മലയാളിയുടെ കുടിയേറ്റചരിത്രം

തൊഴില്‍ തേടിയുള്ള മലയാളിയുടെ അന്യദേശ സഞ്ചാരങ്ങള്‍ നാള്‍വഴികളിലൂടെ
മലയാളിയുടെ കുടിയേറ്റചരിത്രം

ന്നു മലയാളം സംസാരിക്കുന്നവരുടെ എണ്ണം 3,53,46,874 വരും. അതില്‍ 3,30,66,322 പേരാണ് രാജ്യത്തുള്ളത്. 22,80,543 പേര്‍ ഇന്ത്യയ്ക്കു പുറത്തും. രാജ്യത്തുള്ളവരില്‍ 22,62,575 പേര്‍ കേരളത്തിനുപുറത്താണ് താമസം. കേരളത്തില്‍ താമസിക്കുന്നവര്‍ 3,08,03,747. അങ്ങനെയെങ്കില്‍ ആകെയുള്ള മലയാളികളില്‍ 12.86% പേര്‍ കേരളത്തിനു വെളിയിലുള്ള മറുനാടന്‍ മലയാളികളാണെന്നര്‍ത്ഥം. എന്നാല്‍, 1901-ല്‍ മലയാളികളുടെ ആകെ എണ്ണം 65 ലക്ഷത്തോളം വരുമായിരുന്നു. അതില്‍ പഴയ മദ്രാസ് പ്രസിഡന്‍സിയിലെ ഇന്നത്തെ കാസര്‍ഗോഡ് ജില്ല ഉള്‍പ്പെട്ടിരുന്ന സൗത്ത് കാനറ ജില്ലയൊഴികെ കേരളത്തിനു വെളിയിലുള്ള ആകെ മലയാളികളുടെ എണ്ണം 31000 മാത്രമായിരുന്നു. അതില്‍ ഇന്ത്യയ്ക്കു പുറത്ത് 500-ല്‍ താഴെ മാത്രവും. അങ്ങനെ വരുമ്പോള്‍ ആകെ മലയാളികളുടെ 0.5 ശതമാനത്തില്‍ താഴെ മാത്രമാണ് കേരളത്തിനു പുറത്തുണ്ടായിരുന്നത്. അപ്പോള്‍ കഴിഞ്ഞ ഒരു ശതാബ്ദത്തിനുള്ളില്‍ വന്‍തോതിലാണ് മലയാളികളുടെ മറുനാടന്‍ വ്യാപനം നടത്തുന്നത്. ഈ വ്യാപനം എങ്ങനെ ആരംഭിച്ചുവെന്നും എവിടെയെല്ലാമാണ് വ്യാപനം നടന്നത്, അതിന്റെ ഘട്ടങ്ങളേവയെന്നും അന്വേഷണവിധേയമാക്കുകയാണിവിടെ ഉദ്ദേശിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ശക്തിപ്രാപിച്ച പ്രതിഭാസമാണ് കുടിയേറ്റം. പലതരത്തിലുള്ള കുടിയേറ്റങ്ങളുണ്ടെങ്കിലും സാമ്പത്തിക മേന്മ കൈവരിക്കണമെന്ന ലക്ഷ്യത്തോടെ സ്വമേധയാ നടത്തുന്നവയാണ് അവയില്‍ പ്രധാനം. വ്യവസായവിപ്ലവത്തോടെയാണ് അതു വ്യാപകമായിത്തീര്‍ന്നത്. വ്യവസായവിപ്ലവത്തോടെ ആവിര്‍ഭവിച്ച നൂതനമായ തൊഴിലവസരങ്ങള്‍ തേടിയുള്ള പ്രവാഹത്തോടെയാണ് ആധുനിക കാലത്തെ കുടിയേറ്റം ശക്തിയാര്‍ജ്ജിച്ചത്. തൊഴിലവസരങ്ങളാണ് ആള്‍ക്കാരെ കുടിയേറ്റത്തിന് ആകര്‍ഷിക്കുന്ന നിര്‍ണ്ണായക ഘടകം.

ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ ഉതകുന്ന സാഹചര്യങ്ങളെപ്പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്, ജനങ്ങളെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷവും. പ്രഭവകേന്ദ്രങ്ങളില്‍ ഇങ്ങനെയൊരന്തരീക്ഷം വളര്‍ന്നാല്‍ മാത്രമേ കുടിയേറ്റം യാഥാര്‍ത്ഥ്യമാവുകയുള്ളു. വിദ്യാഭ്യാസം ഇതര സ്ഥലങ്ങളിലെ ജനങ്ങളുമായുള്ള സമ്പര്‍ക്കം, സഞ്ചാരം തുടങ്ങിയവയിലൂടെ ജനങ്ങളുടെ മനസ്സില്‍ രൂപം കൊള്ളുന്ന ആശയങ്ങളാണ് അങ്ങനെയൊരന്തരീക്ഷത്തെ വളര്‍ത്തുന്നത്. അതോടെ ജീവിതനിലവാരം ഉയര്‍ത്തണമെന്ന ലക്ഷ്യത്തോടെ കുടിയേറ്റമടക്കമുള്ള നൂതന യത്‌നങ്ങളില്‍ ഏര്‍പ്പെടാന്‍ ആള്‍ക്കാര്‍ പ്രചോദിതരായിത്തീരുന്നു. വേറൊരു വാക്കില്‍ പറഞ്ഞാല്‍ വികസനോന്മുഖ മനോഭാവമാണ് കുടിയേറ്റത്തിലെ നിര്‍ണ്ണായക ഘടകം. ജനസംഖ്യാ വര്‍ദ്ധനവ് അതിന് ഊന്നല്‍ നല്‍കുകയും ചെയ്യും.

കുടിയേറ്റ സാദ്ധ്യതകളും ആഗ്രഹങ്ങളും സന്തുലിതമായാല്‍ത്തന്നെയും ദൂരസ്ഥലങ്ങളില്‍ എത്തിച്ചേരുന്നതിനാവശ്യമായ ഗതാഗത സൗകര്യങ്ങള്‍ വളര്‍ന്നാല്‍ മാത്രമേ കുടിയേറ്റം യാഥാര്‍ത്ഥ്യമാവൂ. മുന്‍കാലങ്ങളില്‍ കുടിയേറ്റം നന്നേ കുറഞ്ഞിരുന്നതുതന്നെ ഗതാഗത സൗകര്യങ്ങളുടെ അഭാവംകൊണ്ടു തന്നെയായിരുന്നു. ആദ്യം തീവണ്ടിയും തുടര്‍ന്നു മോട്ടോര്‍ വാഹനങ്ങളും അതിനുശേഷം വ്യോമയാന സൗകര്യങ്ങളും നിലവില്‍ വരുന്നതിനു മുന്‍പേ, മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാത്രയ്ക്കു ശേഷമേ അന്യസ്ഥലങ്ങളില്‍ എത്തിച്ചേരാന്‍ സാദ്ധ്യമായിരുന്നുള്ളു. അങ്ങനെയുള്ള അവസരങ്ങളില്‍ ആരാണ് കുടിയേറ്റത്തിനു തുനിയുന്നത്? യാത്രാസൗകര്യം പോലെ പരമപ്രധാനമാണ് വിദേശികളെ സ്വീകരിക്കാനുള്ള ആതിഥേയ രാജ്യങ്ങളുടെ സന്നദ്ധതയും. മുന്‍കാലങ്ങളില്‍ വെള്ളക്കാരുടെ കുത്തകയായിരുന്ന രാജ്യങ്ങളില്‍ അന്യരാജ്യക്കാരുടെ പ്രവേശനം തന്നെ നിഷിദ്ധമായിരുന്നതാണ്.

കൊച്ചി നഗരം: 1950കളിലെ ചിത്രം
കൊച്ചി നഗരം: 1950കളിലെ ചിത്രം

കുടിയേറ്റത്തിന്റെ തുടക്കം
നൂറ്റാണ്ടുകളായി പരിമിതമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ മാത്രം സംതൃപ്തരായിരുന്ന  ജനവിഭാഗമായിരുന്നു മലയാളികള്‍. പ്രകൃതിയുടെ കാരുണ്യംകൊണ്ട് എല്ലാ വിഭവങ്ങളും  സുലഭമായിരുന്നു ഇവിടെ. ഇക്കാര്യത്തെപ്പറ്റി 1820-ല്‍ കേരളത്തില്‍ സര്‍വ്വേ നടത്തിയ വാര്‍ഡും കോണറും രേഖപ്പെടുത്തിയിരിക്കുന്നതു തന്നെ ഇതര ദേശങ്ങളിലെ ജനങ്ങളുടേതിലും താഴ്ന്ന തോതില്‍ ഭൗതികാവശ്യങ്ങള്‍ ഉള്ള ഇവര്‍ക്കാവശ്യമായ വിഭവങ്ങളെല്ലാം ഇവിടെ ഉണ്ടെന്നുമാണ് (''the wants and desires of the people are still more limited than those of other natives and with very few exception they supply themselves from their own sources'). സ്വാഭാവികമായും ഇങ്ങനെയുള്ള ഒരു ജനവിഭാഗത്തിന് അന്യദേശങ്ങളില്‍ പോകാന്‍ ആഗ്രഹമുണ്ടാകുമെന്നു തോന്നുന്നില്ല. 1901-ലെ തിരുവിതാംകൂര്‍ സെന്‍സസില്‍ ഇക്കാര്യം അര്‍ത്ഥശങ്കയില്ലാതെ രേഖപ്പെടുത്തയിരിക്കുന്നത് ഇപ്രകാരമാണ്: ''തങ്ങളുടെ കുടുംബത്തോടൊപ്പം ഒട്ടിച്ചേര്‍ന്ന് താമസിക്കുന്ന അവര്‍ക്ക് ആവശ്യമായ വിഭവങ്ങളെല്ലാം അവരവരുടെ വീട്ടുപരിസരത്തു ലഭ്യമായിരിക്കുന്ന സാഹചര്യത്തില്‍ അന്യദേശങ്ങളില്‍ കുടിയേറുന്നതിനുള്ള ആഗ്രഹം അപൂര്‍വ്വമായേ ആവിര്‍ഭവിക്കുകയുള്ളൂ.'' (''They cling to their families and so long as they can eke out an existence in the vicinity of their houses the desire to go abroad rarely occurs'). വെറുതെയല്ല 19-ാം നൂറ്റാണ്ടില്‍ കരീബിയന്‍ ദ്വീപുകളിലും മൗറീഷ്യസിലുമൊക്കെ ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍നിന്നും വന്‍തോതില്‍ കുടിയേറ്റം നടന്നിരുന്ന അവസരത്തില്‍ കേരളീയരില്‍ ആരുംതന്നെ അതിനു തയ്യാറാകാതിരുന്നത്.

കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റ്: 1948ലെ ചിത്രം
കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റ്: 1948ലെ ചിത്രം

എന്നാല്‍, കാലം മാറുന്നതനുസരിച്ച് സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കും. ക്രമേണ കുടിയേറ്റത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ആവിര്‍ഭവിക്കാനും ഇടയായി. അതിനേറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ചത് വിദ്യാഭ്യാസ പുരോഗതിയാണ്. 19-ാം നൂറ്റാണ്ടില്‍ തുടക്കമിട്ട ആധുനിക വിദ്യാഭ്യാസം 20-ാം നൂറ്റാണ്ടായപ്പോഴേയ്ക്കും കേരളത്തില്‍ വ്യാപകമായി. വിദ്യാഭ്യാസ പുരോഗതിയോടൊപ്പം കേരളത്തില്‍നിന്ന് പലരും ഉന്നത വിദ്യാഭ്യാസത്തിനായി മദിരാശിയിലേക്കും തൃശ്ശിനാപ്പള്ളിയിലേക്കും തിരിച്ചു. കൂടാതെ പത്രങ്ങളും ഇതര മാധ്യമങ്ങളും പ്രത്യക്ഷപ്പെടാനും ഇടയായി. അതോടെ സാമ്പത്തിക മേന്മ കൈവരിക്കണമെന്ന മനോഭാവം ആവിര്‍ഭവിക്കുന്നതിനും കളമൊരുങ്ങി. മാത്രമല്ല, അഭ്യസ്തവിദ്യരുടെ ഇടയില്‍ പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെടുന്നതിനു വൈമനസ്യവും വ്യാപകമായിത്തീര്‍ന്നു. പകരം നൂതനമായ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ അവര്‍ ഉല്‍സുകരായിത്തീര്‍ന്നു. 1928-ല്‍ നിയമിതമായ തിരുവിതാംകൂറിലെ തൊഴിലില്ലായ്മ കമ്മിറ്റിയുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം 3,500 തൊഴിലവസരങ്ങളാണ് അഭ്യസ്തവിദ്യരുടെ അഭിഷ്ടമനുസരിച്ചുള്ള തൊഴിലുകള്‍ നല്‍കുന്നതിനു വര്‍ദ്ധിച്ചുവരേണ്ടിയിരുന്നത്. എന്നാല്‍, പ്രതിവര്‍ഷം 1,360 തൊഴിലവസരങ്ങളാണ് ഇവിടെ ആവിര്‍ഭവിച്ചു വന്നിരുന്നത്. തല്‍ഫലമായി പ്രതിവര്‍ഷം 2,140 എന്ന തോതില്‍ തൊഴില്‍രഹിതരുടെ എണ്ണം കൂടിക്കൊണ്ടുമിരുന്നു. അതിനു പരിഹാരമായി അന്യസ്ഥലങ്ങളില്‍ കുടിയേറുന്നതിനുള്ള ഒരു ശുപാര്‍ശയാണ് കമ്മിറ്റി മുന്‍പോട്ടുവച്ചത്.

ഏതാണ്ട് ഇതേ സമയത്തു വാണിജ്യവിളകളുടെ വിലയിലും ഗണ്യമായ വര്‍ദ്ധനയുണ്ടായി. അതു കയറ്റുമതിയില്‍നിന്നും വര്‍ദ്ധിച്ചതോതില്‍ വരുമാനം ലഭിക്കുന്നതിനു ഇടയായി. അതോടെ മെച്ചപ്പെട്ട ജീവിതനിലവാരം കൈവരിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹവും സാധാരണക്കാരുടെ ഇടയില്‍പ്പോലും ഉടലെടുത്തു. മാത്രമല്ല, ആഡംബരവസ്തുക്കളുടെ ഉപയോഗത്തിലും വര്‍ദ്ധനവ് അനുഭവപ്പെട്ടു തുടങ്ങി. അതിനിടയില്‍ സാമ്പത്തികശേഷിയുള്ളവര്‍ വാണിജ്യസ്ഥാപനങ്ങള്‍, വ്യവസായസംരംഭങ്ങള്‍, ബാങ്കിംഗ് കമ്പനികള്‍ തുടങ്ങിയവ സ്ഥാപിച്ച് സാമ്പത്തികശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മുന്‍പോട്ടു വരികയുണ്ടായി. കൃഷിക്കാര്‍പോലും വാണിജ്യവിളകളുടെ കൃഷി വ്യാപിപ്പിക്കുന്നതിനും മുന്‍പോട്ടു വന്നു.

ഇങ്ങനെ, സാമ്പത്തിക വികസനാനുകൂല സാഹചര്യങ്ങള്‍ ആവിര്‍ഭവിച്ചുകൊണ്ടിരുന്ന അവസരത്തില്‍ കേരളത്തില്‍ തീവണ്ടി ഗതാഗത സൗകര്യം വന്നുചേര്‍ന്നു. 1862-ല്‍ത്തന്നെ മദ്രാസില്‍നിന്നും കടലുണ്ടിവരെ തീവണ്ടി ഗതാഗതം തുടങ്ങിയിരുന്നതാണ്. 1907 ആയപ്പോഴേയ്ക്കും അത് മംഗലാപുരം വരെ നീട്ടുകയുണ്ടായി. 1902-ല്‍ ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള തീവണ്ടി ഗതാഗതം സംസ്ഥാപിതമായി. കൂടാതെ 1905-ല്‍ മധുരയില്‍നിന്നും കൊല്ലത്തേയ്ക്കും തുടര്‍ന്ന് 1918-ല്‍ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്കും തീവണ്ടിപ്പാത തുറന്നു. തല്‍ഫലമായി തിരുവനന്തപുരത്തുനിന്നും മദ്രാസ് വരെ എത്തിച്ചേരാന്‍ ഏകദേശം 42 ദിവസം വേണ്ടിയിരുന്ന യാത്രാസമയം വെറും ഒരു ദിവസമായി കുറക്കാനും സാദ്ധ്യമായിത്തീര്‍ന്നു. തീവണ്ടി ഗതാഗതം വന്നതോടെ മലയാളികള്‍ക്കു മദ്രാസില്‍ (ചെന്നൈ) മാത്രല്ല, ഇന്ത്യയിലെവിടേയും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായകരമായി

ഇങ്ങനെ സാഹചര്യങ്ങള്‍ അനുകൂലമായതോടെ കേരളത്തില്‍നിന്നും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേയ്ക്കും വിദേശങ്ങളിലേയ്ക്കുമുള്ള മലയാളികളുടെ വ്യാപനത്തിന്റെ തുടക്കമായിയെന്നു പറയാം. മദ്രാസിലും കോളാറിലും ബോംബെയിലും അഹമ്മദാബാദിലും ഉയര്‍ന്നുവന്ന ഫാക്ടറികളിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേക്കും ധാരാളം മലയാളികള്‍ തൊഴില്‍ ചെയ്യുന്നതിനായി എത്തിച്ചേര്‍ന്നു. 1921-ലെ സെന്‍സസ് അനുസരിച്ച് മലബാറില്‍നിന്നും മദ്രാസ് പ്രസിഡന്‍സിയുടെ വിവിധ ഭാഗങ്ങളില്‍ 38,075 പേരും തിരുവിതാംകൂറില്‍നിന്നു 2,429 പേരും കൊച്ചിയില്‍നിന്നു 9,257 പേരും താമസക്കാരായിത്തീര്‍ന്നു. മാത്രമല്ല, ബോംബെയില്‍ മാത്രം എത്തിയ മലയാളികളുടെ എണ്ണം 1,941 ആയിരുന്നു. മാത്രമല്ല, തിരുവിതാംകൂറില്‍നിന്നും കൊച്ചിയില്‍നിന്നും മാത്രം ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ എത്തിയവരുടെ എണ്ണം 849 ആയിരുന്നു. പഴയ മലബാര്‍ ജില്ല മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നതിനാല്‍ മലബാറില്‍നിന്നുമുള്ള കുടിയേറ്റക്കാരുടെ പ്രത്യേക കണക്ക് ലഭ്യമല്ല.

ഇങ്ങനെ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേക്കുള്ള വ്യാപനം നടന്നുകൊണ്ടിരുന്ന അവസരത്തില്‍ രാജ്യാന്തര വ്യാപനവും ആരംഭിച്ചിരുന്നു. അന്ന് ബ്രിട്ടീഷ് കോളനികളായിരുന്ന ബര്‍മ്മ (മ്യാന്‍മാര്‍)യിലും സിലോണിലും (ശ്രീലങ്ക), മലേഷ്യയിലും ധാരാളം പേര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കുടിയേറിക്കൊണ്ടിരുന്നു. അതിന്റെ ചുവടുവച്ച് കുടിയേറുന്നതിനും മലയാളികളും തയ്യാറായി. തിരുവിതാംകൂറില്‍നിന്നു മാത്രം 5386 പേരും കൊച്ചിയില്‍നിന്നും 4321 പേരും വിദേശരാജ്യങ്ങളില്‍ കുടിയേറുകയുണ്ടായി. അങ്ങനെ കുടിയേറ്റം നടന്നുകൊണ്ടിരുന്ന അവസരത്തില്‍ പ്രത്യകത നിറഞ്ഞ വേറൊരു കുടിയേറ്റവും നടക്കുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം മെസൊപ്പൊട്ടോമിയയുടെ (ഇന്നത്തെ ഇറാഖ്) പുനരുദ്ധാരണത്തിനുവേണ്ടി 138000 വിദഗ്ദ്ധ തൊഴിലാളികള്‍ ഇന്ത്യയില്‍നിന്നും പുറപ്പെടുകയുണ്ടായി. ആ സമയത്തു തിരുവിതാംകൂറില്‍നിന്നു മാത്രം സ്ത്രീകളടക്കം 395 പേര്‍ അങ്ങോട്ടു പുറപ്പെടുകയുണ്ടായി. അതേപ്പറ്റി 1921-ലെ തിരുവിതാംകൂര്‍ സെന്‍സസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നതുതന്നെ ''ഇവിടെനിന്നും മെസൊപ്പൊട്ടോമിയയിലേക്കു പോയവരുടെ എണ്ണം ചൂണ്ടിക്കാണിക്കുന്നത് സ്വല്പം ഉയര്‍ന്ന വേതനം കിട്ടുകയാണെങ്കില്‍ മതമോ ജാതിയോ വംശമോ കുടിയേറ്റത്തിനു തടസ്സമാവില്ലെന്നാണ്'' (If facilities are given for slightly higher remuneration than obtained in India persons are prepared to go abroad without allowing religion or caste or race to stand in their way is evident from the number of people who have gone from the state to Mesopotamia). അപ്പോള്‍ സാമ്പത്തിക മേന്മ കൈവരിക്കുന്നതിനുള്ള സാദ്ധ്യതയാണ് കുടിയേറ്റത്തിന്റെ മുഖ്യഘടകമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നു തോന്നുന്നില്ല.

ഇന്ത്യക്കകത്തുള്ള വ്യാപനം
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്ത്യക്കകത്തുള്ള വ്യാപനം തകൃതിയായി തുടര്‍ന്നുകൊണ്ടിരുന്നു. 1931 ആയപ്പോഴേക്കും 1,16,994 പേരും 1951-ല്‍ 3,43,098 പേരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നു. ഓരോ സംസ്ഥാനത്തും/പ്രവിശ്യയിലും എത്തിയവരുടെ പട്ടികയാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
പട്ടിക : വിവിധ സംസ്ഥാനങ്ങളില്‍ 1931-ലും 1951-ലും എത്തിച്ചേര്‍ന്ന മലയാളികളുടെ എണ്ണം
-----------------------------------------------------------------------------------
പ്രസിഡന്‍സി/സംസ്ഥാനം    1931-ല്‍    1951-ല്‍
-----------------------------------------------------------------------------------
മദ്രാസ് പ്രസിഡന്‍സി    67277    206809
മൈസൂര്‍    8513    38664
കൂര്‍ഗ്    24940    32681
ഹൈദരാബാദ്    270    5235
ബോംബെ    11723    39848
ബംഗാള്‍    305    1955
യുണൈറ്റഡ് പ്രോവിന്‍സ്    396    2001
സെന്‍ട്രല്‍ പ്രോവിന്‍സ്    349    2365
ഡല്‍ഹി    ---    9805    
മറ്റു സംസ്ഥാനങ്ങള്‍    3221    3735            
-----------------------------------------------------------------------------------
    ആകെ    116994    343098

പട്ടികയില്‍ കാണുന്നതുപോലെ 1931-ല്‍ മലയാളികള്‍ ആരുമില്ലാതിരുന്ന ഡല്‍ഹിയില്‍ 1,951 ആയപ്പോഴേയ്ക്കും അവരുടെ എണ്ണം 9,805 ആയും 1931-ല്‍ 11,723 മലയാളികളുണ്ടായിരുന്ന ബോംബെയില്‍ അവരുടെ എണ്ണം 39,848 ആയും ഉയര്‍ന്നു. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ മദ്രാസിലും കൂര്‍ഗിലും മൈസൂറിലും അവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുതന്നെ ഉണ്ടായി. ഇതര സംസ്ഥാനങ്ങളായ ബംഗാള്‍, ഹൈദരാബാദ്, യുണൈറ്റഡ് പ്രോവിന്‍സ്, സെന്‍ട്രല്‍ പ്രോവിന്‍സ് തുടങ്ങിയ സംസ്ഥാനങ്ങളിലും മലയാളികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുകയുണ്ടായി.
ഇങ്ങനെ നടന്ന വ്യാപനത്തില്‍ പഴയ മലബാര്‍ ജില്ലയില്‍നിന്നുമുള്ളവരായിരുന്നു ഭൂരിപക്ഷം പേരും. മലബാര്‍ ബ്രിട്ടീഷിന്ത്യയുടെ ഒരു ഭാഗമായിരുന്നതാണതിന്റെ മുഖ്യകാരണം. തല്‍ഫലമായിട്ടു തന്നെയാണ് മദ്രാസ് പ്രസിഡന്‍സിയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ കുമിഞ്ഞുകൂടിയത്. വാസ്തവത്തില്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും നിരവധി മലയാളികള്‍, മദ്രാസ് നഗരത്തിലും പ്രസിഡന്‍സിയുടെ ഇതര ഭാഗങ്ങളിലും എത്തിച്ചേര്‍ന്നിരുന്നു. മാത്രമല്ല, മലബാറില്‍ നിലനിന്നിരുന്ന ചൂഷണാധിഷ്ഠിതമായ ഭൂവുടമസമ്പ്രദായം അവിടത്തെ കര്‍ഷകരേയും കര്‍ഷകത്തൊഴിലാളികളേറെയും അതീവ ദാരിദ്ര്യത്തിലേയ്ക്കു തള്ളിവിട്ടിരുന്നു. അതില്‍നിന്നും കരകയറുന്നതിനുള്ള ഒരു മാര്‍ഗ്ഗമായിട്ട് മദ്രാസിലെ ഫാക്ടറികളിലും കോളാര്‍ സ്വര്‍ണ്ണഖനിയിലും കാഡൂരിലെ തോട്ടങ്ങളിലും വിവിധ സ്ഥലങ്ങളിലെ റെയില്‍വേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ധാരാളം മലബാറുകാര്‍ കുടിയേറിയിരുന്നു. കൂടാതെ മദ്രാസിലെ പെട്ടിക്കടക്കാരായും ഹോട്ടല്‍ ജീവനക്കാരായും ധാരാളം പേര്‍ ജീവനോപായം നടത്തിയുമിരുന്നു.
അതേയവസരത്തില്‍ തിരുവിതാംകൂറിലും കൊച്ചിയിലും അങ്ങനെ ദുരിതപൂര്‍ണ്ണമായ സ്ഥിതിവിശേഷം സംജാതമായിരുന്നില്ല. തല്‍ഫലമായി തിരുവിതാംകൂറില്‍നിന്നും കൊച്ചിയില്‍നിന്നുമുള്ള കുടിയേറ്റക്കാര്‍ ഉയര്‍ന്ന സാമ്പത്തിക മേന്മ ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് കുടിയേറുന്നതിനു തയ്യാറായത്. തന്നെയുമല്ല, തിരുവിതാംകൂറുകാര്‍ക്കും കൊച്ചിക്കാര്‍ക്കും മദ്രാസിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗത്തിനു അര്‍ഹതയുണ്ടായിരുന്നുമില്ല. തല്‍ഫലമായി അവിടങ്ങളില്‍നിന്നുമുള്ള കുടിയേറ്റക്കാര്‍ താരതമ്യേന കുറവായിരുന്നു. ഈ സംസ്ഥാനങ്ങളില്‍നിന്നുമുള്ള കുടിയേറ്റം ഗണ്യമായി വര്‍ദ്ധിച്ചത് രണ്ടാം ലോകമഹായുദ്ധത്തോടെയാണ്. അന്നു തിരുവിതാംകൂറില്‍നിന്നും പട്ടാളത്തിലും ഇതര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 1.57 ലക്ഷം പേരാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കാന്‍ ഇറങ്ങിത്തിരിച്ചത്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം മറുനാടന്‍ വ്യാപനം ശക്തിയാര്‍ജ്ജിക്കാന്‍ ഉതകുന്ന പല സംഭവങ്ങള്‍ക്കും ഇന്ത്യ സാക്ഷ്യം വഹിക്കുകയുണ്ടായി. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവിതാംകൂറിനേയും കൊച്ചിയേയും ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചത്. അതോടെ ഇന്ത്യയിലെവിടേയും സര്‍ക്കാരുദ്യോഗങ്ങള്‍ വഹിക്കുന്നതിന് തിരുവിതാംകൂറുകാരും കൊച്ചിക്കാരും അര്‍ഹരായിത്തീര്‍ന്നു. രണ്ടാമതായി സാമ്പത്തിക വികസനത്തിനായി ആരംഭിച്ച പഞ്ചവത്സര പദ്ധതികള്‍ ഇന്ത്യയിലുടനീളം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു കാരണമായിത്തീര്‍ന്നു. വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന മലയാളികള്‍ക്കു ഇന്ത്യയുടെ വിവിധ ഭാഗങ്ങില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുവാനിടയായി.
ഇതിന്റെയൊക്കെ അനന്തരഫലമെന്നോണം തൊഴിലന്വേഷകരായ മലയാളികളുടെ വ്യാപനം പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിച്ചു. 1961-ല്‍ ഇതര സംസ്ഥാനങ്ങളിലുണ്ടായിരുന്ന മലയാളികളുടെ എണ്ണം 9.09 ലക്ഷമായും 1991-ല്‍ 21.98 ലക്ഷമായും 2001-ല്‍ 22.06 ലക്ഷമായും ഉയരുകയുണ്ടായി. അങ്ങനെ വരുമ്പോള്‍ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലുള്ള മറുനാടന്‍ മലയാളികള്‍ കേരള ജനതയുടെ 6.25 ശതമാനം വരും. എന്നാല്‍, 1991-നു ശേഷം വ്യാപനം നേരിയ തോതിലാണ് നടക്കുന്നത് എന്നതു ശ്രദ്ധേയമാണ്. ഇതു രാജ്യാന്തര വ്യാപനം ശക്തിയാര്‍ജ്ജിച്ചതിന്റെ ഫലമായിട്ടാണെന്നാണ് വിദഗ്ദ്ധമതം.

ചരിത്രപരവും ഭരണപരവുമായ കാരണങ്ങളാല്‍ തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ മലയാളികളെ ആകര്‍ഷിച്ചിരുന്നത് തമിഴ്നാടായിരുന്നു. എന്നാല്‍, 2001 ആയപ്പോഴേയ്ക്ക് 7,01,673 മലയാളികള്‍ താമസമുറപ്പിച്ച കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ മലയാളി വ്യാപനം നടന്നിരുന്നത്. രണ്ടാം സ്ഥാനത്തേയ്ക്കു വഴുതിപ്പോയ തമിഴ്നാട്ടില്‍ 2001 ആയപ്പോഴേയ്ക്ക് 5,57,705 മലയാളികളാണ് ഉണ്ടായിരുന്നത്. മൂന്നാംസ്ഥാനം നിലനിര്‍ത്തിയ മഹാരാഷ്ട്രയില്‍ 4,05,538 മലയാളികളാണ്   താമസമുറപ്പിച്ചിരിക്കുന്നത്. നാലാം സ്ഥാനത്തെത്തിയ ഡല്‍ഹിയില്‍ 92,009 മലയാളികളും. ഗുജറാത്ത്, മദ്ധ്യപ്രദേശ്, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ആന്‍ഡമാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും മലയാളി വ്യാപനം ശക്തമായിത്തീര്‍ന്നിട്ടുണ്ട്.
ഇതര ഭാഷകള്‍ സംസാരിക്കുന്നവരുടെ സ്‌നേഹാദരങ്ങള്‍ ആര്‍ജ്ജിച്ചുകൊണ്ടാണ് മലയാളി വ്യാപനം മുന്നേറിക്കൊണ്ടിരിക്കുന്നത്. അന്യഭാഷക്കാരുമായി ഒത്തിണങ്ങിപ്പോകുന്നതോടൊപ്പം, ആത്മാര്‍ത്ഥമായും കാര്യക്ഷമമായും തൊഴില്‍ ചെയ്യുന്നതിനുള്ള സന്നദ്ധതയാണവരുടെ വിജയരഹസ്യം. ഇക്കാര്യത്തില്‍ വെളിച്ചം വീശാന്‍ പര്യാപ്തമായ ഒരു പരാമര്‍ശനം 1951-ലെ മൈസൂര്‍ സെന്‍സസ് റിപ്പോര്‍ട്ടില്‍ കാണാവുന്നതാണ്. അതില്‍ രേഖപ്പെടുത്തിയിരിക്കുന്നതു ഇപ്രകാരമാണ്: ''തുളു വിഭാഗക്കാരുടെ പരിശ്രമശീലവും കൊങ്കിണികളുടെ സംരംഭ മനോഭാവവും ഒത്തിണങ്ങിയ അവര്‍ ഏതു ജോലിയും ചെയ്യാന്‍ സന്നദ്ധരുമാണ്. അവസരങ്ങളെവിടെയെങ്കിലും ആവിര്‍ഭവിച്ചാല്‍ അവയെ കണ്ടുപിടിക്കുന്നതിലും അവര്‍ സമര്‍ത്ഥരാണ്'' (''They combine  the hardihood of the Tulu workers, the enterprises of the Konkanies and they are far more catholic in their choice of occupation than either. They discover opportunities everywhere and seize them by their forelock wherever they are found'). വിശ്വസ്തതയോടും കാര്യക്ഷമതയോടും കൂടി ജോലി ചെയ്യുന്ന മനോഭാവമാണ് കേരളീയരെ തങ്ങളുടെ ഓഫീസുകളില്‍ നിയമിക്കാന്‍ ബോംബെയിലെ തൊഴിലുടമകള്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നതെന്നാണ് മൈറോല്‍ബറോന്‍ എന്ന ഗ്രന്ഥകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. (''in the employment of office personnel such as typist, stenographers, accountants and clerks many employers prefer people from Kerala since it has been their experience that they are reliable and efficient office bearers'). കൃത്യനിര്‍വ്വഹണത്തില്‍നിന്നും ഒഴിഞ്ഞുമാറി അവകാശങ്ങള്‍ക്കുവേണ്ടി മുറവിളികൂട്ടുന്ന കേരളത്തിലെ തൊഴിലാളികളുടെ മനോഭാവമല്ല, കേരളത്തിനു പുറത്ത് അവര്‍ പ്രകടിപ്പിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.

സ്വാതന്ത്ര്യലബ്ധിക്കു
മുന്‍പ്

ദൈര്‍ഘ്യമേറിയ കടല്‍ത്തീരമുള്ള ഭൂപ്രദേശമാണ് കേരളം. പൗരാണികകാലം മുതല്‍ വിദേശവ്യാപാരികള്‍ കേരളത്തിലെത്തുകയും വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നതുമാണ്. തന്നെയുമല്ല യവനര്‍, യഹൂദര്‍, ക്നാനായ ക്രിസ്ത്യാനികള്‍, അറബികള്‍ തുടങ്ങിയവര്‍ കേരളത്തില്‍ സ്ഥിരത്താമസക്കാരാവുകയും ചെയ്തിട്ടുണ്ട്. യൂറോപ്യന്മാര്‍ ആദ്യമായി ഇന്ത്യയില്‍ എത്തിയതുതന്നെ 1498-ല്‍ വാസ്‌കോഡ ഗാമ കോഴിക്കോട്ട് വന്നതോടെയാണ്. തുടര്‍ന്നു യൂറോപ്യന്മാര്‍ കേരളത്തില്‍ തുടര്‍ച്ചയായി വന്നുകൊണ്ടേയിരുന്നു. മാത്രമല്ല, 1503-ല്‍ ജോസഫ് എന്ന വൈദികന്‍ കബ്രാളിനോടൊപ്പം നടത്തിയ യൂറോപ്പ് സന്ദര്‍ശനവും 1778 മുതല്‍ 1755 വരെയുള്ള വര്‍ഷങ്ങളില്‍ കരിയാറ്റി മെത്രാപ്പോലീത്തായും പാറേമ്മാക്കല്‍ തോമ്മാക്കത്തനാരും നടത്തിയ യൂറോപ്പ് സന്ദര്‍ശനവും ചരിത്രപ്രസിദ്ധി നേടിയിട്ടുമുണ്ട്. എന്നാല്‍, ഇവയൊഴികെ കേരളത്തില്‍നിന്നു ആരും അന്യദേശങ്ങളില്‍ കുടിയേറിയതോ അല്ലെങ്കില്‍ താമസമുറപ്പിച്ചതോ ആയ ചരിത്ര പാരമ്പര്യങ്ങളൊന്നുമില്ല.

ഇതര നാടുകളില്‍ കുടിയേറുന്നതിനുള്ള തടസ്സങ്ങള്‍, വിദേശ രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശക്തമായി നിലനിന്നിരുന്നതാണതിന്റെ കാരണം.  മാത്രമല്ല, അന്യദേശങ്ങളിലെ ഭാഷ മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ട്, നിയമതടസ്സങ്ങള്‍, യാത്ര നടത്തുന്നതിനുള്ള പ്രയാസങ്ങള്‍ തുടങ്ങിയവ മലയാളികളുടെ രാജ്യാന്തര വ്യാപനത്തിനു തടസ്സം സൃഷ്ടിച്ചിരുന്ന അമേരിക്കന്‍ ഐക്യനാടുകള്‍, ക്യാനഡാ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യാക്കാര്‍ക്കു പ്രവേശനാനുമതി വരെ ഉണ്ടായിരുന്നില്ല.  തന്നെയുമല്ല തൊഴിലവസരങ്ങള്‍ പരിമിതമായ തോതില്‍ മാത്രമാണ് ആവിര്‍ഭവിച്ചിരുന്നതും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മലയാളികളാരും അന്യനാടുകളില്‍ കുടിയേറി താമസിക്കാന്‍ തയ്യാറായില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍, ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും ഇങ്ങനെയുള്ള തടസ്സങ്ങളെല്ലാം മറികടന്നു, ചെറിയ തോതിലെങ്കിലും രാജ്യാന്തര കുടിയേറ്റത്തിനു മലയാളികളും സന്നദ്ധത കാണിച്ചു തുടങ്ങിയെന്നു പറയാം. മുന്‍പു സൂചിപ്പിച്ചതുപോലെ ആദ്യമായി കുടിയേറ്റം നടത്തിയത് 1935 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബര്‍മ്മയിലേക്കായിരുന്നു. 19-ാം നൂറ്റാണ്ടില്‍ ബര്‍മ്മ ബ്രിട്ടീഷ് ആധിപത്യത്തിന്റെ കീഴില്‍ വന്നുചേര്‍ന്നതോടെ ധാരാളം ഇന്ത്യാക്കാരും അങ്ങോട്ടു കുടിയേറിത്തുടങ്ങി. 1881 ആയപ്പോഴേക്കും 24,3123 ഇന്ത്യാക്കാര്‍ ബര്‍മ്മയില്‍ എത്തിയിരുന്നു. അതിന്റെ ചുടവുവച്ച് കുറേ മലയാളികളും ബര്‍മ്മയിലേക്കു തിരിക്കുകയുണ്ടായി. 1901-ലെ സെന്‍സസ് അനുസരിച്ച് അന്ന് 324 മലയാളികളാണ് ബര്‍മ്മയില്‍ എത്തിയിരുന്നത്. അവരുടെ എണ്ണം 1931 ആയപ്പോഴേക്കും 12218 ആയി വര്‍ദ്ധിച്ചിരുന്നു. ഈ സമയമായപ്പോഴേക്കും ഇന്ത്യാ വിരുദ്ധ മനോഭാവം ബര്‍മ്മയില്‍ ശക്തിപ്രാപിച്ചിരുന്നു. അതിനുശേഷം രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്‍ ബര്‍മ്മയെ കൈവശപ്പെടുത്തിയപ്പോള്‍ മലയാളികളെല്ലാം തന്നെ തിരികെപ്പോരുകയാണുണ്ടായത്. കാല്‍നടയായി ആസ്സാമിലെ ഘോരവനത്തിലൂടെ വളരെ ക്ലേശിച്ചാണ് മലയാളികളേറെയും തിരിച്ചെത്തിയത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ വളരെയേറെ മലയാളികള്‍ കുടിയേറിയ ഒരു രാജ്യമാണ് സിലോണ്‍ (ശ്രീലങ്ക). മലയാളി കുടിയേറ്റം ശക്തിയാര്‍ജ്ജിച്ചിരുന്ന അവസരത്തില്‍, സിലോണില്‍ ഇന്ത്യാവിരുദ്ധ മനോഭാവവും വളര്‍ന്നിരുന്നു. മലയാളികള്‍ സിംഹളരുടെ തൊഴില്‍ സാദ്ധ്യതകള്‍ക്കു ഭീഷണിയാണെന്ന കാരണത്താല്‍ മലയാളി വിരുദ്ധ മനോഭാവവും ശക്തിപ്രാപിച്ചിരുന്നു. തുടര്‍ന്ന് മലയാളികളെല്ലാവരും തന്നെ തിരികെപ്പോരുകയാണുണ്ടായത്.
ഇന്ത്യയില്‍നിന്നും വന്‍തോതില്‍ കുടിയേറ്റം നടത്തിയിട്ടുള്ള രണ്ടു രാജ്യങ്ങളാണ് മലേഷ്യയും സിങ്കപ്പൂരും. ഇവ രണ്ടും ബ്രിട്ടീഷ് ആധിപത്യത്തില്‍ വന്നതോടെ ഇന്ത്യയില്‍നിന്നുമുള്ള കുടിയേറ്റവും ആരംഭിച്ചു. അങ്ങനെ 1881-ല്‍ 44040 -ഉം 1901-ല്‍ 119000-ഉം 1931-ല്‍ 621847-ഉം ഇന്ത്യക്കാര്‍ ഈ രണ്ടു രാജ്യങ്ങളിലുമായി താമസമുറപ്പിച്ചിരുന്നു. ഭൂരിപക്ഷം ഇന്ത്യാക്കാരും തമിഴ് വംശജരായിരുന്നുവെങ്കിലും മലയാളികളും അവിടെ എത്തിയിരുന്നു. അവരുടെ എണ്ണം 1921-ല്‍ 1719-ഉം 1947-ല്‍ 44339-ഉം ആയും വര്‍ദ്ധിക്കുകയുണ്ടായി. തുടക്കം മുതല്‍ ക്ലാര്‍ക്കുമാര്‍, ജൂനിയര്‍ സൂപ്പര്‍വൈസര്‍മാര്‍, സാങ്കേതിക തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളില്‍ ഗവണ്‍മെന്റ് സര്‍വ്വീസിലും സ്വകാര്യ കമ്പനികളിലുമാണ് ഭൂരിപക്ഷം മലയാളികളും തൊഴില്‍ ചെയ്തിരുന്നത്. ഭൂരിപക്ഷം മലയാളികളും പൗരത്വം സ്വീകരിച്ച് അവിടങ്ങളില്‍ സ്ഥിരത്താമസക്കാരായി തീര്‍ന്നിരിക്കുകയാണ്. ഒരു മലയാളിയായ ദേവന്‍ നായര്‍ സംഗപ്പൂരിലെ പ്രസിഡന്റുമായിത്തീര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ മലേഷ്യന്‍ പ്രധാനമന്ത്രി മുഹാദ്ദീര്‍ മുഹമ്മദിന്റെ മുത്തച്ഛന്‍ മലേഷ്യയില്‍ കുടിയേറിയ ഒരു മലയാളിയുമാണ്.

ഗള്‍ഫ് മേഖല മലയാളികളുടെ വാഗ്ദത്ത ഭൂമി
പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലകളിലെ ഐക്യ ആരബ് എമിറേറ്റസ്, ബഹറൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഇപ്പോള്‍ പല രാജ്യങ്ങളില്‍നിന്നും ധാരാളം ആള്‍ക്കാരെ തൊഴില്‍ ചെയ്യുന്നതിനു ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. എണ്ണയുല്‍പ്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ രാജ്യങ്ങള്‍ 1970-കളില്‍ ആരംഭിച്ച ബൃഹത്തായ വ്യവസായവല്‍ക്കരണത്തിന് ആവശ്യത്തിനു തദ്ദേശത്തൊഴിലാളികളെ ലഭ്യമല്ലാതെ വന്നുചേര്‍ന്നു. അതോടെ അന്യരാജ്യങ്ങളിലെ തൊഴിലാളികളെ അവര്‍ക്കു ആശ്രയിക്കേണ്ടതായിത്തീര്‍ന്നു. മാത്രമല്ല, സാമ്പത്തിക പുരോഗതി കൈവരിച്ചതോടെ തദ്ദേശീയരുടെ ഇടയില്‍ വളര്‍ന്നുവന്ന ഉപഭോക്തൃ സംസ്‌കാരവും അന്യരാജ്യത്തൊഴിലാളികളുടെ സേവനം വിളിച്ചുവരുത്തിയിട്ടുണ്ടെന്നു പറയാം. തല്‍ഫലമായി ഇന്ത്യയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്നും ധാരാളം തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിച്ചേരുവാനിടയായി.

വാസ്തവത്തില്‍ മുന്‍പു സൂചിപ്പിച്ചതുപോലെ ഗള്‍ഫ് മേഖലയിലേക്കുള്ള കുടിയേറ്റം ഒന്നാം ലോക മഹായുദ്ധം അവസാനിച്ചപ്പോള്‍ തുടക്കമിട്ടതാണ്. തുടര്‍ന്നു പാശ്ചാത്യ രാജ്യങ്ങള്‍ അവിടെ സ്ഥാപിച്ച എണ്ണക്കമ്പനികളില്‍ ഇന്ത്യാക്കാരും ജോലി തേടി എത്തിയിരുന്നു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ അവസരത്തില്‍ 13777 ഇന്ത്യാക്കാര്‍ വിവിധ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ താമസക്കാരായിത്തീര്‍ന്നിരുന്നു. എന്നാല്‍, 1970-കളില്‍ വന്‍തോതിലുള്ള കുടിയേറ്റം ആരംഭിച്ചതോടെയാണ് വളരെയേറെ ഇന്ത്യാക്കാരും ഗള്‍ഫില്‍ എത്തിച്ചേര്‍ന്നത്. അവരുടെ സംഖ്യ 1978 ആയപ്പോഴേക്കും 214000 ആയി വര്‍ദ്ധിച്ചിരുന്നു. തുടര്‍ന്ന് അവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഏകദേശം 45 ലക്ഷം ഇന്ത്യാക്കാര്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ള കുടിയേറ്റം നടക്കുന്നുണ്ടെങ്കിലും കേരളത്തില്‍നിന്നാണ് എറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കുടിയേറിക്കൊണ്ടിരിക്കുന്നത്. അതിനു പല കാരണങ്ങളും ചൂണ്ടിക്കാണിക്കാനാവും. കേരളത്തില്‍ നിലനില്ക്കുന്ന തൊഴിലില്ലായ്മയാണ് മുഖ്യകാരണം. കേരളവും വിവിധ അറബി രാജ്യങ്ങളുമായി നിലനിന്നിരുന്ന ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധമാണ് വേറൊരു പ്രധാന കാരണം. കൂടാതെ ഇന്ത്യന്‍ നാണയത്തിന്റെ വിലയിടിവാണ് വന്‍തോതിലുള്ള ഈ കുടിയേറ്റത്തിന്റെ വേറൊരു മുഖ്യകാരണം. ഇന്നു ഏകദേശം 70 രൂപയാണ് ഒരു ഡോളറിന്റെ വിനിമയ നിരക്ക്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്ന അവസരത്തില്‍ അതു ഏകദേശം 3.5 രൂപ മാത്രമായിരുന്നു. അതിനുശേഷം നടന്ന വിലയിടിവിന്റെ ഫലമായി കൂടുതല്‍ ഉറുപ്പിക നല്‍കിയാലേ ഡോളറും മറ്റു വിദേശ നാണയങ്ങളും ലഭ്യമാവൂ എന്ന അവസ്ഥ വന്നുചേര്‍ന്നു. അതോടെ ഗള്‍ഫിലെ ശമ്പളം കുറവാണെങ്കില്‍ത്തന്നെയും അതു വിനിമയം നടത്തുമ്പോള്‍ ഏകദേശം 70 ഇരട്ടിത്തുകയാണ് കേരളത്തില്‍ ലഭ്യമാവുക. ഇങ്ങനെയുള്ള അനുകൂല സാഹചര്യങ്ങളുടെ വെളിച്ചത്തിലാണ് ധാരാളം മലയാളികള്‍ ഗള്‍ഫിലേയ്ക്കു പുറപ്പെട്ടത്. അങ്ങനെ ഗള്‍ഫ് രാജ്യങ്ങള്‍ കേരളീയരുടെ ഒരു തരത്തിലുള്ള വാഗ്ദത്ത ഭൂമിയായി തീര്‍ന്നുവെന്നു പറയാം.     എന്നാല്‍, എത്രമാത്രം മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിയിട്ടുള്ളതു എന്നതിനെപ്പറ്റി വ്യക്തമായ കണക്കുകളൊന്നും തന്നെയില്ല.  കേരള സര്‍ക്കാര്‍ നടത്തിയ ഒരു സര്‍വ്വേയനുസരിച്ച് 1980-ല്‍ 1.86 ലക്ഷം കേരളീയര്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടിയേറിയിരുന്നു. അതിനുശേഷം കുടിയേറ്റം തുടര്‍ന്നുകൊണ്ടേയിരുന്നു. 2011 ആയപ്പോഴേക്കും ഏകദേശം 20 ലക്ഷം മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നു കണക്കാക്കിയിരിക്കുന്നു.
ഓരോ രാജ്യത്തുമുള്ള മലയാളികളുടെ എണ്ണത്തിന്റെ കണക്കാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.

പട്ടിക - 2 വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ള മലയാളികള്‍
ഐക്യ അറബ് എമിറേറ്റസ്    -    883313
സൗദി അറേബ്യ    -    574739
ഒമാന്‍    -    195300
ബഹറിന്‍    -    101556
കുവൈറ്റ്    -    127752
ഖത്തര്‍    -    148428
        ---------
ആകെ    -    2031078
        =========    
എന്നാല്‍, അടുത്തകാലത്തു ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിച്ചു വരുന്ന സ്വദേശവല്‍ക്കരണത്തിന്റെ ഫലമായി ഗള്‍ഫ് മലയാളികളുടെ എണ്ണത്തില്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് വസ്തുത.
ആദ്യകാല കുടിയേറ്റക്കാരിലേറെയും നിര്‍മ്മാണമേഖല തൊഴിലാളികളായിരുന്നു. കൂടാതെ ഗാര്‍ഹിക തൊഴിലാളികളും നഴ്സുമാരുംകൂടി വന്നുകൊണ്ടിരുന്നു. തുടര്‍ന്നു സാങ്കേതിക വൈദഗ്ദ്ധ്യമുള്ള തൊഴിലാളികള്‍, എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവരുടെ ഊഴമായി. ഒടുവിലായി വ്യാപാരികളും ബിസിനസ്സുകാരും രംഗത്തെത്തി.
പല പ്രത്യേകതകളും നിറഞ്ഞതാണ് ഗള്‍ഫിലെ കുടിയേറ്റം. ഒന്നാമതായി സ്ഥിരത്താമസത്തിനുള്ള അവകാശം ലഭ്യമല്ല തന്നെ. കുടിയേറ്റക്കാര്‍ കുറേ നാളത്തെ സേവനത്തിനു ശേഷം കേരളത്തിലേയ്ക്കു തിരികെ വരേണ്ടിയിരിക്കുന്നു. സ്ഥിരത്താമസത്തിനുള്ള അവകാശത്തിന്റെ അഭാവത്തില്‍ സ്ത്രീകളെ നാട്ടില്‍ നിറുത്തിയിട്ടു പുരുഷന്മാരാണ് പോകുന്നതിലധികവും. രണ്ടാമതായി കുടിയേറ്റക്കാര്‍ക്കു രാഷ്ട്രീയ അവകാശം ഇല്ലെന്നു മാത്രമല്ല, സാമൂഹ്യ - സുരക്ഷാ സംരക്ഷണത്തിനും വേണ്ടത്ര അവകാശം ലഭിക്കുന്നില്ല. മൂന്നാമതായി തദ്ദേശവാസികളുമായി സഹകരിച്ചേ ഏതെങ്കിലും ബിസിനസ്സ് നടത്താനും അവകാശമുള്ളു.
ഗള്‍ഫിലെ കുടിയേറ്റം പലരീതിയിലും കേരളത്തിനു അനുഗ്രഹീതമായ ഒന്നാണ്. ഒന്നാമതായി തൊഴിലില്ലായ്മ രൂക്ഷതരമായ കേരളത്തിലെ തൊഴില്‍മേഖലയ്ക്കു ആശ്വാസം നല്‍കുന്നതില്‍ ഒരു നല്ല പങ്കുവഹിച്ചുവരുന്നു. രണ്ടാമതായി കുടിയേറ്റക്കാര്‍ തങ്ങളുടെ വരുമാനത്തില്‍ ഒരു ഭാഗം കേരളത്തിലേയ്ക്കയച്ചുകൊണ്ടാണിരിക്കുന്നത്. ഇതുമൂലം ഒരു വന്‍സംഖ്യയാണ് ആണ്ടുതോറും കേരളത്തിനു ലഭ്യമാകുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് പ്രതിവര്‍ഷം ഏകദേശം 75000 കോടി രൂപയാണ് കേരളത്തില്‍ വന്നുചേരുന്നത്. അതു കേരളത്തിന്റെ മൊത്ത വരുമാനത്തിന്റെ 25 ശതമാനത്തില്‍ കവിയും.

ഈ പണപ്രവാഹം കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനമാണ് ചെലുത്തിവരുന്നത്. ഗള്‍ഫ് പണപ്രവാഹം ആരംഭിക്കുന്ന സമയത്ത് കേരളത്തിലെ പ്രതിശീര്‍ഷ വരുമാനം അഖിലേന്ത്യാതലത്തിലും വളരെ താഴെയായിരുന്നു. എന്നാല്‍, ഇന്നിപ്പോള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹരിയാന ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലേയും പ്രതിശീര്‍ഷ വരുമാനത്തിലും ഉയര്‍ന്നതാണ് കേരളത്തിലേത്. വരുമാന വര്‍ദ്ധനവോടെ ദാരിദ്ര്യത്തെ തുടച്ചു മാറ്റുന്നതിനും സമ്പദ്‌സമൃദ്ധി കൈവരിക്കുന്നതിനും കേരളത്തിനു സാദ്ധ്യമായിട്ടുണ്ട്. മാത്രമല്ല, നല്ലയിനം കെട്ടിടങ്ങള്‍, വിലകൂടിയ വിമാനങ്ങള്‍, നൂതനമായ ഗൃഹോപകരണങ്ങള്‍ എന്നിവ ഏറ്റവും കൂടുതലായി ഉപയോഗപ്പെടുത്തുന്നതും കേരളത്തിലാണ്. തന്നെയുമല്ല, ഉപഭോക്തൃ ആവശ്യങ്ങള്‍ക്ക് ആനുപാതികമായി ഏറ്റവും കൂടുതല്‍ ചെലവു നടത്തുന്ന സംസ്ഥാനം കൂടിയാണ് കേരളം. തല്‍ഫലമായി കേരളം ഇന്നൊരു ഉപഭോക്തൃ സംസ്ഥാനമായി രൂപാന്തരപ്പെട്ടിരിക്കുകയുമാണ്. അതേയവസരത്തില്‍ അറേബ്യന്‍ മണലാരണ്യത്തില്‍ പ്രവാസി മലയാളികള്‍ എല്ലുമുറിയെ പണിയെടുക്കുന്നതിന്റെ ഫലമായിട്ടാണ് കേരളം ഇങ്ങനെ സുഭിക്ഷതയില്‍ ആറാടുന്നതെന്ന കാര്യം ഏവരും വിസ്മരിക്കുന്നപോലെ തോന്നുന്നു.  

അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളി സാന്നിദ്ധ്യം
ഇന്നു ഏറ്റവും കൂടുതല്‍ വിദേശ ഇന്ത്യാക്കാര്‍ താമസമുറപ്പിച്ചിരിക്കുന്ന രാജ്യമാണ് അമേരിക്കന്‍ ഐക്യനാടുകള്‍. എന്നാല്‍ 1946 വരെ ഇന്ത്യാക്കാര്‍ക്കു പൗരത്വം നിഷിദ്ധമായിരുന്ന ഒരു രാജ്യമാണ് അമേരിക്ക. അതിനുശേഷം പ്രതിവര്‍ഷം 100 ഇന്ത്യാക്കാര്‍ എന്ന ക്വോട്ടയനുസരിച്ചാണ് പൗരത്വം നല്‍കിത്തുടങ്ങിയത്. 1965-നുശേഷമാണ് ഇന്ത്യാക്കാര്‍ വ്യാപകമായ തോതില്‍ അമേരിക്കയില്‍ കുടിയേറിത്തുടങ്ങിയത്. 2012-ലെ സെന്‍സസ് അനുസരിച്ച് 45 ലക്ഷത്തോളം ഇന്ത്യന്‍ വംശജരാണ് അമേരിക്കയില്‍ താമസക്കാരായിട്ടുള്ളത്. പൗരത്വവും രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദനീയമാണെന്നുള്ളതാണ് അമേരിക്കന്‍ കുടിയേറ്റത്തിന്റെ പ്രത്യേകത. അതോടെ രാഷ്ട്രീയരംഗത്തു തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കാന്‍ ഇന്ത്യാക്കാര്‍ക്കു സാധിച്ചിട്ടുമുണ്ട്. 1956-ല്‍ അമേരിക്കന്‍ പ്രതിനിധിസഭയില്‍ അംഗമായിത്തീര്‍ന്ന ദിലീപ് സിങ് സൗണ്ട് ആണ് ആദ്യമായി രാഷ്ട്രീയരംഗത്തു പ്രശോഭിച്ച ഇന്ത്യാക്കാരന്‍. അതിനുശേഷം ലൂയിസിയാന ഗവര്‍ണ്ണറായിത്തീര്‍ന്ന ബോബി ജിന്‍ഡല്‍ ഇപ്പോള്‍ അമേരിക്കയുടെ യു.എന്‍ അംബാസിഡറായ നിക്കി ഹേലി, അമേരിക്കന്‍ സെനറ്റില്‍ അംഗമായ കമലാ ഹാരിസ് തുടങ്ങിയവരാണ് രാഷ്ട്രീയരംഗത്തു ശോഭിക്കുന്ന ഇന്ത്യാക്കാര്‍. നൊബേല്‍ സമ്മാനാര്‍ഹരായ പല ഇന്ത്യക്കാരും അമേരിക്കയില്‍ സ്ഥിരത്താമസക്കാരായിട്ടുമുണ്ട്.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് മലയാളികളാരും അമേരിക്കയില്‍ സ്ഥിരത്താമസക്കാരായിരുന്നില്ല. ഒരു മലയാളി പുരോഹിതനായിരുന്ന ഫാ. ജോണ്‍ ചിറമേലാണ് ആദ്യമായി അമേരിക്കയിലെത്തിയതെന്നു കരുതപ്പെടുന്നു. അതിനുശേഷം 1952-ല്‍ ഫാ. മാത്യു തെക്കേക്കര എന്ന വൈദികനാണ് ആദ്യകാല കുടിയേറ്റക്കാരില്‍ പ്രമുഖന്‍. അദ്ദേഹം അമേരിക്കയിലെ നാസായില്‍ പ്രതിരോധ ഉപദേഷ്ടാവ് വരെയായിത്തീര്‍ന്നു. അമേരിക്കയിലേയ്ക്കുള്ള മലയാളി പ്രവാഹം ശക്തിയാര്‍ജ്ജിച്ചത് 1965-ല്‍ കുടിയേറ്റ നിയമങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ്. 1981 ആയപ്പോഴേക്കും ഏകദേശം 35000 മലയാളികള്‍ അവിടെ എത്തിയിരുന്നു. അതിനുശേഷം കുടിയേറ്റം പൂര്‍വ്വാധികം ശക്തിപ്രാപിക്കുകയുണ്ടായി. ഇപ്പോള്‍ ഏകദേശം ആറ് ലക്ഷം മലയാളികള്‍ അമേരിക്കയിലുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് അമേരിക്കയില്‍ കുടിയേറിയിരിക്കുന്നത്. 1980-കളിലെ ഒരു കണക്കനുസരിച്ച് അമേരിക്കയില്‍ എത്തിയ മലയാളികളില്‍ 94 ശതമാനം ഹൈസ്‌കൂള്‍ വരെയും 55 ശതമാനം കോളേജു തലം വരെയും വിദ്യാഭ്യാസം നടത്തിയിട്ടുള്ളവരാണ്. അവരുടെ കൂട്ടത്തില്‍ സാങ്കേതിക വിദഗ്ദ്ധര്‍, ഗവേഷകര്‍, നഴ്സുമാര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണേറെയും. മൊത്തത്തില്‍ സാമൂഹ്യപരമായും സാമ്പത്തികമായും ഉയര്‍ന്ന നിലവാരമുള്ളവരാണ് മലയാളികളിലേറെയും. അമേരിക്കയിലെത്തിയ പല മലയാളികളും തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരുമാണ്. ശശി തരൂര്‍, വിനോദ് തോമസ്, കെ.സി. സക്കറിയ തുടങ്ങിയവര്‍ക്ക് അമേരിക്കയില്‍ താമസത്തിനിടയിലാണ് തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കാനായത്. ഇപ്പോള്‍ അമേരിക്കന്‍ പ്രതിനിധിസഭയിലെ അംഗമായ പ്രമീള ജയപാല്‍ രാഷ്ട്രീയരംഗത്തു ശോഭിക്കുന്ന ഒരു മലയാളി വനിതയാണ്.

ബ്രിട്ടനിലെ മലയാളി വ്യാപനം
ബ്രിട്ടീഷുകാര്‍ ഏകദേശം രണ്ടു നൂറ്റാണ്ടുകളോളം ഇന്ത്യയെ തങ്ങളുടെ ഒരു കോളനിയായി ഭരിക്കുകയും ധാരാളം ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നു താമസിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സൈന്യസേവനത്തിനു ചില ഇന്ത്യാക്കാര്‍ ഇംഗ്ലണ്ടില്‍ താമസിച്ചിരുന്നതല്ലാതെ ഇന്ത്യാക്കാര്‍ അവിടെ സ്ഥിരത്താമസക്കാരായ ചരിത്രം പൊതുവേ വിരളമാണ്. ബ്രിട്ടീഷുകാരുടെ ഇംപീരിയന്‍ നയങ്ങളും വംശീയദാര്‍ഢ്യവുമാണ് ഇന്ത്യാക്കാരെ ബ്രിട്ടനില്‍ പോകുന്നതില്‍നിന്നും പിന്‍തിരിപ്പിച്ചിരുന്നത്. എന്നിരുന്നാലും കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായ ദാദാബായ് നവറോജി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒരംഗമായ ചരിത്രവുമുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ വെറും 7128 ഇന്ത്യാക്കാര്‍ മാത്രമാണ് ബ്രിട്ടനില്‍ താമസക്കാരായി ഉണ്ടായിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇംഗ്ലണ്ടില്‍ അനുഭവപ്പെട്ട തൊഴിലാളി ദൗര്‍ലഭ്യവും ബ്രിട്ടന്‍ സ്വീകരിച്ച പുതിയ ആരോഗ്യസംരക്ഷണ നയവുമാണ് ഇന്ത്യാക്കാരെ അങ്ങോട്ട് ആകര്‍ഷിക്കാന്‍ ഇടയായത്. അതോടെ കുറേ പഞ്ചാബികള്‍ ഇംഗ്ലണ്ടില്‍ കുടിയേറുകയുണ്ടായി. കൂടാതെ ഡോക്ടറന്മാര്‍, എന്‍ജിനീയര്‍മാര്‍, ടെക്നീഷ്യന്മാര്‍, നഴ്സുമാര്‍ തുടങ്ങിയവരും ഇംഗ്ലണ്ടില്‍ എത്തിച്ചേര്‍ന്നു. അതിനുശേഷം കുറേ ബിസിനസ്സുകാരും ആഗതരായി. സ്വരാജ് പോള്‍, ലക്ഷ്മികാന്ത് മിറ്റല്‍ തുടങ്ങിയവര്‍ അങ്ങനെയുള്ള ബിസിനസ്സുകാരില്‍ പ്രമുഖരാണ്. ഇപ്പോള്‍ ഏകദേശം 14.51 ലക്ഷം ഇന്ത്യന്‍ വംശജര്‍ ഇംഗ്ലണ്ടില്‍ താമസമുറപ്പിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടിയാണ് മലയാളികള്‍ ബ്രിട്ടനില്‍ തുടക്കം മുതല്‍ എത്തിച്ചേര്‍ന്നത്. ആദ്യകാലത്തു ഇംഗ്ലണ്ടില്‍ പോയി വിദ്യാഭ്യാസം നടത്തിയവരില്‍ ഒരു പ്രമുഖനാണ് മാതൃഭൂമി പത്രം സ്ഥാപിച്ച കെ.പി. കേശവമേനോന്‍. അതിനുശേഷം സാമ്പത്തിക വിദഗ്ദ്ധനായ ഡോ. പി.ജെ. തോമസ്, നയതന്ത്ര വിദഗ്ദ്ധന്മാരായ കെ.പി.എസ്. മേനോന്‍, സര്‍ദാര്‍ കെ.എം. പണിക്കര്‍, തിരുവിതാംകൂറിലെ സര്‍ജന്‍ ജനറലായിരുന്ന ഡോ. മേരിപുന്നന്‍ ലൂക്കോസ്, സ്വാതന്ത്ര്യസമര സേനാനിയും മുന്‍ പ്രതിരോധ മന്ത്രിയുമായിരുന്ന വി.കെ. കൃഷ്ണമേനോന്‍, മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് കെ.ആര്‍. നാരായണന്‍, സാമ്പത്തിക വിദഗ്ദ്ധനായ കെ.എന്‍. രാജ് തുടങ്ങിയവര്‍ ഉള്‍പ്പെടും.
ഇന്ത്യയില്‍നിന്നും മൊത്തത്തില്‍ നടന്നതുപോലെ സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് മലയാളികളുടെ വ്യാപനവും നടന്നത്. മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്സിംഗ്, എന്‍ജിനീയറിംഗ്, സാങ്കേതികത്തൊഴിലാളികള്‍ തുടങ്ങിയവരാണ് മലയാളികളിലേറെയും. ചെറിയ തോതില്‍ ബിസ്സിനസുകാരേയും മലയാളികളുടെ കൂട്ടത്തില്‍ കാണാന്‍ കഴിയും. ശരാശരി ബ്രിട്ടീഷുകാരില്‍നിന്നും ഉയര്‍ന്ന തോതില്‍ പ്രതിശീര്‍ഷ വരുമാനം നേടുന്നവരാണ് മലയാളികളേറെയും. ഇപ്പോള്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ മലയാളികള്‍ ബ്രിട്ടനിലുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. പ്രാഗത്ഭ്യം തെളിയിച്ച മലയാളികളുടെ കൂട്ടത്തില്‍ ക്രൊയിഡോന്‍ (Croydon) മേയറായിരുന്ന മഞ്ചു ഷാഹൂല്‍ ഹമീദ് എന്ന തിരുവനന്തപുരംകാരിയും ഉള്‍പ്പെട്ടു.

ഇതര രാജ്യങ്ങള്‍
വെള്ളക്കാര്‍ക്കുമാത്രം പ്രവേശനമുണ്ടായിരുന്ന ആസ്ട്രേലിയ ഇപ്പോള്‍ ഇന്ത്യന്‍ സാന്നിദ്ധ്യം കൊണ്ടു സജീവമാണ്. 2011-ലെ സെന്‍സസ് അനുസരിച്ച് 455384 ഇന്ത്യാക്കാര്‍ ആസ്ട്രേലിയായില്‍ എത്തിയിട്ടുണ്ട്. ഇന്ത്യാക്കാരില്‍ ഹിന്ദി സംസാരിക്കുന്നവരാണ് ഭൂരിപക്ഷം. എന്നാല്‍, 53206 പേരുള്ള മലയാളി സാന്നിദ്ധ്യവും സജീവമാണ്. 1970 മുതല്‍ മലയാളികള്‍ അവിടെ എത്തിത്തുടങ്ങിയെങ്കിലും മലയാളി വ്യാപനം സജീവമായതു 2006-നു ശേഷമാണ്. ആസ്ട്രേലിയന്‍ കുടിയേറ്റക്കാരില്‍ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. മലയാളികളില്‍ മുന്നില്‍ രണ്ടു ഭാഗം ക്രൈസ്തവരും നാലില്‍ ഒരു ഭാഗം ഹൈന്ദവരുമാണ്. ഇന്ത്യയിലെ ആസ്ട്രേലിയന്‍ അംബാസിഡറായിരുന്ന പീറ്റര്‍ വറുഗീസ് കേരളത്തില്‍നിന്നും 1970-കളില്‍ കുടിയേറിയ ഒരു മലയാളി കുടുംബത്തിലെ അംഗമാണ്.

ഇന്ത്യാക്കാര്‍ക്കു പ്രവേശനമില്ലാതിരുന്ന ഒരു രാജ്യമായിരുന്നു കാനഡ. അവിടെ ഇപ്പോള്‍ 137471 ഇന്ത്യക്കാര്‍ താമസക്കാരായിട്ടുണ്ട്. 1895 മുതല്‍ ഇന്ത്യാക്കാര്‍ കാനഡയില്‍ കുടിയേറിത്തുടങ്ങിയെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് അതു ശക്തിയാര്‍ജ്ജിച്ചതും. എന്നാല്‍, മലയാളികള്‍ ഗണ്യമായി കുടിയേറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അവരുടെ എണ്ണം 18000-ത്തോളം മാത്രമേ വരുന്നുള്ളു.

അടുത്തകാലത്തു ധാരാളം മലയാളികള്‍ കുടിയേറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ന്യൂസിലണ്ട്, ഫിലിപ്പൈന്‍സ്, ദക്ഷിണാഫ്രിക്ക തുടങ്ങിയവ ഉള്‍പ്പെടുന്നു. കൂടാതെ യൂറോപ്പിലെ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ആസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലും ധാരാളം മലയാളികള്‍ താമസക്കാരായിട്ടുണ്ട്. നൈജീരിയ, എത്തിയോപ്പിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിലും ധാരാളം മലയാളികള്‍ അദ്ധ്യാപകന്മാരായി എത്തിയിരുന്നതാണ്. പ്രസ്തുത രാജ്യങ്ങളില്‍ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മിക്കവാറും എല്ലാ മലയാളികളും തിരികെപ്പോരുകയുണ്ടായി. കൂടാതെ ജര്‍മ്മനിയിലെത്തിയ ചെമ്പകരാമന്‍ പിള്ളയും ജപ്പാനിലെത്തിയ നായര്‍ സാനും ഇന്തോനേഷ്യയിലെ മലബാര്‍ പാക്കിസ്താനികളും മലയാളി വ്യാപനത്തിലെ പൊയ്പ്പോയ കാലങ്ങളിലെ കഥാപാത്രങ്ങളുമാണ്. ചുരുക്കത്തില്‍ മലയാളിവ്യാപനം നടത്താത്ത ഏതെങ്കിലുമൊരു രാജ്യമുണ്ടെന്നു തോന്നുന്നില്ല. ഒരുപക്ഷേ, ചന്ദ്രനില്‍ മാത്രമാണ് മലയാളികള്‍ ഇതുവരെയും എത്തിച്ചേരാത്തത്.
പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പ്രവാസി മലയാളികളുടെ പങ്ക് നിസ്തുലമാണ്. അങ്ങനെയുള്ളവരുടെ കൂട്ടത്തില്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കമ്ിമറ്റിമെമ്പറും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റുമായിരുന്ന സര്‍. സി. ശങ്കരന്‍നായര്‍, മാതൃഭൂമി സ്ഥാപക എഡിറ്റര്‍ കെ.പി. കേശവമേനോന്‍, മുന്‍ അംബാസിഡറും എഴുത്തുകാരനുമായ കെ.പി.എസ്. മേനോന്‍, അതുപോലെതന്നെ അംബാസിഡറും എഴുത്തുകാരനുമായ സര്‍ദാര്‍ കെ.എം. പണിക്കര്‍, മുന്‍ ധനകാര്യമന്ത്രി ഡോ. ജോണ്‍ മത്തായി, സ്വാതന്ത്ര്യ സമരസേനാനിയും മുന്‍ പ്രതിരോധമന്ത്രിയുമായിരുന്ന വി.കെ. കൃഷ്ണമേനോന്‍, മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്‍, മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, ഈയിടെ അന്തരിച്ച പ്രസിദ്ധ ശാസ്ത്രജ്ഞനായ ജോര്‍ജ്ജ് സുദര്‍ശന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. വേറൊരു രീതിയില്‍ പറഞ്ഞാല്‍ രാജ്യാന്തര വേദിയാണ് അവര്‍ക്ക് പ്രാധാന്യം നേടിക്കൊടുത്തതുതന്നെ.
തങ്ങളുടെ നാടും വീടും വിട്ട് അന്യദേശങ്ങളില്‍ പറിച്ചുനടപ്പെട്ട മലയാളികള്‍ക്ക് വിദേശരാജ്യങ്ങളില്‍ സ്വീകാര്യതയും മാന്യതയും കൈവരിക്കാന്‍ സാധിച്ചിട്ടുമുണ്ട്. റോമയിലെത്തുമ്പോള്‍ റോമക്കാരനെപ്പോലെ തന്നെ പെരുമാറണമെന്നു പറയുന്നതുപോലെ, അറബികളുടേയും സായിപ്പന്മാരുടേയും ആചാര സവിശേഷതകള്‍ മനസ്സിലാക്കിക്കൊണ്ടു സമന്വയത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചതിലൂടെയാണ് അവര്‍ക്കു അന്യനാടുകളില്‍ സ്വീകാര്യത ഉറപ്പിക്കാന്‍ സാധിച്ചിരിക്കുന്നത്. എന്നിരുന്നാലും തങ്ങളുടെ സംസ്‌ക്കാരവും തനിമയും നിലനിറുത്താന്‍ അവര്‍ അതീവ ശ്രദ്ധാലുക്കളുമാണ്. അതിനുവേണ്ടി അവര്‍ എത്തിയിട്ടുള്ള സ്ഥലങ്ങളിലെല്ലാം കേരള സമാജങ്ങളും മലയാളി സംഘങ്ങളും സ്ഥാപിച്ചുകൊണ്ടു ഓണാഘോഷങ്ങളും ഇതര കേരള കലാപരിപാടികളും നടത്തുന്നതിലും അവര്‍ അതീവ തല്‍പ്പരരുമാണ്. സിറിയന്‍ ക്രൈസ്തവ വിഭാഗക്കാര്‍ അവരുടെ തായപ്പള്ളികളും ഹൈന്ദവര്‍ അയ്യപ്പക്ഷേത്രങ്ങളും സ്ഥാപിച്ച് കേരളത്തനിമ നിലനിറുത്താന്‍ ശ്രദ്ധിക്കുന്നുമുണ്ട്. ഇതുപോലെയുള്ള സംഘടനകളും സ്ഥാപനങ്ങളും. തങ്ങളുടെ ഐക്യം നിലനിറുത്തിക്കൊണ്ട് പുതുതായി എത്തിച്ചേരുന്നവര്‍ക്കു സംരക്ഷണവും സഹായവും നല്‍കിക്കൊണ്ടാണ് സാംസ്‌കാരിക പാരമ്പര്യം നിലനിറുത്താന്‍ യത്‌നിച്ചുവരുന്നത്. എന്നാല്‍, ഒന്നാം തലമുറ കാണിക്കുന്നതു പോലെയുള്ള ആവേശം രണ്ടാം തലമുറക്കാര്‍ കാണിക്കുമോയെന്ന കാര്യം സംശയകരം തന്നെ. വാര്‍ത്താവിനിമയരംഗത്തും യാത്രാസൗകര്യങ്ങളുടെ കാര്യത്തിലും കൈവരിച്ചിട്ടുള്ള വന്‍പുരോഗതി, അകലെയുള്ള മലയാളികളെ കേരളവുമായി അടുത്തു നിറുത്താന്‍ ഉപകരിക്കുമെന്ന് പ്രത്യാശിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com