മലമുകളിലെ സ്വപ്നസുന്ദരി

പറയാനാവാത്ത നിഗൂഢതയും രഹസ്യാത്മകതയുംഒളിപ്പിച്ചു വച്ചിരിക്കുന്ന അരുണാചല്‍ പ്രദേശത്തിന്റെഉള്ളിടങ്ങളിലൂടെ ഒരു സഞ്ചാരം
മലമുകളിലെ സ്വപ്നസുന്ദരി

ഓരോ യാത്രയിലും ചില വിസ്മയങ്ങള്‍ കാത്തിരിക്കുന്നുണ്ടാകും. അത്തരം മനോഹരമായ അനുഭവങ്ങളായിരിക്കും ജീവിതകാലം മുഴുവന്‍ ആ യാത്രയെ മനസ്സില്‍ മുദ്രിതമാക്കുന്നത്. ചിലയിടങ്ങള്‍ ചിത്രങ്ങളിലൂടെ, യാത്രക്കുറിപ്പുകളിലൂടെ നമ്മെ മോഹിപ്പിച്ചുകൊണ്ടേയിരിക്കും. അരുണാചല്‍ പ്രദേശിലെ തവാങ്ങ് ഏറെ കാലമായി മോഹിപ്പിച്ച ഒരിടമായിരുന്നു. അതിനു പ്രചോദനമായത് ചുവന്ന ഭൂമി, പച്ചക്കടല്‍, നീലാകാശം എന്ന സിനിമയായിരുന്നു.  തവാങ്ങിലേക്കുള്ള ദീര്‍ഘമായ വഴികളിലേയ്ക്ക് തിരിയുന്നത് ഗുവാഹട്ടിയില്‍നിന്നാണ്. ആസാമിലെ ഇളംതണുപ്പാര്‍ന്ന അന്തരീക്ഷത്തില്‍ ചെമ്പരത്തികള്‍ പൂത്തുനില്ക്കുന്ന വേലികള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഏറെക്കാലം പരിചയിച്ച ഒരിടംപോലെ വാഴയും തെങ്ങും സമൃദ്ധമായി വളര്‍ന്നുനില്‍ക്കുന്നു. ഏതോ പഴയ പാലക്കാടന്‍ ഗ്രാമത്തിന്റെ മുഖച്ഛായ. 

നമേരിയുടെ കവാടത്തിലെത്തുമ്പോള്‍ സ്വര്‍ഗ്ഗതുല്യമായൊരിടത്ത് എത്തിച്ചേര്‍ന്ന അനുഭൂതി. ഹരിതാഭമായ വനങ്ങള്‍ക്കു നടുവില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ടെന്റുകള്‍. മുളയില്‍ തീര്‍ത്ത ടെന്റുകളെ ആരണ്യസൗന്ദര്യത്തില്‍നിന്നും വേര്‍പെടുത്തി കാണാനാകില്ല. തേസ്പൂരില്‍നിന്നും 45 കി.മീ. അകലെയാണ് നമേരി എക്കോക്ക്യാമ്പ്. ജിയാബൊറോളി നദി ഒഴുകിനീങ്ങുന്നത് ഇതിനു സമീപത്തുകൂടിയാണ്. പ്രകൃതിയുടെ ലോലവും തരളവുമായ അന്തരീക്ഷം വല്ലാത്തൊരുണര്‍വേകി. ട്രെയിനിലെ നാലുദിവസത്തെ യാത്രാക്ഷീണം എങ്ങോ പോയ്മറഞ്ഞു. പുഴയുടെ മനോഹരമായ കളാരവം കേട്ടപ്പോള്‍ അവളിലലിയാന്‍ വല്ലാത്ത കൊതി തോന്നി. പുഴയില്‍ കുളിക്കാന്‍ ഉത്സാഹത്തോടെ നടന്നു. മനോഹരമായ പുഴ. അടിയോളം കാണാവുന്നത്ര തെളിച്ചം. കണ്ണാടിപ്പുഴയിലൊന്നു കൈചേര്‍ത്തപ്പോള്‍ വിരലുകള്‍ മരവിച്ചതുപോലെ തോന്നുന്നു. അത്രയ്ക്ക് തണുപ്പ്. കൊടുംതണുപ്പില്‍ പുഴയിലിറങ്ങാന്‍ മടിച്ചു. പതുക്കെപ്പതുക്കെ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ തണുപ്പ് കുറഞ്ഞതുപോലെ. മൂര്‍ദ്ധാവോളം മുങ്ങി പുഴയെ ആവാഹിച്ചു. സന്ധ്യമയങ്ങിത്തുടങ്ങിയിരുന്നു. പുഴയില്‍ ഒഴുക്ക് കൂടിവരുന്നുണ്ട്. ജീവിതം പോലെയാണല്ലോ പുഴയും. മുന്നോട്ട് മാത്രം ഒഴുകിക്കൊണ്ടേയിരിക്കും. മടക്കയാത്രകളില്ല. പുഴയുടെ ഒഴുക്ക് നമ്മെ എപ്പോഴും ധ്യാനോന്മുഖമാക്കുന്നു. രണ്ടു കരകളെ തമ്മില്‍ യോജിപ്പിക്കുമ്പോള്‍ പുഴ യോജിപ്പിക്കുന്നത് മനുഷ്യജീവിതങ്ങളെത്തന്നെയാണ്.

കുളികഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. എന്നിട്ടും കിളികളുടെ ശബ്ദങ്ങള്‍ നിലച്ചിട്ടില്ല. തൂണുകളില്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന കുടിലുകള്‍ മങ്ങിയ വെളിച്ചത്തില്‍ സ്തൂപങ്ങള്‍ പോലെ തോന്നിപ്പിച്ചു. മങ്ങിയ ഇരുട്ടിലും നേര്‍ത്ത കാറ്റിലുമലിഞ്ഞ് ഊഞ്ഞാലിലിരുന്ന് പതിയെ ആടി. കാലം പിറകിലേക്ക് തെന്നിനീങ്ങുന്നതുപോലെ. തികഞ്ഞ ഏകാന്തതയില്‍ പ്രകൃതിയുടെ സൂക്ഷ്മശബ്ദങ്ങള്‍ക്ക് ചെവിയോര്‍ത്ത് ഏറെ നേരമിരുന്നു.

നൃത്തച്ചുവടുകളുടെ രാവ് 
ഈ രാവ് അവിസ്മരണീയമാക്കണമെന്ന് ഞങ്ങളാഗ്രഹിച്ചു. ആസ്സാമികളുടെ മാത്രം നൃത്തമായ ബിഹു. ഒരിക്കല്‍ ടിവിയില്‍ ബിഹുവിന്റെ ഒരു ചെറിയ ഷോട്ട് കണ്ടതായി ഓര്‍ക്കുന്നു. ഇന്ന് ബിഹുനൃത്തം ചെയ്യാന്‍ നര്‍ത്തകരെത്തുന്നു. മനസ്സ് ആകാംക്ഷാഭരിതമായി നൃത്തത്തിന് തയ്യാറായെത്തിയ നര്‍ത്തകരെ സാകൂതം നോക്കിനിന്നു. പ്രത്യേക രീതിയില്‍ മനോഹരമായി സാരിയുടുത്ത് ബിഹുനര്‍ത്തകികള്‍. പതിനഞ്ചോ പതിനാറോ വയസ്സുള്ള മെലിഞ്ഞ കൊച്ചുപെണ്‍കുട്ടികള്‍ക്ക് വര്‍ണ്ണശബളമായ അനേകം ഞൊറികളിട്ടുടുത്ത സാരിയില്‍ അല്പം കൂടി വളര്‍ച്ച തോന്നുന്നുണ്ട്. കല്ലുമാലകളും കല്ലുവളകളുമാണ് ആഭരണങ്ങള്‍. മുടി പ്രത്യേക രീതിയില്‍ ഉയര്‍ത്തിക്കെട്ടി കൊമ്പുപോലെന്തോ കുത്തിവെച്ചിരിക്കുന്നു. നെറ്റിയില്‍ ചുവന്ന വട്ടത്തിലുള്ള സിന്ദൂരപ്പൊട്ട്. നീളത്തില്‍ വാലിട്ടെഴുതിയ കണ്ണുകള്‍. ആരെയും സുന്ദരികളാക്കുന്ന മനോഹരമായ വേഷം. വെളുത്ത ധോത്തിയും ഷര്‍ട്ടും ധരിച്ച ആണ്‍കുട്ടികള്‍. വര്‍ണ്ണശബളമായ തലപ്പാവും അരക്കെട്ടും. നെറ്റിയില്‍ ചുവന്ന കുറി. ഇരുപതോളം പെണ്‍കുട്ടികളും അതിനു പുറകില്‍ പതിനഞ്ചോളം ആണ്‍കുട്ടികളും നിരന്നുനിന്നപ്പോള്‍ രംഗം മിഴിവുറ്റതായി.

സീറോ ഗ്രാമത്തിലെ സ്ത്രീ
സീറോ ഗ്രാമത്തിലെ സ്ത്രീ

ബിഹുവിന്റെ പ്രത്യേക വാദ്യങ്ങളായ ഡോലകും പെപ്പേയും ഉന്മാദകരമായ താളങ്ങളിലൂടെ ഞങ്ങളെ ഉണര്‍ത്തി. പെപ്പേ നമ്മുടെ നാദസ്വരത്തെ ഓര്‍മ്മിപ്പിക്കുന്നു. ഡോലക് ചെണ്ടയേയും. താളനിബദ്ധമായ ചലനങ്ങളോടൊപ്പം വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത് ആണ്‍കുട്ടികളാണ്. 'ഡോലക്കും' 'പെപ്പേയും' പതിഞ്ഞ താളത്തില്‍ ആരംഭിച്ചു. പെണ്‍കുട്ടികള്‍ ലോലമായ കൈവിരലുകള്‍ മനോഹരമായി ചലിപ്പിച്ച് പതിയെപ്പതിയെ അരക്കെട്ടിളക്കി നൃത്തമാരംഭിച്ചു. ക്രമേണ ക്രമേണ താളം പതിയെ മുറുകിത്തുടങ്ങി.

താളത്തില്‍നിന്നും അല്പംപോലും വ്യതിചലിക്കാതെ ഇരുപതു പേരും ഒരുപോലെ ചുവടുകള്‍ വെച്ചു. ഒരേ ചരടില്‍ കോര്‍ത്തെടുത്ത മുത്തുകള്‍പോലെ ഇരുപത് സുന്ദരികള്‍. കണ്ണിമകളും കൈവിരലുകളും ചലിപ്പിച്ച് അരക്കെട്ടിളക്കി തറയില്‍ പെരുവിരലൂന്നി സൂര്യഭ്രമണംപോലെ നൃത്തംവെച്ചു തുടങ്ങി. താളം മുറുകി മുറുകി ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ മനോഹരമായ അതിവേഗ ചലനങ്ങളാല്‍ നൃത്തം മാസ്മരികമായി. താളക്കൊഴുപ്പിന്റെ ഉച്ചസ്ഥായിയില്‍ ഞങ്ങളും അവരോടൊപ്പം ചേര്‍ന്നു. ഡോലക്കിന്റെ ഗംഭീര വാദ്യതാളത്തില്‍ മനസ്സും ശരീരവും ഉന്മത്താവസ്ഥയില്‍ ഇളകുകയായിരുന്നു. നൃത്തം ലഹരിയായി മാറിയ ആദ്യാനുഭവം. ഭാഷയുടേയും മണ്ണിന്റേയും അതിര്‍വരമ്പുകള്‍ നൃത്തതാളങ്ങളില്‍ ഇല്ലാതായി. 

ദാരിദ്ര്യം നൃത്തം ചെയ്യുന്ന ഗ്രാമങ്ങള്‍
നൃത്തത്തിനു ശേഷമാണ് നര്‍ത്തകരെ പരിചയപ്പെട്ടത്. ആ ഗ്രാമത്തിലെ പ്രൊഫഷണല്‍ നര്‍ത്തകികള്‍. അവരില്‍ അലീസയും അലോകിയും അമാനിയും ബന്ധുക്കളാണ്. അലോകി - പ്രകാശം, അലീസ - വിശ്വസ്തത, അമാനി - വഴികാണിക്കുന്നവള്‍. എത്ര മനോഹരമായ അര്‍ത്ഥവത്തായ പേരുകള്‍. അമാനിയുടെ നിഷ്‌കളങ്കമായ മുഖവും അലീസയുടെ ചിരിക്കുന്ന കണ്ണുകളും എന്നെ പിന്തുടരുന്നു. ബാല്യത്തിന്റെ നിഷ്‌കളങ്കത ഇനിയും മാറിയിട്ടില്ലാത്ത പതിനഞ്ചുകാരി അലീസ ഒരു കുഞ്ഞിന്റെ അമ്മയാണ്. പതിമൂന്നാം വയസ്സില്‍ വിവാഹിതയായി, പതിന്നാലാം വയസ്സില്‍ അമ്മയായവള്‍. അമ്മയും അനിയത്തിയുമടങ്ങുന്ന കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പേറുന്നവളാണ് അമാനി. ദാരിദ്ര്യമാണ് ഏതു രാവിലും നൃത്തത്തിനായി പോകാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ആ ഗ്രാമത്തില്‍ വല്ലപ്പോഴും എത്തിച്ചേരുന്ന നമ്മെപ്പോലുള്ള സഞ്ചാരികള്‍ നല്‍കുന്ന പണം അവര്‍ക്ക് ചെറിയൊരാശ്വാസമാണ്. വിശപ്പും ദാരിദ്ര്യവും ഒരു നാടിന്റേയും അസ്തിത്വത്തില്‍നിന്ന് വേര്‍പെടുത്താനാവില്ലല്ലോ.


ടെന്റിലൂടെ അരിച്ചെത്തുന്ന വെളിച്ചം. തണുത്ത മനോഹരമായ ഒരു പ്രഭാതത്തിലേക്കാണ് മിഴി തുറന്നത്. സമയം നോക്കുമ്പോള്‍ വെളുപ്പിന് നാലു മണിയാകുന്നതേയുള്ളൂ. ഇവിടെ പകലും ജീവിതവും നേരത്തെ ആരംഭിക്കുന്നു. സ്വച്ഛമായ അന്തരീക്ഷവും തണുപ്പും കിളിയൊച്ചകളും പ്രഭാതത്തെ ഉന്മേഷഭരിതമാക്കി. ബ്രഹ്മപുത്രയുടെ ഫലഭൂയിഷ്ഠമായ താഴ്വാരത്തില്‍ കൂടുകൂട്ടിയിരിക്കുന്ന പൊട്ടാസാലി എന്ന ഈ കൊച്ചുഗ്രാമത്തെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. പ്രകൃതിയുടെ കനിവുകള്‍ക്കും കോപങ്ങള്‍ക്കുമനുസരിച്ച് ശ്രുതിചേര്‍ക്കപ്പെട്ട ലളിതമായ ജീവിതം. കൃഷിയെ മാത്രം ആശ്രയിക്കുന്ന അവരുടെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നതും ബ്രഹ്മപുത്രയായിരിക്കാം. കാല്‍വിരലുകള്‍ക്കിടയില്‍ ഞെരിയുന്ന മണ്‍തരികളും ഉരുളന്‍കല്ലുകളും ഒരു പുഴ കയറിയിറങ്ങിയതിനെ ഓര്‍മ്മിപ്പിച്ചു. ബ്രഹ്മപുത്രയെന്ന സമൃദ്ധമായ നദി പലപ്പോഴും ആസാമിനെ ഗാഢമായി പുണരാറുണ്ടല്ലോ. വെള്ളപ്പൊക്കത്തെ ഭയന്നാവണം തൂണുകള്‍ക്ക് മേലെ ഇവിടുത്തെ വീടുകള്‍ പടുത്തുയര്‍ത്തിയത്. ആസാമിലെ ഗ്രാമീണ ജീവിതത്തിന്റെ കൃത്യമായ പരിച്ഛേദമാണ് പൊട്ടാസാലി ഗ്രാമം. 

ദുരന്തങ്ങളും ദുരിതങ്ങളും നിറഞ്ഞ ജീവിതങ്ങള്‍. കുട്ടികളുടെ മുഖങ്ങളില്‍പ്പോലും വിഷാദഭാവം. വീടിനു ചുറ്റുമുള്ള ഇത്തിരിവട്ടങ്ങളില്‍പ്പോലും കൃഷിചെയ്യുന്നവരാണിവര്‍. വിശപ്പും ദുരിതവും വേട്ടയാടുന്ന ദൈനംദിന ജീവിതത്തില്‍ ഏറെ പ്രതീക്ഷകളൊന്നുമില്ലാത്തവര്‍. അല്പദൂരം നടന്നപ്പോള്‍ ഒരു ചെറിയ കുടില്‍ കണ്ടു. മുളന്തണ്ടില്‍ താങ്ങിനിര്‍ത്തിയത്. അതിനടിയില്‍ ഒരു ആട്ടിന്‍കുട്ടിയും പട്ടിക്കുട്ടിയും മനുഷ്യക്കുട്ടിയും ഒരുമിച്ചു കളിക്കുന്നു. മുറ്റത്തിനരികില്‍ കൂട്ടിയിട്ടിരിക്കുന്ന അടുപ്പില്‍ ഊതിക്കൊണ്ടിരിക്കുകയാണ് മെലിഞ്ഞുണങ്ങി വിഷാദഭാവമാര്‍ന്ന കണ്ണുകളുള്ള ഒരമ്മ. ഇത്തിരിപ്പോന്ന മുറ്റത്തിനരികില്‍ ചെറുവട്ടങ്ങളില്‍ എന്തൊക്കെയോ കൃഷികള്‍. ഓരോ കൃഷിയിടങ്ങള്‍ക്കുമിടയില്‍ ഉയരമുള്ള ഏറുമാടങ്ങള്‍. അവയിലൊന്നില്‍ വളരെ ആയാസപ്പെട്ട് കയറിനോക്കി. ചുറ്റിനും മനോഹരമായ കാഴ്ച. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ വഴികളിലൂടെ വളരെ കഷ്ടപ്പെട്ടാണ് നടന്നത്. മുളയില്‍ തീര്‍ത്ത വലിയ കുടകള്‍ അടുക്കിവെച്ച ഒരു വീടിനു മുന്നിലൂടെ കടന്നുപോയപ്പോള്‍ വെറുതെ ഒരു കൗതുകം തോന്നി. കയറിച്ചെന്നപ്പോള്‍ എവിടെനിന്നോ മീന്‍ഗന്ധം. കുടകളില്‍ നിന്നാണ്. മീന്‍ പിടിക്കുവാനുള്ള ആസ്സാമികളുടെ പരമ്പരാഗതമായ ഉപകരണങ്ങളായിരുന്നു ആ കുടകള്‍. അവയ്ക്കിടയില്‍ ഇരുന്ന് അതീവ നിഷ്‌കളങ്കതയോടെ ചിരിക്കുന്ന ഒരു വൃദ്ധനെ കണ്ട് വെറുതെ കുശലം ചോദിച്ചു.

മിക്കവാറും വീടുകള്‍ക്കും ഒരേയൊരു മുറിയാണുള്ളത്. അതിനു നടുവില്‍ അടുപ്പും ചുറ്റിനും ഇരിപ്പിടങ്ങളും. കിടപ്പുമുറിയെന്നോ അടുക്കളയെന്നോ വേര്‍തിരിക്കാനാവാത്ത ഒറ്റമുറികളില്‍ അടുപ്പിന് ചുറ്റുമാണവരുടെ ജീവിതം. ബ്രഹ്മപുത്രയുടെ കോപവും കനിവുമാണിവരുടെ ജീവിതം നിര്‍ണ്ണയിക്കുന്നത്. ബ്രഹ്മപുത്രയുടെ തീവ്രസ്‌നേഹം നിറഞ്ഞൊഴുകുമ്പോള്‍ ഇടയ്ക്ക് ആസ്സാം മുങ്ങിപ്പോകും. വെയിലെന്നോ മഴയെന്നോയില്ലാതെ കൃഷിചെയ്തവയൊക്കെയും ഒരു നിമിഷംകൊണ്ടില്ലാതാവും. അനിശ്ചിതാവസ്ഥയുടെ നടുക്കടലിലാണ് ഓരോ നിമിഷവും ഓരോ ആസ്സാമിയുടേയും ജീവിതം. 

നമേരിക്ക്യാമ്പില്‍നിന്നും തവാങ്ങിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ക്ക് സുഖകരമായ ഒരു ഇടത്താവളമായിരുന്നു ദിറാങ്ങ്. ആസ്സാമിന്റേയും അരുണാചല്‍പ്രദേശിന്റേയും സമ്മിശ്ര സൗന്ദര്യമായിരുന്നു ദിറാങ്ങിലേക്കുള്ള വഴികള്‍. ഏറ്റവുമധികം വനങ്ങളുള്ള അരുണാചല്‍പ്രദേശും കൃഷിയിടങ്ങളാല്‍ സമ്പന്നമായ ആസ്സാമും. ദിറാങ്ങിലെത്തുമ്പോള്‍ സമയം സന്ധ്യയായിരുന്നു. ആസാമില്‍ നമേരിയിലെ മിതശീതോഷ്ണാവസ്ഥയില്‍നിന്നും ദിറാങ്ങിലെത്തുമ്പോള്‍ തണുപ്പ് അധികരിച്ചതായി തോന്നി. തണുപ്പ് കൂടിക്കൂടി വരുന്നു. പെട്ടിയില്‍ മടക്കിവെച്ചിരുന്ന സ്വെറ്ററുകള്‍ പുറത്തേക്കെടുത്തു.

ലഹരിപിടിപ്പിക്കുന്ന സൗന്ദര്യം
പ്രകാശം ലോലലോലമായി ഭൂമിയെ പുണര്‍ന്നുതുടങ്ങിയ നിമിഷത്തിലാണ് ഉണര്‍ന്നത്. സമയം നാലുമണിയാകുന്നതേയുള്ളൂ. ഇന്ന് സന്ധ്യയാകുന്നതോടുകൂടി തവാങ്ങിലെത്തിച്ചേരും. തവാങ്ങാണല്ലോ ഞങ്ങളുടെ സ്വപ്നഭൂമി. അഭ്രപാളിയില്‍ മനോഹരമായ കവിതപോലെ അനുഭവപ്പെട്ട തവാങ്ങിന്റെ ദൃശ്യം ഉള്ളില്‍ തുടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മധുരതരമായ ആകാംക്ഷയായിരുന്നു അവിടേക്കെത്തിച്ചേരാന്‍. തവാങ്ങിലേക്കുള്ള വഴികള്‍ക്ക് ലഹരിപിടിപ്പിക്കുന്ന സൗന്ദര്യമായിരുന്നു. ആളുകളോ വാഹനങ്ങളോ ഇല്ലാത്ത തീര്‍ത്തും വിജനമായ വഴികള്‍. ഭയപ്പെടുത്തുന്ന വിജനതയല്ല. മോഹിപ്പിക്കുന്ന വിജനത. മധുരിക്കുന്ന ഏകാന്തത. പൂക്കളുടെ മദിപ്പിക്കുന്ന വര്‍ണ്ണോത്സവം. കടുകുപാടങ്ങളുടെ അനന്തത. ആരണ്യകത്തിന്റെ ഹരിതനൃത്തം. ഏതു നിമിഷവും മണ്ണിടിഞ്ഞുവീഴാനിടയുള്ള കുടുസ്സായ വഴികളിലൂടെ, മാസ്മരിക സൗന്ദര്യത്തിന്റെ ഉന്മത്തതയില്‍ ആമഗ്‌നരായി പതുക്കെ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പൊടുന്നനെ മഞ്ഞിന്റെ മുഖാവരണമണിഞ്ഞ് പ്രകൃതി നമ്രമുഖിയായി. കാഴ്ചകള്‍ മങ്ങിത്തുടങ്ങി. അല്ല, നിഗൂഢ സൗന്ദര്യത്തിന്റെ അകക്കാഴ്ചകളിലേക്ക് ഞങ്ങളെത്തിയിരിക്കുന്നു. ഇതാണ് സെലാപ്പാസ്. 13700 അടി ഉയരത്തില്‍ ചരിത്രവും പ്രണയവും ഇണചേരുന്നയിടം. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍, ഇന്ത്യാ-ചൈന യുദ്ധവേളയിലെപ്പോഴോ ഇന്ത്യന്‍ സൈനികനായ ജസ്വന്ത് സിംഗ് ഇവിടെവെച്ച് സെലാ എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നു. യുദ്ധത്തിന്റെ രക്തസാക്ഷിയായി അവള്‍ മരണപ്പെടുന്നു. യുദ്ധത്തില്‍ വീരചരമം പ്രാപിച്ച ജസ്വന്ത് സിംഗിന്റെ സ്മാരകവും ഇതിനരികിലായിത്തന്നെയുണ്ട്.

ദേഹമാസകലം മരവിപ്പിക്കുന്ന കൊടുംതണുപ്പിനേയും വിസ്മരിപ്പിക്കുന്നതായിരുന്നു സെലാപ്പാസ്സിലെ ദൃശ്യവിസ്മയം. മൂടല്‍മഞ്ഞു വീണുകിടക്കുന്ന മനോഹരമായ തടാകം. മൂടല്‍മഞ്ഞകന്നകന്നുപോകുമ്പോള്‍ ചുറ്റുമുള്ള മഞ്ഞുമലകളുടെ സൗന്ദര്യമത്രയും ജലാശയത്തില്‍ പ്രതിഫലിച്ചു തിളങ്ങും. വീണ്ടും മൂടല്‍മഞ്ഞിന്റെ നീഹാരമണിഞ്ഞ് തടാകം സുഷുപ്തിയിലാഴും. ഒരു കാലിഡോസ്‌കോപ്പിലെന്നപോലെ മാറിമാറി ദര്‍ശിക്കാവുന്ന ദൃശ്യവിസ്മയങ്ങള്‍. പ്രകൃതി നമുക്കായി കാത്തുസൂക്ഷിക്കുന്ന ഇത്തരം മനോഹരമായ അത്ഭുതങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് നാം ജീവിതത്തെ ഏറെ തിരിച്ചറിയുക. നമ്മിലേക്കാഴ്ന്നിറങ്ങുന്ന ഓരോ കാഴ്ചയും വരുംകാലങ്ങളിലേയ്ക്കുള്ള ഊര്‍ജ്ജസംഭരണികളാണ്. കടുത്ത തണുപ്പിന്റെ സ്പര്‍ശാലസ്യത്താല്‍ അധികസമയം നില്‍ക്കാനായില്ല. നേരിയ ശ്വാസതടസ്സമനുഭവപ്പെട്ടു തുടങ്ങിയപ്പോള്‍ എല്ലാവരും വണ്ടിയില്‍ കയറി.

സെലാപ്പാസ്സില്‍നിന്നും തുടര്‍ന്നുള്ള യാത്രയിലാണ് തവാങ്ങിന്റെ ശരിയായ സ്പര്‍ശഗന്ധങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. മൂടല്‍മഞ്ഞിനിടയിലൂടെ നിഴല്‍പോലെ കാണുന്ന വൃക്ഷങ്ങള്‍ നെഗറ്റീവ് ഫോട്ടോഗ്രാഫിനെ ഓര്‍മ്മിപ്പിച്ചു. മഞ്ഞല്‍പ്പം നീങ്ങിത്തുടങ്ങുമ്പോള്‍ ചടുലവര്‍ണ്ണങ്ങളാര്‍ന്ന പുഷ്പങ്ങളും ഇലപ്പച്ചകളുമായി കാട് തെളിഞ്ഞുതുടങ്ങും. അഭ്രപാളിയിലെന്നപോലെ നിഴല്‍വെളിച്ചങ്ങള്‍ ഇടകലര്‍ന്ന പ്രകൃതി. ആരണ്യകത്തിന്റെ തീവ്രത ഇത്രയേറെ അനുഭവപ്പെടുന്ന ഇടങ്ങള്‍ ചുരുക്കമായിരിക്കും. ഈ ഇലപ്പച്ചകളുടെ വന്‍സമൃദ്ധിക്കിടയിലൂടെ ഒരു വെയില്‍ സൂചിപോലും ഭൂമിയിലേയ്ക്ക് തുളച്ചിറങ്ങില്ല. കൊടുംവനത്തിന്റെ ഹരിതാഭയിലലിഞ്ഞ് ഞങ്ങള്‍ നിശ്ശബ്ദരായി. ഇടയ്ക്ക് മുളംകാടുകള്‍. 

തവാങ്ങിലേക്കടുക്കാറായപ്പോഴേയ്ക്കും നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. താമസസ്ഥലത്തേയ്ക്കുള്ള വഴിതെറ്റി ഇരുട്ടില്‍ ഏറെദൂരം അലയേണ്ടിവന്നു. ആളുകളോ വീടുകളോ വാഹനങ്ങളോ ഇല്ലാത്ത വിജനതയില്‍ ആരോട് വഴി ചോദിക്കാന്‍? അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടുന്ന ബോര്‍ഡുകളിലേക്ക്  പ്രതീക്ഷയോടെ നോക്കി. ദിശാദൂരങ്ങള്‍ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ വളരെ ചുരുക്കം. വഴിതെറ്റിയലഞ്ഞും തണുപ്പില്‍ വിറച്ചും രാത്രി ഒന്‍പതുമണിയോടെയാണ് താമസസ്ഥലത്തെത്തിയത്. കഠിനമായ വിശപ്പ് അതിക്രമിച്ചു തുടങ്ങിയിരിക്കുന്നു. തണുപ്പിന്റെ കാഠിന്യം സഹിക്കാനാവാതെ രജായിക്കുള്ളിലേയ്ക്ക് വലിഞ്ഞുകയറി. തവാങ്ങിലെ ആദ്യത്തെ രാത്രി. ഏതാനും കിലോമീറ്ററുകള്‍ക്കകലെ ഭൂട്ടാനും ചൈനയും. ഇന്ത്യയുടെ ഇങ്ങേ അറ്റത്ത് ജീവിതത്തില്‍ അപ്രതീക്ഷിതമായി വീണുകിട്ടിയ രാത്രി. പുറത്തെ ശബ്ദങ്ങള്‍ക്കായി ചെവിയോര്‍ത്തു. പിന്നെ തണുപ്പിന്റെ ആലസ്യത്തിലമര്‍ന്ന്  നിദ്രയിലാണ്ടുപോയി.

തവാങ്ങിലെ അതിസുന്ദരമായ ഒരു പ്രഭാതത്തിലേക്കാണ് മിഴി തുറന്നത്. വെറുതെ നടക്കാനിറങ്ങി. പുറത്ത് ആളുകളൊന്നുമില്ല. ജനസംഖ്യ നന്നെ കുറവായ ഈ ദേശത്ത് ഉള്ളവര്‍ തന്നെ പുറത്തേക്കിറങ്ങാറില്ലെന്നു തോന്നുന്നു. നീണ്ടുനീണ്ടുകിടക്കുന്ന പൈന്‍മരക്കാടുകള്‍ക്കിടയിലൂടെ നടന്നു. മിക്ക വീടുകളിലും മുറ്റം നിറയെ മനോഹര വര്‍ണ്ണങ്ങളിലുള്ള പുഷ്പങ്ങള്‍.  തവാങ്ങിലെത്തുന്ന സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കാറുണ്ട് മാധുരി തടാകമെന്നാണ് ഹോട്ടലില്‍ വെച്ച് പരിചയപ്പെട്ട ഒരു തവാങ്ങ് നിവാസി പറഞ്ഞത്. അതുകൊണ്ടുതന്നെ മാധുരി തടാകത്തിലേക്ക് അത്യുല്‍സാഹത്തോടെയാണ് പുറപ്പെട്ടത്. അല്പദൂരം സഞ്ചരിച്ചപ്പോള്‍ത്തന്നെ വഴികള്‍ തികച്ചും വ്യത്യസ്തമായി അനുഭവപ്പെട്ടു. ഇടതൂര്‍ന്ന വനങ്ങള്‍ കുറഞ്ഞ് കുറഞ്ഞു കൂടുതല്‍ കൂടുതല്‍ പൂമരങ്ങള്‍ പ്രത്യക്ഷമായി. മൂടല്‍മഞ്ഞിനിടയിലൂടെ മങ്ങിയും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്ന നിറപ്പകിട്ടാര്‍ന്ന പൂമരങ്ങള്‍. വര്‍ണ്ണചാരുതകളുടെ മേളനം. സമസ്ത ദുഃഖങ്ങളേയും വിസ്മരിപ്പിക്കും ഈ ഇന്ദ്രിയാനുഭൂതി. പഞ്ചേന്ദ്രിയങ്ങളേയും ഒരുമിച്ചുണര്‍ത്തി ഈ അഴകിനെ ആവാഹിച്ചെടുക്കുമ്പോഴാണ് കാഴ്ച പൂര്‍ണ്ണമാവുക.
പൊടുന്നനെ റോഡോഡെന്‍ഡ്രോണ്‍ പുഷ്പവനത്തിലേക്ക് പ്രവേശിക്കുകയായി. ഹിമാലയത്തില്‍ പലയിടങ്ങളിലും റോഡോഡെന്‍ഡ്രോണ്‍ പുഷ്പങ്ങളെ കണ്ടിട്ടുണ്ടെങ്കിലും ഇത്രയേറെ വര്‍ണ്ണങ്ങളില്‍ ഇത്രയധികം റോഡോഡെന്‍ഡ്രോണ്‍ പുഷ്പങ്ങള്‍! ഇതൊരു അപൂര്‍വ്വ ദര്‍ശനം തന്നെ. മുന്നോട്ട് പോകുന്തോറും ഭൂമി മുഴുവന്‍ പല വര്‍ണ്ണങ്ങളിലുള്ള റോഡോഡെന്‍ഡ്രോണ്‍ പുഷ്പങ്ങള്‍ മാത്രമായി. ഏറെ ദുര്‍ഘടമായ വഴികളിലൂടെയാണ് വണ്ടി കടന്നുപോയ്ക്കൊണ്ടിരുന്നത്. പലപ്പോഴും റോഡാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വഴികളിലൂടെ.

മുന്നോട്ട് പോകുന്തോറും തണുപ്പ് കൂടിക്കൂടി വന്നു. കൊടും തണുപ്പിന്റെ ആലിംഗനത്തിലമര്‍ന്നാണ് മാധുരി തടാകത്തിനരികിലെത്തിയത്. റോഡോഡെന്‍ഡ്രോണ്‍ പുഷ്പങ്ങള്‍ക്കു നടുവില്‍ ഹിമവൈഡൂര്യങ്ങളണിഞ്ഞു നില്‍ക്കുന്ന മാധുരിതടാകം പുഷ്പകിരീടങ്ങളണിഞ്ഞ രാജ്ഞിയെപ്പോലെ തോന്നിച്ചു. അകലെ തിളങ്ങുന്ന മഞ്ഞുമലകള്‍. തടാകത്തിലേക്ക് വീണുകിടക്കുന്ന മൂടല്‍മഞ്ഞ് നവോഢയുടെ ശിരോവസ്ത്രത്തെ ഓര്‍മ്മിപ്പിച്ചു. മൂടല്‍മഞ്ഞും തടാകനീലിമയും പുഷ്പങ്ങളും ചേര്‍ന്ന ദൃശ്യമനോഹാരിത. സുന്ദരിയുടെ തരിവളകള്‍പോലെ തടാകത്തില്‍ തെന്നിത്തെന്നി നീങ്ങുന്ന സ്വര്‍ണ്ണത്താറാവുകള്‍. ആ വശ്യസൗന്ദര്യത്തില്‍ ആമഗ്‌നയായി നിന്നുപോയി. 12000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ തടാകത്തിന്റെ യഥാര്‍ത്ഥ പേര് 'ഷങ്സ്റ്റര്‍' എന്നാണ്. 'കൊയ്ല' എന്ന പ്രശസ്ത ബോളിവുഡ് സിനിമയില്‍ ഈ തടാകത്തിന്റെ പശ്ചാത്തലത്തില്‍ മാധുരി ദീക്ഷിതിന്റെ ഒരു പാട്ടുസീന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. അതിനുശേഷമാണ് ഈ തടാകത്തിന് മാധുരി തടാകമെന്ന പേരു ലഭിച്ചത്.

കൂട്ടിയിട്ടിരുന്ന തീയ്ക്കു ചുറ്റുമിരുന്ന് തണുപ്പിന്റെ കാഠിന്യത്തില്‍നിന്നും രക്ഷനേടാന്‍ ശ്രമിച്ചു. ഇതിനകം തന്നെ ടൂറിസ്റ്റ് കേന്ദ്രമായി വികസിച്ചിരുന്ന മാധുരി തടാകത്തോടനുബന്ധിച്ച് റെസ്റ്റോറന്റടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. മഞ്ഞും തണുപ്പും പകര്‍ന്നുനല്‍കിയ സംത്രാസങ്ങളിലൂടെ ഞങ്ങള്‍ സ്വപ്നഭൂമിയില്‍നിന്നും ജീവിതത്തിലേക്ക് തിരിച്ചുപോകാനൊരുങ്ങി.

യഥാര്‍ത്ഥത്തില്‍ തവാങ്ങിലെ പ്രശസ്തമായ ബുദ്ധക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് തവാങ്ങ് നിവാസികളുടെ ജീവിതം. വികാരരഹിതമായ അവരുടെ കണ്ണുകളില്‍പ്പോലുമുണ്ട് ബുദ്ധതത്ത്വങ്ങളുടെ പ്രതിഫലനം.
ലോകത്തിലെ തന്നെ ബുദ്ധക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും വലിപ്പമുള്ളതുമാണ് തവാങ്ങിലേത്. അതിമനോഹരമായ മലനിരകള്‍ക്കിടയിലാണ് ഈ ബുദ്ധക്ഷേത്രം. 400 ബുദ്ധസന്ന്യാസിമാരും 450 ലാമമാരുമാണ് ഇവിടുത്തെ അന്തേവാസികള്‍. ചൈനീസ് ഗവണ്‍മെന്റുമായുള്ള പോരാട്ടത്തില്‍ പരാജയപ്പെട്ട് ജീവരക്ഷയ്ക്കായി ഒളിച്ചോടിയ പതിന്നാലാമത്തെ ദലൈലാമയ്ക്ക് അഭയം ലഭിച്ചത് ഇവിടെയാണ്. ദലൈലാമയുടെ നിര്‍ദ്ദേശപ്രകാരം, മേരാലാമ ബുദ്ധക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നു. അതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്താനാവാതെ പ്രതിസന്ധിയിലായ മേരാലാമ ഒരു ഗുഹയില്‍ ധ്യാനസ്ഥനായി. ഗുഹയില്‍നിന്നും പുറത്തേക്കു വന്ന മേരാലാമ പുറത്തുനിര്‍ത്തിയ കുതിര അപ്രത്യക്ഷമായതാണ് കണ്ടത്. കുതിരയെ അന്വേഷിച്ചന്വേഷിച്ച് ഒടുവില്‍ മനോഹരമായ ഒരു മലയുടെ മുകളില്‍ അതിനെ കണ്ടെത്തുന്നു. ദൈവം തിരഞ്ഞെടുത്തു തന്ന സ്ഥലമാണെന്ന വിശ്വാസത്തില്‍ അവിടെത്തന്നെ ബുദ്ധക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. തവാങ്ങിലെ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ബുദ്ധപ്രതിമ ഏറെ പ്രശസ്തമാണ്.

തവാങ്ങ് ബുദ്ധക്ഷേത്രം സന്ദര്‍ശിക്കാനായി ചെന്നപ്പോള്‍ ബുദ്ധസന്ന്യാസിമാരാകാന്‍ തെരഞ്ഞെടുക്കപ്പെട്ട കൊച്ചുകുട്ടികള്‍ ബുദ്ധസൂക്തങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. ബാല്യത്തിന്റെ എല്ലാ കുസൃതികളുമുണ്ട് അവരുടെ നോക്കിലും വാക്കിലും പ്രവൃത്തികളിലും. മന്ത്രോച്ചാരണത്തിനിടയില്‍ അശ്രദ്ധ കാട്ടുന്ന കുസൃതിക്കുരുന്നുകളുടെ നെറ്റിയില്‍ ഒരു ദണ്ഡുപയോഗിച്ച് മര്‍ദ്ദിക്കുന്ന അധ്യാപകന്‍. സന്ദര്‍ശകരായെത്തിയ ഞങ്ങളെ കണ്ടപ്പോള്‍ അവര്‍ കൂടുതല്‍ കുസൃതികളായി.

വളരെ ചെറുപ്പം മുതല്‍ തന്നെ ബുദ്ധസന്ന്യാസിമാരാകുന്നതിനു കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്നു. മൂന്നോ അതിലധികമോ കുട്ടികളുള്ള എല്ലാ കുടുംബങ്ങളില്‍നിന്നും ഒരാളെയെങ്കിലും സന്ന്യാസത്തിന് വിട്ടുകൊടുക്കണം. മൂന്നുപേരില്‍ രണ്ടാമത്തെ കുട്ടിയെയാണ് നല്‍കേണ്ടത്. അയാള്‍ക്ക് എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ മറ്റു രണ്ടുപേരില്‍ ഒരാളെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് ചെറുപ്പം മുതലേ പരിശീലനം നല്‍കുന്നു. അഞ്ചിനും പന്ത്രണ്ടിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെയാണ് തെരഞ്ഞെടുക്കുക. അവരുടെ തലമൊട്ടയടിച്ച് സന്ന്യാസി വേഷം ധരിപ്പിച്ച് ബുദ്ധവിഹാരത്തിനു കൈമാറുന്നു.
അതൊരു വല്ലാത്ത അനുഭവമായിരുന്നു, ബുദ്ധസന്ന്യാസിനി മഠത്തിലേക്കുള്ള യാത്ര. തവാങ്ങ് ബുദ്ധക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് താമസിക്കാനാവാത്തതിനാല്‍ അവിടെനിന്നും നാല് മൈല്‍ അകലെയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. തവാങ്ങ് ബുദ്ധക്ഷേത്രം സ്ഥാപിച്ച മേരാലാമയ്ക്ക് ഒരു സഹോദരിയുണ്ട്. ബുദ്ധസന്ന്യാസിനിയായ അവളുടെ പങ്കാണ് ഇവിടുത്തെ 36 അന്തേവാസിനികള്‍ക്ക് ലഭിക്കുന്നത്. ഇന്നും ഈ പതിവിനു മാറ്റമില്ല. ഇവിടെ ആഘോഷങ്ങളും ആരവങ്ങളുമില്ല. ബുദ്ധസൂക്തങ്ങള്‍പോലും വളരെ വളരെ നേരിയ ശബ്ദത്തില്‍. അടക്കിയടക്കി വെച്ചിരിക്കുന്ന നേരിയ വിതുമ്പല്‍പോലെ. പ്രകൃതിക്കുപോലും വിഷാദഭാവം. യുവതികളും സുന്ദരികളുമായ സന്ന്യാസിനിമാര്‍ മെറൂണും മഞ്ഞയും കലര്‍ന്ന സന്ന്യാസിവേഷങ്ങളില്‍ കൂടുതല്‍ സുന്ദരികളായി. ആ കണ്ണുകളില്‍ ഭക്തിയെക്കാളേറെ വിഷാദമായിരുന്നുവെന്ന് എനിക്കു തോന്നി. വിറയ്ക്കുന്ന ചുവന്ന ചുണ്ടുകളാല്‍ പ്രാര്‍ത്ഥനാമന്ത്രം ഉരുവിടുമ്പോള്‍ അവര്‍ നിശ്ശബ്ദമായി കരയുകയാണെന്നു തോന്നി.

ഇത് തവാങ്ങിലെ അവസാനത്തെ രാത്രിയാണ്. ഇനി ജീവിതത്തിലൊരിക്കലും ഇവിടേക്ക് വരില്ലായിരിക്കാം. അതിമനോഹരമായ മലനിരകള്‍ക്കിടയിലെ, വനസമൃദ്ധമായ, ആള്‍ത്തിരക്കുകളില്ലാത്ത ഈ നാടിനെ എനിക്കൊരുപാടിഷ്ടമായി. ഇനി ഒരിക്കലും ലഭിക്കുകയില്ലെന്ന തോന്നല്‍കൊണ്ടു കൂടിയാകാം ഈ ഇഷ്ടക്കൂടുതല്‍. തവാങ്ങിലെ അവസാനത്തെ പ്രഭാതത്തിലേക്ക് കണ്ണുതുറക്കുമ്പോള്‍ നേരം ഏറെയായിരുന്നു. സഹയാത്രികരൊക്കെയും തുടര്‍ന്നുള്ള യാത്രയ്ക്ക് തയ്യാറെടുത്തു തുടങ്ങിയിരുന്നു. ഇന്നു സന്ധ്യയോടുകൂടി ബോംഡിലയിലെത്തണം. ഹരിതസൗന്ദര്യത്തിന്റെ പരിപൂര്‍ണ്ണതയാണ് ഇവിടുത്തെ കാടുകളുടെ പ്രത്യേകത. പച്ചപ്പിന്റെ തീവ്രതയില്‍ ജീവിതം ഉര്‍വ്വരമായിത്തീര്‍ന്നതുപോലെ. ഹരിതാനന്ദത്തിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കെ മുന്നില്‍ പതിയെ മൂടല്‍മഞ്ഞ് വീണുതുടങ്ങുന്നു. ഇപ്പോള്‍ സെലാപ്പാസ്സിലേക്കുള്ള വഴിയിലാണ്. പിന്നെ പിന്നെ ആറുമണിക്കൂറോളം മൂടല്‍മഞ്ഞിലൂടെയായി യാത്ര. ഞങ്ങളിപ്പോള്‍ ഭൂമിയിലല്ല. മേഘങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന അരൂപികള്‍. ഉന്മാദത്തിന്റെ മൂര്‍ദ്ധന്യത്തില്‍ അറിയാതെ എഴുതിപ്പോയി.
അപൂര്‍വ്വമായ ആ വിസ്മയാനുഭവത്തിന്റെ ആനന്ദപാരമ്യത്തില്‍നിന്ന് പതിയെയുണരുമ്പോള്‍ കാഴ്ചകള്‍ തെളിഞ്ഞുതെളിഞ്ഞുവരുന്നു. ഹരിത ചാരുതയിലേയ്ക്ക് മിഴിതുറക്കുന്നു.

ഏറെ ചരിത്രപ്രശസ്തമായ ബോംഡിലയിലാണ് ഇന്നത്തെ രാപ്പാര്‍പ്പ്. മുന്‍പ് ടിബറ്റിന്റെ ഭാഗമായിരുന്നു ബോംഡില. അതുകൊണ്ടുതന്നെ ടിബറ്റിന്റെ ഭാവങ്ങളോട് ഏറെ താദാത്മ്യം പുലര്‍ത്തുന്നുണ്ട് ബോംഡില. 1962-ലെ ഇന്ത്യാ-ചൈന യുദ്ധകാലത്ത് ബോംഡില ഒരു പ്രധാന തര്‍ക്കവിഷയമായിരുന്നു. ബോംഡിലയില്‍നിന്നും ഇറ്റാനഗറിലേക്ക് പോകുമ്പോള്‍ ഒരു തലസ്ഥാന നഗരിയെക്കുറിച്ചുള്ള പ്രതീക്ഷകളുണ്ടായിരുന്നു. തകര്‍ന്നുകിടക്കുന്ന റോഡുകളും വൃത്തിഹീനമായ നഗരവും ഏറെ നിരാശപ്പെടുത്തി. വടക്കു കിഴക്കന്‍ നാടുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ത്തന്നെ സുഖകരമായ തണുപ്പും ഹരിതാഭയും ആണ് ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുക. ഇറ്റാനഗറിലെ തണുപ്പറ്റ കാലാവസ്ഥയും അന്തരീക്ഷവും അവയില്‍നിന്നു വിഭിന്നമായിരുന്നു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഇറ്റാഫോര്‍ട്ട് ആണ് 'ഇറ്റാനഗര്‍' എന്ന പേരു നല്‍കിയത്. അരുണാചല്‍പ്രദേശിനെക്കുറിച്ചുള്ള ഏകദേശ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന രണ്ടു നല്ല മ്യൂസിയങ്ങള്‍ ഇറ്റാനഗറിലുണ്ട്. ഇവിടുത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിതത്തെ ഒരു തുറന്ന പുസ്തകം പോലെ ലഭ്യമാക്കുന്നയിടം. പ്രത്യേകിച്ചൊന്നും തന്നെ മനസ്സിലവശേഷിപ്പിക്കാതെ ഇറ്റാനഗറില്‍ ഒരു ദിവസം കടന്നുപോയി.
അരുണാചലിന്റെ ഉള്ളിടങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ പറയാനാവാത്ത നിഗൂഢതയും രഹസ്യാത്മകതയും അനുഭവപ്പെടാറുണ്ട്. 'Mystic places' എന്ന ഓമനപ്പേര് അവയ്ക്ക് കൊടുക്കാമെന്ന് തോന്നുന്നു. അപൂര്‍വ്വമായി കണ്ടുമുട്ടുന്ന മുഖങ്ങളിലാവട്ടെ, നിസ്സംഗഭാവങ്ങളുടെ മുഖാവരണത്തിനപ്പുറത്ത് ഗൂഢഭാവങ്ങളുടെ ഒളിയിടങ്ങള്‍. അല്പമെങ്കിലും വൈകാരികമായ ഒരു വാക്കും അവരില്‍നിന്നും നമുക്ക് കേള്‍ക്കാനാവില്ല. ബുദ്ധമതതത്ത്വങ്ങളുടെ സ്വാധീനത്താലാകാം ഒന്നിനെക്കുറിച്ചും ആശകളും ആശങ്കകളുമില്ലാതെ ഏതൊരു ഉള്‍ത്താപത്തിന്റെ ലാവാപ്രവാഹത്തേയും ഉള്ളിലൊതുക്കി ജീവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നത്. 

അരുണാചലിലെ 'സീറോ' ഗ്രാമം ഇതില്‍നിന്ന് വ്യത്യസ്തമായിരിക്കുന്നു. ഇവിടുത്തെ മറ്റ് സ്ഥലങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളീയര്‍ക്കിടയിലും പരിചിതമായ സ്ഥലമാണിത്. അല്പം കൂടി തുറന്ന സമീപനം സ്വീകരിക്കുന്നവരാണ് 'സീറോ' നിവാസികള്‍. ഇറ്റാനഗറില്‍നിന്നും സീറോഗ്രാമത്തിലേക്കുള്ള യാത്ര വേറിട്ടൊരനുഭവമായിരുന്നു. തവാങ്ങിലേക്കുള്ള വഴികളിലെ കനത്ത കാടുകളല്ല, മറിച്ച് മുളങ്കാടുകളും കനംകുറഞ്ഞ കാടുകളും കൃഷിയിടങ്ങളും ചേര്‍ന്നതായിരുന്നു 'സീറോ'യിലേക്കുള്ള വഴി. തവാങ്ങിലേക്കുള്ള ഇരുളിമയാര്‍ന്ന വഴികളില്‍ ഭയപ്പെടുത്തുന്ന അപരിചിതത്വമാണ് അനുഭവപ്പെട്ടത്. 'സീറോ'യിലേക്കുള്ളതാകട്ടെ, സ്വപ്നത്തിലെന്നോ കണ്ടു മറന്നതുപോലെ പരിചിതമായി തോന്നുന്നു. മുളന്തണ്ടുകളില്‍ താങ്ങിനിര്‍ത്തിയിട്ടുള്ള കൊച്ചുകൊച്ചു വീടുകള്‍ക്കു ചുറ്റും ഇത്തിരിവട്ടങ്ങളില്‍പ്പോലും കൃഷിയിടങ്ങള്‍. ഇത്തിരിപ്പോന്ന ഇടങ്ങളില്‍ വരെ നെല്‍ക്കൃഷി ചെയ്തിരിക്കുന്നത് കണ്ട് നമ്മുടെ നാട്ടില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന നെല്‍പ്പാടങ്ങളോര്‍മ്മവന്നു.

ഇപ്പോള്‍ സുന്ദരമായ മുളങ്കാടുകള്‍ക്കിടയിലൂടെയാണ് വണ്ടി നീങ്ങുന്നത്. മുളങ്കാടുകളെ തഴുകി സംഗീതമുണര്‍ത്തുകയാണ് കാറ്റ്. നിരാലംബരായ ഈ യാത്രികരോടും അദൃശ്യമായി സംവദിക്കുന്നുണ്ട് കാറ്റ്. ലിപികളില്ലാത്ത കാറ്റിന്റെ ഭാഷയെ വിവര്‍ത്തനം ചെയ്യുന്നുണ്ട് മുളങ്കാട്. കാറ്റിന്റേയും ജലത്തിന്റേയും ശബ്ദത്തെ ആവാഹിക്കുന്നവനേ പ്രകൃതിയെ ഉള്‍ക്കൊള്ളാനാവൂ. നിരവധി വര്‍ണ്ണങ്ങളില്‍ അതിമനോഹരമായ പുഷ്പങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഇടമായിരുന്നു 'സീറോ'യിലെ രാപ്പാര്‍പ്പിന് ഞങ്ങള്‍ കണ്ടെത്തിയത്. ആ ഒരൊറ്റ രാത്രികൊണ്ട് 'സീറോ'യിലെ പ്രകൃതിസൗന്ദര്യത്തോട് രമിച്ചുപോയി. അരുണാചലിന്റെ ഹീറോ തന്നെ ഈ 'സീറോ' ഗ്രാമം. താമസിക്കാനുള്ള കുടില്‍ മുതല്‍ ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങള്‍ വരെ മുളകൊണ്ട് തീര്‍ത്തവ. അത്രമേല്‍ പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരാണിവര്‍.
ഏറെ സ്വതന്ത്ര ചിന്താഗതിയുള്ള ഈ നാടന്‍ ഗ്രാമീണരുടെ ആചാരങ്ങള്‍ ഏറെ രസകരമാണ്. പന്ത്രണ്ട് വയസ്സുവരെ മാത്രമേ ആണ്‍കുട്ടികളെ മാതാപിതാക്കള്‍ സംരക്ഷിക്കുകയുള്ളു. പിന്നീട് ഇഷ്ടമുള്ള പെണ്‍കുട്ടികളോടൊപ്പം അവര്‍ക്ക് സ്വതന്ത്രമായി കഴിയാം. തിരിച്ച് വീട്ടിലേക്ക് വരാനോ വീട്ടുകാരെ ആശ്രയിച്ച് ജീവിക്കാനോ പറ്റില്ല. വളരെ ചെറുപ്പത്തില്‍ സ്വയംപര്യാപ്തരായി തീരുന്നവരുടെ ഗ്രാമം.പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്ന രീതിയും രസകരം തന്നെ. വിവാഹം കഴിക്കാന്‍ പോകുന്ന ആണ്‍കുട്ടിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മരത്തില്‍ കെട്ടിയിടുന്നു. ഏതു മാര്‍ഗ്ഗത്തിലൂടെയും അയാള്‍ക്ക് സ്വയം മോചിതനാകാന്‍ സാധിക്കുമെങ്കില്‍ മാത്രമേ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാവൂ.

ഏത് അതിഥിയേയും മദ്യം നല്‍കി സല്‍ക്കരിക്കുകയെന്നതാണ് ഇവരുടെ രീതി. അവരെ സംബന്ധിച്ചിടത്തോളം മദ്യമെന്നത് വിലക്കപ്പെട്ട ഒന്നല്ല. മദ്യം ജീവിതത്തിന്റെ ഭാഗമായതിനാലാകാം അവര്‍ക്ക് അമിതാസക്തികളുമില്ല. ഒരു സദാചാര പൊലീസിന്റേയും കാവലില്ലാതെ ശാന്തസുന്ദരമായി ജീവിക്കുന്ന ജനത. എന്തുകൊണ്ടോ ബുദ്ധമതം തീര്‍ക്കുന്ന ചതുരങ്ങള്‍ക്കുള്ളില്‍ തടവിലിടപ്പെട്ടതല്ല അവരുടെ ജീവിതം. സീറോ നിവാസികള്‍ ജീവിതം ആഘോഷിക്കുകതന്നെയാണ്. ഹ്രസ്വമായ കാലത്തെ, കഴിയുവോളം നിറപ്പകിട്ടുള്ളതാക്കി തീര്‍ക്കുകതന്നെയാണ്. ഓരോ യാത്രയിലും പലദേശങ്ങളില്‍, പലകാലങ്ങളില്‍ നിരവധി നിരവധി ആളുകളെ കാണുമ്പോള്‍ ചിന്തിക്കാറുണ്ട്.

എത്രമേല്‍ തരംതിരിച്ചാലും തീരാത്തത്രയും വൈവിധ്യമാര്‍ന്നവരാണല്ലോ ഈ ഭൂമിയിലുള്ളത്. പക്ഷേ, ദുരിതങ്ങളും വേദനകളും അനുഭവിക്കുമ്പോള്‍ ഈ ലോകം മുഴുവനുമുള്ള മനുഷ്യര്‍ക്ക് ഒരേ ഒരു മുഖമേയുള്ളൂ. ഒരേ ഒരു തരമേയുള്ളൂ. ഓരോ യാത്രയും ഓരോ ജന്മം തന്നെയാണ്. തിരിച്ചുപോക്കുകളാകട്ടെ ഓര്‍മ്മകളുടെ, അനുഭവങ്ങളുടെ, തിരിച്ചറിവുകളുടെ നിധിപേടകങ്ങളുമായിട്ടാണ്. തവാങ്ങ് മനോഹരമായ ഒരു സ്വപ്നമായിരുന്നു. ഞങ്ങള്‍ സ്വപ്നസഞ്ചാരികള്‍, നക്ഷത്രഭരിതവും നിദ്രാരഹിതവുമായ ഒരു രാവിലൂടെ കടന്ന് പകല്‍വെളിച്ചമെന്ന യാഥാര്‍ത്ഥ്യത്തെ പുല്‍കാനായുകയാണ്. അരുണാചലിലും ആസ്സാമിലുമൊക്കെ അനുഭവവേദ്യമായ ഹരിതചാരുതയും വെണ്‍മഞ്ഞിന്റെ ധവള വിശുദ്ധിയും കാടകങ്ങളുടെ സമാധാന പൂര്‍ണ്ണമായ നിശ്ചലതയും പകര്‍ന്നുതന്ന മനശ്ശാന്തി അപാരമായിരുന്നു.

ചിത്രങ്ങള്‍ : സി.ജെ. തോമസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com