ഗാര്‍മിഷ്: ആല്‍പ്‌സ് കുന്നുകളിലെ സുന്ദരി

പര്‍വ്വതത്തിന്റെ അത്യന്തസാമീപ്യവും മഞ്ഞിന്റെ ആധിക്യവുമാണ് നഗരത്തെ കൂടുതല്‍ വ്യത്യസ്തമാക്കുന്നത് 
ഗാര്‍മിഷ്: ആല്‍പ്‌സ് കുന്നുകളിലെ സുന്ദരി

    
ഭൂമിയും പ്രകൃതിയും ജീവജാലങ്ങളും ശീതോഷ്ണാവസ്ഥകളും മനുഷ്യനുമായുള്ള പാരസ്പര്യത്തെക്കുറിച്ച് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്ന അനുഭവമായി ഞങ്ങളുടെ ഗാര്‍മിഷ് - ഐബ്‌സീ യാത്ര; ആല്‍പ്സിന്റെ മുകളറ്റവും അതിന്റെ താഴ്ചയും തേടിയുളള യാത്ര. ജര്‍മ്മനിയില്‍ പല തവണ വന്ന് താമസിച്ചെങ്കിലും ഇതുവരെ ഗാര്‍മിഷില്‍ പോയിരുന്നില്ല. ഒരു രാവിലെ ഞങ്ങള്‍, ഞാനും സീതയും മകന്‍ അതുലും കൂടി ഗാര്‍മിഷിലേക്ക് തിരിച്ചു. ഞങ്ങള്‍ താമസിക്കുന്ന ഓട്ടോബ്രൂണില്‍നിന്ന് നൂറ് കിലോമീറ്റര്‍ അകലെയാണ് ഗാര്‍മിഷ്. ട്രെയിന്‍ സര്‍വ്വീസുണ്ട് ആ മല നഗരത്തിലേക്ക്. എങ്കിലും ഞങ്ങള്‍ കാറിലാണ് പോയത്. കൂടുതല്‍ കാഴ്ചാസൗകര്യങ്ങള്‍ അതാണല്ലോ നല്‍കുക. നൂറ്  കിലോമീറ്റര്‍ വരുന്ന ഈ മലയാത്രയിലും ജര്‍മ്മനിയിലെ യാത്രാസംവിധാനത്തില്‍ അതിന് ഏതാണ്ട് ഒരു മണിക്കൂറാണെടുക്കുക. അത്രയ്ക്ക് സുഗമവും പ്രശംസനീയവുമാണ് ഇവിടത്തെ റോഡും യാത്രാസംവിധാനങ്ങളുമെല്ലാം. 
    

ദക്ഷിണ ജര്‍മ്മനിയില്‍, ആല്‍പ്സ് പര്‍വ്വതത്തിനു ചുവടെയുള്ള ഒരു ശീതനഗരമാണ് ഗാര്‍മിഷ്-പാര്‍ട്ടെന്‍കിര്‍ഹെന്‍ (Garmisch-Partenkirchen). പര്‍വ്വതത്തിന്റെ അത്യന്തസാമീപ്യവും മഞ്ഞിന്റെ ആധിക്യവുമാണ് ഇതിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നതെന്ന് പറയാം. സ്‌ക്കീയിങ്ങിലൂടെയും മലകയറ്റത്തിലൂടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഈ കേന്ദ്രത്തിന്, ടൂറിസം പ്രധാന ധനാഗമമാര്‍ഗ്ഗമായ നഗരം എന്ന സവിശേഷത കൂടി കൈവന്നിട്ടുണ്ട്. ഈ സവിശേഷതകള്‍ തന്നെയാണ് ഇതിനെ 1936-ലെ വിന്റര്‍ ഒളിംപിക്‌സിന്റെ ആസ്ഥാനമാക്കിയത്. ആ പേരില്‍ക്കൂടി പ്രസിദ്ധമായ ഇപ്പോഴത്തെ നഗരം, പടിഞ്ഞാറ് ഗാര്‍മിഷും കിഴക്ക് പാര്‍ട്ടെന്‍കിര്‍ഹെനും എന്ന നിലയില്‍, വ്യത്യസ്ത മേയര്‍മാരുടെ കീഴില്‍ രണ്ട് നഗരങ്ങളായാണ് അതുവരെ നിലവിലിരുന്നത്. ഒളിംപിക്‌സ് നടത്താനുള്ള തയ്യാറെടുപ്പുകളിലൊന്നായി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഈ നഗരങ്ങളെ ബലമായി ഒന്നുചേര്‍ത്തു. ഭരണകാര്യനിര്‍വ്വഹണത്തിലെ സൗകര്യങ്ങളും പ്രദേശത്തെ ശക്തിപ്പെടുത്തലുമായിരുന്നു അതിന് ലക്ഷ്യമായിരുന്നത്.

ലേഖകനും കുടുംബവും
ലേഖകനും കുടുംബവും

റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പാര്‍ട്ടിനം നഗരം അതിപ്രാചീന കാലം മുതല്‍തന്നെ പൊതുശ്രദ്ധയിലെത്തുന്നുണ്ട്. വീണ്ടും ഒരെട്ട് നൂറ്റാണ്ട് കഴിഞ്ഞാണ് ജര്‍മ്മന്‍ ഡിസ്ട്രിക്ട് (Germaneskau) എന്ന നിലയില്‍ ഗാര്‍മിഷ് പരാമര്‍ശിക്കപ്പെട്ടു കാണുന്നത്. ഗാര്‍മിഷ് എന്നത് ഇപ്പോള്‍ ഗാര്‍മിഷ്-പാര്‍ട്ടെന്‍കിര്‍ഹെന്‍ ഇരട്ടനഗരത്തെ കുറിക്കുന്ന പൊതുപേരായി മാറിയിട്ടുണ്ട്; സ്ഥലനാമങ്ങളിലും രേഖകളിലുമെല്ലാം ആ ഇരട്ടപ്പേര് തന്നെ കാണുമെന്നിരുന്നാലും.     

പൊതുവെ മറ്റ് പ്രദേശങ്ങളില്‍നിന്ന് ഉയര്‍ന്ന് നിലകൊള്ളുന്നതുകൊണ്ടും ആല്‍പ്സിന്റെ അത്യന്തസാന്നിധ്യംകൊണ്ടും ഒരു സവിശേഷ ശീതപ്രകൃതിയാണ് ഗാര്‍മിഷിനുള്ളത്. തണുത്ത കാറ്റും മഞ്ഞുവീഴ്ചയും അവിടത്തെ കാലാവസ്ഥയുടെ സവിശേഷതയാണെന്ന് പറയാം. വര്‍ഷത്തില്‍  ഏറിയ കാലവും നിലനില്‍ക്കുന്ന മഞ്ഞുവീഴ്ച ഇതിനെ ഒരു സ്‌കീയിങ് നഗരമാക്കിത്തീര്‍ത്തു.     ഒളിംപിക്സ് മത്സരങ്ങളില്‍ ആല്‍പൈന്‍ സ്‌കീയിങ് ആദ്യമായി ഉള്‍പ്പെടുത്തിയതും നടന്നതും 1936-ല്‍ ഗാര്‍മിഷിലാണ്. ഇപ്പോള്‍ പുതുവത്സരദിനങ്ങളില്‍ സ്‌ക്കീ ജമ്പ് മത്സരവും ഇവിടെ നടക്കുന്നുണ്ട്. ലോക ആല്‍പൈന്‍ സ്‌കീ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ 1978-ല്‍ നടന്നതും ഇവിടെത്തന്നെ. 
    

മഞ്ഞില്‍ തെന്നി നീങ്ങുന്ന കാഴ്ചകള്‍
പാര്‍ട്ടെന്‍കിര്‍ഹെന്റെ തെക്ക് ഭാഗത്തായുള്ള പാര്‍ട്ട്‌നാഹ് മലയിടുക്ക് (partnachklamm) കാണികളെ ഏറെ ആകര്‍ഷിക്കുന്നൊരു സന്ദര്‍ശകസ്ഥാനമാണ്. അവിടത്തെ ചുണ്ണാമ്പുകല്‍മുനമ്പുകള്‍ക്കിടയിലൂടെ പാര്‍ട്ട്‌നാഹ് നദി രണ്ട് കിലോമീറ്ററോളം ദൂരം നൂണ്ടിറങ്ങിപ്പോകുന്നുണ്ട്. ഇതൊരു  സവിശേഷാനുഭവമായി സന്ദര്‍ശകര്‍ ഉള്‍ക്കൊള്ളുന്നു. ഓസ്‌ട്രേലിയയിലെ ലോക്ക് ആര്‍ഡ് കടലിടുക്ക് സന്ദര്‍ശിച്ചതിന്റെ ശീതഭീകരമായ സൗന്ദര്യാ നുഭവമാണ് അപ്പോള്‍ മനസ്സിലുണര്‍ന്നത്. മലയിടുക്ക് സന്ദര്‍ശനവും കേബിള്‍ കാറിലെ മലകയറ്റവുമാണ് ഇവിടെ സന്ദര്‍ശകര്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വിശേഷാനുഭവങ്ങള്‍. എന്നാല്‍, കാലാവസ്ഥാവ്യതിയാനം നിമിത്തം മലയിടുക്ക് സന്ദര്‍ശനം കുറെ നാളത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്. 

പാര്‍ട്ട്‌നാഹ് കടലിടുക്ക്
പാര്‍ട്ട്‌നാഹ് കടലിടുക്ക്

ഗാര്‍മിഷിലേക്കും തിരിച്ചുമുള്ള യാത്ര ഏറെയേറെ കൗതുകകരമായി തോന്നി. യാത്രയുടെ അവസാനഭാഗമെത്തുമ്പോള്‍, ഈ വിസ്തൃതമായ പാത പോകുന്നതു മുഴുവന്‍ മലകള്‍ക്കിടയിലൂടെയാണ്. ആല്‍പ്സ് പര്‍വ്വതത്തിന്റെ ചുരുളുകള്‍ക്കിടയിലൂടെയുള്ള നല്ലൊരു മലയാത്ര. ചിലേടത്ത് എത്തിയപ്പോള്‍ തോന്നി: മുന്നില്‍ മല, പിന്നില്‍ മല, ഇടത്ത് മല, വലത്ത് മല എന്ന്! അങ്ങനെയുള്ള യാത്രയ്ക്ക് നഗരത്തിലെത്തിയാലും വലിയ മാറ്റമൊന്നുമില്ല. നഗരത്തിന് ഒന്ന് കുടിപാര്‍ക്കാന്‍ വേണ്ടി മലകള്‍ കുറച്ചൊന്ന് അകന്നു നീങ്ങിക്കൊടുത്തെന്നു മാത്രം! പര്‍വ്വതത്തിന്റെ രണ്ട് വന്‍ശിഖരങ്ങളുടെ താഴ്വാരത്തിലാണ് നഗരം പാര്‍പ്പുറപ്പിച്ചത്. നഗരത്തിന്റെ കേന്ദ്രഭാഗത്തോടടുത്തുള്ളത് ജര്‍മ്മന്‍ ആല്‍പ്സിന്റെ ഏറ്റവും ഉയര്‍ന്ന ശിഖരമായ സുഗ്‌സ്പിറ്റ്‌സെ (Zugspitze ) സ്ഥിതിചെയ്യുന്ന ഭാഗമാണ്.  അതിന്നപ്പുറം കടന്നാല്‍ ഓസ്ട്രിയയായി. ഓസ്ട്രിയയിലെ സാത്സ്‌ബെര്‍ഗില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ സന്ദര്‍ശനം ഹൃദ്യമായ ഓര്‍മ്മയായി ഇപ്പോഴുമുണ്ട് ('ഋതുഭേദങ്ങളില്‍ യൂറോപ്പിലൂടെ').
 

നഗരത്തിലൊരിടത്തായി ഞങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്തു. കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച പാര്‍ക്കിങ് ഏരിയയും നടപ്പാതയുമാകെ ചരല്‍ക്കല്ലുകള്‍ നിരത്തിയിരിക്കുന്നു. മഞ്ഞുവീഴ്ചയില്‍ വാഹനങ്ങളും കാല്‍നടയാത്രക്കാരും മറ്റും വഴുതിപ്പോകാതിരിക്കാനാണത്.  സ്‌കീയിങ്ങിനുവേണ്ടി തെളിച്ച അനേകം പാതകള്‍ അവിടെനിന്നു കാണാം.  ആ മലമടക്കുകളില്‍ വിവിധയിടങ്ങളിലായി അവ മഞ്ഞിന്റെ വെള്ള പുതച്ചുകിടക്കുന്നു. 

അവിടെയെത്തിയപ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്, 1036-ല്‍ വിന്റര്‍ ഒളിംപിക് മത്സരങ്ങള്‍ക്കുവേണ്ടിയൊരുക്കിയ സന്നാഹങ്ങളാണ് (Olympia Eicesport Center). ഇരുമ്പില്‍ തീര്‍ത്ത സുഘടിതമായ സ്‌കീയിങ്ങ് പാതകളും മറ്റും ഏറെയേറെ ഉയരങ്ങളോളം കാണാം. ഈ ദിവസങ്ങളില്‍ സൂര്യന്‍ കത്തിജ്ജ്വലിച്ചുനിന്നതുകൊണ്ടാവാം, അതൊന്നുംതന്നെ മഞ്ഞുടുപ്പ് പുതച്ചിരുന്നില്ല. അടുത്ത് തന്നെ ഒളിംപ്യാ ഹൊസും (Olympia Haus) കണ്ടു. 
  

പാര്‍ട്ട്‌നാ ക്ലാം അടച്ചിട്ടിരിക്കുകയാണെന്നതുകൊണ്ട് മലയിടുക്കുകളിലേക്ക് ഞങ്ങള്‍ക്ക് പോകാനായില്ല. എങ്കില്‍ യാത്ര കേബിള്‍ കാറില്‍ ആകട്ടെയെന്നു വെച്ചു. 14 യൂറോ ആണ് ഒരാള്‍ക്ക് ചാര്‍ജ്, ഏതാണ്ട് നമ്മുടെ ആയിരം രൂപ വരും. പതിനഞ്ച് മിനിട്ട് യാത്ര. ആ യാത്രയും കൗതുകകരമായിരുന്നു. വെള്ളിവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന നഗരത്തെ കാല്‍ക്കീഴിലാക്കിക്കൊണ്ട്, ഒളിംപ്യാ ഹൗസിനും ഒളിംപിക് സന്നാഹങ്ങള്‍ക്കുമെല്ലാം മുകളിലൂടെ, കീഴെ വൃക്ഷക്കൂട്ടങ്ങളും പിന്നെ കൊടുംവനങ്ങളും അരുവികളുമെല്ലാം താണ്ടി, ഏറിയേറിയും ബലപ്പെട്ടും വരുന്ന മഞ്ഞുപാളികളേയും കടന്ന്, ഞങ്ങള്‍ ആല്‍പ്സിന്റെ മുകള്‍ത്തട്ടിലെത്തി.
    

അവര്‍ണ്ണനീയം എന്ന പദത്തിന് സാധാരണഗതിയില്‍ വഹിക്കാവുന്ന  അര്‍ത്ഥമേഖലയ്ക്കുമപ്പുറമായിരുന്നു അവിടെ ഞങ്ങളുടെ അനുഭവങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ പര്‍വ്വതമായ ഹിമാലയത്തിലൂടെ പലതവണ പോയിട്ടുണ്ട്. ഈഗിള്‍ നെസ്റ്റിലും ടൈഗര്‍ നെസ്റ്റിലും മറ്റും പോകാനും കാഞ്ചന്‍ജംഗയും കാര്‍ഗിലും മകാലുവും എവറസ്റ്റും മറ്റും അതിനപ്പുറം കാണാനും അവസരമുണ്ടായിട്ടുണ്ട്. അതിന്റെയെല്ലാം ഓര്‍മ്മകള്‍ ഇപ്പോഴും കോരിത്തരിപ്പി ക്കാറുമുണ്ട്. എന്നിരുന്നിട്ടും ഇവിടെയെത്തിയപ്പോള്‍ തോന്നി, ഇതാണ് തികഞ്ഞൊരു പര്‍വ്വതാനുഭവമെന്ന്. പര്‍വ്വതത്തിന്റെ മുകളറ്റത്ത് നാം നില്‍ക്കുന്നു. ചുറ്റും അടുത്തും അകലെയുമെല്ലാം മഞ്ഞുമൂടി ശുഭ്രവര്‍ണ്ണമായ പര്‍വ്വതനിരകള്‍. എല്ലാംതന്നെ നമുക്ക് താഴെ, അല്ലെങ്കില്‍ നമുക്ക് സമശീര്‍ഷം! കാഴ്ചയില്‍പ്പെടുന്ന ആല്‍പ്സിന്റെ കൊടുമുടിപ്പരപ്പുകളെല്ലാം തന്നെ അതിന്  താഴെയാണ്; ചുരുക്കം ചിലതുണ്ട് അതിനൊപ്പം.

കേബിള്‍ കാര്‍ യാത്ര
കേബിള്‍ കാര്‍ യാത്ര

മഞ്ഞുപുതഞ്ഞ ആ മലമുകളിലൂടെ, മഞ്ഞുപാളികളുടെ മുകളിലൂടെ ഞങ്ങള്‍ കുറേ ദൂരം നടന്നു. ഏറെ ശ്രദ്ധയോടെ ചുവട് വെച്ചും വേച്ചും തെന്നിയും മറ്റുമുള്ള സാഹസയാത്ര. ഇടയ്ക്കിടെ വീശിയടിക്കുന്ന ശീതക്കാറ്റ്. നല്ല വെയിലും. ചിലേടത്ത് വെയിലില്‍ മഞ്ഞുരുകി ചെരിവുകളിലേക്കിറങ്ങുന്നുണ്ട്. അവിടം അങ്ങനെ ചെളിയായി മാറുകയും വഴുക്കലിനും അതിലെ കടക്കാന്‍ ശ്രമിക്കുന്നവരെ വീഴ്ത്തുന്നതിനും കാരണമാവുകയും ചെയ്യും. പര്‍വ്വതമുകളില്‍, അങ്ങനെയൊരു അസുലഭാവസരവും ആ യാത്രയ്ക്കിടെ എനിക്കുണ്ടായി!
    

അങ്ങനെ, മഞ്ഞുപാളികള്‍ക്കിടയിലൂടെ ഏറെ സാഹസപ്പെട്ട് ഞങ്ങള്‍ ആ മലയുടെ മറുപുറത്തെത്തി. അതിനിടയ്ക്കായി ആ കുന്നിന്റെ നെറുകയില്‍, വേലികെട്ടിത്തിരിച്ച വളപ്പിനുള്ളില്‍ ഒരു വീട് കണ്ടു. ആള്‍പ്പെരുമാറ്റത്തിന്റെ സൂചനകളൊന്നുമില്ലാത്ത അവിടം ആരുടേയും താമസത്തിനുവേണ്ടിയുള്ളതല്ലെന്ന് വ്യക്തമായിരുന്നു. വീടെന്നപോലെ, തടിക്കഷണങ്ങള്‍കൊണ്ടു തീര്‍ത്ത ആ മതിലും അടച്ചുപൂട്ടിയിരിക്കുകയാണ്. അതുകൊണ്ട് ഉള്ളിലേക്ക് കടക്കാനാവില്ല. വീണ്ടും ഞങ്ങള്‍ കുറെക്കൂടി നടന്ന് മലയുടെ മറുപുറത്തെത്തി. 

അവിടന്നങ്ങോട്ട് താഴ്വാരമാണ്. ഏറെ ക്ഷീണിച്ചെങ്കിലും താഴ്വാരം കണ്ടേ മടങ്ങൂ എന്ന് സീതയ്ക്ക് നിര്‍ബന്ധം. അങ്ങോട്ട് ചെല്ലേണ്ട എന്ന് പറഞ്ഞെങ്കിലും ഞാനും പോയി. താഴ്വാരത്തിലേക്കുള്ള മലഞ്ചെരിവുകളില്‍ വൃക്ഷങ്ങളുണ്ട്, മഞ്ഞുപാളികള്‍ക്കിടയില്‍ അവ നില്‍ക്കുന്നു.  ഒരു കൗതുകമായിക്കണ്ടത്, ആ വൃക്ഷങ്ങളുടെ ചുവടുകളില്‍ തടം വരഞ്ഞതുപോലെ ഒരു ചെറുവൃത്തമൊഴിവാക്കി മറ്റിടങ്ങളിലെല്ലാം മഞ്ഞ് മൂടിക്കിടക്കുന്നതാണ്. മരച്ചുവടുകളിലെ ഈ വൃത്തം കേബിള്‍ കാറിലെ മലകയറ്റത്തിനിടയിലും കണ്ടിരുന്നു.
    

മലയുടെ ഒരു ഭാഗത്തായി ബിയര്‍ പാര്‍ലറും കണ്ടു. നമ്മുടെ സൈനികര്‍പോലും മദ്യപാനത്തിന് സാധൂകരണമായി പറയുന്നത് മഞ്ഞും തണുപ്പും എന്നാണല്ലോ. അപ്പോള്‍പ്പിന്നെ ബിയറും വീഞ്ഞുമൊക്കെ ഭക്ഷണത്തിന്റെ ഭാഗമായി കരുതുന്ന യൂറോപ്പിലെ ഈ മഞ്ഞുമലയ്ക്കു മുകളില്‍ ഒരു ബിയര്‍ പാര്‍ലറിന് ഔചിത്യക്കുറവൊന്നുമില്ലെന്ന് മനസ്സ് ചിരിതൂകി!
    

ആ മഞ്ഞടുക്കുകള്‍ക്കു മുകളില്‍ ഏതാണ്ട് ഒരു മണിക്കൂറോളം തങ്ങിയിട്ട് ഞങ്ങള്‍ മടങ്ങി. അതുല്‍ തിരിച്ചുപോന്നത് കേബിള്‍ കാറിലല്ലാതെ, മലയുടെ താഴ്വാരങ്ങളിറങ്ങിത്തന്നെയാണ്. അതുകൊണ്ട് ഞങ്ങള്‍ പതിനഞ്ച് മിനിട്ടുകൊണ്ട് കടന്ന ദൂരം, ഇറങ്ങിയും കയറിയും വളഞ്ഞും തിരിഞ്ഞുമൊക്കെ താഴെയെത്താന്‍ ഒന്നര മണിക്കൂറിലേറെയെടുത്തു.  
മലമുകളില്‍ നിന്നിറങ്ങിവന്ന ഞങ്ങള്‍ ഏറെ അകലെയല്ലാതെ അതിന്റെ മറുപുറമായ ഒരു വനത്തിലും തടാകക്കരയിലും കൂടി പോയിട്ടാണ് തിരിച്ചു പോന്നത്. ഐബ്‌സീ (Eib See) എന്ന തടാകമായിരുന്നു പ്രധാന ലക്ഷ്യം. See എന്നതിന് ജര്‍മ്മന്‍ ഭാഷയില്‍ തടാകം, ജലാശയം എന്നൊക്കെയാണ് അര്‍ത്ഥം. സമുദ്രനിരപ്പില്‍നിന്ന് ആയിരം മീറ്ററോളം ഉയരെയുള്ള ആ തടാകത്തിലേക്ക് പോകാനായി ഗ്രൈനാവു(Grainau)-ല്‍ എത്തിയ ഞങ്ങള്‍ കാറവിടെ പാര്‍ക്ക് ചെയ്തു. ഉള്‍നാടും വനപ്രാന്തവുമൊക്കെയാണെങ്കിലും അവിടെയും അനേകം കാര്‍ പാര്‍ക്കുകള്‍, എല്ലാറ്റിലും തന്നെ നിറയെ കാറുകളുമുണ്ട്. അവിടെനിന്ന് കാട്ടിടവഴികളിലൂടെ നടന്നാണ് തടാകക്കരയിലെത്തിയത്. വഴിയുടെ ഇരുപാടുമുണ്ട് നിറഞ്ഞുതിങ്ങിയ വനങ്ങള്‍. 

ജര്‍മ്മനിയിലെ വനങ്ങള്‍ നമ്മുടെ വനങ്ങളോളം 'വന്യത'യുള്ളവയല്ലെന്നാണ് അതിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതുവരെയുള്ള അനുഭവം. നമ്മുടെ വനങ്ങള്‍, മനുഷ്യവാസമെത്തിയിട്ടുള്ളവ പോലും, അവയുടെ സ്വാഭാവിക പ്രാകൃതികത ഏറെയൊന്നും നഷ്ടപ്പെട്ടിട്ടുള്ളവയല്ല. എന്നാല്‍ ഇവിടെ വനങ്ങള്‍ ഒട്ടുമിക്കവയുംതന്നെ മനുഷ്യന്‍ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തുവരുന്നവയാണ്. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു, ഒരു പരിധിയെത്തുമ്പോള്‍ അവ മുറിച്ചു മാറ്റുകയും വേറെ നടുകയും ചെയ്യുന്നു. അതുകൊണ്ട് ഓരോ കാട്ടിലേയും മരങ്ങളെല്ലാം ഏതാണ്ട് ഒരേ പ്രായവും വലുപ്പവും ഉള്ളവയായി നില്‍ക്കുന്നു. 

ഇപ്പോള്‍ ഞങ്ങള്‍ നടന്ന കാടുകളും അങ്ങനെ തന്നെയാണ് കണ്ടത്. കാടുകള്‍ക്കിടയിലായി നീണ്ടുപോകുന്ന വഴിയിലൂടെ ഞങ്ങള്‍ നടന്നു. ചുറ്റിയടിക്കുന്ന കാറ്റ്. ഇടയ്ക്കിടെ പെരുമഴയാര്‍ത്തുപെയ്യുന്നതുപോലുള്ള ഇരമ്പല്‍. എന്നാല്‍ അത് മഴയല്ല, കാറ്റും ഇലപ്പരപ്പുകളും തമ്മിലുള്ള സംഘര്‍ഷത്തിന്റേത് തന്നെയാണെന്ന് പിന്നീട് മനസ്സിലായി. ഒറ്റയടിപ്പാതയാണ്; അതിലേ ആളുകള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും നടക്കുന്നു. ഉള്ളിലേക്ക് പോകുന്നവരും തിരിച്ചു വരുന്നവരുമുണ്ട്. കടന്നുപോയ പലരും ഞങ്ങള്‍ക്ക് സ്‌നേഹാഭിവാദനങ്ങള്‍ തന്നു. അവര്‍ക്ക് ഒരു പുഞ്ചിരി തിരിച്ചു നല്‍കി ഞങ്ങളും നടന്നു. 

സന്ദര്‍ശനത്തിനെത്തുന്നവരില്‍ ചിലരോടൊപ്പം നായ്ക്കളുമുണ്ട്. അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുന്ന നായ്ക്കളും പരസ്പരം കാണുമ്പോള്‍ സ്‌നേഹാഭിവാദനത്തിന് മടിക്കാറില്ല! അപ്പോള്‍ ഉടമസ്ഥന്‍/ഉടമസ്ഥ അവയെ സ്‌നേഹപൂര്‍വ്വം നോക്കിക്കൊണ്ടിരിക്കും (നടക്കാന്‍ പോകുമ്പോള്‍ മാത്രമല്ല, ബസിലും ട്രെയിനിലുമൊക്കെ നായ്ക്കള്‍ ഇവിടെ അകമ്പടിക്കാരായുണ്ട്. മുന്‍പൊരിക്കല്‍ എഴുതിയിരുന്നതുപോലെ, ബസിലായാലും ട്രെയിനിലായാലും ഒരാള്‍ക്ക്  ഒരു നായയെ കൊണ്ടുപോകാം; ഒന്നില്‍ കൂടുതലായാല്‍ അവയ്ക്ക്  ടിക്കറ്റെടുക്കണമെന്നേയുള്ളു). 
 

വഴിയരികില്‍ ഇടയ്ക്കിടെ ചാരുബെഞ്ചുകളുണ്ട്. നടന്ന് ക്ഷീണിക്കുമ്പോള്‍ ഇരുന്ന് വിശ്രമിക്കാനും വനാനുഭവങ്ങള്‍ പങ്കുവെയ്ക്കാനും ഇത് സഹായകരമാണ്. (ഇതുപോലുള്ള ചാരു ബെഞ്ചുകള്‍ ജര്‍മ്മനിയിലെ നാട്ടിടവഴികളിലും സാധാരണമാണ്.) അങ്ങനെ കുറച്ച് നടന്ന് ഞങ്ങള്‍ തടാകക്കരയിലെത്തി. അപ്പോള്‍ മാത്രമാണ് തൊട്ടപ്പുറത്തുള്ള ആല്‍പ്സ് പര്‍വ്വതനിരകള്‍ കാഴ്ചയില്‍പ്പെട്ടതെന്നത് വിസ്മയകരമായി. നമ്മെ പൊതിഞ്ഞിരുന്ന വനങ്ങള്‍ അതുവരെ പര്‍വ്വതത്തെയാകെ മറച്ചുപിടിക്കുകയായിരുന്നു.

മഞ്ഞുമൂടിയ പര്‍വ്വതപ്പരപ്പുകള്‍ താഴ്വാരങ്ങളിലൂടെ വന്ന് തടാകക്കരയിലിറങ്ങുന്നു. അങ്ങനെ, പര്‍വ്വതം സ്വയം തടാകമായി ഇറങ്ങിവരുന്ന കാഴ്ച! തടാകത്തില്‍ താറാവും ചെറുതും വലുതുമായ മറ്റ് ജലപക്ഷികളുമുണ്ട്. ഒരാള്‍ തടാകത്തില്‍ വര്‍ണ്ണാഭമായൊരു കളിവഞ്ചിയൂന്നി രസിക്കുന്നത് കണ്ടു. തടാകംതന്നെ രണ്ട് ഭാഗമായി തിരിയുന്നു, ഈബ്‌സീക്ക്  പുറമെ അതിന്റെ ഉപവിഭാഗമെന്ന് പറയാവുന്ന ഉണ്ടര്‍സീയും (Unter See). കുറുകെയുള്ള നടപ്പാലത്തിനപ്പുറമാണ് ഉണ്ടര്‍സീ. താരതമ്യേന ചെറുതാണത്; ആ ഭാഗത്ത് സന്ദര്‍ശകരും ഏറെയില്ല.
  

 ഒരു വശത്ത് ഗാര്‍മിഷ് മുന്നില്‍ നിവര്‍ത്തിയിട്ട പര്‍വ്വതോന്നതികളും മഞ്ഞുപാളികളും മരം കോച്ചുന്ന തണുപ്പും മറുവശത്ത് ഐബ്‌സീയും അതിനോട് ചേര്‍ന്ന വനങ്ങളും പ്രകൃതി-ജീവിതപാരസ്പര്യത്തിന്റെ ഊഷ്മളതയും. ഇവ വ്യത്യസ്ത ചിത്രങ്ങളായി മനസ്സില്‍ വന്നുനിറഞ്ഞ ഈ ദിവസം ഞങ്ങള്‍ക്ക് പകര്‍ന്നുതന്നത്, ജര്‍മ്മനിയിലെ നഗരജീവിതത്തിന്റെയും അതിന്റെ തിരക്കുകള്‍ തീര്‍ക്കുന്ന ഉള്‍ച്ചൂടിന്റേയും നേര്‍ മറുപുറം കുറിക്കുന്ന അനുഭവഹൃദ്യതകളാണ്. ആല്‍പ്സ് മലകയറ്റവും അത് നല്‍കിയ ഉള്‍പ്പുളകങ്ങളും ജീവിതത്തിലെ ധന്യനിമിഷങ്ങളായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com