ദൈവമല്ലാതെ...അത് മാറ്റാര്? 

ഒരു ടീമിനെ മുഴുവന്‍  'ആത്മഹത്യാമുനമ്പി'ല്‍നിന്ന്  ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മുസ്തഫയുടെ ജീവിതകഥ 
ദൈവമല്ലാതെ...അത് മാറ്റാര്? 

 രമകാരുണികനായ  ദൈവത്തെ  കളിക്കളത്തില്‍ കയ്യെത്തും ദൂരെ  കണ്ടു കരഞ്ഞുപോയിട്ടുണ്ട്  സയ്യദ് നയീമുദ്ദീന്‍.  മുഴുക്കയ്യന്‍ ജേഴ്സിയും ഷോര്‍ട്ട്സുമണിഞ്ഞ് ക്രോസ്ബാറിനിടയില്‍  പറന്നുനടക്കുന്ന ദൈവം. വിരല്‍ത്തുമ്പിലെ ഇന്ദ്രജാലത്താല്‍ ഒരു ടീമിനെ മുഴുവന്‍  'ആത്മഹത്യാമുനമ്പി'ല്‍നിന്ന്      ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന  ആ ദൈവത്തിന് ഒരു കണ്ണൂര്‍ക്കാരന്റെ മുഖമായിരുന്നു; കാതിരിക്കണക്കപ്പിള്ളന്റകത്ത്   മുസ്തഫ എന്ന മുത്തുവിന്റെ. 

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കഥ.  1964-ലെ മെര്‍ദേക്ക കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ലീഗ് റൗണ്ടില്‍  പ്രബലരായ ജപ്പാനെ നേരിടുന്നു  ചുനി ഗോസ്വാമിയുടെ ഇന്ത്യ.  ഡെറിക് ഡിസൂസയുടേയും  ചുനിയുടേയും കാജല്‍ മുഖര്‍ജിയുടേയും ഗോളടിമികവില്‍ കളിതീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍  3-2 നു മുന്നില്‍ നില്‍ക്കേ, അതാ വരുന്നു  അപ്രതീക്ഷിതമായി  ഒരു കോര്‍ണര്‍ കിക്ക്.  സമനില നേടി ആയുസ്സ് നീട്ടിയെടുക്കാന്‍ ജപ്പാന് വീണുകിട്ടിയ കച്ചിത്തുരുമ്പ്. തകായുകി കുവാത്ത  കിക്കെടുക്കുമ്പോള്‍  വലതു പോസ്റ്റിനോട് ചേര്‍ന്ന്  എന്തിനും തയ്യാറായി കൈകള്‍ വിടര്‍ത്തി നില്‍ക്കുകയാണ് ഗോള്‍ക്കീപ്പര്‍ മുസ്തഫ;  കുറച്ചു  മുന്നിലായി  മുസ്തഫയെ  'കവര്‍' ചെയ്തു ജാഗരൂകനായി സ്റ്റോപ്പര്‍ നയീമുദ്ദീനും. പക്ഷേ, ഇടയ്ക്കെപ്പോഴോ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നു. കുവാത്തയുടെ ബൂട്ടില്‍നിന്ന് പുറപ്പെട്ടശേഷം വായുവില്‍  പ്രവചനാതീതമായി സ്വിങ്  ചെയ്ത പന്ത് തെല്ലും നിനച്ചിരിക്കാതെ  നയീമിന്റെ കാലില്‍ തട്ടി പോസ്റ്റിന്റെ ഒഴിഞ്ഞ മൂലയിലേക്ക്. പേരിനൊരു ഇന്ത്യന്‍ കളിക്കാരന്‍ പോലുമില്ല ആ പരിസരത്തെങ്ങും. പന്ത് ഗോള്‍വര കടക്കാതിരിക്കണമെങ്കില്‍ നിമിഷാര്‍ദ്ധംകൊണ്ട് അവിടെ കുതിച്ചെത്തണം ആരെങ്കിലും.  തീര്‍ത്തും അസാധ്യവും അമാനുഷികവുമായ  കാര്യം. ആറു  മീറ്ററോളം അകലെയുള്ള  ഇടതു പോസ്റ്റിനരികിലേക്ക് ഒഴുകിനീങ്ങുന്ന പന്തിനെ  നിസ്സഹായരായി നോക്കിനിന്നു നയീമും ജര്‍ണയില്‍ സിംഗും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രതിരോധനിര. ഏതു നിമിഷവും അത് ഇന്ത്യയുടെ ഗോള്‍വലയത്തില്‍ പ്രവേശിക്കാം. കുറ്റബോധംകൊണ്ട് വിങ്ങുന്നുണ്ടായിരുന്നു അപ്പോള്‍ നയീമിന്റെ മനസ്സ്. സ്വന്തം പിഴവാണല്ലോ  ഈ ദുരന്തത്തിന് വഴിവെച്ചത്.

1964 ലെ മെര്‍ദേക്ക കപ്പില്‍ റണ്ണേഴ്സ്അപ്പ് ആയ ഇന്ത്യന്‍ ടീം. ഇരിക്കുന്നവരില്‍ ഇടത്തുനിന്ന് രണ്ടാമത് മുസ്തഫ. മൂന്നാമത് നയീം, നാലാമത് ഇന്ദര്‍ സിംഗ്. പിന്‍ നിരയില്‍ മധ്യത്തില്‍ ജര്‍ണയില്‍ സിംഗ്, ചുനി ഗോസ്വാമി, യൂസഫ് ഖാന്‍.
1964 ലെ മെര്‍ദേക്ക കപ്പില്‍ റണ്ണേഴ്സ്അപ്പ് ആയ ഇന്ത്യന്‍ ടീം. ഇരിക്കുന്നവരില്‍ ഇടത്തുനിന്ന് രണ്ടാമത് മുസ്തഫ. മൂന്നാമത് നയീം, നാലാമത് ഇന്ദര്‍ സിംഗ്. പിന്‍ നിരയില്‍ മധ്യത്തില്‍ ജര്‍ണയില്‍ സിംഗ്, ചുനി ഗോസ്വാമി, യൂസഫ് ഖാന്‍.

എന്നാല്‍ നാടകീയമായ 'ട്വിസ്റ്റ്' വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഗാലറികളേയും ജാപ്പനീസ് താരങ്ങളെയും ഒന്നടങ്കം വിഭ്രമിപ്പിച്ചുകൊണ്ട് വലതു പോസ്റ്റിനരികില്‍നിന്ന് സ്ഫോടനാത്മക  വേഗത്തില്‍ പറന്നുയരുന്നു മുസ്തഫ.   പോസ്റ്റിനു കുറുകെ അവിശ്വസനീയമായ ഒരു മുഴുനീള ഡൈവ്. നയീമിന്റെ ഭാഷയില്‍ മരണം മുന്നില്‍ കണ്ടുകൊണ്ട് രണ്ടും കല്‍പ്പിച്ചുള്ള  ഒരു ഡെയര്‍ഡെവിള്‍ ആക്ട്.   പറക്കുന്നതിനിടെ വലംകൈകൊണ്ട്  പന്തിന്റെ ഗതി തിരിച്ചുവിടുന്നു മുസ്തഫ. പോസ്റ്റിന് പുറത്തുകൂടി പന്ത് വെളിയിലേക്ക് പറന്നതും മുസ്തഫ ഗോള്‍ ലൈനില്‍  നിലംപൊത്തി വീണതും  അവസാന വിസില്‍ മുഴങ്ങിയതും ഒപ്പം. കണ്‍മുന്നില്‍ കണ്ടത് ഉള്‍ക്കൊള്ളാനാകാതെ തലയില്‍ കൈവെച്ചുപോകുന്നു ജപ്പാന്‍കാര്‍. നടന്നത് സത്യമോ മിഥ്യയോ എന്ന് വേര്‍തിരിച്ചറിയാനാവാതെ പകച്ചുനില്‍ക്കുന്നു  നയീം. ''പരിസരബോധം വന്നപ്പോള്‍ നേരെ ഓടിച്ചെന്ന് മുസ്തഫയെ പിടിച്ചെഴുന്നേല്‍പ്പിച്ചു ഞാന്‍; വാരിപ്പുണര്‍ന്നു. പിന്നെ കൈകള്‍ രണ്ടും  മാനത്തേക്ക് ഉയര്‍ത്തി നിറകണ്ണുകളോടെ ദൈവത്തിനു നന്ദി പറഞ്ഞു.  അന്ന് മുസ്തഫയുടെ രൂപത്തില്‍  കൊലാലംപൂര്‍ സ്റ്റേഡിയത്തില്‍ വന്ന്  ഞങ്ങളെ രക്ഷിച്ചത് ദൈവമല്ലെങ്കില്‍ പിന്നെ മറ്റാര്...?''  രണ്ടു പതിറ്റാണ്ടുകളോളം ഇന്ത്യയ്ക്കു കളിക്കുകയും പിന്നീട് നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ദേശീയ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്ത നയീം വികാരാധീനനാകുന്നു.

മറവിയില്‍ മറഞ്ഞ സേവുകള്‍ 
നിര്‍ഭാഗ്യവശാല്‍, എതിരാളികളുടെപോലും ആരാധന പിടിച്ചുപറ്റിയ  ആ 'പവന്‍ മാറ്റ്'' സേവിന്റെ മങ്ങിയ ചിത്രമേ ഇപ്പോള്‍ മുസ്തഫയുടെ ഓര്‍മ്മയിലുള്ളൂ.  ഗോവയില്‍വെച്ച്  ഒരു ദേശീയ ലീഗ് മത്സരത്തിന്റെ ഇടവേളയില്‍ നയീം ആവേശത്തോടെ വിവരിച്ചുതന്ന  അനുഭവം പങ്കുവച്ചപ്പോള്‍  നിസ്സംഗനായി അതു കേട്ടിരുന്നു 74-കാരനായ മുസ്തഫ. എന്നിട്ട് ക്ഷമാപണപൂര്‍വ്വം പറഞ്ഞു:  ''ടീമിന്റെ വിജയമായിരുന്നു അന്ന് ഞങ്ങള്‍ക്ക്  പ്രധാനം. വ്യക്തിഗത പ്രകടനങ്ങള്‍ അതുകഴിഞ്ഞേ  വരൂ. അതുകൊണ്ടാവണം പല സേവുകളും ഓര്‍മ്മയില്‍ നില്‍ക്കാത്തത്.  ഫുട്‌ബോളിനോട് സലാം പറഞ്ഞു പിരിഞ്ഞിട്ട് നാല്‍പ്പതു വര്‍ഷത്തിലേറെയായില്ലേ?  ആരെങ്കിലുമൊക്കെ ഇങ്ങനെ  ഓര്‍മ്മപ്പെടുത്തുമ്പോഴാണ് ഇതുപോലൊരു  കാലമുണ്ടായിരുന്നു  എന്റെ ജീവിതത്തില്‍ എന്നോര്‍ക്കുക...''  

എങ്കിലും  ചരിത്രത്തില്‍ ആദ്യമായും അവസാനമായും ഇന്ത്യ റണ്ണേഴ്സ് അപ്പ് ആയ  ആ മെര്‍ദേക്ക കപ്പ് തന്റെ ഫുട്ബോള്‍ ജീവിതത്തിലെ ഏറ്റവും മികച്ച ഔട്ടിങ് ആയിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല മുസ്തഫയ്ക്ക്. അവിടെ കളിച്ചതും ജയിച്ചതും ഏതെങ്കിലും 'തുക്കട' ടീമുകളോടായിരുന്നില്ലല്ലോ?  ജപ്പാനേയും  ദക്ഷിണ കൊറിയയേയും പോലുള്ള കൊലക്കൊമ്പന്മാരോടാണ്. ഡിയെറ്റ്മര്‍ ക്രേമര്‍ എന്ന അതിപ്രഗല്‍ഭനായ ജര്‍മ്മന്‍ കോച്ചിന് കീഴില്‍ ടോക്യോ ഒളിംപിക്സിന് തയ്യാറെടുക്കുകയായിരുന്നു അന്നത്തെ  ജപ്പാന്‍ ടീം. പ്രതിഭാശാലികളുടെ  ആ യുവതാരനിര  ഇന്ത്യയെ  വെള്ളം കുടിപ്പിക്കുമെന്നായിരുന്നു പൊതുവേയുള്ള വിശ്വാസം. പക്ഷേ, മുസ്തഫയുടെ സുരക്ഷിത കരങ്ങളുടെ പിന്തുണയോടെ  ചുനി ഗോസ്വാമിയും കൂട്ടരും അഴിച്ചുവിട്ട കണ്ണില്‍ച്ചോരയില്ലാത്ത റെയ്ഡുകള്‍ക്ക്   മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല അവര്‍ക്ക്.

മുസ്തഫ
മുസ്തഫ

ദക്ഷിണ കൊറിയയ്‌ക്കെതിരായ നിര്‍ണ്ണായക  ഗ്രൂപ്പ് പോരാട്ടത്തിലും കണ്ടു  മുസ്തഫയുടെ മാന്ത്രിക സേവുകള്‍. മഴ കാരണം ഉപേക്ഷിക്കപ്പെട്ട ആദ്യ മത്സരത്തില്‍ അന്‍പതു മിനിറ്റോളം കൊറിയയെ ഗോളടിക്കാന്‍ വിടാതെ തളച്ച  മുസ്തഫ പിറ്റേന്ന് നടന്ന റീപ്ലേയില്‍ വഴങ്ങിയത് ഒരേയൊരു ഗോള്‍; അതും ഇന്ത്യ രണ്ടു ഗോളിന് മുന്നിലെത്തിയ ശേഷം.  അഞ്ചു പേരടങ്ങിയ കൊറിയന്‍ മുന്നേറ്റനിരയെ  മിക്കവാറും ഒറ്റയ്ക്ക് ചെറുത്തുനില്‍ക്കുകയായിരുന്നു ഇരുപതുകാരന്‍ ഗോളി.  2-1 വിജയത്തോടെ ഫൈനലില്‍ ഇടം നേടിയ ഇന്ത്യ അവിടെയും പൊരിഞ്ഞ കളി തന്നെ കളിച്ചു; ഭാഗ്യം തുണച്ചില്ലെന്നു മാത്രം. ഒരൊറ്റ ഗോളിനായിരുന്നു ബര്‍മ്മയ്‌ക്കെതിരായ തോല്‍വി. എങ്കിലും അന്താരാഷ്ട്ര ഫുട്‌ബോളിലെ  ഏറ്റവും മികച്ച ഇന്ത്യന്‍ പ്രകടനങ്ങളിലൊന്നായി ചരിത്രം രേഖപ്പെടുത്തുന്നു ഈ റണ്ണേഴ്സ് അപ്പ് പദവിയെ.  ഇവിടെ മറ്റൊരു  ഉപകഥ  കൂടിയുണ്ട് ഓര്‍ക്കാന്‍: മെര്‍ദേക്കയിലെ തോല്‍വി  വലിയൊരു ഷോക്ക് ട്രീറ്റ്മെന്റായിരുന്നു  ജപ്പാനും കൊറിയയ്ക്കും.  പരാജയങ്ങളില്‍നിന്ന് കരുത്താര്‍ജ്ജിച്ചുകൊണ്ട് ശക്തമായി തിരിച്ചുവന്നു അവര്‍.   ഒരു മാസം കഴിഞ്ഞു നടന്ന  ടോക്യോ ഒളിംപിക്സില്‍  ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി ജപ്പാന്‍. 1968-ലെ മെക്സിക്കോ ഗെയിംസില്‍ മൂന്നാം സ്ഥാനത്തും. തീര്‍ന്നില്ല, തുടര്‍ച്ചയായി ആറ്  ഒളിംപിക്സുകളിലും അഞ്ചു  ലോകകപ്പിലും കളിച്ചു. ഇതാ, വരാനിരിക്കുന്ന മോസ്‌കോ ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിലുമുണ്ട് ജപ്പാന്റെ സാന്നിധ്യം.  കുറേക്കൂടി തിളക്കമാര്‍ന്ന റെക്കോര്‍ഡ്  കൊറിയയുടേതാണ്. എട്ടു തവണ ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ ഇടം നേടി അവര്‍. ഒരു തവണ സെമിഫൈനലിലും. ഷീന്‍ തേ യോംഗിന്റെ പരിശീലനത്തില്‍ വീണ്ടും ഒരു ലോകകപ്പിന് മോസ്‌കോയില്‍ കച്ചമുറുക്കുന്നു കൊറിയ.

ജപ്പാനേയും കൊറിയയേയും 53 വര്‍ഷം മുന്‍പ്  നാണം കെടുത്തിവിട്ട   ഇന്ത്യയുടെ ഗതിയോ? പരമദയനീയം. ഓര്‍ക്കുമ്പോള്‍ കരച്ചില്‍ വന്നുപോകും ആര്‍ക്കും. ''ഏഷ്യന്‍ നിലവാരത്തില്‍  ഒരു നിലയും വിലയുമൊക്കെ ഉണ്ടായിരുന്നു അന്നത്തെ ഇന്ത്യന്‍ ടീമിന്.  ഇന്ത്യയുടെ കളി കാണാന്‍ സ്റ്റേഡിയങ്ങള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. ഇന്നിപ്പോള്‍ സ്ഥിതി മാറി. കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങളും വരുമാനവും കൈവന്നു. കളി മാത്രം അതിന്റെ പാട്ടിന് പോയി.'' മുസ്തഫയുടെ വാക്കുകള്‍.
 

അഞ്ച്  മെര്‍ദേക്ക ടൂര്‍ണമെന്റുകളില്‍ കൂടി  ഇന്ത്യയുടെ ഗോള്‍വലയം കാത്തു മുസ്തഫ. ഇന്നും തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡ്.  ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസ് (1966)  ഉള്‍പ്പെടെ  നിരവധി അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. വി.എഫ്.ബി സ്റ്റട്ട്ഗാര്‍ട്ടിനേയും റഷ്യന്‍  ഇലവനേയും പോലുള്ള മുന്തിയ യൂറോപ്യന്‍ ടീമുകളെ സൗഹൃദമത്സരങ്ങളില്‍ നേരിട്ടു. ഇടക്കൊരിക്കല്‍ ബര്‍മ്മയ്‌ക്കെതിരെ ദേശീയ ടീമിനെ നയിക്കാനും ഭാഗ്യമുണ്ടായി അദ്ദേഹത്തിന്. അഖിലേന്ത്യാ തലത്തിലുള്ള തിളങ്ങുന്ന  റെക്കോര്‍ഡ് വേറെ.  മൂന്ന് പ്രബല സംസ്ഥാന ടീമുകളെ സീനിയര്‍ നാഷണല്‍സില്‍ പ്രതിനിധീകരിച്ച അപൂര്‍വ്വം കളിക്കാരില്‍ ഒരാള്‍. കേരളത്തിനും ബംഗാളിനും മഹാരാഷ്ട്രയ്ക്കും വേണ്ടി സന്തോഷ് ട്രോഫി കളിച്ച മറ്റാരുണ്ട്?  നീണ്ട ഇടവേളയ്ക്ക് ശേഷം  മുഹമ്മദന്‍ സ്പോര്‍ട്ടിംഗിന്   കൊല്‍ക്കത്ത ലീഗ് കിരീടവും  ഡി.സി.എം ട്രോഫിയും വീണ്ടെടുത്തു കൊടുത്തു. എല്ലാം ചരിത്രത്തിന്റെ ഭാഗമായ നേട്ടങ്ങള്‍. ഒന്നര പതിറ്റാണ്ടോളം ഇന്ത്യന്‍ ഫുട്‌ബോളില്‍ നിറഞ്ഞുനിന്ന ഈ ഗോള്‍ക്കീപ്പറെ  ആരോര്‍ക്കുന്നു ഇന്ന്?  

'അത്ഭുതബാല'നായി 1961-ലെ കോഴിക്കോട് സന്തോഷ് ട്രോഫിയില്‍ കേരളത്തിനുവേണ്ടി അരങ്ങേറിയതാണ്  മുത്തു. അന്ന് പ്രായം കഷ്ടിച്ച് 17 വയസ്സ്. കാഴ്ചയില്‍  ദുര്‍ബ്ബലനായ  ആ പയ്യന്‍ ഇന്ത്യന്‍ ഫുട്ബോളിലെ ഘടാഘടിയന്‍ സ്ട്രൈക്കര്‍മാരെ നിലയ്ക്കുനിര്‍ത്തുന്ന കാഴ്ച കണ്ട് അന്തംവിട്ടുപോയ കഥ അന്ന് റയില്‍വേസിന്റെ മുന്നേറ്റനിരയില്‍ കളിച്ചിരുന്ന പി.കെ. ബാനര്‍ജി അയവിറക്കിക്കേട്ടിട്ടുണ്ട്. ഇന്ത്യന്‍ ഫുട്ബോളിലെ താരപരിവേഷമുള്ള ഗോള്‍ക്കീപ്പര്‍മാരുടെയെല്ലാം സാന്നിധ്യമുണ്ടായിരുന്നു ആ സന്തോഷ് ട്രോഫിയില്‍    സര്‍വ്വീസസിന്റെ പീറ്റര്‍ തങ്കരാജ്, മഹാരാഷ്ട്രയുടെ എസ്.എസ്. നാരായണന്‍, റെയില്‍വേസിന്റെ പ്രദ്യുത് ബര്‍മ്മന്‍... പക്ഷേ, കാണികളുടെ ഹൃദയം കവര്‍ന്നത്  മുസ്തഫ തന്നെ. പ്രതിരോധത്തില്‍   ക്യാപ്റ്റന്‍ ബാലകൃഷ്ണനും ഡോ. രാജഗോപാലും  മധ്യനിരയില്‍  ഇന്ദ്രബാലനും ശെല്‍വം ജോര്‍ജും  മുന്നേറ്റനിരയില്‍ കൊച്ചു ജോര്‍ജും സത്യനും ചിദാനന്ദനും അണിനിരന്ന ആ കേരളാ ടീമിന്റെ ഏറ്റവും വലിയ കരുത്തും ആത്മവിശ്വാസവും  ചോരാത്ത കൈകളുമായി പോസ്റ്റിനു കാവല്‍ നിന്ന മുസ്തഫയായിരുന്നു. പി.കെ. ബാനര്‍ജിയുടെ റെയില്‍വേസിനേയും പി.ആര്‍. ആന്റണിയുടെ ബോംബെയേയും അട്ടിമറിച്ച്  സെമിഫൈനലില്‍ എത്തിയ കേരളത്തിന് അവിടെ  നേരിടേണ്ടിവന്നത് പ്രബലരായ ബംഗാളിനെ. ചുനി ഗോസ്വാമി, അബ്ദുറഹ്മാന്‍, ജര്‍ണയില്‍ സിംഗ്, കെംപയ്യ, അഹമ്മദ് ഹുസൈന്‍, കണ്ണന്‍, അരുണ്‍ ഘോഷ് തുടങ്ങി ഒളിംപ്യന്മാരുടെ ഒരു പട തന്നെയുണ്ട്  ആ ബംഗാള്‍ ടീമില്‍. പക്ഷേ, കടലാസിലെ  വീരസ്യമൊന്നും കളിക്കളത്തില്‍ അധികം പുറത്തെടുത്തു കണ്ടില്ല ബംഗാള്‍.  ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനില. റീപ്ലേയില്‍  അമുല്‍ ചക്രവര്‍ത്തിയിലൂടെ ബംഗാള്‍ തുടക്കത്തിലേ ലീഡ് നേടിയെങ്കിലും പി.എ. ജോര്‍ജ് ആതിഥേയര്‍ക്കുവേണ്ടി സമനില നേടി. കളിയുടെ അവസാന നിമിഷങ്ങളിലായിരുന്നു മുസ്തഫയെ കീഴ്‌പെടുത്തിയ ചുനി ഗോസ്വാമിയുടെ വിജയ ഗോള്‍. തോറ്റെങ്കിലും ജേതാക്കള്‍ക്കുള്ള വരവേല്‍പ്പാണ് അന്ന് കോഴിക്കോട്ടുകാര്‍ തനിക്കും ടീമിനും നല്‍കിയതെന്നോര്‍ക്കുന്നു മുസ്തഫ. 

ആ സന്തോഷ് ട്രോഫിയില്‍ ബാള്‍ പിക്കറായി തുടങ്ങി പില്‍ക്കാലത്ത് ഇന്ത്യന്‍ ടീമിന്റെ ഗോള്‍ക്കീപ്പറായി ഉയര്‍ന്ന  കെ.പി. സേതുമാധവന്റെ ഓര്‍മ്മയിലുമുണ്ട് മുസ്തഫയുടെ കണ്ണഞ്ചിക്കുന്ന കീപ്പിംഗ്: ''ശരിക്കും സ്‌റ്റൈലിഷ് ഗോളി ആയിരുന്നു മുസ്തഫ.  കൃത്യതയാര്‍ന്ന ആന്റിസിപ്പേഷന്‍, അമ്പരപ്പിക്കുന്ന ഡൈവുകള്‍..  ഉയര്‍ന്നുവരുന്ന പന്തുകള്‍  അന്തരീക്ഷത്തില്‍നിന്ന്  പൂപറിക്കും പോലെ   അനായാസം പെറുക്കിയെടുക്കും അദ്ദേഹം. ആ കളി കണ്ടതിന്റെ ആവേശത്തിലാവണം  ഒരു ഗോളിയാകാന്‍ ഞാന്‍ മോഹിച്ചു തുടങ്ങിയത്...'' മുസ്തഫയുടെ നല്ല നാളുകളില്‍ അദ്ദേഹത്തിനൊപ്പമോ എതിരെയോ കളിക്കാന്‍ ഭാഗ്യമുണ്ടായില്ല എന്നത് സേതുമാധവന്റെ സ്വകാര്യ ദുഃഖം. ''ആദ്യമായും അവസാനമായും മുസ്തഫയ്‌ക്കെതിരെ കളിച്ചത് എഴുപതുകളുടെ മധ്യത്തില്‍ റോവേഴ്സ് കപ്പിലാണെന്നാണ് ഓര്‍മ്മ. അന്നദ്ദേഹം മഹീന്ദ്രാസിന്റെ ഗോളിയാണ്. ഞാന്‍ പ്രീമിയര്‍ ടയേഴ്സിന്റേയും. ആ പ്രായത്തിലും അസാധ്യമായ റിഫ്‌ലക്സുകള്‍ കാത്തുസൂക്ഷിച്ചിരുന്നു മുസ്തഫ. ശരിക്കും ഒരു പെര്‍ഫെക്ഷനിസ്റ്റ്. പിന്നീട് അധികകാലം അദ്ദേഹം കളിക്കളത്തില്‍ തുടര്‍ന്നില്ല എന്നാണറിവ്.'' മുസ്തഫയെ പിന്തുടര്‍ന്ന് മെര്‍ദേക്കയില്‍  ഇന്ത്യയുടെ ഗോള്‍വലയം കാക്കാനുള്ള നിയോഗം  സേതുവിനായിരുന്നു എന്നത് മറ്റൊരു കൗതുകം.

മുസ്തഫ ഫുട്ബോള്‍ ജീവിതത്തിന്റെ ആരംഭ ഘട്ടത്തില്‍
മുസ്തഫ ഫുട്ബോള്‍ ജീവിതത്തിന്റെ ആരംഭ ഘട്ടത്തില്‍

യാഷിന്റെ ആരാധകന്‍ 
കണ്ണൂരിലെ ആയിക്കരക്കാരനായ മുസ്തഫ കളി തുടങ്ങിയത് ഗോള്‍ക്കീപ്പറായല്ല; ഫോര്‍വേഡ് ആയാണ്.  മുനിസിപ്പല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്  ഗോളി നില്‍ക്കാന്‍ ആളില്ലാതെ വന്ന ഒരു നാള്‍ മുന്നേറ്റനിരയില്‍നിന്ന് യാദൃച്ഛികമായി പോസ്റ്റിനടിയിലേക്ക് പിന്മാറുകയായിരുന്നു മുസ്തഫ. ഗോളിയുടെ  കുപ്പായമാണ് തനിക്ക് കൂടുതല്‍ ഇണങ്ങുകയെന്ന് അന്ന് മനസ്സിലായി.  ''റഷ്യയുടെ ഗോള്‍ക്കീപ്പിങ് ഇതിഹാസമായ ലെവ് യാഷിന്‍ ആയിരുന്നു കുട്ടിക്കാലത്തെ  ആരാധനാപാത്രം.'' മുസ്തഫ പറയുന്നു. ''യാഷിന്റെ കളി കണ്ടിട്ടൊന്നുമില്ല. വായിച്ചറിവേയുള്ളൂ. എങ്കിലും യാഷിനെ പോലെ സാഹസികനായ ഒരു ഗോളിയാകണം എന്ന സ്വപ്നം അന്നേ  മനസ്സിലുണ്ട്. അതിനു വേണ്ടി തീവ്രമായി പരിശീലിച്ചു; ആരുടേയും സഹായമില്ലാതെ തന്നെ.'' മുസ്തഫയിലെ  പ്രതിഭാശാലിയായ   കീപ്പറെ തേച്ചുമിനുക്കിയെടുത്തതും കൂടുതല്‍ കടുത്ത പോരാട്ടങ്ങള്‍ക്ക് സജ്ജനാക്കിയതും  ബ്രദേഴ്സ് ക്ലബ്ബിന്റെ എല്ലാമെല്ലാമായ പരിശീലകന്‍ ചട്ട വാസു. വാസുവേട്ടന്റെ ശിക്ഷണത്തില്‍  ബ്രദേഴ്സിനു  കളിച്ചുതുടങ്ങിയതോടെയാണ് മുസ്തഫയുടെ സുവര്‍ണ്ണകാലം തുടങ്ങിയത്. താമസിയാതെ കേരള സ്‌കൂള്‍സ് ടീമിലേക്കും അതുവഴി കോഴിക്കോട് സന്തോഷ് ട്രോഫിക്കുള്ള സീനിയര്‍ ടീമിലേക്കും യാത്രയാകുന്നു  മുസ്തഫ. 
 

സന്തോഷ് ട്രോഫിയിലെ ഉജ്ജ്വല പ്രകടനമാണ് മുസ്തഫയെ കൊല്‍ക്കത്ത ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയാക്കി മാറ്റിയത്.  ആദ്യം തിരഞ്ഞുവന്നത് മോഹന്‍ ബഗാന്‍. പിന്നാലെ ഈസ്റ്റ് ബംഗാളും. ''പക്ഷേ, അന്നെനിക്ക് കേരളം വിടാന്‍ വലിയ താല്‍പ്പര്യമില്ല.  വിദ്യാഭ്യാസം പൂര്‍ത്തിയാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. വീട്ടുകാര്‍ക്കും അക്കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. കൊല്‍ക്കത്ത ക്ലബ്ബുകള്‍ക്ക് പുറമെ ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍നിന്നും അക്കാലത്ത് ക്ഷണം ലഭിച്ചതാണ്. പഠനമാണ് പ്രധാനം എന്നു പറഞ്ഞു ഒഴിഞ്ഞുമാറിക്കളഞ്ഞു.'' പക്ഷേ, അത്രയെളുപ്പം വഴങ്ങുന്നവരല്ലല്ലോ കൊല്‍ക്കത്ത ക്ലബ്ബുകള്‍. വാശി മൂത്താല്‍ ഇഷ്ടതാരത്തെ കിട്ടാന്‍ ഏതറ്റം വരെയും പോകും അവര്‍. മുഹമ്മദന്‍സ് ആണ് കൂടുതല്‍  പ്രലോഭനീയമായ  ഓഫറുമായി  വന്നത്. കൊല്‍ക്കത്തയിലെ പ്രശസ്തമായ സെന്റ് സേവ്യേഴ്സ് കോളേജില്‍ സീറ്റ് വാങ്ങിത്തരാം.  ബിക്കോമിന് പഠിക്കുകയും ഒപ്പം അവധി ദിനങ്ങളില്‍ ക്ലബ്ബിന് കളിക്കുകയും ചെയ്യാം. യാതൊരു സമ്മര്‍ദ്ദവും ഉണ്ടാവില്ല. ആ വാഗ്ദാനം ആകര്‍ഷകമായി തോന്നി മുസ്തഫയ്ക്ക്. അങ്ങനെ, പത്തൊന്‍പതാം വയസ്സില്‍  കൊല്‍ക്കത്തയ്ക്ക് വണ്ടികയറുന്നു മുസ്തഫ.

 എസ് എസ് നാരായണന്‍ 
 എസ് എസ് നാരായണന്‍ 

മുടക്കിയ പണം ഏതായാലും പാഴായില്ല മുഹമ്മദന്‍ സ്പോര്‍ട്ടിംഗിന്.  ഐ.എഫ്.എ ഷീല്‍ഡിന്റെ ഫൈനലില്‍ ടീമിനെ എത്തിച്ചുകൊണ്ടായിരുന്നു മുസ്തഫയുടെ തുടക്കം. അടുത്ത വര്‍ഷം  കൊല്‍ക്കത്ത ലീഗ് കിരീടവും മുഹമ്മദന്‍സിന്റെ ഷോക്കേസിലെത്തി  ഒരു ദശകത്തിന്റെ ഇടവേളയ്ക്ക് ശേഷം.  ആന്ധ്ര പൊലീസിനെ 2-1 നു കീഴടക്കി 1964-ലെ ഡി.സി.എം ട്രോഫി കൂടി നേടിയതോടെ  മുഹമ്മദന്‍സിന്റെ ഏറ്റവും വിലപിടിപ്പുള്ള സമ്പാദ്യമായി മാറുകയായിരുന്നു മുസ്തഫ.  മുസ്തഫയുടെ ഗോള്‍ക്കീപ്പിങ് മികവില്‍ കൊല്‍ക്കത്ത യൂണിവേഴ്സിറ്റി  അഖിലേന്ത്യാ  ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായതും ഇതേ കാലത്തുതന്നെ. ഇടയ്‌ക്കൊരു സീസണില്‍ കൊല്‍ക്കത്ത പോര്‍ട്ട് കമ്മീഷണേഴ്സ് ടീമിനെ  പ്രതിനിധീകരിച്ച ശേഷം 1970-കളുടെ തുടക്കത്തില്‍ മുംബൈ മഹീന്ദ്രാസില്‍  ചേര്‍ന്ന മുസ്തഫ 1976 വരെ അവര്‍ക്ക് കളിച്ചു.  ഇടയ്‌ക്കൊരിക്കല്‍ ഹാര്‍വുഡ് ലീഗില്‍ ക്ലബ്ബിനെ  ജേതാക്കളാക്കി. പ്രായം ചൊല്‍പ്പടിക്ക് നില്‍ക്കാതായി എന്നു തോന്നിയപ്പോള്‍, പിന്നെ സംശയിച്ചു നിന്നില്ല. ബൂട്ടഴിച്ചുവെച്ചു; കളിക്കളത്തില്‍നിന്ന് നിശ്ശബ്ദനായി ഇറങ്ങിപ്പോന്നു. ഒന്നര പതിറ്റാണ്ടു പിന്നിട്ട ഫുട്‌ബോള്‍ ജീവിതത്തിന് വിരാമം. സ്വരം  നന്നാവുമ്പോഴേ പാട്ടു നിര്‍ത്തുന്നതാണല്ലോ ബുദ്ധി. 

ഫുട്‌ബോള്‍ വിട്ടശേഷം ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മുസ്തഫ പിന്നീടൊരിക്കലും കളിയിലേക്ക് തിരിച്ചു ചെന്നില്ല; പരിശീലകനായിപ്പോലും.  മുംബൈ മലയാളിയായ ഭാര്യ സക്കീനയോടൊപ്പം മലാഡിലെ ഫ്‌ലാറ്റില്‍ ജീവിത സായാഹ്നം ചെലവിടുന്നു അദ്ദേഹം. കുട്ടികളില്ല ഈ ദമ്പതികള്‍ക്ക്. ''കളി കാണുന്നത് വളരെ  അപൂര്‍വ്വമായി മാത്രം. വല്ലപ്പോഴും റോവേഴ്സ് കപ്പിന് പോയെങ്കിലായി. ഇപ്പോള്‍ റോവേഴ്സും ചരിത്രത്തിന്റെ ഭാഗമായില്ലേ?  മറ്റു തിരക്കുകള്‍ക്കിടയില്‍ ഫുട്‌ബോളിനുവേണ്ടി ചെലവഴിക്കാന്‍ സമയം കുറവായിരുന്നു...''  കളി കാണാനിരിക്കുമ്പോള്‍ ഇന്നും അറിയാതെ ശ്രദ്ധ ചെല്ലുക ക്രോസ്ബാറിനടിയിലേക്കാണ്; ജന്മവാസനകൊണ്ടാവാം. ''ഇപ്പോഴത്തെ ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് സിംഗ് സന്ധു മോശമല്ല. നല്ലൊരു ഭാവി കാണുന്നു ഞാന്‍ അയാളില്‍...''

പീറ്റര്‍ തങ്കരാജ് 
പീറ്റര്‍ തങ്കരാജ് 

വല്ലപ്പോഴും  മുംബൈയിലെ പ്രശസ്തമായ കൂപ്പറേജിനരികിലൂടെ നടന്നുപോകുമ്പോള്‍ അറിയാതെ കണ്ണുകള്‍ സ്റ്റേഡിയത്തിലേക്ക് നീണ്ടുചെല്ലും. കാലുകള്‍ താനേ നിശ്ചലമാകും.  ഒരുപാട് ഓര്‍മ്മകള്‍ തിളച്ചുമറിയുന്ന  മൈതാനമാണ്. എത്രയോ ഗോളടിവീരന്മാരെ  പല്ലും നഖവുമുപയോഗിച്ചു താന്‍ കീഴ്പെടുത്തിയ സ്ഥലം. പഴയപോലെ ആരവങ്ങള്‍ ഉയരുന്നില്ല അവിടെ. എങ്ങും നിശ്ശബ്ദത മാത്രം.  അസ്വസ്ഥമായ നിശ്ശബ്ദത.  അധികം നോക്കിനില്‍ക്കാനാവില്ല പിന്നെ. പതുക്കെ നടന്നുനീങ്ങും. കളിയോട് വിടപറഞ്ഞകന്നാലും  ഉള്ളിലെ ആ പഴയ സാഹസികനായ ഗോള്‍ക്കീപ്പര്‍ മരിക്കുന്നില്ലല്ലോ ഒരിക്കലും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com