പ്രകൃതിയും മനുഷ്യനുംമാര്‍ക്സിന്റെ പാരിസ്ഥിതികചിന്തകള്‍

കാള്‍മാര്‍ക്സിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികാരംഭത്തില്‍, ലോകമാസകലം മാര്‍ക്സിയന്‍ ചിന്തയിലുണ്ടാകുന്ന പുത്തനുണര്‍വ്വുകളെ ഏറ്റവും പുതിയ ഗവേഷണകൃതികളുടെ വെളിച്ചത്തില്‍ ഇവിടെ വിലയിരുത്തുന്നു.
പ്രകൃതിയും മനുഷ്യനുംമാര്‍ക്സിന്റെ പാരിസ്ഥിതികചിന്തകള്‍

മാര്‍ക്സിന്റെ കൃതികളുടെ പുനര്‍വായനയിലൂടെയും മാര്‍ക്സ് ആര്‍ക്കൈവ്സില്‍ ലഭ്യമായ അദ്ദേഹത്തിന്റെ ഗവേഷണ നോട്ടുബുക്കുകളുടെ പഠനങ്ങളിലൂടെയും ഇപ്പോള്‍ മാര്‍ക്സിന്റെ പരിസ്ഥിതി ദര്‍ശനം വ്യാപകമായി നിര്‍ദ്ധാരണം ചെയ്തുകഴിഞ്ഞു. 'ഇക്കോസോഷ്യലിസം' (Ecological Socialism or Ecosocialism) എന്ന പേരില്‍ വളര്‍ന്നുകഴിഞ്ഞ മാര്‍ക്സിയന്‍ ദര്‍ശനം ഈ രംഗത്ത് വലിയ സൈദ്ധാന്തിക അടിത്തറ സൃഷ്ടിച്ചു. ഇനിയൊരിക്കലും മാര്‍ക്സ് അതിഉല്‍പ്പാദനത്തിന്റെ (Productivism) അഥവാ പ്രൊമിത്തിയനിസത്തിന്റെ (Prometheanism) വക്താവാണെന്ന് പറയാന്‍ കഴിയില്ല. 'സ്റ്റാക്കനോവിസം' എന്നറിയപ്പെട്ട  സോവിയറ്റ് റഷ്യയിലെ  അതിഉല്‍പ്പാദന സമീപനത്തിന് ചരിത്രപരമായ ന്യായീകരണമുണ്ടായിരുന്നുവെങ്കിലും ഇനി അതിനെ സാര്‍വ്വത്രികമായ സത്യമായി അംഗീകരിക്കാന്‍ കഴിയില്ല; അതിന് മാര്‍ക്സിന്റെ കൃതികളില്‍നിന്ന് ന്യായീകരണം കണ്ടെത്താനാകില്ല.

'എപിക്യൂറസിന്റേയും ഡെമോക്രിറ്റസിന്റേയും പ്രകൃതിദര്‍ശനങ്ങള്‍ തമ്മിലുളള വ്യത്യാസം' എന്ന വിഷയത്തില്‍ ഡോക്ടറേറ്റിനുള്ള പ്രബന്ധം മാര്‍ക്സ് പൂര്‍ത്തിയാക്കിയത് 1840-'41 കാലഘട്ടത്തിലായിരുന്നു. 1841-ല്‍ പ്രബന്ധം അംഗീകരിക്കപ്പെടുകയും ഡോക്ടറേറ്റ് ലഭിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് 23 വയസ്സായിരുന്നു. ക്രിസ്തുവിനു മുന്‍പ് 341-ല്‍ ഗ്രീക്ക് ദ്വീപായ സാമോസില്‍ ജനിച്ച എപിക്യൂറസ്, ഗ്രീക്ക് ചിന്തയിലെ വലിയ ഭൗതിക ദാര്‍ശനികനായിരുന്നു. പ്രകൃതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദര്‍ശനം, മതമിസ്റ്റിസിസത്തെ നിഷേധിക്കുന്ന ഭൗതിക അടിത്തറയില്‍ ഉറച്ചതായിരുന്നു. അതില്‍ 'പ്രകൃതിസംരക്ഷണം' എന്ന സങ്കല്പം അടങ്ങിയിരുന്നതിനാല്‍ അതിനൊരു പാരിസ്ഥിതികതലവും ഉണ്ടായിരുന്നു. എപിക്യൂറസിന്റെ അനുയായി ആയിരുന്ന ലുക്രിഷ്യസ്, ''ഇപ്പോള്‍ പാരിസ്ഥിതികം എന്നു വിളിക്കാവുന്ന ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു''വെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഖനനംകൊണ്ടുളള വായുപ്രദൂഷണം, മണ്ണ് ക്ഷയിക്കുന്നതുമൂലം കാര്‍ഷിക വിളവിലുണ്ടാകുന്ന കുറവ്, വനനശീകരണം തുടങ്ങിയ സമസ്യകള്‍ ലുക്രീഷ്യസ് ഉയര്‍ത്തിയിരുന്നു.

'ജീവല്‍സമസ്യ'യില്‍ ആരംഭം
എപിക്യൂറസിന്റെ ദര്‍ശനത്തെക്കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയശേഷം, ഇരുപത്തിനാലാം വയസ്സില്‍ (1842) കാള്‍മാര്‍ക്സ് തന്റെ പ്രൊഫഷണല്‍ ജീവിതം ആരംഭിക്കുന്നത് ഒരു പത്രപ്രവര്‍ത്തകനായാണ്. ജനിച്ചുവളര്‍ന്ന പ്രഷ്യ എന്ന രാജ്യത്തിലെ (അന്നത്തെ ജര്‍മ്മനി) പ്രവിശ്യയായ റൈന്‍ലാന്‍ഡില്‍നിന്ന്  (Rhineland) പ്രസിദ്ധീകരിച്ചിരുന്ന 'റിനീഷെ സെയ്തുംഗ്' (Rheinische Zeitung) എന്ന പത്രത്തില്‍ 1842-ല്‍ അദ്ദേഹം ജോലിക്കു ചേര്‍ന്നു. മേയ് 1842-ല്‍ അതിലെഴുതിയ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ലേഖനമാണ് ആദ്യം വെളിച്ചം കണ്ട അദ്ദേഹത്തിന്റെ രചനയെന്ന് മാര്‍ക്സിന്റെ ഏറ്റവും മികച്ച ജീവി ചരിത്രകാരനെന്നു കരുതപ്പെടുന്ന ഫ്രാന്‍സിസ് വീന്‍ പറയുന്നു. താമസിയാതെ, ഒക്ടോബര്‍ 1842-ല്‍ തന്നെ അദ്ദേഹം അതേ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി നിയമിതനായി. എഡിറ്ററായ ശേഷം,  പുതിയൊരു വിഷയത്തെക്കുറിച്ച് 1842 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ അഞ്ച് ലക്കങ്ങളിലായി ഒരു ലേഖന പരമ്പര പ്രസിദ്ധപ്പെടുത്തി. ആ പരമ്പരയെ പരിസ്ഥിതി സമസ്യയെക്കുറിച്ചുള്ള മാര്‍ക്സിന്റെ ആദ്യ രചനയെന്നു വിശേഷിപ്പിക്കാം.

സ്വകാര്യ വനങ്ങളില്‍നിന്നുളള വിറകുമോഷണത്തെക്കുറിച്ചുളള നിയമം, റൈന്‍ലാന്‍ഡ് പ്രവിശ്യയിലെ അസംബ്ലിയില്‍ ചര്‍ച്ചയ്ക്കു വന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ലേഖനപരമ്പര അദ്ദേഹം എഴുതിയത്. സ്വകാര്യ വനങ്ങളില്‍ ഉണങ്ങി വീഴുന്ന വിറകും ചുള്ളികളും ശേഖരിക്കാന്‍ ചുറ്റുമുള്ള കര്‍ഷകര്‍ക്ക് പരമ്പരാഗതമായി അവകാശമുണ്ടായിരുന്നു. പുതിയ നിയമം ആ അവകാശം നിഷേധിക്കുകയും അതിനെ മോഷണമായി കണക്കാക്കി ജയില്‍ശിക്ഷ നല്‍കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു. സ്വകാര്യസ്വത്ത്, വര്‍ഗ്ഗം, ഭരണകൂടം എന്നിവയെക്കുറിച്ച് മാര്‍ക്സ് ചിന്തിച്ചുതുടങ്ങുന്നത് ഈ സംഭവത്തോടെയാണ്.  തന്റെ വാദഗതികള്‍ യുക്തിയുക്തം നിരത്താന്‍ മാര്‍ക്സിനുള്ള കഴിവ് ആ പ്രതികരണങ്ങളില്‍ പ്രകടമായിരുന്നു. ഉണങ്ങിയ വിറകും ചുള്ളികളും ശേഖരിക്കുന്നത് മോഷണമായി കണക്കാക്കാത്തതിനാലാണ് അത് ആവര്‍ത്തിച്ച് സംഭവിക്കുന്നതെന്ന ഒരു നിയമസഭാ സാമാജികന്റെ വാദത്തിന് മാര്‍ക്സിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''അങ്ങനെയാണെങ്കില്‍ ഈ സാമാജികന് മറ്റൊരു നിഗമനത്തിലുമെത്താം-ചെവിയില്‍ നല്ലൊരു ഇടി കൊടുക്കുന്നത് കൊലപാതകമായി കണക്കാക്കാത്തതിനാലാണ് അത് തുടരെ സംഭവിക്കുന്നത്. അതിനാല്‍ ചെവിയില്‍ ഇടിക്കുന്നത് കൊലപാതകമായി ഗണിക്കണം.''

പ്രാദേശിക ഭരണകൂടം പത്രത്തിനെതിരെ നടപടികള്‍ തുടങ്ങി. ആദ്യം സെന്‍സറിംഗും പിന്നീട് പത്രത്തിന്റെ ലൈസന്‍സ് റദ്ദാക്കലും ഉണ്ടായി. സര്‍ക്കാരിന്റെ ഇറക്കുമതിനയം മൂലം പാവപ്പെട്ട ചെറുകിട മുന്തിരിക്കര്‍ഷകരുടെ ദയനീയാവസ്ഥയെക്കുറിച്ചും 1843 ജനുവരി നാലിലെ ലക്കത്തില്‍ റഷ്യയിലെ സാര്‍ നിക്കോളാസിന്റെ (പ്രഷ്യന്‍ രാജാവിന്റെ സുഹൃത്ത്) ഭരണകൂടത്തിനെതിരേയും എഴുതിയ ലേഖനവുമെല്ലാം ഈ നടപടികള്‍ക്ക് കാരണമായി. അതോടെ മാര്‍ക്സ് പത്രത്തിന്റെ എഡിറ്റര്‍ സ്ഥാനം രാജിവെച്ചു. ശ്രദ്ധിക്കേണ്ട വസ്തുതകള്‍ രണ്ടാണ്: 24-ാം വയസ്സില്‍ത്തന്നെ ഭരണകൂടങ്ങളെ പിടിച്ചുകുലുക്കാന്‍ പര്യാപ്തമായവിധം തന്റെ തൂലിക പ്രയോഗിക്കുന്നതില്‍ മാര്‍ക്സ് വിജയിച്ചിരുന്നു; രണ്ടാമതായി, മാര്‍ക്സ് തന്റെ ബൗദ്ധിക ജീവിതം തുടങ്ങിയത് പാവങ്ങളുടെ പാരിസ്ഥിതിക അവകാശങ്ങള്‍ക്കുവേണ്ടി വാദിച്ചുകൊണ്ടാണ്. 

റൈന്‍ലാന്‍ഡിലെ കരിനിയമത്തോടുള്ള മാര്‍ക്സിന്റെ പ്രതികരണം തികച്ചും ആകസ്മികമായിരുന്നില്ല എന്നുവേണം കരുതാന്‍. പത്രപ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്‍പുതന്നെ എപിക്യൂറസിന്റെ ദര്‍ശനത്തെക്കുറിച്ച് ഗവേഷണം നടത്തി അദ്ദേഹം ഡോക്ടറേറ്റ് നേടിയിരുന്നത് മുന്‍പ് പറഞ്ഞുവല്ലോ. ഗവേഷണ പ്രബന്ധത്തില്‍ എപിക്യൂറസിന്റേയും ഹെഗലിന്റേയും പ്രകൃതിചിന്തയെക്കുറിച്ചുള്ള ഗാഢമായ താരതമ്യപഠനങ്ങള്‍ നടത്തിയിരുന്നതായി ഒരു ഗവേഷകന്‍ പറയുന്നുണ്ട്. 'മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഏകത്വ'ത്തെക്കുറിച്ചുള്ള അമൂര്‍ത്തവും അധിഭൗതികവുമായ പ്രകൃതിചിന്തയായിരുന്നു ഹെഗലിന്റേത്. 'ഭൗതികപ്രകൃതി യഥാര്‍ത്ഥത്തില്‍ വിശ്വചരിത്രത്തിനുമേല്‍  നേരിട്ട് സ്വാധീനം ചെലുത്തുന്നു'വെന്നായിരുന്നു ഹെഗലിന്റെ നിലപാട്. 

ഹെഗലിന്റെ ചിന്തയെ തലകുത്തനെ നിര്‍ത്തുന്ന മാര്‍ക്സിന്റെ ചിന്തയില്‍, ചരിത്രത്തില്‍ പ്രകൃതി നേരിട്ടല്ല, പരോക്ഷമായാണ് സ്വാധീനം ചെലുത്തുന്നത്- ഉല്‍പ്പാദനം എന്ന മാധ്യമത്തിലൂടെ. മാര്‍ക്സിന്റെ ചിന്തയെ ഏറ്റവും ഭംഗിയായി വിശകലനം ചെയ്ത ജര്‍മ്മന്‍ ചിന്തകനായ കാള്‍ കോര്‍ഷ്, മാര്‍ക്സിന്റെ സമീപനത്തെ ഇങ്ങനെ വിലയിരുത്തുന്നു: ''ചരിത്രത്തില്‍ പ്രകൃതിയുടെ പരോക്ഷ സ്വാധീനമുണ്ടാകുന്നത് മനുഷ്യനും പ്രകൃതിയും തമ്മിലും മനുഷ്യര്‍ക്കിടയിലും നടക്കുന്ന ഭൗതിക ഉല്‍പ്പാദന പ്രക്രിയയിലൂടെയാണ്...'' മനുഷ്യവൃത്തികള്‍ക്കു മുന്‍പുള്ള 'ശുദ്ധമായ പ്രകൃതി'ക്കു പകരം, മനുഷ്യന്റെ സാമൂഹ്യ പ്രവൃത്തികളിലൂടെ പരിവര്‍ത്തിപ്പിക്കപ്പെട്ട പ്രകൃതിയാണ് മാര്‍ക്സിന്റേത്. അതിന്റെയര്‍ത്ഥം മുതലാളിത്തം ഇഷ്ടാനുസരണം  പ്രകൃതിയെ പരിവര്‍ത്തിപ്പിക്കുന്നതിനെ മാര്‍ക്സ് അംഗീകരിക്കുന്നുവെന്നല്ല. ഉപജീവനത്തിനായി മനുഷ്യന് പ്രകൃതിയുമായി പ്രതിപ്രവര്‍ത്തനം നടത്തേണ്ടിവരുന്നുവെന്ന സത്യം തിരിച്ചറിയുക മാത്രമാണ്. 

മാര്‍ക്സിന്റെ ശാസ്ത്രീയ പഠനങ്ങള്‍
ആധുനിക കൃഷിയെ സംബന്ധിച്ചുള്ള ഗാഢമായ ശാസ്ത്രീയ പഠനങ്ങളില്‍ മാര്‍ക്സ് ഏര്‍പ്പെട്ടിരുന്നു. അരഡസന്‍ ശാസ്ത്രജ്ഞരുടെ കൃതികളിലൂടെ അദ്ദേഹം നിരന്തരം ഗവേഷണം നടത്തി. അതില്‍ അദ്ദേഹത്തെ ഏറ്റവുമധികം സ്വാധീനിച്ചത് എഫ്. ഡബ്ല്യു. ജോണ്‍സ്റ്റണ്‍, ജസ്റ്റസ് വോണ്‍ ലീബിഗ് എന്നിവരുടെ ശാസ്ത്രീയ പഠനങ്ങളാണ്. പാരീസില്‍നിന്ന് നാടുകടത്തപ്പെട്ട മാര്‍ക്സ്, 1849-ല്‍ ലണ്ടനിലേക്ക് കുടിയേറിയ ശേഷം എല്ലാ ദിവസവും ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഗവേഷണത്തിനായി പോവുക പതിവായിരുന്നു. താന്‍ വായിച്ച കൃതികളില്‍നിന്ന് 1850-53 കാലഘട്ടത്തിലും 1860-കളിലും അദ്ദേഹമെടുത്ത കുറിപ്പുകളുടെ 24 നോട്ട്ബുക്കുകള്‍ 'ലണ്ടന്‍ നോട്ട്ബുക്കുകള്‍' എന്നറിയപ്പെടുന്നു. ഈ നോട്ട്ബുക്കുകള്‍ ഗവേഷണബുദ്ധ്യാ പഠിച്ച കൊഹീ സെയ്ട്ടോ, 2017-ല്‍ ഇറങ്ങിയ തന്റെ പുതിയ കൃതിയില്‍ 'മൂലധന'ത്തിലെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കാര്‍ഷിക മെറ്റബോളിസം സംബന്ധിച്ച വിശകലനത്തിന്റെ പശ്ചാത്തലം വിവരിക്കുന്നുണ്ട്. മാര്‍ക്സ് ആര്‍ക്കൈവ്സിലെ രേഖകളുടേയും മൂലകൃതികളുടേയും പഠനങ്ങളിലൂടെ മാര്‍ക്സിനെ പുനര്‍വായിക്കുന്ന 'മെഗാ2' പ്രോജക്ട് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രവര്‍ത്തനനിരതമാണ്. അതിന്റെ ഭാഗമായി ഗവേഷണം നടത്തുകയാണ് കൊഹീ സെയ്ട്ടോ. 

'മൂലധനം' ഒന്നാംവാല്യത്തിലെ പതിനഞ്ചാം അദ്ധ്യായത്തിലെ കൃഷിയേയും നഗരവല്‍ക്കരണത്തേയും കുറിച്ചുള്ള വിചിന്തനങ്ങള്‍, ലീബിഗിന്റെ 'കാര്‍ഷിക രസതന്ത്രം' എന്ന കൃതിയുടെ ഏഴാം പതിപ്പിന്റെ സ്വാധീനത്തില്‍ രചിക്കപ്പെട്ടവയാണ്. ഏഴാം പതിപ്പില്‍  ലീബിഗ് കടുംകൃഷിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പറഞ്ഞത്, ''ദീര്‍ഘവീക്ഷണമില്ലാത്ത കടുംകൃഷിയിലൂടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയെന്നത് മണ്ണിനെ കൊള്ള ചെയ്യുന്നതിനു (Robbery of the soil) തുല്യമാണ്'' എന്നാണ്. മണ്ണില്‍നിന്ന് കവര്‍ന്നെടുക്കുന്ന മൂലകങ്ങള്‍ അതിലേക്ക് തിരിച്ചുനല്‍കാത്തതിനെ മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യമായി വ്യാഖ്യാനിച്ചുകൊണ്ട് ലീബിഗ് ഇങ്ങനെ എഴുതി: ''മണ്ണിന്റെ ഉര്‍വ്വരതയെ നശിപ്പിക്കാമെന്ന് ഇന്നത്തെ തലമുറ വിശ്വസിക്കുന്നത് പ്രകൃതിയുടെ ഏറ്റവും യുക്തിസഹമായ നിയമങ്ങളെ നശിപ്പിക്കലാണ്. ചംക്രമണം ചെയ്യപ്പെടുന്നത് (വിഭവങ്ങള്‍) ഇന്നത്തെ തലമുറയ്ക്ക് ലഭിക്കുന്നു. എന്നാല്‍, മണ്ണ് അതിന്റെ  ഗര്‍ഭാശയത്തില്‍ വഹിക്കുന്നത് ഇന്നത്തെ തലമുറയുടെയല്ല; ഭാവിതലമുറകളുടെ സമ്പത്താണ്.'' ആധുനിക കാലത്തെ നഗരവല്‍ക്കരണവും തൊഴില്‍ വിഭജനവും സസ്യങ്ങളുടെ പോഷണചക്രത്തില്‍ സൃഷ്ടിക്കുന്ന ശൈഥില്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ലീബിഗ് വീണ്ടും: ''കൃഷി ചെയ്യപ്പെടുന്ന വിളകള്‍ തുടര്‍ച്ചയായി കയറ്റുമതി ചെയ്യപ്പെടുന്നതിലൂടെ മാത്രമല്ല, വന്‍ നഗരങ്ങളില്‍ കുന്നുകൂടുന്ന അവയുടെ മെറ്റബോളിസത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗശൂന്യമായി നഷ്ടപ്പെടുത്തുന്നതുമൂലവും മണ്ണിന്റെ ഫലപുഷ്ടി നഷ്ടമാകുന്നു...'' ഇതിനെ മെറ്റബോളിക് പിളര്‍പ്പ് (Metabolic rift) എന്നാണ് ലീബിഗ് വിളിച്ചത്.

എന്നാല്‍ ലീബിഗിന്റെ ചിന്തകളെ വിമര്‍ശനരഹിതമായി മാര്‍ക്സ് സ്വീകരിച്ചില്ല. പില്‍ക്കാലത്ത് കാര്‍ഷിക ഭൗതികശാസ്ത്ര (Agricultural Physics) പഠനങ്ങളിലും മാര്‍ക്സ് ഏറെ സമയം ചെലവഴിച്ചു. കാര്‍ഷിക ഭൗതികശാസ്ത്രത്തില്‍ മാര്‍ക്സിനെ ഏറെ ആകര്‍ഷിച്ചത് കാള്‍ ഫ്രാസ്സിന്റെ ഗവേഷണ പഠനങ്ങളാണ്. ലീബിഗിന്റെ 'മെറ്റബോളിക് പിളര്‍പ്പ്'  എന്നതിനു പകരം ഫ്രാസ്സ് 'മെറ്റബോളിക് പ്രതിപ്രവര്‍ത്തന'ത്തെക്കുറിച്ചാണ് (Metabolic interaction) പറഞ്ഞത്. ഫ്രാസ്സിന്റെ 'കാര്‍ഷിക പ്രതിസന്ധിയും അതിന്റെ പരിഹാരങ്ങളും' തുടങ്ങി നിരവധി കൃതികള്‍ മാര്‍ക്സ് വായിച്ചു. അതില്‍ മാര്‍ക്സിനെ ഏറ്റവും ആകര്‍ഷിച്ചത് 'കാലാവസ്ഥയും സസ്യലോകവും കാലാന്തരത്തില്‍' എന്ന കൃതിയാണ്. മണ്ണിലേക്ക് ധാതുക്കളും (minerals) മറ്റും പുറമേനിന്നു നല്‍കുന്നതിനെക്കുറിച്ചു പഠിച്ച ലീബിഗില്‍നിന്നു വ്യത്യസ്തമായി, കാലാവസ്ഥയും വായുവിലെ നൈട്രജനും മറ്റും സസ്യവളര്‍ച്ചയെ സ്വാധീനിക്കുന്നതിനെക്കുറിച്ച് ഫ്രാസ്സ് പഠിച്ചു. 1847-ലിറങ്ങിയ ഫ്രാസ്സിന്റെ ഈ കൃതി കാലാവസ്ഥയേയും കൃഷിയേയും കുറിച്ചുള്ള ആദ്യകാല മൗലിക രചനയാണ്. വനനശീകരണം കാലാവസ്ഥാമാറ്റത്തിന് കാരണമാകുന്നത് ഫ്രാസ്സ് വിവരിക്കുന്നത് മാര്‍ക്സിനെ ഏറെ ആകര്‍ഷിച്ചു. കാരണം 'മെറ്റബോളിക് പിളര്‍പ്പ്' എന്ന സങ്കല്പം ഇവിടെ മണ്ണിന്റെ ശോഷണത്തിനപ്പുറം വനനശീകരണത്തിലേക്കും വ്യാപിക്കുന്നു. മാത്രമല്ല, പാരിസ്ഥിതിക ശോഷണം കാലാവസ്ഥാവ്യതിയാനത്തിനു കാരണമാകുന്നത് മാര്‍ക്സ് പഠനവിധേയമാക്കി.

പ്രകൃതിചിന്തയുടെ അനുസ്യൂതി
രണ്ടാംഘട്ട ഇക്കോസോഷ്യലിസ്റ്റ് ചിന്തകനായ കൊഹീ സെയ്ട്ടോ രചിച്ച 'കാള്‍മാര്‍ക്സിന്റെ  ഇക്കോ സോഷ്യലിസം: മൂലധനവും പ്രകൃതിയും രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെ പൂര്‍ത്തീകരിക്കാത്ത വിശകലനവും' എന്ന കൃതിയുടെ മൂന്ന് അദ്ധ്യായങ്ങളുള്ള ഒന്നാംഭാഗം, മാര്‍ക്സിന്റെ പാരിസ്ഥിതിക ചിന്തയുടെ സുവ്യവസ്ഥിതമായ അനുസ്യൂതിയെ വിശകലനം ചെയ്യുന്നു. മാര്‍ക്സിന്റെ ചിന്തയില്‍ സുഘടിതമായ പരിസ്ഥിതിചിന്ത ഇല്ലെന്ന വിമര്‍ശകര്‍ക്കുള്ള ശക്തമായ മറുപടിയാണിത്. സെയ്ട്ടോ ചൂണ്ടിക്കാണിക്കുന്ന വസ്തുതകളുടേയും മാര്‍ക്സിന്റെ പ്രസക്തമായ കൃതികളുടെ സ്വതന്ത്ര വായനയുടേയും വെളിച്ചത്തില്‍ മാര്‍ക്സിന്റെ പരിസ്ഥിതി ചിന്തയുടെ അനുസ്യൂതി എടുത്തുകാണിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. 

റൈന്‍ലാന്‍ഡ് സംഭവത്തിനു ശേഷം ഫ്രാന്‍സിലേക്ക് (പാരിസ്) താമസം മാറ്റിയ 1843-'44 കാലത്ത്  രാഷ്ട്രീയ സമ്പദ്ശാസ്ത്ര പഠനത്തില്‍ മുഴുകിയ മാര്‍ക്സ്, നിരവധി നോട്ട്ബുക്കുകള്‍ സൂക്ഷിച്ചിരുന്നു-അവയാണ് പാരിസ് നോട്ട്ബുക്കുകള്‍. 'സാമ്പത്തികവും ദാര്‍ശനികവുമായ മാനുസ്‌ക്രിപ്റ്റ്' (1844) എന്ന മാര്‍ക്സിന്റെ കൃതി, അദ്ദേഹത്തിന്റെ പാരിസ് നോട്ടുബുക്കുകളുടെ ഒരു ഭാഗമാണ്.  ആ കൃതിയുടെ അവസാന ഭാഗത്ത് ഹെഗലിന്റെ പ്രകൃതിദര്‍ശനത്തെക്കുറിച്ചുള്ള ഈ വിശകലനമുണ്ട്: ''അമൂര്‍ത്തമായ പ്രകൃതി-മനുഷ്യനില്‍നിന്ന് വേര്‍തിരിഞ്ഞു നില്‍ക്കുന്ന പ്രകൃതി-മനഷ്യന് ഒന്നുമല്ല.'' കൂടാതെ, ഏറ്റവുമധികം വിശകലനം ചെയ്യപ്പെടുന്ന ഈ പ്രസ്താവനയുണ്ട്: ''മനുഷ്യന്റെ അജൈവ ശരീരമാണ് (Inorganic body) പ്രകൃതി, മനുഷ്യന്‍ പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്നു-അതിന്റെയര്‍ത്ഥം പ്രകൃതി അവന്റെ ശരീരമാണെന്നാണ്. മരിക്കാതിരിക്കണമെങ്കില്‍ മനുഷ്യന് പ്രകൃതിയുമായി നിരന്തരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തണം. മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ ജീവിതം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍,  മനുഷ്യനും പ്രകൃതിയുടെ ഭാഗമാണ്'.'' ഇവിടെ 'ഇന്‍ഓര്‍ഗാനിക്ക് ബോഡി' എന്ന പ്രയോഗം അര്‍ത്ഥമാക്കുന്നത് മനുഷ്യ-മൃഗ അവയവങ്ങള്‍ക്ക് (Organs) അപ്പുറമുള്ള പ്രകൃതി എന്നാണ്. എങ്കിലും പ്രകൃതിയെക്കുറിച്ചുള്ള ശക്തമായൊരു ഭൗതികദര്‍ശനം ഈ കൃതിയില്‍ കടന്നുവരുന്നില്ല. 

മാര്‍ക്‌സും മകള്‍ ജെന്നിയും. ജെന്നി പത്രപ്രവര്‍ത്തകയും മാര്‍ക്‌സിന്റെ സെക്രട്ടറിയുമായിരുന്നു. 
മാര്‍ക്‌സും മകള്‍ ജെന്നിയും. ജെന്നി പത്രപ്രവര്‍ത്തകയും മാര്‍ക്‌സിന്റെ സെക്രട്ടറിയുമായിരുന്നു. 

1844-ല്‍ ആരംഭിച്ച് 1846-ല്‍ പൂര്‍ത്തിയാക്കിയ 'ജര്‍മ്മന്‍ പ്രത്യയശാസ്ത്രം' എന്ന കൃതി  മാര്‍ക്സ്-ഏംഗല്‍സ് കൂട്ടുകെട്ടിലൂടെ പിറന്ന രണ്ടാമത്തെ രചനയാണ് (ആദ്യത്തേത് 'ദ ഹോളി ഫാമിലി'). അതിലാണ് പ്രകൃതിയെക്കുറിച്ചുള്ള ഭൗതിക ദര്‍ശനം ഉരുത്തിരിഞ്ഞുവരുന്നത്. ഈ കൃതി പൂര്‍ണ്ണരൂപത്തില്‍ വെളിച്ചം കണ്ടത് 1932-ല്‍ മാത്രമാണ്; ഒക്ടോബര്‍ വിപ്ലവത്തിന് 15 വര്‍ഷങ്ങള്‍ക്കു ശേഷം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഏകത്വത്തെക്കുറിച്ചുള്ള ഹെഗലിന്റെ അമൂര്‍ത്തമായ ദാര്‍ശനിക വിശകലനത്തിനു പകരം, ആ ഏകത്വം സംഭാവ്യമാകുന്ന പ്രക്രിയകളെക്കുറിച്ച് മാര്‍ക്സും ഏംഗല്‍സും ഇവിടെ ചിന്തിക്കുന്നു. മനുഷ്യന്റെ അദ്ധ്വാനം (Labour) പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് കടന്നുവരുന്നു. മാത്രമല്ല, ഈ ബന്ധം അമൂര്‍ത്തമല്ല, ചരിത്രപരമായി വിശകലനം ചെയ്യേണ്ടതാണെന്നും വന്നു. 1847-ലെ 'ഫിലോസഫിയുടെ ദാരിദ്ര്യം' എന്ന കൃതിയില്‍, മണ്ണ് വിപണനോപാധിയാകുന്നതുമൂലം (Huckstering of land) മനുഷ്യനും പ്രകൃതിയുമായുള്ള  പിളര്‍പ്പ് സംഭവിക്കുന്നത് സൂചിപ്പിക്കുന്നുണ്ട്. അതുപോലെതന്നെ 1858-ലെ 'രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമര്‍ശനത്തിന് ഒരു സംഭാവന' എന്ന കൃതിയിലും ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. 

ചരിത്രപരമായ പ്രകൃതിവാദം പിന്നീട് കൂടുതല്‍ വികസിതമാകുന്നത് 'ഗ്രണ്ടിസ്സ്' എന്ന കൃതിയിലാണ്. 'മൂലധനം' എഴുതുന്നതിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി 1857-'58 കാലത്ത് ഏഴ് നോട്ടുബുക്കുകളിലായി എഴുതിയ കുറിപ്പുകളാണ് ഗ്രണ്ടിസ്സ് എന്ന കൃതിയായി പിന്നീട് പ്രസിദ്ധം ചെയ്തത്; പക്ഷേ, അതിന്റെ ജര്‍മ്മന്‍ ഭാഷയിലെ എഡിഷന്‍ ആദ്യം പ്രസിദ്ധീകരിച്ചത് റഷ്യയിലാണ് (1939-'41). പിന്നീടതിന്റെ ജര്‍മ്മന്‍ റീപ്രിന്റ് 1953-ല്‍ ബര്‍ലിനിലും റഷ്യന്‍ പരിഭാഷ 1968-'69ലും ഇംഗ്ലീഷ് പരിഭാഷ 1973-ലും മാത്രമാണ് പ്രസിദ്ധീകൃതമായത്. മൂലധനത്തിന്റെ രചനയ്ക്കുള്ള തയ്യാറെടുപ്പില്‍ സ്വന്തം ചിന്തയുടെ ക്ലിഷ്ടതയ്ക്കുവേണ്ടി എഴുതപ്പെട്ട ഈ നോട്ട്ബുക്കുകളെല്ലാം ചേര്‍ത്തതാണ് 'രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമര്‍ശനത്തിന്റെ അടിത്തറ' എന്നുകൂടി അറിയപ്പെടുന്ന 'ഗ്രണ്ടിസ്സ്' എന്ന കൃതി. 

'ഗ്രണ്ടിസ്സ്' എന്ന ജര്‍മ്മന്‍ വാക്കിന്റെ ഏകദേശ അര്‍ത്ഥം 'രൂപരേഖകള്‍' എന്നാണ്. ആദ്യം റഷ്യനിലും പിന്നീട് ഇംഗ്ലീഷിലും പ്രസിദ്ധീകൃതമായ കാലത്തുതന്നെ റഷ്യന്‍ കമ്യൂണിസത്തിന്റെ ഏകതാനതയില്‍നിന്ന് മാര്‍ക്സിയന്‍ ചിന്തയെ രക്ഷപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ച കൃതിയാണിത്. മാര്‍ക്സിന്റെ ചിന്തയുടെ പുനര്‍വിശകലനത്തിനായി ഇന്നേറ്റവും പുനര്‍വായിക്കപ്പെടുന്ന കൃതിയുമാണ് ഗ്രണ്ടിസ്സ്. അത്തരം പുനര്‍വായനകളുടെ മികവുള്ളൊരു സംഗ്രഹത്തില്‍, എഡിറ്ററായ മാര്‍സലോ മസ്തോ ഈ കൃതിയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: ''മാര്‍ക്സിന്റെ ചിന്തയെ പൂര്‍ണ്ണമായി (മൂലധനം അതിന്റെ ചെറിയൊരു ഭാഗം മാത്രമാണ്) മനസ്സിലാക്കാനുള്ള ഏക മാര്‍ഗ്ഗരേഖയെന്ന നിലയിലും പക്വതയെത്തിയ അദ്ദേഹത്തിന്റെ രീതിശാസ്ത്രത്തിനുള്ള ആമുഖമെന്ന നിലയിലും ഈ കൃതി ഏറെ പ്രധാനമാണ്. ഉദാഹരണത്തിന്, സാങ്കേതികവിദ്യയെക്കുറിച്ചുള്ള അതിലെ ചിന്തകള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പരിധിവിട്ട് ഇന്ന് (21-ാം നൂറ്റാണ്ടില്‍) നമുക്കു ചുറ്റും കാണുന്ന മുതലാളിത്ത സമൂഹത്തിലെ മനുഷ്യന്റെ ആവശ്യമില്ലാത്ത യന്ത്രങ്ങള്‍ നിയന്ത്രിക്കുന്ന ഉല്‍പ്പാദന രീതികളിലേക്കും അന്യവല്‍ക്കരണത്തിന്റെ പുതിയ രൂപങ്ങളിലേക്കും വരെ വെളിച്ചം വീശുന്നുണ്ട്... ചുരുക്കത്തില്‍ മാര്‍ക്സിന്റെ ചിന്തയുടെ ഏറ്റവും സമ്പന്നമായ രേഖയെന്ന് അതിനെ വിശേഷിപ്പിക്കാം.''

'ഗ്രണ്ടിസ്സി'ലെ മാര്‍ക്സിന്റെ പരിസ്ഥിതിചിന്തയിലേക്കുതന്നെ നമുക്കു മടങ്ങാം. പരസ്പര ബന്ധിതമായ ഇനിപ്പറയുന്ന അഞ്ച് മേഖലകളിലൂടെയാണ് ഗ്രണ്ടിസ്സിലെ പ്രകൃതി-സമൂഹം വൈരുദ്ധ്യാത്മക ബന്ധം ചുരുളഴിയുന്നതെന്ന് ജോണ്‍ ബല്ലമി ഫോസ്റ്റര്‍ ചൂണ്ടിക്കാണിക്കുന്നു:
പൊതുവായ ഉല്‍പ്പാദനത്തേയും അതിന്റെ ചരിത്രപരമായ വകഭേദങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒരു ഭൗതിക വിശകലനം സാധ്യമാക്കുന്നതിനുള്ള യത്‌നം.
മൂലധനവുമായുള്ള ബന്ധത്തിനു പുറത്ത്, സമൂഹവും പ്രകൃതിയുമായുള്ള ബന്ധത്തില്‍ മനുഷ്യന്റെ ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റാമെന്നതിനെക്കുറിച്ചുള്ള ഒരു സിദ്ധാന്തം.

മുതലാളിത്തപൂര്‍വ്വ സമ്പദ്വ്യവസ്ഥകള്‍ പ്രാകൃത ശേഖരണത്തിലൂടെ (Primitive accumulation)  ഇല്ലായ്മ ചെയ്യപ്പെടുന്നതിന്റെ വിശകലനത്തിലൂടെ ഉല്‍പ്പാദനം പ്രകൃതിയെ എങ്ങനെ കയ്യേറ്റം ചെയ്യുന്നുവെന്നതിനെ വ്യക്തമാക്കല്‍.
മൂലധനത്തിന്റെ ബാഹ്യ പരിധികളേയും പ്രതിബന്ധങ്ങളേയും കുറിച്ചുള്ള സമസ്യകള്‍. ജനസംഖ്യയും ഭൂമിയിലെ മനുഷ്യവാഴ്ചയും സംബന്ധിച്ച മാല്‍ത്തസിന്റെ നിഗമനങ്ങളെ പ്രതിരോധിക്കല്‍.

സോവിയറ്റ് സേനാംഗങ്ങള്‍ ലണ്ടനിലെ മാര്‍ക്‌സിന്റെ സ്മാരകം സന്ദര്‍ശിച്ചപ്പോള്‍ 
സോവിയറ്റ് സേനാംഗങ്ങള്‍ ലണ്ടനിലെ മാര്‍ക്‌സിന്റെ സ്മാരകം സന്ദര്‍ശിച്ചപ്പോള്‍ 

1844-ലെ മാനുസ്‌ക്രിപ്റ്റിലെ പ്രകൃതിയും മനുഷ്യനുമായുള്ള വേര്‍തിരിക്കാനാവാത്ത ബന്ധത്തെക്കുറിച്ചുള്ള വിശകലനം ഗ്രണ്ടിസ്സില്‍ വീണ്ടും വിപുലീകൃതമാകുന്നു. പ്രകൃതിയുമായി മനുഷ്യനുണ്ടാകുന്ന 'മെറ്റബോളിക് പിളര്‍പ്പ്' എന്ന സങ്കല്പത്തെ കൃഷിയുടെ വ്യവസായവല്‍ക്കരണത്തിന്റെ സന്ദര്‍ഭത്തില്‍ ഗ്രണ്ടിസ്സില്‍ വിലയിരുത്തുന്നുണ്ട്.  ഇംഗ്ലണ്ടിലെ കൃഷി നിലനിര്‍ത്താന്‍  പെറുവില്‍നിന്നുള്ള കടല്‍ക്കാക്കയുടെ കാഷ്ഠം ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് പറയുന്നതാണ് സന്ദര്‍ഭം: ''കാര്‍ഷിക ഉല്‍പ്പാദനം ഇപ്പോള്‍ നടക്കുന്നത് അതിന്റെ  സ്വാഭാവികവും സ്വച്ഛന്ദവുമായ പ്രകൃതി വ്യവസ്ഥകളിലൂടെയല്ല... ഇപ്പോഴത് പ്രകൃതിയില്‍നിന്ന് സ്വതന്ത്രമായ ഒരു വ്യവസായമായി മാറിയിരിക്കുന്നു... ഈ വിച്ഛിത്തിയിലൂടെ മനുഷ്യന്റെ കാര്‍ഷിക ഉല്‍പ്പാദനത്തില്‍ പ്രകൃതിയുമായള്ള പാരസ്പര്യം നഷ്ടമാകുന്നു.'' മറ്റൊരിടത്ത്, ''മനുഷ്യസമൂഹങ്ങള്‍ക്ക് ഭൂമിയുമായുളള ബന്ധങ്ങള്‍, മുതലാളിത്ത ഉല്‍പ്പാദനബന്ധങ്ങളിലൂടെ ചരിത്രപരമായി ശിഥിലമാകുന്നതിനെ''ക്കുറിച്ചും പറയുന്നുണ്ട്. 21 സമാനമായ നിരീക്ഷണങ്ങള്‍ ഇതേ കൃതിയില്‍ മറ്റിടങ്ങളിലുമുണ്ട്. ഈ 'ശിഥിലമാകല്‍' മുതലാളിത്തത്തിനു കീഴില്‍ മനുഷ്യനും പ്രകൃതിയുമായി സംഭവിക്കുന്ന മെറ്റബോളിക് പിളര്‍പ്പ് ആയിത്തീരുന്നതിനെക്കുറിച്ച് ഇങ്ങനേയും പറയുന്നുണ്ട്: ''ജീവിക്കുന്ന, സക്രിയമായ മനുഷ്യസമൂഹത്തിന് പ്രകൃതിയുമായുളള ഏകത്വമല്ല, പ്രകൃതിപരമായ അജൈവ വ്യവസ്ഥകളിലൂടെ  അവര്‍ പ്രകൃതിയുമായി നടത്തുന്ന മെറ്റബോളിക് കൈമാറ്റവും  അതിലൂടെ പ്രകൃതിയുടെ കൈവശപ്പെടുത്തലും അതിന്റെ ചരിത്രപരതയുമാണ്  വിശകലനം ചെയ്യേണ്ടത്.'' 'മൂലധന'ത്തിന്റെ ഒന്നും മൂന്നും വാല്യങ്ങളില്‍ പാരിസ്ഥിതികചിന്തകള്‍ അനുസ്യൂതം നിലനില്‍ക്കുന്നുണ്ട്. മാര്‍ക്സിന്റെ പ്രകൃതിചിന്ത സംയുക്തികമായി വളരുക തന്നെയാണുണ്ടായത്. 

പ്രകൃതിയുടെ പരിധികളും മെറ്റബോളിക് പിളര്‍പ്പും
പ്രകൃതിയിലെ സ്വാഭാവിക പരിധികളെ മൂലധനത്തിന്റെ നിരന്തര വളര്‍ച്ച വിനാശകരമായി ഉല്ലംഘിക്കുന്നതിനെക്കുറിച്ച് മറ്റൊരിടത്ത് ഇങ്ങനെ പറയുന്നുണ്ട്: ''മൂലധനം എല്ലായിടത്തും കടന്നുകയറി പ്രകൃതിയേയും മനുഷ്യരുടെ സാമൂഹ്യബന്ധങ്ങളേയും ഇല്ലായ്മ ചെയ്ത് ബൂര്‍ഷ്വാസമൂഹം സൃഷ്ടിക്കുന്നു. ചരിത്രത്തിലാദ്യമായി  പ്രകൃതി ഉപയോഗിക്കപ്പെടാന്‍ മാത്രമുള്ള വസ്തുവായി ഇകഴ്ത്തപ്പെടുന്നു; അതിന്റെ സഹജമായ ശക്തികളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ ഇല്ലാതാകുന്നു. ഉല്‍പ്പാദനത്തിനുള്ള ഉപാധിയായോ ഉപഭോഗത്തിനുള്ള വസ്തുവായോ മാറ്റുന്നതിലൂടെ പ്രകൃതിയെ മനുഷ്യാവശ്യങ്ങള്‍ക്കായി കീഴ്‌പെടുത്തുന്നു. എല്ലാവിധ പരിധികളേയും പ്രതിബന്ധങ്ങളേയും മൂലധനം ഉല്ലംഘിക്കുന്നു.'' പ്രൊമിത്തിയന്‍ സാമ്പത്തിക വികാസത്തെ മാര്‍ക്സ് അംഗീകരിച്ചുവെന്ന ചിലരുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ഇത്തരം നിരീക്ഷണങ്ങള്‍. പ്രകൃതിയുടെ പരിധികളെക്കുറിച്ച് മാര്‍ക്സ് ബോധവാനായിരുന്നു; എന്നാലത് മാല്‍ത്തസിന്റെ ദുരന്തബോധമായിരുന്നില്ല.

കാര്‍ഷിക ഉല്‍പ്പാദനം അങ്കഗണിതാനുസാരിയായി മാത്രമേ വര്‍ദ്ധിക്കുവെന്നും ജനസംഖ്യ ജ്യാമിതീയമായി വര്‍ദ്ധിക്കുമെന്നതിനാല്‍ ഭാവിയില്‍ കാര്‍ഷിക ഉല്‍പ്പാദനത്തിന്റെ പരിധികളെത്തുന്നതുമൂലം വലിയ തോതില്‍ പട്ടിണിമരണങ്ങളും മറ്റും സംഭവിക്കുമെന്ന മാല്‍ത്തസിന്റെ സിദ്ധാന്തത്തെ മാര്‍ക്സ് നിശിതമായി എതിര്‍ത്തു. ഇത്തരമൊരു സാര്‍വ്വലൗകിക നിര്‍ണ്ണയം അശാസ്ത്രീയമാണെന്നും ഓരോ സമൂഹങ്ങളിലും നിലവിലുള്ള ഉല്‍പ്പാദന-വിതരണ വ്യവസ്ഥകള്‍ക്കനുസരിച്ചാകും ജനസംഖ്യയുടെ നിലനില്‍പ്പ് വിലയിരുത്താനാവുകയെന്നും മാര്‍ക്സ് യുക്തിയുക്തം വെളിപ്പെടുത്തി. മാല്‍ത്തസിന്റെ സിദ്ധാന്തത്തിന്റെ അമൂര്‍ത്തതയും പ്രതിലോമപരതയും മാര്‍ക്സ് ശക്തമായി വിശകലനം ചെയ്തു. 

മുതലാളിത്ത ഉല്‍പ്പാദനത്തില്‍ മനുഷ്യനും പ്രകൃതിയുമായി നടക്കുന്ന 'മെറ്റബോളിക് പിളര്‍പ്പ്' എന്ന സങ്കല്പത്തിന്റെ വിപുലനം മൂലധനത്തിലും മാര്‍ക്സ് തുടരുന്നു. മൂലധനം ഒന്നാം വാല്യത്തില്‍, മനുഷ്യനും പ്രകൃതിയുമായുള്ള മെറ്റബോളിക് പ്രതിപ്രവര്‍ത്തനം അദ്ധ്വാനത്തിലൂടെ സാദ്ധ്യമാകുന്നതിനെക്കുറിച്ച്  ഇങ്ങനെ പറയുന്നുണ്ട്: ''മനുഷ്യന്‍ അവന്റെ പ്രവൃത്തികളിലൂടെ അവനും പ്രകൃതിയുമായുള്ള മെറ്റബോളിസത്തിന് മദ്ധ്യസ്ഥം വഹിക്കുകയും അതിനെ നിയന്ത്രിക്കുകയും നടപ്പിലാക്കുകയും  ചെയ്യുന്ന പ്രക്രിയയാണ് അദ്ധ്വാനം.'' തുടര്‍ന്ന് നിരവധി പേജുകളില്‍ ഈ മെറ്റബോളിസം ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ മെറ്റബോളിക് കൈമാറ്റത്തെ നിയന്ത്രിക്കുകയും അതിനുള്ള പരിഹാരമായി 'സ്വതന്ത്രമായി കൂട്ടുല്‍പ്പാദനം നടത്തുന്ന' (Freely associated producers) ഒരു സമൂഹത്തിന്റെ സൃഷ്ടിയെക്കുറിച്ചും മാര്‍ക്സ് പറയുന്നു. 'മൂലധനം' എന്ന മാര്‍ക്സിന്റെ കൃതിയുടെ പാരിസ്ഥിതിക വായന നടത്തുന്ന തന്റെ കൃതിയിലെ മൂന്നാം അദ്ധ്യായത്തിന് കൊഹീ സെയ്ട്ടോ നല്‍കുന്ന തലക്കെട്ട്, 'മൂലധനം മെറ്റബോളിസത്തെക്കുറിച്ചുള്ള സിദ്ധാന്തമായി' എന്നാണ്. മാര്‍ക്സിന്റെ 'മൂല്യസിദ്ധാന്ത'വുമായി അതിനെ ഗാഢമായി ബന്ധിപ്പിക്കുന്നുമുണ്ട്.

പ്രകൃതിയും മനുഷ്യനും തമ്മില്‍ സംഭവിക്കുന്ന മെറ്റബോളിക് പിളര്‍പ്പിനെക്കുറിച്ച് മൂലധനത്തിന്റെ ഒന്നാംവാല്യത്തിലെ പതിനഞ്ചാം അദ്ധ്യായത്തില്‍ മാര്‍ക്സ് കുറിച്ചിട്ട ഇനിപ്പറയുന്ന ഖണ്ഡികകള്‍ ലീബിഗിന്റ നിരീക്ഷണങ്ങളുടെ വെളിച്ചത്തിലാണെന്ന് സെയ്ട്ടോ സാക്ഷ്യപ്പെടുത്തുന്നു. മൂലധനത്തിലെ ഖണ്ഡികകള്‍: ''മുതലാളിത്ത ഉല്‍പ്പാദനം മനുഷ്യരെ നഗരങ്ങളില്‍ കേന്ദ്രീകരിക്കുക വഴി, നഗരജനസംഖ്യക്ക് നിരന്തരമായി വര്‍ദ്ധിക്കുന്ന പ്രാധാന്യം നല്‍കുന്നു. ഇതിന് രണ്ട് ഫലങ്ങളുണ്ട്. ഒന്നാമതായി അത് സമൂഹത്തിന്റെ ചാലകശക്തിയെ കേന്ദ്രീകരിക്കുന്നു. രണ്ടാമതായി അത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മെറ്റബോളിക് പ്രതിപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു. അതായത് ഭക്ഷണത്തിന്റേയും വസ്ത്രങ്ങളുടേയും (പരുത്തിവസ്ത്രങ്ങള്‍) രൂപത്തില്‍ നാഗരിക മനുഷ്യര്‍ ഉപഭോഗം ചെയ്ത പ്രകൃതിയുടെ മൂലകങ്ങള്‍ മണ്ണിലേക്ക് മടങ്ങുന്നതിനെ തടയുന്നു. 

അതിലൂടെ മണ്ണിന്റെ സുസ്ഥിരമായ ഫലപുഷ്ടിയുടെ നിതാന്തമായ പ്രകൃതിവ്യവസ്ഥകളെ തകിടം മറിക്കുന്നു.'' തുടര്‍ന്ന് അടുത്ത പേജില്‍ ഇങ്ങനെയും: ''കൂടാതെ മുതലാളിത്ത കൃഷിയിലെ എല്ലാ പുരോഗതിയും തൊഴിലാളിയെ മാത്രമല്ല, മണ്ണിനേയും കൊള്ളയടിക്കുന്ന കലയാണ്. മണ്ണിന്റെ ഫലപുഷ്ടി വര്‍ദ്ധിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ പുരോഗതി, അതിന്റെ ദീര്‍ഘകാല ഫലപുഷ്ടി ഇല്ലാതാക്കുന്ന പ്രക്രിയ കൂടിയാണ്. അമേരിക്കന്‍ ഐക്യനാടുകളിലെപ്പോലെ, ഒരു രാജ്യം അതിന്റെ വികസനത്തിനായി വന്‍കിട വ്യവസായത്തെ എത്രയധികം ആശ്രയിക്കുന്നുവോ അത്രയധികം (മണ്ണിന്റെ) ഈ വിനാശം വര്‍ദ്ധിക്കുന്നു. അങ്ങനെ മുതലാളിത്ത ഉല്‍പ്പാദനം സാങ്കേതികവിദ്യയേയും ഉല്‍പ്പാദനത്തിന്റെ സാമൂഹ്യപ്രക്രിയകളുടെ തോതിനെയും വികസിപ്പിക്കുമ്പോള്‍, സമ്പത്തിന്റെ മൗലിക സ്രോതസ്സുകളായ മണ്ണിനേയും തൊഴിലാളിയേയും ശോഷിപ്പിക്കുന്നു.''  'മൂലധന'ത്തിന്റെ മൂന്നാം വാല്യത്തിലെ 47-ാം അദ്ധ്യായത്തിലും ഇതേ ചിന്തകള്‍ കൂടുതല്‍ ശക്തമായി ആവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ മാര്‍ക്സിന്റെ കൃതികളിലെ ഉദ്ധരണികള്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് ഇക്കോസോഷ്യലിസ്റ്റുകള്‍ ആഘോഷിക്കുകയല്ലെന്ന് വ്യക്തമാകുന്നു. 

കൃഷിയിലെ മെറ്റബോളിക് പിളര്‍പ്പ് എന്ന സങ്കല്പം ലീബിഗിന്റെ 'മണ്ണിനെ കൊള്ളയടിക്കുന്നു.' എന്ന സങ്കല്പത്തില്‍ അധിഷ്ഠിതമാണെന്ന് മുന്‍പ് പറഞ്ഞിരുന്നു. ഇതേ സങ്കല്പം വന്‍കിട വ്യവസായിക ഉല്‍പ്പാദനത്തിലേക്കും മാര്‍ക്സ് വ്യാപിപ്പിക്കുന്നുണ്ട്. മണ്ണിനെ ശ്രദ്ധയോടെ പരിചരിച്ചാല്‍ അത് നിതാന്തമായ ഉല്‍പ്പാദന സ്രോതസ്സായി നിലനില്‍ക്കും. വന്‍കിട വ്യവസായ ഉല്‍പ്പാദനത്തിലാകട്ടെ, യന്ത്രങ്ങളും മറ്റും നിരന്തരം മാറ്റി സ്ഥാപിക്കുകയോ പുതുക്കുകയോ വേണം; അവയ്ക്ക് ചിരസ്ഥായിയായ നിലനില്‍പ്പില്ല. അത്തരമുള്ള മുതലാളിത്ത ഉല്‍പ്പാദനത്തിനും ഭൂമിയെ തുടര്‍ച്ചയായി കൊള്ളയടിച്ചുകൊണ്ടിരിക്കണം. അങ്ങനെ, ''വന്‍കിട വ്യവസായിക കൃഷിയും വന്‍കിട വ്യവസായവും (ഭൂമിക്കുമേല്‍) ഒരേ പ്രത്യാഘാതം സൃഷ്ടിക്കുന്നു''വെന്നും മാര്‍ക്സ് പറയുന്നു. വന്‍കിട സാങ്കേതികവിദ്യയിലധിഷ്ഠിതമായ അനിയന്ത്രിത ഉല്‍പ്പാദനവളര്‍ച്ചയ്ക്ക് മാര്‍ക്സ് എതിരായിരുന്നുവെന്നതും 'പ്രകൃതിപരമായ പരിധികള്‍' (Natural limits) മാര്‍ക്സ് അംഗീകരിച്ചുവെന്നതിന് തെളിവാണ്. എന്നാലത് മാല്‍ത്തസിന്റെ ദുരന്തദര്‍ശനമല്ല; മറിച്ച്, നൈതികതയും സമത്വവും ഉറപ്പുവരുത്താന്‍ ഉല്‍പ്പാദനവും വിതരണവും സമൂഹഘടനയും പുനര്‍രചിക്കേണ്ടതിനായുള്ള നവദര്‍ശനമാണ്.

ലീബിഗിനെ കടന്നുപോകുന്നു
മനുഷ്യനും പ്രകൃതിയുമായി സംഭവിക്കുന്ന മെറ്റബോളിക് പിളര്‍പ്പ് എന്ന ലീബിഗിന്റെ സങ്കല്പം ക്രമേണ മാല്‍ത്തൂസിയന്‍ ചിന്തകരുടെ ദുരന്തബോധത്തിനനുസൃതമായി വികസിതമായത് മാര്‍ക്സിനെ കൂടുതല്‍ പഠനങ്ങള്‍ക്ക് പ്രേരിപ്പിച്ചു. തന്റെ കൃതിയുടെ 'മാര്‍ക്സിന്റെ ഇക്കോളജി 1868-നു ശേഷം' എന്ന ആറാമത്തേയും അവസാനത്തേയും അദ്ധ്യായത്തില്‍, മാര്‍ക്സിന്റെ 1868 മുതലുള്ള തുടര്‍പഠനങ്ങള്‍ കൊഹീ സെയ്ട്ടോ വിശദീകരിക്കുന്നുണ്ട്. ലീബിഗിന്റെ സിദ്ധാന്തത്തെ നിരാകരിക്കാതെ തന്നെ, മൂലധനത്തിന്റെ മൂന്നാം അദ്ധ്യായത്തില്‍ നഗരവും ഗ്രാമവും തമ്മിലുള്ള ഈ പിളര്‍പ്പ് അസ്തമിക്കുന്നതും പ്രകൃതിയുമായുള്ള മെറ്റബോളിക് പ്രതിപ്രവര്‍ത്തനത്തെ യുക്തിസഹമായി നിയന്ത്രിക്കുന്നതുമായ കൂട്ടുല്‍പ്പാദകരുടെ സമൂഹം നിലവില്‍ വരുന്നതിനെക്കുറിച്ച് മാര്‍ക്സ് പറയുന്നുണ്ട്. 

ലീബിഗിന്റെ സിദ്ധാന്തം അംഗീകരിച്ചുകൊണ്ടുതന്നെ അതിനെ കടന്നുപോയി മനുഷ്യയുക്തികൊണ്ട് 'പാരിസ്ഥിതിക പിളര്‍പ്പ്' പരിഹരിക്കുകയെന്ന ഒരു സോഷ്യലിസ്റ്റ് സമൂഹ ലക്ഷ്യം മാര്‍ക്സ് അങ്ങനെ ആവിഷ്‌കരിക്കുന്നു. മാത്രമല്ല, ലീബിഗിന്റെ കൃഷിയെക്കുറിച്ചുള്ള 'രസതന്ത്ര'വീക്ഷണത്തിനപ്പുറം കാര്‍ഷിക ഭൗതികശാസ്ത്ര പഠനങ്ങള്‍ക്കും മാര്‍ക്സ് ഏറെ സമയം വിനിയോഗിച്ചുവെന്ന് മുന്‍പ് പറഞ്ഞുവല്ലോ. അതിന്റെ വിശദാംശങ്ങളിലേക്കെല്ലാം സെയ്ട്ടോ വെളിച്ചം വീശുന്നുണ്ട്.


ഫ്രാസ്സിന്റെ  കാര്‍ഷിക ഭൗതികശാസ്ത്ര കൃതി വായിച്ചശേഷം മാര്‍ക്സ് തന്റെ നോട്ട്ബുക്കില്‍ കുറിച്ച ഈ ഖണ്ഡിക സെയ്ട്ടോ തന്റെ കൃതിയില്‍ കൊടുക്കുന്നുണ്ട്: ''ഒരു പ്രദേശത്തെ വനനശീകരണം-പ്രത്യേകിച്ചും വരണ്ട മണലോ ചുണ്ണാമ്പ് കലര്‍ന്നതോ ആയ മണ്ണുള്ള പ്രദേശങ്ങളില്‍-ചൂട് വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. സസ്യാവൃതമായ വനപ്രദേശങ്ങള്‍ ഫലപുഷ്ടിയില്ലാത്ത പ്രദേശങ്ങളെ അപേക്ഷിച്ച് ചൂടുമൂലം ഏറെ തപിക്കുന്നില്ല. മാത്രമല്ല, കൂടുതല്‍ ഈര്‍പ്പവും ജലാര്‍ദ്രതയും നിലനിര്‍ത്തുന്നു. (അതുമൂലം)... അവ കൂടുതല്‍ മഴയെ ആകര്‍ഷിക്കുന്നു. വായുവിലെ ഈര്‍പ്പത്തിന്റെ വ്യാപനം കാലാവസ്ഥ നിയന്ത്രിക്കുന്നതില്‍ സഹായിക്കുന്നു.'' ഇവ്വിധം കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് മാര്‍ക്സ് ചിന്തിക്കുകയും പഠിക്കുകയും ചെയ്തതിന്റെ തെളിവുകള്‍ അദ്ദേഹത്തിന്റെ നോട്ട്ബുക്കിലുണ്ട്. 

പുരാതന സംസ്‌കാരങ്ങള്‍ വനനാശംമൂലമുള്ള കാലാവസ്ഥാവ്യതിയാനവും കൃഷിനാശവുംകൊണ്ട് തകര്‍ന്നതിനെക്കുറിച്ചുള്ള ഫ്രാസ്സിന്റേയും ജോണ്‍ ടക്കറ്റിന്റേയും ഹംബോള്‍ട്ടിന്റേയും മറ്റും നിഗമനങ്ങള്‍ മാര്‍ക്സ് ശ്രദ്ധയോടെ പഠിച്ചിരുന്നു. പഠനങ്ങളുടെ നേരിട്ടുള്ള സ്വീകരണമല്ല, തന്റെ ചിന്തയിലൂടെ വിവേചനബുദ്ധ്യാ അവയെ ഉപയോഗിച്ചതിന്റെ തെളിവായി സെയ്ട്ടോ പറയുന്നു: ''കൂട്ടുല്‍പ്പാദകരുടെ ബോധപൂര്‍വ്വമായ സാമൂഹികനിയന്ത്രണത്തിലൂടെ, പ്രകൃതിയും മനുഷ്യസംസ്‌കാരവും തമ്മിലുള്ള മെറ്റബോളിസത്തിന്റെ സന്തുലനം നിലനിര്‍ത്താന്‍ സാധ്യമാണെന്നും അത് അനിവാര്യമാണെന്നും ഫ്രാസ്സില്‍നിന്ന് വ്യത്യസ്തമായി മാര്‍ക്സ് ചിന്തിച്ചു. പാരിസ്ഥിതിക പ്രതിസന്ധി സാമൂഹിക ഉല്‍പ്പാദനത്തിന്റെ ഭൗതിക അടിത്തറയ്ക്ക് ഭീഷണിയാണ്. അതിനാല്‍ പ്രകൃതിയുമായി സുസ്ഥിരമായൊരു ബന്ധം നിലനിര്‍ത്താന്‍ മനുഷ്യര്‍ നിര്‍ബ്ബന്ധിതരാകും.''

ചരിത്രാതീതകാലം മുതല്‍ മനുഷ്യനും പ്രകൃതിയുമായി ഒരു പിളര്‍പ്പ് നിലനിന്നിരുന്നുവെങ്കിലും മുതലാളിത്ത ഉല്‍പ്പാദനത്തിന്റെ കാലത്ത് അതിനു കൈവന്ന സവിശേഷതകള്‍ എടുത്തുകാണിക്കുകയാണ് മാര്‍ക്സ് ചെയ്തത്.  ''പ്രകൃതിയുടെ ശക്തികളെ മനുഷ്യന് കീഴ്‌പെടുത്തല്‍, യന്ത്രങ്ങളുടെ നിര്‍മ്മിതി, കൃഷിയിലും വ്യവസായത്തിലും രസതന്ത്രത്തിന്റെ പ്രയോഗം, നീരാവികൊണ്ടുള്ള ഗതാഗതം, റെയില്‍വേ, ഇലക്ട്രിക് ടെലഗ്രാഫ്, ഭൂഖണ്ഡങ്ങള്‍ തെളിച്ച് കൃഷി, കനാലുകള്‍ കീറി നദികളെ വരുതിയിലാക്കല്‍, വന്‍കിട ജനസംഖ്യാ വര്‍ദ്ധനവ്... ബൂര്‍ഷ്വാസി അവരുടെ നൂറുവര്‍ഷത്തെ ചുരുങ്ങിയ ഭരണകാലത്ത് മുന്‍പുള്ള തലമുറകളെല്ലാം സൃഷ്ടിച്ചതില്‍ കൂടുതല്‍ വമ്പിച്ചതും ഭീമാകാരമായതുമായ ഉല്‍പ്പാദകശക്തികളെ സൃഷ്ടിച്ചു''വെന്ന രീതിയില്‍  1848-ലെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവില്‍, അമിത ഉല്‍പ്പാദനത്തെ പ്രശംസിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന വിധമുള്ള പരാമര്‍ശങ്ങളില്‍നിന്ന് വലിയൊരു പാരിസ്ഥിതിക അവബോധത്തിലേക്ക് മാര്‍ക്സ് പില്‍ക്കാലത്ത് വളര്‍ന്നെത്തി. 

തന്റെ കൃതിയുടെ ആറാം അദ്ധ്യായത്തിന്റെ അവസാനം സെയ്ട്ടോ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്: ''മനുഷ്യനും പ്രകൃതിയുമായുള്ള പാരിസ്ഥിതിക പ്രതിപ്രവര്‍ത്തനം ബോധപൂര്‍വ്വം പുനര്‍വിന്യസിച്ച്, ഉല്‍പ്പാദനത്തിന്റെ സ്വകാര്യ സ്വഭാവം നിര്‍ത്തലാക്കി, സുസ്ഥിരവും നീതിപൂര്‍വ്വകമായൊരു ഉല്‍പ്പാദനവ്യവസ്ഥ സൃഷ്ടിക്കുകയെന്ന സോഷ്യലിസ്റ്റ് ലക്ഷ്യം'' നേടുന്നതിലേക്കാണ് മാര്‍ക്സിന്റെ പാരിസ്ഥിതിക പഠനങ്ങള്‍ ചെന്നെത്തിയത്. മുതലാളിത്തത്തിന്റെ പ്രകൃതിപരമായ വൈരുദ്ധ്യങ്ങളും പരിമിതികളും അദ്ദേഹം തിരിച്ചറിഞ്ഞു. മെഗാ2 പദ്ധതിയുടെ ഭാഗമായി കൂടുതല്‍ പ്രസിദ്ധീകരണങ്ങളും പഠനങ്ങളും പുറത്തുവരുമ്പോള്‍ മാര്‍ക്സിന്റെ ചിന്തയുടെ പുതിയ തലങ്ങള്‍ ഇനിയും അനാവൃതമാകും.

മാര്‍ക്സും ഏംഗല്‍സും ഊര്‍ജ്ജവും
സമ്പദ്വ്യവസ്ഥയും ഊര്‍ജ്ജവും തമ്മിലുള്ള ബന്ധം മാര്‍ക്സിന്റെ ചിന്തയിലെ അഭാവമാണെന്ന് ചിലര്‍ വിമര്‍ശിക്കാറുണ്ട്. ഇതേക്കുറിച്ച് പറയുമ്പോള്‍ നാം ഓര്‍ത്തിരിക്കേണ്ട വസ്തുത, മാര്‍ക്സിന്റെ ജീവിതകാലത്ത് പ്രബലമായിരുന്ന ഏക അശ്മക ഊര്‍ജ്ജവിഭവം കല്‍ക്കരി ആയിരുന്നുവെന്നതാണ്. 1854-ല്‍  അമേരിക്കയില്‍ എണ്ണ കണ്ടെത്തിയിരുന്നുവെങ്കിലും അതിന്റെ വ്യാപകമായ ഉപയോഗം മാര്‍ക്സിന്റെ ജീവിതകാലത്ത് സംഭവിച്ചിരുന്നില്ല. എങ്കിലും, കല്‍ക്കരിയെക്കുറിച്ചും നീരാവിയന്ത്രത്തെക്കുറിച്ചും വ്യവസായ വികസനത്തില്‍ അവയുടെ പങ്കിനെക്കുറിച്ചുമുള്ള വിശകലനങ്ങള്‍ 'മൂലധന'ത്തിലെ ഒന്നാം വാല്യത്തിലെ 'യന്ത്രങ്ങളും വന്‍കിട വ്യവസായവും' എന്ന പതിനഞ്ചാം അദ്ധ്യായത്തിലും മൂന്നാം വാല്യത്തിലെ 'സ്ഥിരമൂലധനത്തിന്റെ ഉപയോഗത്തിലെ മിതവ്യയം' എന്ന അഞ്ചാം അദ്ധ്യായത്തിലും വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. 

മാര്‍ക്സിന്റേയും ഏംഗല്‍സിന്റേയും ഊര്‍ജ്ജശാസ്ത്രപഠനങ്ങളെക്കുറിച്ച് ഇപ്പോള്‍ ഏറെ തെളിവുകള്‍ ലഭ്യമാണ്. മാര്‍ക്സും ഏംഗല്‍സും ഊര്‍ജ്ജവും സമ്പദ്വ്യവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്  ഏറെ ബോധവാന്മാരായിരുന്നില്ലെന്നും കാര്‍ഷിക ഊര്‍ജ്ജശാസ്ത്രത്തിന്റെ പ്രയോക്താവായ പൊഡോലിന്‍സ്‌കിയെ അവര്‍ അവഗണിച്ചുവെന്നുമുള്ള രീതിയില്‍ വന്നിട്ടുള്ള വിമര്‍ശനങ്ങളെ ആദ്യം പരിശോധിക്കാം.

യുക്രേനിയന്‍  ശാസ്ത്രജ്ഞനും സോഷ്യലിസ്റ്റു ചിന്തകനുമായ എസ്. പൊഡോലിന്‍സ്‌കി (1850-1891), ജര്‍മ്മന്‍ സോഷ്യലിസ്റ്റ് ചിന്തകനായ ഓട്ടോ ന്യൂറത്ത് (1882-1945) എന്നിവരാണ് ഊര്‍ജ്ജത്തേയും സമ്പദ്ശാസ്ത്രത്തേയും കുറിച്ച് ചിന്തിച്ച ആദ്യകാല സോഷ്യലിസ്റ്റ് ചിന്തകര്‍. ഹരിത സമ്പദ്ശാസ്ത്രത്തിന്റെ ആദ്യത്തെ ഉപജ്ഞാതാവ് എന്നും ചിലര്‍ പൊഡോലിന്‍സ്‌കിയെ വിശേഷിപ്പിക്കാറുണ്ട്.  ഊര്‍ജ്ജവിനിയോഗം, വ്യയം ചെയ്യല്‍ (Entropy), ഭൗതിക പരിധികള്‍ എന്നിവ സാമ്പത്തികശാസ്ത്രത്തിന്  ഒഴിച്ചുകൂടാനാവാത്ത വസ്തുതകളാണെന്ന് പൊഡോലിന്‍സ്‌കി 1881-'83 കാലഘട്ടത്തില്‍  പ്രസിദ്ധീകരിച്ച 'സോഷ്യലിസവും ഭൗതികശക്തികളുടെ ഏകത്വവും' എന്ന പ്രബന്ധത്തില്‍ പറഞ്ഞു. പൊഡോലിന്‍സ്‌കിയുടെ സിദ്ധാന്തത്തെ 'കാര്‍ഷിക ഊര്‍ജ്ജശാസ്ത്രം' (Agricultural Energetics) എന്നു ചുരുക്കിപ്പറയാം.  മാര്‍ക്സിന്റെ 'മിച്ചമൂല്യം' (Surplus value) അഥവാ മൂല്യത്തിന്റെ  അദ്ധ്വാന സിദ്ധാന്തം  (Labour Theory of value) എന്ന സങ്കല്പത്തെ നവീകരിക്കുകയും വിപുലീകരിക്കുകയുമാണ് പൊഡോലിന്‍സ്‌കി ചെയ്തത്; മൂല്യത്തിന്റെ അദ്ധ്വാന സിദ്ധാന്തത്തെ മൂല്യത്തിന്റെ ഊര്‍ജ്ജസിദ്ധാന്തവുമായി (Energy Theory of value) അദ്ദേഹം വിളക്കിച്ചേര്‍ത്തുവെന്ന് പറയാം. മാര്‍ക്സിയന്‍ ചിന്തയില്‍, ഉല്‍പ്പാദനവേളയില്‍ ഉല്‍പ്പന്നത്തിന് മൂല്യവര്‍ദ്ധനവ് സൃഷ്ടിക്കുന്നത് തൊഴിലാളിയുടെ അദ്ധ്വാനമാണ്. ഇതാണ് സരളമായി പറഞ്ഞാല്‍ മൂല്യത്തിന്റെ അദ്ധ്വാന സിദ്ധാന്തം.  അദ്ധ്വാനത്തിന്റെ ഉല്‍പ്പാദനത്തിലെ സംഭാവന നിരാകരിക്കാതെ മൂല്യവര്‍ദ്ധനവില്‍ ഊര്‍ജ്ജം വഹിക്കുന്ന പങ്ക് കൂടി ഉള്‍പ്പെടുത്തുകയാണ് പൊഡോലിന്‍സ്‌കി ചെയ്തതെന്ന് പറയാം.   

പൊഡോലിന്‍സ്‌കിയുടെ സിദ്ധാന്തത്തിന്റെ സരളമായ രത്‌നച്ചുരുക്കം ഇനി പറയാം.  പൊഡോലിന്‍സ്‌കി  തന്റെ പഠനം ആരംഭിക്കുന്നത്  താപ ബലതന്ത്രത്തിന്റെ  ഒന്നാം നിയമം (First law of Thermodynamics) സൂചിപ്പിച്ചുകൊണ്ടാണ്: ''ഊര്‍ജ്ജം സൃഷ്ടിക്കാന്‍  കഴിയില്ല, അതിനാല്‍ ഊര്‍ജ്ജമില്ലെങ്കില്‍ മനുഷ്യാദ്ധ്വാനത്തിന് ഒന്നും സൃഷ്ടിക്കാന്‍ കഴിയില്ല. ഒരു ഊര്‍ജ്ജരൂപത്തെ മറ്റൊന്നായി രൂപാന്തരപ്പെടുത്താന്‍ മാത്രമാണ് അദ്ധ്വാനത്തിന് കഴിയുക.'' ഭൂമിയില്‍ ലഭ്യമായ എല്ലാ ഊര്‍ജ്ജവും സൂര്യനില്‍നിന്ന് ഉല്‍ഭവിക്കുന്നു. ഈ സൗരോര്‍ജ്ജത്തിന്റെ രൂപപരിണാമങ്ങളുടെ പ്രത്യക്ഷങ്ങളാണ് എല്ലാ ജൈവ-ഭൗതിക (Bio-physical) പ്രക്രിയകളും. 'ഉല്‍പ്പാദകശക്തികള്‍' എന്ന മാര്‍ക്സിയന്‍ സങ്കല്പത്തില്‍ ഇത്തരം ജൈവ-ഭൗതിക പ്രക്രിയകള്‍ക്കും ഇടം നല്‍കണം. താപവ്യതിയാനങ്ങള്‍ ഊര്‍ജ്ജത്തിന്റെ രൂപപരിണാമത്തിന് പരമപ്രധാനമാണ്. ജലം നീരാവിയായി മഴയുണ്ടാകുന്നതും ജലം തണുത്തുറഞ്ഞ് മഞ്ഞുകട്ടകളാകുന്നതും തിരമാലകളും കാറ്റും ഉണ്ടാകുന്നതും ചെടികള്‍ പ്രഭാകലനത്തിലൂടെ ഭക്ഷണവും (Nutritive substances), ജ്വലനയോഗ്യമായ വസ്തുക്കളും (തടി, കല്‍ക്കരി, എണ്ണ തുടങ്ങിയ Combustible materials) നിര്‍മ്മിക്കുന്നതും എല്ലാം സൗരോര്‍ജ്ജത്തിന്റെ രൂപപരിണാമങ്ങളിലൂടെയാണ്. അങ്ങനെ ഊര്‍ജ്ജം ശേഖരിച്ച് സസ്യങ്ങള്‍ ഉണ്ടാക്കുന്ന ആഹാരവും വസ്തുക്കളുമാണ് മനുഷ്യരേയും ഇതര ജീവജാലങ്ങളേയും നിലനിര്‍ത്തുന്നത്.

ഊര്‍ജ്ജത്തിന്റെ വര്‍ദ്ധിച്ച ശേഖരണത്തിനു സഹായിക്കുന്ന പ്രക്രിയയാണ് പാരമ്പര്യ കൃഷി. ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്റ്, സ്പെയിന്‍ എന്നീ രാജ്യങ്ങളിലെ കാര്‍ഷിക ഉല്‍പ്പാദനരീതികളുടെ താരതമ്യപഠനത്തിലൂടെയാണ് പൊഡോലിന്‍സ്‌കി തന്റെ നിഗമനങ്ങളിലെത്തിയത്. മനുഷ്യരുടേയും മൃഗങ്ങളുടേയും അദ്ധ്വാനവും വളവും മനുഷ്യനിര്‍മ്മിതികളായ ജലസേചനവും കാര്‍ഷിക യന്ത്രങ്ങളുമെല്ലാം ചേര്‍ന്നാണ് കൃഷിയിലെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നത്. പ്രകൃതിയിലെ തനതായ ഉല്‍പ്പാദന പ്രക്രിയകളെക്കാള്‍ (വനം, പുല്‍മേടുകള്‍), മനുഷ്യനിയന്ത്രിത കൃഷി, വര്‍ദ്ധിച്ച ഊര്‍ജ്ജശേഖരണത്തിന്റെ പുനരുല്പാദനപ്രക്രിയയാണ് (Reproductive process). ഇവ്വിധം മനുഷ്യാദ്ധ്വാനത്തിലൂടെ ഊര്‍ജ്ജം ശേഖരിച്ചില്ലെങ്കില്‍, നമ്മുടെ ഏകസ്രോതസ്സായ സൗരോര്‍ജ്ജം ശൂന്യാകാശത്തിലേക്ക് വ്യയം ചെയ്ത് നഷ്ടമാകുന്നു. ഊര്‍ജ്ജത്തിന്റെ ഈ ചിതറലിനേയും (Dipersal of energy) അതിലൂടെയും ഊര്‍ജ്ജത്തിന്റെ രൂപാന്തരവേളയിലും സംഭവിക്കുന്ന ഊര്‍ജ്ജവ്യയത്തേയും കുറിച്ചു പറഞ്ഞ ക്ലോസിയസ്സിന്റെ സിദ്ധാന്തത്തെക്കുറിച്ച് (ഊര്‍ജ്ജബലതന്ത്രത്തിന്റെ രണ്ടാം നിയമം) പിന്നീട് പറയുന്നു. ഈ വ്യയത്തെ ഒരു പരിധിവരെ മറികടന്ന് ഊര്‍ജ്ജശേഖരണം നടത്തുന്ന കൃഷിയെന്ന പുനരുല്പാദന പ്രക്രിയയാണ് ഏറ്റവും മികച്ചതും നിലനില്‍ക്കുന്നതുമായ ഉല്‍പ്പാദന പ്രക്രിയ.

മുതലാളിത്ത ഉല്‍പ്പാദന രീതിയാകട്ടെ, ഊര്‍ജ്ജവ്യയം ചെയ്യുന്ന പ്രക്രിയയാണ്: ''മുതലാളിത്ത ഉല്‍പ്പാദനം വികസിതമായ മിക്ക രാജ്യങ്ങളിലും  അദ്ധ്വാനത്തിന്റെ നല്ലൊരു ഭാഗം (അതിന്റെ ശരിയായ ഉദ്ദേശ്യത്തിനു വിരുദ്ധമായി) സുഖഭോഗവസ്തുക്കളുടെ (Luxury objects) ഉല്‍പ്പാദനത്തിനായി- അതായത് ഊര്‍ജ്ജത്തിന്റെ ശേഖരണത്തിനു പകരം, വ്യയം ചെയ്യലിനായി- വിനിയോഗിക്കുന്നു.'' അതിനാല്‍ മുതലാളിത്ത ഉല്‍പ്പാദനം നിലനില്‍പ്പില്ലാത്ത ഊര്‍ജ്ജവ്യയത്തിന്റെ പ്രക്രിയയാണ്. മുതലാളിത്ത വികാസത്തിന് സഹായകമായ അശ്മക ഇന്ധനങ്ങളുടെ (Fossil fuels) ജ്വലനം ഊര്‍ജ്ജവ്യയമാണ്. പൊഡോലിന്‍സ്‌കി തുടരുന്നു: ''ഭൂമിയില്‍ ഏറ്റവുമധികം ഊര്‍ജ്ജസംഭരണം സാദ്ധ്യമാക്കാന്‍- അതിലൂടെ മനുഷ്യക്ഷേമം ഉറപ്പുവരുത്താനും- കഴിയുന്ന ഉല്‍പ്പാദനവ്യവസ്ഥ സോഷ്യലിസമാണ്.'' കാര്‍ഷിക വ്യവസ്ഥയുടെ അടിത്തറയുള്ളൊരു സോഷ്യലിസമാണ് അദ്ദേഹം വിഭാവനം ചെയ്തത്. അതിനാല്‍ റഷ്യന്‍ വിപ്ലവകാരികളില്‍  കാര്‍ഷിക അനുകൂലികളായ നരോദ്നിക്കുകളോടായിരുന്നു (Narodniks) അദ്ദേഹത്തിന് ആഭിമുഖ്യം. ബോള്‍ഷെവിക് ഹരിതചിന്തകരെ (ബോഗ്ദനേവ്, ലൂണച്ചാര്‍സ്‌കി, സ്റ്റാന്‍ച്ചിന്‍സ്‌കി) തുടങ്ങിയവര്‍ പൊഡോലിന്‍സ്‌കിയുടെ സിദ്ധാന്തം സ്വാധീനിച്ചിരുന്നു.

1872-ല്‍ പൊഡോലിന്‍സ്‌കി ഏംഗല്‍സിനെ സന്ദര്‍ശിച്ചിരുന്നുവെന്നും അതിനുശേഷം അദ്ദേഹം മാര്‍ക്സും ഏംഗല്‍സുമായും കത്തിടപാടുകള്‍ നടത്തിയിരുന്നതായും പറയപ്പെടുന്നു. 1880-ല്‍ തന്റെ പ്രബന്ധത്തിന്റെ കരടുരൂപം അദ്ദേഹം മാര്‍ക്സിന് അയച്ചുകൊടുത്തിരുന്നുവെങ്കിലും അതിന് മാര്‍ക്സ് അയച്ച മറുപടിയൊന്നും രേഖകളിലില്ല. ഇത് ചൂണ്ടിക്കാണിച്ച് ഹരിതസമ്പദ്ശാസ്ത്രത്തിന്റെ ആരംഭത്തില്‍ത്തന്നെ മാര്‍ക്സ് അതിനെ അംഗീകരിച്ചില്ലെന്നും അതിനാല്‍ മാര്‍ക്സിസത്തില്‍ പാരിസ്ഥിതികമായി ഒന്നുമില്ലെന്നും ചിലര്‍ വിമര്‍ശിക്കാറുണ്ട്. ഇടതുപക്ഷ ഹരിതസമ്പദ്ശാസ്ത്രജ്ഞനായ ഹ്വാന്‍ മാര്‍ട്ടിനെസ് ഏലിയറും ജെ. എം.  നരേദോയും മാര്‍ക്സിന്റെ ഈ നിശ്ശബ്ദതയെ 1982-ലെ ഒരു പഠനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. മാര്‍ട്ടിനസ് ഏലിയര്‍ 1987-ല്‍ പ്രസിദ്ധീകരിച്ച 'പാരിസ്ഥിതിക സമ്പദ്ശാസ്ത്രം' എന്ന കൃതിയില്‍ ഈ വിമര്‍ശനം വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു. 

എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണം നടത്തിയ പോള്‍ ബര്‍ക്കറ്റും ജോണ്‍ബെല്ലമി ഫോസ്റ്ററും ചേര്‍ന്ന് 2004-ലും 2006-ലും രണ്ട് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. അവരുടെ കണ്ടെത്തലുകളുടെ സാരാംശം ഇതാണ്: പൊഡോലിന്‍സ്‌കി 1880-ല്‍ മാര്‍ക്സിന് അയച്ച കരടു രൂപത്തില്‍നിന്ന് മാര്‍ക്സ് വിശദമായ കുറിപ്പുകളെടുത്തിരുന്നു. അതിന് മറുപടി അയക്കുകയും ചെയ്തു. അതിനുശേഷം പൊഡോലിന്‍സ്‌കി കരടുരൂപം വിപുലപ്പെടുത്തി, 1981-ല്‍ ഇറ്റാലിയന്‍ ഭാഷയിലും 1883-ല്‍ കൂടുതല്‍  വിശദമായൊരു പ്രബന്ധം ജര്‍മ്മന്‍ ഭാഷയിലും പ്രസിദ്ധപ്പെടുത്തി. ഇറ്റാലിയന്‍ പതിപ്പിന്റെ പരിഭാഷയാണ് ഇവിടെ പഠനവിധേയമാക്കിയത്. മാര്‍ക്സ് പൊഡൊലിന്‍സ്‌കിക്ക് അയച്ച കത്തുകളൊന്നും ഇപ്പോള്‍ ലഭ്യമല്ല; എന്നാല്‍ പൊഡോലിന്‍സ്‌കിയുടെ കത്തിടപാടുകളില്‍നിന്ന് മാര്‍ക്സ് ഒരിക്കലെങ്കിലും അദ്ദേഹത്തിന് മറുപടി അയച്ചിരുന്നതായി കാണാം. 

മാത്രമല്ല, 1882 ഡിസംബറില്‍ ഏംഗല്‍സ് മാര്‍ക്സിനയച്ച രണ്ടു കത്തുകളില്‍ പൊഡോലിന്‍സ്‌കിയുടെ  സിദ്ധാന്തങ്ങളെക്കുറിച്ചുളള വിശകലനം ഉണ്ടായിരുന്നു; അതില്‍ പുതിയ സിദ്ധാന്തത്തിന്റെ മികവിനേയും കുറവുകളേയും കുറിച്ച് പറഞ്ഞിരുന്നു. മാര്‍ട്ടിനസ് ഏലിയറിന്റെ വിമര്‍ശനത്തിനു വിരുദ്ധമായി, ഊര്‍ജ്ജത്തെക്കുറിച്ചും അതിന്റെ സമ്പദ്വ്യവസ്ഥയിലെ പങ്കിനെക്കുറിച്ചും മാര്‍ക്സും ഏംഗല്‍സും തികച്ചും ബോധവാന്മാരായിരുന്നുവെന്ന് പുതിയ ഗവേഷണം തെളിയിക്കുന്നു.  ജോണ്‍ ബെല്ലമി ഫോസ്റ്ററും പോള്‍ ബര്‍ക്കറ്റും ചേര്‍ന്നെഴുതി 2016-ല്‍ പ്രസിദ്ധീകരിച്ച 'മാര്‍ക്സും ഭൂമിയും: ഒരു പ്രതിവിമര്‍ശനം' എന്ന കൃതിയില്‍ ഇതിന്റെ വളരെ വിശദമായ തെളിവുകള്‍ നല്‍കുന്നുണ്ട്.

മാര്‍ക്സ് 'പ്രൊമിത്തിയന്‍' ആയിരുന്നില്ല
ഇതുവരെയുള്ള വിശകലനത്തില്‍നിന്ന് മാര്‍ക്സ് അതി ഉല്‍പ്പാദനത്തിന്റെ വക്താവായിരുന്നില്ല എന്ന് വ്യക്തമാണ്. കൂടാതെ പോള്‍ ബര്‍ക്കറ്റ്, ജോണ്‍ ബല്ലമി ഫോസ്റ്റര്‍ തുടങ്ങിയ ഇക്കോസോഷ്യലിസ്റ്റ് ചിന്തകര്‍ മാര്‍ക്സിന്റെ കൃതികളുടെ വിശകലനത്തിലൂടെ മാര്‍ക്സിസം 'പ്രൊമിത്തിയന്‍' അല്ലെന്ന് കൃത്യമായി വെളിവാക്കുന്നുമുണ്ട്. എങ്കിലും സോവിയറ്റ് റഷ്യയില്‍ ഒക്ടോബര്‍ വിപ്ലവത്തിനു ശേഷം- പ്രത്യേകിച്ചും സ്റ്റാലിന്റെ അധികാര ഗ്രഹണത്തോടെ നടപ്പിലാക്കിയ 'സ്റ്റാക്കനോവിസം' എന്നറിയപ്പെടുന്ന അമിത സാമ്പത്തിക വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍, മാര്‍ക്സിസവും മുതലാളിത്തവും തമ്മില്‍ ഉല്‍പ്പാദനസമീപനത്തില്‍ വ്യത്യാസമൊന്നുമില്ലെന്ന് ഇപ്പോഴും പലരും വിമര്‍ശിക്കാറുണ്ട്. അവരില്‍ ടെഡ് ബെന്റണ്‍, മൈക്കല്‍ ലോവി തുടങ്ങിയ ചില ഒന്നാംഘട്ട ഇക്കോ സോഷ്യലിസ്റ്റ് ചിന്തകരുമുണ്ട്. അതിനാല്‍ അതിന്റെ നിരാസം ആവശ്യമായിരുന്നു.

സോഷ്യലിസത്തിലേക്കുള്ള പരിണാമത്തിന്റെ സാഹചര്യമൊരുക്കുന്നതിന് മുതലാളിത്ത ഉല്‍പ്പാദനവികാസം ചരിത്രപരമായ ആവശ്യമാണെന്ന മട്ടിലുള്ള പ്രസ്താവനകള്‍ 'മൂലധന'ത്തിലുണ്ടെന്നത് ശരിയാണ്. ഉദാഹരണത്തിന് മൂലധനത്തിന്റെ മൂന്നാം വാല്യത്തില്‍ ഇങ്ങനെ പറയുന്നുണ്ട്: ''സാമൂഹിക അദ്ധ്വാനത്തിന്റെ ഉല്‍പ്പാദകശക്തികളുടെ വികാസം, മൂലധനത്തിന്റെ ചരിത്രപരമായ ദൗത്യവും ന്യായീകരണവുമാണ്. അതിലൂടെയാണ് മൂലധനം അബോധപൂര്‍വ്വമായെങ്കിലും മെച്ചപ്പെട്ടൊരു ഉല്‍പ്പാദനവ്യവസ്ഥയ്ക്ക് (Higher mode of production) വേണ്ട ഭൗതിക സാഹചര്യം സൃഷ്ടിക്കുന്നത്.'' ഇത്തരത്തിലുള്ള പ്രസ്താവനകള്‍ മറ്റ് കൃതികളിലും അങ്ങിങ്ങായി കാണാനാകും. നിലവിലുള്ള മുതലാളിത്ത വ്യവസ്ഥിതിയില്‍ സംഭവിക്കുന്ന ഒരു ചരിത്രപരമായ പ്രക്രിയയെക്കുറിച്ച് പറയുക മാത്രമാണ്, അതിന്റെ അനിവാര്യതയില്‍ വിശ്വസിക്കുകയല്ല മാര്‍ക്സ് ചെയ്യുന്നത്. മനുഷ്യ നിലനില്പിന് ഉല്‍പ്പാദനത്തിന്റെ പ്രകൃതിപരമായ വ്യവസ്ഥകളെ സുസ്ഥിരമായി നിലനിര്‍ത്തണമെന്ന് ആവര്‍ത്തിച്ചു പറയുകയും  മുതലാളിത്തത്തിനു കീഴില്‍ പ്രകൃതിയുമായി  മനുഷ്യനു വന്നുഭവിക്കുന്ന പാരിസ്ഥിതിക പിളര്‍പ്പിനെക്കുറിച്ച് ആവര്‍ത്തിച്ച്  ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട് മാര്‍ക്സ്. അത്തരമൊരു ചിന്തകനെ പ്രകൃതിയുടെ പരിധികളില്‍ വിശ്വസിക്കാത്ത അമിത വികസനത്തിന്റെ വക്താവായി ചിത്രീകരിക്കുന്നത് വലിയ അബദ്ധമാണ്. 'മെച്ചപ്പെട്ടൊരു ഉല്‍പ്പാദനവ്യവസ്ഥ' അതിഉല്‍പ്പാദനത്തിന്റേതല്ല, മറിച്ച് ഗുണപരമായ മികവുള്ളൊരു ഉല്‍പ്പാദന വ്യവസ്ഥയാണ്  (Qualitatively higher mode of production). മാര്‍ക്സിന്റെ ചിന്തയില്‍ അത് 'സ്വതന്ത്രമായ ഉല്‍പ്പാദകരുടെ കൂട്ടായ്മകള്‍'  പ്രകൃതിയുമായുള്ള പിളര്‍പ്പ് സൃഷ്ടിക്കാതെ നടത്തുന്ന ഉല്‍പ്പാദനമാണ്.

'ഗ്രണ്ടിസ്സ്' എന്ന കൃതിയില്‍ മാര്‍ക്സ് പറയുന്നത് മുതലാളിത്ത ഉല്‍പ്പാദനവികാസം അതിന്റെ ലക്ഷ്യത്തിലെത്തുന്നത് 'വിരോധാര്‍ത്ഥമെന്ന നിലയില്‍ മാത്രമാണ്' (It does so only in antithetical form) എന്നാണ്; കാരണം അത് അന്യവല്‍ക്കരണവും വര്‍ഗ്ഗവിവേചനവും സൃഷ്ടിക്കുന്നു. അങ്ങനെ മനുഷ്യന്റെ പൂര്‍ണ്ണവികാസത്തിന് തടസ്സം നില്‍ക്കുന്നു. കമ്യൂണിസത്തിനു കീഴില്‍ മനുഷ്യന് സാദ്ധ്യമാകേണ്ട പൂര്‍ണ്ണവികാസത്തെക്കുറിച്ചാണ് മാര്‍ക്സ് പറഞ്ഞത്; പ്രകൃതിയെ ഇല്ലായ്മ ചെയ്തുകൊണ്ടുള്ള അമിത ഉല്‍പ്പാദന വികാസത്തെക്കുറിച്ചല്ല. ഉല്‍പ്പാദനത്തിന്റെ ഉപകരണങ്ങളെ നിരന്തരമായി നവീകരിക്കുന്നതിലൂടെ ലാഭം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ യത്‌നിക്കുന്ന മുതലാളിത്ത ഉല്‍പ്പാദനം, അന്തിമമായി പ്രതിസന്ധികളെ നേരിട്ട്  തകരുമെന്ന മാര്‍ക്സിന്റെ 'പ്രതിസന്ധി സിദ്ധാന്ത'വും (Marxian Crisis Theory) നാമോര്‍മ്മിക്കണം. അപ്പോള്‍, മുതലാളിത്ത അമിത ഉല്‍പ്പാദന വ്യവസ്ഥയുടെ മഹത്വത്തെയോ അനിവാര്യതയേയോ ചൂണ്ടിക്കാണിക്കുകയല്ല മാര്‍ക്സ് ചെയ്തതെന്നും അതിന്റെ ചരിത്രപരമായ അവസ്ഥകളെ വിശകലനം ചെയ്യുക മാത്രമായിരുന്നുവെന്നും വ്യക്തമാകും. മാര്‍ക്സിന്റെ ചിന്തയുടെ അനുസ്യൂതിയും ശാസ്ത്രീയതയും മനസ്സിലാക്കുമ്പോള്‍ 'ഉല്‍പ്പാദകശക്തികളുടെ വികാസം' എന്നതുകൊണ്ട് മാര്‍ക്സ് ഉദ്ദേശിച്ചത് കൃത്രിമ ഉപഭോഗത്തിനുള്ള അമിത സാമ്പത്തികവളര്‍ച്ചയല്ല, എല്ലാവരുടേയും അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവ സാദ്ധ്യമാക്കുന്നതിനുള്ള വികസനമാണെന്നു മനസ്സിലാകും. 

മാര്‍ക്സിനെ ശരിയായി കണ്ടെത്തുമ്പോള്‍
മാര്‍ക്സിന്റെ ശരികളെ സ്ഥാപിച്ചെടുക്കുകയല്ല ഇവിടെ ലക്ഷ്യമിടുന്നത്. മറിച്ച്  സമകാലിക മുതലാളിത്തത്തിന്റെ സൈദ്ധാന്തികവും പ്രയോഗസിദ്ധവുമായ വിശകലനത്തിന് ഉപയുക്തമാകുംവിധം മാര്‍ക്സിനെ വായിക്കുക എന്നതാണ്. പ്രകൃതിയുമായി മനുഷ്യനുള്ള വൈരുദ്ധ്യാത്മക ബന്ധം പ്രകൃതിക്കുമേലുളള അധീശത്വമോ പ്രകൃതിയുമായുള്ള സംഘര്‍ഷമോ അല്ല. നിലനില്പിനുവേണ്ടിയുളള പ്രതിപ്രവര്‍ത്തനമാണ്. മാര്‍ക്സിസത്തില്‍ മനുഷ്യന്‍ കേന്ദ്രസ്ഥാനത്താണ്; അത് പ്രകൃതി തന്റെ 'അജൈവശരീര'മായുളള മനുഷ്യനാണ്. മനുഷ്യന്‍ പ്രകൃതിയിലേക്കു കടന്നുവരുമ്പോഴാണ് പരിസ്ഥിതി ഒരു സമസ്യയായി വളരുന്നത്. അതിനാല്‍ മാര്‍ക്സിസത്തിലെ മനുഷ്യകേന്ദ്രിതത്വം പരിസ്ഥിതി വിരുദ്ധതയല്ല. 

പ്രകൃതിയില്‍ ഉല്‍പ്പാദനം നടത്തുന്ന മനുഷ്യന്‍, അവന്റെ പണിയായുധങ്ങളും സാങ്കേതിക വിദ്യയും കൊണ്ട് പ്രകൃതിയെ പരിവര്‍ത്തിപ്പിക്കുന്നു. 'പ്രകൃതിയുടെ വൈരുദ്ധ്യാത്മകത' (Dialectics of Nature) എന്ന കൃതിയില്‍ ഏംഗല്‍സ് പറയുന്നു: ''മനുഷ്യന്‍ വരുന്നതോടെ ചരിത്രം ആരംഭിക്കുന്നു... അവന്റെ ചരിത്രനിര്‍മ്മിതി ചുറ്റുമുള്ള എല്ലാത്തിനേയും ബാധിക്കുന്നു.'' ഈ ചരിത്രനിര്‍മ്മിതി പരസ്പരാശ്രിതത്വത്തിന്റെ അതിരുകള്‍ കടന്ന് അപകടകരമാകുന്നതാണ് കുഴപ്പം. മനുഷ്യനും പ്രകൃതിയുമായുണ്ടാകുന്ന മെറ്റബോളിക് പിളര്‍പ്പ് സ്വതന്ത്രരായ ഉല്‍പ്പാദകരുടെ കൂട്ടായ്മയിലൂടെ പരിഹരിച്ച് സുസ്ഥിരമായൊരു ഭാവി സൃഷ്ടിക്കുന്നതിനെക്കുറിച്ചും മാര്‍ക്സ് ചിന്തിച്ചിരുന്നു.

ഭാവിതലമുറകളോട് നമുക്കുള്ള ഉത്തരവാദിത്വം സുസ്ഥിര വികസനത്തില്‍ ഏറെ പ്രധാനമാണ്. ഈ സന്ദര്‍ഭത്തില്‍ ഏറെ  പ്രചാരത്തിലുള്ളത് അമേരിക്കയിലെ ആദിമ ജനതയായ റെഡ് ഇന്ത്യക്കാരുടെ പ്രതിനിധിയായ സിയാറ്റില്‍ മൂപ്പന്റെ ഈ വാക്കുകളാണ്: ''ഈ ഭൂമി നമ്മുടെ പൂര്‍വ്വജരില്‍നിന്നു നമുക്കു പൈതൃകാവകാശമായി കിട്ടിയതല്ല; നമ്മുടെ കുട്ടികളില്‍നിന്നു നാം കടമെടുത്തതാണ്.'' പരിസ്ഥിതിയെക്കുറിച്ചു പറയുന്നവര്‍ ആവര്‍ത്തിച്ചു ഉദ്ധരിക്കുന്ന വാക്കുകളാണിവ. എന്നാല്‍,  നാം ശ്രദ്ധിക്കേണ്ടത് 'മൂലധന'ത്തിലെ മൂന്നാം വാല്യത്തിലെ നാല്പത്താറാം അദ്ധ്യായത്തില്‍ മാര്‍ക്സ് കുറിച്ചിട്ട ഈ വാക്കുകളാണ്: ''സമൂഹത്തിനാവശ്യമായ ഒരു മികവുറ്റ സാമ്പത്തിക ഘടനയുടെ വീക്ഷണത്തില്‍നിന്നു നോക്കുമ്പോള്‍ ഈ ഭൂഗോളം കുറേ വ്യക്തികളുടെ സ്വകാര്യ ഉടമസ്ഥതയിലായിരിക്കുകയെന്നത്, ഒരു മനുഷ്യന്‍ മറ്റൊരുവന്റെ സ്വകാര്യ സ്വത്തായിരിക്കുന്നതുപോലെ അപലപനീയമാണ്. ഒരു വലിയ സമൂഹമോ ഒരു രാഷ്ട്രമോ, ലോകത്തു നിലവിലുള്ള എല്ലാ സമൂഹങ്ങളും ഒന്നിച്ചോ ഭൂമിയുടെ ഉടമസ്ഥരാകുന്നില്ല. അവര്‍ അതിന്റെ കൈവശക്കാരോ പാട്ടക്കാരോ മാത്രമാണ്. നല്ലവരായ കുടുംബനാഥന്മാരെപ്പോലെ അവരതിനെ മെച്ചപ്പെട്ട അവസ്ഥയില്‍ വരും തലമുറകള്‍ക്കു കൈമാറി നല്‍കേണ്ടതുണ്ട്.'' ''മണ്ണ് നിതാന്തമായ സാമൂഹ്യസ്വത്താണ്'' എന്ന ബോധത്തോടെ അതിനെ ചൂഷണം ചെയ്യാതേയും ഉര്‍വ്വരത നശിപ്പിക്കാതേയും കൃഷിചെയ്യുകയുമെന്നത് ''മനുഷ്യവര്‍ഗ്ഗത്തിന്റെ വരുംതലമുറകളുടെ ശൃംഖലയുടെ പ്രജനനത്തിന്റേയും നിലനില്പിന്റേയും ഒഴിവാക്കാനാവാത്ത വ്യവസ്ഥയാണ്'' എന്ന് തുടര്‍ന്നുള്ള നാല്പത്തേഴാം അദ്ധ്യായത്തിലും പറയുന്നുണ്ട്. ഇങ്ങനെ ഭാവിതലമുറകളുടെ നിലനില്പിനെ മണ്ണിന്റെ സുസ്ഥിരവും ആരോഗ്യകരവുമായ നിലനില്പുമായി ബന്ധിപ്പിക്കുന്നു. ലോകം കണ്ട ആദ്യത്തെ സമഗ്ര പാരിസ്ഥിതിക ചിന്തകനായിരുന്നു മാര്‍ക്സ് എന്നത് ഇപ്പോള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടുകഴിഞ്ഞു. ഇത് മാര്‍ക്സിസ്റ്റുകള്‍ നെഞ്ചിലേറ്റേണ്ട ഏറ്റവും വലിയ തിരിച്ചറിവാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com