കേരളത്തിലെ പക്ഷികളുടെ സാഹസം: പികെ ഉത്തമന്‍ എഴുതുന്നു

കേരളത്തിലെ പക്ഷികളുടെ സാഹസം: പികെ ഉത്തമന്‍ എഴുതുന്നു

1.പ്രൊഫ. കെ.കെ. നീലകണ്ഠന്‍ എന്ന ഇന്ദുചൂഡന്‍ കാവശ്ശേരിയിലെ വീടിനടുത്തുള്ള വയലില്‍ പക്ഷിനിരീക്ഷണത്തില്‍. (ഫോട്ടോ: പി.കെ. ഉത്തമന്‍)
2.നീലഗണ്ഡന്‍ വേലിത്തത്ത - ശ്രീനിവാസന്‍ എന്ന പക്ഷിനിരീക്ഷകന്‍ കഴിഞ്ഞ മാര്‍ച്ചില്‍ തൃശൂര്‍ കോള്‍പ്പാടത്ത് കണ്ടെത്തിയ പക്ഷി. (ഫോട്ടോ: സി.ജി. അരുണ്‍)
3.മലമുഴക്കി വേഴാമ്പല്‍ - മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇന്ദുചൂഡന്റെ ആദ്യ ലേഖനം ഈ പക്ഷിയെക്കുറിച്ചായിരുന്നു. (ഫോട്ടോ: പി.കെ. ഉത്തമന്‍)
4.എന്‍.വി. കൃഷ്ണവാരിയര്‍ - 'കേരളത്തിലെ പക്ഷികള്‍' പുസ്തകമാക്കാനുള്ള ആദ്യ പ്രേരണയും മാതൃഭൂമി പത്രാധിപരായിരുന്ന എന്‍.വിയുടേതായിരുന്നു. (ഫോട്ടോ: പി.വി. കൃഷ്ണന്‍)
5.'കേരളത്തിലെ പക്ഷികള്‍' - ഒന്നാം പതിപ്പ്
6.പ്രൊഫ. കെ.കെ. നീലകണ്ഠനും പത്‌നി ശ്രീമതി പാര്‍വതിയും. (ഫോട്ടോ: പി. രഘുനാഥന്‍) 
7.പക്ഷിനിരീക്ഷകയായ റെയ്ച്ചല്‍ കാഴ്സണ്‍.
8.സാലിം അലി പ്രൊഫ. നീലകണ്ഠന്റെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഓഫീസ് മുറിയില്‍. ഇടത്തേയറ്റം നില്‍ക്കുന്നത് ഡോ. വി.എസ്. വിജയന്‍. 
9.ചൂളക്കാക്ക - 'സഹ്യാദ്രിയുടെ ചേതനയ്ക്ക് ചിഹ്നമായിരിക്കുവാന്‍ സര്‍വഥാ യോഗ്യമായ പക്ഷി.'' (ഫോട്ടോ: പി.കെ. ഉത്തമന്‍)
10.തിരുവനന്തപുരത്ത് സാലിം അലി പങ്കെടുക്കാനിരുന്ന സൈലന്റ് വാലി സെമിനാര്‍ കോടതി നിരോധിച്ചതിനെതിരെ നടത്തിയ പ്രതിഷേധ റാലിയില്‍ പ്രൊഫ. നീലകണ്ഠന്‍ പ്രസംഗിക്കുന്നു. (ഫോട്ടോ: പി.കെ. ഉത്തമന്‍)
11.ചോലക്കുടുവന്‍ - 'പക്ഷിപ്പൊറാട്ടി'ലെ പിന്നണി ഗായകന്‍. (ഫോട്ടോ: പി.കെ. ഉത്തമന്‍)
12.കേരളത്തിലെ പക്ഷികള്‍ രണ്ടാം പതിപ്പ് - 550 പേജുള്ള പുസ്തകം അച്ചടിക്കാന്‍ അക്കാദമി ആറ് വര്‍ഷമെടുത്തു. 
13.പ്രൊഫ. നീലകണ്ഠന്‍ - യൂണിവേഴ്സിറ്റി കോളേജിലെ ഓഫീസ് മുറിയുടെ മുന്നില്‍. (ഫോട്ടോ: കെ. ഉണ്ണികൃഷ്ണന്‍)  
14.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ 1976-'78 ബാച്ചിലെ എം.എ. വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ്, ഫോട്ടോ - പ്രിന്‍സിപ്പല്‍ ഡോ. മിസ്സിസ് എന്‍.ഐ. ജോസഫിന്റെ വലതുവശം ഇംഗ്ലീഷ് വകുപ്പുമേധാവി പ്രൊഫ. കെ.കെ. നീലകണ്ഠന്‍. പ്രൊഫ. ഹൃദയകുമാരിയേയും കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയേയും കാണാം. 
15.പൂത്താങ്കീരിയും കരിയിലക്കിളിയും - കാഴ്ചയില്‍ ഏതാണ്ട് ഒരേപോലെയിരിക്കുന്ന രണ്ട് പക്ഷികള്‍. (ഫോട്ടോ: പി.കെ. ഉത്തമന്‍)
16.തീക്കാക്ക - ഈ പക്ഷിയെപ്പറ്റി ഇന്ദുചൂഡന്‍ എഴുതിയത് 29 വരി; എഡിറ്റര്‍ ശശികുമാര്‍ ചേര്‍ത്തത് 21 വരി. 
17.ശശികുമാര്‍ പരിഷ്‌കരിച്ചു വഷളാക്കിയ മൂന്നാം പതിപ്പ്. 
18.വയനാട്ടിലെ പനമരത്ത് കൂടുകെട്ടിയിരിക്കുന്ന കാലിക്കൊക്ക്. (ഫോട്ടോ: പി.കെ. ഉത്തമന്‍)
19.പ്രൊഫ. നീലകണ്ഠന്റെ ആല്‍ബത്തില്‍ ഈ ചിത്രത്തിന്റെ അടിക്കുറിപ്പ്: ''സാഹചര്യങ്ങളുടെ രണ്ട് തടവുകാര്‍.'' (ഫോട്ടോ: ഡോ. കെ.വി. ശ്രീനിവാസന്‍)
20.നാട്ടുമരംകൊത്തി - 'ക്ല്റേ-ക്ല്‌റേ-ക്ല്റേ' എന്ന് പരുക്കന്‍ ശബ്ദത്തില്‍ ചിലച്ചുകൊണ്ട് മരത്തടിയില്‍ ചാടിച്ചാടിക്കയറിപ്പോകുന്ന പക്ഷി ഇതാണ്. (ഫോട്ടോ: പി.കെ. ഉത്തമന്‍)
21.അഞ്ചാംപതിപ്പ് - അച്ചടിത്തെറ്റുകളുടെ പൊടിപൂരം. 

ഗ്രന്ഥം മൂന്നു പകര്‍ത്തുമ്പോള്‍ 
'കേരളത്തിലെ പക്ഷികളുടെ കഥ'

മലയാളികള്‍ക്ക് സംഗീതസൗന്ദര്യങ്ങളുടെ നവലോകം തുറന്നുതന്ന 'കേരളത്തിലെ പക്ഷികള്‍ പ്രസിദ്ധീകരിച്ചിട്ട് 60 കൊല്ലമായിരിക്കുന്നു. അഞ്ചാം പതിപ്പിലെത്തിയപ്പോഴേയ്ക്കും കേരള സാഹിത്യ അക്കാദമി ആ പുസ്തകത്തെ എങ്ങനെ പാരായണ യോഗ്യമല്ലാതാക്കിത്തീര്‍ത്തു?

രാജീവനാണ് ശരിക്കുമൊരു പക്ഷിനിരീക്ഷകന്‍. ചിലപ്പോള്‍ രാജീവനെന്നെ ടെലിഫോണില്‍ വിളിക്കും. 'ഹലോ' പറഞ്ഞാലുടനെ വരുന്ന ചോദ്യം 'ഫീല്‍ഡിലാണോ?' എന്നായിരിക്കും. രാജീവന് ഫീല്‍ഡ് എന്നാല്‍ പക്ഷികള്‍ക്കിടയില്‍ എന്നാണര്‍ത്ഥം. ഉപജീവനത്തിനുള്ള ജോലി രാത്രിയിലാണ്. വെളുപ്പാന്‍ കാലമാവുമ്പോള്‍ അത് കഴിയും. ഉടനെ ബൈനോക്കുലേഴ്സും എടുത്തുകൊണ്ട് ഏതെങ്കിലും കായല്‍ക്കരയിലേക്കോ ചതുപ്പിലേക്കോ വയലിലേക്കോ ചെങ്കല്‍ക്കുന്നിലേക്കോ കുതിക്കുകയായി. പിന്നെ പകലന്തിയോളം പക്ഷികള്‍ക്കിടയില്‍ത്തന്നെ. പക്ഷിനിരീക്ഷകന്‍ എന്നു പറഞ്ഞുനടക്കുന്നവരെല്ലാം തന്നെപ്പോലെയാണെന്നാണ് രാജീവന്റെ സങ്കല്പം.
ചെറുപ്പത്തില്‍ താനൊരു 'ചെയിന്‍ റീഡര്‍' ആയിരുന്നു എന്നാണ് രാജീവന്‍ പറയുന്നത്. കണ്ണൂര്‍ ടൗണിന്റെ പ്രാന്തപ്രദേശത്തുള്ള കിഴുത്തള്ളിയില്‍ ജനിച്ച പി.സി. രാജീവന് മൂന്ന് നാല് ഗ്രാമീണ വായനശാലകളില്‍ അംഗത്വമുണ്ടായിരുന്നു. അന്നൊരിക്കല്‍ ചാലാട് ബാനു സ്മാരക ലൈബ്രറിയില്‍നിന്ന് വായിക്കാനെടുത്ത ഒരു പുസ്തകം ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികള്‍' ആയിരുന്നു. അത് വായിച്ചതോടുകൂടി രാജീവന് പക്ഷികളില്‍ മാത്രമായി കമ്പം. വീടിനു ചുറ്റുമുള്ള പക്ഷികളെ നോക്കിക്കൊണ്ട് തുടക്കം. പിന്നെ ചുറ്റുവട്ടത്തുള്ള പക്ഷികളെയെല്ലാം നിരീക്ഷിക്കാന്‍ തുടങ്ങി. ക്രമേണ നിരീക്ഷണമണ്ഡലം വികസിച്ചുവികസിച്ചു വന്നു. അപ്പോള്‍, കാണുന്ന പക്ഷികളുടെയെല്ലാം പേര് കണ്ടുപിടിക്കാന്‍ 'കേരളത്തിലെ പക്ഷികള്‍' പോരെന്നു വന്നു. കണ്ണൂരിലെ ജവഹര്‍ റീഡിംഗ് ലൈബ്രറിയില്‍ അംഗത്വമെടുത്തു. അവിടെ സാലിം അലിയുടെ 'ബുക്ക് ഓഫ് ഇന്ത്യന്‍ ബേഡ്‌സും' 'ബേഡ്‌സ് ഓഫ് കേരള'യും അടക്കം ധാരാളം പക്ഷിപ്പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. എല്ലാം റഫറന്‍സ് ആയിരുന്നതുകൊണ്ട് വില കെട്ടിവച്ചിട്ട് വേണ്ടിയിരുന്നു പുസ്തകം പുറത്തുകൊണ്ടുപോകാന്‍. അതിനും മടിച്ചില്ല. ഒരു പുസ്തകം ഒരാള്‍ വീണ്ടും വീണ്ടും എടുത്തുകൊണ്ടുപോകുന്നത് പുസ്തകത്തിലെ സ്ലിപ്പില്‍നിന്ന് മറ്റൊരാള്‍ ശ്രദ്ധിച്ചു. അങ്ങനെ ഒരു ദിവസം പക്ഷിനിരീക്ഷകനായ സി. ശശികുമാറില്‍നിന്ന് 15 പൈസയുടെ ഒരു പോസ്റ്റ് കാര്‍ഡ് രാജീവന് കിട്ടി. പിന്നെ, ''ഒരു ഹോളിവുഡ് നടനെപ്പോലെ സുന്ദരനും ആജാനുബാഹുവുമായ ശശികുമാറുമൊത്തായി കൊച്ചുമനുഷ്യനായ എന്റെ പക്ഷിനിരീക്ഷണം'' എന്നാണ് രാജീവന്‍ പറയുന്നത്. 

കണ്ണൂരും പരിസരപ്രദേശവുമാണ് രാജീവന്റെ തട്ടകം. കാട്ടാമ്പള്ളി, ഏഴോം, പാണവയല്‍, മുഴപ്പിലങ്ങാടി ബീച്ച്, മാടായിപ്പാറ, ഇടയിലക്കാട്ട്... ഇവിടങ്ങളിലെ പക്ഷികള്‍ക്ക് രാജീവന്‍ നിത്യസന്ദര്‍ശകനായി. കേരളത്തില്‍ മുന്‍പാരും രേഖപ്പെടുത്താത്ത പതിനഞ്ചോളം പക്ഷികളെ രാജീവന്‍ കണ്ടെത്തി. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ കൊറ്റില്ലങ്ങളെക്കുറിച്ച് ആദ്യമായി വിവരങ്ങള്‍ ശേഖരിച്ചതും കേരളത്തില്‍ ആദ്യമായി ചാരക്കൊക്കിന്റെ കൂടുകെട്ടല്‍ കണ്ടെത്തിയതും രാജീവനാണ്. കുറച്ചു നാളായി വനംവകുപ്പും ജൈവവൈവിധ്യ ബോര്‍ഡും സാലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്റ് നാച്ചുറല്‍ ഹിസ്റ്ററിയും (സാക്കോണ്‍) രാജീവന്റെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്താറുണ്ട്. 

അത്യാര്‍ത്തിയുള്ള വായനക്കാരനാണ് രാജീവനിപ്പോഴും. റോജര്‍ ടൊറി പീറ്റേഴ്സന്റെ ഫീല്‍ഡ് ഗൈഡുകളടക്കം മുന്നൂറില്‍പ്പരം പക്ഷിപ്പുസ്തകങ്ങള്‍ സ്വന്തം ശേഖരത്തിലുണ്ട്. എന്നാലും, ഇന്നും എനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകം ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷിക'ളാണ് എന്ന് രാജീവന്‍ പറയും. തന്റെ ചുറ്റുവട്ടത്ത് ജീവിക്കുന്ന പക്ഷികളെപ്പറ്റി, മാതൃഭാഷയില്‍ എഴുതപ്പെട്ട പുസ്തകം. അതിനോളം വരില്ല മറ്റൊരു പുസ്തകവും. 
തീര്‍ച്ചയായും, രാജീവനെപ്പോലെ 'കേരളത്തിലെ പക്ഷികള്‍' വായിച്ചിട്ട് പക്ഷിനിരീക്ഷകരായിത്തീര്‍ന്ന മലയാളികള്‍ ധാരാളമുണ്ട്. കൃത്യം അതുതന്നെയായിരുന്നു ആ പുസ്തകമെഴുതുമ്പോള്‍ കെ.കെ. നീലകണ്ഠന്‍ എന്ന ഇന്ദുചൂഡന്‍ സ്വപ്നം കണ്ടിരുന്നതും. ''കേരളത്തില്‍ അടുത്ത ഭാവിയില്‍ത്തന്നെ അനവധി പക്ഷിനിരീക്ഷകരുണ്ടായിത്തീരട്ടെ'' എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് അദ്ദേഹം 'കേരളത്തിലെ പക്ഷികള്‍' കൈരളിക്ക് സമര്‍പ്പിക്കുന്നത്. ആ പുസ്തകം എഴുതാനുള്ള പ്രേരണ അതിന്റെ മുഖവുരയില്‍ അദ്ദേഹം വിശദമാക്കുന്നുണ്ട്:
''കുട്ടിക്കാലം മുതല്‍ക്ക് സകലജാതി ജീവികളേയും നോക്കി നടക്കുവാന്‍ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് കാലക്രമേണ പക്ഷികളോട് പ്രത്യേകിച്ചൊരു സ്‌നേഹമുണ്ടായിത്തീര്‍ന്നു. ഇതിനു മുഖ്യകാരണം ഞാന്‍ താഴ്ന്ന ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ത്തന്നെ പക്ഷികളെപ്പറ്റിയുള്ള പുസ്തകങ്ങളാണ് എളുപ്പം കണ്ടെത്തിയിരുന്നതെന്നതാണ്. എങ്കിലും നമ്മുടെ ഭാഷയില്‍ പക്ഷികളെ വിവരിക്കുന്ന ഒരു പുസ്തകം ഇല്ലാതിരുന്നത് എന്റെ പക്ഷിനിരീക്ഷണത്തിന് വലിയൊരു പ്രബന്ധമായിത്തീര്‍ന്നു.

പിന്നീട് ഇന്ത്യയിലെ പക്ഷികളെക്കുറിച്ച് ഇംഗ്ലീഷില്‍ എഴുതിയ പല പുസ്തകങ്ങളുടേയും സഹായത്തോടെയാണ് എനിക്ക് പക്ഷിനിരീക്ഷണം തുടരുവാന്‍ കഴിഞ്ഞതുതന്നെ. അതിന്റെ ഭവിഷ്യത്തായി ഇന്നും നമ്മുടെ പക്ഷികള്‍ക്ക് മലയാളത്തിലുള്ള പേരുകള്‍ (ഞാന്‍ തന്നെ കൊടുത്തിട്ടുള്ളത് അടക്കം) ഓര്‍മ്മിക്കുവാനും ഉപയോഗിക്കുവാനും വളരെ പ്രയാസമായിത്തീര്‍ന്നിരിക്കുന്നു. ഒരു പക്ഷിയെ കണ്ടാലുടനെ അതിന്റെ ഇംഗ്ലീഷ് പേരാണ് മനസ്സിലുദിക്കുന്നത്. വല്ലവരും അതിന്റെ മലയാളപ്പേര് അന്വേഷിച്ചാല്‍ അറിയുകയില്ല, ഓര്‍മ്മയില്ല, നോക്കിപ്പറയാം എന്നെല്ലാം മറുപടി കൊടുക്കേണ്ടിവരുന്നു. അങ്ങനെ സ്വാനുഭവം മൂലം നമ്മുടെ ഭാഷയില്‍ പക്ഷികളെക്കുറിച്ചും മറ്റുമുള്ള പുസ്തകങ്ങളില്ലാത്തതിന്റെ ഭവിഷ്യത്ത് എനിക്ക് വ്യക്തമായിട്ടുണ്ട്. 

എങ്കിലും മലയാള ഭാഷയില്‍ വേണ്ടതുപോലെ പാണ്ഡിത്യമില്ലാത്തതു കാരണം ഈ കുറവ് ഞാന്‍ തന്നെ തീര്‍ക്കുവാന്‍ ശ്രമിച്ചേക്കാം എന്നൊരു ഉദ്ദേശ്യം ഒരിക്കലും ഉണ്ടായില്ല. 
''അങ്ങനെ ഇരിക്കുമ്പോഴാണ്  'മാതൃഭൂമി ആഴ്ചപ്പതിപ്പ്' പത്രാധിപരായ എന്‍.വി. കൃഷ്ണവാരിയര്‍, കേരളത്തിലെ പക്ഷികളെക്കുറിച്ച്, ഇംഗ്ലീഷ് പത്രങ്ങളില്‍ കാണാറുള്ളതുപോലെ, കുറെ ലേഖനങ്ങള്‍ അയച്ചുതരാമോ? എന്നെഴുതിച്ചോദിച്ചത്. ഉടന്‍ തോന്നിയത് ''വയ്യ'' എന്നു മാത്രം മറുപടി കൊടുക്കുവാനായിരുന്നു. എങ്കിലും വാ പിളര്‍ന്നു നില്‍ക്കുന്ന വലിയൊരു കുഴിയുടെ അടിത്തട്ടില്‍ അല്പമെങ്കിലും മണ്ണിടുവാന്‍ കഴിഞ്ഞാല്‍ കാലക്രമേണ മറ്റുള്ളവരും ചേര്‍ന്ന് കുഴി ഇല്ലാതാക്കിത്തീര്‍ക്കുമെന്നു തോന്നി.'' 
'കേരളത്തിലെ പക്ഷികള്‍' എഴുതുമ്പോള്‍ ഇന്ദുചൂഡന്‍ സ്വപ്നം കണ്ടിരുന്നതുപോലെയുള്ള ഒരു പക്ഷിനിരീക്ഷകനാണ് രാജീവന്‍. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ തന്നെ ഒരു ഉല്പന്നം എന്നു പറയാം. എല്ലാവരും രാജീവനോളം സമര്‍പ്പിത ചേതസ്സുകളല്ലെങ്കിലും നാട്ടിലുള്ള പക്ഷികളെ മിക്കതിനേയും തിരിച്ചറിയാന്‍ കഴിയുന്ന പത്തിരുപത് പക്ഷിനിരീക്ഷകര്‍ വീതമെങ്കിലും ഇന്ന് കേരളത്തിലെ ഓരോ ജില്ലയിലുമുണ്ട്. ബൈനോക്കുലേഴ്സും ക്യാമറയുമായി അവര്‍ കാടും മേടും താങ്ങുന്നുണ്ട്. സാലിം അലിയുടെ 'ബേഡ്‌സ് ഓഫ് കേരള'യില്‍ (1969) നാനൂറോളം ജാതി പക്ഷികളെയാണ് വിവരിച്ചിരുന്നത്. ഇനി കേരളത്തില്‍ കണ്ടുപിടിക്കാന്‍ പുതിയ പക്ഷികളൊന്നുമില്ലെന്ന് അദ്ദേഹം അതിന്റെ മുഖവുരയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇവിടെ സാലിം അലിയെ ആദ്യം വെല്ലുവിളിച്ചത് നീലകണ്ഠനാണ്. അദ്ദേഹം കേരളത്തില്‍ പത്തുപന്ത്രണ്ട് ജാതി 'പുതിയ' പക്ഷികളെ കണ്ടുപിടിച്ചു. ഇന്ന് കേരളത്തിലെ പക്ഷികളുടെ പട്ടിക 500 കടന്നിരിക്കുന്നു. തീര്‍ച്ചയായും ഇന്ദുചൂഡന് അഭിമാനിക്കാം. 

ഇന്ദുചൂഡന്റെ പിന്‍ഗാമികളുടെ അത്യുത്സാഹത്തില്‍ മിക്കവാറും എല്ലാ സംരക്ഷിത വനമേഖലകളിലേയും പ്രധാന തണ്ണീര്‍ത്തടങ്ങളിലേയും പക്ഷികളുടെ പട്ടിക തയ്യാറുണ്ട്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് ആവാസവ്യവസ്ഥകളുടെ നാഡിമിടിപ്പാണ് ഇത്തരം രേഖകള്‍. കൊക്കുകള്‍, നീര്‍ക്കൊക്കുകള്‍, ചേരക്കോഴി, തുടങ്ങിയ നീര്‍പ്പക്ഷികള്‍ കൂട്ടത്തോടെ കൂടുകെട്ടുന്ന കൊറ്റില്ലങ്ങളില്‍ പണ്ട് കാക്കകള്‍ക്കും പരുന്തുകള്‍ക്കും ഒപ്പം തക്കംപാര്‍ത്തു നടന്നിരുന്നത് വേട്ടക്കാരായിരുന്നു. ഇന്ന് മിക്ക കൊറ്റില്ലങ്ങളിലും വേട്ടക്കാര്‍ക്കു മുന്‍പ്. പക്ഷിനിരീക്ഷകരും അവരെ തുണയ്ക്കുന്ന സാധാരണക്കാരായ നാട്ടുകാരും മാധ്യമപ്രവര്‍ത്തകരും എത്തുന്നുണ്ട്. തീര്‍ച്ചയായും ഇന്ദുചൂഡന് ആശ്വസിക്കാം. 

ഒരു പക്ഷിപ്പുസ്തകം വായിക്കുന്ന എല്ലാവരും രാജീവനെപ്പോലെ കാടുകയറുന്ന പ്രശ്‌നമില്ല. അധികം പേരും ചാരുകസേരയിലെ നിരീക്ഷകരായൊതുങ്ങുന്നു. ഇനിയും ഒരു കൂട്ടര്‍ അതുപോലും ചെയ്യാതെ വായനയുടെ സുഗന്ധം ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു. അതെന്തായാലും 'കേരളത്തിലെ പക്ഷികള്‍' മാതൃഭൂമിയില്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്പോള്‍, ആ ലേഖനങ്ങള്‍ക്ക് വായനക്കാരില്‍നിന്ന് ലഭിക്കുന്ന സ്വീകരണത്തെപ്പറ്റി പത്രാധിപര്‍ എന്‍.വി. കൃഷ്ണവാരിയര്‍ ഇന്ദുചൂഡന് എഴുതിയതുപോലെ, മലയാളികള്‍ക്ക് സംഗീതസൗന്ദര്യങ്ങളുടെ ഒരു പുതിയ ലോകം തുറന്നുകൊടുക്കാന്‍ ആ പുസ്തകം അത്യന്തം ഉപകരിച്ചിട്ടുണ്ട്. അറുപത് വര്‍ഷംകൊണ്ട് അഞ്ചാം പതിപ്പിലെത്തിയ ആ പുസ്തകത്തിന് ഇന്നും ധാരാളം വായനക്കാരുണ്ടെന്നുള്ളത് അതിന്റെ ഉദാത്തതയ്ക്ക് തെളിവാണ്. 'കേരളത്തിലെ പക്ഷികള്‍' മലയാള വൈജ്ഞാനിക സാഹിത്യശാഖയിലെ ഒരു ക്ലാസ്സിക് ആകുന്നു. 

1951 ഒക്ടോബര്‍ പതിന്നാലിന്റെ 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലാണ് ഇന്ദുചൂഡന്റെ ആദ്യലേഖനം  'വേഴാമ്പല്‍' പ്രത്യക്ഷപ്പെട്ടത്. 1956 ഒക്ടോബര്‍ പതിനാലിന്, കൃത്യം അഞ്ച്  വര്‍ഷത്തിനുശേഷം 98-ാമത്തെ ലേഖനം 'വരി എരണ്ട' വന്നു. പിന്നീട് 1958 ജൂണ്‍ എട്ടിന്റെ ആഴ്ചപ്പതിപ്പില്‍ മരപ്പൊട്ടനെപ്പറ്റിയുള്ള ലേഖനം പ്രസിദ്ധീകരിച്ചു. അതേ ലക്കത്തില്‍ പത്രാധിപര്‍ പേരുവയ്ക്കാതെ എഴുതിയ കുറിപ്പില്‍ പറയുന്നു: ''കേരളത്തിലെ നൂറോളം പക്ഷികളെപ്പറ്റി 'ഇന്ദുചൂഡന്‍' ഈ പംക്തിയിലെഴുതിക്കഴിഞ്ഞിരിക്കുന്നു. അഗാധമായ പ്രകൃതിപ്രേമവും ശാസ്ത്രീയമായ സൂക്ഷ്മനിരീക്ഷണപാടവവും ഒത്തുചേര്‍ന്ന ഈ സരസ ലേഖനങ്ങള്‍ മലയാളികളുടെ മാത്രമല്ല, അന്യഭാഷക്കാരുടേയും ശ്രദ്ധയെ ആകര്‍ഷിച്ചിട്ടുണ്ട്. ഇവ സമാഹരിച്ച് അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്ന പുസ്തകം ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അദ്വിതീയമായിരിക്കും.''

'കേരളത്തിലെ പക്ഷികള്‍' പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനുള്ള ആദ്യത്തെ പ്രേരണയും എന്‍.വി. കൃഷ്ണവാരിയരുടേതായിരുന്നു. 1953-ല്‍ തന്നെ എന്‍.വി. അയച്ച ഒരു കത്തില്‍ പറയുന്നു: ''ഈ ലേഖനങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധം ചെയ്യണമെന്ന് കേശവമേനോന്‍ കൂടെക്കൂടെ പറയാറുണ്ട്.''
1956-ല്‍ തന്നെ പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി തയ്യാറായി. മാതൃഭൂമിയില്‍ നൂറു പക്ഷികളെക്കുറിച്ചേ എഴുതിയിരുന്നുള്ളൂ. പുസ്തകത്തില്‍ അന്‍പത് പക്ഷികളെക്കൂടി ഉള്‍പ്പെടുത്തി. പക്ഷേ, നല്ല പുസ്തകങ്ങള്‍ക്ക് അന്നും മലയാളത്തില്‍ പ്രസാധകരെ കിട്ടുക അത്ര എളുപ്പമായിരുന്നില്ല. 'മാതൃഭൂമി'യില്‍ നൂറോളം ലക്കങ്ങളില്‍ പ്രത്യക്ഷപ്പെട്ട 'കേരളത്തിലെ പക്ഷികള്‍'ക്ക് പതിനായിരക്കണക്കിന് സ്പൃഹാലുക്കളായ വായനക്കാരുണ്ടായിരുന്നു. ''താങ്കളോട് ഏതാണ്ടൊരു ഭ്രമം തന്നെയുള്ള വായനക്കാരുണ്ട് ഞങ്ങള്‍ക്ക്'' എന്നാണ് മാതൃഭൂമി പത്രാധിപര്‍ ഇന്ദുചൂഡനെഴുതിയത്. 
സ്വാഭാവികമായും മലയാളത്തിന് വലിയ പ്രതീക്ഷയായി അന്ന് വളര്‍ന്നുകൊണ്ടിരുന്ന എസ്.പി.സി.എസിനാണ് 'കേരളത്തിലെ പക്ഷികള്‍' ആദ്യം അയച്ചുകൊടുത്തത്.  ഏറെക്കാലം അത് വച്ചുകൊണ്ടിരുന്നശേഷം സംഘം സ്ഥാപക സെക്രട്ടറി എഴുതി: ''പക്ഷികളെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധപ്പെടുത്തുന്നതിനു വേണ്ടിവരുന്ന തുകയും ബ്ലോക്കുണ്ടാക്കുന്നതിനും മറ്റുമുള്ള ബുദ്ധിമുട്ടുകളും ചില്ലറയല്ലല്ലോ. അങ്ങനെയൊരു പുസ്തകം മലയാളത്തിലില്ലാത്തതും അതിന്റെ ആവശ്യകതയും ഓര്‍ക്കുമ്പോള്‍ വേണ്ടെന്ന് പറയാന്‍ മടിയും ഉണ്ട്. 
ഒരു തീരുമാനം കൂടാതെയിരിക്കുന്നത് ഭംഗിയല്ലെന്ന് വച്ച് ഞങ്ങളതില്‍നിന്ന് ഒഴിയുന്നു. 
കാരൂര്‍ നീലകണ്ഠപ്പിള്ള
10.1.1957''

പിന്നീട്  പുസ്തകം അയച്ചുകൊടുത്തത് കേരള സാഹിത്യ അക്കാദമിക്കാണ്. അന്നുവരെ ഒറ്റ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത അക്കാദമിക്ക് പുസ്തകം അയച്ചുകൊടുത്തത് എന്‍.വിയുടെ നിര്‍ദ്ദേശപ്രകാരം ആയിരിക്കണം. അദ്ദേഹം അക്കാര്യം അക്കാദമി ഉപാദ്ധ്യക്ഷനായിരുന്ന കെ.പി. കേശവമേനോനുമായി സംസാരിച്ചിരിക്കണം. ഫലം വന്നത് ഇങ്ങനെ:
''1.9.'57-ല്‍ തിരുവനന്തപുരത്തു സമ്മേളിച്ച അക്കാദമി പ്രവര്‍ത്തകസമിതി പാസ്സാക്കിയ പ്രമേയം: ശ്രീ ഇന്ദുചൂഡന്‍ (കെ.കെ. നീലകണ്ഠന്‍) എഴുതിയ 'കേരളത്തിലെ പക്ഷികള്‍' എന്ന ഗ്രന്ഥത്തിന്റെ ഫുള്‍ കോപ്പിറൈറ്റ് അക്കാദമി വാങ്ങിക്കണമെന്നും അതിലേക്ക് രണ്ടായിരം രൂപാ പ്രതിഫലം കൊടുക്കണമെന്നും തീരുമാനിച്ചു. പ്രസ്തുത ഗ്രന്ഥം മാതൃഭൂമി പ്രസിദ്ധീകരണശാലക്കാര്‍ വഴി പ്രിന്റ് ചെയ്‌തെടുക്കാനും തീരുമാനിച്ചു.''
സര്‍ദാര്‍ കെ.എം. പണിക്കരായിരുന്നു അന്ന് കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍. മഹാകവി വള്ളത്തോളും കെ.പി. കേശവമേനോനും ഉപാദ്ധ്യക്ഷന്മാര്‍. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ പുസ്തകമായിത്തീര്‍ന്നു ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികള്‍.'
പുസ്തകം അക്കാദമി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത് ഗ്രന്ഥകാരനെ ആവേശഭരിതനാക്കി. എന്നാല്‍ ആ ആവേശമെല്ലാം കെട്ടടങ്ങി, തല്‍സ്ഥാനത്ത് തീവ്രനൈരാശ്യം തളംകെട്ടാന്‍ അധികകാലം വേണ്ടിവന്നില്ല. ഫലം, എഴുത്ത് പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള തീരുമാനമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം എന്തോ എഴുതിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രൊഫ. നീലകണ്ഠന്‍ അക്കാദമി പ്രസിഡന്റിനെഴുതിയ കത്ത് സ്വയം സംസാരിക്കുന്നതാകയാല്‍ വിശദീകരണമൊന്നും കൂടാതെ താഴെ ഉദ്ധരിക്കുന്നു. നീലകണ്ഠന്‍ സാര്‍ ഇംഗ്ലീഷിലെഴുതിയ കത്തിന് ഞാന്‍ ചെയ്ത പരിഭാഷയാണിത്. 
''പ്രധാനമായും സാഹിത്യ അക്കാദമി കാരണം ഏതാണ്ട് അഞ്ച് വര്‍ഷം മുന്‍പ് ഞാന്‍ സാഹിത്യരചനയില്‍നിന്ന് പിന്‍വാങ്ങിയതാണ്. 'ഗ്രന്ഥകാരന്‍' എന്ന നിലയിലുള്ള  എന്റെ അനുഭവം അത്തരത്തിലുള്ളതായിരുന്നു. വീണ്ടും ആ രംഗത്തേക്ക് കടന്നുവരാന്‍ എനിക്കാഗ്രഹമില്ല. 
എന്റെ പുസ്തകത്തിന്റെ പ്രസിദ്ധീകരണം അക്കാദമി ഏറ്റെടുത്തപ്പോള്‍ അത്രമാത്രം ആഹ്ലാദഭരിതനായ ഞാന്‍ പ്രതിഫലത്തെപ്പറ്റി ഒരക്ഷരം പറയാതെയാണ് 'കേരളത്തിലെ പക്ഷിക'ളുടെ കൈയെഴുത്തുപ്രതി ഏല്പിച്ചത്. അക്കാദമിയെപ്പോലൊരു മഹനീയ സ്ഥാപനം പ്രസിദ്ധീകരിക്കുന്ന പുസ്തകം കൂടുതല്‍ ജനങ്ങളുടെ കൈകളിലെത്തുമെന്നും അങ്ങനെ അതിന്റെ രചനയ്ക്കുവേണ്ടി ഞാന്‍ ചെയ്ത അധ്വാനത്തിന് സമുചിതമായ അംഗീകാരം ലഭിക്കുമെന്നുള്ള ചിന്തകൊണ്ടാണ്  ഞാനങ്ങനെ ചെയ്തത്. എന്റെ ലേഖനങ്ങള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്പോഴോ, പിന്നീട് അവ പുസ്തകമാക്കുന്ന കാര്യം ആലോചിച്ചപ്പോഴോ ഒരിക്കലും പണമുണ്ടാക്കുന്ന കാര്യം എന്റെ ഉദ്ദേശ്യമേ ആയിരുന്നില്ല. വിവേചനശാലികളായ  കുറേ വായനക്കാരുടെ സന്തോഷം മാത്രമാണ് ഞാന്‍ ആഗ്രഹിച്ചിരുന്ന പ്രതിഫലം.''
അക്കാലത്ത് പ്രൊഫ. നീലകണ്ഠനെ സാന്ത്വനിപ്പിച്ചുകൊണ്ടെഴുതിയ  ഒരു കത്തില്‍ എന്‍.വി. പറഞ്ഞു: ''സാഹിത്യകാരന്മാരും മിക്കവാറും പക്ഷികളെപ്പോലെയാണ്. പക്ഷേ, നിരുപദ്രവികളാണ്. എന്നാല്‍, തക്കം നോക്കി നടക്കുന്ന കൊറ്റികളും പ്രാപ്പിടിയന്മാരും ശവംതീനി കഴുകന്മാരും അവരുടെ ഇടയിലുമുണ്ട്.''

1958-ലാണ് 'കേരളത്തിലെ പക്ഷികള്‍' ഒന്നാം പതിപ്പ് പ്രസിദ്ധപ്പെടുത്തിയത്. 1963 ആഗസ്റ്റ് ഇരുപത്തിയഞ്ചിന് എഴുതിയ കത്തില്‍ അക്കാദമി അദ്ധ്യക്ഷന്‍ കുമ്പസാരിച്ചു: '...പുസ്തകത്തിന് ഒരു പരസ്യവും കൊടുത്തതേയില്ല, പുസ്തകം വാങ്ങാന്‍ ആഗ്രഹമുള്ള പലര്‍ക്കും അത് കിട്ടാനുണ്ടോ എന്നുതന്നെ അറിവില്ല. മലയാളത്തിലെ നിലവാരപ്പെട്ട ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഈ പുസ്തകത്തെക്കുറിച്ച് നിരൂപണം എഴുതിക്കാനുള്ള യാതൊരു ശ്രമവും കൈക്കൊണ്ടില്ല.'' അക്കാലത്ത് പുസ്തകത്തിന്റെ രണ്ട് പ്രതികള്‍ അയച്ചുകൊടുത്താല്‍ മിക്ക പ്രസിദ്ധീകരണങ്ങളും പ്രമുഖരായ വിമര്‍ശകരെക്കൊണ്ട് നിരൂപണം എഴുതിക്കുമായിരുന്നു. 
പരസ്യം കൊടുക്കുകയും നിരൂപണം എഴുതിക്കുകയും ചെയ്തിരുന്നെങ്കില്‍പ്പോലും, അന്നത്തെ സ്ഥിതിയില്‍ പുസ്തകം എളുപ്പമൊന്നും വിറ്റുപോകുമായിരുന്നില്ല. പുസ്തകത്തിന്റെ വില 8 രൂപ 50 പൈസ ട്രഷറിയിലടച്ച് അതിന്റെ ചെലാന്‍ തൃശൂരുള്ള സാഹിത്യ അക്കാദമി ഓഫീസില്‍ കൊണ്ടുപോയി കൊടുത്തിട്ടു വേണ്ടിയിരുന്നു ഒരു കോപ്പി സമ്പാദിക്കുവാന്‍. 1960-കളില്‍ ഒരു ജോലിക്ക് അപേക്ഷിക്കാന്‍ ട്രഷറിയില്‍ പണമടയ്ക്കാന്‍ പോയി ക്യൂ നിന്നത് ഞാനിന്നും മറന്നിട്ടില്ല. കേരളത്തിലെ പക്ഷികള്‍ അക്കാദമി പണ്ടകശ്ശാലയില്‍ പൊടിപിടിച്ചു കിടന്നു.

1970-കളില്‍, ഡോ. എം.പി. പരമേശ്വരന്റെ നേതൃത്വത്തില്‍ സി.പി.ഐ.(എം) കേരള ശാസ്ത്രസാഹിത്യപരിഷത്ത് പിടിച്ചെടുത്തപ്പോള്‍ പി.ടി. ഭാസ്‌കരപ്പണിക്കരും സംഘവും സയന്റിഫിക്, ടെക്നിക്കല്‍ ആന്റ് എഡ്യുക്കേഷണല്‍ പബ്ലിഷിങ്ങ് സൊസൈറ്റി (സ്റ്റെപ്പ്‌സ്) ആരംഭിച്ചു- അക്കാദമി ഗോഡൗണില്‍ കെട്ടിക്കിടന്ന 'കേരളത്തിലെ പക്ഷിക'ളുടെ കുറേ കോപ്പികള്‍ വാങ്ങി വിറ്റഴിച്ചു. തിരുവനന്തപുരത്ത് ഏജീസ് ഓഫീസിന്റെ എതിര്‍വശത്തുള്ള ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റെപ്പ്‌സ് ബുക്ക് സ്റ്റാളില്‍ നിന്നാണ് കേരളത്തിലെ പക്ഷികള്‍ ഒന്നാം പതിപ്പിന്റെ ഒരു പ്രതി ഞാന്‍ എട്ടര രൂപയ്ക്ക് വാങ്ങിയത്. 
കൈയിലെടുത്തവരൊക്കെ ഉദാത്തമെന്ന് വാഴ്ത്തിയ 'കേരളത്തിലെ പക്ഷികള്‍' ഒന്നാം പതിപ്പ്, അക്കാദമി കാല്‍ നൂറ്റാണ്ടുകൊണ്ട് വിറ്റഴിച്ചു! അതോടെ, രണ്ടാം പതിപ്പിനുവേണ്ടിയുള്ള ആവശ്യം ഉയര്‍ന്നുവരാന്‍ തുടങ്ങി. 

പക്ഷിനിരീക്ഷകര്‍ അപകടകാരികളാണ്. പക്ഷിനിരീക്ഷകയായ റെയ്ച്ചല്‍ കാഴ്സനാണ് 'നിശ്ശബ്ദവസന്തം' എഴുതിയത്. തന്റെ ഒരു സുഹൃത്തിന്റെ വീട്ടുമുറ്റത്ത് ചത്തുവീണ സോങ്ങ് ബേഡ്‌സില്‍നിന്ന് ആരംഭിച്ച അന്വേഷണമാണ്, അമേരിക്കയിലും മറ്റും, ഡി.ഡി.റ്റി മുതലായ ഉന്മൂലന രസായനങ്ങളുടെ നിരോധനത്തിലെത്തിയത്. മണ്ണുമായുള്ള ബന്ധത്തില്‍ മനുഷ്യന്‍ ദീക്ഷിക്കേണ്ട സദാചാരത്തെപ്പറ്റി ആദ്യമെഴുതിയ ആല്‍ഡോ ലിയോപ്പോള്‍ഡും പക്ഷിനിരീക്ഷകനായിരുന്നു. മഹാത്മാ ഗാന്ധിക്ക് പാരതന്ത്ര്യത്തിനെതിരെ പൊരുതാന്‍ സിവില്‍ നിയമലംഘനം എന്ന വജ്രായുധം കൊടുത്ത തോറോയും പക്ഷിപ്രേമിയായിരുന്നു. 

ഗാന്ധിശിഷ്യനും ചിപ്‌ക്കോ ദൂതനുമായ സുന്ദര്‍ലാല്‍ ബഹുഗുണയും പക്ഷിനിരീക്ഷകനായിരുന്നു. 'ജീവിതത്തിലേക്ക് മടങ്ങുക' എന്ന പുസ്തകത്തില്‍, അപ്പിക്കോ ഗ്രാമങ്ങളില്‍ ഒരാഴ്ച എന്ന അദ്ധ്യായത്തില്‍ കര്‍ണാടകത്തിലെ വനങ്ങളിലൂടെ നടത്തിയ ഒരു യാത്ര അദ്ദേഹം ഓര്‍ക്കുന്നു. ഒരു നട്ടുച്ചയ്ക്ക് സുന്ദര്‍ലാല്‍ജിയും കൂട്ടുകാരും ഗംഗാവതിയുടെ ഒരു കൈവഴിയുടെ തീരത്തെ കൊടുംകാട്ടില്‍ വിശ്രമിക്കുമ്പോള്‍ അവരുടെ ചിന്ത പോയതിങ്ങനെ: ''വനങ്ങളെപ്പറ്റി തീരുമാനമെടുക്കുന്നവര്‍ ആരായാലും അവര്‍ ബാംഗ്ലൂരിലേയും ന്യൂഡല്‍ഹിയിലേയും ശീതീകരിച്ച ഓഫീസുകള്‍ വിട്ടുവന്ന് ഈ കുളിരരുവിയുടെ തീരത്ത് അല്പനേരം ഇരുന്നശേഷം തീരുമാനമെടുക്കട്ടെ. വനത്തിന്റെ യഥാര്‍ത്ഥ വരദാനങ്ങള്‍ എന്തെല്ലാമെന്ന് മറ്റൊരിടത്തിരുന്നും നിങ്ങള്‍ക്ക് സങ്കല്പിക്കാന്‍ കഴിയുകയില്ല. ഇവിടെ, ഈ പൂഞ്ചോലയില്‍ ഇരിക്കുമ്പോള്‍ വായുവും വെള്ളവും മണ്ണുമാണ് കാടിന്റെ യഥാര്‍ത്ഥ ഉല്പന്നങ്ങളെന്നും അവയാണ് ജീവന്റെ അടിസ്ഥാനമെന്നും നിങ്ങള്‍ക്ക് നേരിട്ട് കാണാന്‍ കഴിയും.'' ഇതുപോലൊരു ഉഷ്ണമേഖലാ വനമേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് ആല്‍ബെര്‍ട്ട് ഷൈ്വത്സര്‍ക്ക് (Albert Schweitzer) ജീവന്റെ പരിപാവനത്വത്തെപ്പറ്റി വെളിപാടുണ്ടായത്. ജീവന്‍ എന്ന പ്രതിഭാസം - ജീവിക്കാനുള്ള ഇച്ഛ (with-to-live) എന്നാണ് ഷൈ്വത്സറുടെ പദപ്രയോഗം. മനുഷ്യന്റെ ഉപയോഗത്തിനും ആനന്ദത്തിനും വേണ്ടി ഉണ്ടായതല്ലെന്നും ആ പ്രതിഭാസത്തിന്റെ ഒരു ഭാഗം മാത്രമാണ് നമ്മളെന്നും അതിനെ കൂടുതല്‍ മൂല്യവത്താക്കുകയും സേവിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ കടമയെന്ന് അദ്ദേഹം പഠിപ്പിച്ചു. 

പക്ഷിനിരീക്ഷകന്‍ ഏറെ സമയം ഏകനായി, കാട്ടിനുള്ളില്‍ ചുറ്റിത്തിരിയുന്നവനാണ്. ദൂരദര്‍ശിനിക്കുഴലിലൂടെ പക്ഷികളുടെ കാതരമിഴികളില്‍ കണ്ണുംനട്ട് നില്‍ക്കുമ്പോള്‍ ഓരോ ജീവബിന്ദുവിലും തുടിക്കുന്ന ജീവിക്കാനുള്ള ഇച്ഛ അയാള്‍ക്ക് കണ്ടറിയുവാന്‍ കഴിയുന്നു. എവിടെയെങ്കിലും പ്രകൃതിക്ക് മുറിവേല്‍ക്കുമ്പോള്‍ അയാളുടെ ഹൃദയരക്തം വാര്‍ന്നൊഴുകും. കേരളത്തില്‍ സൈലന്റ് വാലി അരിഞ്ഞുവീഴ്ത്താന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെ ഉയര്‍ന്ന ആദ്യ ശബ്ദം സാലിം അലിയുടെ ശിഷ്യനായ ഡോ. വി.എസ്. വിജയന്റേതായിരുന്നത് യാദൃച്ഛികമല്ല. തുടര്‍ന്ന്, പ്രൊഫ. നീലകണ്ഠന്റെ ശിഷ്യനും സഹപ്രവര്‍ത്തകനുമായ ഡോ. സതീശ് ചന്ദ്രനാണ് അസംഖ്യം സ്ലൈഡ് പ്രദര്‍ശനങ്ങളിലൂടെ സൈലന്റ് വാലിയുടെ സത്യം ജനങ്ങളിലെത്തിച്ചത്. കുന്തിപ്പുഴയില്‍ അണകെട്ടി സൈലന്റ് വാലിയെ വെള്ളത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കത്തിനെതിരെ പൊരുതാന്‍ അണിചേര്‍ന്നവരിലധികവും 'കേരളത്തിലെ പക്ഷികള്‍' വായിച്ചു വളര്‍ന്നവരായിരുന്നു. വെറുതേയല്ല അധികാരം പുസ്തകങ്ങളെ ഭയപ്പെടുന്നത്. 
സൈലന്റ് വാലി ഒരു വിപ്ലവമായിരുന്നു. ഒരു തുണ്ട് മഴക്കാട് രക്ഷിക്കുന്നിടത്ത് അത് അവസാനിക്കുന്നില്ല. പ്രകൃതിയോട് നാം പുലര്‍ത്തിപ്പോന്ന മനോഭാവത്തില്‍ വലിയ മാറ്റം അത് ആവശ്യപ്പെടുന്നു. സൈലന്റ് വാലിയുടെ വിളികേട്ട് ധാരാളം യുവാക്കള്‍ കാടിന്റെ താളം തേടിയിറങ്ങി. അവര്‍ക്ക് ദിശ കാണിക്കാന്‍ 'കേരളത്തിലെ പക്ഷികള്‍' പോലെ മൗലികമായ പുസ്തകങ്ങള്‍ ആവശ്യമായി വന്നു. 

പ്രകൃതിസ്‌നേഹികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കേരള സാഹിത്യ അക്കാദമി 'കേരളത്തിലെ പക്ഷിക'ളുടെ രണ്ടാം പതിപ്പിനെപ്പറ്റി ആലോചിക്കാന്‍ സന്നദ്ധമായത്. അക്കാദമിക് അതില്‍ താല്പര്യം ഉണ്ടെന്നറിഞ്ഞപ്പോള്‍ത്തന്നെ പ്രൊഫ. നീലകണ്ഠന്‍ തന്റെ പഴയ തീരുമാനം മറന്നിട്ട് പുസ്തകം പരിഷ്‌കരിക്കാന്‍ ആരംഭിച്ചു. ഒന്നാം പതിപ്പിലെ 150 പക്ഷികളുടെ സ്ഥാനത്ത് രണ്ടാം പതിപ്പില്‍ 261 പക്ഷികളെ ഉള്‍പ്പെടുത്തി. പുസ്തകത്തിന്റെ വലുപ്പം കൂട്ടാന്‍ പാടില്ലെന്ന വ്യവസ്ഥയിലാണ് പക്ഷികളുടെ എണ്ണം കൂട്ടാന്‍ അക്കാദമി സദയം സമ്മതം നല്‍കിയത്. തന്മൂലം പുസ്തകം മുഴുവന്‍ മാറ്റിയെഴുതേണ്ടിവന്നു. യഥാര്‍ത്ഥത്തില്‍ രണ്ടാം പതിപ്പ് പുതിയൊരു പുസ്തകമാണ്. 

ഒന്നാം പതിപ്പില്‍ ലേഖനങ്ങളോടൊപ്പം ഗ്രന്ഥകര്‍ത്താവ് തന്നെ വരച്ച പക്ഷികളുടെ രേഖാചിത്രങ്ങളാണ് ചേര്‍ത്തിരുന്നത്. പരിഷ്‌ക്കരിച്ച പതിപ്പില്‍ പക്ഷിച്ചിത്രങ്ങള്‍ പ്രത്യേകം ആര്‍ട്ട് പ്ലേറ്റുകളായി ചേര്‍ക്കാന്‍ തീരുമാനിച്ചു. ചില ചിത്രകാരന്മാരോട് ചോദിച്ചപ്പോള്‍ അവര്‍ ചിത്രമൊന്നിന് 20-25 രൂപ പ്രതിഫലം ആവശ്യപ്പെട്ടു. അത്രയും 'വലിയ' തുക നല്‍കാന്‍ അക്കാദമി സന്നദ്ധമായിരുന്നില്ല. ഒടുവില്‍ ഗ്രന്ഥകാരന്‍ തന്നെ ചിത്രങ്ങളെല്ലാം മാറ്റിവരച്ചു. അതെന്തായാലും നന്നായി. അതുകൊണ്ട്, ചിലച്ചു പറക്കുന്ന വിവരണങ്ങളോടൊപ്പം നൈസര്‍ഗ്ഗിക സൗന്ദര്യമുള്ള ചിത്രങ്ങള്‍ ചേര്‍ന്നു. സ്വതന്ത്രരായി ജീവിക്കുന്ന പക്ഷികളെ അടുത്തു പരിചയമില്ലാത്ത ഏതെങ്കിലും കലാകാരന്‍ വരച്ചിരുന്നെങ്കില്‍ പക്ഷികളുടെ ജഡങ്ങളുടെ ഒരു കാഴ്ചബംഗ്ലാവായേനെ പുസ്തകം. 
രണ്ടാം പതിപ്പില്‍ 4-8 ചിത്രങ്ങള്‍ വീതമുള്ള അന്‍പത് ആര്‍ട്ട് പ്ലേറ്റുകളായിട്ടാണ് ചിത്രങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. നൂറ് പക്ഷികളുടെ ചിത്രങ്ങള്‍ വര്‍ണ്ണങ്ങളിലും 142 പക്ഷികളുടെ ചിത്രങ്ങള്‍ കറുപ്പിലും വെളുപ്പിലുമാണ് എഴുതിയത്. പുസ്തകം മുഴുവന്‍ മാറ്റിയെഴുതിയതിനും 242 ചിത്രങ്ങള്‍ രചിച്ചതിനും കൂടി അക്കാദമിയുടെ സൗമനസ്യം 2,500 രൂപ! 'ഫുള്‍ കോപ്പിറൈറ്റ്' വിറ്റ ഗ്രന്ഥകാരന് പിന്നെ ചില്ലിക്കാശിനും അവകാശമില്ലല്ലോ. ഏതെങ്കിലും മൂന്നാംകിട ചിത്രകാരനെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചിരുന്നെങ്കില്‍ അതിനുമാത്രം ഇരട്ടിത്തുക നല്‍കേണ്ടിവരുമായിരുന്നു. 

1979-ല്‍ ആണ് ഞാന്‍ പ്രൊഫ. നീലകണ്ഠനെ ആദ്യമായി പരിചയപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍, 1979 ഒക്ടോബര്‍ 21 രാവിലെ പത്തരമണിക്ക്. അതിനുശേഷം ഇടയ്ക്കിടെ ഞാനദ്ദേഹത്തിന്റെ വീട്ടില്‍ പോയി പക്ഷികളെപ്പറ്റി സംസാരിച്ചിരിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം ഞാന്‍ താമസിച്ചിരുന്ന സ്പെന്‍സര്‍ ജംഗ്ഷനിലെ അശോകാ ലോഡ്ജിലെ പതിനൊന്നാം നമ്പര്‍ മുറിയില്‍ വന്നു. 'കേരളത്തിലെ പക്ഷികള്‍' രണ്ടാം പതിപ്പിന്റെ കൈയെഴുത്തുപ്രതിയുമായി. സ്വന്തം കൈപ്പടയില്‍ ഭംഗിയായെഴുതിയ ആയിരത്തോളം ഫുള്‍സ്‌ക്യാപ്പ് പേജുകള്‍ എന്റെ കൈയില്‍ തന്നിട്ട് അതൊന്ന് വായിച്ചുനോക്കി തെറ്റുതിരുത്തിക്കൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സ്തബ്ധനായിപ്പോയി. എന്തായാലും വായിച്ചുനോക്കാമെന്നേറ്റു. അദ്ദേഹം വളരെ ധൃതിയിലായിരുന്നു. മിക്ക ദിവസങ്ങളിലും ലോഡ്ജില്‍ വരും, വായന എവിടംവരെയായെന്നറിയാന്‍. 

1981 നവംബറില്‍ പുസ്തകം അക്കാദമിയെ ഏല്‍പ്പിച്ചു. പാഠം (text) മുഴുവന്‍ മാറ്റിയെഴുതാനും ചിത്രങ്ങള്‍ വരയ്ക്കാനും അവിശ്വസനീയമാംവിധം കുറച്ച് സമയമേ എടുത്തുള്ളൂ. പുസ്തകം ഇറങ്ങിക്കാണാന്‍ അത്രയ്ക്ക് തിടുക്കമായിരുന്നു സാറിന്. പക്ഷേ, ഒരു പഞ്ചവത്സര പദ്ധതികൊണ്ടും അച്ചടി തീര്‍ന്നില്ല! രണ്ടു വര്‍ഷത്തോളം അത് അക്കാദമിയുടെ 'ചുവപ്പന്‍ നാട'യ്ക്കടിയില്‍ സുഖനിദ്രകൊണ്ടു. 1983 മേയില്‍ എനിക്ക് ലഭിച്ച ഒരു കത്തില്‍ പ്രൊഫ. നീലകണ്ഠന്‍ എഴുതി: ''ആനന്ദന്‍ പിള്ള (അക്കാദമി പബ്ലിക്കേഷന്‍ ഓഫീസര്‍) വന്നിരുന്നു. പുസ്തകത്തിന്റെ get up പൊടിപൂരമാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടത്രേ. പക്ഷേ, മാനുസ്‌ക്രിപ്റ്റും ചിത്രങ്ങളും ഇപ്പോള്‍ത്തന്നെ ചവറ്റുകുട്ടയില്‍ നിന്നെടുത്ത കടലാസ്സുകള്‍ പോലെയായിട്ടുണ്ട്. ആരും വായിച്ചതുകൊണ്ടാണെന്ന് തോന്നുന്നില്ല.''

അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പുസ്തകം ഇറങ്ങാതായപ്പോള്‍ ഉറക്കമിളച്ചിരുന്ന് എഴുതിയും വരച്ചും അതുണ്ടാക്കിയ മനുഷ്യന്‍ ഏറെ അസ്വസ്ഥനായി. തന്റെ അധ്വാനത്തിന്റെ ഫലം എന്നെങ്കിലും വെളിച്ചം കാണുമോ എന്ന് സംശയിച്ച ഘട്ടങ്ങളും ഉണ്ടായി. 1986 മേയ് 29-ന് അദ്ദേഹം എഴുതി: ''കേരളത്തിലെ പക്ഷികളുടെ പ്രൂഫുകള്‍ അനാവശ്യമായി കോട്ടയത്തുനിന്ന് തൃശൂര്‍ക്കും അവിടെനിന്ന് കാവശ്ശേരിക്കും. വീണ്ടും തൃശൂര്‍ മാര്‍ഗ്ഗം കോട്ടയത്തേക്കും യാത്രചെയ്യുകയാണ്. അടുപ്പു കെട്ടിട്ടില്ല; പുക വരുന്നതു കണ്ടില്ലേ? എന്ന മട്ടാണ് അക്കാദമിക്കും പ്രസ്സിനുമെന്ന് തോന്നുന്നു. എന്നാണ് പുസ്തകരൂപത്തില്‍ ഇതൊക്കെ കാണുക എന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാധ്യമല്ല.'' ജൂണ്‍ മൂന്നിന് വീണ്ടും എഴുതി: ''ഇത് നിങ്ങള്‍ 27/5-ന് അയച്ച കത്തിനുള്ള മറുപടി. ആനന്ദന്‍ പിള്ളയല്ല, ആയിരം തലയുള്ള അനന്തന്‍ പിള്ള വിചാരിച്ചാല്‍പ്പോലും പുസ്തകം അടുത്തൊന്നും പുറത്തിറങ്ങുമെന്ന് തോന്നുന്നില്ല. അക്കാദമി പ്രസ്സുകാരെയും പ്രസ്സുകാര്‍ അക്കാദമിയേയും കോടതി കയറ്റാനുള്ള ഒരുക്കങ്ങളും ഉള്ളതായാണ്  വദന്തി. ആനന്ദന്‍ പിള്ള പുതിയ വീടുകെട്ടുന്നതില്‍ നിമഗ്‌നനായിരിക്കുകയുമാണ്.''

'കേരളത്തിലെ പക്ഷിക'ളുടെ അച്ചടി ഇങ്ങനെ അനന്തമായി നീണ്ടുപോയപ്പോള്‍ കേരളത്തിലെ പ്രകൃതിസ്‌നേഹികള്‍ രോഷാകുലരാവാന്‍ തുടങ്ങി. പ്രസിദ്ധീകരണ വിളംബരത്തെക്കുറിച്ച്  ഞാനെഴുതിയ ഒരു കുറിപ്പ് 'വാക്ക്' മാസികയില്‍ പ്രസിദ്ധീകരിച്ചു. വാക്ക് പത്രാധിപര്‍ സിവിക് ചന്ദ്രന്‍ പറഞ്ഞിട്ടാണ് ഞാനത് എഴുതിക്കൊടുത്തത്. സിവിക്കിന്റെ നേതൃത്വത്തില്‍ അക്കാദമിയുടെ കൊള്ളരുതായ്മയ്‌ക്കെതിരെ ഒപ്പുശേഖരണം നടത്താനും വേണ്ടിവന്നാല്‍ അക്കാദമി ഓഫീസിനു മുന്‍പില്‍ സത്യഗ്രഹം നടത്താനും ആലോചനയുണ്ടായി. ഇതിനെക്കുറിച്ച് അറിയിച്ചപ്പോള്‍ നീലകണ്ഠന്‍ സാറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''അക്കാദമിക്കാരും സി.എം.എസ്. പ്രസ്സുകാരും തമ്മിലുള്ള വഴക്കുകള്‍ കാരണമാണ് അച്ചടി മന്ദീഭവിച്ചതെന്നാണ്  ഞാന്‍ മനസ്സിലാക്കിയത്. അങ്ങനെയിരിക്കെ സിഗ്നേച്ചര്‍ ക്യാമ്പയിനിനും മറ്റും പറയത്തക്ക ഇഫെക്റ്റ് ഒന്നും ഉണ്ടാകാന്‍ വഴിയില്ല. എന്തായാലും ഉചിതമെന്നു തോന്നുന്നതു ചെയ്യാന്‍ ഞാന്‍ തടസ്സം സൃഷ്ടിക്കുകയില്ല.'' (1986 നവംബര്‍ 9-ന്റെ കത്ത്).

അതിനിടെ യുവ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജെ. രാധാകൃഷ്ണന്റെ പ്രേരണയില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ, പി. കുമാരന്‍ നിയമസഭയില്‍ 'കേരളത്തിലെ പക്ഷിക'ളുടെ അച്ചടി വൈകുന്നതിനെക്കുറിച്ച് ഒരു ചോദ്യം ഉന്നയിച്ചു. അതോടെ 'ചുവപ്പന്‍ നാട'യുടെ കുരുക്കൊന്നയഞ്ഞു. 1987 ഏപ്രില്‍ 24-ന് നീലകണ്ഠന്‍ സാര്‍ എനിക്കെഴുതിയ കത്തില്‍ ആ സന്തോഷവാര്‍ത്തയുണ്ടായിരുന്നു. ''കേരളത്തിലെ പക്ഷികള്‍ അച്ചടിച്ചുകഴിഞ്ഞു. അടുത്തുതന്നെ പുസ്തകം പുറത്തിറങ്ങുമെന്ന് തോന്നുന്നു. ജൂണില്‍ എങ്കിലും.''

അങ്ങനെ, 550 പേജുള്ള ഒരു പുസ്തകം അച്ചടിക്കാന്‍ കേരള സാഹിത്യ അക്കാദമി ആറ് വര്‍ഷമെടുത്തു. അക്കാദമിക്ക് സാഹിത്യത്തോടും സാഹിത്യകാരന്മാരോടും പുസ്തകത്തോടുമുള്ള ഗാഢ സ്‌നേഹത്തിന് ഇതില്‍പ്പരം തെളിവ് ആവശ്യമില്ലല്ലോ. 'കേരളത്തിലെ പക്ഷികള്‍' രണ്ടാം പതിപ്പ് 1986 ഏപ്രിലില്‍ പ്രസിദ്ധീകരിച്ചു എന്ന് ആ പുസ്തകത്തില്‍ അച്ചടിച്ചിരിക്കുന്നത് സത്യമാണെന്നും മനസ്സിലായില്ലേ? അടുത്ത പതിപ്പ് പ്രസിദ്ധീകരിച്ചത്, പുസ്തകത്തില്‍ പറയുന്നതനുസരിച്ച് 1996-ല്‍ ആണ്. അതിനു മുന്‍പ് 1992 ജൂണ്‍ 14-ന് നീലകണ്ഠന്‍ സാര്‍ അന്തരിച്ചു. അപ്പോള്‍, ഈ രണ്ടാം പതിപ്പാണ് അദ്ദേഹം നമുക്ക് തന്നിട്ടുപോയ 'കേരളത്തിലെ പക്ഷികള്‍.'

''ഏപ്രില്‍ മാസം പെട്ടെന്നൊരു മഴ പെയ്ത് നിലം തണുത്തിരിക്കുന്നു. ചെടികളും മരങ്ങളുമെല്ലാം കുളിച്ചു ശുദ്ധമായി ഈറനുടുത്ത് കുളുര്‍മ്മയിലാണ്ടിരിക്കുന്നു. കാലിലെ ഒരു മുറിവ് പഴുത്തതു കാരണം നടക്കുവാന്‍ നിവൃത്തിയില്ലാതെ ഞാന്‍ മാവിന്‍ചുവട്ടില്‍ ചാരുകസാലയില്‍ കിടന്ന് ചുറ്റുമുള്ള വാഴകളിലും പുളി, വേപ്പ്, മാവ് എന്നീ മരങ്ങളിലും കളിച്ചുകൊണ്ടിരിക്കുന്ന പക്ഷികളെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ചെറുകിളിയുടെ പോക്കുവരവുകള്‍ക്ക് പ്രത്യേകിച്ചൊരു ചിട്ടയുള്ളതായി തോന്നി. ഇരുണ്ട ദേഹമുള്ള ചെറിയൊരു പക്ഷി, സുമാര്‍ സൂചിമുഖിയുടെ വലുപ്പമേയുള്ളു. പക്ഷേ, നീണ്ടു നേരിയ വാല്‍ സദാ പൊന്തിച്ചു പിടിച്ചിട്ടുണ്ട്. ആകപ്പാടെ തവിട്ടു ഛായയുള്ള ഇളംപച്ചയാണ് നിറം. സൂക്ഷിച്ചു നോക്കിയപ്പോള്‍ നെറ്റിയും മൂര്‍ദ്ധാവും കുങ്കുമം തേച്ചതുപോലെ അല്പമൊരു ചുകപ്പാണെന്നും തൊണ്ട മുതല്‍ വയറിന്റെ അടിഭാഗം വരെ വെള്ളയാണെന്നും വ്യക്തമായി. മാത്രമല്ല, പക്ഷി കൂടെക്കൂടെ ച്യുവീ-ച്യുവീ എന്ന് ശബ്ദിക്കുമ്പോള്‍ അതിന്റെ കഴുത്തിനിരുവശത്തും ഓരോ പൊട്ട്, തടിച്ച വരകള്‍ എന്നുതന്നെ പറയാം, ഒളിഞ്ഞുകിടക്കുന്നതും കണ്ടു. പക്ഷിയുടെ തൊണ്ട വീര്‍ക്കുമ്പോഴായിരുന്നു ഈ വലിയ കറുത്ത പുള്ളികള്‍ തെളിഞ്ഞുകണ്ടിരുന്നത്.''
ഈ വിവരണം വായിക്കുന്ന ഒരാള്‍ക്ക് തുന്നാരെനെന്ന പക്ഷിയെ എവിടെക്കണ്ടാലും തിരിച്ചറിയാന്‍ കഴിയും. ഏറെക്കുറേ ഇതേ രീതിയിലാണ് 'കേരളത്തിലെ പക്ഷിക'ളില്‍ ഓരോ പക്ഷിയേയും ഇന്ദുചൂഡന്‍ അവതരിപ്പിക്കുന്നത്. ഒരു പക്ഷിയെപ്പറ്റി പറയുമ്പോള്‍ അതിന്റെ ഏറ്റവും ശ്രദ്ധേയമായ സ്വഭാവവിശേഷങ്ങളില്‍ നിന്നായിരിക്കും തുടങ്ങുന്നത്. ചൂളക്കാക്കയെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: 
''സഹ്യാദ്രിയുടെ ചേതനയ്ക്ക് ചിഹ്നമായിരിക്കുവാന്‍ സര്‍വഥാ യോഗ്യമായ പക്ഷിയാണ് ചൂളക്കാക്ക. അതിനോട് മത്സരിക്കുവാന്‍ അവകാശമുള്ളവര്‍ മലമുഴക്കി വേഴാമ്പലും ലളിതയും മാത്രമാണ്. പക്ഷേ, ഇവര്‍ക്കിടയില്‍ എന്റെ വോട്ടു നേടുന്നത് ചൂളക്കാക്കയായിരിക്കും. അഴകോ അസാധാരണമായ സ്വഭാവ വിശേഷങ്ങളോ കണക്കിലെടുത്തല്ല ഞാന്‍ ചൂളക്കാക്കയ്ക്ക് എന്റെ പിന്തുണ വാഗ്ദാനം ചെയ്യുന്നത്. മലപ്രദേശങ്ങളില്‍ പക്ഷിനിരീക്ഷണത്തിന് പോകുന്ന ഓരോ തവണയും പുലര്‍ച്ചയ്ക്കും സന്ധ്യയ്ക്കും അനുഭവിക്കാറുള്ള ആത്മനിര്‍വൃതിയുടെ ഓര്‍മ്മകള്‍ മറക്കാതെ മനസ്സില്‍ കിടക്കുന്നതുകൊണ്ട് മാത്രമാണ്.

സൂര്യോദയത്തിനു മുന്‍പുതന്നെ കേട്ടു തുടങ്ങുന്നതും എത്ര കേട്ടാലും മതിവരാത്തതുമായ ഒരു പാട്ടാണ് ചൂളക്കാക്കയുടേത്. നാം താമസിക്കുന്നത് മൂന്നാര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തോ തേക്കടി ടൂറിസ്റ്റ് ബംഗ്ലാവിലോ വല്ല തേയിലത്തോട്ടത്തിലോ മനുഷ്യന്‍ അപൂര്‍വ്വമായി മാത്രം ചെല്ലുന്ന വനാന്തരത്തിലോ എവിടെയായാലും ദിനചര്യയുടെ തുടക്കം കുറിക്കുന്നത് ചൂളക്കാക്കയുടെ സംഗീതമായിരിക്കും. 
''ഏതോ ഗാനത്തിന്റെ ഒരേ ഒരു വരി പഠിക്കുവാന്‍ സ്ഥിരോത്സാഹിയായ ഒരു മനുഷ്യന്‍ വീണ്ടും വീണ്ടും ചൂളമിടുന്നതുപോലെ തോന്നും ഈ പക്ഷിയുടെ പാട്ടുകേള്‍ക്കുമ്പോള്‍. കാട്ടരുവിയുടേയും വെള്ളച്ചാട്ടത്തിന്റേയും ഗര്‍ജ്ജനം ഈ ഗാനത്തിന് പക്കമേളം പോലെയാണ്. ആനന്ദവും ഉന്മേഷവും അലതല്ലുന്ന ഒരു യുവഹൃദയത്തില്‍നിന്നാണ് ഈ സംഗീതം പ്രവഹിക്കുന്നത് എന്നു തോന്നാറുള്ളതുകൊണ്ട് ഇംഗ്ലീഷുകാര്‍ ചൂളംവിളിക്കുന്ന സ്‌കൂള്‍കുട്ടി  (Whistling Schoolboy) എന്ന പേര്‍ കൊടുത്തിരിക്കുന്നു.''
വലിയ ശരപ്പക്ഷികളെ കാണുമ്പോള്‍ മിന്നല്‍ വേഗത്തിലുള്ള പറക്കലാണ് നമ്മുടെ കണ്ണുതള്ളിക്കുന്നത്. 
''ഒരു ശരപ്പക്ഷിയെ മുപ്പതുവാര ദൂരെ നാം കാണുന്നു. അതിന്റെ പോക്ക് എവിടേക്കാണെന്ന് നാം മനസ്സിലാക്കുന്നതിനുള്ളില്‍ പക്ഷി നമ്മുടെ മുഖത്തു തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ നമ്മുടെ മുന്നില്‍ക്കൂടി പറന്നുപോയിക്കഴിഞ്ഞു. 'സ്വിഷ്' എന്നൊരു ശബ്ദം കേള്‍ക്കുമ്പോഴെ പക്ഷി അടുത്തുകൂടിയാണ് പറന്നതെന്ന് നാം മനസ്സിലാക്കുകയുള്ളൂ. കത്തിപോലെ നീണ്ടുകൂര്‍ത്ത് വീതികുറഞ്ഞ ആ ചിറകുകള്‍ നമ്മുടെ മൂക്കും ചെവിയും അരിഞ്ഞുകൊണ്ട് പോകുമോ എന്നുകൂടി നാം ഭയന്നുപോകും. അത്ര വേഗത്തിലും ശക്തിയോടുകൂടിയുമാണ് ഈ പക്ഷികളുടെ പോക്ക്. 

''ചുറ്റും പറക്കുന്ന പരുന്തുകളേയും ഈ ശരപ്പക്ഷികളേയും താരതമ്യപ്പെടുത്തുമ്പോള്‍ പഴയ ബലൂണ്‍ വിമാനങ്ങളേയും ഇന്നത്തെ ജെറ്റുവിമാനങ്ങളേയുമാണ് ഓര്‍മ്മവരുന്നത്. തടിച്ചുചീര്‍ത്ത കൃഷ്ണപ്പരുന്ത് കുറിയ ദേഹത്തെ വീതിയുള്ള പക്ഷങ്ങളാല്‍ വായുവില്‍ കഷ്ടി പൊന്തിച്ചു നിര്‍ത്തുന്നതേയുള്ളു എന്നു തോന്നും ശരപ്പക്ഷികളുടെ വാളുവീശുംപോലെയുള്ള ഗതി കണ്ടാല്‍.''
'കേരളത്തിലെ പക്ഷിക'ളുടെ രചനയില്‍ 'ഈഹ'യുടെ 'ബേഡ്‌സ് ഓഫ് ബോംബെ'യും ഹു വിസ്ലറുടെ (Hugh Whistler) 'പോപ്പുലര്‍ ഹാന്‍ഡ്ബുക്ക് ഓഫ് ഇന്ത്യന്‍ ബേഡ്‌സും' ആണ് ഇന്ദുചൂഡനെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളതെന്ന് തോന്നുന്നു. 'ഈഹ' (EHA) എന്ന തൂലികനാമത്തില്‍ ഇ.എച്ച്. അയ്റ്റ്ക്കന്‍ (Edward Hamilton Aitken) 'ടൈംസ് ഓഫ് ഇന്ത്യ'യില്‍ എഴുതിയിരുന്ന ലേഖനങ്ങള്‍ പക്ഷികളില്‍ ഒട്ടും താല്‍പ്പര്യവുമില്ലാത്തവര്‍പോലും ആസ്വദിച്ച് വായിച്ചുപോകും. ഈ ഗുണം ഇന്ദുചൂഡനേയും അനുഗ്രഹിച്ചിട്ടുണ്ട്. ഈഹയുടേതുപോലെ ലളിതവും മനോഹരവുമാണ് വിസ്ലറുടേയും ഭാഷ. പക്ഷേ, പക്ഷികളെ തിരിച്ചറിയാന്‍ കൂടുതല്‍ സഹായകം വിസ്ലറാണ്. പക്ഷികളെ തിരിച്ചറിയാന്‍ വേണ്ട വിവരങ്ങള്‍ അദ്ധ്യായങ്ങളുടെ തുടക്കത്തില്‍ സംക്ഷിപ്തമായി കൊടുത്തിരിക്കുന്നതുകൊണ്ട് 'കേരളത്തിലെ പക്ഷികള്‍' ഒരു ഫീല്‍ഡ് ഗൈഡിന്റെ ഫലവും ചെയ്യും. അങ്ങനെ 'കേരളത്തിലെ പക്ഷിക'ളില്‍ ഈഹയും വിസ്ലറും സാലിം അലിയും നിര്‍ല്ലീനരായിരിക്കുന്നു. അപ്പോഴും ഇന്ദുചൂഡന്റെ ആഖ്യാനം മൗലികമാണ്. 

വിസ്ലറെ അനുകരിച്ചാവാം, കാക്കകളില്‍ നിന്നാണ് ഇന്ദുചൂഡനും ആരംഭിക്കുന്നത്. കാക്കകളാണല്ലോ നമുക്കേറ്റവും സുപരിചിതരായ പക്ഷികള്‍. തുടര്‍ന്ന്, ആദ്യഭാഗത്ത് പക്ഷിനിരീക്ഷണം തുടങ്ങുന്നവര്‍ക്ക് കേരളത്തില്‍ എളുപ്പം കാണാനും പരിചയപ്പെടാനും കഴിയുന്ന പക്ഷികളെ പരിചയപ്പെടുത്തുന്നു. മണ്ണാത്തിപ്പുള്ള്, ചെമ്പോത്ത്, തേന്‍കിളികള്‍, പൂത്താങ്കീരി, കരിയിലക്കിളി, ബുള്‍ബുളുകള്‍, തത്തകള്‍ എന്നിങ്ങനെ. മുപ്പത്തിയഞ്ചാം അദ്ധ്യായം തൊട്ട് ശാസ്ത്രീയക്രമമാണ് പിന്തുടരുന്നത്. ഈ രീതി പാരായണത്തിന് കുറച്ച് അസൗകര്യമുണ്ടാക്കുന്നുണ്ട്. വായിച്ചുപോകുമ്പോള്‍ ഓരോ കുടുംബത്തിലേയും ജനുസിലേയും പക്ഷികളെപ്പറ്റി പെട്ടെന്നൊരു ചിത്രം മനസ്സില്‍ രൂപപ്പെടാന്‍ ഇത് ചിലപ്പോള്‍ വിഘാതമാവുന്നു. ഉദാഹരണത്തിന്, രണ്ടാം പതിപ്പില്‍ മണ്ണാത്തിപ്പുള്ളിനെപ്പറ്റിയുള്ള അദ്ധ്യായം പതിന്നാലാം പേജില്‍ തുടങ്ങുന്നു. മണ്ണാത്തിപ്പുള്ളിന്റെ തായ്വഴിയില്‍പ്പെട്ട ഷാമ (ശ്യാമ) വരുന്നത് 456-ാം പേജിലാണ്. 

പക്ഷികളെ പിടിച്ച് അറുത്തുകീറിയിട്ടില്ലെങ്കിലും തികഞ്ഞ പക്ഷിശാസ്ത്രജ്ഞനായിരുന്നു (Ornithologist) പ്രൊഫ. കെ.കെ. നീലകണ്ഠന്‍. നന്നേ കുട്ടിക്കാലം മുതല്‍ക്കേ നിസ്തന്ദ്രമായ നിരീക്ഷണങ്ങളിലൂടെയും വായനയിലൂടെയും പക്ഷികളെ അദ്ദേഹം നന്നായി മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ ശാസ്ത്രീയ നിരീക്ഷണങ്ങളുടെ സൂക്ഷ്മത മനസ്സിലാക്കണമെങ്കില്‍ മഴക്കൊച്ചയുടേയും കരിങ്കൊച്ചയുടേയും പ്രജനനത്തെപ്പറ്റിയോ കാടുമുഴക്കിയുടെ ശബ്ദാവലിയെപ്പറ്റിയോ അദ്ദേഹം ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി (ബി.എന്‍.എച്ച്.എസ്) ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങള്‍ വായിക്കണം. ഇത്തരം നിരീക്ഷണങ്ങളെല്ലാം 'കേരളത്തിലെ പക്ഷികളി'ല്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധ്യമല്ല. ഒരു ജീവിതകാലത്തെ അനുഭവങ്ങള്‍ മുഴുവന്‍ കാച്ചിക്കുറുക്കിയ സത്താണിതില്‍ നിറയുന്നത്. 
ആകാശവാണിയില്‍ ചെയ്ത ഒരു ഇംഗ്ലീഷ് പ്രഭാഷണത്തില്‍ പ്രകൃതിനിരീക്ഷകന്‍ ദിനസരിക്കുറിപ്പുകള്‍ എഴുതി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി പ്രൊഫ. നീലകണ്ഠന്‍ ഉപന്യസിക്കുന്നുണ്ട്. ഈ പ്രഭാഷണം നീലകണ്ഠന്‍ സാറിന്റെ മരണാനന്തരം മദ്രാസ് നാച്ചുറലിസ്റ്റ്‌സ് സൊസൈറ്റി പ്രസിദ്ധീകരണമായ 'ബ്ലാക്ക്ബക്ക്' പ്രസിദ്ധീകരിച്ചിരുന്നു. പെന്‍ഗ്വിന്‍ ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'സ്പ്രിന്റ് ഓഫ് ദി ബ്ലാക്ക്ബക്ക്' (എഡിറ്റര്‍: തിയൊഡോര്‍ ഭാസ്‌കരന്‍) എന്ന സമാഹാരത്തിലും ഇത് സ്ഥാനം പിടിച്ചിട്ടുണ്ട് എന്ന് പറയുന്നത് അക്ഷരംപ്രതി പ്രാവര്‍ത്തികമാക്കിയിരുന്ന ആളാണ് നീലകണ്ഠന്‍. 1992 ജൂണ്‍ 14  ആണ് അദ്ദേഹം അന്തരിച്ചതെന്ന് പറഞ്ഞുവല്ലോ. ജൂണ്‍ 11 വരെ, അതായത് ഹൃദയാഘാതം ഉണ്ടായി ആശുപത്രിയിലേക്ക് പോകുന്നതിന്റെ തലേദിവസം വരെ, അദ്ദേഹം കൃത്യമായി ഡയറി എഴുതിയിരുന്നു. കണ്ട ദൃശ്യങ്ങളും കേട്ട ശബ്ദങ്ങളുമെല്ലാം നാഴിക വിനാഴിക സഹിതം, അദ്ദേഹം എഴുതി സൂക്ഷിച്ചു. പക്ഷിജീവിതത്തെപ്പറ്റി കേരളത്തിലെ പക്ഷികളില്‍ കാണുന്നതുപോലെയുള്ള കൃത്യവും വിശദവുമായ വിവരണങ്ങള്‍ ഊറിവരുന്നത് ഈ ഡയറിക്കുറിപ്പുകളില്‍നിന്നാണ്. 
മേല്‍പ്പറഞ്ഞ പ്രഭാഷണത്തിന്റെ ശീര്‍ഷകം 'ഡയറി ഓഫ് എ നാച്ചുറലിസ്റ്റ്' എന്നാണ്. ഇതില്‍ അദ്ദേഹം പറയുന്നു: 
''എന്റെ ഡയറിയുടെ താളുകള്‍ എനിക്കൊരു ഫോട്ടോ ആല്‍ബം പോലെയാണ്. താളുകള്‍ മറിക്കുമ്പോള്‍ രസകരമായ സംഭവങ്ങള്‍ ഒന്നൊന്നായി എന്റെ മനസ്സില്‍ ഇതള്‍ വിടര്‍ത്തുന്നു.


''ഒരു ജോടി ആട്ടക്കാരന്‍ പക്ഷികള്‍ വാല്‍ വിശറിപോലെ വിടര്‍ത്തിപ്പിടിച്ചുകൊണ്ട് തങ്ങളുടെ കൂടിനു ചുറ്റും നൃത്തം വയ്ക്കുന്നത്; അല്ലെങ്കില്‍, അല്പം മുന്‍പ്, വിരിഞ്ഞിറങ്ങിയ തന്റെ കുഞ്ഞുങ്ങളില്‍നിന്ന് അതുവഴി വരുന്ന ഒരു പട്ടിയുടെ ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ വേണ്ടി ഒരു മോതിരക്കണ്ണി നടത്തുന്ന സൂത്രപ്രയോഗങ്ങള്‍... ഇവയൊക്കെ നോക്കിനില്‍ക്കുമ്പോള്‍ ഞാനനുഭവിക്കുന്ന ആനന്ദം മറ്റൊരാളെ പറഞ്ഞറിയിക്കുക എളുപ്പമല്ല. ഞാന്‍ കണ്ട ദൃശ്യങ്ങള്‍ പകര്‍ത്തിവയ്ക്കാം. പക്ഷേ, ആ വസ്തുതാകഥനങ്ങള്‍ അവ ശേഖരിക്കുന്നതിനിടയില്‍ ഞാനനുഭവിച്ച സന്തോഷം എത്ര അഗാധമായിരുന്നുവെന്നുള്ളതിന്റെ യാതൊരു സൂചനയും നിങ്ങള്‍ക്ക് നല്‍കുന്നില്ല.''

ഈ ആനന്ദമാണ് ഇന്ദുചൂഡന്‍ പ്രകൃതിയില്‍ തേടിയിരുന്നത്. ഉദ്‌ഘോഷിക്കാറില്ലെങ്കിലും, ശാസ്ത്രത്തിന്റെ ശുഷ്‌കമായ ഭാഷയില്‍ പക്ഷികളെ വിവരിക്കുമ്പോഴും പ്രകൃതിയിലെ നാടകങ്ങള്‍ കണ്ടുനില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആനന്ദാനുഭൂതി എഴുത്തിലുടനീളം ആധാരശ്രുതിയായി കിടക്കുന്നുണ്ട്. ഇതാണ് 'കേരളത്തിലെ പക്ഷിക'ളെ വശ്യമാക്കുന്നത്. 

കേരളം കണ്ട ഏറ്റവും മികച്ച ഇംഗ്ലീഷ് അദ്ധ്യാപകരില്‍ ഒരാളായിരുന്നു പ്രൊഫ. കെ.കെ. നീലകണ്ഠന്‍. ഷേക്സ്പിയറുടേയും മില്‍ട്ടന്റേയും വേഡ്‌സ്വര്‍ത്തിന്റേയും കോള്‍റിഡ്ജിന്റേയും ഷെല്ലിയുടേയും കീറ്റ്‌സിന്റേയും മറ്റും കാവ്യലോകത്ത് അഭിരമിച്ചിരുന്ന അദ്ദേഹത്തിന് എഴുത്ത് സ്വയമേവാഗതയായിരുന്നു. മാതൃഭാഷയല്ലെങ്കിലും, മലയാളത്തില്‍ തന്റെ ചിന്തകളാവിഷ്‌കരിക്കാന്‍ വേണ്ട പാണ്ഡിത്യം അദ്ദേഹം ആര്‍ജ്ജിച്ചിരുന്നു. ഇന്റര്‍മീഡിയറ്റിന് സഞ്ജയന്റെ (എം.ആര്‍. നായര്‍) ശിഷ്യനായിരുന്ന അദ്ദേഹത്തിന് സഞ്ജയനോടും സഞ്ജയസാഹിത്യത്തോടും ഗാഢമായ സ്‌നേഹമുണ്ടായിരുന്നു. എന്റെ ഗുരുനാഥന്‍ എന്നാണ് ഈ പുസ്തകത്തിലൊരിടത്ത് സഞ്ജയനെ പരാമര്‍ശിക്കുന്നത്. സഞ്ജയന്റെ സ്വാധീനത ഇന്ദുചൂഡന്റെ ഭാഷയില്‍ തെളിഞ്ഞുകാണാം. കാളിദാസന്റേയും ചെറുശ്ശേരിയുടേയും എഴുത്തച്ഛന്റേയും വള്ളത്തോളിന്റേയും മറ്റും വരികള്‍ ഉദ്ധരിച്ച് ആഖ്യാനം ശോഭായമാനമാക്കുവാന്‍ ഉത്സുകനായിരുന്നു അദ്ദേഹം. വള്ളത്തോളിന്റെ 'ഈയോമല്‍ത്തത്തകള്‍...' വായനക്കാരന്റെ ഹൃദയത്തിലും സ്‌നേഹത്തിന്റെ ഉറവ പൊട്ടിക്കുന്നു. തിളയ്ക്കുന്ന വെയിലത്ത് ആകാശത്തിന്റെ അനന്തതയില്‍നിന്ന് പെയ്തിറങ്ങുന്ന വാനമ്പാടിസംഗീതം കേട്ടുനില്‍ക്കുമ്പോള്‍ ഷെല്ലിയെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ: '''സ്വര്‍ഗ്ഗവാതില്‍ക്കല്‍ ശ്രുതിമീട്ടുന്നവനും' ചിന്തയാകുന്ന ജ്വാലയില്‍ ഒളിഞ്ഞിരുന്ന് സ്വമേധയാ സ്‌തോത്രങ്ങള്‍ പാടി ലോകത്തെ മുഴുവന്‍ മയക്കിമറിക്കുന്ന കവിക്കു തുല്യനുമായ' ആ സന്തോഷാത്മാവ്, ഷെല്ലി എന്ന ആംഗലകവി ഗുരുവായി വരിക്കുവാന്‍ വെമ്പിയ, വാനമ്പാടി തന്നെയായിരുന്നു.'' ''ദിനചരരായ പല പക്ഷികള്‍ക്കു നിശാചരരായ മൂങ്ങകളോട് വലിയ വിരോധമാണ്'' എന്നെഴുതാനുള്ള സംസ്‌കൃതഭാഷാ പരിചയവും ഇന്ദുചൂഡനുണ്ടായിരുന്നു. ഉചിതമായ പ്രതീകങ്ങളിലൂടെ പക്ഷിജീവിതങ്ങള്‍ പ്രത്യക്ഷമാക്കാന്‍ കഴിവുറ്റതാണ് ഇന്ദുചൂഡന്റെ ഭാഷ. ഒരു കാനനച്ഛായ കാണുക:
''മലഞ്ചെരിവുകളിലെ ചോലകളില്‍ ജീവിക്കുന്ന പക്ഷികളില്‍ പലതിനും ശ്രവണമധുരമായ സംഗീതമുണ്ട്. ചിലതിനെല്ലാം നല്ല വര്‍ണ്ണശോഭയും സൗന്ദര്യവുമുണ്ട്. അവയ്ക്കിടയില്‍ ചോലയുടെ ജീവന്‍ എന്ന പേരിനര്‍ഹന്‍ ചോലക്കുടുവനാണെന്ന് പറയാം. ബഹുരസകരമായ ''ക്ക്വോ-ക്ക്വോ-ക്ക്വോ... ക്രൂ-ക്രൂ-ക്രൂ'' ചോദ്യോത്തരങ്ങള്‍ മറ്റ് പക്ഷിശബ്ദങ്ങളെക്കാള്‍ അധികമായി അവിടെ മുഴങ്ങും. മറ്റു പക്ഷികള്‍ നാവടക്കി വിശ്രമിക്കുമ്പോഴും ചോലക്കുടുവന്റെ ഒച്ച നമുക്ക് കേള്‍ക്കാം. ചോലകളില്‍ എവിടെയെങ്കിലും എട്ടും പത്തും ജാതി പക്ഷികള്‍ ഒന്നിച്ചുചേര്‍ന്ന് ഇരതേടുകയാണെങ്കില്‍ അവിടെ പൊന്തകള്‍ക്കിടയില്‍ നാലും അഞ്ചും ചോലക്കുടുവന്മാരും ഉണ്ടായിരിക്കും. പ്രധാന നടന്മാര്‍ അരങ്ങത്തു പാടുകയും ആടുകയും ചെയ്യുമ്പോള്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ഇരുന്ന് സഹായക ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് അരങ്ങിന് മോടിപിടിപ്പിക്കുന്നവരുടെ ഭാഗമാണ് ഈ 'പക്ഷിപ്പൊറാട്ടു'കളില്‍ ചോലക്കുടുവനുള്ളത്.'' 


നെല്ലിയാമ്പതിയോ സൈലന്റ് വാലിയോ പോലെയുള്ള മലങ്കാടുകളില്‍ പക്ഷിനിരീക്ഷണം നടത്തിയിട്ടുള്ളവര്‍ക്കേ ഈ വിവരണത്തിന്റെ യാഥാര്‍ത്ഥ്യം സാക്ഷ്യപ്പെടുത്താന്‍ കഴിയൂ. ആ പാലക്കാടന്‍ പൊറാട്ടുനാടകത്തിന്റെ ബിംബം ഇന്ദുചൂഡന്റെ ആഖ്യാനത്തെ കവിതയാക്കുന്നു. 
സൂക്ഷ്മമായ ശാസ്ത്രീയ നിരീക്ഷണപാടവവും അഗാധമായ പ്രകൃതിപ്രേമവും സുശിക്ഷിതമായ ആഖ്യാനവൈഭവവും ചേര്‍ന്നാണ് 'കേരളത്തിലെ പക്ഷിക'ളെ അദ്വിതീയമാക്കുന്നത്. നമ്മുടെ ശാസ്ത്രസാഹിത്യശാഖയിലെ ഒരേയൊരു മൗലിക കൃതി. 


പുസ്തകങ്ങള്‍ക്ക് രണ്ട് ജീവിതമുണ്ട്. എഴുതപ്പെടുംവരെ അവ എഴുത്തുകാരന്റെ മനസ്സില്‍ വളരുന്നു. എഴുതിക്കഴിഞ്ഞാല്‍ പ്രസാധകരുടേയും വായനക്കാരുടേയും കൈകളില്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്യുന്നു. 'കേരളത്തിലെ പക്ഷിക'ളെ അതിന്റെ പ്രസാധകരായ കേരള സാഹിത്യ അക്കാദമി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. 
കഴിഞ്ഞ വര്‍ഷം (2017) ജൂണ്‍ 14-ന് കേരളത്തിലെ പക്ഷികളുടെ 'അഞ്ചാം പതിപ്പ്' കൊട്ടും കുരവയുമായി പ്രകാശനം ചെയ്യപ്പെട്ടു. അതായത്, ഇന്ദുചൂഡന്‍ പരിഷ്‌കരിച്ച കേരളത്തിലെ പക്ഷികള്‍ പിന്നീട് മൂന്ന് പ്രാവശ്യം അച്ചടിക്കപ്പെട്ടു. ഈയിടെ അറുപത് വര്‍ഷം പൂര്‍ത്തിയാക്കിയ 'കേരളത്തിലെ പക്ഷിക'ളെപ്പറ്റി ലേഖനം എഴുതേണ്ടിവന്നപ്പോളാണ് അഞ്ചാം പതിപ്പിന്റെ ഒരു കോപ്പി ഞാന്‍ വിലകൊടുത്തു വാങ്ങിയത്. തുറന്നു നോക്കിയപ്പോള്‍ ആദ്യത്തെ പേജില്‍ ഗ്രന്ഥകാരന്റെ ജീവചരിത്രത്തക്കുറിപ്പ്.  അത്  വായിച്ചപ്പോഴേ കടിച്ചൂ ഒരു മുട്ടന്‍ വെള്ളാരങ്കല്ല്. ഇന്ദുചൂഡന്‍ എന്ന കെ.കെ. നീലകണ്ഠന്‍ ''തലശ്ശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പലായി 1978-ല്‍ വിരമിച്ചു'' എന്നാണതില്‍ കാണുന്നത്. കോളേജ് പ്രിന്‍സിപ്പലായിട്ടല്ല, ഒരുപക്ഷേ, കൊളീജിയറ്റ് എഡ്യുക്കേഷന്‍ ഡയറക്ടറായിത്തന്നെ അദ്ദേഹം വിരമിക്കുമായിരുന്നു, സഖാക്കള്‍ കുട്ടിസഖാക്കളെക്കൊണ്ട് പാമ്പുപിടിത്തം നടത്തിക്കാതിരുന്നെങ്കില്‍. നീലകണ്ഠന് പ്രതിമാസം 1,500 രൂപ പെന്‍ഷനില്‍ കുറവുണ്ടായെങ്കിലും താനതുകൊണ്ട് നേതാവായെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ നടന്നു പ്രസംഗിക്കുന്നതെങ്കിലും അക്കാദമി അറിഞ്ഞിരിക്കേണ്ടതാണ്. നീലകണ്ഠന്‍ സാര്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വകുപ്പുമേധാവിയായിട്ടാണ് വിരമിച്ചത്. 


തൊട്ടടുത്ത പേജില്‍ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ എഴുതിയ പ്രസാധകക്കുറിപ്പ്. അതില്‍ പറയുന്നത് സൈലന്റ് വാലി സമരത്തിന് നേതൃത്വം നല്‍കിയ പ്രകൃതി സംരക്ഷണസമിതിയുടെ സ്ഥാപക പ്രസിഡന്റായിരുന്നു ഇന്ദുചൂഡന്‍ എന്നാണ്. ഒരു എന്‍.വി. കൃഷ്ണവാരിയരായിരുന്നു സമിതിയുടെ സ്ഥാപക പ്രസിഡന്റെന്ന്, അതിന്റെ സ്ഥാപക ജോയിന്റ് സെക്രട്ടറിയായിരുന്ന ഞാന്‍ ഇനി പറഞ്ഞാല്‍ എനിക്ക് അള്‍ഷിമേഴ്സ് ബാധിച്ചു എന്നേ എന്റെ ഡോക്ടര്‍ പോലും വിധിക്കൂ. കാരണം, ഒരു ഗ്രന്ഥത്തില്‍ കൊടുത്തിരിക്കുന്ന ഗ്രന്ഥകാരനെക്കുറിച്ചുള്ള വിവരങ്ങള്‍ സത്യമായിരിക്കുമെന്നേ ഏത് ഡോക്ടറും വിശ്വസിക്കൂ. ഇനി അതാണ് ചരിത്രം. 

നാലാം പതിപ്പിന്റെ ഫ്‌ലാപ്പില്‍ കൊടുത്തിരിക്കുന്ന ജീവചരിത്രക്കുറിപ്പിലാണ് പ്രൊഫ. നീലകണ്ഠന്‍ ആദ്യമായി പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്യുന്നത്. മൂന്നാം പതിപ്പില്‍ അദ്ദേഹം പ്രകൃതിസംരക്ഷണസമിതിയുടെ ഉപാദ്ധ്യക്ഷനായിരുന്നു. അഞ്ചാം പതിപ്പില്‍ സ്ഥാപക പ്രസിഡന്റായി സ്ഥാനക്കയറ്റം! 
(ഇന്ദുചൂഡന്‍ അന്തരിച്ചശേഷം ഇറങ്ങിയ ആദ്യ പതിപ്പില്‍ത്തന്നെ 'കേരളത്തിലെ പക്ഷിക'ളുടെ ദുര്‍വിധി തുടങ്ങുന്നു. ഇന്ദുചൂഡന് 'വിവരം' പോരെന്നും അദ്ദേഹം പഴഞ്ചനാണെന്നും തോന്നിയതുകൊണ്ട്, പുസ്തകം ''ആവശ്യമായ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കാലികമാക്കാന്‍'' അക്കാദമി സെക്രട്ടറി എഴുതിയ പ്രസാധകക്കുറിപ്പില്‍നിന്ന്) സി. ശശികുമാറിനെ നിയോഗിച്ചു. ശശികുമാര്‍ കുളിപ്പിച്ചില്ലാതാക്കിയ 'കേരളത്തിലെ പക്ഷിക'ളാണ് മൂന്നാമത്തേയും നാലാമത്തേയും അഞ്ചാമത്തേയും പതിപ്പുകളായി നാം വായിക്കുന്നത്. 
നേരത്തെ നാം കണ്ടതുപോലെ, പക്ഷിജീവിതത്തെപ്പറ്റിയുള്ള വളരെ കൃത്യവും ഹൃദ്യവുമായ വര്‍ണ്ണനകളാണ് 'കേരളത്തിലെ പക്ഷിക'ളെ പ്രിയതരമാക്കുന്നത്. പൂത്താങ്കീരിയും കരിയിലക്കിളിയും എന്ന അദ്ധ്യായത്തില്‍ അവയുടെ പറക്കലിനെപ്പറ്റിയുള്ള 'വസ്തുതാകഥനം' ഇങ്ങനെ:
''പൂത്താങ്കീരിയും കരിയിലക്കിളിയും പറക്കുന്നതിനു തീരെ മിടുക്കില്ലാത്ത പക്ഷികളാണ്. അതുകൊണ്ട് അവ അധികദൂരത്തേയ്‌ക്കൊന്നും പറക്കുന്നത് കാണുകയില്ല. ചെമ്പോത്തിനെപ്പോലെ അഞ്ചാറ് പ്രാവശ്യം കഷ്ടപ്പെട്ട് ചിറകടിച്ചശേഷം ചിറകുകളും വാലും വിടര്‍ത്തി കാറ്റില്‍ പാറിക്കൊണ്ടാണ് ഇവ മുന്നോട്ട് നീങ്ങുന്നത്. നാലഞ്ചു പ്രാവശ്യം ചിറകടിക്കുന്നതിനുള്ളില്‍ ഇവ ക്ഷീണിക്കുന്നു എന്നാണ് കാണികള്‍ക്ക് തോന്നുക. പത്തുവാര പറന്നുകഴിഞ്ഞാല്‍ വഴിക്കുകണ്ട മരത്തിലോ മറ്റോ അല്പം വിശ്രമിച്ചശേഷമേ വീണ്ടും യാത്ര തുടരുകയുള്ളൂ. സാധാരണയായി ഈ പക്ഷികള്‍ ജീവിക്കുന്ന സ്ഥലത്തെല്ലാം ധാരാളം മരങ്ങളും ചെടികളുമുണ്ടാകുന്നതുകൊണ്ട് ഇവ മിക്കവാറും ഒരു മരത്തില്‍നിന്ന് അടുത്ത മരത്തിലേക്ക് പറന്ന്, അവിടെനിന്ന് പാറിയാണ് സഞ്ചരിക്കാറ് പതിവ്.''


സ്വന്തം വീട്ടുമുറ്റത്തെങ്കിലും വല്ലപ്പോഴും പക്ഷികളെ നോക്കിനിന്നിട്ടുള്ള ആരുടെ മനസ്സിലും പതിഞ്ഞിട്ടുണ്ടാവുന്ന ഒരു ചിത്രമാണിത്. ഇന്ദുചൂഡന്റെ പ്രസിദ്ധമായ നിരീക്ഷണ സൂക്ഷ്മതയ്ക്കും ആഖ്യാന കുശലതയ്ക്കും ഉദാഹരണമായി ഈ ഖണ്ഡിക ഉദ്ധരിച്ചാലോ, ഞാന്‍ വിചാരിച്ചു. വെറുതേ അഞ്ചാം പതിപ്പെടുത്തു നോക്കിയപ്പോള്‍ അതില്‍ ഈ ഖണ്ഡിക കാണാനില്ല! ഉടനെ നാലാം പതിപ്പ് നോക്കി. അതിലും ഇല്ല. മൂന്നാം പതിപ്പിലും ഇല്ല. ശശികുമാര്‍ അത് വെട്ടിക്കളഞ്ഞു!
പൂത്താങ്കീരിയും കരിയിലക്കിളിയും കാഴ്ചയില്‍ ഏതാണ്ട് ഒരേപോലെയുള്ള പക്ഷികളാണ്. പൂത്താങ്കീരിയുടെ നെറ്റി മുതല്‍ ഉച്ചിവരെ ഭസ്മം പൂശിയതുപോലെ കുറച്ച് വെളുത്തിട്ടാണെന്നുമാത്രം. സ്വഭാവത്തില്‍ അത്ര പോലും വ്യത്യാസമില്ല. എനിക്കാണെങ്കില്‍ ഇവയുടെ മലയാളം പേരുകളെക്കുറിച്ച് ഇപ്പോഴും സന്ദേഹമാണ്. പൂത്താങ്കീരിയും കരിയിലക്കിളിയും എന്ന അദ്ധ്യായത്തില്‍ ഇന്ദുചൂഡന്‍ ആദ്യം പൂത്താങ്കീരിയുടെ പെരുമാറ്റം വിശദമായി വിവരിച്ചശേഷം ഇത്രയും കൂട്ടിച്ചേര്‍ത്തു: ''കരിയിലക്കിളിയും പൂത്താങ്കീരിയുടെ വര്‍ഗ്ഗക്കാരനായതിനാല്‍ പൂത്താങ്കീരിയെപ്പറ്റി മേല്‍പ്പറഞ്ഞതൊക്കെ അതിനും സംഗതമാണ്.'' വെട്ടി ഇതും ശശികുമാറിന്റെ കത്രിക!

അതേസമയം, ഇതേ ഖണ്ഡികയിലെ ഒരു വാക്യത്തില്‍ പൊരുന്നാനിരിക്കുക എന്നൊരു പദപ്രയോഗമുണ്ട്. പക്ഷികള്‍ അടയിരിക്കുന്നതിന് വടക്കന്‍ കേരളത്തില്‍ സാധാരണ പറയുന്നത് പൊരുന്നിരിക്കുക എന്നാണ്. 'പൊരുന്നാനിരിക്കുക' രണ്ടാം പതിപ്പില്‍ത്തന്നെ പറ്റിയ തെറ്റാണ്. ഇത് വേണമെങ്കില്‍ തിരുത്താമായിരുന്നു. പിന്നെ വന്ന പതിപ്പുകളിലും അത് ചെയ്തിട്ടില്ല. 

വെട്ടിനിരത്തലുകളും വെട്ടിത്തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും നിര്‍ബാധം നടത്തിയിട്ടുണ്ട് ശശികുമാര്‍. എല്ലാം കണ്ടെത്താന്‍ രണ്ടാം പതിപ്പും മൂന്നാം പതിപ്പും വാക്യംപ്രതി ഒത്തുനോക്കണം. അതിന് ഞാന്‍ ശ്രമിച്ചിട്ടില്ല. അവിടെയും ഇവിടെയും ഓടിച്ചുവായിച്ചുപോകുമ്പോള്‍ ഓര്‍മ്മയില്‍ തടയുന്ന മാറ്റങ്ങള്‍ തന്നെ ധാരാളം. എല്ലാം എടുത്തെഴുതാന്‍ കഴിയില്ല. ശശികുമാറിന്റെ ഒരു വെട്ടുകൂടി മാത്രം കാണാം. 

കേരളത്തില്‍ ഏറ്റവും കൂടുതലുള്ള പക്ഷികളിലൊന്നാണ് കാലിക്കൊക്ക് അഥവാ കാലിമുണ്ടി. ഈ പക്ഷി കേരളത്തില്‍ എവിടെയാണ് കൂടുകെട്ടുന്നതെന്ന കാര്യം, പരശതം പക്ഷിനിരീക്ഷകരും പക്ഷിച്ഛായാഗ്രാഹകരും ഉള്ള ഫെയ്‌സ്ബുക്ക് യുഗത്തിലും പരമരഹസ്യമായിരിക്കുന്നു. ഏകദേശം നാല് ദശാബ്ദക്കാലത്തെ അന്വേഷണത്തില്‍, ഒരു തവണ മാത്രമേ ഈ പക്ഷിയുടെ ഏതാനും കൂടുകള്‍ ഞാന്‍ കണ്ടിട്ടുള്ളൂ. വയനാട്ടിലെ പനമരം പുഴയുടെ തീരത്തുണ്ടായിരുന്ന കൊറ്റില്ലത്തില്‍,  മറ്റ് മൂന്നു ജാതി വെള്ളക്കൊക്കുകളുടേയും നീര്‍ക്കാക്കകളുടേയും വെള്ള ഐബിസിന്റേയും കൂടുകള്‍ക്കിടയില്‍, തലയും പുറവും ചെമന്ന കാലിക്കൊക്കുകളുടെ നാലഞ്ച് കൂടുകളുണ്ടായിരുന്നു. കാലിക്കൊക്കുകളാകട്ടെ, കേരളത്തില്‍ ലക്ഷക്കണക്കിനുണ്ട്  താനും. വലിയ കോളനികളായി കൂടുകെട്ടുന്ന പക്ഷിയായതുകൊണ്ട് അതിന്റെ കൂട് എവിടെയുണ്ടെങ്കിലും ഗോപ്യമായിരിക്കാന്‍ സാധ്യമല്ല. പാലക്കാട് ജില്ലയിലെ കുനിശ്ശേരിക്കടുത്ത് ചെറിയൊരു കൂട്ടം കാലിമുണ്ടികള്‍ കൂടുകെട്ടിയിരുന്നത് മാത്രമേ ഇന്ദുചൂഡനും കണ്ടിട്ടുള്ളു. ''ഈ കൊറ്റികളുടെ ഒരു പ്രജനനകേന്ദ്രം പയ്യന്നൂരിലുണ്ടെന്ന് ജന്തുശാസ്ത്ര ക്ലബ്ബിന്റേയും 'സീക്കി'ന്റേയും സ്ഥാപകനും ജന്തുശാസ്ത്ര പ്രവീണനുമായ പ്രൊഫ. ജോണ്‍ സി. ജേക്കബും അദ്ദേഹത്തിന്റെ പത്‌നിയും ഒരിക്കല്‍ പ്രസ്താവിച്ചതും ഞാന്‍ ഓര്‍ക്കുന്നു'' എന്ന് ഇന്ദുചൂഡന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഈ വാക്യവും ശശികുമാര്‍ വെട്ടിക്കളഞ്ഞു. കാലിക്കൊക്കിനെപ്പോലെ ഒരു പക്ഷിയുടെ പ്രജനനത്തെപ്പറ്റി എന്തെങ്കിലും വിവരം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് വെട്ടിക്കളയാന്‍ ഒറ്റ കാരണമേ ഉണ്ടാവാന്‍ പാടുള്ളൂ. പക്ഷി അവിടെ ഒരിക്കലും കൂടുകെട്ടിയിട്ടില്ലെന്ന് അസന്ദിഗ്ദ്ധമായ ഉറപ്പ്. 


കേരളത്തിലെ പ്രകൃതിസ്‌നേഹികള്‍ക്കെല്ലാം നീലകണ്ഠന്‍ സാറിനെപ്പോലെ തന്നെ ആദരണീയനായ പ്രൊഫ. ജോണ്‍ സി. ജേക്കബിന് കാലിക്കൊക്കിനെപ്പോലൊരു പക്ഷിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നോ അദ്ദേഹം കള്ളം പറഞ്ഞെന്നോ പറഞ്ഞാല്‍ അദ്ദേഹത്തെ അറിയുന്നവരാരും പൊറുക്കുകയില്ല. അതുപോലെ, പറഞ്ഞത് ജോണ്‍ സി. ആയാലും. ''കൂട്ടില്‍ക്കയറ്റിയ സാക്ഷിയെപ്പോലെ നിര്‍ത്തിപ്പൊരിച്ച്'' ബോധ്യപ്പെടാതെ ഇന്ദുചൂഡന്‍ അത് എഴുതിവിടുമെന്നും ആരും വിശ്വസിക്കുകയില്ല. അഥവാ, ഇനി ഇന്ദുചൂഡന്‍ എഴുതിയത് തെറ്റാണെങ്കില്‍ക്കൂടി, ഷെല്ലിയുടെ കവിതയിലെ ഒരു തെറ്റിനെപ്പറ്റി ഒരു നിരൂപകന്‍ പറഞ്ഞതുപോലെ, ആ തെറ്റും അനുഗൃഹീതമാകുന്നു. കാലിക്കൊക്ക് പയ്യന്നൂര്‍ പ്രദേശത്തെവിടെയും കൂടുകെട്ടിയിട്ടില്ലെന്നുള്ളതിന് ശശികുമാറിന്റെ കൈയില്‍ തെളിവുണ്ടെങ്കില്‍ അത് ഹാജരാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്; ആരുമറിയാതെ ആ പരാമര്‍ശം മായ്ചുകളയുകയല്ല. 

കത്രിക മാത്രമല്ല, പേനയും പ്രയോഗിച്ചിട്ടുണ്ട് ശശികുമാര്‍ ധാരാളമായി. കൂട്ടിച്ചേര്‍ക്കലുകളെല്ലാം അസംബന്ധങ്ങളും അപ്രസക്തങ്ങളും. തന്റെ കണ്ടുപിടുത്തങ്ങളുടെ ചപ്പുചവറുകള്‍ വാരിനിറച്ചുകൊണ്ടുപോകാനുള്ള വാഹനമാക്കി 'കേരളത്തിലെ പക്ഷിക'ളെ ശശികുമാര്‍. 
താലിപ്പരുന്തിനെപ്പറ്റിയുള്ള അദ്ധ്യായത്തില്‍ ശശികുമാര്‍ കൂട്ടിച്ചേര്‍ത്ത രണ്ട് ഖണ്ഡികകളിലൊന്ന് അമേരിക്കയിലും യൂറോപ്പിലും കീടനാശിനികള്‍ പക്ഷികളെ കൊന്നൊടുക്കിയതിനെപ്പറ്റിയാണ്. കഴുകന്മാരെക്കുറിച്ചും കൃഷ്ണപ്പരുന്തിനെക്കുറിച്ചും എഴുതുമ്പോള്‍ ഡി.ഡി.റ്റിയുടേയും മറ്റും ഭവിഷ്യത്തുകളെക്കുറിച്ച്, സംക്ഷിപ്തമായി പറയുന്നുണ്ട് നീലകണ്ഠന്‍. അതൊന്നും ശശികുമാറിന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് തോന്നുന്നു. 
''നേരിട്ടുള്ള മരണത്തിനു പുറമെ സന്താനോല്പാദനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്തു'' എന്ന രീതിയിലാണ് ശശികുമാര്‍ മലയാളം എഴുതുന്നത്. ഏത് ബാധയാണ് ഗുണകരമായിട്ടുള്ളതെന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കണം. അതേ അദ്ധ്യായത്തില്‍ത്തന്നെ ശശികുമാരിന്റെ സംഭാവനയായ ഒരു വാക്യം ഇങ്ങനെ: ''ചില താലിപ്പരുന്തുകളെങ്കിലും ഏപ്രിലിനുശേഷവും വര്‍ഷം മുഴുവന്‍ നമ്മുടെ നാട്ടില്‍ത്തന്നെ താമസിക്കുന്നതായി കണ്ടിട്ടുണ്ട്.'' താലിപ്പരുന്ത് മാത്രമല്ല ഇങ്ങനെ 'ഓവര്‍ - വിന്റെര്‍' ചെയ്യാറുള്ളത്. പല ജാതി ദേശാടകരിലും കുറേ വ്യക്തികള്‍ അടുത്ത ഒരു വര്‍ഷം കൂടി ഇവിടെ തങ്ങാറുണ്ടെന്ന് പക്ഷിനിരീക്ഷകര്‍ക്കെല്ലാം അറിയാം. അതിവിടെ എടുത്തുപറയേണ്ട അത്യാവശ്യമൊന്നും ഉണ്ടായിരുന്നില്ല. അതല്ല പ്രധാനം. ഒരു ജാതിയിലും എല്ലാ പക്ഷികളും 'ഓവര്‍-വിന്റെര്‍' ചെയ്യുകയില്ല. അങ്ങനെ വന്നാല്‍ ആ ജാതിയില്‍ ഒരു വര്‍ഷം പ്രജനനമേ നടക്കില്ല. ശശികുമാര്‍ പറയുന്നത് ''ചില താലിപ്പരുന്തുകളെങ്കിലും...'' എന്നാണ്. ഒരുവേള മുഴുവന്‍ താലിപ്പരുന്തുകളും ശിശിരാനന്തരവും ഇവിടെ തങ്ങുന്നുണ്ടാവാം എന്ന ധ്വനി ആ 'എങ്കിലും' മൂലം ആ വാക്യത്തിന് കൈവന്നിരിക്കുന്നു. 
തെറ്റില്ലാത്ത, ശുദ്ധമായ തെളിഞ്ഞ മലയാളത്തിലാണ് ഇന്ദുചൂഡന്‍ എഴുതിയിരിക്കുന്നത്. ശശികുമാറിന്റെ കലുഷമായ ഭാഷ അതിനോട് ചേര്‍ത്തുവയ്ക്കുമ്പോള്‍ ശുഭ്രവസ്ത്രത്തില്‍ മുറുക്കാന്‍ തുപ്പല്‍ വീണ പ്രതീതിയാണ് ഉളവാകുന്നത്. 

ശശികുമാറിന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ പലതും ഇന്ദുചൂഡന്‍ എഴുതിയിട്ടുള്ളതിന് കടകവിരുദ്ധമാകയാല്‍ അസംബന്ധമായിത്തീരുന്നു. ''കമ്പിവാലന്‍ കത്രികക്കിളിയെ തലശ്ശേരിക്കടുത്തും വടക്കുമുള്ള സ്ഥലങ്ങളില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ'' എന്ന് ഇന്ദുചൂഡന്‍ പറയുന്നു. ''കമ്പിവാലന്‍ കത്രികപ്പക്ഷിയെ കേരളത്തിന്റെ പല ഭാഗങ്ങളിലും ഒന്നോ രണ്ടോ ഇണകളായി കാണാറുണ്ട്'' എന്ന് ശശികുമാര്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ചുട്ടിപ്പരുന്തിനെപ്പറ്റി ഇന്ദുചൂഡന്‍ എഴുതിയിരിക്കുന്നു: ''നാട്ടിന്‍പുറത്ത് ഇരതേടി നടക്കുമെങ്കിലും കൂടുകെട്ടുന്നത് അധികവും കാടുകളിലാണ്.'' ഇതുകഴിഞ്ഞ് ഒരു ഖണ്ഡികയ്ക്ക് താഴെ ഇങ്ങനെയും വായിക്കാം: ''ഉത്തരകേരളത്തില്‍ ധാരാളം മരങ്ങളുള്ള നാട്ടിന്‍പുറങ്ങളിലും ചുട്ടിപ്പരുന്ത് കൂടുകെട്ടാറുണ്ട്.'' നാട്ടിന്‍പുറത്ത് ഒരിക്കലും കൂടുകെട്ടുകയില്ലെന്ന് ഇന്ദുചൂഡനും പറഞ്ഞിട്ടില്ല. കൂടുകള്‍ അധികവും കാട്ടിലാണ് കണ്ടിട്ടുള്ളതെന്നേ പറഞ്ഞിട്ടുള്ളൂ. പിന്നെയെന്തിനാണ് ഉത്തര കേരളത്തിനുവേണ്ടി ഒരു സാക്ഷ്യം? മലകളില്‍ നാലായിരം അടിക്ക് മീതെയുള്ള കാടുകളാണ് കരിമ്പന്‍ കാട്ടുബുള്‍ബുളിന്റെ ആവാസസ്ഥലം എന്ന് ഒരിടത്ത്. അതിന് ഏഴുവരിക്ക് താഴെ നാലായിരം അടിക്ക് താഴെയുള്ള പല കാടുകളിലും കരിമ്പന്‍ ബുള്‍ബുളിനെ കാണാറുണ്ടെന്നും. രണ്ട് പതിപ്പുകള്‍ കൈയില്‍ വച്ച് ഒത്തുനോക്കിയതുകൊണ്ടാണ് പരസ്പരവിരുദ്ധമായ ഈ കാര്യങ്ങള്‍ രണ്ടുപേര്‍ എഴുതിയതാണെന്ന് എനിക്ക് മനസ്സിലായത്. മൂന്നാം പതിപ്പ് മാത്രം വായിക്കുന്ന ഒരാള്‍ ധരിക്കുന്നത് വിരുദ്ധാഭിപ്രായങ്ങള്‍ ഇന്ദുചൂഡന്‍ തന്നെ എഴുതിയതാണെന്നായിരിക്കില്ലേ? അദ്ദേഹത്തിന്റെ പേരിലാണല്ലോ പുസ്തകം. ഗ്രന്ഥകര്‍ത്താവിന് തലയ്ക്ക് എന്തോ തകരാറുണ്ടെന്ന് വായനക്കാരന്‍ കരുതിയാല്‍ കുറ്റം പറയാന്‍ കഴിയുമോ?

രണ്ടാം പതിപ്പിനുവേണ്ടി പുതിയതായി എഴുതിയ വിവരണങ്ങള്‍ കൃശങ്ങളായിപ്പോയി എന്ന് വിവേചനാശാലികളായ വായനക്കാര്‍ക്ക് ആക്ഷേപമുണ്ട്. പുസ്തകത്തിന്റെ വലുപ്പം കൂടരുതെന്ന നിബന്ധനയനുസരിച്ചാണ് അങ്ങനെ ചെയ്തതെന്ന് നേരത്തെ പറഞ്ഞു. തീക്കാക്കയെപ്പറ്റി ഇന്ദുചൂഡന്റെ വിവരണം 20 വരിയേയുള്ളു. അതിന്റെ കൂടെ ശശികുമാര്‍ 21 വരി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഇന്ദുചൂഡന്‍ - എഴുതാനറിയാവുന്ന ആരായാലും - ഒരു ലേഖനം എഴുതുമ്പോള്‍, അതെത്ര ചെറുതായിരുന്നാലും അതൊരു രചനാശില്പമായിരിക്കും. അതിനൊരു തുടക്കവും ഒടുക്കവും ഉണ്ടായിരിക്കും. ഉപസംഹാരം കഴിഞ്ഞ് വീണ്ടും ഖണ്ഡികകള്‍ കൂട്ടിച്ചേര്‍ക്കുന്നത് വൈരൂപ്യമേ സൃഷ്ടിക്കുകയുള്ളൂ എന്ന് ശശികുമാറിനറിഞ്ഞുകൂടാ. തീക്കാക്കയെപ്പറ്റിയുള്ള ലേഖനത്തില്‍ ആ പക്ഷിയുടെ പ്രജനനത്തെപ്പറ്റി ചെറിയൊരു ഖണ്ഡികയുണ്ട്. അടുത്ത ഖണ്ഡിക: ''കേരളത്തില്‍ തീക്കാക്ക തികച്ചും അജ്ഞാതനായാണ് ജീവിക്കുന്നതെങ്കിലും അതിന്റെ ഒരു ബന്ധുവും പല കാരണങ്ങളാലും ലോകപ്രസിദ്ധി നേടിയതുമായ ക്വെറ്റ്‌സല്‍ എന്ന പക്ഷിക്ക് പുരാതന മെക്സിക്കോയിലെ ആദിവാസികള്‍ ദിവ്യത്വം കല്പിച്ച് അതിനെ പൂജിച്ചുവന്നിരുന്നു.'' തീക്കാക്കയുടെ കുടുംബക്കാരനും പുതിയ ലോകത്തിലെ ഏറ്റവും തേജസ്വിയുമായ പക്ഷിയെ അനുസ്മരിച്ചുകൊണ്ടുള്ള സമുചിതമായ സമാപനം. അതിനുശേഷം വീണ്ടും പ്രജനനത്തെപ്പറ്റി സാമാന്യം നീണ്ടൊരു ഖണ്ഡിക. അത് ശശികുമാറിന്റെ വക. ശശികുമാര്‍ കൂട്ടിച്ചേര്‍ത്ത രണ്ടാമത്തെ ഖണ്ഡിക പക്ഷിയുടെ ശബ്ദത്തെക്കുറിച്ചാണ്. അതും ഇന്ദുചൂഡന്‍ നേരത്തെ പരാമര്‍ശിച്ച വിഷയമാണ്. പല ലേഖനങ്ങളും തന്റെ കൂട്ടിച്ചേര്‍ക്കലുകള്‍കൊണ്ട് ശശികുമാര്‍ ഈവിധം വികൃതമാക്കിയിരിക്കുന്നു. 

കെ.എല്‍. മോഹനവര്‍മ്മ സെക്രട്ടറിയായിരിക്കുമ്പോഴാണ് 'കേരളത്തിലെ പക്ഷികള്‍' പരിഷ്‌കരിക്കാന്‍ ശശികുമാറിനെ നിയോഗിച്ചത്. അതില്‍ വര്‍മ്മ ചെറിയ മനസ്സാക്ഷിക്കുത്ത് അനുഭവിച്ചിരുന്നില്ലേ എന്ന് സംശയിക്കണം. അല്ലെങ്കില്‍, പ്രസാധകക്കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ എഴുതിയതെന്തിന്? ''ഇന്ദുചൂഡന്റെ ശ്രദ്ധയില്‍ പതിഞ്ഞിരിക്കുന്ന പുതിയ പക്ഷികളെപ്പറ്റിയുള്ള വാസ്തവികമായ അറിവുകള്‍ ഈ പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ഇന്ദുചൂഡന്റെ ഒത്താശയില്‍ പ്രസിദ്ധം ചെയ്ത 'എ ബുക്ക് ഓഫ് കേരള ബേഡ്‌സ്' എന്ന കൃതിയിലെ ഒട്ടേറെ കാര്യങ്ങള്‍ പുതിയ പതിപ്പിലെ പരിഷ്‌കാരങ്ങള്‍ക്ക് സഹായകരമായി സ്വീകരിച്ചിട്ടുമുണ്ട്.'' ഇന്ദുചൂഡന്‍ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സിലുള്ള കാര്യങ്ങളാണേ ഞങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതെന്നൊരവതാ. ''തന്നതില്ല പരനുള്ളുകാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍'' എന്ന് മഹാകവി വചനം. ഇന്ദുചൂഡന്റെ മനസ്സ് മോഹനവര്‍മ്മയും ശശികുമാറും എങ്ങനെ വായിച്ചറിഞ്ഞോ ആവോ?
സാലിം അലിയുടെ 'ബേഡ്‌സ് ഓഫ് കേരള' (1969) പ്രസിദ്ധീകരിച്ചതിനുശേഷം കേരളത്തില്‍ കണ്ടുപിടിക്കപ്പെട്ട പക്ഷികളെക്കുറിച്ച് മാത്രം പ്രതിപാദിക്കുന്ന പുസ്തകമാണ് മോഹനവര്‍മ്മ പറയുന്ന 'എ ബുക്ക് ഓഫ് കേരള ബേഡ്‌സ്'. കെ.കെ. നീലകണ്ഠന്‍ അതിന്റെ മുഖ്യ സമാഹര്‍ത്താവും സംശോധകനുമാണെന്നാണ് ആ പുസ്തകത്തില്‍ കൊടുത്തിരിക്കുന്നത്. ഇപ്പോഴെങ്ങനെ അദ്ദേഹം ഒത്താശക്കാരന്‍ (താങ്ങുന്നവര്‍) ആയിത്തീര്‍ന്നു? എന്തായാലും, 'എ ബുക്ക് ഓഫ് കേരള ബേഡ്‌സി'ലുള്ള ഒരു വിവരവും 'കേരളത്തിലെ പക്ഷികളി'ല്‍ ഉപയോഗിച്ചിട്ടില്ല. രണ്ടാം പതിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്ന 261 പക്ഷികളല്ലാതെ, പുതിയ പക്ഷികളെയൊന്നും മൂന്നാം പതിപ്പില്‍ ചേര്‍ത്തിട്ടില്ല. അനുബന്ധമായി കൊടുത്തിട്ടുള്ള ചെക്ക് ലിസ്റ്റില്‍ അവയുടെ പേരുകളുണ്ടെന്നല്ലാതെ. 

'കേരളത്തിലെ പക്ഷിക'ളും 'എ ബുക്ക് ഓഫ് കേരള ബേഡ്‌സും' ഒന്നും വായിച്ചിട്ടില്ലാത്ത മോഹനവര്‍മ്മയെ ശശികുമാര്‍ തെറ്റായി ധരിപ്പിച്ചതായിരിക്കണം. മിക്ക അദ്ധ്യായങ്ങളുടെയും അവസാനം ''ഉത്തരകേരളത്തില്‍...'' എന്നു തുടങ്ങുന്ന ഒരു ഖണ്ഡിക കാണാം. എല്ലാം ശശികുമാറിന്റെ കണ്ടുപിടുത്തങ്ങളാണ്. രണ്ട് ഉദാഹരണം മാത്രം:
''ഉത്തര കേരളത്തിലെ ഇടനാടന്‍ കുന്നുകളിലും തീരപ്രദേശത്തും ഉള്ള പല കാവുകളിലും ഈ രണ്ടു തരം ബുള്‍ബുളുകളും കാണപ്പെടുന്നുണ്ട്. ഫെബ്രുവരി തൊട്ട് സെപ്തംബര്‍ വരെ മഞ്ഞച്ചിന്നന്‍ ഈ കാവുകളില്‍ പ്രജനനം നടത്തുന്നുണ്ട്. മിക്കവാറും എല്ലാ കൂടുകളും കണ്ടിട്ടുള്ളത് 12 അടിക്കു മുകളിലാണ്.''
''കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് ചക്കിപ്പരുന്തുകളെ അപൂര്‍വ്വമായേ കാണുകയുള്ളു. കേരളത്തില്‍ ഈ പരുന്തുകളുടെ മഴക്കാല ദേശാടനത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.''
പക്ഷികള്‍ക്ക് വാലുള്ളതുകൊണ്ടായിരിക്കണം പക്ഷിലേഖനങ്ങള്‍ക്ക് വാല്‍ക്കഷണം. കുറതീര്‍ന്ന ഇന്ദുചൂഡന്‍ രചനാശില്പങ്ങള്‍ക്ക് ഈ കൂട്ടിച്ചേര്‍ക്കലുകള്‍ ഏച്ചുകെട്ടലുകളാകുന്നു. 

പശ്ചിമഘട്ടത്തിലല്ലാതെ, ലോകത്ത് മറ്റെങ്ങുമില്ലാത്ത പതിനഞ്ചോളം പക്ഷികളുണ്ട്. അവയിലൊന്നാണ് വെള്ളവയറന്‍ പാറ്റപിടിയന്‍ (White bellied Blue Flycatcher). കേരളത്തിലെ നിത്യഹരിത വനങ്ങളിലും അര്‍ദ്ധ നിത്യഹരിത വനങ്ങളിലും മിക്കവാറും എവിടെച്ചെന്നാലും അവന്റെ പതിഞ്ഞ സ്വരത്തിലുള്ള പാട്ട് കേള്‍ക്കാം. പക്ഷേ, ഈ പക്ഷിയെപ്പറ്റി ഇന്ദുചൂഡന്‍ തന്റെ പ്രകൃഷ്ട കൃതിയില്‍ എഴുതിയിട്ടില്ല. അതെന്തുകൊണ്ടാണെന്ന് ഞാനദ്ദേഹത്തോട് നേരിട്ട് ചോദിച്ചു. ''ഞാനതിനെ കണ്ടിട്ടില്ല'' എന്നായിരുന്നു ഉത്തരം. അതുപോലെ, ഒരിക്കല്‍ ഞങ്ങളൊരുമിച്ച് പെരിയാര്‍ കടുവാസങ്കേതത്തില്‍ നടക്കുമ്പോള്‍ ഒരു ചിലന്തിപിടിയനെ (Little Spiderhunter) കണ്ട് നീലകണ്ഠന്‍ സാര്‍ ആനന്ദതുന്ദിലനായി. ആ പക്ഷിയെ അദ്ദേഹം ആദ്യം കാണുകയായിരുന്നു. 'കേരളത്തിലെ പക്ഷികള്‍' അച്ചടിയിലായിരിക്കുമ്പോഴായിരുന്നു  ആ പ്രഥമ സമാഗമം. താഴ്ന്ന പ്രദേശങ്ങള്‍ തൊട്ട് സാമാന്യം ഉയരമുള്ള മലകള്‍ വരെ, കാടുകളിലും തോട്ടങ്ങളിലും കൃഷിസ്ഥലങ്ങളിലും സാധാരണ കാണാവുന്ന പക്ഷിയാണ്, ചിലന്തിപിടിയന്‍. അതും 'കേരളത്തിലെ പക്ഷിക'ളിലില്ല. 


കേരളത്തിലെ മുഴുവന്‍ പക്ഷികളെക്കുറിച്ചും പുസ്തകമെഴുതാന്‍ ഇറങ്ങിപ്പുറപ്പെട്ടയാളല്ല ഇന്ദുചൂഡന്‍. തന്റെ വ്യഥിത ജീവിതത്തില്‍ അല്പം മനശ്ശാന്തിക്കുവേണ്ടി നടത്തിയിരുന്ന പക്ഷിനിരീക്ഷണത്തില്‍ കണ്ടറിഞ്ഞ പക്ഷികളെക്കുറിച്ചുള്ള വിവരങ്ങളും ആ നിരീക്ഷണങ്ങള്‍ തനിക്കു നല്‍കിയ ആനന്ദാനുഭൂതികളും വായനക്കാരുമായി പങ്കുവയ്ക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. താന്‍ നേരിട്ട് കണ്ടറിഞ്ഞ വിവരങ്ങളും വായിച്ചോ പറഞ്ഞുകേട്ടോ മനസ്സിലാക്കിയ കാര്യങ്ങളും വായനക്കാരന് തിരിച്ചറിയാന്‍ കഴിയണം എന്ന തികഞ്ഞ ശ്രദ്ധയോടെയാണ് അദ്ദേഹം രചന നടത്തിയിട്ടുള്ളത്. താന്‍ കാണാത്തതൊന്നും കണ്ടെന്ന് വായനക്കാരന്‍ ധരിക്കരുതെന്ന ശ്രദ്ധ. അന്യസ്രോതസ്സുകളില്‍നിന്ന് കിട്ടിയ വിവരങ്ങള്‍ അത്രേ, പറയപ്പെടുന്നു എന്നീ പദപ്രയോഗങ്ങളിലേതെങ്കിലും ചേര്‍ത്ത് വ്യവച്ഛേദിച്ചിരിക്കുന്നു. ''പകല്‍ സമയത്ത് പരിപൂര്‍ണ്ണ നിശ്ശബ്ദത പാലിക്കുന്ന കരിങ്കൊച്ച രാത്രി ഉച്ചത്തില്‍ ശബ്ദിക്കാറുണ്ടത്രേ. വളരെ ദൂരെ കേള്‍ക്കാവുന്ന ഒരുതരം മൂളലാണ് ഈ പക്ഷിയുടെ ശബ്ദം എന്ന് പറയപ്പെടുന്നു'' എന്നിങ്ങനെ. അതെല്ലാം പോയിട്ട് ഇന്നിപ്പോള്‍ ഗ്രന്ഥകര്‍ത്താവ് എഴുതിയതേത്, അന്യരെഴുതിയതേത് എന്ന് തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥയാണ്. ഇങ്ങനെ പ്രൊഫ. നീലകണ്ഠനെ വെട്ടാനും തിരുത്താനും ശാരദന്മാരേ തുനിയൂ.
ഇന്ദുചൂഡനെ തിരുത്താനേ പാടില്ല എന്നല്ല പറയുന്നത്. തെറ്റുകള്‍ ഇന്ദുചൂഡനും പറ്റും. ഉദാഹരണമായി, രണ്ടാം പതിപ്പ് 88-ാം പേജില്‍ ഇങ്ങനെ വായിക്കാം: ''കായലാറ്റ'' എന്ന പേര്‍ കൊടുക്കാവുന്ന വേറൊരു ഉപജാതിയുമുണ്ട് കേരളത്തില്‍.'' ഇവിടെ ഉപജാതി എന്നല്ല, ജാതി എന്നാണ് വേണ്ടിയിരുന്നത്. രണ്ടാം പതിപ്പ് അച്ചടിച്ചതിന്  ശേഷമാണ് അത് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ജാതിയും (Species) ഉപജാതിയും (Sub-Species) ഇതേ പുസ്തകത്തിന്റെ 455-ാം പേജില്‍ അദ്ദേഹം നിര്‍വ്വചിക്കുന്നുണ്ട്. ഈ കൈപ്പിഴ തിരുത്തപ്പെടേണ്ടതാണ്. പക്ഷേ, അക്കാദമി സംശോധകനായി നിയോഗിച്ച ശശികുമാറിന് സ്പഷ്ടമായ ആ തെറ്റ് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. 

കേരളത്തിലെ പക്ഷികള്‍ പോലൊരു പ്രാമാണിക ഗ്രന്ഥം തിരുത്തുന്നതിന് ചില മര്യാദകളൊക്കെയുണ്ട്. 'കേരള പാണിനീയ'ത്തിന്റെ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച മൂന്നാം പതിപ്പ് ഡോ. കെ. രാഘവന്‍ പിള്ളയും പ്രൊഫ. കെ.എം. ഡാനിയലും പരിഷ്‌കരിച്ചതാണ്. പക്ഷേ, പരിശോധകന്മാര്‍ പുസ്തകത്തിന്റെ പാഠത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. തിരുത്തലുകളും അവരുടെ അഭിപ്രായങ്ങളും കൊടുത്തിരിക്കുന്നത് അടിക്കുറിപ്പുകളായിട്ടാണ്. ഒരുദാഹരണം നോക്കുക: ''ലിംഗവചന വിഭക്തികള്‍ക്ക് ലോപം വരാത്ത സമാസത്തിന് അലുപ്തസമാസം എന്നു പേര്‍ ചെയ്യാം. സംസ്‌കൃതാനുകരണം നിമിത്തം അലുപ്തസമാസം ഇപ്പോള്‍ അപൂര്‍വ്വമാണ്. അതിലും വിശേഷിച്ച്, വിഭക്തിലോപം വരാതെയുള്ളവ വളരെ ചുരുങ്ങും'' എന്ന് എ.ആര്‍. രാജരാജവര്‍മ്മ. ഇതിന് പരിശോധകന്മാര്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്: ''അലുപ്തസമാസങ്ങള്‍ മലയാളത്തില്‍ അപൂര്‍വ്വമല്ല. തൊഴുത്തില്‍ കുത്ത്, തലയിലെഴുത്ത്, ഞാണില്‍ദണ്ഡിപ്പ് മുതലായവ നോക്കുക.'' പുസ്തകഗാത്രത്തില്‍ തൊടാതെ പരിശോധകന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ, ഗ്രന്ഥകര്‍ത്താവ് എഴുതിയതെന്ത്, പരിശോധകന്‍ കൂട്ടിച്ചേര്‍ത്തതെന്ത് എന്ന് വായനക്കാരന് വ്യക്തമാവും. ഇത്തരം മര്യാദകളൊന്നുമില്ലാത്ത കേരള സാഹിത്യ അക്കാദമി ശശികുമാര്‍ എന്നൊരു കൂറ്റനെ 'കേരളത്തിലെ പക്ഷിക'ളുടെ താളുകളില്‍ കയറി യഥേഷ്ടം മേയാന്‍ വിട്ടു. 

'കേരളത്തിലെ പക്ഷികള്‍' അഞ്ചാം പതിപ്പ് കൈയില്‍ കിട്ടിയപ്പോള്‍ ആദ്യം വായിക്കാന്‍ പകുത്തെടുത്തത് മരംകൊത്തികളെക്കുറിച്ചുള്ള ഭാഗമായിരുന്നു. ''ഉച്ചത്തില്‍ 'ക്ല്‌റെ-ക്ല്‌റെ-ക്ല്‌റെ' എന്ന് പലവുരു ആവര്‍ത്തിക്കുന്ന പരുക്കന്‍ ശബ്ദം കേട്ട് ആ വഴിക്ക് മരത്തടിയില്‍ അള്ളിപ്പിടിച്ച് പെട്ടെന്ന് പെട്ടെന്ന് മുകളിലേക്ക് ചാടിക്കയറുന്നതായിരിക്കും'' (പേജ് - 312). ഈ വാക്യം വീണ്ടും വീണ്ടും വായിച്ചിട്ടും എനിക്കൊരെത്തും പിടിയും കിട്ടിയില്ല. രണ്ടാം പതിപ്പെടുത്തുനോക്കി. അതിലിങ്ങനെ: ''ഉച്ചത്തില്‍ 'ക്ല്‌റെ-ക്ല്‌റെ-ക്ല്‌റെ' എന്ന് പലവുരു ആവര്‍ത്തിക്കുന്ന പരുക്കന്‍ ശബ്ദം കേട്ട് ആ വഴിക്ക് നോക്കുമ്പോള്‍ നാം കാണുന്നത് നല്ല വര്‍ണ്ണശോഭയുള്ള ഒരു പക്ഷി മരത്തടിയില്‍ അള്ളിപ്പിടിച്ച് പെട്ടെന്ന് പെട്ടെന്ന് മുകളിലേക്ക് ചാടിക്കയറുന്നതായിരിക്കും.'' അടിവര ലേഖകന്റേത്. അടിവരയിട്ട ഏഴ്, വാക്കുകള്‍ ഒരു വാക്യത്തില്‍നിന്ന് വിട്ടുപോയിരിക്കുന്നു! ഇത് പക്ഷേ, എഡിറ്റര്‍ വെട്ടിക്കളഞ്ഞതല്ല. അഞ്ചാം പതിപ്പിന്റെ പ്രൂഫ് വായനക്കാരന്റെ വൈദഗ്ദ്ധ്യമാണ്. 

അതേ പേജില്‍ത്തന്നെ വീണ്ടും: ''ചില സമയത്ത് പിടികിട്ടിയ ഉറുമ്പുകളെ ചിറകിനടിയിലോ മാറത്തോ വാലു തുടങ്ങുന്ന സ്ഥലത്തോ കുറച്ചു നേരം ഉരച്ചശേഷമാണ് പിപിലികാഘര്‍ഷണം എന്നു പറയാവുന്ന ഈ ഏര്‍പ്പാട് കാക്ക, മൈനകള്‍ മുതലായ പക്ഷികള്‍ക്കും ചില കാലങ്ങളില്‍ വളരെ ഇഷ്ടമാണ്.'' ഞാനാകെ കുഴങ്ങി. വീണ്ടും രണ്ടാം പതിപ്പെടുത്തു. ''ചില സമയത്ത് പിടികിട്ടയ ഉറുമ്പുകളെ ചിറകിനടിയിലോ മാറത്തോ വാലു തുടങ്ങുന്ന സ്ഥലത്തോ കുറച്ചുനേരം ഉരച്ചശേഷമാണ് വിഴുങ്ങുക. പിപിലികാഘര്‍ഷണം...'' ആദ്യ വാക്യത്തിന്റെ ക്രിയാപദവും വിരാമചിഹ്നവും വിട്ടുകളഞ്ഞിട്ട് രണ്ട് വാക്യങ്ങള്‍ ഒട്ടിച്ചുചേര്‍ത്തപ്പോള്‍ ഉണ്ടായ ആ സങ്കരസൃഷ്ടി ഒരു ഭീകരസത്വമായി ചത്തുമലച്ച് പുസ്തകത്താളില്‍ കിടക്കുന്നു. ഇതേ ജനുസിലുള്ള മറ്റൊരു അത്ഭുതസൃഷ്ടി: ''നമ്മോടൊപ്പമോ പലപ്പോഴും നമ്മെ ആശ്രയിച്ചോ കഴിഞ്ഞുകൂടുന്ന ചെറുപ്രാണികളുടെ സംഖ്യാതീതമായ വര്‍ഗ്ഗങ്ങള്‍ നമ്മുടെ ചുറ്റും തിരിച്ചറിയുവാന്‍ കൂടി സാധാരണക്കാര്‍ക്കൊന്നും സാധ്യമല്ല'' (അഞ്ചാം പതിപ്പ്, പേജ് 445) സംഗതി എന്താണെന്ന് മനസ്സിലാക്കണമെങ്കില്‍ പഴയ പതിപ്പുകള്‍ തപ്പിപ്പോകണം. ''നമ്മോടൊപ്പമോ പലപ്പോഴും നമ്മെ ആശ്രയിച്ചോ കഴിഞ്ഞുകൂടുന്ന ചെറുപ്രാണികളുടെ സംഖ്യാതീതമായ വര്‍ഗ്ഗങ്ങള്‍ നമ്മുടെ ചുറ്റും ഉണ്ടെന്ന് തീര്‍ച്ച തന്നെ. പക്ഷേ, അവയെ നിരീക്ഷിക്കാന്‍, അവയെ തിരിച്ചറിയാന്‍ കൂടി, സാധാരണക്കാര്‍ക്കൊന്നും സാധ്യമല്ല.'' എന്നാണ് ഗ്രന്ഥകാരന്‍ എഴുതിയത് - രണ്ടാം പതിപ്പില്‍, 495-ാം പേജില്‍. അതേ പേജില്‍ തന്നെയുള്ള മറ്റൊരു വാക്യം ഇങ്ങനെ: ''അവന്റെ കൗതുകത്തെ പ്രവൃദ്ധമാക്കുന്ന - അവന്റെ താല്പര്യത്തെ സുശക്തമാക്കുന്ന - രാമണീയകം, ചൈതന്യം, സംഗീതം, രഹസ്യം, സ്വാതന്ത്ര്യം ഇവയും, പുറമേ സ്പൃഹണീയങ്ങളായ നിരവധി വസ്തുക്കളും ഇവയിലുണ്ടെന്ന് അവന്‍ ഗ്രഹിക്കുന്നു.'' ഇവിടെയും അടിവരയിട്ട വാക്കുകള്‍ വിട്ടുപോയിരിക്കുന്നു. 

''വെള്ളം കുടിക്കുവാനും ചെറിയ കല്ലുകള്‍ കൊത്തിവിഴുങ്ങാനും ഉപ്പുമണ്ണ് തിന്നുവാനും മറ്റുമായി ഈ പ്രാവുകള്‍ പലപ്പോഴും താഴെ ഇറങ്ങാറുണ്ട്.'' (അഞ്ചാം പതിപ്പ്, പേജ് 268) എന്ന് വായിച്ച് ഞാന്‍ അന്തംവിട്ടു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പരീക്ഷയ്ക്ക് തെറ്റുതിരുത്താന്‍ കിട്ടിയതുപോലുള്ള ഒരു വാക്യം നീലകണ്ഠന്‍ സാര്‍ എഴുതുമോ? രണ്ടാം പതിപ്പെടുത്ത് നോക്കിയപ്പോള്‍ ആശ്വാസമായി. കൊത്തിവിഴുങ്ങാനും എന്നുതന്നെയാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. തന്നെയുമല്ല, വെള്ളം കുടിക്കുവാനും എന്ന് കഴിഞ്ഞും കോമയുണ്ട്. ഇതുപോലൊരന്ധാളിപ്പാണ് അഞ്ചാം പതിപ്പില്‍ 44-ാം പേജ് വായിച്ചുകൊണ്ടിരുന്നപ്പോഴും ഉണ്ടായത്. ''ഇങ്ങനെ കാണുന്ന കാര്യങ്ങള്‍ ഓര്‍മ്മവെയ്ക്കുവാന്‍ ശ്രമിച്ചാല്‍ പോര, പലപ്പോഴും ഒരു പുതിയ പക്ഷിയെ കണ്ടശേഷം വീട്ടില്‍ തിരിച്ചെത്തി പുസ്തകം തുറന്നുനോക്കുമ്പോള്‍  അനവധി സംശയങ്ങള്‍ ഉണ്ടാകുക പതിവാണ്.'' ഇവിടെ, ശ്രമിച്ചാല്‍ പോര എന്നു കഴിഞ്ഞ് അര്‍ദ്ധവിരാമമല്ല, വിരാമമാണ് വേണ്ടത്. അപ്പോള്‍ മാത്രമേ അര്‍ത്ഥം സുവ്യക്തമാവുകയുള്ളൂ. തീര്‍ച്ചയായും, നീലകണ്ഠന്‍ നായര്‍ ഇട്ടിരുന്നത് കുത്താണ്, കോമയല്ല. 

''നമ്മുടെ രാജ്യത്ത് അനുവദിച്ചിട്ടുള്ളതും സാധാരണ നാം കാണുന്നതുമായ ചുട്ടിക്കഴുകന്‍'' (പേജ് 208) എന്നു വായിച്ചിട്ടാണ് ഞാന്‍ പേടിച്ചുപോയത്. വിമാനങ്ങള്‍ക്കെന്നപോലെ, പക്ഷികള്‍ക്കും നമ്മുടെ ആകാശത്തുകൂടി പറക്കാന്‍ ലൈസന്‍സ് വേണമെന്ന് പറയുന്ന വല്ല നിയമവും സര്‍ക്കാര്‍ കൊണ്ടുവന്നോ? രണ്ടാം പതിപ്പ് നോക്കിയപ്പോഴാണ് എന്റെ ഹൃദയമിടിപ്പ് സാധാരണ ഗതിയിലായത്. ''നമ്മുടെ രാജ്യത്ത് അനവധിയുള്ളതും...'' എന്നേ അതിലുള്ളൂ. അതുപോലെ ''മരപ്പട്ടയില്‍ നിന്നിരുന്ന ചെറിയൊരു മരത്തില്‍...'' (പേജ് 319) എന്ന് വായിച്ചും ഞാന്‍ അന്ധാളിച്ചു. വീണ്ടും രണ്ടാം പതിപ്പിനെ ശരണം പ്രാപിച്ചു. മരപ്പേട്ടയിലാണ് ചെറിയ മരം നിന്നിരുന്നത്. മരപ്പേട്ടയെന്നാല്‍ ടിംബര്‍ ഡിപ്പോ. 
കാട്ടിലക്കിളിയെക്കുറിച്ചുള്ള അദ്ധ്യായത്തിന്റെ തുടക്കത്തില്‍ കാട്ടിലക്കിളി കാട്ടിലക്കാളിയാവുന്നു (പേജ് 356). അതേ പേജില്‍ത്തന്നെ ശത്രുക്കളുടെ കണ്ണില്‍ പെടാതിരിക്കാന്‍ എന്ന് വേണ്ടിടത്ത് 'കണ്ണില്‍' ഇല്ല. ''സഹ്യാദ്രിയുടെ ചേതനയ്ക്ക് ചിഹ്നമായിരിക്കുമ്പോള്‍...'' (ചിഹ്നമായിരിക്കാന്‍ - പേജ് 410), 'ഈറ്റയും കുറഞ്ഞിയും'' (കുറിഞ്ഞിയും - പേജ് 383), 'കളത്തിലെ തൊഴുത്തിലെ കഴിച്ചുകൂട്ടിയിരുന്ന'' (തൊഴുത്തില്‍ - പേജ് 385), 'നീണ്ട നാടന്‍ പോലെ'' (നാട - പേജ് 377), 'ഒരിടയോളം നീണ്ടതും'' (ഒരടിയോളം- പേജ് 378), 'പാട്ടിന്റെ രംഗങ്ങളും'' (രാഗങ്ങളും- പേജ് 447), 'അതു പറന്നുപോവുകയോ ചെയ്തിരുന്നുവെങ്കില്‍'' (മറന്നുപോവുകയോ- പേജ് 449), 'അഞ്ചാറുചതുരശ്രവരെ വിസ്തൃതിയുള്ള'' (അഞ്ചാറു ചതുരശ്രവാര- പേജ് 466), 'വേലിയില്ലാതെ ചെടികളും പൊന്തകളും ഒന്നും ഉണ്ടായിരുന്നില്ല'' (വേലിയല്ലാതെ- പേജ് 459), 'പരുത്തിനാരുകള്‍, ചകിരിനാര്'' (പരുത്തി, നാരുകള്‍, ചകിരിനാര്- പേജ് 467), 'മറ്റൊരു മന്ദിരത്തില്‍ കൂടുകെട്ടിയ'' (മന്ദാരത്തില്‍ - പേജ് 471), 'വില്ലില്‍ തൊടുത്ത ശരീരത്തിന്റെ പ്രകൃതവുമാണ്'' (ശരത്തിന്റെ - പേജ് 294), 'സ്‌നേഹിതനായി കാണപ്പെടുന്നു'' (കരുതപ്പെടുന്നു - പേജ് 301), 'ബന്ധം പരസ്പരേണസ്ഹൃഹണീയമാണ്'' (പരസ്പരേണസ്പൃഹണീയമാണ്- പേജ് 437)... അച്ചടിത്തെറ്റുകളുടെ പൊടിപൂരം തന്നെ.'' ''മാടത്ത, കിന്നരിമൈന എന്നീ മൂന്നു ജാതിക്കാരും'' എന്ന് വായിക്കുമ്പോള്‍ ഏതോ ഒരു ജാതി പറന്നുപോയി എന്ന് നമുക്ക് മനസ്സിലാവും. പക്ഷേ, പോയത് കാട്ടുമൈനയാണെന്ന് മനസ്സിലാവണമെങ്കില്‍ മുന്‍പതിപ്പുകളും കൈയില്‍ കരുതണം. ഇന്ദുചൂഡന്റെ പുസ്തകത്തില്‍ പലയിടത്തും സാലിം അലി സാലിം ആലിയായിരിക്കുന്നതാണ് ഏറ്റവും സങ്കടകരം. കുയില്‍ക്കുഞ്ഞെന്നും കുയില്‍കുട്ടിയെന്നും (പേജ് 80) ഇന്ദുചൂഡന്‍ എഴുതുകയില്ല. 
അഞ്ചാം പതിപ്പ് മുഴുവന്‍ ഞാന്‍ സശ്രദ്ധം വായിച്ചിട്ടില്ല. അനൈച്ഛികമായി ചില അദ്ധ്യായങ്ങളെടുത്ത് ഓടിച്ചുനോക്കിയപ്പോള്‍ കണ്ട പ്രമാദങ്ങളാണ് മുകളില്‍ ചൂണ്ടിക്കാണിച്ചത്. സ്ഥാലീപുലാകന്യായേന, പേജൊന്നിന് തെറ്റൊന്നെങ്കിലും ഉറപ്പ്. 

ഇതിനും പുറമേ ഈ പുസ്തകത്തില്‍ വാക്കുകള്‍ പലതും മുറിച്ചു മുറിച്ചാണ് അച്ചടിച്ചിരിക്കുന്നത്. കിട/ക്കുന്ന, അനുപേ/ക്ഷണീയമാണ്, ദുര്‍ല്ലഭമാ/കയാല്‍, ഔത്സുക്യ/മുള്ള (എല്ലാം 444-ാം പേജില്‍നിന്ന്) എന്നിങ്ങനെ. ഓരോ പേജിലും നാലും അഞ്ചും വാക്കുകള്‍ രണ്ടായി മുറിഞ്ഞുകിടക്കുന്നു!
രണ്ടാം പതിപ്പിന്റെ പ്രൂഫ് വായിക്കാന്‍ നീലകണ്ഠന്‍ സാര്‍ കാവശ്ശേരിയില്‍നിന്ന് കോട്ടയത്തേക്ക് പോയിരുന്ന കാലമാണ് ഇതു വായിക്കുമ്പോള്‍ എനിക്കോര്‍മ്മവരുന്നത്. അക്കാലത്ത് സാറിനെക്കുറിച്ച് ഒരു ലേഖനമെഴുതാന്‍ വിവരം ശേഖരിക്കാന്‍ കാവശ്ശേരിയിലെത്തിയ എനിക്ക് അക്കാദമിയുമായുള്ള കത്തിടപാടുകളുടെ ഫയല്‍ വായിക്കാന്‍ തന്നു. അക്കാദമിയില്‍നിന്ന് വന്ന ഒരു കത്തിന്റെ അടിയില്‍ ഇങ്ങനെ കുറിച്ചിരുന്നു. '7/2/'86-ന് കോട്ടയത്തു പോയതിന്റെ യാത്രപ്പടി കിട്ടിയിരുന്നുവെങ്കില്‍ ആശാരി, കെട്ടുകാര്‍ എന്നിവര്‍ക്ക് ഒരു ദിവസത്തെ കൂലി കൊടുക്കാമായിരുന്നു.'' അതിനടിയില്‍ '9/7/'86-ന് ഡി.ഡി. കിട്ടി'' എന്നും കുറിച്ചിരുന്നു. തിരുവനന്തപുരം വിട്ടുവന്ന് താമസമാക്കിയ കാവശ്ശേരിയിലെ പഴയ തറവാട് വീടിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. അത്രയും വലിയ സാമ്പത്തിക ഞെരുക്കത്തിനിടയിലും എന്തിനീ സാഹസം? പുതുതലമുറയുടെ കൈയില്‍ കൊടുക്കുന്ന പുസ്തകം തെറ്റില്ലാത്തതാവണം എന്ന ചിന്തകൊണ്ട്. പുസ്തകം അച്ചടിച്ചുകഴിഞ്ഞ് മുഴുവന്‍ വീണ്ടും വായിച്ച് രണ്ടുപേജ് വരുന്ന ശുദ്ധിപത്രം തയ്യാറാക്കിക്കൊടുത്തു. 126-ാം പേജില്‍ '...ഷെല്ലി എന്ന ആംഗലേയ കവി ഗുരുവായി വരിക്കുവാന്‍ വെമ്പിയ വാനമ്പാടി, തന്നെയായിരുന്നു...'' (വെമ്പിയ, വാനമ്പാടി തന്നെയായിരുന്നു) എന്നിടത്ത് ഒരു കോമയുടെ സ്ഥാനം മാറിപ്പോയതുപോലും തിരുത്തിയിരിക്കുന്നു! പുസ്തകത്തില്‍ തെറ്റൊഴിവാക്കണമെന്ന് ഇത്രയും നിഷ്‌കര്‍ഷ പുലര്‍ത്തിയ ഉത്കൃഷ്ട ബുദ്ധിയുടെ പുസ്തകം ജനങ്ങളുടെ ചെലവില്‍, ചില അല്പബുദ്ധികള്‍ നാനാവിധമാക്കിക്കൊണ്ടിരിക്കുന്നതിനാണ്  നാം മൂകസാക്ഷികളായിരിക്കുന്നത്. 
പക്ഷി ജീവിതത്തെക്കുറിച്ച് ശാസ്ത്രീയ പഠനം എങ്ങനെ നടത്തണം എന്ന് കാണിച്ചുതരുന്ന ഒരു ചെറുപ്രബന്ധം 'തുന്നാരന്‍ ദമ്പതികളുടെ കുടുംബജീവിതം'  'കേരളത്തിലെ പക്ഷിക'ളില്‍ ഒരനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ നീലകണ്ഠന്‍ സാറിന് വലിയൊരു കൈപ്പിഴ പറ്റിയിരുന്നു. തുന്നാരന്റെ കൂട്ടിലെ ഓരോ ദിവസത്തേയും സംഭവങ്ങള്‍ ചുരുക്കിപ്പറയുന്നിടത്ത് ജൂണ്‍ 31-ലെ സംഭവങ്ങളും കൊടുത്തിരുന്നു. വായിച്ചുനോക്കാന്‍ കൈയെഴുത്തുപ്രതി എന്റെ കൈയില്‍ തരുമ്പോള്‍ ഈ അനുബന്ധം ഉണ്ടായിരുന്നില്ല എന്നാണ് ഓര്‍മ്മ. അച്ചടിച്ചശേഷം ആ തെറ്റ് സാറിന്റെ ശ്രദ്ധയില്‍ പെടുകയും, ശുദ്ധിപത്രത്തില്‍ അത് തിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീടിറങ്ങിയ മൂന്ന് പതിപ്പുകളിലും ജൂണ്‍ മാസത്തിന് 31 ദിവസം തന്നെയുണ്ട്. എങ്ങനെയുണ്ട് അക്കാദമി പണ്ഡിതന്മാരുടെ വൈദഗ്ദ്ധ്യം!


കേരള സാഹിത്യ അക്കാദമിയുടെ കമ്മിറ്റികളിലോ ഓഫീസിലോ പുസ്തകം എന്ന സാധനം എങ്ങനെയിരിക്കുമെന്ന് കണ്ടിട്ടുള്ള ഒരാളും ഉണ്ടെന്ന് തോന്നുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഈ അഞ്ചാം പതിപ്പ് പോലൊരു പുസ്തകം അക്കാദമിയുടെ മുദ്രയോടുകൂടി പുറത്തിറങ്ങുമായിരുന്നില്ല. ഈ പുസ്തകം നിങ്ങളൊന്ന് മറിച്ചുനോക്കുക. അതിന് നാല് പേജില്‍ 'ഉള്ളടക്കം' കൊടുത്തിട്ടുണ്ട്. പക്ഷേ, അതില്‍ അദ്ധ്യായങ്ങളുടെ പേജ് നമ്പര്‍ കൊടുത്തിട്ടില്ല. ഉള്ളടക്കത്തിന് പേജ് നമ്പരില്ലാത്ത ആദ്യത്തെ പുസ്തകം ഇതാണെന്നും, ഇതൊരു വിപ്ലവമാണെന്നും ആയിരിക്കാം അക്കാദമിയുടെ അവകാശവാദം. പക്ഷേ, ഇത്തരത്തിലൊരു ഉള്ളടക്കംകൊണ്ട് വായനക്കാര്‍ക്ക്  യാതൊരു പ്രയോജനവുമില്ല. 'ഉള്ളടക്കം' കഴിഞ്ഞാല്‍ 'ചിത്രങ്ങളുടെ പട്ടിക' വരുന്നു. ഇവിടെ പക്ഷികളുടെ പേര് കൊടുത്തിരിക്കുന്നത് അക്ഷരക്രമത്തിലല്ല. അതുകൊണ്ട് വായനക്കാര്‍ക്ക് ഇതും ഉപയോഗശൂന്യം. ആറുപേജ് അച്ചടിക്കാന്‍ ചെലവാക്കിയ കടലാസ് വെറുതേ കളഞ്ഞുവെന്നുമാത്രം. 
പുസ്തകങ്ങളിലെല്ലാം പദസൂചിക (index) ചേര്‍ക്കുന്നത് ഏറ്റവും ഒടുവിലായിരിക്കും. അവിടെത്തന്നെയാണ് അതിന്റെ സ്ഥാനം. ഒരു വിഷയം പുസ്തകത്തില്‍ എവിടെയാണ് പ്രതിപാദിക്കപ്പെട്ടിരിക്കുന്നതെന്ന് പെട്ടെന്ന് കണ്ടുപിടിക്കാനാണ് സൂചിക. സൂചിക എവിടെയെന്ന് കണ്ടെത്താന്‍ തന്നെ കുറേ പേജുകള്‍ മറിച്ചുനോക്കണമെങ്കില്‍ പിന്നെ അതുകൊണ്ട് എന്ത് പ്രയോജനം? ചിത്രങ്ങളുണ്ടെങ്കില്‍ അവയും പദസൂചികയ്ക്ക് മുന്‍പായിരിക്കും വരിക. ചിത്രങ്ങളുടെ അടിക്കുറിപ്പുകളില്‍ പരാമൃഷ്ടമാവുന്ന വിഷയങ്ങളും സൂചികയില്‍ ഇടംപിടിക്കും. അവയുടെ പേജ് നമ്പരുകള്‍ തടിച്ച അക്കങ്ങളിലോ ചരിഞ്ഞ അക്കങ്ങളിലോ കൊടുക്കുന്നത് പ്രസാധകര്‍ മണ്ടന്മാരായതുകൊണ്ടല്ല. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച  'കേരളത്തിലെ പക്ഷിക'ളില്‍ പദസൂചികയും കഴിഞ്ഞാണ് ചിത്രങ്ങള്‍ കൊടുത്തിരിക്കുന്നത്. ശശികുമാര്‍ പരിഷ്‌കരിച്ച മൂന്നാം പതിപ്പിലാണ് ഈ പരിഷ്‌കാരം ആദ്യം നടപ്പിലാക്കിയത്. അഞ്ചാം പതിപ്പില്‍ പദസൂചികയ്ക്കും ചിത്രങ്ങള്‍ക്കും ഇടയ്ക്ക് വേറെയും കുറേ പേജുകള്‍ വരുന്നുണ്ട്.  'കേരളത്തിലെ പക്ഷിക'ളില്‍ പക്ഷിനാമസൂചിക മാത്രമാണ് കൊടുത്തിട്ടുള്ളത്. പക്ഷികളുടെ പേരിനൊപ്പം ചിത്രങ്ങളുടെ നമ്പരുകള്‍ തടിച്ച/ചരിഞ്ഞ അക്കങ്ങളില്‍ കൊടുത്തിരുന്നുവെങ്കില്‍ വായനക്കാരന് അത് വളരെ വളരെ ഉപയോഗപ്രദമാകുമായിരുന്നു. ആറ് പേജിന്റെ കടലാസ് നഷ്ടം ഒഴിവാക്കുകയും ചെയ്യാമായിരുന്നു. കുറേ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകളും വിലാസങ്ങളും കണ്ടപ്പോള്‍ കൈയിലിരിക്കുന്നത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറിയാണോ എന്ന് സംശയിച്ചുപോയി. 

കേരളത്തിലെ പക്ഷിനിരീക്ഷകര്‍ക്ക് രണ്ട് ബൈബിളുകളാണുണ്ടായിരുന്നത്. സാലിം അലിയുടെ 'ബേഡ്‌സ് ഓഫ് കേരള'യും ഇന്ദുചൂഡന്റെ  'കേരളത്തിലെ പക്ഷിക'ളും. 'ബേഡ്‌സ് ഓഫ് കേരള'യുടെ പകര്‍പ്പവകാശം കേരള സര്‍വ്വകലാശാലയ്ക്കായിരുന്നു. സര്‍വ്വകലാശാലയുടെ ചാന്‍സലറായിരുന്ന ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ദീര്‍ഘവീക്ഷണത്തോടെ ചെയ്തുവച്ച കാര്യം. പക്ഷേ, പുതിയ കാലത്തെ സര്‍വ്വകലാശാലയ്ക്ക് അക്ഷരങ്ങളോട് അത്രമേല്‍ സ്‌നേഹമുള്ളതുകൊണ്ട് അവരത് വനംവകുപ്പിനെ ഏല്പിച്ച് കൈയൊഴിഞ്ഞു! വനംവകുപ്പ് ലക്ഷക്കണക്കിന് രൂപകൊടുത്ത് അവരുടെ ആസ്ഥാന പണ്ഡിതന്‍ ആര്‍. സുഗതനെക്കൊണ്ട് അത് പരിഷ്‌ക്കരിപ്പിച്ചു. ഇന്നിപ്പോള്‍ പത്തുമുഴം നീളമുള്ള കോലുകൊണ്ട് പോലും തൊടാന്‍ കൊള്ളാത്ത പരുവത്തിലായിരിക്കുന്നു അത്. അഞ്ചാം പതിപ്പായപ്പോള്‍  'കേരളത്തിലെ പക്ഷിക'ളുടെ അവസ്ഥയും അതുതന്നെ. ഗ്രന്ഥം മൂന്ന് പകര്‍ത്തിയപ്പോള്‍ മുഹൂര്‍ത്തം മൂത്രമായിത്തന്നെ വന്നു!

തടിക്കച്ചവടത്തെക്കാള്‍ ലാഭകരമെന്ന് കണ്ടിട്ട് പക്ഷിനിരീക്ഷണത്തിനിറങ്ങിയ  ആളല്ല കെ.കെ. നീലകണ്ഠന്‍. പക്ഷിനിരീക്ഷണം തനിക്കെന്തായിരുന്നുവെന്ന്  'കേരളത്തിലെ പക്ഷിക'ളിലൊരിടത്ത് അറിയാതെ പറഞ്ഞുപോയിട്ടുണ്ട് അദ്ദേഹം. താന്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരു ആട്ടക്കാരന്‍ പാറ്റപിടിയന്റെ കൂട്ടിലെ കുഞ്ഞിനെ ഇരപിടിയന്മാരാരോ തട്ടി. ഒഴിഞ്ഞ കൂട് കണ്ടപ്പോള്‍ പക്ഷിപ്രേമിക്ക് സങ്കടമായി. കുറച്ചാലോചിച്ചപ്പോള്‍, അസംഖ്യം പാറ്റകളേയും അവയുടെ കുഞ്ഞുങ്ങളേയും തിന്നൊടുക്കുന്ന പാറ്റപിടിയന്‍ ദമ്പതികളുടെ കുഞ്ഞ് മറ്റൊരു ഇരപിടിയന് ഇരയായെന്നേയുള്ളൂ എന്നും, ഇതാണ് പ്രകൃതിനിയമമെന്നും സമാധാനിച്ചു: ''ഈ വേദാന്തവും പഠിച്ച് ബോധിവൃക്ഷത്തിന്റെ മൂട്ടില്‍നിന്ന് ഗൗതമന്‍ നടന്നതുപോലെ, ഞാനും നടന്നു. പക്ഷേ, ലോകത്തിന് പുതിയൊരു മതം നല്‍കാനല്ല, എന്റെ യാതനകള്‍ക്ക് പ്രതിവിധിയായി പക്ഷിനിരീക്ഷണം തുടരുവാന്‍, മറ്റൊരു പക്ഷിക്കൂട് അന്വേഷിച്ചു.''

ഭൗതിക നേട്ടങ്ങള്‍ക്കൊന്നും വേണ്ടിയല്ലാതെ, ഒരു മനുഷ്യന്‍ ഒരു പുരുഷായുസ്സ് മുഴുവന്‍ നടത്തിയ തപസ്സിന്റെ പുണ്യഫലമാണ്  'കേരളത്തിലെ പക്ഷികള്‍' പക്ഷി എന്ന അത്ഭുതം ആ പുസ്തകത്തില്‍ പൂര്‍ണ്ണ തേജസ്സോടെ തിളങ്ങിനില്‍ക്കുന്നു. അതിലൊന്നും കൂട്ടിച്ചേര്‍ക്കാനില്ല; ഒന്നും കളയാനുമില്ല. അക്ഷരത്തെറ്റില്ലാതെ അച്ചടിച്ചുകൊടുക്കാന്‍ കഴിഞ്ഞാല്‍, ഇന്ദുചൂഡന്റെ അനവദ്യഗദ്യം ഏറിയ തലമുറകള്‍ വായിച്ച് നിര്‍വൃതികൊള്ളും. 
പക്ഷേ, അത് കേരള സാഹിത്യ അക്കാദമിക്ക് ചെയ്യാന്‍ കഴിയുമോ? ദാറ്റീസ് ദി ക്വസ്റ്റ്യന്‍. അതാണ് ചോദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com