ചരിത്രം കത്തിച്ചുവച്ച ലോഡ്ജുകള്‍

ചരിത്രത്തിലേക്കുളള ആത്മസഞ്ചാരമായി മാറുന്നു എസ്.ആര്‍. ലാലിന്റെസ്റ്റാച്യു. പി.ഒ. എന്ന നോവല്‍
ചരിത്രം കത്തിച്ചുവച്ച ലോഡ്ജുകള്‍

ണ്‍പതുകളുടെ മധ്യത്തോടെയാണ് ഞാന്‍ തിരുവനന്തപുരം നഗരത്തിന്റെ ജീവിതസന്ധികളിലേക്ക് പ്രവേശിക്കുന്നത്. നഗരത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ കാമനകളിലൂടെ  മൂന്നു പതിറ്റാണ്ടു കാലമായി സഞ്ചരിക്കുന്നു. വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ ജീവിതം വിന്യസിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ തലസ്ഥാനം മോഹിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന, സാന്ത്വനിപ്പിക്കുന്ന ജീവിതസ്ഥലിയാണ്. വിശാല സാംസ്‌കാരിക ചരിത്രത്തിന്റേയും സവിശേഷ രാഷ്ട്രീയ പാരമ്പര്യത്തിന്റേയും സൂക്ഷ്മമായ സാമൂഹിക പരിണാമങ്ങളുടേയും ഏടുകള്‍ കൊണ്ടാണ് ഈ നഗരം പണിതുയര്‍ത്തിയിരിക്കുന്നത്. ജീവിതത്തിന്റെ വിഭിന്ന ശിഖരങ്ങള്‍ക്ക് പൂക്കാനുള്ള ജീവജലം ഈ നഗരത്തിന്റെ ഹൃദയസരസ്സില്‍നിന്ന് ഉറവെടുക്കുന്നുണ്ട്. അത്തരം നിരവധി കാരണങ്ങള്‍കൊണ്ടാണ് തിരുവനന്തപുരം നഗരം എന്നെപ്പോലുള്ളവര്‍ക്ക് ജീവിതത്തിന്റെ പ്രണയഭൂമിയാകുന്നത്.

കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ എസ്.ആര്‍. ലാലിന്റെ 'സ്റ്റ്യാച്ച്യു പി.ഒ.' എന്ന പുതിയ നോവല്‍ തിരുവനന്തപുരം നഗരത്തിന്റെ ബൃഹത്ചരിത്രത്തിലെ ഒരു അധ്യായമാണ്. എഴുപതുകളിലും എണ്‍പതുകളിലും നഗരവാസികളായിരുന്ന ധിഷണാശാലികളുടേയും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരുടേയും ആത്മവിചാരങ്ങള്‍ കൂടിയാണ്. കേരളത്തിലെ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയ പരിണാമങ്ങളുടെ സൂക്ഷ്മാവതരണവുമുണ്ട്.  ഈ നോവല്‍ നഗരത്തിന്റെ ഭൂതകാല ജീവിതപഥങ്ങളിലൂടെ വിരല്‍പിടിച്ചു കൊണ്ടുപോകുന്നതാണ്.

എഴുപതുകളിലെ വസന്തത്തിന്റെ ഇടിമുഴക്കം തിരുവനന്തപുരം നഗരത്തിലും ശക്തമായി പ്രതിധ്വനിച്ചു. വ്യത്യസ്ത ദേശങ്ങളില്‍നിന്ന് നഗരത്തില്‍ തമ്പടിച്ച യുവത്വത്തിന്റെ ധൈഷണിക സായാഹ്നങ്ങളില്‍ അതിന്റെ അനുരണനങ്ങള്‍ ഉയര്‍ന്നു. മാസിക പ്രവര്‍ത്തനം, ചിന്താസംവാദങ്ങള്‍, ആസക്തി നിറഞ്ഞ വായന, കവിത ചൊല്ലല്‍, ചലച്ചിത്രപ്രദര്‍ശനം തുടങ്ങി നിരവധി സാംസ്‌കാരിക പഥങ്ങളിലൂടെയാണ് വിപ്ലവത്തിന്റെ ധൈഷണിക ചക്രവാളങ്ങളിലേക്ക് യുവത കടന്നുചെന്നത്. നഗരത്തിന്റെ പ്രധാന ലോഡ്ജുകള്‍ കേന്ദ്രീകരിച്ചായിരുന്നു അത്തരം കൂട്ടായ്മകള്‍ നടന്നിരുന്നത്. അക്കാലത്ത് ഓരോ ലോഡ്ജും ഓരോ സാംസ്‌കാരിക കേന്ദ്രങ്ങളായിരുന്നു. അതിന്റെ അകത്തളങ്ങളിലെ എരിഞ്ഞുതീരാത്ത രാത്രികളായിരുന്നു കേരളീയ ജീവിതത്തെ ജ്വലിപ്പിച്ചത്. കെ. വേണു, കെ.പി. കുമാരന്‍, പി.ടി. തോമസ്, എം. സുകുമാരന്‍, ആര്‍. നന്ദകുമാര്‍, കടമ്മനിട്ട രാമകൃഷ്ണന്‍, ബി. രാജീവന്‍, കെ.ജി. ശങ്കരപ്പിള്ള, എന്‍. എസ്. മാധവന്‍ തുടങ്ങി എത്രയോ ധിഷണാശാലികള്‍ ലോഡ്ജുമുറികള്‍ക്കകത്തിരുന്ന് കാലത്തെ ചുവപ്പിച്ചു. അരവിന്ദന്‍, പി. പത്മരാജന്‍, നെടുമുടിവേണു, നരേന്ദ്രപ്രസാദ്, സേതു, വിനയചന്ദ്രന്‍, എ. അയ്യപ്പന്‍, യു. ജയചന്ദ്രന്‍, നടന്‍ മുരളി ഇങ്ങനെ നിരവധി കലാകാരന്മാരും എഴുത്തുകാരും ചരിത്രം സ്വപ്നം കണ്ടത് നഗരത്തിലെ ഇടുങ്ങിയ മുറികളിലിരുന്നായിരുന്നു. ഈ പ്രതിഭാശാലികളുടെ ആത്മകഥയില്‍ ഒരധ്യായം ഏതെങ്കിലുമൊരു ലോഡ്ജിന്റെ ഇരുണ്ട മുറികളിലേക്ക് തുറന്നുവച്ചിട്ടുണ്ടാവും.

തൊണ്ണൂറുകളില്‍ എഴുതുമ്പോഴേക്കും നഗരത്തിലെ ലോഡ്ജുകളില്‍ മറ്റൊരു തലമുറ വാസമുറപ്പിച്ചു. പഴയകാല പ്രതാപങ്ങളുടെ അവശിഷ്ട അധ്യായത്തിലൂടെയാണ് ഞങ്ങള്‍ സഞ്ചരിച്ചത്. ജീവിതത്തിന്റെ ലഹരിയും ലഹരിയുടെ കാമവും മറ്റനവധി ജീവിതഗതികളിലേക്ക് കൂടുമാറി. അനാര്‍ക്കിയില്‍നിന്നും ഉത്തരാധുനികതയുടെ സ്വാസ്ഥ്യത്തിലേക്ക് കാലം പരിണമിച്ചു. പുതിയ ആശയവും പുതിയ കാഴ്ചപ്പാടുകളുമാണ് ലോഡ്ജു മുറിയില്‍ വാസമുറപ്പിച്ചത്. നഗരത്തില്‍ പുതിയൊരു ആവാസവ്യവസ്ഥ നിലവില്‍ വന്നു. രാഷ്ട്രീയവും സംസ്‌കാരവും കലയും അതില്‍ വളര്‍ന്നുനിന്നെങ്കിലും ശിഖരങ്ങളുടെ വളര്‍ച്ചയും ഇലകളുടെ വര്‍ണവും മറ്റൊന്നായിരുന്നു. പാരസ്പര്യം, മൂല്യബോധം, നിസ്വാര്‍ത്ഥത, കരുതല്‍, കാരുണ്യം, ആദര്‍ശം തുടങ്ങി പലതും അസ്തമിച്ചുകഴിഞ്ഞിരുന്നു. രണ്ടായിരത്തോടെ പ്രസിദ്ധമായ ലോഡ്ജുകള്‍ ചരിത്രത്തിലെ ഒഴിഞ്ഞ ഇടങ്ങളായി മാറി. ശാസ്തമംഗലം  പൈപ്പിന്‍മൂട്ടിലെ കടമ്മനിട്ട സത്രത്തിന്റെ മുന്‍പിലൂടെ പോകുമ്പോള്‍ സെക്രട്ടറിയേറ്റിന് പിന്നിലെ കാര്‍ത്തിക ലോഡ്ജിന്റെ അവശിഷ്ടങ്ങള്‍ കാണുമ്പോള്‍ ഒരു ചരിത്രം അവസാനിച്ചത് തിരിച്ചറിയുന്നു. ലാലിന്റെ നോവല്‍, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമെന്ന് പ്രഖ്യാപിക്കുന്നു. 

എസ്.ആര്‍. ലാലിന്റെ 'സ്റ്റാച്ച്യു പി.ഒ.'  എന്ന നോവല്‍ ഇത്തരം ചരിത്രത്തിലേക്കുള്ള ആത്മസഞ്ചാരമാണ്. എഴുപതുകളുടെ ചരിത്രം നിരവധി തലങ്ങളിലൂടെ രേപ്പെടുത്തിയിട്ടുണ്ട്. ആത്മാഖ്യാനങ്ങളും ചരിത്രപഠനങ്ങളും രാഷ്ട്രീയ നിരീക്ഷണങ്ങളുമായി അത് ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. ഒരു നോവലിന്റെ ജീവധാരയിലേക്ക് അത് കടക്കുന്നത്  അപൂര്‍വ്വസന്ദര്‍ഭങ്ങളില്‍ മാത്രമാണ്. അടുത്തിടെ പുറത്തിറങ്ങിയ കരുണാകരന്റെ 'യുവാവായിരുന്ന ഒന്‍പതു വര്‍ഷങ്ങള്‍' എന്ന നോവല്‍ എഴുപതുകളിലെ രാഷ്ട്രീയത്തിന്റെ ആന്തരികഘടനയിലേക്ക് സഞ്ചരിക്കുന്നതാണ്. ആ നോവല്‍ ഒരു സംവാദത്തിന്റെ ആഖ്യാനഘടനയിലൂടെ രൂപപ്പെടുത്തിയതാണ്. എന്നാല്‍ ലാലിന്റെ നോവല്‍ വൈകാരിക അനുഭവധാരകളെ വിളക്കിച്ചേര്‍ക്കുകയാണ്. ചരിത്രത്തെ സൈദ്ധാന്തിക നിര്‍ധാരണത്തിന് വിധേയമാക്കാതെ വൈകാരിക അനുഭവങ്ങളെ പുനര്‍നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. ചരിത്രം അനുഭവവും ആത്മഭാഷണവുമാകുന്നു.

പേരില്ലാത്ത രണ്ട് ആളുകളുടെ പാരസ്പര്യത്തിലൂടെയും അന്വേഷണത്തിലൂടെയുമാണ് 'സ്റ്റാച്ച്യു പി.ഒ.'വിന്റെ അധ്യായങ്ങള്‍ ഇതള്‍ വിടരുന്നത്. രണ്ടുപേരും വിഭിന്ന കാലങ്ങളെ പ്രതിനിധാനം ചെയ്യുന്നവരാണ്. രണ്ട് തലമുറകളുടെ അന്തരമുണ്ട്. രണ്ട് ജീവിതാനുഭവങ്ങളുടെ അകലമുണ്ട്.  പക്ഷേ, അവര്‍ മനുഷ്യജീവിതകാമനകള്‍ പങ്കുവയ്ക്കുന്നു. അത് മനുഷ്യത്വത്തിന്റേയും സ്‌നേഹത്തിന്റേയും കരുതലിന്റേതുമാണ്. മനുഷ്യജീവിതത്തിലെ ഇത്തരം യാദൃച്ഛിക പാരസ്പര്യങ്ങള്‍ കണ്ടെത്തലുകള്‍ക്കായി രൂപപ്പെടാറുണ്ട്. അവിടെ പേരോ വര്‍ഗ്ഗമോ പ്രസക്തമാവുന്നില്ല. മനുഷ്യന്‍ എന്ന മഹത്തായ പദത്തിന്റേയും കാലം എന്ന സവിശേഷ സങ്കല്‍പ്പത്തിന്റേയും ചരിത്രം എന്ന അനിവാര്യ യാഥാര്‍ത്ഥ്യത്തിന്റേയും പ്രസക്തി മാത്രമേ പരിഗണിക്കപ്പടുന്നുള്ളു. എസ്.ആര്‍. ലാല്‍ ആ സാമൂഹിക വീക്ഷണത്തിന്റെ പ്രത്യക്ഷങ്ങളാണ് പുന:സൃഷ്ടിക്കുന്നത്. നോവലിന്റെ ആന്തരികധാര സചേതനമാകുന്നത് ഇതിലൂടെയാണ്.
ആലപ്പുഴനിന്ന് തലസ്ഥാനത്തേക്ക് കുടിയേറുന്ന ഒരു യുവാവിന്റെ വീക്ഷണത്തിലൂടെയാണ് നോവല്‍ വികസ്വരമാകുന്നത്. യാദൃച്ഛികമായി ലോഡ്ജില്‍ കണ്ടുമുട്ടുന്ന 'അയാളി'ല്‍ നിന്നുമാണ്, അയാളിലേക്കും ചരിത്രത്തിലേക്കുമുള്ള അന്വേഷണം നീങ്ങുന്നത്. 'അയാള്‍' ഒരാള്‍ മാത്രമല്ല, നിരവധിയാളുകളുടെ ആത്മപഥങ്ങള്‍ പേറുന്ന വ്യക്തിത്വമാണ്. അനേകം മാനസിക ഭാവങ്ങളുടെ സമഗ്രതയാണ്. രാഷ്ട്രീയം, സാമൂഹിക ചിന്ത, സൗഹൃദം തുടങ്ങിയവയാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് 'അയാളു'ടെ ജീവിതം. 'അയാളെ' കണ്ടെത്തുക, ഒരു കാലത്തിന്റെ പരീക്ഷണശാലയിലെ രസതന്ത്രങ്ങള്‍ അന്വേഷിക്കുക എന്നതാണ്. ഇത്തരം നിരവധി 'അയാളുകളു'ടെ സമ്മേളന ഭൂമിയായിരുന്നു തിരുവനന്തപുരത്തെ ലോഡ്ജുകള്‍.

എഴുപതു എണ്‍പതുകളില്‍ ജീവിച്ച, സാമൂഹിക ചേതനയുടെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ ഒരാള്‍ക്ക് സംഭവിക്കാവുന്ന ആന്തരിക പരിണാമങ്ങള്‍ ലാല്‍ സൂക്ഷ്മമായി ചിത്രീകരിക്കുന്നു. കാലത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ശിഥിലമാകുമ്പോള്‍, ബുദ്ധിയിലും മനസ്സിലും സംഭവിക്കുന്ന ആഘാതങ്ങള്‍ തിരിച്ചറിയാന്‍ പലപ്പോഴും കഴിയാറില്ല. ഉന്മാദത്തിന്റേയോ വിഭ്രാന്തിയുടേയോ വിക്ഷോഭങ്ങളുടേയോ ജീവിതാവസ്ഥയിലേക്ക് അത് എത്തിച്ചേരാം. ഈ രോഗത്തിന്റെ ചികില്‍സ എന്നത് മരുന്നുകളുടെ അടിസ്ഥാനത്തില്‍ നടത്താവുന്നതല്ല. അനുഭവങ്ങളുടെ ആന്തരിക വിമോചനത്തിലൂടേ അത് സാധ്യമാകൂ. കാലവും രാഷ്ട്രീയവും സ്വപ്നവും യാഥാര്‍ത്ഥ്യവും വിച്ഛേദിക്കുമ്പോഴുണ്ടാകുന്ന സാമൂഹിക പരിണാമവുമായി ഇതിനെ ചേര്‍ത്തുവായിക്കേണ്ടതാണ്. 'സ്റ്റാച്ച്യു പി.ഒ.'  എന്ന നോവല്‍ തുറന്നിടുന്ന ഒരു ചരിത്രസമസ്യയാണിത്. ഒരു രാഷ്ട്രീയ ജീവിത വ്യവസ്ഥയുടെ തകര്‍ച്ച ഏല്‍പ്പിക്കുന്ന ആഘാതങ്ങളെ എങ്ങനെ നേരിടണം എന്ന സന്ദിഗ്ദ്ധത ഈ നോവലിന്റെ ആന്തിരകഘടനയെ ശക്തമാക്കുന്നു. സി.ആര്‍. പരമേശ്വരന്റെ 'പ്രകൃതിനിയമം' എന്ന നോവല്‍ ഇത്തരം സംത്രാസങ്ങളുടെ ആവിഷ്‌കാരമായിരുന്നു. സമൂഹവും വ്യക്തിയും തമ്മിലുള്ള പാരസ്പര്യവും വിച്ഛേദവും ലാലിന്റെ നോവലിന്റെ ജീവസ്രോതസ്സാണ്. 
സങ്കീര്‍ണ്ണമായ ഒരു സാമൂഹിക രാഷ്ട്രീയാവസ്ഥയെ ഋജുവായ ആഖ്യാനഘടനയിലൂടെ ആവിഷ്‌ക്കരിക്കുന്നു. രാഷ്ട്രീയപദ കോശങ്ങളുടെ ബാഹുല്യമോ ക്ലിഷ്ടമായ രാഷ്ട്രീയ സൈദ്ധാന്തിക സംവാദത്തിന്റെ സങ്കീര്‍ണ്ണതകളോ നോവലിനെ ബാധിക്കുന്നില്ല. പലപ്പോഴും വ്യക്തത ലഭിക്കാത്ത രാഷ്ട്രീയ സമസ്യകളിലൂടെ നോവല്‍ സൃഷ്ടിക്കുമ്പോള്‍ ഉണ്ടാകാവുന്ന ആഖ്യാന പ്രതിസന്ധികള്‍ ഇവിടെയില്ല. ആത്മാഖ്യാനത്തിന്റെ ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും പ്രകാശവും ഈ നോവലിനുണ്ട്. എന്നെപ്പോലുള്ളവര്‍ക്ക് ഏറെ പരിചിതരായ കഥാപാത്രങ്ങളുടെ മുന്‍പിലൂടെ കടന്നുപോകുമ്പോള്‍ സ്വയം കണ്ടെത്താനുള്ള  സന്ദര്‍ങ്ങള്‍ കൂടി നോവല്‍ സൃഷ്ടിക്കുന്നു. ചരിത്രത്തെ ജാഗ്രതയോടെ വീക്ഷിക്കുന്ന ഒരു വായനക്കാരന്റെ നോവലാണിത്. വായനയുടെ മധ്യത്തു നിന്നും ഒരു വായനക്കാരനും വഴിപിരിയില്ല; വായനയെ പ്രലോഭിപ്പിക്കാനുള്ള കാലത്തിന്റെ ആസക്തികള്‍ ഈ നോവലില്‍ പ്രകാശിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com