ഗുല്‍മാര്‍ഗിലെ ഗാഢാനുരാഗം

കശ്മീരിലെ പ്രധാന ഹില്‍സ്റ്റേഷനുകളിലൊന്നായ ഗുല്‍മാര്‍ഗ് നല്‍കിയപ്രണയാനുഭവങ്ങളെയും നവ്യാനുഭൂതികളെയും കുറിച്ച്
സി.വി. ബാലകൃഷ്ണന്‍ 
സി.വി. ബാലകൃഷ്ണന്‍ 

ശ്മീരിലെ പ്രധാന ഹില്‍സ്റ്റേഷനായ ഗുല്‍മാര്‍ഗിന്റെ പ്രവേശന കവാടമായി നിലകൊള്ളുന്ന താംഗ്മാര്‍ഗ് പിയര്‍ മരങ്ങളുടെ സ്ഥലമാണ്. എങ്ങും കാണാവുന്ന പിയര്‍ മരങ്ങള്‍ക്കിടയിലൂടെ നനുത്ത മഞ്ഞിറങ്ങുമ്പോള്‍ താംഗ്മാര്‍ഗിലെ വ്യാപാരികള്‍ സഞ്ചാരികളെ ഒരു മുന്നറിയിപ്പ് കേള്‍പ്പിച്ചു തുടങ്ങുന്നു: മൗസം ഖരാബ് ഹേം. തുകലിന്റെ പാദരക്ഷകളും മോശമായ കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള രോമവസ്ത്രങ്ങളും തൊപ്പികളും കയ്യുറകളുമൊക്കെ വാടകയ്ക്കു ലഭിക്കും താംഗ്മാര്‍ഗില്‍. അവിടെ നിത്യേന നടക്കുന്നത് ഈയൊരു ഇടപാടാണ്. 

പതിമൂന്നു കിലോമീറ്റര്‍ അകലത്തിലുള്ള ഗുല്‍മാര്‍ഗില്‍ 'മൗസം' മോശമാണെങ്കില്‍ താഴെ താംഗ്മാര്‍ഗിലെ വ്യാപാരത്തിന് സജീവതയേറും. മഞ്ഞ് തേടിപ്പോകുന്ന സഞ്ചാരികള്‍ക്ക് ഈ ഇടത്താവളം ഒഴിവാക്കാനാവില്ല. മാനംമുട്ടെ വളര്‍ന്ന പ്രൗഢങ്ങളായ പൈന്‍മരങ്ങളാണ് താംഗ്മാര്‍ഗ് കഴിഞ്ഞുള്ള പാതയുടെ പാര്‍ശ്വങ്ങളില്‍. അവയ്ക്കിടയില്‍ ഹിമാച്ഛാദിത ശൃംഗങ്ങള്‍ തെളിയുന്നു. അലൗകികമായൊരു പ്രഭയാണ് ആകാശത്തിലാകെ. കാറ്റില്‍ വനപുഷ്പങ്ങളുടെ നറുമണം.

ഗുല്‍മാര്‍ഗിന് (Meadow of Flowers) ആ പേരു നല്‍കിയത് സുല്‍ത്താന്‍ യൂസുഫ് ഷായാണ്. പതിനാറാം നൂറ്റാണ്ടില്‍ തന്റെ പ്രേയസിയായ ഹബ്ബാ ഖാത്തൂനുമൊത്ത്  സുല്‍ത്താന്‍ പലപ്പോഴും വരുമായിരുന്നു ഇങ്ങോട്ട്. സുഗന്ധം നിശ്വസിക്കുന്ന പുഷ്പങ്ങളുടെ മദ്ധ്യേനിന്ന് അവര്‍ പരസ്പരം സ്‌നേഹം പകര്‍ന്നു. പിന്നീട് മുഗള്‍ ചക്രവര്‍ത്തിയായ ജഹാംഗീര്‍ ശ്രീനഗറിലെ ഉദ്യാനങ്ങളിലേയ്ക്കായി ഇരുപത്തിയൊന്നിനം വനപുഷ്പങ്ങളുടെ ചെടികള്‍ ഇവിടെനിന്നും ശേഖരിക്കുകയുണ്ടായി. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണാധികാരികളും സൈനിക മേധാവികളും വേനല്‍ച്ചൂടില്‍ അഭയം തേടി ഗുല്‍മാര്‍ഗിലെത്തി. വേട്ടയും ഗോള്‍ഫിംഗുമായിരുന്നു അവരുടെ വിനോദങ്ങള്‍. മൂന്ന് ഗോള്‍ഫ് കോഴ്‌സുകള്‍, അവയിലൊന്ന് സ്ത്രീകള്‍ക്കുമാത്രം അവര്‍ പണിതൊരുക്കി. സമുദ്രനിരപ്പില്‍നിന്ന് 8690 അടി ഉയരത്തിലാണ് ഗുല്‍മാര്‍ഗ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗോള്‍ഫ് കോഴ്‌സ് ഇവിടെയാണ്. ഒരുപക്ഷേ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഘോഡാവാലകളും ഇവിടെത്തന്നെ.

കുതിരകള്‍ പിറകിലെങ്ങോ ആണ്. അവയുടെ ചിനപ്പുകള്‍ കേള്‍ക്കാം. പുറം ലോകത്തുനിന്നുള്ള സഞ്ചാരികളേയും കാത്ത് ഘോഡാവാലകള്‍. ഗുല്‍മാര്‍ഗിലെത്തിയാല്‍ കുതിരപ്പുറത്തല്ലാതെ സഞ്ചരിക്കാനാവില്ലെന്ന്  അവര്‍ പറയും. അവര്‍ തമ്മിലുള്ള ഐക്യം ദൃഢമാണ്. ഒരു ഘോഡാവാല പുതുതായി വന്നിറിങ്ങിയ ഒരു വിനോദസഞ്ചാരിയെ സമീപിച്ചു കഴിഞ്ഞാല്‍ പ്രീണനതന്ത്രങ്ങളുമായി മറ്റൊരു ഘോഡാവാല അങ്ങോട്ടടുക്കില്ല. അവസാന ശ്രമവും നടത്തിയല്ലാതെ ഘോഡാവാലകള്‍ പിന്‍വാങ്ങുകയുമില്ല.

''സാബ്, താങ്കള്‍ നടന്നുപൊയ്‌ക്കൊള്ളാമെന്നു പറയുന്നു. അങ്ങനെ ഓരോരുത്തരും പറഞ്ഞാല്‍ ഞങ്ങള്‍ ഘോഡാവാലകള്‍ എന്തുചെയ്യും? ഏഴായിരത്തിയഞ്ഞൂറ്  പേരെങ്കിലും ഉണ്ട് ഇവിടെ. ഞങ്ങള്‍ക്കു ജീവിക്കേണ്ടേ? കുതിരകളെ തീറ്റണ്ടേ?'' വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്തുനിന്നും കടക്കമ്പോളങ്ങളില്‍നിന്നും അല്പം അകലെ പല പടവുകള്‍ കയറിയെത്താവുന്ന ശിവക്ഷേത്രത്തിനു മുന്നില്‍നിന്ന് ചെറുപ്പക്കാരനായ ഘോഡാവാല ഖേദം കൊണ്ടു. ക്ഷേത്രം കണ്ടുവരട്ടെയെന്നും പറഞ്ഞ് താഴെവെച്ച് അവനെ ഒഴിവാക്കിയതാണ്. മുകളിലെത്തിയപ്പോഴേയ്ക്കും നിഴല്‍പോലെ അവന്‍ പിന്നാലെ.  ''സാബ് എന്റെ കുതിരയെ കണ്ടില്ലല്ലോ. അത്രയും തലയെടുപ്പ് ഗുല്‍മാര്‍ഗില്‍ മറ്റൊരു കുതിരയ്ക്കുമില്ല. ഒന്നാന്തരം ജനുസ്സില്‍പ്പെട്ടതാണ്. രാജാക്കന്മാരുടെ കുതിരകളില്ലേ, അതുപോലൊന്ന്.''

അലി ഫത്താഹ് 
അലി ഫത്താഹ് 

അലി ഫത്താഹെന്നായിരുന്നു അവന്റെ പേര്. കുതിരയ്ക്ക് പേരുണ്ടോ, എന്തോ. ചോദിച്ചില്ല. കാണുന്നത്രയും പ്രായമില്ല. പ്ലസ് വണ്ണിനു പഠിക്കുകയാണ്. അഞ്ചംഗ കുടുംബത്തെ തുണയ്ക്കാനായി ഘോഡാവാലകള്‍ക്കൊപ്പം  ചേരുന്നു. ഗുല്‍മാര്‍ഗിന്റെ ഓരോ കോണും അറിയാം. ''ഗുല്‍മാര്‍ഗില്‍ എവിടെനിന്ന് നോക്കിയാലും ഈ ക്ഷേത്രം കാണാന്‍ കഴിയും. മഹാരാജാ ഹരി സിസോദിയ പട്ടമഹിഷിയായ മോഹിനിബായിയ്ക്കുവേണ്ടി പണിതതാണ്. ചിലപ്പോള്‍ മഞ്ഞു വന്ന് ഇതിനെ പാടെ മറച്ചുകളയും.''

കുന്നിറങ്ങുമ്പോള്‍ തൊട്ടുപിറകിലെ പടവിലായി അലി ഫത്താഹ്. താഴെ തലങ്ങും വിലങ്ങും നീങ്ങുന്ന കുതിരകള്‍. ചെമ്പന്‍ കുതിരകളുണ്ട്, വെളുപ്പുണ്ട്, കറുപ്പുണ്ട്. ചിലത് ഘോഡാവാലകളെ ചുമന്ന് അതിവേഗത്തിലോടുന്നു. കുളമ്പടിയൊച്ചകള്‍ മുഴങ്ങുന്നു, വിചിത്ര ശബ്ദങ്ങളും. മഞ്ഞ് വീഴുന്നില്ല. തെളിഞ്ഞ പ്രകൃതി. പശ്ചിമ ഹിമാലയത്തിലെ പീര്‍പഞ്ചാല്‍ പംക്തികള്‍ മഞ്ഞണിഞ്ഞ് ദേവദാരങ്ങളും സൂചിയില വൃക്ഷങ്ങളുമായി അതിശ്രേഷ്ഠമായ കാഴ്ച.
''നോക്കൂ, സാബ്.'' ഇടയ്ക്ക് അപ്രത്യക്ഷനായ അലി ഫത്താഹ് വീണ്ടും മുന്നില്‍. കൂടെയൊരു ചെമ്പന്‍ കുതിര. അത് തലയെടുപ്പോടെ നിന്നു. കുതിരകളുടെ വംശത്തില്‍ മഹനീയമായ ഒരു പാരമ്പര്യത്തിന്  ഉടമയാണെന്നൊരു ഭാവം അതിന്റെ മുഖത്തുണ്ടായിരുന്നു. കണ്ണുകളിലാകട്ടെ, വിധേയത്വത്തിന്റേതായ നോട്ടം. ഉടല്‍ മസൃണം.

അലി ഫത്താഹ് കുതിരയുടെ ജീനി ഒന്ന് ഇളക്കി പ്രതിഷ്ഠിച്ചു. മറ്റ് കോപ്പുകള്‍ വിധിയാംവണ്ണമുണ്ട്. ജീനിയോടു ചേര്‍ന്ന് ഇരുവശത്തുമായി തൂങ്ങിക്കിടന്ന ലോഹവളയങ്ങളിലൊന്നില്‍ ഇടതു കാലുറപ്പിച്ച് അലി ഫത്താഹിന്റെ ഒരു കൈ സഹായത്തോടെ അശ്വാരൂഢനായി കടിഞ്ഞാണ്‍ പിടിക്കേണ്ട വിധം അവന്‍ പറഞ്ഞുതന്നു. അടുത്ത നിമിഷത്തില്‍ കുതിര നടകൊള്‍കയായി.

പര്‍വ്വത പ്രതലങ്ങളില്‍ ഊടുവഴികള്‍ നിരവധിയാണ്. അവയിലൂടെ സഞ്ചാരികളേയും വഹിച്ച് കുതിരകള്‍ നിരനിരയായി നീങ്ങുന്നു. വഴുവഴുത്ത ഉരുളന്‍ കല്ലുകളില്‍ കുളമ്പുകളൂന്നുമ്പോഴും അടിതെറ്റുന്നില്ല അവയ്ക്ക്. എന്നിരിക്കിലും സഞ്ചാരികള്‍ പലരും ഭീതിദരാണ്. അതിനിടയില്‍ ഒരു കുതിര കൂട്ടം തെറ്റി വനത്തിനു നേര്‍ക്കു നീങ്ങിയത് പരിഭ്രാന്തി പടര്‍ത്തി. ഘോഡാവാല ഓടി ഒപ്പമെത്തി കുതിരയെ ശാസിച്ച് തിരികെ കൊണ്ടുവന്നു. അതിനു മുകളില്‍ തോല്‍പ്പീഠത്തിലായി പേടിച്ചരണ്ട നിലയില്‍ സ്ഥൂലഗാത്രയായ ഒരു യാത്രിക.

വഴിനീളെ അലി ഫത്താഹ് കുതിരയോടൊപ്പം ചലിച്ചുകൊണ്ട് മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. കുതിരയുടെ കഴുത്തില്‍ ചുറ്റിയ തോല്‍ച്ചരടില്‍ ഇടയ്ക്കുമാത്രം കൈ ചേര്‍ത്തു. മറ്റു ഘോഡാവാലകള്‍ വേഗം കുറഞ്ഞ കുതിരകളെ ഉത്തേജിപ്പിക്കാനായി ഒച്ചയെടുക്കുന്നുണ്ടായിരുന്നു. തന്റെ കുതിരയ്ക്ക് അതിന്റെ ആവശ്യമില്ലെന്നതുപോലെ അലി ഫത്താഹ് പതിഞ്ഞ ശബ്ദത്തിലുള്ള സംഭാഷണം തുടര്‍ന്നു.

ഇടയ്‌ക്കെപ്പോഴോ രാജ് കപൂറിന്റെ 'ബോബി' എന്ന ചിത്രത്തിലെ പ്രശസ്തമായ 'ഹം തും ഏക് കമരേ മേം ബന്ദ് ഹോ' എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരം നടത്തിയ വസതി അവന്‍ കാട്ടിത്തന്നിരുന്നു. 'ബോബി ഹട്ട്' എന്ന പേരിലാണ് അതറിയപ്പെടുന്നത്. ഗുല്‍മാര്‍ഗിലെ മോഹനങ്ങളായ പൈന്‍മരങ്ങള്‍ക്കിടയില്‍, മഞ്ഞിന്റെ ധവളദീപ്തിയില്‍, മഞ്ഞ് ഉരുകിയുള്ള ഝരകളില്‍, ബഹുവര്‍ണ്ണ സൂനങ്ങളുടെ ഹൃദ്യതയില്‍, ഹിമശൃംഗങ്ങളുടെ ഭൂമികയില്‍ എത്രയെത്രയോ പ്രണയരംഗങ്ങള്‍ ഇതിനോടകം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഗുല്‍മാര്‍ഗില്‍നിന്ന് അഫാര്‍വത് പര്‍വ്വതശിഖരം വരെയുള്ള റോപ്വേയും പല ചിത്രങ്ങളിലുണ്ട്. ശാന്താറാമിന്റെ മകള്‍ രാജശ്രീയും ഷമ്മി കപൂറും പ്രണയജോഡിയായ 'ജാന്‍വറി'ലെ 'മേരി മുഹബ്ബത്ത് ജവാം റഹേഗി'യെന്ന ഗാനത്തിന്റെ ദൃശ്യങ്ങളിലാകെ നിറഞ്ഞുനില്‍ക്കുന്ന മഞ്ഞ് ഓര്‍മ്മയിലേയ്ക്കു വന്നു.

''നമ്മളെത്തി'' അലി ഫത്താഹ് പറഞ്ഞു.
മഞ്ഞ് വീണുകിടക്കുന്ന സാനുവിന്റെ തുടക്കം. കുതിരപ്പുറത്തുള്ള അനായാസ യാത്ര അവസാനിക്കുന്നു. സഞ്ചാരികള്‍  മഞ്ഞ് എന്ന അനുഭവത്തിനായി ഉയരത്തിലേയ്ക്കു പോകേണ്ടത് ഇവിടെനിന്നാണ്. നടക്കേണ്ടതില്ല. സ്ലെജ്ജുകളുണ്ട്. ഘോഡാവാലകള്‍ താഴെ കാത്തുനില്‍ക്കും. യാത്രികര്‍ തിരികെയെത്തുവോളം അവര്‍ക്കു വിശ്രമം; കുതിരകള്‍ക്കും.

സ്ലെജ്ജ് ഒഴിവാക്കി മഞ്ഞിലൂടെ നടന്നുതുടങ്ങിയപ്പോള്‍ അലി ഫത്താഹ് പിറകിലെത്തി. അവനും കൂടെ വരും. വിശ്രമം വേണ്ടത് കുതിരയ്ക്കു മാത്രം. മഞ്ഞില്‍ എവിടെ, എങ്ങനെ പാദമൂന്നണമെന്ന് കാണിച്ചുകൊണ്ട് അവന്‍ മുന്നില്‍ നടന്നു. കനത്ത പാദരക്ഷകളോടെ കാലുകള്‍ മുട്ടോളം മഞ്ഞിലാണ്ടുപോയ സഞ്ചാരികളുടെ ക്ലേശം അങ്ങിങ്ങ്. നിനച്ചിരിക്കാതെയുള്ള വീഴ്ചയുടെ ജാള്യതയും നോവും കൂടി കാണാനുണ്ടായിരുന്നു. മഞ്ഞില്‍ പിറന്നതെന്ന് കരുതാവുന്ന വലിയ നായ്ക്കള്‍ പൈന്‍മരങ്ങളുടെ ചോട്ടില്‍ ഉദാസീനരായി നിന്നു.

കയറ്റം കയറിയെത്തിയത് മൃതിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മഞ്ഞില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന ഒരു വൃക്ഷത്തിനരികെ. വേരറ്റ് മറിഞ്ഞുവീണതാവാം. ഇടയ്ക്കു വേരറ്റ് മറിഞ്ഞുവീണ വൃക്ഷങ്ങള്‍ പൊയ്പ്പോയവ തന്നെയല്ലോ എന്ന് കവിവചനം.
''സാബ്, ഒരു മിനിറ്റ്.''

അലി ഫത്താഹ് വീണ്ടും ഫോണ്‍ സംഭാഷണത്തിലായി. മടങ്ങിവരവ് ആഹ്ലാദസ്വരത്തില്‍ ഒരു പാട്ട് മൂളിക്കൊണ്ടായിരുന്നു. ചാഹേ കോയി മുഝേ ജംഗ്ലി കഹേ...
വയസ്സ് പതിനേഴായതേയുള്ളൂ. പക്ഷേ, തീവ്രപ്രണയത്തിലാണ്. മൊബൈല്‍ ഫോണിന്റെ സ്‌ക്രീനില്‍ കാമുകിയുടെ മുഖം തെളിഞ്ഞു. വലിയ കണ്ണുകളും ആപ്പിള്‍ച്ചുവപ്പ് കലര്‍ന്ന കവിളുകളും വടിവൊത്ത ചുണ്ടുകളും. രൂഹി ജാന്‍. ബാറാമുള്ളയില്‍, ചിനാര്‍ മരങ്ങള്‍ ചൂഴ്ന്ന ഒരു ചെറുഭവനത്തില്‍, കയ്യിലൊരു കുങ്കുമപ്പൂവുമായി അവള്‍.

''ഇപ്പോ, എന്തോ, എനിക്കവളെ നേരില്‍ കാണണമെന്ന് തോന്നുന്നു. ഫോണില്‍ ഇത്രയും നേരം സംസാരിച്ചതാണ്. നേരില്‍ കാണുമ്പോ ഒരു വാക്കുപോലും പറയാനായേക്കില്ല. എന്നാലും കാണണം. നമുക്ക് മടങ്ങിയാലോ, സാബ്?''
പുകമഞ്ഞ് പരന്നുതുടങ്ങിയത് അപ്രതീക്ഷിതമായാണ്. ഗുല്‍മാര്‍ഗിലെ ടാറിട്ട പാതകളും കുതിരകളുടെ കുളമ്പടയാളങ്ങള്‍ പതിഞ്ഞ ഊടുവഴികളും വെളുത്ത കെട്ടിടങ്ങളും പുല്‍മൈതാനങ്ങളും മേടുകളും കുതിരകളും സഞ്ചാരികളും ഘോഡാവാലകളുമെല്ലാം അതിവേഗത്തില്‍ മഞ്ഞിന്‍ മറയിലായി. അതിലൂടെ അലി ഫത്താഹ് കുതിരയുടെ തോല്‍വാറില്‍ പിടിച്ച് തിടക്കപ്പെട്ട് നടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com