മുത്തുകള്‍ ചൂടിയ നാട്

വലിയ അയല്‍രാജ്യങ്ങളുള്ള ചെറിയ രാജ്യമായ ഖത്തര്‍ ഒരു വര്‍ഷമായി കടുത്ത ഉപരോധത്തിലാണ്.
മുത്തുകള്‍ ചൂടിയ നാട്

ഈദ് അല്‍ ഫിത്തറിനു തലേന്നു രാത്രി ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പല ദേശങ്ങളില്‍നിന്നുള്ള യാത്രികര്‍ക്ക് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഏറെ സമയം വേണ്ടിവന്നു. നോമ്പുതുറ നേരമായിരുന്നതിനാല്‍ നിരവധി കൗണ്ടറുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ജോലിക്കായി വന്നെത്തിയ ചുരുക്കം ചില ഉദ്യോഗസ്ഥരാകട്ടെ, തികച്ചും ഉദാസീനരും. പുറത്തേയ്ക്കുള്ള വാതില്‍ക്കലെത്തിയത് രണ്ടു മണിക്കൂറിനു ശേഷമാണ്. രാത്രി അപ്പോഴേയ്ക്കും ഏറെ ഇരുണ്ടിരുന്നു. പക്ഷേ, നഗരം ഉറങ്ങിയിട്ടില്ല. വീഥികളിലൂടെ വാഹനങ്ങള്‍ ഇരമ്പിക്കടന്നു. 

ദോഹ കോര്‍ണിഷിന് അഭിമുഖമായുള്ള ഹോട്ടലിന്റെ പത്താം നിലയിലെ മുറിയില്‍നിന്ന് ഒരു വശത്തെ ചില്ലുചുവരിനെ മറച്ച വെള്ളത്തിരശ്ശീല നീക്കിയപ്പോള്‍ കോര്‍ണിഷിലെ സൗധങ്ങളിലൊന്നില്‍ ഭരണഭാരം വഹിക്കുന്ന ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനിയുടെ രേഖാചിത്രത്തിനു താഴെ ഇങ്ങനെ എഴുതിക്കണ്ടു. 'Everything is going to be alright.'
വലിയ അയല്‍രാജ്യങ്ങളുള്ള ചെറിയ രാജ്യമായ ഖത്തര്‍ ഒരു വര്‍ഷമായി കടുത്ത ഉപരോധത്തിലാണ്. 2017 ജൂണിലെ ഒരു പ്രഭാതത്തില്‍ സൗദി അറേബ്യയും ബഹറൈനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഈജിപ്തും ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. കര, നാവിക, വ്യോമഗതാഗതത്തിനും അതോടെ വിരാമമായി. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ ചൂഴ്ന്നുനില്‍ക്കുന്ന ഖത്തര്‍ കരയിലൂടെ അതിര്‍ത്തി പങ്കിടുന്ന ഏക രാജ്യമായ സൗദി അറേബ്യ ജൂണ്‍ അഞ്ചിന് പാതയടച്ചു. കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും നിരവധി താവളങ്ങള്‍ അനഭിഗമ്യങ്ങളായി. പാലിന്റേയും പാല്‍ ഉല്‍പ്പന്നങ്ങളുടേയും സ്രോതസ്സായ ഈജിപ്ത് ഇടഞ്ഞതോടെ അവയുടെ വരവ് തീര്‍ത്തും നിലച്ചു. മരുന്നുകള്‍ക്കും നിത്യോപയോഗ വസ്തുക്കള്‍ക്കും ക്ഷാമമായി. 

ഒരു വര്‍ഷത്തിനുശേഷം ഖത്തറില്‍നിന്ന് ഇപ്പോള്‍ നാം കേള്‍ക്കുന്നത് ധീരമായ അതിജീവനത്തിന്റെ കഥയാണ്. അതേ, എല്ലാം നേരെയായിക്കൊണ്ടിരിക്കുന്നു. 
സൗദി അറേബ്യയുമായുള്ള ദീര്‍ഘകാല സംഘര്‍ഷത്തിന്റെ പരിണതഫലമായിരുന്നു ഉപരോധം. അതിനു നിദാനമായി ഖത്തറിനുമേല്‍ പല കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ടു. ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നും ഭീകരര്‍ക്കു സാമ്പത്തികസഹായം നല്‍കുന്നുവെന്നും അയല്‍രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്നുമായിരുന്നു മുഖ്യ ആരോപണങ്ങള്‍. ദോഹ ആസ്ഥാനമായ അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്കിന്റെ പ്രകോപനപരമായ ഇടപെടലുകള്‍ സൗദി അറേബ്യയേയും ഈജിപ്തിനേയും അറബ് വസന്തത്തിന്റെ നാളുകളില്‍ ഏറെ അരിശംകൊള്ളിച്ചിരുന്നു. ഗള്‍ഫ് നാടുകളിലെ റെബല്‍ ഗ്രൂപ്പുകളോട് അല്‍ ജസീറ പുലര്‍ത്തിയ സൗഹൃദപൂര്‍വ്വമായ സമീപനവും ഉപരോധത്തിന്റെ ഹേതുക്കളില്‍ പെടുന്നു. അന്താരാഷ്ട്ര സമൂഹത്തോട് അത് തുറന്നുപറഞ്ഞില്ലെന്നു മാത്രം. 

കടലില്‍നിന്ന് മുത്തുകള്‍ വാരിയും മീന്‍പിടിച്ചും ഉപജീവനം നടത്തുന്നവര്‍ പാര്‍ക്കുന്ന ഒരു ചെറുരാജ്യമായിരുന്ന ഖത്തര്‍ എണ്ണയുടേയും പ്രകൃതിവാതകങ്ങളുടേയും വന്‍നിക്ഷേപങ്ങള്‍ കണ്ടെത്തിയതോടെ കൈവരിച്ച സാമ്പത്തിക വളര്‍ച്ച ഏതൊരു അറബിക്കഥയെക്കാളും വിസ്മയകരമത്രെ. മുത്തുവാരല്‍ ഇപ്പോഴുമുണ്ട്; മത്സ്യബന്ധനവും. പരമ്പരാഗത തൊഴിലുകളായി അവ പരിഗണിക്കപ്പെടുന്നു. പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മീതെ പറക്കുന്ന പക്ഷികള്‍ താഴെ മനുഷ്യജീവിതത്തില്‍ സംഭവിച്ച വലിയ പരിണാമങ്ങള്‍ അറിയുന്നുണ്ടാവാം. ആളോഹരി വരുമാനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഖത്തര്‍ ഇന്ന്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഈ രാഷ്ട്രത്തില്‍ നിയമാനുസൃത പൗരന്മാരായി ധനികരും അതിധനികരും മാത്രമേയുള്ളു. മൊത്തം ജനസംഖ്യയില്‍ അറുപതു ശതമാനവും തൊഴില്‍ തേടിയെത്തിയ കുടിയേറ്റക്കാരാണ്. അതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍നിന്നാണ്. ആറുലക്ഷത്തി അന്‍പതിനായിരം. ഇന്ത്യയ്ക്കു പുറകിലായി നേപ്പാളും (മൂന്നു ലക്ഷത്തി അന്‍പതിനായിരം) ബംഗ്ലാദേശും (രണ്ടുലക്ഷത്തി എണ്‍പതിനായിരം) ശ്രീലങ്കയും (ഒരു ലക്ഷത്തിനാല്പത്തയ്യായിരം) ഫിലിപ്പൈന്‍സും (രണ്ടു ലക്ഷത്തി അറുപതിനായിരം) ഈജിപ്തും (രണ്ടു ലക്ഷം) പാകിസ്താനും (ഒരു ലക്ഷത്തി ഇരുപത്തയ്യായിരം) നിലകൊള്ളുന്നു. ദക്ഷിണേഷ്യന്‍ നാടുകളിലേയും ഈജിപ്തിലേയും കുടിയേറ്റക്കാരായ തൊഴിലാളികളെ ആശ്രയിച്ചാണ് ഖത്തറിന്റെ നിലനില്പ്. എല്ലാ തൊഴില്‍മേഖലകളിലും അവരുടെ സാന്നിധ്യമുണ്ട്. ഉപരോധത്തിന്റെ ഞെരുക്കം കൂടുതലായി സഹിക്കേണ്ടിവന്നത് അവര്‍ക്കാണ്.

ഉപരോധത്തെ പഴങ്കഥയാക്കിയ കരുത്ത്

ദോഹ ഇന്റര്‍നാഷണല്‍ ഫാമിലി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു സമീപകാല പഠനവിഷയം ഖത്തറിലെ കുടുംബങ്ങളില്‍ ഉപരോധത്തിന്റെ ആഘാതമെന്നതായിരുന്നു. ഭാര്യയോ ഭര്‍ത്താവോ ഉപരോധമേര്‍പ്പെടുത്തിയ അറേബ്യന്‍ ഗള്‍ഫ് നാടുകളിലുള്ള കുടുംബങ്ങളുടേയും അവിടങ്ങളില്‍ ഉറ്റ ബന്ധുക്കളുള്ള കുടുംബങ്ങളുടേയും അനുഭവങ്ങളാണ് പഠനവിധേയമാക്കപ്പെട്ടത്. ഈ കുടുംബങ്ങള്‍ അഭിമുഖീകരിക്കാനിടയായ നാനാവിധ വെല്ലുവിളികളും പ്രതിസന്ധിയുടെ വ്യത്യസ്ത വശങ്ങളും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുടുംബശൈഥില്യം, അസ്ഥിരത, കുടുംബസംഘര്‍ഷങ്ങള്‍, ഭീതിയുടേയും ഉല്‍ക്കണ്ഠയുടേയും വിഷാദത്തിന്റേയും അരക്ഷിതത്വത്തിന്റേയും മാനസികാവസ്ഥകള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പലരീതിയിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉപരോധത്തിനുണ്ടായി. നിരവധി പേരുടെ ജീവിതം താറുമാറായി. 

അതൊക്കെ പഴങ്കഥകളെന്നാണ് ഖത്താറികള്‍ ഇപ്പോള്‍ പറയുക. ഓര്‍ക്കാപ്പുറത്തുണ്ടായ ഉപരോധം ഒരു ഞെട്ടലുണ്ടാക്കിയെന്നത് നേര്. പക്ഷേ, ജനാധിപത്യത്തിന്റേയും കുടുംബവാഴ്ചയുടേയും സമ്മിശ്ര രൂപമായ ഭരണകൂടം ജാഗ്രത കാട്ടി. ആദ്യം ചെയ്തത് പ്രത്യേക വിമാനങ്ങളില്‍ ആസ്ട്രേലിയയില്‍നിന്നും ആറായിരത്തോളം മികച്ച ഇനം പശുക്കളുടെ ഇറക്കുമതിയാണ്. പശുക്കള്‍ ആഘോഷപൂര്‍വ്വം വന്നു. അവ ഖത്തറിനു സമൃദ്ധമായി പാല്‍ നല്‍കി; അനേകം കിടാങ്ങളേയും. അങ്ങനെ പാലിന്റേയും പാല്‍ ഉല്‍പ്പന്നങ്ങളുടേയും കാര്യത്തില്‍ ഖത്തര്‍ സ്വയംപര്യാപ്തമായി. ദോഹയിലൂടെ സഞ്ചരിക്കുമ്പോള്‍ എങ്ങും ക്ഷീരധവളിമ. കാണുന്ന ഓരോ മുഖവും പ്രസന്നം. പാതയോരങ്ങളില്‍ ഈന്തപ്പനകള്‍ കായ്ച് നില്‍ക്കുന്നു. വിളവെടുപ്പിന്റെ കാലമായില്ല. ഉദ്യാനങ്ങളിലാകെ വിടര്‍ന്ന പുതുപൂക്കള്‍. നിത്യസുന്ദരമായ ബീച്ചുകളില്‍ ജലകേളി. വ്യാപാരകേന്ദ്രങ്ങളായ സൂഖുകള്‍ സുഗന്ധപൂര്‍ണ്ണം. അല്‍ വാബ് തെരുവിലെ വിസ്തൃതമായ വില്ലാജിയോ മാളില്‍ ജനത്തിരക്ക്. ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തിലും അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടിലും കതാറ പൈതൃക ഗ്രാമത്തിലും കൃത്രിമ ദ്വീപായ ദ പേള്‍ ഖത്തറിലും ഏറെ സന്ദര്‍ശകര്‍. വെനീസിന്റെ മാതൃകയിലുള്ള തോടുകളില്‍ ഓടിവള്ളങ്ങള്‍. 

ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഖത്തര്‍ നാഷണല്‍ ലൈബ്രറി. നാല്പത്തയ്യായിരം ചതുരശ്രമീറ്റര്‍ വ്യാപ്തിയുള്ള ലൈബ്രറിയില്‍ പത്തു ലക്ഷം പുസ്തകങ്ങളുണ്ട്. പുസ്തക സംഖ്യ ദശലക്ഷമായത് ഉദ്ഘാടകനായ ഖത്തര്‍ എമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനി അപൂര്‍വ്വ ഗ്രന്ഥമായ സാഹിഹ് അല്‍ ബുഖാരിയുടെ (Sahih Al Bukhari) ഒരു കോപ്പി ബുക് ഷെല്‍ഫില്‍ വെച്ചപ്പോഴാണ്. 

വിഖ്യാതനായ ഡച്ച് വാസ്തുശില്പി റെം കൂള്‍ഹാസ് (Rem Koolhaas) രൂപകല്പന ചെയ്ത ദേശീയ ഗ്രന്ഥാലയം വിജ്ഞാനത്തിന്റെ ഒരു നിക്ഷേപശാലയാണ്. പ്രാചീനമായ അറിവുകളൊക്കെയും അക്ഷരങ്ങളില്‍ സൂക്ഷിക്കുന്നതോടൊപ്പം ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൂടി ഗ്രന്ഥാലയം ഉള്‍ക്കൊള്ളുന്നു. അഞ്ചു ലക്ഷം വരും ഇ-പുസ്തകങ്ങള്‍. ഇയര്‍ഫോണുകളിലൂടെ കേള്‍ക്കാവുന്ന ശ്രാവ്യപുസ്തകങ്ങളും അനേകം. ഒരു ഭാഗമാകെ കുട്ടികള്‍ക്കു മാത്രമായി സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അമൂല്യങ്ങളായ പൗരാണിക കൃതികളുടേയും പഴയകാല ഛായാപടങ്ങളുടേയും ഭൂപടങ്ങളുടേയും പ്രദര്‍ശനം സ്ഥിരമായുണ്ട്. അറബി ഭാഷയിലുള്ള അത്യപൂര്‍വ്വങ്ങളായ കയ്യെഴുത്തുപ്രതികളുടെ ശേഖരമാണ് മറ്റൊരു ആകര്‍ഷണം. ഗ്രന്ഥാലയത്തിന്റെ തറനിരപ്പില്‍നിന്ന് ആറു മീറ്റര്‍ താഴെയായുള്ള ആ വിശിഷ്ട സ്ഥലത്തേക്കു ചെല്ലുമ്പോള്‍ ഉദ്ഖനനം ചെയ്യപ്പെട്ട ഒരിടത്ത് എത്തിച്ചേര്‍ന്ന പ്രതീതി ഉളവാകും. 

മോസ്‌കോയിലെ ലുഷ്‌നികി സ്റ്റേഡിയത്തില്‍ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങും ആദ്യ കളിയും നടക്കുമ്പോള്‍ ഏറ്റവും ആരവങ്ങളുയര്‍ന്നിരിക്കുക ഒരുപക്ഷേ, ഖത്തറില്‍നിന്നാണ്. അല്‍ സാദിലെ അലി ബാന്‍ ഹമദ് അല്‍ അത്തിയാ അറീനയില്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മത്സരങ്ങള്‍ വലിയ സ്‌ക്രീനില്‍ ദര്‍ശിക്കാന്‍ അവസരമൊരുക്കിയിരുന്നു. എന്തിനെന്നോ? 2022-ലെ ലോകകപ്പ് എങ്ങനെയായിരിക്കുമെന്നതിന്റെ ധാരണ സൃഷ്ടിക്കാന്‍. അതിന് ആതിഥ്യം വഹിക്കുന്നത് ഖത്തറാണ്. ഫിഫ ലോകകപ്പ് നടക്കുന്ന ആദ്യത്തെ അറബ് ദേശമെന്നത് മുത്തുകള്‍ ചൂടിയ ഖത്തറിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com