നിട്ടാന്തരമുള്ള മീസാന്‍കല്ലുകള്‍

വറുതിയുടെ കാലത്തും സമൃദ്ധിയുടെ മനസ്സുമായി ജീവിതം പങ്കുവെച്ച ഒരു ജനതയുടെ രേഖാസാക്ഷ്യം.
വര: ജയേന്ദ്രന്‍ കളം
വര: ജയേന്ദ്രന്‍ കളം

മോന്തിക്ക് പന്തുകളിയും കഴിഞ്ഞ് ഞങ്ങള്‍ വയലുകളില്‍ കുത്തിയിരിക്കുമ്പോഴാ മഹമ്മൂദിന്റെ അയല്‍വാസിയായ സൈനബയും അവളുടെ ഉമ്മ നഫീസ്ത്തായും കരഞ്ഞുപിടിച്ച് അവിടേക്ക് വന്നത്. സൈനബാക്ക് കഠിനമായ പനിയായതുകാരണമാ അവളേയും കൂട്ടി നഫിസ്ത്ത രാവിലെ ഏരിപുരം ധര്‍മ്മാശുപത്രിയിലേക്ക് പോയത്. പനി തുടങ്ങിയ ആദ്യത്തെ രണ്ടുദിവസം എസ്.എ.പിയുടെ പലചരക്ക് പീടികയില്‍നിന്നു വാങ്ങിയ അനസിന്‍ ഗുളിക തിന്നിട്ടും പനിക്ക് ഒരു കുറവും വന്നില്ല. രാത്രിയാകുമ്പോള്‍ വല്ലാത്ത ശീതപ്പനി വരും. പനി വിട്ടുമാറാത്തതുകൊണ്ടാ ധര്‍മ്മാശുപത്രിയില്‍ ദാമോദരന്‍ ഡോക്ടറെ കാണാന്‍ പോയത്. ഡോക്ടറേയും കണ്ട് മരുന്നും ഗുളികയും ശദുലിക്കാന്റെ പലചരക്ക് കടയില്‍നിന്ന് സാധനവും വാങ്ങി മോന്തിയോടെയാ സൈനബയും ഉമ്മയും പെരയിലെത്തിയത്. പെരയിലെത്തിയപ്പോഴാ സൈനബാന്റെ കഴുത്തിലെ ഒരു പവന്റെ സ്വര്‍ണ്ണമാല കാണാത്തത് നഫീസ്ത്താന്റെ ശ്രദ്ധയില്‍പ്പെട്ടത്. നഫീസ്ത്ത സൈന ബാനെ തല്ലിക്കൊണ്ടാ വയലുകളിലെ തടിച്ചവരമ്പിലൂടെ വന്നത്. ഏടയാ ഇബിലീസേ, സൈത്താനേ, മാലപോയത്! നഫീസ്ത്ത സൈനബാനോടു ചോദിച്ചുകൊണ്ടേയിരുന്നു. അന്ന് നല്ല പൂനിലാവുള്ള രാത്രിയാ. കാര്യം മനസ്സിലാക്കിയ മഹമ്മൂദ് നേരെ പെരയില്‍ പോയി രണ്ട് ഓലച്ചൂട്ടുണ്ടാക്കി കത്തിച്ചുകൊണ്ടുവന്നു. രാത്രി കുറേനേരം വെള്ളമണലുള്ള തടിച്ച വരമ്പും ചെമ്മണ്‍പാത കയറി അങ്ങ് കുമാരേട്ടന്റെ കടവുവരെ ഞങ്ങള്‍ മാലക്ക് വേണ്ടി പരതിനോക്കി. രാത്രി ഏറെ കഴിഞ്ഞാ വേദനയും നിരാശയും ബാക്കിയാക്കി ഞങ്ങള്‍ പുരകളിലേക്ക് തിരിച്ചുപോയത്.

രാവിലെ വാര്‍ത്ത കാട്ടുതീപോലെ നാട്ടില്‍ പരന്നു. മാടായി പുഴയില്‍ വല ഇളക്കുവാന്‍ വന്നവരോട് സലീംക്കായാ കാര്യം പറഞ്ഞത്. ഗോപാലേട്ടന്റെ ചായക്കടയിലെ അന്നത്തെ ചര്‍ച്ച സൈനബാന്റെ ഒരു പവന്റെ മാലയെക്കുറിച്ചായിരുന്നു. ഇതിനിടയില്‍ നാട്ടിലെ പേരെടുത്ത ഫിത്തിനക്കാരനായ കരീമ്ക്ക 'മാല പന്തുകളിച്ചിരുന്ന കുട്ടികള്‍ക്ക് കിട്ടിയെന്ന്' ഒരു കള്ളവാര്‍ത്ത പടച്ചുണ്ടാക്കി. ഞങ്ങളുടെ പെരകളിലും സൈനബാന്റെ കാണാതായ മാലയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ ചര്‍ച്ചയായി. രാവിലെ സൈനബാന്റെ ഉപ്പ ഇബ്രാഹിന്ക്ക മഹമ്മൂദിനേയും കൂട്ടി എന്റെ പെരയിലേക്ക് വന്നു. അയാള്‍ മാലയെക്കുറിച്ചാ എന്നോട് ചോദിച്ചത്. ഞാന്‍ കണ്ടിട്ടില്ല എന്നു പറഞ്ഞു. പിന്നെ അയാള്‍ ഞങ്ങളുടെ ചങ്ങാതിയായ പ്രേമന്റെ ചാളയിലേക്ക് പോയി. ഒരുനാഴിക തികയുംമുന്‍പ് പ്രേമനേയും കൂട്ടി എന്റെ പെരയിലേക്ക് അയാള്‍ തിരിച്ചുവന്നു. ഇബ്രാഹിന്ക്ക ഒരു പാവം മനുഷ്യനാ. അദ്ദേഹത്തിന്റെ വാക്കും നോട്ടവും ഏറെ നിഷ്‌ക്കളങ്കവുമായിരുന്നു. ഇബ്രാഹിന്ക്ക ശാന്തമായി പറഞ്ഞു: നിങ്ങള്‍ എല്ലാവരും എന്റെ കൂടെ നിട്ടാന്തരമുള്ള മൂസഖാന്‍ പള്ളിയിലെ സൂഫിഖബറിടത്തില്‍ വന്ന് സത്യം ചെയ്യണം. അന്ന് ഉപ്പ പെരയിലുണ്ടായിരുന്നില്ല. ഉമ്മ എന്നോട് എല്ലാവരെയും കൂട്ടി സൂഫിഖബറിലെ കല്ലുകള്‍ പിടിച്ച് സത്യം ചെയ്യാന്‍ പറഞ്ഞുവിട്ടു. ഇബ്രാഹിന്ക്ക മുന്നിലും ഞങ്ങള്‍ പിന്നിലുമായി മൂസഖാന്‍ പള്ളിയിലെ സൂഫിഖബറിന്റെ സത്യത്തിലേക്ക് നടന്നു. 

ഏറെ പണിപ്പെട്ടാ പള്ളിക്കാട്ടിലെ ചുട്ടുപൊള്ളുന്ന മണ്‍ത്തിട്ടകള്‍ കയറിയിറങ്ങിയത്. ഞങ്ങള്‍ എത്തിയപ്പോള്‍ പള്ളിയില്‍നിന്നു മുക്രി പുറത്തേക്ക് വന്നു. മുക്രിയോട് ഇബ്രാഹിന്ക്ക കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊടുത്തു. മുക്രി ഞങ്ങളെ ഖബറിടത്തിന്റെ തലഭാഗത്ത് നിര്‍ത്തി. അവിടെ തൂക്കിയിട്ടിരിക്കുന്ന ഒരുപാട് മനോഹരമായ കല്ലുകള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്ന കയറുപിടിച്ച് സത്യം ചെയ്യാന്‍ പറഞ്ഞു: ഞങ്ങള്‍ എല്ലാവരും ഭയമോ പരിഭവമോ കൂടാതെ സത്യം ചെയ്തു. മുക്രി ഞങ്ങളോടായി പറഞ്ഞു. പഹയന്മാരെ ആരെങ്കിലും മാല എടുത്ത് ഏടെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടെങ്കില്‍ ഉടനെ സത്യം പറഞ്ഞോ! നിങ്ങള്‍ നിക്കുന്നത് നിട്ടാന്തരമുള്ള മീസാന്‍കല്ലുകള്‍ക്ക് മുന്നിലാ. നല്ല എസ്സാറത്ത് വേണം! വലിയുപ്പാ പറഞ്ഞാല്‍ ജിന്നുകള്‍ മാല എടുത്തുകൊണ്ടുവന്ന് ഈടവെക്കും. നല്ല നജറിലാ പറയുന്നത്! തീ പതക്കുന്ന വെള്ളമണലുകള്‍ ചവുട്ടിക്കൊണ്ട് കനലെരിയുന്ന ഖല്‍ബുമായി ഞങ്ങള്‍ പെരകളിലേക്ക് തിരിച്ചുപോയി. 

പിറ്റേന്ന് അതിരാവിലെ ഇബ്രാഹിന്ക്ക മഹമ്മൂദിനേയും കൂട്ടി എന്റെ പെരയിലേക്ക് വന്നു. അവരോടൊപ്പം മാട്ടൂരിലെ മാന്ത്രികനായ മുഹമ്മദ്ക്കാനെ കാണാന്‍ പോകണമത്രെ. ഞാന്‍ വേഗം പ്രേമനേയും മുജീബിനേയും വിളിച്ചുകൊണ്ടുവന്നു. ഞങ്ങള്‍ എല്ലാവരുംകൂടി മണല്‍ത്തിട്ടകള്‍ മുറിച്ചുകടന്ന് അനേകം തൈപ്പറമ്പുകള്‍ക്ക് ഇടയിലായി തോട്ടിന്‍ കരയിലൂടെ മുഹമ്മദ്ക്കാന്റെ വീട്ടിലേക്ക് നടന്നുനീങ്ങി. മാട്ടൂല്‍ ജസിന്ദ ബില്‍ഡിങ്ങിന്റെ അടുത്തുള്ള ചായക്കടയില്‍നിന്നും ഇബ്രാഹിന്ക്ക വയറുനിറയെ വെള്ളച്ചായയും മുട്ടഅപ്പവും വാങ്ങിത്തന്നു. പിന്നെ ഇളംപുഞ്ചിരി തൂകിക്കൊണ്ടു പറഞ്ഞു: എനിയും കുറേ നടക്കുവാനുണ്ട്. പൈദാഹം തീരോളം തിന്നോളൂ! അങ്ങനെ തോട്ടിന്‍കരയിലൂടെ അങ്ങ് നടന്നുനീങ്ങി. അവസാനിക്കാത്ത മേഘം പോലെ പരന്നൊഴുകുന്ന വെള്ള വയലുകളുടെ ഓരത്തിലൂടെ. 

വഴിനീളെ ഇബ്രാഹിന്ക്കാ നിട്ടാന്തരമുള്ള മാടായിയിലെ ദുരിതങ്ങളെക്കുറിച്ചാ പറഞ്ഞുകൊണ്ടേയിരുന്നത്. 17-ാമത്തെ വയസ്സില്‍ ബോംബെയിലേക്ക് വണ്ടികയറിയതാ! മഹാനഗരമായ ബോംബയിലെ പല ഹോട്ടലുകളിലും ചായ അടിക്കാരനായി കൂടി. പിന്നെ പണ്ടാരിയായി. അഞ്ചു വര്‍ഷത്തോളം രാപകലുകള്‍ വിശ്രമമില്ലാതെ നഗരത്തില്‍ പണിയെടുക്കും. കിട്ടുന്ന തുകകൊണ്ട് ഓരോ പെങ്ങാന്മാരേയും നിക്കാഹ് കഴിച്ചുവിടും. അങ്ങനെ നാലു പെങ്ങാരെ ഇബ്രാഹിന്ക്ക നിക്കാഹ് കഴിച്ചുവിട്ടു. ഇബ്രാഹിന്ക്ക ഏറെ വേദനയോടെ പറഞ്ഞു: ഉമ്മ മരിച്ചപ്പോള്‍ മയ്യത്ത് കാണാന്‍ പോലും സാധിച്ചില്ല. മരിച്ച് രണ്ടുദിവസം കഴിഞ്ഞാ ഇബ്രാഹിന്ക്കാക്ക് കമ്പി കിട്ടിയത്. അപ്പോഴേക്കും എല്ലാം തീര്‍ന്നിരുന്നു. വഴിനീളെ ഇബ്രാഹിന്ക്കാന്റെ ജീവിതത്തിലെ കരളലിയിപ്പിക്കുന്ന അനേകം കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങള്‍ നിശ്ശബ്ദരായി കേട്ടുകൊണ്ടു നടന്നു. അങ്ങനെ കഷ്ടപ്പാടുകള്‍ക്ക് ഇടയില്‍ മിച്ചംവെച്ച കാശുകൊണ്ടാ സൈനബാക്ക് ഒരു പവന്റെ മാല വാങ്ങിക്കൊടുത്തത്. ഇബ്രാഹിന്‍ക്കാന്റെ വാക്കുകളില്‍ ഏറെ വേദനയും ദുരിതവും നിറഞ്ഞൊഴുകി. അത് പലപ്പോഴും നൊസ്സുള്ള ഉപ്പ് ആലിമിത്താന്റെ ദുരിതത്തെ ഓര്‍മ്മിപ്പിച്ചു. 

തോട്ടിന്‍കര കടന്ന് പറമ്പുകളിലൂടെ നടന്ന് ഞങ്ങള്‍ മുഹമ്മദ്ക്കാന്റെ പൊരയിലെത്തി. പെരയുടെ കൊലായിലായി അനേകം പേര്‍ ഇരിക്കുന്നുണ്ട്. അവിടെ ആളൊഴിഞ്ഞ ഒരു പഴയ മരബെഞ്ചില്‍ എല്ലാവരും നിരന്നിരുന്നു. ഞങ്ങള്‍ ഇരുന്ന ബെഞ്ചിനടുത്തായി മൊഞ്ചുള്ള ഒരു പെണ്‍കുട്ടി ഇരിക്കുന്നുണ്ട്. ഇടയ്ക്കിടെ ഒറ്റയ്ക്ക് പുഞ്ചിരി തൂകിക്കൊണ്ട് സംസാരിച്ചുകൊണ്ടേയിരിക്കുന്നു. തലമുടി ആകെ പാറിപ്പറന്ന നിലയിലായി. ആ കുട്ടിയുടെ അടുത്തുതന്നെ വെളുത്ത് മെലിഞ്ഞ ഒരു മധ്യവയസ്‌ക്കന്‍ ഇരിക്കുന്നുണ്ട്. മഹമ്മൂദ് അയാളോട് സൗമ്യമായി ചോദിച്ചു: ഈ പെണ്ണിന് എന്താ ദീനം? അയാള്‍ ഇളം പുഞ്ചിരി തൂകിക്കൊണ്ടു പറഞ്ഞു: ''മോന്തിക്ക് ഒരീസം പുറത്തിറങ്ങിയപ്പോള്‍ തുടങ്ങിയതാ. വെള്ളത്തില്‍ മുങ്ങിമരിച്ച ഏതോ റുഹാനി കൂടിയതാ! ഇതിനെ ഒഴിപ്പിക്കുവാനാ ഈട വന്നത്!'' ഞങ്ങള്‍ രണ്ടുനാഴിക മരബെഞ്ചില്‍ ഒന്നും മിണ്ടാതെ ഇരുന്നു. വിശപ്പും ദാഹവും എന്താണെന്ന് ഞങ്ങള്‍ അറിഞ്ഞതേ ഇല്ല. ഏരിപുരത്തെ ധര്‍മ്മാശുപത്രിയിലും ബീവിത്താന്റെ ആശുപത്രിയിലും പല ദിനവും ഞങ്ങള്‍ പോയിട്ടുണ്ട്. അവിടങ്ങളില്‍ കണ്ടതില്‍നിന്നും ഏറെ വ്യത്യസ്തമായ കുറേ മനുഷ്യരെയാണ് ഇവിടെ കണ്ടത്. ഇത് ഞങ്ങള്‍ക്ക് ഏറെ കൗതുകമുള്ള കാഴ്ചയായിരുന്നു. നിട്ടാന്തരമുള്ള മാടായിയില്‍ കാണാത്ത അമാനുഷികമായ കാഴ്ചകള്‍. 

സുബഹ് ബാങ്കു കഴിഞ്ഞാല്‍ നിരവധി ദേശങ്ങള്‍ താണ്ടി കുറേ പച്ചമനുഷ്യര്‍ അനേകം ആവലാതികളുമായി മുഹമ്മദ്ക്കാനെ കാണാന്‍ വരാറുണ്ടത്രേ. ഞങ്ങളുടെ ഊഴമെത്തിയപ്പോള്‍ മുഹമ്മദ്ക്ക നീട്ടിവിളിച്ചു. സൈനബാ! ഇബ്രാഹിന്ക്ക മുന്നിലും ഞങ്ങള്‍ പിന്നിലുമായാ അകത്തേക്ക് കയറിയത്. അടച്ചിട്ടിരിക്കുന്ന ഒരു ചെറിയ മുറി. മുറിക്കകത്ത് വെളിച്ചം നന്നേ കുറവ്. ഒരു പഴകിയ മരക്കട്ടിലില്‍ മുഹമ്മദ്ക്ക ഇരിക്കുന്നു. മുഹമ്മദ്ക്കാന്റെ മുഖം ഇരുട്ടില്‍ വ്യക്തമായി കാണുവാനും സാധിച്ചില്ല. ഇരുട്ടിന്റെ മറവില്‍ മുഹമ്മദ്ക്കാന്റെ ഘനഗംഭീരമായ ശബ്ദം മാത്രം കേള്‍ക്കാം. മുറിനിറയെ നിരവധി പൂജാസാമഗ്രികള്‍. ഇങ്ങനെയുള്ള പൂജാസാമഗ്രികള്‍ ഞങ്ങള്‍ കാഞ്ഞന്‍പൂജാരിയുടെ വീട്ടില്‍ മാത്രമേ കണ്ടിരുന്നുള്ളൂ. മുഹമ്മദ്ക്കാന്റെ അടുത്തിട്ടിരിക്കുന്ന ബെഞ്ചില്‍ ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു. സൈനബാ പനിപിടിച്ച് ഏരിപുരത്തെ ആശുപത്രിയില്‍ പോയതുമുതലുള്ള മുഴുവന്‍ സംഭവങ്ങള്‍ മുഹമ്മദ്ക്കാ ശാന്തനായി കേട്ടുകൊണ്ടേയിരുന്നു. സൈനബ ഇളം വെറയലോടെ നടന്ന കാര്യങ്ങള്‍ ഏറെക്കുറെ വിശദീകരിച്ചു കൊടുത്തു. പിന്നെ മുഹമ്മദ്ക്കാ സൗമ്യമായി ചോദിച്ചു: ഏടവെച്ചാ മോളെ മാല കാണാതായത്! മോള്‍ ഒന്ന് ഓര്‍ത്തുനോക്ക്! സൈനബാ കുറേ ആലോചിച്ചു നോക്കി. പിന്നെ ശബ്ദം താഴ്ത്തി ഇളം ഭയത്തോടുകൂടി പറഞ്ഞു: ചെമ്മണ്‍ പാത കഴിഞ്ഞു വെള്ളമണലുള്ള വരമ്പിലൂടെ പെരയിലേക്ക് തിരിച്ചു വരുമ്പോള്‍. മുഹമ്മദ്ക്ക എല്ലാം മനസ്സിലാക്കിയതുപോലെ തലയാട്ടി. ഒന്നും ഉത്തരം പറഞ്ഞില്ല. പിന്നെ മുഖം കിഴക്കുവശത്തേക്ക് തിരിച്ചു. ഏറെ ശബ്ദം ഉയര്‍ത്തി പറഞ്ഞു: ഭദ്രകാളിയുടെ ഇടതുമുതുകിലെ പത്ത് ചാത്തരില്‍ മൂന്നാമത്തെ ചാത്താ! നീ വാ! മുഹമ്മദ്ക്കാ ഇങ്ങനെ മൂന്നു പ്രാവശ്യം പറഞ്ഞുകൊണ്ടേയിരുന്നു. പിന്നെ മുഹമ്മദ്ക്കാന്റെ ശബ്ദം ഏറെ ഘനീഭവിക്കാന്‍ തുടങ്ങി. ഞങ്ങള്‍ എല്ലാവരും ഏറെ ഭയപ്പെട്ടുപോയി. ഇങ്ങനെയുള്ള മനുഷ്യശബ്ദം ഞങ്ങള്‍ ആദ്യമായാ കേള്‍ക്കുന്നത്. നിട്ടാന്തരമുള്ള മാടായിയില്‍ ഇങ്ങനെ ശബ്ദമുള്ള ഒരു മനുഷ്യനെ ഞങ്ങള്‍ ഇന്നേവരെ കണ്ടിട്ടില്ല. മുഹമ്മദ്ക്കാ സൈനബാനോടു വീണ്ടും അതേ ചോദ്യം ആവര്‍ത്തിച്ചു: മാല എവിടെയാ കളഞ്ഞുപോയത്? സൈനബാ ആദ്യം പറഞ്ഞ ഉത്തരം തന്നെ വീണ്ടും ആവര്‍ത്തിച്ചു. സത്യത്തില്‍ ഞാനും മഹ്മ്മൂദും മുജീബും ഏറെ ഭയപ്പെട്ടുപോയി. പ്രേമന്‍ ശാന്തനായി മുഹമ്മദ്ക്കാന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കുകയായിരുന്നു. ഏറെ മൗനത്തിനുശേഷം അദ്ദേഹം മുഖം ഞങ്ങള്‍ക്ക് അഭിമുഖമായി തിരിച്ചു. ഞാന്‍ ഏറെ സൂക്ഷിച്ച് മുഖത്തേക്ക് നോക്കി. കണ്ണുകളില്‍നിന്നു ഒരുതരം അഗ്‌നി പടരുന്നതുപോലെ തോന്നി. കുഴിഞ്ഞ് ഒട്ടിയ മുഖവും മെലിഞ്ഞുണങ്ങിയ ഉടലും ഉള്ള ഒരു മെലിഞ്ഞ മനുഷ്യരൂപം. ഒറ്റനോട്ടത്തില്‍ത്തന്നെ ഭക്ഷണം നന്നേ കുറവെന്ന് തോന്നി. മുഹമ്മദ്ക്ക ഒരു ബീഡി എടുത്ത് തീ കൊളുത്തി. അസഹ്യമായ ഒരു ദുര്‍ഗന്ധമുള്ള പുക മുറിനിറയെ പരന്നു. കുറേ മൗനത്തിനുശേഷം ഇബ്രാഹിന്ക്ക ചോദിച്ചു. ഞങ്ങള്‍ എന്തെങ്കിലും ചെയ്യണമോ? മുഹമ്മദ്ക്ക ഞങ്ങളുടെ നേരെ തിരിഞ്ഞു ചോദിച്ചു: മക്കളെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ചിക്കന്‍പോക്‌സ് വന്നിട്ടുണ്ടോ? ഞാനും മുഹമ്മദും മുജീബും തലയാട്ടി. പ്രേമന്‍ ധൈര്യപൂര്‍വ്വം പറഞ്ഞു: എനിക്ക് ചിക്കന്‍പോക്‌സ് വന്നിട്ടില്ലാന്ന്. മുഹമ്മദ്ക്ക പറഞ്ഞു. നിങ്ങള്‍ അടുത്ത ആഴ്ച വാ! ഇവനേയും കൂടെ കൂട്ടണം! നമുക്ക് അന്ന് വിശദമായി നോക്കാം. ഇബ്രാഹിന്ക്ക എന്തോ കൊടുത്തു. മുഹമ്മദ്ക്ക ഒന്നും വാങ്ങിയില്ല. അടുത്താഴ്ച എടുക്കാമെന്നു പറഞ്ഞു. അന്ന് നമുക്ക് മഷിനോക്കാമെന്ന് പറഞ്ഞു. ഞങ്ങളെ പുറത്തേക്ക് വിട്ടു. പിന്നെ അടുത്ത ഒരു സ്ത്രീയുടെ പേരാ വിളിച്ചത്. മാധവിയമ്മാ!

നേരം ഏറെ വൈകിയിരുന്നു. ഞങ്ങള്‍ കടലുപോലെ പരന്നൊഴുകുന്ന വയലുകളിലെ ഓരത്തോട് ചേര്‍ന്നുനിന്ന തോട്ടിന്‍കരയിലൂടെ പുരകളിലേക്ക് മടങ്ങി. ഓരോ നട നടന്നു നീങ്ങുമ്പോഴും മുഹമ്മദ്ക്കാന്റെ ഒരുതരം ചുവന്നുതുടുത്ത കണ്ണുകള്‍ മുന്നിലൂടെ പൊട്ടിച്ചിരിച്ചു നടക്കുന്നതുപോലെ തോന്നി. അത് പലപ്പോഴും മാവിലായി കണ്ണന്റെ പൊട്ടിച്ചിരികളെ ഓര്‍മ്മിപ്പിച്ചു. പിന്നെ ഒറ്റമുലച്ചിയുടെ ഭീകര നിഴലുകളേയും. മോന്തിയോടുകൂടിയാ ഞങ്ങള്‍ എല്ലാവരും പെരയിലെത്തിയത്! ഞാന്‍ പെരയിലെത്തിയപ്പോള്‍ ഉപ്പ പുറത്ത് ബീഡിയും വലിച്ച് ഇരിക്കുന്നുണ്ട്. പ്രേമന്‍ എന്റെ കൂടെ പെരയിലേക്കാ വന്നത്. അവന്‍ ഉപ്പാനോട് പറഞ്ഞു: മുഹമ്മദ്ക്കാന്റെ ബീഡിക്ക് എന്തോരു ദുര്‍ഗന്ധമാ! മുഹമ്മദ്ക്കായോ! ഉപ്പ ആശ്ചര്യത്തോടെ പ്രേമനോട് ചോദിച്ചു. അതെ മുഹമ്മദ്ക്കാ! കുട്ടിച്ചാത്തന്‍ സേവയുള്ള മാന്ത്രികനായ മുഹമ്മദ്ക്കാനെ കാണാന്‍ കൂട്ടിക്കൊണ്ടുപോയ കാര്യം ഉപ്പാക്ക് ഞാന്‍ പറഞ്ഞുകൊടുത്തു. ഉപ്പ ചിരിച്ചുകൊണ്ട് ചോദിച്ചു: നിങ്ങള്‍ മാട്ടൂലിലെ മുഹമ്മദ്ക്കാനെക്കുറിച്ചാ പറയുന്നത്? ഞങ്ങള്‍ തലയാട്ടി. പ്രേമന്‍ മുജീബിനേയും മഹമ്മൂദിനേയും പ്രതീക്ഷിച്ച് പെരയിലെ കോലായില്‍ ഇരുന്നു. ഞാന്‍ ഉപ്പാന്റെ പിറകില്‍ത്തന്നെ കൂടി. 

മോന്തിക്ക് ഏഴിമലയില്‍നിന്നും വീശിവരാറുള്ള മധുരമുള്ള കാറ്റ് ചെമ്മണ്‍ പാതയും കടന്നുപോയി. മഹമ്മൂദും മുജീബും ശാഫിയും സയ്യിദും മുസ്തഫയും ഞങ്ങളെ അന്വേഷിച്ച് പെരയിലേക്ക് വന്നു. ഇവരോട് പ്രേമന്‍ മുഹമ്മദ്ക്കാനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ഉപ്പാ പെട്ടെന്ന് വന്ന് പ്രേമനോട് ചോദിച്ചു: പ്രേമാ, നീ മുഹമ്മദ്ക്കാനെ കണ്ട് പേടിച്ചുപോയോ? പ്രേമന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ഞാന്‍ പേടിച്ചില്ല. ഈ പൊട്ടന്മാര്‍ എല്ലാവരും പേടിച്ച് വിറക്കുന്നുണ്ടായിരുന്നു. പ്രേമന്‍ പറഞ്ഞത് സത്യമാണ്. ഞാന്‍ സത്യത്തില്‍ പേടിച്ച് എങ്ങനെയെങ്കിലും ആ ഇരുട്ടുമുറിയില്‍നിന്നും പുറത്തിറങ്ങിയാല്‍ മതിയെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. പിന്നെ ഉപ്പ പ്രേമനോടാ ചോദിച്ചത്. എന്ത് സേവയാ പ്രേമാ മുഹമ്മദ്ക്ക് നിങ്ങക്ക് കാണിച്ചു തന്നത്? പ്രേമന്‍ ഉപ്പാനോടു പറഞ്ഞു: മെലിഞ്ഞ ഒരു കറുത്ത മനുഷ്യന്‍. നന്നേ മെലിഞ്ഞ ശരീരം. കവിള്‍ മുഴുവനും ഒട്ടിയ നിലയില്‍. പുറത്തേക്ക് ഉന്തിനില്‍ക്കുന്ന ചുമന്ന കണ്ണ്! കണ്ണില്‍നിന്നും തീച്ചൂട്ട് എരിയുന്നതുപോലുള്ള ഒരുതരം പ്രകാശം. മുഹമ്മദ്ക്ക ഒരു ഇരിട്ടു മുറിയിലാ ഇരുന്നത്. സൈനബാനോട് നടന്ന കാര്യങ്ങള്‍ മുഴുവനും കൃത്യമായി ചോദിച്ചു മനസ്സിലാക്കി. പിന്നെ മുഖം മറ്റൊരു ദിശയിലേക്ക് തിരിച്ചുനിര്‍ത്തി. എന്തോ മന്ത്രം ചൊല്ലി ചാത്തനെ ശരീരത്തില്‍ ആവാഹിച്ചു. ശേഷം ഒരു തരം ഭയപ്പെടുത്തുന്ന ശബ്ദത്തിലാ മുഹമ്മദ്ക്ക സംസാരിച്ചത്. ഇന്നേവരെ ഇങ്ങനെ ഒരു ശബ്ദമുള്ള മനുഷ്യനെ ഞാന്‍ മാടായി ദേശത്ത് കണ്ടിട്ടില്ല! പിന്നെ പ്രേമനെ തുടര്‍ന്ന് ഞാനാ ഉപ്പയോട് സംസാരിച്ചത്! എന്തോ മഹാസിദ്ധിയുണ്ട് മുഹമ്മദ്ക്കാക്ക്! ഒരു അശരീരി പോലെയാ മുഹമ്മദ്ക്കാ സംസാരിച്ചത്. ഉപ്പാ ഞങ്ങളെ എല്ലാവരെയും നോക്കി പൊട്ടിച്ചിരിച്ചു. ആ പൊട്ടിച്ചിരി മാടായി ചെമ്മണ്‍ പാതയിലൂടെ നടന്നുനീങ്ങിയ സിദ്ധാരുടേയും നൊസ്സന്മാരുടേയും പൊട്ടിച്ചിരിയെ ഓര്‍മ്മിപ്പിച്ചു. 
ഉമ്മ ഒരു പാത്രത്തില്‍ വെല്ലച്ചായയും ഒരു വലിയ പാത്രത്തില്‍ അവിലുകുഴച്ചതും കൊണ്ടുവന്ന് ഞങ്ങള്‍ക്ക് മുന്നിലെ ബെഞ്ചിലേക്ക് വെച്ചു.

ഉമ്മ ഉപ്പാനോട് പറഞ്ഞു. മുഹമ്മദ്ക്കാക്ക് ജിന്നു സേവയാ! നല്ല നിട്ടാന്തരമുള്ള മനുഷ്യനാ! നിങ്ങള്‍ വെറുതെ പൈതങ്ങളെ ഓരോന്നും പറഞ്ഞ് പേടിപ്പിക്കണ്ട. എങ്ങനെയെങ്കിലും ഓളെ മാല കിട്ടിയാല്‍ മതി. ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. പട്ടിണിയും ദുരിതവും വിരുന്നുകാരനായി പെരയില്‍ വന്നിട്ടുമുണ്ട്. ദുനിയാവില്‍ ഇന്നേവരെ ഒരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാ മക്കളെ വളര്‍ത്തിയത്! ഈ ഒരു ദെണ്ണം മാത്രമേ എന്റെ ഖല്‍ബിലുള്ളൂ. എന്റെ നിട്ടാന്തരമുള്ള ശുഹദാക്കളെ, എന്റെ പൈതങ്ങളെ കാത്തോളണേ! ഓളെ മാല കിട്ടീട്ടുവേണം പുതിയങ്ങാടി മൊയ്തീന്‍ പള്ളീലെ ശുഹദാക്കളുടെ പേരില്‍ ഒരു ശുഹദാമാല ചൊല്ലി കഴിപ്പിക്കാന്‍. ഉപ്പാ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാ അന്നേ ദിവസം കോഴിക്കറിയും നെയ്ച്ചോറും എല്ലാവര്‍ക്കും തിന്നാല്ലോ. നീങ്ങ വെറുതെ എസാക്കിര്‍ദിക്ക് പോണ്ട. ശുഹദാക്കാര്‍ക്ക് നിട്ടാന്തരമുണ്ടെന്ന് ഖുര്‍ആനില്‍ത്തന്നെ പറഞ്ഞിട്ടുണ്ട്. ഉമ്മ ഉപ്പാനോട് പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് പോയി. എന്റെ മനസ്സില്‍ എന്തോ ഒരു തോന്നല്‍, ഉപ്പാക്ക് കൃത്യമായി മുഹമ്മദ്ക്കാനെക്കുറിച്ച് അറിവുണ്ടെന്ന്. കൃത്യമായ അറിവില്ലാതെ നാട്ടുവര്‍ത്തമാനം ഉപ്പ പറയാറേയില്ല. ഞാന്‍ ഉപ്പാനോട് ചോദിച്ചു: ആരാ ഉപ്പാ ഈ മുഹമ്മദ്ക്കാ! വലിയ ശൈഖാണോ. ഉപ്പ ഒരു സിഗരറ്റിനു തീ പിടിപ്പിച്ചു. പിന്നെ ഞങ്ങളുടെ മധ്യത്തിലായി വന്ന് ഇരുന്നു. ഞങ്ങള്‍ എല്ലാവരും റാണിക്കു ചുറ്റും ഇരിക്കാറുള്ള പ്രജകളായ തേനീച്ചകളെപ്പോലെ ഉപ്പാക്ക് ചുറ്റുമിരുന്നു, ഒരു അമൂല്യമായ നാട്ടുവര്‍ത്തമാനവും പുരാവൃത്തവും അറിയാനുള്ള ആഗ്രഹത്തോടെ. ഉപ്പ മുഹമ്മദ്ക്കാന്റെ കഥ പറയാന്‍ തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com