കവിത ബാലകൃഷ്ണന്റെ 'പൂ എന്ന പെണ്‍കുട്ടി' എന്ന ഗ്രാഫിക് നോവലിനെക്കുറിച്ച്

മലയാളത്തില്‍ ഗ്രാഫിക് നോവല്‍ അസാധാരണമാണ്. അത്തരം ആവിഷ്‌കാരങ്ങള്‍ സമൃദ്ധമായി പ്രത്യക്ഷപ്പെടുന്നില്ല.
കവിത ബാലകൃഷ്ണന്‍
കവിത ബാലകൃഷ്ണന്‍

ലയാളത്തില്‍ ഗ്രാഫിക് നോവല്‍ അസാധാരണമാണ്. അത്തരം ആവിഷ്‌കാരങ്ങള്‍ സമൃദ്ധമായി പ്രത്യക്ഷപ്പെടുന്നില്ല. അര നൂറ്റാണ്ടിനു മുന്‍പ് മലയാള വായനക്കാരെ വിസ്മയിപ്പിച്ച അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' ഒരു ഗ്രാഫിക് നോവലാണെന്ന് ഇന്ന് തിരിച്ചറിയുന്നു. നോവലിന്റെ ശില്പസവിശേഷതയും വരയുടെ നവ സാധ്യതകളും ആ പരമ്പരയെ കാലത്തിന്റെ മുന്നിലേക്ക് നയിച്ചു. അടുത്തകാലത്ത് ചില മലയാള നോവലുകള്‍ - 'മുച്ചീട്ടുകാരന്റെ മകള്‍', 'കള്ളന്‍ പവിത്രന്‍' - ചിത്രകാരന്മാര്‍ ഗ്രാഫിക്ക് നോവലുകളായി രൂപാന്തരപ്പെടുത്തി. ഒരു എഴുത്തുകാരന്റെ സര്‍ഗ്ഗസൃഷ്ടിയെ മറ്റൊരു കലാകാരന്‍ വ്യാഖ്യാനിക്കുകയാണ് അവിടെ ചെയ്തത്. എന്നാല്‍ തികഞ്ഞ ഒരു ഗ്രാഫിക് നോവലിന്റെ സാക്ഷാല്‍ക്കാരമുണ്ട് 'പൂ എന്ന പെണ്‍കുട്ടി' അക്ഷരത്തിന്റേയും വരയുടേയും അസാധാരണ വിനിമയം. 

ആഖ്യാനത്തിന്റെ അനന്തസാധ്യതകളാണ് കവിത ബാലകൃഷ്ണന്‍ ഈ ഗ്രാഫിക്ക് നോവലിലൂടെ അന്വേഷിക്കുന്നത്. നോവലിന്റെ ആഖ്യാനരീതിശാസ്ത്രങ്ങള്‍ ഇന്ന് വിസ്മയകരമാംവിധം മാറി കഴിഞ്ഞു. ആഖ്യാനത്തിന്റെ അപൂര്‍വ്വ സവിശേഷതകള്‍ മലയാള നോവലില്‍ അനുഭവപ്പെട്ടുവരുന്നു. മേതില്‍ രാധാകൃഷ്ണനും കെ.പി. നിര്‍മ്മല്‍ കുമാറും തുടങ്ങിയ സവിശേഷ ആഖ്യാനപാരമ്പര്യത്തെ ടി.ഡി. രാമകൃഷ്ണന്‍, അമല്‍, യമ തുടങ്ങിയവര്‍ പുതിയ ജീവിതഘട്ടത്തിലേക്ക് എത്തിച്ചു. നോവലിന്റെ പഴയകാല 'പാരായണ മഹിമ'യെ അവര്‍ തങ്ങളുടെ രസതന്ത്രശാലയിലൂടെ പുതുക്കിപ്പണിതു. മലയാള നോവലിനെ കാലത്തോട് ചേര്‍ത്തുനിര്‍ത്തുന്നത് ഇത്തരം അപനിര്‍മ്മാണങ്ങളാണ്. അതുപോലെ കവിത ബാലകൃഷ്ണന്‍ ഇവിടെ ഒരു ബദല്‍ ആഖ്യാനതന്ത്രത്തിന്റെ പരീക്ഷണമാണ് നടത്തുന്നത്. ഒരു ചിത്രകാരി നോവല്‍ രചനയില്‍ ഇടപെടുമ്പോള്‍ സ്വീകരിക്കേണ്ടിവരുന്ന രചനാതന്ത്രം മാത്രമാണോ ഇത്. അതോ വിഷയാവിഷ്‌കാരത്തിന്റെ ആത്യന്തിക സാധ്യതയോ! ഇത്തരം നിരവധി ചോദ്യങ്ങള്‍ വായനക്കിടയില്‍ കടന്നുവരാം. 
അക്ഷരവും വരയും ചേര്‍ന്ന ഒരു സംയുക്തമാണ് 'പൂ എന്ന പെണ്‍കുട്ടി' അക്ഷരം പോലും ചിത്രങ്ങളുടെ ആകാരസൗന്ദര്യത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. അച്ചടി അക്ഷരങ്ങളുടെ സാന്നിധ്യമേ ഇല്ല. വരകളുടെ വ്യത്യസ്ത ആവിഷ്‌കാരങ്ങളിലൂടെ കഥാവിനിമയം നടത്തുകയാണ് ഇവിടെ. വരകളുടെ സൗന്ദര്യത്തിലൂടെയും അതിന്റെ ആവിഷ്‌കാര രീതികളിലൂടെയും ഒരു കഥ എങ്ങനെ പറയാം എന്നാണ് കവിത ആലോചിക്കുന്നത്. 
ഒരേ സമയം നോവല്‍ കാണുകയും വായിക്കുകയും ചെയ്യുകയാണ്. ദൃശ്യവായനയുടെ പുതിയ തലങ്ങളാണ് ഗ്രാഫിക് നോവലുകള്‍ ആവിഷ്‌ക്കരിക്കുന്നത്. വായനയുടെ പുതിയ സാധ്യതകള്‍ തന്നെയാണ് ഈ നോവലുകള്‍ സൃഷ്ടിക്കുന്നത്. പൂ എന്ന പെണ്‍കുട്ടി വായനയുടെ നവീന അവസ്ഥാന്തരങ്ങളാണ് രൂപപ്പെടുത്തുന്നത്. ഈ നോവലിന്റെ പ്രഥമ ദൗത്യവും അതാണ്. 

പൂമോളുടെ ജീവിതകഥയാണിത്. പൂമോള്‍ എന്നത് വര്‍ത്തമാനകാലത്തില്‍നിന്നും വരഞ്ഞെടുത്ത ഒരു കഥാപാത്രമാണ്. ഈ കാലത്തിന്റെ എല്ലാ സാമൂഹിക രാഷ്ട്രീയ വിവക്ഷകളും പൂമോളില്‍ അടങ്ങിയിട്ടുണ്ട്. ചരിത്രം, ഗണിതം, മതം, രാഷ്ട്രീയം തുടങ്ങി ഒന്നും അതിന് അന്യമല്ല. പൂമോള്‍ ജീവിക്കുന്നതും ചിന്തിക്കുന്നതും അതിജീവിക്കുന്നതും ഈ ആസുരകാലത്തോട് ഏറ്റുമുട്ടിയാണ്. ഒരു സാധാരണ ജീവിതത്തെ കാംക്ഷിക്കുമ്പോഴും അസാധാരണ അനുഭവങ്ങളിലേക്കാണ് ചെന്നുപെടുന്നത്. 'പൂമോള്‍' എന്ന ശീര്‍ഷകത്തില്‍പ്പോലും ലാളിത്യവും സാന്ദ്രതയുമുണ്ട്. ഇത്തരം അവസ്ഥയാണ് ചൂഷണത്തിനും അധിനിവേശത്തിനും പ്രേരണ നല്‍കുന്നത്. 
പുലിക്കൂട്ടങ്ങളുടെ സാന്നിധ്യമാണ് പൂമോളുടെ ജീവിതത്തിന് സന്ദിഗ്ദ്ധത സൃഷ്ടിക്കുന്നത്. അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവരുന്ന ഹിംസയുടേയും ആധിപത്യത്തിന്റേയും രൂപകങ്ങളാണ് ഈ പുലിക്കൂട്ടങ്ങള്‍. ഒരു സ്ത്രീ ജീവിതം എപ്പോഴും പ്രതീക്ഷിക്കേണ്ട ഹിംസയുടെ കടന്നുവരവാണിത്. പൂപോലുള്ള ഒരു സ്ത്രീ ജീവിതത്തെ, പുലി പോലുള്ള ഹിംസാത്മക സാന്നിധ്യം  എങ്ങനെ മാറ്റിത്തീര്‍ക്കും എന്നതാണ് നോവല്‍ അവതരിപ്പിക്കുന്നത്. 

കറുപ്പിലും വെളുപ്പിലും കൂടിയാണ് ഈ ഗ്രാഫിക് നോവല്‍ സൃഷ്ടിച്ചിരിക്കുന്നത്. നിറങ്ങളുടെ ശബളത ഇവിടെയില്ല. കറുപ്പിലും വെളുപ്പിലും കൂടി തെളിയുന്ന ജീവിതത്തിന്റെ അതിര്‍ത്തികള്‍ ഇതിലൂടെ തിരിച്ചറിയാനാവും. സമകാലിക ജീവിതാവസ്ഥയെ ഈ രണ്ട് നിറങ്ങളിലൂടെ മാത്രമെ പ്രതിനിധാനം ചെയ്യാനാവൂ. കൃത്യമായ ഈ രണ്ട് ദ്വന്ദ്വങ്ങളിലൂടെയാണ് വര്‍ത്തമാനകാലം കടന്നുപോകുന്നത്. ബാഹ്യമായ ഒത്തുതീര്‍പ്പുകള്‍ക്കപ്പുറത്ത് വിരുദ്ധമായ രണ്ട് ലോകങ്ങളുടെ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് വിരുദ്ധമായ ഈ നിറങ്ങളിലൂടെ മാത്രമെ അത് പ്രകടിപ്പിക്കാനാവൂ. നിറങ്ങളുടെ ഉത്സവത്തിന് പ്രസക്തിയില്ല. പൂമോളും പുലിയും തമ്മിലുള്ള അകലങ്ങള്‍ ഈ വിരുദ്ധനിറങ്ങളിലൂടെ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്നു. 
ഒരു രാഷ്ട്രീയ നോവലിന്റെ ജീവചരിത്രമാണ് 'പൂ എന്ന പെണ്‍കുട്ടി'യുടേത്. രാഷ്ട്രീയ ബാഹ്യജീവിതം അസാധ്യമായ കാലത്ത് എഴുതപ്പെടുന്ന നോവലുകളുടെ/രചനകളുടെ ആന്തരിക ഘടനയെ അത് സ്വാധീനിക്കും. ഇന്നത്തെ സ്ത്രീ ജീവിതത്തിന്റെ പ്രതിരോധവും പ്രകാശനവും രാഷ്ട്രീയ ഊര്‍ജ്ജത്തിലൂടെ മാത്രമെ മുന്നോട്ട് നയിക്കാനാവൂ. ഈ നോവല്‍ ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നുണ്ട്. 

പൂ എന്ന പെണ്‍കുട്ടി മലയാളിയുടെ വായനാ ചരിത്രം എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നറിയാന്‍ കൗതുകം ഉണ്ട്. ഫിക്ഷന്റെ ലോകത്തെ രാസലീലകളെ ഗൗരവത്തോടെ കാണുന്ന മലയാളി, ഇത്തരം പുതിയ രൂപാന്തരങ്ങളെ സ്വീകരിക്കുമെന്നു കരുതാം. ഗ്രാഫിക്ക് നോവലിന്റെ പുതിയ ജീവിതാധ്യായങ്ങള്‍ കവിത ബാലകൃഷ്ണനില്‍നിന്നും പ്രതീക്ഷിക്കാം. 

ചിത്രമെഴുത്ത്, കവിത, നോവല്‍, കലാവിമര്‍ശം ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന ചിന്തയുടേയും അന്വേഷണത്തിന്റേയും ചരടുകള്‍ എന്താണ്?
ഇവയോരോന്നും വ്യത്യസ്തമായ ക്രാഫ്റ്റ് ആണ്. പക്ഷേ, എന്റെ നോട്ടത്തില്‍, ഓരോ ക്രാഫ്റ്റിനും അര്‍ത്ഥം കൊടുക്കുന്നത് കാലം ആണ്. അതാണ് ജീവിതത്തിന്റെയും അന്വേഷണങ്ങളുടേയും പ്രധാന ചരട്. അനുഭൂതികള്‍ക്ക് രൂപം കൊടുക്കുന്നത് അതാണ്. കുട്ടിക്കാലത്ത് തുടങ്ങിയ ചിത്രംവരപ്പെന്ന വിനോദം, സമയത്തേയും ഏകാന്തതയേയും വെല്ലാന്‍ മാത്രമല്ല, ചുറ്റുമുള്ള മനുഷ്യരുമായി വളരെയധികം ബന്ധം ഉണ്ടാക്കാനും എന്നെ സഹായിച്ചു. പക്ഷേ, പിന്നീട് മുതിര്‍ന്നപ്പോള്‍ ഈ ബന്ധങ്ങള്‍ ഒന്നും അത്ര നിഷ്‌ക്കളങ്കമല്ലെന്ന് മനസ്സിലായി. ഉദാഹരണത്തിനു ഒരു പെണ്‍കുട്ടിയുടെ ചിത്രംവരപ്പ് നാട്ടുകാര്‍ക്ക് ചെമ്മീനിന്റെ ചാട്ടം പോലെയോ മറ്റോ ഒരു കാല്‍പ്പനിക ദൃശ്യവുമാണെന്ന് കണ്ടു. പെണ്‍കുട്ടിക്കാകട്ടെ, അത് തന്നില്‍നിന്നും അകറ്റപ്പെട്ട പല ലോകങ്ങളുടേയും കണ്ടെത്തലുകളും അടുപ്പിക്കലുമായി. ചിത്രംവരപ്പ് ഉള്ളും പുറവും കുടഞ്ഞിടുന്ന വ്യക്തിപരമായ ഒരേര്‍പ്പാട് ആണെന്ന് തോന്നിയാലും, ഇതിനെല്ലാം അന്നത്തെ അവസ്ഥയില്‍ ഒരു സാമൂഹിക സന്ദര്‍ഭം തെളിഞ്ഞുകിട്ടാത്തത് പകര്‍ന്ന അസ്വസ്ഥതയാണ് എന്നെ വഴിയെ കലാചരിത്രം പഠിക്കാന്‍ പ്രേരിപ്പിച്ചത്. അതിനിടയിലൂടെ ചിത്രരചനയിലോ അതിന്റെ അക്കാദമിക് രംഗത്തോ ഇടം കിട്ടാത്ത ചിന്തയുടെ രൂപങ്ങള്‍ വേറെ തരം എഴുത്തില്‍ പ്രകാശിച്ചതാണ് എനിക്ക് കവിത. ഇന്നും, പണ്ട് തുടങ്ങിയപ്പോള്‍ ഉള്ളപോലെ, ചുറ്റുമുള്ള മനുഷ്യരുമായി വളരെയധികം ബന്ധം ഉണ്ടാക്കാന്‍ തന്നെയാണ് ഇതെല്ലാം എന്നെ സഹായിക്കുന്നത്. കവിയും ചിത്രകാരിയും ആയിരിക്കല്‍ വ്യക്തിപരമായ എന്തൊക്കെയോ പദവികളുടെ കാര്യമല്ല. മുന്‍കാലങ്ങളില്‍ സാഹിത്യം, കല, സംസ്‌കാരം, സാമ്പത്തികമൂല്യം എന്നൊക്കെ വിവിധ കള്ളികളില്‍ അകന്നുനിന്ന ഭാഷയുടേയും ജീവിതത്തിന്റേയും പല  വ്യവഹാരരൂപങ്ങള്‍ ഇന്ന് പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് കാണാന്‍ എളുപ്പമായിട്ടുണ്ട്. പക്ഷേ, ഈ ബന്ധം സമൂഹത്തില്‍ ഇപ്പോഴും അത്ര വ്യക്തമല്ല. അത് വ്യക്തമാക്കാനുള്ള ത്വരയാണ് എനിക്കിപ്പോള്‍.

അക്ഷരം, രേഖകള്‍ ഇവയില്‍ ഏതു മാധ്യമമാണ് സര്‍ഗ്ഗാത്മകതയുടെ വലിയ സ്വാതന്ത്ര്യം തരുന്നത്?
സര്‍ഗ്ഗാത്മകത അടിസ്ഥാനപരമായി ഭാഷകൊണ്ടു  നാം എത്തിച്ചേരുന്ന ഒരു ദാര്‍ശനികാവസ്ഥയുടെ കാര്യമാണെന്ന് എനിക്ക് തോന്നുന്നു. അതിന് നമ്മള്‍ പ്രയോജനപ്പെടുത്തുന്നത് പേനയായാലും ബ്രഷായാലും അവ കലയെന്നും സാഹിത്യമെന്നും രണ്ട് അകന്ന ഭൂഖണ്ഡങ്ങളില്‍നിന്നും വരുന്നുവെന്ന് കാണേണ്ട കാര്യമില്ലല്ലോ. ഇംഗ്ലീഷും മലയാളവും നമ്മള്‍ കീബോഡില്‍ toggle ചെയ്യുമ്പോള്‍ സംഭവിക്കുന്നതുപോലെ, ചിത്രകലയും എഴുത്തുകലയും കൂടിക്കളിക്കുന്ന ജീവിതത്തില്‍, ഭാഷയാണ് വളരെയധികം പരീക്ഷിക്കപ്പെടുന്നത്. ഭാഷ വാക്കിന്റേയും വ്യാകരണത്തിന്റേയും സാഹിത്യത്തിന്റേയും കാര്യം മാത്രമല്ല. നോട്ടത്തിന്റേയും കാഴ്ചപ്പാടിന്റേയും ആവിഷ്‌കാരം കൂടിയാണ്. അതിനാല്‍ അക്ഷരത്തിനും രേഖയ്ക്കും അതിന്റേതായ സ്വാതന്ത്ര്യം ഉണ്ട്. അത് കണ്ടെത്തണം. ആ സ്വാതന്ത്ര്യം നിശ്ചയിക്കുന്നതിലെ പ്രായോഗികമായ അനുസാരി സങ്കേതമാണ്. ഏതു വിനിമയത്തിനും ഭൗതികമായ ഒരു ഉപായം വേണമല്ലോ. നമ്മള്‍ സങ്കേതം, മീഡിയം എന്നൊക്കെ വിളിക്കുന്നത്. അതിലാകട്ടെ, എന്തെന്തു മാറ്റങ്ങള്‍! ഉദാഹരണത്തിന് നമ്മള്‍ പോസ്റ്റ് കാര്‍ഡുകളില്‍, കത്തെഴുത്തുകളില്‍ അഭിരമിച്ച കൗമാരം ഉള്ളവരാണ്. ഇന്ന് എഴുതല്‍ ഏറെക്കുറെ മറന്ന നമ്മള്‍ കീബോഡില്‍ തൊടുന്നു, കുത്തുന്നു, ഉരയ്ക്കുന്നു. എഴുതാനുള്ള നമ്മുടെ ഏറെക്കുറെ പൊയ്‌പ്പോയ കഴിവ് ഇന്ന് വ്യക്തിപരമായ മൗലികതയുടെ ദൃശ്യചിഹ്നമല്ലേ? പെന്‍സിലും പേനയുമായുള്ള ബന്ധം ഒരു ഫോണുമായുള്ള ശാരീരികബന്ധത്തിനു വഴി മാറുമ്പോള്‍ സാമൂഹിക, സാംസ്‌കാരിക ജീവിതമൂല്യങ്ങള്‍ മാറുന്നു. ആശയങ്ങള്‍ കൈമാറുന്നതിലെ വേഗത, സൂക്ഷ്മത, ഫലം ഒക്കെ മാറുന്നു.  സങ്കേതങ്ങളില്‍ രൂപങ്ങളുടെ സാധ്യതകള്‍ പലതരത്തില്‍ ഒളിക്കുന്നു. നോക്കുക,  'പ്ലാവില' എന്നെഴുതിയാല്‍ അത് ഒരു പ്ലാവിലയുടെ നേര്‍ രൂപം എങ്ങനെയെന്നതിന് ഒരു പിടിയും തരില്ല. പക്ഷേ, ആ വാക്ക് വായിച്ചും എഴുതിയും പ്ലാവിലക്കാഴ്ചയോടു നിരന്തരം ഭാവനയില്‍ ബന്ധപ്പെടുത്തിയും നമ്മുടെ ശീലം കൊണ്ട് അതിനുള്ളില്‍ ഒരു പ്ലാവിലരൂപം ഒളിക്കുന്നു. പിന്നെ അവിടെനിന്ന് അത് 'പാത്തുമ്മയുടെ ആടിലോ' പ്ലാവില കോട്ടി കുടിച്ച കഞ്ഞിയിലോ ഒരു വരത്തന്‍ മരം ഇവിടെ വേരുപിടിച്ചതിന്റെ കൊളോണിയല്‍ ഓര്‍മ്മയിലോ ഒക്കെ എങ്ങോട്ടും ചെന്നു വികസിക്കാം. വാക്കിന് ചരിത്രപരമായ ശരീരമുണ്ടാകുന്നത് അങ്ങനെയാണ്. കലയുടെ കാര്യവും അങ്ങനെയാണ് എന്ന് എനിക്ക് തോന്നുന്നു. ഒരു വസ്തുവും ഈ ലോകത്ത് കലയായി ജനിക്കുന്നില്ല. ഉദാഹരണത്തിനു പെയിന്റു ചെയ്തും കണ്ടും ഉള്ള നമ്മുടെ ശീലം കൊണ്ട് ഒരു പെയിന്റിംഗിനുള്ളില്‍ കലയുടെ ഒരു രൂപം ഒരു തോന്നലായി ചെന്നുകയറിയങ്ങ് ഒളിക്കുകയാണ്. അത് 'കല'യാണ് എന്നത് നമ്മുടെ ഒരു തോന്നല്‍ ആണ്. പക്ഷേ, കലയെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ എളുപ്പമല്ല. അതുകൊണ്ടുതന്നെയാണ് ഒരു കലാസൃഷ്ടിയുടെ വില അതിന്റെ ഭൗതികരൂപത്തിന്റെ അളവും തൂക്കവും വച്ച് നിര്‍ണ്ണയിക്കാനാകാത്തത്. കലയെന്ന തോന്നല്‍ എല്ലാവര്‍ക്കും എല്ലാവരിലും ഒരുപോലെ സൃഷ്ടിക്കാനും പറ്റില്ല. കാരണം, ഭാഷ പഠിക്കുന്നതില്‍ ഉള്ളപോലെ, ശീലമാണ് പ്രധാനം. ഈ ശീലം ഇല്ലാത്ത ഒരാള്‍ക്ക് അത് കലയൊന്നുമല്ല. കലയുടെ നിലനില്‍പ്പിന് തന്നെ ആധാരമായ ശീലത്തെ തിരിച്ചറിയുകയാണ് കലാചരിത്രമെഴുത്തിന്റെ വലിയ ദൗത്യം. എന്നുവച്ച് ചരിത്രമെല്ലാം പുസ്തകമായി മാത്രം ആവിഷ്‌കരിക്കണമെന്നും ഇല്ല. ചരിത്രത്തിനു ഒരു നിശ്ചിത രൂപമൊന്നുമില്ല. അത് കവിത പോലെയാണ്. പല ഫോര്‍മാറ്റുകളില്‍ പറയാം. അക്കാദമിക് എഴുത്ത്, യാത്രാവിവരണം, കലാവസ്തു തന്നെയായി പ്രദര്‍ശിപ്പിക്കല്‍, ചാറ്റിംഗ്, ക്ലാസ്സ് റൂം അവതരണം ഒക്കെ ഇന്ന് ഞാന്‍ ഉപയോഗിച്ചു നോക്കുന്ന പല വഴികളാണ്. ചിലത് ഫലം കാണും. ചിലത് ശരിയാകില്ല. ജീവിതത്തെക്കുറിച്ചെന്നപോലെ കലയെക്കുറിച്ചും ആത്യന്തിക സത്യം ഒന്നുമില്ല. ഉണ്ടെങ്കില്‍ത്തന്നെ അത് ഭാഷയുടെ അസ്ഥിരതയാണ്. നിരന്തരമായ പരീക്ഷണങ്ങളാണ്. അതിനാല്‍ മനുഷ്യരോടിടപെടുമ്പോള്‍ ഫലത്തില്‍ അവരുടെ ശീലങ്ങളോടാണ് ഇടപെടുന്നത് എന്നറിഞ്ഞേ പറ്റൂ. 
അങ്ങനെ വരുമ്പോള്‍ സര്‍ഗ്ഗാത്മകതയുടെ സ്വാതന്ത്ര്യം എന്തെന്നു തീരുമാനിക്കുന്നത് ഈ ശീലങ്ങളുടെ സ്വഭാവമാണ്. ചിലര്‍ക്ക് ശീലങ്ങളെ അനുസരിക്കാനാകും ഇഷ്ടം. ശീലങ്ങളില്‍ സാധിക്കുന്ന പൊളിച്ചെഴുത്താണ് എന്നെ വ്യക്തിപരമായി ഏറ്റവും ആകര്‍ഷിക്കുന്നത്. അക്ഷരവും വാക്കും ഒക്കെ അതിനുള്ള അനുസാരികളാണ്.

തൊണ്ണൂറുകളില്‍ ആണ് കേരളീയ ചിന്താപരിസരത്തും രചനാലോകത്തും എത്തുന്നത്. ആ സന്ദര്‍ഭത്തില്‍ കവിത അഭിമുഖീകരിച്ച രാഷ്ട്രീയ സാമൂഹിക സമീക്ഷകള്‍ എന്തായിരുന്നു?
കേരളീയ ചിന്താപരിസരത്ത് എന്തെങ്കിലും പറയത്തക്കതായി ഞാന്‍ എഴുതാന്‍ തുടങ്ങിയത് 2000- ത്തില്‍ 'വരയുടെ വാരസഞ്ചാരം' എന്ന പേരില്‍ 'മാധ്യമം' വീക്കിലിയിലെ കോളം ആണ്. തൊണ്ണൂറുകള്‍ എന്റെ ഔപചാരിക പഠനകാലമായിരുന്നു. ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയില്‍ കലാചരിത്രം പഠിക്കാന്‍ പോയി. അവിടെ പോസ്റ്റ്കൊളോണിയല്‍ പഠനങ്ങള്‍ തിരുതകൃതി. കര്‍ത്തൃത്വമെന്നത് ഒരു രാഷ്ട്രീയം തന്നെയാണ് എന്നറിയിച്ച വിവിധ ലോകസംസ്‌കാരങ്ങളിലെ സ്ത്രീവാദ ചരിത്രനിര്‍മ്മാണവും നടക്കുന്നുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം കലാചരിത്രം എന്ന വിജ്ഞാനശാഖയുടെ വലിയ വികാസം ഉണ്ടാക്കിക്കഴിഞ്ഞിരുന്ന ആ ഡിപ്പാര്‍ട്ട്‌മെന്റ് അന്ന് അതിന്റെ പാണ്ഡിത്യത്തുടര്‍ച്ചയ്ക്ക് ശ്രമിക്കുകയാണ്. ഇന്ത്യന്‍ കലാചരിത്രത്തിന്റെ ബഹുസ്വരത ബോധ്യപ്പെടുത്തുന്ന അത്ഭുതകരമായ പ്രചോദനത്തിന്റെ കാലമായിരുന്നു എനിക്കത്. അന്നത്തെ ചില ലാന്‍ഡ് മാര്‍ക്കുകള്‍ എന്ന് പറയാവുന്നത്, കൊളോണിയല്‍ ആധുനികതയില്‍ 'ഇന്ത്യന്‍ ആര്‍ട്ട്' വികസിച്ചതിന്റെ രണ്ട് പ്രധാന പുസ്തകങ്ങള്‍ പുറത്തുവന്നതാണ്. പാര്‍ത്ഥ മിത്തരുടെ art & nationalism in colonial India-യും തപ്തി ഗുഹ താക്കുര്‍ത്തയുടെ making of an Indian art-ഉം. പിന്നെ, എ. രാമചന്ദ്രന്റെ മുന്‍കൈയില്‍ രവിവര്‍മ്മയുടെ ചരിത്രപരമായ വീണ്ടെടുപ്പ് സാധ്യമാക്കിയ റിട്രോസ്‌പെക്ടീവ് പ്രദര്‍ശനവും. സംസ്‌കാരപഠനങ്ങളുടെ ഭാഗമായി 'കലണ്ടര്‍ ആര്‍ട്ട് വ്യാപാര'ത്തെ ആസ്പദമാക്കി ഇന്ത്യന്‍ ദേശീയതയുടെ ഉരുവംകൊള്ളല്‍ പഠിച്ച Christopher pinney-യുടേയും കജ്രി ജെയ്നിന്റേയും പഠനപ്രബന്ധങ്ങള്‍ കലയുടെ പക്ഷത്തുനിന്നും ദേശീയതയുടെ ബിംബരാഷ്ട്രീയചരിത്രം നിര്‍മ്മിക്കുകയായിരുന്നു. തൊണ്ണൂറുകളിലെ ഉദാരവല്‍ക്കരണ ഇന്ത്യയില്‍ 'കര്‍സേവ'യ്ക്ക് ശേഷം ബലപ്പെടുന്ന വര്‍ഗ്ഗീയതയ്ക്കും ബോംബെ കലാപങ്ങള്‍ക്കും ഒക്കെ സമാന്തരമായി ഉള്ളില്‍ കനത്ത കലാചരിത്രവുമായിരുന്നു ഇതെല്ലാം.   അതിനിടെ കലാചരിത്രപരമായ അക്കാദമിക് ധാരണകളെ  തന്റെ ഇടപെടല്‍കൊണ്ട് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഡോ. ശിവജി പണിക്കര്‍ അന്ന് അവിടെ അദ്ധ്യാപകനായിരുന്നു. ഒരു ദശകത്തിനുള്ളില്‍ ആ ഇടം വലതുപക്ഷശക്തികളുടെ അതിക്രമങ്ങളുടെ വിളനിലമാകുകയും അക്കാദമിക് സ്വയംഭരണത്തിനായി വാദിച്ച് ആ അധ്യാപകന് പുറത്തുപോരേണ്ടിയും വന്നത് പിന്നത്തെ ദശകത്തിലെ കഥ. പിന്നെ, ബറോഡ ഫാക്കല്‍റ്റിക്ക് പൊതുവേ ഏറ്റവും പുതിയ അന്തര്‍ദ്ദേശീയ കലാരംഗവുമായി ഇടപെടുന്ന ചിന്തയുടെ റഡാറുകള്‍ സ്വാതന്ത്ര്യാനന്തര ഘട്ടം മുതലേ വികസിച്ചിട്ടുണ്ട്. 1995-'96  കാലഘട്ടത്തില്‍ ഇന്ത്യയില്‍ കലയ്ക്ക് ഒരു കമ്പോളം വികസിക്കുന്നതിന്റെ ചില ലക്ഷണങ്ങള്‍ ഉണ്ടായത് ഈ ഫാക്കല്‍റ്റിയിലും കാണുകയും ചെയ്തു. കലാശേഖരണ വിദഗ്ദ്ധര്‍, ഒഷിയാന്‍ പോലുള്ള ലേലക്കമ്പനികളുടെ പ്രതിനിധികള്‍ ഒക്കെ ഏറ്റവും ചെറുപ്പക്കാരായ മികച്ചവരെ തേടി ഇവിടം സന്ദര്‍ശിക്കുന്നത് കാണാം. ഷിബു നടേശന്റെ ചിത്രങ്ങളിലെ റിയലിസത്തിനു ഇന്ത്യയിലെ മികച്ച ഗാലറികള്‍ ചിലതു ചേര്‍ന്ന് ഒരു കമ്പോളം നിര്‍മ്മിക്കുന്നത് അക്കാലത്താണ്. മറ്റൊരു പുറത്ത് ഈ ഉദാരവല്‍ക്കരണ സാമ്പത്തിക ലോകത്തിന് പ്രതിരോധം നിര്‍മ്മിക്കുകയോ അതിലെ ബൃഹദ് ആഖ്യാനങ്ങളെ വിമര്‍ശിക്കുകയോ അതിനായി പോസ്റ്റ് കൊളോണിയല്‍ പഠനങ്ങള്‍ വികസിക്കുകയോ ചെയ്യുന്ന അക്കാദമിക് മണ്ഡലങ്ങളും എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. 

അന്ന് കേരളത്തിലും ഉത്തരാധുനികതയുടെ കേളികൊട്ടാണ്. വി.സി. ഹാരിസ് മാഷും പി.പി. രവീന്ദ്രന്‍ മാഷും പഠിപ്പിക്കുന്ന എം.ജി. യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അത് ശക്തമായിരുന്നു. അവിടെ ഡോ. എ.കെ. നമ്പ്യാരുടെ കീഴില്‍ ഗവേഷണത്തിന് ചേര്‍ന്നത് 1999-ലാണ്. 
അവിടെയാകട്ടെ, വാക്ക് പല വര്‍ണ്ണത്തിലുള്ള നൂലുണ്ടപോലെയോ ബഹുനിലക്കാവടിയാട്ടം പോലെയോ എന്റെയുള്ളില്‍ അനുഭവപ്പെടുത്തിയ കവി ഡി. വിനയചന്ദ്രന്‍ തെറ്റിത്തെറിച്ച് ജീവിക്കുന്നുമുണ്ടായിരുന്നു. 

എഴുത്തുകാരി, കലാകാരി എന്നീ സ്വയം തിരിച്ചറിവിലേക്ക് എത്തുമ്പോള്‍ ചരിത്രത്തേയും വര്‍ത്തമാനത്തേയും നേരിടേണ്ടത് എങ്ങനെയെന്ന സന്ദിഗ്ദ്ധത ഉണ്ടായിരുന്നോ? 

തീര്‍ച്ചയായും. അക്കാദമിക് പഠനങ്ങള്‍ എന്നെ ഏതെങ്കിലും ഒരിടത്തേക്ക് സമാധാനിപ്പിക്കുകയല്ല, പിച്ചിപ്പറിക്കുകയാണ് ഫലത്തില്‍ ചെയ്തത്. കാരണം, വളരെ സ്വാഭാവികമായി ഈ അക്കാദമിക് ധാരണകള്‍ ഞാനുമായും ചുറ്റുമുള്ള സമൂഹവുമായും ബന്ധപ്പെടുത്താന്‍ ഉതകുന്ന ഒരു സര്‍ഗ്ഗാത്മക ജീവിതമാണ് എനിക്കു വേണ്ടിയിരുന്നത്. അത് നിര്‍മ്മിച്ചെടുക്കാന്‍ മുന്നിലെ എളുപ്പവഴികള്‍ ഒന്നും പോരായിരുന്നു. ആദര്‍ശപരമായ ഒരു ലോകം, ജീവിതം ഇതൊക്കെ അസാദ്ധ്യമാകുന്നപോലെ തോന്നിയിരുന്നു. മറിച്ച് സൂക്ഷ്മ സാഹചര്യങ്ങളെ പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ പങ്കാളിത്തമാണ് എഴുത്തുകാരി, കലാകാരി തുടങ്ങിയ തിരിച്ചറിവുകള്‍ ആവശ്യപ്പെടുന്നത്. 

ആധുനികതാവാദത്തിന്റെ പ്രഭാവകാലം അസ്തമിക്കുകയും കവിതയില്‍ ബഹുസ്വരത സമൃദ്ധമാകുകയും ചെയ്ത കാലത്താണ് കവിത എഴുതിത്തുടങ്ങുന്നത്. കവിതയില്‍ സ്വയം കണ്ടെത്തിയ ഇടങ്ങളും രൂപാന്തരങ്ങളും എന്തായിരുന്നു?
ഓരോ പഞ്ചായത്തിലും ഭൂരിപക്ഷം ആളുകളും കവികള്‍ ആകാന്‍ തുടങ്ങുന്ന കാലം അന്ന് തുടങ്ങുകയായിരുന്നു. എനിക്കാണെങ്കില്‍ മലയാളസാഹിത്യത്തിലേക്ക് മാത്രം ഒരു ടിക്കറ്റ് വേണമെന്ന് മനസ്സില്‍ ഉദ്ദേശിച്ചപ്പോള്‍ അങ്കുരിച്ചതല്ല കവിത. അതുകൊണ്ടാകും ചൊല്‍ക്കവിത, വൃത്തനിബദ്ധത തുടങ്ങിയ പ്രശ്‌നങ്ങള്‍ അത്രയ്‌ക്കൊന്നും എന്റേതായി എനിക്ക് അനുഭവപ്പെട്ടില്ല. ഇന്ന് നോക്കുമ്പോള്‍ ലോകത്തെങ്ങും കവിതക്കുള്ളതെത്രായിരം വഴികളാണ്! ശബ്ദകവിത, പാട്ടുകവിത, പ്രസംഗം പോലും കവിതയാകുന്ന രാഷ്ട്രീയ കാലാവസ്ഥയാണ്. Tracie Morris-നെപ്പോലെ ചൊല്ലുന്ന, Rafeef Ziadah- യെപ്പോലെ ഉള്ളിലെ രാഷ്ട്രീയ കവിതയങ്ങ് പ്രസംഗിച്ചു കുടഞ്ഞിടുന്ന, Marina Abramovic-നെപ്പോലെ അപരമനുഷ്യരുടെ പെരുമാറ്റങ്ങളുടെ രാഷ്ട്രീയം ഗാലറിയിലെ കലാപ്രകടനമായി ആവിഷ്‌കരിച്ച് അവര്‍ക്കു തന്നെ നേര് തിരിച്ചുകൊടുക്കുന്ന, ഇങ്ങനെ പല ആവിഷ്‌കാരവിധത്തില്‍ കവിതകള്‍ ഒരുമിച്ച് നിലനില്‍ക്കുന്ന ഈ കാലത്ത് എനിക്കു വ്യക്തിപരമായി രസം പിടിക്കുന്നത്, എഴുതിയതായി കാണുന്ന കവിതയാണ് (picturing my mother-tongue) എന്നേ പറയാനാകൂ. കൊളാഷും പാരഡിയും ദാര്‍ശനികതയുമുള്ള ചിത്രകലയുമായിട്ടാണ് അതിനു കൂടുതല്‍ ബന്ധം. ഇനിയിപ്പോള്‍ ചിത്രമായിട്ടല്ലാതെ, വാക്കായും എഴുത്തായും വായനയായും മാത്രം അവതരിപ്പിക്കുമ്പോള്‍പോലും എന്റെ കവിതയിലെ വരികള്‍ക്ക് പലപ്പോഴും നേരിട്ടുള്ള അര്‍ത്ഥമല്ല കിട്ടുന്നതെന്ന് പലരും പറയാറുണ്ട്. ചില പാട്ടു വഴക്കങ്ങള്‍, ജീവിതാനുഭവങ്ങള്‍, രുചികള്‍ ഇവയുടെയൊക്കെ യാദൃച്ഛികമായ ബന്ധങ്ങള്‍ സൃഷ്ടിക്കുകയാണ് അവ. യഥാര്‍ത്ഥത്തില്‍ ഉള്ളില്‍ ഒരു കുട്ടി ഉണ്ട്. ചുറ്റുമുള്ളവര്‍ക്ക് ലഭ്യമായ ഭാഷകള്‍ അതേപടി സ്വായത്തമാക്കാതെ, എന്നാല്‍ പലതും ഏറ്റുപറയാന്‍ ശ്രമിച്ചുകൊണ്ട് പല പരീക്ഷണങ്ങളില്‍ക്കൂടി സ്വന്തമായി ഭാഷ നേടി കടന്നുവരുന്ന അവളാണ് എന്നിലെ കവിതയുടെ ഉത്തരവാദി. 'കാല്പനികത, രാഷ്ട്രീയ കവിത, ദളിത് കവിത, സ്ത്രീ കവിത തുടങ്ങിയ ചിട്ടവട്ടങ്ങളൊക്കെയും കടന്നുപോരുന്ന ഒരു ലോകത്തിനെ എന്റെ ഉള്ളില്‍ കുത്തിമറിഞ്ഞുകൊണ്ട് അവള്‍ അറിയുന്നുണ്ട്. പക്ഷേ, ഏകമുഖമായി കൂര്‍പ്പിച്ച ഒരു ജീവിതമല്ല കടന്നു നമ്മള്‍ പലരും വരുന്നത് എന്നതുകൊണ്ടാകും, എന്നിലെ കവിക്ക് യാദൃച്ഛികതയിലാണ് നന്നായി വര്‍ക്ക് ചെയ്യാനാകുന്നത്. ഒരു ശീലം കൊണ്ട് കവിതയെ സാഹിത്യമായി മാത്രം ചിട്ടപ്പെട്ടു കണ്ടുവരുന്നവര്‍ക്ക് ഇതില്‍ രസമുണ്ടാകണമെന്നില്ല. ഇതുകാരണം പരീക്ഷണകുതുകികളും ചിട്ടകളെ എപ്പോള്‍ വേണമെങ്കിലും കാറ്റില്‍ പറത്താന്‍ ഇഷ്ടമുള്ളവരുമായ വായനക്കാരെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 

വായനയും കാഴ്ചയും ചേര്‍ന്നുവരുന്ന ഒരിടമാണ് എന്നെ പ്രചോദിപ്പിക്കുന്നത്. അതിനെ ഒരു ഗ്രാഫിക് കര്‍ത്തൃത്വം എന്നു വേണമെങ്കില്‍ വിളിക്കാം. അത് അടിസ്ഥാനപരമായി ഒരു ജനാധിപത്യ മാതൃകയിലേ വളരൂ. പ്രസാധനത്തിലേയും കലയിലേയും കച്ചവട താല്‍പ്പര്യങ്ങള്‍, അക്കാദമിക് ആയ ഡിസിപ്ലിന്‍ അതിര്‍ത്തികള്‍ തുടങ്ങിയവയൊന്നും അത്ര കൂസാത്ത, ഒന്നാണ് അത്. മറിച്ച് വായനാശീലത്തെ പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്ന ഒന്നാണ് ഇത്.  രാഷ്ട്ര ഭരണകൂടങ്ങള്‍ എത്രമേല്‍ ഏകാധിപത്യ പ്രവണത കാട്ടുന്നുവോ, അത്രമേല്‍ ജനജീവിതത്തില്‍ ജനാധിപത്യ സാധ്യതകള്‍ തുറക്കുന്നുമുണ്ട്. ഓരോ വ്യക്തിയും ഈ പ്രവണതകളുടെ സംഘര്‍ഷത്തിലാണ്. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്, സൗഹൃദക്കൂട്ടായ്മകള്‍, സ്വയം ഒരു കലാവസ്തുവായിട്ടു പ്രഖ്യാപിക്കുന്ന ലിമിറ്റഡ് എഡിഷന്‍ പുസ്തകങ്ങള്‍, സ്വയം പ്രസാധന പരീക്ഷണങ്ങള്‍, ഇതിലൂടെ പ്രഖ്യാപിക്കുന്ന സര്‍ഗ്ഗാത്മകമായ അപൂര്‍വ്വത തുടങ്ങി പലതും ജനാധിപത്യത്തില്‍ നിലനില്‍ക്കുന്നതാണ്. അവിടെയാണ് കലയ്ക്കുവേണ്ടി ഏറ്റവും മികച്ച ഒരിടം ഞാന്‍ തേടുന്നത്. ഒരുപക്ഷേ, വായനയും കാഴ്ചയും ഇങ്ങനെ ചേര്‍ന്നുവരുന്ന ഗ്രാഫിക് കര്‍ത്തൃത്വം സാഹിത്യപ്രധാനമായ ഇരുപതാം നൂറ്റാണ്ടിനെ തള്ളിമാറ്റി അനുഭൂതിപ്രധാനമായ ഒരു ഇരുപത്തൊന്നാം നൂറ്റാണ്ടുണ്ടായതിന്റെ സൂചനയാകാം. പക്ഷേ, പലപ്പോഴും വാക്കും കാഴ്ചയും എന്തോ പന്തയക്കുതിരകളെന്നു കരുതുന്നപോലെയുണ്ട് നമ്മള്‍.   വാഗ് ലോകം ദൃശ്യലോകത്തിനു വഴിമാറി എന്നൊക്കെ പറയുന്നത് ശരിയാകില്ല. നമ്മള്‍ മനസ്സിലാക്കുന്നത് മാറണം. വാക്കിന്റെ കാര്യം മാത്രമല്ല വായന. അത് വാക്കും വരയും കാണലും ഒരുമിച്ചു ചേര്‍ന്നതാണ് എന്നറിയണം. ഒരുപക്ഷേ, ഇതെല്ലാം ഇങ്ങനെ ഒരുമിച്ചു ഉള്‍ക്കൊള്ളാന്‍ സാഹിത്യത്തെക്കാള്‍, പുസ്തകത്തെക്കാള്‍ ഇന്ന് കഴിയുന്ന വ്യവഹാരം 'കല'യാണ് എന്നു പറയാം. ദൃശ്യകല എന്നല്ല ഞാന്‍ പറഞ്ഞത് കേട്ടോ. ലോകത്തില്‍ മറ്റൊരു വിധത്തില്‍ ഇടപെടുന്നതെങ്ങനെ, അതില്‍ വായിക്കുന്നതെങ്ങനെ എന്നു കാണിക്കുന്നതിനുള്ള പലവിധങ്ങളെ ഒരുമിച്ച് വിളിക്കാവുന്ന പേരാകാം ഇന്ന് 'കല'. അതില്‍ ഇതുവരെയുള്ള ക്രാഫ്റ്റിന്റെയോ പ്രമേയങ്ങളുടെയോ നിഷേധമില്ല. പക്ഷേ, ഇതുവരെയുള്ള വ്യവഹാരങ്ങളുടെ സാംസ്‌കാരികമായ അതിര്‍ത്തികള്‍ അതേപോലെ പ്രസക്തമല്ലാതാക്കാനാണ് ശ്രമം. ഇന്ന് വല്ലഭനു പുല്ലും ആയുധം.   
   
ചിത്രമെഴുത്തിലെ സംവേദനത്തിലെ പരിമിതികളും പരിധികളുമാണോ കവിതയിലൂടെ പൂര്‍ണ്ണമാകുന്നത്, അതോ തിരിച്ചാണോ സംഭവിക്കുന്നത് ?
ഞാന്‍ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊള്ളട്ടെ? കുക്കുമ്പര്‍ പോയംസിലെ ഒരു കവിത ഇങ്ങനെയാണ്:  ഇങ്ങടുത്തു വരൂ / ഞാന്‍ നിന്നെ വിഴുങ്ങട്ടെ / അവരൊക്കെ മണ്ടി നടക്കട്ടെ / ഇന്നലെ വൈകീട്ടുംകൂടി കണ്ടതാണല്ലോ,യെന്നും പറഞ്ഞ് / എപ്പോഴെങ്കിലും വലിച്ചെടുക്കും / അവര്‍ എന്റെയീ പൊട്ടവായില്‍നിന്ന് ഇതേ വരികള്‍ ഞാന്‍ വേറെ മാതിരി ഒരു ചിത്രത്തില്‍ എഴുതിയിട്ടുമുണ്ട്. വാഗ്രൂപത്തില്‍ ഈ വരികള്‍ ഒരു വര്‍ത്തമാനം അല്ലെങ്കില്‍ 'വായ്' ആണ് സൂചിപ്പിക്കുന്നതെങ്കില്‍ വരയില്‍ കാണുന്നത് ഒരു യോനിയുടെ മേഖലയാണ്. അതോടെ കല്പനകളുടേയും അനുഭൂതികളുടേയും ധ്വനി വേറെയാണെന്ന് ശ്രദ്ധാലുക്കളായ ചില വായനക്കാര്‍ നിരീക്ഷിച്ചിരുന്നു. പക്ഷേ, ചിത്രത്തില്‍ യോനി വ്യംഗ്യമാണ്. അത് അഭാവത്തിന്‍ ഭാവമായി പലരും വായിച്ചെടുത്തതാണ്. എനിക്ക് തോന്നാറുണ്ട് നമ്മള്‍ ഇങ്ങനെ ലൈംഗികതയുടെ അഭാവത്തിന്‍ ഭാവം പലപ്പോഴും കാണുന്നില്ല. അവിടെയാണ് ആനന്ദം ഇരിക്കുന്നത്. കുക്കുമ്പര്‍ കവിത 2010-ല്‍ എഴുതുമ്പോള്‍ ഇത് രഹസ്യങ്ങളെക്കുറിച്ചുള്ള ഒരു സാമാന്യാര്‍ത്ഥത്തിലെ കവിതയായിരുന്നു. 2013-ല്‍ തലശ്ശേരി സൈക്കിള്‍ ബുക്സിനു വേണ്ടി ഒരു തീപ്പെട്ടിക്കൂടിനുള്ളില്‍ കാണുന്ന കവിതക്കാര്‍ഡുകള്‍ - ഞാന്‍ തീപ്പെട്ടിക്കവിതകള്‍ എന്ന് വിളിക്കുന്നവ - വരയ്ക്കുമ്പോള്‍ ആണ് അതിന് ഇങ്ങനെയൊരു ട്വിസ്റ്റ് രസമായി തോന്നിയത്. ചിത്രമാക്കിയപ്പോള്‍ ഒരു അധികചിഹ്നത്തിന്റെ സാധ്യത,  ആ കവിതയ്ക്ക്  കിട്ടിയെന്ന് എനിക്ക് തോന്നുന്നു. 

കവിതയുടെ പരമ്പരാഗത വഴികളെ നിരന്താം തിരസ്‌കരിക്കുന്ന കവിതകളാണ് താങ്ങള്‍ എഴുതുന്നത്. ഇത് കവിതയുടെ കാലാന്തര അതിജീവനത്തെ ബാധിക്കുമോ?
കവിതയിലൂടെ കാലത്തെ ജയിച്ച് ഇന്നോളം കൂടെ വന്നത്, കൂട്ടായി ചിന്തിക്കാനുള്ള മനുഷ്യാവകാശം മാത്രമാണെന്നു തോന്നുന്നു. ക്രാഫ്റ്റ് മാറും, ഭാഷ മരിക്കുന്നുവെന്ന് നമ്മള്‍ മുറവിളി കൂട്ടും, ശൈലി മാറും, ജനുസ്സ് മാറും. പക്ഷേ, നാടകത്തിലും ഗോത്രപ്പാട്ടിലും അച്ചടിപ്പേജുകളിലുമൊക്കെയായിട്ടാണ് പല കാലങ്ങളില്‍ കവിത നിലനിന്നത്. കവിത ഒരു സാഹിത്യമാത്ര കാര്യമല്ല. ജീവിതവ്യവഹാരങ്ങളുടെ കാര്യമാണ്. സാഹിത്യമണ്ഡലത്തിലേക്ക് അവയുടെ വാക്ക് കൊണ്ടുള്ള ക്രമീകരണം മാത്രമാണ് നടക്കുന്നത്. ക്രമീകരണങ്ങളെ അതിവര്‍ത്തിക്കുന്ന ജീവിതത്തിലാണ് കവിതയുള്ളത്. വരാനിരിക്കുന്ന കാലത്ത് കവിതയുടെ അതിവര്‍ത്തന സ്വഭാവം വാക്കിലൂടെ മാത്രമല്ലാതെ പല വഴിക്ക് വരുത്തുന്ന ഒരു മേഖല ശക്തിപ്പെടാം എന്നെനിക്ക് തോന്നുന്നു. അതുകൊണ്ടുതന്നെ പുസ്തകമില്ലെങ്കില്‍, വായനയില്ലെങ്കില്‍ ഒന്നും കവിത മരിക്കില്ല. നമ്മുടെ കാലത്തിനുള്ളതായി അനുഭവപ്പെടുന്ന പുസ്തകാപേക്ഷിതം മാത്രമായ ഈ ക്ഷണിക ഭയങ്ങളെ അത്ര ഭയക്കേണ്ടതില്ല. മറിച്ച് ഇപ്പോഴുള്ള സാങ്കേതികവ്യവസ്ഥകളുടെ ഭാഗമായി ഉണരുന്ന നമ്മുടെ ജീവിതത്തിന്റെ ഇഴുക്കത്തെ പ്രയോജനപ്പെടുത്തണം. അടവുകളെ തുറക്കണം. കവികളെപ്പോലെയും കവിതയെപ്പോലെയും തന്നെ പ്രധാനമാണ് വായനയും വായനക്കാരും. നല്ല കവിത ചില വ്യംഗ്യങ്ങള്‍ തരും. ജീവിതത്തിന്റെ രുചിയാണത്. അല്‍പ്പം മെനക്കെട്ട് ജീവിതത്തിന്റെ ആ രുചി കൂട്ടി കവിത വായിക്കുന്നത് നമ്മുടെയെല്ലാം ആരോഗ്യത്തിന് നല്ലതാണ്. കവിതാപുസ്തകത്തില്‍ എന്റെ വായനക്കാരനെ ഭാവന ചെയ്തിട്ടുള്ളത്, പുസ്തകം തലകീഴായ് പിടിച്ച് സ്വന്തം താമര വിരിയിക്കുന്നവര്‍ എന്നാണ്. പിന്നീട് 'പൂ എന്ന പെണ്‍കുട്ടി' എന്ന പുതിയ പിക്‌റ്റോഗ്രാഫിക് പുസ്തകത്തില്‍ ചിത്രങ്ങള്‍ വായിച്ചുവായിച്ച് താന്‍ ഏതാണ്ട് വണ്ടിയുടെ സ്റ്റിയറിംഗ് പോലെ അക്ഷരാര്‍ത്ഥത്തില്‍ പുസ്തകം തിരിച്ചു തിരിച്ചു നോക്കി മറിച്ച വിവരം ഒരാള്‍ എന്നോട് പറഞ്ഞു.  അതുകൊണ്ടാണ് അല്‍ഗോരിതം കൊണ്ട് സൂപ്പര്‍ കവിതയെഴുതുന്ന ആപ്പിന്റെ കാലത്തും ഉടലാര്‍ന്ന അനുഭവജ്ഞാനം വികസിപ്പിക്കാന്‍ കവികളുടെ ആവശ്യവുമിന്നുള്ളത്. ഒരൊറ്റ ചിപ്പില്‍ തൊട്ട് ലോകത്തെ ചാരമാക്കാന്‍  കഴിയുന്ന ഭരണാധികാരികളെ തെരഞ്ഞെടുക്കുമ്പോള്‍ മുതല്‍ നിത്യജീവിതത്തില്‍ അപരജീവിയുടെമേല്‍ പിടഞ്ഞുകയറുമ്പോള്‍ വരെ തെല്ലു ചിന്തിക്കാനെങ്കിലും കവിതയുടെ നൈതികബോധം നമ്മെ സഹായിക്കട്ടെ. 

കവിത ഒരു 'എഴുത്തുചിത്രം' എന്ന നിലയില്‍ വായിക്കാം/കാണാം. ഇന്ന് ലുങ്കി-മുണ്ടുകളും 'എഴുത്തുചിത്രങ്ങളും'  എന്റെ ജീവിതത്തിന്റെ മെറ്റഫരുകളായി വളര്‍ന്നിരിക്കുന്നു. 
River
Is a
Man
His name
Is നദീര്‍
എന്നു ഒരു വലിയ ഷീറ്റില്‍ വരയ്ക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി...

കവിതകളില്‍ അഭിസംബോധനയുടേയോ സംവാദത്തിന്റേയോ രൂപഘടനകള്‍ പലപ്പോഴും സ്വീകരിക്കുന്നു. ഇത് സംവേദനത്തെ ലളിതമാക്കാന്‍ സ്വീകരിക്കുന്ന കാവ്യതന്ത്രമാണോ?
ഒറ്റപ്പെട്ട വ്യക്തിസത്തയിലല്ല പൊതുവേ മനസ്സ് വ്യാപരിക്കുന്നത്. എന്തിന്റെയും മറുപുറവും മേലുകീഴും കാണുംവിധം സംവദിക്കാന്‍ വലിയ ആഗ്രഹമാണ്. പക്ഷേ, അത് 'ലളിത'മാക്കാന്‍ ഞാനായിട്ട് പണിപ്പെടാറില്ല. 'നിങ്ങള്‍ അവിടെ എന്തെടുക്കുന്നു' എന്ന ഒരു കവിതയുണ്ട്. സ്‌നേഹാന്വേഷണ ഭാഷയില്‍ മനപ്പൂര്‍വ്വം എഴുതിയതാണ്. പക്ഷേ, ആ കവിത മുറുകുന്നത് വലിയൊരകല്‍ച്ചയിലേക്കുമാണ്. മനസ്സിലാക്കാന്‍ ദുഷ്‌കരമല്ല അത്. പിന്നെ, 'ഇതാണോ കവിത' എന്നൊക്കെ വേണമെങ്കില്‍ ചോദിക്കാം. അങ്ങനെയുള്ളവരുടെ മുന്നില്‍ പിന്നെ ഞാന്‍ ഇട്ട കവിതയുടെ ഉടുപ്പ് അഴിച്ചുവയ്ക്കും. അത്രതന്നെ. എല്ലാവരും സമ്മതിക്കണമെന്നില്ലല്ലോ. 

കവിതയുടെ രചനകളെ ആക്ഷേപഹാസ്യ രചനകള്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍ ലക്ഷ്യം വയ്ക്കുന്ന സാധ്യതകള്‍ പരിമിതപ്പെടുത്തുകയല്ലേ?
'ഞാന്‍ ഹാജരുണ്ട്' എന്ന കളക്ഷനിലെ ചില കവിതകളുടെ മാത്രം പൊതുരൂപം കണ്ടിട്ടാകാം, സച്ചിദാനന്ദന്‍ മാഷ് അങ്ങനെ നിരീക്ഷിച്ചതാണ്. 'ആക്ഷേപഹാസ്യം' ആധുനിക കലയുടെ മര്‍മ്മമാണ്. നേര്‍ക്കാഴ്ചയുടെ ലോകത്തോടുള്ള ആക്ഷേപമാണത്. വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരലില്‍ അത് പലവിധ വികാരങ്ങളേയും ഉണര്‍ത്തിവിടും. അത് പല തലങ്ങളിലാണ് പ്രവര്‍ത്തിക്കുക. 'ആക്ഷേപ'ത്തെ ഞാന്‍ അങ്ങനെയാണ് മനസ്സിലാക്കുന്നത്.  മലയാളം വാരികയില്‍ 'കുഞ്ഞിഷ്ണനും പരമേശ്വരനും' എന്ന കവിത അച്ചടിച്ചുവന്നപ്പോള്‍ സിനിമാ നിരൂപകനായ ജി.പി. രാമചന്ദ്രന്‍ പറഞ്ഞത് ''പുരുഷലിംഗത്തെക്കുറിച്ച് സ്ത്രീ എഴുതുന്ന, ഇത്രയും രാഷ്ട്രീയ നിര്‍ഭരവും ചേതോഹരവുമായ കവിത ഞാന്‍ വായിച്ചിട്ടില്ല എന്നാണ്.'' ''എന്തിനേയും തര്‍ജ്ജമ ചെയ്തുകളയാം എന്ന തന്റെ അഹങ്കാരത്തെ വലിച്ചുകീറി എറിഞ്ഞ കവിയാണ് കവിത ബാലകൃഷ്ണന്‍'' എന്ന് ഈ കവിതകളുടെ സൃഷ്ടി ശൈലികളെ വിലയിരുത്തി മറ്റൊരു കവിയായ പ്രിന്‍സ് ജോണ്‍ എഴുതി. പക്ഷേ, അങ്ങനെ തര്‍ജ്ജമയെളുപ്പമല്ലാത്ത കവിത എഴുതുന്ന  പലരേയും നമുക്കറിയാം. ഡോണ മയൂര, എം.ആര്‍. വിഷ്ണുപ്രസാദ് ഒക്കെ അങ്ങനെയുള്ളവരാണ്. ഏതു വ്യവഹാരത്തിന്റേയും കോട്ടയ്ക്കകത്തിരിക്കാതെ ചുറ്റും പോയി നോക്കണം. പല രീതിയില്‍ കളിക്കാന്‍ ധാരാളം ഇടമുണ്ടാകും. നല്ല ആകാശവും, വെളിച്ചവുമുണ്ടാകും. നമ്മള്‍ നില്‍ക്കുന്ന കാലത്തെക്കുറിച്ച് ഒരു വെളിവും കിട്ടും. 
ഗ്രാഫിക് നോവല്‍ മലയാളിക്ക് അത്ര പരിചിതമല്ല. വാക്കും വരയും കൂടിച്ചേരുമ്പോള്‍ നോവല്‍ എന്ന മാധ്യമം ആവശ്യപ്പെടുന്ന വൈകാരികത നഷ്ടപ്പെടില്ലേ ?
മലയാളി സത്യത്തില്‍ ഗ്രാഫിക് ഭാവുകത്വത്തിന്റെ ഒരു പയനിയര്‍ ആണ്. പക്ഷേ, തുടര്‍ച്ച നഷ്ടപ്പെട്ടതാണ്. യൂറോപ്യന്‍ പോപ് / പള്‍പ്പ് / ഡിറ്റക്ടീവ് / കോമിക് ചിത്രകഥകള്‍ കാര്‍ട്ടൂണ്‍ സീരീസുകളായി വരുന്നത് പലവിധത്തില്‍ തര്‍ജ്ജമ ചെയ്തും മറ്റും മലയാള ആനുകാലികങ്ങളിലും കാണാറുണ്ട്.  എന്നാല്‍ വിധ്വംസക സ്വഭാവമുള്ള ഒരു സംസ്‌കാരവിമര്‍ശത്തിന്റെ രൂപത്തില്‍ ലോകത്ത് അണ്ടര്‍ഗ്രൗണ്ട് കോമിക്കുകള്‍ ഉണ്ടാകുന്ന കാലം എഴുപതുകളാണ്. ആ കാലത്തിനു മുന്നേ തന്നെ മലയാളത്തില്‍ ജി. അരവിന്ദന്‍ 'വലിയ ലോകവും ചെറിയ മനുഷ്യരും' എന്ന സീരീസ് തുടങ്ങി. (1961-73). അന്ന് ഗ്രാഫിക് നോവല്‍ എന്ന ജനുസ്സ് നമുക്കറിയില്ല. ഈ പുതിയ രൂപത്തെ നമ്മള്‍ കാര്‍ട്ടൂണ്‍ സ്ട്രിപ് എന്നുതന്നെ വിളിച്ചു. അതിന്റെ രാഷ്ട്രീയം നമ്മള്‍ പതിവുപോലെ പ്രമേയപരമായി, 'കഥ'യായി മാത്രം മനസ്സിലാക്കി. മദ്ധ്യവര്‍ഗ്ഗിയായ രാമുവിന്റെ കഥ, എന്ന്. പക്ഷേ, അതില്‍ സിനിമയുടെ പാനിംഗ്, ക്ലോസപ്പ് തുടങ്ങിയ കുറേ കാഴ്ചവിദ്യകള്‍ കൊണ്ട് അര്‍ത്ഥവും അനുഭൂതിയും ധ്വനിപ്പിച്ച് അരവിന്ദന്‍ പരീക്ഷിക്കുന്നുണ്ട്. അത് പതിമൂന്ന് വര്‍ഷം നടന്നു. പിന്നീട് മലയാള മാധ്യമ-സംസ്‌കാര വ്യവസായത്തില്‍ സാഹിതീയ ഇലസ്‌ട്രേഷന്‍, കാര്‍ട്ടൂണ്‍ എന്നൊക്കെയുള്ള ചില ജനുസ്സുകള്‍ അല്ലാതെ, സ്വതന്ത്രമായ ഗ്രാഫിക് ഭാവുകത്വം നമുക്കിടയില്‍ വിപുലമായി ഉണ്ടായില്ല. സമീപകാലത്ത് പത്മരാജന്റേയും മറ്റും കഥകള്‍ ഗ്രാഫിക് നോവല്‍ എന്ന് കേള്‍വിപ്പെടുന്ന ശൈലിയില്‍ പുനരാവിഷ്‌കരിച്ച് നോക്കി.

പക്ഷേ, അത് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ വന്നതായി എനിക്ക് തോന്നുന്നു. ഡയലോഗുകള്‍ വേര്‍പെടുത്തി, കഥ വര്‍ണ്ണശബളമായ ചിത്രത്തില്‍ കാണിക്കല്‍ ആയിരുന്നു പലപ്പോഴും. അവിടെയും സാഹിത്യവും ചിത്രാത്മകതയും രണ്ടായി നിലകൊണ്ടു. എന്നാല്‍ കഥാകൃത്ത് രവിയുടെ ഉപരിഷത്ത് ഒക്കെ ഈ രണ്ടു വഴികളെ രണ്ടായി കാണാതെ, മറ്റൊരു ആന്തരലോകം, ഗ്രാഫിറ്റി പോലെ അവതരിപ്പിച്ചത് കുറേക്കൂടി ശക്തമായി. പക്ഷേ, ഇരുപതാം നൂറ്റാണ്ടിന്റെ വായനാശീലത്തില്‍ ഒട്ടിപ്പിടിച്ച് പുലര്‍ന്ന മലയാളികള്‍ക്ക് 'പ്രമേയം' വേണം. അതു നേരെ പറയണം. അല്ലെങ്കില്‍ പ്രതീകത്തില്‍ പറയണം. എഴുത്തിന്റെ ഉള്ളനുഭവത്തോട് വേറൊരു വഴിയിലും തൊടാന്‍ വയ്യ. അതൊക്കെ അപരിചിതം, അസ്വാഭാവികം എന്ന് മുന്‍കൂട്ടിക്കാണും. ഈ വൈകാരികത എന്ന് പറയുന്ന സംഗതി അത്ര സ്വാഭാവികമല്ല. ജീവിതത്തിലും കലയിലും അത് നമ്മുടെ തന്നെ നിര്‍മ്മിതിയാണ് എന്നാണ് എന്റെ തോന്നല്‍. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വായന സാംസ്‌കാരികമായി മറ്റൊരു 'സറൌന്‍ഡ ഇഫക്ടില്‍' പുലരുന്നു. അതിനാല്‍ ഇത്രകാലവും നമ്മള്‍ പരീക്ഷിച്ച ഒരു ദൃശ്യസംസ്‌കാരത്തിനു കൂടി ഇടമുള്ള വായനാശീലം ആക്കുന്നതില്‍ തോറ്റെന്നു കരുതിയ പലതിനും ഇന്ന് പുതിയ വായനക്കാര്‍ ഉണ്ട്. അവരിലാണ് എന്റെ പ്രതീക്ഷ. അവര്‍ക്ക് 'വൈകാരികത' പ്രമേയപരം മാത്രമല്ല, ഘടനാപരമായ ഒരു സംഗതിയാണ്.

നോവല്‍ വായനയെ ഒരു ആത്മവായനയാക്കി മാറ്റിയ ഒരു വായനാസമൂഹത്തിന് ഗ്രാഫിക് നോവലിനെ ഉള്‍ക്കൊള്ളാന്‍ ആകുമോ?
യഥാര്‍ത്ഥത്തില്‍ ആ ആത്മവായനയുടെ ഘടനയില്‍ എന്താണുള്ളതെന്ന് നോക്കുന്നത് രസകരമാകും. പലപ്പോഴും കഥാപാത്രങ്ങള്‍ക്കുള്ളില്‍ ചെന്ന് താദാത്മ്യപ്പെടുന്ന 'റോള്‍ പ്ലേ'കളാണ് നമ്മുടെ വായനാശീലത്തെ, ഇതാ ഫുട്‌ബോള്‍ കളിയെയടക്കം, വൈകാരികമാക്കുന്നത് എന്ന് തോന്നുന്നു. അതാണ് പിന്നീട് നമ്മുടെ എല്ലാ നീതിബോധത്തിന്റേയും സൗന്ദര്യാത്മകതയുടേയും തര്‍ക്കസ്ഥലം തീരുമാനിക്കുന്നത്. അതുകൊണ്ട് ഈ കഥാപാത്രങ്ങളെ നമ്മള്‍ സ്വന്തം പ്രതിബിംബമനുസരിച്ച് ടൈപ് കാസ്റ്റ് ചെയ്ത ശരീരങ്ങളായിട്ടാണ് കാണുന്നത്. ഉദാഹരണത്തിന് ഇരുപതാം നൂറ്റാണ്ടിന്റെ നമ്മുടെ സാഹിതീയ ഇലസ്ട്രെഷന്‍സ് അടിസ്ഥാനപരമായി നമുക്ക് മനുഷ്യശരീരങ്ങള്‍ മാത്രമാണ് തന്നത്. അവ വൈകാരിക ശരീരങ്ങളാണ്. കഥാപാത്രങ്ങളില്‍ സ്വന്തം 'റോള്‍' കണ്ടെത്തുന്ന വായനാശീലം ഇന്നും ശക്തമാണ്. അതുകൊണ്ട് ഒരു കഥാപാത്രം പെണ്ണായാല്‍ ഇങ്ങനെ പെരുമാറാം, ആണെങ്കില്‍ അങ്ങനെ. കീഴാളനെങ്കില്‍ അങ്ങനെ, എന്നിങ്ങനെ ജീവിതമെന്ന മുന്‍കൂര്‍ സ്‌കീമില്‍ നാടകമാടുന്ന മനുഷ്യജീവികള്‍ ജീവിതത്തിലും കലയിലും പരസ്പരം പ്രതിബിംബിക്കുമ്പോള്‍, നമ്മുടെ മുഖ്യധാര വായനാശീലം വെല്ലുവിളിയില്ലാത്ത ഒന്നാകുന്നു. ഇതിനെ ഒരു 'തിയററ്റിക്കല്‍ കള്‍ച്ചറല്‍ സന്ദര്‍ഭ'മെന്ന് പറഞ്ഞുകൂടെ നമുക്ക്? സാഹിത്യം മാത്രമല്ല സിനിമ, കല, പ്രസാധന വ്യവസായം തുടങ്ങിയവയുടെ സാംസ്‌കാരിക സ്ഥാപിതബോധങ്ങളും എന്തിനധികം നമ്മുടെ ഭരണകൂടപ്പെരുമാറ്റം മുഴുവനും തന്നെ ഇന്ന് ഇത്തരം ഒരു തിയററ്റിക്കല്‍ കള്‍ച്ചറല്‍ ഇടത്ത് നടക്കുന്നു. അതായത് ഒരിടത്ത് ഒരു പന്തടിച്ചാല്‍ കൃത്യം മുന്‍കൂട്ടിക്കാണുന്ന മറ്റൊരിടത്ത് അത് വന്നിടിക്കും എന്നറിയുന്ന ഒരു സംസ്‌കാര രാഷ്ട്രീയം സ്പോണ്‍സര്‍ ചെയ്യുന്നതാണ് ഇന്ന് ഏറെ ദൃശ്യത നേടുന്ന സാഹിത്യം അടക്കമുള്ള ഏതു വ്യവഹാരവും. ഇത് അധികാരക്രമങ്ങളില്‍ ഒന്നും പ്രത്യേകിച്ച് വരാത്ത മനുഷ്യരെ ഭയപ്പെടുത്തുകയും അരക്ഷിതരാക്കുകയും ചെയ്യുന്നു. അത് സര്‍ഗ്ഗാത്മക മാതൃകകള്‍ പലതിനേയും വിരസമാക്കുകയും ചെയ്യുന്നു. ഈ 'തിയററ്റിക്കല്‍ കള്‍ച്ചറല്‍ സന്ദര്‍ഭ'ത്തോട് നമ്മള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് പ്രധാനമാണ്. റോള്‍ പ്ലേകളില്‍ കുടുങ്ങാതെ അനുഭൂതിപരമായ ഒന്നിന് വികസിക്കാന്‍ അവിടെ ഇടം അപൂര്‍വ്വമാണ്. ആറ്റൂരിന്റേയും ജയശീലന്റേയും മേതിലിന്റേയും കവിതകളുടെ സൂക്ഷ്മതയൊക്കെ അവ പിറക്കുമ്പോള്‍ വളരെ കുറച്ചേ പരിഗണിക്കപ്പെട്ടിട്ടുള്ളൂ. ഇവരൊക്കെ നമ്മുടെ വായനയുടെ ശീലത്തിലുള്ള, ഉടലുകളാല്‍ ക്ലിപ്തപ്പെടുത്തിയ ധര്‍മ്മസ്ഥലത്തുനിന്നും വിടുതല്‍ നേടുന്ന എഴുത്ത് പരീക്ഷിച്ചവരാണ്. ലോകത്തെ അനവധി വസ്തുക്കളും ചിഹ്നങ്ങളും അവയുടെ കണ്‍വഴികളും കേള്‍വികളും മുഴക്കങ്ങളും ഒക്കെ നമ്മുടെ സൗന്ദര്യാത്മകതയുടെ തര്‍ക്കസ്ഥലത്ത് ഉണ്ടാകേണ്ടതാണ്. താങ്കള്‍ പറഞ്ഞതുപോലുള്ള ഒരു  ആത്മവായനയുടെ ശീലവും മുന്‍വിധികളും ഉറച്ചുപോയവര്‍ ഇന്നും ഈ ഗ്രാഫിക് തുറസ്സിനോട് മുഖം തിരിഞ്ഞു നില്‍ക്കുന്നുണ്ടാകാം. പക്ഷേ, സമൂഹത്തില്‍ ലക്ഷ്യം വച്ച് അടിക്കപ്പെടുന്ന പന്തെടുത്ത് അലക്ഷ്യമായി സ്വന്തം കളികള്‍ കളിക്കുന്നവരുടെ എണ്ണവും ധാരാളമുണ്ട്. അവര്‍ സ്വതന്ത്രമായ പലതും വായിക്കാന്‍ തയ്യാറാകുന്നു. വരയ്ക്കാനും എഴുതാനും തയ്യാറാകുന്നു. അവര്‍ ന്യൂനപക്ഷമായിരിക്കാം. അതിലാണ് ഞാനും എന്നെ കാണുന്നത്. യാതൊരുപാധികളുമില്ലാതെ ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഇന്‍സൈറ്റ് പബ്ലിക്കയുടെ സുമേഷ് തയ്യാറായതും നോവല്‍ എന്ന ജനുസ്സിന്റെ ഒരു പുസ്തകസഞ്ചി ഒരുക്കുന്നതിന്റെ ഭാഗമായി ഇത് നോവലിസ്റ്റ് വി.എച്ച്. നിഷാദ് പെടുത്തിയതും  അവര്‍ക്ക് ഗ്രാഫിക് കര്‍തൃത്ത്വത്തിന്റേയും പുതിയ വായനാസമൂഹത്തിന്റേയും സമകാലികത എന്തെന്നറിയുന്നതുകൊണ്ടാണ്.  

പൂ എന്ന പെണ്‍കുട്ടി വായനയിലെ നവീനാനുഭവമാണ്. വായനക്കാര്‍ ഇത് എങ്ങനെ സ്വീകരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ?
ഉണ്ട്. ഗ്രാഫിക് നോവല്‍ എന്നാല്‍ കള്ളി വരച്ച് ഡയലോഗ് എഴുതിയ ചിത്രകഥയെ വിളിക്കുന്ന പേരാണെന്ന് പൊതുവേ ധാരണയുണ്ട്. 'ഗ്രാഫിക് കര്‍ത്തൃത്വം' എന്നത് വെറുതേ എഴുത്തും വരപ്പും ഒരുമിച്ചു ഒരു പേജില്‍ കാണിക്കല്‍ ആണെന്ന് ചുരുക്കി കണ്ടുകൂട. അത് സര്‍ഗ്ഗാത്മക സാദ്ധ്യതകളുടെ ചലനസ്വാതന്ത്ര്യം ആണ് ആഗ്രഹിക്കുന്നത്. ശീലങ്ങളെ മറികടക്കാനുള്ള ത്വര, അനുഭൂതികളുടെ മറ്റൊരു ചിഹ്നഭാഷ സ്വാഭാവികമായി പകരും. അതായിരുന്നു ഇത് വരയ്ക്കുമ്പോള്‍ എന്റെ ലക്ഷ്യം. 'പൂ', പെണ്‍കുട്ടിയുടെ ചിഹ്നകഥയാണ്. അതായത്, പൊതുവേ നമ്മുടെ മാധ്യമപ്രമാദങ്ങളില്‍ ശരീരത്തിലും പേരിലും ക്ലിപ്തപ്പെട്ട് ഇരയായിത്തീരുന്ന ഒരു വര്‍ഗ്ഗമാണല്ലോ പെണ്‍കുട്ടി. എന്നാല്‍ ശരീരമോ പേരോ ഇല്ലാതെത്തന്നെ 'പെണ്‍കുട്ടി'യുടെ കഥ കാണിക്കാനാണ് എന്റെ ശ്രമം. ഒരേ സമയം സുന്ദരമായ രൂപകവും പച്ചത്തെറിയിലേക്കുള്ള ധ്വനിയുമാണ് 'പൂ'. അപ്പോള്‍ മലയാളത്തിലെ ആ അക്ഷരത്തെ ശരീരമാക്കി ഈ കഥയിലെ നായികയെ വളര്‍ത്താന്‍ നോക്കിയതാണ് ഞാന്‍. ആ അക്ഷരം സമൂഹത്തിന്റെ പൊതുസ്വത്തും നിലവിലെ സാഹിത്യ- ഭാഷാവ്യവസ്ഥയിലെ ചിഹ്നവുമാണല്ലോ. ഞാന്‍ ചിത്രരചനയില്‍ Text-based art  പൊതുവേ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് എഴുത്ത്, വരപ്പിനു പുറത്തല്ല. പോസ്റ്റര്‍ പോയെട്രി എന്നൊക്കെ വിളിക്കാവുന്ന 'മാച്ച്‌ബോക്‌സ് പോയംസ്' ഒക്കെ അത്തരത്തിലാണ് പരീക്ഷിച്ചത്. അതിന്റെ ഒരു തുടര്‍ച്ചയായാണ് പൂ എന്ന പെണ്‍കുട്ടി വരുന്നതും. പുസ്തകം ഇറങ്ങിയ ശേഷം കിട്ടുന്ന പ്രതികരണങ്ങള്‍ ചിലത് അനുസരിച്ച് അക്ഷരം വരയില്‍ പ്രയോഗിക്കുമ്പോള്‍ അതിനോട് ഒരല്‍പ്പം സെന്‍സിറ്റീവ് ആയ വായനയില്‍ ശബ്ദവും കിട്ടുമത്രേ. ഓരോ പേജും വിചിത്രമായ ശബ്ദവായന സാധ്യമാക്കുന്നുവെന്ന് ചിലര്‍ പറഞ്ഞു. അങ്ങനെ സ്വന്തം കണ്ണും കാതും വായും ഉപയോഗിക്കാവുന്ന, നല്ല 'സറൌണ്ട് ഇഫക്റ്റ്' ഉള്ള വായനാശേഷികള്‍ വികസിച്ച വായനക്കാരെ ഞാന്‍ തീര്‍ച്ചയായും മുന്നില്‍ കണ്ടിരുന്നു. കാരണം ഇന്ന് ലോകം പലതരം ശേഷികളുടെ വികാസം നടക്കുന്ന ഇടമാണ്. 

ഈ പുസ്തകത്തിന്റെ വരയനുഭവത്തില്‍ ഞാന്‍ വിശദമാക്കാന്‍ ശ്രമിക്കുന്നതുപോലെ, (പെണ്‍കുട്ടികളെപ്പോലെ) അനര്‍ഹരെന്ന് കല്‍പ്പിക്കപ്പെട്ടവരുടെ  ആത്മീയാന്വേഷണങ്ങളുടേയും അവയേല്‍ക്കുന്ന തോല്‍വികളുടേയും ഒരു അനുഭവത്തുടര്‍ച്ചയുണ്ട്. ഏതു ഗ്രന്ഥസംസ്‌കാരത്തിലും ഏറെയും അദൃശ്യമായിരിക്കുമത്. അവിടെയാണ് ഈ പുസ്തകം നില്‍ക്കുന്നത്. കഥയായി നോവലായി സാഹിത്യമോ ഗ്രാഫിക് നോവലോ, ഇതെല്ലാം കൂടിയോ ആയി ഇതു നില്‍ക്കുന്നു. ഏതുവഴിയില്‍ നോക്കിയാലും ഒരാള്‍ ഒരു നിമിഷം കൂട്ടത്തോട് പങ്കുവയ്ക്കുന്ന ഒരു രാഷ്ട്രീയ ഉപകഥയാണിത്. 'സമകാലിക നാടോടി കഥ'. Contemporary Folk Tale എന്നോ മറ്റോ പറയാം. അതുകൊണ്ട് മൊത്തം കഥയുടെ ഭാഗമായിരിക്കെത്തന്നെ, ഈ പുസ്തകത്തിലെ ഓരോ പേജും ഓരോ ഡിസ്‌പ്ലേ ഐറ്റം ആയി കാണാനും പറ്റും. ജൂലൈ മാസത്തില്‍ പോര്‍ച്ചുഗലില്‍ CECAL (Centro de Experimentacao e Criacao Artistica de Loule) ഈ പുസ്തകപ്പേജുകള്‍, ആവശ്യമുള്ള ഭാഗത്ത് വേണ്ടതായ തര്‍ജ്ജമകളോടെ  പ്രദര്‍ശിപ്പിക്കപ്പെടും. പെണ്‍കുട്ടിജീവിതങ്ങള്‍ ഉള്ളിടത്തെല്ലാം ഈ സംവേദന പരീക്ഷണം നടത്താം.

നവമാധ്യമങ്ങളുടെ ആധിപത്യ കാലത്ത് എഴുത്തുകാരന്/എഴുത്തുകാരിക്ക് രക്ഷാധികാരിത്വം ഇല്ലാതെ അനായാസം മുന്നോട്ട് വരാന്‍ കഴിയും. പക്ഷേ, ഇത് രചനയുടെ ഗുണത്തെ എങ്ങനെ ബാധിക്കുന്നു?
ഏത് കാലത്തെ നല്ല രചനയുടേയും ഗുണം അതിന്റെ കാലത്തിന്റെ തിടുക്കങ്ങള്‍ അതില്‍ ഒരു മറയുമില്ലാതെ കാണുന്നതാണ്. അത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്ന ഒരു കാര്യമാണ്. നവമാധ്യമങ്ങളുടെ കാലത്തിന്റെ ഗുണം കലയില്‍ ഉണ്ടാകും. ഈ കാലത്തിന്റെ അടിസ്ഥാന ഊന്നലായി പലരും കാണുന്നത് ആവിഷ്‌കാരത്തിനുള്ള ഇടം യഥേഷ്ടം എളുപ്പത്തില്‍ സ്വതന്ത്രമായി നിര്‍മ്മിക്കലാണ്. പക്ഷേ, ആ ഇടത്തെ തടയാനുള്ള അധികാരവ്യവസ്ഥയും പിന്നാലെ പ്രോഗ്രാം ആയി വരുന്നുണ്ട്. എന്നാല്‍, അവയെ തോല്‍പ്പിക്കും വിധം നവമാധ്യമങ്ങള്‍ക്ക് ഒരു അനിയന്ത്രിതത്വം ഉണ്ട്. അത് സര്‍ഗ്ഗാത്മകതയെ പിന്തുണയ്ക്കുന്ന ഇടങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു. കലയുടെ മഹത്വം വ്യക്തിനിഷ്ഠ മാത്രമെന്ന് കരുതുന്ന മൗലികതാവാദികള്‍ക്കും രക്ഷാധികാരികള്‍ക്കും ഈ കാലം വലിയ അസ്വസ്ഥതയാണ് സൃഷ്ടിക്കുക. ഓരോ ജീവിജന്മത്തിനും അനന്യതയ്ക്കുള്ള അവകാശമുണ്ട്. ആ അവകാശത്തിന്റെ പ്രയോഗം അപൂര്‍വ്വം ചിലര്‍ക്കേ സാധ്യമാകുന്നുള്ളൂ എങ്കില്‍ അതത്ര നല്ല കാര്യമല്ല. കൂടുതല്‍ പേര്‍ക്ക് സാധ്യമാകുന്നുവെങ്കില്‍ മോശം കാര്യവുമല്ല; അത് നമ്മുടെ വായന എന്ന സാംസ്‌കാരിക പ്രവൃത്തിയേയും ഭാഷയേയും വിപുലീകരിക്കും എന്നതിനാല്‍.

വരയ്ക്കും വാക്കിനും ഇടയിലെ ജീവിതം തീക്ഷ്ണവും തീവ്രവുമായിരിക്കും. വ്യക്തിപരമായി അതെങ്ങനെ നേരിടുന്നു? 
വന്നുവീഴുന്ന ചിന്തകള്‍ കൊണ്ട് ഉള്ളില്‍ തേനീച്ചക്കൂടുകള്‍ പണിയുന്നു. ഓരോരുത്തര്‍ക്ക് ഓരോ കാരണങ്ങള്‍ എന്നപോലെ...  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com