മുറിവുകളില്‍ മഴവില്ല് വിരിയുമ്പോള്‍ 

പി.ടി. തോമസ് എന്ന ജീവിക്കുന്ന ഇതിഹാസത്തിന്റെ അസാധാരണമായ പാരിസ്ഥിതിക  ജയില്‍ ഓര്‍മ്മകള്‍
പി.ടി. തോമസ്
പി.ടി. തോമസ്

മുറിവുകളുടെ  പുഴയില്‍ നീന്തിയ പി.ടി. തോമസ് തന്റെ രാഷ്ട്രീയ ഭൂതകാലത്തെക്കുറിച്ചു സംസാരിക്കാന്‍ വിമുഖനാണ്. ജീവിതത്തെക്കുറിച്ചുള്ള സഹജമായ ഒരു ലാളിത്യം കൊണ്ടു മാത്രമല്ല അത്. അനുഭവം പറച്ചില്‍ ഒരു ദൈനംദിന ജീവിതചര്യയായി അദ്ദേഹം കാണുന്നില്ല. ചരിത്രം ചിലരുടെ മനോമണ്ഡലം രേഖപ്പെടുത്തുന്ന രേഖീയമായ ഒന്നു മാത്രമല്ല, പലരിലൂടെ വിടരുന്ന ഒന്നാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കേരളം കേള്‍ക്കാന്‍ കാത്തിരിക്കുന്ന അനുഭവങ്ങളില്‍ പി.ടി. തോമസുമുണ്ട്. കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ ലേഖനത്തില്‍ കമല്‍റാം സജീവ് രേഖപ്പെടുത്തിയതുപോലെ, ''മാനവികതയെക്കുറിച്ചും സ്ത്രീപക്ഷത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും  കലയെക്കുറിച്ചുമെല്ലാം നിലപാടെടുക്കുന്നതില്‍ മലയാളി ഉറ്റുനോക്കുന്ന പ്രധാന അസ്തിത്വങ്ങളില്‍ ഇന്നും വര്‍ഗ്ഗീസും പി.ടി. തോമസും കെ. വേണുവും അജിതയും സോമശേഖരനും ജനകീയ സാംസ്‌കാരിക വേദിയെല്ലാമുണ്ട്. രാഷ്ട്രീയ ജീവിതത്തോളം തീവ്രമാണ് ഇവരുടെ വ്യക്തി ജീവിതവും എന്നത് പ്രധാനപ്പെട്ട കാര്യമാണ്.''  തുടര്‍ന്നുള്ള ഭാഗത്ത് സജീവ് എഴുതുന്നു: ''രക്തസാക്ഷിത്വത്തോളം മഹത്തായ തര്‍പ്പണങ്ങള്‍ അവിടെ കാണാം.''

പി.ടി.  തോമസിന്റെ ജീവിതം, ആ ഒറ്റവരിയില്‍ ഉള്ളടങ്ങിയിരിക്കുന്നു. 
കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമമായ കാര്‍ത്തികപുരത്തെ തന്റെ വീട്ടിലിരുന്ന്, മുറ്റത്തെ മരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ കാണുന്ന ആകാശം നോക്കി എത്രയോ സ്വച്ഛമായി അദ്ദേഹമിരിക്കുന്നു. വിവര്‍ത്തനം, ചെറിയ രീതിയിലുള്ള കൃഷി, വായന, പുലരികളില്‍ നാട്ടിന്‍പുറത്തെ ചായക്കടയിലേക്കുള്ള നടത്തം, ഗാഢമായി പുണരുന്ന സൗഹൃദങ്ങളിലേക്കുള്ള യാത്രകള്‍ - കേരളത്തിലെ നക്സല്‍ പ്രസ്ഥാനത്തിലേക്ക് തുടക്കത്തിലേ 1968-ല്‍ വന്ന പി.ടി. തോമസ്  ഇപ്പോഴും  പഴയ ഏജീസ് സമര സഖാക്കളുടെ പ്രിയ പ്രചോദനങ്ങളില്‍ ഒരാളായി നിറഞ്ഞുനില്‍ക്കുന്നു. എം. സുകുമാരനും പി.ടി. തോമസും മനോമണ്ഡലങ്ങളില്‍ പരസ്പരം അഭയം കണ്ടെത്തിയ ചങ്ങാതിമാരായിരുന്നു. ഏജീസ് സമരകാലത്തിലെ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ പ്രധാനപ്പെട്ട ഒരാള്‍ പി.ടി. തോമസാണ്. 1971 മുതല്‍ 1976 വരെ തിരുവനന്തപുരം ജയിലിലായിരുന്നു അദ്ദേഹം. ഈ സംഭാഷണം ജയിലിനകത്തുവെച്ച് ഒരാള്‍ കാണുന്ന ആകാശത്തെക്കുറിച്ചാണ്. നിശ്ചിതമായ അതിരുകള്‍ക്കിടയില്‍, സൂക്ഷ്മമായി നിയന്ത്രിക്കപ്പെടുന്ന ചലനനിയമങ്ങള്‍ക്കിടയില്‍, സ്വയമായി ഒന്നും തീരുമാനിക്കാനാവാത്ത അവസ്ഥയില്‍ ഒരാള്‍ കാണുന്ന ആകാശം എങ്ങനെയുള്ളതായിരിക്കും? ഈ ചോദ്യം അസാധാരണമായ ജീവിത വര്‍ത്തമാനമായി മാറി.

ജയിലില്‍ വിടരുന്ന ആകാശം 
സെല്ലിനകത്തുവെച്ച് കണ്ട ആകാശത്തെക്കുറിച്ചാണ് അറിയേണ്ടത്, അല്ലെ? അതിലൂടെ പഴയ ഓര്‍മ്മകളിലേക്കു കൊണ്ടുപോകാനാണോ? പക്ഷേ, ഞാന്‍ ആകാശത്തെക്കുറിച്ചു മാത്രമാണ് പറയുക... ഒരുപക്ഷേ, നക്ഷത്രങ്ങളെക്കുറിച്ചും ഇന്നലെ നിങ്ങളൊക്കെ വന്നു കണ്ട പുഴയെക്കുറിച്ചും പറയുമായിരിക്കും. പുഴയെക്കുറിച്ചു സംസാരിക്കാമെന്നാണല്ലോ പറഞ്ഞത്... എന്നിട്ടിപ്പോള്‍, ജയിലില്‍വെച്ച് കണ്ട ആകാശത്തെക്കുറിച്ച് ചോദിക്കുന്നു, (ചിരിക്കുന്നു). ഞാന്‍ ജി. കുമാരപ്പിള്ളയുടെ ഒരു കവിത ഓര്‍ക്കുകയാണ്. എനിക്ക് പ്രിയപ്പെട്ട കവിയാണ് ജി. കുമാരപ്പിള്ള. കവി എന്ന നിലയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. കവിത ഇതായിരുന്നു:
പൂവിന്നു പേരിട്ടു, താമരപ്പൂവിനും 
നീലിച്ച താമരപ്പൂവിനും പേരിട്ടു;
നീയിന്നു ചൂടുമിത്താമരപ്പൂവിന്റെ 
നീലിച്ച പൂവിന്റെ പേര് ചൊല്ലൂ സഖീ.
വല്ലപ്പോഴും മുന്‍പ് ഞാന്‍ എന്റെ സൗഹൃദങ്ങളില്‍ പാടാറുള്ള കവിതയാണിത്. സ്വയം വിസ്മരിച്ചു പാടാവുന്ന കവിത. ഇങ്ങനെ സ്വയം വിസ്മരിച്ചനുഭവിക്കാവുന്ന ഒന്നാണ് പ്രകൃതി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അഞ്ചാറു മാസം കുഴിപോലെയുള്ള ഒരു സെല്ലിലായിരുന്നു ഞാന്‍. അവിടെ കിടന്നപ്പോള്‍ ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. പ്രകൃതി ഇല്ലാത്ത ഒരിടം പോലെയായിരുന്നു അത്. പിന്നീട് കുന്നിന്‍പുറത്തെ ഉയര്‍ന്ന ഭാഗത്തെ സെല്ലിലേക്ക് ഒരു സ്ഥാനമാറ്റം കിട്ടി. ഒന്നാം നമ്പര്‍ സെല്‍. അവിടെ കിടന്നാല്‍ ആകാശം കാണാമായിരുന്നു. പക്ഷേ, അത്ഭുതം അതായിരുന്നില്ല. ഓരോ സെല്ലിനു മുന്‍പിലും വൈദ്യുതിവിളക്കുണ്ട്. രാത്രി മുഴുവന്‍ അത് പ്രകാശിച്ചുകൊണ്ടിരിക്കും. സെല്ലിനകത്തുള്ളവരുടെ മുഖത്തേക്ക് വീഴുന്ന വെളിച്ചം. എന്നാല്‍, ഇടയ്ക്കു ചില രാത്രികളില്‍ വിളക്ക് അണഞ്ഞുപോകും. നിലാവുള്ള രാത്രിയില്‍ ഇതു പോലെ വൈദ്യുതി നിലച്ചു. പെട്ടെന്ന് ആകാശം ഇരുമ്പഴികള്‍ക്കിടയിലൂടെ വിടര്‍ന്നു വരികയാണ്... അതിലെ നക്ഷത്രങ്ങള്‍ മുഴുവന്‍ തെളിയുകയാണ്. ...അത്രയും മനോഹരമായ ആകാശം  മുന്‍പൊരിക്കലും ഞാന്‍ കണ്ടിരുന്നില്ല. അത്രയും മായികമായ ആകാശം.
സ്വാതന്ത്ര്യത്തിന്റെ ചാരുതയാര്‍ന്ന ദൃശ്യം... ആകാശത്തെ നോക്കിയിരിക്കയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. പിന്നീട് കറന്റ് പോകുന്ന രാത്രികള്‍ക്കായി ഞാന്‍ കാത്തിരുന്നു. വീട്ടിലിരിക്കുമ്പോള്‍ കറന്റ് പോകണമെന്ന് ഒരാള്‍ പോലും ആഗ്രഹിക്കില്ല. വൈദ്യുതിയുമായി ബന്ധപ്പെട്ടാണ് വീട്ടിലെ ചെറിയ വിനിമയങ്ങള്‍പോലും. പ്രകൃതിയില്‍നിന്ന് മുറിയിലേക്ക് വീശുന്ന, പ്രകൃതിയിലെ കാറ്റൊന്നും ഏല്‍ക്കാതെ, ജനാലയൊക്കെ അടച്ച് ചൂടുകാറ്റു കൊണ്ടിരിക്കുന്നവരാണ് നാം. പ്രകൃതി വിരുദ്ധമായ വീടുകളാണ് നാം എടുക്കാറ്.
അപ്പോള്‍, സെല്ലില്‍വെച്ച് കണ്ട ആകാശം... തടവിലിരിക്കുമ്പോള്‍ വെളിച്ചം അരോചകമായിരുന്നു. രാത്രിയില്‍ അത് ആകാശത്തെ മറച്ചുകളയുന്നു. കുട്ടിക്കാലത്ത്, യുവാവായിരിക്കുമ്പോള്‍, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍... അത്രയും മനോഹരമായ ആകാശം ഞാന്‍ കണ്ടിരുന്നില്ല. അന്നുവരെ കണ്ട ആകാശമല്ല ഈ ആകാശം.  മുന്‍പൊരിക്കലും ഇത്രയും സ്വച്ഛമായി ആകാശത്തെ നോക്കിയിരുന്നില്ല. സ്വതന്ത്രമായ ഒരു ആശയം പോലെ ആകാശം കടന്നുവരുന്നു. ആലിംഗനം ചെയ്യാനാഗ്രഹിക്കുന്ന ആകാശം. അത് ഭയങ്കര കാഴ്ചയായിരുന്നു.
ഒന്നാമത്തെ സെല്ലായതുകൊണ്ട് പ്രഭാതകൃത്യങ്ങള്‍ക്ക് രണ്ടു പേര്‍ വീതമായിട്ട് മാത്രമാണ് വിടുക. അവര്‍ തിരിച്ചുവന്നാല്‍ അടുത്ത രണ്ടു പേര്‍... അങ്ങനെ. നക്സല്‍ തടവുകാരായതുകൊണ്ട് കര്‍ശന സുരക്ഷയായിരുന്നു. ഒരിക്കല്‍ ഇതുപോലെ പ്രഭാതകൃത്യത്തിനു  പോകുമ്പോള്‍, ഭൂമിയുടെ പകുതിവരെ  നില്‍ക്കുന്ന മനോഹരമായ ഒരു മഴവില്ല്. ഹൊ, എന്തൊരു മനോഹരമായ കാഴ്ചയാണെന്നോ അത്!  ''നോക്കൂ, മഴവില്ല്!''  ഉറക്കെ വിളിച്ചുപറയണമെന്നുണ്ടായിരുന്നു. പക്ഷേ, ഞാന്‍ തടവിലാണ് എന്ന ബോധം വന്നു. മഴവില്ല് സ്വതന്ത്രമാണ്. എന്റെ ശബ്ദം തടവിലാണ്. ഞാന്‍ മൗനിയായി കുറച്ചു നേരം ആ മഴവില്ലിനെ മാത്രം നോക്കിയിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞു പ്രഭാതകൃത്യങ്ങള്‍ക്കു പോകുന്ന തടവുകാര്‍ക്ക് ആ മഴവില്ല് കാണാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടു. തിരിച്ച് സെല്ലില്‍ എത്തിയപ്പോള്‍ ആ ദിവസം മാത്രമല്ല, അടുത്ത ദിവസവും, എത്രയോ വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും ആ മഴവില്ല് ഞാന്‍ അതേ അത്ഭുതത്തോടെ ഓര്‍ക്കുന്നു.
ഇത്തരം കാഴ്ചകള്‍ കാണുമ്പോള്‍ ജീവിതത്തെക്കുറിച്ച് വ്യാകുലത വരില്ലേ എന്ന ചോദ്യം, (ചിരി)... അസ്വസ്ഥതകളോ വ്യാകുലതകളോ ഒന്നുമില്ലായിരുന്നു. വിശ്വാസപ്രമാണങ്ങള്‍ക്ക് പരമാവധി അംഗീകാരം കിട്ടിയിരിക്കുന്നു എന്ന തോന്നലാണ് അന്ന്. ഇന്ത്യന്‍ പ്രസിഡന്റ് ആയാല്‍ മാത്രമേ സ്വസ്ഥത കിട്ടൂ എന്നൊന്നുമില്ലല്ലോ. കൊട്ടാരത്തില്‍ താമസിക്കുന്ന അതേ മനസ്സോടെയാണ് രാഷ്ട്രീയത്തടവുകാര്‍ സെല്ലിലും ജീവിക്കുന്നത്. രാജാവിനും തടവുകാര്‍ക്കും പാറാവുകാരുടെ സുരക്ഷയുണ്ട്. ആ അര്‍ത്ഥത്തില്‍, കൊട്ടാരജീവിതവും ഒരുതരം തടവല്ലേ? (ചിരിക്കുന്നു).
പലതരത്തില്‍ നമ്മെ കൊതിപ്പിക്കുന്ന കാഴ്ചകള്‍ ഉണ്ടല്ലോ. സ്തംഭിപ്പിക്കുന കാഴ്ചകളും ഉണ്ട്. ഒരു കാലത്ത് ഞാന്‍ പറഞ്ഞിട്ടുണ്ട്: ''കണ്ണ് പോയാലും ശരി, സൂര്യനെ കാണണം.'' ഉദിച്ചു ചുകപ്പു മാറി വരുന്ന സൂര്യനെ  കാണണം. നിറങ്ങളുടെ ഉത്സവമാണ് അത്.

ഓര്‍മ്മയില്‍ ഒരു സൂര്യഗ്രഹണം 
ഇന്ത്യയിലുണ്ടായ പൂര്‍ണ്ണ സൂര്യഗ്രഹണം കണ്ട ഓര്‍മ്മ എനിക്കുണ്ട്. വര്‍ഷങ്ങള്‍ക്കും മുന്‍പാണ്. അത്ഭുതകരമായ ഓര്‍മ്മയാണത്. ഒറീസ്സയിലെ പുരിയില്‍നിന്ന് തുടങ്ങുന്ന പൂര്‍ണ്ണ സൂര്യഗ്രഹണം കര്‍ണ്ണാടകയിലെ കൊങ്കണില്‍ അവസാനിക്കും. അവിടെ കടലില്‍ ലയിക്കും. പൂര്‍ണ്ണ സൂര്യഗ്രഹണത്തെ കുറിച്ചുള്ളതെല്ലാം ഞാന്‍ വായിച്ചു. സൂര്യഗ്രഹണം കാണാന്‍ വേണ്ടി മാത്രം ഞാന്‍ കൊങ്കണ്‍ തീരത്തേക്ക് പോയി. അന്ന് റേഡിയോ മാത്രമായിരുന്നു ആശ്രയം. ഗ്രഹണ സമയമൊക്കെ കൃത്യമായി അറിഞ്ഞുവെച്ചിട്ടുണ്ട്. ചിലതരം ടെലസ്‌കോപ്പുകളൊക്കെ കയ്യില്‍ കരുതിയിരുന്നു. കൊങ്കണ്‍  തീരത്ത് പശുവിനെ മേയ്ചു നടക്കുന്ന ഒരു പയ്യനെ ഞാന്‍ കൂട്ടിനു വിളിച്ചു. സൂര്യഗ്രഹണം കാണാന്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവന്‍ സ്ഥലം വിട്ടു. ഒരു ഉച്ച നേരമായിരുന്നു. പെട്ടെന്നൊരു നിമിഷം സൂര്യന്‍ വിടരുകയാണ്. ചുറ്റും ഒരു കൊറോണ, വെളുത്ത പ്രഭാവലയം... ആദ്യം ഒരു കല്ലുവെച്ച മോതിരം പോലെ സൂര്യന്‍... അതുകൂടി മറഞ്ഞു കഴിയുമ്പോള്‍ മധ്യത്തില്‍ കറുപ്പും ചുറ്റും വെളുത്ത പ്രഭയുമായി മാറും... സൂര്യഗ്രഹണം കണ്ടു ഞാന്‍ കുന്നിറങ്ങി. രാത്രി ബസില്‍ കയറി മടക്കയാത്ര. അത്ഭുതം അവിടെയും അവസാനിച്ചില്ല. ആകാശത്ത് സൂചി കുത്താനിടമില്ലാത്ത വിധം നക്ഷത്രങ്ങള്‍...

എം സുകുമാരന്‍
എം സുകുമാരന്‍


ഇത്തരം കാഴ്ചകള്‍ കാണുമ്പോള്‍ ശാസ്ത്രയുക്തിയാണോ ദൈവചിന്തയാണോ മനസ്സില്‍ വരിക എന്ന ചോദ്യം, കൊള്ളാം, ശരിക്കും സ്പിരിച്ച്വല്‍ അല്ലേ, അത്? അങ്ങനെയാണ് എനിക്ക് തോന്നുന്നത്. അത് സ്പിരിച്ച്വല്‍ ആണ്. സൂര്യനേയും നക്ഷത്രത്തേയും കാണുമ്പോള്‍ രണ്ടാമത് മാത്രമാണ് നാം ശാസ്ത്രം ഓര്‍ക്കുക. ആ കാഴ്ചയില്‍ നാം മറ്റെല്ലാം മറന്നുപോകുന്നു. പ്രകൃതിയെ കാണുമ്പോള്‍ നാം സ്വയം വിസ്മരിച്ചുപോകുന്നു. അല്ലെങ്കില്‍ ഒട്ടും കോണ്‍ഷ്യസ് അല്ല. ഏതു പ്രകൃതിദൃശ്യവും അങ്ങനെയാണ്. കുട്ടിക്കാലത്ത് ചങ്ങനാശ്ശേരിയില്‍വെച്ച് ഞാന്‍ ഒരു വാല്‍ നക്ഷത്രത്തെ കണ്ടിരുന്നു. കിഴക്കന്‍ ചക്രവാളത്തില്‍ നേര്‍ത്ത വാലിന്റെ തുമ്പത്ത് ഒരു നക്ഷത്രം. ആ കാഴ്ച പിന്നീട് നക്ഷത്രങ്ങളെക്കുറിച്ച് വിശദമായി പഠിക്കാന്‍ കാരണമായി. അശ്വതി, ഭരണി, കാര്‍ത്തിക... അങ്ങനെ നാടന്‍ നക്ഷത്രങ്ങളെക്കുറിച്ച് മനസ്സിലാക്കി. നാളും  ഞാറ്റുവേലയെന്തെന്നും പഠിച്ചു. ഓരോ നക്ഷത്രത്തേയും സൂക്ഷ്മമായി നിരീക്ഷിച്ചു. തിരുവാതിര മനോഹരമായ ഒരു നക്ഷത്രമാണ്. കാര്‍ത്തിക എന്ന് പറയുന്നത് മുന്തിരിക്കുലപോലെ കാണുന്ന നക്ഷത്രക്കൂട്ടമാണ്. അങ്ങനെയങ്ങനെ ഞാന്‍ നക്ഷത്രങ്ങളുടെ കൂട്ടുകാരനായി. കുറേക്കാലം തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിനരികിലാണ് ഞാന്‍ താമസിച്ചിരുന്നത്. രാത്രികളില്‍ കുന്നിന്‍ പുറത്തിരുന്നു ഞാന്‍ നക്ഷത്രങ്ങള്‍ നോക്കിയിരുന്നു. മറ്റൊന്നിനെക്കുറിച്ചും അക്കാലത്ത് ഞാന്‍ ഓര്‍ത്തിരുന്നില്ല.

ജി കുമാരപിള്ള
ജി കുമാരപിള്ള


രാഷ്ട്രീയത്തില്‍ അപാരത എന്ന ആശയമില്ല. ചില വിശ്വാസപ്രമാണങ്ങള്‍ക്കനുസരിച്ചുള്ള സഞ്ചാരം ആണത്. ഇന്‍ഫിനിറ്റി എന്ന സങ്കല്‍പ്പം ഗണിതത്തിലും സയന്‍സിലുമുണ്ട്. എന്നാല്‍ അപാരതയെക്കുറിച്ച് പ്രത്യേകിച്ച് ഒരു കാഴ്ചപ്പാട് നമുക്കുണ്ടാക്കാന്‍ കഴിയില്ല. അപാരത ആ ആശയത്തില്‍ത്തന്നെ അന്തര്‍ലീനമായ നിഗൂഢതയാണ്. ഒരു പിടികിട്ടായ്മ അതിലുണ്ട്. ഇതാ, ഈ മരങ്ങള്‍ക്കിടയിലൂടെ നോക്കുമ്പോള്‍ കാണുന്ന ആ ആകാശം... അതൊരു കാഴ്ചയാണ്. അപാരമായ കാഴ്ച. നീലാകാശം തന്നെ വലിയൊരു അപാരതയല്ലേ? പകല്‍ ആയിരം നത്രങ്ങള്‍ നമ്മെ നോക്കുന്നുണ്ട്. പക്ഷേ, നമുക്കതു കാണാന്‍ കഴിയുന്നില്ല.

ജയിലിലായാലും പുറത്തായാലും രാത്രി നമ്മെ അടച്ചുകളയുകയാണ്. ഒരു ഗുഹയില്‍ പിടിച്ചാക്കുന്നു. ലോകം തുറക്കുന്നത് പകല്‍ ആണ്. എന്നിട്ടും രാത്രികള്‍ നമ്മെ മോഹിപ്പിക്കുന്നു. സെല്ലില്‍ ഏകാന്തത എന്ന അനുഭവം മനസ്സിന്റേതാണ്. തീവ്രമാണ് അത്. എന്നാല്‍ ജയിലിലെ ഭൗതിക പരിസരം ഒട്ടും ഏകാന്തമല്ല. രാത്രിയില്‍ കത്തിനില്‍ക്കുന്ന വെളിച്ചമുണ്ട്, സദാ റോന്ത് ചുറ്റുന്ന വാര്‍ഡന്മാരുണ്ട്. ഇടയ്ക്കിടെ സന്ദര്‍ശിക്കുന്ന വലിയ പൊലീസ് ഉദ്യോഗസ്ഥരുണ്ട്. അങ്ങനെ ഒട്ടും ഏകാന്തമല്ല. ഒരാള്‍ നിരീക്ഷിക്കപ്പെടുമ്പോള്‍ ഏകാന്തത അവസാനിക്കുന്നു.

പുഴയുമായി ഒരു സംഭാഷണം 
ഇനി പുഴയെക്കുറിച്ചു സംസാരിക്കാം, അല്ലേ?  കുട്ടികളോടൊപ്പം പുഴയില്‍ കിടന്ന് ഞാന്‍ പറഞ്ഞു: ''അതാ ആകാശം നോക്കൂ.'' അവര്‍ ജലത്തില്‍ കിടന്ന് ആകാശം നോക്കി. എന്ത് മനോഹരമായ കാഴ്ചയാണ് അത്. കുട്ടികളെ നാം തനിച്ചു പുഴയില്‍ വിടരുത്. അവര്‍ എപ്പോഴും നമ്മുടെ നിരീക്ഷണത്തില്‍ ആയിരിക്കണം (ചിരി).
ഇത് 'പാട്ടപ്പുഴ.' കുടിയേറ്റക്കാലത്ത് ഇതിലൂടെ ചങ്ങാടത്തില്‍ യാത്രയുണ്ടായിരുന്നു. പശ്ചിമ ഘട്ടത്തിന്റെ ഭാഗമാണ് ഈ പുഴ. കാര്‍ത്തികപുരത്തിന്റെ പഴയ പേര് 'കാക്കത്തൊലി' എന്നായിരുന്നു. കുടിയേറ്റ ജനത കാര്‍ത്തികപുരമാക്കി. 'മഠം പടി' എന്നായിരുന്നു 'ഉദയഗിരി'യുടെ പഴയ പേര്. ജനതയോടൊപ്പം പുതിയ പേരുകളും കുടിയേറി. നിറയെ മുളങ്കാടുകളായിരുന്നു മുന്‍പ് ഇവിടെ. ചപ്പാരപ്പടവിലെ ഒരു ഹാജിയായിരുന്നു പുഴയുടെ മറുകരയില്‍ പഴയ ജന്മി. കുടകിലേക്കു ഇവിടെനിന്ന് അധികം ദൂരമില്ല. കുടകന്മാര്‍ അരിയുമായി വരുന്ന പാതയാണിത്. ഇപ്പോഴും ഉത്സവകാലങ്ങളില്‍ കാളവണ്ടിയില്‍ അരിയുമായ് കുടകര്‍ ഇപ്പോഴും വരാറുണ്ട്. 

കുട്ടികളുമൊത്ത് പുഴയില്‍
കുട്ടികളുമൊത്ത് പുഴയില്‍


എം. സുകുമാരനും ഞങ്ങളുമൊക്കെ ഏജീസ് കാലത്ത് കാടുകളില്‍ പോകുമായിരുന്നു. കുളത്തൂര്‍പുഴക്കാട്,  ബോണക്കാട്, അഗസ്ത്യമല, ബ്രൈമൂര്‍... അങ്ങനെ. പിന്നെ ആ നടപ്പുകള്‍ അവസാനിച്ചു.
'ഇക്കോ ഫെമിനിസം' പോലെ 'ഇക്കോ മാസ്‌ക്യൂലിനിസം' എന്ന ആശയം പ്രചാരം നേടേണ്ടതുണ്ട്. ആണുങ്ങള്‍ എത്തിപ്പിടിക്കാത്ത ഇടങ്ങള്‍ ഇല്ല. ആധിപത്യം സ്ഥാപിക്കാനുള്ള പുരുഷസഹജമായ ശ്രമങ്ങള്‍ ആണവ. ശങ്കരാചാര്യര്‍ അങ്ങനെ പോവുകയാണ്. അലക്സാണ്ടറും അങ്ങനെ പോവുകയാണ്... അപ്പോള്‍, അവരുടെ വീട്ടിലെ സ്ത്രീകള്‍ എവിടെയായിരുന്നു? ഇതൊരു രാഷ്ട്രീയ ചോദ്യം കൂടിയാണ്. പുരുഷന്മാര്‍ ആധിപത്യ മോഹങ്ങളോടെ പുറപ്പെട്ടപ്പോള്‍, സ്ത്രീകള്‍ കൃഷിയുമായി ഒരിടത്ത് ഒതുങ്ങിക്കൂടി. കൃഷിയിലൂടെ ഒരു സെറ്റില്‍മെന്റ് ഉണ്ടാക്കുന്നത് സ്ത്രീകളാണ്. പരിസ്ഥിതി കേന്ദ്രബിന്ദു ആകുന്ന ഒരു പുരുഷ പരിസ്ഥിതി ദര്‍ശനം വേണം.

എന്തായാലും, ഞാന്‍ ഈ പുഴയുടെ ഒരു കാഴ്ചക്കാരന്‍.
എന്നെ കാണാന്‍ വരുന്നവര്‍ ഈ പുഴ കൂടി കണ്ടുപോകും.
ആര്‍. രാമചന്ദ്രന്‍ എഴുതിയ കവിത ഓര്‍മ്മവരുന്നു. ജി. കുമാരപ്പിള്ളയെപ്പോലെ രാമചന്ദ്രനും എനിക്ക് പ്രിയപ്പെട്ട കവിയാണ്:

''ഒന്നുമി,ല്ലൊന്നുമില്ല.
മീതെ 
പകച്ചേനില്‍ക്കുമംബരം മാത്രം.
താഴെ 
കരളുറഞ്ഞേ പോകും പാരിടം മാത്രം.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com