ഒരു ജില്ലാപ്പിറവിയുടെ അരുണസ്മൃതി 

1957 ഏപ്രില്‍ 5-ന് ഇ.എം.എസ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ, ഞങ്ങളുടെ കോണ്‍ഗ്രസ് സേതര മുനിസിപ്പാലിറ്റിക്കു ഒരു പ്രത്യേക ഉണര്‍വും ഉന്മേഷവും ഉണ്ടായി.
ഒരു ജില്ലാപ്പിറവിയുടെ അരുണസ്മൃതി 

2018 ഏപ്രില്‍ ഒന്ന്! 1958 ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന ആ മഹാകാര്യത്തെക്കുറിച്ച് അനുസ്മരിക്കുകയാണ് ഞാന്‍. ഇന്നത്തെ സ്വപ്നലോകത്തെ കൊച്ചിയിലേക്ക് എത്തുന്നതിനുള്ള അടിത്തറ പാകിയ എറണാകുളം ജില്ലാ രൂപീകരണം 1958 ഏപ്രില്‍ ഒന്നാം തീയതി ആയിരുന്നു. എറണാകുളം ജില്ലാ അറുപതാം പിറന്നാളില്‍ എത്തിനില്‍ക്കുന്നു! ആ വളര്‍ച്ചയ്ക്കു സാക്ഷ്യം വഹിച്ച, വഹിച്ചുകൊണ്ടിരിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍ എന്ന പഴയ അമ്പാടി വിശ്വം!

അന്ന് എറണാകുളം മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലര്‍ ആയിരുന്നു ഞാന്‍. 1957-ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ നിലവില്‍ വരുന്നതിനു മുന്‍പുതന്നെ എറണാകുളം മുനിസിപ്പല്‍ കൗണ്‍സില്‍ ഒരു കോണ്‍ഗ്രസ്സേതര കൗണ്‍സില്‍ ആയിരുന്നു. 1956-ല്‍ ഒരു ആംഗ്ലോ-ഇന്ത്യനും ലത്തീനും സ്വതന്ത്രനുമായിരുന്ന പീറ്റര്‍ കൊറിയയെ ചെയര്‍മാനാക്കിക്കൊണ്ട് ഒരു കോണ്‍ഗ്രസ്സേതര  കൗണ്‍സില്‍ രൂപീകരിച്ചു. അത് അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലിയ നേട്ടമായിരുന്നു. കേരളപ്പിറവിക്കു മുന്‍പുതന്നെ ഇത് സംഭാവ്യമായത് അന്നത്തെ നഗരോദ്ധാരണ മുന്നണി കണ്‍വീനര്‍ എം.എം. ലോറന്‍സിന്റേയും ഖജാന്‍ജി ആയിരുന്ന ഡോക്ടര്‍ ചാത്തുരുത്തിയുടേയും ഉത്സാഹത്തിലായിരുന്നു.

1956 മാര്‍ച്ച് മാസത്തില്‍ നടന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ നഗരോദ്ധാരണ മുന്നണിയില്‍നിന്ന് ഞങ്ങള്‍ 10 പേരാണ് ജയിച്ചത്. ബാക്കി ഒന്‍പതു പേര്‍, വൈലോപ്പിള്ളി രാമന്‍കുട്ടി, ആലപ്പാട്ട് ഗോപാലകൃഷ്ണന്‍, വി.എക്‌സ്. ഏബ്രഹാം, എ.വി. ജോസഫ്, കെ.കെ. പത്മനാഭന്‍ (പപ്പന്‍ ചേട്ടന്‍), എം.എ. ബാലകൃഷ്ണന്‍, എം.പി. ഗംഗാധരന്‍, പി.കെ. രവീന്ദ്രന്‍, റിസര്‍വേഷന്‍ സീറ്റില്‍നിന്ന് കൊച്ചൂട്ടി എന്നിവരായിരുന്നു. കോണ്‍ഗ്രസ്സില്‍ പ്രധാനികള്‍ മാഞ്ഞൂരാന്‍ മാഷ്, വി.കെ. കുട്ടിസാഹിബ്, ചമ്മിണി ചീക്കു, മുണ്ടിയാത്ത് രാമന്‍കുട്ടി, മിറ്റത്തുള്ളി ഗംഗ തുടങ്ങിയവര്‍. കോണ്‍ഗ്രസ്സ് വിമതരില്‍ ചിലരായിരുന്നു വിട്ടപ്പ പ്രഭു, മല്ലന്‍. 

അന്ന് കൊച്ചി രാജ്യം മുഴുവനും കൂടി ഒരൊറ്റ ജില്ലയായിരുന്നു - തൃശൂര്‍ ജില്ല  അഥവാ ത്രിശ്ശിവപേരൂര്‍ ജില്ല. എറണാകുളത്തുള്ളവര്‍ക്ക് ഏതൊരാവശ്യത്തിനും കളക്ടറേറ്റുമായി ബന്ധപ്പെടണമെങ്കില്‍ തൃശൂര് എത്തിയേ മതിയാവൂ. ഇക്കാരണത്താല്‍ തൃശ്ശൂര്‍ ജില്ലയെ രണ്ടു ജില്ലയായി വിഭജിക്കണമെന്ന ആശയം എറണാകുളത്ത് ശക്തമായിക്കൊണ്ടിരുന്നു. എറണാകുളത്തിനു സ്വന്തമായി 'എറണാകുളം ജില്ല' രൂപീകരിക്കപ്പെട്ടാലേ എറണാകുളത്തിനു വേണ്ട വികാസം കൈവരികയുള്ളൂ എന്ന ബോധം എല്ലാവര്‍ക്കും  ഉണ്ടായിരുന്നു. ഇതൊരു ശക്തമായ ജനവികാരമായി വളര്‍ന്നുമുറ്റിയിരുന്നു. ഞങ്ങള്‍ കൗണ്‍സിലര്‍മാര്‍ ആ ജനവികാരത്തെ കണ്ടറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്തു. 

വി. വിശ്വനാഥമേനോന്‍
വി. വിശ്വനാഥമേനോന്‍

ജില്ലയുടെ രൂപീകരണം സംബന്ധിച്ച ഒരു കൂടിയാലോചനായോഗം എറണാകുളത്ത് ടി.ഡി.എം. ഹാളില്‍ വിളിച്ചുചേര്‍ത്തു. അന്ന് 'ദേശബന്ധു' പത്രത്തിന്റെ റിപ്പോര്‍ട്ടറായിരുന്നു എം.പി. കൃഷ്ണപിള്ള. അദ്ദേഹം ആ യോഗം സംഘടിപ്പിക്കാനും അതു വിജയിപ്പിക്കാനും നേതൃത്വം നല്‍കി. വ്യാപാരി വ്യവസായികള്‍, ചേംബര്‍ ഓഫ് കോമേഴ്സ്, പത്രപ്രവര്‍ത്തകര്‍, മുനിസിപ്പാലിറ്റി ഇങ്ങനെ എല്ലാ തലത്തില്‍നിന്നും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഒരു കമ്മിറ്റി രൂപീകരിച്ചതിന്റെ കണ്‍വീനര്‍മാരായി എം.പി. കൃഷ്ണപിള്ളയേയും ഏന്നേയുമാണ് തെരഞ്ഞെടുത്തത്.

ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ധനമന്ത്രി സി. അച്യുതമേനോനായിരുന്നു. തൃശൂര്‍ ജില്ല മതി, പുതിയൊരു ജില്ല വേണ്ട എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ യോഗങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആധികാരികമായി പങ്കെടുക്കാതെ ഒഴിഞ്ഞുനിന്നു. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അക്കാലത്തുതന്നെ രണ്ട് ജില്ലാക്കമ്മിറ്റികള്‍ ഉണ്ടായിരുന്നു എന്നതാണ് കൗതുകകരമായ വസ്തുത- തൃശൂര്‍ ജില്ലാക്കമ്മിറ്റിയും എറണാകുളം ജില്ലാക്കമ്മിറ്റിയും. തൃശൂര്‍ ജില്ലാക്കമ്മിറ്റി സെക്രട്ടറി ജനാര്‍ദ്ദനന്‍. എറണാകുളം ജില്ലാക്കമ്മിറ്റി സെക്രട്ടറിയാകട്ടെ, പി. ഗംഗാധരനും. 

അന്നത്തെ ആലുവാ മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന എം.സി. വര്‍ക്കി, എറണാകുളം ജില്ലയുണ്ടാക്കിയാല്‍ തലസ്ഥാനം ആലുവ ആയിരിക്കണമെന്നു വാദിച്ചു. എന്നാല്‍, ഞാനൊട്ടും വിട്ടുകൊടുത്തില്ല. എറണാകുളം റവന്യൂജില്ലയുടെ തലസ്ഥാനം എറണാകുളം തന്നെയാണ് ആകേണ്ടതെന്ന് ഞാന്‍ ശക്തിയുക്തം വാദിക്കുകയുണ്ടായി. ഞങ്ങളുടെ മുനിസിപ്പല്‍ കൗണ്‍സില്‍ ആ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു. 

എതിര്‍പ്പുകള്‍ മറികടന്ന്, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്റെ വാദമുഖങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് അംഗീകരിച്ചു. അതോടെ പി. ഗംഗാധരന്‍, ലോറന്‍സ് തുടങ്ങിയവര്‍ സജീവമായി രംഗത്തുവന്നു. ഗവണ്‍മെന്റിലേക്ക് നിവേദനം കൊടുത്തത് നടപ്പാക്കാത്തതിന്റെ പേരില്‍ ഒരു ബന്ദ് ആഹ്വാനത്തിനുവരെ ഞങ്ങള്‍ തയ്യാറെടുത്തു. 

അന്ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ മന്ത്രിമാരെല്ലാം എത്തുന്ന ദിവസം വീണ്ടും നിവേദനം നല്‍കുന്നതിനായി ഞങ്ങള്‍ അവിടെ എത്തി. അച്യുതമേനോന്‍ വലിയ ഗൗരവത്തിലായിരുന്നു. പുതിയ ജില്ലാ ഗവണ്‍മെന്റിന് അധികച്ചെലവുണ്ടാക്കുമെന്ന് വ്യക്തം. 'നിങ്ങള്‍ ഗൗരിയമ്മയെ കണ്ടാല്‍ മതി'' അദ്ദേഹം മറ്റൊന്നും സംസാരിച്ചില്ല. ഞങ്ങള്‍ ഗൗരിയമ്മയുടെ അടുത്തേക്ക് നീങ്ങി. ഞങ്ങളെ കണ്ട ഉടനേ, ''നിങ്ങള്‍ ബന്ദൊന്നും വിളിക്കണ്ട. ഏതായാലും ആലപ്പുഴ ജില്ല അനുവദിക്കുന്നതോടൊപ്പം എറണാകുളം ജില്ലയും തന്നേക്കാം.'' ആലപ്പുഴ ജില്ല വേണമെന്ന് ഗൗരിയമ്മ തീരുമാനിച്ചിരുന്നതുകൊണ്ട് അതോടൊപ്പം എറണാകുളം ജില്ലയും രക്ഷപ്പെട്ടു!

ജില്ലയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത് അച്യുതമേനോന്‍ തന്നെയായിരുന്നു. എ.എം. തോമസ് എം.പി. ആയിരുന്നു അദ്ധ്യക്ഷന്‍. സ്വാഗതം എം.പി. കൃഷ്ണപിള്ള ചേംബര്‍ ഓഫ് കൊമേഴ്സിന്റേയും വിവിധ സംഘടനകളുടേയും പ്രതിനിധികള്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. ജില്ല രൂപംകൊണ്ടതിന്റെ സന്തോഷത്തില്‍ എ.എം. തോമസ് എന്നെ ആശ്ലേഷിച്ചു. ആ സന്തോഷപ്രകടനം മറക്കാന്‍ സാദ്ധ്യമല്ല. അങ്ങനെ ഞങ്ങളുടെ അത്യദ്ധ്വാനത്തിനു ഫലം കണ്ടു. 1958 ഏപ്രില്‍ ഒന്നിന് എറണാകുളം ജില്ല നിലവില്‍ വന്നു. ജില്ലയുടെ 60-ാം പിറന്നാള്‍ ആയ ഈ 2018 ഏപ്രില്‍ മാസത്തില്‍ എന്റെ മനസ്സ് അന്നത്തെ ജില്ലാരൂപീകരണ  പ്രക്രിയകളിലും തുടര്‍ന്നുണ്ടായ ആഘോഷങ്ങളിലും ഉടക്കിനില്‍ക്കുകയാണ്; ആവേശത്തോടെ! 1957 ഏപ്രില്‍ 5-ന് ഇ.എം.എസ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ, ഞങ്ങളുടെ കോണ്‍ഗ്രസ്സേതര മുനിസിപ്പാലിറ്റിക്കു ഒരു പ്രത്യേക ഉണര്‍വ്വും ഉന്മേഷവും ഉണ്ടായി. ആ ഉണര്‍വ്വാണ് എറണാകുളം ജില്ലയാക്കാനും കൊച്ചി കോര്‍പ്പറേഷനാക്കാനും മുന്‍കൈ എടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്.
കൊച്ചി കോര്‍പ്പറേഷനാക്കാന്‍ വേണ്ടിയുള്ള പ്രമേയം കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമം തുടങ്ങി.

പ്രശ്‌നം എറണാകുളം മുനിസിപ്പാലിറ്റിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ലല്ലോ. കൊച്ചിയെ ചരിത്രപരമായും ഭൂമിശാസ്ത്രപരമായും മാറ്റിമറിക്കുമ്പോള്‍ ചില കോളിളക്കങ്ങളൊക്കെ പ്രതീക്ഷിക്കാം. അതെല്ലാം മുന്നില്‍ കണ്ടുകൊണ്ടുതന്നെ മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി മുനിസിപ്പാലിറ്റികളെ വിവരമറിയിച്ചു. അന്നു മട്ടാഞ്ചേരി ചെയര്‍മാന്‍ എം.കെ. രാഘവന്‍ (മുന്‍മന്ത്രി), ഫോര്‍ട്ടുകൊച്ചിയിലേത്  ഹര്‍ഷല്‍. പി.കെ. രവീന്ദ്രന്‍ അവതാരകനും ഞാന്‍ അനുവാദകനുമായി കൊച്ചി കോര്‍പ്പറേഷന്‍ ആക്കണമെന്ന പ്രമേയം എറണാകുളം മുനിസിപ്പാലിറ്റി ഐകകണ്‌ഠ്യേന പാസ്സാക്കി. പ്രമേയം സര്‍ക്കാരിലേക്കും രണ്ട് മുനിസിപ്പാലിറ്റികളിലേക്കും അയച്ചുകൊടുത്തു. ഞങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി മുനിസിപ്പാലിറ്റികള്‍ കോര്‍പ്പറേഷന്റെ ഭാഗമാകാന്‍ സമ്മതിച്ചുകൊണ്ടുള്ള പ്രമേയങ്ങള്‍ പാസ്സാക്കി. 1957-'58 കാലഘട്ടത്തില്‍ ദീര്‍ഘവീക്ഷണത്തോടെ പാസ്സാക്കിയെടുത്ത ആ പ്രമേയം സര്‍ക്കാര്‍ അംഗീകരിച്ചു. 

നീണ്ട പത്തുവര്‍ഷത്തെ സമാധിക്കുശേഷം കൊച്ചിയുടെ സ്വപ്നസാക്ഷാല്‍ക്കാരമായ കൊച്ചിന്‍ കോര്‍പ്പറേഷന്‍ നിലവില്‍വന്നു. 1967-ലെ രണ്ടാം ഇ.എം.എസ്. മന്ത്രിസഭ വന്നതിനുശേഷമാണ് അതു സംഭവിച്ചത്. അന്നു ഞാന്‍ എ.എം. തോമസ്സിനെ പരാജയപ്പെടുത്തി ലോകസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. (കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബാനറില്‍ എറണാകുളം ലോകസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായും അവസാനമായും വിജയിച്ചത് ഞാനാണെന്നുകൂടി അഭിമാനപൂര്‍വ്വം സ്മരിക്കുന്നു). കോര്‍പ്പറേഷന്റെ ആദ്യ അംഗങ്ങളായി മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, അഞ്ച് പഞ്ചായത്തുകളുടെ  പ്രസിഡന്റുമാര്‍, എം.എല്‍.എ, അതിനും പുറമെ ഞാനും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. അതിനുശേഷം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലവും സജീവവുമായി. 
എറണാകുളത്തെ ആദ്യത്തെ മതേതര മുനിസിപ്പാലിറ്റി, അതിന്റെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനത്തിന്റെ ഫലമായി നിലവില്‍വന്ന എറണാകുളം ജില്ല, തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന്‍ ഇവയെല്ലാം എന്റെ രാഷ്ട്രീയ ജീവിതത്തിലെ സ്വപ്നസാക്ഷാല്‍ക്കാരങ്ങളില്‍പ്പെട്ടവയാണെന്ന് ഓര്‍ക്കുമ്പോള്‍ ഒരു കൊച്ചിക്കാരന്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുകയാണ്. ഇന്നത്തെ കൊച്ചിയുടെ വളര്‍ച്ചയും എറണാകുളം ജില്ലയുടെ വളര്‍ച്ചയും കണ്ടു സംതൃപ്തിയടയുകയാണ് ഞാന്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com