അദൃശ്യതയെ ദൃശ്യവല്‍ക്കരിക്കുമ്പോള്‍

അതിശയങ്ങളുടെ വേനല്‍ എന്ന ചലച്ചിത്രത്തെക്കുറിച്ച്സംവിധായകന്‍ പ്രശാന്ത് വിജയ് സംസാരിക്കുന്നു
അദൃശ്യതയെ ദൃശ്യവല്‍ക്കരിക്കുമ്പോള്‍

 രുപതാമത് യു.കെ ഏഷ്യന്‍ ചലച്ചിത്രോത്സവത്തിലേക്ക് പ്രശാന്ത് വിജയ് സംവിധാനം ചെയ്ത അതിശയങ്ങളുടെ വേനല്‍ തെരഞ്ഞെടുക്കപ്പെട്ടു. മുംബൈ ചലച്ചിത്രമേളയിലും കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലും ശ്രദ്ധ നേടിയ ചിത്രത്തിന്റെ ആദ്യ അന്താരാഷ്ട്ര പ്രദര്‍ശനമാണിത്. മാര്‍ച്ച് 17-ന് ലണ്ടനിലെ ചരിത്രപ്രധാനമായ റീജന്റ് സ്ട്രീറ്റ് സിനിമയില്‍ വച്ചാണ് ചിത്രത്തിന്റെ പ്രദര്‍ശനം. 1848-ല്‍ ആരംഭിച്ച ഈ തിയേറ്ററിലാണ് ലൂമിയര്‍ സഹോദരങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. അതുകൊണ്ട് ബ്രിട്ടീഷ് സിനിമയുടെ ജന്മസ്ഥലം എന്നും റീജന്റ് സ്ട്രീറ്റ് സിനിമ അറിയപ്പെടുന്നു.

അദൃശ്യനാകാനുള്ള ഒരു ഒന്‍പതു വയസ്സുകാരന്റെ അതിയായ ആഗ്രഹവും അതു നേടാനുള്ള അവന്റെ യത്‌നങ്ങളോട് ചുറ്റുമുള്ളവരുടെ പ്രതികരണവുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ മിതത്വവും കൊണ്ട് പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടിയ അതിശയങ്ങളുടെ വേനല്‍ പ്രശാന്ത് വിജയുടെ ആദ്യ സിനിമയാണ്.
*****

അതിശയങ്ങളുടെ വേനല്‍ യു.കെ ഏഷ്യന്‍ ചലച്ചിത്രോത്സവത്തിലേയ്ക്കു തെരഞ്ഞെടുത്തതിനെക്കുറിച്ച്?
ഈ സിനിമ വിദേശ ഫെസ്റ്റിവലുകള്‍ക്ക് അയച്ചുകൊടുത്തിരുന്നു. ലണ്ടനില്‍ ശരിയായി. അവിടെയായതിനാല്‍ ഒരു പ്രത്യേക സന്തോഷമുണ്ട്. കാരണം ഞാന്‍ വ്യക്തിപരമായി പോകാനാഗ്രഹിക്കുന്ന ഒരു സ്ഥലമാണത്. ലൂമിയര്‍ ബ്രദേഴ്സിന്റെ സിനിമ ആദ്യമായി കാണിച്ച സ്ഥലമല്ലേ. വളരെ സന്തോഷം.

പരിമിത സാഹചര്യങ്ങളിലും സൗകര്യങ്ങളിലുമെടുത്ത ഈ സിനിമ ലണ്ടന്‍ സിനിമ ഫെസ്റ്റിവലിലേയ്ക്ക്  തെരഞ്ഞെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്നോ?
ചെറിയ സിനിമയാണെങ്കിലും പല കാര്യങ്ങളിലും പ്രധാനമായി ആര്‍ട്ടിസ്റ്റിക്ക്, ടെക്നിക്കല്‍ രീതികളിലൊന്നും കോംപ്രമൈസ് ചെയ്യരുതെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ചില പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ഇതൊരു മാസ് ഓഡിയന്‍സിനുവേണ്ടി നിര്‍മ്മിച്ച സിനിമയല്ല. ഫെസ്റ്റിവല്‍ ഓഡിയന്‍സിനെയാണ് കൂടുതലായും ഉദ്ദേശിച്ചത്. തുടക്കക്കാരനെന്ന നിലയില്‍ ഈ സിനിമയ്ക്ക് അന്താരാഷ്ട്ര പ്രദര്‍ശന അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ട്. ശ്രദ്ധിക്കപ്പെടണം എന്നൊരാഗ്രഹമുണ്ടായിരുന്നു. അംഗീകാരമായാലും അവാര്‍ഡായാലും കിട്ടിയാലെ 'കിട്ടീ' എന്നു പറയാന്‍ പറ്റു. കാരണം പല ഘടകങ്ങള്‍ അതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സെലക്ഷന്‍ കമ്മിറ്റിയിലെ ആളുകളുടെ ഇഷ്ടാനിഷ്ടങ്ങള്‍, ഓരോ സിനിമകള്‍ക്കും വേണ്ടിയുള്ള വാദത്തില്‍ ഏതിനാണ് ശക്തി കൂടുതല്‍ ഇതെല്ലാം പ്രാഥമിക തലത്തില്‍ വരുന്ന കാര്യങ്ങളാണ്.

പ്രശാന്ത് വിജയ്
പ്രശാന്ത് വിജയ്

അവാര്‍ഡിനുവേണ്ടി നിര്‍മ്മിച്ചതാണോ?
അവാര്‍ഡിനുവേണ്ടി ഉണ്ടാക്കി എന്നു പറയാന്‍ പറ്റില്ല. കുറച്ചുകൂടെ ലോകസിനിമയുമായി അടുപ്പമുള്ള കാഴ്ചക്കാര്‍ക്കുവേണ്ടി ഫെസ്റ്റിവല്‍ കാഴ്ചക്കാര്‍ക്കുവേണ്ടി നിര്‍മ്മിച്ചതാണ്.      ഓഫ്ബീറ്റ് സിനിമ, കൊമേഴ്സ്യല്‍ സിനിമ എന്നിങ്ങനെ രണ്ട് തിരിവ് ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രണ്ടു തരം സിനിമയുടേയും അവതരണശൈലി വ്യത്യസ്തമാണ്. ഫെസ്റ്റിവലിനു വേണ്ടി സിനിമയെടുക്കുന്നത് ഒരു മോശം കാര്യമായി എനിക്ക് തോന്നുന്നില്ല.

എന്താണ് ഈ സിനിമയുടെ പ്രത്യേകത?
ഒറ്റവാക്കില്‍ പറഞ്ഞാല്‍ മിനിമല്‍ ആണ് ഒപ്പം സട്ടിലാണ്. അനാവശ്യമായ ഒരു കഥാപാത്രവും ഇതിലില്ല. സീനുകളില്ല. ഏറ്റവും കുറച്ച് പറഞ്ഞു. ഹോളിവുഡിലെ നിയമമനുസരിച്ച് ഒരു കാര്യം മൂന്നു തവണ പറയണമെന്നാണ്. ഇതില്‍ അങ്ങനെ നോക്കിയാല്‍ അരത്തവണയേ പറഞ്ഞിട്ടുള്ളു. കാരണം എല്ലാം വിശദീകരിച്ചു പറഞ്ഞുകൊടുക്കണ്ട. കണ്ട് മനസ്സിലാക്കാനും വേണമല്ലോ എന്നതായിരുന്നു എന്റെ ചിന്ത.

ഈ സിനിമ ഒരു പരീക്ഷണമായിരുന്നു. ഇത് മുഴുവന്‍ വിജയിച്ചില്ല എന്നാണെനിക്ക് തോന്നുന്നത്. വിജയിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി അംഗീകരിക്കപ്പെടുമായിരുന്നു. കുറച്ചുകൂടി തുറന്നു പറഞ്ഞിരുന്നെങ്കില്‍, ഇതിലെ രാഷ്ട്രീയവും സിനിമയുടെ വികാരവും കാണിക്കാന്‍ വേണ്ടി കുറച്ചു പൊടിപ്പും തൊങ്ങലും ഉപയോഗിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി പോപ്പുലര്‍ ആകുമായിരുന്നു ഫെസ്റ്റിവലിലെങ്കിലും. അടുത്ത തവണ സിനിമയെടുക്കുമ്പോള്‍ ഞാന്‍ എനിക്കു കൊടുക്കുന്ന ഗുണപാഠം ഇത്രയും മിനിമലിസവും സട്ടിലിറ്റിയും പാടില്ല എന്നുള്ളതാണ്.

സിനിമയ്ക്കു പറ്റിയ വിഷയമായി പ്രശാന്ത് തെരഞ്ഞെടുത്തത് 'ഇന്‍വിസിബിള്‍ മാന്‍' എന്ന ആശയമാണ്. എന്തായിരുന്നു പ്രേരണ?
ഒട്ടുമിക്ക കുട്ടികള്‍ക്കും 'അദൃശ്യരാവുക' എന്നൊരു സ്വപ്നമുണ്ട്. മറ്റുള്ളവര്‍ നമ്മെ കാണാതെ ചെയ്യുന്ന കാര്യങ്ങള്‍ കണ്ടെത്താനാവുക, മറ്റുള്ളവര്‍ക്ക് നമ്മെ കാണാന്‍ കഴിയാത്ത സമയത്ത് പല സ്ഥലങ്ങളില്‍ എത്തിപ്പെടുക - ഇതൊക്കെ ഓരോ കൗതുകമാണ്. ഹാരിപ്പോട്ടറിലെ 'ഇന്‍വിസിബിള്‍ ക്ലോക്ക്' പോലെ ഇതും ഒരു യൂണിവേഴ്സല്‍ തോട്ട് ആണ്. തിരക്കഥ എഴുതിയ അനീഷ് സൈക്യാട്രിസ്റ്റ് ആണ്. സിനിമയുടെ പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ കൂട്ടത്തില്‍ ഇതും പറഞ്ഞു. അദൃശ്യനാകാന്‍ ആഗ്രഹിക്കുന്ന, ശ്രമിക്കുന്ന ഒരു കുട്ടി. അവന്റെ പരീക്ഷണങ്ങള്‍ അതിരുകടന്നു പോകുന്നു. അവന്റെ പരീക്ഷണം അവസാനിപ്പിക്കാന്‍ വേണ്ടി കുടുംബാംഗങ്ങള്‍ മുഴുവന്‍ അഭിനയിച്ചു തുടങ്ങുന്നു. ഇങ്ങനൊരു ആശയവും കുട്ടിയുടെ കഥയും ഒക്കെയാകുമ്പോള്‍ ഒരു കൗതുകം വരുന്നുണ്ട്. പിന്നെ നോക്കിയപ്പോള്‍ പെട്ടന്നു ചെയ്യാന്‍ കഴിയുന്ന സിനിമ. കാര്‍ ചേസിങ്ങ് പോലുള്ള സീനുകളില്ലാതെ, വലിയ മുതല്‍മുടക്കില്ലാതെ ചെയ്യാന്‍ കഴിയുന്ന സിനിമ. ഈ ആശയം എടുത്തു. ഇനി എന്തൊക്കെ കൂട്ടിച്ചേര്‍ക്കാം എന്നു ചിന്തിച്ചപ്പോഴാണ് ആ പെണ്‍കുട്ടിയുടെ കഥയും സൈബര്‍ ലോകത്തെ ഇന്‍വിസിബിലിറ്റിയും ഒക്കെ കടന്നുവന്നത്.

അച്ഛന്‍ എന്ന കഥാപാത്രത്തെ സിനിമയിലെവിടെയും കാണിക്കുന്നില്ല. അങ്ങനെയൊരു അദൃശ്യതയെക്കുറിച്ച് ചിന്തിക്കാന്‍ കാരണം?
അച്ഛന്‍ ഈ കഥയില്‍ വികാരപരമായി അടിവരയിടുന്നത് അദ്ദേഹത്തിന്റെ അസാന്നിധ്യം കൊണ്ടാണ്. അയാളൊരു ജേര്‍ണലിസ്റ്റായിരുന്നു. ജോലിചെയ്തുകൊണ്ടിരിക്കുമ്പോള്‍ കാണാതാകുന്നതാണ്. അങ്ങനെ എത്രയോ ജേര്‍ണലിസ്റ്റുകളാണ് ജോലിയിലിരിക്കെ കാണാതാകുന്നത്. അവരെവിടെ പോയി, അവര്‍ക്കു വേണ്ടിയോ ആ കുടുംബത്തിനുവേണ്ടിയോ നാമെന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നൊരു ചോദ്യവും കാഴ്ചക്കാരനു കൊടുക്കുന്നുണ്ട്.

സിനിമയുടെ ഒരാശയം കുട്ടി അദൃശ്യനാകാന്‍ പരീക്ഷണങ്ങള്‍ നടത്തുന്നു. മറ്റൊരു ലെയര്‍ സൈബര്‍ ലോകത്തെ അദൃശ്യത. അദൃശ്യനാകാനുള്ള ഈ വെമ്പലിനെ മനുഷ്യാവസ്ഥയുടെ ഭാഗമായി ഉയര്‍ത്താമായിരുന്നില്ലേ?
സിനിമ കണ്ട ചിലര്‍ എന്നോടത് ചോദിച്ചിട്ടുണ്ട്. ഇത് അണ്ടര്‍ എക്‌സ്പ്ലോയിറ്റഡ് ആണെന്ന്. ഇനിയും ലെയേഴ്സ് ഉണ്ടായിരുന്നു. ബോധപൂര്‍വ്വം കുറച്ചതാണ്. ഇതിലെ എല്ലാ സീനിലും ആനന്ദ് എന്ന കഥാപാത്രമുണ്ട്. നമ്മള്‍ അവന്റെ ലോകത്തിലാണ്. അവന്‍ കേള്‍ക്കുന്നതിലും കാണുന്നതിലും കൂടുതല്‍ നമ്മള്‍ കാണുന്നുണ്ട്. അമ്മയും ഗായത്രിയും പറയുന്ന രഹസ്യം അവന്‍ കേള്‍ക്കുന്നില്ല. എന്നാല്‍, നമ്മള്‍ കേള്‍ക്കുന്നുണ്ട്. അവന്റെ സാന്നിധ്യമവിടുണ്ട് എന്നാല്‍, നമ്മളവനെ വിട്ട് ദൂരേയ്ക്ക് പോകുന്നില്ല. അവന്റെ ബോധമണ്ഡലത്തില്‍ വരുന്ന കാര്യങ്ങളാണ് സിനിമയില്‍ കാണുന്നത്. അവന്‍ കാണുന്ന ആളുകളിലൂടെയേ അതു പറയാന്‍ പറ്റു. ഇനിയും എന്തെങ്കിലുമൊക്കെ പറയാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അധികപ്പറ്റായി പോകുമായിരുന്നു. വിമര്‍ശനം ഞാനംഗീകരിക്കുന്നു. ചെയ്യാമായിരുന്നു. ഒരുപക്ഷേ, വേറെ എഴുത്തുകാരനോ സംവിധായകനോ ചെയ്തിരുന്നെങ്കില്‍ വേറെ ഒരു രീതിയിലായി പോയേനെ.

ചിന്തിക്കാനുള്ള കുറേ കാര്യങ്ങള്‍ ഇട്ടുകൊടുത്തിട്ടുണ്ട്. ചിത്രത്തിന്റെ അവസാനം തന്നെ ആരോ അദൃശ്യനായി നിരീക്ഷിക്കുന്നു എന്നൊരു പേടിയാണ് കുട്ടിയെ മാനസിക സംഘര്‍ഷത്തിലാക്കുന്നത്. നമ്മുടെ ഇടയില്‍ ആധാര്‍ വന്നു. ഒരു സ്റ്റേറ്റിനു നമ്മെയെല്ലാം നിരീക്ഷണവിധേയമാക്കാം എന്നൊരവസ്ഥ വന്നു. യഥാര്‍ത്ഥത്തില്‍ ആ സിനിമയില്‍ കാണുന്നതാണ് നമ്മുടെ അവസ്ഥ. നമ്മളെ അദൃശ്യനായി ആരോ പിന്‍തുടരുന്നുണ്ട്. ഇതില്‍ ഒരിടത്ത് ആധാറിനെക്കുറിച്ചൊരു സൂചനയുണ്ട്. ഇതു രണ്ടും ബന്ധിപ്പിച്ചെടുക്കുക പ്രയാസമാണ്. ബന്ധിപ്പിച്ചാല്‍ ഇതിന് സോഷ്യോ പൊളിറ്റിക്കല്‍ മാനങ്ങളുണ്ട്. അതായിരുന്നു എന്റെയൊരു ശ്രമം. ഒത്തിരി കാര്യങ്ങള്‍ പറയാതെ സൂചനകളിലൂടെ ഈ ആശയങ്ങള്‍ ധ്വനിപ്പിക്കുക.

സംഗീതം സൂക്ഷ്മമാണ് എന്നു പറഞ്ഞെങ്കിലും മൊണോടോണസും ഉച്ചത്തിലുള്ളതും കാഴ്ചയെ തടസ്സപ്പെടുത്തുന്നതുമായാണ് തോന്നിയത്. ഇത്തിരി മ്യൂസിക് കുറച്ചിരുന്നെങ്കില്‍ ഇത്തിരികൂടി ശക്തമാകുമായിരുന്നില്ലേ? 
ഒരുപക്ഷേ, തിയേറ്ററില്‍ അതിന്റെ ലവല്‍ കൂട്ടിവച്ചതുകൊണ്ടാകണം. സാധാരണ നമ്മുടെ സൗണ്ട് എന്‍ജിനീയറോ മറ്റോ തീയറ്ററിലെ ശബ്ദസംവിധാനം ക്രമപ്പെടുത്താന്‍ കാണും. അങ്ങനെ ചെയ്യാത്തിടത്തൊക്കെ ഈ പരാതിയും വന്നിട്ടുണ്ട്.
ഇതൊരു പ്രമേയത്തെ അടിസ്ഥാനമാക്കിയാണ്. ഏകതാനത അറിഞ്ഞുകൊണ്ട് ചെയ്തതാണ്. കാരണം ആദ്യത്തെ ഭാഗത്തില്‍ അവന്റെ വിരസത കാണിക്കാന്‍ വേണ്ടി തെരഞ്ഞെടുത്തതാണ്. അതിലൊരു പാട്ടുണ്ട്. സംഗീത സംവിധായകന്‍ ബേസില്‍ ആണ് പാടിയിരിക്കുന്നത്. അവന്റെ ജീവിതത്തിലെ വിരസത, ആവര്‍ത്തനങ്ങളായ ദിവസങ്ങള്‍ എന്നിവ കാണിക്കാന്‍ മനപ്പൂര്‍വ്വം ഓരോ വരിയും ഒട്ടും ഈണം വരാതെ പാടിയിരിക്കുകയാണ്. ഗായത്രി വരുമ്പോള്‍ ഫ്‌ലൂട്ടാണ് പശ്ചാത്തല സംഗീതം. ആസ്വാദ്യകരമാണ് ഇതിലെ സംഗീതം.

കുട്ടിയുടെ കല്പനാലോകം നഷ്ടപ്പെടുമ്പോള്‍ അവന്‍ സുഖപ്പെട്ടു എന്നൊരു സൂചനയുണ്ടല്ലോ. കുട്ടിയുടെ സങ്കല്പലോകം അവന്റെ മരണം വരെ സൂക്ഷിക്കാന്‍ പറ്റുന്നതല്ലേ?
അങ്ങനെയൊരു വായന അതില്‍ നടക്കുന്നുണ്ടെങ്കില്‍ എന്റെ പ്രതിരോധം അവസാന സീനാണ്. അതില്‍ കാണിക്കുന്നത് ഇപ്പോഴും അവന്‍ കൂട്ടത്തില്‍നിന്നു വെളിയിലാണ്, തനിയെയാണ് എന്നാണ്. നോര്‍മലാണെങ്കില്‍ ബാക്കിയുള്ളവരുടെ കൂടെ ചേര്‍ന്നു നില്‍ക്കണമല്ലോ. എല്ലാവരും എന്തിലോ ശ്രദ്ധിച്ചു നില്‍ക്കുന്നു. അവന്‍ അതിനു നേരെ എതിര്‍ വശത്തേയ്ക്കു നോക്കിനില്‍ക്കുന്നു. അവന്‍ ഇപ്പോഴും പഴയ ആ കുട്ടി തന്നെയാണ് എന്നു കാണിക്കാനാണ് അവസാന സീന്‍ .

അമ്മയോടുള്ള പെരുമാറ്റത്തില്‍ അവന്‍ നോര്‍മലായി എന്നു കാണിച്ചതുകൊണ്ട് അവസാനത്തെ സീന്‍ ശ്രദ്ധിക്കാതെ പോകാം?
അവന്റെ അച്ഛന്റെ സാന്നിധ്യം അവനെത്തിച്ചേരുന്ന ഒരു ഹലൂസിനേഷന്‍ ആണ്. അവസാനത്തോടടുക്കുമ്പോള്‍ അച്ഛനെന്ന പൊസ്സഷന്‍ അവന്‍ വിടുന്നു. അതിന്റെ പ്രധാന കാരണം 'അമ്മ' എന്ന ബോധ്യമാണ്. അമ്മയെ വിഷമിപ്പിക്കരുത് എന്നവന്‍ മനസ്സിലാക്കി. ഒരുപക്ഷേ, അവന്‍ ആശുപത്രിയില്‍ കിടക്കുന്ന സീനില്‍ ''മോനെഴുന്നേറ്റെ അച്ഛനൊരു കാര്യം പറയട്ടെ'' എന്നു നമ്മള്‍ കേള്‍ക്കുന്നത് അച്ഛന്‍ ഈ കാര്യം പറഞ്ഞുകൊടുക്കുന്നതാവാം, നമ്മളെയാ കാര്യം കേള്‍പ്പിക്കുന്നില്ല. പിന്നെ ഏലസ്സിന്റെ കാര്യം. അവന് ആശയപരമായി ഒട്ടും യോജിക്കാന്‍ കഴിയാത്തതാണ്. അവന്റെ ആദ്യ പ്രതികരണം ഏലസ്സ് വലിച്ചുപൊട്ടിക്കാന്‍ ശ്രമിക്കലാണ്. പിന്നീടെന്തോ ഒന്നുകൂടി ആലോചിച്ചിട്ട് അവന്‍ വിടുകയാണ്. അതാണ് അവനു വന്ന വ്യത്യാസം. 'ക്യാരക്ടര്‍ ആര്‍ക്ക്' എന്നൊക്കെ പറയുന്നത് ഇതാണ്. വ്യക്തിപരമായി ഞാനതിന്റെ വലിയ ആരാധകനൊന്നുമല്ല. ആളുകള്‍ക്ക് അത്ര വലിയ മാറ്റം വരുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഇവിടെ അവന്റെ അടിസ്ഥാനപരമായ സ്വഭാവങ്ങളോ ആദര്‍ശങ്ങളോ ഒന്നും മാറ്റം വന്നിട്ടില്ല. പിന്നെ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കില്‍ അത് അമ്മ എന്നൊരാളെക്കൂടി പരിഗണിച്ചു തുടങ്ങി എന്നതാണ്. ആ ഏലസ്സങ്ങനെ കിടക്കുന്നതില്‍ എനിക്കു വലിയ നഷ്ടമൊന്നുമില്ല; എന്നാല്‍, അമ്മയ്‌ക്കെന്തെങ്കിലും സുഖമുണ്ടാകുന്നെങ്കില്‍ ഉണ്ടായിക്കോട്ടെ എന്നൊരു തീരുമാനത്തിലെത്തുന്നു. 

വാച്ച് ഒഴുക്കിവിടുന്നതിനെപ്പറ്റി?
ആ കുട്ടി ചിന്തിക്കുന്നത് എനിക്കതിനെക്കൊണ്ടുള്ള ഉപയോഗം കഴിഞ്ഞു. അതിന്റെ ശക്തിയെക്കുറിച്ച് അവന് ഇപ്പോഴും ഉറച്ച വിശ്വാസമാണ്. എനിക്ക് കൈത്താങ്ങിന്റെ ആവശ്യം കഴിഞ്ഞു. ഇനി എന്നെക്കാളും ആവശ്യമുള്ളൊരാള്‍ ഉപയോഗിച്ചോട്ടെ എന്നൊരു ചിന്തയാണ്. ഈ സിനിമയുടെ റിലീസിങ്ങിനുശേഷം എനിക്കൊരു അനുഭവമുണ്ടായി. ഈ സിനിമ ഗോവയില്‍ വച്ച് കണ്ടിട്ട് ഒരാളെന്നോട് പറഞ്ഞു. അയാളുടെ അച്ഛന്‍ വലിയ ഒരു കവിയായിരുന്നു. മരിച്ചപ്പോള്‍ അവശേഷിച്ചത് ഒരു വാച്ചാണ്. ഇയാള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഓസ്ട്രേലിയയില്‍ താമസിക്കുന്ന ഒരു സ്ത്രീ അവരുടെ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളുടെ ഏക ആശ്രയം ഈ കവിതകളായിരുന്നു. കവിയുടെ മരണശേഷം ആ സ്ത്രീ ''അച്ഛന്റെ ഓര്‍മ്മക്കായ് എന്തെങ്കിലും അയച്ചു തരാമോ'' എന്നു ചോദിച്ചു. അയാള്‍ക്ക് അയച്ചുകൊടുക്കാന്‍ തോന്നിയത് അച്ഛന്റെ വാച്ചാണ്. അയാളെന്നോട് പറഞ്ഞു, എനിക്ക് വളരെ പ്രിയപ്പെട്ടതാണ് ഈ വാച്ച്. പക്ഷേ, ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് ഞാനയച്ചുകൊടുക്കുകയാണ്; കാരണം എന്നെക്കാള്‍ ആവശ്യം അവര്‍ക്കാണെന്നു തോന്നുന്നു എന്നു പറഞ്ഞ് അയാള്‍ കരഞ്ഞു.

സൈബര്‍ ലോകം കാണിച്ചത് ഒരനാവശ്യമായി മുഴച്ചുനില്‍ക്കുന്നു, ഇതൊരു പഴയ ഉദാഹരണമാണല്ലോ. മറ്റെന്തെങ്കിലും ഉപയോഗിക്കാമായിരുന്നില്ലെ?
കേരളത്തില്‍ സംഭവിക്കുന്ന ഒരു കാര്യം എന്ന നിലയിലാണ് ഈ വിഷയം തെരഞ്ഞെടുത്തത്. കുട്ടിയെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തമായാണ് അവനതിനെ നോക്കിക്കാണുന്നത്. അവനു ജീവിതത്തില്‍ ഒരു പ്രഹരം കിട്ടാന്‍ അതുമാത്രമാണ് ഞങ്ങള്‍ക്കു കിട്ടിയ ഓപ്ഷന്‍. എല്ലാം അവന്റെ കണ്ണടയിലൂടെ നോക്കിക്കാണുന്ന രീതി. ഈ സ്‌ക്രിപ്റ്റ് വായിച്ച് കഴിഞ്ഞ് ഞങ്ങള്‍ പറഞ്ഞത് ഒരു വ്യക്തി സമൂഹമായി കണ്‍ഫ്രന്റ് ചെയ്യുന്നതും ഒരു സമൂഹം അവനെ മെരുക്കുന്നതുമായ കണ്‍ഫ്രന്റേഷനാണ് ഇവിടെ നടക്കുന്നതെന്നാണ്.
തൃശൂരില്‍ ഒരു സൊസൈറ്റിയില്‍ ഇതു കാണിച്ചപ്പോള്‍ അവരിതിനെ മികച്ച സിനിമ എന്നാണ് പറഞ്ഞത്. കുട്ടികള്‍ ഇത് അവശ്യം കാണേണ്ടതാണെന്നായിരുന്നു അവരുടെ അഭിപ്രായം. അവരതിനെ ഒരു സന്ദേശമായാണ് എടുത്തത്. ഓരോരുത്തരും ഓരോ രീതിയിലാണതിനെ കാണുന്നത്. നമ്മളാ സ്റ്റേജ് കടന്നുപോയതുകൊണ്ടോ നമുക്കീവിധമുള്ള ചതിക്കുഴികള്‍ അറിയാമെന്നുള്ളതുകൊണ്ടോ ആയിരിക്കും നമുക്കത്ര കാര്യമാകാതെ തോന്നുന്നത്.

ശക്തമായ സ്ത്രീപക്ഷ രചനയാണെങ്കിലും ഒന്നു രണ്ട് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വരുന്നുണ്ടല്ലോ?
എന്റെ സിനിമയിലെ പ്രധാന റോളുകള്‍ അഭിനയിക്കുന്ന രണ്ടുപേരും വളരെ ശക്തരായ സ്ത്രീകള്‍ ആണ്. എനിക്കെതിരായ ആരോപണത്തെക്കുറിച്ച് പറഞ്ഞാല്‍ ആ പ്രയോഗം ഒരു നാട്ടുപ്രയോഗമാണ്. നമ്മുടെയൊക്കെ ഗ്രാമങ്ങളിലെ കുടുംബങ്ങളില്‍ സ്ഥിരം കാണുന്ന ഒരു കാര്യമാണ്. കുടുംബത്തില്‍ പ്രശ്‌നമുണ്ടാക്കിയ ഒരു സ്ത്രീയുണ്ടെങ്കില്‍, അവരോട് വിരോധമുള്ളവര്‍ അവരുടെ മക്കളുടെ ഇല്ലാ പ്രശ്‌നം കുത്തിപ്പൊക്കി പറയുന്ന സ്ഥിരം പല്ലവിയാണ്: ''ഓ... അതവളുടെ മകളല്ലേ അതങ്ങനെയേ വരൂ.''
എനിക്കിത് വളരെ ഇഷ്ടമായ ഭാഗമാണ്. കാരണം, നായിക മീര വളരെ കോംപ്ലക്‌സ് ആയ കഥാപാത്രമാണ്. മീര കേരളത്തില്‍ ഉള്ള സ്ത്രീകളെക്കാളും വളരെ സോഫസ്റ്റിക്കേറ്റഡ് ആണ് ചിന്തകളിലും പ്രവൃത്തികളിലും പേരന്റിംഗിന്റെ കാര്യത്തില്‍പ്പോലും. സ്‌ക്രിപ്റ്റ് വായിച്ച എന്റെയൊരു സുഹൃത്ത് പറഞ്ഞത് മീര ഒരു വെസ്റ്റേണ്‍ അമ്മയാണെന്നാണ്. മകന്‍ അമ്മയെ അവന്റെ മുറിയില്‍നിന്ന് തള്ളിപ്പുറത്താക്കാനും വാഗ്വാദത്തില്‍ ഏര്‍പ്പെടാനുമൊക്കെ അനുവദിക്കുന്നു. അതിനുള്ള ഇടം കൊടുക്കുന്നു. ഇത് കുറച്ചൊക്കെ വെസ്റ്റേണ്‍ ചിന്തയാണ്. അതേപോലെ മീര സത്സംഗില്‍ പോകുന്നു, കരച്ചില്‍ സീരിയല്‍ കാണുന്നു, പാചക പരിപാടി കാണുന്നു, അതിന്റെകൂടെ വളരെ കുശുമ്പും കുന്നായ്മയും ഒക്കെയുണ്ട്. അറിഞ്ഞുകൊണ്ടുതന്നെ മീരയെ കോംപ്ലക്‌സ് ആക്കുകയായിരുന്നു. വണ്‍ ഡയമന്‍ഷണല്‍ ആകാതെ അങ്ങനെ ചെയ്തത് രസകരമായി തോന്നി. അല്ലെങ്കില്‍ വളരെ ആദര്‍ശമായ ഒരു അമ്മയായേനെ. ഒരു സാധാരണ സ്ത്രീ തന്നെയാണവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com