കുമ്പസരിക്കാത്ത സഭാസത്യങ്ങള്‍

കുമ്പസാരം ഒരു കൂദാശയായി നിലനിര്‍ത്തിയിരിക്കുന്നത് കത്തോലിക്ക, ഓര്‍ത്തഡോക്‌സ് സഭകള്‍ മാത്രമാണ്.
കുമ്പസരിക്കാത്ത സഭാസത്യങ്ങള്‍

 മുന്‍പ്, കത്തോലിക്ക വൈദികര്‍ക്ക് എതിരേ പരാതികള്‍ ഉയര്‍ന്നുവന്നപ്പോള്‍ ജനത്തിനവരോട് അല്‍പ്പസ്വല്‍പ്പം സഹതാപം ഉണ്ടായിരുന്നു. കാരണം കത്തോലിക്കാ വൈദികരായി തുടരാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധിത ബ്രഹ്മചര്യം എന്ന നുകം സ്വന്തം കഴുത്തില്‍ മരണം വരെ പേറാന്‍ ബാദ്ധ്യസ്ഥരാണ്. അവസരം കിട്ടിയാല്‍ വല്ലപ്പോഴും ഒന്നു ചെറുതായി വേലിചാടിയാല്‍ അവരും മനുഷ്യരല്ലേ എന്നോര്‍ത്ത് സാമാന്യം ജനം അവരോട് ക്ഷമിച്ചിരുന്നു. എന്നാല്‍, വൈദികവൃത്തിക്കു ദാമ്പത്യ ജീവിതം ഒരു പ്രതിബന്ധമല്ലെന്ന് പഠിപ്പിക്കുന്ന ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളില്‍പ്പെട്ട വൈദികര്‍ക്കെതിരേയും പരസ്ത്രീബന്ധത്തിന്റെ ആരോപണം ഉയര്‍ന്നു വരുമ്പോള്‍ ക്രൈസ്തവസഭകളില്‍ ഒന്നിനു മറ്റൊന്നിനെ കുറ്റപ്പെടുത്താനുള്ള അവകാശം ഇല്ലാതാകുന്നു.

വിവാഹവിരോധികളായ കത്തോലിക്കാ പുരോഹിതന്മാരുടെ പീഡനം കന്യാസ്ത്രീമഠങ്ങളില്‍ പരിമിതപ്പെട്ടിരിക്കുമ്പോള്‍ കത്തോലിക്കരല്ലാത്ത വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ക്കിരയാകേണ്ടിവരുന്നത്  പലപ്പോഴും അവരുടെ ഇടവകകളില്‍പ്പെട്ട വീട്ടമ്മമാരാണ്. ഇപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസനത്തില്‍പ്പെട്ട മല്ലപ്പള്ളിക്കടുത്തുള്ള ആനിക്കാട് ഗ്രാമത്തിലെ ഉത്തമവിശ്വാസിയായ ഒരു സ്ത്രീയുടെ ഭര്‍ത്താവാണ് പരാതിയുന്നയിച്ചത്. രണ്ടു കുട്ടികളുടെ മാതാവായ ഈ സ്ത്രീയെ നിരന്തരമായി പീഡനത്തിന് ഇരയാക്കിയത് ഓര്‍ത്തഡോക്‌സ് സുറിയാനിസഭയിലെ അഞ്ചു വൈദികരാണ്. പരാതിയെത്തുടര്‍ന്നു സഭ ഈ വൈദികരെ താല്‍ക്കാലികമായി സഭാ ശുശ്രൂഷയില്‍നിന്നു മാറ്റി നിര്‍ത്തിയിട്ടുണ്ട്.  ഓര്‍ത്തഡോക്‌സ് പാരമ്പര്യ പ്രകാരം ഒരിക്കല്‍ പുരോഹിതനായവന്‍ ലോകാവസാനം വരെ പുരോഹിതനാണ്. Once a Priest is ever a Priest. പട്ടം കൊടുക്കാനല്ലാതെ അതു തിരിച്ചെടുക്കാന്‍ കൊടുത്തവനുപോലും അധികാരമില്ലത്രെ. ആ സ്ഥിതിക്ക് ഇത്തരക്കാരെ വളരെ ശ്രദ്ധയോടെ മാത്രമേ സഭാ നേതൃത്വം കൈകാര്യം ചെയ്യാറുള്ളൂ. കാരണം ഇവര്‍ വിചാരിച്ചാല്‍ അവരുടെ സ്വന്തം സഭയുണ്ടാക്കാന്‍പോലും കഴിവുള്ളവരാണ്. അങ്ങനെയാണല്ലോ ലോകത്ത് ഇത്ര ഏറെ സഭകള്‍ ഉണ്ടായത്. പ്രാദേശികമായ ജനപിന്തുണയും സ്വാധീനശേഷിയും സാമ്പത്തിക ശക്തിയും ഇവര്‍ക്കുണ്ട്.

വിചാരണ ചെയ്യപ്പെടുന്ന 
വിശ്വാസവും ആചാരവും

വിശ്വാസിയും അഭ്യസ്തവിദ്യയുമായ ഒരു മലയാളി സ്ത്രീയുടെയും ഏതാനും വൈദികരുടേയും സ്വഭാവശുദ്ധിയുടെ മാത്രം പ്രശ്‌നമല്ല ഈ പ്രശ്‌നം. കേരളത്തിലെ ഏറെ പൗരാണികമായ ഒരു പ്രബല ക്രൈസ്തവസഭയുടെ വിശ്വാസാചാരങ്ങളുടെ സാധുത കൂടെയാണിവിടെ വിചാരണ വിധേയമാകുന്നത്. കുമ്പസാരം ഒരു കൂദാശയായി നിലനിര്‍ത്തിയിരിക്കുന്നത് കത്തോലിക്ക, ഓര്‍ത്തഡോക്‌സ് സഭകള്‍ മാത്രമാണ്. വളരെ വിചിത്രമാണ് ഇതു സംബന്ധിച്ച നടപടി ക്രമങ്ങള്‍. ക്രിസ്തു തന്റെ ശിഷ്യന്മാര്‍ക്കു നല്‍കിയ പാപമോചനാധികാരം ശിഷ്യന്മാര്‍ വഴി തങ്ങള്‍ക്കും പകര്‍ന്നുകിട്ടിയിരിക്കുന്നു എന്ന അവകാശവാദത്തിന്റെ പിന്‍ബലത്തോടെയാണ് കത്തോലിക്ക, ഓര്‍ത്തഡോക്‌സ് വൈദികര്‍ വിശ്വാസികളെ പറഞ്ഞു ബോധ്യപ്പെടുത്തി കുമ്പസാരം നടത്തുന്നത്. 

ജീവന്‍ പോയാലും കുമ്പസാരക്കൂട്ടില്‍നിന്നു ലഭിച്ച രഹസ്യങ്ങള്‍ മറ്റാരോടും പറയുകയില്ലെന്നത് വൈദികരുടെ പവിത്ര പ്രതിജ്ഞയാണ്. പക്ഷേ, ഈ പ്രതിജ്ഞ യാതൊരു ലജ്ജയും കൂടാതെ മുന്‍പും വൈദികര്‍ ലംഘിച്ചിട്ടുണ്ട്. മനസ്സിലാക്കിയത് ശരിയാണെങ്കില്‍ നിരണം ഭദ്രാസനത്തിലെ കുമ്പസാര രഹസ്യച്ചോര്‍ച്ചയിലെ ഒന്നാംപ്രതി സ്ത്രീയുടെ അടുത്ത ബന്ധുവും മറ്റു രണ്ടുപേര്‍ പത്തനംതിട്ട കതോലിക്കേറ്റ് കോളേജില്‍ ഇവരുടെ സഹപാഠികളും ആയിരുന്നു. ഇവര്‍ അവരുടെ ചില വൈദിക സുഹൃത്തുക്കള്‍ക്കുവേണ്ടി കൂട്ടിക്കൊടുപ്പുകാരായി പ്രവര്‍ത്തിച്ചു. പുറത്തുവന്ന വാര്‍ത്തകളുമായി ബന്ധപ്പെട്ട അഞ്ചു വൈദികരില്‍ മൂന്നുപേര്‍ വിവാഹിത വൈദികരും മറ്റു രണ്ടുപേര്‍ മെത്രാന്‍പട്ടം സ്വപ്നം കണ്ട് അവിവാഹിത വൈദികവൃത്തിയുടെ ഭാരം പേറുന്നവരുമാണ്.

കുമ്പസാരചരിത്രവും 
ദൈവശാസ്ത്രവും

പള്ളിയിലെ അള്‍ത്താരപോലെ തന്നെ പവിത്രമാണ് കുമ്പസാരക്കൂടും. ഒരു വശത്ത് വൈദിക വേഷധാരിയായ പുരോഹിതനിരിക്കും. മറുവശത്ത് വിശ്വാസി വെറും നിലത്തു മുട്ടുകുത്തിനിന്നു താനിതുവരെ ചെയ്തുപോയ സകല പാപങ്ങളും ഏറ്റുപറയും. പാപ പരിഹാരമായി 40 കുമ്പിടീല്‍, പള്ളിയിലെ വിളക്കില്‍ ഒരു കുപ്പി എണ്ണ, 50 നന്മ നിറഞ്ഞ മറിയം, അഞ്ച് സ്വര്‍ഗ്ഗസ്ഥനായ പിതാവ്, ഒരു വിശ്വാസപ്രമാണം ഇത്രയും ചൊല്ലുക. അതോടെ പാവം വിശ്വാസി പാപങ്ങളുടെ ഭാരത്തില്‍നിന്നു താല്‍ക്കാലിക മോചനം പ്രാപിക്കുന്നു. ഇത്രയുമാണ് ചുരുക്കിപ്പറഞ്ഞാല്‍ കുമ്പസാരത്തിന്റെ നടപടി ക്രമങ്ങള്‍. ഒരു വര്‍ഷത്തില്‍ എത്ര തവണ വേണമെങ്കിലും ഇതാവര്‍ത്തിക്കാം. ആണ്ടിലൊരിക്കലെങ്കിലും നിര്‍ബന്ധം. അതു നിറവേറ്റി കുമ്പസാര രജിസ്റ്ററില്‍ പേരെഴുതാത്തവര്‍ക്ക് ഇടവക പൊതുയോഗത്തില്‍ ഇരിക്കാനോ അഭിപ്രായം പറയാനോ അവകാശമില്ല. പള്ളിക്കമ്മിറ്റിയില്‍ ഇടം പിടിക്കണമെങ്കില്‍ ചുരുങ്ങിയത് ആണ്ടില്‍ ഒരു പാപം എങ്കിലും ചെയ്തിരിക്കണം എന്നു ചുരുക്കം. പാപം ചെയ്താല്‍ പോരാ അത് ഇടവക വികാരിക്കു മുന്നില്‍ ഏറ്റുപറഞ്ഞു പാപമോചനം പ്രാപിക്കണം. അതോ അതിലേറെയോ പാപങ്ങള്‍ അടുത്ത ഒരു വര്‍ഷം മുഴുവന്‍ ചെയ്യാനുള്ള ലൈസന്‍സാണ് വിശ്വാസിയുടെ ഈ ആണ്ടു കുമ്പസാരം.

കണ്‍ഫെസേരിയോ-ചെവിയില്‍ പറയുക എന്നര്‍ത്ഥമുള്ള ലാറ്റിന്‍ പദത്തില്‍നിന്നു പോര്‍ച്ചുഗീസ് മിഷണറിമാര്‍ ഉണ്ടാക്കിയെടുത്ത ഒരു മലയാള വാക്കാണ് കുമ്പസാരം. 1599-ലെ ഉദയംപേരൂര്‍ സൂന്നഹദോസിന്റെ നിശ്ചയപ്രകാരം ഗോവ ആര്‍ച്ചു ബിഷപ്പ് മെനിസ്സീസ് മലയാളിക്കുമേല്‍ കെട്ടിവെച്ചതാണീ ഏര്‍പ്പാട്. പാപമോചനത്തിനുള്ള എളുപ്പ വഴിയായും മരണാനന്തര സ്വര്‍ഗ്ഗത്തിലേക്കുള്ള ചെലവുകുറഞ്ഞ പാസ്പോര്‍ട്ടായും വിശ്വാസികള്‍ അത് ഏറ്റുവാങ്ങി. ഉദയം പേരൂര്‍ സൂന്നഹദോസ് നിശ്ചയപ്രകാരം കേരളത്തിലെ സുറിയാനി പള്ളികള്‍ റോമന്‍ കത്തോലിക്കാസഭ ബലമായി പിടിച്ചെടുക്കുകയായിരുന്നു. നീണ്ട 60 വര്‍ഷക്കാലം  കത്തോലിക്കാ സഭയുടെ തൊഴുത്തില്‍ അവര്‍ നല്‍കിയ പുല്ലും തിന്നു വെള്ളവും കുടിച്ച് ഉഴവു ജോലി ചെയ്ത സുറിയാനി ക്രിസ്ത്യാനി ആ തൊഴുത്തില്‍നിന്നു പുറത്തുചാടി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന്റെ പേരായിരുന്നു കൂനന്‍കുരിശു സത്യം (1611). ഉദയം പോരൂര്‍ സൂന്നഹദോസിന്റെ കാനോനകളെ തള്ളിപ്പറഞ്ഞ സുറിയാനി സഭയ്ക്കു കുമ്പസാരം എന്ന വൈകൃതത്തെ തള്ളിക്കളയാനുള്ള ധൈര്യമുണ്ടായില്ല. പുരോഹിതന്മാര്‍ക്കു വിശ്വാസികള്‍ക്കുമേല്‍ പിടിമുറുക്കാനുള്ള മൂക്കുകയറായി ഇത് ഉപയോഗിക്കപ്പെട്ടു പോന്നു. 

ഡോ. റവ. ഫാ. വി.സി ശാമുവേല്‍, പൗലോസ് മാര്‍ ഗ്രിഗോറിയോസ് തുടങ്ങി എക്യുമെനിക്കല്‍ ലോകത്തറിയപ്പെടുന്ന മലയാളികളും അല്ലാത്തവരുമായ ദൈവശാസ്ത്രകാരന്മാര്‍ കുമ്പസാരത്തെ ഒരു കൂദാശയായി അംഗീകരിക്കുന്നില്ല. ''പ്രൊട്ടസ്റ്റന്റ് സഭകള്‍ നിരാകരിച്ചിട്ടുള്ളതും കത്തോലിക്കാ സഭ ഏഴു കൂദാശകളില്‍ ഒന്നായി കണക്കാക്കുന്നതും ഓര്‍ത്തഡോക്‌സ് സഭകള്‍ അംഗീകരിച്ചിട്ടുള്ളതും'' ഇങ്ങനെയാണ് കുമ്പസാരത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. (മലങ്കര സഭാവിജ്ഞാനകോശം, പേജ്-233, കോട്ടയം - 1993). ഓര്‍ത്തഡോക്‌സ് ദൈവശാസ്ത്രത്തിന്റെ ഒരാധികാരിക വക്താവായി ലോകം അംഗീകരിച്ച അന്തരിച്ച ഫാ. വി.സി. ശാമുവേല്‍ അദ്ദേഹത്തിന്റെ ഒട്ടേറെ പ്രബന്ധങ്ങളിലും ഗ്രന്ഥങ്ങളിലും കുമ്പസാരത്തോടുള്ള ഓര്‍ത്തഡോക്‌സ് നിലപാട് വിശദീകരിക്കുന്നുണ്ട്. ഏഴു കൂദാശകളുടെ പട്ടികയില്‍ കൂമ്പസാരത്തേയും പെടുത്തിയിട്ടുണ്ടെങ്കിലും പട്ടത്വം (പൗരോഹിത്യം), വിവാഹം, കുമ്പസാരം ഇതു മൂന്നും ഒരു വിശ്വാസിക്ക് നിര്‍ബന്ധമായ കൂദാശയല്ല. താല്‍പ്പര്യമുള്ളവര്‍ക്കു സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യാം. ഈ വിഷയത്തില്‍ ഇതായിരുന്നു വി.സി. ശാമുവേലച്ചന്റെ സുചിന്തിതമായ നിലപാട്. 

ഇനി കുമ്പസാരം കത്തോലിക്ക, ഓര്‍ത്തഡോക്‌സ് സഭകളിലേക്കു കടന്നു വന്ന വഴികള്‍ ഏതെന്നു നോക്കാം. ആദിമ സഭയില്‍ ഇങ്ങനെ ഒരേര്‍പ്പാടുണ്ടായിരുന്നതായി  ബൈബിളിലോ മറ്റു സഭാചരിത്ര ഗ്രന്ഥങ്ങളിലോ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, അരുതാത്ത കാര്യങ്ങള്‍ ചെയ്തുപോയതിലുള്ള അനുതാപം സഭ പ്രോത്സാപ്പിച്ചു പോന്നു. (മത്തായി. 18:16-18, യാക്കോബ് 5:16) എ.ഡി. 459-ല്‍ റോമിലെ ലിയോ മാര്‍പാപ്പയുടെ ഒരു കത്തില്‍ പാപങ്ങള്‍ പരസ്യമായി ഏറ്റുപറയുന്നതുകൊണ്ടുള്ള അപകടവും രഹസ്യത്തില്‍ പട്ടക്കാരനോടു പറഞ്ഞാല്‍ മതിയെന്ന ഉപദേശവും നല്‍കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും റോമന്‍ കത്തോലിക്കാ സഭയില്‍പ്പോലും പട്ടക്കാരന്റെ ചെവിയില്‍ പാപങ്ങള്‍ ഏറ്റുപറയുക എന്ന ഇന്നത്തെ രീതിയിലുള്ള കുമ്പസാരം വ്യാപകമാകുന്നത് പിന്നെയും അനേകം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്. എ.ഡി. 1215-ലെ ലാറ്റിന്‍ കൗണ്‍സിലില്‍ ആണ്ടു കുമ്പസാരം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായി. മലങ്കര ഓര്‍ത്തഡോക്‌സ് സഭ 1934-ല്‍ തട്ടിക്കൂട്ടിയ സഭാ ഭരണഘടനയില്‍ ഇതേ തീരുമാനം പകര്‍ത്തിയെഴുതി. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ഒഴിവാക്കാനും ഇടവക പൊതുയോഗത്തെ ഒരു നോക്കുകുത്തിയോ റബ്ബര്‍ സ്റ്റാമ്പോ ആക്കാനോ ഉള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു 1934-ലെ ഈ സഭാഭരണഘടന. അതിന്നും നമ്മുടെ കോടതികള്‍ക്കു മുന്‍പില്‍ ഒരു കീറാമുട്ടിയായി ലോകാവസാനത്തോളം നിലനില്‍ക്കുന്നു.

ദൈവത്തിന്റെ
അവകാശങ്ങള്‍

പാപമോചനാധികാരം സാക്ഷാല്‍ ദൈവത്തിനുള്ളതാണ്. ദൈവത്തിന്റെ ഈ അവകാശം ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്ന് അവകാശപ്പെടുന്ന പുരോഹിതര്‍ കൈവശപ്പെടുത്തുകയായിരുന്നു. പാപമോചനത്തിന് മാമോദീസാ ഒന്നുമാത്രമെന്ന നിഖ്യാ വിശ്വാസപ്രമാണത്തിലെ ശരിയായ വാചകത്തെ കത്തോലിക്കാ സഭയുടെ ചുവടുപിടിച്ചുകൊണ്ട് ഓര്‍ത്തഡോക്‌സ് സഭ സമീപകാലത്ത് മാമോദീസ ഒന്നുമാത്രമെന്നതിനു പകരം ഒരിക്കല്‍ മാത്രം എന്നു തെറ്റായി പ്രയോഗിച്ചു തുടങ്ങിയിരിക്കുന്നു. പാപം ചെയ്ത ദേഹി മരിക്കണം, പാപത്തിന്റെ ശമ്പളം മരണം അത്രെ എന്നൊക്കെയാണ് ബൈബിളിന്റെ അടിസ്ഥാന കാഴ്ചപ്പാടെങ്കിലും മനുഷ്യര്‍ അന്യോന്യം ക്ഷമിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നു ബൈബിള്‍ അടിവരയിട്ടു പറയുന്നുണ്ട്. അറിഞ്ഞോ അറിയാതേയോ ഒരുവന്‍ അവന്റെ സഹജീവിക്കു ദേഷ്യം വരുന്ന പ്രവൃത്തികളില്‍ മുഴുകുന്നതാണ് പാപം. ആര് ആരോടാണോ അനീതി പ്രവര്‍ത്തിച്ചത് അവരോടാണ് ക്ഷമ ചോദിക്കേണ്ടത്. ക്ഷമിക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള അവകാശം അയാളില്‍ മാത്രം നിക്ഷിപ്തമാണ്. ക്ഷമിക്കാവുന്ന തെറ്റുകളുണ്ട്. ക്ഷമിക്കാനാവാത്ത തെറ്റുകളുണ്ട്. ക്ഷമിക്കുന്നതിലൂടെ ക്ഷമ ചോദിച്ചവനു ലഭിച്ചതിലും അധികം ആഹ്ലാദവും ആനന്ദവും ക്ഷമിക്കുന്നവനാണ് ലഭിക്കുക. ബുദ്ധിയുള്ള ഒരു മനുഷ്യനും ആ അവസരം നഷ്ടപ്പെടുത്തുകയില്ല. പ്രതികാര നിര്‍വ്വഹണത്തെക്കാള്‍ എത്രയോ നല്ലതാണ് ക്ഷമിക്കുക എന്നത്. അതാണ് യേശു പറഞ്ഞത് വാളെടുക്കുന്നവന്‍ വാളാലേ, വാളിനെക്കാള്‍ ശക്തമാണ് മനുഷ്യന്റെ മനസ്സ്. 

ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ സഭ ഏകപക്ഷീയവും നിരുപാധികവും നിരുത്തരവാദിത്വപരവുമായ തരത്തില്‍ രഹസ്യ കുമ്പസാരത്തിലൂടെ നല്‍കുന്ന പാപപൊറുതി ഒരു സോഷ്യല്‍ ക്രൈം ആണ്. പല രാജ്യങ്ങളും പള്ളികളില്‍ പട്ടക്കാര്‍ക്കു മുന്‍പില്‍ നടത്തുന്ന രഹസ്യ കുറ്റസമ്മതത്തെ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. വ്യക്തി വ്യക്തിക്കെതിരെ, സമൂഹത്തിനെതിരെ, രാഷ്ട്രത്തിനെതിരെ (State) നടത്തുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് രഹസ്യമായിട്ടോ പരസ്യമായിട്ടോ അറിവു ലഭിക്കുന്ന ഏതൊരു വ്യക്തിയും അതു ബന്ധപ്പെട്ട കുറ്റാന്വേഷണ ഉദ്യോഗസ്ഥന്മാരെ അറിയിക്കാന്‍ നിയമാനുസൃതം ബാദ്ധ്യസ്ഥരാണ്. ഈ ബാദ്ധ്യത നിറവേറ്റാത്ത കുമ്പസാര പിതാക്കന്മാര്‍ ശരിയായ അര്‍ത്ഥത്തില്‍ കുറ്റകൃത്യങ്ങളെ മൂടിവെയ്ക്കാന്‍ സഹായിക്കുന്നവരാണ്. സ്വന്തം പാപകൃത്യങ്ങളില്‍ അനുതപിച്ച് ദൈവമുന്‍പാകെ ഏറ്റുപറയുകയും ആര്‍ക്കെതിരെയാണോ പാപം ചെയ്തത് അയാളോട് അനുരഞ്ജനപ്പെടുകയും ചെയ്യുന്നതിനു പകരം, ആഴ്ചതോറും ആണ്ടുതോറും ഒരിക്കല്‍ ഉപേക്ഷിച്ച പാപം വീണ്ടും ചെയ്യാനുള്ള അനുമതിക്കായി കുമ്പസാരക്കൂട്ടിനു മുന്നില്‍ മുട്ടുകുത്തുന്ന വിശ്വാസികള്‍ പ്രബുദ്ധരായ വൈദികര്‍ക്ക് ഉണ്ടാക്കുന്ന അലോസരം ചില്ലറയല്ല. ഇതു കണക്കിലെടുത്ത് ഓര്‍ത്തഡോക്‌സ് സഭ സൂന്നഹദോസിന് അടിയന്തരമായി ചെയ്യാവുന്ന ഒരു കാര്യം നിര്‍ബന്ധിത കുമ്പസാരം എന്ന ഏര്‍പ്പാട് ആ സഭയിലെങ്കിലും അവസാനിപ്പിക്കുക എന്നതാണ്. പ്രായപൂര്‍ത്തിയായ ഒരു വിശ്വാസിക്ക് ഏറിയാല്‍ ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രം ആവശ്യമെങ്കില്‍ കുമ്പസാരിക്കാനുള്ള അവസരം നല്‍കാവുന്നതാണ്. ഇതാണ് കാലം ഈ കാര്യത്തില്‍ ആവശ്യപ്പെടുന്ന മാറ്റം.

മുന്‍കൂര്‍ നിര്‍വ്വചിക്കപ്പെട്ട 
പാപങ്ങളും പുണ്യങ്ങളും

പാപം ഏതൊക്കെ പുണ്യം ഏതൊക്കെ എന്നു സഭ മുന്‍കൂട്ടി നിര്‍ണ്ണയിച്ച് അതൊക്കെ ചെയ്യുന്നവരാണ് എല്ലാ മനുഷ്യരും എന്ന സങ്കല്‍പ്പത്തില്‍നിന്നാണ് പൗരസ്ത്യസഭകള്‍ കുമ്പസാരത്തിനുള്ള മുന്നൊരുക്കത്തിനായുള്ള നിര്‍ദ്ദിഷ്ട പ്രാര്‍ത്ഥന ക്രമീകരിച്ചിരിക്കുന്നതുതന്നെ. ഒരു മനുഷ്യന്‍ ചെയ്യാനിടയുള്ളതെന്നു സഭ കരുതുന്ന പാപകൃത്യങ്ങളുടെ നീണ്ട ഒരു പട്ടിക തന്നെ ഇവിടെ കൊടുത്തിരിക്കുന്നത്  നോക്കുക. 

''ഞാന്‍ പുറജാതികളുടെ വിഗ്രഹബലികളെ ഭക്ഷിച്ചു. ഞാന്‍ യഹൂദന്മാരോട് സംസര്‍ഗ്ഗം ചെയ്തു. ഞാന്‍ ഇടത്തൂട്ടുകാരോട് (മുസ്ലിംങ്ങളോട്) സംസര്‍ഗ്ഗം ചെയ്തു. ഞാന്‍ അവരെ സ്‌നേഹിച്ചു. ഞാന്‍ അമിതമായിട്ടും അശുദ്ധമായിട്ടും അത്യാഗ്രഹത്തോടും ഭക്ഷിച്ചു. ഞാന്‍ ദുരാഗ്രഹത്തോടെ മറ്റുള്ളവരെ ആക്രമിച്ചു. ക്രയവിക്രയത്തില്‍ ഞാന്‍ വ്യാജമായി ആണയിട്ടു. മറ്റുള്ളവരുടെ വാക്കുകളെ ഞാന്‍ അപഹസിച്ചു. ഞാന്‍ അനീതിയായി പലിശയും ലാഭവും വാങ്ങിച്ചു. എന്റെ സുഹൃത്തുക്കളോടു ഞാന്‍ വഞ്ചന ചെയ്തു. ഞാന്‍ കള്ളസാക്ഷി പറഞ്ഞു. കാമാതുരതയോടെ ഞാന്‍ സ്ത്രീകളെ സൂക്ഷിച്ചു നോക്കി. എന്റെ മാതാപിതാക്കളേയും ഗുരുക്കന്മാരേയും ഞാന്‍ അപമാനിച്ചു. രാത്രിയിലെ പലതരം മായാസ്വപ്നങ്ങളില്‍ ഇന്ദ്രിയ സ്ഖലനത്തിനും വിധേയനായി. സന്താനപ്രാപ്തി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഞാന്‍ എന്റെ ഇന്ദ്രിയ ശ്രവണം പാഴാക്കിക്കളഞ്ഞു. പുരുഷന്മാരോടൊത്തും (സ്ത്രീകള്‍ സ്ത്രീകളോടൊത്തും - സ്വവര്‍ഗ്ഗ സംഭോഗം എന്നു സാരം) മൃഗങ്ങളോടൊത്തും സംയോഗം നടത്തി. ബസ്‌ക്യാമ്മമാരോട് (വൈദികരുടെ ഭാര്യമാര്‍, സന്യസ്ഥം സ്വീകരിച്ച സ്ത്രീകള്‍ ഇവരെ ഉദ്ദേശിച്ചു ഉടമ്പടിയുടെ പുത്രിമാര്‍ എന്ന അര്‍ത്ഥമാണ് ബസ്‌ക്യാമ്മ എന്ന അര്‍ത്ഥമാണ് ഗ്രീക്കു പദത്തിനു നല്‍കപ്പെട്ടിരിക്കുന്നത്. സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍ പട്ടക്കാരുടെ ഭാര്യമാര്‍ എന്നര്‍ത്ഥത്തിലാണ് ഈ വാക്ക് ഉപയോഗിച്ചു പോരുന്നത്.) ഇങ്ങനെ പോകുന്നു ഒരു ക്രിസ്ത്യാനിയുടെ ആണ്ടോടാണ്ട് ജീവിതത്തില്‍ അയാള്‍ അല്ലെങ്കില്‍ അവള്‍ ചെയ്യാനിടയുള്ള പാപങ്ങള്‍ എന്ന സങ്കല്‍പ്പത്തിലാണ് പോയ നൂറ്റാണ്ടിലെന്നോ ഇത്തരം പ്രാര്‍ത്ഥനകള്‍ എഴുതിയുണ്ടാക്കി വിശ്വാസികളുടെ വായനയ്ക്കും ധ്യാനത്തിനും വിഷയമാക്കിയത് (ഉദ്ധരണി- സുറിയാനി ക്രിസ്ത്യാനികളുടെ നമസ്‌കാരക്രമം,  പേജ്-209). ബൈബിളിനെക്കാളും മറ്റേതൊരു പുസ്തകത്തെക്കാളും അധികം ഓര്‍ത്തഡോക്‌സ് - യാക്കോബായ ക്രിസ്ത്യാനികളുടെ വീടുകളില്‍ ഇന്നും നിത്യവും ഉപയോഗിച്ചുപോരുന്ന ഒരേയൊരു പുസ്തകമാണിത്.

മേല്‍പ്പറഞ്ഞ പാപപ്പട്ടികകളില്‍ ഒരു വിശ്വാസി ഏറെയും പെട്ടുപോകാനിടയുള്ളത് പട്ടികയുടെ രണ്ടാം ഭാഗമായി തുടങ്ങുന്ന ലൈംഗികതയോടു ബന്ധപ്പെട്ട പാപങ്ങളാണ്. ലൈംഗിക വിഷയത്തില്‍ മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ഹോമോസാപ്പിയന്‍സ് പൊതുവെ ബഹു പങ്കാളിത്ത ലൈംഗികതയില്‍ താല്‍പ്പര്യമുള്ളവരാണ്. എന്നാല്‍, ഭദ്രമായ ഒരു കുടുംബജീവിതത്തിന്റെ സാധ്യതകളെ ആസ്വദിക്കണമെന്നു തോന്നിയവര്‍ ബഹുപങ്കാളിത്ത രതിയില്‍നിന്നും ഏകപങ്കാളിത്ത ലൈംഗികതയിലേക്കു മടങ്ങി. ഇവിടം മുതലാണ് സാംസ്‌കാരത്തിന്റെ ആവിര്‍ഭാവം. മോണോ സെക്ഷ്വാലിറ്റി അഥവാ ഏക പങ്കാളിത്ത ലൈംഗികത എന്ന ഏര്‍പ്പാട് പലവിധത്തിലും ഏറെ സൗകര്യപ്രദമായിരുന്നു. ക്രമേണ എല്ലാ സംസ്‌കാരങ്ങളും ആ വഴിക്കു നീങ്ങി. ഇതിന്റെ ഏറെ വിമര്‍ശന വിഷയമായി ഇന്നു നിലനില്‍ക്കുന്ന പാര്‍ശ്വഫലം ഏക ലൈംഗികപങ്കാളിത്ത സമൂഹത്തില്‍ പുരുഷന്‍ സ്ത്രീക്കുമേല്‍ അവന്റെ ആധിപത്യം സ്ഥാപിക്കുന്നു (Patriarchal) എന്നതാണ്. ഇങ്ങനെയാണ് പിതൃമേധാവിത്ത സമൂഹം നിലവില്‍ വന്നത്. ഈ വ്യവസ്ഥയുമായി മറ്റു ഗത്യന്തരം ഒന്നും ഇല്ലാതെ സ്വയം വിധേയപ്പെട്ട സ്ത്രീകളില്‍ ചിലര്‍ തന്നെ പുരുഷാധിപത്യ വ്യവസ്ഥിതിക്കെതിരെ ചില ഒളിപ്പോര് യുദ്ധങ്ങളില്‍ വ്യാപൃതരായി. സ്ത്രീകള്‍ മുന്‍കയ്യെടുത്ത് സ്ഥാപിക്കപ്പെട്ട എല്ലാ പരപുരുഷ ബന്ധങ്ങളും ഒരര്‍ത്ഥത്തില്‍ പാട്രിയാര്‍ക്കി അഥവാ പുരുഷമേല്‍ക്കോയ്മക്കെതിരായി നടത്തിയ ഒളിയുദ്ധങ്ങളായിരുന്നു. ഇതിലൂടെ സ്ത്രീകള്‍ കൈവരിച്ച സ്ത്രീപുരുഷ തുല്യത അഥവാ ഫെമിനിസം, സ്ത്രീവാദം എന്നൊക്കെ പറയുന്ന നൂതന ആശയങ്ങളില്‍ നിര്‍ഭാഗ്യവശാല്‍ കാര്യമായ തിരിച്ചറിവു പ്രാപിക്കാന്‍ കേരളത്തിലെ പുരുഷാധിപത്യ ക്രൈസ്തവ സഭകള്‍ക്കിനിയും ആയിട്ടില്ലെന്നതിന്റെ അടയാളങ്ങളാണിപ്പോള്‍ നമുക്കു ചുറ്റും മാറ്റൊലി കൊള്ളുന്നത്. 

സ്ത്രീകളുടെ 
സഭയിലെ സ്ഥാനം

യൂറോപ്പിലേയും യു.എസ്സിലേയും അവസ്ഥ ഇങ്ങനെയല്ല. അവിടുത്തെ സഭകള്‍ കാലോചിതമായി മാറിക്കഴിഞ്ഞു. ആ രാജ്യങ്ങളിലെ അഭ്യസ്തവിദ്യരായ സ്ത്രീകള്‍ പുരുഷാധിപത്യ സമൂഹത്തിന്റെ അടിത്തറ ഇളക്കിക്കഴിഞ്ഞു. സഭാ നേതൃത്വവും രാഷ്ട്രീയ നേതൃത്വവും ഒക്കെ ഇതു മനസ്സിലാക്കി കാലഹരണപ്പെട്ട ചട്ടങ്ങളും അന്ധവിശ്വാസങ്ങളും പൊളിച്ചെഴുതാന്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു. കേരളത്തിലെ ഏതു ക്രൈസ്തവസഭകളെ എടുത്തുനോക്കിയാലും അവയിലെല്ലാം പുരുഷന്മാരെ അപേക്ഷിച്ചു എത്രയോ കൂടുതലാണ് സ്ത്രീകളുടെ പങ്കാളിത്തം. സത്യത്തില്‍ പള്ളികള്‍ ഇന്നു പെണ്ണുങ്ങളുടെ ഒരു ലോകമായി മാറിയിട്ടുണ്ട്. അടുക്കള കഴിഞ്ഞാല്‍ കേരളത്തിലെ പെണ്ണുങ്ങള്‍ക്ക് സ്വതന്ത്രവിഹാരം അനുവദിച്ചിട്ടുള്ള ഒരേയൊരു ലോകം പള്ളിയും അമ്പലങ്ങളുമാണ്. എന്നാല്‍, പള്ളിയുടേയോ അമ്പലങ്ങളുടേയോ നടത്തിപ്പു വിഷയത്തിലോ ശുശ്രൂഷാ സംവിധാനങ്ങളിലോ സ്ത്രീകളുടെ അഭിപ്രായം ആരും ചോദിക്കാറില്ല. പ്രൊട്ടസ്റ്റന്റ് സഭകളില്‍ സ്ത്രീകള്‍ വേദശാസ്ത്ര പഠനത്തിലേക്കും വൈദികവൃത്തിയിലേക്കും പ്രവേശിച്ചുകഴിഞ്ഞു. സ്ത്രീകളായ വൈദികരും മെത്രാന്മാരും വരെ അത്തരം സഭകളില്‍ ഇക്കാലത്ത് സജീവമാണ്. കത്തോലിക്കാ ഓര്‍ത്തഡോക്‌സ് സഭകളില്‍ സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധകളായാല്‍പ്പോലും തലയില്‍ മുണ്ടിട്ടു പള്ളിയുടെ പിന്‍നിരയില്‍ നിന്നുകൊള്ളണമെന്നാണ് നിയമം. സ്ത്രീകളുടെ സമാജങ്ങളൊക്കെ എല്ലാ പള്ളികളിലും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയുടെ അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കുന്നതും പ്രസംഗിക്കുന്നതും പുരുഷ വൈദികരായിരിക്കും. 

സഭയില്‍ വൈദികരുടെ സ്ഥാനം
സഭകളില്‍ വൈദികരുടെ സ്വേച്ഛാധിപത്യമാണുള്ളത്. കത്തോലിക്കാസഭയില്‍ വൈദികര്‍ തുച്ഛമായ പ്രതിഫലം മാത്രം പറ്റി പള്ളിമേടകളില്‍ തന്നെയാണ് താമസം. പൊന്‍കുന്നം വര്‍ക്കിയുടേയും മറ്റും കഥകളിലൂടെ നമ്മള്‍ പരിചയപ്പെട്ട കത്തോലിക്കാ വൈദികരോടൊപ്പം ഭക്ഷണം പാകം ചെയ്യാനും മറ്റുമായി ഒരു കുശിനിക്കാരന്‍ ഒപ്പം താമസിച്ചിരുന്നു. ഇപ്പോള്‍ അതിനുപകരം പള്ളികളോട് ചേര്‍ന്നുതന്നെ വിവിധ കോണ്‍ഗ്രിഗേഷനുകളില്‍പ്പെട്ട കന്യാസ്ത്രീ മഠങ്ങളുണ്ട്. വൈദികരുടെ ഭക്ഷണവും  ഒഴിവുസമയ വിനോദവും വിശ്രമവുമൊക്കെ മഠത്തില്‍ത്തന്നെ ആയിരിക്കുന്നു. വൈദികരുടെ പലതരം ദാസ്യ വൃത്തിചെയ്യുന്നതിനും എന്തിന് ളോഹ അലക്കിക്കൊടുക്കുന്നതും വരെ മിക്ക സ്ഥലങ്ങളിലും കന്യാസ്ത്രീകളാണെന്നാണ് സിസ്റ്റര്‍ ജെസ്മിയെപ്പോലുള്ള ,നിവൃത്തികേടുകൊണ്ടു പുറത്തുചാടിയ മുന്‍ കന്യാസ്ത്രീകള്‍ പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. കന്യാസ്ത്രീ എന്ന പ്രയോഗം തന്നെ എത്രമാത്രം ശരിയാണെന്നറിയില്ല. കന്യക, ഭാര്യ, വേശ്യ, വിധവ എന്നീ നാലവസ്ഥകളല്ലാതെ സ്ത്രീക്കു മറ്റൊരു സാമൂഹ്യപദവി ക്രൈസ്തവസമൂഹം അനുവദിച്ചിട്ടില്ലെന്നു തോന്നുന്നു. ഈ നാലവസ്ഥകളില്‍ കന്യകയ്ക്കാണ് അന്തസ്സ് കൂടുതല്‍. 

ഓര്‍ത്തഡോക്‌സ് സഭയുടെ അവസ്ഥ വ്യത്യസ്തമാണ്. അവിടെ കന്യാസ്ത്രീ മഠങ്ങള്‍ നാമമാത്രമാണുള്ളത്. പുരുഷ വൈദികരില്‍ ഭൂരിഭാഗവും വിവാഹിതരാണ്. അവിവാഹിത വൈദികര്‍ അവര്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ദയറാകളില്‍ താമസിച്ചുകൊള്ളണമെന്നാണ് ചട്ടം. നിരന്തരമായ പ്രാര്‍ത്ഥനയും പഠനവുമാണ് സഭ അവരെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി. സൂര്യാസ്തമനത്തിനുശേഷം ഇവരുടെ താമസസ്ഥലത്ത് സ്ത്രീകളുടെ സാന്നിദ്ധ്യം ഉണ്ടാകാനേ പാടില്ല. ഇടവക വൈദികര്‍ സ്വന്തം ഭാര്യമാരെ ഒപ്പം കൂട്ടിവേണം അവരുടെ വൈദിക ശുശ്രൂഷകള്‍ നിര്‍വ്വഹിക്കാന്‍. വൈദികന്റെ ഭാര്യയായിരിക്കുക എന്നത് അന്തസ്സും ഒപ്പം ഒരു ബാദ്ധ്യതയുമാണ്. പൂര്‍ണ്ണ വൈദികപദവിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവാഹം നടന്നിരിക്കണം. വിവാഹിതര്‍ക്കു വൈദികനാകാനല്ലാതെ വൈദികനു വിവാഹിതനാകാന്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ അനുവദിക്കുന്നില്ല. ഉടമ്പടിയുടെ പുത്രി എന്നര്‍ത്ഥമുള്ള ബസ്‌ക്യാമ്മ എന്ന വിളിപ്പേരിലായിരിക്കും വൈദികന്റെ ഭാര്യ അറിയപ്പെടുക. ഭര്‍ത്താവിന്റെ മരണശേഷം ഒരു ബസ്‌ക്യാമ്മ അതേ പേരില്‍ത്തന്നെ തുടരണം. യാതൊരു കാരണവശാലും പുനര്‍വിവാഹം പാടില്ല. വൈദികനും അപ്രകാരം തന്നെ. ഭാര്യ മരണപ്പെടുകയോ പിരിഞ്ഞുപോകുകയോ ചെയ്താല്‍ പുനര്‍വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നതുപോലും സഭാഭ്രഷ്ടിനു കാരണമാകും. ഇതൊക്കെയാണ് ചട്ടം. എന്നാല്‍, ഇതൊന്നും കൃത്യമായി പാലിക്കപ്പെടാറില്ല. 

വൈദികവൃത്തി പ്രതിഫലം പറ്റി ചെയ്യേണ്ട ജോലി ആയിരുന്നില്ല. നല്ല സാമ്പത്തികശേഷിയുള്ള വീടുകളില്‍നിന്നാണ് പണ്ടുകാലത്ത് പട്ടക്കാര്‍ ഉണ്ടാകാറുള്ളത്. വൈദികവൃത്തിയോടൊപ്പം പഠനം, ഗവേഷണം, പഠിപ്പിക്കല്‍, ചികിത്സിക്കല്‍, കൃഷി തുടങ്ങി ചൂഷണം തൊട്ടുതീണ്ടാത്ത ജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് പഴയകാല വൈദികര്‍ സഭാസേവനവും സാമൂഹ്യസേവനവും ഒപ്പം നടത്തിയിരുന്നത്. എന്നാല്‍, ഇന്നു സ്ഥിതിമാറി. ആഴ്ചയില്‍ ഒരു ദിവസത്തെ ജോലിക്ക് മറ്റ് ആറ് ദിവസങ്ങളിലും പ്രതിഫലം പറ്റുന്ന മുഴുവന്‍ സമയ വൈദികര്‍ രംഗപ്രവേശം ചെയ്തു കഴിഞ്ഞു. 

പോര്‍ച്ചുഗീസുകാരായ കത്തോലിക്കാ മിഷനറിമാരും ബ്രിട്ടീഷുകാരായ പ്രൊട്ടസ്റ്റന്റ് മിഷണറിമാരും കേരള ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെയാണ് മുഴുവന്‍ സമയ വൈദികര്‍ എന്ന സങ്കല്‍പ്പം തന്നെ കേരള നസ്രാണികള്‍ക്കിടയില്‍ ആവിര്‍ഭവിച്ചത്. ഇവര്‍ കാര്യങ്ങള്‍ അട്ടിമറിച്ചു.

വൈദിക വിദ്യാര്‍ത്ഥികള്‍ക്കു ദീര്‍ഘകാല പരിശീലനം നല്‍കുന്ന സെമനാരികള്‍ സഭകളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. മല്‍പ്പാന്മാരുടെ (ഗുരുക്കന്മാരുടെ) കീഴില്‍ ഗുരുകുല വിദ്യാഭ്യാസം നേടി പട്ടം ഏറ്റ വൈദികരുടെ ഏഴയല്‍പ്പക്കത്തുപോലും നില്‍ക്കാനുള്ള യോഗ്യതയില്ലാത്തവരാണ് ഇന്ന് സെമനാരികളില്‍നിന്നു പുറത്തുവരുന്ന വൈദികര്‍. വൈദികവൃത്തി ജീവിതവൃത്തി മാത്രമല്ല, ജീവനോപായം ആയിക്കൂടി പരിവര്‍ത്തനപ്പെടുത്തുന്ന പരിശീലനമാണ് കേരളത്തിലെ വൈദിക സെമിനാരികള്‍ നല്‍കുന്നത്. 18-ാം നൂറ്റാണ്ടിന്റെ അവസാനം (1786) പാറമ്മാക്കല്‍ തോമ്മാക്കത്തനാര്‍ എന്ന മലയാളി വൈദികന്‍ വര്‍ത്തമാനപ്പുസ്തകം എന്ന യാത്രാ വിവരണ ഗ്രന്ഥത്തില്‍ വിവരിക്കുന്ന യൂറോപ്യന്‍ സെമനാരികളില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല സഭാഭേദമന്യേ കേരളത്തിലെ ഇന്നത്തെ സെമിനാരികള്‍.

എല്ലാം പഠിച്ചു എന്നാല്‍, ഒന്നും പഠിച്ചിട്ടില്ലാത്ത അവസ്ഥയിലാണ് മിക്ക വൈദികരും. അതാത് സഭകള്‍ക്കുള്ളിലോ പൊതു സമൂഹത്തിനു മൊത്തത്തിലോ മാതൃകയോ നേതൃത്വമോ നല്‍കാന്‍ കെല്‍പ്പുള്ള പ്രതിഭകളായിരുന്നോ പോയ ഒരു 200 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സെമനാരികളില്‍നിന്നു പുറത്തു വന്നതെന്ന് ഒരു കണക്കെടുപ്പു നടത്തിയാല്‍ നിരാശയായിരിക്കും ഫലം. ഫാദര്‍ വടക്കന്‍, എസ്. കാപ്പന്‍, ഫാദര്‍ വി.സി. ശാമുവേല്‍, പൗലോസ് മാര്‍ ഗ്രിഗോറിയോസ്, പൗലോസ് മാര്‍ പൗലോസ്- മണ്‍മറഞ്ഞുപോയ വൈദിക പ്രതിഭകളില്‍ ഓര്‍മ്മയില്‍നിന്നു തപ്പിയെടുക്കാന്‍ കഴിയുന്നവര്‍ വളരെ വിരളം. ജീവിച്ചിരിക്കുന്നവരിലേക്കു വന്നാലോ എണ്ണം ഇനിയും ചുരുങ്ങാനാണ് സാധ്യത. ക്രിസ്റ്റോസ്റ്റം തിരുമേനി, ഫാദര്‍ പോള്‍ തേലക്കാട്ട്, ഫാദര്‍ ഡോ. കെ.എം. ജോര്‍ജ്- തീര്‍ന്നു. ക്രിസ്ത്യാനികളുടെ കൂട്ടത്തിലെ ഒരു കാവ്യപ്രതിഭയായിരുന്നു സിസ്റ്റര്‍ മേരി ബനീജ്ഞ. അവര്‍ക്കും അവരുടെ കവിതകള്‍ക്കും എന്തുപറ്റിയെന്നു സഹൃദയ ലോകത്തിനു വലിയ പിടിപാടൊന്നും ഉണ്ടെന്നു തോന്നുന്നില്ല. അന്തരിച്ച ജോസഫ് പുലിക്കുന്നേല്‍ ചോദിച്ചതു പോലെ ഈ ബഹുശതം റവ. ഡോ.(റവറന്റ് ഡോക്ടര്‍)മാരെക്കൊണ്ടു നമുക്കെന്തു കാര്യം എന്നു ഓരോ വിശ്വാസിയും ചോദിച്ചു തുടങ്ങിയിരിക്കുന്നു. ''വണ്ടേ നീയും തുലയുന്നു വിളക്കും കെടുത്തുന്നു'' എന്ന പരാതി പലര്‍ക്കും എതിരെ ഉയര്‍ന്നുവന്നു കഴിഞ്ഞു. ദൈവത്തിന്റെ കോടതിയില്‍ മനുഷ്യരുടെ കേസ് വാദിക്കാന്‍ നിയോഗിക്കപ്പെട്ട ഈ വൈദിക വക്കീലന്മാര്‍ക്കെതിരെ കേസ് വാദിക്കേണ്ട ബാദ്ധ്യത മതനിരപേക്ഷരായ വക്കീലന്മാര്‍ ഏറ്റെടുക്കേണ്ടിവന്നിരിക്കുന്നു. നീതിപീഠങ്ങള്‍ക്കു മുന്നില്‍ ഇവര്‍ വിചാരണ ചെയ്യപ്പെടുന്നത് തീര്‍ച്ചയായും ഒരു സുഖമുള്ള കാഴ്ചയല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com