ബൂര്‍ഷ്വാസ്‌നേഹിതന്‍: കരുണാകരന്‍ എഴുതുന്നു

രാഷ്ട്രീയം പ്രമേയമായി വന്ന എഴുപതുകളിലെ നമ്മുടെ കഥകളില്‍ ഭരണകൂടവും ഭാവനയും തമ്മിലുള്ള അഭിമുഖീകരണം വളരെ കൃത്യമായിരുന്നു.
പട്ടത്തുവിള കരുണാകരന്‍
പട്ടത്തുവിള കരുണാകരന്‍

Temptation to behave is terrible.

(Bertolt Brecht)

രാഷ്ട്രീയം പ്രമേയമായി വന്ന എഴുപതുകളിലെ നമ്മുടെ കഥകളില്‍ ഭരണകൂടവും ഭാവനയും തമ്മിലുള്ള അഭിമുഖീകരണം വളരെ കൃത്യമായിരുന്നു. അതൊരു നിലപാടുമായിരുന്നു. അക്കാലത്തെ 'പാര്‍ട്ടി'യുടെ സൈദ്ധാന്തിക ചര്‍ച്ചകളുടെ തുടര്‍ച്ചപോലെ.  അങ്ങനെയാണ് പട്ടത്തുവിള കരുണാകരന്‍, എം. സുകുമാരന്‍, യു.പി.  ജയരാജ്. പി.കെ.  നാണു തുടങ്ങിയ കഥാകൃത്തുക്കള്‍  തങ്ങളുടെ ഭാവനാലോകത്തെ 'നിലനില്‍ക്കുന്ന വ്യവസ്ഥ'യ്ക്ക് എതിരെ നിര്‍ത്തുന്നത്. അങ്ങനെയാണ്  അതേ കാലത്ത് എഴുത്തിലും ചര്‍ച്ചകളിലും വളരെയധികം ഉപയോഗിച്ചിരുന്ന 'സോഷ്യല്‍ റിയലിസ'ത്തില്‍നിന്നും  എഴുപതുകളിലെ ഈ തീവ്ര-ഇടത്- കഥകള്‍ വേര്‍പെട്ടത്. ഇന്ത്യയിലെ നാടുവാഴിത്ത-മുതലാളിത്ത ഭരണകൂടത്തിനു ബദലായി, വിപ്ലവ പ്രവര്‍ത്തനങ്ങളുടെ സമാന്തര രാഷ്ട്രീയവും ഭരണകൂട സ്ഥാപനങ്ങളും നിലവില്‍ വരുന്നതായും നിലനില്‍ക്കുന്നതായും ഈ കഥകള്‍ ഭാവന ചെയ്തു: സമൂഹത്തിലെ 'വര്‍ഗ്ഗവൈരുദ്ധ്യ'ങ്ങളിലെ  രാഷ്ട്രീയ സംഘര്‍ഷങ്ങള്‍  ആവിഷ്‌കകരിക്കപ്പെടുന്നത് ഈ കഥകളില്‍ അങ്ങനെയാണ്. 
അട്ടിമറിക്കപ്പെടേണ്ടുന്ന ഭരണകൂടം ആദ്യമേ അട്ടിമറിക്കപ്പെടുന്നത് അഥവാ ഇവരുടെ  ഭാവനയിലാണ്. 

സ്വാഭാവികമായും വര്‍ഗ്ഗമര്‍ദ്ദനങ്ങളുടെ സാമൂഹികമായ കാരണങ്ങള്‍ പ്രമേയമായി വന്ന ഈ കഥകളിലൊക്കെ 'സോഷ്യല്‍ റിയലിസം' അതുകൊണ്ടുതന്നെ ചോദ്യം ചെയ്യപ്പെട്ടു. കഥകള്‍, റിയലിസത്തിന്റെയല്ല,  മറിച്ച് സ്വപ്നങ്ങളുടെ വിപുലീകരണമാണ് എന്ന് ഈ കഥകള്‍  ആവര്‍ത്തിച്ചു പറഞ്ഞു. അങ്ങനെകൂടിയാണ്  ആ 'തീവ്രവാദ കഥകള്‍' നിലവിലുണ്ടായിരുന്ന സോഷ്യല്‍ റിയലിസത്തില്‍നിന്നും വേര്‍പെട്ടത്.  എം. സുകുമാരന്റെ കഥകള്‍ ഓര്‍ത്തുനോക്കൂ, സമൂഹത്തിലെ യാഥാര്‍ത്ഥ്യമല്ല അവയിലെ റിയലിസം. മറിച്ച്, സമാന്തരമായി സങ്കല്‍പ്പിക്കപ്പെടുന്ന മറ്റൊരു  റിയലിസമാണ്. മിത്തുകളുടേയും പ്രാഗ്സ്മരണകളുടേയും ഒരു 'അപരലോകം', ദേവന്മാരും രാക്ഷസന്മാരും ഉള്ള ഒരു ലോകം ആ കഥകളുടെ പശ്ചാത്തലത്തില്‍ എപ്പോഴും ഉണ്ട്. അങ്ങനെയല്ലാത്തപ്പോഴും ആ കഥകള്‍, അതേ ലോകത്തിന്റെ ഓര്‍മ്മയില്‍ കറുപ്പും വെളുപ്പും എന്ന് വേര്‍പെട്ടു. 

എന്നാല്‍, ഇതേ കാലത്ത് ഇതേ 'മൂഡി'നെ  പട്ടത്തുവിള കരുണാകരന്‍ അഭിമുഖീകരിച്ച രീതി  വളരെ വ്യത്യസ്തമായിരുന്നു.  'സമാന്തരമായ രാഷ്ട്രീയാധികാരം'  എന്ന വിപ്ലവകല്‍പ്പനയല്ല ആ കഥകളെ പലപ്പോഴും പ്രചോദിപ്പിച്ചത്. പകരം,  സമൂഹത്തില്‍ നിലവിലുള്ള ഭരണകൂടരാഷ്ട്രീയവും  സാമൂഹ്യവ്യവസ്ഥയ്ക്കുള്ളില്‍ ആ രാഷ്ട്രീയം എങ്ങനെ പെരുമാറുന്നുവെന്നും പറയുകയായിരുന്നു, പലപ്പോഴും   പട്ടത്തുവിളയുടെ 'രാഷ്ട്രീയ' കഥകള്‍. ഇത് ആ കഥകളെ  നിശിതമായ രാഷ്ട്രീയ സൗന്ദര്യത്തിന്റെ ഓര്‍മ്മയില്‍ എപ്പോഴും നിര്‍ത്തി. ഒപ്പം,  കഥകളുടെ പക്ഷപാതിത്വത്തെപ്പറ്റിയുള്ള രാഷ്ട്രീയ ശീലങ്ങളെ പരിശോധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.   ഈ ലേഖനത്തില്‍ പക്ഷേ, ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് മറ്റൊന്നാണ്. ആ കഥകളില്‍ ഒരുപക്ഷേ, ഒരു പ്രാവശ്യം മാത്രം പ്രത്യക്ഷപ്പെട്ട ഒരു 'മൂഡി'നെപ്പറ്റി, ഒരേയൊരു കഥയെപ്പറ്റി. 

പട്ടത്തുവിള കരുണാകരന്റെ  'ബൂര്‍ഷ്വാസ്‌നേഹിതന്‍'  എന്ന കഥ ഭരണകൂടരാഷ്ട്രീയം,    സാമൂഹ്യവ്യവസ്ഥയ്ക്കുള്ളില്‍ എങ്ങനെ പെരുമാറുന്നുവെന്നു കാണിക്കുന്ന കഥയാണ്. അതാകട്ടെ, അക്കാലത്ത് അധികമാരും 'പരീക്ഷിക്കാത്ത' ഒരു പ്രമേയം എടുത്തുകൊണ്ടും.
'ബൂര്‍ഷ്വാസ്‌നേഹിതന്‍',  ഒരേ സമയം 'ആണുങ്ങള്‍ തമ്മിലുള്ള അടുപ്പ'ത്തെപ്പറ്റിയും ഭരണകൂടരാഷ്ട്രീയത്തിന്റെ സാമൂഹ്യരുചികളെപ്പറ്റിയുമുള്ള കഥയാണ്.  നോക്കൂ,  'അടുപ്പ'മാണ് പ്രേമമല്ല, പ്രമേയം. 'അടുപ്പം' എന്ന് പറയുമ്പോള്‍ നമ്മള്‍ നിഗൂഢതയെയാണ് അര്‍ത്ഥമാക്കുക, പ്രേമം മറിച്ചും: പ്രേമം, അത് ഭൂമിക്കുമേല്‍ പരക്കുന്ന വെളിച്ചം പോലെ ഓരോ ഇടവും കാണിക്കുന്നു.  

'പാര്‍ട്ടി'യുടെ ഒരു പ്രവര്‍ത്തകനും അയാളുടെ (ബൂര്‍ഷ്വാ) സ്‌നേഹിതനുമാണ് കഥയില്‍. കഥ, ബൂര്‍ഷ്വാസ്‌നേഹിതന്‍ തന്റെ പ്രിയപ്പെട്ട (പാര്‍ട്ടി) സഖാവിനെ ഓര്‍ക്കുന്നതാണ്. ലളിതമായ രാഷ്ട്രീയാഭിമുഖ്യമാണ് കഥയില്‍ നാം കാണുന്നതെങ്കില്‍ ഈ കഥ വിപ്ലവത്തിനോടൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന, വിപ്ലവത്തിനൊപ്പം മാറാന്‍ ആഗ്രഹിക്കുന്ന 'ചാഞ്ചാടുന്ന പെറ്റിബൂര്‍ഷ്വാസി'യെപ്പറ്റിയാണ്. പക്ഷേ, ഈ കഥ അങ്ങനെമാത്രം വായിച്ചാല്‍  തീര്‍ച്ചയായും അതിന്റെ വിചാരലോകം നമുക്ക് നഷ്ടപ്പെടും. 

എം സുകുമാരന്‍
എം സുകുമാരന്‍

ജീര്‍ണ്ണിച്ച ഒരു പാലത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ് കഥ തുടങ്ങുന്നത്. പാലത്തിന്റെ അടിയിലൂടെയാണ് റെയില്‍പ്പാളം ഓടുന്നത്. സന്ധ്യാനേരങ്ങളില്‍ ചിലപ്പോള്‍ പാലത്തിന്റെ അടിയില്‍ വന്നുനില്‍ക്കാറുള്ള  വേശ്യകളെ പൊലീസ് തുരത്താറുണ്ട്. ഇങ്ങനെ, രണ്ട് അറ്റങ്ങളെ, രണ്ടു ലോകത്തെ,  രണ്ടു കഥകളെ  കൂട്ടിക്കെട്ടുന്ന ആ പാലത്തിന്റെ മുകളിലാണ് കൊച്ചനുജന്‍ എന്ന 'ബൂര്‍ഷ്വാസ്‌നേഹിതന്‍' തന്റെ പ്രിയപ്പെട്ട വിപ്ലവകാരിയായ സ്‌നേഹിതന്‍, ചന്ദ്രനെ  കാത്തുനില്‍ക്കുന്നത്. ചന്ദ്രന്‍ തൊഴിലാളിയും പാര്‍ട്ടിപ്രവര്‍ത്തകനുമാണ്. അവരുടെ  രണ്ടുപേരുടേയും സൗഹൃദം 'പിരിഞ്ഞിരിക്കാന്‍ വയ്യാത്ത' അടുപ്പമുള്ളതാണ്. അങ്ങനെയാണ് ആ സൗഹൃദത്തെ കൊച്ചനുജന്‍ പരിചയപ്പെടുത്തുന്നത്. 

അന്ന്, കൊച്ചനുജന്‍ ചന്ദ്രനെ കാത്തുനില്‍ക്കുന്നത് പക്ഷേ, മുന്‍പ് നിന്നതുപോലെയല്ല.  ''ഇനി ഒരിക്കലും ഞാന്‍ ചന്ദ്രനുവേണ്ടി കാത്തുനിന്നിട്ടു പ്രയോജനമില്ല'' എന്ന വിചാരത്തിലാണ് അയാള്‍.  ഇതാണ് കഥയിലെ വരികള്‍: ''പറ്റിച്ചേര്‍ന്ന ഒരു ബന്ധം ലോലമായി വേര്‍പെട്ട് ഇപ്പോള്‍ തീരെ നശിക്കാന്‍ പോകുകയാണ്. എനിക്ക് പാരുഷ്യവും വേദനയും തോന്നി. ഇത് പെട്ടെന്ന് സംഭവിച്ചതല്ല. ഇങ്ങനെയല്ലാതെ അത് സംഭവിക്കുമായിരുന്നില്ല. വളരെ സ്വാഭാവികമായ അന്ത്യം. എന്തുകൊണ്ടോ അസഹ്യമായ വേദനയോടൊപ്പംതന്നെ ഞാന്‍ ആശ്വസിച്ചു. ഇതുതന്നെയാണ് നല്ലതെന്നൊരു വിശ്വാസം. പഴയ സ്വഭാവത്തിന് അതു തുടര്‍ന്നുപോകുക സാധ്യമായിരുന്നില്ല.'' കുറേ കൊല്ലത്തിനുശേഷമുള്ള ഒരു വേര്‍പിരിയലിനെപ്പറ്റിയാണിത്. അതുവരെയും എല്ലാ സന്ധ്യകളിലും അവര്‍ കണ്ടിരുന്നതാണ്. ഇന്ന് പക്ഷേ, ''ഏഴുമണി അടിച്ചപ്പോള്‍ എന്റെ നയനങ്ങള്‍ നനഞ്ഞിരുന്നു.'' കഥയുടെ അന്ത്യത്തെ ഈ വരി ഓര്‍ക്കുന്നു. ''ഇനി...ഇനി...നമ്മള്‍ തമ്മില്‍ കാണുമോ?''
ഇതിനു തൊട്ടുമുന്‍പത്തെ അവരുടെ കൂടിക്കാഴ്ചയിലാണ് ചന്ദ്രന്‍ കൊച്ചനുജനോട് തന്റെ തീരുമാനം അറിയിക്കുന്നത്. ''ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്നു - അതു പാര്‍ട്ടിയുടെ തീരുമാനമാണ്.'' അതാണ്, ആ തീരുമാനമാണ്  അവരുടെ 'അടുപ്പ'ത്തെ തകര്‍ക്കുന്നത്. അന്ന് അതു പറയുന്നതിനു മുന്‍പ് കൊച്ചനുജന്‍ ചന്ദ്രന്റെ മുഖഭാവം കണ്ട് പലതും ഊഹിക്കുന്നു. ''ഒരുപക്ഷേ, മറ്റു വല്ലയിടവും പ്രവര്‍ത്തകനായി അയക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടാകും. എന്റെ അനുവാദം വാങ്ങാനുള്ള ഒരുക്കൂട്ടലാണ്. അത് ഞാന്‍ സമ്മതിക്കാന്‍ പോകുന്നില്ല'' എന്നുവരെ. 
പക്ഷേ, പാര്‍ട്ടിയുടെ തീരുമാനം  എന്നത്തേയ്ക്കുമുള്ള അവരുടെ വേര്‍പിരിയലാകുന്നു.  

രണ്ടു വര്‍ഗ്ഗങ്ങളല്ല, രണ്ടു ശരീരങ്ങളാണ് അവരുടെ സൗഹൃദത്തില്‍ എപ്പോഴും തൊട്ടൊരുമ്മുന്നത് എന്ന് കഥ വായിക്കുമ്പോള്‍ നാം മനസ്സിലാക്കുന്നു.  ആ തൊട്ടരുമ്മലിനൊപ്പം എപ്പോഴും അവരുടെ വര്‍ഗ്ഗസ്മരണകളുമുണ്ട് എന്നും മനസ്സിലാക്കുന്നു. പട്ടത്തുവിളയുടെ കഥകളുടെ ബ്രാന്‍ഡ് രാഷ്ട്രീയമാണത്. എന്നാല്‍, ഈ കഥ, അതിന്റെ 'ഗെയ് (Gay)അവസര'ത്തെ, സ്വാഭാവികമായും 'ഭയക്കുന്നു.' ഒരു നാട്ടുനടപ്പ് എന്നപോലെതന്നെ. അതിനാല്‍, കഥയിലെ ഗെയ്-അവസരത്തിലേക്ക് ലൈംഗിക സദാചാരചര്യകളുടെ സൂചനകളും ഓര്‍മ്മകളും കടന്നു വരുന്നു. 

പാലത്തിന്റെ അടിയില്‍നിന്നും പൊലീസ് പിടിച്ചുകൊണ്ടുപോകുന്ന ആണ്‍കുട്ടിയേയും പുരുഷനേയും നമ്മള്‍ കഥയില്‍ കാണുന്നു.  വേശ്യകളുടേയും പൊലീസുകാരുടേയും കഥ  ഓര്‍ക്കുന്നു. എന്നാല്‍, 'മുതിര്‍ന്ന  ആണുങ്ങളുടെ പ്രണയം' കഥയില്‍ തെളിയാതെ വിടുന്നു.  ഇതാണ്, ആ കഥയുടെ 'ഭയം.'  മാത്രമല്ല,  ആ തെളിയലിനെ തെളിയിക്കാതെ നിര്‍ത്താന്‍ കഥയില്‍  പട്ടത്തുവിള മറ്റൊരു സൂചന കൊണ്ടുവരുന്നു. 

തന്റെ വീട്ടിലെത്തുന്ന പാല്‍ക്കാരിപെണ്‍കുട്ടിയെ 'ഒറ്റക്ക് കിട്ടിയപ്പോള്‍', കൊച്ചനുജന്‍, ബൂര്‍ഷാസ്‌നേഹിതന്‍  അവളെ അവളുടെ അരക്കെട്ടില്‍ പിടിച്ച് തന്നോട് ചേര്‍ത്തുനിര്‍ത്തുന്നത് പറയുന്നു. അവള്‍ അയാളുടെ  കൈകള്‍ എടുത്ത് തന്റെ മാറിടത്തിലേക്ക് വെയ്ക്കുന്നത് പറയുന്നു. 'ഉറപ്പുള്ള വളരുന്ന മുലകള്‍'. ഞാന്‍ (കൊച്ചനുജന്‍) പറഞ്ഞു: ''നീ പ്രായമായാല്‍പ്പിന്നെ ഷര്‍ട്ടിട്ട ആരെക്കണ്ടാലും ഉടനെ പാവാട പൊക്കിക്കൊടുക്കും!''  ഈ 'കാഴ്ച'  അയാളുടെ അമ്മ കാണുന്നു. 
ഇങ്ങനെ, നേരത്തെ പറഞ്ഞപോലെ, ലൈംഗിക സദാചാരചര്യ (മര്യാദയല്ല), അതിന്റെ എല്ലാവിധ ഭരണകൂട രാഷ്ട്രീയ സ്മരണകളോടും, കഥയില്‍ വേരുറപ്പിച്ചിരിക്കുന്നു.  എന്നാല്‍ ഇത്രയും 'വെളിപ്പെടല്‍' അല്ലെങ്കില്‍ ഇത്രയും  വെളിപ്പെടുന്ന  ലൈംഗികത,  ചന്ദ്രനും കൊച്ചനുജനും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിക്കുമ്പോള്‍ കഥയില്‍ കാണില്ല. 'പിരിയാനാവാത്ത ബന്ധം' എന്ന് പറയുമ്പോഴും. കഥയില്‍,  അവര്‍ തൊട്ടുതൊട്ടു നടക്കുന്നു,  അവര്‍ കൈകോര്‍ത്ത് പിടിക്കുന്നു,  ഒരാള്‍ ഒരാളെ തോളില്‍ കൈ ഇട്ട് ചേര്‍ത്ത് നടത്തുന്നു,  അങ്ങനെ നടക്കുമ്പോള്‍ ചിലപ്പോള്‍ ബൂര്‍ഷ്വാസ്‌നേഹിതന്റെ കൈവെള്ളകളില്‍ വിയര്‍പ്പ് പൊന്തുന്നത് പറയുന്നു, അപ്പോഴും  ആ ബന്ധത്തെ വൈകാരികമായി മാത്രം എഴുതാന്‍ പട്ടത്തുവിള ശ്രദ്ധിക്കുന്നു: ''എനിക്കുവേണ്ടി എത്ര മണിക്കൂറുകള്‍ ചന്ദ്രന്‍ ഈ പാലത്തില്‍ കാത്തുനിന്നിട്ടുണ്ട്. എന്തൊരു ആശയമായ ഉല്‍ക്കണ്ഠയാണ് തമ്മില്‍ കാണുന്നതിനു മുന്‍പ്. ഒന്നിച്ചു കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ ഉന്നമില്ലാതെ നീങ്ങും. തമ്മിലുള്ള സാന്നിദ്ധ്യത്തില്‍ ഞങ്ങള്‍ തികച്ചും സംതൃപ്തരാണ്.''  അവരുടെ ശരീരകാമനയെ  പക്ഷേ, പട്ടത്തുവിള പറയാതെ  വിടുന്നു.  അല്ലെങ്കില്‍, കഥയില്‍ ആ പറയാതിരിക്കല്‍ പ്രമേയത്തിലെത്തന്നെ ഉള്‍ഭയമാകുന്നു. 

യുപി ജയരാജ്
യുപി ജയരാജ്

എന്തുകൊണ്ടാകും അത്?
ആത്യന്തികമായി ഇണകളുടെ  ശരീര സാമീപ്യത്തില്‍ ഉറയൂരുന്ന പ്രണയമായി ഈ ബന്ധത്തെ കണ്ടെത്താന്‍ കഥയില്‍ ശ്രമമില്ല. മാംസനിബദ്ധമല്ല പ്രണയം എന്ന് ഓര്‍ക്കാന്‍ പക്ഷേ, ശ്രമിക്കുന്നുമുണ്ട്. ഇന്നത്തെപ്പോലെ 'ഗെയ്-രാഷ്ട്രീയം' വ്യക്തമാവാത്തതുകൊണ്ടുമാത്രമാവില്ല അത് എന്ന് ഞാന്‍ കരുതുന്നു.  മറിച്ച്, നേരത്തെ സൂചിപ്പിച്ചപോലെ പട്ടത്തുവിളയുടെ കഥകളുടെ പൊതുപ്രമേയം തന്നെയാകണം അങ്ങനെയൊരു അവസരത്തെ നഷ്ടപ്പെടുത്തുന്നതും.  മാത്രമല്ല, ലൈംഗിക സദാചാര വിചാരങ്ങളില്‍ കേരളീയ സമൂഹത്തില്‍  മതങ്ങള്‍ എങ്ങനെ  പ്രവര്‍ത്തിക്കുന്നുവോ, അതുപോലെയാണ്  പട്ടത്തുവിളയ്ക്ക് അടുപ്പമുണ്ടായിരുന്ന 'കമ്യൂണിസ്റ്റ് പാര്‍ട്ടി'യുടെ മനോഘടനയും പ്രവര്‍ത്തിക്കുന്നത്.    പുരുഷകേന്ദ്രീകൃതവും പീഡനാത്മകമായതുമായ ഒരു ലൈംഗിക ഉള്ളടക്കം 'പാര്‍ട്ടി'യും വഹിക്കുന്നു. 

'ബൂര്‍ഷ്വാ സ്‌നേഹിത'നില്‍ പട്ടത്തുവിള വളരെ സ്വാഭാവികം എന്നപോലെ  നിലവിലുള്ള സാമൂഹിക ജീവിതത്തിന്റെ  രാഷ്ട്രീയ താല്‍പ്പര്യത്തെ സ്വീകരിക്കുന്നു. കഥയുടെ പ്രമേയം ആ രാഷ്ട്രീയതാല്‍പ്പര്യത്തെ കീഴ്മേല്‍ മറിക്കാനുള്ള എല്ലാ ആന്തരികശേഷി വഹിക്കുമ്പോഴും. എന്നാല്‍, ''ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്നു - അതു പാര്‍ട്ടിയുടെ തീരുമാനമാണ്'' എന്ന്  പറഞ്ഞുകൊണ്ട് കഥയിലെ  ആ അവസരത്തില്‍നിന്നും പിന്‍വാങ്ങുന്നു.   നിലവില്‍ ഒരു ബൂര്‍ഷ്വാഭരണകൂടമുണ്ട്, അതിന്റെ ജീര്‍ണ്ണതയും. അതോടൊപ്പം തന്നെ,  ഈ ബൂര്‍ഷ്വാ ഭരണകൂടത്തിന്റെ ജീര്‍ണ്ണതകളെ എതിര്‍ക്കുന്ന പാര്‍ട്ടിയും ആ  പാര്‍ട്ടിയുടെ ബദല്‍ രാഷ്ട്രീയവുമുണ്ട്. അത്രമാത്രം.  തന്റെ സ്‌നേഹിതന്‍ ജയിലിലാവുമ്പോഴും പൊലീസുകാരാല്‍  മര്‍ദ്ദിക്കപ്പെടുമ്പോഴും വിവശനാവുന്ന ബൂര്‍ഷ്വാസ്‌നേഹിതന്‍, തന്റെ കൂട്ടുകാരന്റെ വിപ്ലവ രാഷ്ട്രീയത്തെ ദൂരെനിന്നു വീക്ഷിക്കുന്ന ആള്‍ മാത്രമാണ്. അയാള്‍ എപ്പോഴും കാണുന്നത് തന്റെ സ്‌നേഹിതന്റെ 'ജയിച്ചുനില്‍ക്കുന്ന ഉടലാ'ണ്. തളരാത്ത തകരാത്ത ഒന്ന്. 'പാര്‍ട്ടി'യെ കുറിച്ചുള്ള മാമൂല്‍ സങ്കല്‍പ്പംപോലെത്തന്നെ. 

തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിനൊപ്പമൊ വിപ്ലവത്തിനുശേഷമൊ സ്വയം പാകമാവുന്ന ('സ്വയം കണ്ടെത്തുന്ന' എന്നാണ് മാര്‍ക്സിസ്റ്റ്  തത്ത്വചിന്ത പറയുക) പെറ്റിബൂര്‍ഷ്വാസി എന്നത് കമ്യൂണിസ്റ്റ്  രാഷ്ട്രീയ സങ്കല്‍പ്പത്തിലെ പ്രസിദ്ധമായ ഒരു വിശ്വാസമാണ്.   വിപ്ലവത്തിനോടൊപ്പം ചേരുന്ന പെറ്റിബൂര്‍ഷ്വാ, വര്‍ഗ്ഗസമര സിദ്ധാന്തങ്ങള്‍ക്കുമൊപ്പം  നമ്മുടെ  കഥകളിലും പ്രമേയമായതും അങ്ങനെയാണ്. കഥകളിലും കവിതകളിലും ആത്മകഥകളിലും എഴുപതുകളിലും എണ്‍പതുകളിലും ആവര്‍ത്തിച്ച്  പ്രത്യക്ഷപ്പെടുന്ന ഈ പ്രമേയം,  നമുക്ക് അതുകൊണ്ടുതന്നെ അപരിചിതവുമല്ല. ഒരുപക്ഷേ, 'ബൂര്‍ഷ്വാസ്‌നേഹിതന്‍' എന്ന തന്റെ കഥയ്ക്ക് വേണ്ടി പട്ടത്തുവിള 'സാമാന്യമായി  കണ്ടെത്തുന്നതും'  ഈ വിശ്വാസമാണ്.  വിപ്ലവത്തോട് അനുരൂപപ്പെടാനാകാതെ വരുമ്പോഴും  വിപ്ലവത്തെ സ്‌നേഹിച്ചും വിപ്ലവം സ്വപ്നം കണ്ടും ഈ 'പെറ്റിബൂര്‍ഷ്വാ' വിപ്ലവകഥകളില്‍ ശേഷിക്കുന്നു.  

മറ്റൊരു വിധത്തില്‍ സങ്കല്‍പ്പിച്ചാല്‍  പുരോഗമന സ്വഭാവമുള്ള, ഉല്‍പതിഷ്ണുവായ   ഇടതുപക്ഷ സഹയാത്രികനാണ് അയാള്‍. നമ്മുടെ കഥയുടെ സര്‍ഗ്ഗാത്മകത (ഇപ്പോഴും), ഒരുപക്ഷേ, പ്രമേയപരമായി തളംകെട്ടി നില്‍ക്കുന്ന അനുഭവ ഇടമാണ് അത്.  പ്രമേയങ്ങളിലെ പലവിധ ഭയങ്ങളായി അത് കഥയിലെ  സര്‍ഗ്ഗാത്മക ഇടങ്ങളെ നിഴലില്‍ നിര്‍ത്തുന്നു. ഈ കഥയില്‍ പട്ടത്തുവിളയുടെ പ്രമേയവും അങ്ങനെയൊരു  അനുഭവത്തിന്റേതായിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com