ആത്മരതിയുമായുള്ള ഒരെഴുത്തുകാരന്റെ സാംസ്‌കാരിക ഉടമ്പടികള്‍ 

കഥപറച്ചിലുകാരനെക്കാള്‍ ജനപ്രിയ അനുഭവം പറച്ചിലുകാരനായി വരും തലമുറ ഈ എഴുത്തുകാരനെ അടയാളപ്പെടുത്തും
ആത്മരതിയുമായുള്ള ഒരെഴുത്തുകാരന്റെ സാംസ്‌കാരിക ഉടമ്പടികള്‍ 

1
ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറുകളുടെ തുടക്കത്തിലായിരുന്നു ലോകചരിത്രം ഒരു പ്രത്യേക ദിശയില്‍ തിരിഞ്ഞത്. സോവിയറ്റ് യൂണിയന്റെ പതനവും കമ്യൂണിസത്തിന്റെ വിശ്വാസത്തകര്‍ച്ചയും മുതലാളിത്തം ആഗോളവല്‍ക്കരണം ആയി രൂപം മാറിയതും ഇക്കാലത്തായിരുന്നു. ആധുനികാനന്തര സാഹിത്യത്തിന്റെ ശ്വാസഗതി സുസ്ഥിരമായതും ജാതി/മത/വര്‍ഗ്ഗ ഘടനകളും ലിംഗപഠനങ്ങളും പരിസ്ഥിതി, സ്ത്രീവാദ ചര്‍ച്ചകളും സജീവമായി തുടങ്ങിയതും ഇതേ നാളുകളിലായിരുന്നു. ഇതോടൊപ്പം മലയാള സാഹിത്യത്തില്‍ പൊതുവേയും, കഥാസാഹിത്യത്തില്‍ വിശേഷിച്ചും ആവേശകരമായ ഉണര്‍വുണ്ടാകുകയും ചെയ്തു. 'ഹിഗ്വിറ്റ' എന്ന കഥയിലൂടെ എന്‍.എസ്. മാധവന്റെ തിരിച്ചുവരവും ഇതിന് ഉല്‍പ്രേരകമായി. സുഭാഷ് ചന്ദ്രന്‍ എന്ന ചെറുപ്പക്കാരന്‍ കഥയെഴുതി തുടങ്ങിയതും മേല്പറഞ്ഞതിന്റെ ഒക്കെ ചുവടുപിടിച്ചായിരുന്നു. 'ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം' എന്ന കഥയുമായാണ് സുഭാഷ് ചന്ദ്രന്‍ മലയാളസാഹിത്യത്തില്‍ എത്തിയത്. വാക്കുകളുടേയും വാക്കുകളില്‍നിന്നും സൃഷ്ടിച്ച അലങ്കാരങ്ങളുടേയും വികല ഭാവനയുടേയും ചക്രവ്യൂഹത്തില്‍നിന്നും പുറത്തുകടക്കാനാവാതെ വിഷമിച്ച ഒരാളായി സുഭാഷ് ചന്ദ്രന്‍ എന്ന എഴുത്തുകാരന്‍ അധികം വൈകാതെ തന്നെ മാറി. തിളച്ചുമറിഞ്ഞ സാമൂഹിക/രാഷ്ട്രീയ കാലത്തേയോ അസഹിഷ്ണുതയുടേയും അസ്വസ്ഥതയുടേയും ഇരുണ്ട സന്ധികളേയോ കഥകൊണ്ട് നേരിടാന്‍ അദ്ദേഹം ശ്രമിച്ചില്ല. 
പുതിയ ലോകം, നവ സാമ്പത്തികക്രമം, ഉദാരവല്‍ക്കരണത്തിന്റേയും ഉപഭോക്തൃസമ്പ്രദായത്തിന്റേയും പുത്തന്‍ പ്രവണതകള്‍ - ഇങ്ങനെയൊക്കെയുള്ള പരിസരത്തില്‍ കഥപറച്ചിലും പരിവര്‍ത്തനത്തിന്റെ പാതയിലൂടെ മുന്നോട്ടു പോയി. സാഹിത്യം ജീവിതത്തിന്റെ പ്രതിഫലനം ആകുമ്പോള്‍ മാറിയ ലോകത്തിന്റെ മാറിയ അവസ്ഥകളെ ചിത്രീകരിക്കാന്‍ പുതിയ ദൃശ്യങ്ങളും വാക്കുകളും പ്രമേയങ്ങളും അവതരിച്ചു. സാമൂഹികവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവും ആയ സംവര്‍ഗ്ഗങ്ങളില്‍ വ്യതിയാനം ഉണ്ടാകുന്നതോടെ ഭാഷ, ആഖ്യാനഘടന, വിഷയപരിചരണം എന്നിവയില്‍ സമൂലമായ അന്തരമുണ്ടായി. 'ആധുനികത' എന്ന ആശയത്തിലേക്ക് ആഗോളവല്‍ക്കരണം കൊണ്ടുവന്ന ചിന്താപദ്ധതികളെക്കുറിച്ച് സാമൂഹിക ശാസ്ത്രജ്ഞനായ ആന്റണി ഗിഡന്‍സിന്റെ (Anthony Giddens) പഠനങ്ങള്‍ ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതാണ്. 'Pooled information' എന്നത് ഒരു സംഭവ്യതയായത് ആഗോളവല്‍ക്കരണത്തിന്റെ ഫലമായിട്ടാണ് എന്നാണ് അദ്ദേഹം വാദിച്ചത്. നവലോകം എന്നതിലുപരിയായി 'ഒരു ലോകം' എന്ന സംജ്ഞയുടെ ആലോചന തുടങ്ങിവെക്കാന്‍ കാരണമായതും ആഗോളവല്‍ക്കരണം ആണ്. ആഗോളവല്‍ക്കരണം കുടുംബവട്ടങ്ങളില്‍ ഉണ്ടാക്കുന്ന പ്രകടമായ അടയാളങ്ങള്‍ കഥാകാരന്മാര്‍ക്ക് കാണാതിരിക്കാന്‍ വയ്യെന്നായി.  എം.ടി. വാസുദേവന്‍ നായര്‍ 'ഷെര്‍ലക്ക്' എന്ന കഥയിലൂടെ തന്നെത്തന്നെ പുതുക്കിപ്പണിഞ്ഞത് ഇതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ്.


മനസ്സിലെ രാസവിദ്യകൊണ്ട് രൂപപ്പെടുത്തിയ പുതിയ ഭാഷ എഴുത്തുകാരന് തടവറയായി തീരുന്നതിനെപ്പറ്റി എം.ടി. വാസുദേവന്‍ നായര്‍ സുഭാഷ് ചന്ദ്രന്റെ 'ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം' എന്ന കഥാസമാഹാരത്തിന്റെ ആമുഖത്തില്‍ എഴുതിയിട്ടുണ്ട്. പുതിയ ബിംബങ്ങളും പുതിയ പദസന്നിവേശങ്ങളും എഴുത്തുകാരന് പാരതന്ത്ര്യമാകുന്നതിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. പിന്നീടുള്ള എഴുത്തുജീവിതത്തില്‍ ബിംബങ്ങളുടെ 'അഴികള്‍'ക്കുള്ളിലെ തടവുകാരനായി' സുഭാഷ് ചന്ദ്രന്‍ മാറുമെന്ന് എത്ര ദീര്‍ഘദര്‍ശനത്തോടെയാണ് എം.ടി. പറഞ്ഞു വെച്ചത്! സാമാന്യവല്‍ക്കരിച്ച ഒരു നിരീക്ഷണം ആണെങ്കില്‍ക്കൂടി സുഭാഷ് ചന്ദ്രന്‍ എന്ന കഥാകൃത്തിന്റെ കാര്യത്തില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുകയാണ്. 'പറുദീസാനഷ്ടം' എന്ന കഥയിലെ 'ചിരപ്രയോഗം  കൊണ്ട് അളിഞ്ഞുപോയ അലങ്കാരം' എന്ന വാക്യം അറിയാതെയെങ്കിലും സുഭാഷ് ചന്ദ്രന്‍ ഉപയോഗിച്ചത് ഇവിടെ ചേര്‍ത്തുവായിക്കണം.
ഭാവുകത്വത്തെ 'നൂതനമായി' നിര്‍മ്മിക്കണമെന്ന വ്യാജേന കപടമായ മൗലികത ശില്പഭദ്രതയിലും പരിചരണത്തിലും കൊണ്ടുവരാന്‍ യത്‌നിച്ച 'സമര്‍ത്ഥനായ' കഥാകൃത്താണ് സുഭാഷ് ചന്ദ്രന്‍. കഥയുടെ സ്ഥിതിവിവരപ്പട്ടിക പരിശോധിക്കുകയാണെങ്കില്‍ ആകെ എഴുതിയ ഇരുപത്തെട്ട് കഥകളില്‍ ആറോ ഏഴോ ഭേദപ്പെട്ട കഥകള്‍ മാറ്റിനിര്‍ത്തിയാല്‍, ഭൂരിഭാഗം കഥകളും അലങ്കാരക്ലിഷ്ടവും  അതാത് കാലത്തെ സാഹിത്യഭാവുകത്വത്തിനു പുറംതിരിഞ്ഞു നില്‍ക്കുന്നതുമാണ്. ആഖ്യാനം ഒട്ടുമിക്കതും ആത്മനിഷ്ഠവും കഥാപാത്രങ്ങളുടെ സ്വത്വബോധവും വ്യഗ്രതകളും തന്നിലേക്കുതന്നെ ചുരുങ്ങുകയും ചെയ്യുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ കഥകള്‍. 'സന്മാര്‍ഗ്ഗ'ത്തിലേയും 'വിഹിത'ത്തിലേയും 'തല്‍പ്പ'ത്തിലേയും 'ഗുപ്ത'ത്തിലേയും നായകര്‍ക്കു സ്വാര്‍ത്ഥപരമായ ലക്ഷ്യങ്ങള്‍ മാത്രം ആവിഷ്‌ക്കരിച്ചിരിക്കുന്നതിനു പിന്നിലെ എഴുത്തിന്റെ വികാരം കൂടി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
'റിപ്പബ്ലിക്' എന്ന കഥ സുഭാഷ് ചന്ദ്രന്റെ കഥാജീവിതത്തിലെ ചില പൊതുസ്വഭാവങ്ങളെ പ്രതിനിധീകരിക്കുന്നു. ''നശിച്ച അലങ്കാരങ്ങള്‍ മനുഷ്യനെ സത്യത്തില്‍നിന്ന് അകറ്റുന്നു: എന്നാല്‍, സത്യത്തെ വെളിപ്പെടുത്തുന്ന അലങ്കാരങ്ങള്‍ പരുപരുത്തിരിക്കും'' എന്ന് കഥാപാത്രമായ ആര്‍.കെ. നമ്പൂതിരി ഈ കഥയില്‍ പറയുന്നുണ്ട്. മദ്യശാലയില്‍വെച്ചു കണ്ടുമുട്ടുന്ന മൂന്നു കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ നീങ്ങുന്ന കഥ ഒരു അമൂര്‍ത്തമായ ലോകത്തെയാണ് മുന്നോട്ടു വെയ്ക്കുന്നത്. രാഷ്ട്രീയ/സാമൂഹിക/ചരിത്രസന്ധികളെ പരാമര്‍ശിക്കാതെയാണെങ്കില്‍ക്കൂടി പരമ്പരാഗത  കഥാഘടനയെ വിച്ഛേദിക്കുന്ന തരത്തിലുള്ള ആഖ്യാനശൈലിയെ ആണ് കഥാകൃത്ത്  ഉന്നമിടുന്നത്. രൂപലംഘനവും രൂപാവിഷ്‌കാരവും കഥാകൃത്തിന്റെ വിശേഷാധികാരം ആണെന്നതില്‍ സംശയമില്ല. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളെ  മാറ്റിനിര്‍ത്തിയതുകൊണ്ട് സാഹിത്യപരമായ ഒരു മേല്‍ക്കൈയും കഥയ്ക്ക് ലഭിച്ചിട്ടില്ല എന്നത് സങ്കടകരമാണ്. മൂവരുടെ സംഭാഷണങ്ങളിലൂടെ 'ലോകതത്ത്വങ്ങള്‍' വിളമ്പാനുള്ള അവസരമായി കണ്ടുകൊണ്ട്   എഴുത്തുകാരന്‍ കഥാഗതിയെ നയിച്ചിരിക്കുന്നു. ആശയങ്ങളെക്കാള്‍ വാചാടോപം പ്രസക്തമാവുന്ന കഥയില്‍ ''കവിയും ക്രിസ്തുവും രണ്ടല്ല കുട്ടീ. കവിതയും ക്രിസ്തുത്വവും രണ്ടല്ല'' എന്നിങ്ങനെയുള്ള സംഭാഷണങ്ങള്‍ ആഖ്യാനത്തില്‍ ദുര്‍ഗ്രഹത കൊണ്ടുവരാനേ സഹായിക്കുന്നുള്ളു. 
'ജഡം എന്ന സങ്കല്പം' എന്ന കഥയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു വാര്‍പ്പ് മാതൃക നിര്‍മ്മിക്കുകയും അതിലേക്ക് പാകപ്പെടുന്ന ഉള്ളടക്കം ചേര്‍ക്കുകയും ചെയ്യുന്ന വിദ്യയാണ് പരീക്ഷിച്ചിരിക്കുന്നത്. 'സംഗീതം ഒരു സമയകലയാണ്', 'പ്രാതലിനു ഒരു കൂണ്' തുടങ്ങിയ കഥകളില്‍ മേതില്‍ രാധാകൃഷ്ണന്‍ ഉപയോഗിച്ച സങ്കേതമാണ് സുഭാഷ് ചന്ദ്രന്‍ ഈ കഥയില്‍ സ്വീകരിച്ചിരിക്കുന്നത്. ജഡത്തിന്റെ കാഴ്ചപ്പാട് 'അത്' എന്ന പേരില്‍ കഥയില്‍ ഉപാഖ്യാനങ്ങളാക്കിയിട്ടുണ്ട്. 'അത്' കേള്‍ക്കുകയും കാണുകയും ചിരിക്കുകയും ചെയ്യുന്നുണ്ട് കഥയില്‍. ആധുനികാനന്തര കഥയിലെ സങ്കേതം എന്ന നിലയില്‍ ജീവനില്ലാത്ത വസ്തുവിന്റെ 'കണ്ണി'ലൂടെ ആഖ്യാനം ചെയ്യുമ്പോള്‍ കഥാകൃത്ത് ആഖ്യാനത്തിലെ നവീനത്വം ആവും ഉദ്ദേശിച്ചത്. പക്ഷേ, അത് മൗലികമല്ല എന്നിടത്താണ് അതിന്റെ പ്രസക്തി നഷ്ടപ്പെടുന്നത്.  'സംഗീതം ഒരു സമയകലയില്‍' ബസവ  എന്ന കഥാപാത്രം അവനായിട്ടും നീയായിട്ടും ഞാനായിട്ടും പരകായപ്രവേശം നടത്തുന്നുണ്ട്. ബസവ ഒരു സാനിറ്ററി ഇന്‍സ്പക്ടറുടെ മകനാണ്. പ്ലേഗ് ബാധിത കാലത്തെ   പ്രവര്‍ത്തനനിരതനായ ഉദ്യോഗസ്ഥനായ അച്ഛനെ പതിന്നാലാം നൂറ്റാണ്ടിലെ പൈഡ് പൈപ്പറുമായി ചേര്‍ത്തുവെയ്ക്കുകയാണ് മേതില്‍ ചെയ്യുന്നത്. എന്നാല്‍, സുഭാഷിന്റെ കഥയിലെ, പുഴയിലെ ഒഴുകിയിരുന്ന ജഡത്തിന്റെ കാഴ്ചപ്പാടുകള്‍ പരിമിതമാണ്. അലങ്കാരങ്ങളുടേയും പദപ്രയോഗങ്ങളുടേയും ആധിക്യത്തില്‍ ഏകാഗ്രത നഷ്ടപ്പെട്ട കഥയായി മാറുകയാണ്  'ജഡം എന്ന സങ്കല്‍പ്പം'.  ''അഴുകിയ നാവില്‍ പുളപ്പിന്റെ വയമ്പു തേയ്ക്കുന്ന പുഴുക്കള്‍'', ''നനഞ്ഞ കണ്ണിലൂടെയുള്ള കാഴ്ചയില്‍ നീരാളികളെപ്പോലെ കാലുനീട്ടുന്ന നക്ഷത്രങ്ങള്‍'', ''അഹന്തയുടെ ആകാശത്തു തൊടുന്ന ആത്മവിശ്വാസത്തിന്റെ ഗോപുരങ്ങളുണ്ടായിരുന്നു എന്റെ ആത്മാവില്‍'', ''ആകാശത്തു കാര്‍മേഘങ്ങളില്‍ നിന്നൊഴിഞ്ഞ പൂര്‍ണ്ണ ഗര്‍ഭാലസ്യമുള്ള നിലാവ് തെളിഞ്ഞു'' എന്നിങ്ങനെ   പ്രത്യക്ഷത്തില്‍ കാവ്യാത്മകമായ പദാവലികള്‍ കഥയുടെ ഒഴുക്കിനെ ആവാഹിച്ചെടുക്കുകയാണ്. അതേപോലെ മഴ എന്ന പഴകി മടുത്ത ഗൃഹാതുരബിംബത്തെ ''മഴ ചുംബിച്ച ഓര്‍മ്മ പച്ചനിറത്തില്‍ കിടക്കും മനസ്സില്‍'' എന്ന പ്രയോഗത്തിലൂടെ ('സ്വപ്നം എന്ന കഥയില്‍'നിന്ന്) ലഭിക്കുന്ന 'ഗൃഹാതുരസുഖം' എത്രമാത്രം സാന്ദ്രമാണെന്ന് സുഭാഷ് ചന്ദ്രന് നന്നായി അറിയാം. ''സമയമാപിനിയെ ഗര്‍ഭത്തില്‍ വഹിച്ച്   ഒഴുകുന്ന പുഴ'' എന്നു കഥാകാരന്‍ പ്രയോഗിച്ചിട്ടുണ്ട് ('ജഡം എന്ന സങ്കല്‍പ്പം'). എന്നാല്‍, എഴുത്തിന്റെ രീതിശാസ്ത്രത്തിന്റെ പുരോഗതിയുടെ കാര്യത്തില്‍ മാപിനിയുടെ ഒഴുക്ക് പുരോഗതിയുടെ ശരിയായ ദിശയിലേക്ക് ആണെന്ന് പറയാന്‍ സാധിക്കില്ല. 
'മരിച്ചവരുടെ ചെറിയ ഒപ്പീസ്' എന്ന കഥയിലെ അന്തരീക്ഷവും സിസിലി എന്ന കഥാപാത്രത്തിന്റെ പെരുമാറ്റരീതികളും ഹുവാന്‍ റൂള്‍ഫോയുടെ വിഖ്യാത നോവലായ 'പെദ്രോപരാമോ'യിലെ സുസാനയെ   ഓര്‍മ്മിപ്പിക്കുന്നുണ്ട്.  കാമുകന്റെ മരണത്തിനുശേഷം അയാളെപ്പറ്റിയുള്ള ചിന്തകളില്‍ സുസാനയ്ക്ക്   സ്ഥകാലബോധം നഷ്ടപ്പെട്ടിരുന്നു. അതേ പോലെ സിസിലി തന്റെ   കണ്ണടക്കാരനായ കാമുകനില്‍നിന്ന് അകന്നതോടെ വിഭ്രാന്തിയിലകപ്പെട്ടു. ഏതാണ്ട് സമാനമായ ഒരേ സാഹചര്യത്തെ റൂള്‍ഫോ അവതരിപ്പിക്കുമ്പോഴുണ്ടാവുന്ന മാന്ത്രികത്വം സുഭാഷ് ചന്ദ്രന്റെ കഥാപാത്രപരിചരണത്തില്‍ നിസ്സാരവല്‍ക്കരിക്കപ്പെടുകയാണ്. 
ബിംബങ്ങളുടെ സവിശേഷമായ പരിചരണത്തിലൂടെയും ഉള്ളുപൊള്ളയായ എന്നാല്‍, ഒറ്റനോട്ടത്തില്‍ അമ്പരപ്പിക്കുന്ന വിധത്തിലുമുള്ള പദപ്രയോഗങ്ങള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന നിഘണ്ടുവിന്റെ ഉടമസ്ഥനാണ് അദ്ദേഹം. അനുഭവക്കുറിപ്പുകള്‍ ഓര്‍മ്മക്കുറിപ്പുകളെക്കാള്‍ തീവ്രതരമായിരിക്കണമെന്നു   അദ്ദേഹം പറഞ്ഞിട്ടുണ്ട്. വരും തലമുറ ഒരു അനുഭവമെഴുത്തുകാരന്‍ മാത്രമായി   സുഭാഷിനെ കാണുന്ന തരത്തില്‍ അദ്ദേഹത്തിന്റെ രചനാരീതി ചുരുങ്ങിപ്പോയിട്ടുണ്ട്. ''ദു:സ്വപ്നങ്ങളുടെ സാമര്‍ത്ഥ്യംപോലും കഥകള്‍ക്ക് ഇല്ല'' ('സ്വപ്നം എന്ന കഥയില്‍')  എന്ന് വിലപിക്കുന്ന കഥാകാരന്‍, ആ വിശ്വാസം മനസ്സില്‍ രൂഢമൂലമായതുകൊണ്ടാകും അനുഭവമെഴുത്തിലേക്ക് തിരിഞ്ഞത് എന്നു ന്യായമായും സംശയിക്കാം,
എം.ടി. 'പൊരുളില്ലാത്ത കിനാവ്' എന്ന ഒരു കഥ എഴുതിയിട്ടുണ്ട്. എം.ടിയുടെ    കഥകളില്‍ സാധാരണയായി കണ്ടുവരുന്ന ഭാഷയും ശില്പപരിചരണ ശൈലിയും അല്ല ഈ കഥയ്ക്കുള്ളത്. അസ്തിത്വവാദത്തിന്റെ നേരിയ ചലനങ്ങള്‍ ബോധപൂര്‍വ്വം ആഖ്യാനത്തില്‍ വിതറിക്കൊണ്ട്, എം.ടിയുടെ  രീതിയില്‍നിന്നും പൂര്‍ണ്ണമായി വിടുതല്‍ ചെയ്യാത്ത കഥയാണ് 'പൊരുളില്ലാത്ത കിനാവ്'.  ആഖ്യാതാവ് ലോകത്തിന്റേയും ജീവിതത്തിന്റേയും സാരാംശത്തെ നിരാശയോടേയും ഉദ്വിഗ്നതയോടേയും വീക്ഷിക്കുന്നു. അത്തരം അസ്വസ്ഥതകള്‍ ആത്മഭാഷണം ആയി പുറത്തു വരുന്നു. ഈ പശ്ചാത്തലത്തില്‍ ഉള്ള ഒരു പ്ലോട്ടിന് മേതിലിന്റെ ഘടന അധ്യാരോപം ചെയ്യുക (superimpose) എന്ന തന്ത്രം ആണ് 'റിപ്പബ്ലിക്', 'ജഡം എന്ന സങ്കല്പം' എന്നീ കഥകളില്‍ സുഭാഷ് ചന്ദ്രന്‍ പ്രയോഗിച്ചിരിക്കുന്നത്. ഇതുപോലെയുള്ള അമ്പരപ്പ് വായനക്കാര്‍ക്ക് ഉണ്ടാക്കുന്നതില്‍ സുഭാഷ് ചന്ദ്രന് ഒരു മുന്‍ഗാമിയുണ്ട്. ഓസ്ട്രേലിയന്‍ നോവലിസ്റ്റും നൊബേല്‍ സമ്മാനജേതാവുമായ പാട്രിക്ക് വൈറ്റ് ആണത്. The man lay beneath his eyelids എന്നായിരുന്നു സൂര്യവെളിച്ചം ഏല്‍ക്കാതെ കണ്ണടച്ചുറങ്ങുന്ന ഒരുവനെപ്പറ്റി വൈറ്റ് എഴുതിയത്. പോരാതെ colourless green, tigerish distance എന്നിങ്ങനെ ഉണ്ടാക്കിയെടുക്കുന്ന അലങ്കാരങ്ങളുടേയും ഇമേജുകളുടേയും ഘോഷയാത്ര വൈറ്റിന്റെ എഴുത്തില്‍ ദൃശ്യമാണ്. വായിക്കപ്പെടാതെ ഒടുങ്ങിപ്പോകുന്ന അല്ലെങ്കില്‍ എങ്ങനെ എഴുതരുതെന്നു പഠിപ്പിക്കുന്ന വൈറ്റിന്റെ വിധി തന്നെയാണ് സുഭാഷ് ചന്ദ്രന്റെ കഥകളെ കാത്തിരിക്കുന്നതെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

3
രതി എന്നത് ഗുപ്തം ആക്കി വെക്കേണ്ട എന്തോ അധമവികാരം ആണെന്നു മലയാളി ആണുങ്ങള്‍ വിശ്വസിക്കുന്നുവെന്നും തന്നെപ്പോലെയുള്ള ഒരെഴുത്തുകാരന്‍ അവര്‍ക്ക് കൊടുക്കുന്ന ഒരു പ്രഹരമാണ്  'തല്പം' എന്ന കഥാസമാഹാരം എന്നും സ്വയം കരുതി വശായ  കഥാകൃത്ത് ആണ് സുഭാഷ് ചന്ദ്രന്‍.  കപട സദാചാരവാദികളായ മലയാളി ആണുങ്ങള്‍ / കൗമാരപ്രായക്കാര്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും തങ്ങളുടെ ലൈംഗികസുഖത്തിനുവേണ്ടി മാത്രം പരിഗണിക്കുന്നവര്‍ ആണെന്ന് ധ്വനിപ്പിക്കുന്ന കഥാഗാത്രമാണ് തല്പത്തിന്റേയും ഗുപ്തത്തിന്റേയും. കഥയിലൂടെയുള്ള  ഗുണപാഠം കൗമാരക്കാര്‍ക്കും  അവരുടെ അച്ഛനമ്മമാര്‍ക്കും പകര്‍ന്നു കൊടുക്കുക എന്ന 'ഉത്കൃഷ്ട' ആശയമാണ് 'ഗുപ്തം' എന്ന തിരക്കഥാരൂപത്തിലുള്ള  കഥ ഏറ്റെടുത്തിരിക്കുന്ന ദൗത്യം. കൗമാരപ്രായക്കാരുടെ രതികാമനകള്‍ അതിരുവിട്ടുകൊണ്ട് അപകടകരമായ സ്ഥിതിയില്‍ എത്തുമ്പോള്‍, അമ്മൂമ്മയെ ഇടപെടുവിച്ചുകൊണ്ട് കഥയ്ക്ക് ശുഭാന്ത്യം നല്‍കാനാണ് 'ഗുപ്ത'ത്തില്‍ ശ്രമിച്ചിരിക്കുന്നത്. ഇതിനിടയില്‍ കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയും ലിഫ്റ്റ് ഓപ്പറേറ്ററുമായുള്ള ലൈംഗികബന്ധത്തെക്കുറിച്ചും കഥയില്‍ വിവരിച്ചിട്ടുണ്ട്. ആണുങ്ങള്‍ക്ക് കാമക്കണ്ണുകള്‍ ആണുള്ളതെന്ന കഥാകാരന്റെ സങ്കല്‍പ്പത്തെ ഗൃഹനാഥനായ രഞ്ജിത്ത് എന്ന കഥാപാത്രം സാധൂകരിക്കുന്നുണ്ട്. അശ്ലീലസിനിമകള്‍ കാണുകയും സ്ത്രീകളെ ലൈംഗികതാല്പര്യത്തോടെ നോക്കുകയും ചെയ്യുന്ന സമൂഹത്തെക്കുറിച്ചാണ് 'ഗുപ്തം' എഴുതിയത് എന്ന് കഥാകൃത്തിന് അവകാശപ്പെടാം; എന്നാല്‍ ഉപരിപ്ലവമായ ലൈംഗികക്കാഴ്ചകള്‍ക്കപ്പുറം മറ്റൊന്നും കഥ പങ്കുവെയ്ക്കുന്നില്ല. കഥയില്‍ സൂചിപ്പിച്ചതുപോലെ 'ഗോപ്യമായ ഒരു ലൈംഗിക ആഹ്വാനത്തിന്റെ' ബഹിര്‍സ്ഫുരണവും അതില്‍ പ്രവചിക്കാന്‍ കഴിയുന്ന ഒരു ഗുണപാഠം തുന്നി വെയ്ക്കുകയും മാത്രമാണ് എഴുത്തുകാരന്‍ ചെയ്തിരിക്കുന്നത്. അണുകുടുംബങ്ങളുടെ അനുഭവദാരിദ്ര്യത്തെപ്പറ്റിയൊക്കെ പറയാതെ പറഞ്ഞുകൊണ്ട് ഗ്രാമത്തിലെ നൈസര്‍ഗ്ഗിക കാന്തി ഘോഷിക്കാനും അദ്ദേഹം ഉദ്യമിക്കുന്നുണ്ട്. ഉള്ളുപൊള്ളയായ, വികാരവിചാരങ്ങള്‍ ഒന്നും ഉല്‍പ്പാദിപ്പിക്കാത്ത എന്നാല്‍ പെണ്‍കുട്ടികളെ 'ചരക്കുകള്‍' ആയി കാണുന്ന സൂക്ഷ്മമായ 'നോട്ടം' ആണ് എഴുത്തുകാരന്‍ പുരുഷകഥാപാത്രങ്ങളിലൂടെ സന്നിവേശിപ്പിക്കുന്നത്. പ്രതിഭ എന്ന പെണ്‍കുട്ടിയെപ്പറ്റി പരാമര്‍ശിക്കുന്നതിനിടയില്‍, 'എങ്ങനേണ്ട് സാധനം' എന്ന് ചോദിക്കുന്ന വിവേക് ഇപ്പറഞ്ഞത് ശരിവെയ്ക്കുന്നു. ഇതേ പെണ്‍കുട്ടിയെ പിന്നീട് 'സാധനം' എന്നും പരാമര്‍ശിച്ചിട്ടുണ്ട്. ഡിക്രൂസിന്റെ മകളെ കഥാകൃത്ത് 'തടിച്ചി' എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. ഇതിനിടയില്‍ പ്രണവിനെ (പ്രണവിന്റെ ശരീരത്തെ) ഇഷ്ടപ്പെടുന്ന ആബേലച്ചന്‍ കൂടിയാവുമ്പോള്‍ പട്ടിക പൂര്‍ത്തിയാവുകയാണ്. ചന്ദനക്കളറിലുള്ള പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ പന്ത്രണ്ടുവയസ്സുകാരിയായ പ്രതിഭയെ നിഷ്‌കളങ്കതയുടെ പ്രതീകമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അവള്‍ പാട്ടു പാടുമ്പോള്‍ അവളെ സാകൂതം നോക്കുന്ന ആണുങ്ങളുടെ ശാരീരിക അവലോകനം അപലപനീയമാണ്. ''പാടുന്ന ചുണ്ടുകള്‍, ഇടത്തേ കഴുത്തില്‍ എടുത്തു പിടിച്ചു നില്‍ക്കുന്ന ഞരമ്പ്'' എന്നിങ്ങനെ പന്ത്രണ്ട് വയസ്സുകാരിയുടെ ശരീരത്തെ കൊത്തിത്തിന്നുന്ന പ്രണവ് കാമക്കണ്ണുകളുള്ള പുരുഷലോകത്തിന്റെ പ്രതീകമാണ്. 'തല്പം' എന്ന കഥയിലെ ആണ്‍നോട്ടവും ഇതുപോലെ തന്നെയാണെന്നു വരുമ്പോള്‍, കഥാപാത്രമായ പുരുഷന്റെ കാമഗന്ധം കൂടുതല്‍ വ്യക്തമാവുന്നു. ഇത് പതിനഞ്ചുവയസ്സുകാരന്റെ ദൃഷ്ടിയാണോ അതോ എഴുത്തുകാരന്‍ അവനിലേക്ക് ആരോപിക്കുന്ന കാഴ്ചയാണോ എന്നത് ചിന്തനീയം.  താക്കോല്‍ തിരികെ കൊടുത്തുകൊണ്ട് അമ്മൂമ്മ പ്രണവിനോട് ''അന്ന് താക്കോല്‍ തിരികെ തന്നിരുന്നേല്‍ നിന്റെ പിറക്കാന്‍ പോകുന്ന അനിയത്തിക്കുട്ടിയേയോ അമ്മയേയോ ചെലപ്പോ എന്നെത്തന്നെയോ അലമാരയില്‍ ഇട്ടു പൂട്ടിയേക്കും''  എന്ന് പറഞ്ഞിരിക്കുന്നത് കൃത്യതയില്ലാത്ത, അയുക്തികമായ ഒരു പ്രസ്താവനയാണ്. സദാചാര കുടുക്കുകളില്‍നിന്നും മോചനം നേടാന്‍ ആഗ്രഹിക്കാത്ത, 'അമ്മ-പെങ്ങള്‍-അമ്മൂമ്മ' എന്ന (കപട) സദാചാരബോധം ഉള്ളില്‍ സൂക്ഷിക്കുന്ന ഒരാളുടെ ആശയമായി മാത്രമേ ഇതിനെ കാണാനാവൂ. തന്റെ   വഴിപിഴച്ച ഭാവങ്ങള്‍ക്ക് വെള്ള പൂശാനുള്ള എഴുത്തുകാരന്റെ കൗശലമാണിത്. 
'തല്പം' എന്ന സ്ത്രീവിരുദ്ധമായ കഥയില്‍ ടെക്വില എന്ന മദ്യത്തെ സ്ത്രീയോട് ഉപമിച്ചിട്ടുണ്ട്. ''ഷക്കീല എന്നു കേള്‍ക്കുന്നത് പോലെയാണ് ടെക്വില'' എന്ന പരാമര്‍ശം, മദ്യത്തെ ഷക്കീല എന്ന അക്കാലത്തെ മലയാളി പുരുഷന്റെ ഇക്കിളിവികാരവുമായി ബന്ധപ്പെടുത്തി വേണം വായിക്കേണ്ടത്. ഭാര്യ വീട്ടിലില്ലാത്ത ദിവസങ്ങളില്‍ ടെക്വില തൊട്ടുനക്കിയാണ് ഡോക്ടര്‍ തോമസ് വള്ളോക്കാരന്‍ എന്ന കഥാപാത്രം   ജീവിക്കുന്നത്.  ''വഴങ്ങിത്തരുന്ന കന്യകയുടെ ചുണ്ടിനെയെന്നപോലെ ടെക്വില മൃദുവായി കടിച്ചു കുടിച്ച്.'' വള്ളോക്കാരന്‍ സ്ത്രീവിഷയതല്പരനും   ചെറിയ പെണ്‍കുട്ടികളെവരെ കാമാര്‍ത്തിയോടെ നോക്കുന്നവനുമായിരുന്നു.  തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് ലോസ് ഏഞ്ചല്‍സിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ കഥ സമാന്തരമായി വിവരിച്ചിട്ടുണ്ട്. മസ്തിഷ്‌കത്തിലെ ഭാഷാവ്യവഹാരങ്ങളെ നിയന്ത്രിക്കുന്ന ഇടത്തിനടുത്തായിരുന്നു ട്യൂമര്‍. അതിനാല്‍ത്തന്നെ അത് മുറിച്ചുമാറ്റുമ്പോള്‍, പെണ്‍കുട്ടിയുടെ ഇംഗ്ലീഷിലും സ്പാനിഷിലുമുള്ള  ഭാഷാസിദ്ധിക്കും മുറിവേല്‍ക്കാം എന്ന് ഡോക്ടര്‍മാര്‍ സംശയിച്ചിരുന്നു. ഈ സന്ദര്‍ഭത്തെ മുഖ്യകഥാതന്തുവുമായി ചേര്‍ത്തുവെച്ചിരിക്കുകയാണ് കഥാകൃത്ത്. ഡോക്ടര്‍മാരുടെ നൈതികതയെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള അസാന്മാര്‍ഗ്ഗികവിധത്തില്‍   വള്ളോക്കാരനും ഡോക്ടര്‍ സുനിലും സംസാരിക്കുകയും വള്ളോക്കാരന്റെ രോഗിയുടെ മകളായ കമലയെക്കുറിച്ച് അശ്ലീലം പറയുകയും ചെയ്യുന്നുണ്ട്. കമല എന്ന പെണ്‍കുട്ടിയോട് ലൈംഗികാസക്തി ഉള്ള ഡോക്ടര്‍ വള്ളോക്കാരന്‍ കഥാന്ത്യത്തില്‍ അവളെ ആശുപത്രിയിലെ ആംബുലന്‍സില്‍ വെച്ചു  പീഡിപ്പിക്കുകയാണ്.
താന്‍ അടക്കമുള്ള ആണ്‍മനസ്സുകള്‍ രഹസ്യകാമനയായിവെച്ചിട്ടുള്ള യാഥാര്‍ത്ഥ്യങ്ങളെ കഥാരൂപത്തില്‍ അവതരിപ്പിക്കുകയാണ് 'തല്പം' എന്ന കഥാസമാഹാരത്തിലൂടെ എന്നാണ് എഴുത്തുകാരന്‍ ആമുഖത്തില്‍ അവകാശപ്പെട്ടിരിക്കുന്നത്. എന്നാല്‍, ആഖ്യാനത്തില്‍ 'ഗുപ്തമായ'തൊന്നും കാണാനില്ല. മലയാളി പുരുഷന്റെ സവിശേഷമായ ആണ്‍നോട്ടവും അതിലടങ്ങിയ തന്ത്രങ്ങളും മാത്രമാണ് ആഖ്യാനത്തിന്റെ ഉറ്റുനോട്ടത്തില്‍ ഉള്ളത്. ആശയങ്ങളുടെ സൃഷ്ടിയെ   സംബന്ധിച്ച ലക്കാന്റെ (Jacques Lacan) നിരീക്ഷണം ഇവിടെ പരാമര്‍ശിക്കുന്നത് ഉചിതമായിരിക്കും. സാധാരണയായി ആശയസംവേദനം പൂര്‍ണ്ണമാവുന്നത് വാക്കുകള്‍ കൂടിച്ചേര്‍ന്നു വാക്യങ്ങള്‍ ഉണ്ടാകുമ്പോഴാണ്. പ്രത്യക്ഷത്തില്‍ ഉച്ചരിക്കുന്ന/എഴുതപ്പെടുന്ന വാക്കുകളും പരോക്ഷമായ /അദൃശ്യമായ സാന്നിധ്യമായ വാക്കുകളും ചേര്‍ന്നാണ് ആശയങ്ങള്‍ രൂപപ്പെടുന്നത്. അത്തരത്തിലുള്ള സമഗ്ര ചിത്രമാണ് ഓരോ ആശയപ്രകാശനവും മുന്നോട്ടുവെയ്ക്കുന്നത്. ''സുഖം കിട്ടിയോ'' എന്ന് ചോദിക്കുന്ന ഡോക്ടര്‍ സംഭോഗത്തിനു ശേഷം സ്ഥിരം ആവര്‍ത്തിക്കുന്ന പല്ലവിയാണ് അത് എന്ന് അനുമാനിക്കാം. യെസ് അല്ലെങ്കില്‍ നോ എന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അയാള്‍ കൊടുക്കുന്നുണ്ട്.  പക്ഷേ, അതിനുള്ള ഉത്തരം കൊടുക്കേണ്ട കമല (ബോധത്തിലും അബോധത്തിലും) നോ എന്നാണ് കൊടുക്കേണ്ടത്. ഇവിടെയാണ് എഴുത്തുകാരന് Lacanian Slip വരുന്നത്. 'യെണ്ട്' എന്ന ഉത്തരം എഴുത്തുകാരന്റെ പേനയില്‍ നിന്നുമുതിര്‍ന്ന വാക്കാണ്. കമല എന്ന കഥാപാത്രം അല്ല അത് ഉരുവിട്ടിരിക്കുന്നത്. പേന എന്നത് പുരുഷലിംഗത്തിന്റെ (Human Penis-sâ) പ്രതിബിംബം ആയി രൂപപ്പെടുന്ന മുഹൂര്‍ത്തമാണിത്.
അവിഹിതഭോഗത്തിനു തയ്യാറാവുന്ന മലയാളി പുരുഷന്റെ തത്ത്വശാസ്ത്രം പഠിപ്പിക്കുന്ന കഥയാണ് 'വിഹിതം'. എല്ലാം തികഞ്ഞ ഭാര്യ ഭര്‍ത്താവിന്റെ ശരീരവുമായി അത്രമേല്‍ ഒട്ടിയിരിക്കുന്നത് കാരണം വേറൊരു ശരീരമായിത്തന്നെ ഭാര്യയെ കാണാനാവില്ല എന്നാണ് വിഹിതത്തില്‍ മാധവന്‍ പറയുന്നത്. അതുകൊണ്ട് ഭോഗം സ്വയംഭോഗം ആവുകയും തന്മൂലം ശരിയായ ഭോഗസുഖം കിട്ടാന്‍ അന്യസ്ത്രീകളെ തേടുകയും ചെയ്യേണ്ടിവരുന്നു. മലയാളി പുരുഷനെ ന്യായീകരിക്കാനോ അപഥസഞ്ചാരത്തിന് സദാചാരപരമായ മൂല്യങ്ങളുടെ മുദ്രണത്തിനു ക്ലേശിക്കുകയോ ചെയ്യുന്ന ഒരു നായകനാണ്  മാധവന്‍  എന്ന് വ്യക്തം. സദാചാര പാഠപുസ്തകമായി വിഹിതം മാറുന്നതിങ്ങനെയാണ്. പുരുഷന്‍ സ്ത്രീയേയും സ്ത്രീ പുരുഷനേയും (കപട)സദാചാരം പഠിപ്പിക്കുന്നതിന്റെ ആഖ്യാനമാണ് ഈ കഥ. നല്ലത്/ചീത്ത എന്ന ദ്വന്ദ്വത്തില്‍ വിശ്വസിക്കുന്ന നായകനായ മാധവന് ഇതിനിടയിലുള്ള കാഴ്ചപ്പാടുകള്‍ ഇല്ല എന്നത് പ്രതിലോമകരമാണ്. ''ഭാര്യയെ തള്ളുന്ന രാമനും അന്യന്റെ ഭാര്യയെ കൊതിക്കുന്ന രാവണനും'' ആണ് അയാളുടെ അളവുകോലുകള്‍. രാവണനും രാമനും വ്യത്യസ്ത രാമായണങ്ങളില്‍ വേറിട്ട വ്യക്തിത്വങ്ങളാണ് എന്നുള്ളത് അയാള്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. ചലച്ചിത്രനടി നമിതയെ പോലെയാണ് ഫാല്‍ഗുനി എന്ന് ദുരുദ്ദേശ്യത്തോടെ പറയുന്ന മാധവനും സ്ത്രീ എന്നത് ശരീരം മാത്രമാണ്. മഹേഷ് ഭട്ടിനെ വിമര്‍ശിക്കാനുള്ള അയാളുടെ അവകാശമാണ് ഇതോടെ റദ്ദു ചെയ്യപ്പെടുന്നത്.  സ്ത്രീശരീരങ്ങള്‍ കാമം ഉദ്ദീപിക്കുന്ന ഉപഭോഗ/ഭോഗ വസ്തുക്കളായി പരിണമിക്കുന്നത് സമൂഹത്തിന്റെ ജീര്‍ണ്ണതയെയാണ് വ്യംഗിപ്പിക്കുന്നത് എന്ന് പറയുന്ന എഴുത്തുകാരനും ആ സമൂഹക്കണ്ണുകള്‍ തന്നെയാണ് ഉള്ളതെന്ന് കഥയില്‍ സംശയമൊന്നുമില്ലാതെ വെളിപ്പെടുന്നുണ്ട്. മലയാളി ആണുങ്ങള്‍ക്ക് വേണ്ടത് സെക്സും സിനിമയും ആണെന്നും 'നമിത' ആണ് അവരുടെ കാമബിംബം എന്നും ദ്യോതിപ്പിച്ചുകൊണ്ട്, മലയാളി പുരുഷന്മാരുടെ രത്യാസക്തിയെ 'തോണ്ടുന്ന' കഥാകൃത്തിന്റെ ചില പ്രസ്താവനകള്‍ സദാചാരം അടിച്ചുറപ്പിക്കാന്‍ വേണ്ടിയുള്ളതാണ്.  വിവാഹേതരബന്ധത്തില്‍പ്പെടുന്ന സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെപ്പറ്റി നല്ലതേ പറയൂ എന്നും പുരുഷന്മാര്‍ എന്നാല്‍ നേരെ തിരിച്ചാണെന്നും ഒക്കെ ധൂര്‍ത്തമായി പറഞ്ഞിരിക്കുന്ന 'വിഹിതം' മലയാളി പുരുഷന്മാര്‍ (സ്ത്രീകളും) അനുശാസിക്കുന്ന ഒരു കപട സദാചാരമന്ത്രം  മാത്രമാണ്. പുരുഷന്റെ ലോകത്തെയാണ് സുഭാഷ് ചന്ദ്രന് എപ്പോഴും പഥ്യം. പുരുഷന്റെ പ്രേമ/കാമ/അധികാര പ്രത്യയങ്ങള്‍ക്ക് സഹായിയായി പ്രവര്‍ത്തിക്കാന്‍ മാത്രമാണ്   സ്ത്രീക്ക് ഈ കഥകളില്‍ സാധിക്കുന്നത്.

4
പല കഥകളിലും വിസര്‍ജ്യത്തോടുള്ള ആസക്തി വെളിപ്പെടുന്നുണ്ട്. Coprophilia അല്ലെങ്കില്‍ Scatophilia എന്ന ഈ അവസ്ഥയുടെ വകഭേദങ്ങള്‍ ഉള്ള കഥാപാത്രങ്ങള്‍/കഥാസന്ദര്‍ഭങ്ങള്‍ അമേരിക്ക, സ്വപ്നം എന്ന കഥ,  പുത്രകാമേഷ്ടി, ഹ്യൂമന്‍ റിസോഴ്സസ്, റിപ്പബ്ലിക്ക്, നോവല്‍സംഗ്രഹം, മനുഷ്യന് ഒരാമുഖം എന്ന നോവലിലെ ഒന്നാമധ്യായം, ബ്ലഡി മേരി എന്നിങ്ങനെയുള്ള കഥകളില്‍ കാണാം. പരീക്ഷണശാലയിലേക്ക് മലം ഒഴിഞ്ഞ തീപ്പെട്ടിക്കൂടില്‍ കൊണ്ടുവന്ന വൃദ്ധയും  (പുത്രകാമേഷ്ടി ) മുത്തച്ഛന് വെളിക്കിറങ്ങാന്‍ കിണ്ടിയുമായി കൂടെ പോയ കൊച്ചുമകനും  യാത്ര ചെയ്യുമ്പോള്‍ അടുത്തിരുന്നു ഛര്‍ദ്ദിച്ച നായികയും ആ ഛര്‍ദ്ദിലിനു അമേധ്യത്തിന്റെ ഗന്ധമാണെന്നു മനസ്സിലായ നായകനും (നോവല്‍ സംഗ്രഹം) ദൈവത്തെക്കുറിച്ച് ആലോചിച്ച് മണിക്കൂറുകളോളം കക്കൂസില്‍ ഇരുന്ന പതിമൂന്നുകാരനും ('മനുഷ്യന് ഒരാമുഖം എന്ന നോവലിലെ ഒന്നാമധ്യായം' എന്ന കഥ) വേവിച്ച കടലയുടെ തൊലിയുരിഞ്ഞ് ചന്തി മാത്രമുള്ള ഒരത്ഭുത ജീവി എന്ന് പറഞ്ഞതും (റിപ്പബ്ലിക്) മലമെടുത്ത്  മണപ്പിച്ചു നോക്കുന്ന വിഡ്ഢിയായ ബ്രാഹ്മണനും (ഈഡിപ്പസിന്റെ അമ്മ) കഥകളില്‍ ഉള്ള ഈ വൈകൃതത്തെ ഉറപ്പിക്കുന്ന ഉദാഹരണങ്ങളാണ്.  മലത്തെ കേന്ദ്രബിംബമായി (രൂപകമായി) സ്ഥാപിക്കുന്ന കഥയാണ് 'ഹ്യൂമന്‍ റിസോഴ്സസ്'. ആഗോളവല്‍ക്കരണത്തിന്റെ പരിണതഫലങ്ങളിലൊന്നായ ഔട്സോഴ്സിങ്ങിനെ അന്യാപദേശകഥയായി അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുകയാണ് ഹ്യൂമന്‍ റിസോഴ്സസ് എന്ന കഥയില്‍. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്തു പുറംപണി കരാറുകളെ നിഷേധപൂര്‍വ്വം ആണ് പരിഗണിക്കുന്നത് എന്ന സാഹചര്യത്തില്‍ ഈ വിഷയത്തിന് പഴയ   പ്രസക്തി ഇല്ലാതായി.  എന്നാല്‍, കഥയില്‍ ഭാവന സഞ്ചരിക്കുന്നത് വിസര്‍ജ്യത്തിന്റെ വഴിയിലാണ് എന്നുമാത്രം.  ഇന്ത്യക്കാരുടെ വിസര്‍ജ്യവും ബീജവും ശേഖരിക്കുന്ന അമേരിക്കന്‍ കമ്പനിയുടെ തൊഴില്‍ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. വിസര്‍ജ്യത്തേയും ബീജത്തേയും കരുവാക്കി വികസിത രാജ്യങ്ങളില്‍നിന്നും മൂന്നാം ലോകരാജ്യത്തേക്കുള്ള തൊഴില്‍പരമായ കൊടുക്കല്‍വാങ്ങലിനെയാണ് കഥാകൃത്ത് ലക്ഷ്യം വെയ്ക്കുന്നത്. അലിഗറി അടിസ്ഥാനമായി വരുന്ന മികച്ച കഥകളുള്ള മലയാളത്തില്‍, മലവും ശുക്ലവും അതിനുവേണ്ടി വരിച്ചു എന്നാണ് കഥയുടെ വൈകല്യം. ഇതുകൊണ്ടുതന്നെ ഭാവനയില്‍ അര്‍ശോരോഗം വന്ന കഥകളാണ് ഇവയെല്ലാം എന്ന് വരുംതലമുറ പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഫാസിസത്തിനെതിരേയും അടിയന്തരാവസ്ഥയ്ക്ക് എതിരേയും എം. സുകുമാരന്‍, ഒ.വി. വിജയന്‍ തുടങ്ങിയവര്‍ എഴുതിയ അന്യാപദേശ കഥകള്‍ തുടങ്ങിയവ   വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തമാണ്. എന്നാല്‍, പരിമിതവിഭവനായ ഒരു   കഥാകൃത്തിനു യാതൊരു രാഷ്ട്രീയപക്ഷവുമില്ലാതെയുള്ള- ഒളിച്ചിരുന്ന് കരുത്തില്ലാത്ത ആയുധംകൊണ്ട് തിരിച്ചടിക്കാന്‍ മെനക്കെടുന്നതുപോലെ- ചെറുത്തുനില്പിന് വേണ്ടിയാണ് വിസര്‍ജ്യം രൂപകമാക്കുന്നത്. 
വിസര്‍ജ്യം ഒരു രാഷ്ട്രീയ രൂപകമായി വരുന്ന ഒട്ടേറെ കൃതികള്‍ ലോകസാഹിത്യത്തിലുണ്ട്. ഏകാധിപത്യത്തെ വിസര്‍ജനത്വരയുമായി എഴുത്തുകാര്‍ ബന്ധിപ്പിക്കുന്നത് നിന്ദ്യമായ ആ വ്യവസ്ഥയോടുള്ള പ്രതിഷേധസൂചകമായിട്ടാണ്. ഉദാഹരണത്തിന് ഒരിക്കലും വരാത്ത പെന്‍ഷനുവേണ്ടി കാത്തിരിക്കുന്ന മാര്‍ക്കേസിന്റെ 'No one writes to colonel'ലെ കഥാനായകന്റെ ഭാര്യ അങ്കക്കോഴിയെ (രാഷ്ട്രീയ പ്രതിരോധത്തിന്റെ ചിഹ്നം കൂടിയാണ് അങ്കക്കോഴി) വില്‍ക്കണമെന്ന് നിരന്തരം ശല്യപ്പെടുത്തുകയും അങ്കക്കോഴി ജയിക്കുന്നതുവരെ താന്‍ എന്ത് ഭക്ഷിക്കുമെന്നു ആവര്‍ത്തിച്ച് ചോദിക്കുകയും ചെയ്യുമ്പോള്‍  അതുവരെ 'തീട്ടം' ഭക്ഷിക്കുമെന്നു കേണല്‍ പറയുന്നു. ഇതോടൊപ്പം മാര്‍ക്കേസ് എഴുതുന്ന വാചകമാണ് ശ്രദ്ധേയം. അതു പറഞ്ഞു കഴിഞ്ഞപ്പോള്‍ താന്‍ നിര്‍മ്മലനും സ്വയം തെളിയിക്കപ്പെട്ടവനും അജയ്യനുമാണെന്നു കേണലിനു തോന്നി എന്നാണ് മാര്‍ക്കേസ് പറയുന്നത്.  അടിച്ചമര്‍ത്തപ്പെട്ട രാഷ്ട്രീയാവസ്ഥയെ ഇങ്ങനെയെങ്കിലും അടയാളപ്പെടുത്താതിരിക്കാന്‍ കേണലിനു സാധിക്കുന്നില്ല.  പ്രതിരോധം വരെ നഷ്ടപ്പെട്ട എഴുത്തുകാരന്‍ ജൈവാധികാരത്തിനുവേണ്ടി ലൈംഗികതയെ ഉപയോഗിക്കുന്നതും അശ്ലീലവും വൈകൃതവും ആയ സമരമുറകളെ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതും 'ധര്‍മ്മപുരാണത്തില്‍' കണ്ടതാണ്. അത്തരമൊരു സാഹചര്യവും സംഘര്‍ഷവും സുഭാഷ് ചന്ദ്രന്റെ കഥകളിലില്ല. മറിച്ച് മലാസക്തിയെ കഥയിലുള്ള അപഭ്രംശമായി മാത്രമേ കാണാന്‍ കഴിയുകയുള്ളു.  

5
കഥാകൃത്തിനെ നഗരം എന്തൊക്കെയോ തരത്തില്‍ ഭയപ്പെടുത്തുന്നതായി അനുമാനിക്കുന്നതില്‍ തെറ്റില്ല. പറുദീസാനഷ്ടത്തിലും ഗുപ്തത്തിലും വിഹിതത്തിലും അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. അവ്യവസ്ഥയും സന്ദേഹങ്ങളും സദാചാര കാപട്യങ്ങളും നിറഞ്ഞ ആ സ്ഥലരാശിയില്‍ ആകുലപ്പെടുന്ന കഥാപാത്രങ്ങള്‍ പലരുണ്ട്.  'പറുദീസാനഷ്ടത്തിലെ' അമ്മയുടെ  ഗര്‍ഭപാത്രം നഷ്ടപ്പെടുന്ന നരേന്ദ്രനും 'ഗുപ്ത'ത്തിലെ വിവേകും പ്രണവും രഞ്ജിത്തും 'വിഹിത'ത്തിലെ  മാധവനും നഗരചത്വരത്തില്‍ ആശയക്കുഴപ്പത്തില്‍പ്പെടുന്നവരാണ്. അവരുടെ പരിഭ്രാന്തി ചില വ്യക്തിപരമായ പ്രശ്‌നങ്ങളില്‍നിന്നാണ്. പൊതുസമൂഹത്തിനെ ബാധിക്കുന്ന വിഷയങ്ങളെക്കാള്‍ തങ്ങളുടെ സുഖങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് അവര്‍. അതിനാല്‍ത്തന്നെ സമീപ ഭൂതകാലത്തിന്റെയോ വര്‍ത്തമാനകാലത്തിന്റെയോ ആസന്ന ഭാവികാലത്തിന്റെയോ ശരിയായ നിലപാടുകളോ അനുരണനങ്ങളോ    കഥകളില്‍ ബോധപൂര്‍വ്വമോ/സ്വാഭാവികമായോ കൊണ്ടുവരാന്‍ സുഭാഷ് ചന്ദ്രന് കഴിഞ്ഞിട്ടില്ല.  സാഹിത്യത്തിലെ ആധുനികതാ പ്രസ്ഥാനത്തിന്റെ രീതികളെ വികലമായി അനുകരിച്ചുകൊണ്ടായിരുന്നു ഈ കഥാകാരന്‍ കഥകളെ രൂപപ്പെടുത്തിയത്.  എന്നാല്‍, ആധുനികാനന്തര സാഹിത്യത്തിന്റെ രീതികളില്‍ അദ്ദേഹത്തിന് എത്രകണ്ടു ദൃഷ്ടി ഉറപ്പിക്കാനായി എന്നത് സംശയമാണ്. ആഗോളവല്‍ക്കരണത്തിനുശേഷം സമൂഹത്തിന്റെ വിവിധ പാളികളില്‍ രൂപപ്പെടുന്ന വ്യവഹാരങ്ങളെ സംബോധന ചെയ്യുന്ന സമസ്യകളായിരുന്നു പൊതുവെ കഥ എന്ന സാഹിത്യരൂപം. വിഷയങ്ങളുടെ തെരഞ്ഞെടുപ്പിലും രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും നീക്കുപോക്കുകളിലും സുഭാഷ് ചന്ദ്രന്‍ പിന്തുടര്‍ന്ന സങ്കേതം ഉറപ്പില്ലാത്തതായിരുന്നു. ദുര്‍ബ്ബലമായ അസ്തിവാരത്തില്‍ വികസിപ്പിച്ച അങ്ങനത്തെ കഥകള്‍ അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തെ ഒരര്‍ത്ഥത്തില്‍ പുറകോട്ടടിക്കുകയായിരുന്നു.  
സുഭാഷ് ചന്ദ്രന്‍ ഒരു പാഠാന്തര സാധ്യതയാണ്. കഥപറച്ചിലുകാരനെക്കാള്‍ ജനപ്രിയ അനുഭവം പറച്ചിലുകാരനായി വരും തലമുറ ഈ എഴുത്തുകാരനെ അടയാളപ്പെടുത്തും എന്നുറപ്പാണ്. കഥാസമാഹാരങ്ങളുടെ ആമുഖങ്ങളില്‍ വരെ സ്വാനുഭവങ്ങളുടെ ഗദ്ഗദസ്വരം ഹൃദയത്തെ തൊടുന്ന വിധം പൈങ്കിളിവല്‍ക്കരിച്ച് അവതരിപ്പിക്കുന്ന സുഭാഷ് ചന്ദ്രന് കഥയെഴുത്തിനെക്കാളും യോജിക്കുന്നത് അനുഭവമെഴുത്തുതന്നെയാണ്. ഇവ രണ്ടിനുമിടയിലുള്ള അതിര്‍വരമ്പ് നേര്‍ത്തതാണ് എന്ന ബോധ്യം എഴുത്തുകാരന് വ്യക്തമായി ബോധ്യമുള്ളതും വായനാസമൂഹം ഗൗരവമായി ചിന്തിക്കാത്തതുമാണ്. സങ്കല്‍പ്പങ്ങളിലൂടെ തുറവിയെടുക്കുന്ന ഭാവുകത്വത്തിന്റെ മഷിയെഴുത്തുകള്‍ ആവാന്‍ സുഭാഷ് ചന്ദ്രന്റെ കഥകള്‍ക്ക് കഴിയുന്നില്ല. അദ്ദേഹത്തിന്റെ കഥകള്‍ ആത്മരതിയുമായി അദ്ദേഹം നടത്തുന്ന സാംസ്‌കാരിക ഉടമ്പടികള്‍ മാത്രമാണ്. ഹ്രസ്വകാലത്തേക്ക് മാത്രം നിലനില്‍ക്കുന്ന സാഹിത്യവിചാരങ്ങളായി മാത്രം അവ അവശേഷിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. വാക്കുകളിലെ അലങ്കാരജടിലതയ്ക്കപ്പുറം ആശയങ്ങളുടെ തീവ്രതയാണ് മികച്ച സാഹിത്യം രൂപപ്പെടുത്തുന്നത്. അല്ലാത്ത പക്ഷം ആയുസ്സില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയശേഷം താമസിയാതെ മരണപ്പെടുന്ന ഭാഗ്യംകെട്ട ചില ജീവികളെപോലെ   എഴുത്തുകാരനും വിസ്മൃതനായിപ്പോകും. 

വാല്‍ക്കഷണം:
''ഞാന്‍ ഇടയ്ക്കിടയ്ക്ക് ദു:സ്വപ്നങ്ങള്‍ കാണുമായിരുന്നു. അക്കാലത്ത് എല്ലാവരും ദു:സ്വപ്നങ്ങള്‍ കണ്ടുകൊണ്ടേയിരുന്നു'' എന്ന് റോബെര്‍ത്തോ ബൊളാനോ പറഞ്ഞിട്ടുണ്ട്. പിനോച്ചെയുടെ ഏകാധിപത്യകാലത്ത് ഉണര്‍ന്നിരുന്നു ദു:സ്വപ്നങ്ങള്‍ കാണുന്ന ഈ എഴുത്തുകാരന്‍ കാലത്തോട് നിരന്തരം സംവദിക്കുകയാണ്. ബൊളാനോയെ വായിച്ചിട്ടില്ലെന്നും വായിക്കില്ലെന്നും ഒരു കഥാചര്‍ച്ചയില്‍ സുഭാഷ് ചന്ദ്രന്‍ ആണയിട്ടിരുന്നു ('മാതൃഭൂമി' ആഴ്ചപ്പതിപ്പ് ആഗസ്റ്റ് 19-25, 2012). തന്നെ വായിക്കാത്തതുകൊണ്ട് താന്‍ ബൊളാനോയെ വായിച്ചിട്ടില്ലെന്ന സുഭാഷ് ചന്ദ്രന്റെ പറച്ചിലില്‍, അദ്ദേഹത്തിനു സ്വന്തം സാഹിത്യത്തോടുള്ള മതിപ്പ് കണ്ട് നമ്മള്‍ അതിശയിച്ചു. പിന്നീട് ഒരഭിമുഖത്തില്‍ ബൊളാനോയുടെ സ്‌കേറ്റിങ് റിങ്ക് വായിച്ചു എന്ന് അദ്ദേഹം പറഞ്ഞു. (ഒ. പി. സുരേഷ് നടത്തിയ അഭിമുഖം, 'കഥയാക്കാനാവാതെ' എന്ന പുസ്തകത്തില്‍). 
 എന്നാല്‍ ബൊളാനോ തന്റെ   കൃതികള്‍ വായിച്ചിട്ടില്ലെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞത് ശരിയല്ല. അദ്ദേഹം സുഭാഷ് ചന്ദ്രന്റെ കൃതികളെ 'സാകൂതം' വായിച്ചിട്ടുണ്ട്. അല്ലെങ്കില്‍ പരിഭാഷയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് (The Last Interview and other conversations) മറുപടിയായി ബൊളാനോ ഇങ്ങനെ പറയില്ലായിരുന്നു. ''സാഹിത്യം എന്നത് വാക്കുകളാല്‍ മാത്രം കെട്ടിയുയര്‍ത്തിയ ഒന്നല്ല. അത് (ഭാഷാ)വൈകല്യങ്ങളേയും പേജുകള്‍ നഷ്ടപ്പെടുന്നതിനേയും എന്തിനേറെ,  ഏതു 'Shit Storm'നെ  വരെ തരണം ചെയ്യാനും  കെല്‍പ്പുള്ളതായിരിക്കണം.'' സുഭാഷ് ചന്ദ്രന്റെ കൃതികള്‍ക്ക് സംഭവിക്കാന്‍ പോകുന്ന ദുരന്തം മനസ്സിലാക്കിയതുകൊണ്ടല്ലേ അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുണ്ടാകുക!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com