ഊര്‍ജത്തിന്റെ ഭാവിനമ്മുടെ ഭാവി

ഊര്‍ജസംരക്ഷണപാഠങ്ങള്‍ നമ്മുടെ വീടുകളില്‍ നിന്നാരംഭിക്കുന്നില്ലെന്ന് ഈ രംഗത്തു ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജയരാമന്‍ പറയുന്നു.
സി. ജയരാമന്‍
സി. ജയരാമന്‍



നുഷ്യരാശിയുടെ നിലനില്‍പ്പുതന്നെ അസാധ്യമാക്കുന്ന ഭാവിപ്രതിസന്ധിയാണ് ഊര്‍ജ്ജരംഗത്തെ പ്രതിസന്ധി. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയുടെ ഊര്‍ജ്ജാവശ്യങ്ങളെ എങ്ങനെ മറികടക്കാമെന്ന കാര്യത്തില്‍ ഒരുപാട് അന്വേഷണങ്ങള്‍ ഇന്നു നടക്കുന്നുണ്ട്. ജനസാന്ദ്രതയേറിയ നമ്മുടെ സംസ്ഥാനത്തും വര്‍ധിച്ചുവരുന്ന ഊര്‍ജ്ജാവശ്യങ്ങളെ എങ്ങനെ നേരിടാമെന്നത് ഒരു പ്രശ്‌നമാണ്. കേരളത്തിലും വന്‍കിട വ്യവസായങ്ങള്‍ മുതല്‍ ഗാര്‍ഹികരംഗത്തുവരെ ഊര്‍ജ്ജവിനിയോഗം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ജലവൈദ്യുത പ്രോജക്ടുകളടക്കമുള്ള സാമ്പ്രദായിക ഉറവിടങ്ങളെ ആശ്രയിക്കുന്നത് പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ വലിയ വിവാദങ്ങള്‍ അവയെ ചുറ്റിപ്പറ്റി രൂപം കൊള്ളുന്നു.

ഇത്തരമൊരു സന്ദര്‍ഭത്തില്‍ പാരമ്പര്യേതര ഊര്‍ജ്ജ ഉറവിടങ്ങള്‍ക്കുവേണ്ടിയുള്ള അന്വേഷണമെന്നപോലെ ഊര്‍ജ്ജസംരക്ഷണത്തെ മുന്‍നിര്‍ത്തിയുള്ള ഇടപെടലുകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. നമ്മുടെ ഊര്‍ജോല്‍പ്പാദന-സംരക്ഷണമേഖലകളില്‍ ജനപക്ഷ കാഴ്ചപ്പാടോടു കൂടി നിരവധി വ്യക്തികളും സംഘടനകളും പ്രവര്‍ത്തിച്ചുപോരുന്നുണ്ട്. ഈ രംഗത്ത് ശ്രദ്ധേയമായ അന്വേഷണാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സി. ജയരാമന്‍ അവരിലൊരാളാണ്. മലയാള സാഹിത്യ നിരൂപകനും പ്രഗത്ഭ അധ്യാപകനുമായിരുന്ന എം.എസ്. മേനോന്റേയും സി. ശാന്തകുമാരിയുടേയും മകനായ ജയരാമന്‍ 1985-ല്‍ കോഴിക്കോട് ആര്‍.ഇ.സിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. 1989-ല്‍ കൊച്ചിന്‍ റിഫൈനറിയില്‍ ചേര്‍ന്നു. 2014-ല്‍ സീനിയര്‍ മാനേജര്‍ (പ്രൊജക്ട്സ്) ആയി വിരമിക്കുമ്പോള്‍ ഐ.ആര്‍.ഇ.പി (ഇന്റഗ്രേറ്റഡ് റിഫൈനറി പ്രൊജക്ട്) യുടെ ഇലക്ട്രിക്കല്‍ വിഭാഗം ചുമതല നിര്‍വ്വഹിച്ചുപോരുകയായിരുന്നു.

ഇതിനിടയില്‍ 1998 തൊട്ട് 2003 വരെ പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള പി.സി.ആര്‍.എ (പെട്രോളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച് അസോസിയേഷന്‍)യുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം ഊര്‍ജ്ജരംഗത്തു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 2009-ല്‍ ഈ രംഗത്ത് വ്യക്തിഗത സംഭാവനയെ മുന്‍നിര്‍ത്തി എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ പുരസ്‌ക്കാരവും 2013-ല്‍ പി.എസ്. ഗോപിനാഥന്‍ മെമ്മോറിയല്‍ അവാര്‍ഡും ജയരാമനു ലഭിച്ചു. ഇതര സാമൂഹ്യമേഖലകളിലെ ഇടപെടലിന് ബി.പി.സി.എല്ലിന്റെ എനര്‍ജൈസിംഗ് ലൈവ്സ് പുരസ്‌ക്കാരവും ലഭിച്ചു. ഏജന്‍സി ഫോര്‍ നോണ്‍-കണ്‍വെന്‍ഷനല്‍ എനര്‍ജി ആന്റ് റൂറല്‍ ടെക്നോളജി (അനെര്‍ട്ട്) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും ടോട്ടല്‍ എനര്‍ജി സെക്യൂരിറ്റി മിഷന്‍ വിദഗ്ദ്ധസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019-2020 വര്‍ഷത്തെ ഡോക്ടറല്‍ റിസര്‍ച്ചിനുള്ള ഫുള്‍ബ്രൈറ്റ് കലാം ക്ലൈമറ്റ് ചേഞ്ച് ഫെലോഷിപ്പ് നേടി ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. 
******
ജയരാമനുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍ : 

ഊര്‍ജ്ജരംഗത്തുള്ള പ്രവര്‍ത്തനങ്ങളിലേയ്ക്ക് എങ്ങനെയാണ് പ്രവേശിക്കുന്നത്?
പി.സി.ആര്‍.എയുടെ കേരളത്തിലെ ഓഫീസ് തുടങ്ങിയത് ഞാനാണ്. പി.സി.ആര്‍.എയുടെ പ്രവര്‍ത്തനങ്ങളോടുകൂടിയാണ് ഞാന്‍ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കുന്നത്. പി.സി.ആര്‍.എയുടെ പ്രധാന ഉദ്ദേശ്യം എനര്‍ജി കണ്‍സര്‍വേഷന്‍ ആണ്. ഗാര്‍ഹികരംഗത്തും വ്യവസായരംഗത്തും കാര്‍ഷികരംഗത്തും ഗതാഗതരംഗത്തും ഓയില്‍ കണ്‍സര്‍വേഷന്‍ എങ്ങനെ സാധ്യമാക്കാം, അതുകൊണ്ടുള്ള പ്രയോജനമെന്ത് എന്നൊക്കെ പഠിപ്പിക്കുന്ന ശില്പശാലകള്‍ നടത്തുക, പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയൊക്കെയാണ് പി.സി.ആര്‍.എയുടെ പ്രവര്‍ത്തനങ്ങള്‍. യഥാര്‍ത്ഥത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അവയുടെ ഉല്പന്നങ്ങള്‍ പരമാവധി ഉപഭോഗത്തിനു വിധേയമാകണമെന്നേ കരുതൂ. എന്നാല്‍, എണ്ണക്കമ്പനികളുടെ ലക്ഷ്യത്തിനു വിരുദ്ധമായാണ് പി.സി.ആര്‍.എ എന്ന സംഘടന രൂപീകരിക്കുന്നത്. എങ്ങനെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വില്‍ക്കാമെന്നാണ് എണ്ണക്കമ്പനികള്‍ നോക്കുകയെങ്കില്‍പ്പോലും. 1972-ല്‍ ഓയില്‍ ഷോക്കിനെ തുടര്‍ന്നു ലോകമെമ്പാടും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൂടിയപ്പോള്‍ ഊര്‍ജ്ജസംരക്ഷണത്തെ എങ്ങനെ ഈ അവസ്ഥ മറികടക്കാന്‍ ഉപയോഗിക്കാമെന്ന് തിരിച്ചറിഞ്ഞതിന്റെ ഭാഗം കൂടിയാണ് പി.സി.ആര്‍.എ ഗാര്‍ഹികരംഗത്തും വ്യവസായരംഗത്തും കാര്‍ഷികരംഗത്തും ഗതാഗതരംഗത്തും ഓയില്‍ കണ്‍സര്‍വേഷന്‍ എങ്ങനെ സാധ്യമാക്കാമെന്നാണ് പി.സി.ആര്‍.എ പഠിപ്പിക്കുന്നത്. ഉദാഹരണത്തിന് ഗാര്‍ഹികരംഗത്താണെങ്കില്‍ ലഭ്യമാകുന്ന പാചകവാതകം എങ്ങനെ പരമാവധി ഉപയോഗിക്കാം, ഗതാഗതരംഗത്താണെങ്കില്‍ മെച്ചപ്പെട്ട ഡ്രൈവിംഗ് ശീലങ്ങള്‍ വഴി എണ്ണ ഉപഭോഗം എങ്ങനെ നിയന്ത്രിക്കാം ഇങ്ങനെയൊക്കെ. നമ്മുടെ കെ.എസ്.ആര്‍.ടി.സിയില്‍ പി.സി.ആര്‍.എ ഇത്തരത്തിലുള്ള ഇടപെടല്‍ നടത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ഡ്രൈവിംഗ് ശീലങ്ങള്‍ കൊണ്ടുതന്നെ കെ.എസ്.ആര്‍.ടി.സിയില്‍ ഇടപെടല്‍ ആദ്യ രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ 20 തൊട്ട് 40 ശതമാനം വരെ ഇന്ധനോപഭോഗം കുറഞ്ഞെന്ന് ഉറപ്പുവരുത്താനായിട്ടുണ്ട്. ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള പൊതുഗതാഗതസംരംഭങ്ങളില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും മോശപ്പെട്ട ഇന്ധനക്ഷമതാ റെക്കോര്‍ഡുള്ള ഒന്നാണ് കെ.എസ്.ആര്‍.ടി.സി. പി.സി.ആര്‍.എയുമായി ഞാന്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കാലത്തുമതേ, ഇന്നുമതേ. ആന്ധ്രയിലും കര്‍ണാടകയിലും തമിഴ്നാട്ടിലുമൊക്കെ ഒരു ലിറ്ററിന് അഞ്ചു കിലോമീറ്റര്‍ കിട്ടുമ്പോള്‍ കേരളത്തിലത് അഞ്ചുകിലോമീറ്ററില്‍ കുറവാണ്. ഇവരതിനു പറയുന്ന കാരണം കേരളത്തിലെ ജനസാന്ദ്രതയും യാത്രക്കാരാവശ്യപ്പെടുന്ന സ്റ്റോപ്പുകളുടെ എണ്ണവുമൊക്കെ കൂടുതലാണ് എന്നതാണ്. എന്നാല്‍, ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിലൊന്നാണ് ബാംഗ്ലൂര്‍. അവിടത്തെ ബസ്സിനു കിട്ടുന്ന ഇന്ധനക്ഷമതയൊന്നും നമ്മുടെ കെ.എസ്.ആര്‍.ടി.സിക്ക് കിട്ടാത്തതെന്തുകൊണ്ടാണ്? വ്യവസായങ്ങളിലെ എനര്‍ജി ഓഡിറ്റ് ചെയ്യുകയായിരുന്നു പി.സി.ആര്‍.എയുടെ ഭാഗമായി ചെയ്യേണ്ടിയിരുന്ന ഒരു ജോലി. 

സി. ജയരാമന്‍
സി. ജയരാമന്‍

എന്താണ് എനര്‍ജി ഓഡിറ്റ്?
ഓരോ വ്യവസായത്തിലും ഏതൊക്കെ തരം ഇന്ധനങ്ങളാണ് ഉപയോഗിക്കുക, എന്തിനൊക്കെയാണ് ഉപയോഗിക്കുന്നത്, അവ എങ്ങനെ പരമാവധി ഉപയോഗപ്പെടുത്താം അഥവാ ഓപ്റ്റിമൈസ് ചെയ്യാം എന്ന് അന്വേഷിക്കുകയും അതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുകയെന്നതാണ് എനര്‍ജി ഓഡിറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വീടുകളിലും ഇതു ചെയ്യാവുന്നതാണ്. വീടുകളിലെ ഊര്‍ജ്ജാവശ്യം എന്നാല്‍, പലരും ധരിച്ചുവെച്ചിരിക്കുന്നതുപോലെ വൈദ്യുതിയെ മാത്രം ആശ്രയിച്ചു നിവര്‍ത്തിക്കുന്ന ഒന്നല്ല, പ്രത്യേകിച്ചും വാഹനസാന്ദ്രതയൊക്കെ കൂടിയ കേരളത്തെപ്പോലുള്ള ഒരു സംസ്ഥാനത്തില്‍. സാധാരണ ഒരു വീട്ടില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജ്ജവും സാമ്പത്തികവ്യയവും വേണ്ടിവരുന്നത് ഇപ്പോള്‍ ട്രാന്‍പോര്‍ട്ടേഷനാണ്. ട്രാന്‍സ്പോര്‍ട്ടേഷനുവേണ്ട ഊര്‍ജ്ജോപഭോഗവും സാമ്പത്തികച്ചെലവും വൈദ്യുതിയുടെ രണ്ടിരട്ടിയോ മൂന്നിരട്ടിയോ വേണ്ടിവരും. വേണ്ട വെളിച്ചം ലഭ്യമാക്കാന്‍ ഊര്‍ജ്ജോപഭോഗം വേണ്ടിവരുന്ന ഘട്ടത്തില്‍ എല്‍.ഇ.ഡി ട്യൂബുകളുപയോഗിച്ച് വൈദ്യുതി ലാഭിക്കാം. ബി.എല്‍.ഡി.സി (ബ്രഷ് ലെസ് ഡി.സി) ഫാനുകള്‍ ഉപയോഗിച്ചാലും വൈദ്യുതി ലാഭിക്കാം. കൂടുതല്‍ ഊര്‍ജ്ജക്ഷമതയുള്ള ഫ്രിഡ്ജും വാഷിംഗ് മെഷിനുമെല്ലാം ഉപയോഗിച്ചാലും ഒരു വീട്ടില്‍ ഒരു അറുന്നൂറോ എഴുന്നൂറോ രൂപയുടെ ഉള്ളില്‍ വൈദ്യുതിബില്‍ ഒതുക്കിനിര്‍ത്താം. ഇങ്ങനെയുള്ള ഓരോ നിര്‍ദ്ദേശവും ഊര്‍ജ്ജാവശ്യങ്ങളേയും ഉപഭോഗത്തേയും കുറിച്ച് പഠിച്ചശേഷം നല്‍കാന്‍ കഴിയും. ബദല്‍ ഊര്‍ജ്ജ ഉറവിടങ്ങളെ അവലംബിക്കാനുള്ള നിര്‍ദ്ദേശവും ഓഡിറ്റിന്റെ ഭാഗമായി നല്‍കാറുണ്ട്. സാധാരണ വീടുകളില്‍ ഉപഭോഗത്തിനുശേഷം അവശേഷിക്കുന്ന ജൈവമാലിന്യങ്ങള്‍ ഉപയോഗിച്ച് ഒരു ദിവസം ഒരു മണിക്കൂറെങ്കിലും നമുക്ക് പാചകവാതകം ലഭ്യമാക്കാന്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാം. വ്യവസായങ്ങളില്‍ ഇന്ധനക്ഷമത കുറച്ചുകൂടി ഉയര്‍ന്ന തലത്തില്‍ പരിശോധിക്കേണ്ടിവരും. ചില വ്യവസായങ്ങളില്‍ നൂറുകണക്കിനു മോട്ടോറുകളുണ്ടാകും. ഈ മോട്ടോറുകളുടെ ലോഡിങ് പാറ്റേണ്‍ എന്താണെന്ന് ആദ്യം നോക്കും. പിന്നെ അവയുടെ എഫിഷ്യന്‍സി വര്‍ധിപ്പിക്കാനുള്ള വഴികള്‍ ആരായുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും. ഫാന്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ഉപകരണങ്ങള്‍ പോലും ഒരു തവണ റിപ്പയറിംഗ് നടത്തിയാല്‍ അതിന്റെ ഊര്‍ജ്ജക്ഷമതയെ അതു ബാധിച്ചെന്നുവരും. കൂടുതല്‍ ക്ഷമതയുള്ള പുതിയതൊന്നു പകരംവെച്ചാല്‍, പഴയത് ഉപയോഗിക്കുന്നതുകൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിനുവരുന്ന സാമ്പത്തികവ്യയത്തെ കുറയ്ക്കാനാകുമോ എന്ന വസ്തുത മിക്കപ്പോഴും ആളുകള്‍ പരിശോധിക്കാറില്ല. ഇത് പരിശോധിക്കുന്നത് എനര്‍ജി ഓഡിറ്റിംഗിന്റെ ഭാഗമാണ്. എക്കൗണ്ടിംഗ് ഓഡിറ്റില്‍ ഉപഭോഗവും ചെലവും ബാലന്‍സ് ചെയ്യുന്നുണ്ടോ എന്നേ നോക്കാറുള്ളൂ. എനര്‍ജി ഓഡിറ്റില്‍ ഉപഭോഗം എങ്ങനെ ഓപ്റ്റിമൈസ് ചെയ്യാനാകും എന്നു നോക്കും. നല്‍കപ്പെടുന്ന നിര്‍ദ്ദേശത്തിനനുസരിച്ച് നവീകരണത്തിനു തയ്യാറായാല്‍ വലിയ ലാഭം ബില്ലുകളില്‍ വീടുകളില്‍പ്പോലും ഉണ്ടാകുമെങ്കില്‍ വ്യവസായങ്ങളില്‍ ഇത് വലിയ വ്യത്യാസം ബില്ലുകളിലുണ്ടാക്കും. യഥാര്‍ത്ഥത്തില്‍ ഡിപ്ലീറ്റ് ചെയ്യപ്പെടുന്ന ഉറവിടങ്ങളാണ് നമ്മുടെ സാമ്പ്രദായിക ഊര്‍ജ്ജ ഉറവിടങ്ങളെല്ലാം. അവയുണ്ടാക്കുന്ന പാരിസ്ഥിതികച്ചെലവും സാമൂഹികച്ചെലവും വളരെ വലുതാണ്. അതുകൊണ്ട് അത്തരം ഉറവിടങ്ങളില്‍നിന്നുള്ള ഊര്‍ജ്ജോപഭോഗം കുറഞ്ഞ അളവില്‍നിന്ന് കൂടുതല്‍ ഉപഭോഗം എന്നതായിരിക്കണം ലക്ഷ്യം. എനര്‍ജി ഓഡിറ്റ് ഇതാണ് സാധ്യമാക്കുന്നത്. 

കേരളത്തില്‍ ചില വ്യവസായങ്ങള്‍ക്ക് കരണ്ടുതീനികള്‍ എന്ന ദുഷ്പേരുണ്ടല്ലോ?
വൈദ്യുതി ഉപഭോഗം ഓരോ വ്യവസായത്തിലേയും പ്രോസസ് അനുസരിച്ചിരിക്കും. ഇന്ത്യന്‍ അലുമിനിയം കമ്പനിയായിരുന്നു കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചിരുന്ന സ്ഥാപനമെന്നാണ് എന്റെ അറിവ്. ഇപ്പോള്‍ അതിന്റെ ചെറിയ ഒരു യൂണിറ്റ് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. അവിടത്തെ ഹീറ്റിംഗ് പ്രോസസ് എന്നു പറയുന്നത് ഇലക്ട്രിക് സ്മെല്‍ട്ടേഴ്സിനെ ആശ്രയിച്ചുള്ളതാണ്. കൊച്ചി റിഫൈനറിയെപ്പോലുള്ള ഒരു സ്ഥാപനമാണെങ്കില്‍ അവിടെ തെര്‍മല്‍ എനര്‍ജിയാണ് കൂടുതല്‍ ആവശ്യമായി വരുന്നത്. വൈദ്യുതിയല്ല. 
ചെറിയ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍പ്പോലും നമുക്ക് ഊര്‍ജ്ജലാഭമുണ്ടാക്കാനാകും. വീടുകളിലോ ഓഫിസിലോ പ്രവര്‍ത്തിപ്പിക്കുന്ന എയര്‍ക്കണ്ടീഷണറുകളുടെ കാര്യം തന്നെയെടുക്കാം. സാധാരണഗതിയില്‍ അത് 22 ഡിഗ്രി സെല്‍ഷ്യസില്‍ വെയ്ക്കും. അത് 24 ആക്കി വെച്ചാല്‍ 10 ശതമാനം ഊര്‍ജ്ജം നമുക്ക് ലഭിക്കാം. അതുമതി നമുക്ക്. പക്ഷേ, അതാരും ശ്രദ്ധിച്ചു കാണാറില്ല. കോള്‍ഡ് എനര്‍ജി എന്നു പറയുന്ന ശീതീകരണത്തിനു ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ ഉപഭോഗം ക്രമീകരിക്കാനും എനര്‍ജി ഓഡിറ്റ്‌കൊണ്ട് സാധ്യമാകും. വ്യവസായങ്ങളിലൊക്കെയാണ് ഈ രീതി അവലംബിക്കുന്നതെങ്കില്‍ അതു ഊര്‍ജ്ജോപഭോഗത്തിലും ക്ഷമതയിലും മറ്റും വലിയ മാറ്റമുണ്ടാക്കും. അവിടെ ഒരു ഡിഗ്രി സെന്റിഗ്രേഡില്‍ വരുന്ന വ്യതിയാനം തന്നെ വലിയ തോതില്‍ സാമ്പത്തികവ്യയവും പാരിസ്ഥിതികച്ചെലവും കുറയ്ക്കും. 

ഊര്‍ജ്ജസംരക്ഷണ ശ്രമങ്ങളുമായി ബദല്‍ ഊര്‍ജ്ജ ഉറവിടങ്ങള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ധനക്ഷമത ഉറപ്പുവരുത്തുന്നതോളം പ്രാധാന്യമര്‍ഹിക്കുന്നതാണ് ബദല്‍ ഊര്‍ജ്ജ ഉറവിടങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതും പ്രയോജനപ്പെടുത്തുന്നതും. പാരമ്പര്യേതര ഊര്‍ജ്ജ ഉറവിടങ്ങളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളവയാണ് സൗരോര്‍ജ്ജവും. സൗരോര്‍ജ്ജം പ്രയോജനപ്പെടുത്തുന്നതിനുവേണ്ട സോളാര്‍ പാനല്‍ പോലുള്ള സംവിധാനങ്ങള്‍ക്ക് വലിയ ചെലവുണ്ട് എന്നൊരൊറ്റ കാരണത്താല്‍ വേണ്ടെന്നുവയ്ക്കുന്ന നമ്മള്‍ കുളിമുറിയുണ്ടാക്കുന്നതിന് ഒന്നോ രണ്ടോ ലക്ഷം ചെലവിടുന്നതില്‍ പിശുക്കു കാട്ടാറില്ല. ഇങ്ങനെയൊരു കുളിമുറിയുണ്ടാക്കിയാലുള്ള പേ ബാക്ക് നമ്മള്‍ അന്വേഷിക്കാറില്ല. സൗരോര്‍ജ്ജം വളരെ കോസ്റ്റ് എഫക്ടീവാണ് എന്ന് കൃത്യമായി അറിയാമായിരുന്നിട്ടുപോലും. ഒരു ശരാശരി മധ്യവര്‍ഗ്ഗക്കാരന്‍ വീടുവയ്ക്കുമ്പോള്‍ ഒരു ലക്ഷം രൂപ ചുരുങ്ങിയത് കുളിമുറിക്കായി ചെലവിടുന്നു. അത്രയും കാശുവേണ്ട ഇപ്പോള്‍ ഒരു സോളാര്‍ സംവിധാനമുണ്ടാക്കാന്‍. ഇപ്പോള്‍ ഗ്രിഡ് കണക്ടഡ് സിസ്റ്റമൊക്കെ വന്നതിനാല്‍ ഒരു അറുപതിനായിരമോ അറുപത്തിഅയ്യായിരമോ രൂപയൊക്കെ ചെലവാക്കിയാല്‍ മതിയാകും. വളരെ വിലകുറഞ്ഞ വൈദ്യുതി നമുക്കിപ്പോള്‍ ലഭിക്കുന്നതിനാല്‍ പേ-ബാക്ക് പിരീഡ് കൂടുതലാണ്. എട്ടു പത്തു വര്‍ഷവുമൊക്കെയെടുക്കും. എന്തായാലും ഊര്‍ജ്ജസംരക്ഷണം പതുക്കെയാണെങ്കിലും നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായി മാറിവരുന്നുണ്ട്. ചുരുങ്ങിയ പക്ഷം അധികാരകേന്ദ്രങ്ങളിലെങ്കിലും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 
പി.സി.ആര്‍.എയില്‍നിന്നു റിഫൈനറിയിലേയ്ക്ക് തിരിച്ചുവന്നപ്പോള്‍ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി ഒരു പരീക്ഷ നടത്തിയിരുന്നു. സര്‍ട്ടിഫൈഡ് ഓഡിറ്റര്‍മാരേയും മാനേജര്‍മാരേയും കണ്ടെത്തുന്നതിനുവേണ്ടി. അങ്ങനെ പരീക്ഷ പാസ്സായ ഞങ്ങള്‍ ഏഴുപേര്‍ ചേര്‍ന്നു സീം (സൊസൈറ്റി ഓഫ് എനര്‍ജി എന്‍ജിനിയേഴ്സ് ആന്റ് മാനേജേഴ്സ്) എന്നൊരു സംഘടനയുണ്ടാക്കി. ഇപ്പോഴത്തെ അനെര്‍ട്ട് ഡയറക്ടര്‍ ഹരികുമാറായിരുന്നു ആദ്യത്തെ ജനറല്‍ സെക്രട്ടറി. ഡോ. പി.എസ്. ചന്ദ്രമോഹനായിരുന്നു പ്രസിഡന്റ്. ഞാന്‍ വൈസ് പ്രസിഡന്റും. ഇന്ന് അഖിലേന്ത്യാതലത്തില്‍ സംഘടനയില്‍ 750 അംഗങ്ങളുണ്ട്. ഞങ്ങളൊരു ശ്രദ്ധേയമായ ത്രൈമാസികവും പ്രസിദ്ധീകരിക്കുന്നുണ്ട്. 

പരമ്പരാഗത മാര്‍ഗ്ഗങ്ങളിലൂടെ ലഭിക്കുന്ന വൈദ്യുതിയുടെ ഉപയോഗം പാരിസ്ഥിതികമായി എത്രമാത്രം ചെലവുള്ളതാണ്?
ഇലക്ട്രിസിറ്റി എന്നു പറയുന്നത് വളരെ ചെലവേറിയതും ഏറെ മലിനീകരണത്തിനു കാരണമാക്കുന്നതുമായ ഊര്‍ജ്ജമാണ്. നമ്മള്‍ ഉപയോഗിക്കുമ്പോള്‍ അതു മലിനീകരണം ഉണ്ടാക്കുന്നില്ലെങ്കിലും ഉല്‍പ്പാദനവേളയില്‍ അതു വലിയ മലിനീകരണം ഉണ്ടാക്കുന്നുണ്ട്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എമിഷനിലേക്ക് ഏറ്റവും വലിയ സംഭാവന ചെയ്യുന്നത് ഇലക്ട്രിക് പവര്‍ പ്ലാന്റ്സ് ആണ്. തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍, കല്‍ക്കരി, നാഫ്ത തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയ പ്ലാന്റുകള്‍ എന്നിവ ആഗോളതാപനം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകളെ പൊതുവേ ക്ലീന്‍ എനര്‍ജിയുടെ സോഴ്സ് എന്നു പറയാറുണ്ട്. അവ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളാറില്ല. എന്നാല്‍, അവയുടെ കൂളിംഗ് ടവറുകള്‍ വളരെ വലുതാണ്. ഈ കൂളിംഗ് ടവറുകള്‍ വന്‍തോതില്‍ താപം പുറത്തേയ്ക്ക്, അന്തരീക്ഷത്തിലേയ്ക്ക് തള്ളുന്നുണ്ട്. പക്ഷേ, പൊതുവേ അവ അഭികാമ്യമാണെന്ന നിലയിലാണ് ചിത്രീകരിക്കപ്പെടാറ്. അതു മറ്റൊരു പ്രൊപ്പഗാന്റയുടെ ഭാഗമാണ്. ലോകമെമ്പാടും പുറന്തള്ളിയ ഒരു ടെക്‌നോളജി സ്വീകരിച്ചുകൊള്ളാമെന്ന ഒരു കരാറില്‍ നാം ഒപ്പുവെച്ചുകഴിഞ്ഞു. ന്യൂക്ലിയര്‍ എനര്‍ജി ഒരിക്കലും സേഫല്ല. അത് സസ്റ്റെയ്നബിളുമല്ല. ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യമായ ഊര്‍ജ്ജ ഉറവിടം കല്‍ക്കരി ആണ്. എണ്ണയെ ആശ്രയിക്കുന്നതല്ല നല്ലത്. കല്‍ക്കരി മലിനീകരണം കുറയ്ക്കുന്നതിന് ക്ലീന്‍ കോള്‍ ടെക്‌നോളജിയൊക്കെ ഇപ്പോള്‍ വരുന്നുണ്ട്. കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് കുറേയൊക്കെ നല്ലതാണ്. മീഥേനാണ് എന്നതു ഒരു പ്രശ്‌നം. മീഥേനും ആഗോളതാപനത്തില്‍ ഒരു പങ്കുവഹിക്കുന്നുണ്ട്.
ആഗോളതാപനത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഉന്നയിച്ചുവന്ന ഒരു കാര്യം നമ്മള്‍ ഒരു വികസ്വര രാഷ്ട്രമാണ്, ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ വികസിതരാജ്യങ്ങളാണ് വിട്ടുവീഴ്ച ചെയ്യേണ്ടത് എന്നാണ്. എന്നാല്‍, നമ്മള്‍ ഉന്നയിച്ച തെറ്റായ ഒരു കാര്യം നമ്മളുടെ പെര്‍ കാപിറ്റാ എമിഷന്‍ കുറവാണ് എന്നതാണ്. പക്ഷേ, ഒരു നൂറ്റിരുപതുകോടി ജനങ്ങളുണ്ടിവിടെ. എന്തായാലും ഊര്‍ജ്ജരംഗത്ത് അന്തര്‍ദ്ദേശീയ തലത്തിലെ രാഷ്ട്രീയം നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട്. 

മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്റെ ഒരു സംസ്‌ക്കാരം വീടുകളില്‍നിന്നുതന്നെ തുടങ്ങേണ്ടതാണ്. മാലിന്യങ്ങളെ ഉറവിടത്തില്‍ത്തന്നെ വേര്‍തിരിച്ചെടുത്തില്ലെങ്കില്‍ സംസ്‌ക്കരണശ്രമങ്ങള്‍ പാഴായിപ്പോകും. മാലിന്യം മാലിന്യമായിത്തന്നെ തുടരും. ജൈവമാലിന്യങ്ങളുടെ കൂടെ ഉപയോഗശൂന്യമായിപ്പോയ ഒരു ബാറ്ററികൂടി കൂടെക്കലര്‍ന്നാല്‍ മതി. അതു നല്ല വിഷമായി മാറും. വളമാക്കാന്‍ പറ്റില്ല. നമ്മുടെ ഊര്‍ജ്ജാവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതില്‍ മാലിന്യങ്ങള്‍ക്ക് കുറേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. വീടാവശ്യങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ കിട്ടുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളും കവറുകളുമാണ് പ്രശ്‌നം. റീസൈക്കിളിംഗ് നാം നടത്താറില്ല. വിദേശരാജ്യങ്ങളിലൊക്കെ കാറിന് ഒരു ബാറ്ററി വാങ്ങണമെങ്കില്‍ നിര്‍ബന്ധമായും പഴയ ബാറ്ററി വാങ്ങുന്നിടത്ത് തിരിച്ചുകൊടുത്തിരിക്കണം. നമ്മുടെ വീടുകളില്‍നിന്നുതന്നെയാകണം ഊര്‍ജ്ജസംരക്ഷണത്തെക്കുറിച്ചുള്ള പാഠങ്ങള്‍ ആരംഭിക്കേണ്ടത്. എന്തായാലും ഊര്‍ജ്ജസംരക്ഷണമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന്റെ ബിഹേവിയറല്‍ ആസ്പെക്ട് എന്റെ ഭാവിപഠനങ്ങളുടെ ഭാഗമാണ്.

ചൈല്‍ഡ് (സെന്റര്‍ ഫോര്‍ ഹെല്‍ത്ത്, ഇന്റലിജന്‍സ്, ലേണിങ് ആന്റ് ഡവലപ്മെന്റ്) എന്നൊരു സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ടല്ലോ? 
എന്നെ സംബന്ധിച്ചിടത്തോളം വളരെ വ്യത്യസ്തമായ ഒരു മേഖലയിലാണ് ചൈല്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍. ഭാര്യ ഗിരിജയുടെ ഒരു മുന്‍കൈയില്‍ ഉണ്ടായ സംഘടനയാണ്. ഗിരിജ എം.ബി.ബി.എസ് കഴിഞ്ഞ് സ്പെഷ്യലൈസ് ചെയ്തത് ബിഹേവിയറല്‍ മെഡിസിനിലും സൈക്കോളജിയിലുമൊക്കെയാണ്. ആദ്യകാലത്ത് കുട്ടികള്‍ക്കുവേണ്ടി ക്യാംപുകള്‍ നടത്തുക, യാത്രകള്‍ പോകുകയെന്നതൊക്കെയായിരുന്നു പരിപാടികള്‍. 2008-ല്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിക്കുന്ന, വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന, പത്താം ക്ലാസ്സ് പാസ്സാകില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വിധിയെഴുതുന്ന മുപ്പതു കുട്ടികളെ തെരഞ്ഞെടുത്ത് അവരുടെ വീടുകളില്‍ ചെന്നും മറ്റും പ്രത്യേക പരിശീലനം നല്‍കി. ആ മുപ്പതുകുട്ടികള്‍ അക്കൊല്ലം പാസ്സാകുകയും ചെയ്തു. പിറ്റേക്കൊല്ലം ഒന്‍പതാം ക്ലാസ്സിലെ കുട്ടികളെ തെരഞ്ഞെടുത്ത് അവരുടെ വ്യക്തിത്വവികസനവും പത്താം ക്ലാസ്സില്‍ അവരുടെ പഠനമികവ് സാധ്യമാക്കലും ലക്ഷ്യമിടുന്ന പദ്ധതി നടപ്പാക്കി. ഇപ്പോള്‍ ഇത് ആറാമത്തെ ബാച്ചാണ്. നൂറുശതമാനം വിജയമാണ് ഈ പദ്ധതി. ആദ്യ ബാച്ചിലുണ്ടായിരുന്ന അഞ്ചുപേര്‍ എം.ബി.എയും ഒരാള്‍ നിയമവും ഒരാള്‍ നഴ്സിങ്ങും പാസ്സായി. പെണ്‍കുട്ടികളെയാണ് ഞങ്ങള്‍ തെരഞ്ഞെടുക്കാറുള്ളത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കുടുംബങ്ങള്‍ പൊതുവേ ഉദാസീനത കാണിക്കുന്നു എന്നതിന്റെ പശ്ചാത്തലത്തിലാണിത്. ഈ വര്‍ഷം 22 കുട്ടികളാണ് ഉണ്ടായിരുന്നത്. മുഴുവന്‍ പേരും വിജയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com