ്പെടുക. ഊഹാപോഹങ്ങളും കിംവദന്തികളും  രാഷ്ട്രശരീരത്തെത്തന്നെ ആകമാനം ഇല്ലാതാക്കുമെന്നതിനാല്‍ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന ശമനൗഷധങ്ങള്‍ സ്വീകരിക്കുകയേ നിര്‍വ്വാഹമുള്ളു. ആയുര്‍വ്വേദം, ഹോമിയോപ്പതി, മറ്റു വൈദ്യമേഖലകള്‍ എന്നിവര്‍ക്കെല്ലാം ഇക്കാര്യത്തില്‍ ആശയങ്ങളുണ്ടാവാം. മറുമരുന്നുകള്‍ ഉണ്ടായേക്കാം. ചിലപ്പോള്‍ വിശ്വാസങ്ങള്‍ക്കുപോലും ചിലതൊക്കെ ചെയ്യാന്‍ കഴിയുമായിരുന്നേക്കാം. എന്നാല്‍, അതൊക്കെ സമാധാനകാലത്ത് മാത്രം സാദ്ധ്യമായ കാര്യങ്ങളാണ്. പകര്‍ച്ചവ്യാധികളുടെ കാലം ആവശ്യപ്പെടുന്ന യുദ്ധസമാനമായ അസാധാരണ നടപടികളാണ് ഭരണകൂടം നടപ്പാക്കിയത്. 'അടിയന്തരാവസ്ഥ'യായിരുന്നെങ്കിലും അത് നടപ്പാക്കാന്‍ പൊലീസിനെ നിയോഗിക്കേണ്ടിവന്നില്ല. സര്‍ക്കാരിന്റെ ആരോഗ്യവാഹനവ്യൂഹം തടസ്സങ്ങളില്ലാതെ സഞ്ചരിക്കാനുള്ള വഴി ജീവനെക്കുറിച്ചുള്ള അനിശ്ചിതത്ത്വങ്ങള്‍ക്കിടയില്‍ ആരുടേയും നിര്‍ബന്ധമില്ലാതെ ജനങ്ങള്‍ തന്നെ വെടിപ്പാക്കി.

മതങ്ങള്‍ക്ക് ശാസ്ത്രസത്യങ്ങളെ നിഹനിക്കാനുള്ള ശേഷിയും അധികാരവും പണ്ടുണ്ടായിരുന്നു. ഭൂമി പരന്നതാണെന്നും മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടില്ലെന്നും  വാക്സിനേഷന്‍ ജനസംഖ്യ കുറയ്ക്കാനുള്ള അജന്‍ഡയാണെന്നുമൊക്കെ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും  ചെയ്യുന്ന സമൂഹത്തിലൊരു വിഭാഗത്തോടാണ് നിപയെക്കുറിച്ച് സംസാരിക്കേണ്ടത്. ശാസ്ത്രത്തിന്റെ യുക്തിചിന്ത ഇത്രയേറെ വളര്‍ന്നുകഴിഞ്ഞിട്ടില്ലാത്ത, ജനങ്ങളുടെ യുക്തിവിചാരം അവികസിതമായിരുന്ന  കാലത്ത് ഇത്തരം പ്രചരണങ്ങള്‍ക്ക് നിലനില്പുണ്ടായിരുന്നു. എന്നാല്‍, ഇന്ന് വിശ്വാസിയും അവിശ്വാസിയും ഒരേപോലെ  ശാസ്ത്രത്തിന്റെ യുക്തിയെയാണ് ആശ്രയിക്കുന്നത്.  രോഗകാരണങ്ങളൊക്കെ ശാസ്ത്രീയതയുടെ ഉരകല്ലില്‍വെച്ചു പരിശോധിക്കാനുള്ള ശേഷി സമൂഹം ആര്‍ജ്ജിച്ചുകഴിഞ്ഞിട്ടുണ്ട്. ദൈവം തന്റെ സൃഷ്ടിപ്രക്രിയയുടെ ഭാഗമായി വൈറസുകളേയും ആദ്യം തന്നെ സൃഷ്ടിച്ചിട്ടുണ്ടെന്നും അവയിലൊന്നിനെ ഇപ്പോള്‍ പുറത്തുവിട്ടതാണെന്നുമൊക്കെയുള്ള പ്രഭാഷണങ്ങള്‍ അവര്‍ മുഖത്ത് മാസ്‌ക്ക് കെട്ടി ശാസ്ത്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കേട്ടുനിന്നു. ഉത്സവാഘോഷങ്ങളിലെ പല ചടങ്ങുകളും പേരിനു മാത്രമായി ചുരുക്കപ്പെട്ടു. വിശേഷദിവസങ്ങ ളിലെ പ്രാര്‍ത്ഥനകള്‍ക്കും ആരാധനാലയങ്ങളിലെ ഒത്തുകൂടലുകള്‍ക്കും ആള് കുറഞ്ഞുവെന്നത് ആരെയും അത്ഭുതപ്പെടുത്തിയില്ല. അവരാരും ഒരു ദിവസം വിശ്വാസത്തെ കൈവിട്ടവരല്ല. മതങ്ങളുടെ സര്‍വ്വരോഗപരിഹാരശേഷിയില്‍ വിശ്വസിക്കുന്നതിലേറെ ശാസ്ത്രത്തിന്റെ പ്രത്യക്ഷാനുഭവങ്ങളോട് സത്യസന്ധരാവാതെ നിവൃത്തിയില്ലായിരുന്നു. രോഗശമനത്തിനു ശേഷം അവര്‍ പഴയ വിശ്വാസക്കൂട്ടായ്മയിലേക്ക് തിരിച്ചു ചെല്ലുമെന്നും എല്ലാവര്‍ക്കും അറിയാം. പ്രാര്‍ത്ഥനക്കെത്തുന്നവരെ വൈറസില്‍നിന്ന് ദൈവം കാത്തുകൊള്ളുമെന്ന് പറയാനുള്ള ത്രാണി പോലും ഒരു മതാധികാരിക്കും ഇല്ലാതെ പോയി.

ചങ്ങമ്പുഴ
ചങ്ങമ്പുഴ

ശവസംസ്‌ക്കാരം ഏറ്റവും ആദരവര്‍ഹിക്കുന്ന കാര്യമായി എല്ലാ മതങ്ങളും സംസ്‌ക്കാരങ്ങളും കരുതി വരുന്നു. ഓരോ സംസ്‌ക്കാരങ്ങളും തനതായ ശവസംസ്‌ക്കാര രീതികള്‍ വികസിപ്പിച്ചിട്ടുമുണ്ട്. മതങ്ങള്‍ ഒരു സമൂഹത്തില്‍ ഏറ്റവും നന്നായി ഇടപെട്ടുകൊണ്ടിരിക്കുന്ന രംഗവും അതു  തന്നെയാണ്. പരേതന്റെ ഉറ്റവര്‍ക്ക് ഭൗതികമായ ആശ്വാസവാക്കുകള്‍ തീരെ മതിയാകാതെ വരുന്ന സന്ദര്‍ഭമാണത്. ശവസംസ്‌ക്കാരവും അനുബന്ധ ചടങ്ങുകളും വ്യക്തിദുഃഖത്തെ നേര്‍പ്പിച്ചെടുക്കുന്ന സാമൂഹ്യ ഇടപെടലുകളാണ്. മരണാനന്തര ജീവിതത്തിന്റെ സൗഖ്യം ഉറപ്പാക്കുന്നതാണ് പ്രാര്‍ത്ഥനകളും കര്‍മ്മങ്ങളും. എന്നാല്‍, അസാധാരണ മരണങ്ങളുടെ കാര്യത്തില്‍ മരണാനന്തര ചടങ്ങുകളും അസാധാരണമാവും. അവിടെ ഭരണകൂടം ഇടപെടും. ചിലപ്പോള്‍ സംസ്‌ക്കാര രീതികളിലും മാറ്റം വേണ്ടിവരും.

ഒവി വിജയന്‍
ഒവി വിജയന്‍

നിപ രോഗത്തില്‍ മരിച്ച ശരീരങ്ങളെല്ലാം ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് സംസ്‌ക്കരിക്കപ്പെട്ടത്. അന്ത്യാചാരങ്ങള്‍ യഥാവിധി നടന്നുവോ എന്ന് നോക്കി മരിച്ചവന് ശിക്ഷ വിധിക്കുന്ന ഒരു ദൈവവും എങ്ങും കാത്തിരിക്കുന്നുണ്ടാവില്ല എന്ന് മാത്രമേ ഒരു യുദ്ധസാഹചര്യ ത്തില്‍  പ്രതീക്ഷിക്കാനാവുകയുള്ളു. എങ്കിലും കോളറയുടേയും വസൂരിയുടേയും കാലത്ത് ലഭിച്ചതിലും മികച്ച രീതിയില്‍ തന്നെയാണ് എല്ലാ മൃതദേഹങ്ങളും സംസ്‌ക്കരിക്കപ്പെട്ടത്.

യു അനന്തമൂര്‍ത്തി
യു അനന്തമൂര്‍ത്തി

വിശ്വാസങ്ങളും ചില യുക്തികളെ ആസ്പദമാക്കിയാണ് നിലനില്‍ക്കുന്നത്. അവയെ നമുക്ക് വിശ്വാസത്തിന്റെ യുക്തികളെന്ന് വിളിക്കാം. ദൈവത്തിന്റെ ആദിമസൃഷ്ടിയില്‍ ഈ വൈറസു മുണ്ടായിരുന്നു  എന്നത് അത്തരമൊരു വിശ്വാസമാണ്. (1899-ലാണ് ആദ്യമായി വൈറസിനെ കണ്ടെത്തുന്നത്) ആ വൈറസിനെ ഇപ്പോള്‍ ദൈവം പുറത്തുവിട്ടതാണെന്നും അതിനുള്ള മറുമരുന്നു ദൈവത്തിന്റെ പക്കലുണ്ടെന്നതും വിശ്വാസത്തിലെ യുക്തിയാണ്. രോഗം, രോഗകാരണം, പ്രതിവിധി എന്നിവ സംബന്ധിച്ച ചില ക്രമങ്ങളെ അത് അംഗീകരിക്കുന്നുണ്ട്. വൈറസ് എന്ന രോഗാണുവിനേയും തന്റെ വിശ്വാസപരമ്പരയിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള യുക്തി അതിനകത്തുണ്ട്. രോഗകാരണമായും വൈദ്യനായും ദൈവത്തെ കാണുന്നു എന്നതാണ് വിശ്വാസത്തിലെ മറ്റൊരു യുക്തി. ഇതിന് സമാനമായി യുക്തിയിലധിഷ്ഠിതമായ ശാസ്ത്രത്തിനുമുണ്ട് ചില വിശ്വാസങ്ങള്‍. അത് ശാസ്ത്രത്തിന്റെ രീതിശാസ്ത്രങ്ങളില്‍ തന്നെയുള്ള വിശ്വാസങ്ങളാണ്. രോഗം, രോഗലക്ഷണം, വൈറസിന്റെ സ്വഭാവങ്ങള്‍, മറുനാടുകളില്‍ ഈ രോഗം ഉണ്ടായതിന്റെ അനുഭവങ്ങള്‍ എന്നിവയെല്ലാമടങ്ങിയ സ്വന്തം പാരമ്പര്യത്തിലടങ്ങിയ വിശ്വാസമാണത്.

കാക്കനാടന്‍
കാക്കനാടന്‍

മതങ്ങളും ആചാരങ്ങളും ആള്‍ദൈവങ്ങളുമൊക്കെ നിഷ്പ്രഭരും നിസ്സഹായരുമായ ഇത്തരമൊരു സാഹചര്യം ഇതിനു മുന്‍പുണ്ടായിട്ടില്ല. വിശ്വാസങ്ങള്‍ക്ക് യാതൊരു പിന്തുണയും നല്‍കാന്‍ കഴിയാതിരുന്ന പകര്‍ച്ചവ്യാധികളിലൊന്നാണ് കടന്നുപോയത്. പക്ഷേ, അതിന്റെ വിശ്വാസപരമായ ആഘാതങ്ങള്‍ പഠിക്കപ്പെടേണ്ടതുണ്ട്.

കാലങ്ങള്‍ക്കുശേഷം കേരളത്തില്‍ നിപ വൈറസിനെ നിയന്ത്രണവിധേയമാക്കിയതിനെക്കുറിച്ച് വിവരം തേടുന്നൊരാള്‍ക്ക് ഏതു വിധത്തിലുള്ള വിവരങ്ങളാവും ലഭിക്കുക? വൈദ്യശാസ്ത്രം അതിനെ എങ്ങനെ കൈകാര്യം ചെയ്തു എന്ന കാര്യം മെഡിക്കല്‍ ജേണലുകളിലുണ്ടാവും. അതില്‍ നഴ്സ് ലിനിയുടെ കാര്യം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടേക്കാം. എന്നാല്‍ അതിന്റെ സാമൂഹ്യവും വാണിജ്യപരവും  സാമ്പത്തികവും വിശ്വാസപരവുമായ ആഘാതങ്ങള്‍ അതിലുണ്ടാവുകയില്ല. അവ കൂടി ശാസ്ത്രീയ പഠനങ്ങളുടെ ഭാഗമാകുന്ന ബഹുതല ആഖ്യാനരീതി നമുക്ക് പരിചിതമല്ല. രോഗത്തെ രൂപകമാക്കലല്ല ഇത്. കലയുടേയും സാഹിത്യത്തിന്റേയും മണ്ഡലങ്ങളില്‍ എന്നെങ്കിലും അത്  കടന്നുവരുമെങ്കില്‍ അത് ആഖ്യാനത്തിന്റെ മറ്റൊരു തലമായി,  പലതരം പ്രതിനിധാനങ്ങളായി മാറിയേക്കാം. വസൂരിയുടേയും കോളറയുടേയും കാര്യത്തിലെന്നപോലെ  നിപയെ നമ്മുടെ സമൂഹത്തെ കഠിനമായി പരീക്ഷിക്കാന്‍ വൈദ്യശാസ്ത്രം അനുവദിച്ചില്ല. എങ്കിലും ആ രോഗമുയര്‍ത്തിയ മരണഭയവും വൈകാരികതയും വിശ്വാസപ്രതിസന്ധികളുമൊക്കെ വളരെ വലിയതാണ്. പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച് നമ്മുടെ മുന്നിലുള്ള രേഖകള്‍ മിത്തുകളും രൂപകങ്ങളുമൊക്കെയായി മാറിയ ചില ആഖ്യാനങ്ങളാണ് എന്നതാണ് വസ്തുത. പ്ലേഗും (കാഫ്ക)  കോളറക്കാലത്തെ പ്രണയവും (മാര്‍ക്കേസ്)  സംസ്‌ക്കാര(അനന്തമൂര്‍ത്തി)യും വസൂരി(കാക്കനാടന്‍)യും അസുരവിത്തും നിര്‍മ്മാല്യവും (എം.ടി) ഖസാക്കിന്റെ ഇതിഹാസവു(ഒ.വി. വിജയന്‍)മൊക്കെ ഇത്തരം ചില ആഖ്യാന മാതൃകകളാണ്. പകര്‍ച്ചവ്യാധികളുടെ സാംസ്‌ക്കാരിക ചരിത്രങ്ങളാണത്. രോഗം സമൂഹത്തിലുണ്ടാക്കുന്ന വൈകാരിക പ്രത്യാഘാതങ്ങളിലാണ് അവയുടെ ഊന്നല്‍. അല്ലാതെ രോഗശമനത്തിന്റെ ശാസ്ത്രീയതയിലല്ല.
വ്യക്തി, അയാളുടെ ശരീരം, എല്ലാമുള്‍ക്കൊള്ളുന്ന രാഷ്ട്രശരീരം എന്നൊരു ചലനാത്മക വ്യവസ്ഥയിലാണ് നാമൊക്കെ കഴിയുന്നത്. രോഗവും പകര്‍ച്ചവ്യാധിയും അവിടെ വ്യക്തിനിഷ്ഠമല്ല. ആധുനിക ഭരണകൂടങ്ങള്‍ക്ക് മാത്രമല്ല, സമകാലികമായ ഏതു ഭരണ സംവിധാനത്തിനും സംസാരിക്കാന്‍ കഴിയുന്ന ഭാഷ ആധുനിക ശാസ്ത്രത്തിന്റേതാണ്. മതാടിസ്ഥാനത്തിലുള്ള വിശ്വാസ പരമ്പരകള്‍ക്ക് ഭൂതകാലത്തില്‍നിന്ന് ആശയങ്ങള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമേയുള്ളു. ഭാവിയിലേക്കൊ വര്‍ത്തമാനത്തിലേക്കൊ അതിന്റെ കാഴ്ച ചെല്ലുകയില്ല. എന്നാല്‍ ശാസ്ത്രത്തിന് വര്‍ത്തമാനത്തില്‍നിന്ന് ഭൂതത്തിലേക്കും ഭാവിയിലേക്കും ഒരുപോലെ നോക്കാനാവും.
സൂസന്‍ സൊണ്ടാഗ് കണ്ടെത്തിയ രണ്ടുതരം പൗരത്വം യഥാര്‍ത്ഥത്തില്‍  ഒരു വിശ്വാസിയുടെ ഇരട്ടജീവിതമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com