സാറ ഷെയ്ഖ: ധീരം ഈ ചുവടുവയ്പ്

കണ്ടാല്‍ അതിസുന്ദരിയായ സ്ത്രീയല്ലെന്ന് ആരും പറയുകയുമില്ല. അതിലെന്തു പ്രത്യേകതയെന്നാണ് ചോദ്യമെങ്കില്‍ മുന്‍പ് അവര്‍ സ്ത്രീയായിരുന്നില്ല എന്നാണ് ഉത്തരം.
സാറ ഷെയ്ഖ/ ഫോട്ടോ-വിന്‍സെന്റ് പുളിക്കല്‍
സാറ ഷെയ്ഖ/ ഫോട്ടോ-വിന്‍സെന്റ് പുളിക്കല്‍

സാറാ ഷെയ്ഖ 26 വയസ്സുള്ള യുവതിയാണ്. വലിയ ഐ.ടി കമ്പനിയില്‍ ശമ്പളമുള്ള ജോലി ചെയ്ത് അമ്മ സുലേഖയ്ക്കൊപ്പം സുഖമായി ജീവിക്കുന്നു; കണ്ടാല്‍ അതിസുന്ദരിയായ സ്ത്രീയല്ലെന്ന് ആരും പറയുകയുമില്ല. അതിലെന്തു പ്രത്യേകതയെന്നാണ് ചോദ്യമെങ്കില്‍ മുന്‍പ് അവര്‍ സ്ത്രീയായിരുന്നില്ല എന്നാണ് ഉത്തരം. ആദ്യമായി രാജ്യത്തെ ഒരു ബഹുരാഷ്ട്ര ഐ.ടി കമ്പനിയില്‍ ജോലി ലഭിച്ച ഉന്നത വിദ്യാഭ്യാസമുള്ള ട്രാന്‍സ് വ്യക്തി. ആ നിലയ്ക്ക് ചരിത്രത്തിലുമുണ്ട് സാറയ്ക്ക് ഒരിടം. ഒരു വര്‍ഷം മുന്‍പ് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ കമ്പനിയില്‍ സീനിയര്‍ എച്ച്.ആര്‍ അസോസിയേറ്റായി അവര്‍ നിയമിതയായപ്പോള്‍ ലോകമെമ്പാടും അത് വാര്‍ത്തയായി. ട്രാന്‍സ് വ്യക്തിയല്ല സ്ത്രീയാണ് സാറ ഷെയ്ഖ എന്ന കൊല്ലം സ്വദേശി. അത് അങ്ങനെയേ പറയാവൂ എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീവ്യക്തിത്വം സ്വീകരിച്ചത് സാറയ്ക്ക് തന്നെക്കുറിച്ചുള്ള ശരിയായ തിരിച്ചറിവ് കൊണ്ടാണ്. പഴയ പേരുള്‍പ്പെടെ പിന്നിലുപേക്ഷിച്ച കാലത്തെക്കുറിച്ച് ഉല്‍ക്കണ്ഠകളോ നൊസ്റ്റാള്‍ജിയയോ ഇല്ല. പക്ഷേ, ആണായി ജനിച്ചെങ്കിലും സ്വന്തം സ്ത്രീഭാവം തിരിച്ചറിയുന്നവര്‍ക്കും പെണ്ണായി ജനിച്ച് സ്വന്തം പുരുഷപ്രകൃതി തിരിച്ചറിയുന്നവര്‍ക്കും ഇഷ്ട വ്യക്തിത്വത്തിലേക്ക് മാറാനും ജീവിക്കാനുമുള്ള ധൈര്യം നല്‍കാന്‍ ഈ ജീവിതാനുഭവങ്ങള്‍ ഉപകരിക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നു; അതിനുവേണ്ടി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

''വിവേചനവും അപമാനിക്കലും ഒറ്റപ്പെടുത്തലും ഉണ്ടാക്കിയ വിഷമം പോസിറ്റീവാക്കി എടുക്കാന്‍ എനിക്കു പറ്റി. അത് എല്ലാവര്‍ക്കും ഉണ്ടാകണം. അല്ലാതെ കളിയാക്കലുകള്‍ കേട്ട് ഇനി ഞാന്‍ ജീവിച്ചിരിക്കില്ലെന്നു പറഞ്ഞിട്ടു കാര്യമില്ല. പോസിറ്റീവായ ഒരു ഊര്‍ജ്ജം ഉള്‍ക്കൊണ്ട് അതിലൂടെ മുന്നോട്ടു വരണം. ഒന്നുരണ്ട് സുഹൃത്തുക്കള്‍ക്ക് കുടുംബത്തില്‍നിന്നു പ്രശ്‌നങ്ങളുണ്ടായപ്പോള്‍ കഴിയുന്ന വിധത്തില്‍ അവര്‍ക്ക് ഉപദേശം കൊടുക്കാന്‍ എനിക്ക് സാധിച്ചു. അവരെ കൗണ്‍സലിംഗ് നടത്തി എന്നു പറയുന്നില്ല; പക്ഷേ, അവരെ പ്രചോദിപ്പിക്കുന്ന ചില കാര്യങ്ങളൊക്കെ അനുഭവത്തില്‍നിന്നു പറഞ്ഞുകൊടുത്തു, മാനസിക പിന്തുണ നല്‍കി. അപ്പോള്‍ സന്തോഷം തോന്നി. മുന്‍പേ പോയവര്‍ക്കല്ല, പിമ്പേ വരുന്നവര്‍ക്കാണ് നമ്മുടെ ആവശ്യം. അവര്‍ക്ക് നമ്മള്‍ വഴികാട്ടിയാകണം'' -സാറ ഷെയ്ഖ പറയുന്നു. ബിരുദാനന്തര ബിരുദം നേടി അബുദാബിയില്‍ എച്ച്.ആര്‍ ഉദ്യോഗസ്ഥയായി ജോലി നേടിയ സാറ തിരിച്ചുവന്നത് 2017-ലാണ്. അതൊരു തീരുമാനമെടുത്തുള്ള വരവായിരുന്നു. ''എന്റെ വ്യക്തിത്വം തുറന്നു പറയാനാണ് വന്നത്. പക്ഷേ, അത്തരമൊരു തീരുമാനത്തിനു കുറേ സമയമെടുത്തു'' -സാറയുടെ വാക്കുകള്‍.
സാറയുടെ ജീവിതത്തെക്കുറിച്ച് അവര്‍ സംസാരിക്കുന്നു:

വെളിപ്പെടുത്തല്‍
ഞാനൊരു തെറ്റായ ജെന്‍ഡറിലാണ് ജനിച്ചത്. ആണായി ജനിച്ചു എന്നതുകൊണ്ടുമാത്രം എന്റെ ഐഡന്റിറ്റി ഒരിക്കലും ആണാകില്ല; ആണിന്റെ ഉടലോടുകൂടി ജനിച്ചാല്‍ ഒരിക്കലും ആണാകില്ല. അതുപോലെതന്നെ പെണ്ണാണെന്ന് എന്നു ഞാന്‍ തിരിച്ചറിഞ്ഞോ അന്നു മുതല്‍ ഞാന്‍ മാറ്റത്തിനുവേണ്ടി ശ്രമിച്ചു തുടങ്ങി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ വിശ്വാസമാണ് എന്റെ ഏറ്റവും വലിയ സത്യം. പക്ഷേ, കുടുംബം, വിദ്യാഭ്യാസം, തൊഴില്‍ ചെയ്യാനുള്ള അവസരം അങ്ങനെ ഒരുപാടു സാഹചര്യങ്ങള്‍ മൂലം എനിക്കു പ്രശ്‌നമായി. അന്ന് എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയിരുന്നെങ്കില്‍ വിദ്യാഭ്യാസം ഒരുപക്ഷേ, എനിക്ക് പൂര്‍ത്തിയാക്കാന്‍ പറ്റില്ലായിരുന്നു. ചാന്തുപൊട്ടെന്നും ഒന്‍പതെന്നും പെണ്ണാളനെന്നും വിളിക്കുന്ന സമൂഹത്തിലേക്ക് അതായി ഇറങ്ങിവരാന്‍ എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. അനുകൂലമായ ഒരു സാഹചര്യത്തിനുവേണ്ടി ഞാന്‍ കാത്തിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞ് നല്ല ഒരു തൊഴില്‍ ലഭിക്കുമ്പോള്‍ സ്വയം വെളിപ്പെടുത്താനാണ് ഞാന്‍ തയ്യാറായിരുന്നത്. 

അബുദാബിയില്‍ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിലെ എച്ച്.ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ടെക്നോപാര്‍ക്കിലെ ബഹുരാഷ്ട്ര കമ്പനിയില്‍ എച്ച്.ആര്‍ വിഭാഗത്തിലുണ്ടായ ഒഴിവിനെക്കുറിച്ച് സുഹൃത്ത് മുഖേന അറിയുന്നത്. കേരളത്തില്‍ വന്ന് ആ ജോലിക്ക് ശ്രമിക്കാം എന്നു തീരുമാനിച്ചു. പക്ഷേ, ഒരൊറ്റ ഒഴിവാണുള്ളത്. സ്വാഭാവികമായും ഇന്ത്യ ഒട്ടാകെ അവര്‍ അതിന് ആളെ ക്ഷണിച്ച് അറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. പക്ഷേ, എനിക്ക് വലിയ ആത്മവിശ്വാസമുണ്ടായിരുന്നു. അഥവാ ഇതു കിട്ടിയില്ലെങ്കില്‍ ഇവിടെത്തന്നെ വേറൊരു ജോലി നോക്കാം. എന്തായാലും എന്റെ വ്യക്തിത്വം മറച്ചുവച്ച് ഇനിയും തുടരാന്‍ താല്‍പ്പര്യമില്ലായിരുന്നു. അങ്ങനെ വീട്ടിലേക്ക് വന്നു.

അമ്മയും എന്നെക്കാള്‍ 11 വയസ്സ് പ്രായക്കൂടുതലുള്ള ചേച്ചിയുമാണുള്ളത്. അച്ഛന്‍ കുഞ്ഞിലേ നഷ്ടപ്പെട്ടു. ഞാന്‍ പുരുഷനല്ല, ട്രാന്‍സ് ജെന്‍ഡറാണെന്നും സ്ത്രീയായി മാറി അങ്ങനെ ജീവിക്കണമെന്നും തുറന്നു പറഞ്ഞപ്പോള്‍ വീട്ടില്‍ പ്രശ്‌നമായി. എന്നെ മുറിയില്‍ പൂട്ടിയിട്ടു. രാത്രിയിലാണ് ഞാനിത് പറയുന്നത്. ''ഒരു ജോലിയില്‍ ചേരാന്‍ പോകുന്നു, പെണ്ണായിട്ടാണ് പോകാന്‍ പോകുന്നത്. സ്ത്രീയായി ജീവിക്കാനാണ് എന്റെ വ്യക്തിത്വം.'' അപ്പോഴാണ് പൂട്ടിയിട്ടത്. അന്ന് ആത്മവിശ്വാസവും ദൃഢനിശ്ചയവും കൊണ്ടു മാത്രമാണ് രക്ഷപ്പെടാന്‍ കഴിഞ്ഞത്. എനിക്ക് ഞാനായേ പറ്റൂ എന്ന ദൃഢനിശ്ചയം. തീരുമാനം വെളിപ്പെടുത്തുന്നതിനു മുന്‍പുതന്നെ അത്യാവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളും രേഖകളുമെല്ലാം ഉള്‍പ്പെടെ പെട്ടി തയ്യാറാക്കി മുറിയില്‍ വച്ചിരുന്നു. രാവിലെ വാതില്‍ തുറന്നു കിട്ടിയപ്പോള്‍ ഞാന്‍ പുറത്തു കടന്നു. ഒരു സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് രക്ഷപ്പെട്ടത്. ഒളിച്ചോട്ടത്തിന്റെ മട്ടിലായിരുന്നില്ല. ഒരു മാസത്തോളം സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു. 

അവര്‍ പറയുന്നതനുസരിച്ച് ആണായി ജീവിച്ചാല്‍ ആത്മഹത്യയിലോ മറ്റോ അവസാനിക്കുമായിരുന്നു. അങ്ങനെ എന്റെ ജീവിതം ത്യജിക്കാന്‍ തയ്യാറായിരുന്നില്ല. ടെക്നോപാര്‍ക്കിലെ കാര്യത്തില്‍ തീരുമാനം വരുന്നതു കാത്തുനില്‍ക്കാതെ വേറെ ജോലി കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പല അഭിമുഖങ്ങള്‍ക്കും പോയി. ചിലര്‍ എന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. പക്ഷേ, അഭിമുഖം നടത്തുന്നവര്‍ നോക്കുന്നത് അദ്ഭുതത്തോടെയാണ്. ഞാന്‍ മൂക്കു കുത്തിയിരുന്നു. ഇതെന്താണിങ്ങനെ? ഇത് ആണാണോ പെണ്ണാണോ? തിരുവനന്തപുരത്തെ ഒരു പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ജോലി കിട്ടി. പക്ഷേ, നിയമന ഉത്തരവ് തരുന്നതിന്റെ തൊട്ടുമുന്‍പ് എച്ച്.ആര്‍ മാനേജര്‍ ചോദിക്കുകയാണ്, നിങ്ങളൊരു ട്രാന്‍സ്ജെന്‍ഡറാണോ. ഞാന്‍ പറഞ്ഞു, അതെ. ഒരു ടീം ലീഡറാകേണ്ട അയാള്‍ എനിക്ക് ഇഷ്ടമില്ലാത്ത രീതിയിലാണ് സംസാരിച്ചത്. ആ ജോലി ഞാന്‍ വേണ്ടെന്നു വച്ചു. അപ്പോഴും പ്രതീക്ഷിച്ച കമ്പനിയിലെ ജോലി കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ഞാന്‍ ട്രാന്‍സ് വ്യക്തിയായതുകൊണ്ടല്ല അങ്ങനെ വിശ്വസിച്ചത്. എന്റെ വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയവും തൊഴിലിടത്തിലെ മികവും വച്ച് എനിക്കുറപ്പായിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. 2017 മെയ് 25-നാണ് ജോലിയില്‍ ചേര്‍ന്നത്. 

സ്ത്രീയായി ഞാന്‍
ജോലി കിട്ടിയ പിന്നാലെ സ്വന്തമായി വീടെടുത്ത് താമസം തുടങ്ങി. ആറു മാസം കഴിഞ്ഞാണ് ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് ആലോചിച്ചത്. അപ്പോഴാണ് ശരിക്കും ഞാന്‍ യഥാര്‍ത്ഥ ട്രാന്‍സ് ജീവിതം അറിഞ്ഞത്. മുന്‍പത്തെപ്പോലെ പാന്റും ഷര്‍ട്ടും ധരിച്ചല്ല സാരിയുടുത്തോ ചുരിദാറിട്ടോ ആണ് പോകുന്നത്. ഒരു സ്ത്രീയായിരിക്കുമ്പോള്‍ എങ്ങനെയാണ്, എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഞാന്‍ വളരെയധികം ശ്രദ്ധ നല്‍കിയിരുന്നു. സഹപ്രവര്‍ത്തകര്‍ എങ്ങനെയാണ് വാഷ് റൂമില്‍ പോകുന്നത് എന്നതുള്‍പ്പെടെ. അപ്പോഴും ഞാന്‍ ട്രാന്‍സ് സ്ത്രീ വ്യക്തിത്വത്തിലാണല്ലോ പോകുന്നത്. സര്‍ജറി കഴിഞ്ഞിട്ടില്ല. വരുന്നതും പോകുന്നതും ഇരിക്കുന്നതുമൊക്കെ ഉള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ അങ്ങനെ ചിന്തിച്ചു. കുറേ കാര്യങ്ങളില്‍ ടെന്‍ഷനുമുണ്ടായിരുന്നു. പക്ഷേ, സഹപ്രവര്‍ത്തകരില്‍ ഒരാള്‍പോലും മോശമായി സംസാരിക്കുകയോ കമന്റ് പറയുകയോ ഉണ്ടായില്ല. ഞാന്‍ ചേരുന്നതിനു മുന്‍പേതന്നെ അവര്‍ കൃത്യമായി എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നാണ് മനസ്സിലായത്. എന്തൊക്കെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നു ജോലിയില്‍ ചേരുന്നതിനു മുന്‍പേതന്നെ ഒരു മെയില്‍ അയച്ച് അവര്‍ അന്വേഷിച്ചിരുന്നു. എന്തൊക്കെ സൗകര്യങ്ങള്‍ വേണം, ഈ സ്ഥാപനത്തിലേക്ക് വരുമ്പോള്‍ നിങ്ങളെ എന്തൊക്കെ കാര്യങ്ങളാണ് അലട്ടുന്നത് തുടങ്ങിയതെല്ലാം ചോദിച്ചിരുന്നു. എല്ലാ പ്രശ്‌നങ്ങളും മനസ്സിലുള്ളതെല്ലാം തുറന്നു പറയാം എന്ന ആത്മവിശ്വാസമുണ്ടാകാന്‍ അത് വലിയ പിന്തുണയായി. 

2017 നവംബറിലായിരുന്നു ശസ്ത്രക്രിയ. അതിനു ബംഗളൂരുവിലേക്ക് പോയത് ഒറ്റയ്ക്കാണ്. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സഹായത്തിന് എറണാകുളത്തുനിന്നു രണ്ട് സുഹൃത്തുക്കള്‍ വന്നു. ഓഫിസില്‍നിന്നു വലിയ പിന്തുണയാണ് കിട്ടിയത്. ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനുമൊക്കെയായി ഒരു മാസമാണ് ആകെ പ്രതീക്ഷിച്ചത്. പക്ഷേ, അതില്‍ 15 ദിവസം മാത്രം അവധി മതിയെന്നും ബാക്കി ദിവസങ്ങള്‍ വീട്ടിലിരുന്നു ജോലി ചെയ്യാമെന്നും ഞാന്‍ പറഞ്ഞു. സാറ സുരക്ഷിതയായി പോയിവരൂ എന്നായിരുന്നു പ്രതികരണം. ഉദ്ദേശിച്ചതുപോലെ 15 ദിവസം കഴിഞ്ഞ് ജോലി ചെയ്യാന്‍ കഴിഞ്ഞില്ല. നല്ല വേദനയുണ്ടായിരുന്നു. വീട്ടില്‍ വന്നശേഷം നോക്കിയത് സൂര്യയാണ്. ട്രാന്‍സ് വ്യക്തികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഇടപെടലുകളുടെ മുന്‍നിരയിലുള്ള സൂര്യ. ഞാന്‍ സൂര്യാമ്മ എന്നു വിളിക്കുന്ന സ്ത്രീ. എന്റെ സുഹൃത്താണ്. പക്ഷേ, സുഹൃത്തെന്നു പറയില്ല; അമ്മയുടെ സ്ഥാനത്താണ് ഞാന്‍ അവരെ വച്ചിരിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞു 40 ദിവസം ഒരമ്മ ചെയ്യേണ്ടതെല്ലാം ചെയ്ത് കൂടെയുണ്ടായിരുന്നു. മുറിവില്‍ മരുന്നുവച്ചു, കുളിപ്പിച്ചു, ഭക്ഷണമുണ്ടാക്കിത്തന്നു. സൂര്യയും എന്റെ അമ്മയാണ് എന്നാണ് ഞാന്‍ പറയാറ്. പെറ്റമ്മ ഇപ്പോള്‍ കൂടെത്തന്നെയുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞു തിരിച്ചെത്തിക്കഴിഞ്ഞാണ് അമ്മ എന്നെ അംഗീകരിച്ചത്. 

പിന്നെ പതിയെപ്പതിയെ ഓഫീസില്‍ പോയിത്തുടങ്ങി. ആ സമയത്ത് പിന്തുണ നല്‍കുന്ന കുറേ വാര്‍ത്തകള്‍ എന്നേക്കുറിച്ചു വന്നു. പ്രത്യേകിച്ചും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍. ശശി തരൂര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ എന്റെ ഫേസ്ബുക്ക് പേജ് ഷെയര്‍ ചെയ്തു. അതോടെ കുറച്ചാളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി. പുറത്തു പോകുമ്പോള്‍ ഇന്ന ആളല്ലേ, വാര്‍ത്ത കണ്ടിരുന്നു എന്നൊക്കെ പറഞ്ഞ് പരിചയപ്പെടാന്‍ തുടങ്ങി. ഗൂഗിളില്‍ സാറ എന്നു ടൈപ്പ് ചെയ്യുമ്പോള്‍ത്തന്നെ എന്നെ കിട്ടുന്നുവെന്നു പലരും പറഞ്ഞു. ഞാന്‍ അത്രയ്ക്കും പ്രശസ്തയായി എന്ന് പറയുകയല്ല. പക്ഷേ, ആ ലിംഗമാറ്റ ശസ്ത്രക്രിയ ഉണ്ടാക്കിയ പ്രതികരണം വലുതായിരുന്നു. നമ്മുടെ സമൂഹം അത് വളരെ പോസിറ്റീവായാണ് എടുത്തത് എന്നതിന്റെ തെളിവായിരുന്നു അത്. 

എന്നെ മാത്രമല്ല, ഒരുപാട് ട്രാന്‍സ് വ്യക്തികളെ സമൂഹമാധ്യമങ്ങള്‍ വഴിയും മറ്റും ഇങ്ങനെ ആളുകള്‍ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ, അതൊരു പൊതുനയമായി മാറുന്നില്ല. എന്നുവച്ചാല്‍ ജോലി കൊടുക്കാനോ ജോലി ചെയ്യാനുള്ള അനുകൂല അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കാനോ സാധിക്കുന്ന വിധത്തില്‍ സ്ഥാപനങ്ങള്‍ നയത്തില്‍ മാറ്റം വരുത്തുന്നില്ല. അതുണ്ടാകണം. കേരളത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ നയം വരികയും അത് ഫലപ്രദമായി നടപ്പാക്കും എന്ന് പറയുകയുമൊക്കെ ചെയ്‌തെങ്കിലും പ്രത്യക്ഷത്തില്‍ വലിയ മാറ്റമുണ്ടായെന്ന് പറയാന്‍ കഴിയില്ല. ട്രാന്‍സ് സമൂഹത്തിന് ആദ്യം വേണ്ടത് സ്വന്തം കുടുംബത്തില്‍നിന്നുള്ള പിന്തുണയാണെന്നാണ് അനുഭവത്തില്‍നിന്നു ഞാന്‍ മനസ്സിലാക്കിയത്. കുടുംബം കൂടെയുണ്ടെങ്കില്‍ കാര്യങ്ങള്‍ ഒരുപാട് മാറും. വ്യക്തിജീവിതത്തിലാണെങ്കിലും തൊഴിലിലായാലുമൊക്കെ കുടുംബത്തിന്റെ പിന്തുണ വളരെ പ്രധാനമാണ്. അമ്മ എന്റെയടുത്ത് ഇല്ലാതിരുന്നിട്ട് കുറേ നാള്‍ കഴിഞ്ഞാണല്ലോ വന്നത്. അമ്മ വന്നുകഴിഞ്ഞപ്പോള്‍ കൂടുതല്‍ സുരക്ഷിതയായതായി എനിക്ക് അനുഭവപ്പെടുന്നുണ്ട്. പക്ഷേ, കുടുംബങ്ങളില്‍നിന്നുണ്ടാകുന്ന മോശം അനുഭവങ്ങള്‍ മൂലമാണ് പലരും വീടുവിട്ട് പോകുന്നത്. അങ്ങനെ പോകുന്നവര്‍ക്ക് യാചിക്കാനോ അല്ലെങ്കില്‍ ലൈംഗികത്തൊഴില്‍ ചെയ്യാനുമേ പറ്റുന്നുള്ളു. സമൂഹം അവരെ സ്വീകരിച്ചാല്‍ അവര്‍ ഒരിക്കലും ലൈംഗികത്തൊഴിലിനു പോകില്ല. കൊച്ചി മെട്രോയില്‍ ജോലി കൊടുത്ത രീതി വ്യാപകമാക്കണം. ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് വാതില്‍ തുറക്കാന്‍ കോളേജുകളിലെ കോഴ്സുകളില്‍ രണ്ട് സീറ്റ് വീതം സംവരണം ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഒരു വലിയ പിന്തുണയാണ്. തിരുവനന്തപുരത്തെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. ട്രാന്‍സ് വ്യക്തികളെ മൂലയിലേക്ക് മാറ്റിനിര്‍ത്താതെ സമൂഹം സ്വീകരിച്ചു തുടങ്ങുമ്പോഴാണ് മാറ്റമുണ്ടാകുന്നത്. കേരളത്തില്‍ സാധാരണയായി എന്തു മാറ്റവും വേഗത്തില്‍ സ്വീകരിക്കുന്ന സമൂഹമാണുള്ളത്. ട്രാന്‍സ് വ്യക്തികളുടെ കാര്യത്തിലും അതാണ് വേണ്ടത്.

കരഞ്ഞ കാലം പിന്നിലാണ് 
എനിക്കൊരു കാര്യം മാത്രമേ പറയാനുളളു. ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്, ഒരുപാട്. ഇപ്പോഴും വളരെ വൈകാരികമായി പ്രതികരിക്കുന്നയാളാണ്. പക്ഷേ, അന്നെന്നെ അവര്‍ കളിയാക്കിയില്ലായിരുന്നെങ്കില്‍, എന്നെ മാറ്റിനിര്‍ത്തിയില്ലായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ പുറത്തു വരില്ലായിരുന്നു. അതിനു ഞാന്‍ അവരോട് നന്ദി പറയുന്നു. അന്നു ഞാന്‍ തീരുമാനിച്ചതാണ്, ഒരിക്കല്‍ ഞാനെന്റെ വ്യക്തിത്വം പുറത്തു പ്രകടിപ്പിക്കും, ഞാന്‍ ഞാനായി ജീവിക്കും എന്ന്. ഇപ്പോള്‍ വിദൂരവിദ്യാഭ്യാസ കോഴ്സ് വഴി നിയമപഠനവും നടത്തുന്നു. കൊല്ലം കടയ്ക്കലാണ് സ്വദേശമെങ്കിലും ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്തതു തിരുവനന്തപുരത്താണ്. 

സഹപ്രവര്‍ത്തകരില്‍നിന്നു വലിയ പിന്തുണയാണ് കിട്ടുന്നത്. അതെന്നെ വല്ലാതെ സന്തോഷിപ്പിക്കുകയും ധൈര്യവതിയാക്കുകയും ചെയ്യുന്നു. ഒരു ദിവസം ചെന്നില്ലെങ്കില്‍ അവരില്‍ പലരും മെസ്സേജ് അയയ്ക്കും, വിളിക്കും, എന്താണ് പറ്റിയതെന്ന് അന്വേഷിക്കും. എന്തിനും അവര്‍ കൂടെയുണ്ട്. എനിക്ക് എന്റേതായ ഒരു അംഗീകാരവും ഇടവുമുണ്ട് അവിടെ. ട്രാന്‍സ് വ്യക്തിയായതുകൊണ്ട് ഒരു മൂലയ്ക്ക് പോയിരുന്നല്ല ജോലി ചെയ്യുന്നത്. മറ്റാളുകളുടെ നടുക്കാണ് ഞാനും. 

എന്നാണോ ഞാനെന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്നത് അന്നേ വസ്ത്രധാരണത്തില്‍ മാറ്റം വരുത്തുകയുള്ളുവെന്ന് ഉറച്ച തീരുമാനമെടുത്തിരുന്നു. സ്ത്രീവ്യക്തിത്വം വെളിപ്പെടുത്തിയ ശേഷമാണ് സ്ത്രീവേഷത്തില്‍ ജോലിക്കു പോയിത്തുടങ്ങിയത്. ജോലിയില്‍ ചേര്‍ന്ന ദിവസമാണ് ആദ്യമായി സാരിയുടുത്തത്; അന്നാണ് ഞാന്‍ പെണ്ണാണ് എന്നു തീരുമാനിച്ച് പോകുന്നത്. എന്റെ വ്യക്തിത്വം അത്ര ആത്മവിശ്വാസത്തോടെ പറയാന്‍ എനിക്കൊരു ഇടമില്ലായിരുന്നു. അഭിമുഖത്തിനു പോയപ്പോഴും എനിക്ക് സ്ത്രീവ്യക്തിത്വം വെളിപ്പെടുത്താന്‍ മതിയായ ധൈര്യമുണ്ടായിരുന്നില്ല. മൂന്ന് വട്ടം അഭിമുഖമുണ്ടായിരുന്നു. മൂന്നു വട്ടവും സീനിയര്‍ മാനേജര്‍മാര്‍ നടത്തിയ ടഫ് ഇന്റര്‍വ്യൂ ആയിരുന്നു. അപ്പോഴൊന്നും ഇല്ലാത്ത ധൈര്യം ജോലിയില്‍ ചേര്‍ന്നപ്പോഴുണ്ടായി. 

ഇനിയൊരു വിവാഹജീവിതം ആഗ്രഹിക്കുന്നു. പക്ഷേ, ഞാന്‍ ഒരുപാടൊന്നും പ്രതീക്ഷിക്കുന്നില്ല. ഒരുപാടു പ്രതീക്ഷിക്കുമ്പോള്‍ കിട്ടുന്നത് അപ്രതീക്ഷിതമായ കാര്യങ്ങളായാലോ. 26 വയസ്സായി, എനിക്കൊരു ദാമ്പത്യ ജീവിതം വേണം. ഒന്നു രണ്ട് സന്നദ്ധ സംഘടനകളുടെ ഭാഗമായിക്കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. എറണാകുളം ആസ്ഥാനമായുള്ള ക്വീറള എന്ന സംഘടനയുടെ ഭരണസമിതി അംഗമാണ്. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടുന്ന എല്‍ജിബിറ്റിക്യു (ലെസ്ബിയന്‍, ഗേ,ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍, ക്വീര്‍) വിഭാഗങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. അവര്‍ക്കു വിദ്യാഭ്യാസപരവും നിയമപരവുമായ പിന്തുണ നല്‍കുന്നുണ്ട് ക്വീറള. ട്രാന്‍സ് സമൂഹം മാത്രമല്ല, എല്ലാ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തനം. ഞാന്‍ ഈ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആളായതുകൊണ്ട് എന്നെ മനസ്സിലാക്കുന്ന ഒരാളെയാണ് ജീവിതപങ്കാളിയായി വേണ്ടത്. സ്ത്രീയായി എന്നത് ഭാഗികം മാത്രമാണ്. എന്റെ മാറ്റം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇനിയും ഹോര്‍മോണ്‍ തെറാപ്പിയും ചികില്‍സകളുമുണ്ട്. ഞാന്‍ ഇതാണെന്നും എന്റെ ജീവിതം ഇതാണെന്നും എന്റെ ഇഷ്ടങ്ങള്‍ ഇതൊക്കെയാണെന്നും മനസ്സിലാക്കുന്ന ഒരാളെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പങ്കാളിയെ ക്ഷണിച്ചുകൊണ്ട് ക്വീറളയുടെതന്നെ മാട്രിമോണി ഫോറത്തില്‍ അറിയിപ്പു കൊടുക്കാന്‍ പോവുകയാണ്. ഒരുപാടുപേര്‍ സുഹൃത്തുക്കളോടൊക്കെ ചോദിക്കുന്നുണ്ട്, സാറ വിവാഹം ആലോചിക്കുന്നുണ്ടോ എന്ന്. ഇതൊരു പുതിയ മൂവ്മെന്റാണ്. ട്രാന്‍സ് വ്യക്തികള്‍ക്കും ദാമ്പത്യ ജീവിതം വേണം. ഞാന്‍ ശസ്ത്രക്രിയ കഴിഞ്ഞു സ്ത്രീയായി; ലൈംഗിക ജീവിതം നയിക്കാന്‍ പറ്റുന്ന സ്ത്രീ. പക്ഷേ, അമ്മയാകാന്‍ പറ്റില്ല. കാരണം, ഗര്‍ഭം ധരിക്കാനുള്ള സ്ഥലം എന്റെ വയറ്റില്‍ ഇല്ല. ഗര്‍ഭം ധരിക്കാന്‍ പറ്റുന്നില്ല എന്നതുകൊണ്ട് ഞാനൊരിക്കലും സ്ത്രീയാകാതിരിക്കുന്നില്ല. പക്ഷേ, അത് മനസ്സിലാക്കി എന്നെ ജീവിതത്തില്‍ പങ്കാളിയാക്കാന്‍ ഒരാള്‍ വന്നാല്‍ ഞാനത് സമ്മതിക്കും. സൂര്യയുടെ വിവാഹം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണല്ലോ. സൂര്യാമ്മയാണ് എനിക്ക് വഴികാട്ടി. 

കോളേജില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയമുണ്ടായിരുന്നു. ആ പ്രണയത്തില്‍ നിന്നാണ് ഞാന്‍ പെണ്ണായി ജീവിക്കണം എന്ന ശക്തമായ തീരുമാനമെടുക്കുന്നത്. ബിരുദപഠനകാലത്ത് അടുപ്പം തോന്നിയ സഹപാഠിയായ ആ ആള്‍ ഇന്ന് തിരുവനന്തപുരത്ത് പൊലീസില്‍ ജോലി ചെയ്യുന്നുണ്ട്. ഇപ്പോഴും സുഹൃത്താണ്. വിവാഹിതനായി ജീവിക്കുന്നു. ഞങ്ങള്‍ക്ക് പരസ്പരം വലിയ ഇഷ്ടമായിരുന്നു. കോഴ്സ് കഴിഞ്ഞ് പോകുമ്പോള്‍ രണ്ടുപേര്‍ക്കും പിരിയാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. നീയൊരു പെണ്ണായിരുന്നെങ്കില്‍ ഞാന്‍ നിന്നെ വിവാഹം ചെയ്‌തേനെ എന്ന് എന്നോടു പറഞ്ഞു. അപ്പോഴാണ് ഞാനെന്റെ കുറവുകള്‍ മനസ്സിലാക്കുന്നത്. ഞാനൊരു പെണ്ണായില്ലല്ലോ. അവിടെ പെണ്ണിനു കല്‍പ്പിച്ചിരിക്കുന്ന വില എന്നത് ശാരീരികമായ സ്ത്രീത്വം ഉള്‍പ്പെടെയാണ്. വിവാഹം ചെയ്ത് വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ച്, അമ്മയായി മക്കളേയും ഭര്‍ത്താവിനേയും നോക്കിക്കഴിയുന്ന ഒരു പെണ്ണ്. അങ്ങനെയാണ് ഞാനും ചിന്തിച്ചത്. പെണ്ണായിരുന്നു ഞാനെങ്കില്‍ വിവാഹം ചെയ്യുമായിരുന്നല്ലോ. അതൊരു നഷ്ടമായിരുന്നു എനിക്ക്. പിന്നീട് അതേപ്പറ്റി കുറേ ചിന്തിച്ചു. എന്താണ് ട്രാന്‍സ് ജീവിതം, എന്തുകൊണ്ടാണ് ഹോര്‍മോണ്‍ മാറ്റമുണ്ടാകുന്നത് എന്നൊക്കെ ഇന്റര്‍നെറ്റില്‍ തിരഞ്ഞു. അങ്ങനെ തിരഞ്ഞു തിരഞ്ഞാണ് ലിംഗമാറ്റ ശസ്ത്രക്രിയയാണ് പോംവഴി എന്ന സമ്പൂര്‍ണ തീരുമാനത്തിലെത്തുന്നത്. അതിനു ശേഷമാണ് ജോലി കണ്ടെത്തി വിദേശത്തു പോയതും ജീവിതത്തില്‍ മാറ്റം വേണമെന്ന് ഉറപ്പിച്ചതുമൊക്കെ. ജോലി കിട്ടിയത് എച്ച്ആര്‍ മേഖലയിലായതുകൊണ്ട് അതിലായി അനുഭവ പരിചയം. അതുകൊണ്ട് അതില്‍ തുടരുന്നു. 

ഞാന്‍ മരിക്കുമെന്നു വിചാരിച്ചതാണ്, പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. എങ്ങുമെത്താന്‍ പറ്റുന്നില്ലല്ലോ, ഞാനാഗ്രഹിച്ചതുപോലെ ജീവിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന വിഷമമായിരുന്നു. സാരിയുടുത്ത് പുറത്തിറങ്ങാന്‍ പറ്റുന്നില്ല, എന്റെ ഇഷ്ടം പോലെ വിവാഹം ചെയ്തു ജീവിക്കാന്‍ പറ്റുന്നില്ല, സമൂഹം എന്നെ സ്വീകരിക്കുന്നേയില്ല എന്ന തോന്നല്‍ വന്നപ്പോള്‍ മരിച്ചാല്‍ മതി എന്നായി. പക്ഷേ, ഞാനെന്തിനു മരിക്കണം എന്ന് പിന്നീട് ആലോചിക്കാന്‍ തുടങ്ങി. ഏതു സ്ഥലത്തു ചെന്നു പെട്ടാലും നമുക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ ജീവിക്കാന്‍ പറ്റും. ഞാന്‍ ഞാനായിട്ടു ജീവിച്ചു കാണിക്കാം എന്ന തീരുമാനമെടുത്തപ്പോഴാണ് ജീവിതത്തില്‍ വിജയമുണ്ടായത്. എന്നെ കണ്ടാല്‍ ട്രാന്‍സ് സ്ത്രീയാണെന്നല്ല തോന്നുക എന്നു കുറേപ്പേര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, എല്ലാവരും അങ്ങനെയല്ല. പല ട്രാന്‍സ് വ്യക്തികളും പ്രകടനപരമായി പെരുമാറുന്നത് സ്വന്തം വ്യക്തിത്വത്തെ പരിഹാസ്യമാക്കുന്നുണ്ട്. അമിത മേയ്ക്കപ്പും കൂടുതലായി ആളുകളുടെ മുന്നില്‍ സ്ത്രീ സ്വഭാവം പ്രകടിപ്പിക്കലുമാണ് സ്ത്രീ എന്ന് അവര്‍ കരുതുന്നുണ്ടാകും. ആ ചിന്തയാണ് മാറേണ്ടത്. ഞാന്‍ ധരിക്കുന്ന വസ്ത്രവും ആഭരണങ്ങളും എന്റെ മേയ്ക്കപ്പും അനുയോജ്യമാകണം, എനിക്ക് കംഫര്‍ട്ടബിള്‍ ആകണം. അത് എന്റെ മനസ്സിനെ മാത്രം ബോധിപ്പിച്ചാല്‍ മതി. എല്ലാവരേയും ഞാന്‍ സ്ത്രീയാണെന്നു ബോധിപ്പിക്കാന്‍ പറ്റില്ല. എത്ര മേയ്ക്കപ്പിട്ടാലും സ്ത്രീയല്ല എന്ന് മറ്റുള്ളവര്‍ വിചാരിക്കും. എത്ര മേയ്ക്കപ്പ് ഇട്ടില്ലെങ്കിലും ഞാന്‍ പെണ്ണാണെന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍ അതെന്തിന് വേറൊരാളെ വിശ്വസിപ്പിക്കണം? സ്വയം ചിന്തിക്കാതേയും സ്വയം തീരുമാനമെടുക്കാതേയും ഒരാളേയും ഒന്നിലേക്കും മാറ്റാന്‍ പറ്റില്ല. അതുകൊണ്ട് മേയ്ക്കപ്പ് വേണ്ട എന്നൊന്നും ഞാന്‍ ആരോടും പറയാറില്ല. തല്ലിപ്പഴുപ്പിക്കാന്‍ പറ്റില്ല. 

ഞാന്‍ പത്താംക്ലാസ്സില്‍ ഉന്നത വിജയം നേടിയപ്പോള്‍ എന്റെ നാട്ടിലെ സ്‌കൂള്‍ ഒരു സമ്മാനം തന്നിരുന്നു. ഒരു ഡിക്ഷ്ണറി. കഴിഞ്ഞ ഓണാഘോഷത്തിന് ആ സ്‌കൂളില്‍ മുഖ്യാതിഥിയായി ഞാന്‍ എത്തണമെന്ന് അവര്‍ പറഞ്ഞു. വലിയ അഭിമാനം തോന്നിയ സന്ദര്‍ഭമായിരുന്നു അത്. അതേ അഭിമാനത്തോടെ ആ ചടങ്ങിനു പോവുകയും അവിടുത്തെ ലൈബ്രറിയിലേക്ക് 100 പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കുകയും ചെയ്തു. എന്റെ മനസ്സ് ഒറ്റപ്പെടല്‍ അനുഭവിക്കുമ്പോഴൊക്കെ ആദ്യം പുസ്തകങ്ങളിലേക്കാണ് പോവുക. വായനയാണ് പ്രിയപ്പെട്ട കൂട്ടുകാരികളിലൊന്ന്. ആരെങ്കിലും സമ്മാനമായി വേണ്ടത് എന്താണെന്നു ചോദിച്ചാല്‍ പുസ്തകങ്ങളാണ് ആവശ്യപ്പെടാറ്. അതുപോലെ പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാറുമുണ്ട്. 

 ലൈംഗികത്തൊഴിലാളികളാക്കുന്നവര്‍
വിദ്യാഭ്യാസപരമായി സാക്ഷരതാ മിഷന്റെ തുടര്‍വിദ്യാഭ്യാസ പദ്ധതി കുറേപ്പേര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പക്ഷേ, ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതം വളരെ വ്യത്യസ്തമാണ്. എന്തു ജോലി പരിശീലനം ലഭിച്ചാലും അത് ചെയ്തു ജീവിക്കാന്‍ അവസരങ്ങളില്ല എന്നതാണ് മുഖ്യ പ്രശ്‌നം. പണം കിട്ടാന്‍ വേറെ വഴിയില്ലാത്തതുകൊണ്ട് പണത്തിനുവേണ്ടിയാണ് അവരില്‍ പലരും ലൈംഗികത്തൊഴില്‍പ്പോലും ചെയ്യേണ്ടിവരുന്നത്. എന്റെ അനുഭവത്തിന്റെകൂടി വെളിച്ചത്തില്‍ ഇക്കാര്യത്തില്‍ സമൂഹത്തോട് ചോദിക്കാനുണ്ട്. പകല്‍ കാണുമ്പോള്‍ അടുപ്പം കാണിച്ച് പരിചയപ്പെടുന്ന പലരും രാത്രിയാകുമ്പോള്‍ അവരെ വിളിച്ച് ലൈംഗിക ബന്ധത്തിനു താല്‍പ്പര്യമുണ്ടെന്നു പറയുന്നത് എന്തുകൊണ്ടാണ്? ഞാനൊരാള ഒരിക്കല്‍ പരിചയപ്പെട്ടു. തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ ഞാന്‍ ഓണ്‍ലൈന്‍ ടാക്‌സിക്കാറില്‍ ചെന്നിറങ്ങിയപ്പോള്‍ മുതല്‍ കാഴ്ചയിലും വസ്ത്രധാരണത്തിലും മാന്യനായ ഒരു ചെറുപ്പക്കാരന്‍ എന്നെ നോക്കുന്നുണ്ട്. ഞാന്‍ പലതും വാങ്ങി പുറത്തു വന്നു തിരിച്ചുപോകാന്‍ കാര്‍ കാത്തുനില്‍ക്കുമ്പോള്‍ ഇദ്ദേഹം അടുത്തുവന്നു പരിചയപ്പെട്ടു. പേരു ചോദിച്ചു, പറഞ്ഞു. എവിടെ ജോലി ചെയ്യുന്നുവെന്നു ചോദിച്ചു, അതും പറഞ്ഞു. ട്രാന്‍സാണോ എന്നു ചോദിച്ചപ്പോള്‍ എന്തുപറ്റി എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. കാണാന്‍ അതിസുന്ദരിയാണ്, ഇത്ര ഭംഗിയുള്ള ട്രാന്‍സിനെ കണ്ടിട്ടില്ല എന്നൊക്കെ പറഞ്ഞു. എനിക്കു തന്നെ പ്രേമിക്കാന്‍ തോന്നുന്നു. ചേട്ടനെന്താണ് പ്രശ്‌നമെന്നു ചോദിച്ചപ്പോള്‍ ഫോണ്‍ നമ്പര്‍ വേണമെന്നായി. സോറി, ബുദ്ധിമുട്ടാണെന്നു പറഞ്ഞപ്പോള്‍ ഫേസ്ബുക്കിലുണ്ടോന്നു ചോദിച്ചു. ട്രാന്‍സിനെക്കുറിച്ചും ട്രാന്‍സ് വ്യക്തികളെക്കുറിച്ചുമൊക്കെ സംസാരിച്ചിട്ട് പോയി. രാത്രി മെസഞ്ചറില്‍ വിളിച്ചു. ഇന്നു കണ്ടയാളാണ്, എനിക്കൊന്നു കാണണമല്ലോ. മുറി ബുക്ക് ചെയ്യട്ടെ? 

ഇത് ഒരാളുടെ മാത്രം അനുഭവമല്ല. ഇതുപോലെയാണ് എല്ലാവരുടേയും. ലൈംഗിക വൃത്തിയിലേക്ക് ക്ഷണിക്കുകയാണ്. ഇങ്ങനെയല്ലാതെ വേറൊരു രീതിയിലും ഇത് സംഭവിക്കാമല്ലോ. സാറ, എനിക്ക് തന്നെ ഇഷ്ടമാണ്, ട്രാന്‍സാണ് എന്നത് എനിക്ക് പ്രശ്‌നമല്ല, തന്റെ സുഹൃത്തായിരിക്കാന്‍ ഞാനിഷ്ടപ്പെടുന്നു എന്നു പറഞ്ഞാല്‍ അത് എത്രയോ വ്യത്യസ്തമാണ്. അപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ലൈംഗിക തൊഴിലിലേക്ക് തള്ളിവിടുന്നത് ആരാണ്. മറ്റൊരു ഉദാഹരണം പൊലീസിന്റെ പെരുമാറ്റമാണ്. രാത്രി യാത്ര ചെയ്യുമ്പോള്‍ കൈകാണിക്കുന്നു. എവിടെപ്പോകുന്നു രാത്രി? സര്‍, ഞാന്‍ ഇന്ന സ്ഥലത്തു പോയിട്ടു വരികയാണ്. ഓ, നിനക്ക് വേറേ പണിയൊന്നുമില്ലേ, നീ മറ്റേതിന്റെ പണിക്കു പോയിട്ടു വരികയല്ലേ? ഇതാണ് ചോദ്യം. എന്റെ മുന്നില്‍ വച്ച് സുഹൃത്തിനോട് ഇങ്ങനെ ചോദിച്ചപ്പോള്‍ ഞാന്‍ കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു. ഞാന്‍ വിദ്യാഭ്യാസമുള്ളയാളാണ്, ഈ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. രാത്രി റോഡില്‍നിന്നു ലൈംഗികത്തൊഴില്‍ ചെയ്യേണ്ട കാര്യമില്ല. ഇതെന്റെ സുഹൃത്താണ്. കൂട്ടിക്കൊണ്ടു പോകാന്‍ വന്നതാണ്. അപ്പോള്‍ ഫോണ്‍ നമ്പറെടുക്ക് എന്നായി. എന്തിനാണെന്റെ നമ്പര്‍, എന്തു കേസാണ് എന്റെ പേരിലുള്ളത് എന്നു ചോദിച്ചാല്‍ ഉത്തരമില്ല. ചീത്തവിളി. പൊലീസുള്‍പ്പെടെ നമ്മുടെ സമൂഹത്തിലെ ഇങ്ങനെ പെരുമാറുന്നവരാണ് ട്രാന്‍സ് വ്യക്തികളെ ലൈംഗികത്തൊഴിലിലേക്ക് നയിക്കുന്നത്. അല്ലാതെ സെക്‌സ് വേണമെന്ന് പറഞ്ഞ് ഇവരാരും ഇറങ്ങിവരുന്നതല്ല. വീട്ടുജോലിക്കൊക്കെ നില്‍ക്കുന്ന പലരും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ട്. പീഡനമാണത്, സെക്‌സ് ചെയ്യേണ്ടിവരുന്നതാണ്. എവിടെ നോക്കിയാലും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇവര്‍ക്കെതിരായ പീഡനമുണ്ട്, വിവേചനമുണ്ട്, അപമാനിക്കുന്ന പെരുമാറ്റമുണ്ട്. ഇതു മാറണമെങ്കില്‍ ഈ ഓരോരുത്തരും തന്നെ മാറണം. അല്ലാതെ ട്രാന്‍സ് വ്യക്തികള്‍ മാറിയിട്ട് ഒരു കാര്യവുമില്ല. അവര്‍ക്കൊരു ലേബല്‍ കൊടുത്തുകഴിഞ്ഞു; അതായത് ട്രാന്‍സെന്നു പറഞ്ഞാല്‍ ലൈംഗികത്തൊഴിലാണ്, ട്രാന്‍സെന്നു പറഞ്ഞാല്‍ പണം യാചിക്കലാണ് എന്നൊരു മാര്‍ക്ക്. അതു മാറാതെ ഇവരെത്രയധികം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാന്‍ ശ്രമിച്ചാലും മാറില്ല. 

മിക്കപ്പോഴും വിമാനയാത്ര ചെയ്യാറുള്ളയാളാണ് ഞാന്‍. എത്ര സുന്ദരിയായി, എത്ര നന്നായി വേഷം ധരിച്ചു പോയാലും എത്ര നന്നായി പെരുമാറിയാലും അവിടെയും കാണുന്ന കാഴ്ചപ്പാട് മാറുന്നില്ല. ബസിലായാലും അതുതന്നെ. ഏറ്റവും കൂടുതല്‍ അത്തരം ബുദ്ധിമുട്ടിക്കല്‍ ഉള്ളത് ട്രെയിന്‍ യാത്രയിലാണെന്നു തോന്നുന്നു. തോണ്ടുകേം മാന്തുകേം ഓരോരോ മോശം കമന്റുകള്‍ പറയുകേം. അവരെ പറയുമ്പോള്‍ സ്വാഭാവികമായും അവരും തിരിച്ചു പറയും. അവരും മനുഷ്യരല്ലേ. എനിക്കേതായാലും ഇതുവരെ അത്തരം മോശം അനുഭവങ്ങളൊന്നും വന്നിട്ടില്ല. പിന്നെ, നമ്മളും പരമാവധി അന്തസ്സായി പെരുമാറുകതന്നെ വേണം. വിമാനയാത്രയിലുള്‍പ്പെടെ അടുത്തിരിക്കുന്നവരോ മറ്റുള്ളവരോ മോശമായി പെരുമാറിയ അനുഭവം എനിക്കില്ല. നമ്മളും കുറച്ചുംകൂടിയൊക്കെ അടക്കവും ഒതുക്കവുമൊക്കെ കാണിക്കുന്നതുകൊണ്ട് കുഴപ്പമില്ല. ഇങ്ങനെ പറയുന്നതുകൊണ്ട് ഞാനുദ്ദേശിച്ചത് മറ്റാളുകളെപ്പോലെ സ്വാഭാവികമായും സാധാരണമായും പെരുമാറണം എന്നാണ്. അസ്വാഭാവികമായും അസാധാരണമായും പെരുമാറുമ്പോഴാണല്ലോ ആളുകള്‍ ശ്രദ്ധിക്കുന്നത്. നമ്മള്‍ അവരില്‍നിന്നു വ്യത്യസ്തരാകുമ്പോഴേ നമ്മളെ നോക്കുകയുള്ളു. അല്ലാതെ അവരെപ്പോലെയാണെങ്കില്‍ നോക്കില്ല. 

പേര് വന്ന വഴി
ഒരു ഈജിപ്ഷ്യന്‍ കഥ വായിക്കുമ്പോഴാണ് സാറ എന്ന പേര് ശ്രദ്ധയില്‍ വന്നത്. വിദേശത്തുള്ളപ്പോഴായിരുന്നു അത്. സെഡ്എആര്‍എ (zara) ആണ്. മാറിക്കഴിയുമ്പോള്‍ പേര് എന്താകണം എന്ന ആലോചന മുന്‍പേ തുടങ്ങിയിരുന്നു. സുഹൃത്തുക്കളൊക്കെ പല പേരുകളും നിര്‍ദ്ദേശിച്ചിരുന്നു. എനിക്ക് അതൊന്നും അത്രയ്ക്ക് സ്വീകാര്യമായിട്ടു തോന്നിയില്ല. വ്യത്യസ്തമായ ഒരു പേര് വേണമെന്നുണ്ടായിരുന്നു. ഈ പേര് ശ്രദ്ധിച്ചപ്പോള്‍ നല്ല പേരാണെന്നു തോന്നി. വിലപ്പെട്ട രത്‌നം പോലൊരാളായാണ് കഥയില്‍ സാറയെ വിശേഷിപ്പിക്കുന്നത്. ആ പേരിടാന്‍ തീരുമാനിച്ചു. അതിനൊരു സര്‍നെയിം വേണമല്ലോ. രാജകുമാരി എന്നോ മറ്റോ അര്‍ത്ഥം വരുന്ന പേര് കണ്ടെത്തിയാലോ എന്നൊരു സുഹൃത്ത് പറഞ്ഞു. അങ്ങനെയാണ് ഷെയ്ഖ വരുന്നത്. ഷെയ്ഖ എന്നാല്‍, രാജകുമാരി മാത്രമല്ല, ആദരണീയ കൂടിയാണ്. പരസ്പരം ചേരുന്ന പേരുകളാണെന്നു തോന്നി. ഒരു കൂട്ടുകാരി ഇപ്പോള്‍ അവളുടെ കുഞ്ഞിന് എന്റെ പേരിട്ടിരിക്കുകയാണ്. പാസ്പോര്‍ട്ട് ഒഴികെ എല്ലാ രേഖകളിലും ഈ പേരായി. പാസ്പോര്‍ട്ടില്‍ക്കൂടി തിരുത്തണം. പഴയകാലത്തെക്കുറിച്ച് പേരുള്‍പ്പെടെ ഒന്നും ഓര്‍മ്മിക്കാനും പറയാനും ആഗ്രഹമില്ല. കഴിയുന്നതും ട്രാന്‍സ്ജെന്‍ഡര്‍ എന്നും പറയാറില്ല. അങ്ങനെ ഈ സമൂഹത്തെക്കുറിച്ച് പറയരുത് എന്നാണ് എന്റെ അഭിപ്രായം. ട്രാന്‍സ് വ്യക്തി എന്നു പറയാം. ട്രാന്‍സ് സ്ത്രീ (trans woman) എന്നാണ് ഞാന്‍ പറയാറ്. ഞാന്‍ എന്നെ ഒരു സ്ത്രീയായാണ് കണക്കാക്കുന്നത്. എന്റെ വ്യക്തിത്വം എങ്ങനെ വെളിപ്പെടുത്തണം എന്നത് എന്റെ അവകാശമാണ്. ഒരാളെക്കുറിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ എന്നും ഗേ എന്നുമൊക്കെ പറയുമ്പോള്‍ അവരുടെ അനുമതിയോടെയാണോ അങ്ങനെ പറയുന്നതെന്ന് ആലോചിക്കണം, അവര്‍ അത് ഇഷ്ടപ്പെടുന്നുണ്ടോ എന്നും. 
ഇന്നത്തെ തലമുറ ട്രാന്‍സ് സമൂഹത്തിന്റെ വിസിബിലിറ്റിയില്‍ കുറേ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി വളരെ നന്നായി ചിലതു ചെയ്യുന്നു. ചെയ്ത കാര്യങ്ങളാണ്, പ്രോമിസ് ചെയ്ത കാര്യങ്ങളാണ് പറയുന്നത്. മുന്‍പുള്ളവര്‍ വാഗ്ദാനങ്ങളാണ് ചെയ്തത്. ഒരുപാടു കാര്യങ്ങള്‍. അതിന്റെ ഗതിയെന്തായെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, ഇപ്പോള്‍ അംഗീകാരവും സ്വീകാര്യതയും ലഭിക്കുന്നു. കൊച്ചി മെട്രോയില്‍ കുറച്ചു പേര്‍ക്കെങ്കിലും ലഭിച്ച ജോലി ഒരു ഉദാഹരണമാണ്. ട്രാന്‍സ് സമൂഹത്തിന് അതൊരു ഗ്രീന്‍ സിഗ്‌നലായിരുന്നു. ട്രാന്‍സ് സമൂഹത്തിന് അകത്തുള്ളവര്‍ക്കുതന്നെ ആത്മവിശ്വാസവും മുന്നോട്ടു വരാനുള്ള ധൈര്യവും നല്‍കി ആ തൊഴിലവസരം. 

എനിക്ക് ലഭിച്ച അവസരം അന്തര്‍ദ്ദേശീയ തലത്തില്‍ത്തന്നെ ഒരു ചലനമുണ്ടാക്കിയ നിയമനമായിരുന്നു. ഇന്ത്യയില്‍ ആദ്യമായി ഒരു ട്രാന്‍സ് വ്യക്തിക്ക് ഇങ്ങനെയൊരു സീനിയര്‍ തസ്തിക, അതും ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ കിട്ടുന്നു എന്നത് എണ്ണപ്പെടുകതന്നെ ചെയ്തു. ഒരു സാധാരണ പെണ്‍കുട്ടിക്കാണ് ഇത് കിട്ടുന്നതെങ്കില്‍ അതില്‍ പുതിയതായി ഒന്നുമില്ല. ട്രാന്‍സ് വ്യക്തിക്ക് കിട്ടിയതുകൊണ്ടാണ് പ്രത്യേകമായി ശ്രദ്ധിക്കപ്പെട്ടത്. ഇത് മറ്റുള്ളവര്‍ക്കും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രേരകമാകും. ട്രാന്‍സ് സമൂഹത്തില്‍ ഒരുപാട് കഴിവുകളുള്ളവരുണ്ട്. ചിത്രം വരയ്ക്കുന്നവരുണ്ട്, നൃത്തം ചെയ്യുന്നവരുണ്ട്, മേയ്ക്കപ്പ് ചെയ്യുന്നവരുണ്ട്, ഐ.ടി പ്രൊഫഷണലുകളാകാന്‍ യോഗ്യതയുള്ളവരുണ്ട്. ഒരുപാടു പേരെ എനിക്കറിയാം. ബിടെക് കഴിഞ്ഞിട്ട് നില്‍ക്കുന്നവരുണ്ട്. ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതില്‍ താല്‍പ്പര്യമുള്ളവരുണ്ട്. നാടക കലാകാരികളുണ്ട്, സീരിയലുകളിലും ഹ്രസ്വ ചിത്രങ്ങളിലും കോമഡി പരിപാടിയില്‍ ടിവി ഷോ ചെയ്യുന്ന ആര്‍ട്ടിസ്റ്റുകളുണ്ട്. ഒരു രീതിയില്‍ നോക്കിയാല്‍ വളരെ കഴിവുകളുള്ളവരാണ്. പക്ഷേ, അവരെ മാറ്റിനിര്‍ത്തുന്നത് ഒരു ന്യൂനപക്ഷ ഗ്രൂപ്പിലാണ്. ഇപ്പോഴത്തെ സ്ഥിതി എന്നു പറയുന്നത്, ഒരു കൂട്ടം ആളുകള്‍ അവരെയും ഉള്‍പ്പെടുത്താന്‍ തുടങ്ങി. അതൊരു നല്ല മാറ്റത്തിനായിരിക്കാം. വൈവിധ്യത്തിനു വേണ്ടിയുമാകാം. അവരെ ഉള്‍പ്പെടുത്തി എന്നതാണ് കാര്യം. അല്ലാതെ നമ്മുടെ ആളുകളുടെ മനസ്സൊന്നും മാറിയിട്ടില്ല. അവരെ ഇപ്പോഴും മുന്‍പ് വിളിച്ചിരുന്നതുപോലെ ചാന്തുപൊട്ടെന്നും ഒമ്പതെന്നും പെണ്ണാളന്‍ എന്നുമൊക്കത്തന്നെ വിളിക്കുന്നുണ്ട്. അതുകൊണ്ട് ട്രാന്‍സ് സമൂഹത്തിന്റെ വ്യക്തിത്വവും വിജയവും അവര്‍ ഉണ്ടാക്കിയെടുത്തതാണ്. അവരെ ആരും പൂര്‍ണ്ണമായി സ്വീകരിച്ചു തുടങ്ങിയിട്ടില്ല എന്ന വേദനിപ്പിക്കുന്ന സത്യം ബാക്കിനില്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇപ്പോഴും അടി കിട്ടുന്നത്, പൊതുസമൂഹം പലപ്പോഴും അവരെ കല്ലെറിയുന്നത്.
സാറ അവരുടെ കൂടെ നില്‍ക്കുക തന്നെയാണ്. കല്ലേറുകളില്ലാത്ത ഒരു നല്ല കാലത്തിനു വേണ്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com