പ്രകാശത്തെക്കാള്‍ വേഗതയില്‍

പ്രകാശത്തെക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന ടാക്കിയോണുകള്‍ എന്നകണങ്ങളെക്കുറിച്ചുള്ള പരികല്‍പ്പനകളാണ് അദ്ദേഹത്തെലോകപ്രശസ്തനാക്കിയത്. ടാ
പ്രൊഫസര്‍ ഇ.സി.ജി. സുദര്‍ശന്‍
പ്രൊഫസര്‍ ഇ.സി.ജി. സുദര്‍ശന്‍

2005-ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ നൂറാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ പ്രൊഫസര്‍ ഇ.സി.ജി. സുദര്‍ശന്‍ കേരളത്തിലെത്തിയിരുന്നു. മഹാരാജാസ് കോളേജില്‍ വച്ചു നടന്ന അദ്ദേഹത്തിന്റെ ഐന്‍സ്‌റ്റൈന്‍ സ്മാരക പ്രഭാഷണം കേള്‍ക്കാന്‍ നിറയെ ആളുകള്‍ എത്തിയിരുന്നു. അന്ന് ഏവരേയും ഞെട്ടിച്ചുകൊണ്ട് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ ചില സ്വാര്‍ത്ഥതകള്‍ അദ്ദേഹം വെളിവാക്കി. ഗീതയിലെ അവസാന ശ്ലോകം ഉദ്ധരിച്ചുകൊണ്ടാണ് പ്രഭാഷണം തുടങ്ങിയതുതന്നെ. 1906-ല്‍ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം മുന്നോട്ടുവച്ച വേളയില്‍ അതിനടിസ്ഥാനമായ ആശയങ്ങള്‍ പടുത്തുയര്‍ത്തിയവര്‍ക്ക് ഐന്‍സ്‌റ്റൈന്‍  തന്റെ പ്രബന്ധത്തില്‍ ക്രെഡിറ്റ് നല്‍കിയില്ല. അതു മാത്രമല്ല, അദ്ദേഹത്തിന്റെ പത്‌നിയായ മിലേവയുടെ സഹായവും എവിടെയും പരാമര്‍ശിച്ചില്ല എന്ന് പ്രൊഫ. സുദര്‍ശന്‍ അന്ന് ആരോപിച്ചു. പിന്നീടു നടത്തിയ അന്വേഷണത്തില്‍ അതു ശരിയാണെന്നു തെളിഞ്ഞു.

ബസേലിയറുടെ ആശയമാണ് ബ്രൗണിയന്‍ ചലനത്തെക്കുറിച്ചുള്ള ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. ആറു തവണ നാമനിര്‍ദ്ദേശം ലഭിച്ചിട്ടും നൊബേല്‍ സമ്മാനം നല്‍കാത്തതില്‍ അദ്ദേഹത്തിനു അതിയായ വിഷമമുണ്ടായിരുന്നു. മറ്റുളളവരുടെ ആശയങ്ങള്‍ കൈക്കലാക്കി വിപുലപ്പെടുത്തി അംഗീകാരങ്ങള്‍ കൈക്കലാക്കുന്നവര്‍ തന്നെയും വിഷമസന്ധിയിലാക്കി എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജെ.സി. ബോസിന്റെ ആശയങ്ങള്‍ വിസ്മരിച്ച് മാര്‍ക്കോണിക്ക് അംഗീകാരം നല്‍കിയതും ഐന്‍സ്‌റ്റൈനെ സമീപിച്ചതു മൂലം സത്യേന്ദ്രനാഥ് ബോസിന്റെ ആശയങ്ങളുടെ പ്രാധാന്യം നഷ്ടപ്പെട്ടതും ആരെയും കൂട്ടാതെ സ്വകാര്യമായി പരീക്ഷണ നിരീക്ഷണ വിവരങ്ങള്‍ സൂക്ഷിച്ച് പ്രസിദ്ധീകരിച്ചതു മൂലം സി.വി. രാമന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചതും പ്രൊഫ. സുദര്‍ശന്‍ അടിവരയിട്ടു പറഞ്ഞു.

കുറച്ചുനാള്‍ മുന്‍പ് കോട്ടയത്തെ സി.എം.എസ്. കോളേജിലെ ഭൗതികശാസ്ത്ര വിഭാഗത്തില്‍ ഒരു പ്രഭാഷണത്തിനായി ചെന്നപ്പോള്‍ ആ കോളേജ് പ്രൊഫ. സുദര്‍ശനെപ്പോലെയുള്ള മഹാരഥനെ സൃഷ്ടിച്ചതാണല്ലോ എന്നോര്‍ക്കുകയും ആ ചിന്ത അവിടെ സന്നിഹിതരായിരുന്ന വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും പങ്കുവയ്ക്കുകയും ചെയ്തു. താന്‍ പഠിക്കുന്ന കാലത്ത് ചൂടും താപനിലയും തമ്മിലുള്ള വ്യത്യാസം ഗ്രഹിക്കാനായി  വിഷയത്തില്‍ ആഴ്ന്നിറങ്ങിയതാണ് ഭൗതികശാസ്ത്രത്തില്‍ വേരൂന്നാന്‍ പ്രചോദനമായത്. താപത്തെക്കുറിച്ച് പറയുമ്പോള്‍ അതിന്റെ അളവിനെക്കുറിച്ചാണ് നാം സാധാരണ പ്രതിപാദിക്കാറുള്ളത്. എന്താണ് താപം എന്നു പറയാറില്ല. ഇതിനുള്ള ഉത്തരം സുദര്‍ശനു ലഭിച്ചത് കോളേജ് ലൈബ്രറിയില്‍ നിന്നെടുത്ത ഒരു ഫിസിക്സ് പുസ്തകത്തില്‍ നിന്നാണ്. അവിടെനിന്നാണ് അന്വേഷണത്വര തുടങ്ങിയത്.

അവിടുത്തെ ലൈബ്രറിയില്‍ പ്രധാനപ്പെട്ട പുസ്തകങ്ങള്‍ ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, മദ്രാസ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ പഠനത്തിനുശേഷം ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ഹോമിഭാഭയുടെ കീഴില്‍ പ്രാപഞ്ചിക രശ്മികളെക്കുറിച്ചുള്ള ഗവേഷണത്തിലേര്‍പ്പെട്ടു. പിന്നീട് റേഡിയോ ആക്ടീവതയ്ക്കു കാരണമാകുന്ന അണുകേന്ദ്രബലത്തെക്കുറിച്ചുള്ള പഠനം നടത്തി. റോച്ചസ്റ്റര്‍ സര്‍വ്വകലാശാല, ബേണ്‍ സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എക്സാക്റ്റ് സയന്‍സ്, സിറാക്കൂസ് യൂണിവേഴ്സിറ്റി, ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ഞൂറോളം പ്രബന്ധങ്ങളാണ് സുദര്‍ശന്റെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

കണികാഭൗതികത്തില്‍ ശ്രദ്ധേയമായ പല പഠനവിവരങ്ങളും പ്രൊഫ. സുദര്‍ശന്‍ അവതരിപ്പിച്ചിട്ടുണ്ട്. വി.എ. സിദ്ധാന്തം, സുദര്‍ശന്‍ ഗ്ലോബര്‍ റെപ്രെസെന്റേഷന്‍, ക്വാണ്ടം സീനോ പ്രഭാവം, സ്പിന്‍ സാംഖ്യകം, ക്വാണ്ടം കൊഹറന്‍സ്, ടാക്കിയോണുകള്‍ എന്നിങ്ങനെ ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനമായ അനേകം ആശയങ്ങള്‍ വിപുലീകരിച്ചതില്‍ സുദര്‍ശന്റെ പങ്ക് വളരെ വലുതാണ്.

ടാക്കിയോണുകള്‍
എറണാകുളത്തെ ഭാരത് ഹോട്ടലിന്റെ ലോബിയിലിരുന്ന് ഒരു മണിക്കൂറോളം സംസാരിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ നിന്നുള്ള ആശയങ്ങളുടെ ഒഴുക്കിനൊപ്പം നില്‍ക്കാന്‍ ഏറെ ആയാസപ്പെടേണ്ടിവന്നു. പ്രകാശത്തെക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന ടാക്കിയോണുകള്‍ എന്ന കണങ്ങളെക്കുറിച്ചുള്ള പരികല്‍പ്പനകളാണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്.

ടാക്കിയോണുകളെക്കുറിച്ചുള്ള നിരീക്ഷണ പരീക്ഷണ തെളിവുകളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല എങ്കിലും ഈ കണങ്ങളുടെ നിലനില്‍പ്പ് തള്ളിക്കളയാനാവില്ല എന്നാണ് കരുതപ്പെടുന്നത്. പ്രകാശത്തെക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന കണങ്ങളായ ടാക്കിയോണുകളെക്കുറിച്ചുള്ള ആശയം ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ ആശയത്തിനെതിരാണ്. എന്നാല്‍ ഐന്‍സ്‌റ്റൈന്റെ ആശയം ഉപയോഗിച്ചുതന്നെ ഇത്തരം കണങ്ങളുടെ ആശയങ്ങള്‍ വിപുലീകരിക്കാം. പ്രകാശത്തെക്കാള്‍ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ പല അസാധാരണ സംഭവങ്ങളും ഉണ്ടാകുന്നു. കാലത്തിന്റെ പ്രയാണം എതിര്‍ദിശയിലാകുന്നതാണ് വിസ്മയകരമായ ഒരു ഫലം. പലരും ഇതൊരു മോശപ്പെട്ട കാര്യമായി കാണുന്നു. എന്നാല്‍ ആരും ഇതുവരെ ഇത്തരം വേഗതകള്‍ അനുഭവിച്ചിട്ടില്ല. കാര്യവും കാരണവും തമ്മിലുള്ള ബന്ധം വലിയ വേഗതകളില്‍ മാറ്റിമറിക്കാമെന്ന് പ്രൊഫ. സുദര്‍ശന്‍ സാക്ഷ്യപ്പെടുത്തി. ഏതായാലും കാലത്തില്‍ പിന്നോട്ടു സഞ്ചരിക്കാനാകില്ല. എന്നാല്‍ മറ്റാരെങ്കിലും നിങ്ങള്‍ കാലത്തില്‍ പിന്നോട്ടാണ് സഞ്ചരിക്കുന്നതെന്നു നിരീക്ഷിച്ചാല്‍ അതു തെറ്റാകാനുമിടയില്ല എന്നതാണ് ആശയം.

പ്രകാശത്തിന്റെ വേഗത ഒരു സ്ഥിരാങ്കമാണ്. ആ വേഗം ഒരു സീമയാണെങ്കില്‍ പ്രകാശത്തെക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഒന്നിന്റെ വേഗം കുറച്ച് പ്രകാശവേഗത്തിനു താഴെ എത്തിക്കാനും കഴിയില്ല. ഹിമാലയത്തിന്റെ വടക്ക് ആരുമില്ല എന്നു പറഞ്ഞാല്‍ ശരിയാകില്ല. ഹിമാലയത്തിനപ്പുറം പോയാല്‍ അനേകം ചൈനാക്കാരെ കാണാന്‍ കഴിയും. ചിലപ്പോള്‍ ചൈനക്കാര്‍ പറയും ഹിമാലയത്തിനു തെക്ക് ആരുമില്ല എന്ന്. ഈ രണ്ടു പ്രസ്താവങ്ങളും തെറ്റാണെന്ന് നമുക്കു തെളിയിക്കാവുന്നതാണ്. ടാക്കിയോണുകളെ തേടിയുള്ള അന്വേഷണത്തിന്റെ കാര്യവും ഇതുപോലെയാണെന്ന് സുദര്‍ശന്‍ പറയുന്നു. മഹാസ്ഫോടനത്തിലാണ് പ്രപഞ്ചം ഉല്‍ഭവിച്ചതെങ്കില്‍ ആ സമയത്തുണ്ടായ ടാക്കിയോണുകള്‍ എവിടെപ്പോയിട്ടുണ്ടാകും. കാലം തുടങ്ങിയതുതന്നെ മഹാസ്ഫോടനത്തിലാണ്. ഇതേക്കുറിച്ചുള്ള പഠനവിവരം ജയന്ത് നാര്‍ലികറുമൊത്ത് സുദര്‍ശന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രപഞ്ചം വികസിച്ചു തുടങ്ങിയതോടെ കാലത്തില്‍ കണങ്ങളുടെ വേഗത കുറഞ്ഞു. ടാക്കിയോണുകളുടെ കാര്യമെടുത്താല്‍ അവയുടെ വേഗം കുറയുന്നില്ല എന്നു കാണാം. പക്ഷേ, ഇത്തരം കണങ്ങളുടെ ഊര്‍ജ്ജം വളരെ ചെറുതാകുമ്പോള്‍ അവയുടെ വേഗം വളരെ വലുതാകുന്നു. സാധാരണ കണത്തിനു സംഭവിക്കുന്നതിന്റെ നേര്‍വിപരീതമാണ് ഇവിടെ സംഭവിക്കുന്നത്. ഊര്‍ജ്ജം അനന്തമെങ്കില്‍ വേഗം പൂജ്യമാകുന്നു. പ്രപഞ്ചോല്‍പ്പത്തിക്കാലത്ത് അനേകം ടാക്കിയോണുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അവശേഷിക്കുന്നത് വളരെ കുറച്ചു മാത്രം. ടാക്കിയോണുകളെക്കുറിച്ചുള്ള നിരീക്ഷണപരീക്ഷണ തെളിവുകളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല എങ്കിലും ഈ കണങ്ങളുടെ നിലനില്‍പ്പ് തള്ളിക്കളയാനാവില്ല എന്നാണ് കരുതപ്പെടുന്നത്. നാളത്തെ ഭൗതികശാസ്ത്രം ഈ കണങ്ങളുടെ കണ്ടെത്തലിനെ അടിസ്ഥാനപ്പെടുത്തിയാകാന്‍ സാദ്ധ്യതയുണ്ട്. ദൈനംദിന ജീവിതത്തില്‍ പ്രായോഗികമായ അനേകം മാറ്റങ്ങള്‍ ടാക്കിയോണുകളുടെ കണ്ടെത്തല്‍ മൂലമുണ്ടാകും. വാര്‍ത്താവിനിമയം, ബഹിരാകാശ സഞ്ചാരം, അന്യഗ്രഹ ജീവികള്‍ക്കായുള്ള അന്വേഷണം എന്നീ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഇതുവഴി ഉണ്ടാകാനിടയുണ്ട്.

സൂക്ഷ്മപ്രപഞ്ചം
റോച്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍നിന്നാണ് മൗലിക കണങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനു തുടക്കമിട്ടത്. അണുകേന്ദ്രത്തിലെ അശക്തബല(വീക്ക് ഫോഴ്സ്)ത്തെക്കുറിച്ച് സുദര്‍ശന്‍ പഠനങ്ങളേറെ നടത്തി. സുദര്‍ശന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ പരീക്ഷണശാലയായ സേണില്‍ പരീക്ഷണങ്ങള്‍ വീണ്ടും നടത്താന്‍ തീരുമാനമായി. പരീക്ഷണങ്ങളില്‍ പഠനവിവരങ്ങള്‍ ശരിയെന്നു തെളിയിക്കുകയും ചെയ്തു. 1957-ല്‍ നടന്ന റോച്ചസ്റ്റര്‍ ഭൗതികശാസ്ത്ര സമ്മേളനത്തില്‍ തന്റെ പഠനവിവരം അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. താന്‍ കണ്ടെത്തിക്കഴിഞ്ഞ ഉത്തരങ്ങള്‍ക്കായി തലമുതിര്‍ന്ന ശാസ്ത്രജ്ഞര്‍ ഗവേഷണപ്രശ്‌നങ്ങളോരോന്നായി ചര്‍ച്ച ചെയ്യുന്നത് നിസ്സഹായനായി നോക്കിനില്‍ക്കാന്‍ മാത്രമേ അദ്ദേഹത്തിനപ്പോള്‍ കഴിഞ്ഞുള്ളൂ.

സുദര്‍ശന്റെ ഡോക്ടറല്‍ അഡ്വൈസറായിരുന്ന റോബര്‍ട്ട് മാര്‍ഷാക്ക്
സുദര്‍ശന്റെ ഡോക്ടറല്‍ അഡ്വൈസറായിരുന്ന റോബര്‍ട്ട് മാര്‍ഷാക്ക്
റിച്ചാര്‍ഡ് ഫൈന്‍മാന്‍
റിച്ചാര്‍ഡ് ഫൈന്‍മാന്‍

റോബര്‍ട്ട് മാര്‍ഷക്ക് ആയിരുന്നു സുദര്‍ശന്റെ ഡോക്ടറല്‍ അഡ്വൈസര്‍. ഒരിക്കല്‍ സാന്റാ മോണിക്കയില്‍ വച്ച് മാര്‍ഷാക്കും ശാസ്ത്രജ്ഞരായ മുറെ ജെല്‍മാന്‍, ലിയോണ മാര്‍ഷല്‍, റോണാള്‍ഡ് ബ്രയന്‍, എ.എച്ച്. വാപ്സ്ട്ര എന്നിവരും സാന്റാമോണിക്കയിലെ ഒരു റസ്റ്റോറന്റില്‍ ഒത്തുകൂടി. അശക്തബലവാഹക കണങ്ങളുടെ പരസ്പര  പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ സുദര്‍ശനോട് ആവശ്യപ്പെട്ടിരുന്നു. പഠനവിവരം വെളിപ്പെടുത്തിയപ്പോള്‍ മുറെ അദ്ദേഹത്തെ വളരെയധികം ശ്ലാഘിച്ചു. അവിടെവച്ച് സുദര്‍ശന്‍ ആണവകേന്ദ്രത്തിലെ അശക്തബലത്തെക്കുറിച്ചുള്ള സങ്കല്പനങ്ങള്‍ അവതരിപ്പിച്ചു. നല്ലൊരു ആശയമാണെന്ന് എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടു. അക്കാലത്തെ റോച്ചസ്റ്റര്‍ കോണ്‍ഫറന്‍സില്‍ മാര്‍ഷക്ക് ഈ ആശയം അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ മുറേ ജെല്‍ മാന്‍, റിച്ചാര്‍ഡ് ഫെയ്ന്‍മാന്‍ എന്നീ ഗവേഷകര്‍ കുറച്ചുനാള്‍ക്കകം ഈ ആശയത്തെ വിപുലീകരിച്ച് പ്രബന്ധം പ്രസിദ്ധീകരിച്ചു.

മുറേ ജെല്‍ മാന്‍
മുറേ ജെല്‍ മാന്‍
റോയ് ഗ്ലോബര്‍
റോയ് ഗ്ലോബര്‍

സമ്മേളനത്തില്‍ അവതരിപ്പിച്ച സുദര്‍ശന്റെ ആശയം ആരും ഗൗനിച്ചില്ല. അവിടെ അവതരിപ്പിച്ച പ്രബന്ധങ്ങള്‍  പ്രസിദ്ധീകരിച്ചത് രണ്ടു വര്‍ഷം കഴിഞ്ഞാണ്. ഈ ആശയത്തിന്റെ ബലത്തില്‍ ഫെയ്ന്‍മാനും ജെല്‍ മാനും നൊബേല്‍ ലഭിച്ചു. അതുപോലെ 1979-ലെ നൊബേല്‍ സമ്മാനം സ്റ്റീവന്‍ വൈന്‍ബര്‍ഗ്ഗ്, അബ്ദുസ് സലാം, ഷെല്‍ഡന്‍ ഗ്ലാഷോ എന്നീ ശാസ്ത്രജ്ഞര്‍ക്കായിരുന്നു. പ്രൊഫ. സുദര്‍ശന്  26 വയസ്സുള്ളപ്പോള്‍ മുന്നോട്ടുവച്ച ആശയങ്ങളാണ് ഈ ഗവേഷകര്‍ ഉപയോഗിച്ചത്. 2005-ലെ  നൊബേല്‍ പ്രൊഫ. സുദര്‍ശന്റെ തന്നെ ആശയത്തിനാണ് ലഭിച്ചത്. പക്ഷേ, അതു ലഭിച്ചത് റോയ് ഗ്ലോബര്‍ എന്ന ശാസ്ത്രജ്ഞനാണ്. ഗ്ലോബര്‍, സുദര്‍ശന്റെ ആശയങ്ങളെ  പുനര്‍നാമകരണം ചെയ്ത് പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. 
ആറു തവണയാണ് അദ്ദേഹത്തെ നൊബേല്‍ സമ്മാനത്തിനു നാമനിര്‍ദ്ദേശം ചെയ്തത്. എന്നാല്‍ നിര്‍ഭാഗ്യം കൊണ്ടുമാത്രം അതു ലഭിക്കാതെ പോയി. നൊബേല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ ധാരാളം സംശയങ്ങള്‍ കുറച്ചു നാളുകളായി പൊന്തിവരുന്നുണ്ട്. ആല്‍ഫ്രഡ് നൊബേല്‍ ഉദ്ദേശിച്ചതുപോലെയല്ല ഇപ്പോള്‍ നൊബേല്‍ കമ്മിറ്റിയുടെ പോക്ക്. അടിസ്ഥാന ശാസ്ത്രത്തിലെ മുന്നേറ്റങ്ങള്‍ക്കു നല്‍കുന്ന നൊബേലുകളില്‍ ഈ ചായ്വ് പ്രകടമാണ്. ഇനിയും തെളിവുകള്‍ വേണ്ട ആശയങ്ങള്‍ക്ക് നൊബേല്‍ സമ്മാനം നല്‍കിയത് ശാസ്ത്രജ്ഞര്‍ കണ്ടില്ലെന്നു നടിക്കുന്നു. എന്നാല്‍, അര്‍ഹതയുള്ളവര്‍ക്കു നിഷേധിക്കുന്നതു ന്യായമേയല്ല. നൊബേല്‍ ഇനി നിര്‍ത്തലാക്കുന്നതാണ് നല്ലത്. ശാസ്ത്രജ്ഞര്‍ ഇത്തരം അംഗീകാരങ്ങള്‍ വേണ്ടെന്നു വയ്ക്കാനുള്ള ചങ്കൂറ്റം കാണിക്കണം.

സ്റ്റീവന്‍ വൈന്‍ബര്‍ഗ്
സ്റ്റീവന്‍ വൈന്‍ബര്‍ഗ്

ഡൈനാമിറ്റ് എന്ന നശീകരണ വസ്തുവില്‍നിന്നുള്ള ആദായം വര്‍ഷാവര്‍ഷം വീതിച്ചു നല്‍കുന്നു. ബോബ് ഡിലന്റെ കാര്യത്തില്‍ നൊബേല്‍ കമ്മിറ്റി നാണംകെട്ടു. തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നതിനാല്‍ ഴാങ് പോള്‍ സാര്‍ത്ര് നൊബേല്‍ വേണ്ടെന്നുവച്ചു. ഒബാമയ്ക്കും മലാലയ്ക്കും സമാധാന നൊബേല്‍ നല്‍കിയത് ശുദ്ധ അബദ്ധമാണ്. ഓങ് സാന്‍ സ്യൂകിയുടെ നൊബേലും അപ്രകാരം തന്നെ. നൊബേലിനും വളരെ ഉയരത്തിലാണ് പ്രൊഫസര്‍ സുദര്‍ശന്റെ സ്ഥാനം. എന്നാല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്‌നത്തിനു തികച്ചും അര്‍ഹനായിരുന്നു അദ്ദേഹം. ഇനിയെങ്കിലും അതു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 

ഡൗട്ട് ആന്റ് സേര്‍ട്ടനിറ്റി എന്ന കൃതി ടോണി റോത്ത്മാനുമൊത്താണ് പ്രൊഫ. സുദര്‍ശന്‍ രചിച്ചത്. പ്ലേറ്റോയുടെ അക്കാദമിയും ദര്‍ശനങ്ങളും ആധുനിക ഭൗതികവുമൊക്കെ സമന്വയിക്കുന്ന ഒന്നാണത്. ഭൗതികശാസ്ത്രവും തത്ത്വചിന്തയും ഏതാണ്ടൊരുപോലെയാണ്. പ്രാചീന ഭാരതത്തിലെ സാഹിത്യസൃഷ്ടികളില്‍ അത്യാവശ്യം വേണ്ട തത്ത്വശാസ്ത്ര പ്രസ്താവങ്ങള്‍ കാണാം. എഴുത്തച്ഛന്റേയും കുഞ്ചന്‍നമ്പ്യാരുടേയും കൃതികളിലും ഇത്തരം ആശയങ്ങളുണ്ട്. ഇവയെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുമ്പോള്‍ നമ്മുടെ പല ആധുനിക ചിന്തകളും മൗലികമല്ല എന്നാണ് തോന്നുകയെന്ന് പ്രൊഫസര്‍ സുദര്‍ശന്‍ പറഞ്ഞിരുന്നു. ശാസ്ത്രത്തിന് അനേകം സംഭാവനകള്‍ പ്രാചീനകാലം തൊട്ട് നല്‍കിവന്നിട്ടുള്ള നാടാണ് കേരളം.

ഗണിതശാസ്ത്രം മുതല്‍ നാനോ ടെക്നോളജി വരെയുള്ള മേഖലകളില്‍ ഇന്ന് കേരളീയരായ ശാസ്ത്രജ്ഞരുടെ സജീവ സാന്നിദ്ധ്യമുണ്ട്. പല ശാസ്ത്രശാഖകളിലും നൊബേല്‍ ക്ലാസ്സ് ശാസ്ത്രജ്ഞര്‍ പിറന്നുവീണ മണ്ണാണിത്. ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ജൈവരസതന്ത്രം, തന്മാത്രാപഠനം, ക്രിസ്റ്റലോഗ്രഫി, ബഹിരാകാശ പഠനവും ഗവേഷണവും എന്നിങ്ങനെ മലയാളികള്‍ മികവു തെളിയിക്കാത്ത മേഖലകളില്ല. അടിസ്ഥാന ശാസ്ത്രമേഖലയില്‍ വലിയ മുന്നേറ്റങ്ങളൊന്നും ഇന്ന് ഉണ്ടാകുന്നില്ല. വിവരസാങ്കേതികതയുടെ തള്ളിക്കയറ്റം പല പ്രതിഭകളേയും അങ്ങോട്ടേയ്ക്ക് ആകര്‍ഷിച്ചു. അടിസ്ഥാന ശാസ്ത്രത്തിന്റെ മുന്നേറ്റം കൂടുതല്‍ സങ്കീര്‍ണ്ണമായി. പ്രപഞ്ചവിജ്ഞാനീയത്തിലെ അതിസങ്കീര്‍ണ്ണമായ കണക്കുകൂട്ടലുകള്‍ ഇന്നു നടത്തുന്നത് സൂപ്പര്‍ കംപ്യൂട്ടറുകളാണ്.

മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന ശാസ്ത്രമേഖലയില്‍ ഇന്ന് ഏറെ അവസരങ്ങളുണ്ട്. ലോകമെമ്പാടുമുള്ള സര്‍വ്വകലാശാലകള്‍ അടിസ്ഥാന ശാസ്ത്രശാഖകളില്‍ തല്‍പ്പരരായി എത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കഠിനമായി അദ്ധ്വാനിക്കാനുള്ള മനസ്സും അവസരങ്ങള്‍ കണ്ടെത്താനുള്ള ത്വരയുമുണ്ടെങ്കില്‍ ശാസ്ത്രലോകത്തിന്റെ ഉത്തുംഗ ശൃംഗങ്ങളില്‍ എത്തിച്ചേരാം എന്ന് പ്രൊഫ. സുദര്‍ശന്‍ അഭിപ്രായപ്പെട്ടിരുന്നു. പൈതഗോറസിനു മുന്‍പ് ഗണിതശാസ്ത്രത്തില്‍ പുതിയ വാതായനങ്ങള്‍ തുറന്നിട്ടുള്ള രാജ്യമാണ് ഇന്ത്യ. ജ്യോതിശാസ്ത്രം, ഭാഷാപഠനം തുടങ്ങി അനേകം ശാസ്ത്രശാഖകളില്‍ കേരളത്തിന്റെ സംഭാവന ഗണനീയമാണ്. അടിസ്ഥാന ശാസ്ത്രമേഖലകളിലേക്ക് കേരളത്തിലെ യുവതലമുറയുടെ ശ്രദ്ധ എത്തേണ്ടതായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com