പാഴ്നിലത്തിലെ പാപസങ്കീര്‍ത്തനങ്ങള്‍

ദൈവവരം കിട്ടുകയോ പിശാചു ബാധിക്കുകയോ ചെയ്ത ഏതോ നിമിഷങ്ങളിലായിരിക്കണം, 'ചാവുനിലം' എന്ന നോവല്‍ പി.എഫ്. മാത്യൂസ് എഴുതിയത്.
പി.എഫ്. മാത്യൂസ്
പി.എഫ്. മാത്യൂസ്

ദൈവവരം കിട്ടുകയോ പിശാചു ബാധിക്കുകയോ ചെയ്ത ഏതോ നിമിഷങ്ങളിലായിരിക്കണം, 'ചാവുനിലം' എന്ന നോവല്‍ പി.എഫ്. മാത്യൂസ് എഴുതിയത്. വേറെ ഏതോ ലോകത്തുനിന്നും വന്നവരുടെ സഹായത്തിലാണ് ഈ നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. ആദിമമായ പാപബോധങ്ങളും പ്രാചീനമായ ഉല്‍ക്കണ്ഠകളും അബോധത്തില്‍നിന്നും ഉണര്‍ന്നെഴുന്നേറ്റു വന്ന് ഈ നോവലിന്റെ  രചനയില്‍ പങ്കുചേരുകയും അതിനെ നയിക്കുകയും ചെയ്തിരിക്കുന്നു.  ഒരു മനുഷ്യന്‍ ഒറ്റയ്ക്കിരുന്നെഴുതിയതുപോലെയല്ല, പരസ്പരം കലമ്പുന്ന കുറേ ഭ്രാന്താത്മാക്കള്‍ ഒരുമിച്ചു കൂടുമ്പോള്‍ ചമച്ചതുപോലെയുണ്ട്, ഈ കൃതി. ആരൊക്കയോ ചേര്‍ന്നുനിന്ന് മാത്യൂസിനെക്കൊണ്ട് എഴുതിക്കുകയായിരുന്നു! ദൈവം വിലക്കിയ ജ്ഞാനത്തിന്റെ കനി ഭക്ഷിക്കുന്നവരുടേയും ദൈവചിന്തയില്‍പ്പെട്ട് സ്വയം പാപിയെന്ന കുറ്റബോധത്തില്‍ ജീവിക്കുന്നവരുടേയും കഥയാണിത്. അവര്‍ ഏദന്‍തോട്ടത്തില്‍നിന്നും പുറത്തായി. ദു:ഖവും വേദനകളും അവരുടെ കൂടപ്പിറപ്പുകളായി. ദൈവത്തേയും പിശാചിനേയും ഭയന്നു. എന്നിട്ടും ശാപവും പാപബോധവും അവരെ പിന്തുടര്‍ന്നു. തിരുത്താനുള്ള ഉപദേശവും പുതിയ വിലക്കുകളുമായി, ദൈവാവതാരങ്ങളായി, മതവും സഭയും അവരോടൊപ്പം എപ്പോഴുമുണ്ടായിരുന്നു. എല്ലാ തിരുത്തുകള്‍ക്കും കുമ്പസാരങ്ങള്‍ക്കുമപ്പുറം, ആദിമമായ ചോദനകള്‍ പിന്നെയും പിന്നെയും വേട്ടയാടുന്നു, ഈ മനുഷ്യരെ. അവര്‍ പിന്നെയും പാപങ്ങളിലേക്കു നിപതിക്കുന്നു. ഏദന്‍ തോട്ടം എന്ന പ്രതീക്ഷയെ ചാവുനിലമെന്നോ പാഴ്നിലമെന്നോ എഴുതാവുന്ന യാഥാര്‍ത്ഥ്യംകൊണ്ട് മാറ്റിവയ്ക്കുകയാണ്, ഇവിടെ. ക്രമരാഹിത്യത്തിലേക്കു നീങ്ങുന്ന ലോകത്തിന്റെ ചെറിയ തുണ്ടാണോ ഈ പാഴ്നിലമെന്ന് നാം അത്ഭുതപ്പെടുന്നു!  

പ്രപഞ്ചത്തിന് ഒരു കേന്ദ്രകര്‍ത്തൃത്വത്തെ സങ്കല്‍പ്പിക്കുന്ന മതം ലോകത്തെ നന്മയുടേതും തിന്മയുടേതുമായി വിഭജിക്കുമ്പോള്‍ ദൈവവും പിശാചും ജനിക്കുന്നു. മനുഷ്യരില്‍ ദൈവവും പിശാചും ഒരുമിച്ചാണ് വസിക്കുന്നത്. ദൈവത്തിന്റെ അസ്തിത്വത്തില്‍ പിശാചിന് ഒരു പങ്കുണ്ട്, രണ്ടും ഒരുമിച്ചു മാത്രമേ നിലകൊള്ളുന്നുള്ളൂ. പിശാചിനെക്കുറിച്ചുള്ള ഭയത്തില്‍നിന്നാണ് ദൈവത്തിലുള്ള വിശ്വാസം ഉറപ്പിക്കപ്പെടുന്നത്. ദൈവചിന്ത പിശാചിനെ കൂടെ കൊണ്ടുവരുന്നതിനാല്‍, മതവിശ്വാസവും ദൈവഭക്തിയും പിശാചിന്റെ ശക്തിയെക്കുറിച്ചുള്ള വിശ്വാസങ്ങളെക്കൂടി നിലനിര്‍ത്തുന്നു. പിശാചിന്റെ വേട്ടയ്ക്കു ഇരയാകുന്ന മനുഷ്യരോടു സഹഭാവം കാണിക്കുന്നുവെന്നു പറയുന്ന ദൈവചിന്ത പിശാചില്‍നിന്നും തിന്മയില്‍നിന്നും രക്ഷ നല്‍കുന്നുവെന്ന നാട്യത്തില്‍ മനുഷ്യരുടെമേല്‍ സദാചാരത്തിന്റെ നിയമങ്ങള്‍ നടപ്പിലാക്കുന്നു. അത് മനുഷ്യരുടെ സ്വാതന്ത്ര്യത്തെ നിഹനിക്കുന്നു. മതവിശ്വാസവും ദൈവവിശ്വാസവും പിശാചിനെ തടഞ്ഞുനിര്‍ത്തുന്നത് സ്വാതന്ത്ര്യനിഷേധത്തിലൂടെയാണ്. ഇങ്ങനെ മതവും ദൈവവും വിശ്വാസിയെ ബന്ധനത്തിലാക്കുന്നു. ആദിമപാപങ്ങളേയും വിലക്കപ്പെട്ട കനിയേയും കുറിച്ചുള്ള വിശ്വാസങ്ങളില്‍ ഈ ബന്ധനമുണ്ട്. ജൈവചോദനകളുടേയും ലൈംഗികജീവിതത്തിന്റേയും മേലുള്ള കടന്നുകയറ്റമായി ഇതു മാറിത്തീരുന്നു. മതവിശ്വാസത്തിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍പ്പെട്ട് പി.എഫ്. മാത്യൂസിന്റെ നോവലിലെ കഥാപാത്രങ്ങള്‍ക്കു ശ്വാസം മുട്ടുന്നുണ്ട്. മനുഷ്യന് സ്വതന്ത്രമായ മുഴുകല്‍ അസാദ്ധ്യമാകുന്ന വിധത്തില്‍ ജീവിതത്തിന്റെ എല്ലാ സുപ്രധാന സന്ദര്‍ഭങ്ങളിലും ഇടപെടുന്ന മതവിശ്വാസത്തെ നാം കാണുന്നു. ജീവിതം ഈ കെട്ടുകള്‍ക്കും ബന്ധനങ്ങള്‍ക്കും അപ്പുറത്താണ്. വേദപാഠങ്ങളിലെ ഉപദേശവും അംബ്രോസുമൊത്തുള്ള പൊന്തക്കാട്ടിലേയും പന്നിക്കൂട്ടിലേയും സ്‌നേഹവും നോവലിലെ കഥാപാത്രമായ പേറുവില്‍ പൊരുത്തപ്പെടാതെ നില്‍ക്കുന്നത് ഇതുകൊണ്ടാണെന്നു നമുക്കു തോന്നുന്നു. പേറുവിനെക്കുറിച്ചുള്ള മറിയയുടെ ദു:ഖങ്ങള്‍ ബലാല്‍ പരസ്ത്രീശയനം നടത്തുന്ന തന്റെ അപ്പനിലും ചങ്ങലക്കെട്ടില്‍ കിടന്നു ചത്തുപോയ അമ്മയിലും എത്തുന്നത്, പാപത്തിന്റെ പാരമ്പര്യവഴികളെക്കുറിച്ചുള്ള വിചാരത്തില്‍നിന്നാണെന്നുകൂടി തോന്നുന്നു. സ്വയം ചെയ്യുന്ന പാപം മാത്രമല്ല, പൂര്‍വ്വികന്റെ പാപത്തിന്റെ വലിയ ഭാരം കൂടി വിശ്വാസി ചുമക്കുന്നു.  

ജൈവചോദനകളും ആദിമമായ വിളികളും
പി.എഫ്. മാത്യൂസ് ആഖ്യാനസ്ഥലമായി ഒരു തുരുത്തിനെ, അടഞ്ഞ വ്യവസ്ഥയെ നിര്‍മ്മിച്ചെടുക്കുന്നു. അടഞ്ഞ വ്യവസ്ഥ പാരതന്ത്ര്യങ്ങളുടെ വ്യവസ്ഥയാണ്. വിശ്വാസങ്ങള്‍ നിര്‍മ്മിക്കുന്ന പാരതന്ത്ര്യങ്ങളില്‍പ്പെടുന്നവരെ ചിത്രണം ചെയ്യാന്‍ നോവലിസ്റ്റിന് ഒരു തുരുത്തിനെ എഴുതാതെ കഴിയില്ലായിരുന്നു. നോവലില്‍ രേഖിതമാകുന്ന തുരുത്തിന്റെ ഭൂപ്രകൃതി നോവലിന്റെ പ്രമേയത്തിനു അനുയോജ്യമായി മാറിത്തീരുന്നുണ്ട്. തുറന്ന വ്യവസ്ഥയുടെ ചലനം ഇവിടെ ക്ഷിപ്രസാദ്ധ്യമല്ല. വന്‍കരയില്‍നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു തുരുത്തിലാണ് ചാവുനിലം. കുഷ്ഠം പിടിച്ചു ചീഞ്ഞ മനുഷ്യരുടെ മൃതദേഹങ്ങളും ചാപിള്ളകളും അടക്കം ചെയ്യപ്പെടുന്നിടം. മൃതദേഹങ്ങളെ അഴുകാന്‍ അനുവദിക്കാത്ത മണ്ണാണത്. ഈശിയുടേയും വാറ്റുകാരന്‍ ദേവസിയുടേയും മൃതശരീരങ്ങള്‍ കാലം ചെന്നിട്ടും അഴുകാതെ കിടക്കുന്നതിനെ നോവലിസ്റ്റ് എഴുതുന്നുണ്ട്. അഴുകാത്ത മൃതദേഹങ്ങളെയെന്നപോലെ ശാപവാക്കുകളേയും പാപങ്ങളേയും കൂടി ഈ പാഴ്നിലം വലിയ കരുതലോടെ സൂക്ഷിച്ചുവയ്ക്കുന്നു. ഇവിടേക്കാണ് മിഖേലാശാന്‍ വരുന്നത്, മനുഷ്യരേയും സംസ്‌ക്കാരത്തേയും ഈ തുരുത്തിലേക്കു കൊണ്ടുവരുന്ന ഭാര്‍ഗ്ഗവന്റെ തോണിയിലേറി അയാള്‍ വരുന്നു. മിഖേല്‍ മറിയത്തെ കാണുന്നു. മറിയത്തെ മണവാട്ടിയാക്കുന്നു. പാഴ്നിലത്തു കൊട്ടാരം കെട്ടി വസിക്കാന്‍ തീരുമാനിക്കുന്നു. അതിനു മുന്നേ പാഴ്നിലം സ്വന്തമാക്കിയത് മനീക്ക് ചട്ടമ്പിയായിരുന്നു. ബലാല്‍ക്കാരമായി പരസ്ത്രീശയനം നടത്തുന്നവന്‍. മറിയയുടെ അപ്പന്‍. ഭാര്യയുടെ; മറിയയുടെ അമ്മ, ഏലീശയുടെ വാക്കത്തി മൂര്‍ച്ഛയില്‍ അയാള്‍ ഒടുങ്ങി. ഏലീശ ഭ്രാന്തിയായി. മറിയയുടെ പാരമ്പര്യത്തില്‍ മണീക്കിന്റെ ഭ്രാന്തുപിടിച്ച കാമവും ഏലീശയുടെ ഭ്രാന്തും ഉണ്ടായിരുന്നു. ചാവുനിലത്തില്‍ കൈകടത്തിയാല്‍ അതിനടിയിലുറങ്ങുന്ന ആത്മാക്കള്‍ വെറുതെ വിടില്ലെന്നും അവിടെ ഒരു തുള്ളി വെള്ളം കിട്ടില്ലെന്നും മറിയയുടെ ഉടലിലെ രഹസ്യമെല്ലാം തനിക്കു കാണാപ്പാഠമാണെന്നും... പല കാര്യങ്ങള്‍ വലക്കാരന്‍ ഔദോ പറഞ്ഞിട്ടും മിഖേലാശാന്‍ പിന്‍വാങ്ങിയില്ല. ഒരു പിശകുലക്ഷണത്തിന്റെ നാളില്‍ മിഖേലും മറിയയും പാഴ്നിലത്തില്‍ താമസം തുടങ്ങി. മിഖേലാശാന്‍ കുഴിപ്പിച്ച കിണര്‍ പാതാളത്തിലെത്തിയപ്പോള്‍ വെള്ളം ഉറവ തുള്ളുന്ന ശബ്ദത്തോടൊപ്പം കുരുന്നുകുഞ്ഞുങ്ങളുടെ രോദനം കൂടി പൊങ്ങി. അത് ആത്മാക്കളുടെ തിരിച്ചുവരവായി തുരുത്തിലെ വാസികള്‍ കണ്ടു. മറിയയുടെ ഗര്‍ഭം രണ്ടു വട്ടം അലസി. അടുത്ത ഗര്‍ഭകാലത്തില്‍, അമ്മ ഏലീശയും അവളും ചേര്‍ന്ന് തന്റെ വയറ്റിലെ കുഞ്ഞിനെ തിന്നുന്നതു സ്വപ്നം കണ്ടു മറിയ നടുങ്ങി. പിന്നെ, കാലപ്പാച്ചിലിനിടയില്‍ മറിയയ്ക്കു പേറുവും ബാര്‍ബറയും ഈശിയും പിറന്നു. അവര്‍ വിരുദ്ധലോകങ്ങളില്‍ താമസിച്ചു. ബാര്‍ബറ തന്തയ്ക്കു പിറക്കാത്തവളെന്നു വിളി കൊണ്ടു. അപ്പൂപ്പന്‍ മനീക്ക് ചട്ടമ്പിയിലുണ്ടായിരുന്ന സ്ത്രീലമ്പടത്വത്തിന്റേയും തെമ്മാടിത്തത്തിന്റേയും ജീനുകള്‍ പേറുവില്‍ ശക്തിയാര്‍ജ്ജിച്ചു പെരുകി. 

മതസദാചാരത്തിന്റെ വിലക്കുകളെ ഭേദിച്ചുകൊണ്ട് ജൈവചോദനകളിലേക്കും ആദിമമായ വിളികളിലേക്കും ആകര്‍ഷിക്കപ്പെടുന്ന മനുഷ്യരുടെ കഥയാണ് പി.എഫ്. മാത്യൂസ് എഴുതുന്നതെന്നു പറഞ്ഞുവല്ലോ. അവരില്‍ ചിലര്‍ വലിയ സന്ദിഗ്ദ്ധതകളില്‍ പെടുന്നു. പാഴ്നിലത്തിലെ ഗതികിട്ടാത്ത ആത്മാക്കള്‍ക്കു നിഷേധിക്കപ്പെട്ട സുഖജീവിതത്തെ ഘോഷിക്കുന്നവര്‍ ഏതോ കുറ്റബോധത്തിലും പശ്ചാത്താപത്തിലും കീഴ്‌പെട്ടു പോകുന്നുമുണ്ട്. ഉള്ളില്‍ കുമിഞ്ഞുകൂടുന്ന ഏതോ കുറ്റബോധത്തിന്റെ കഥ കൂടിയാണ് മാത്യൂസ് എഴുതുന്നത്. ഈ കുറ്റബോധത്തിന്റെ പിറവിക്ക് മതവിശ്വാസം  കാരണമായി നില്‍ക്കുന്നു. ആര്‍ക്കും മനസ്സിലാകുന്ന യാഥാര്‍ത്ഥ്യമായി ഇത് നോവലിലുണ്ട്. തങ്ങള്‍ക്കു നിഷേധിച്ചതിനെ ആഘോഷത്തോടെ കൊണ്ടാടുന്നവരെ കാലുഷ്യത്തോടെ പഴയ ആത്മാവുകള്‍ നോക്കുന്നുണ്ടാകണമെന്ന് ചാവുനിലത്തില്‍ വസിക്കുന്നവര്‍ ഭയപ്പെടുന്നു. പാഴ്നിലങ്ങളെ കുത്തിത്തുറക്കുന്നവരുടെ ഓര്‍മ്മകളില്‍ പഴയതെല്ലാം തെളിയുകയാണ്. അത് ശാപവാക്കായി, പാപചിന്തയായി അവരില്‍ കൂടുകെട്ടുന്നു. പിന്നെ, അവര്‍ ജീവിക്കുന്നത് ഈ ശാപവാക്കിനും പാപചിന്തയ്ക്കും ഉള്ളിലാണ്. തന്റെ ഗര്‍ഭത്തിലുള്ള കുഞ്ഞിനെ അമ്മയും താനും ചേര്‍ന്നു തിന്നുന്നതായി സ്വപ്നം കാണുന്ന മറിയ പഴയ ശാപവാക്കിനെക്കുറിച്ചുള്ള ഓര്‍മ്മകളുടേയും മതവിശ്വാസങ്ങളുടേയും ഇരയാണ്. അവളില്‍ പ്രവര്‍ത്തിക്കുന്ന പാപബോധം അവളുടെ ഗര്‍ഭത്തില്‍നിന്നും ചാപിള്ളകളായി പിറക്കുന്നു. അവളോടൊപ്പം ചേരുന്ന മിഖേലാശാന് ഇതിനെ അതിവര്‍ത്തിക്കാനാകുന്നില്ല. അയാളും അതില്‍പ്പെട്ടു പോകുന്നവനാണ്. എന്റെ അപ്പന്‍ കാപ്പിരി മുത്തപ്പനെ ചതിച്ചിട്ടുണ്ടെന്നും അതിന്റെ ശിക്ഷയാണെന്നുമുള്ള ഈശിയുടെ കുമ്പസാരത്തില്‍ മിഖേലാശാന്റെ കുറ്റബോധം കൂടി തെളിഞ്ഞു നില്‍ക്കുന്നുണ്ട്. അത് പരമ്പരകളിലേക്കു കൂടി പകരുന്നതാണെന്നും നാം അറിയുന്നു. 

കുഷ്ഠരോഗികളുടെ അന്ത്യവിശ്രമസ്ഥലം കയ്യേറിയവന്‍ അവരില്‍ ഒരുവനായി മാറിത്തീരുകയാണ്, ഈ കൃതിയില്‍. നിധി അന്വേഷിച്ചവന്‍ കുഴിച്ച് കുഴിച്ച് ചെമ്പുതകിടില്‍ ചെന്നു മുട്ടുമ്പോള്‍ തീക്ഷ്ണമായ മലിനഗന്ധം പരക്കുന്നു, അപശബ്ദങ്ങള്‍ ഉയരുന്നു.  നിധി കുഴിച്ചെടുക്കാന്‍ ശ്രമിച്ചവര്‍ മൂന്നുപേരും അത്യാഹിതങ്ങളില്‍ പെടുന്നു. മിഖേലാശാന്‍ മൂന്നു നാള്‍ പനിച്ചു കിടന്നു. പിന്നെ, ചര്‍മ്മത്തില്‍ നിറയെ പാണ്ടുകളുമായി പുറപ്പെട്ടു പോകുന്നു. അപ്പോഴേക്കും പേറു ജനിച്ചിട്ടുണ്ടായിരുന്നു. പിന്നെ, രണ്ടു തിരിച്ചുവരവുകള്‍. രണ്ടാം വരവാകുമ്പോഴേയ്ക്കും മറിയയ്ക്ക് ബാര്‍ബറ പിറന്നിരുന്നു. രണ്ടാമത്തെ വരവില്‍ ഈശിയും. മൂന്നാമത്തെ തിരിച്ചുവരവ് കുഷ്ഠം പിടിച്ചു ചീഞ്ഞ മൃതദേഹമായിട്ടാണ്. തയ്യല്‍ മെഷീന്റെ തൂശി വിഴുങ്ങിയാണത്രേ മിഖേലാശാന്‍ ചത്തത്. പേറുവും ഈശിയും ചേര്‍ന്ന് അയാളെ വീട്ടുമുറ്റത്തു കുഴിച്ചിട്ടു. പാഴ്നിലത്തെ കുഷ്ഠരോഗികളുടെ ശവപ്പറമ്പിനെ കുഴിച്ചെടുത്തവന്‍ ആരുടേയോ പ്രതികാരനിര്‍വ്വഹണമെന്നോണം കുഷ്ഠം പിടിച്ചു ചീഞ്ഞ് അതേ മണ്ണിലെ വെറും കുഴിയില്‍ മൂടപ്പെടുന്നു.

ചാവുനിലത്തിലെ പാപവും ശാപവും
പാപത്തിന്റെ കഥകള്‍ മിഖേലാശാനിലും മറിയയിലും അവസാനിക്കുന്നില്ല. അത് പേറുവിലും ബാര്‍ബറയിലും ഈനാശുവിലും അന്നയിലും തുടരുന്നു. ചാവുനിലം എപ്പോഴും ചത്തു മരവിച്ചു കിടക്കുന്നതിനെ നോവലിസ്റ്റ് എഴുതുന്നുണ്ട്. അതിനു ചുറ്റും പാഴ്ച്ചെടികളും കാട്ടുപുല്ലും വളരുന്നു. ദാഹമടങ്ങാത്ത ആത്മാവുകള്‍ തൊടിയിലും അടുക്കളയിലും ഇടനാഴികളിലും മേഞ്ഞുനടക്കുന്നു. പാഴ്നിലം ഒരിക്കലും ശാന്തമായില്ല. എപ്പോഴും മലിനഗന്ധവും പുകയും പേ പിടിച്ച ശബ്ദങ്ങളും അവിടെ നിന്നും ഉയര്‍ന്നു. ചാവുനിലത്തിലെ മനുഷ്യര്‍ പാപവും ശാപവും വേദനയും പുരണ്ടു ജീവിച്ചു. അവിടെ ഉരുവമെടുത്ത ഒരാളും നന്നായി മരിക്കുന്നില്ല. പേറു മുഴുവന്‍ പാപങ്ങളുടേയും ഭയങ്കരരൂപമായി നോവലില്‍ പ്രത്യക്ഷമാകുന്നു. കുഞ്ഞായിരുന്നപ്പോള്‍, ആദ്യമായി പള്ളിയിലേക്കു പ്രവേശിച്ചയുടനെ അലറിക്കരയുന്നുണ്ട്, പേറു. പിശാചിനെ ആട്ടിയകറ്റാനുള്ള പുരോഹിതന്റെ പ്രാര്‍ത്ഥനകള്‍ അവന്റെ നിലവിളിയില്‍ മുങ്ങിപ്പോയി. ഹാനാന്‍ വെള്ളം ഒഴിക്കുന്ന നേരത്ത് ആ കുഞ്ഞുവായില്‍നിന്നും പുറത്തുവന്ന ശബ്ദം മനുഷ്യന്റേതായിരുന്നില്ല. പേറുവിന് കാമം അടങ്ങുന്നില്ല, ഒരു കൊതിയും അടങ്ങുന്നില്ല, പക അടങ്ങുന്നില്ല. അംബ്രോസിനോടൊപ്പം പൊന്തക്കാട്ടില്‍ പറ്റിക്കൂടുന്ന പേറു ദൈവവിളിയില്ലാതെ പള്ളീലച്ചനാകാന്‍ പോയെങ്കിലും ദുര്‍വൃത്തിയില്‍ തുടര്‍ന്നു. താന്‍ കെട്ടാന്‍ പോകുന്ന പ്ലമേനയുടെ മൂത്ത സഹോദരി അനത്താസിക്കുവേണ്ടി പേറുവിനെ ആശ്രമത്തില്‍നിന്നും വിളിച്ചു കൊണ്ടുവരുന്നത് ഈശിയാണ്. പേറുവിന്റെ വിവാഹവാര്‍ത്തയറിഞ്ഞ് സുഹൃത്തിനെ കാണാന്‍ വരുന്ന അംബ്രോസിനെ അയാള്‍ ആട്ടിപ്പുറത്താക്കി. എന്നാല്‍, അംബ്രോസ് അഗ്‌നീസയെ കല്യാണം കഴിക്കുമ്പോള്‍ ആദ്യരാത്രി ഘോഷിക്കാന്‍ പേറു ചെല്ലുന്നുണ്ട്. സൈക്കിളുരുട്ടി അംബ്രോസിന്റെ വീട്ടിലേക്കു വരുന്ന എല്ലാ പുരുഷന്മാരേയും കാത്തിരിക്കുന്നവളാക്കി പേറു അഗ്‌നീസയെ മാറ്റിത്തീര്‍ക്കുന്നുണ്ട്. പേറു സമ്പത്തും അധികാരവും കൊണ്ട് പള്ളിയെ കൂടി വരുതിയില്‍ നിര്‍ത്തുകയും ജീവിതത്തെ ആഘോഷിക്കുകയും ചെയ്യുന്നു. മതം നിഷേധിക്കുന്ന കാര്യങ്ങള്‍ പേറുവില്‍ കൊതിയും ആര്‍ത്തിയുമായി വളരുന്നു. പാപത്തെ സ്വീകരിക്കാതിരിക്കാനും അതില്‍ ഉള്‍പ്പെടാതിരിക്കാനും പേറുവിനു കഴിയുന്നില്ല.  പേറുവിന്റെ കണ്ണുകള്‍ തുരുത്തിലെ എല്ലാ സ്ത്രീകളിലും എത്തിച്ചേരുന്നു. സഹോദരന്റെ ഭാര്യ പ്ലമേനയിലും മകന്റെ ഭാര്യ കാര്‍മ്മലിയിലും അത് എത്തിച്ചേരുന്നു. പേറു എത്ര പേരെ കൊന്നുകളയുന്നുണ്ട്, സഹോദരന്‍ ഈശിയുള്‍പ്പെടെ. ബാര്‍ബറയ്ക്കു തീ കൊളുത്തുന്നത് ആരാണ്? ഏതോ രതിശുശ്രൂഷയില്‍ ഗര്‍ഭവതിയാകുന്ന അവള്‍ പേറുവിന്റെ കൈകളാല്‍ ഗൃഹത്തില്‍ ബന്ധനസ്ഥയാകുകയും പിന്നെ, പച്ചമാംസമായി കത്തിത്തീരുകയും ചെയ്യുന്നു. എത്രയോ ബലാല്‍ക്കാരങ്ങള്‍, അഗമ്യഗമനങ്ങള്‍, അധികാരകേളികള്‍... ദൈവത്തിന്റെ കണ്ണുകള്‍ പതിയാത്ത ഇടങ്ങള്‍ തേടി അവന്‍ നടന്നുവെന്ന് മാത്യൂസ് എഴുതുന്നുണ്ടല്ലോ. എന്നിട്ടും പേറുവിന്റെ പാപജന്മം ഒരു കയര്‍ത്തുമ്പില്‍ പിടഞ്ഞു തീരുന്നു. അവനെ അടക്കുമ്പോള്‍ ഭൂമി പിളരുന്ന ശബ്ദത്തില്‍ മഴ പെയ്യുന്നു. പേറുവിലും പാപത്തിന്റെ കഥകള്‍ തീരുന്നില്ല!

വലിയപ്പനും അമ്മയും ചെയ്യുന്ന തെറ്റുകള്‍ക്കു പൊറുതി തേടിയാണ് അന്ന കന്യാസ്ത്രീയാകാന്‍ ഒരുങ്ങുന്നത്. സിസ്റ്റര്‍ മാര്‍ഗരീത്തയുടെ വാക്കുകള്‍ അവള്‍ കേള്‍ക്കുന്നു. വേദനയും സങ്കടവുമറിയുന്നതിന് സ്വയം പീഡിപ്പിക്കുന്ന അന്നയെ നാം കാണുന്നു. അന്നയുടെ കാലടികള്‍ തറയില്‍ മുട്ടുകുത്തിയിരുന്നു ചുംബിക്കുന്ന നിഷ്‌ക്കളങ്കനായ ഈനാശുവിനെ കാണുന്നു. ഈ ഈനാശുവാണ് ചെറിയമ്മയായ പ്ലമേനയുടെ ദേഹത്തേക്കു കൈകള്‍ നീട്ടുന്നത്. പേറുവിന്റെ കൈകള്‍ ഈനാശുവിന്റെ കഴുത്തിലെ ആദാമിന്റെ കനിയില്‍ ഞെക്കിപ്പിടിക്കുന്നതായി നാം വായിക്കുമ്പോള്‍ ആദിമപാപത്തോളം പിന്നിലേക്കു പോകുന്ന ഓര്‍മ്മകള്‍ നമ്മില്‍ ഉണരുന്നു. ഈനാശു അവന്റെ പരിഞ്ഞമ്മയും അപ്പന്റെ വെപ്പാട്ടിയുമായ അഗ്‌നീസയോടൊത്തു ശയിക്കുന്നതിന്റെ വിവരണങ്ങള്‍ കൂടി മാത്യൂസ് എഴുതുന്നുണ്ട്. പേറുവിന്റെ വിലക്കുകള്‍ അവനെ ഭ്രാന്തനാക്കി മാറ്റുന്നു. അവന്‍ പുറപ്പെട്ടു പോകുകയും കോലം കെട്ട് തിരിച്ചുവരികയും ചെയ്യുന്നു. ദൈവവിളി കേട്ട് ക്രിസ്തുവിന്റെ മണവാട്ടിയായി ലോകസേവനത്തിന് മഠത്തിലേക്കു പോയ അന്ന നിറവയറുമായി തിരിച്ചുവരുന്നു. ഈശിയുടേയും പ്ലമേനയുടേയും മകളായ അന്ന കര്‍ത്താവിന്റെ മണവാട്ടിയാകുന്നതറിഞ്ഞ് സന്തോഷവാനായിരുന്ന യോനാസച്ചന്‍ പിന്നെ അവളെ ഇങ്ങനെ കാണുന്നു.  
''ഞാന്‍ അന്നയാണ്, ഈശിയുടെ മോള്''

''ഹന്ന!'' പ്രേതത്തെ കണ്ടതുപോലെ യോനാസച്ചന്‍ മിഴിച്ചു... ഒരു നിമിഷം ജീവിച്ചിരിക്കുന്നതു പോലും അപമാനകരമായി അദ്ദേഹം കരുതി...അന്ന ചിരിച്ചുകൊണ്ടേയിരുന്നു. അവള്‍ ചങ്കില്‍ ചേര്‍ത്തുവച്ച ദുഷിച്ച കഥകളത്രയും ആ ചിരിയിലുണ്ടെന്നു കിഴവന്‍ പാതിരി കരുതി. 
''അച്ഛാ, ഞാമ്പോണു, അങ്ങോരു കാത്തിരിക്കണു്''
''ആര്?''  
''ഈനാശുച്ചേട്ടന്‍''
അവളുടെ അശ്ലീലമായ ചിരിയും ഭാവവും കണ്ടപ്പോള്‍ ലോകാവസാനം യഥാര്‍ത്ഥമായിരിക്കുന്നുവെന്ന് അച്ഛനു തോന്നി.''

മതസദാചാരം പകരുന്ന ലൈംഗിക ജീവിതമൂല്യബോധങ്ങള്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ പരാജിതമാകുന്നത് നാം കാണുന്നു. വീട്ടുകാരണവന്മാരെ വാറ്റുചാരായം കുടിച്ചു മയക്കി അവരുടെ ഭാര്യമാരേയും പെണ്‍കുഞ്ഞുങ്ങളേയും നായാടുന്ന വാറ്റുകാരന്‍ ദേവസ്സി, പകല്‍വെളിച്ചത്തില്‍ പരസ്ത്രീശയനം നടത്തുന്ന മനീക്ക്, അനേകം കരകളിലെ സ്ത്രീകളോടൊത്തു ശയിച്ചിട്ടുള്ള മിഖേലാശാന്‍, അമ്മയുടെ കൂടെ കിടക്ക പങ്കിടുന്ന ദിലൈലയുടെ ഭര്‍ത്താവ്, പേറുവിന്നൊപ്പം പൊന്തക്കാട്ടില്‍ പറ്റിക്കൂടുന്ന അംബ്രോസ്, സ്ത്രൈണതയുടെ പൂര്‍ത്തീകരണമായ ഒറ്റക്കണ്ണന്‍ ചീക്കുട്ടി, പേറു, വിഷദംശനമേല്‍പ്പിക്കുന്ന കണ്ണുകളുള്ള മൈലമ്മ, അന്നയെ മൈലമ്മയുമായി ബന്ധിപ്പിക്കുന്ന ലെസ്ബിയന്‍ സൂചനകള്‍, ചെറിയമ്മയെ കയ്യേറുകയും അപ്പന്റെ വെപ്പാട്ടിയോടൊപ്പം ശയിക്കുകയും ചെയ്യുന്ന ഈനാശു, പശുത്തൊഴുത്തില്‍ നിന്നും ഇറങ്ങിയോടുന്ന വക്കച്ചന്‍, അവിഹിത ഗര്‍ഭം ധരിക്കുന്ന ബാര്‍ബറ, കന്യാസ്ത്രീയാകാന്‍ പോയി ഗര്‍ഭവതിയായി മടങ്ങിയെത്തുന്ന അന്ന, പാപജീവിതത്തില്‍ മുങ്ങിക്കഴിയുന്ന വെറോണിക്കയോടൊപ്പം ഒറ്റമുണ്ടും ബനിയനുമണിഞ്ഞ് വിയര്‍ത്തൊലിച്ച് പള്ളിമേടയിലിരിക്കുന്ന സന്ധ്യാവച്ചന്‍,... ലൈംഗികജീവിതത്തെ ആഘോഷിക്കുന്ന കഥാപാത്രങ്ങളെ നോവലില്‍ നിറയ്ക്കുന്ന എഴുത്തുകാരന്‍ ലൈംഗികതയെക്കുറിച്ചുള്ള ഗതാനുഗതമായ സങ്കല്‍പ്പനങ്ങളെ നിര്‍വീര്യമാക്കുകയും ലൈംഗികമായ ബന്ധങ്ങളില്ലെന്ന ലക്കാന്റെ വാക്കുകളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. 

ഈ നോവലിലേക്കു നമ്മെ അടുപ്പിക്കുന്നത് എന്താണ്? ഇതു നല്ല രചനയാണല്ലോയെന്ന തോന്നല്‍ നമ്മളില്‍ ഉണര്‍ത്തുന്നതെന്താണ്? സാഹിത്യത്തിന്റെ മര്‍മ്മം അറിയുന്ന എഴുത്തുകാരനായി മാത്യൂസ് നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. സാഹിത്യരചന ജീവിതാനുഭവങ്ങള്‍ക്കു അതേപടി ഭാഷാരൂപം നല്‍കുന്നതല്ല. സാഹിത്യം ജീവിതത്തിന്റെ ക്യാമറ പകര്‍പ്പല്ല. അത് തീര്‍പ്പുകളുടെ ലോകത്തെയല്ല നിര്‍മ്മിക്കുന്നത്. സംവാദത്തിന്റേയും പ്രശ്നീകരണങ്ങളുടേയും ലോകത്തെയാണ് സാഹിത്യം അഭിലഷിക്കുന്നത്. സാഹിത്യം അപൂര്‍ണ്ണമായതിലേക്കു തുറന്നിരിക്കുന്നതും ആ ദിശയില്‍ ചലിക്കുന്നതുമാണ്. എഴുത്ത് ആയിത്തീരലിന്റെ പ്രശ്‌നത്തെയാണ് അഭിമുഖീകരിക്കുന്നതെന്നു ദെലസ് എന്ന ചിന്തകന്‍ പറയുന്നുണ്ട്. അത് രൂപീകൃതമാകുന്നതിന്റെ ഇടയില്‍ എവിടെയോ അപൂര്‍ണ്ണമായി നില്‍ക്കുന്നു. മാത്യൂസിന്റെ നോവല്‍ നമ്മോട് പലതും അപൂര്‍ണ്ണമായി പറയുന്നു. ഇവിടെ ഈ നോവലില്‍ ജീവിതം വരുന്നത്, ജീവിച്ചതും ജീവിക്കാനുള്ളതുമായ ജീവിതത്തെ അതിവര്‍ത്തിച്ചു നില്‍ക്കുന്ന തലത്തിലാണ്. ഈ നോവലിലെ ജീവിതം ജീവിച്ചതും ജീവിക്കാവുന്നതുമായ ജീവിതത്തെ കടന്നുനില്‍ക്കുന്നു, അത് ആയിത്തീരലില്‍നിന്നും വേര്‍പെടുത്താനാവാത്തതാണ്. ആയിത്തീരലെന്നത് ഏതെങ്കിലും രൂപത്തെ അതേപടി കൈവരിക്കലല്ല, അതിനു സമീപസ്ഥമായ അവസ്ഥയിലായിരിക്കുന്നുവെന്നതാണ്. അതില്‍ അനിശ്ചിതത്വമുണ്ട്. ഈ കൃതിയിലെ ഭാഷയില്‍ നേര്‍രേഖകളില്ല. നേര്‍രേഖീയമല്ലാത്ത ഒരു ശൈലിയാണ് മാത്യൂസ് സ്വീകരിക്കുന്നത്. മറിയയിലും മിഖേലാശാനിലുമല്ല നോവല്‍ തുടങ്ങുന്നത്, അടുത്ത തലമുറയിലെ പ്ലമേനയിലും പേറുവിലും മറ്റുമാണ്. ഈശിയുടെ മരണത്തോടെയാണ് നോവലിന്റെ തുടക്കം. അത് അസ്വാഭാവികമായ മരണമാണെന്ന് നാം അറിയുന്നു. മരണത്തെ അറിഞ്ഞില്ലെന്നു നടിച്ച് പള്ളിയിലേക്കെത്തുന്ന ഈശിയുടെ ഭാര്യ പ്ലമേനയെ നാം വായിക്കുന്നു.  പറയാന്‍ പോകുന്ന ഭൂതത്തിലേയും ഭാവിയിലേയും കഥകളിലേക്കു പ്രവേശിക്കാന്‍ എഴുത്തുകാരന്‍ നമ്മെ സജ്ജരാക്കുകയാണ്. ഈശിയുടെ മരണം പറഞ്ഞ  മാത്യൂസ് പിന്നെ, പിറകിലേക്കു പോകുന്നു. നോവലിസ്റ്റ് മുന്നോട്ടും പിന്നോട്ടും ചലിക്കുന്നു. പല കോണുകളില്‍നിന്നും കാണുന്നു. 
    

പാപവും ലൈംഗികതയും മരണവും എഴുതുന്ന മാത്യൂസ് നമ്മെ സന്ദേഹങ്ങളിലാഴ്ത്തുകയും പിടിച്ചുലയ്ക്കുകയും ചെയ്യുന്നു. പാപങ്ങളും മരണങ്ങളും ഒഴിവാക്കാനാവാത്ത വിധത്തില്‍ എങ്ങനെയൊക്കെയോ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന പ്രതീതിയാണ് നോവല്‍ നല്‍കുന്നത്. പാപങ്ങളുടെ പിന്നാലെ അതിന്റെ ശമ്പളമെന്നോണം മരണങ്ങള്‍ വരുന്നു! എല്ലാ മരണങ്ങള്‍ക്കു ശേഷവും തുരുത്തില്‍ ആര്‍ത്തലച്ചു ഭ്രാന്തിയെപ്പോലെ പെയ്യുന്ന മഴ സവിശേഷമായ അന്തരീക്ഷത്തെ സൃഷ്ടിക്കുന്നു. ഈശിയുടെ മരണനാളിലും അതിന്റെ ആവര്‍ത്തനം പോലെ ഒന്നാമാണ്ടിനും ഇടമുറിയാതെ മഴ പെയ്യുന്നു. ഈശിയുടെ മൃതദേഹം മൂടാനെടുത്ത കുഴിയില്‍ വെള്ളം നിറയുന്നു. മഴയില്‍ പള്ളിക്കുരിശിനു തണുത്തു വിറയ്ക്കുന്നു. പുരോഹിതന്‍ യോനാസച്ചന്റെ കാവലില്‍ റപ്പ മരിക്കുമ്പോള്‍ ചരല്‍ക്കല്ലുകള്‍ എറിഞ്ഞപോലെ മേല്‍ക്കൂരയില്‍ മഴത്തുള്ളികള്‍ പതിക്കുന്നു. മാത്യൂസ് തിരക്കഥയെഴുതിയ ഈ.മാ.യൗ എന്ന ചലച്ചിത്രത്തില്‍ ഈ നോവലിന്റെ പശ്ചാത്തലം സ്വീകരിക്കപ്പെടുന്നുണ്ട്. വാവച്ചന്‍ മേസ്തിരിയുടെ മരണദിനത്തില്‍ ആര്‍ത്തലച്ചു പെയ്യുന്ന മഴ ചലച്ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായിത്തീരുന്നുണ്ടല്ലോ.  

ഈ തുരുത്ത് വൈപ്പിനിലെ ഏതെങ്കിലും ദ്വീപാണോയെന്ന് മലയാളികളായ എനിക്കും നിങ്ങള്‍ക്കും സംശയിക്കാവുന്നതേയുള്ളൂ. ചവിട്ടുനാടകക്കാരനായ ചൗരോ ആശാന്‍ ഈ സംശയത്തെ ഉറപ്പിക്കും. ചവിട്ടുനാടകത്തിലെ കാറല്‍സ് മാന്‍ എംപ്രോദരുടെ എഴുന്നള്ളത്തു പാടുന്ന ചൗരോ ആശാനാണ് പേറുവിനു പേരിടുന്നത്. പിന്നെ, ഈനാശു നട്ടപ്രാന്തുമായി നഗരത്തില്‍ അലയുമ്പോള്‍, കടലോരത്തെ പൂന്തോട്ടത്തില്‍ കാക്കത്തീട്ടത്തില്‍ മുങ്ങിയ മുഖമുള്ള ചൗരോ ആശാന്റെ പഞ്ചലോഹപ്രതിമ കാണുന്നുണ്ട്. നോവലിന്റെ പ്രമേയകാലത്തെ കേരളചരിത്രവുമായി ബന്ധിപ്പിക്കാവുന്ന രണ്ടു സൂചനകളും കാണാം. വിമോചനസമരകാലത്തിന്റെ മുദ്രാവാക്യസൂചനയാണൊന്ന്. അടുത്തത് കമ്യൂണിസ്റ്റുകാരെ ഭരണത്തില്‍നിന്നും ഇറക്കിവിട്ടതിനെ കുറിച്ചുള്ള സംഭാഷണമാണ്. ആദ്യത്തേത് അന്‍പതുകളുടെ അന്ത്യത്തേയും രണ്ടാമത്തേത് അറുപതുകളുടെ തുടക്കത്തേയും സൂചിപ്പിക്കുന്നുവെന്നു പറയാം. മറ്റൊരു സംഘര്‍ഷസ്ഥാനത്തിന്റെ ചെറുസൂചനകള്‍ക്കപ്പുറം വലിയൊരു വിശദീകരണത്തിലേക്ക് ഇതു നീങ്ങുന്നില്ല, മതാധികാരത്തിന്റേയും യാഥാസ്ഥിതികത്വത്തിന്റേയും മറ്റൊരു മുഖത്തെ ഈ ചെറുസൂചനകള്‍ കാണിക്കുന്നുണ്ടെങ്കിലും. പി.എഫ്. മാത്യൂസ് തനിക്കറിയാവുന്ന അനുഭവകഥയോ ചരിത്രമോ പറഞ്ഞുവെന്ന ലളിതസംഭാഷണത്തിലേക്കു പോകാനുള്ള ശ്രമം പാടില്ല. അധികം യാഥാര്‍ത്ഥ്യം എഴുത്തിനോടുള്ള പാപം ചെയ്യലാണ്. അധികം ഭാവനയും സാഹിത്യരചനയ്ക്കു ഗുണകരമല്ല. ഇത് അറിയുന്നവനെപ്പോലെയാണ് മാത്യൂസ് എഴുതുന്നത്. സാഹിത്യത്തിലെ പാത്രങ്ങള്‍ പൂര്‍ണ്ണമായും വ്യക്തിവല്‍ക്കരിക്കപ്പെട്ടവരാണ്, അവര്‍ സാമാന്യഗണത്തില്‍ ഉള്‍പ്പെടുന്നവരല്ല, അവരില്‍ അനിശ്ചിതത്വം പ്രവര്‍ത്തിക്കുന്നു. പേറുവിനേയോ ഈനാശുവിനേയോ അന്നയേയോ സാമാന്യവല്‍ക്കരിച്ച് ജീവിതത്തിലെ പുരുഷന്‍/ജീവിതത്തിലെ സ്ത്രീ ഇവരാണെന്നു പറയുന്നത് അബദ്ധമായിരിക്കും. കെട്ടിച്ചമച്ച കഥകളില്ലാതെ സാഹിത്യമില്ല. ഈ നോവലിലും കെട്ടിച്ചമയ്ക്കല്‍ ഉണ്ട്. എന്നാല്‍, കെട്ടിച്ചമയ്ക്കല്‍ ഈഗോയുടെ പ്രക്ഷേപണമല്ല. സാഹിത്യം എഴുത്തുകാരന്റെ കേവലഭാവനയില്‍ വിടരുന്നതല്ല. അത് യാഥാര്‍ത്ഥ്യത്തിന്റേയും ഭാവനയുടേയും ശരിയായ മിശ്രണത്തില്‍ അതിന്റെ കാഴ്ചയിലേക്ക് ആയിത്തീരുകയാണ്. അത് തുറന്നുവയ്ക്കപ്പെട്ടിരിക്കുന്നു, പുതിയ വായനകള്‍ക്കും പുനര്‍നിര്‍മ്മിതികള്‍ക്കുമായി. 

മനുഷ്യാസ്തിത്വത്തിന്റെ പ്രശ്‌നങ്ങളിലേക്കും പ്രഹേളികകളിലേക്കും ഈ നോവല്‍ ചെന്നെത്തുന്നു. ജീവിതം അര്‍ത്ഥരഹിതമാണെന്ന ചിന്ത ജനിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുന്നു. ജീവിതത്തിന് അര്‍ത്ഥം നല്‍കാനുള്ള ശ്രമങ്ങള്‍ വിഫലമാകുന്നുവല്ലോയെന്നു കേഴുന്ന മനുഷ്യാത്മാക്കളെ നാം കണ്ടുമുട്ടുന്നു. ജീവിതയാത്രയ്ക്കിടയില്‍ ലോകത്തിനും തങ്ങള്‍ക്കുതന്നെയും അന്യരായി മാറിത്തീരുന്നവരും ജീവിതത്തിന്റെ നിരര്‍ത്ഥകതയറിഞ്ഞ് ഉല്‍ക്കണ്ഠാകുലരാകുന്നവരുമാണവര്‍. തന്റെ അസ്തിത്വത്തെ അറിയുന്നതില്‍ പരാജിതനായി ഏകാകിയായി മാറുന്ന ഈനാശുവിനെ നോവലിസ്റ്റ് മിഴിവോടെ വരയ്ക്കുന്നുണ്ടല്ലോ. ജീവിതത്തിന്റെ നിരര്‍ത്ഥകത അസ്തിത്വവ്യഥയുടെ ഭാവപ്രകാശങ്ങള്‍ നേടുന്നു. ജീവിതത്തിന് അര്‍ത്ഥം പകരാനുള്ള മതത്തിന്റെ ബൃഹദാഖ്യാനങ്ങള്‍ പരാജയപ്പെടുന്നതു സൂചിതമാകുന്നു. മനുഷ്യജീവിതത്തിന്റെ പരമമുഹൂര്‍ത്തമായി മരണം മാറിത്തീരുന്നതു നാം അറിയുന്നു. മാത്യൂസിന്റെ നോവല്‍ മരണങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണെന്നതിന്റെ ഉത്തരവും ഇതത്രേ! മരണം ജീവിതത്തിന്റെ നിരര്‍ത്ഥകതയുടെ സ്രോതസ്സ് കൂടിയാണല്ലോ!

മലയാളഭാഷയില്‍ എന്തെല്ലാം ഇനിയും സാദ്ധ്യമാണെന്ന് ഈ കൃതി നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. കടന്നുചെല്ലാത്ത ഇരുള്‍ക്കാനനങ്ങളിലേക്കും കടലാഴങ്ങളിലേക്കും ഭാഷയേയും നമ്മളേയും മാത്യൂസ് കൂട്ടിക്കൊണ്ടുപോകുന്നു. പുതുക്കുന്നു, ഭാഷയെ. ദാര്‍ശനികതലത്തില്‍, ഈ നോവല്‍ അതീതത്തിലേക്ക്, അജ്ഞാതത്തിലേക്ക്, അതിഭൗതികത്തിലേക്കു കടന്നുനില്‍ക്കുന്നുണ്ട്. ക്രൈസ്തവമൂല്യവിശ്വാസങ്ങളുടേയും പാപബോധങ്ങളുടേയും അടിത്തറയിലാണ് ഈ നോവല്‍ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതെന്നു പറഞ്ഞുവല്ലോ. എന്നാല്‍, മതവിശ്വാസം പടര്‍ത്താന്‍ ശ്രമിക്കുന്ന എല്ലാ രൂപങ്ങളിലുമുള്ള സദാചാരത്തിന്റേയും പരാജയസ്ഥാനങ്ങളെയാണ് ഈ കൃതിയില്‍ കണ്ടെത്താന്‍ കഴിയുക! 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com