അനുചിതമായ അന്ത്യതീര്‍പ്പുകള്‍

വീഡിയോകള്‍ വൈറലായി പ്രചരിക്കുന്നതിന്റെ സമൂഹമനഃശാസ്ത്രമെന്ത്?
അനുചിതമായ അന്ത്യതീര്‍പ്പുകള്‍

തിസങ്കീര്‍ണ്ണമായ  തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ വിദഗ്ദ്ധര്‍ യോഗം ചേരുന്നു. അവര്‍ ഐകകണ്‌ഠ്യേന എടുത്ത ചില തീരുമാനങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ മണ്ടന്‍ തീരുമാനങ്ങളായി  മാറുന്നു. പേള്‍ ഹാര്‍ബര്‍ ആക്രമിക്കാന്‍ ജപ്പാന്‍ തീരുമാനമെടുത്തത്, ടൈറ്റാനിക് കപ്പലിന്റെ സുരക്ഷാവീഴ്ച, അമേരിക്കയുടെ വിയറ്റ്നാം, ഇറാഖ്, ക്യൂബന്‍ ആക്രമണങ്ങള്‍, ഹിറ്റ്‌ലറുടെ മോസ്‌കോ അക്രമണം എന്നിവയെല്ലാം ഈ ഗണത്തില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം കൂടിയിരുന്നു ആലോചിച്ചെടുത്ത തീരുമാനങ്ങളായിരുന്നു. അതൊരിക്കലും വ്യക്തി ഒറ്റയ്ക്ക് എടുത്ത തീരുമാനങ്ങള്‍ ആയിരുന്നില്ല. ഇപ്രകാരം വിദഗ്ദ്ധസമൂഹം ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനങ്ങള്‍ക്ക് എങ്ങനെയാണ് അപചയം സംഭവിച്ചത്? 

1961-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി സുപ്രധാനമായ ഒരു തീരുമാനം എടുത്തു. ബേ ഓഫ് പിഗ്സ് എന്നായിരുന്നു ആ ദൗത്യത്തിന്റെ പേര്. ക്യൂബയെ ആക്രമിക്കുകയും ഫിദല്‍ കാസ്ട്രോയെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്യാനുള്ള തീരുമാനം അതിവിദഗ്ദ്ധരായ നയതന്ത്രജ്ഞരും പട്ടാള ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൂടി കെന്നഡിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമായിരുന്നു. നാടുകടത്തപ്പെട്ട 1400 ആളുകള്‍, അതും യാതൊരു പരിശീലനവും ലഭിക്കാത്ത ക്യൂബന്‍ വിമതരെ  ഉപയോഗിച്ച്, ഒരു രാജ്യത്തെ കടന്നാക്രമിക്കാന്‍ എടുത്ത തീരുമാനം ഒരു വന്‍മണ്ടത്തരമാണെന്നു പെട്ടെന്നു തന്നെ വെളിവാകുകയും ചെയ്തു. 

കാസ്ട്രോയെ വധിക്കാനുള്ള ആശയം ഐസന്‍ ഹോവര്‍ ഭരണകൂടത്തിന് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ നല്‍കിയ വിദദ്ധ ആശയമായിരുന്നു. ഈ ആശയത്തെ പൂര്‍ണ്ണ മനസ്സോടെ,  വൈകാരികമായി ജോണ്‍ എഫ്. കെന്നഡി അംഗീകരിച്ചു. അമേരിക്കന്‍ ചാരസംഘടന രൂപകല്‍പ്പന ചെയ്ത മണ്ടന്‍ പുലമ്പല്‍ മാത്രമാണിതെന്നു ധൈഷണികനും ചരിത്രകാരനുമായ Arthur M. Schlesinger, സെനറ്ററായ J. William Fullbright എന്നിവരൊക്കെ പറഞ്ഞെങ്കിലും മറ്റുള്ളവര്‍ പ്രസിഡന്റ് കെന്നഡിക്കൊപ്പമായിരുന്നു. കമ്യൂണിസ്റ്റ് ഭരണകൂടത്തിനോടുള്ള എതിര്‍പ്പ്, തങ്ങളുടെ കമ്പനികള്‍ കൈവിട്ടുപോയതിലുള്ള അമര്‍ഷം എന്നിവ അവരെ വൈകാരികമായി ഒന്നിപ്പിച്ചുവെന്നു വേണം കരുതാന്‍. അവസാനം  Arthur  സ്വയം തിരുത്തുകയും ചെയ്തു. കാസ്ട്രോയുടെ പരിമിതികളെക്കുറിച്ചും നിസ്സാരമായി യുദ്ധം ജയിക്കുന്നതിനെ കുറിച്ചും സി.ഐ.എയ്ക്ക് അമിത ആത്മവിശ്വാസമായിരുന്നു. കാസ്ട്രോയുടെ വ്യോമസേനയുടെ ദൗര്‍ബല്യങ്ങള്‍, പരിമിതമായ സൈനികബലം, നീറിപ്പുകയുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍, ജനങ്ങളുടെ അസന്തുഷ്ടി കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ശേഷിക്കുറവ് അങ്ങനെ എല്ലാം തങ്ങള്‍ക്ക് നിസ്സാരമായ ഒരു വിജയം ഒരുക്കുമെന്ന് സി.ഐ.എയുടെ ഉറപ്പിനെ കെന്നഡിയും സംഘവും അല്‍പ്പം പോലും അവിശ്വസിച്ചില്ല.

വളരെ കുറച്ചു അമേരിക്കന്‍ പട്ടാളക്കാരേയും ശരിയായ സൈനിക പരിശീലനംപോലും ലഭിച്ചിട്ടില്ലാത്ത 1,400 ക്യൂബന്‍ വിമതരെയുമാണ് ഈ ഉദ്യമത്തിന് അമേരിക്ക ഏര്‍പ്പെടുത്തിയത്. ഫിദല്‍ കാസ്ട്രോ നേരിട്ട് നയിച്ച കമാന്‍ഡോ ഒപ്പേറഷനില്‍ വെറും മൂന്നു ദിവസം കൊണ്ടുതന്നെ മിക്ക വിമതരും  കൂട്ടകൊല ചെയ്യപ്പെടുകയും ഒരുപാട് ആളുകള്‍ ഇരുമ്പറകളിലേയ്ക്ക് തള്ളപ്പെടുകയും ചെയ്തു. ലോകരാജ്യങ്ങളുടെ മുന്‍പില്‍ അമേരിക്ക നാണംകെട്ടുവെന്നുമാത്രമല്ല, ഈ ആക്രമണത്തോടുകൂടി  റഷ്യയുടെ സൗഹൃദം സ്ഥാപിക്കാന്‍ ക്യൂബയ്ക്ക് സാധിക്കുകയും അതൊരു ആണവ യുദ്ധത്തിലേക്ക് ലോകത്തെ നയിക്കുമെന്നു ലോകരാജ്യങ്ങള്‍ ഭയപ്പെടുകയും ചെയ്ത സന്ദര്‍ഭമായിരുന്നു ഇത്. എന്തുകൊണ്ടാണ് ഇത്രയും വലിയ മണ്ടന്‍ തീരുമാനം അന്നെടുത്ത് എന്ന് കെന്നഡിക്കുപോലും പിന്നീട് മനസ്സിലാക്കാന്‍ സാധിച്ചില്ല.

മറ്റൊരു ഉദാഹരണമാണ്  1941 ഡിസംബര്‍ ഏഴിനു നടന്ന പേള്‍ ഹാര്‍ബര്‍ ആക്രമണം. ഒരു സമൂഹം ഒരുമിച്ച് കൈക്കൊണ്ട് മിഥ്യാചിന്തകള്‍ തങ്ങള്‍ അക്രമിക്കപ്പെടുമെന്ന മുന്നറിയിപ്പുകള്‍ അവഗണിക്കാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു. ശാന്തസമുദ്രത്തില്‍ ഒരു ആക്രമണത്തിന് ജപ്പാന്‍ സ്വരുക്കൂട്ടുന്നുവെന്നൊരു സന്ദേശം വാഷിങ്ടണില്‍  ലഭിച്ചിരുന്നു. ഹാര്‍ബറിലെ നാവികസേന തലവന്മാരെ ഈ വിവരങ്ങള്‍ യഥാസമയം ഭരണകൂടം അറിയിക്കുകയും ചെയ്തു. എന്നാല്‍ നാവികസേനാ മേധാവികള്‍ അതത്ര കാര്യമായെടുത്തില്ല. മുന്നറിയിപ്പിനെക്കുറിച്ച്  നാവിക ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍ ഇപ്രകാരമായിരുന്നു:

''ഹവായില്‍ ഈ അവസരത്തില്‍ ഒരു അക്രമം നടത്താന്‍ ജപ്പാന്‍ ഒരിക്കലും ധൈര്യപ്പെടില്ല. അങ്ങനെ ചെയ്താല്‍ അമേരിക്ക അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്നും അത് നിസ്സാരമായി ജയിക്കുമെന്നും ജപ്പാന് നല്ലതുപോലെ അറിയാം. രണ്ടാം ലോകയുദ്ധത്തില്‍ അച്ചുതണ്ട്ശക്തികള്‍ തോല്‍ക്കാറായി നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ അമേരിക്കയെ ഈ യുദ്ധത്തിലേക്ക് വലിച്ചിഴക്കാന്‍ ജപ്പാന്‍ ഒരിക്കലും ശ്രമിക്കില്ല. പേള്‍ഹാര്‍ബറില്‍ നങ്കൂരമിട്ടിരിക്കുന്ന പടുകൂറ്റന്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മുക്കാനുള്ള ശേഷിയൊന്നും ശത്രുവിന്റെ ടോര്‍പ്പിഡോകള്‍ക്കില്ല.''

പിന്നീട് എന്താണ് സംഭവിച്ചതെന്നു ചരിത്രം. അമേരിക്കയുടെ അഞ്ച് പടുകൂറ്റന്‍ യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെ 19 കപ്പലുകള്‍ നിശ്ശേഷം കടലില്‍ മുങ്ങി. 191 വിമാനങ്ങള്‍ പൂര്‍ണ്ണമായും 159 വിമാനങ്ങള്‍  ഭാഗികമായും നശിച്ചു. എല്ലാത്തിനുമുപരി 2,403 ജീവനുകള്‍ നഷ്ടപ്പെടുകയും 1,211 ആളുകകള്‍ക്ക് ഗുരുതരമായി പരിക്കുകള്‍ പറ്റുകയും ചെയ്തു. ജപ്പാന്റെ ഭാഗത്തുണ്ടായ മരണങ്ങളും നഷ്ടങ്ങളും വേറെ. 

ബേ ഓഫ് പിഗ്‌സ് കാലത്ത് പിടിക്കപ്പെട്ട ക്യൂബന്‍ വിമതര്‍
ബേ ഓഫ് പിഗ്‌സ് കാലത്ത് പിടിക്കപ്പെട്ട ക്യൂബന്‍ വിമതര്‍

അനുചിതമായ 
സമാപ്തി

യേല്‍ സര്‍വ്വകലാശാലയിലെ  മനഃശാസ്ത്ര പ്രൊഫസര്‍ ഡോ. ഇര്‍വിങ് ലെസ്റ്റര്‍ ജാനിസാണ് കൂട്ടായ തീരുമാനങ്ങള്‍  കുഴപ്പം പിടിച്ച ഒന്നാകുമെന്ന് ആദ്യം പഠിച്ചത്. ബേ ഓഫ് പിഗ്സാണ് അദ്ദേഹത്തെ പഠനത്തിനു പ്രേരിപ്പിച്ചത്. വ്യക്തികളുടെ മുന്‍വിധികള്‍, സ്ഥിരസങ്കല്‍പ്പം, ധാരണകള്‍, സമീപനം, ചര്‍ച്ചയില്‍ ഉണ്ടാകുന്ന പരസ്പരമുള്ള രോഷം, വൈകാരികത ഇവയെല്ലാം ചര്‍ച്ചകളുടെ ആശയപരമായി ഉള്ളടക്കത്തെ ബാധിക്കും. പലര്‍ കൂടി ചര്‍ച്ച ചെയ്‌തെടുക്കുന്ന തീരുമാനങ്ങള്‍ കൂടുതല്‍ നന്നാകുമെന്നും പ്രശ്‌നപരിഹാരത്തിനു കൂട്ടായ ചര്‍ച്ചയാണു  നല്ലതെന്നുമുള്ള പൊതുധാരണ ശരിയല്ലെന്നാണ് പല വലിയ തീരുമാനങ്ങളിലും തെളിയുന്നത്. പലപ്പോഴും അഭിപ്രായ ഐക്യത്തിലും അച്ചടക്കത്തിനും ഊന്നി, ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി ചര്‍ച്ചകള്‍ മുന്നോട്ടു പോകാനുള്ള ശ്രമം തന്നെ ഒരു തീരുമാനത്തില്‍ എത്തിക്കാനുള്ള സമയവും ഊര്‍ജ്ജവും തന്നെ വളരെയധികമാണ്. ഇത് ചര്‍ച്ചയുടെ സമയം വളരെ നീട്ടിക്കൊണ്ടുപോകുന്നു.

കെന്നഡിക്ക് ഓരോ പ്രശ്‌നവും വിശദീകരിച്ചു കൊടുക്കുന്ന ഉദ്യോഗസ്ഥര്‍
കെന്നഡിക്ക് ഓരോ പ്രശ്‌നവും വിശദീകരിച്ചു കൊടുക്കുന്ന ഉദ്യോഗസ്ഥര്‍

വൈകാരികതീരുമാനം ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്ന കൂട്ടത്തിനു സംഭവിക്കുന്ന അപചയങ്ങള്‍ എന്തൊക്കെയാണെന്നു  ഡോ. ജാനിസ് പറയുന്നു. തങ്ങള്‍ അതിസുരക്ഷിതമായ ഒരു അവസ്ഥയിലാണെന്ന മിഥ്യാബോധം തന്നെ വളരെ അപകടകരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുള്ള ഒരു ഭ്രാന്തന്‍ ആത്മവിശ്വാസം  ഗ്രൂപ്പിനു നല്‍കുന്നു. ഭൂരിപക്ഷവും ഒരേ അപയുക്തിയെ മുറുകെപ്പിടിക്കുകയും അപകട സാധ്യതകളെക്കുറിച്ചുള്ള, പുറത്തുനിന്നും അകത്തുനിന്നുമുള്ള എല്ലാ മുന്നറിയിപ്പുകളൂം തള്ളിക്കളയുകയും തീരുമാനങ്ങള്‍ പുനര്‍വിചിന്തനം ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ആത്യന്തികമായി തങ്ങള്‍ ഒരു ശരിയാണെന്ന ബോധ്യവും എടുക്കുന്ന തീരുമാനങ്ങള്‍ തികച്ചും ധാര്‍മ്മികമാണെന്ന അടിയുറച്ച വിശ്വാസവും കടുത്ത തീരുമാനങ്ങളിലേയ്ക്ക് അവരെ എത്തിക്കുന്നു.

എതിര്‍പക്ഷത്തുള്ളവര്‍ ദയ അര്‍ഹിക്കാത്ത ശത്രുക്കളാണെന്നും അവരോട് അനുഭാവപൂര്‍വ്വം പെരുമാറണം എന്ന മറിച്ചൊരു ചിന്തയുടെ ആവശ്യമില്ലെന്നുമുള്ള ചിന്ത ഇവരെ ഭരിക്കുന്നു. പൊതുബോധത്തിന് എതിരെ ഒരു വാക്കുപോലും ഉച്ചരിക്കാതിരിക്കാന്‍ ഭിന്നാഭിപ്രായമുള്ളവരുടെ മേലുള്ള സമ്മര്‍ദ്ദം, മറുവാദങ്ങളെ നിഷ്പ്രഭമാക്കുന്നു. തീരുമാനങ്ങള്‍ ഐകണ്‌ഠ്യേനയാണെന്ന മിഥ്യാബോധം ഉണ്ടായിവരും. 

ഇങ്ങനെയുള്ള ചര്‍ച്ചാവേദികളില്‍ നേതാവ് ഒരിക്കലും തന്റെ അഭിപ്രായങ്ങളോ പ്രതീക്ഷകളോ ആദ്യം പറയാതിരിക്കുകയാണ് അഭികാമ്യം. ഓരോ വ്യക്തിക്കും മനസ്സിലുള്ള കാര്യങ്ങള്‍ ഭയമില്ലാതെ പറയാനുള്ള അവസരമുണ്ടാക്കണം. പുറത്തുനിന്നുള്ള ആളുകളെക്കൊണ്ട് അഭിപ്രായം പറയിക്കണം. അവസാനം ഓരോ അഭിപ്രായത്തിലും ഉള്ള  തെറ്റുകള്‍ എന്തൊക്കെയാണെന്നു കണ്ടുപിടിക്കാന്‍ ഒരു വ്യക്തിയെ ചുമതലപ്പെടുത്തുകയും വേണം. ഈ ഗ്രൂപ്പിലെ ഓരോ വ്യക്തികളേയും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ  അപഗ്രഥിക്കാന്‍ ചുമതലപ്പെടുത്തണം. ഇത് ഓരോ വ്യക്തിക്കും അവരുടെ എതിര്‍വാദങ്ങള്‍ക്ക് യുക്തിസഹജമായ ന്യായങ്ങള്‍ കണ്ടെത്താനും തിരിച്ചു ചോദ്യങ്ങള്‍ ചോദിക്കാനുമുള്ള അവസരമുണ്ടാക്കുന്നു.

നേതാവ് തന്റെ അഭിപ്രായങ്ങള്‍ എന്താണെന്ന് ഒരിക്കലും മുന്‍കൂട്ടി അറിയിക്കാന്‍ പാടില്ല, പറ്റുമെങ്കില്‍ ഈ ചര്‍ച്ചയില്‍നിന്ന് നേതാവ് വിട്ടുനില്‍ക്കുകയാണ് ഏറ്റവും അഭികാമ്യം. നേതാവിന്റെ സാമീപ്യം ഈ ഗ്രൂപ്പിലെ ഓരോ വ്യക്തിയേയും തന്റെ തീരുമാനങ്ങളും  അഭിപ്രായങ്ങളേയും തുറന്നു പ്രകടിപ്പിക്കുന്നതില്‍നിന്നു  തടയാം. ഒരേ കാര്യം ചര്‍ച്ച ചെയ്യാന്‍ വിഭിന്നമായ പല ഗ്രൂപ്പുകളെ ഏര്‍പ്പെടുത്തുക. ഓരോ ഗ്രൂപ്പിലും പുറത്തുനിന്നുള്ള വിദഗ്ദ്ധരേയും ഉള്‍പ്പെടുത്തുക. ഓരോ ഗ്രൂപ്പിലും എല്ലാവരുടേയും അഭിപ്രായങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന ഒരാളെ 'ചെകുത്താന്റെ വക്കീല്‍' ആയി നിയമിക്കുക. 

പേള്‍ ഹാര്‍ബര്‍ ആക്രമണം
പേള്‍ ഹാര്‍ബര്‍ ആക്രമണം

ബേ ഓഫ് പിഗ്സിനുശേഷം ക്യൂബന്‍ മിസ്സൈല്‍ പ്രതിസന്ധിയില്‍ കെന്നഡി ഈ സമൂഹ ചിന്തയുടെ പ്രശ്‌നം ശരിക്കും മനസ്സിലാക്കുകയും ജാഗരൂകമായ മൂല്യനിര്‍ണ്ണയം എന്നൊരു ഉപാധി സ്വീകരിക്കുകയും ചെയ്തു. ഓരോ ഗ്രൂപ്പിനും പുറത്തുള്ള വിദഗ്ദ്ധരെ ക്ഷണിച്ച് എല്ലാ മീറ്റിംഗില്‍നിന്നും കെന്നഡി മാറിനിന്നു. ഓരോ വ്യക്തിയും  അവനവന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. ഒരേ കാര്യത്തില്‍ത്തന്നെ പല ഗ്രൂപ്പുകള്‍ അദ്ദേഹം ഏര്‍പ്പെടുത്തി.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് വിദഗ്ദ്ധര്‍ക്കും ലോകമാധ്യമങ്ങള്‍ക്കും ഉറപ്പായിരുന്നു 2016-ലെ  പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റന്‍ ജയിക്കുമെന്ന്. മാധ്യമങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ഏതാണ്ട് പൂര്‍ണ്ണമായ അഭിപ്രായ ഐക്യവും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ഒരു ദിവസം മുന്‍പ്, അതായത് നവംബര്‍ ഏഴിന് ന്യൂയോര്‍ക്ക് ടൈംസ് ഹിലരി ക്ലിന്റന് 270 വോട്ടിന്റെ വ്യക്തമായ വിജയസാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. അവര്‍ ജയിക്കാനുള്ള സാധ്യത 84% വരെയുണ്ടെന്ന് ന്യുയോര്‍ക്ക്  ടൈംസ് പറഞ്ഞപ്പോള്‍, റോയിട്ടേഴ്സ് ആകട്ടെ, ഹിലരിയുടെ ജയത്തിനു സാധ്യത 90% ആണെന്നു സംശയലേശമെന്യേ പ്രസ്താവിച്ചു.

ഡോ. ജാനിസ്‌
ഡോ. ജാനിസ്‌

9.8 ദശലക്ഷം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹിലരി ജയിക്കാനുള്ള സാധ്യത 98.5% ആണെന്ന് ഹഫീങ്ങ്ടണ്‍ പോസ്റ്റിലെ തെരഞ്ഞെടുപ്പ് അവലോകന വിദഗ്ദ്ധര്‍ രേഖപ്പെടുത്തി. എന്തുകൊണ്ടാണ് ഇത്രയും വലിയൊരു തെറ്റ് ഈ വിദഗ്ദ്ധര്‍ക്കൊക്കെ സംഭവിച്ചത്? ട്രംപിനെപ്പോലൊരു അസ്വീകാര്യനായ, യാതൊരു രാഷ്ട്രീയ പരിചയവുമില്ലാത്ത ഒരു വ്യക്തിക്ക് ജനാധിപത്യമൂല്യങ്ങളെ ഇത്രയും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തില്‍ ചെറുതായിട്ടെങ്കിലും സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നു സങ്കല്‍പ്പിക്കാന്‍പോലും ഒരു വിദഗ്ദ്ധനും തയ്യാറായില്ല എന്നതാണ് ഈ തെറ്റിനു പ്രധാന കാരണം. ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് ആകുമെന്നൊരു വിദൂര ചിന്തപോലും ഇവരാരും പുലര്‍ത്തിയില്ല. അത് തികച്ചും അസംഭവ്യമാണെന്ന് അവര്‍ മനസ്സില്‍ വിധിയെഴുതി. പത്രക്കാര്‍ വോട്ടര്‍മാരെ സമീപിച്ചങ്കിലും അവര്‍ പത്രക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. ട്രംപിനാണ് വോട്ട് ചെയ്തത് എന്നു തുറന്നു പറയാനുള്ള മടി കാരണം അത് അവര്‍ പത്രക്കാരില്‍നിന്ന് മറച്ചുവെച്ചു.

കാരണം
ബാന്‍ഡ് വാഗണ്‍
 
ട്രെയിനിന്റെ ബോഗിപോലെ ഒന്നില്‍ മറ്റൊന്നു ഘടിപ്പിച്ച് അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന ആശയങ്ങളെയാണ് ബാന്‍ഡ്  വാഗണ്‍ പ്രതിഭാസം എന്നു പറയുന്നത്. എത്രയധികം പേര്‍ ഒരു കാര്യം വിശ്വസിക്കുന്നുവോ ആ ആളുകളുടെ എണ്ണത്തിന് ആനുപാതികമായി ഇതേ കാര്യം വിശ്വസിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഇതില്‍നിന്നും മാറി ചിന്തിക്കുന്നവരുടെ എണ്ണം കുറയും. സമൂഹത്തില്‍ പൊതുവേയുള്ള വിശ്വാസങ്ങളോടും ആചാരങ്ങളോടും സമരസപ്പെടാനുള്ള ഒരു പ്രവണത എല്ലാ മനുഷ്യരിലുമുണ്ട്. അവിടെ വ്യക്തിപരമായി യുക്തിക്ക് രണ്ടാം സ്ഥാനമേ ഉള്ളൂ. ചില ഉല്‍പ്പന്നങ്ങളുടെ പ്രശസ്തി കൂടുതല്‍ ആളുകളെ  ഈ ഇഷ്ടത്തിന്റെ തീവണ്ടിയില്‍ കയറാന്‍ പ്രേരിപ്പിക്കുന്നു. വീഡിയോകള്‍ വൈറലായി പ്രചരിക്കുന്നതിന്റെ സമൂഹമനഃശാസ്ത്രം ഇതാണ്. 

2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്
2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്

സ്വന്തമായി ഒരു കാര്യത്തെ അപഗ്രഥിച്ചു അഭിപ്രായത്തില്‍ എത്തുക എന്ന ബുദ്ധിമുട്ടേറിയ പ്രക്രിയ ഒഴിവാക്കി മറ്റുള്ള ആളുകള്‍  വിശ്വസിക്കുന്ന കാര്യങ്ങളുമായി യോജിച്ചു പോകാനാണ് ഭൂരിപക്ഷമാളുകളും ശ്രമിക്കുന്നത്. രാഷ്ട്രീയത്തില്‍ ഈ ബാന്‍ഡ് വാഗണ്‍ പ്രഭാവം വളരെയധികമുണ്ട്. തെരഞ്ഞെടുപ്പിന്റെ സമയം തോല്‍ക്കുമെന്ന് 100 ശതമാനം ഉറപ്പുള്ളവരും തങ്ങള്‍ ജയിക്കുമെന്നു പറയും. കാരണം ജയിച്ചു വരുന്ന ആളുകള്‍ക്ക് ഒപ്പം നില്‍ക്കാനുള്ള പ്രവണത മനുഷ്യര്‍ക്കുണ്ട്. ഗ്യാലപ്പ് പോള്‍ റിസള്‍ട്ടുകള്‍ ഇലക്ഷനു മുന്‍പു പുറത്തുവിടുമ്പോള്‍ ഇതേ സ്വാധീനം വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാകുന്നു. അഭിപ്രായങ്ങളുടെ ഒരു തിരമാലയില്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഒഴുകിവരും.

രാസായുധശേഖരമുണ്ടെന്ന കാരണം ഉന്നയിച്ചു ഇറാഖിനെ അക്രമിക്കാന്‍ ജോര്‍ജ്ജ് ബുഷ് എടുത്ത തികച്ചും പ്രതിലോമപരമായ തീരുമാനത്തിന് അമേരിക്കന്‍ ജനത പൊതുവെ അനുകൂലമായിരുന്നു. സദ്ദാം ഹുസൈനെ ഈ അവസരത്തില്‍ അക്രമിക്കാനുള്ള തീരുമാനത്തിനു ലോകമെങ്ങുമുള്ള വിദഗ്ദ്ധര്‍ പൊതുവെ വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ അമേരിക്കന്‍ ജനത മാത്രമെന്താണ് മാറി ചിന്തിച്ചത്? വാസ്തവത്തില്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ തീര്‍ത്ത ഒരു ബാന്‍ഡ് വാഗണ്‍ പ്രഭാവമായിരുന്നു അത്. ലോകത്തേയും അമേരിക്കന്‍ ജനതയേയും തീവ്രവാദത്തില്‍നിന്നും രക്ഷിക്കാന്‍ സദ്ദാമിനെ കടന്ന് ആക്രമിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ബുഷ് ഭരണകൂടത്തിന്റെ വാദമുഖങ്ങളെ വളരെ സമര്‍ത്ഥമായി അവര്‍ ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചുകൊണ്ടിരുന്നു. ഇങ്ങനെ ഒരു പ്രശ്‌നത്തിനു യുദ്ധമല്ലാതെ മറ്റു വഴികളെക്കുറിച്ചുള്ള ലോകത്തിന്റെ എല്ലാ വാദഗതികളേയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളേയും അമേരിക്കന്‍ മാധ്യമങ്ങള്‍ അവരുടെ ജനങ്ങളില്‍നിന്നു മറച്ചുവെച്ചു. CNN, MSNBC, ഫോക്‌സ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങളുടെ ദ്രുതഗതിയില്‍ ഉള്ള വാര്‍ത്താവതരണം  ജനങ്ങള്‍ക്ക് പ്രശ്‌നപരിഹാരത്തിനു മറ്റു വഴികള്‍ ഉണ്ടോ എന്നു ചിന്തിക്കുന്നതില്‍നിന്നും വികാരങ്ങള്‍ ഒഴിവാക്കി ആഴത്തില്‍ വിവരങ്ങള്‍ അപഗ്രഥനം ചെയ്യുന്നതിലും തടസ്സമായി.

ഓരോ കാര്യവും എന്റെ  അനുഭവങ്ങളുടേയും അറിവിന്റേയും വെളിച്ചത്തില്‍  വളരെ ആഴത്തില്‍ വിശകലനം ചെയ്തു  മാത്രമേ ഞാന്‍ വിശ്വസിക്കൂ. എന്നാല്‍, ചിലരാകട്ടെ എത്ര വലിയ നുണപ്രചരണങ്ങളും വിശ്വസിക്കുന്നു. രാഷ്ട്രീയക്കാരുടെ നുണകള്‍ എനിക്കു പെട്ടെന്നു മനസ്സിലാകും. ചില ആളുകള്‍ എന്തു നുണയും വിശ്വസിക്കും. ആരെങ്കിലും ഒരു മൈക്കിലൂടെ എന്തെങ്കിലും പറയുന്നതു വിശ്വസിക്കാന്‍ കുറേ ആളുകളുണ്ട്. എന്നെ അത്ര പെട്ടെന്നൊന്നും ആര്‍ക്കും വിശ്വസിപ്പിക്കാന്‍ സാധിക്കില്ല.

വാസ്തവത്തില്‍ ഓരോ വ്യക്തിയും ഇങ്ങനെ തന്നെയാണ് കരുതുകയും വിശ്വസിക്കുകയും ചെയ്യുന്നത്. നമ്മള്‍ അംഗീകരിക്കുന്ന, വിശ്വസിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാത്ത,  ആളുകളുടെ വാദങ്ങള്‍ക്ക് നമ്മള്‍ വലിയ വില കൊടുക്കില്ല.'' നമ്മള്‍ അംഗീകരിക്കാത്ത കാര്യങ്ങള്‍ വിശ്വസിക്കുന്ന ആളുകള്‍ ആരുടെയൊക്കെ വാദങ്ങള്‍ കേട്ടു വഴിതെറ്റിക്കപ്പെട്ടവര്‍ ആണെന്നും അവര്‍ പെട്ടെന്നു കബിളിക്കപ്പെടാന്‍ സാധ്യതയുള്ളവരാണ് എന്നുമൊക്കെ  നമ്മള്‍ വിശ്വസിക്കുന്നു. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന അപകടകരമായ ചില സന്ദേശങ്ങളോ പരസ്യങ്ങളോ പ്രസംഗങ്ങളോ നിങ്ങള്‍  കേള്‍ക്കേണ്ടിവരുന്നു എന്നു കരുതുക. നിങ്ങള്‍ അസ്വസ്ഥരാകുന്നത് ആരൊക്കെയോ ഇതു കേട്ട് വിശ്വസിക്കുമല്ലോ എന്നോര്‍ത്താണ്. നമ്മള്‍ സങ്കല്‍പ്പിക്കുന്ന ആരൊക്കയോ ആണ് ഈ മൂന്നാമത്തെ വ്യക്തി. മൂന്നാം വ്യക്തി പ്രഭാവം എന്നൊരു ധാരണാ പക്ഷപാതിത്വം ആണ് (Third Person Effect).

ഇലക്ട്രോണിക് മാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ ഓരോ നിമിഷവും നിങ്ങള്‍ ഇതുപോലെ തെറ്റിദ്ധരിപ്പിക്കുന്ന, സത്യവുമായി പുലബന്ധം പോലുമില്ലാത്ത നൂറുകണക്കിനു സന്ദേശങ്ങള്‍ കേള്‍ക്കുന്നുണ്ട്. പക്ഷേ, അവ നിങ്ങളെ ഒട്ടുമേ സ്വാധീനിക്കില്ല എന്നു നിങ്ങള്‍ കരുതുന്നു. വാസ്തവത്തില്‍ നമ്മള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന അനേകം കാര്യങ്ങള്‍ നമ്മളെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്നുണ്ട്. സത്യമനേഷിക്കുന്ന ഒരു യന്ത്രമാണ് നമ്മുടെ മസ്തിഷ്‌കം എന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com