പ്രളയത്തെ തോല്‍പ്പിച്ച കേദാര്‍നാഥ്

ഹിമാലയസാനുക്കളിലെ യാത്രകള്‍ വിചിത്രമാണ്. സ്വപ്നങ്ങളും മിഥ്യാ ഭ്രമങ്ങളും പോലെ വെയിലും മഞ്ഞും മാറിമറയുന്ന താഴ്‌വാരങ്ങള്‍. പുരാതനങ്ങളായ കല്‍പ്പടവുകള്‍.
പ്രളയത്തെ തോല്‍പ്പിച്ച കേദാര്‍നാഥ്

    ഹിമാലയം ഏകമുഖമായ പര്‍വ്വതരൂപമാണെന്നായിരുന്നു കുട്ടിക്കാലത്തെ ധാരണ. നിരവധി രാജ്യങ്ങളിലായി കിടക്കുന്ന പര്‍വ്വതങ്ങളുടേയും നദികളുടേയും ഭൂമിശാസ്ത്ര വൈവിധ്യമാണ് ഹിമാലയമെന്ന ധാരണ ഉണ്ടായത് ഏറെ വൈകിയാണ്. മസൂറിയിലും ഋഷികേശിലും ഹരിദ്വാറിലും ഹിമാലയന്‍ യാത്രകള്‍ അവസാനിപ്പിച്ച കാലത്തു വളര്‍ന്നുവന്ന കൗതുകമായിരുന്നു ചാര്‍ധാം യാത്ര. ഹരിയാനയിലെ ഹിസാറിലെ കര്‍ഷക സമ്മേളനത്തില്‍ പങ്കെടുക്കേണ്ട തീയതിക്ക് പത്ത് ദിവസം മുന്‍പുതന്നെ ഡല്‍ഹിയിലെത്തി. ഇളംതണുപ്പിലാണ് ഡല്‍ഹി. വൈകിട്ട് ഒമ്പതു മണിക്ക് ഡെറാഡൂണ്‍ എക്സ്പ്രസ്സില്‍ ഹരിദ്വാറിലേക്ക്. പുലര്‍ച്ചെ നാലു മണിക്കുതന്നെ ഹരിദ്വാറിലെത്തി.

ദേവഭൂമിയിലേക്കുള്ള പ്രവേശന കവാടമാണ് ഹരിദ്വാര്‍. എട്ടു മണിക്ക് ഹരിദ്വാറില്‍നിന്നും ടെമ്പോ ട്രാവലര്‍ പുറപ്പെട്ടു. മഞ്ഞുകാലം തുടങ്ങുകയാണ്. യമുനയില്‍ പലയിടത്തും വെള്ളമില്ല. ഹരിദ്വാറില്‍ വഴി തിരിച്ചുവിട്ട ഗംഗയില്‍ വെള്ളം ധാരാളമുണ്ട്. ഋഷികേശില്‍നിന്ന് കാനന പ്രകൃതിയിലേക്ക് നീങ്ങുകയാണ്. പച്ചവിരിച്ച കാടുകളില്‍ നിറയെ കുരങ്ങന്‍മാര്‍. മനോഹരമായ ടാര്‍ പാതകള്‍.  ഉച്ചയ്ക്ക് മുന്‍പുതന്നെ ഡെറാഡൂണിലെത്തി. വൃത്തിയുള്ള നഗരമാണ് ഡെറാഡൂണ്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നഗരം. മസൂറിയും അങ്ങനെതന്നെ. തണുപ്പുനിറഞ്ഞ മലഞ്ചെരിവുകള്‍ കെട്ടിടങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുന്നു. മറ്റൊരു കൊടൈക്കനാല്‍ പോലെ നമുക്ക് തോന്നും.

കൊടൈക്കനാലില്‍ ഇത്രയും കെട്ടിടങ്ങളില്ല. കെംപ്തി എന്ന ചെറുവെള്ളചാട്ടത്തിന് അരികിലൂടെയാണ് യാത്ര. മൂക്കിന്റെ പാലം പോലെ ഇടുങ്ങിയ റോഡിനു താഴെ അഗാധഗര്‍ത്തങ്ങളാണ്. താഴ്വരകള്‍ മടക്കുകളായി കുന്നില്‍ നിരന്നുകിടക്കുന്നത് മനോഹര കാഴ്ചയാണ്. അതിരപ്പള്ളി കണ്ടതിനാല്‍ ഈ വെള്ളച്ചാട്ടത്തോട് ആകര്‍ഷണം തോന്നിയില്ല. എങ്കിലും നിരവധി പേര്‍ വെള്ളച്ചാട്ടത്തില്‍നിന്ന് കുളിക്കുന്നു.

    ബാര്‍ക്കോട്ടിലേക്കാണ് യാത്ര. അളകനന്ദയുടെ തീരത്തുകൂടിയുള്ള ഈ യാത്രയില്‍ താഴെ വെള്ളിനൂല്‍പോലെ പുഴയൊഴുകുന്നു. വഴിയില്‍ ഭോജനശാലകളുണ്ട്. കനലില്‍ ചുട്ട റൊട്ടിയും ഹിമാലയത്തിന്റെ ഉണര്‍വ്വുള്ള പച്ചക്കറികള്‍കൊണ്ട് സബ്ജിയും തൈരും പച്ചമുളകും ചോറും ദാലും രജത് പപ്പടം ചുട്ടതും. നാലുമണിയോടെ ലാക്ക്മണ്ഡലില്‍ എത്തി. തടികൊണ്ട് നിര്‍മ്മിച്ച ക്ഷേത്രമാണ്. ചുറ്റുപാടുള്ള വീടുകളെല്ലാം തടികൊണ്ട് നിര്‍മ്മിച്ചതാണ്. കല്ലുകഷ്ണങ്ങള്‍കൊണ്ടാണ് പുര മേഞ്ഞിരിക്കുന്നത്. പാണ്ഡവരെ അരക്കില്ലത്തില്‍ ഇട്ട് കൊല്ലാന്‍ ശ്രമിച്ച സ്ഥലമാണത്രേ ലാക്ക്മണ്ഡല്‍. 

    കൊച്ചു കൃഷിയിടങ്ങളില്‍ നെല്ല്, ചോളം, ഗോതമ്പ്, ഉരുളക്കിഴങ്ങ്, തക്കാളി മറ്റ് പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നു. എന്നാല്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില ലഭിക്കുന്നുമില്ല. ആടുവളര്‍ത്തലും പശുവളര്‍ത്തലുമാണ് തൊഴിലുകള്‍. ഗോതമ്പിന്റെ നിറമുള്ള സ്ത്രീകളും കുട്ടികളും. റോഡിന്റെ വശങ്ങളിലെവിടെയും മെഡിക്കല്‍ ഷോപ്പുകളോ ബേക്കറികളോ കാണാനില്ല. സ്ത്രീകളാണ് കാര്‍ഷികത്തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മലനിരകളിലെ പകലൊളി മങ്ങുകയാണ്. വീട്ടിലേക്ക് തിരിച്ചുപോകുന്ന പ്രസാദാത്മകതയുള്ള കര്‍ഷക സ്ത്രീകള്‍. മാനം ഇരുളുന്നു. തെളിനീരൊഴുകുന്ന യമുനാതീരത്ത് ബര്‍ക്കോട്ടില്‍ ഹോട്ടലില്‍ എത്തിച്ചേര്‍ന്നു.

ബാര്‍ക്കോട്ട് പട്ടണത്തില്‍നിന്നകന്ന് ഏകാന്തവും വിജനവുമായ ഒരു വഴിയോര വിശ്രമ സങ്കേതമാണ്. രവി വിശ്വകര്‍മ്മനും ഭാര്യ ശിഖയും ചേര്‍ന്നു നടത്തുന്ന ഈ ഹോട്ടലില്‍ ഇവിടെ എട്ട് മുറികളാണ് ഉള്ളത്. സ്വന്തം വളപ്പിലുണ്ടാക്കിയ പച്ചക്കറിയും പാലും തൈരുമാണ്   ഇവര്‍ അതിഥികള്‍ക്കു നല്‍കുക. വീട്ടിനകത്തെ ഭക്ഷണമേശയിലാണ് അത്താഴം വിളമ്പിയത്. ശിവ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപികയാണ്. ബന്ധുവായ ഒരു പരിചാരകനും അവര്‍ക്ക് കൂട്ടിനുണ്ട്. രാവിലെ എല്ലാവര്‍ക്കും ചപ്പാത്തിയും സബ്ജിയും ഉണ്ടാക്കിത്തന്നത് ശിഖയാണ്. സ്‌നേഹോഷ്മളമായ ആതിഥ്യത്തിന്റെ മധുരമാണ് ബാര്‍ക്കോട്ടില്‍ ഞങ്ങള്‍ക്ക് ലഭിച്ചത്. കൊതുകുതിരികളില്ലാതെ നദീതീരത്ത് സഹിക്കാവുന്ന തണുപ്പില്‍ സുഖമായുറങ്ങി.

    
രണ്ടാമത്തെ ദിവസം ചതുര്‍ധാമിലേക്കുള്ള യാത്ര തുടങ്ങുകയാണ്. ചതുര്‍ധാം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് എന്നിവിടങ്ങളാണ്. യമുനോത്രിയിലേക്കുള്ള യാത്ര ജാനകിചട്ടിയിലേക്കാണ്. ബാര്‍ക്കോട്ട് പട്ടണത്തിലാകെ യാത്രികരെ ഉദ്ദേശിച്ച് കെട്ടിടങ്ങളാണ്. പട്ടണം വഴി പ്രധാന വഴി തിരിഞ്ഞ് ജാനകിച്ചട്ടിയിലെത്തുന്നതിനു മുന്‍പായി ഒജരിയില്‍ മലയിടിഞ്ഞ് ഗതാഗതതടസ്സമാണ്. ഋഷികേശില്‍നിന്ന് രജിസ്റ്റര്‍ ചെയ്ത് കയറുന്ന യാത്രികരെ വഴിമധ്യേയുള്ള ദുര്‍ഘടങ്ങളെല്ലാം അപ്പോഴപ്പോള്‍ ഫോണ്‍ സന്ദേശങ്ങള്‍ വഴി അറിയിക്കുന്ന  സംവിധാനമുണ്ട്.

ഇനി ആറു കിലോമീറ്റര്‍ നടക്കണം. പുഴയിലുള്ള ഒരു ഇരുമ്പുപാലത്തിലേക്ക് താഴേക്ക് ഇടുങ്ങിയ വഴിയിലൂടെ മൂന്നു കിലോമീറ്ററും പിന്നീട് മുകളിലേക്ക് മൂന്ന് കിലോമീറ്ററും. ചാണകവും ചെളിയും ഉയര്‍ന്നു നില്‍ക്കുന്ന കല്ലുകളും ചവിട്ടി കാല്‍നടയായി കയറണം. കുതിരപ്പുറത്തും ഈ വഴി താണ്ടാം. ഞങ്ങള്‍ നടക്കുക തന്നെ ചെയ്തു. തിരക്കിന് കുറവില്ല. മലയിടിഞ്ഞ് റോഡ് നിറയെ കല്‍ക്കൂമ്പാരങ്ങള്‍ തീര്‍ത്തത് പാലം കടന്ന് മുകളിലെത്തുമ്പോള്‍ തൊട്ടുമുന്നിലെന്നപോലെ കാണാം. തൃശൂര്‍പൂരത്തിന്റെ വെടിക്കെട്ട്‌പോലെ കല്ലുകള്‍ ഒരുമിച്ച് പൊട്ടിച്ചിതറി വീണുകൊണ്ടേയിരിക്കുന്നു.

ഹിമാലയപര്‍വ്വതങ്ങള്‍ എല്ലായിടത്തും ഉറപ്പുള്ള കല്ലുകള്‍കൊണ്ടുണ്ടാക്കിയതല്ല. അടുക്കടുക്കായി ചുണ്ണാമ്പുകല്ലുപോലെ മൃദുലമായ കല്ലുകള്‍ കൊണ്ട് അടരുകള്‍ തീര്‍ത്താണ് ഏറിയ സ്ഥലത്തേയും പര്‍വ്വതങ്ങളുടെ നിര്‍മ്മിതി. മുകളില്‍ സഞ്ചരിക്കുന്ന ഒരു കാട്ടാട് തട്ടിയിടുന്ന കല്ല് മറ്റൊരു കല്ലില്‍ തട്ടി കല്ലിന്‍കൂട്ടങ്ങളായി താഴേക്ക് വീഴുന്നതിനു വരെ സാധ്യതയുണ്ട്. അനിശ്ചിതത്ത്വങ്ങളുടെ കേന്ദ്രമാണ് ഹിമാലയം. തോളില്‍ തഴമ്പുള്ള നാലുവീതം പഹാഡികള്‍ ആളുകളെ ഏറ്റികൊണ്ടു പോകുന്നത് കാണാം. താഴെ അഗാധഗര്‍ത്തങ്ങളും നീരൊഴുക്കുകളും അരുവികളും വശങ്ങളില്‍ ചുങ്കത്തായി നിലകൊള്ളുന്ന ഉന്നത പര്‍വ്വതശൃംഗങ്ങള്‍. പര്‍വ്വത ഭിത്തികളിലൂടെ വെള്ളം തണുത്തുറഞ്ഞ് ഒഴുകുന്നു. കാനനസ്വച്ഛതയില്‍ ദേവദാരുവിന്റെ മണമുള്ള പരിശുദ്ധമായ വായു, നടന്നു ക്ഷീണിച്ച് സോനച്ചട്ടിയിലെത്തുമ്പോള്‍ ജീപ്പുകള്‍ നിരവധിയായി യാത്രികരെ ജാനകിച്ചട്ടിയിലേക്ക് കൊണ്ടുപോകാനും കൊണ്ടുവിടാനുമുണ്ട്. ഇടയ്ക്കിടെ ഇടിഞ്ഞുവീഴുന്ന റോഡുകള്‍ നന്നാക്കാന്‍ കൃത്യമായ സംവിധാനങ്ങളും.
    

ജാനകിച്ചട്ടിയില്‍ പോണിക്കുതിരകളുടെ കാവല്‍ക്കാര്‍ യാത്രികരെ വളയും. 500 രൂപയും ടിപ്സുമാണ് യമുനോത്രിയിലേക്കുള്ള നിരക്ക്. അഞ്ഞൂറും അറുന്നൂറും കുതിരകളുള്ള വലിയ ജന്മിമാരാണ് ഉടമസ്ഥന്മാര്‍. കുതിരക്കാര്‍ക്ക് നൂറോ ഇരുന്നൂറോ കൂലിയും ടിപ്സും ആണ് മെച്ചം. വിദൂര കര്‍ഷകഗ്രാമങ്ങളില്‍നിന്ന് സീസണില്‍ വരുമാനമുണ്ടാക്കാനുള്ള തത്രപ്പാടിലാണ് ഇവര്‍. ധാനി എന്ന പേരുള്ള ഒരു കുതിരയുടെ പുറത്താണ് ഞാന്‍ കയറിയത്. കുതിരക്കാരന്‍ മനോജ് 200 കി.മീ. ദൂരെ ഗ്രാമത്തിലെ കൃഷിക്കാരനാണ്. പച്ചക്കറികൊണ്ടും കൃഷികൊണ്ടും ഒരു കാര്യവുമില്ലെന്നാണ് മനോജ് പറയുന്നത്. യമുനോത്രിയിലേക്ക് 5 കിലോമീറ്റര്‍ ട്രെക്കിംഗ് പാതയിലൂടെ മുകളിലേക്ക് കയറണം.

കോണ്‍ക്രീറ്റും കരിങ്കല്ലും പാകിയ പാതകളുടെ ഒരു വശത്ത് പര്‍വ്വതപ്പാറകളും മറുവശത്ത് സംരക്ഷിതവേലികളുമാണ്. സംരക്ഷിതവേലികള്‍ അര വലിപ്പമുള്ളവയാണ്. മുന്‍പ് ഈ പാതകളില്‍ വേലികളുണ്ടായിരുന്നില്ല. ഇതിലൂടെയാണ് യാത്രികരും കുതിരകളും അങ്ങോട്ടുമിങ്ങോട്ടും കയറിപ്പോകുന്ന ദുര്‍ഘടമായ യാത്ര പോകേണ്ടത്. മൂന്നടി വീതിയിലാണ് ട്രക്കിംഗ് പാതയുള്ളത്. ഇരുണ്ട കാനനഭംഗി നുകര്‍ന്നാണ് യമുനയുടെ ഉല്‍ഭവം ആയ യമുനോത്രിയിലേക്ക് നീങ്ങുന്നത്. ഭീതിദമായ യാത്രയില്‍ ഒന്നു രണ്ടിടത്ത് യാത്രക്കാര്‍ക്കും കുതിരയ്ക്കും വിശ്രമിക്കാന്‍ കേന്ദ്രങ്ങളും ചായക്കടകളുമാണ്. വളവുതിരിവുകളില്‍ കുതിര തന്നെയും താഴേക്കു പോകുമോ എന്ന ഭയത്തോടെയാണ് യാത്ര ചെയ്തത്. 

    12 കിലോമീറ്റര്‍ അപ്പുറത്ത് സപ്തര്‍ഷികുണ്ഡമെന്ന ചൂടുനീരുറവയില്‍നിന്ന് വരുന്ന ചൂടുവെള്ളം ക്ഷേത്രത്തിലെ തപ്തകുണ്ഡത്തിലെത്തുന്നു. ഇത് ഒരു ചെറിയ കിണറാണ്. സഞ്ചിയില്‍ അരി കെട്ടി ഈ വെള്ളത്തിലിട്ടാല്‍ 10 മിനിറ്റ് കഴിയുമ്പോള്‍ പ്രസാദമായി ചോറു കിട്ടും. ഈ വെള്ളം തണുത്ത ജലമായി ചേര്‍ന്ന് പ്രത്യേകം കെട്ടിയ കുളത്തില്‍ നിറച്ചിരിക്കുന്നിടത്താണ് തീര്‍ത്ഥാടകര്‍ കുളിക്കുന്നത്. പതുക്കെ വെള്ളത്തിലിറങ്ങി കഴുത്തുവരെ മുങ്ങിക്കിടന്നാല്‍ പിന്നെ കരയ്ക്ക് കയറാനാവാത്ത സുഖം. പുറത്ത് ഊഷ്മാവ് 2 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തുന്നത്. തപ്തകുണ്ഡത്തില്‍ ഇറങ്ങി മുങ്ങുമ്പോള്‍ ലഭിക്കുന്ന നവോന്മേഷം പ്രത്യേകമാണ്. ഭീമാകാരമായ പര്‍വ്വതശിഖരങ്ങള്‍ക്കിടയിലൂടെ വലിയ ശബ്ദത്തില്‍ യമുനസ്വച്ഛതയോടെ തെളിനീരായി ഒഴുകിവരുന്നത് മനം കുളിര്‍പ്പിക്കുന്ന കാഴ്ചയാണ്. വീണ്ടും സോനച്ചട്ടിയിലേക്ക്. ഒജരിയിലേക്ക് ആറു കിലോമീറ്റര്‍ കയറ്റവും ഇറക്കവും കഴിഞ്ഞപ്പോഴേക്കും ക്ഷീണിച്ചു തളര്‍ന്നു. വീണ്ടും ബാര്‍ക്കോട്ടിലേക്ക്. ഇരുട്ടും തണുപ്പും. 

    രണ്ടാം ദിവസം ഉത്തരകാശിയിലേക്കാണ്. ഹിമാലയ പാര്‍ശ്വങ്ങളിലും പൈന്‍മരക്കാടുകളിലൂടെ സൂചിമുഖിയിലകളുടെ ഹരിതസമൃദ്ധി നുകര്‍ന്ന് 80 കിലോമീറ്റര്‍ നീണ്ട യാത്ര. മലമ്പാതകള്‍ക്കരികില്‍ ചൂടുചായയുടെ ഊഷ്മളതയുമായി കച്ചവടകേന്ദ്രങ്ങളുണ്ട്. സ്ത്രീകളാണ് കച്ചവടക്കാര്‍. ശിവ ഗുഹയിലേക്കും ബ്രഹ്മകമല്‍ ഗ്രാമത്തിലേക്കുമുള്ള വഴികളെല്ലാം ഈ യാത്രാമാര്‍ഗ്ഗത്തില്‍നിന്നാണ് തിരിയുന്നത്. ഉച്ചകഴിഞ്ഞ് ഉത്തരകാശിയിലെത്തി. ഉത്തരാഖണ്ഡിലാകെ മഴയും മണ്ണിടിച്ചിലുമാണെന്ന് കാലാവസ്ഥാ പ്രവചനം. 1992-ലെയും 2013-ലെയും മേഘവിസ്ഫോടനവും മലയിടിച്ചിലും ഓര്‍ത്തുണ്ടായ നടുക്കം മനസ്സിലുണ്ട്. ഭാഗീരഥി അണക്കെട്ടിനുള്ളില്‍ ജലവൈദ്യുതകേന്ദ്രമുണ്ട്. ഭാഗീരഥിയുടെ തീരത്താണ് വിശ്വനാഥക്ഷേത്രം. ഇവിടുത്തെ ഉയരമുള്ള തൃശൂലം പ്രസിദ്ധമാണ്. പുണ്യതീര്‍ത്ഥങ്ങളിലേക്കുള്ള യാത്രാകേന്ദ്രവും. സന്ന്യാസിമാരുടെ വാസകേന്ദ്രവുമായി ഉത്തരകാശി അറിയപ്പെടുന്നു. പച്ചക്കറി, പഴം വിപണനകേന്ദ്രങ്ങള്‍ പട്ടണത്തിലാകെ കാണാം. 

ഉത്തരകാശിയില്‍നിന്ന് രാവിലെ അഞ്ചു മണിക്ക് ഗംഗോത്രിയിലേക്ക് പുറപ്പെട്ടു. ഭാഗീരഥി ഇളകിത്തിമിര്‍ത്ത് കാനനമധ്യത്തിലൂടെ നൂറുകണക്കിന് അടി താഴെ ഒഴുകുന്ന കാഴ്ച കണ്ട് നീങ്ങുമ്പോള്‍ തിരംഗ് എന്ന സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു. ഒരു ഇരുനില വീടിന്റെ വലിപ്പമുള്ള കല്ല് പര്‍വ്വതത്തില്‍നിന്നും താഴെ റോഡില്‍ വീണതാണ്. മുമ്പില്‍ നാലഞ്ച് വാഹനങ്ങള്‍ക്ക് പുറകില്‍ ഞങ്ങളുടെ വാഹനവും. പെട്ടെന്നത് നൂറുകണക്കിന് വാഹനങ്ങളായി. പുറത്തിറങ്ങി പ്രകൃതിദ്യശ്യങ്ങള്‍ കണ്ട് നടക്കുമ്പോള്‍ കാനഡയില്‍നിന്നെത്തിയ സിനാമിയും ഇസബല്ലയുമായി പരിചയപ്പെട്ടു. നമ്മുടെ ഒരു ധാരണ പ്രകാരം ഇന്നത്തെ യാത്ര മുടങ്ങി എന്ന് ഉറപ്പാക്കി. എന്നാല്‍, സൈനികരുടെ ചുമതലയിലുള്ള റോഡ് സുരക്ഷാസേന പെട്ടെന്ന് സ്ഥലത്ത് ബുള്‍ഡോസറുമായി എത്തി. പാറ രണ്ടുമൂന്നു കഷ്ണമായി പൊട്ടിക്കല്‍, തള്ളി താഴെ പുഴയിലേക്കെറിയല്‍ എല്ലാം അര മണിക്കൂറിനകം കഴിഞ്ഞു. 8 മണിക്ക് യാത്ര പുറപ്പെട്ടു. പത്ത് കിലോമീറ്റര്‍ കൂടി പോയപ്പോള്‍ വീണ്ടും ചൂടു നീരുറവ. ഗംഗാജ്ഞാനി. ചൂടു നീരുറവയില്‍ കുളിച്ചു. മുകളില്‍ ഒരു ക്ഷേത്രമുണ്ട്. താഴെ മസാലദോശയുള്‍പ്പെടെ ലഭിക്കുന്ന ധാബ. തര്‍സില്‍ എന്ന ഒരു പട്ടണം താണ്ടിനീങ്ങി. ഗംഗോത്രിയിലേക്കുള്ള യാത്രയിലുടനീളം പര്‍വ്വതങ്ങളില്‍ നിന്ന് കല്ലുകള്‍ പതിച്ചുകൊണ്ടിരുന്നു. അതിശൈത്യവും കോടയും യാത്രയെ പിന്തുടര്‍ന്നു.  സൈനികകേന്ദ്രങ്ങള്‍ പലയിടത്തുമുണ്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളുണ്ട്.      ആയിരക്കണക്കിന് അനന്തമായ പര്‍വ്വതനിരകളുണ്ട്. നീരുറവകളുടെ മലവെള്ളപ്പാച്ചിലാണ് എവിടെയും. പൈന്‍മരക്കാടുകളും ആപ്പിളും പിയറും വിളയുന്ന തോട്ടങ്ങളും പിന്നിട്ട് പതിനൊന്ന് മണിയോടെ ഗംഗോത്രിയിലെത്തി. ഗംഗോത്രിയില്‍ ഗംഗ ഉഗ്രരൂപിണിയാവുന്നു. മാര്‍ബിള്‍ ക്ഷേത്രം ദൂരെനിന്നു കാണാം.

    ഗംഗോത്രിയില്‍ നിന്നല്ല ഗംഗ ഉല്‍ഭവിക്കുന്നത്. അത് ഗോമുഖ് എന്ന പടുകൂറ്റന്‍ ഹിമാനിക്കടിയില്‍നിന്നാണ്. കിലോമീറ്ററുകള്‍ നീളമുള്ള ഈ ഹിമാനിക്കരികിലെത്താന്‍ അതിവിജനമായ 13 കിലോമീറ്റര്‍ ദൂരം ട്രെക്കിംഗ് നടത്തണം. ജൂണ്‍ മാസത്തില്‍ മാത്രമാണ് യാത്രാനുമതിയുള്ളത്. ഗോമുഖില്‍നിന്ന് മഞ്ഞിന്റെ പ്രതലത്തിലൂടെ അപൂര്‍വ്വമായി മാത്രം മനുഷ്യസ്പര്‍ശമേറ്റ തപോവനിലേക്ക് പോകാനും കഴിഞ്ഞവരുണ്ട്. പ്രകൃതിയുടെ അനന്തവും അനുപമവുമായ സൗന്ദര്യം നിറച്ചുവെച്ച ഈ ദേവഭൂമിയിലെ താമസമായിരിക്കാം നിരവധി സന്ന്യാസിവര്യരെ നിഷ്‌കാമികളാക്കി മാറ്റിയത്.

ദേവതാരു പൂത്തുനില്‍ക്കുന്ന വഴിയോരങ്ങള്‍
മൂടല്‍മഞ്ഞു നിറഞ്ഞ മടക്കയാത്രയില്‍ ആപ്പിള്‍മരങ്ങളുടെ ഫോട്ടോയെടുക്കാന്‍ വണ്ടി നിര്‍ത്തി. കാവല്‍ക്കാരന്‍ ഓടിവന്ന് തടഞ്ഞു. ഫോട്ടോയെടുക്കാനാണ് എന്ന് പറഞ്ഞപ്പോള്‍ വിസമ്മതമൊന്നും കാണിച്ചില്ല. വഴിയരികില്‍ ആപ്പിള്‍, പിയര്‍ കച്ചവടമുണ്ട്. ഹിമാലയന്‍ നദികളിലെ കല്ലുകളെല്ലാം ഉരുണ്ട് മിനുസപ്പെട്ട താളഗ്രാമം പോലുള്ള ശിലകളാണ്. ഗംഗോത്രിയില്‍നിന്ന് ഏതാനും ചെറിയ മിനുസമുള്ള കല്ലുകള്‍ ഞാന്‍ പെറുക്കിയെടുത്തു. പൂക്കളുടെ താഴ്വരകളിലൂടെ, വ്യോമസേനയില്‍ പൈലറ്റായിരുന്ന ഒരാള്‍ സ്ഥാപിച്ച വഴിയരികിലെ കൂറ്റന്‍ പ്രതിമകള്‍ നിറഞ്ഞ ക്ഷേത്രം കടന്ന് ഉത്തരകാശിയില്‍ തിരിച്ചെത്തുമ്പോള്‍ ഇരുട്ടു പരന്നിരുന്നു.

രാവിലെ ഉത്തരകാശിയില്‍ നിന്നിറങ്ങി. ഭാഗീരഥിക്ക് കുറുകെ പാലം കടന്ന് കുന്ന് കയറിപ്പോകുമ്പോള്‍ പുറകില്‍ പട്ടണം ഇളംവെയിലില്‍ പ്രകാശം പരത്തിനില്‍ക്കുന്നു. മഴയും ശമിച്ച മട്ടാണ്. കാടിന്റെ ജൈവപ്രകൃതിയാകെ മാറി. മലഞ്ചെരിവിനു മുകളില്‍ തട്ടുതട്ടായി നെല്‍ക്കൃഷി ചെയ്ത കാഴ്ച കൗതുകകരമാണ്. ദേവതാരു വൃക്ഷങ്ങള്‍ പൂത്തുനില്‍ക്കുന്ന പുഴയോരങ്ങള്‍ക്കരികിലൂടെ ഗന്‍സാലി എന്ന ജില്ലാ ആസ്ഥാനം കടന്ന് പാലാകുറാലിയിലാണ് ഉച്ചഭക്ഷണം. റൊട്ടിയും വെണ്ടക്ക സബ്ജിയും ദാലും മോരും ചോറുമായി ഭക്ഷണം ജോര്‍. സമീപത്തെ വനകവാടത്തില്‍ കഞ്ചാവുണ്ടാക്കി വലിച്ച് നിര്‍വൃതിയടയുന്ന ഒരു സ്വാമിയെ കണ്ടു. ഉച്ചയോടെ അളകനന്ദയെ കണ്ടു. കര്‍ഷക ഗ്രാമങ്ങളുടെ സജീവത കാണാനായി. സ്ത്രീകളാണ് കാര്‍ഷികവൃത്തിയില്‍ മുന്നിലുള്ളത്. നെല്ലും പച്ചക്കറിയും ചോളവും ഗോതമ്പും കടുകുമെല്ലാം കൃഷിചെയ്യുന്നുണ്ട്. അഗസ്ത്യമുനിയുടെ ആശ്രമം കടന്ന് രുദ്രപ്രയാഗിലൂടെ അളകനന്ദ ചേതോഹാരിയായി ഒഴുകുന്നു. ഗുപ്തകാശി ഒരിക്കല്‍ സന്ന്യാസിമാരുടെ മാത്രം കേന്ദ്രമായിരുന്നു. ഇപ്പോഴത് ലക്ഷണമൊത്ത നഗരമായി. ഗുപ്തകാശിയില്‍ ശിവക്ഷേത്രമുണ്ട്. ഇത് പുരാതനമാണ്. അഖിലേന്ത്യാ കിസാന്‍ സഭയുടെ ഒരു ബാനര്‍ ഞങ്ങള്‍ താമസിച്ച ഹോട്ടലിനു മുന്നില്‍ റോഡില്‍ കുറുകെ വലിച്ചുകെട്ടിയിട്ടുണ്ട്. ഗുപ്തകാശിയില്‍ നല്ല തണുപ്പാണ്.

രാവിലെ ഗുപ്തകാശിയില്‍നിന്ന് പുറപ്പെടുകയാണ്. ത്രിയുഗനാരായണക്ഷേത്രം പോകുന്ന വഴിക്കാണ്. 6000 അടി സമുദ്രനിരപ്പിനു മുകളിലാണ് ഈ ക്ഷേത്രം. ശിവപാര്‍വ്വതിമാരുടെ വിവാഹം ഇവിടെ ഈ കാനനക്ഷേത്രത്തില്‍ വച്ച് നടന്നു എന്നാണ് ഐതിഹ്യം. മഹാവിഷ്ണുവായിരുന്നുവത്രേ കാര്‍മ്മികത്വം വഹിച്ചിരുന്നത്. ഇവിടെനിന്ന് രുദ്ര പ്രയാഗ് വഴി ഗൗരികുണ്ട് എന്ന ഉഷ്ണനീരുറവയില്‍ മുങ്ങിയാണ്  കേദാര്‍നാഥിലേക്ക് കയറേണ്ടത്. 2013-ലെ മേഘസ്ഫോടനം കേദാര്‍നാഥിലേക്കുള്ള 26 കിലോമീറ്റര്‍ ദൂരത്തുള്ള കെട്ടിടങ്ങളെയെല്ലാം ജലപ്രവാഹത്തില്‍ ലയിപ്പിച്ചു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ഒരു പ്രേതഭൂമി കണക്കെ നിലകൊണ്ടു. ഗൗരിക്കുന്നില്‍നിന്നുള്ള 16 കിലോമീറ്റര്‍  ദൈര്‍ഘ്യമുള്ള ട്രക്കിംഗ് പാത ഏതാണ്ട് ശരിയായി വരികയാണ്. മന്ദാകിനിയും അളകനന്ദയും ഗുപ്തകാശിയില്‍ ഒരുമിക്കുന്നു. മന്ദാകിനി കേഥര്‍നാഥില്‍നിന്നാണ് വരുന്നത്.

12 ഓളം ഹെലികോപ്റ്ററുകള്‍  ഗുപ്തകാശിയില്‍നിന്നും 26 കിലോമീറ്റര്‍ അകലെയുള്ള ഹെലിപാഡുകളില്‍നിന്ന് കേദാര്‍നാഥിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. നടക്കുകയാണെങ്കില്‍ ആറ് മണിക്കൂറിലധികം പിടിക്കും. 18000 അടി സമുദ്രനിരപ്പിനു മുകളിലാണ് കേദാര്‍നാഥ്. ഹെലികോപ്റ്റര്‍ യാത്ര ഏഴു മിനിറ്റാണ് ഉള്ളത്. സിര്‍സ എന്ന സ്ഥലത്തെ ഹെലിപാഡില്‍ നിന്നായിരുന്നു ഞങ്ങളുടെ സര്‍വ്വീസ്. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഒരനിശ്ചിതത്വമുണ്ട്. കോടയിറങ്ങിയാല്‍ കാലാവസ്ഥ മോശമായി എന്നു പറഞ്ഞ് സര്‍വ്വീസ് നിര്‍ത്തും. തലേ ആഴ്ച രാഷ്ട്രപതി വന്നുപോയതിനാല്‍ സുരക്ഷാകാരണങ്ങളാല്‍ പല സര്‍വ്വീസുകളും തടസ്സപ്പെട്ടിരുന്നു. ഹെലിപാഡുകളില്‍ വലിയ തിരക്ക്. പലരും സ്വാധീനം ചെലുത്തി ക്രമം തെറ്റിച്ച് കയറിപ്പോകുന്നുണ്ട്. ഇത് ചോദ്യം ചെയ്ത് ഞങ്ങളുടെ ഊഴം എത്തിയപ്പോള്‍ 2 മണിയായി. ഹെലിപാഡിനകത്ത് കയറിയെങ്കിലും കാലാവസ്ഥ മോശമായി സര്‍വ്വീസ് നിര്‍ത്തിയതിനാല്‍ പിന്തിരിയേണ്ടിവന്നു. രാമപുരം എന്ന സ്ഥലത്ത് മുറിയെടുത്തുകൂടി. രസായിക്കും കിടക്കയ്ക്കും വല്ലാത്ത നാറ്റം. അരോഗദൃഢഗാത്രരായ ഗഡ്വാളി സ്ത്രീകള്‍ പുല്ലുകെട്ടുകളുമായി മലമുകളിലേക്ക് കയറിപ്പോകുന്നു. മരക്കൊമ്പുകളില്‍ വൈക്കോല്‍ക്കെട്ടുകള്‍ തൂക്കിയിട്ട് ശുദ്ധജലശേഖരം ഉണ്ടാക്കുന്നത് ഇവിടങ്ങളില്‍ കാണാം. ആറ് മണിക്കു തന്നെ  സിര്‍സി ഹെലിപാഡിലെത്തി. ആറു പേര്‍ക്ക്  യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററാണ്. മലനിരകളിലൂടെ മേഘമാലകള്‍ക്കരികിലൂടെ ഒരു കയറ്റമാണ് യാത്ര. തകര്‍ന്നുകിടക്കുന്ന പഴയ ട്രക്കിംഗ് പാതകളും പുതിയ ട്രക്കിംഗ് പാതകളും ഹെലികോപ്റ്ററിലിരുന്നു കാണാം.

പ്രളയാനന്തരം കേദാര്‍നാദ്
കേദാര്‍നാഥില്‍ പെട്ടെന്നാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്. ഒരുഭാഗത്ത് പച്ച പുതച്ച മലനിരകള്‍, മറുഭാഗത്ത് വെള്ളിനിറമാര്‍ന്ന മഞ്ഞുമലകള്‍. ദൂരെ ആയിരം വര്‍ഷമായി  നിലകൊള്ളുന്ന കേദാര്‍നാഥ് ക്ഷേത്രത്തിന്റെ  കരിങ്കല്‍ഗോപുരം ദൃശ്യമാകുന്നു. ഉരുക്കിലും ഗ്ലാസ്സിലും തീര്‍ത്ത സര്‍ക്കാര്‍ ടെന്റുകളാണ് അവിടെ ഇപ്പോള്‍ ഉള്ളത്. 2013-ലെ വെള്ളപ്പൊക്കം മുഖ്യ ക്ഷേത്രമൊഴികെ മറ്റെല്ലാറ്റിനേയും തവിടുപൊടിയാക്കി. വീശിയടിക്കുന്ന ഹിമക്കാറ്റ് പിന്നിട്ട് ഞങ്ങള്‍ ക്ഷേത്ര നടയിലെത്തി. ഈ വര്‍ഷം കൂടി ടെന്റുകളില്‍ താമസവും ഭക്ഷണവും സൗജന്യമാണ്. കച്ചവട കേന്ദ്രങ്ങളൊന്നും അവിടെ ആരംഭിച്ചിട്ടില്ല. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ നിറയെ കാണാം. പുരാണത്തില്‍ ശിവനെ അന്വേഷിച്ചു ചെന്ന പാണ്ഡവര്‍ക്കിടയില്‍നിന്നും കാളയായി ശിവന്‍ അപ്രത്യക്ഷനായി എന്നും ആ കാളയെ ഭീമസേനന്‍ പിടികൂടുന്നതിനിടയില്‍ പൂഞ്ഞ ഭൂമിയിലുറച്ചുണ്ടായ ശിവപ്രതിഷ്ഠയായി കേദാര്‍നാഥില്‍ ശിവന്‍ നിലകൊള്ളുന്നു എന്നാണ് ഐതിഹ്യം. കരിങ്കല്ല് പാകിയ നിലങ്ങളും കരിങ്കല്ലിന്റെ ഭിത്തികളും പുറത്തെ ശൈത്യത്തെ ഉള്ളിലേക്ക് കടത്തിവിടുന്നില്ല. വലിയ പാറക്കല്ലാണ് ശിവപ്രതിഷ്ഠ. ഭക്തന്‍മാര്‍ ഈ പാറക്കല്ലില്‍ പാലും ചന്ദനവും പനിനീരും തേച്ചുപിടിപ്പിക്കുന്നു. പുറത്ത് നന്തിയുടെ കരിങ്കല്‍ പ്രതിമയുമുണ്ട്. നന്തിയുടെ ചെവിയില്‍ മന്ത്രിച്ചാല്‍ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ സാധ്യമാക്കാം എന്നാണ് വിശ്വാസം.


    ക്ഷേത്രത്തിനു പുറത്ത് സന്ന്യാസിമാര്‍ക്ക് ഇരിക്കാന്‍ പ്രത്യേകം സ്ഥലമുണ്ട്. പലതരം പൂജകള്‍ നടത്താന്‍ അവിടെ ഏര്‍പ്പാടുകളുണ്ട്. വെള്ളപ്പൊക്കം ശങ്കരസമാധിയെയെല്ലാം കല്‍ക്കൂനകള്‍ക്കകത്താക്കി.  ആദിശങ്കരന്‍ രണ്ടുതവണ ഇവിടെ വന്നു എന്നാണ് ഐതിഹ്യം.  സമാധി എന്നത് അദ്ദേഹം ക്ഷേത്രത്തിനു പുറകിലൂടെ നടന്ന് അനന്തതയില്‍ ലയിച്ചു എന്നാണ് പറയപ്പെടുന്നത്. വെള്ളപ്പൊക്കത്തില്‍ പുഴങ്ങിവീണ വലിയ കല്ല് ക്ഷേത്രത്തിനു പുറകില്‍ ഉറക്കുകയും പിന്നീട് വെള്ളം ഈ കല്ലിന്റെ ഇരുവശങ്ങളിലൂടെ സംഹാരരുദ്രയായി പ്രവഹിക്കുകയും കേദാര്‍നാഥ് എന്ന കരിങ്കല്‍ നിര്‍മ്മിതിയെ മാത്രം അവിടെ അവശേഷിപ്പിക്കുകയുമാണ് ഉണ്ടായത്. തുംഗനാഥിലേക്കുള്ള യാത്രകള്‍ വിചിത്രമാണ്.  സ്വപ്നങ്ങളും മിഥ്യാഭ്രമങ്ങളും പോലെ വെയിലും മഞ്ഞും മാറിമറയുന്ന താഴ്വാരങ്ങള്‍.  പുരാതനങ്ങളായ കല്‍പ്പടവുകള്‍.  ചക്രവാളത്തിന്റെ അനന്തത ദൃശ്യകൗതുകമായി വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

തുംഗനാഥ് പുരാതന ശിവക്ഷേത്രമാണ്.  ലോകത്തിലെ പ്രധാന ശിവക്ഷേത്രങ്ങളിലൊന്നാണിത്. കേദാര്‍നാഥ് യാത്രയ്ക്കുശേഷം ഗുപ്തകാശിയില്‍ വിശ്രമിച്ച് ബദരീനാഥിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍.  വൈകീട്ട് ഗുപ്തകാശിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ കാളീമഠ് എന്ന ബംഗാളികളുടെ കാനനക്ഷേത്രം കണ്ടു.  നവരാത്രിയെ വരവേല്‍ക്കാന്‍ മന്ദാകിനിയുടെ തീരത്ത് കാളിമഠ് ഒരുങ്ങിനില്‍ക്കുന്നു.  

ഗുപ്തകാശിയില്‍ തിരിച്ചെത്തുമ്പോള്‍ സന്ധ്യ കനക്കുകയാണ്.  പാതയുടെ താഴെനിന്ന് മുതുകത്ത് പുല്ലുകെട്ടും വിറകുമായി വരുന്ന ഗ്രാമീണ സുന്ദരിമാര്‍.  മലമുകളിലാകെ ശൈത്യം പടരുകയാണ്. ഗുപ്തകാശിയിലെ ചായക്കടയില്‍ കയറി ഇഞ്ചിയിട്ട ഒരു ചായ കുടിച്ചു.  ചായക്കടയുടെ മുഴുവന്‍ നടത്തിപ്പും 12 വയസ്സുകാരനായ ഓമനത്തമുള്ള മുഖമുള്ള രമേശ് എന്ന കുട്ടിയാണ്.  നേപ്പാളിയായ രമേശിന് അമ്മയില്ല.  അച്ഛനും സഹോദരനും മറ്റെവിടെയോ ജോലിക്കു നില്‍ക്കുന്നു. രാവിലെ ആറു മണിക്കുതന്നെ ഗുപ്തകാശിയില്‍നിന്ന് പുറപ്പെട്ടു.  വിവിധ സ്ഥലങ്ങളെ ലക്ഷ്യമാക്കി വാഹനങ്ങള്‍ ഗുപ്തകാശിയില്‍ അഞ്ചുമണിക്കേ റെഡിയാണ്. 

കാനന പാതകളിലൂടെയാണ് യാത്ര.  ഉഖിമഠിലെ പുരാതനക്ഷേത്രം മൗനം നിറച്ചുനില്‍ക്കുന്നു.  മഞ്ഞുകാലത്ത് ക്ഷേത്രമടച്ചാല്‍ കേദാര്‍നാഥന്‍ 6 മാസം ഉഖിമഠിലായിരിക്കുമെന്നാണ് സങ്കല്‍പ്പം.  ഉഖിമഠവും ഉഷാമഠവും നിര്‍മ്മിച്ച വാസ്തുശില്പവിദ്യ കേരളത്തിലെ പഴയ നാലുകെട്ടുകളെ അനുസ്മരിപ്പിക്കുന്നുണ്ട്. രുദ്രപ്രയാഗ് വഴി ചോപ്തക്കാണ് യാത്ര തുടരുന്നത്.  കാടിനു നടുവില്‍ നാലഞ്ചു ധാബകളും കടകളുമുള്ള ചെറിയ അങ്ങാടിയാണ് ചോപ്ത.  ചോപ്തയില്‍ നിന്നാണ് തുംഗനാഥിലേക്കുള്ള കയറ്റം തുടങ്ങുന്നത്. നാലര കിലോമീറ്റര്‍ കല്ലുവിരിച്ച പാതയിലൂടെ മലകയറണം.  അതല്ലെങ്കില്‍ കുതിരകളുണ്ട്.  വിശ്വനാഥ് ചൗഹാന്റെ പോണിക്കുതിരപ്പുറത്താണ് പോയത്.  ബോണി എന്നാണ് കുതിരയുടെ പേര്.  കേദാറിലും യമുനോത്രിയിലും പോലുള്ള വീതികുറഞ്ഞ ട്രക്കിംഗ് പാതയ്ക്കു പകരം അനന്തവിശാലമായ കാടുകള്‍ക്കും പുല്‍മേടുകള്‍ക്കും താഴ്വരകള്‍ക്കുമിടയില്‍ വീതിയുള്ള ട്രക്കിംഗ് പാതകളാണ് തുംഗനാഥിലുള്ളത്.  

    വിജനമായ കാനനപാതകള്‍ക്കിടയില്‍ കുതിരകള്‍ക്ക് വിശ്രമിക്കാനും യാത്രികര്‍ക്ക് ക്ഷീണം തീര്‍ക്കാനും ഒരു ചായക്കട.  ഇഞ്ചിചേര്‍ത്ത് ചായയും പഴംപൊരി പോലെ ഒരു കടിയും.  സുന്ദര്‍സിംഗും മകള്‍ സുനിതയും നടത്തുന്ന ചായക്കട വലിയ ഒരു അനുഗ്രഹം തന്നെ.  പുഞ്ചിരിയോടെ ഉരുളക്കുപ്പേരിപോലെ തമാശ പറഞ്ഞ് യാത്രികരെ വരവേല്‍ക്കുകയാണ് സുന്ദര്‍സിംഗും സുനിതയും. ദൂരെ തുംഗനാഥന്റെ ക്ഷേത്രം ഒരു തൂണുപോലെയുയര്‍ന്ന്  സ്വാഗതം ചെയ്യുന്നു. ക്ഷേത്രത്തിനരികില്‍ തേങ്ങയും മഞ്ഞ പുഷ്പങ്ങളും വില്പനയ്ക്ക് നിരത്തിവച്ചിരിക്കുന്നു.  തണുത്തുറഞ്ഞ കല്‍പ്പടികളിലൂടെ ക്ഷേത്രത്തില്‍ കടന്നപ്പോള്‍ വാനരന്മാരുടെ കൂട്ടം.  റഷ്യയില്‍നിന്നും ജപ്പാനില്‍നിന്നുമെത്തിയ ഓരോ വലിയ സംഘങ്ങള്‍ ക്ഷേത്രപരിസരത്ത് വിശ്രമിക്കുന്നു.      ഭൂമിയുടെ മുകള്‍ത്തട്ടിലെന്നപോലെ തോന്നുന്ന ക്ഷേത്രമുറ്റത്തുനിന്നുള്ള ദൂരക്കാഴ്ചകള്‍ ഹൃദ്യമാണ്.  നന്ദാദേവിയും കാഞ്ചന്‍ജംഗയും കൈലാസവും സ്വര്‍ഗ്ഗാരോഹണ പര്‍വ്വതവും എവറസ്റ്റുമെല്ലാം പൈന്‍മരക്കാടുകള്‍ക്കിടയിലൂടെ മഞ്ഞകലുന്ന ചെറിയ ഇടവേളകളില്‍ മിന്നിമറയുന്നു.

    ആയിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ഋഷികേശിലെ ഒരു ട്രസ്റ്റാണ് പൂജാകര്‍മ്മങ്ങളെല്ലാം നടത്തുന്നത്.  ശ്രീകോവിലില്‍ പ്രതിഷ്ഠ ശിവന്റെ ബാഹുക്കളാണ്.  പുറകില്‍ ആദിശങ്കരന്റെ കല്ലില്‍ പണിത ചിത്രം കാണാം.  പാണ്ഡവര്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന ക്ഷേത്രം പുതുക്കിപ്പണിഞ്ഞത് ശങ്കരാചാര്യര്‍ ആണെന്ന് കരുതപ്പെടുന്നു.  ക്ഷേത്രത്തില്‍നിന്നും ആയിരം അടി മുകളില്‍ കയറിയാല്‍ എത്തിപ്പെടുന്ന ചന്ദ്രശിലയില്‍നിന്ന് ഹിമാലയമാകെ ദൃശ്യമാണ്.  പഞ്ചകേദാരങ്ങളില്‍ തൃതീയ സ്ഥാനമുള്ള തുംഗനാഥില്‍ മഹാക്ഷേത്രങ്ങളിലെ തിരക്കുകളില്ല.  വാണിജ്യ മത്സരങ്ങളില്ല.  വിജനവും പ്രാചീനവുമായ ഈ ക്ഷേത്രവഴികളും ക്ഷേത്രവും പ്രകൃതിയുടെ മൗനവും ഒരിക്കലെത്തിയ സഞ്ചാരിയെ തുംഗനാഥിലേക്ക് ആകര്‍ഷിച്ചുകൊണ്ടേയിരിക്കും.  
    തുംഗനാഥില്‍നിന്ന് ബദരീനാഥാണ് ലക്ഷ്യം. ബീപ്പല്‍ക്കോട്ടയില്‍ നിന്നാണ് ഭക്ഷണം. സ്വാദിഷ്ടമായ സസ്യാഹാരം. ജോഷിമഠില്‍ NTPC-യുടെ തെര്‍മല്‍ പ്രൊജക്റ്റ് ഉണ്ട്. ശ്രീശങ്കരന്‍ പ്രതിഷ്ഠിച്ച വിഷ്ണു എന്ന് ഐതിഹ്യമുള്ള നീലകണ്ഠക്ഷേത്രം പുതിയതും പഴയതും വഴിയരികില്‍ നിലകൊള്ളുന്നു. ഡാം മന്ദാകിനിയെ കുറുകെ തടയുന്നു. നദീ തീരത്തുകൂടെയാണ് യാത്ര. പലയിടത്തും പുഴയിലേക്ക് മലകള്‍തന്നെ ഇടിഞ്ഞുവീണിരിക്കുന്നു. പരിസ്ഥിതിലോല പ്രദേശങ്ങളാണ് എവിടെയും. ഹനുമാന്‍ ഭീമനെ തടഞ്ഞ സ്ഥലം ഒരു ക്ഷേത്ര രൂപത്തിലാക്കിയത് കാണാനായി പ്രധാന പാതയില്‍നിന്ന് വഴിപിരിഞ്ഞ് ബുദ്ധബധരിയിലേക്കും ഹേമകുണ്ട് സാഹിബ് എന്ന സിക്കുകാരുടെ ആരാധനാകേന്ദ്രത്തിലെ മനോഹരമായ പൂക്കളുടെ താഴ്വാരത്തിലേക്കും പോകുന്നു. ഞങ്ങളുടെ യാത്രാപഥങ്ങളില്‍ അവ ഉള്‍പ്പെടുത്തിയിട്ടില്ല. അംബരചുംബികളായ മലകള്‍ക്കും അഗാധഗര്‍ത്തങ്ങള്‍ക്കും താഴെ ഒഴുകുന്ന നദിക്കും ഇടയിലൂടെ വളഞ്ഞുതിരിഞ്ഞുപോകുന്ന അപകടകരമായ പാതകളിലൂടെയാണ് വാഹനം കുതിക്കുന്നത്. റോഡ് മലയിടിഞ്ഞ് ഗതാഗതം നിലച്ചിടത്ത് സൈന്യം തീര്‍ത്ത പാലങ്ങളിലൂടെയാണ് യാത്ര പുരോഗമിക്കുന്നത്. ബദരിയില്‍ എത്തുന്നതിനു മുന്‍പുതന്നെ നിലാവുദിച്ചിരുന്നു. ദൂരെ ക്ഷേത്രപരിസരങ്ങളൊക്കെ വെളിച്ചത്തില്‍  കുളിച്ചു നില്‍കുന്നു. വൃത്തിയുള്ള മുറിയാണ് കിട്ടിയത്. പിറ്റേന്നെത്തുന്ന രാജ്നാഥ്സിംഗിന്റെ സന്ദര്‍ശനം പ്രമാണിച്ച് സെക്യൂരിറ്റി വ്യവസ്ഥകള്‍ കര്‍ശനമാണ്. ബദരീനാഥ് ക്ഷേത്രത്തിലേക്ക് നടന്നു. ബദരീനാഥ് സര്‍വ്വാഭരണവിഭൂഷിതയായി നിലകൊള്ളുന്നു. ശങ്കരാചാര്യര്‍ സ്ഥാപിച്ച വിഷ്ണുക്ഷേത്രമാണ് ബദരീനാഥ്. അക്കാലം മുതല്‍ കേരളത്തിലെ പയ്യന്നൂരിനടുത്തുള്ള ഒരു നമ്പൂതിരിയില്ലത്തുനിന്നാണ് ബദരീനാഥിലെ പ്രധാന പുരോഹിതന്‍ . നൂറുകണക്കിനാളുകള്‍ കാത്തുനില്‍ക്കുന്ന ക്ഷേത്രത്തിന്റെ അകത്തളത്തിലേക്ക് അനായാസം പോകാനായി. തങ്കംകൊണ്ടാണ് ശ്രീകോവില്‍ ചുവരുകള്‍ തീര്‍ത്തിരിക്കുന്നത്. മഞ്ഞുകാലത്ത് ആറുമാസം ക്ഷേത്രം അടക്കുമ്പോള്‍  പൂര്‍ണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാകും. രണ്ടു  ഡിഗ്രി സെല്‍ഷ്യസാണ് ബദരീനാഥിലെ അന്തരീക്ഷോഷ്മാവ്. ഒരു ചായയും ബിസ്‌കറ്റും കഴിച്ച് തണുപ്പിനെ നേരിടാന്‍ മുന്നോ നാലോ കമ്പിളി പുതപ്പുകള്‍ ദേഹത്തിട്ട് കിടന്നുറങ്ങി.

    ബദരീനാഥിലെ പ്രഭാതം കണ്ണഞ്ചിക്കുന്ന കാഴ്ചയായിരുന്നു. വസുധാരാ പര്‍വ്വതം, നരനാരായണ പര്‍വ്വതം, നീലകണ്ഠ പര്‍വ്വതം എന്നിങ്ങനെ മഞ്ഞുമൂടിയ പര്‍വ്വതശിഖരങ്ങളില്‍ പതിക്കുന്ന പ്രഭാത സൂര്യരശ്മി ആദ്യം തങ്കനിറത്തിലും പിന്നീട് തുടുത്ത നിറമായും തുടര്‍ന്ന് വെള്ളിനിറമായും മാറുന്നു. ഈ അലൗകിക ദൃശ്യങ്ങള്‍ കണ്ടുകൊണ്ടാണ് ക്ഷേത്രത്തിലേക്ക് നടന്നത്. ബദരീനാഥിലും ഒരു ചൂടുനീരുറവയും സ്നാനഘട്ടവും  ക്ഷേത്രപ്പടിയില്‍ തന്നെയുണ്ട്. അവിടെനിന്ന് കുളിച്ചുകയറി റാവല്‍ജിയുടെ മാനേജര്‍ നാരായണന്റെ സഹായത്തോടെ ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിച്ചു. പ്രഭാതപൂജയ്ക്ക് നിരവധി പേര്‍ കാത്തുനില്‍ക്കുകയാണ്. അതിനിടയില്‍ റാവല്‍ജി പുറത്തിറങ്ങി. ഞങ്ങളോട്  ഗസ്റ്റ്ഹൗസിലേക്ക് ചെല്ലാന്‍ മാനേജര്‍ നിര്‍ദ്ദേശിച്ചു. ഗസ്റ്റ്ഹൗസില്‍ ഞങ്ങള്‍ക്കായി പട്ടില്‍ പൊതിഞ്ഞ തുളസിമാലയും ചന്ദനവും പ്രത്യേക പ്രസാദമായി നല്‍കി. റാവല്‍ജിയോട് വിടപറഞ്ഞ് ക്ഷേത്രത്തില്‍നിന്ന് പുറത്തു കടന്നു.

വിജനമായ ക്ഷേത്രവഴികള്‍

ബദരീനാഥില്‍നിന്ന് നാലു കിലോമീറ്റര്‍ പോയാല്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെ അവസാന ഗ്രാമമായ മനായിലെത്തും. പ്രത്യേകം വാഹനത്തിലാണ് അങ്ങോട്ട് പോകേണ്ടത്. മനക്കപ്പുറം ചൈനീസ് അതിര്‍ത്തിയാണ്. മനോജ് എന്ന ഗൈഡിനെ കൂട്ടിയാണ് മനായില്‍ കറങ്ങിയത്. ജൂണ്‍ മാസത്തില്‍ സന്തോപാന്ത് പര്‍വ്വതനിരകളിലൂടെ, 6 ദിവസത്തെ വിജന ഭൂമികളിലൂടെ  ട്രെക്കിങ്ങിന് മനോജ് ഞങ്ങളെ ക്ഷണിച്ചു. ആളൊന്നിന് 25,000 രൂപയാണ് ചാര്‍ജ്. ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള സാമഗ്രികള്‍ ഉള്‍പ്പെടെ എല്ലാം കൊണ്ടുപോകണം. 5 കിലോമീറ്ററിനപ്പുറത്താണ് വസുധാര വെള്ളച്ചാട്ടം. മനായില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെ അവസാനത്തെ ചായക്കടയിലിരുന്ന് ചായകുടിച്ചു. ഇന്ത്യയിലെ  അവസാനത്തെ പോസ്റ്റ് ബോക്സിന്  മുന്നില്‍നിന്ന് ഫോട്ടോയെടുത്തപ്പോള്‍ മലപ്പുറം ജില്ലയിലെ കരുവമ്പലത്തെ പോസ്റ്റോഫീസ് ജീവനക്കാരി ഒപ്പം വന്നത് യാദൃച്ഛികമായാണ്. അവരുമായി ചേര്‍ന്ന് ഫോട്ടോയെടുത്തു.

മനയില്‍ ആദിഗോത്ര സമൂഹങ്ങളില്‍പ്പെട്ട ജനങ്ങളാണ്. വ്യാസന്‍ ഇതിഹാസങ്ങള്‍ രചിച്ച ഗുഹയ്ക്ക് കാഴ്ചയില്‍ ഒരു ചൈതന്യമുണ്ട്.  ഭോജ് പത്ര മരങ്ങള്‍ ചുറ്റിനുമുണ്ട്. ഈ മരത്തിന്റെ ഇലകളിലാണ് ഗണപതി മഹാഭാരതം പകര്‍ത്തിയെഴുതിയത് എന്ന് വിശ്വസിക്കപ്പെടുന്നു. ഗണേശഗുഹ പരിസരത്താണ് ഭീമശിലയും സരസ്വതി നദിയെ തടയുന്ന  ഭീമന്റെ പാറയിലെ കാല്‍പ്പാദങ്ങളും വിരലടയാളങ്ങളും  ഉള്ളത്. രോമവസ്ത്രനിര്‍മ്മാണമാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം. കാതിലും മൂക്കിലും കയ്യിലും കാലിലും ദേഹത്തും ധാരാളം ആഭരണങ്ങള്‍ ചാര്‍ത്തിയ ഗോത്രസുന്ദരിമാര്‍ ലാളിത്യം പ്രകടിപ്പിക്കുന്നവരാണ്. തണുപ്പുകാലത്ത് മനായും ബദരിയും അവിടെയുള്ള ആളുകളും കന്നുകാലികളും നൂറുകണക്കിന് കിലോമീറ്റര്‍ താഴേക്ക് ഇറങ്ങിപ്പോകും.

    ബദരീനാഥില്‍നിന്ന് ഇറങ്ങുന്നത് ഐതിഹ്യപ്പെരുവഴികളിലേക്കാണ്. ഏകാദശി ഗുഹ, ഹനുമാന്‍ ഗുഹ തുടങ്ങി വഴിയോര തീര്‍ത്ഥാടക കേന്ദ്രങ്ങള്‍. പാണ്ടുകേശ്വര്‍ എന്ന ഇരട്ട ക്ഷേത്രം മാദ്രിയോടൊത്ത് പാണ്ടുമഹാരാജാവ് തന്റെ ബ്രഹ്മചര്യം വെടിഞ്ഞ് ശാപമേറ്റു വാങ്ങിയ സ്ഥലത്താണ്. വിഷ്ണുപ്രയാഗില്‍ അളകനന്ദയും തിബത്തില്‍നിന്നു വരുന്ന  ദോള്‍ഗംഗയും ഒരുമിക്കുന്നു.ജോഷി മഠിലാണ് ഉച്ചഭക്ഷണം. ശങ്കരന്‍ സ്ഥാപിച്ച വൈദിക മഠം ഇവിടെ സ്ഥിതി ചെയ്യുന്നു. ആദിശങ്കരന്‍ ധ്യാനത്തിലിരുന്ന കല്പവൃക്ഷത്തിന്റെ മുരട് വിസ്തൃതി കൂടി ഇരുമ്പുവേലിക്കകത്തൊതുങ്ങാതെ വളര്‍ന്നിരിക്കുന്നു. കല്പവൃക്ഷം എന്നാല്‍ മള്‍ബറി മരമാണ്. ദേവപ്രയാഗ, രുദ്രപ്രയാഗാ, കര്‍ണപ്രയാഗ വഴിയാണ് മടക്കയാത്ര. കര്‍ണപ്രയാഗത്തില്‍ മഹാഭാരതത്തിലെ കുലീനനും ത്യാഗിയുമായ കഥാപാത്രം കര്‍ണ്ണന്റെ പേരിലുള്ള അമ്പലമുണ്ട്. രാത്രി ഏറെ നീണ്ടയാത്രക്കൊടുവില്‍ ഉത്തരാഖണ്ഡിലെ  ശ്രീനഗറിലെത്തി. തൊട്ടു നഗരമായ ശ്രീക്കോട്ടിലാണ് താമസം. ഇവിടെ എത്തുമ്പോഴേക്കും ഹിമാലയത്തിന്റെ ശൈത്യമകന്ന് ചൂട് കൂടിത്തുടങ്ങി. മുറികളില്‍ ഫാന്‍ ഉപയോഗം ആവശ്യമായി. 

    ശ്രീക്കോട്ടില്‍നിന്ന് ദേവപ്രയാഗില്‍ രാവിലെ എത്തിച്ചേര്‍ന്നു. യമുനോത്രിയില്‍നിന്നും ഗംഗോത്രിയില്‍നിന്നും വരുന്ന ഭാഗീരഥിയും കേദാര്‍നാഥില്‍നിന്നും ബദരീനാഥില്‍നിന്നും വരുന്ന അളകനന്ദയും ദേവപ്രയാഗത്തിലാണ് സംഗമിക്കുന്നത്. കൂലംകുത്തിയൊഴുകി വരുന്ന വെള്ളപ്പാച്ചിലിന്റെ ഈ സംഗമതീരത്ത് വെള്ളത്തിന് നല്ല ഒഴുക്കാണ്. പടികള്‍ ഇറങ്ങി കമ്പിയില്‍ പിടിച്ച് ഈ ജലസ്പര്‍ശം അനുഭവിക്കാം. പടികള്‍ കയറിപ്പോകുമ്പോള്‍ ഈ സംഗമതീരത്ത് മുകളിലായി പുരാതനമായ ശ്രീരാമ ക്ഷേത്രമുണ്ട്. ആദിശങ്കരന്റെ പ്രതിഷ്ഠയും കാണാം. രാമരാവണയുദ്ധത്തിനു ശേഷം പിതൃഹത്യാപാപത്തിന് പരിഹാരം കാണാന്‍ ശ്രീരാമന്‍ ഇവിടെ എത്തിയെന്നാണ് ഐതിഹ്യം. മഥുരക്കാരനായ ഇംഗ്ലീഷില്‍ സംസാരിക്കുന്ന സന്ന്യാസിയെ കണ്ടു. സര്‍വ്വത്യാഗ പരിത്യാഗിയായ ഇദ്ദേഹം 38 കൊല്ലമായി ഇവിടെയുണ്ട്. ഉച്ചയോടെ ഋഷികേശിലെത്തി. നദിയുടെ ഒഴുക്കില്‍ ശ്രീകോട്ട് മുതല്‍തന്നെ റാഫ്റ്റിംഗ് നടത്തുന്ന യുവസാഹസികരുണ്ട് ഇവിടെ. ഗംഗയ്ക്ക് കുറുകെയുള്ള പാലങ്ങള്‍ ലക്ഷ്മണ്‍ ജൂലൈയും രാം ജൂലൈയും കടന്ന് സ്വര്‍ഗ്ഗാരോഹണ മണ്ഡപത്തിലേക്കും പരമാര്‍ത്ഥ പ്രവേശികയിലേക്കും ക്ഷേത്രസമൂഹങ്ങളിലേക്കും പ്രവേശിക്കാം.

ബോട്ടുമാര്‍ഗ്ഗവും ഗംഗയെ കുറുകെ കടക്കാം. നാഗരികതയുടെ തിരക്കാണ് ഋഷികേശിലാകെ. ഭക്തിയുടെ വിപണനകേന്ദ്രങ്ങളാണ് എങ്ങും. തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സുഖവാസ കേന്ദ്രങ്ങളിലുമെല്ലാം ഉയര്‍ന്നുവരുന്ന ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗത്തിന്റെ പ്രഭാവം ദൃശ്യമാണ്. യാത്ര പരിസമാപ്തിയിലേക്ക് നീങ്ങുകയാണ്. ഹരിദ്വാറിലാണ് സമാപനം. അവിടെ താമസിച്ച് ആരതി ഒഴുക്കാം. മാദേവിയുടെ അമ്പലത്തിലേക്ക് മലചവുട്ടിപ്പോകാം. ഹരിദ്വാറില്‍ ദസറ ആഘോഷങ്ങളാണ്. ഭീമാകാര അസുരരൂപികളെ കോലം കെട്ടി ഉള്ളില്‍ പടക്കം നിറച്ച് കത്തിക്കുകയാണ്. വര്‍ണ്ണക്കാഴ്ചകളും ശബ്ദഘോഷണങ്ങളും നിറയുന്ന മൈതാനങ്ങള്‍ക്കരികിലൂടെ റെയില്‍വെ സ്റ്റേഷനിലേക്ക്.

ജനതാ എക്സ്പ്രസ്സില്‍ തിരിച്ച് ഡല്‍ഹിയിലേക്ക്. ഹിമാലയത്തിന്റെ തന്നെ ചെറിയ ഒരു ഭാഗത്തെ ജനപഥങ്ങള്‍, ഭൂമിശാസ്ത്ര പ്രത്യേകതകള്‍, മിഥ്യയോ യാഥാര്‍ത്ഥ്യമോ എന്ന് നിര്‍വ്വചിക്കാനാവാത്ത, വാക്കുകള്‍കൊണ്ട് വിവരിക്കാനാവാത്ത, പ്രകൃതിയുടെ അപൂര്‍വ്വങ്ങളായ മഹേന്ദ്രജാല പകര്‍ച്ചകള്‍ കാണാനുള്ള ഒരവസരം ഏറ്റവും അനുഗ്രഹീതമായ ഓര്‍മ്മയായി നില്‍ക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com