നിട്ടാന്തരമുള്ള മീസാന്‍കല്ലുകള്‍-2

പണ്ട് മാടായി ദേശത്ത് വ്യത്യസ്ത മാര്‍ഗ്ഗത്തിലുള്ള സൂഫികള്‍ വരാറുണ്ടായിരുന്നു.
നിട്ടാന്തരമുള്ള മീസാന്‍കല്ലുകള്‍-2

ണ്ട് മാടായി ദേശത്ത് വ്യത്യസ്ത മാര്‍ഗ്ഗത്തിലുള്ള സൂഫികള്‍ വരാറുണ്ടായിരുന്നു. ഇവരോടൊപ്പം നീണ്ടുവെളുത്ത് മെലിഞ്ഞ് സുന്ദരനായ ഒരു മദോരി സൂഫിയും മാടായി ദേശത്ത് എത്തി. ഏതു നേരത്തും ഇദ്ദേഹത്തെ മാടായി പള്ളിയിലോ മൂസഖാന്‍ പള്ളിയിലോ പുതിയങ്ങാടി ഉത്തരഃപള്ളിയിലോ കിടപ്പുറം പള്ളിയിലോ കാണാം. ചില ദിവസങ്ങളില്‍ ചെറുകുന്നു പള്ളിയിലും മാട്ടൂല്‍ ഒളിയങ്കര പള്ളിയലും ഈ സൂഫിയെ കണ്ടവരുണ്ട്. മാടായിയിലെത്തിയാല്‍ വസന്തത്തിലെ പൂമ്പാറ്റകളെപ്പോലെ ഈ സൂഫിയെ മാടായി ദേശത്തോ സമീപപ്രദേശത്തോ കാണാം. ആരോടും കൂടുതല്‍ സംസാരിക്കില്ല. എന്തെങ്കിലും അസുഖമോ ബുദ്ധമുട്ടുകളോ പറഞ്ഞാല്‍ തന്റെ വലിയ ഭാണ്ഡത്ത് നിന്നും ചില പച്ചമരുന്നുകള്‍ എടുത്ത് കൊടുക്കും. തന്റെ തുണിക്കെട്ടുകളില്‍ മരുന്നില്ലെങ്കില്‍ ഒരു കടലാസില്‍ നല്ല വടിവൊത്ത ഇംഗ്ലീഷില്‍ മരുന്നു കുറിച്ച് കൊടുക്കും. ആരോടും പ്രതിഫലം വാങ്ങില്ല.

ദുനിയാവിനെക്കുറിച്ചോ സാമ്പത്തികനിലവാരത്തെക്കുറിച്ചോ ചോദിച്ചാല്‍ കോപം കൊണ്ട് മുഖം ചുമന്ന് തുടുക്കും. ആരെങ്കിലും തൃപ്തിപ്പെട്ടുകൊടുത്താല്‍ ഒരു നേരത്തെ ലഘുഭക്ഷണം മാത്രം കഴിക്കും. പലപ്പോഴും വിശപ്പ് അസഹ്യമാകുമ്പോള്‍ ചിരിച്ചുകൊണ്ട് വെള്ളവയലിന്റെ വരമ്പിലുള്ള കറുകപ്പുല്ല് പറിച്ചുതിന്നും. പിന്നെ പള്ളിയിലെ കിണറുകളില്‍നിന്നു പൈദാഹം മാറുവോളം വെള്ളം കോരി കുടിക്കും. ഏതുനേരവും ദൈവികപ്രണയങ്ങളെക്കുറിച്ചുള്ള മനോഹരമായ ഗീതകങ്ങള്‍ പാടിക്കൊണ്ടേയിരിക്കും. നാട്ടുകവലകളിലുള്ളവര്‍ക്ക് ഈ സൂഫിയെ ഏറെ പരിചിതനാണ്! എപ്പോഴും പുഞ്ചിരി തൂകിക്കൊണ്ടേയിരിക്കും. ഉന്മാദലോകത്ത് നിന്നും ഒരിക്കലും മോചിതനല്ലാത്ത മദോരി സൂഫിയായിരുന്നു അദ്ദേഹം. ദേശമോ പേരോ ആര്‍ക്കും അറിഞ്ഞുകൂടാ. ആരും അദ്ദേഹത്തോട് അത് ചോദിക്കാറുമില്ല. ഒറ്റനോട്ടത്തില്‍ മാടായി ചെമ്മണ്‍പാതയില്‍ ജീവിതം ഹോമിച്ച അനേകം സിദ്ധാരേയും നൊസ്സരേയും അത് ഓര്‍മ്മിപ്പിച്ചു. അര്‍ദ്ധരാത്രികളില്‍ ചെമ്മണ്‍പാതയിലെ പുളിമരത്തിന്റെ ചുവട്ടിലിരുന്നു സരസ് വലിക്കും. പിന്നെ കരളുപിളര്‍ക്കുന്ന ദൈവികപ്രണയത്തിന്റെ സൂഫിഗീതകങ്ങള്‍ ആലപിക്കും. ദേശം മുഴുക്കേ കേള്‍ക്കുമാറ് പൊട്ടിച്ചിരിക്കും. പൊട്ടിക്കരയും. ആനന്ദനൃത്തം ചെയ്യും. എല്ലാം കഴിഞ്ഞാല്‍ മൂസഖാന്‍ പള്ളിയിലെ മീസാന്‍ കല്ലുകളില്‍ അഭയം തേടും. ചില നാട്ടുപ്രമാണികള്‍ കവലകളില്‍ വെച്ച് ഇദ്ദേഹത്തെ പരിഹസിച്ചു ചിരിക്കാറുണ്ടായിരുന്നു. അദ്ദേഹം ആരോടും തര്‍ക്കിക്കില്ല. 

14-ാം രാവിലെ പൂനിലാവ് പോലുള്ള ആ മഹാസൂഫിവര്യന്‍ തന്നെ പരിഹസിക്കുന്നവരെ നോക്കിച്ചിരിച്ച് നാട്ടുകവലകളിലൂടെ നടന്നകലും. ഉപ്പ ഇങ്ങനെ പറഞ്ഞുകൊണ്ട് ഇരിക്കുമ്പോള്‍ മുജീബാ പറഞ്ഞത്! ഈ സൂഫി നമ്മളെ അല്ലാബര്‍കത്തകിയെപ്പോലെയാ ആശ്ചര്യത്തോടെയാ ഉപ്പ ചോദിച്ചത്: ഇത് ആരാ? ഞാനാ മറുപടി പറഞ്ഞത്. മുസഖാന്‍ പള്ളിയിലെ മണല്‍ത്തിട്ടക്ക് പടിഞ്ഞാറ് വശത്തുള്ള ഓത്തുള്ളീലെ ഞങ്ങളെ ചങ്ങാതിയായ സക്കറിയാന്റെ പൊരയില്‍ വരാറുള്ള പച്ച തലാവ് വെച്ച നല്ല ഉയരമുള്ള, മുഖത്ത് വട്ടത്താടിയും ഉന്തിയ കണ്ണുമുള്ള, നാട്ടുകവലയിലും ചെമ്മണ്‍പാതയിലുമായി ഒറ്റയ്ക്ക് സംസാരിച്ചു പോകാറുള്ള അല്ലാബര്‍ക്കത്തയെപ്പറ്റി. ചില ദിനങ്ങള്‍ ബദറ് പള്ളിയിലെയോ മുസഖാന്‍ പള്ളിയിലെയോ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയാല്‍ വൈകുന്നേരം വരെ കുളിച്ചുകൊണ്ടേയിരിക്കും. ചില നേരങ്ങളില്‍ തന്റെ ഉള്ളംകൈകൊണ്ട് എന്തോ ചില കോപ്രായങ്ങള്‍ കാണിക്കുന്നതു കാണാം. അതുകണ്ടാല്‍ ഞങ്ങള്‍ പേടിച്ച് പൊരയിലേക്ക് തിരിച്ചോടും. ഉപ്പ ചിരിച്ചുകൊണ്ട് പറഞ്ഞു അദ്ദേഹം നിക്ക്ശബന്ദിത്വരിഖത്തില്‍പ്പെട്ട ആളാണ്. എല്ലാ സൂഫികളും ഓരോ മാര്‍ഗ്ഗമുള്ളവരല്ലേ? പക്ഷേ, ലക്ഷ്യം ഒന്നുമാത്രമാ. തന്റെ പ്രണയനായികയെ അനന്തമായി പ്രണയിച്ചു കൊണ്ടേയിരിക്കുക. തന്റെ പ്രണയിനിയെ ഒരിക്കലെങ്കിലും കണ്ടുമുട്ടുക. ഇത്തരം വലിയ കാര്യങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാവൂല്ല. ഉപ്പ ഞങ്ങളെ ഓര്‍മ്മിപ്പിച്ചു. ഉപ്പ പിന്നെയും ആ മദോരി സൂഫികളുടെ കഥ പറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങള്‍ ഏറെ കൗതുകത്തോടെ അത് കേട്ടുകൊണ്ടും. മാട്ടൂല്‍ ഒളിയങ്കര പള്ളിയിലെത്തിയ സൂഫിയെ നാട്ടുകൂട്ടം ഏറെ ബഹുമാനത്തോടെയാ നോക്കിയിരുന്നത്. അദ്ദേഹം ദിനങ്ങളോളം പള്ളിയില്‍ അൗറാദുകളില്‍ മുഴുകും. ചില ദിനം പള്ളിക്കിണറിലെ പച്ചവെള്ളം മാത്രമേ കുടിക്കാറുള്ളൂ. ഇങ്ങനെ ഇദ്ദേഹത്തെക്കുറിച്ച് കേട്ടറിഞ്ഞ മുഹമ്മദ്ക്ക അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു കൂടെക്കൂടി. പല ദിനവും മുഹമ്മദ്ക്കാക്ക് കടുത്ത പരീക്ഷണമായിരുന്നു. ചില ദിനം കടല്‍ക്കരയിലെ തൈപ്പറമ്പുകളില്‍ ഈ സൂഫി കിടന്നുറങ്ങും. കാലം കഴിഞ്ഞപ്പോള്‍ മുഹമ്മദ്ക്കാക്ക് അത് പതിയെ ശീലമായി. സൂഫി നാട്ടുകവലകളിലൂടെയോ തൈപ്പറമ്പിലോ തോട്ടിന്‍ കരയിലൂടെയോ നടന്നുപോകുമ്പോള്‍ ദുനിയാവിലെ ദുരിതം പിടിച്ച സ്ത്രീകള്‍ പൈതങ്ങളേയും കൂട്ടി നിരവധി ആവലാതികള്‍ സൂഫിയോടു പറയും. പിന്നെ കുറേ ദീനങ്ങളെക്കുറിച്ചും സൂഫിയോട് പറയും. ചില പൈതങ്ങളുടെ മാറാരോഗങ്ങള്‍ പറഞ്ഞുകൊണ്ട് സ്ത്രീകള്‍ സൂഫിയോട് വിലപിക്കും. അദ്ദേഹം പൈതങ്ങളെ തന്റെ മാറോട് ചേര്‍ത്ത് നിര്‍ത്തും. ജാതിയോ മതമോ ചോദിക്കില്ല. അവരുടെ കണ്ണുനീരുകള്‍ തുടക്കും. തന്റെ വലിയ തുണിഭാണ്ഡത്തുനിന്നും ചില പച്ചമരുന്നുകള്‍ കൊടുക്കും. ചിലര്‍ക്ക് ചില മരുന്നുകള്‍ കുറിച്ചു കൊടുക്കും. കൂടെ അത് വാങ്ങാനുള്ള പൈസായും കൊടുക്കും. ഒരു ദിനം പുതിയങ്ങാടി ദേശത്തുള്ള ഒരു സ്ത്രീ തന്റെ കുഞ്ഞിനെ സൂഫിയുടെ മടിയില്‍ കിടത്തിക്കൊണ്ട് നിലവിളിച്ചു. കുഞ്ഞിനെ പരിശോധിച്ച സൂഫി അവര്‍ക്ക് ഒരു കടലാസില്‍ മൈസൂര്‍ മെഡിക്കല്‍ കോളേജിലെ ഒരു പ്രശസ്ത ഡോക്ടര്‍ക്ക് എഴുത്ത് കൊടുത്തു. ഇത് കൊണ്ടുപോയി ആ ഡോക്ടര്‍ക്ക് കൊടുക്കാനും പറഞ്ഞു. ഇങ്ങനെ ആയിരം കഥകളുണ്ട് ഈ സൂഫിയെക്കുറിച്ച്. 

മുഹമ്മദ്ക്ക സൂഫിയോടൊപ്പം ദേശസഞ്ചാരം ആരംഭിച്ചു. മൂസഖാന്‍ പള്ളി, ത്വാഹ പള്ളി, മാടായിപ്പള്ളി, പുതിയങ്ങാടി ഉത്താരം പള്ളി, എട്ടിക്കുളം പള്ളി, ഏഴിമല പള്ളി എന്നീ പള്ളികളില്‍ ദിനങ്ങളോളം കൂടും. പലപ്പോഴും ദിവസങ്ങളോളം അൗറാദുകളില്‍ മുഴുകിയിരിക്കും. മുഹമ്മദ്ക്കായും സൂഫിയെ അനുകരിക്കും. അങ്ങനെ കാസര്‍ഗോഡ് മാലിക്ക് ഇബ്നുദിനാര്‍ പള്ളിയില്‍ ആഴ്ചകളോളം സൂഫി ധ്യാനത്തില്‍ ഇരുന്നുവത്രേ. നാട്ടുകൂട്ടം ആവലാതികളുമായി ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ സൂഫിയെ കാണാന്‍ വരും. അദ്ദേഹം തന്റെ വലിയ തുണിഭാണ്ഡത്തില്‍നിന്നും പച്ചമരുന്നു കളെടുത്ത് അവര്‍ക്കും കൊടുക്കും. ചിലര്‍ക്ക് ചില പ്രവര്‍ത്തനരീതികളും ഉപവാസവും ജീവിതശൈലികളും പറഞ്ഞുകൊടുക്കും. ഏതു ഭാഷയും അനായാസം കൈകാര്യം ചെയ്യാന്‍ ഈ സൂഫിവര്യന് വശമുണ്ടായിരുന്നത്രേ. പ്രായം, 35 വയസ്സിനപ്പുറമില്ല. വെളുത്ത് മെലിഞ്ഞ ശരീരം. കാസര്‍ഗോഡുനിന്നും സൂഫി നേരെ ഉള്ളാളം ദര്‍ഗയിലേക്കാ പോയത്. നല്ല തണുപ്പുള്ള ഒരു രാത്രിയിലാ അവര്‍ ഉള്ളാളം പള്ളിയിലെ ദര്‍ഗയില്‍ എത്തിയത്. സൂഫി പക്ഷേ, മുഹമ്മദ്ക്കാക്ക് സൂഫിസത്വത്തിന്റെ ആന്തരിക സത്യങ്ങളോ സിദ്ധികളോ വൈദ്യമോ പറഞ്ഞുകൊടുത്തില്ല. ഉള്ളാളം എത്തിയ രാത്രി അദ്ദേഹം മുഹമ്മദ്ക്കാനെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു: എന്റെ കൂടെ ഇനിയും സഞ്ചരിച്ചാല്‍ നിനക്ക് ദുനിയാവും അഹിറാവും നഷ്ടപ്പെടും. നമുക്ക് ഒരു സരസ് വലിച്ചു ഇവിടെനിന്നും പിരിയാം. നിന്നെയും പ്രതീക്ഷിച്ചു പൈതങ്ങളും കുടുംബവും ഒരു പാവം സ്ത്രീയും പൊരയില്‍ നില്‍ക്കുന്നുണ്ട്. നിനക്ക് ദുനിയാവിനോടുള്ള ആഗ്രഹം ശമിച്ചിട്ടില്ല. ഭൗതികവിരക്തി നിന്റെ മനസ്സില്‍ പൂര്‍ണ്ണത പ്രാപിച്ചിട്ടില്ല. അത് പൂര്‍ണ്ണമാകാതെ സൂഫിസത്തിന്റെ ആന്തരിക സ്വത്വം നിനക്ക് ലഭിക്കില്ല. ഇപ്പോള്‍ നിനക്ക് ആവശ്യം ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു മാര്‍ഗ്ഗമാണ്. നിനക്ക് ജീവിക്കാനുള്ള മാര്‍ഗ്ഗം ഞാന്‍ പറഞ്ഞുതരാം. നീ കുടക് വരെ പോകുക. അവിടെ മാന്ത്രിക താന്ത്രികവിദ്യ വശമുള്ള ഒരു സിദ്ധയോഗിയെ നീ കണ്ടുമുട്ടും. അദ്ദേഹത്തില്‍നിന്നും ഉപജീവനം പുലര്‍ത്താനുള്ള സിദ്ധികള്‍ നിനക്ക് ലഭിക്കും. അര്‍ദ്ധരാത്രിയോടെ രണ്ടുപേരും സരസ് ആഞ്ഞുവലിച്ചു. മുഹമ്മദ്ക്കാക്ക് സത്യത്തില്‍ ഒന്നും മന സ്സിലായില്ല. ജീവിതത്തില്‍ ആദ്യമായിട്ടാ തന്റെ ദേശം വിട്ട് ഇത്രയും ദൂരം സഞ്ചരിക്കുന്നതു തന്നെ. രാത്രിയുടെ അന്ത്യയാമത്തോടെ സൂഫി ഉള്ളാളം ദര്‍ഗയില്‍നിന്നു മുഹമ്മദ്ക്കാനോട് യാത്രാമൊഴി ചൊല്ലി എങ്ങോട്ടോ പോയിമറഞ്ഞു.
ഈ മദോരി സൂഫി പിന്നീട് ഒരിക്കലും ഞങ്ങളുടെ ദേശത്തേക്ക് വന്നേയില്ല. അത് വസന്തത്തിലെ പൂമ്പാറ്റകളുടേയും മാടപ്രാവുകളുടേയും പാട്ടുകാരന്‍ അബ്ദുല്ലാക്കാന്റേയും തിരോധാനത്തെ ഓര്‍മ്മിപ്പിച്ചു. 

മുഹമ്മദ്ക്കക്ക് സത്യത്തില്‍ ഒന്നും മനസ്സിലായില്ല. മനസ്സുനിറയെ എന്തോ കനംവെക്കുന്നതുപോലെ തോന്നി. പങ്കായമില്ലാത്ത തോണിയില്‍ നടുക്കടലില്‍ ഒറ്റപ്പെട്ട അവസ്ഥ. പോകാംനേരത്ത് സൂഫി മുഹമ്മദ്ക്കാക്ക് ഒരു പൊതി കൊടുത്തിരുന്നു. പൊതി മെല്ലെ അഴിച്ചുനോക്കി. വഴിച്ചെലവിനുള്ള പൈസയായിരുന്നു പൊതിയില്‍. ദര്‍ഗയുടെ ഒഴിഞ്ഞ മരച്ചുവട്ടിലിരുന്നു മുഹമ്മദ്ക്കാ ഒരു സരസ് കൂടി ആഞ്ഞുവലിച്ചു. അദ്ദേഹത്തിന്റെ മുന്നിലായി അനേകം മദോരി സൂഫികള്‍ ആനന്ദനൃത്തം ചവിട്ടുന്നതായി തോന്നി. പിന്നെ എല്ലാവരും യാത്രാമൊഴി ചൊല്ലി എങ്ങോട്ടോ ആയിരം നക്ഷത്രങ്ങള്‍ കണക്കേ മാഞ്ഞുപോയി. രാത്രി അദ്ദേഹത്തിന്റെ മനസ്സ് ഏറെ വേദനിക്കുന്നതായി തോന്നി. മാട്ടൂലിലേക്ക് തിരിച്ചുപോയാലോ എന്ന് മുഹമ്മദ്ക്ക ആലോചിച്ചു. ജീവിതത്തിന്റെ സത്യവും മിഥ്യയും അദ്ദേഹത്തിന്റെ മനസ്സില്‍ നിഴലും വെളിച്ചവും തീര്‍ത്തുകൊണ്ടിരുന്നു. സരസിന്റെ ഉന്മാദത്തിലും തന്റെ പൈതങ്ങളുടെ വിശപ്പുകൊണ്ടുള്ള നിലവിളി പലതവണ കാതില്‍ മുഴങ്ങിക്കേട്ടു. പിന്നെ ബിഡറെ കണ്ണുനീര്‍ നിറഞ്ഞ രോദനവും. 

രാത്രി ഉള്‍ക്കിടിലത്തോടെ ഉള്ളാളം പള്ളിയില്‍ കഴിച്ചുകൂട്ടി. രാവിലെ നേരെ മംഗലാപുരം ഭാഗത്തേക്ക് പോയി. അവിടെനിന്ന് ബല്‍ത്തങ്ങാട്ടി, പുത്തൂര്‍, സുള്ള്യ വഴി വിരാജ്പേട്ടയിലെത്തി. അന്നു രാത്രി അവിടത്തെ ഒരു ചെറിയ സാമ്പ്രിയില്‍ അന്തിയുറങ്ങി. അസഹ്യമായ തണുപ്പ് കുടകിനെ മൂടിയിരിക്കുന്നു. ഇങ്ങനെയുള്ള ജീവിതാനുഭവങ്ങള്‍ മുഹമ്മദ്ക്കാക്ക് ഇതിനുമുന്നേ ഉണ്ടായിരുന്നില്ല. കുറേ നേരം പടച്ചോനോട് പ്രാര്‍ത്ഥിച്ചു. പിന്നെ അര്‍ദ്ധരാത്രി ഒരു കഞ്ചാവു ബീഡിക്ക് തീ കൊളുത്തി. ശരീരമാകെ ഒന്ന് ചൂടുപിടിക്കുന്നതായി അദ്ദേഹത്തിന് തോന്നി. തന്റെ തുണിക്കെട്ടുകള്‍ തലയണയാക്കി എല്ലുകുത്തുന്ന കുളിരില്‍ എങ്ങനെയോ ഉറങ്ങിപ്പോയി.

രാവിലെ അങ്ങാടിയിലിറങ്ങിയ മുഹമ്മദ്ക്ക കവലകളിലുള്ളവരോട് ആ ദേശത്തെ മഹാമാന്ത്രികനായ സിദ്ധനെക്കുറിച്ച് അന്വേഷിച്ചു. രണ്ടുമൂന്നു ദിവസം വിരാജ്പേട്ടയിലെ അങ്ങാടിയിലും നാട്ടുകവലകളിലും പള്ളികളിലും നിട്ടാന്തരമുള്ള ഈ സിദ്ധനെ അന്വേഷിച്ചു. ഇങ്ങനെ ഒരു മുസ്ലിം സിദ്ധനെക്കുറിച്ച് കുടകാര്‍ക്ക് അറിഞ്ഞുകൂടായിരുന്നു. ചില കുടക്കാര്‍ മുഹമ്മദ്ക്കാനോട് പറഞ്ഞു: ചിലപ്പോള്‍ അങ്ങ് മടിക്കേരി ഭാഗത്തായിരിക്കും. അവിടെ ഒരു മുസ്ലിം സിദ്ധനുണ്ടെന്ന്. അന്ന് രാത്രി മുഹമ്മദ്ക്ക വിരാജ്പേട്ടയിലെ ഒരു പള്ളിയില്‍ അഭയം തേടി. നിരന്തരമായുള്ള അന്വേഷണം ഏറെ ക്ഷീണിതനാക്കിയിരിക്കുന്നു. കൈകാലുകള്‍ക്ക് നല്ല വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. പിന്നെ കൈവശമുള്ള പൈസ ഏറെക്കുറെ കഴിഞ്ഞുമിരിക്കുന്നു. കഷ്ടിച്ച് നാളെ രാവിലെ ഒരു നേരത്തെ ചായക്കുള്ള വക മാത്രമേ ബാക്കിയുള്ളൂ. രാത്രി പള്ളിയിലെ മൗലവിയുടെകൂടെ ഭക്ഷണം കഴിച്ചു വൈകുവോളം നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരുന്നു. മനസ്സ് ഏറെക്കുറെ മരിച്ചിരിക്കുന്നു. രാത്രി കിടക്കാന്‍ നേരത്ത് മുഹമ്മദ്ക്ക മൗലവിയോട് ഇങ്ങനെ ഒരു മുസ്ലിം സിദ്ധന്‍ ഈ ദേശത്ത് എവിടെയെങ്കിലുമുണ്ടോ എന്ന് വേദനപൂര്‍വ്വം ചോദിച്ചു. മൗലവി പറഞ്ഞു: നിങ്ങള്‍ പറയുന്നത് പോലുള്ള ഒരു സിദ്ധനെക്കുറിച്ച് ഞാന്‍ ഇന്നേവരെ കേട്ടിട്ടില്ല. പിന്നെ ഞാന്‍ ഇവിടെ വന്നിട്ട് 20 വര്‍ഷമായി. മംഗലാപുരം മുതല്‍ വ്യത്യസ്ത പ്രദേശത്ത് കുറേ വര്‍ഷങ്ങളായി സേവനം അനുഷ്ഠിക്കുന്നു. എന്തോ ഒരു കച്ചിത്തുരുമ്പ് ലഭിച്ചത് പോലെ മൗലവി പറഞ്ഞു: ഇവിടെനിന്നു ഒരു നാഴിക നേരം കാപ്പിത്തോട്ടത്തിലൂടെ നടന്നാല്‍ ഒരു ഹൈന്ദവ യോഗിയുടെ വീടുണ്ട്. ചിലപ്പോള്‍ നിങ്ങള്‍ അന്വേഷിക്കുന്നത് അദ്ദേഹത്തെ ആണെങ്കിലോ. ഏതായാലും രാവിലെ നിങ്ങള്‍ ഒന്നുപോയി നോക്കൂ. ഞാന്‍ ഇവിടന്ന് മുത്തഅ്ലിമിനെ വഴികാട്ടാനായി നിങ്ങളെ കൂടെ അയക്കാം. ഏത് ചെപ്പിലാണ് മുത്ത് ഉള്ളതെന്ന് ഉടയതമ്പുരാന് മാത്രമേ അറിഞ്ഞൂടൂ. മുഹമ്മദ്ക്ക പുറത്ത് ഇറങ്ങി ഒഴിഞ്ഞ ഒരു മരച്ചുവട്ടില്‍ ഇരുന്ന് ഒരു കഞ്ചാവ് ബീഡി പുകച്ചു. പിന്നെ വന്ന് അല്പനേരം കിടന്ന് ഉറങ്ങിപ്പോയി. അനന്തമായ നിദ്രപോലെ! ഉറക്കില്‍ തന്റെ ഗുരുവായ സൂഫി വന്ന് പുഞ്ചിരി തൂകുന്നതായി തോന്നി. പിന്നെ അദ്ദേഹം സൂഫിഗീതങ്ങള്‍ ആലപിക്കുന്നതായും. ദുനിയാവ് കരിവിളക്കാ... ഖല്‍ബാണ് നിലവിളക്ക്...
രാവിലെ അസഹ്യമായ ഒരു തരം കൂച്ചിപ്പിടിക്കുന്ന തണുപ്പായിരുന്നു. കൊടകാര്‍ മേല്‍ക്കുപ്പായം ധരിച്ചുകൊണ്ടാ പുറത്തിറങ്ങുന്നത് തന്നെ. മുഹമ്മദ്ക്ക തന്റെ തുണി ഭാണ്ഡം തലയില്‍ വെച്ച് മൗലവിയോട് വിടപറഞ്ഞു. പള്ളിയിലെ മുത്തഅ്ലിമ് മുന്നിലും മുഹമ്മദ്ക്ക പിന്നിലുമായി കാപ്പിത്തോട്ടത്തിലൂടെ നടന്നു. അദ്ദേഹം സംസാരിക്കുന്ന ബ്യാരീ ഭാഷ മുഹമ്മദ്ക്കാക്ക് കൃത്യമായി മനസ്സിലായിരുന്നില്ല. വഴിനീളെ അതിമനോഹരമായ കാപ്പിത്തോട്ടവും കാറ്റാടി മരവും. പുതിയൊരു അനുഭവമായിരുന്നു മുഹമ്മദ്ക്കാക്ക്. കൂടാതെ കൊടകാരുടെ നാട്ടുഭാഷയും. ഒന്നുരണ്ട് യാമത്തിന്റെ നടത്തത്തിനുശേഷം ഒരു വലിയ മതിലിനകത്തായി വിശാലമായ ഒരു വീട് മുത്തഅ്ലിമ് ചൂണ്ടിക്കാണിച്ചു. ഇച്ചാ നീങ്ങ ആ ബൈക്ക് പോയിക്കേ! മുഹമ്മദ്ക്കാക്ക് ഉള്ളില്‍ ഭയമുണ്ടായിരുന്നെങ്കിലും അകത്തേക്കു കടന്നു. ദുനിയാവിലെ ദുരിതം പിടിച്ച ഈ കാലത്തുനിന്നു മോചനത്തിനുള്ള വഴിയും അന്വേഷിച്ച്. 

വീടിന്റെ പുറത്തായി ഇട്ടിരിക്കുന്ന ഒരു പഴകിയ മരബെഞ്ചില്‍ ഇരുന്നു. തന്റെ തുണിഭാണ്ഡം കുറച്ച് പുറത്തായാ വച്ചിരുന്നത്. മനസ്സ് ഏറെ കലങ്ങിയിരിക്കുന്നു. മനസ്സിന്റെ ധൈര്യമെല്ലാം ചോര്‍ന്നതുപോലെ! തന്റെ കുഞ്ഞുപൈതങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍! പട്ടിണികൊണ്ട് നിലവിളിക്കുന്ന അവരുടെ കുഞ്ഞുമുഖങ്ങള്‍! എല്ലാം ഒരു കിനാവുപോലെ മനസ്സിലൂടെ ഒഴുകി! സിദ്ധന്റെ കാര്യസ്ഥന്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു മദ്ധ്യവയസ്‌കന്‍ വീട്ടിലേക്ക് വന്നു. മുഹമ്മദ്ക്കാനോടു ചോദിച്ചു: എന്നു ബോകു! മുഹമ്മദ്ക്കാക്ക് ഒന്നും മനസ്സിലായില്ല! മുഹമ്മദ്ക്ക മലയാളത്തിലാ പറഞ്ഞത്. സിദ്ധനെ ഒന്നു കാണാനാ! നീവും കുത്ത് കൊള്ള്! നാവു ഹോളി ബരത്തോന്നേ! ശാന്തനായി മുഹമ്മദ്ക്ക അവിടെത്തന്നെ ഇരുന്നു. കുറേ നേരം തന്റെ ജീവിത യാത്രകള്‍ ഓര്‍ത്തിരുന്നു. കുഞ്ഞുനാള്‍ തൊട്ട് മാട്ടൂല്‍ ദേശത്ത് ഓടിക്കളിച്ചത്! പിന്നെ 15-ാം വയ സ്സില് ഉപ്പ മരണപ്പേട്ടത്! ഉമ്മ ഏതെങ്കിലും ജന്മിയുടെ പെരയില്‍ പണിക്ക് പോകും. മോന്തിക്ക് കുറച്ചു കഞ്ഞിയും തവിടും കൊണ്ടുവരും. മുഹമ്മദ്ക്ക അടക്കം അഞ്ചു പൈതങ്ങളായിരുന്നു. ചില ദിനങ്ങള്‍ മാത്രം വയറുനിറയെ കഞ്ഞികുടിക്കും. പഠിക്കാന്‍ മിടുക്കനായിരുന്നു. ഉപ്പ മരിച്ചതോടെ പഠനം നിര്‍ത്തി. 9-ാം ക്ലാസ്സുവരെ ചെറുകുന്നു ഹൈസ്‌കൂളിലാ പഠിച്ചത്. ചെറുപ്പം മുതലേ കാശുകാരനാവാനുള്ള മോഹമായിരുന്നു.

പെട്ടെന്നാ പ്രസന്നവദനനായ ഒരു മനുഷ്യന്‍ മുന്നില്‍ വന്നുനിന്ന് മുഹമ്മദ്ക്കാന്റെ തോളില്‍ തട്ടിയത്. എന്താ! ഇങ്ങനെ ആലോചിക്കുന്നത്. പുഞ്ചിരി തൂകിക്കൊണ്ടാ അദ്ദേഹം ചോദിച്ചത്! ഒറ്റ നോട്ടത്തില്‍ കിനാവാണെന്നാ മുഹമ്മദ്ക്ക നിരീച്ചത്. എവിടെനിന്നാ നിങ്ങള്‍ വരുന്നത്? എന്താ വേണ്ടത്? തന്റെ കഥകള്‍ മുഴുവനും മുഹമ്മദ്ക്ക പറഞ്ഞുകൊടുത്തു. കണ്ണീര്‍ അറിയാതെ വരും. തുണിയുടെ കോന്തലകൊണ്ട് ഇടക്കിടെ മുഖം തുടക്കും. കൂടെ സൂഫിയെ കണ്ടുമുട്ടിയതും ദേശസഞ്ചാരം നടത്തിയതും മംഗലാപുരത്ത് വെച്ച് അര്‍ദ്ധരാത്രി യാത്രാമൊഴി ചൊല്ലി പിരിഞ്ഞതും സൂഫി, കുടകില്‍ നീ പോകണമെന്നും അവിടെ നിനക്ക് ദുരിതമില്ലാതെ ദുനിയാവില്‍ കഴിഞ്ഞുകൂടാനുള്ള വഴിയും മാര്‍ഗ്ഗവും തുറന്നുകിട്ടുമെന്നുള്ള മൊഴിയും അഹമ്മദ്ക്ക വിശദമായി പറഞ്ഞുകൊടുത്തു. ഏറെ ശാന്തനായാണ് ആ യോഗി എല്ലാം കേട്ടിരുന്നത്. പിന്നെ ചോദിച്ചു, എത്ര വര്‍ഷമായി കൂടെ കൂടീട്ട്. മുഹമ്മദ്ക്ക പറഞ്ഞു: ഒരു വസന്തവും ഗ്രീഷ്മവും കടന്നുപോയി. അമൂല്യമായ പച്ചമരുന്നു വിദ്യകളൊന്നും പഠിപ്പിച്ചു തന്നില്ലേ! വേദനയോടെ പറഞ്ഞു: ഇല്ല. പലപ്പോഴും ഞാന്‍ ചോദിക്കും, അാപ്പോഴൊക്കെ സൂഫി പൊട്ടിച്ചിരിക്കും. പിന്നെ ദുനിയാവ് ഒരു കരിവിളക്കാ. ഖല്‍ബാണ് നിലവിളക്ക് എന്നു പാടും. പിന്നെ എന്താ കൂടെക്കൂടി പഠിച്ചത്? യോഗി ചിരിച്ചുകൊണ്ട് ചോദിച്ചു. ഒരു വിദ്യ ശീലമായി കിട്ടി, അല്ലേ? മുഹമ്മദ്ക്ക തലയാട്ടി. യാത്രാമൊഴി ചൊല്ലിയപ്പോള്‍ എങ്ങോട്ടാ യാത്രയെന്ന് പറഞ്ഞിരുന്നുവോ? ഇല്ല. രണ്ടു ഭ്രാന്തന്‍ വരികള്‍ ചൊല്ലിയിരുന്നു. ''പടിഞ്ഞാറും നിന്റെ ചൈതന്യം, കിഴക്കും നിന്റെ ചൈതന്യം. എങ്ങോട്ടു തിരിഞ്ഞാലും നിന്റെ സൗരഭ്യം മാത്രം. എങ്ങോട്ട് നിന്നെ കാണാന്‍ വരേണം പ്രിയതമേ?'' മുഹമ്മദ്ക്കാ ചോദിച്ചു: എന്താ ഇതിന്റെ അര്‍ത്ഥം? യോഗി പറഞ്ഞു: ഇത് മനസ്സിലാക്കാനുള്ള സിദ്ധി നീ സ്വായത്തമാക്കിയിട്ടില്ല. സാത്വിക ലോകത്തിന്റെ അനന്തസാഗരം നീന്തിക്കടന്ന മഹാസൂഫിയാ അദ്ദേഹം. സാധാരണ മനുഷ്യന് മനസ്സിലാക്കാനോ വ്യാഖ്യാനിക്കാനോ സാധിക്കുന്ന വചനങ്ങളല്ല അവര്‍ പറയാറുള്ളത്. ദൈവിക പ്രണയത്തിന്റെ പൂര്‍ണ്ണത തേടിയുള്ള യാത്രയില്‍ നിങ്ങളൊക്കെ ഒരു നിയോഗം മാത്രമാ. യോഗിയുടെ കണ്ണുകള്‍ കലങ്ങുന്നതായി മുഹമ്മദ്ക്കാക്ക് തോന്നി. അദ്ദേഹം തന്റെ മേല്‍മുണ്ട് കൊണ്ട് കണ്ണുതുടച്ചു. വല്ലാത്ത അര്‍ത്ഥമുള്ള വരികള്‍ മാത്രമേ ആ സൂഫി ഉരിയാടുകയുള്ളൂ. ഏതു ഭാഷയിലും അനായാസം സംസാരിക്കും. യോഗി മുഹമ്മദ്ക്കാന്റെ തോളില്‍ തട്ടി പറഞ്ഞു: ''സാരമില്ല, നമുക്ക് എല്ലാം ശരിയാക്കാന്‍ ഒന്നു ശ്രമിച്ചുനോക്കാം.'' അദ്ദേഹം തന്റെ കാര്യസ്ഥനെ വിളിച്ചു. പുറത്തു കിടക്കുന്ന ചായ്പിന്റെ താക്കോല്‍ എടുത്തുകൊടുക്കാന്‍ പറഞ്ഞു. മുഹമ്മദ്ക്കക്ക് ഒന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എല്ലാം ഒരു കിനാവായി മാത്രമേ തോന്നീട്ടുള്ളൂ.

മുഹമ്മദ്ക്കാ തന്റെ തുണിഭാണ്ഡവുമായി വിശാലമായ ആ ചായ്പിലേക്ക് പോയി. കൂടെ കാര്യസ്ഥനും. മുഹമ്മദ്ക്കാനോട് കന്നഡ കലര്‍ന്ന മലയാളത്തില്‍ അദ്ദേഹം ചോദിച്ചു: നിങ്ങള്‍ സ്വന്തക്കാരനാ? മത്സ്യവും മാംസവും ഇവിടെ കിട്ടില്ലെന്നും അവ കഴിക്കണമെങ്കില്‍ അങ്ങാടിയില്‍ പോകണമെന്നും പറഞ്ഞു. കാര്യസ്ഥന്‍ മടങ്ങിയപ്പോള്‍ മുഹമ്മദ്ക്ക വീണ്ടും ചിന്തയിലായി ഇരുന്നുപോയി. ഞാന്‍ കാണുന്നത് സ്വപ്നമാണോ? യാഥാര്‍ത്ഥ്യമോ? ആ ഭ്രാന്തനായ സൂഫിയും ഈ യോഗിയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു മുഹമ്മദ്ക്കാന്റെ മനസ്സ് നിറയെ. ഇത് വിശുദ്ധരായ ആത്മാക്കളുടെ സംഗമമാണെന്ന് മുഹമ്മദ്ക്ക സ്വയം കരുതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com