ചായം തേച്ച കാരുണ്യം

ഒന്നും നഷ്ടപ്പെടാത്തവര്‍ സകലതും നഷ്ടപ്പെട്ടവരോട് സഹതാപം പ്രകടിപ്പിക്കുന്നത് അപമാനിക്കലാണ്
കല്‍പ്പറ്റ നാരായണന്‍
കല്‍പ്പറ്റ നാരായണന്‍

പോയതിനു മുന്‍പിലത്തെ വര്‍ഷം ഒരു പെണ്‍കുട്ടി ഉടലില്‍ കറുത്ത ചായം തേച്ച് കേരളത്തിലുടനീളം സഞ്ചരിച്ചു. കറുത്ത പെണ്‍കുട്ടികളുടെ ജീവിതത്തെ അറിയാനും അവരോടൈക്യദാര്‍ഢ്യം 'പ്രകടിപ്പിക്കാനു'മായിരുന്നത്രെ അത്. കറുത്ത പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഗണനയും അസ്പൃശ്യതയും നേരിലനുഭവിക്കാന്‍. പക്ഷേ, എനിക്ക് തോന്നുന്നു കറുത്ത പെണ്‍കുട്ടികളനുഭവിക്കുന്ന  ഒരു സ്വാതന്ത്ര്യവും അവള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞിരിക്കില്ല എന്ന്. കറുത്ത ചായം തേച്ച് ജനമധ്യത്തില്‍ നടക്കുന്നൊരുവള്‍ ഉണ്ടാക്കുന്ന കൗതുകങ്ങളും പരിഹാസങ്ങളുമേ അവള്‍ക്ക് പരിചയിക്കാന്‍ കഴിഞ്ഞിരിക്കൂ. പിന്നീട് കഴുകിക്കളയാവുന്ന ചായം തേച്ച ഈ പെണ്‍കുട്ടിയിലൂടെ തങ്ങളുടെ ഒരനുഭവവും അവര്‍ പങ്കിടുകയില്ല. വൈകുന്നേരം വീട്ടിലെത്തി അഴിച്ചുവെയ്ക്കാന്‍ കഴിയുമായിരുന്ന ഒരസ്വാസ്ഥ്യം മാത്രമായിരുന്നു അതെങ്കില്‍ അവരെ അതിത്ര വേട്ടയാടുമായിരുന്നില്ല. എത്ര മറച്ചാലും മറയാത്ത, എത്ര പഠിച്ചാലും കുറയാത്ത, എത്ര ഉയര്‍ന്ന പദവിയിലിരുന്നാലും അഗണ്യമാകാത്ത, വീട്ടിലും ഉറങ്ങാത്ത ആ അസ്വാസ്ഥ്യത്തെ സമീപിക്കാന്‍പോലും ആ 'വെളുത്ത' പെണ്‍കുട്ടിക്ക് കഴിയുമായിരുന്നില്ല.

ആ പെണ്‍കുട്ടി മാത്രമല്ല, നമ്മുടെ പല എഴുത്തുകാരും ആക്ടിവിസ്റ്റുകളും ഈ ചായം തേയ്ക്കലിന്റെ വഴി സ്വീകരിക്കാറുണ്ട്. ചായം എത്ര മികച്ചതായാലും ചായമാണ്. അഭിനയം എത്ര മികവുറ്റതാവുമ്പോഴും മികവുറ്റ അഭിനയമേ ആകൂ. അഭിനയത്തിന്റെ വേദികളില്‍ അതിന് സ്വീകാര്യതയുണ്ടാവും. കയ്യടി കിട്ടും. അഭിനയത്തിനു പുറത്ത് അത് 'അരോചകമരോചകം.' പരിഹാസം സഹിക്കാം, സഹതാപം സഹിച്ചുകൂട. ഒന്നും നഷ്ടപ്പെടാത്തവര്‍ സകലതും നഷ്ടപ്പെട്ടവരോട് സഹതാപം പ്രകടിപ്പിക്കുന്നത് അപമാനിക്കലാണ്.

സ്വര്‍ണ്ണക്കൊടിമരങ്ങളാലും ചെമ്പടിച്ച മേല്‍പ്പുരയാലും സമ്പന്നത ഘോഷിക്കുന്ന, കിടയറ്റ സ്വര്‍ണ്ണാഭരണങ്ങളണിഞ്ഞ ദൈവങ്ങള്‍ക്ക് ദരിദ്രനെ മനസ്സിലാക്കാനാവുമോ? മഹാസമ്പന്നരായ ദൈവങ്ങളുള്ള നാട്ടില്‍ വിശക്കുന്നവര്‍ അഗതികളാണ്. പുരുഷദൈവങ്ങള്‍ മാത്രമുള്ള മതത്തില്‍ സ്ത്രീകള്‍ മനുഷ്യരില്‍ താഴെയാണ്. ദൈവം ഒരിക്കല്‍ പ്രസവവേദനയിലൂടെ കടന്നുപോയിരുന്നെങ്കില്‍ പ്രസവവേദനയ്ക്കിത്ര വേദനയുണ്ടാകുമായിരുന്നില്ല. അഭിനയം, അഭിനയം അനിവാര്യമല്ലാത്തിടത്തൊക്കെ അറപ്പുണ്ടാക്കും. അത് ദൈവത്തിന്റേതായാലും. ഇല്ലാത്ത ആത്മത്തിന്റെ കാരുണ്യമല്ലേ ദൈവകാരുണ്യം. കാശ്മീരിലൊരു ദേവാലയത്തില്‍ തുടര്‍ച്ചയായി നാലുനാളുകളില്‍ നാമത് കണ്ടു.

കവിതപോലെ ആത്മാര്‍ത്ഥമായ ഒരു പ്രതികരണരൂപത്തില്‍ അഭിനയം ഏറെ അരോചകമാണ്, അസംബന്ധവും. കവിതയില്‍ എന്നിലൂടെയല്ലാതെ എനിക്ക് നിന്നിലെത്താനാവുകയില്ല. പരസുഖമായി മാറുന്ന ആത്മസുഖങ്ങളില്‍ ഒന്നാണ് കവിത. ''അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായ് വരേണം'' എന്ന് ശ്രീനാരായണഗുരു പറയുന്ന സുഖങ്ങളില്‍ മുഖ്യമായ സുഖം. നീയായും അവനായും ഞാന്‍ പരിണമിക്കുന്നുണ്ടതില്‍. ''അവന്‍ ഞാനല്ലോ''. കുചേലനെ വര്‍ണ്ണിക്കാനുള്ള തന്റെ അര്‍ഹതയെപ്പറ്റി രാമപുരത്തു വാരിയര്‍ പറയുന്നു. ''ദീനദീനനാകകൊണ്ടും ഹീനനാകകൊണ്ടുമേറ്റം /ജ്ഞാനമില്ലാഴികകൊണ്ടുമെനിക്കീശ്വരന്‍/താനേകൂടത്തുണയ്ക്കകൊണ്ടീവണ്ണം ഗാനം പെയ്യുന്നു/ഞാനല്ലാതെ മതിയാകയില്ലെന്നും നൂനം''. കുചേലന്റേതിന് തുല്യമായ എന്റെ അവസ്ഥ അതിനെന്നെ അര്‍ഹനാക്കുന്നു. എന്നിലിരിക്കുന്ന കുചേലനെ ഞാനാവിഷ്‌ക്കരിക്കുന്നു. എന്നോളം അര്‍ഹത അതിന് എന്റെ അറിവില്‍ മറ്റാര്‍ക്കുമില്ലതാനും. എന്റെ ഉപയോഗമാണ് എന്നെക്കൊണ്ടുമാത്രമുണ്ടാകേണ്ട ഉന്നതമായ ഉപകാരമാണ്, എനിക്ക് മാത്രം സാക്ഷാല്‍ക്കരിക്കാവുന്ന ഉപകാരമാണ് അത്. പൂന്താനത്തിന്റെ സന്താനഗോപാലം വായിച്ച് വൈലോപ്പിള്ളി എഴുതുന്നു: ''അനപത്യതാദുഃഖമീമട്ടിലറിഞ്ഞോനെ/അനവദ്യമീപ്പാനയീമട്ട് പാടാനാവൂ''. കവിതയെന്ന ('സാവിത്രിയെന്നും ചൊല്ലാം') സപത്‌നിയുടെ സ്വാധീനത്തില്‍ ഗാര്‍ഹികസുഖവുമായി പൊരുത്തപ്പെടാത്ത, ദൈവവുമായി പൊരുത്തപ്പെടാത്ത ('ആസ്തികനാണോ താങ്കള്‍, ആണെന്നുമല്ലെന്നും ഞാന്‍ പറഞ്ഞേന്‍'), സായുധവിപ്ലവവുമായി പൊരുത്തപ്പെടാത്ത ('മറ്റൊരു വിധമായിരുന്നെങ്കില്‍') വൈലോപ്പിള്ളി 'നെഞ്ച് കീറി ഞാന്‍ നേരിനെക്കാട്ടാം' എന്നു കവിതയില്‍ കാട്ടുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരിക്കല്‍ ഉണ്ടതായിപ്പറയുന്ന ആ അന്തിമാന്നത്തേക്കാള്‍ ദുഃഖകരമായ അന്നമാണ് വൈലോപ്പിള്ളി നിത്യവുമുണ്ടത്.

അപ്പോള്‍ ദളിതനു മാത്രമേ ദളിതനെക്കുറിച്ചെഴുതാനാവൂ എന്നാണോ? സ്ത്രീക്കേ സ്ത്രീയെപ്പറ്റി എഴുതാനാവൂ എന്നാണോ? ആരാച്ചാര്‍ക്ക് മാത്രമേ ആരാച്ചാരെക്കുറിച്ചെഴുതാനാവൂ എന്നാണോ? അല്ലേ അല്ല. ആരാച്ചാര്‍ ആരാച്ചാരെക്കുറിച്ചെഴുതാന്‍ തക്ക ആത്മബോധമുള്ളവനാകണമെന്നില്ല. ''അവന്‍ ചെയ്യുന്നതെന്തെന്ന് അവനറിയുന്നില്ല'' എന്നു പറഞ്ഞപ്പോള്‍ യേശു സൂചിപ്പിച്ച തരം ചൂഷിതര്‍ മാറ്റം കൊണ്ടുവരികയില്ല. അവന്‍ ചെയ്യുന്നതെന്തെന്ന് അറിയുന്ന അവനേ, ആശാന്‍ പറയുമ്പോലെ മാനിക്കേ, പാരതന്ത്ര്യം മൃതിയേക്കാള്‍ ദുസ്സഹമായിരിക്കുന്നുള്ളൂ. 'ഒരു തീയ്യക്കുട്ടിയുടെ വിചാരവും', 'ഗ്രാമവൃക്ഷത്തിലെ കുയിലും' എഴുതിയ കവിക്കേ ദുരവസ്ഥയോ നളിനിയോ ലീലയോ സീതയോ എഴുതാനാവൂ. രാമപുരത്ത് വാരിയരുടെ ആത്മകഥയല്ല കുചേലവൃത്തം, പൂന്താനത്തിന്റെ ആത്മകഥയല്ല സന്താനഗോപാലം, ആശാന്റെ ആത്മകഥയല്ല ചിന്താവിഷ്ടയായ സീത, വൈലോപ്പിള്ളിയുടെ ആത്മകഥയല്ല സാവിത്രി. പക്ഷേ, രാമപുരത്ത് വാരിയര്‍ക്കല്ലാതെ കുചേലവൃത്തമോ പൂന്താനത്തിനല്ലാതെ സന്താനഗോപാലമോ ആശാനല്ലാതെ സീതയോ വൈലോപ്പിള്ളിക്കല്ലാതെ സാവിത്രിയോ ഈ മട്ടില്‍ എഴുതുക അസാധ്യം. ഈ ഓരോ കവിതയിലൂടെയും കവി ആത്മഗതം ചെയ്യുന്നതു നിങ്ങള്‍ക്ക് ശ്രദ്ധിച്ചാല്‍ കേള്‍ക്കാം, ''ഞാനല്ലാതെ മതിയാകയില്ലെന്നും നൂനം''. അവനവനെ കാണുന്ന കണ്ണുകൊണ്ടല്ല, അവനവനിലൂടെ കാണുന്ന കണ്ണുകൊണ്ടാണ് ഇവര്‍ കാണുന്നത്. അഭിമാനിയായ ഒരു സ്ത്രീക്ക് സ്വന്തം അവസ്ഥയെക്കുറിച്ചുള്ള സൂക്ഷ്മബോധത്തിലൂടെ ദളിതനെ സമീപിക്കാനാവും. ആത്മബോധമുള്ള ഒരു ദളിതന് തന്റെ അവസ്ഥയിലൂടെ സ്ത്രീയുടെ അവസ്ഥ മനസ്സിലാവും. കറുത്തവന്റെ വിമോചന പ്രസ്ഥാനങ്ങള്‍ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചതിങ്ങനെയാണ്. തന്റെ 'മന'യിലേക്കാള്‍ (അരമനയിലെ മന തന്നെയാവാം മന) എത്ര നന്നായി താന്‍ മനസ്സിലാക്കപ്പെടുന്നു ഇവിടെ എന്ന് ദളിതന്റെ ചെറ്റപ്പുരയില്‍വെച്ച് ആശാന്റെ സാവിത്രി മനസ്സിലാക്കുന്നു. ''എത്രയോ ജന്മംകൊണ്ടെത്തേണ്ടും ദിക്കുഞാ/നെത്രവേഗം വിട്ടിവിടെയെത്തി'' എന്നും ''എന്നെയധഃപതിപ്പിച്ച വിധേ നിന്റെയുന്നമിതെങ്കില്‍ ഞാന്‍ ധന്യയായി'' എന്നും അവള്‍ താനെത്തിച്ചേര്‍ന്ന ഔന്നത്യത്തെ വിവരിക്കുന്നു. ആത്മബോധമുള്ള ദരിദ്രന് എല്ലാ ദാരിദ്ര്യങ്ങളേയും മനസ്സിലാവും. ''എന്നെ ഞാനെങ്ങും പറഞ്ഞയക്കേണ്ടതില്ലെന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും'' എന്ന് കുഞ്ഞുണ്ണി പറഞ്ഞതില്‍  കാവ്യരഹസ്യമുണ്ട്. ഈ പൊക്കം കുറഞ്ഞ എന്നില്‍ എല്ലാവരുടേയും പൊക്കമില്ലായ്മയുണ്ട്, അതറിയുന്നതാണെന്റെ പൊക്കം.

ആശാന്‍ അപമാനങ്ങളറിഞ്ഞത് സ്വന്തം അഭിമാനത്തിനേറ്റ ക്ഷതങ്ങളില്‍നിന്നാണ്. ''കരുതുവതിഹചെയ്യ വയ്യ, ചെയ്യാന്‍ വരുതിലഭിച്ചതില്‍ നിന്നിടാവിചാരം/പരമഹിതമറിഞ്ഞുകൂട, ആയുസ്ഥിരതയുമില്ലതിനിന്ദ്യമീ നരത്വം'' എന്നു തിരിച്ചറിഞ്ഞതിലൂടെ ഇതിനെല്ലാം കൂടുതല്‍ ഇരയായ സ്ത്രീയെ, ശൂദ്രനെ, ദളിതനെ ആശാനറിഞ്ഞു. സ്വയം കത്തിച്ച് കാഞ്ഞു ആശാന്‍. താനനുഭവിച്ച ജാതിപരമായ അവഗണന, തന്നിലെ മഹാഭിമാനിയിലൂടെ (ഈ സവര്‍ണ്ണനില്ലാത്ത എന്താണ് തന്നിലില്ലാത്തത്, തന്നിലുള്ള എന്താണ് ഈ ഏഭ്യന്‍ നമ്പൂതിരിയിലുള്ളത്) തിരിച്ചറിഞ്ഞ് അതിലൂടെ സ്ത്രീയെ അറിഞ്ഞു ആശാന്‍. മലയാളത്തിലെ ആദ്യത്തെ പ്രബുദ്ധരായ സ്ത്രീകള്‍ക്ക് ആശാനാണ് ജന്മം നല്‍കിയത്. ആശാനെപ്പോലൊരു സ്രഷ്ടാവിന്റെ സ്ത്രീകളുടെ അന്തരംഗശോഭ ഏതെങ്കിലുമൊരു മതത്തിന്റെ ദൈവത്തിന് സങ്കല്പിക്കാനാവുമോ? ആര്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ അനര്‍ഹത അവര്‍ക്കായി ആശാന്റെ ദൃഷ്ടിയില്‍ അര്‍ഹത.

മലയാള കവിതയില്‍ രണ്ട് ധാരകളുണ്ട്. വള്ളത്തോളും ആശാനും. സ്ഥൂലദൃഷ്ടിയോ ബാഹ്യദൃഷ്ടിയോ ആയിരുന്നു താരതമ്യേന പദ്യകാരനായ വള്ളത്തോള്‍. സൂക്ഷ്മദൃഷ്ടിയോ അന്തര്‍ദൃഷ്ടിയോ ആയിരുന്നു എല്ലായ്പോഴും കവിയായിരുന്ന ആശാന്‍. വള്ളത്തോളിന് ഉറപ്പ്, ആശാന് സന്നിഗ്ദ്ധത. അതല്ല, അതാണ് എന്ന് വള്ളത്തോള്‍. അതുമല്ല, അതുമാണ് എന്ന് ആശാന്‍. വള്ളത്തോളിന്റെ മഗ്ദലനമറിയം മഗ്ദലനമറിയത്തെപ്പറ്റി. ആശാന്റെ ലീല ലീലയിലൂടെ. അത് അത് മാത്രമായിരുന്നു വള്ളത്തോളില്‍ (ബധിരവിലാപം). അതിലൂടെയായിരുന്നു ആശാന്‍ (വീണപൂവ്). ദേശീയതയുടെ രക്തം തിളപ്പിച്ചുകൊണ്ടിരുന്ന വള്ളത്തോളിനെ നോക്കി ആശാനെഴുതി: ''എന്തിന്ന് ഭാരതധരേ കരയുന്നു പാരതന്ത്ര്യം നിനക്ക് വിധികല്പിതമാണ് തായേ.'' സ്വാതന്ത്ര്യത്തിന്റെ സ്ഥൂലമായ അര്‍ത്ഥമേ വള്ളത്തോളില്‍ പതിയൂ. ''ജനമൊക്കെയുമസ്വതന്ത്രരായ'' നാട്ടില്‍ ഓരോ അസ്വാതന്ത്ര്യവും മറ്റസ്വാതന്ത്ര്യങ്ങളില്‍നിന്നോ അസ്വാതന്ത്ര്യങ്ങളിലേക്കോ.

ജി ശങ്കരക്കുറുപ്പ്
ജി ശങ്കരക്കുറുപ്പ്

വള്ളത്തോള്‍ പാരമ്പര്യം അനീതികളെ സ്ഥൂലമായി ആക്ഷേപിച്ചു, ഉത്സാഹവും ഉന്മേഷവും പകര്‍ന്നു, ഓരോ വാക്കിലും മാന്യത നിലനിര്‍ത്തി. പുറത്തെ ഇരുട്ട് കണ്ടു, അകത്തെ ഇരുട്ട് തൊട്ടതേയില്ല. അപ്പപ്പോള്‍ പ്രതികരിക്കുന്നതൊരു ചുമതലയായും ഹരമായും എടുത്തു. ദ്രുതകര്‍മ്മസേനയെപ്പോലെ പ്രവര്‍ത്തിച്ചു. സ്വീകാര്യത കുറയുന്നില്ലല്ലോ എന്നു സദാ ജാഗ്രത്തായി. ഈ പാരമ്പര്യത്തിന്റെ വലിയ സവിശേഷത അവരുടെ വ്യക്തിപരമായ ഏകാന്തതയോ പാപബോധമോ പരാജയമോ കവിതയില്‍ പ്രത്യക്ഷപ്പെട്ടില്ല എന്നതോ അതിസ്ഥൂലമായി മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എന്നതോ ആണ്. ഭാര്യയ്ക്കും മക്കള്‍ക്കും ആത്മമിത്രങ്ങള്‍ക്കും അഭിമാനകരമല്ലാത്തതൊന്നും അവരില്‍നിന്നുണ്ടായില്ല.

വൈലോപ്പിള്ളി
വൈലോപ്പിള്ളി

ഒ.എന്‍.വി. വന്നപ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ വിളക്ക് കൊളുത്തി ആദരിച്ചതോര്‍മ്മയാവുന്നു. പരിഹാര്യങ്ങളായ ദുഃഖങ്ങളെക്കുറിച്ച് മാത്രം അവര്‍ പാടി. താനിരുന്ന കൊമ്പ് വെട്ടിക്കൊണ്ടിരുന്ന ആത്മവിനാശകമായ ഒരു പാരമ്പര്യം കാളിദാസനിലുണ്ടായിരുന്നു എന്ന് ഒരൈതിഹ്യം നിരീക്ഷിക്കുന്നുണ്ട്. താനിരിക്കുന്നതൊഴിച്ചുള്ള കൊമ്പുകളൊന്നൊന്നായി വീഴുമ്പോള്‍ അപ്പപ്പോള്‍ അത്യുത്സാഹത്തോടെ അവയെക്കുറിച്ച് പാടി വള്ളത്തോള്‍ പാരമ്പര്യം തുടര്‍ന്ന കവികള്‍. ആ പാരമ്പര്യത്തില്‍ ജിയും ഒ.എന്‍.വിയും സച്ചിദാനന്ദനുമൊക്കെ പെടും.

ഒഎന്‍വി
ഒഎന്‍വി

ജിയുടേയും വൈലോപ്പിള്ളിയുടേയും പെരുന്തച്ചനെ താരതമ്യം ചെയ്തുകൊണ്ട് ആത്മാരാമന്റെ ഉജ്ജ്വലമായ ഒരു പഠനമുണ്ട്. പെരുന്തച്ചന്റെ ദുരന്തത്തെ താരതമ്യേന ലാഘവത്തിലാണ് ജി കണ്ടതെന്നും അതുകണ്ട് സഹികെട്ട വൈലോപ്പിള്ളി ആ ദുരന്തത്തെ അതിന്റെ വ്യാപ്തികളോടേയും മുഴുവന്‍ തീവ്രതയോടേയും ഇരുട്ടിനെ നന്നായി പരിചയിച്ച ഒരാള്‍ക്ക് മാത്രം കഴിയുന്ന തിരിച്ചറിവോടേയും 'തച്ചന്റെ മകനില്‍' ആവിഷ്‌ക്കരിച്ചു. ''നിഗ്രഹോത്സുകം സ്‌നേഹവ്യഗ്രമെങ്കിലും ചിത്തം'' എന്നു താന്‍ നേരത്തെ പറഞ്ഞുകഴിഞ്ഞ സംഘര്‍ഷത്തെ കൂടുതല്‍ തീവ്രമായാവിഷ്‌ക്കരിക്കാനുള്ള 'പൊട്ടന്‍ഷ്യാലിറ്റി' ഉണ്ടാ ഐതിഹ്യത്തില്‍ എന്നു കണ്ടു.

സച്ചിദാനന്ദന്‍
സച്ചിദാനന്ദന്‍

അത് കാണാന്‍ ശുഭ്രവസ്ത്രധാരിയായ ജിക്ക് കഴിയുമോ? കയ്പ് പോരാ താങ്കള്‍ക്ക് എന്ന് ജിയെ വാസ്തവനാളമുള്ള ഒരു കൊള്ളിവാക്ക് കൊണ്ടു പ്രശംസിച്ചിട്ടുണ്ട് കയ്പവല്ലരിയില്‍ വൈലോപ്പിള്ളി. നിരീക്ഷകന്റെ 'കൗതുകം' പോര, പരീക്ഷകന്റെ രക്തം വേണം കവിതയില്‍. കവിത അതിന്റെ ഉടലുകൊണ്ട് കവിയെ സാക്ഷ്യപ്പെടുത്തും. അഭിനയം മറ്റേത് സാഹിത്യ രൂപത്തെക്കാളും കവിതയില്‍ പ്രകടമാവും. ഒരുത്തമ പൗരനാണ് ഞാന്‍, 'സൂപ്പര്‍ ഈഗോയാണ്' എപ്പോഴത്തേയും തന്റെ ഈഗോ, എന്നീ പൗരപ്രമുഖര്‍ കവിതകളില്‍ തെളിഞ്ഞുനില്‍ക്കുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നൊരേശു പറഞ്ഞാല്‍ തുരുതുരെ എറിയാന്‍ സഞ്ചി നിറയെ കല്ലുമായി നടക്കുകയാണവര്‍.
ആ പെണ്‍കുട്ടി പ്രചോദനം നേടിയത് കറുത്ത ചായം തേച്ച ഏത് കവിയില്‍നിന്നാണെന്നു ചിന്തിക്കുകയായിരുന്നു ഞാന്‍.

ബാലചന്ദ്രന്‍ ചുള്ളിക്കാട്
ബാലചന്ദ്രന്‍ ചുള്ളിക്കാട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com