വീട്ടുമുറ്റത്തു നിന്നുള്ള പ്രപഞ്ച നിരീക്ഷണങ്ങള്‍ 

ജപ്പാനിലെ ഏറ്റവും ആഡംബരം നിറഞ്ഞ നഗരഭാഗമാണ് ടോക്യോയിലുള്ള റോപ്പോങ്ങി.
എന്‍എസ് ഹര്‍ഷ
എന്‍എസ് ഹര്‍ഷ

'It took about 2000 figures to express the emptiness'
                                    NS Harsha

പ്പാനിലെ ഏറ്റവും ആഡംബരം നിറഞ്ഞ നഗരഭാഗമാണ് ടോക്യോയിലുള്ള റോപ്പോങ്ങി. കോര്‍പ്പറേറ്റ് കമ്പനികളുടേയും വിദേശസഞ്ചാരികളുടേയും പാശ്ചാത്യ ഫാഷന്റേയും തിരക്കിന്റേയും ആധിക്യമുള്ള റോപ്പോങ്ങിയുടെ മുഖമുദ്രയാണ് 54 നിലകളുമായി, ഹെലിക്കോപ്റ്റര്‍ ഇറങ്ങാനുള്ള സൗകര്യമുള്ള, ഉയരത്തില്‍ ടോക്യോയിലെ അംബരചുംബികളില്‍ ആറാം സ്ഥാനത്തുള്ള മോറി ടവര്‍. ആകാശം തൊടുന്ന ബാബേല്‍ കെട്ടിടങ്ങള്‍ അധികാരത്തേയും സാമ്പത്തിക സുസ്ഥിരതയേയും ഒടുവില്‍ വിനോദസഞ്ചാരത്തേയും അതുവഴി സംസ്‌ക്കാരത്തേയും പ്രതിനിധീകരിക്കുന്നതിന്റെ അതേ ചരിത്രമാണ് മോറിക്കുമുള്ളത്. മറ്റു ലോകകണ്ണാടി ഗോപുരങ്ങള്‍ സ്വയം കലയും സംസ്‌ക്കാരവുമായി ചമയുമ്പോള്‍ അനേകം കോര്‍പ്പറേറ്റ് ഓഫീസുകളും ഷോപ്പുകളും ഉള്‍ക്കൊള്ളുന്ന കോര്‍പ്പറേറ്റ് കെട്ടിടമായ മോറി കലയേയും സംസ്‌ക്കാരത്തേയും കൂടെ നിര്‍ത്തി സ്വന്തമാക്കുകയാണ് ചെയ്യുന്നത്. ചെറിയൊരു കുന്നിനു മുകളില്‍ സ്ഥിതിചെയ്യുന്ന ഈ ആകാശഗോപുരത്തിന്റെ പ്രൗഢിക്ക് ചേരുംവിധം കീഴെയായി 30 അടി ഉയരവും 33 അടി വീതിയുമുള്ള ഒരു വെങ്കലശില്‍പ്പം ചേരുംപടി വിന്ന്യസിച്ചിട്ടുണ്ട്. ലൂയിസെ ബോര്‍ഗോയിസ് 1999-ല്‍ തീര്‍ത്ത മാമന്‍ എന്ന ഭീകരന്‍ ചിലന്തിയുടെ, കലാപടുക്കള്‍ക്കെല്ലാം സുപരിചിതമായ കലാരൂപകം. പശ്ചാത്തലം മേഘങ്ങള്‍ തെന്നി നീങ്ങുന്ന മോറി ടവറാക്കി ലോകപ്രശസ്ത ചിലന്തിയുടെ കാലുകള്‍ക്കടിയില്‍ നിന്നുകൊണ്ട് ഫോട്ടോയെടുത്ത് സകലതിനേയും തങ്ങളുടെ ജ്ഞാനപരിധിയിലേക്ക് ഞൊടിയിടയില്‍ കൊണ്ടുവരുന്ന അലസനോട്ടക്കാരായ യാത്രക്കാര്‍ നേരേ എതിര്‍വശത്തായി ഇന്ത്യന്‍ ഹനുമാന്‍ ലാന്‍ഗ്വാര്‍സ് വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു കുരങ്ങന്‍ ഒരു ഗോളവും താങ്ങിപ്പിടിച്ച്, പ്രപഞ്ചത്തിന്റെ ഏതോ അറിയപ്പെടായ്മയിലേക്ക് വിരല്‍ ഉയര്‍ത്തി നില്‍ക്കുന്ന ശില്‍പ്പം കണ്ട് - നാല് മാസത്തോളമെങ്കിലും - നെറ്റി ചുളിച്ചിരിക്കണം. പ്രത്യക്ഷ സൂചനകളും അതിവാചാലതയുമുള്ള കുരങ്ങന്‍ പറയുന്നത് ഒറ്റനോട്ടത്തില്‍ 'കേള്‍ക്കാം.' 2014 കൊച്ചി മുസിരിസ് ബിനാലേയില്‍ പെപ്പര്‍ ഹൗസിനു മുന്നിലെ പച്ചപ്പില്‍ ആകാശത്തേക്ക് വിരലുയര്‍ത്തിയിരിക്കുന്ന ആ ഹനുമാന്‍ കുരങ്ങനെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്‍.എസ്. ഹര്‍ഷയുടെ Matter എന്ന നേരിട്ട് സംവദിക്കുന്ന പുറംവാതില്‍ ശില്‍പ്പമാണത്.      

ഉള്ളടക്കം കൊണ്ടും അരങ്ങേറിയ ഇടം കൊണ്ടും പ്രദര്‍ശന ദൈര്‍ഘ്യം കൊണ്ടും ടോക്യോയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കലാപ്രദര്‍ശനമായിരുന്നു എന്‍.എസ്. ഹര്‍ഷയുടെ 'മനോഹര യാത്ര' (Charming Journey). മോറി ടവറിലെ 53-ാം നിലയിലാണ് അയ് വെയ് വെയ്, ബില്‍ വയോള തുടങ്ങി നിരവധി സമകാലിക ലോകകലാകാരന്മാരുടെ ഏകാംഗ പ്രദര്‍ശനങ്ങള്‍ കൊണ്ട് എണ്ണപ്പെട്ട ടോക്യോയിലെ ഏറെ പ്രശസ്തമായ മോറി ആര്‍ട്ട് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കലാപ്രദര്‍ശനത്തോടൊപ്പം കൂറ്റന്‍ ചില്ലുജാലകങ്ങളിലൂടെ 360 ഡിഗ്രിയില്‍ നഗരത്തിന്റെ വിഗഹവീക്ഷണം/ആകാശക്കാഴ്ച/വിനോദസഞ്ചാരനോട്ടം/ഫോട്ടോയെടുക്കല്‍ കൂടി മോറി മ്യൂസിയം സന്ദര്‍ശകര്‍ക്ക് നല്‍കുന്ന അധിക ആകര്‍ഷണഘടകമാകുന്നു. കണ്ണിനും ക്യാമറയ്ക്കും വിശ്രമം അനുവദിക്കാത്ത 54 നിലകളില്‍ ചിന്ത/ധ്യാനം എന്നിവയ്ക്ക് അല്‍പ്പനേരം പ്രദാനം ചെയ്യുന്നത് രാത്രി 10 മണി വരെ തുറന്നിരിക്കുന്ന ഗ്യാലറി/കലാപ്രദര്‍ശനയിടം മാത്രമാണ്. രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ഏഷ്യന്‍ കലാകാരന്മാരെ, അവരുടെ അതു വരെയുള്ള മുഴുവന്‍ വര്‍ക്കുകളും മ്യൂസിയത്തിനുവേണ്ടിയുള്ള ഒരു പൊതുജനസമ്പര്‍ക്ക പദ്ധതിയും ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ ഹര്‍ഷ ക്ഷണിതാവായത്. മുന്‍വര്‍ഷം വിയറ്റ്നാമീസ് കലാകാരന്‍ ദിന്‍ ക്യൂ ലേയായിരുന്നു ക്ഷണിതാവ് (അദ്ദേഹത്തിന്റെ വിയറ്റ്നാം വാറും ഹെലിക്കോപ്റ്റര്‍ മാനസികവ്യാധിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ മുന്‍പ് കൊച്ചി മുസിരിസ് ബിനാലേയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്). ഫെബ്രുവരി നാലിന് ആരംഭിച്ച, ജൂണ്‍ 11 വരെ നീണ്ടുനിന്ന പ്രദര്‍ശനത്തില്‍ ഹര്‍ഷ രണ്ട് പതിറ്റാണ്ടായി ചെയ്തുതീര്‍ത്ത ഏകദേശം മുഴുവന്‍ കലാവേലകളും ഉള്‍പ്പെട്ടിരുന്നു. കലാകാരന്റെ ഉറവിടങ്ങളും ജീവിതവും ദര്‍ശനങ്ങളും അയാള്‍ ചെയ്യുന്ന കലയില്‍ അത്രമേല്‍ സമരസപ്പെടുമ്പോഴാണ്, ഒരു ആദിമധ്യാന്തപ്പൊരുത്തം കണ്ണി ചേര്‍ക്കപ്പെടുമ്പോഴാണ് കാഴ്ചക്കാരന് ഉപശീര്‍ഷകങ്ങളില്ലാതെ (സബ്ടൈറ്റിലുകള്‍) അയാളുടെ കലയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നത്. ഹര്‍ഷയുടെ കലാലോകം അങ്ങനെയുള്ളതാണ്. ബൃഹദ് ആഖ്യാനങ്ങള്‍     നിറയെ കാണാം; കഥപോലെ വായിക്കുകയുമാവാം. 
1) ഹര്‍ഷയുടെ കര്‍ണാടകവും മൈസൂരും അതിന്റെ സാംസ്‌ക്കാരിക സവിശേഷതകളും ക്ഷേത്രങ്ങളും 1970-കളിലെ കുട്ടിക്കാലത്തെ ആകാശനിരീക്ഷണങ്ങളും സ്‌കൂളും കോമിക്‌സ് ശേഖരവും. 
2) പിന്നീടുള്ള ഇന്ത്യന്‍ പുരാണ-ഫിലോസഫികളിലും രാഷ്ട്രീയത്തിലും മെക്കാനിക്‌സിലും സയന്‍സിലും മോളിക്കുലാര്‍ ബയോളജിയിലുമുള്ള താല്പര്യങ്ങള്‍. 
3) ഗുലാം മുഹമ്മദ് ഷെയിക്കും നിര്‍മാ ഷെയിക്കും ഭൂപന്‍ ഖാക്കറും സ്വാധീനങ്ങളായി നിറഞ്ഞുനിന്ന 90-കളിലെ ബറോഡ എം.എസ് യൂണിവേഴ്സിറ്റിയിലെ പഠനം. 
4) തുടര്‍ന്നു സാലങ്കാരരൂപനിഷ്ടചിത്രീകരണ രീതികളുമായി പ്രാദേശിക ജീവിതങ്ങള്‍ ഒപ്പിയെടുത്ത് മൈസൂരിലെ സ്റ്റുഡിയോയിലെ ജീവിതം. 
5) 2000ങ്ങളില്‍-പുതു നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ പ്രാദേശിക ജീവിതങ്ങളിലും ദേശീയതയിലും ഉണ്ടാക്കിയ മാറ്റങ്ങളെ ആക്ഷേപഹാസ്യ രീതിയില്‍ ചിത്രീകരിച്ച തവിട്ട് പരമ്പര (ബ്രവുണ്‍ സീരീസ് പെയിന്റിംഗ്). 
6) പിന്നീട് കലയേയും സമൂഹത്തേയും ലോകത്തേയും തന്നെത്തന്നേയും അന്വേഷണ വിധേയമാക്കി രൂപപ്പെടുത്തിയെടുത്ത, ഇപ്പോഴും തുടരുന്ന ശില്പങ്ങളും ഇന്‍സ്റ്റലേഷനുകളും മ്യൂറലുകളും പ്രോജക്റ്റുകളുമൊക്കെയടങ്ങുന്ന ഒരു സുന്ദര യാത്ര (Charming Journey)- ഇങ്ങനെയാണ് മോറി മ്യൂസിയം ക്യൂറേറ്റര്‍ കതഓകാ മാമി പ്രദര്‍ശനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.  

ഒരേ പ്രവൃത്തി ആവര്‍ത്തിക്കുന്ന മനുഷ്യരൂപങ്ങള്‍
കേന്ദ്രബിന്ദുവോ പേര്‍സ്‌പെക്ടീവോ ഇല്ലാതെ ക്യാന്‍വാസ് പ്രതലത്തില്‍ വരിയും നിരയുമൊപ്പിച്ചു നിറഞ്ഞുനില്‍ക്കുന്ന, പൊട്ടാത്ത രേഖകളില്‍ തീര്‍ത്ത, വിവിധ പ്രവൃത്തികള്‍ ചെയ്യുന്ന; അല്ലെങ്കില്‍ ഒരേ പ്രവൃത്തിതന്നെ ആവര്‍ത്തിക്കുന്ന മനുഷ്യരൂപങ്ങളാണ് ഹര്‍ഷയുടെ കയ്യൊപ്പ്. ഭാരതീയ മിനിയേച്ചര്‍, ക്ഷേത്രശില്പപാരമ്പര്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ലോകത്തുള്ള ഏതു കാഴ്ചക്കാരനും നേരിട്ട് ഭാഗമാകാന്‍ കഴിയുന്ന ശൈലിയില്‍ ലളിതമായ, എന്നാല്‍, അപാര ഉള്‍ക്കാഴ്ചകള്‍/പ്രാപഞ്ചിക ചിന്തകള്‍ക്ക് പ്രേരിപ്പിക്കുന്നതാണ് ഹര്‍ഷയുടെ വിഷയങ്ങള്‍. മൂന്നു ഘട്ടമായി ഹര്‍ഷയുടെ രചനകളെ മനസ്സിലാക്കാം. ഒന്ന്. സ്വന്തം മണ്ണില്‍നിന്നുകൊണ്ട് ഭാരതത്തിലേക്ക് നോക്കുന്ന ഒരു ഘട്ടമാണ് ഹര്‍ഷയുടെ ആദ്യകാല രചനകള്‍. വിജയനഗരമുള്‍പ്പെട്ട ചരിത്രവും വൈവിധ്യമാര്‍ന്ന സംസ്‌ക്കാരങ്ങളും കലാവിശ്വാസ രീതികളും പുലരുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയിലെ മൈസൂരില്‍നിന്നുകൊണ്ട് ഇന്ത്യയെന്ന വളരുന്ന രാഷ്ട്രത്തെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യുന്ന, വൈരുദ്ധ്യങ്ങളും ആകുലതകളും ഹാസ്യാത്മകമായി വരച്ചുകാട്ടുന്നവയാണ് അതൊക്കെ. വളരെ വ്യത്യസ്തമായൊരു ഭാഷയും സാംസ്‌ക്കാരിക സ്വത്വവുമായി ദൂരെ മാറിയിരുന്നു ദൂരെയുള്ള ഭാരതീയന്‍ എന്ന ഏകാവസ്ഥയെ നോക്കുന്ന ഒരു സന്ദേഹിയായ ആക്ഷേപഹാസ്യകാരനെ ഇക്കാലത്ത് ഹര്‍ഷയില്‍ കാണാം. 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ആഗോളവല്‍ക്കരണവും നൂതന സാങ്കേതികവിദ്യകളുടെ ആവിര്‍ഭാവവും പുത്തന്‍ നവ ഉദാര സാമ്പത്തിക നയങ്ങളും മൈസൂര്‍ പോലെ കാര്‍ഷിക സംസ്‌ക്കാരമുണ്ടായിരുന്ന ഒരിടത്തെ ബാധിക്കുന്നതിന്റെ ആശങ്കകള്‍ ഹര്‍ഷ മണ്ണിന്റെ പ്രതീകമായ തവിട്ട് നിറം കൊണ്ടുമാത്രം വരച്ച ഒട്ടേറെ ചിത്രങ്ങള്‍കൊണ്ട് അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇന്ത്യയുടെ സിലിക്കണ്‍ വാലിയായി ബംഗളൂരു മാറുന്നതും മൈസൂര്‍ കേന്ദ്രമാക്കി ഇന്‍ഫോസിസ് വളരുന്നതും വിദേശ നിക്ഷേപത്തിന്റെ വരവുമൊക്കെ ഹര്‍ഷ വിഷയമാക്കി. ഏതൊരു ഇന്ത്യന്‍ സംസ്ഥാനവും നേരിട്ട സമാനമായ അവസ്ഥകളാണ് 12 പെയിന്റിങ്ങുകള്‍ ഉള്‍പ്പെടുന്ന Charming Nation പരമ്പരകൂടി ഉള്‍പ്പെടുന്ന തവിട്ട് പരമ്പര ചിത്രങ്ങള്‍. ഭാരതം മുന്നോട്ട് വയ്ക്കുന്ന ക്ലീഷേ രൂപങ്ങള്‍ വന്നുകയറുന്ന ലോകപദ്ധതികളെ ഉള്‍ക്കൊള്ളുന്നതിലുള്ള രസങ്ങളും വേദനകളും ഇവയില്‍ നിറയുന്നു. പാമ്പാട്ടിയേയും സര്‍പ്പങ്ങളേയും ഇടിച്ചുനിരത്തി വരുന്ന ബുള്‍ഡോസര്‍, യാഗം നടത്തുന്നവരും റോക്കറ്റ് വിക്ഷേപണവും കര്‍ഷകനു നിറം പൂശുന്ന വിദേശ നിക്ഷേപകരുമൊക്കെ നിറഞ്ഞ നേര്‍ വിവരണങ്ങളാണ്/പ്രതീകാത്മക ലോകമാണ് ഇവ. 

ലോകവുമായി രചനകളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയതില്‍നിന്നുണ്ടായ മാറ്റങ്ങള്‍ പിന്നീട് ഹര്‍ഷയെ അത്തരം നേരിട്ടുള്ള രാഷ്ട്രീയ-സാമൂഹിക പ്രതീകാത്മക രചനകളില്‍നിന്നും വ്യക്തിജീവിത/പ്രവൃത്തികളിലധിഷ്ഠിതമായ വിഷയങ്ങള്‍ നിറഞ്ഞ വ്യക്തമായൊരു ചിത്ര ശൈലിയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നത് കാണാം. പ്രാദേശിക സംസ്‌ക്കാരം, വ്യക്തികളുടെ പ്രവൃത്തികള്‍ എന്നിവ അപരലോകദേശങ്ങളുമായി ഏറെ വേറിട്ടുനില്‍ക്കുമ്പോള്‍ത്തന്നെ കാഴ്ചയുമായും അനുഭവവുമായും ഒരു താദാത്മ്യം സാധ്യമാക്കുന്നത് ഹര്‍ഷ ഉപയുക്തമാക്കുന്നു. ദേശം, അതിര്‍ത്തി ഇവയുടെ ഉരകല്ലായും ഹര്‍ഷ രൂപങ്ങളെ കാണുന്നു. മുന്‍പ് ചിതറിക്കിടന്നിരുന്ന രൂപങ്ങളെ വരിയും നിരയുമൊപ്പിച്ചു ചേര്‍ത്ത്, സാംസ്‌ക്കാരിക പാരമ്പര്യത്തിന്റേയും തത്ത്വശാസ്ത്രത്തിന്റേയും പിന്‍ബലത്തോടെ ആവര്‍ത്തനങ്ങളിലൂടെ കാഴ്ച/നോട്ടത്തെ അപനിര്‍മ്മാണം ചെയ്യുകയാണ് ഹര്‍ഷ ഇവിടെ ചെയ്യുന്നത്. ഗൂഗിളിലൂടെയും നവമാധ്യമങ്ങളിലൂടെയും സാങ്കേതികവിദ്യയിലൂടെയും 'ഇമേജ് ഫ്‌ലഡ്' എന്ന ചിത്രങ്ങളുടെ ഒഴുക്ക് ക്രമാതീതമായി പെരുകിത്തുടങ്ങിയ ഒരു സാമൂഹികക്രമം കൂടി ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം. 'പുതിയ ഇമേജ്/ചിത്രം' എന്നതു വരാകാരന്മാര്‍ക്കു വെല്ലുവിളിയായ അവസ്ഥയിലാണ് അങ്ങേയറ്റം ലളിതമായ, നിരുപദ്രവകരമായ രൂപങ്ങളെക്കൊണ്ട് ഹര്‍ഷ ഇമേജ് ഫ്‌ലഡ് തീര്‍ക്കുന്നത്. ഏവരും ചെയ്യുന്ന പ്രവൃത്തികളാണ് ഉറങ്ങുക, ആഹാരം കഴിക്കുക യാത്ര ചെയ്യുക എന്നിവ. കര്‍ണാടകയിലെ ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ സമൂഹസദ്യയില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട, രണ്ടു വര്‍ഷങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കിയ We come, We eat, We sleep (1999-2001) പരമ്പരയിലെ We eat-ല്‍ നൂറുകണക്കിനു മനുഷ്യര്‍ നിലത്തിരുന്നു വാഴയിലയില്‍ വിളമ്പിയ സദ്യ കഴിക്കുന്നതാണ് വിഷയം. ഒരു 'സാദാ നിത്യജീവിത പ്രവര്‍ത്തനം' കാഴ്ചയ്ക്ക് ഒരേ സമയം ലളിത സാധാരണവും ബഹുവ്യത്യസ്തവുമാകുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്. (ജപ്പാനിലെ ഓരോ ഹോട്ടലിനു മുന്നിലും ഹോട്ടലില്‍ ലഭ്യമായ ഭക്ഷണങ്ങളുടെ ഒറിജിനലിനെ വെല്ലുന്ന പ്ലാസ്റ്റിക് രൂപങ്ങള്‍ അത്യന്തം കലാപരമായി പ്രദര്‍ശിപ്പിക്കുന്ന രീതിയുണ്ട്. 2008-ല്‍ ജപ്പാനില്‍ ഒരു ഏകാംഗ പ്രദര്‍ശനത്തിനായി ഒരുങ്ങിയ ഹര്‍ഷ ഇത്തരം പ്ലാസ്റ്റിക് ഭക്ഷ്യരൂപങ്ങളില്‍ ആകൃഷ്ടനായി അവ നിര്‍മ്മിക്കുന്ന കമ്പനിയുമായി ചേര്‍ന്നു വാഴയിലയിലെ സദ്യയുടെ അസ്സല്‍ പ്ലാസ്റ്റിക് കോപ്പികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. പിന്നീട് സദ്യ കഴിഞ്ഞു വാഴയിലയും ഭക്ഷണവും ഉപേക്ഷിക്കുന്ന പ്രാദേശിക കാഴ്ചയെ ഇതേ രീതിയില്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കാനും പ്രദര്‍ശനയിടത്ത് ഇന്‍സ്റ്റാള്‍ ചെയ്യാനും ആരംഭിച്ചു. ഇലകളുടെ/പച്ചയുടെ ആവര്‍ത്തനമായി വനത്തെ കാണാമെങ്കില്‍, വെള്ളത്തുള്ളികളുടെ ആവര്‍ത്തനമായി മഴയേയും സമുദ്രത്തേയും കാണാമെങ്കില്‍ Left over (2008-2017) എന്ന നീണ്ടുപോകുന്ന സദ്യാരൂപങ്ങള്‍ ഭക്ഷണസംസ്‌ക്കാരചിന്ത തന്നെയായി മാറുന്നു. മൈസൂര്‍ ജില്ലയിലെ സുറ്റൂര്‍ ജാത്രയുടെ ഭാഗമായി നടക്കുന്ന സമൂഹവിവാഹം അടിസ്ഥാനമാക്കിയ Mass Marriage (2003), ദസറയും ഹൊയ്സാല ക്ഷേത്രച്ചുവരുകളിലെ മിനിയേച്ചര്‍ ആനകളുടേയും ഓര്‍മ്മകള്‍ പരിവര്‍ത്തിപ്പിക്കുന്ന In musth (2009), രണ്ടായിരത്തിലധികം വ്യത്യസ്ത മനുഷ്യരൂപങ്ങള്‍ പ്ലാസ്റ്റിക് കസേരകളില്‍ ഇരിക്കുന്ന, ആറു പാനലുകളിലായി വരച്ച Come give us a speech (2008) തുടങ്ങി ചിത്രങ്ങള്‍ ഓരോന്നും വ്യക്തിഗത സ്വകാര്യ കാഴ്ചാനുഭവം സാര്‍വ്വത്രിക കാഴ്ചാനുഭവമാക്കി/വിഷയമാക്കി പരിവര്‍ത്തിപ്പിക്കുന്നതാണ്. പുത്തന്‍ ലോകപരിസരത്തേയ്ക്ക്, സമകാലിക ലോകത്തേയ്ക്ക് ചോദ്യമായും വിമര്‍ശമായും നിസ്സഹായതയായും കറുത്ത ഹാസ്യമായും ലളിതമായൊരു തന്തു കൊണ്ട് നടത്തുന്ന അതിബൃഹദ് വിവരണങ്ങളാണ് ഹര്‍ഷയുടെ ഇത്തരം രചനകള്‍. 

സ്വന്തം മണ്ണില്‍ നിന്നുള്ള നോട്ടങ്ങള്‍
തന്റെ പ്രാദേശിക കാഴ്ചയെ ആഗോളപരിസരത്തേക്ക് ഞൊടിയിടയില്‍ പറിച്ചുനട്ടുകൊണ്ട് വിഷയത്തേയും വിഷയത്തിനുള്ളിലെ വെറുതേ ഇരിക്കുകയോ കിടക്കുകയോ നില്‍ക്കുകയോ ചെയ്യുന്ന മനുഷ്യരേയും കാഴ്ചയേയും പല മാനങ്ങളിലേയ്ക്ക് രസകരമായി പരിവര്‍ത്തിപ്പിക്കുന്ന ലളിതവും എന്നാല്‍, ഗഹനവും രസകരവുമായ രചനാരീതികള്‍ ഈ ഘട്ടത്തില്‍ ഒട്ടേറെ രചനകളില്‍ ഹര്‍ഷ പ്രയോഗിച്ചിട്ടുണ്ട്. പലദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളും ആചാരങ്ങളും സ്ത്രീധനവും ഭക്ഷണവും മറ്റും ഒരുക്കുന്നതിനുള്ള ചെലവും താങ്ങാനാകാത്ത നിര്‍ധനര്‍ക്കായി കര്‍ണാടക സര്‍ക്കാര്‍ സമൂഹവിവാഹങ്ങള്‍ നടത്താറുണ്ട്. 100 യുവമിഥുനങ്ങളുള്ള Mass Marriage എന്ന രചനയുടെ വേരുകള്‍ ഇതാണ്. വിവാഹം ചെയ്യുന്നവരുടെ രൂപങ്ങള്‍ നല്‍കുന്ന നേര്‍ക്കാഴ്ചയ്ക്കപ്പുറം ഇന്ത്യന്‍ വിവാഹങ്ങളുടെ രസവും ദുരന്തവും പകര്‍ത്തുമ്പോള്‍ത്തന്നെ മൈസൂരെന്ന ഇടത്തിന്റേതായ പല പശ്ചാത്തലങ്ങളും ചിത്രത്തിന് അടിവളമായിട്ടുണ്ട്. ആസ്വാദകനു രസം (ഇന്നതിന് എന്റര്‍ടെയിന്‍മെന്റ് എന്നാണ് വായന) പ്രധാനം ചെയ്യുന്നതിന് ഹര്‍ഷ വിടാതെ പിന്തുടരുന്ന തമാശ/ഹാസ്യം ഇതിലും വേണ്ടുവോളമുണ്ട്. നായയെ വിവാഹം ചെയ്യുന്ന യുവതി, മാല്യം ചാര്‍ത്തിയ രണ്ടു കഴുതകള്‍, തലയില്‍ കുടം മൂടിയ വരന്‍, പ്രതിമയെ വരനാക്കിയ യുവതി അങ്ങനെ കാഴ്ചയ്ക്കുള്ളില്‍ കഥകള്‍/സ്വതന്ത്ര സംഭവങ്ങള്‍. വിവാഹ ആല്‍ബം എന്ന ദൃശ്യപുസ്തകം വിവാഹത്തിന്റെ അത്യന്താപേക്ഷിത ഭാഗമാണ്. നിര്‍ധനരായ ഗ്രാമീണ മിഥുനങ്ങള്‍/ഫോട്ടോഷോപ്പ് പോലെ 'അത്യാധുനിക സംവിധാനങ്ങള്‍' പഠിച്ച സ്റ്റുഡിയോ ചെയ്തു നല്‍കുന്ന വധൂവരന്മാര്‍ക്ക് പിറകില്‍ ലോകാദ്ഭുതങ്ങളും വിദേശക്കാഴ്ചകളും ഉള്‍പ്പെടുത്തിയ ആല്‍ബം. പിരമിഡും ഫുജി പര്‍വ്വതവും ലണ്ടന്‍ പാലവും ചെരിഞ്ഞ ഗോപുരവും നയാഗ്രയും വന്‍മതിലുമൊക്കെ രചനയെ മറ്റൊരു ലോകവുമായും അവിടങ്ങളിലെ വിവാഹങ്ങളുമായും വച്ചുമാറ്റം ചെയ്യുന്നു. സ്വന്തം മണ്ണില്‍നിന്നുകൊണ്ട് ലോകത്തിലേയ്ക്കു നോക്കുന്ന രചനകളുടെ രണ്ടാം ഘട്ടമായി ഇതിനെ കാണാം.

ഒപ്പം തന്നെ ലോക കലാകാരന്മാര്‍ക്കിടയില്‍/കലയില്‍ നടപ്പിലായ മാറ്റങ്ങളും കീഴ്വഴക്ക വ്യതിയാനങ്ങളും വെല്ലുവിളികളും തന്റേതായ ചിത്രഭാഷകൊണ്ട് നേരിടാനും ഏറ്റെടുക്കാനും കൂടി ഹര്‍ഷ ശ്രമിക്കുന്നുണ്ട്. ഇന്‍സ്റ്റലേഷനും സൈറ്റ് സ്പെസിഫിക് കലയും ഡോക്യുമെന്റേഷനും ശില്പവുമൊക്കെ ചെയ്യുമ്പോള്‍ത്തന്നെ അതെല്ലാം തന്റെ പെയിന്റിംഗിന്റെ ഭാഷയുടെ/ശൈലിയുടെ ഒരു തുടര്‍ച്ചയാക്കാന്‍ ഹര്‍ഷക്ക് കഴിയുന്നു. 2007-ല്‍ വരച്ച പെരിടാത്തൊരു ചിത്രത്തില്‍ തയ്യല്‍മെഷീനില്‍ ത്രിവര്‍ണ്ണ പതാക തയ്ക്കുന്ന ഒരു സാധാരണക്കാരനെ കാണാം. 'Neshans' (2007-2017) എന്ന പടുകൂറ്റന്‍ പ്രതിഷ്ഠാപനത്തിന് ആധാരമായത് ഈ ചെറു ചിത്രമാണെന്നു കാണാം. 193 ലോകരാജ്യങ്ങളുടെ പതാകകള്‍ തയ്ക്കുന്ന ഇന്ത്യന്‍ തയ്യല്‍മെഷീനുകള്‍ ആണ് ഈ പ്രതിഷ്ഠാപനത്തില്‍ ഉള്ളത്. പതാകകളുടെ വര്‍ണ്ണനൂലുകള്‍ പരസ്പരം വേര്‍തിരിച്ചെടുക്കാനോ ഉത്ഭവം കണ്ടെടുക്കാനോ ആകാനൊക്കാത്ത വിധം പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. വിവരിച്ചുകൊടുക്കേണ്ടതില്ലാത്ത വിധം ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥതലങ്ങള്‍പോലും വളരെ പ്രകടവും പ്രത്യക്ഷവുമാണ് ഹര്‍ഷയുടെ ലോകത്ത്.  

മൂന്നാം ഘട്ടത്തില്‍ സ്വന്തം മണ്ണില്‍നിന്നുകൊണ്ട് രാജ്യത്തേയും ലോകത്തേയും കടന്നു പ്രപഞ്ചത്തെ, പ്രപഞ്ചത്തിനപ്പുറമുള്ള അറിയായ്മകളെ ആരായുന്ന ഒരു വീക്ഷകന്റെ/ജ്ഞാനിയുടെ മനസ്സാണ് രചനകള്‍ പങ്കുവയ്ക്കുന്നത്. ഏവരും കേട്ടിട്ടുള്ള ഭാരതീയ ഉപനിഷദ് സത്യങ്ങള്‍ (ഉദാഹരണം- അത് നീയാണ്/അതതുമല്ല അതിതുമല്ല (തത്ത്വമസി/നേതി നേതി), ആത്മന്‍-ബ്രഹ്മന്‍) കാഴ്ചകളാക്കാന്‍ ധ്യാനിക്കുന്ന ഒരു ആധുനിക ശാസ്ത്രകാരനായ ചിത്രകാരനായി ഹര്‍ഷ മാറുന്നതായി തോന്നും. ആവര്‍ത്തിക്കുന്ന രൂപങ്ങള്‍ക്കുപോലും ജനനവും മരണവും ആവര്‍ത്തിച്ചു വരുന്നതിനെ പുരാതന ദാര്‍ശനികര്‍ വ്യാഖ്യാനിച്ചതുമായി ബന്ധം വളരുന്നതായി വരും. എന്നാല്‍, അതേസമയം നാനോ ടെക്നോളജിയും മോളിക്കുലാര്‍ സയന്‍സും വൈദ്യശാസ്ത്രവും ഇതോടൊപ്പം പ്രയോഗിച്ച് ഉത്തരാധുനികാനന്തര കലയുടെ പ്രശ്‌നങ്ങളും സാധ്യതകളും നേരിടുന്ന ലോകസഞ്ചാരിയായ കലാകാരനായും ഹര്‍ഷ മാറുന്നു. മൈക്രോസ്‌കോപ്പ്, ടെലിസ്‌കോപ്പ് എന്നീ ശാസ്‌ത്രോപകരണങ്ങള്‍കൊണ്ടാണ് ഹര്‍ഷ ഈ ഘട്ടത്തില്‍ തന്റെ കലയ്ക്ക് ഒരാദിമധ്യാന്തപ്പൊരുത്തം സ്ഥാപിച്ചെടുക്കുന്നത്. ബ്രഹ്മാണ്ഡത്തിലേക്ക് വീട്ടുമുറ്റത്തുനിന്നും കാഴ്ചകളെ പറിച്ചുനടുന്ന ടെലിസ്‌കോപ്പ്, ശരീരത്തിനുള്ളിലെ സൂക്ഷ്മകോശങ്ങളെ ഉറ്റുനോക്കി അതില്‍ത്തന്നെ കാഴ്ചവിസ്മയം കണ്ടെടുക്കുന്ന മൈക്രോസ്‌കോപ്പ് ഇവ കുട്ടിക്കാലം മുതല്‍ ചെയ്തു വന്നിരുന്ന ആകാശനിരീക്ഷണവുമായും ഭാരതീയ തത്ത്വശാസ്ത്രങ്ങളുമായും ചേരുംപടി ചേര്‍ത്തു തന്റെ ചിത്രഭാഷയ്ക്ക് മറ്റൊരു പ്രാപഞ്ചിക തലം നല്‍കാന്‍ ഹര്‍ഷ ശ്രമിക്കുന്നുണ്ട്. അതിര്‍ത്തികളും ദേശങ്ങളും ബാധകമല്ലാത്ത ഒരു വിശ്വപൗരന്‍ ആഗോളവല്‍ക്കരണം കൊണ്ടല്ല പിറക്കുന്നത്, മറിച്ച് ലളിതമായ മറ്റുചില കാര്യങ്ങള്‍ കൊണ്ടാണെന്ന് ചിന്തിപ്പിക്കാന്‍ ഹര്‍ഷയുടെ ഭാഷയ്ക്ക് കഴിയുന്നുണ്ട്.

പുനരപി ജനനം
പുനരവി മരണം

കല പഠിക്കുന്നതിനു മുന്‍പ് മെക്കാനിക്‌സിലും ബയോളജിയിലും മോളിക്കുലര്‍ സയന്‍സിലും മെഡിസിനിലും അതീവ തല്‍പ്പരനായിരുന്ന ഹര്‍ഷ 2004-ല്‍ സ്വിറ്റ്സര്‍ലന്റിലെ ബാസെല്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ആര്‍ട്ടിസ്റ്റ് ഇന്‍ ലാബ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അവിടത്തെ അത്യന്താധുനിക സൗകര്യങ്ങളുള്ള ലാബില്‍ ലഭ്യമായ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് ശരീരകോശങ്ങള്‍, ശരീരത്തിനുള്ളിലെ സൂക്ഷ്മ പ്രപഞ്ച വീക്ഷണം എന്നിവ പഠിക്കാനും മൈക്രോ ലെവല്‍ ഇമേജ് മേക്കിംഗ് എന്ന സാധ്യത പരീക്ഷിക്കാനുമാണ് മുഴുവന്‍ സമയവും ചെലവിട്ടത്. ഒപ്പം മൈസൂരിലെ കുട്ടിക്കാലവും ആകാശവും പ്രപഞ്ചനിരീക്ഷണവും അകം/പുറം, മനസ്സ്/ശരീരം, ആത്മന്‍/ബ്രഹ്മന്‍, അറിവ്/അജ്ഞാനം എന്നീ വിചാരധാരകളുമായി മറ്റൊരു ശാസ്‌ത്രോപകരണമായ ടെലസ്‌കോപ്പിനെക്കൂടി ബന്ധിപ്പിച്ച് സ്വകാര്യ വീക്ഷണങ്ങളെ മറ്റൊരു നിലയിലേക്ക് ഉയര്‍ത്താനും ശ്രമിച്ചു. കോശങ്ങള്‍ക്ക് ഉള്ളിലെ രൂപകല്‍പ്പനകളും ക്രമങ്ങളും അവയുടെ ആവര്‍ത്തനങ്ങളുമെല്ലാം പിന്നീട് ഹര്‍ഷയുടെ ചിത്രഭാഷയിലും കാണാം. ''സൂക്ഷ്മ ഭാഗങ്ങള്‍ ഒന്നുചേര്‍ന്നു പൂര്‍ണ്ണമായ ഒരു മനുഷ്യശരീരം നിര്‍മ്മിതമായിരിക്കുന്നു. മനുഷ്യന്‍ പ്രപഞ്ചത്തിലേക്ക് ഉറ്റുനോക്കി നില്‍ക്കുന്നു. മനുഷ്യന്റെ ശരീര സൂക്ഷ്മഭാഗങ്ങളുടെ ഉള്ളില്‍ത്തന്നെ ഒരു പ്രപഞ്ചം നിലനില്‍ക്കുന്നു'' എന്നിങ്ങനെയുള്ള ചിന്തകള്‍ പിന്നീടുള്ള രചനകളില്‍ നിറഞ്ഞുനില്‍ക്കുന്നു. 'The whole is structured by its parts, and consists of their sum' എന്ന ശാസ്ത്രവീക്ഷണം മൈസൂരിലെ കാഴ്ചകളില്‍, ഓരോ വസ്തുവിലും ഹര്‍ഷ ആരോപിക്കുന്നുണ്ട്. ഭാരതീയ ക്ഷേത്രശിഖരങ്ങള്‍ ഇതിന് ഉത്തമ ഉദാഹരണമാണ്. അനേകം വിശ്വരൂപ മിനിയേച്ചര്‍ ചിത്രങ്ങളിലും ഇത്തരമൊരു ചിന്ത ഹര്‍ഷ കണ്ടെത്തുന്നുണ്ട്. Mooing here and now (2014), Peep chirp peep chirp (2014), Seekers paradise (2013), Showstoppers at Cosmic Data processing centre (2015 ) തുടങ്ങി നിരവധി ചിത്രങ്ങളില്‍ ടെലിസ്‌കോപ്പ്/മൈക്രോസ്‌കോപ്പ് വഴി കാലം/ദൂരം, ഇടം/സമയം എന്നിവയെ പ്രശ്‌നവല്‍ക്കരിക്കുന്ന മനുഷ്യ-ജന്തുജാലങ്ങളുടെ ആവര്‍ത്തനങ്ങള്‍ കാണാം. Tamasha (2013) മുതലായ ഹനുമാന്‍ കുരങ്ങുകള്‍ പ്രമേയമായ ശില്‍പ്പങ്ങള്‍ ഇതേ പ്രമേയം തന്നെ ടെലിസ്‌കോപ്പ് ഇല്ലാതെ തന്നെ വിമര്‍ശനാത്മകമായി കൈകാര്യം ചെയ്യുന്നു. 

ഹര്‍ഷ വരച്ചതില്‍ വച്ച് ഏറ്റവും വലിപ്പം കൂടിയ ചിത്രമാണ് 24 മീറ്റര്‍ നീളമുള്ള 'പുനരപി ജനനം, പുനരപി മരണം (Again Birth, Again Death) ഒരേ സമയം മൈക്രോസ്‌കോപ്പ് ടെലിസ്‌കോപ്പ് വഴിയുള്ള കാഴ്ചാനുഭവം ചിത്രീകരിക്കുന്നു. 'അകലെ' നിന്നുള്ള അലസമായൊരു നോട്ടത്തില്‍ ഇത് ഹര്‍ഷ ആവര്‍ത്തനരൂപങ്ങള്‍ വിട്ടൊഴിഞ്ഞ് ഒരൊറ്റ രൂപത്തെ വരച്ചതാണോയെന്ന സംശയം ഉണര്‍ത്തുമെങ്കിലും 'അടുത്തേയ്ക്ക്' ചെന്നു സൂക്ഷ്മമായി നോക്കുമ്പോള്‍ ആവര്‍ത്തിക്കുന്ന നക്ഷത്രകോടികളുടെ പ്രപഞ്ചവീക്ഷണമാണ് തെളിയുന്നത്. തന്റെ ജീവിതത്തിന്റെ, അതിലൂടെ ആര്‍ജ്ജിച്ച ചിന്തയുടെ ആദിമധ്യാന്തപ്പൊരുത്തം രചനയില്‍ സാധ്യമാക്കുന്ന അനുഭവിപ്പിക്കുന്ന ലളിതഗഹനമായ ഒന്നാണ് ആരോ ബ്രഷിനാല്‍ പെട്ടെന്ന് ഒറ്റ സ്ട്രോക്കില്‍ വരച്ചൊരു കുടുക്കുപോലെ പുറമേ തോന്നിപ്പിക്കുന്ന ഈ ബൃഹദാഖ്യാനം.  
 

ഒന്നിനൊന്നു വ്യത്യസ്തങ്ങളായ മുഖങ്ങള്‍ ആകാശത്തേയ്ക്ക് ഉറ്റുനോക്കുന്ന Habitual sky gazers (2011) എന്ന ചിത്രം പിന്നീട് നിരവധി പെയിന്റിംഗുകള്‍ക്കും സൈറ്റ് സ്പെസിഫിക് പ്രൊജക്ടുകള്‍ക്കും ഹര്‍ഷ ആധാരമാക്കിയിട്ടുണ്ട്. സ്വകാര്യ അനുഭവത്തെ കാഴ്ചക്കാരന്റേയും അനുഭവമാക്കി മാറ്റുന്ന രീതിയില്‍നിന്നും കാഴ്ചക്കാരനേയും ചിത്രത്തിന്റെ/രചനയുടെ ഭാഗമാക്കുന്ന/ഉള്ളിലാക്കുന്ന ഉത്തരാധുനിക പരിസരങ്ങളില്‍ വേരുകളുള്ള പ്രദര്‍ശനത്തിലെ ഏറ്റവും ശ്രദ്ധേയമായ Sky gazers എന്ന പെയിന്റിംഗ് ഇന്‍സ്റ്റലേഷന്റെ വേരുകളും അതേ ചിത്രം തന്നെയാണ്. ബോധപൂര്‍വ്വമായ ആവര്‍ത്തനങ്ങള്‍പോലും ഹര്‍ഷ തന്റെ ചിന്താപദ്ധതിയുടെ നീട്ടിയെടുക്കല്‍ ആയിട്ടാണ് ചെയ്യുന്നത്. മുന്‍പ് ലിവര്‍പൂള്‍ ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച Sky gazersല്‍ (2010-2017) ഗാലറിയുടെ നിലത്ത് വരച്ച ആകാശനിരീക്ഷണ മുഖങ്ങളും നേരെ മുകളില്‍ മേല്‍ക്കൂരയില്‍ സ്ഥാപിച്ച തത്തുല്യ അളവിലുള്ള കണ്ണാടിയുമാണ് ഉള്ളടക്കം. കാഴ്ചക്കാരന് മുന്‍പ് രണ്ടടി മാറിനിന്നു തൊടാതെ, തീണ്ടാതെ കണ്ടിരുന്ന രൂപങ്ങളെ ചവിട്ടി നടക്കാം, രൂപങ്ങള്‍ക്കൊപ്പം നിലത്ത് കിടന്നു മുകളില്‍ തെളിയുന്ന തങ്ങളുടെ തന്നെ പ്രതിബിംബങ്ങള്‍ കാണാം, ഫോട്ടോയില്‍ പകര്‍ത്താം. വിരുദ്ധധ്വന്ദങ്ങളുടെ ഒത്തുപോകല്‍ ആഘോഷമാണ് ഹര്‍ഷ ഒരുക്കുന്നത്. മിനിയെച്ചര്‍/കാന്‍വാസ്, ഫിഗറേഷന്‍/അബ്സ്ട്രാക്ഷന്‍, മനസ്സ്/ശരീരം, മണ്ണ്/പ്രപഞ്ചം, നിശ്ചലത/ചലനം, സ്വപ്നം/യാഥാര്‍ത്ഥ്യം, ബാല്യം/വാര്‍ദ്ധക്യം, പാരമ്പര്യം/അധിനിവേശം, ഓര്‍മ്മ/ഭാവി, സൂക്ഷ്മാണു/പരമാണു, തത്ത്വശാസ്ത്രം/അന്ധവിശ്വാസം, ആത്മന്‍/ബ്രഹ്മന്‍, ഗ്രാമം/ലോകനഗരം, ശാസ്ത്രം/പുരാണം, യുക്തി/അയുക്തി, ഇടം/ദൂരം, സമയം/ലോകം, തമാശ/ധ്യാനം, മൗനം/പ്രസംഗം, രാഷ്ട്രീയം/ആത്മീയത അങ്ങനെ ഓരോ രചനയിലും വിഭിന്നവും പരസ്പരപൂരകവുമായ അടരുകള്‍ ചേരുംപടി തെളിയുന്നു. ര

ചനകളുടെ പ്രത്യക്ഷ ലാളിത്യത്തിനകത്ത് ഒളിഞ്ഞുകിടക്കുന്ന അനേകം അറകള്‍ ഒന്നൊന്നായി വളരെയെളുപ്പം തുറന്നെടുക്കാന്‍ സാധിക്കുന്ന ഹര്‍ഷയുടെ കലാലോകം കാഴ്ച/ചിന്ത ഒരേ സമയം പ്രാദേശികവും ദേശീയവും അന്തര്‍ദ്ദേശീയവും പ്രാപഞ്ചികവുമായി മാറുന്നൊരു പ്രതിഭാസം തന്നെയാണെന്ന് അടിവര വയ്ക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com