അകം വെന്ത കാലത്തിന്റെ കനലുകള്‍: പി.എസ്. റംഷാദ് എഴുതുന്നു

അകം വെന്ത കാലത്തിന്റെ കനലുകള്‍: പി.എസ്. റംഷാദ് എഴുതുന്നു

കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ അംഗമായിരുന്ന യു. സുരേഷ് എഴുതിയതിലുമധികം എഴുതാതെ ബാക്കിവച്ച പുസ്തകത്തേയും പറഞ്ഞതിലുമധികം പറയാതെ ബാക്കിവയ്ക്കുന്നതിലെ ജാഗ്രതയേയും കേരളം അറിയാതെ പോകരുത്. പി.എസ്.സിയുടെ വിശ്വാസ്യതയ്ക്കും അന്തസ്സിനും ചെറിയ പോറല്‍പോലും ഏല്‍പ്പിക്കാതെ ആ സ്ഥാപനത്തിന്റെ അകക്കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോവുക എന്ന സാഹസമാണ് 'വിശ്വാസ്യതയുടെ ഗോപുരമുകളില്‍' എന്ന പുസ്തകത്തില്‍ സുരേഷ് ചെയ്യുന്നത്. സാഹസമെന്നുതന്നെ പറയണം. എന്തുകൊണ്ടെന്നാല്‍ പി.എസ്.സിയെ വിശ്വസിക്കുന്ന നമ്മോട് ഇങ്ങനെയും ചില കാര്യങ്ങള്‍ അതിനുള്ളില്‍ നടന്നു എന്ന് അദ്ദേഹം തുറന്നു പറയുന്നു; അവ ബോധ്യമായശേഷവും അതേ വിശ്വാസം അങ്ങനെതന്നെ ബാക്കിയാവുകയും ചെയ്യുന്നു. നിസ്സാരമല്ല കാര്യം. ''ഒപ്പമുണ്ടായിരുന്ന അംഗങ്ങളില്‍ ചിലരും വിരമിച്ച ചില ഉദ്യോഗസ്ഥരുമൊക്കെ പുസ്തകം കണ്ട് വിളിക്കുകയും വന്നുകാണുകയുമൊക്കെ ചെയ്തു. അവരില്‍ പി.എസ്.സിയെ പവിത്രമായി കാണുന്നവരൊക്കെയുണ്ട്. ഈ സ്ഥാപനത്തെ വൈകാരികമായി കാണുന്നവരാണ്. പുസ്തകം എഴുതുന്നുവെന്ന് അറിഞ്ഞപ്പോള്‍ എന്തൊക്കെയായിരിക്കും എഴുതാന്‍ പോകുന്നത് എന്നു ഭയന്നുവെന്നും പക്ഷേ, ആ പവിത്രതയെ ബാധിക്കാത്ത വിധത്തിലാണല്ലോ എഴുതിയത് എന്നും അവര്‍ നന്ദി പറഞ്ഞു. കിട്ടിയ ഉടനെ ആര്‍ത്തിപിടിച്ച് വായിച്ചവരുണ്ട്. ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ആരെയും വേദനിപ്പിക്കാതെ ശ്രദ്ധിച്ചിരുന്നു. പറയാനുള്ളത് പറയുകയും വേണം. പറഞ്ഞതിനെക്കാള്‍ കൂടുതല്‍ പറയാത്തതുണ്ടല്ലോ എന്നു പ്രതികരിച്ചവരുണ്ട്. ശരിയാണത്. അതിനര്‍ത്ഥം കുഴപ്പങ്ങളെന്തോ മറച്ചുവയ്ക്കുന്നു എന്നല്ല'' പുസ്തകത്തെക്കുറിച്ചു സുരേഷ് പറയുന്നു. വേണമെങ്കില്‍ ചൂടുള്ള വാര്‍ത്തയും ഗംഭീര വിവാദവുമാക്കാനുതകുന്ന ഉള്ളടക്കമായിട്ടുകൂടി അതിനു ശ്രമിക്കാതിരുന്നതിലുമുണ്ട് ഈ മാന്യത.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ 26 വര്‍ഷം ജോലിചെയ്ത ശേഷം ജനയുഗം ദിനപത്രത്തിന്റെ ജനറല്‍ മാനേജരായ യു. സുരേഷ് അവിടെനിന്നാണ് പി.എസ്.സിയില്‍ എത്തിയത്. 2010 സെപ്റ്റംബര്‍ 17 മുതല്‍ 2016 സെപ്റ്റംബര്‍ 16 വരെ. അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടി നേതാക്കളില്‍ പ്രമുഖനും മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ അവസാനത്തെ അധ്യക്ഷനുമായിരുന്ന പി.ടി. ഭാസ്‌കരപ്പണിക്കരുടെ മകന്‍. 1959 ഏപ്രില്‍ ഒന്നു മുതല്‍ 1965 മാര്‍ച്ച് വരെ പി.ടി. ഭാസ്‌കരപ്പണിക്കരും പി.എസ്.സി അംഗമായിരുന്നു. ''മഹത്തായ ഒരു സ്ഥാപനത്തില്‍ അച്ഛന്റെ പിന്‍ഗാമിയാവുക എന്നത് ഒരു അനുഭവമാണ്. ഇന്ത്യയില്‍ പി.എസ്.സി വന്നിട്ട് 90 വര്‍ഷമായെങ്കിലും ഇതാദ്യമാണ് ഏതെങ്കിലുമൊരു പബ്ലിക് സര്‍വ്വീസ് കമ്മിഷനില്‍ ഒരു രണ്ടാംതലമുറ അംഗം. അതു ഞാനാണെന്ന ബോധം ഉണ്ടാകണം എന്ന് അംഗമായപ്പോഴേ മനസ്സിലുണ്ടായിരുന്നു. അച്ഛന്‍ മുന്‍പിരുന്ന സ്ഥലമാണ് എന്നത് സ്വാധീനിച്ചിട്ടുണ്ട്, ബാധിച്ചിട്ടുണ്ട്'' എന്ന് സുരേഷ്. രാഷ്ട്രീയത്തിലെയോ ഏതെങ്കിലും ഉദ്യോഗത്തിലെയോ പിന്‍തലമുറയ്ക്കുമപ്പുറം പി.എസ്.സിയിലെ ആ പദവിക്ക് കനമേറെ. 

ആറു വര്‍ഷ കാലാവധിക്കിടെ രണ്ടു ചെയര്‍മാന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങളുണ്ട്. കെ.വി. സലാഹുദ്ദീനും ഡോ. കെ.എസ്. രാധാകൃഷ്ണനും. അതില്‍ത്തന്നെ കൂടുതല്‍ കാലം ഒന്നിച്ചു പ്രവര്‍ത്തിച്ച കെ.എസ്. രാധാകൃഷ്ണനെക്കുറിച്ച് കൂടുതല്‍ പറയുന്നത് സ്വാഭാവികം. ''കെ.എസ്. രാധാകൃഷ്ണനെക്കുറിച്ച് എനിക്ക് അഴിമതി ആരോപണമൊന്നും ഉന്നയിക്കാനില്ല. പക്ഷേ, ഒരാള്‍ മാത്രമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ തുടങ്ങിയാല്‍ അവിടെ പ്രശ്‌നങ്ങളും തുടങ്ങും. പി.എസ്.സിയുടെ ഭരണഘടനയില്‍ ഒരിടത്തും ചെയര്‍മാന് പ്രത്യേക അധികാരം കൊടുത്തിട്ടില്ല'' എന്നു പറയുന്നതിലുണ്ട് പി.എസ്.സിയുടെ അകംവെന്ത കാലത്തിന്റെ കനലുകള്‍. പി.എസ്.സി അംഗമായിരുന്ന ഒരാളും ഇതുവരെ അനുഭവങ്ങള്‍ എഴുതിയിട്ടില്ല. ചിലരുടെ അനുഭവക്കുറിപ്പുകളിലും ആത്മകഥകളിലുമൊക്കെ പി.എസ്.സിക്കാലം വന്നുപോയെന്നു മാത്രം. പി.എസ്.സി അംഗം ഔദ്യോഗിക രഹസ്യം സൂക്ഷിക്കാം എന്നൊരു പ്രതിജ്ഞ എടുത്തല്ല ചുമതലയേല്‍ക്കുന്നത്. മാത്രമല്ല, ഇപ്പോള്‍ ചെയ്യുന്നതുപോലെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കേണ്ടവരുടെ പട്ടികയില്‍ ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് പി.എസ്.സി അംഗം ഉള്‍പ്പെടുന്നില്ല എന്ന ശ്രദ്ധേയ വെളിപ്പെടുത്തലുമുണ്ട് ഇതില്‍. 

വെളിയത്തിന്റെ ലക്ഷ്മണരേഖ
സി.പി.ഐയുടെ പ്രതിനിധിയായി തന്റെ പേര് നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചതിന്റെ അടുത്ത ദിവസം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞത് സുരേഷ് പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്: ''കേരളത്തില്‍ ഗവര്‍ണര്‍ കഴിഞ്ഞാല്‍ പ്രധാനപ്പെട്ട ഒരു ചുമതലയാണ് പബ്ലിക് സര്‍വ്വീസ് കമ്മിഷന്റേത്. അതുകൊണ്ട് അതിന്റെ എല്ലാവിധ മാന്യതയോടും മര്യാദയോടും കൂടി വേണം അവിടെ ഇരിക്കാന്‍. ആരുടെയും ശുപാര്‍ശ കേള്‍ക്കണ്ട. സത്യസന്ധമായും നീതിപൂര്‍വ്വമായും തന്റെ ജോലി ചെയ്യുക.'' ആവാം എന്ന് വിനയത്തോടെ വെളിയത്തിനു മറുപടി നല്‍കി എം.എന്‍. സ്മാരകത്തില്‍ നിന്നിറങ്ങിയ സുരേഷിന് പിന്നീട് ആറ് വര്‍ഷക്കാലം അതായിരുന്നു വേദവാക്യം. അഞ്ചാം ക്ലാസ്സ് വരെ ഒപ്പം പഠിച്ച ബി. പ്രദീപും കോളേജില്‍ ഒന്നിച്ചു പഠിച്ച പ്രസന്നനും പി.എസ്.സിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരായിരുന്നു. ചുമതലയേറ്റ ദിവസം അവര്‍ സുഹൃത്തിനെ കാണാനെത്തി. ''അടുത്തയാഴ്ച മലപ്പുറത്ത് ചെയര്‍മാനോടൊപ്പം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പറഞ്ഞിട്ടുണ്ട് എന്നു സംഭാഷണമധ്യേ ഞാന്‍ പ്രസന്നനോട് പറഞ്ഞു. പ്രസന്നന്റെ മുഖഭാവം മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു. വളരെ ശബ്ദം താഴ്ത്തി അദ്ദേഹം പറഞ്ഞു: ഇതൊന്നും ആരോടും പറഞ്ഞുകൂടാ. മെമ്പര്‍ മാത്രം അറിയുന്ന കാര്യമാണ്. സ്വന്തം പി.എയോടുപോലും ഇക്കാര്യം പറയരുത്. യാത്രയ്ക്കുവേണ്ട ഏര്‍പ്പാടുകള്‍പോലും സ്വന്തം നിലയ്ക്കു ചെയ്യണം. ഇപ്പോള്‍ പറഞ്ഞതിരിക്കട്ടെ, ഇനി ആരോടും ഇതൊന്നും പറയരുതേ.'' കരുതലോടെ വേണം ഇവിടെയിരിക്കാന്‍ എന്ന ആദ്യപാഠം; പി.എസ്.സി അംഗം കാത്തുസൂക്ഷിക്കേണ്ട ജാഗ്രതയുടേയും സൂക്ഷ്മതയുടേയും പാഠം. മലപ്പുറത്തെ ആ ആദ്യ ഇന്റര്‍വ്യൂവിനു ശേഷം ആറ് വര്‍ഷത്തിനിടെ നിരവധി ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തു. ഒരാളോടും പറഞ്ഞില്ല എവിടെ ഏതു ജോലിക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ മാറ്റുരയ്ക്കാനാണ് പോകുന്നതെന്ന്.
അഭിമുഖം നടത്തുന്നത് അംഗം മാത്രമല്ല, ഉദ്യോഗാര്‍ത്ഥികൂടിയാണ് എന്ന് ഒരു അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മിക്കുന്നത് പുസ്തകത്തിലെ പ്രധാന ഭാഗങ്ങളിലൊന്നാണ്. രഹ്ന എ.എസ്. എന്ന ഉദ്യോഗാര്‍ത്ഥി പി.എസ്.സി അഭിമുഖ അനുഭവം ഒരു വാരികയില്‍ എഴുതിയതിനെക്കുറിച്ചാണ് ആ ഓര്‍മ്മ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപക നിയമനത്തിനു പി.എസ്.സിയില്‍ വന്ന രഹ്നയ്ക്ക് നിയമനം കിട്ടിയോ, അറിയില്ല എന്നാണ് പുസ്തകത്തില്‍ പറയുന്നതെങ്കിലും ജോലി കിട്ടിയെന്നും സ്വസ്ഥമായി ജീവിക്കുന്നുവെന്നും പിന്നീട് അറിഞ്ഞതായി സുരേഷ് പറയുന്നു. പിന്നീടെന്നു പറഞ്ഞാല്‍ പുസ്തകം ഇറങ്ങിക്കഴിഞ്ഞ്. സ്വന്തം അനുഭവക്കുറിപ്പ് വിശദമായിത്തന്നെ ചേര്‍ത്ത പുസ്തകം രഹ്ന വായിക്കുകയും വിളിച്ചു നന്ദി പറയുകയും ചെയ്തു. അഭിമുഖത്തിനെത്തുന്നവരുടെ അനുഭവക്കാറ്റിനു മുന്നില്‍ ഉലഞ്ഞുനിന്നുപോയ നിരവധി അനുഭവങ്ങളുണ്ട്. ഗള്‍ഫില്‍ എണ്ണ പര്യവേക്ഷണരംഗത്തു ജോലിചെയ്യുന്ന ചെറുപ്പക്കാരന്‍ അഭിമുഖത്തിനായി മുന്‍പിലിരുന്നു. അയാള്‍ക്ക് ഇപ്പോള്‍ കിട്ടുന്ന ശമ്പളത്തിന്റെ ആറിലൊന്നുപോലും ഉണ്ടാകില്ല ഈ ശമ്പളം. ഇത്രയും നഷ്ടം വന്നു നിങ്ങള്‍ ഈ ജോലി സ്വീകരിക്കുമോ എന്ന എന്റെ ചോദ്യത്തെ വികാരപരമായി നേരിട്ടുകൊണ്ട് അയാള്‍ പറഞ്ഞു: ''തീര്‍ച്ചയായും സര്‍. കഴിഞ്ഞ വര്‍ഷം എന്റെ കുഞ്ഞ് മരിച്ചിട്ട് നാലാം ദിവസമാണ് വീട്ടിലെത്താന്‍ കഴിഞ്ഞത്. എന്തു പണം, എന്തു ജീവിതം.'' ഞങ്ങള്‍ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ മനംകലങ്ങി അവിടെ ഇരുന്നു. പിന്നെയും എത്രയോ പേര്‍, അനുഭവങ്ങള്‍. നൂറിലേറെ കിലോ ഭാരമുള്ള തൊണ്ണൂറ്റിയഞ്ചുകാരിയെ പരിചരിക്കാന്‍ സാമ്പത്തികാവശ്യം മുന്‍നിര്‍ത്തി നാട്ടിലെ ജോലി ഉപേക്ഷിച്ച് ഇസ്രയേലിലേക്കു പോയ ടീച്ചര്‍, ഭര്‍ത്താവ് എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് അയാളെ ഒഴിവാക്കി എന്നു സധൈര്യം പറഞ്ഞവര്‍, അതേ ചോദ്യത്തിനു മറുപടിയായി കണ്ണീര്‍ പൊഴിച്ചവര്‍. ആദിവാസികളില്‍നിന്നു വാച്ചര്‍മാരെ തെരഞ്ഞെടുക്കാന്‍ അഭിമുഖം നടത്തിയത് കീഴ്വഴക്കങ്ങള്‍ മാറ്റിവച്ച് വനത്തിലുള്ളില്‍ വച്ചായിരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എത്താന്‍ സൗകര്യങ്ങളും ചെയ്തുകൊടുത്തു. 

ഗുണദോഷ വിചാരങ്ങള്‍
പി.എസ്.സിയിലേക്ക് എത്തുന്നതിനു മുന്‍പുതന്നെ കെ.എസ്. രാധാകൃഷ്ണന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു എന്ന് ഓര്‍ക്കുന്നതിനൊപ്പം ആര്, എങ്ങനെ ചോദ്യം ചെയ്തു എന്നുകൂടി അടിവരയിടുന്നുണ്ട് പുസ്തകത്തില്‍: ''രാധാകൃഷ്ണന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തതാകട്ടെ, ജനകീയ സമരങ്ങളിലൂടെ വളര്‍ന്നു വിശ്വാസ്യതയുടെ പ്രതിരൂപമായി മാറിയ കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദനും''. എന്നു പറഞ്ഞിട്ട് കെ.എസ്. രാധാകൃഷ്ണനെ പി.എസ്.സി ചെയര്‍മാനായി നിയമിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ വി.എസ്. ഗവര്‍ണര്‍ക്കു നല്‍കിയ കത്തിനെക്കുറിച്ചു വന്ന വാര്‍ത്തതന്നെ ഒപ്പം ചേര്‍ക്കുന്നു: ''ഡോ. കെ.എസ്. രാധാകൃഷ്ണനെ കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കണമെന്ന മന്ത്രിസഭയുടെ ശുപാര്‍ശയില്‍ തീരുമാനമെടുക്കും മുന്‍പ് സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലറായിരിക്കെ അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പരിശോധിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.''

കെ.എസ്. രാധാകൃഷ്ണന്‍ ചെയര്‍മാനായിരിക്കെ തുടരെത്തുടരെ നടത്തിക്കൊണ്ടിരുന്ന അധികാരദുര്‍വിനിയോഗത്തെ പ്രതിരോധിക്കാന്‍ നമ്മുടെ കൂട്ടത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ട് എന്നു വെളിപ്പെടുത്തിക്കൊണ്ടാണ് താന്‍ അംഗമായിരുന്ന കാലത്തെ രണ്ടാം ചെയര്‍മാനെതിരായ ചിലത് സുരേഷ് പറഞ്ഞുതുടങ്ങുന്നത്. ''കെ.വി. സലാഹുദ്ദീന്‍ ഒരു ജുഡീഷ്യല്‍ ഓഫീസറുടെ ശരീരഭാഷയും പ്രകടനവും സ്വഭാവവുമാണ് അനുഭവിപ്പിച്ചതെങ്കില്‍ താഴെത്തട്ടിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഭാവാദികള്‍ക്കുടമയായിരുന്നു കെ.എസ്. രാധാകൃഷ്ണന്‍. കമ്മിഷന്റെ അന്തസ്സുയര്‍ത്തിപ്പിടിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു സലാഹുദ്ദീനെങ്കില്‍ 'കമ്മിഷന്‍' എന്ന സ്വത്വം രാധാകൃഷ്ണനെ അത്രമേല്‍ ആവാഹിച്ചിരുന്നില്ല. ചെയര്‍മാനെന്ന നിലയില്‍ അദ്ദേഹം കമ്മിഷനെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതായി തോന്നിയിട്ടില്ല. പക്ഷേ, കമ്മിഷനെ പ്രതിരോധിക്കേണ്ട ചില സന്ദര്‍ഭങ്ങളിലെങ്കിലും അദ്ദേഹത്തിലെ പ്രായോഗിക വാദിയെയായിരുന്നു എനിക്ക് കാണാന്‍ കഴിഞ്ഞത്'' സുരേഷ് എഴുതുന്നു.
ഇനി നേരിട്ടു പറഞ്ഞ വാക്കുകളിലേക്ക്: ''ഒരിക്കല്‍ ഒരു എല്‍.ഡി.എഫ് എം.എല്‍.എ വന്ന് രാധാകൃഷ്ണനോട് ഒരു വിഷയം പറഞ്ഞു. അദ്ദേഹം അതില്‍ ഇടപെട്ടു. ഇനി ഇതുപോലെ എന്തെങ്കിലും ഉണ്ടെങ്കില്‍ വാ കേട്ടോ എന്ന് പറയുകയും ചെയ്തു. അപ്പോള്‍ എം.എല്‍.എ നല്‍കിയ മറുപടിയാണ് പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് ഏറ്റവും ശക്തമായ സാക്ഷ്യം. ഞങ്ങളെയൊക്കെ ഇവിടെ കയറ്റുമോ എന്നാണ് അദ്ദേഹം ചോദിച്ചത്; മുന്‍പുണ്ടായിരുന്നവര്‍ ഞങ്ങളുടെ ആളുകളായിട്ടുപോലും ഞങ്ങളെ ഇങ്ങോട്ട് കയറ്റില്ലായിരുന്നു എന്നും പറഞ്ഞു.''

''ആ അനുഭവം എനിക്കൊരു വലിയ പാഠമായിരുന്നു. എല്‍.ഡി.എഫിന്റെ എം.എല്‍.എയാണ് പറയുന്നത്, മുന്‍പുണ്ടായിരുന്നവര്‍ ഇങ്ങോട്ടു കയറ്റില്ലായിരുന്നു എന്ന്. അതായത് മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍പോലെ നിങ്ങളിവിടെയും ശുപാര്‍ശയ്ക്ക് കയറണ്ട, വരണ്ട എന്ന ശക്തമായ വിലക്ക് നിലനിര്‍ത്തിയിരുന്നു.'' ഈ വളരെ നേര്‍ത്ത രേഖ മറികടന്നാല്‍ പിടിച്ചാല്‍ കിട്ടാത്ത സ്ഥിതിയിലേക്കു പോകുമെന്നും അങ്ങനെ മറികടക്കാതിരിക്കാന്‍ തങ്ങളുടെയൊക്കെ ഇടപെടല്‍ സഹായിച്ചിട്ടുണ്ടാകണമെന്നും സുരേഷ് കൂട്ടിച്ചേര്‍ക്കുന്നു. ''എത്രത്തോളം വിജയിച്ചു എന്നറിയില്ല. എങ്കിലും വഴിതിരിഞ്ഞു പോകുന്ന സാഹചര്യങ്ങളില്‍ ഒന്ന് ഇടപെടുമ്പോള്‍ വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു കരുതലുണ്ടാകും. അതാണ് ഇതിനകത്തുള്ള ഇടപെടലിന്റെ ഗുണഫലം.'' 

''പുസ്തകം എഴുതുന്നതിന്റെ ഭാഗമായി ഇക്കാര്യത്തില്‍ കുറേ പഠനം നടത്തിയിരുന്നു. ഈയൊരു സംവിധാനത്തിനു മാത്രം എന്തുകൊണ്ട് ചെയര്‍മാന് പ്രത്യേക അധികാരം കൊടുത്തില്ല, ഈയൊരു സ്ഥാപനത്തില്‍ അംഗമാകുന്നതിനു പ്രത്യേക വിദ്യാഭ്യാസ യോഗ്യത എന്തുകൊണ്ട് നിശ്ചയിച്ചില്ല എന്നതൊക്കെ പ്രധാനമാണ്. ബംഗളൂരു അസിം പ്രേംജി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പി.എസ്.സിയെക്കുറിച്ച് പഠിക്കാന്‍ വന്നപ്പോള്‍ അതിന്റെ പ്രസന്റേഷനു ഞാന്‍ പോയിരുന്നു. അവരൊക്കെ പി.എസ്.സിയെ കാണുന്നത് മറ്റു പലതിനെക്കാളും ബഹുമാനത്തോടെയാണ്. ആ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ തലപ്പത്തിരിക്കുന്ന ഒരാള്‍ മതി. അതേസമയം, കംപ്യൂട്ടര്‍വല്‍ക്കരണവും ആധുനികവല്‍ക്കരണവും പോലെ ചില കാര്യങ്ങളില്‍ രാധാകൃഷ്ണന്റെ സ്റ്റീംറോളര്‍ ഭരണമില്ലായിരുന്നെങ്കില്‍ ഒന്നും നടക്കില്ലായിരുന്നു. ഞാന്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ വേണ്ടി എഴുതിയതല്ല പുസ്തകം. അത് അതിന്റെയൊരു ഭാഗം മാത്രമാണ്. ഒബ്ജക്ടീവ് ആയി എങ്ങനെ പെരുമാറാം എന്നു ഞാന്‍ പഠിച്ചത് അവിടെനിന്നാണ്. അദ്ദേഹവുമായി ഞാനൊരുപാട് വഴക്കുണ്ടാക്കിയിട്ടുണ്ട്. ആ സമയത്തും അദ്ദേഹത്തിന്റെ നല്ല വശങ്ങളെ ചെറുതാക്കി കാണിക്കാന്‍ തയ്യാറായിട്ടില്ല. അഭിനന്ദിക്കേണ്ട സന്ദര്‍ഭങ്ങളില്‍ മറ്റൊരെയും കാത്തുനില്‍ക്കാതെ അത് ചെയ്തിട്ടുമുണ്ട്. ഞാന്‍ പ്രശ്‌നാധിഷ്ഠിതമായാണ് ഇടപെട്ടത്.''
ചെയര്‍മാനായി പങ്കെടുത്ത ആദ്യയോഗത്തില്‍ത്തന്നെ താന്‍ കമ്മിഷന്റെ അന്തസ്സുയര്‍ത്തിപ്പിടിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്ന ആളാണ് എന്ന വികാരം അംഗങ്ങള്‍ക്കിടയിലേക്ക് സന്നിവേശിപ്പിക്കാന്‍ രാധാകൃഷ്ണനു കഴിഞ്ഞുവെന്ന് സുരേഷ് എഴുതുന്നു. അദ്ദേഹം ചെയര്‍മാനായ ആദ്യയോഗത്തിലെടുത്ത തീരുമാനങ്ങളിലൊന്നു കാണുന്നത് രസകരമായിരിക്കും. 
''16-08-'11ലെ കമ്മിഷന്‍ തീരുമാനം. 14 ജില്ലകളിലും ഔദ്യോഗിക ആവശ്യത്തിനു യാത്ര ചെയ്യേണ്ടതുള്ളതിനാല്‍ പി.എസ്.സി ചെയര്‍മാന്റേയും അംഗങ്ങളുടേയും ഭരണഘടനാപരമായ പദവി പരിഗണിച്ചുകൊണ്ട് അവരുടെ ഔദ്യോഗിക വാഹനങ്ങളില്‍ ചുവന്ന ഫ്‌ലാഷ് ലൈറ്റ് ഘടിപ്പിക്കുകയും ആ വിവരം സര്‍ക്കാരിനെ അറിയിക്കുകയും വേണം.''
മറ്റൊരിടത്ത്: ''ചെയര്‍മാന് പ്രത്യേകാധികാരങ്ങള്‍ ഒന്നുമില്ല എന്ന ബോധ്യം രാധാകൃഷ്ണന് ഉണ്ടായിരുന്നു എങ്കിലും അനുസരണയുള്ള കുഞ്ഞാടുകളെപ്പോലെ നടക്കാന്‍ മാത്രം ശീലമുള്ള കമ്മിഷനംഗങ്ങള്‍ക്കു മുന്നില്‍ തന്റെ അധികാരം വിളിച്ചറിയിക്കാന്‍ അദ്ദേഹം ശ്രമിച്ചുവന്നു. സമ്പൂര്‍ണ്ണമായും ജനാധിപത്യ ബോധത്തോടെ പരസ്പര ആദരവോടെ പെരുമാറിയിരുന്ന കമ്മിഷനില്‍ ഒരു വേഷപ്പകര്‍ച്ച വന്നു. അദ്ദേഹം ചെയര്‍മാനായി വന്ന് ഏതാനും കമ്മിഷനുകള്‍ കഴിഞ്ഞതേയുള്ളു. ഒരു ദിവസം അംഗം ഡോ. കെ. ഉഷ വന്ന് എന്നോടു പറഞ്ഞു, നമ്മള്‍ കമ്മിഷനിലാണോ പ്രൈമറി ക്ലാസ്സിലാണോ ഇരിക്കുന്നത് എന്നൊരു സംശയം എന്ന്. സമഭാവത്തോടെ അംഗങ്ങളെ കാണാനുള്ള കഴിവ് രാധാകൃഷ്ണന് ആദ്യനാളുകളില്‍ത്തന്നെ ഉണ്ടായിരുന്നില്ല എന്ന് ഇത് ഓര്‍മ്മിപ്പിക്കുന്നു.''

ഇടപെടലുകളുടെ മൂര്‍ധന്യത്തില്‍
''റിട്ട് പെറ്റീഷന്‍ (സിവില്‍) 3580/2016 എന്ന ഇന്നും തീര്‍പ്പാകാതെ കിടക്കുന്ന ഒരു കേസുണ്ട് കേരള ഹൈക്കോടതിയില്‍. മുഖ്യമായും പി.എസ്.സി ചെയര്‍മാനെതിരെ. ഫയല്‍ ചെയ്തവരില്‍ ഒരാളാണ് ഞാന്‍. ഒപ്പം സഹ അംഗം വി.ടി. തോമസും. അതിപ്പോഴും തീര്‍പ്പാകാതെ കിടക്കുന്നു''. എന്നാണ് വിശ്വാസ്യതയില്‍നിന്നു വ്യവഹാരത്തിലേക്ക് എന്ന അധ്യായം തുടങ്ങുന്നതുതന്നെ. പി.എസ്.സിയെത്തന്നെ മറുവശത്തു നിര്‍ത്തിക്കൊണ്ടു നിങ്ങള്‍ കേസ് കൊടുത്തില്ലേ എന്ന ചോദ്യം ആര്‍ക്കും ഉന്നയിക്കാവുന്നതാണ് എന്നും സുരേഷ് എഴുതുന്നു. അതിനു മറുപടി, അങ്ങനെ ചെയ്യേണ്ടിവന്നതുപോലും ഈ സ്ഥാപനത്തോടുള്ള അചഞ്ചലമായ വിശ്വാസവും ഭരണഘടനയോടുള്ള കൂറും കൊണ്ടായിരുന്നു എന്നാണ്. ''സാധാരണക്കാര്‍ക്ക് സ്വന്തം ബലത്തില്‍ ആരുടേയും പിന്തുണയില്ലാതെ ഒരു തൊഴില്‍ നേടാന്‍ അവസരമൊരുക്കുന്ന ഈ മഹാസ്ഥാപനത്തിനുമേല്‍ കറ അല്‍പ്പം പോലും ഉണ്ടാകരുത് എന്നും കരുതി. അപ്പോള്‍പ്പോലും ഇവിടെ അഴിമതിയുണ്ട് എന്നു ഞങ്ങള്‍ പറഞ്ഞില്ല. പക്ഷേ, കൂട്ടായ തീരുമാനങ്ങള്‍ക്കു പകരം ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കാന്‍ തുടങ്ങുന്നത് അഴിമതിക്ക് വഴിതെളിക്കും എന്നു ഭയന്നത് സത്യമാണ്'' എന്നു വിശദീകരിക്കുകയും ചെയ്യുന്നു. 
2016 ജനുവരി 15-ന് യു. സുരേഷും വി.ടി. തോമസും ചേര്‍ന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ട് അവര്‍ കോടതിയെ സമീപിക്കേണ്ടിവന്ന സാഹചര്യത്തിന്റെ ഗൗരവം. ഹര്‍ജിയുടെ പൂര്‍ണ്ണരൂപവും പുസ്തകത്തില്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു: ''കമ്മിഷന്റെ അംഗീകാരം ഇല്ലാതെയും കമ്മിഷന്റെ പേരിലും ഞെട്ടിക്കുന്നവിധം രഹസ്യമായി സെലക്ഷന്‍, സ്‌ക്രീനിംഗ്, മൂല്യനിര്‍ണ്ണയ പ്രക്രിയകളിലും അതിന്റെ നടത്തിപ്പിലും ഗൗരവതരമായ പ്രത്യാഘാതം ഉണ്ടാക്കാവുന്ന വിധത്തില്‍ തീരുമാനങ്ങളെടുത്ത നിരവധി സംഭവങ്ങളില്‍ ഹര്‍ജിക്കാര്‍ക്ക് ഉല്‍ക്കണ്ഠയുണ്ട്. അത്തരം നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും. ഫോട്ടോഗ്രഫിയിലും ഫാഷന്‍ ടെക്നോളജിയിലും ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷകരെ കൂടുതല്‍ സൂക്ഷ്മപരിശോധന നടത്തുന്നതിനു മുന്‍പ് ഒരു ഒ.എം.ആര്‍ ടെസ്റ്റ് നടത്തണമെന്ന കമ്മിഷന്റെ തീരുമാനം മറികടക്കുകയും സൂക്ഷ്മപരിശോധനയുടെ നടപടിക്രമങ്ങള്‍ പാലിക്കാതെ 9849 അപേക്ഷകരില്‍നിന്നു രണ്ടുപേരെ മാത്രം എടുക്കുകയും ചെയ്തു. ഓണ്‍ലൈന്‍ പരീക്ഷകളുടെ സത്യസന്ധതയെ ഗുരുതരമായി ബാധിച്ച ഒരു വൈറസിനെക്കുറിച്ച് അടുത്തയിടെ സി-ഡിറ്റില്‍നിന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റൊരു സംഭവത്തില്‍, 2015 മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന അഭിമുഖം മാറ്റുകയും കമ്മിഷന്റെ അനുമതിയില്ലാതെ മറ്റൊരു ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിക്കുകയും ചെയ്തു.''


ഇരുവരും ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും കമ്മിഷനു നല്‍കിയ നിവേദനത്തിനു മറുപടി ലഭിക്കുകയോ കമ്മിഷന്‍ യോഗത്തില്‍ പരിഗണനയ്ക്കെടുക്കുകയോ പോലും ചെയ്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കാനിടയായ സാഹചര്യം വിശദീകരിക്കുന്നത്. 
ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ആ കേസിനെക്കുറിച്ചു ചോദിച്ചപ്പോള്‍ സുരേഷ് പറഞ്ഞത് അതിന്റെ സ്ഥിതി എന്താണെന്നു പിന്നീട് അന്വേഷിച്ചില്ല എന്നാണ്. ''താല്‍പ്പര്യമില്ലാത്തതുകൊണ്ടല്ല. ഇന്നിനി അതുമായി മുന്നോട്ടുകൊണ്ടുപോകേണ്ടതില്ല'' സുരേഷ് പറയുന്നു. ''അന്ന് ആ കേസ് ഒരു ആവശ്യമായിരുന്നു. ഞാന്‍ പറഞ്ഞതുപോലെ മാത്രമേ നടക്കുകയുള്ളു എന്ന് ഒരാള്‍ പറയുമ്പോള്‍ അതിനെതിരെ എന്തെങ്കിലും ചെയ്യണ്ടേ. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചതുപോലെ ഒരു സാഹചര്യമായിരുന്നു; അതേ സാഹചര്യമായിരുന്നു. ഇന്റര്‍വ്യൂകളില്‍ പി.എസ്.സിയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നവരെ തീരുമാനിക്കുന്നതാര് എന്ന ചോദ്യമാണ് ഉയര്‍ന്നത്. ഒരാള്‍ പോകേണ്ട ഇന്റര്‍വ്യൂവില്‍ ആ ആള്‍ക്കു പകരം ഞാനിരിക്കാം എന്നു മറ്റൊരാള്‍ പറഞ്ഞാല്‍ അതില്‍ ക്രമമല്ലാത്ത എന്തോ ഉണ്ട്. എന്തോ താല്‍പ്പര്യമുണ്ട്. അത് വരരുത്. ഇന്റര്‍വ്യൂ കമ്മിഷന്‍ തീരുമാനിക്കും എന്നാണ് പി.എസ്.സി ചട്ടങ്ങളില്‍ പറയുന്നത്. ചെയര്‍മാനല്ല. ചട്ടങ്ങളുണ്ടാക്കിയവര്‍ വളരെ ബോധപൂര്‍വ്വമായിരിക്കണം അങ്ങനെ ചെയ്തത്. ചെയര്‍മാന് പി.എസ്.സിയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാം. ബീഹാറില്‍ ഒരു തര്‍ക്കം വന്നിരുന്നു. ഭാഗികമായി അന്ധനായ ഒരാള്‍ക്ക് പരീക്ഷ എഴുതാന്‍ ആവശ്യമായ സൗകര്യങ്ങള്‍ അവിടുത്തെ പി.എസ്.സി ചെയ്തുകൊടുത്തില്ല. ചെയര്‍മാന്‍ അതില്‍ താല്‍പ്പര്യം കാട്ടിയില്ല. അതു കേസായി. ഹൈക്കോടതിയില്‍ ആ കേസ് വന്നപ്പോള്‍ ചെയര്‍മാനെ താല്‍ക്കാലികമായി മാറ്റി. നമുക്ക് അതിലേക്കൊന്നും പോകേണ്ടി വരരുതെന്നു ഞാന്‍ ആ കേസ് ചൂണ്ടിക്കാട്ടി രാധാകൃഷ്ണനോടു പറഞ്ഞിരുന്നു. ഞാനും തോമസും വിശദമായി പഠിച്ചിട്ടാണ് കേസിനു പോയത്. ആദ്യം ഗവര്‍ണ്ണര്‍ക്ക് പരാതി കൊടുത്തു. അദ്ദേഹം നടപടിയെടുത്തില്ല. പിന്നെ കേസ് കൊടുക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. പരിഹാരമുണ്ടായില്ലെങ്കില്‍പ്പോലും അതൊരു ചെറുത്തു നില്‍പ്പിന്റെ ഭാഗമായിരുന്നു. പക്ഷേ, ഞങ്ങളുടെ കൂടെ ചേരാമെന്നു പറഞ്ഞ രണ്ടു പേര്‍ ചേരാതെ മാറിനിന്ന അനുഭവവുമുണ്ടായി. പൊരുതാനൊക്കെ ആളുകള്‍ക്ക് ബുദ്ധിമുട്ടാണ്. എന്തിനാണെന്നേ ഇതിനൊക്കെ പോകുന്നത് എന്നു ചോദിച്ച പലരുമുണ്ട്'' സുരേഷ് പറയുന്നു.

കോളിളക്കം സൃഷ്ടിച്ച വയനാട്ടിലെ പി.എസ്.സി നിയമനത്തട്ടിപ്പ് വിവാദം, പി.സി. ബിനോയിക്കു ശേഷം സാജു ജോര്‍ജ്ജിനെ പി.എസ്.സി സെക്രട്ടറിയാക്കാതിരിക്കാന്‍ പി.എസ്.സിയിലെ 'കോക്കസ്' ഉണ്ടാക്കിയ വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് വിവാദം, അത് പൊളിഞ്ഞുപോയത്, അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിച്ച കര്‍ക്കശ നിലപാട് ആ കോക്കസിനെ പൊളിച്ചടുക്കുന്നതില്‍ വഹിച്ച പങ്ക് എന്നിവയൊക്കെ വിശദമായിത്തന്നെ സുരേഷ് എഴുതുന്നു. ഓണ്‍ലൈന്‍ പരീക്ഷയുമായി ബന്ധപ്പെട്ട വളര്‍ച്ചയും തളര്‍ച്ചയുമാണ് മറ്റൊരു ചൂടേറിയ വിഷയം. ഓണ്‍ലൈന്‍ പരീക്ഷയുമായി ബന്ധപ്പെട്ട വീഴ്ചകള്‍ കുറേയാളുകളുടെ അവസരം നഷ്ടപ്പെടുത്തിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു. ''ആരും അന്നത് പരിശോധിച്ചില്ല. ആ പ്രക്രിയയിലൂടെ കടന്നുപോയ ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം അവകാശം നേടിയെടുക്കണം. അതുണ്ടായില്ല. സി-ഡിറ്റിനു സംഭവിച്ച ചെറിയ പിഴവാണ്. അത് വേഗം തന്നെ പരിഹരിച്ചു. പക്ഷേ, അതിനിടയില്‍ നടന്നുപോയതില്‍ പിന്നീട് പുനപ്പരിശോധന വേണ്ട എന്നൊരു പൊതുധാരണയിലെത്തി. അത് ശരിയല്ല എന്നാണ് ഞങ്ങള്‍ പറഞ്ഞത്. ശരിയല്ല. അറിഞ്ഞാണോ അറിയാതെയാണോ എന്നും അറിയണമല്ലോ. ചില പ്രധാനപ്പെട്ട തസ്തികകളിലേക്കുള്ള നിയമനത്തിനായിരുന്നു ഓണ്‍ലൈന്‍ പരീക്ഷ.''
റാങ്ക് ലിസ്റ്റ് നീട്ടുന്നതിലെ അനീതിയും പുസ്തകം തുറന്നുകാട്ടുന്നു. സംഘടിത ന്യൂനപക്ഷവും അസംഘടിത മഹാഭൂരിപക്ഷവും തമ്മിലുള്ള ഈ വിഷയത്തില്‍ നീതിയും ന്യായവും അസംഘടിത ഭൂരിപക്ഷത്തിനൊപ്പമാകയാല്‍ വിയോജിക്കുന്നു എന്ന് റാങ്ക് ലിസ്റ്റ് നീട്ടുന്ന തീരുമാനമെടുത്ത എല്ലാ പി.എസ്.സി യോഗങ്ങളിലും വിയോജനക്കുറിപ്പ് എഴുതിയിരുന്നു സുരേഷ്. ''കുറേയാളുകളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണത്. അപേക്ഷിക്കാന്‍ പറ്റാത്തവര്‍ എവിടെയൊക്കെയോ ഉണ്ടല്ലോ. അവരെ സംഘടിപ്പിക്കാന്‍ ആരുമില്ല. റാങ്ക് ലിസ്റ്റ് എന്ന സങ്കല്‍പ്പം തന്നെ ചട്ടവിരുദ്ധമാണ്. വേറൊരിടത്തുമില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. റാങ്ക് ലിസ്റ്റ് ചട്ടവിരുദ്ധമാണെന്നു ഞാന്‍ പലരോടും പറഞ്ഞിട്ടുണ്ട്. റാങ്ക് ലിസ്റ്റില്ലെങ്കില്‍ ഒരു ഒഴിവു വന്നാല്‍ ആരെയെങ്കിലുമൊക്കെ തിരുകിക്കയറ്റും എന്ന ആശങ്കയാണ് പലരും പറഞ്ഞത്. പക്ഷേ, നമ്മുടെ സംവിധാനം വളരെ കൃത്യമാണ്. ഒഴിവുകളിലേക്ക് എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് ആളുകളെ എടുക്കാമല്ലോ. സിസ്റ്റമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, അത് കൃത്യമായി പാലിക്കുന്നില്ല. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വര്‍ഷമാണ്. പക്ഷേ, ഇത് ഇരട്ടിയുമൊക്കെയായി മാറി. നിയമനനിരോധനം പോലുള്ള സാഹചര്യങ്ങളില്‍ മാത്രമാണ് ലിസ്റ്റ് കാലാവധി നീട്ടേണ്ടത്. അതിനുവിരുദ്ധമായി റാങ്ക് ലിസ്റ്റ് നീട്ടുക എന്നത് പിന്നെപ്പിന്നെ ഒരു മുദ്രാവാക്യമായിത്തന്നെ മാറി. റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ രൂപപ്പെട്ടു. അവര്‍ സമരം ചെയ്യുന്നു. പക്ഷേ, അവരെ പി.എസ്.സി പ്രോല്‍സാഹിപ്പിക്കുകയോ ചര്‍ച്ചയ്ക്കു വിളിക്കുകയോ ചെയ്യാറില്ല.''
പുസ്തകം ഇറങ്ങിയതോടെ തന്റെ ധര്‍മ്മം കഴിഞ്ഞു എന്നാണ് സുരേഷ് കരുതുന്നത്. ''നീ അവിടെ ഇരുന്ന് എന്തുചെയ്തു എന്നു നാളെ ഒരുകാലത്ത് ആരും ചോദിക്കരുത്. അതിനുള്ള ഇടപെടലുകള്‍ ഞാന്‍ നടത്തി'' എന്നും അദ്ദേഹം നയം വ്യക്തമാക്കുന്നു. 
-----
അടിക്കുറിപ്പുകള്‍:

സുരേഷ് 1. പി.എസ്.സിയിലെ ഒരു ചടങ്ങില്‍ മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണനും വി. സുരേഷും.
സുരേഷ് 2. പി.എസ്.സി ചെയര്‍മാനായിരുന്ന കെ.വി. സലാഹുദ്ദിനൊപ്പം.
സുരേഷ് 3. വി. സുരേഷ്.
സുരേഷ് 4. പി.എസ്.സി അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com