ലോറങ് നിറയൊഴിച്ചു; ചരിത്രത്തിലേയ്ക്ക്

അക്കാലത്തെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ പ്യൂഗോട്ടിലെ ജീവനക്കാരനായിരുന്ന ലോറങ്, ഒന്നരമാസത്തെ അവധി സംഘടിപ്പിച്ചായിരുന്നു ലോകകപ്പില്‍ കളിക്കാന്‍ പോയത്.
ലോറങ് നിറയൊഴിച്ചു; ചരിത്രത്തിലേയ്ക്ക്



ലോകകപ്പ് ചരിത്രത്തിലെ ആകെ ഗോളുകളുടെ എണ്ണം, 2014-ല്‍ 20-ാം ടൂര്‍ണമെന്റിനു ബ്രസീലില്‍ കൊടിയിറങ്ങുമ്പോള്‍ 2379-ലെത്തി നില്‍ക്കുന്നു. ബ്രസീലിലെ സമ്പാദ്യം 171 ഗോളുകള്‍.
അങ്ങനെയെങ്കില്‍ ലോകകപ്പിലെ ആദ്യ ഗോളിന്റെ ചരിത്രപ്പിറവി ആരുടെ കാലില്‍നിന്നായിരുന്നു? 1930-ല്‍ യുറുഗ്വായില്‍ നടന്ന പ്രഥമ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ത്തന്നെ ആദ്യ ഗോളും കുറിക്കപ്പെട്ടു.

ലൂസിയന്‍ ലോറങ് -  ആ പേര് അത്രയെളുപ്പം ഓര്‍മ്മിക്കാനായെന്നു വരില്ല. പക്ഷേ, ഫ്രെഞ്ചുകാര്‍ അദ്ദേഹത്തെ ഒരിക്കലും മറക്കില്ല. 88-ാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന ലോകകപ്പ് ഫുട്‌ബോളിലെ കന്നിഗോള്‍ പിറന്നത് ലൂസിയന്‍ ലോറങ് എന്ന ഫ്രെഞ്ചുകാരന്റെ ബൂട്ടില്‍നിന്നായിരുന്നു.

1930 ജൂലൈ 13-ന് ലോകകപ്പിനു തുടക്കമായി. മോണ്‍ഡിവഡിയോയിലെ ഓസിറ്റാസ് സ്റ്റേഡിയമാണ് വേദി. ഉദ്ഘാടന മത്സരത്തില്‍ ഫ്രാന്‍സും മെക്‌സിക്കോയും മുഖാമുഖം നില്‍ക്കുന്നു. തികച്ചും മന്ദഗതിയിലായിരുന്നു കളിയുടെ തുടക്കം. കടന്നാക്രമണത്തിനു വിത്തുപാകും മുന്‍പേ സ്വന്തം കോട്ട ഉറപ്പിച്ചുനിര്‍ത്താനാണ്  ഇരുടീമുകളും ശ്രമിച്ചത്. പിന്‍നിര ബലപ്പെടുത്തി പന്ത് നിയന്ത്രണത്തില്‍ നിര്‍ത്തുമ്പോഴും എതിരാളിയുടെ അങ്കണത്തില്‍ പഴുത് കണ്ടെത്താന്‍ ഇരുഭാഗത്തും ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.

എങ്ങനെയെന്നറിയില്ല മൈതാനത്ത് പൊടുന്നനെ ആക്രമണത്തിന്റെ തിരയിളക്കം കണ്ടു. കൗശലക്കാരനായ ഫ്രെഞ്ചുതാരം ഡെല്‍ഫോറാണ് ആക്രമണത്തിനു തിരികൊളുത്തിയത്. ഒരു നിമിഷാര്‍ദ്ധത്തില്‍ രൂപപ്പെട്ട പഴുതിലൂടെ ഡെല്‍ഫോര്‍ വലതു പാര്‍ശ്വത്തിലേയ്ക്ക് നീട്ടിയടിച്ച പന്ത് ശരവേഗമുള്ള ലിബററ്റി, പ്രതിരോധക്കാരെ പിന്തള്ളി പെനാല്‍റ്റിപ്പെട്ടിയിലേയ്ക്ക് ക്രോസ്സ് ചെയ്തു.

ലൂസിയന്‍ ലോറങ് എന്ന മുന്നേറ്റക്കാരന്റെ ഭാഗ്യനിമിഷമായിരുന്നു അത്. ലിബററ്റിയുടെ ക്രോസ്സ് ലോറങ് പിടിച്ചടക്കിയതും നിറയൊഴിച്ചതും മിന്നല്‍വേഗത്തിലായിരുന്നു. അങ്ങനെ കളിയുടെ 19-ാം  മിനിറ്റില്‍ ലോകകപ്പ് ചരിത്രത്തിലെ പ്രഥമ ഗോളിലൂടെ ലോറങ് മെക്‌സിക്കോയുടെ വല കുലുക്കി.
ഇന്നത്തെ ലോകകപ്പുമായി താരതമ്യം ചെയ്യാന്‍ പോലും പറ്റാത്തതായിരുന്നു പ്രഥമ ചാമ്പ്യന്‍ഷിപ്പ്. പ്രതാപമോ പ്രൗഢിയോ പണക്കൊഴുപ്പോ എന്തിന് താരങ്ങളോ സൂപ്പര്‍ താരങ്ങളോ ഒന്നുമില്ലാത്ത തികച്ചും സാധാരണമായ ടൂര്‍ണമെന്റായിരുന്നു യുറുഗ്വായില്‍ നടന്ന ആദ്യ ലോകകപ്പ്. എന്നാല്‍, ഫുട്‌ബോള്‍ ആവേഗത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. കാണികള്‍ സ്റ്റേഡിയത്തിലേയ്ക്ക് ഇരച്ചുകയറി. അക്കാലത്തെ സൗകര്യങ്ങള്‍ വെച്ചുനോക്കിയാല്‍ പ്രഥമ ലോകകപ്പിന്റെ ജനപ്രീതിയും അംഗീകാരവും വളരെ വലുതായിരുന്നു. കളിക്കാരുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടാന്‍ മാധ്യമങ്ങളില്ലായിരുന്നു. ലോകകപ്പിലെ ആദ്യഗോളിന്റെ അനര്‍ഘ നിമിഷം സമ്മാനിച്ച ലൂസിയന്‍ ലോറങ് അപ്രശസ്തനായിത്തന്നെ കഴിയേണ്ടിവന്നു.

കറകളഞ്ഞ പ്രതിഭാവിലാസമായിരുന്നു ലോറങിന്റെ കൈമുതല്‍. ചെറുപ്പക്കാരുടെ ടീമായി അറിയപ്പെട്ടിരുന്ന സിഎ പാരീസിലാണ് ലോറങ് ഫുട്‌ബോള്‍ കളിക്കാരനായി ശ്രദ്ധ നേടിയത്. പോര്‍ച്ചുഗലിനെതിരെ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചതിനെ തുടര്‍ന്ന് ലോകകപ്പ് ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്തെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ 'പ്യൂഗോട്ടിലെ' ജീവനക്കാരനായിരുന്ന ലോറങ്, ഒന്നരമാസത്തെ അവധി സംഘടിപ്പിച്ചായിരുന്നു ലോകകപ്പില്‍ കളിക്കാന്‍ പോയത്. അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ രണ്ടാഴ്ച നീണ്ട കപ്പല്‍യാത്രയ്‌ക്കൊടുവില്‍ മോണ്‍ഡിവിഡിയോയിലെത്തിയ ടീമിനെ ആയിരക്കണക്കിനാളുകള്‍ ചേര്‍ന്നാണ് വരവേറ്റത്.

അര്‍ജന്റീന, മെക്‌സിക്കോ, ചിലി എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഒന്നിലായിരുന്നു ഫ്രാന്‍സ്. ആദ്യ മത്സരത്തില്‍ ലൂസിയന്‍ ലോറങ്ങിന്റെ ചരിത്രഗോളുള്‍പ്പെടെ 4-1 നാണ് ഫ്രാന്‍സ് മെക്‌സിക്കോയെ തോല്‍പ്പിച്ചത്. എന്നാല്‍, വിജയം ആവര്‍ത്തിക്കാന്‍ കഴിയാതെ ഫ്രാന്‍സ് തുടര്‍ന്ന് ചിലിയോടും അര്‍ജന്റീനയോടും ഒറ്റ ഗോള്‍ തോല്‍വിയോടെ ലോകകപ്പില്‍നിന്നു മടങ്ങി.

പ്രഥമ ലോകകപ്പില്‍ ആദ്യ റൗണ്ട് കടക്കാതെ ഫ്രാന്‍സ് കെട്ടടങ്ങിയെങ്കിലും ലൂസിയന്‍ ലോറങ് എന്ന ഫ്രെഞ്ചുകാരന്‍ അനശ്വര പ്രതിഷ്ഠ നേടി. തന്റെ ഗോളിനെപ്പറ്റി പിന്നീട് ലോറങ് ഇങ്ങനെ പറഞ്ഞു: ''നല്ല മഞ്ഞുവീഴ്ചയുള്ള ദിവസമായിരുന്നു അത്. എന്റെ സഹതാരത്തിന് പന്തു കിട്ടിയപ്പോള്‍ ഞാനും ഒപ്പം ഓടി. ഒടുവില്‍ ആ പന്ത് എന്റെ കാലില്‍ കുടുങ്ങിയപ്പോള്‍ ഗോള്‍ പോസ്റ്റ് നോക്കി പാകത്തിനൊരു ഫുള്‍വോളി തൊടുത്തു. പന്ത് വലയില്‍. അന്ന് വലിയ ആഘോഷമൊന്നുമുണ്ടായിരുന്നില്ല.  ആരോ അടുത്തു വന്ന് ഒരു ഹസ്തദാനം നല്‍കി. ലോകകപ്പിലെ ആദ്യ ഗോളായിരുന്നു എന്ന ബോധം അപ്പോഴാണ് എന്റെ തലയില്‍ മിന്നിയത്.'' തന്റെ 22-ാം വയസ്സില്‍ ലോകകപ്പ് ഫുട്‌ബോളിന് ആദ്യ ഗോളിന്റെ അനശ്വര മുദ്ര പതിപ്പിച്ച ലൂസിയന്‍ ലോറങ് 2005 ഏപ്രില്‍ 11-ന് 97-ാം വയസ്സില്‍ ജീവിതത്തില്‍നിന്നു വിടവാങ്ങി.

ലോകകപ്പില്‍ 10-ല്‍ കൂടുതല്‍
ഗോള്‍ നേടിയവര്‍
മിനേസ്ലാവ് ക്ലോസ്സെ    -    ജര്‍മ്മനി    16
റൊണാള്‍ഡോ    -    ബ്രസീല്‍    15
യേര്‍ഡ് മുള്ളര്‍    -    പശ്ചിമ ജര്‍മ്മനി    14
ജസ്റ്റ് ഫൊണ്ടെയ്ന്‍    -    ഫ്രാന്‍സ്    13
പെലെ    -    ബ്രസീല്‍    12
സാന്‍ഡോര്‍ കോക്സിസ്    -    ഹംഗറി    11
ക്യൂബില്ലാസ്    -    പെറു    10
ഹെല്‍മുട്ട്‌റാന്‍    -    പശ്ചിമ ജര്‍മ്മനി    10
ഗ്രിഗോറസ്ലാറ്റോ    -    പോളണ്ട്    10
ഗാരിലിനേക്കര്‍    -    ഇംഗ്ലണ്ട്    10

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com