അനന്തമായി നീളുന്ന കേസുകള്‍ ആശയറ്റ ജീവിതങ്ങള്‍

വാഹനാപകട കേസുകള്‍ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുമ്പോള്‍ നിയമസംവിധാനങ്ങള്‍ പരിമിതിക്കുള്ളില്‍ നട്ടം തിരിയുകയാണ്
അനന്തമായി നീളുന്ന കേസുകള്‍ ആശയറ്റ ജീവിതങ്ങള്‍

വാഹനാപകടക്കേസുകള്‍ തീര്‍പ്പാകാതെ അനന്തമായി വൈകുമ്പോള്‍ അതിനു പിന്നില്‍ ഓരോ ജീവിതദുരന്തത്തിന്റെയും നരകപീഡകളുടെയും കണ്ണീരിറ്റുന്ന കഥകളുണ്ട്. സംസ്ഥാനത്തെ 37 എം.എ.സി.ടി കോടതികളിലായി കെട്ടിക്കിടക്കുന്നത് ഒന്നര ലക്ഷത്തിലേറെ കേസുകള്‍. അഞ്ച് മുതല്‍ 22 വര്‍ഷം വരെ പഴക്കമുള്ള കേസുകളാണ് തീര്‍പ്പാകാതെ കിടക്കുന്നവയില്‍ ഏറെയും

മോട്ടോര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രൈബ്യൂണല്‍ കോടതികളുടെ ലക്ഷ്യം ഏറെ മനുഷ്യസ്‌നേഹപരമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, കേസുകള്‍ തീര്‍പ്പാക്കുന്നതിലുണ്ടാകുന്ന അനിശ്ചിതത്വവും കാലതാമസവും ഈ വിശുദ്ധമായ ലക്ഷ്യങ്ങളൊക്കെ കാറ്റില്‍ പറത്തുകയാണ്. അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട കേസുകള്‍ പോലും പത്തും പതിനഞ്ചും വര്‍ഷം നീണ്ടുപോകുമ്പോള്‍ നൂറുകണക്കിന് പാവപ്പെട്ട കുടുംബങ്ങളാണ് പട്ടിണിയും പരിവട്ടവുമായി ജീവിതം തള്ളിനീക്കേണ്ടി വരുന്നത്. കോടതികളുടെ പരിമിതികളും സാങ്കേതികക്കുരുക്കുകളുമൊക്കെ ചേര്‍ന്ന് അപകടത്തില്‍പ്പെടുന്നവരേയും അവരുടെ കുടുംബങ്ങളേയും ഒഴിയാദുരിതങ്ങളുടെ നീര്‍ച്ചുഴിയില്‍ കുരുക്കുന്നതാണ് അനുഭവം. 

സംസ്ഥാനത്തെ 37 എം.എ.സി.ടി കോടതികളിലായി (ഇതില്‍ 15 എണ്ണം അഡീഷണല്‍ എം.എ.സി.ടികളാണ്) 1.50 ലക്ഷത്തിലേറെ കേസുകള്‍ കെട്ടിക്കിടപ്പുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം കോടതികളില്‍നിന്ന് ലഭിച്ച കണക്കുകള്‍ കാണിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ തീര്‍പ്പാകാതെ കിടക്കുന്നത് തൃശൂര്‍ എം.എ.സി.ടിയിലാണ് 15,000-ത്തിലേറെ. 2000-ത്തിനും 10,000-ത്തിനും ഇടയ്ക്കാണ് മറ്റ് കോടതികളിലെ കെട്ടിക്കിടക്കുന്ന കേസുകളുടെ കണക്ക്. ഓരോ വര്‍ഷവും ഏറ്റവുമധികം കേസുകളുണ്ടാകുന്നതും തൃശൂര്‍ കോടതിയിലാണ്. പ്രതിവര്‍ഷം 1600-1700 കേസുകളാണ് ഓരോ കോടതിയിലും പുതുതായി ഉണ്ടാകുന്നതെങ്കില്‍ തൃശൂരില്‍ ഇത് 2800-3000 ആണ്. ആയിരത്തില്‍ താഴെ കേസുകള്‍ കെട്ടിക്കിടക്കുന്നത് രണ്ടോ മൂന്നോ കോടതികളില്‍ മാത്രമാണ്. അഞ്ച് മുതല്‍ 22 വര്‍ഷം വരെ പഴക്കമുള്ള കേസുകളാണ് തീര്‍പ്പാകാതെ കിടക്കുന്നവയില്‍ ഏറെയും. കേസുകളുടെ എണ്ണത്തിലെന്ന പോലെ പഴക്കത്തിന്റെ കാര്യത്തിലും തൃശൂരാണ് മുന്നില്‍. 22 വര്‍ഷം വരെ പഴക്കമുള്ള കേസുകള്‍ തൃശൂരിന്റെ സ്വന്തമാണ്. 

കെട്ടിക്കിടക്കുന്ന കേസുകളില്‍ 6000-ത്തോളം കേസുകളിലും മരണം സംഭവിച്ചിട്ടുള്ളതാണ്. ഇവരില്‍ ബഹുഭൂരിപക്ഷവും കുടുംബത്തിന്റെ ഏക ആശ്രയവും അത്താണിയുമായിരുന്ന ഗൃഹനാഥന്മാരോ കുടുംബം പുലര്‍ത്താന്‍ ജോലി ചെയ്യുന്നവരോ ആണുതാനും. സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ പകുതിയിലേറെപ്പേരും 20-55 പ്രായപരിധിയിലുള്ളവരാണെന്ന പൊലീസ് ക്രൈംറെക്കോഡ്സ് ബ്യൂറോയുടെ നിരീക്ഷണം ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. കോടതി നടപടികളിലൂടേയും അദാലത്തുകള്‍ വഴിയും അനുരഞ്ജന ചര്‍ച്ചകള്‍ വഴിയുമൊക്കെയായി പ്രതിവര്‍ഷം ശരാശരി 12,000 മുതല്‍ 15,000 വരെ കേസുകളാണ് സംസ്ഥാനത്ത് തീര്‍പ്പാക്കുന്നത്. ഒരു കോടതിയില്‍ ശരാശരി 400 കേസുകള്‍. ഇതനുസരിച്ചാണെങ്കില്‍ ഇപ്പോള്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ തന്നെ 15-20 വര്‍ഷമെങ്കിലും വേണ്ടിവരും. ഇതിനിടയിലാകട്ടെ ഇതിന്റെ മൂന്നോ നാലോ ഇരട്ടി പുതിയ കേസുകള്‍ ഓരോ വര്‍ഷവും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. 12 മുതല്‍ 15 ശതമാനം വരെയാണ് കേസുകളിലെ വര്‍ധന. 

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഓരോ വര്‍ഷവും 35,000 മുതല്‍ 40,000 വരെ വാഹനാപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. ഈ അപകടങ്ങളിലായി ശരാശരി 4000 പേര്‍ മരിക്കുകയും 40,000-ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ കേസുകളായി കുന്നുകൂടുമ്പോള്‍ വിധി കാത്ത് കിടക്കുന്ന കേസുകളുടെ എണ്ണം ആറക്കവും കടന്നുപോയാല്‍ അത്ഭുതപ്പെടേണ്ടതില്ല. മാത്രവുമല്ല, ഈ സ്ഥിതി തുടര്‍ന്നാല്‍ ഇപ്പോഴുണ്ടാകുന്ന ഒരപകടക്കേസില്‍ വിധി വരാന്‍ 2025 വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. ആയിരക്കണക്കിന് കുടുംബങ്ങളെ ഇങ്ങനെ തീരാദുരിതത്തിലാഴ്ത്തി എം.എ.സി.ടി കേസുകള്‍ അനിശ്ചിതമായി നീണ്ടുപോകുന്നത് വാഹനങ്ങള്‍ ക്രമാതീതമായി പെരുകുന്നതും അപകടങ്ങള്‍ വര്‍ധിക്കുന്നതും മാത്രമാണോ?  

കുന്നുകൂടുന്ന പരിമിതികള്‍
വാഹനാപകടങ്ങളില്‍പ്പെട്ട് മരണമടയുകയോ ദീര്‍ഘകാലം ചികിത്സ വേണ്ടിവരികയോ ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരും പാവപ്പെട്ടവരുമാണ്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട ആനുകൂല്യം ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസം സ്വാഭാവികമായും അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കും. ചുരുക്കം വരുന്ന സാമ്പത്തികശേഷിയുള്ളവര്‍ക്ക് ആനുകൂല്യങ്ങളൊന്നും കിട്ടിയില്ലെങ്കിലും കാര്യമായ പ്രശ്‌നങ്ങളുണ്ടാകാറില്ല. റോഡപകടങ്ങളുടെ വര്‍ദ്ധനയ്ക്കൊപ്പം വാഹനാപകടക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങളോ നടപടിക്രമങ്ങളോ ഇല്ലാത്തതും കോടതി സംവിധാനങ്ങളിലെ അപര്യാപ്തതകള്‍ പരിഹരിക്കപ്പെടാത്തതുമാണ്  കേസുകള്‍ അനന്തമായി നീണ്ടുപോകാനിടയാക്കുന്നത്. 


വാഹനവര്‍ദ്ധനയ്ക്കനുസരിച്ച് റോഡപകടങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇതിന് ആനുപാതികമായി കോടതികളുടെ എണ്ണം വര്‍ദ്ധിക്കാറില്ല. ഓരോ വര്‍ഷവും അപകടങ്ങളുടെ എണ്ണത്തില്‍ ആയിരങ്ങളുടെ വര്‍ദ്ധനവുണ്ടാകുമ്പോള്‍ കോടതികളുടെ എണ്ണം വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. കേസുകള്‍ തീര്‍പ്പാക്കുന്നതിന് 1988-ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ടോ റൂള്‍സോ സമയപരിധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ടവരാരും ശ്രദ്ധിക്കാറുമില്ല. കോടതികളുടേയും ജഡ്ജിമാരുടേയും കുറവ് ഇത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. 37 കോടതികളില്‍ 22-ല്‍ മാത്രമാണ് പൂര്‍ണ്ണസമയ ജഡ്ജിമാരുള്ളത്. 15 അഡീഷണല്‍ എം.എ.സി.ടികളിലെ ജഡ്ജിമാര്‍ക്ക് സാധാരണ കേസുകള്‍ക്ക് പുറമേയാണ് വാഹനാപകടക്കേസുകളുടെ ചുമതല. ഈ കോടതികളിലെ സിവില്‍ കേസുകളുടേയും ക്രിമിനല്‍ കേസുകളുടേയും ബാഹുല്യവും കേസുകളുടെ വിചാരണയും മൂലം എം.എ.സി.ടി കേസുകള്‍ ദിവസവും പരിഗണിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇതുമൂലം നിശ്ചിത സമയത്ത് കേസുകള്‍ വിളിക്കാനോ വിസ്താരം പൂര്‍ത്തിയാക്കാനോ കഴിയാതെ വരുന്നു.

കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലുണ്ടാകുന്ന കാലവിളംബമാണ് മറ്റൊരു പ്രശ്‌നം. ഒരു വാഹനാപകടക്കേസ് ഫയല്‍ ചെയ്താല്‍ അത് എം.എ.സി.ടിയിലെ ചീഫ് മിനിസ്റ്റീരിയല്‍ ഓഫീസര്‍ (സി.എം.ഒ) മുന്‍പാകെയാണ് ആദ്യമെത്തുക. (പല കോടതികളിലും പല റാങ്കിലുള്ളവര്‍ സി.എം.ഒമാരായി പ്രവര്‍ത്തിക്കുന്നത് പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ചിലയിടങ്ങളില്‍ ശിരസ്തദാരാണ് സി.എം.ഒയെങ്കില്‍ മറ്റ് ചിലയിടങ്ങളില്‍ ജൂനിയര്‍ സൂപ്രണ്ടാണ് സി.എം.ഒ. എന്നാല്‍, പദവിയില്‍ ജൂനിയര്‍ സൂപ്രണ്ടാണെങ്കിലും ഇവര്‍ അറിയപ്പെടുന്നത് ഹെഡ് ക്ലാര്‍ക്ക് എന്നും. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനെങ്കിലുമാകണം സി.എം.ഒ-യെന്നാണ് ജീവനക്കാരുടെ ആവശ്യം.

സി.എം.ഒ-യുടെ മുന്‍പിലെത്തുന്ന ഫയലില്‍ ഹാജരാക്കേണ്ട രേഖകളെപ്പറ്റിയുള്ള അവ്യക്തത കാലതാമസമുണ്ടാക്കുന്നതിലെ പ്രധാന ഘടകമാണ്. അപകടം സംബന്ധിച്ച പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) ബന്ധപ്പെട്ട സ്റ്റേഷന്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയതാകണമെന്നുണ്ട്. പക്ഷേ, ഒപ്പോ സീലോ ഒന്നും വ്യക്തമാകാത്ത വിധമാണ് പല കേസുകളും ഫയല്‍ ചെയ്യപ്പെടുന്നത്. ഇത് സാക്ഷ്യപ്പെടുത്തുന്നതില്‍ വലിയ അഴിമതി നടക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുപോലെ സാക്ഷ്യപ്പെടുത്തിയ പോസ്റ്റ് മോര്‍ട്ടം സര്‍ട്ടിഫിക്കറ്റോ പരിക്ക് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റോ വേണം ഹാജരാക്കാന്‍. സാക്ഷ്യപ്പെടുത്തി ഹാജരാക്കേണ്ട രേഖകളില്‍ അപകട മഹസറിന്റെ കോപ്പിയും ഉള്‍പ്പെടുന്നു. എന്നാല്‍, പലപ്പോഴും ബന്ധപ്പെട്ടവരുടെ ഒപ്പോ സീലോ ഒന്നുമില്ലാതെയായിരിക്കും കേസ് ഫയല്‍ ചെയ്യുന്നത്. ഇതുമൂലം കേസില്‍ സമന്‍സ് അയക്കുന്നതിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലും തുടര്‍ന്നുള്ള വിചാരണ ആരംഭിക്കുന്നതിലും കാലതാമസമുണ്ടാവുന്നുണ്ട്.

ഈ നിബന്ധനകളെല്ലാം പൂര്‍ത്തിയാക്കി കേസ് ഫയലില്‍ സ്വീകരിച്ചാല്‍ പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കും. ഹാജരാകാന്‍ മൂന്ന് മാസം സമയം നല്‍കിയാണ് നോട്ടീസ് അയക്കാറുള്ളത്. നോട്ടീസ് അയക്കുന്നതിനുള്ള മേല്‍വിലാസം നല്‍കേണ്ടത് പൊലീസാണ്. ഇത് നല്‍കണമെങ്കില്‍ പൊലീസിന് കാശുകൊടുക്കണം. പിന്നീട് നോട്ടീസ് യഥാസമയം പ്രതികള്‍ക്ക് എത്തിക്കണമെങ്കിലും പൊലീസുകാര്‍ക്ക് കൈമടക്ക് ലഭിക്കണം. പല കേസുകളിലും പ്രതികള്‍ സമന്‍സ് കൈപ്പറ്റാതെ മുങ്ങിക്കളയുന്ന രീതിയുമുണ്ട്. സമന്‍സുമായെത്തുന്ന പൊലീസുകാരെ വേണ്ടതുപോലെ കണ്ടാണ് പ്രതികള്‍ സമന്‍സില്‍നിന്ന് ഒഴിഞ്ഞുമാറുന്നത്. ഇങ്ങനെ വരുമ്പോള്‍ വീണ്ടും സമന്‍സ് അയക്കുകയും, ഇതിന്റെ പേരില്‍ മാസങ്ങള്‍ നിരവധി കടന്നുപോവുകയും ചെയ്യും. ഒന്നിലേറെ പ്രതികളുണ്ടെങ്കില്‍, ആര്‍ക്കെങ്കിലും ഒരാള്‍ക്ക് യഥാസമയം സമന്‍സ് നല്‍കാന്‍ കഴിയാതെ വരുന്നതും കാലതാമസത്തിന് ഇടയാക്കാറുണ്ട്.

കേസ് വിചാരണയ്ക്കെത്തുന്ന വേളയില്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നതും പലപ്പോഴും കേസുകള്‍ നീളാന്‍ കാരണമാകാറുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിലെ കാലതാമസമാണ് മറ്റൊരു പ്രശ്‌നം. മറ്റ് കേസുകളില്‍ കാണിക്കുന്ന അത്രയ്ക്ക് ജാഗ്രത ഇത്തരം കേസുകളില്‍ അഭിഭാഷകര്‍ കാണിക്കാത്തതും പ്രശ്‌നമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മറ്റ് കോടതികളുടെ ചുമതലയുള്ള ജഡ്ജിമാര്‍ക്ക് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ പൂര്‍ണ്ണസമയം ചെലവഴിക്കാന്‍ കഴിയാത്തതും പല കേസുകളിലും താമസമുണ്ടാക്കുന്നുണ്ട്. തലശേരി എം.എ.സി.ടി ജഡ്ജി മാസം പത്തു ദിവസമെങ്കിലും ജില്ലയുടെ മറ്റ് പ്രദേശങ്ങളില്‍ സിറ്റിങ്ങിനായി പോകേണ്ടിവരുന്നുണ്ട്.

എം.എ.സി.ടി കോടതികളിലെ ഓഫീസ് സംവിധാനത്തിന്റെ അപര്യാപ്തതയും ജീവനക്കാരുടെ കുറവും നടപടിക്രമങ്ങളെ ഏറെ സങ്കീര്‍ണ്ണമാക്കാറുണ്ട്. പകുതിയോളം കോടതികള്‍ക്ക് സ്വന്തമായി കെട്ടിടം പോലുമില്ല. ഉള്ള കെട്ടിടങ്ങള്‍ തന്നെ വേണ്ടത്ര സൗകര്യമില്ലാത്തവയും. ചില കോടതികളില്‍ ഓഫീസ് സ്ഥിതി ചെയ്യുന്നത് പല ഭാഗത്തായാണ്. പല കോടതികളുടേയും റെക്കോഡ് മുറികളില്‍നിന്ന് രേഖകളെന്തെങ്കിലും കണ്ടുപിടിക്കുക ശ്രമകരമായ പണിയാണ്. ചില കോടതികളില്‍ പ്രത്യേക മുറിയില്ലാത്തതുകൊണ്ട് റെക്കോഡുകള്‍ സൂക്ഷിക്കുന്നത് ഓഫീസില്‍ത്തന്നെയാണ്.

ജീവനക്കാരുടെ എണ്ണം നിശ്ചയിക്കുന്നതിന് ഇതേവരെ ക്യത്യമായ മാനദണ്ഡമില്ലെന്നതാണ് ഏറെ കൗതുകകരം. ജീവനക്കാര്‍ കുറവാണെന്ന കാര്യം എല്ലാവരും സമ്മതിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓര്‍ഗനൈസേഷന്‍ ആന്റ് മെത്തേഡ്സ് സ്റ്റഡി (ഒ ആന്റ് എം സ്റ്റഡി) നടത്തി. വിശദമായ പഠനത്തിനു ശേഷം എം.എ.സി.ടികളില്‍ 211 തസ്തിക സ്യഷ്ടിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പക്ഷേ, നടപടികളൊന്നും ഫലപ്രദമായില്ല. ചുരുങ്ങിയത് കേസുകളുടെ എണ്ണം മാനദണ്ഡമാക്കിയെങ്കിലും ജീവനക്കാരുടെ എണ്ണം തിട്ടപ്പെടുത്തണമെന്നാണ് ജീവനക്കാര്‍ ഉന്നയിക്കുന്ന ആവശ്യം. ഇത്തരം പരിമിതികള്‍ക്കുള്ളിലും കേസ് നടത്തിപ്പില്‍ അരങ്ങേറുന്ന കള്ളക്കളികളും ദുരിതമനുഭവിക്കുന്ന മനുഷ്യരെ വട്ടം കറക്കുന്നുണ്ട്. 

കള്ളക്കളികള്‍ പലവിധം
അപകടങ്ങളില്‍പ്പെട്ട് മരിക്കുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം എപ്പോള്‍ കിട്ടുമെന്നതിന് ഒരുറപ്പുമില്ലാത്ത സ്ഥിതിയാണ്. പരിക്കേറ്റ് ദുരിതജീവിതം തള്ളിനീക്കുന്ന ഹതഭാഗ്യര്‍ക്ക് സഹായം ലഭിക്കുന്ന കാര്യത്തിലും ഒരു നിശ്ചയവുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അപകടങ്ങളും ആഘോഷമാക്കി മാറ്റുന്ന ഒരു കൂട്ടരുണ്ട്-അഭിഭാഷകരും പൊലീസും ഡോക്ടര്‍മാരും ഇവരുടെ ഏജന്റുമാരും അടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ട്. അപൂര്‍വ്വം ചില ജഡ്ജിമാരും ഈ കൂട്ടുകെട്ടിന്റെ ഭാഗമായ ചരിത്രമുണ്ട്.

വാഹനാപകടമുണ്ടായാല്‍ അഭിഭാഷകരുടെ ഏജന്റ് ഉടന്‍ ആശുപത്രിയിലെത്തും. സഹായത്തിന് പൊലീസും ഉണ്ടാകും. അപകടത്തില്‍ മരിച്ചവരുടേയോ പരിക്കേറ്റവരുടേയോ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അവരുമായി ബന്ധപ്പെടും. ഇതിനിടയില്‍ത്തന്നെ പരിക്കേറ്റവര്‍ക്ക് രക്തം സംഘടിപ്പിച്ച് കൊടുക്കുന്നതടക്കമുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കും. പരിക്കേറ് റ്കിടക്കുന്നവര്‍ക്ക് ഭക്ഷണം വേണമെങ്കില്‍ അതും ഏര്‍പ്പാടാക്കും. ചുരുക്കത്തില്‍ പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്തവരുടെ സ്വന്തം ആളായി മാറും. ഇതിനിടയില്‍ തക്കം നോക്കി മരിച്ചയാളുടെ അവകാശിയെക്കൊണ്ടോ പരിക്കേറ്റ് കിടക്കുന്നയാളെക്കൊണ്ടോ ഒരു വക്കാലത്ത് ഫോമില്‍ ഒപ്പിട്ടു വാങ്ങും. അപകടത്തിന്റെ ആഘാതത്തില്‍നിന്ന് മോചിതരാകാത്ത ഇവര്‍ ഒപ്പിട്ടുകൊടുക്കുന്നത് കേസിനുവേണ്ടിയാണെന്നൊന്നും ഈ ഘട്ടത്തില്‍ അറിയാറില്ല.

വക്കീലിന്റെ ഏജന്റ് ഇങ്ങനെ കേസ് തരപ്പെടുത്തുന്നതിന് പൊലീസുകാര്‍ക്കും ഡോക്ടര്‍ക്കുമൊക്കെ ക്യത്യമായ 'പടി'- നല്‍കും. ഇത് 1000 മുതല്‍ 5000 രൂപ വരെയാണ്. അപകടത്തിന്റെ ഗുരുതരാവസ്ഥയും, ലഭിക്കാവുന്ന നഷ്ടപരിഹാരത്തിന്റെ തോതുമനുസരിച്ചാണ് പടിയുടെ തോതും നിശ്ചയിക്കുക. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടര്‍ ഇത്തരം കേസുകള്‍ക്ക് മാസപ്പടിയാണ് കൈപ്പറ്റുന്നത്. എം.എ.സി.ടി കേസ് റാഞ്ചിയെടുക്കാന്‍ ചില അതിബുദ്ധിമാന്മാരായ വക്കീലന്മാരുടെ ഏജന്റുമാര്‍ ഇങ്ങനെ മണ്ടിപ്പായുന്നതുകൊണ്ട്, ബോര്‍ഡും തൂക്കിയിരിക്കുന്ന മര്യാദക്കാരായ പലര്‍ക്കും കേസ് കിട്ടാന്‍ വളരെ പാടുപെടേണ്ടിവരുന്നുണ്ട്. കേസ് കിട്ടിയാല്‍ത്തന്നെ ആവശ്യമായ രേഖകള്‍ പൊലീസില്‍നിന്നും ഡോക്ടറുടെ പക്കല്‍നിന്നും കിട്ടാന്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് തിരുവനന്തപുരത്തെ ഒരു പ്രമുഖ അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ വരുമ്പോള്‍ വിവരാവകാശ നിയമപ്രകാരമാണ് രേഖകള്‍ സംഘടിപ്പിക്കുന്നത്. വിവരാവകാശ നിയമമനുസരിച് രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്നതിന്റെ പേരില്‍ തിരുവനന്തപുരത്ത് ഒരു പൊലീസുകാരനെ 15,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ച സംഭവവുമുണ്ട്.

അപകടത്തില്‍ പരിക്കേല്‍ക്കുന്നയാള്‍ക്ക് പരിക്കിന്റെ തീവ്രതയ്ക്കനുസരിച്ചാണ് നഷ്ടപരിഹാരത്തുക ലഭിക്കുക. ഇതിലും കള്ളക്കളികള്‍ പലതും അരങ്ങേറുന്നുണ്ട്. ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് ഇതിന് ആധാരം. അതുകൊണ്ട് വൈകല്യത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ ഡോക്ടറെ കാണേണ്ടതുപോലെ കണ്ടാല്‍ മതി. ഇതിന് ഡോക്ടര്‍ക്ക് നിശ്ചിത ഫീസുണ്ട്. ആലപ്പുഴ എം.എ.സി.ടി കോടതിയില്‍ ഹാജരാക്കുന്ന ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റെല്ലാം ഒരേ ഡോക്ടര്‍ തന്നെയാണ് നല്‍കുന്നത്.
ഇതില്‍ കുറച്ചുകൂടി ധൈര്യം കാണിക്കുന്ന ഡോക്ടര്‍മാരുണ്ട്.

കളളക്കേസെടുക്കുന്നതിന് വ്യാജ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കും. നഷ്ടപരിഹാരമായി കിട്ടുന്ന തുക മുഴുവന്‍ ലാഭമായതുകൊണ്ട്, ഇതിന് വന്‍തുകതന്നെ ഡോക്ടര്‍ വാങ്ങും. ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റ് വച്ച് പൊലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) തയ്യാറാക്കി കേസെടുക്കും. വക്കീലന്മാരും ഡോക്ടര്‍മാരും ചേര്‍ന്നുള്ള ഈ കളി പക്ഷെ, കണ്ടുപിടിക്കപ്പെട്ടാല്‍ കുഴപ്പത്തില്‍ ചാടിയതുതന്നെ. ഇത്തരം കള്ളക്കേസുകളുടെ പേരില്‍ തിരുവനന്തപുരത്ത് അഞ്ച് അഭിഭാഷകര്‍ വിജിലന്‍സ്  അന്വേഷണം നേരിടുകയാണ്.


വക്കീലും പൊലീസും ഡോക്ടറും ചേര്‍ന്ന് കള്ളക്കേസുണ്ടാക്കി പണം തട്ടുന്ന ഏര്‍പ്പാടും അപൂര്‍വമല്ല. ഒരു വാഹനം വഴിയിലുള്ള പോസ്റ്റിലിടിച്ചോ, അബദ്ധത്തില്‍ മറിഞ്ഞോ ഉണ്ടാകുന്ന അപകടങ്ങളെയും, മറ്റൊരു വാഹനവുമായി ഇടിച്ചുണ്ടായ അപകടമാണെന്ന് വരുത്തിത്തീര്‍ത്താണ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം 156(3) വകുപ്പനുസരിച്ച് സ്വകാര്യ അന്യായം നല്‍കും. രണ്ട് സാക്ഷികളെ വയ്ക്കും. ഒരാളെ പ്രതിയാക്കും. അപകടത്തിന് തെളിവായി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും തരപ്പെടുത്തും. ഇതിനുപക്ഷെ, ബന്ധപ്പെട്ട സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥര്‍ക്ക് അവരുടെ പദവിക്കനുസരിച്ച് 'പടി' നല്‍കണമെന്നു മാത്രം. ഇങ്ങനെ വ്യാജക്കേസുണ്ടാക്കുന്നതിന് സൗകര്യമായി വാഹനമൊന്നും കിട്ടുന്നില്ലെങ്കില്‍ ചില വക്കീലന്മാര്‍ക്ക് സ്വന്തമായി ബസുകള്‍ പോലുമുണ്ട്. കേസുവരുമ്പോള്‍ അപകടമുണ്ടാക്കുന്നത് ഇത്തരം ബസുകളായിരിക്കും. ഇതിനുപക്ഷേ, നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം വരെ ഫീസായി വാങ്ങുമെന്നു മാത്രം. പൊലീസും വക്കീലും ഡോക്ടറുമൊക്കെ ചേര്‍ന്നുള്ള കള്ളക്കളിയില്‍ ചില ജഡ്ജിമാര്‍ വരെ പങ്കാളികളായ ചരിത്രവും അന്യമല്ല. കുറച്ചുകാലം മുമ്പാണ് തിരുവനന്തപുരം എം.എ.സി.ടി ജഡ്ജിയായിരുന്ന രാജുവിനെ അഴിമതിയുടെ പേരില്‍ ഹൈക്കോടതി പരിച്ചുവിട്ടത്.

കേസിലെ ഇരട്ടിപ്പാണ് മറ്റൊരു കള്ളക്കളി. വക്കീലന്മാരുടെ ഏജന്റുമാര്‍ ആശുപത്രി കയറിയിറങ്ങി സംഘടിപ്പിക്കുന്ന കേസുകള്‍ പലതും ബന്ധപ്പെട്ട കക്ഷികള്‍ അറിയാതെയായിരിക്കും. പിന്നീട് കക്ഷി നേരിട്ടെത്തി വക്കീലിനെക്കണ്ട് മറ്റൊരു കേസ് നല്‍കും. ഇങ്ങനെ ഒരേ അപകടത്തിന് രണ്ട് കേസിലും വിധിയുണ്ടാവുകയും നഷ്ടപരിഹാരം വാങ്ങിയെടുക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതിന് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വക്കീലും കണ്ണടച്ചുകൊടുക്കും. കാരണം ഒരു കേസിന് ഇന്‍ഷ്വറന്‍സ് വക്കീലിന് ലഭിക്കുന്നത് 4500 രൂപയാണ്. എന്നാല്‍, ഇപ്പോള്‍ കേസില്‍ കക്ഷിയുടെ ഫോട്ടോ നിര്‍ബന്ധമാക്കിയതുകൊണ്ട് ഈ തട്ടിപ്പ് നടക്കാറില്ല.

കുറച്ചു വര്‍ഷം മുന്‍പ് പന്തളത്തുണ്ടായ വാഹനാപകടത്തില്‍ തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചു. മൃതദേഹത്തിനൊപ്പം പോയ പൊലീസുകാരന്‍ മരിച്ചയാളുടെ ഭാര്യയെക്കൊണ്ട് വക്കാലത്ത് ഒപ്പിടുവിച്ച് മാവേലിക്കരയിലെ ഒരു വക്കീലിന് നല്‍കി. ഇക്കാര്യമറിയാതെ മരിച്ചയാളുടെ ബന്ധുക്കള്‍ മറ്റൊരു വക്കീലിനും വക്കാലത്ത് നല്‍കി. കേസ് വിളിച്ചപ്പോള്‍ കോടതിയില്‍ ഒരേ കേസില്‍ രണ്ട് വക്കീലന്മാര്‍ ഹാജരായതുകണ്ട് ജഡ്ജി അത്ഭുതപ്പെട്ടു. വക്കീലന്മാര്‍ തമ്മില്‍ ധാരണയായതിനുശേഷം കേസ് പരിഗണിക്കാമെന്നായി ജഡ്ജി. ഒടുവില്‍ ജഡ്ജിയുടെ ചേംബറില്‍ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി ഒരാള്‍ വക്കാലത്തൊഴിഞ്ഞു. 

വക്കീലന്മാര്‍ ഫീസ് വാങ്ങുന്നതിലും മാനദണ്ഡമൊന്നുമില്ല. അഡ്വക്കറ്റ്സ് ആക്ട് 1961 അനുസരിച്ച് പരമാവധി 15 ശതമാനം ഫീസ് വാങ്ങാനേ വകുപ്പുള്ളൂ. അങ്ങനെയിരിക്കെയാണ് 50 ശതമാനം വരെ ഫീസ് വാങ്ങുന്നത്. ഫീസിന്റെ കാര്യത്തില്‍ വാദിക്ക് വാദിക്കാന്‍ ഒരു വകുപ്പുമില്ലെന്നതാണ് സത്യം.
ഇത്തരം അനിശ്ചിതത്വങ്ങളും കള്ളക്കളികളും അരങ്ങേറുമ്പോള്‍ അപകടങ്ങള്‍ അടിച്ചേല്‍പ്പിച്ച ദുരിതങ്ങളില്‍ ജീവിതം നഷ്ടപ്പെടുന്നവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. ഇത് പരിഹരിക്കപ്പെടാന്‍ കേസ് നടത്തിപ്പിന്റെ രീതി അടിമുടി പരിഷ്‌കരിക്കുകയും കേസ് നടപടികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നടപടികളെടുക്കുകയുമാണ്  ചെയ്യേണ്ടത്. 

വിധി വന്നാലും കടമ്പകളേറെ
വാഹനാപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചാല്‍, ആ കുടുംബം അനാഥമാകുന്ന സ്ഥിതിയാണ് പൊതുവെ കണ്ടുവരുന്നത്. പിന്നീട് വക്കീലിന്റെയും, കോടതിയുടെയും കാരുണ്യത്തിന് കാത്തിരിക്കുക മാത്രമാണ് കുടുംബത്തിന്റെ വിധി. അങ്ങനെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം കേസില്‍ വിധി വന്നു എന്നിരിക്കട്ടെ. രണ്ടു മാസത്തിനുള്ളില്‍ തുക കെട്ടിവയ്ക്കാനാണ് കോടതി ഇന്‍ഷ്വറന്‍സ് കമ്പനിയോട് നിര്‍ദ്ദേശിക്കുക. എന്നാല്‍, സാധാരണ ഗതിയില്‍ ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരത്തുകയുടെ 75 ശതമാനം തുക കോടതിയില്‍ കെട്ടിവച്ചതിനുശേഷം, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. അപ്പീലിന്മേല്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ പിന്നെയും വേണ്ടിവരും വര്‍ഷങ്ങള്‍ ഏറെ. ഈ കടമ്പയും പിന്നിട്ട് ഹൈക്കോടതി വിധി വരുമ്പോള്‍, ആദ്യം വിധിച്ചതില്‍നിന്ന് നഷ്ടപരിഹാരത്തുകയില്‍ ലക്ഷങ്ങളുടെ കുറവുണ്ടാകും.

ഇതിനെതിരെ വീണ്ടും അപ്പീലുമായി പോയാല്‍ പിന്നേയും വര്‍ഷങ്ങളോളം വൈകും എന്നതുകൊണ്ട്, കുറഞ്ഞ തുകയാണെങ്കിലും കിട്ടിയാല്‍ മതിയെന്ന് കക്ഷികള്‍ തീരുമാനിക്കും. ഈ പ്രതീക്ഷയില്‍ മുന്നോട്ടുപോകുമ്പോളാണ് അറിയുന്നത് അതു നടത്തിക്കിട്ടുന്നതിന് ബന്ധപ്പെട്ട എം.എ.സി.ടി കോടതി വീണ്ടും ഉത്തരവു പുറപ്പെടുവിക്കണമെന്ന്. ഇതിനും മാസങ്ങള്‍ പലതു കഴിയണം. ഇതെല്ലാം കഴിഞ്ഞ് അവസാന വിധി വന്നാല്‍ത്തന്നെ നഷ്ടപരിഹാരത്തുക ഗഡുക്കളായി മാത്രമേ നല്‍കുകയുള്ളൂ. ഇതിനിടയില്‍ നഷ്ടപരിഹാരം ലഭിക്കേണ്ട പലരും പരലോകം പൂകുകയും ചെയ്‌തെന്നു വരും.
ആലപ്പുഴയിലെ ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ഓഫീസര്‍ ഒന്നര പതിറ്റാണ്ടു മുന്‍പ് വാഹനാപകടത്തില്‍ മരണമടഞ്ഞു. കേസില്‍ വിധി വന്നത് 12 വര്‍ഷത്തിനുശേഷം. നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയുള്ള നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി എം എ സി ടി കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. രണ്ടുവര്‍ഷം കഴിഞ്ഞ് അപ്പീലിന്മേല്‍ വിധി വന്നപ്പോള്‍, എം.എ.സി.ടി കോടതി തീരുമാനിച്ച നഷ്ട പരിഹാരത്തുകയില്‍നിന്ന് നാലു ലക്ഷം രൂപ കുറഞ്ഞു. അപ്പീലിന്മേല്‍ തീര്‍പ്പു വന്നപ്പോള്‍ നഷ്ടപരിഹാരത്തുക ലഭിക്കേണ്ടിയിരുന്നവരില്‍ രണ്ടു പേര്‍ മരണമടയുകയും ചെയ്തിരുന്നു. ശേഷിച്ച അവകാശികള്‍ കുറഞ്ഞ തുകയാണെങ്കിലും കിട്ടിയാല്‍ മതി എന്നായി. പക്ഷേ, ഗഡുക്കളായേ നല്‍കുകയുള്ളൂ. ഇന്‍ഷ്വറന്‍സ് കമ്പനി കെട്ടിവച്ച തുക അവകാശികള്‍ക്ക് പിന്‍വലിക്കാം എന്നാണ് ഹൈക്കോടതിയുടെ അവസാന തീര്‍പ്പില്‍ പറയുന്നതെങ്കിലും, എം.എ.സി.ടി കോടതിയില്‍നിന്ന് ഇത് ഘട്ടം ഘട്ടമായി മാത്രമേ നല്‍കുകയുള്ളൂ എന്നാണ് വക്കീല്‍ ബന്ധപ്പെട്ട കക്ഷികളെ അറിയിച്ചിട്ടുള്ളത്.  ഇതിനു പിന്നിലെ യുക്തി എന്താണെന്നോ, നിയമപരമായ തടസ്സമെന്താണെന്നോ വക്കീല്‍ പറയുന്നുമില്ല. അതിനുവേണ്ടി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയാണ്  കക്ഷികള്‍.

ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, വാഹനാപകട നിരക്കില്‍ ലോകത്ത് ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. കേരളത്തില്‍ വാഹനാപകടങ്ങളില്‍ പ്രതിവര്‍ഷം ശരാശരി 4000 ത്തോളം മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണം ശരാശരി 40,000 വരും. ഇതുമൂലം 600 കോടിയുടെ നഷ്ടം സംഭവിക്കുന്നതായും കണക്കാക്കപ്പെടുന്നു. കേരളാ പൊലീസിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ പകുതിയിലേറെയും 20-55 പ്രായപരിധിയിലുള്ളവരാണ്. അതായത്, കുടുംബം പുലര്‍ത്താന്‍ ജോലി ചെയ്യുന്നവരാണ് എന്നര്‍ത്ഥം. ഇവരുടെ ആകസ്മിക വേര്‍പാട് സ്വാഭാവികമായും കുടുംബങ്ങളെ ദുരിതത്തിലും പട്ടിണിയിലുമാഴ്ത്തും. 

 മരണത്തിനിടയാക്കുന്ന വാഹനമോടിക്കുന്ന ഡ്രൈവര്‍ ഒരു തരത്തിലുമുള്ള ശിക്ഷയോ പിഴയോ ഏറ്റുവാങ്ങാതെ രക്ഷപ്പെട്ടുപോകുന്ന അനുഭവമാണ് ഏതാണ്ട് എല്ലാ കേസുകളിലും ഉണ്ടാകുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 304(എ) അനുസരിച്ച് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഡ്രൈവര്‍ക്കെതിരെ കേസെടുക്കുന്നത്. രണ്ടു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. പക്ഷേ, ഒരാളും ശിക്ഷിക്കപ്പെടാറില്ല. കാരണം, ഒന്നുകില്‍ സാക്ഷികളാരും കോടതിയില്‍ വരില്ല. ഇല്ലെങ്കില്‍ സാക്ഷികള്‍ കൂറുമാറും. ചിലപ്പോള്‍ ആശ്രിതര്‍ക്ക് എന്തെങ്കിലുമൊക്കെ കൊടുത്തും കേസില്‍നിന്ന് രക്ഷപ്പെടും. ഇതിന്റെ പേരിലും കൗശലക്കാരായ ചില പൊലീസുകാര്‍ പലതും തരപ്പെടുത്തും. ഡ്രൈവര്‍ക്കെതിരെ പൊലീസിനു തന്നെ ജാമ്യം നല്‍കാവുന്ന വകുപ്പാണ് ചുമത്താറുള്ളതും. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍, വാഹനാപകടക്കേസുകള്‍ തീര്‍പ്പാക്കുന്നതിലും നഷ്ടപരിഹാരം നല്‍കുന്നതിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ അടിയന്തിരമായി വരുത്തേണ്ടതുണ്ട്.

ഇടപെടലുകള്‍ക്ക് വേഗത വേണം
എം.എ.സി.ടി കേസുകള്‍ കൂടുതല്‍ വേഗത്തിലും അനുതാപത്തോടെയും തീര്‍പ്പു കല്‍പ്പിക്കേണ്ടതാണെന്ന വസ്തുതയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. അനാഥമാക്കപ്പെടുന്ന കുടുംബങ്ങളുടെ ഭാവിയും ജീവിതവുമാണ് അനിശ്ചിതത്വത്തിലാകുന്നത് എന്ന തിരിച്ചറിവോടെ ഇതു കൈകാര്യം ചെയ്യാന്‍ കഴിയണം. കേസുകള്‍ തീര്‍പ്പാക്കുന്നതിലെ ഭീതിജനകമായ കാലതാമസത്തിന്റെ ന്യായങ്ങള്‍ എന്തൊക്കെയാണ്? ജഡ്ജിമാരും കേസുകളും തമ്മിലുള്ള അനുപാതം വിലയിരുത്തി ജഡ്ജിമാരുടേയും മറ്റ് കോടതി ജീവനക്കാരുടേയും വിന്യാസം എന്തുകൊണ്ട് ഉണ്ടാകുന്നില്ല? ഒരു കേസ് തീര്‍പ്പാക്കാന്‍ പല എം എ സി ടി കളും പല കാലാവധി എടുക്കുന്നത് എന്തുകൊണ്ട്? നഷ്ടപരിഹാരത്തുക നല്‍കുന്നതിനും പല കോടതികളും പല കാലാവധി വയ്ക്കുന്നത് എന്തുകൊണ്ട്? നഷ്ടപരിഹാരം നല്‍കേണ്ടത് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ മാത്രമാണോ? ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അപ്പീല്‍ പോകുന്നത് ഒഴിവാക്കാന്‍ കഴിയില്ലേ? കെട്ടിക്കിടക്കുന്ന കേസുകള്‍ പെട്ടെന്നു തീര്‍പ്പാക്കാന്‍ അദാലത്തല്ലാതെ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയുമോ? കേസ് ഫയല്‍ ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ കഴിയുമോ എന്നതാണ് പ്രസക്തം.

വാഹനാപകടങ്ങള്‍ നിയന്ത്രിക്കാനും, അതുവഴി ഇത്തരം കേസുകള്‍ കുറക്കാനും നടപടയുണ്ടാകണം എന്നതില്‍ രണ്ടു പക്ഷമുണ്ടാകാന്‍ സാധ്യതയില്ല. അതിനൊപ്പം കേസുകള്‍ കൈകാര്യം ചെയ്യുന്നതിലും തീര്‍പ്പു കല്‍പ്പിക്കുന്നതിലും സജീവമായ ഇടപെടലുകള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തിനിന്ന് ഉണ്ടാകണം. കൂടുതല്‍ കോടതികള്‍ ഉണ്ടാവുക എന്നതാണ് ഇതില്‍ പ്രധാനം. ഇതിന് ഹൈക്കോടതിയും സര്‍ക്കാരും ഒരു പോലെ പങ്കു വഹിക്കേണ്ടതുണ്ട്. സാമ്പത്തിക ബാധ്യതയാണ് പ്രശ്‌നം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com