ഞാനാണ് ആ വെറുക്കപ്പെടേണ്ടവന്‍... മകളെ ബലാത്സംഗം ചെയ്ത പിതാവ് എഴുതുന്നു

സമകാലിക മലയാളം പ്രസിദ്ധീകരിച്ച 'ഞാന്‍ രഹനാസ് വയസ്സ് 25, കണ്ണൂര്‍' എന്ന റിപ്പോര്‍ട്ടില്‍  പരമാര്‍ശിക്കുന്ന ഇരയുടെ പിതാവ് ഹാരിസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എഴുതിയ കത്ത് 
ഞാനാണ് ആ വെറുക്കപ്പെടേണ്ടവന്‍... മകളെ ബലാത്സംഗം ചെയ്ത പിതാവ് എഴുതുന്നു


സമകാലിക മലയാളം പ്രസിദ്ധീകരിച്ച 'ഞാന്‍ രഹനാസ് വയസ്സ് 25, കണ്ണൂര്‍' എന്ന റിപ്പോര്‍ട്ടില്‍  പരമാര്‍ശിക്കുന്ന ഇരയുടെ പിതാവ് ഹാരിസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എഴുതിയ കത്ത് 

മെയ് ആദ്യ ലക്കം മലയാളം വാരികയില്‍ ഞാന്‍ രഹനാസ് എന്ന പേരില്‍ പി.എസ്. റംഷാദ് എഴുതിയ റിപ്പോര്‍ട്ട് ഞാന്‍ വായിച്ചു. അവരുടെ നിശ്ചയദാര്‍ഢ്യത്തിനും പെണ്‍കരുത്തിനും മുന്നില്‍ ജയിലിനകത്തുവെച്ച് ഞാന്‍ എന്റെ ശിരസ്സ് താഴ്ത്തി അവരുടെ കാല്‍ തൊട്ട് വന്ദിക്കുകയാണ്. ഇത് ഞാനാണ്. നിങ്ങള്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ വെറുക്കപ്പെടേണ്ടവന്‍ ഹാരിസ്. വെറുക്കപ്പെടേണ്ടവനല്ല,  എറിഞ്ഞ് കൊലപ്പെടേണ്ടവനാണ്. 2008 മെയ് 13-ാം തീയതി പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഞാനും കുടുംബം മുഴുവനും എന്താകുമായിരുന്നു. ഞാന്‍ കൂസലില്ലാതെ എഴുതുകയാണെന്ന് തോന്നരുത്. കാരണം അന്ന് ജീവിച്ചിരുന്ന സ്ഥിരം മദ്യപാനിയായ ഹാരിസ് സംഭവത്തിനുശേഷം, 6 മാസങ്ങള്‍ക്കു ശേഷം മരിച്ചിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒറ്റപ്പെടുത്തലുകള്‍ക്കും എല്ലാം ഏക പരിഹാരം മദ്യത്തില്‍നിന്നു കിട്ടുന്ന താല്‍ക്കാലിക സുഖമാണെന്ന് കരുതി. മൃഗത്തെക്കാള്‍ അധഃപതിച്ചുപോയ നരാധമന്‍ തന്നെയായിരുന്നു ഞാന്‍. ഒരു മനുഷ്യനും കുറ്റവാളിയായി ജനിക്കുന്നില്ല. ഒരുവനെ കുറ്റവാളിയാക്കുന്നത് അവന്റെ സാഹചര്യങ്ങളും മറ്റുമാണ്. എങ്കിലും ഒരായിരം തവണ ജീവിക്കുകയും അപ്പോഴെല്ലാം ലോകത്തുള്ള മുഴുവന്‍ നന്മകളും ഒരു ത്രാസിലും എന്റെ പാപം മറുതട്ടിലും വെച്ചാല്‍ എന്റെ പാപമേ അധികം തൂക്കം വരികയുള്ളു. 
ഞാന്‍ എപ്പോഴും മറ്റ് തടവുകാരോട് പറയുന്ന ഒരു വാക്ക് ഉണ്ട്. ലോകത്തിലെ മുഴുവന്‍ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ കൂട്ടത്തില്‍ ഏറ്റവും വലിയ മഹാപാപി ഞാനാണെന്ന്. ഈ തിരിച്ചറിവ് എനിക്ക് ഉണ്ടായത് മദ്യം എന്ന വിപത്ത്  ശരീരത്തില്‍നിന്ന് പാടേ ഇല്ലാതായപ്പോഴാണ്. 
അതുകൊണ്ടുതന്നെ ചെയ്ത തെറ്റിന്റെ ഗൗരവം മനസ്സിലാക്കി ഈ ജയിലില്‍ തടവുകാര്‍ക്ക് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യത്തില്‍ എന്തെങ്കിലും നന്മകള്‍ പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാന്‍. എന്നെ ഇനി ആരും ഏറ്റെടുക്കുകയില്ല എന്നും മോചനം അകലെയാണെന്ന് അറിഞ്ഞിട്ടും തെറ്റിന്റെ ഗൗരവം മനസ്സിലാക്കി ശിക്ഷ ഏറ്റുവാങ്ങി ജയിലിനെ ഞാന്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. ജീവിതം എന്താണെന്നും ഇളംകാറ്റിന്റെ തലോടലും ഭക്ഷണത്തിന്റെ രുചിയും സ്വപ്നങ്ങളും എല്ലാം ഞാന്‍ സ്വയം ആസ്വദിക്കുന്നു. ജയിലറകള്‍ കേവലം ഇരുളറകളല്ല. മറിച്ച് ജീവിതത്തില്‍ പശ്ചാത്തപിക്കുന്നവര്‍ക്ക്  ഒരു മാനസിക പരിവര്‍ത്തനകേന്ദ്രം കൂടിയാണ് ജയില്‍. റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ അവര്‍ തളരാതെ ജീവിതയാത്ര തുടരുന്നതും മറ്റുള്ള കുടുംബാംഗങ്ങളെ സംരക്ഷിക്കുന്നതിലും പെണ്‍കരുത്തിനു മുന്നില്‍ ഈ ലോകം തന്നെ അവരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ചാലും പകരമാവില്ല. റംഷാദ് എഴുതിയതുപോലെ മദ്യപിക്കാത്ത ഒരു ദിവസം എന്തിന് ഒരു മണിക്കൂര്‍പോലും പിന്നെപ്പിന്നെ എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. മദ്യപിക്കാത്ത സമയങ്ങളില്‍ ഒരു ഉറുമ്പിനെപ്പോലും ഞാന്‍ നോവിച്ചിട്ടുമില്ല. അതുകൊണ്ടാണ് എന്നെ ശിക്ഷിച്ച ജഡ്ജ് ബഹു. ഇന്ദിരയേയും ഇവിടത്തെ നിയമവ്യവസ്ഥിതിയേയും ഈശ്വരനു തുല്യം ഞാന്‍ ഇപ്പോള്‍ കരുതുന്നത്. ഇരുമ്പഴിക്കുള്ളില്‍ ആണെങ്കിലും ആരും ഇല്ലാതെ ഒറ്റപ്പെട്ടവനാണെങ്കിലും പാഴ്മരങ്ങള്‍ പണിശാലയില്‍ എത്തിക്കഴിഞ്ഞാല്‍ മനോഹര ശില്പങ്ങളായി മാറുന്നതുപോലെ, എനിക്ക് തടവറജീവിതം തിരിച്ചറിവിന്റേയും പശ്ചാത്താപത്തിന്റേയും ഇടമാക്കാന്‍ സാധിക്കുന്നത്. മദ്യം എന്ന വിപത്തില്‍ അകപ്പെട്ട് മദ്യമാണ് എല്ലാറ്റിനും പരിഹാരം എന്ന് കരുതി മുന്നോട്ടു പോകുന്ന എത്രയോ പേര്‍ ഇപ്പോഴും സമൂഹത്തിലുണ്ട്. ഒരുപക്ഷേ, പിടിക്കപ്പെടാത്ത എന്നെപ്പോലുള്ള നരാധമന്‍മാരും ഉണ്ടായിരിക്കാം. അവരോടൊക്കെ പാപത്തിന്റെ സമുദ്രത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കൂ എന്ന് എനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട്. നാശോന്മുഖമായ പ്രവൃത്തികള്‍ ഏതും ചെയ്യാന്‍ എളുപ്പം പ്രേരിപ്പിക്കുന്ന എല്ലാ തെറ്റിന്റേയും താക്കോലാണ് മദ്യം. മനസ്സുകളില്‍ കട്ടപിടിച്ച് കിടക്കുന്ന ഇരുട്ടിനെ നന്മയുടെ വെളിച്ചംകൊണ്ട് പ്രകാശിപ്പിക്കുക. ഇനി ഒരു ഹാരിസ് സമൂഹത്തില്‍ ഉണ്ടാവാതിരിക്കട്ടെ ലോകാവസാനം വരെ. 
മനസ്സില്‍ നന്മയുടെ തേനറകള്‍ നിറച്ച് 
വിധിയുടെ കാറ്റടിച്ച് വീണുപോയ 
കനിവിന്റെ തൊണ്ടുകള്‍ വീണ്ടെടുത്ത് 
സ്‌നേഹത്തിന്റെ പട്ടുറുമാലില്‍ 
മോഹത്തിന്റെ മുത്തുകള്‍ കോര്‍ത്ത് 
അവര്‍ക്ക് മുന്നേറാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 
ഇനിയും ഒരുപാട് ലേഖനങ്ങളിലും ജീവിതകഥയിലും ഡോക്യുമെന്ററിയിലുമൊക്കെ അവള്‍  എന്നെ കുറ്റപ്പെടുത്തുമെന്നറിയാം. അതൊക്കെ നാളെ അവരുടെ നന്മയ്ക്കും സമൂഹത്തില്‍ ഒരു മാറ്റത്തിനും വഴിവെയ്ക്കുമെങ്കില്‍ എനിക്ക് സന്തോഷം മാത്രമെയുള്ളു. വീണ്ടും ഒരേ ഒരു വാക്ക്. ആരും കുറ്റവാളിയായി ജനിക്കുന്നില്ല. ഒരുവനെ കുറ്റവാളിയാക്കുന്നത് അവന്റെ സാഹചര്യവും ജീവിത പശ്ചാത്തലവുമാണ്. 
എഴുതിയതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം. പ്രതികരിച്ചാല്‍ ഒരുവനെങ്കിലും മോശമായ ജീവിതത്തില്‍നിന്നും മാറാന്‍ സഹായിക്കുമെന്ന് എനിക്ക് തോന്നുന്നു. 
നടന്നു തീര്‍ത്ത ഒരുപാട് തീരങ്ങള്‍, കണ്ടുമുട്ടിയ ഒരുപാട് മുഖങ്ങള്‍, ബന്ധങ്ങള്‍, സൗഹൃദങ്ങള്‍, ഇരുളടഞ്ഞ വീഥിയില്‍നിന്ന് എന്റെ ഓര്‍മ്മകളില്‍ തത്തിക്കളിക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു, ഇനിയും നന്മയുടെ വിഭവങ്ങള്‍ മനസ്സിന്റെ തേനറകളില്‍ എല്ലാ മനുഷ്യര്‍ക്കുമുണ്ടാവും. ശ്രമിച്ചാല്‍ നന്നാവാത്ത ഒരു മനുഷ്യനും ഇല്ല. നന്നാവില്ലായെന്ന് സ്വയം ചിന്തിക്കുന്നവരേയുള്ളൂ. 
എന്ന് 

Haris
C. No: 7344
Cetnral Prison
Kannoor 
P.O. Pallikunnu
Pin: 670004
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com