ഗലാപഗോസില്‍ ഇപ്പോഴും ആമകളുണ്ടോ?

കിഴക്കന്‍ ശാന്തസമുദ്രതീരത്തുള്ള ദ്വീപുകളാണ് ഗലാപഗോസ് ഐലന്റ്‌സ്, ഈ പേര്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഉണരുന്ന ചിത്രം ഒരുപാട് വര്‍ഷങ്ങള്‍ മുന്‍പ് കണ്ട ഒരു കൂറ്റന്‍ ആമയാണ്.
ഗലാപഗോസില്‍ ഇപ്പോഴും ആമകളുണ്ടോ?

കിഴക്കന്‍ ശാന്തസമുദ്രതീരത്തുള്ള ദ്വീപുകളാണ് ഗലാപഗോസ് ഐലന്റ്‌സ്, ഈ പേര്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഉണരുന്ന ചിത്രം ഒരുപാട് വര്‍ഷങ്ങള്‍ മുന്‍പ് കണ്ട ഒരു കൂറ്റന്‍ ആമയാണ്. വളര്‍ന്നുനില്‍ക്കുന്ന ഒരു കാക്റ്റസ് (Cactus) ചെടിയുടെ കീഴെ. Nature-നെ സംബന്ധിക്കുന്ന ശ്രദ്ധേയമായൊരു ഗ്രന്ഥത്തില്‍ നിന്നാണ് സാ(ല്‍)മണ്‍ മത്സ്യങ്ങളെക്കുറിച്ചും സര്‍ഗോസ കടലിടുക്കിനെക്കുറിച്ചും ആര്‍ട്ടിക്കിലെ തുന്ത്രയെക്കുറിച്ചും ആല്‍ബട്രോസ്സിന്റെ ഗംഭീരമായ ചിറകുകളെക്കുറിച്ചും ഒക്കെ മനസ്സിലാക്കിയത്. (A Family Guide To Nature)

ആമകളുടെ പുറത്ത് കാണാവുന്ന കഴുത്തും കൈകാലുകളും കൂറ്റന്‍ പുറന്തോടും, അത് സാവകാശം വിഹരിക്കുന്ന വളര്‍ന്നു മുറ്റിയ, ഏകദേശം പതിനഞ്ചടിയോളം ഉയരത്തില്‍ ഒരു ചടുകക്കള്ളി സസ്യത്തിന് കീഴെ. Turtle എന്നു പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന ഈ ഉഭയജീവിയുടെ ഏറ്റവും മുഴുപ്പുള്ള ഇനമാണ് ഈ ദ്വീപില്‍ വസിച്ചിരുന്നത്. പരിണാമ ദര്‍ശനത്തിന്റെ ജൈവകമാനമായി ഭവിച്ചത്, ഡാര്‍വിനെ സംബന്ധിച്ചിടത്തോളം ഈ ദ്വീപാന്തര്‍ഭാഗമാണ്. ഗലാപഗോസിലെ ആമകളെപ്പോലെ, ഡാര്‍വിനെ ഉദ്ദീപ്തനാക്കിയ മറ്റൊരു ജൈവദൃശ്യം വേറില്ലെന്നു തന്നെ നമുക്ക് അനുമാനിക്കാം. എങ്ങനെയാണ് ഡാര്‍വിന്‍, ഈ പ്രാചീന ദ്വീപസമൂഹത്തിലേക്ക് നിര്‍ണ്ണയിക്കപ്പെട്ടത് എന്നതിന് തീര്‍പ്പുകളില്ല. ജീവരാശിയെ സ്പര്‍ശിക്കുന്ന ആഴത്തിലുള്ള ഒരു പരിമാണപ്രതിഭാസം, ഇവിടെ തന്നെ കാത്തിരിക്കുന്നു എന്നറിയാതെയാവണം, ഡാര്‍വിന്‍, ഈ ദ്വീപില്‍ കാല്‍കുത്തിയത്. ഏറ്റവും അന്യാഖ്യേയമായ ഈ സാന്നിധ്യത്തില്‍നിന്നുതന്നെയാവണം, സ്വാഭാവികമായ തെരഞ്ഞെടുപ്പ്, Natural Selection എന്ന തന്റെ ജൈവാവബോധത്തിലേക്ക് ഡാര്‍വിന്‍ എത്തിയത്, എത്തിയത് എന്നോ ഉണര്‍ന്നതോ എന്നോ പറയേണ്ടത്, നിശ്ചയമില്ല. ജീവിവര്‍ഗ്ഗത്തില്‍ മാത്രമല്ല, ഡാര്‍വിന്‍ തന്റെ ശ്രദ്ധ ഊന്നിയത്. സസ്യജാലത്തില്‍ കൂടിയാണ്, അവയുടെ 'ഉളവാകലില്‍' കൂടിയാണ്. മനുഷ്യനു മാത്രമായി ഒരു പരിണാമഗാഥ നിരര്‍ത്ഥകമാണെന്ന് തിരിച്ചറിയാന്‍ ഡാര്‍വിന് തെല്ലും താമസം നേരിട്ടിരിക്കില്ല. അതുകൊണ്ടാണല്ലോ Origin of Species-ന്റെ ഒരു പുറം മറിയുമ്പോള്‍, യുഗങ്ങള്‍ തന്നെ, സസ്യ-ജന്തു-പക്ഷിജാലങ്ങള്‍ ഉള്‍ക്കൊള്ളുന്ന യുഗങ്ങള്‍, മാറി മറിയുന്നതായി ഔത്സുക്യം പൂണ്ട മനസ്സുകള്‍ ധരിക്കുന്നത്; ഇപ്പോഴും. ഭൂമി എന്ന ഗ്രഹത്തിന്റെ ഹരിതരാശിക്ക് അസംഖ്യം ജൈവധ്വനികള്‍ അരുളുകയായിരുന്നല്ലോ, ഡാര്‍വിന്‍ - അവ ഓരോന്നിനേയും തിരിച്ചറിഞ്ഞു എന്ന സാംഗത്യത്തില്‍, അല്ലാതെ അവയ്ക്ക് കാരണഭൂതന്‍ എന്ന നിലയ്ക്കല്ല!

ഗലാപഗോസ് ദ്വീപിന്റെ അപൂര്‍വ്വ ഭംഗികളാണ്, Turtoise Shell Butterfly ഉം Turtoise Shell Cty- ഉം. ഈ ദ്വീപിലെ അപൂര്‍വ ഭംഗികളാണ് മഞ്ഞയും തവിട്ടും കലര്‍ന്ന വര്‍ണ്ണപ്രസരം സ്വാഭാവികമായും ഇവിടുത്തെ കരയാമകളെ അനുകൂലിച്ചുകൊണ്ട് തഴുകിപ്പോവുന്നു. Natural Selection എന്നതുപോല്‍, Natural Evolution എന്നേ ഈ ഇനങ്ങളുടെ ആവാസത്തിന് കാരണം തേടാവു. ദ്വീപുകളില്‍ ആവാസം തേടുന്ന പക്ഷികള്‍ പലതും, ഒരുപാട് ദൂരങ്ങളിലേക്ക് പറക്കുകയില്ല, പറക്കാനുള്ള ശേഷിയും കൈവരിക്കയില്ല. ആര്‍ത്തുവരുന്ന തിരമാലകള്‍ അവയുടെ ചിറകുകളെ പരിമിതപ്പെടുത്തുകയാവാം. ശാന്തസമുദ്രത്തിലെ തിരമാലകള്‍ക്ക് ഒരു സവിശേഷത ഉണ്ടെന്ന് അറിയാമല്ലോ. അവ ഏറ്റം വിസ്മൃതിയാര്‍ന്നതാണ്, അറ്റ്‌ലാന്റിക്ക് സമുദ്രത്തെ, ഇന്ത്യന്‍ സമുദ്രത്തെ, ആര്‍ട്ടിക് സമുദ്രത്തെ അപേക്ഷിച്ച്. ഇവയില്‍ ഏറ്റം ആഴം കുറഞ്ഞതും തിരമാലകള്‍ ഇല്ലാത്തതും ആര്‍ട്ടിക് സമുദ്രമാണ്, ശരാശരി അയ്യായിരം അടിയിലേറെ ആഴമില്ല, അതിനെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ഹിമനിരകള്‍ കുറുകെ വരുന്നേടത്ത് എവിടെയോ പതിനെണ്ണായിരം അടി ആഴത്തില്‍ ഒരു കടലിടുക്ക് ഉണ്ടെന്നു മാത്രം. ഇന്ത്യന്‍ സമുദ്രവും അറ്റ്‌ലാന്റിക് സമുദ്രവും കുറേക്കൂടി ആഴത്തില്‍ ജലം സംഭരിച്ചുവെച്ചിരിക്കുന്നു. ശരാശരി പതിമൂവ്വായിരം, പതിനാലായിരം അടി. ശാന്തസമുദ്രവും അതേ ആഴങ്ങളിലാണ് പുലര്‍ന്നുപോരുന്നത്. പക്ഷേ, Mariana Trench എന്ന് അടയാളപ്പെടുത്തപ്പെട്ട ഭൂമിയുടെ വക്ഷസ്സ്, പൊടുന്നനെ ഇരുപതിനായിരം അടിയിലേറെ, വീണ്ടും താഴുന്നു, കൃത്യമായി 36198 അടി. ഏഴുമൈല്‍ താഴ്ച, എവറസ്റ്റിനെ ഗര്‍ഭം ധരിക്കാന്‍ പോന്നവിധം! അതിലെന്തു വിശേഷമെന്ന് ചിന്തിച്ചുവോ? ഒരിക്കല്‍, എന്നു പറഞ്ഞാല്‍, എത്ര യുഗങ്ങള്‍ പിറകോട്ടു പോവണം, അന്ന് ഭൂമിയില്‍ ഹിമാലയശൃംഗങ്ങള്‍ ഇല്ലായിരുന്നു! അവ കടലില്‍ ആഴ്ന്നു വര്‍ത്തിച്ചിരുന്നുവെന്ന് ധരിക്കുന്നത് എത്ര വിഭ്രാമകമായ ഭൂഗര്‍ഭപ്പൊരുളാവും? ടെത്തിസ് കടലിടുക്കിനെക്കുറിച്ച്, കടലാഴങ്ങള്‍ എന്നല്ലേ എഴുതേണ്ടത്, ധരിച്ചതും എഴുതിയതും മുപ്പതു വര്‍ഷങ്ങള്‍ മുന്‍പാണ്, ആദ്യത്തെ ഹിമാലയ യാത്രാനന്തരം. പത്തോ പന്ത്രണ്ടോ കോടി വര്‍ഷങ്ങള്‍ മുന്‍പുണ്ടായിരിക്കാവുന്ന Continental Drift, ഭൂഖണ്ഡങ്ങളുടെ വേര്‍പിരിയല്‍, ആണ് ഹിമാലയത്തെ ഉരുവാക്കിയത്, അഥവാ ശാന്തസമുദ്രത്തില്‍നിന്ന്  ഏതോ അജ്ഞേയമായ മഥനത്തിലൂടെ. ഗലാപഗോസ് കരയാമകളിലേക്ക് ചെല്ലട്ടെ-

ജൈവനീതിയുടെ സ്ഫുരണങ്ങള്‍
Turtle, Tortoise, Terrapin എന്നിങ്ങനെയാണ് തോടുള്ള ഈ ജീവികള്‍ (Reptiles) വേര്‍തിരിക്കപ്പെടുന്നത്, ഉരഗങ്ങള്‍ ഉള്‍പ്പെടെ. പാമ്പുകള്‍ക്ക് തോടില്ല, ഉറയൂരല്‍ Moulting, അനുശീലിക്കുമെങ്കിലും. എത്ര നേര്‍ത്ത ആവരണവും തോടായി കണക്കാക്കപ്പെടുന്നുണ്ടാവണം. കടലാമകളാണ്, Turtle എന്ന് വ്യവച്ഛേദിക്കപ്പെടുക, Green Turtle എന്ന പേരില്‍ത്തന്നെ ജല സ്ഫുരണമുണ്ട്. Terrapin എന്ന വിഭാഗത്തില്‍പ്പെടുന്നവയും ശുദ്ധജലത്തില്‍ പാര്‍ക്കുന്നവയാണ്. അവയുടെ ഇറച്ചി കുറേക്കൂടി രുചികരമെന്ന് മനുഷ്യര്‍ കണ്ടെത്തിയിരിക്കുന്നു. വാതത്തിനും മലബന്ധത്തിനുമൊക്കെ ആമയിറച്ചി ഔഷധമാണെന്നത് അല്‍പ്പം വിചിത്രമാണ്. മനുഷ്യന്റെ ശരീരവ്യവസ്ഥയിലെ ക്രമക്കേടുകള്‍, മറ്റൊരു ജീവിയുടെ ഇറച്ചികൊണ്ട്, അതേത് രൂപത്തിലായാലും, നിവൃത്തിക്കാമെന്നത്! അഷ്ടാംഗഹൃദയത്തില്‍ അവ്വിധം ചില നിര്‍ദ്ദേശങ്ങളുണ്ടെന്നറിയുമ്പോഴും, ഞാന്‍ അതിന്റെ സത്യാത്മകതയെക്കുറിച്ച് സന്ദേഹാലുവാണ്. നമ്മുടെ ആഹാരക്രമമോ ജീവിതക്രമമോ തെറ്റുമ്പോള്‍ ഉളവാകുന്ന താളക്കേടുകള്‍ക്ക് നിഷ്‌കളങ്കനായ ഈയൊരു ജീവിയുടെ ഇറച്ചി എടുക്കുമെന്നതില്‍ ജൈവനീതിയില്ല, തീര്‍ത്തും. ആനന്ദിന്റെ പഴയൊരു മൂര്‍ച്ചയേറിയ കഥയില്‍, ആമയെ ക്രൂരമായി വേദനിപ്പിച്ച് ഇറച്ചി പുറത്തെടുക്കുന്ന സന്ദര്‍ഭമുണ്ട്. മലയാളത്തില്‍ ഒരുപക്ഷേ, ഇന്ത്യന്‍ സാഹിത്യത്തില്‍ തന്നെ ഇത്രയും ഇതരജീവികാരുണ്യം അന്തര്‍വഹിക്കുന്ന മറ്റൊരു രചന ഉണ്ടാവുമെന്ന് തോന്നുന്നില്ല. ആ കഥ ഒരിക്കല്‍ അനുഭവിച്ച സഹൃദയന്‍, പിന്നീട് ഒരിക്കലും ആമയുടേതെന്നല്ല, ഏതു ജീവിവര്‍ഗ്ഗത്തിന്റേയും, പക്ഷിവര്‍ഗ്ഗത്തിന്റേയും ഇറച്ചി കാംക്ഷിക്കുകയില്ല. വെടിയിറച്ചി എന്നതിനോളം അശ്ലീലം കലര്‍ന്ന മറ്റൊരു പദമില്ലെന്ന് ഞാന്‍ ദൃഢീകരിക്കട്ടെ. 

കരയിലും ജലത്തിലും പുലരാന്‍ ശേഷിയുള്ളവയാണ് ആമകള്‍; ഇഴജീവികളില്‍ ആമകള്‍ക്കു മാത്രമേ അങ്ങനെയൊരു ഉഭയാസ്തിത്വമുള്ളു. പാമ്പുകള്‍ ജലാശ്ലേഷത്തിലേക്ക് വെമ്പുമെങ്കിലും കരയാണ് അവയ്ക്ക് പഥ്യം. ഇഴച്ചില്‍ എപ്പോഴും മണ്ണിനെ, ഇലച്ചാര്‍ത്തുകളെ നിനവില്‍ കൊണ്ടുവരുന്നു. ഇതിന് ഏറെക്കുറെ വിപരീതമായി ആമകള്‍ എപ്പോഴും ജലത്തെ അഭിലഷിക്കുന്നു. കടലാമകള്‍ (Sea Turtles) പ്രജനനത്തിനു വേണ്ടിയാണ് കരയെ പ്രാപിക്കുക. ജലത്തിന്റെ ഊഷ്മളത വിട്ട് കരയിലേക്ക് ഉത്സുകരാവുന്ന കടലാമകള്‍, മണലില്‍ കുഴികള്‍ ചികഞ്ഞ് അണ്ഡങ്ങള്‍ നിക്ഷേപിക്കുന്നു; തിരിച്ചുപോവുന്നു. പിന്നീട് എപ്പോഴെങ്കിലും അവ(ര്‍) ആ മണല്‍പ്പുറങ്ങളില്‍ തിരികെ എത്തുന്നു. അപ്പോഴേയ്ക്കും കടലാമക്കുഞ്ഞുങ്ങള്‍ വളര്‍ന്ന് കടലിലേക്ക് കുതിച്ചുപോയിരിക്കും. മണല്‍പ്പരപ്പില്‍നിന്ന് കടലോരത്തിലേക്കുള്ള 'സാഹസികയാനം' പ്രശ്‌നങ്ങളില്ലാതെ മുഴുമിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍! അരബാഡ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രതിഭാസത്തിനു പിറകില്‍, അവയുടെ ഗൂഢചോദനകളിലൊന്നു പ്രവര്‍ത്തിക്കുന്നുവോ എന്നു സംശയിച്ചേക്കാം. പുനരാഗമനം എന്ന് അര്‍ത്ഥം വരുന്ന അരിബാഡ, ദേശാടന സംബന്ധിയായ ഒരു പ്രഹേളികയല്ല. പ്രജനനോന്മുഖതയാണ് അതിനു പിറകില്‍. തങ്ങള്‍ വിരിഞ്ഞ മണല്‍പ്പുറങ്ങളിലേക്ക് അവയെ തിരിച്ചുവിളിക്കുന്ന എന്തോ ഒന്ന്, ഗൂഢമല്ലെങ്കില്‍ മറ്റെന്താവും? അരിബാഡ സ്വപ്നം കാണുന്നവര്‍ എന്ന പേരില്‍ സനന്ദനന്‍ എടുത്ത ഒരു ഫ്രെഞ്ച് ഡോക്യുമെന്ററിയുണ്ട്, നെയ്തലിലെ - നീലേശ്വരം - ശ്രേഷ്ഠമായ കടലാമക്കുഞ്ഞുങ്ങളുടെ പരിരക്ഷണയജ്ഞം കേന്ദ്രീകരിച്ച്. ഒന്‍പതോ പത്തോ വര്‍ഷങ്ങള്‍ മുന്‍പാണ് ഞാന്‍ അവിടെ ചെന്നത്, ഈ 'യജ്ഞ'ത്തിന് സാക്ഷിയായതും. 

കൂര്‍മ്മങ്ങളില്‍ ചിലവ ജലശയ്യ കാംക്ഷിക്കാത്തവരുണ്ട്, നേരത്തെ സൂചിപ്പിച്ചതില്‍നിന്ന് ഭിന്നമായി. പകരം മണല്‍ശയ്യയാണ് അവരുടെ താല്പര്യം, മരുഭൂമി തന്നെ. മരുഭൂമിയിലെ അഹിതകരമായ ചൂട് അവ അതിക്രമിക്കുക, മണലില്‍ പൂഴ്ന്നുകൊണ്ടാണ്, അല്ലെങ്കില്‍ പൊത്തുകള്‍ നിര്‍മ്മിച്ചാണ്. അപ്പോഴും അവ, അവസരം ലഭിക്കുമ്പോഴൊക്കെ ജലം, വലിയ അളവില്‍ ചെറിയ രന്ധ്രങ്ങളിലൂടെ മോന്തിക്കൊണ്ടിരിക്കും! ചടുകക്കള്ളിയില്‍നിന്ന്, മറ്റു മരുഭൂമിയിലെ സസ്യങ്ങളില്‍നിന്ന് ജലശേഖരം, അവ ആവോളം നുകരുന്നു. കടലിലെ ലവണഭരമായ സുഖാശ്ലേഷം രസിക്കുന്ന ആമകള്‍, മരുഭൂമിയിലെ ഊഷരത എങ്ങനെ അതിജീവിക്കുന്നു എന്നത് ഒരു പ്രഹേളികയില്‍ കുറഞ്ഞ ഒന്നല്ല. പ്രത്യേകിച്ച്, അവയുടെ തോടുകള്‍ ചൂടുപിടിക്കും എന്ന ജൈവയാഥാര്‍ത്ഥ്യം കണക്കിലെടുക്കുമ്പോള്‍. പുറന്തോടുകളിലേക്ക് ഉള്‍വലിയുക എന്നതുതന്നെയാണ് ഈ ജീവികളെ സംബന്ധിച്ച് സമര്‍ത്ഥമായ പ്രച്ഛന്നത- Camonflage. പിന്നീട് അവ വിരളമായേ ആക്രമിക്കപ്പെടാറുള്ളു.

കടലിലായാലും കരയിലായാലും മരുഭൂമിയിലായാലും ആമകള്‍ സസ്യഭുക്കുകളാണ്, മണ്ണിരയൊഴികെ മറ്റൊരു പുഴുവും അവയ്ക്ക് ഇഷ്ടമല്ല. ആമസോണ്‍ നദിയില്‍ വിഹരിക്കുന്ന ആമകള്‍ ചിലപ്പോഴൊക്കെ ചെറിയ മത്സ്യങ്ങളെ തിന്നാറുണ്ട്. പല്ലില്ലാത്തതിനാല്‍ അത് എളുപ്പമല്ലെങ്കിലും. ആമകള്‍ അപൂര്‍വ്വമായി ഇരകളായി ഭവിക്കുന്നത്, കഴുകന്മാര്‍ക്കാണ്. അവയെ റാഞ്ചിക്കൊണ്ട് ആകാശത്തിലേക്ക് ഉയരുന്ന ഗൃദ്ധ്രങ്ങള്‍ ആമകളുടെ പുറന്തോടുടയ്ക്കുന്നത് വിദഗ്ദ്ധമായാണ്. പാറകളിലേക്ക് ഉയരത്തില്‍നിന്ന് വീഴ്ത്തിക്കൊണ്ട് - 'അനിമല്‍ പ്ലാനറ്റി'ല്‍ എന്നോ ഒരിക്കല്‍ ഈ ദൃശ്യം കണ്ടതോര്‍മ്മയുണ്ട്. എന്തായാലും ആനന്ദിന്റെ കഥയില്‍നിന്ന് എത്രയോ മാര്‍ദ്ദവമാര്‍ന്നതാണ് ഈ തോടുടയ്ക്കല്‍. അതില്‍ അതിജീവനത്തിന്റെ ദയാരാഹിത്യമാണല്ലോ, രുചിഭ്രാന്തിന്റെ നൃശംസതയെക്കാളേറെ. ഉള്‍വലിയുക, Withdraw എന്ന ക്രിയാപദം ഉല്‍ഭവിച്ചത്, ആമകളില്‍നിന്നാവണം, അവയുടെ ചോദനയില്‍ നിന്നാവണം. മനുഷ്യരില്‍, മനസ്സിന്റെ പേശികളാണ് ഉള്‍വലിയുകയെങ്കിലും! പഞ്ചതന്ത്രകഥകള്‍ക്കുവരെ പ്രമേയമായി ഭവിച്ച ആമകളുടെ മന്ദവേഗം, കരയാമകളെ സംബന്ധിച്ചാണ്. ജലത്തില്‍ ആവാസം തേടുന്ന ആമകള്‍, വിശേഷിച്ച് കടലാമകള്‍ അങ്ങനെ മന്ദവേഗികളല്ല. മണിക്കൂറില്‍ മുപ്പതോ നാല്പതോ കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പോന്നവരാണ് അവ. മാത്രമോ, ഈ ആമകളുടെ പ്രതികരണവേഗം ശ്രദ്ധേയമാണ്. ആത്മരക്ഷാര്‍ത്ഥം അവ ചിലപ്പോള്‍ ദ്രുതഗതിയില്‍ കൈകള്‍ കൊണ്ടടിക്കും, Snapping Turtle. തുഴയാന്‍ സമര്‍ത്ഥമായ കാലുകളും അവയ്ക്കുണ്ട്, Flipper-Like. കരയില്‍ അങ്ങനെ തുഴയാവതല്ലല്ലോ. ജലം അത്തരം ചലനങ്ങളെ അഭിഗമ്യമാക്കുന്നുവെന്നു തോന്നും. 'പതുക്കെ' എന്നതിന്റെ മൂര്‍ത്തീമദ്ഭാവമായ കൂര്‍മ്മങ്ങള്‍ മനുഷ്യന് ഒരുപാട് വേഗങ്ങളുടെ ചുഴിയില്‍ അകപ്പെട്ടുപോയ മനുഷ്യന്- ഒരു സ്വയം ശിക്ഷണമേകുന്നു. ഒച്ചുകളെക്കാളേറെ സ്വാഭാവികമായി- Slowness എന്ന് അടയാളപ്പെടുത്താന്‍ നമുക്ക് ആമകളേ ഉള്ളൂ, ഒച്ചുകളെക്കാള്‍ മനുഷ്യന്  സമീപസ്ഥമെന്ന പഴുതില്‍. ഇവയുടെ ഊര്‍ജ്ജവ്യയം ഏറെ ചുരുങ്ങുന്നു എന്നത് ശ്രദ്ധേയമാണ്. ചില ആമകള്‍ ഒരുപാടു ദശാബ്ദങ്ങള്‍ ജീവിക്കാറുണ്ട്, മനുഷ്യനാല്‍ തുരത്തപ്പെട്ടില്ലെങ്കില്‍. ഈ ചുരുങ്ങിയ ഊര്‍ജ്ജവിനിമയം, അല്ല, ഊര്‍ജ്ജ വിനിയോഗം ആണ്, Minimal expenditure of Energy, നാം വശത്താക്കേണ്ട ഒരു ആരോഗ്യപാഠം. ആയുരാരോഗ്യസൗഖ്യം എന്നതിനെ നിങ്ങള്‍ ഗൗനിക്കുന്നുവെങ്കില്‍! കടലാമകളുടെ ലൈംഗിക സ്വഭാവത്തിലും ഇത് പ്രതിഫലിക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. (തോടുള്ള ഈ ജീവികളുടെ ഇണചേരല്‍ എങ്ങനെയെന്ന് നിങ്ങള്‍ അത്ഭൂതംകൂറിയേക്കാം. അതിന്റെ ശാരീരിക വ്യവസ്ഥകളൊക്കെ പ്രകൃതി, അല്ല, ജൈവസത്ത കൃത്യമായി രൂപപ്പെടുത്തിയിട്ടുണ്ട്.

ആമകളുടെ ലൈംഗികസ്വഭാവം
എല്ലാ ജന്തുജാതികളേയും പോലെ ആമകളും പിന്‍വശത്തൂടെയാണ് ഇണയെ പ്രാപിക്കാറ്, അവിടെ തോടിന്റെ ഭാഗം ഒഴിവായിരിക്കുന്നു. ആണാമ ഈ വേളകളില്‍ വിചിത്രമായ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതായി യു ട്യൂബില്‍ വീഡിയോ ഉണ്ട്; പക്ഷേ, പെണ്ണാമകള്‍ തീര്‍ത്തും നിശ്ശബ്ദരായിരിക്കുമത്രെ. പെണ്‍കുയിലുകളെ ഓര്‍മ്മിപ്പിക്കും വിധം. ആമകള്‍ക്ക് ശ്രവണശേഷി മാത്രമല്ല, കാഴ്ചയും സമുദ്രാന്തര്‍ഭാഗത്ത് കൂടി വിധിച്ചിട്ടുണ്ട്. വര്‍ണ്ണക്കാഴ്ചകള്‍ എന്നുകൂടി അവര്‍ പറയുമ്പോള്‍ നമുക്ക് അതിശയം തോന്നിയേക്കാം. ഇണചേരലിലും നേരത്തെ വ്യക്തമാക്കിയ മിതോര്‍ജ്ജം നിഴലിക്കുന്നുണ്ട്. ദീര്‍ഘസുരതമാണെങ്കിലും, അതിന്റെ ഇടവേളകള്‍ നീണ്ടതാണ്. ഇത് ഒരുപക്ഷേ, ജന്തുജാതിയെ സംബന്ധിച്ചുള്ള ഒരു പൊതുവായ പെരുമാറ്റമായിരിക്കണം, നായ്ക്കളേയും പൂച്ചകളേയും മാറ്റിനിര്‍ത്തിയാല്‍; പന്നികളേയും. ജീവശ്രേണിയില്‍ ഉയര്‍ച്ച കൂടുന്തോറും അവയുടെ ലൈംഗികാവിഷ്‌കാരങ്ങള്‍, Sexual Expressions, ഒരുപാട് ഇടവേളകളിലാണ്. ഹോമോസേപിയനെപ്പോലെ, അവയ്ക്ക് അങ്ങനെ ദിനസരികളില്ല, വര്‍ദ്ധിച്ച രത്യാസക്തിയുമില്ല. വിവിധ സര്‍ഗ്ഗാത്മക രഥ്യകളില്‍ പ്രയാണം ചെയ്യുവാന്‍ കഴിവുള്ള മനുഷ്യന്‍ ലൈംഗികതയില്‍ ഇങ്ങനെ അഭിരമിക്കുന്നുവെന്നത് ആനുപാതികമല്ലെന്നു മാത്രം, Dispro portionate, പറയട്ടെ. അമിതമായ ഈ ഊര്‍ജ്ജവ്യയം ഒതുക്കാനാണ് യോഗാനുശീലനങ്ങള്‍ കണ്ടെത്തപ്പെട്ടത്. 

ആമകളും ശിശിരകാലനിദ്ര (Hibernation) അവലംബിക്കാറുണ്ട്, ചളിയില്‍ ഇലചാര്‍ത്തുകളില്‍ പുതഞ്ഞുകിടന്നുകൊണ്ട്. അക്കാലങ്ങളില്‍, അവ ശ്വസിക്കകൂടിയില്ലത്രെ! അവയുടെ തോടില്‍ സംഭരിക്കപ്പെട്ട പ്രാണവായു മതിയാവും, ഏറ്റവും കുറഞ്ഞ ചയാപചയ പ്രക്രിയയ്ക്ക്. ഇവ്വിധം നിയന്ത്രണങ്ങളും മിതവ്യയങ്ങളും ഒക്കെ പിന്തുടരുന്ന ആമകളും, ആഗോളതാപനത്താല്‍ ബാധിക്കപ്പെടുന്നുണ്ട്. ഗലാപഗോസിലെ ആമകള്‍ക്കു പുറമെ, കടലില്‍ ആവസിക്കുന്ന കൂര്‍മ്മവും അതിന്റെ ദൂഷ്യങ്ങള്‍ക്ക് വിധേയരാവുന്നെന്ന് ധരിക്കുമ്പോള്‍, അതിന്റെ ഉത്തരവാദികളായ നമുക്ക് കയ്പാര്‍ന്ന കുറ്റബോധം തോന്നേണ്ടതുണ്ട്. ഹിമക്കരടിയെപ്പോലെ തീക്ഷ്ണമായില്ലെങ്കിലും ആമകളും ഇതിന്റെ വൈപരീത്യത്തിന് ഇരയായി ഭവിക്കുന്നു. അവയുടെ ലിംഗനിര്‍ണ്ണയത്തില്‍ അനാരോഗ്യകരമായ ഒരു അനുപാതം വന്നുചേര്‍ന്നത് ഈ താപവര്‍ദ്ധനവ് ഹേതുവാണ്.

നെയ്തലിലെ ഹാച്ചറിയില്‍നിന്ന് ലഭ്യമായ പരീക്ഷണഫലങ്ങളാണ് ഞാന്‍ അവതരിപ്പിക്കുന്നത്. അവിടെ പരിരക്ഷിക്കപ്പെടുന്ന കടലാമക്കുഞ്ഞുങ്ങളെ നിരീക്ഷിക്കാന്‍ എനിക്ക് അവസരം ലഭിച്ചത്, നേരത്തെ സൂചിപ്പിച്ചതുപോലെ, എട്ടൊന്‍പത് വര്‍ഷങ്ങള്‍ മുന്‍പാണ്. നീലേശ്വരം കടല്‍പ്പുറത്തെ ആ അപരാഹ്നം, അതിന്റെ അലകള്‍ ഇപ്പോഴും മനസ്സിലുണ്ട്. അഹിതകരമായ താപവര്‍ദ്ധന ഈ ഭ്രൂണങ്ങളെ പെണ്‍ജാതികളാക്കുന്നതായാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്.

25 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമേ, ആണ്‍ജാതികള്‍ക്ക് സാധ്യതയുള്ളൂ; ഇവിടെ, അത് 30 ഡിഗ്രി സെല്‍ഷ്യസ് ആവുന്നു. താമസിയാതെ, അത് അഞ്ചു ഡിഗ്രികൂടി വര്‍ദ്ധിച്ചേയ്ക്കാം, എങ്കില്‍ കുഞ്ഞുങ്ങളുടെ വിരിയല്‍ തന്നെ നിലച്ചുപോവും. ആണ്‍ കടലാമകളില്ലാതാവുന്നതോടെ, പ്രജനനത്തിന്റെ സാധ്യത ഗണ്യമായി കുറഞ്ഞുവരും. പെണ്‍കൂര്‍മ്മങ്ങള്‍ ഇല്ലാതായാലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയൊക്കെ പ്രധാനമായി വരുന്നത് ആനുപാതികം (Proportionate) എന്ന വാക്കാണ്. ആശയമാണ് ഈ ജീവലോകം തന്നെ അധിഷ്ഠിതമായിരിക്കുന്നത്, ആ ഭദ്രമായ അനുപാതത്തിലാണ്. കേവലം ഒരു ജീവിവര്‍ഗ്ഗത്തിനു മാത്രമുള്ളതല്ല, ഈ വിപര്യയം എന്നുകൂടി കാണാനുള്ള പാരിസ്ഥിതിക വിവേകം നാം സ്വായത്തമാക്കേണ്ടതുണ്ട്. മണല്‍ത്തീരങ്ങളില്‍, ആമകളുടെ വഴിയടയാളം തേടിപ്പിടിച്ചാണ് നെയ്തലിലെ യുവാക്കള്‍, ഈ മുട്ടകള്‍ നിക്ഷേപിച്ച ഇടങ്ങള്‍ കണ്ടെത്തുന്നത്. ഈ അണ്ഡങ്ങളെ ഏറെ ശ്രദ്ധയോടെ ശേഖരിച്ച് തീരങ്ങളില്‍ കെട്ടിയുറപ്പിച്ച വേലികള്‍ക്കകമേ സമാനമായ കുഴികളെടുത്ത് പുനര്‍നിക്ഷേപിക്കുന്നു. വലിയ പാത്രങ്ങളില്‍ ജലം സംഭരിച്ച്, വിരിയുന്നതിനനുസരിച്ച് കുഞ്ഞുങ്ങളെ അതിലേക്ക് ഇറക്കിവിടുന്നു. ചെറിയൊരു അനുയോജനവേളയ്ക്കുശേഷമാണ്, ഇവയെ കൂട്ടംകൂട്ടമായി കടലിലേക്ക് ഇറക്കിവിടുക, കൗമാരത്തിളപ്പിനായി, Juvenile Frenzy. ഒരിക്കല്‍, ഈ യജ്ഞത്തില്‍ ഭാഗഭാക്കാവുന്നതോടെ, ആ യുവാക്കളുടെ മാംസരുചി സമൂലം മാറിപ്പോകയാണ്. ആമയിറച്ചിയും ആമമുട്ടയും ഇനിമേല്‍ അവര്‍ക്ക് തൊട്ടുകൂടാത്തവയായിരിക്കും, എന്തിന് അവരുടെ മാംസാഹാരശീലങ്ങള്‍ വരെ വഴിമാറിപ്പോയതായി അവര്‍ സന്തോഷത്തോടെ സമ്മതിക്കുന്നു. ഒരു ജീവജാതിയെ പരിരക്ഷിക്കുമ്പോള്‍ ഉളവാകുന്ന സദ്ശീലങ്ങള്‍! എല്ലാ അന്തഃസ്രാവങ്ങള്‍പോലെ കാരുണ്യത്തിനും അതിന്റേതായ ഗ്രന്ഥികളുണ്ടാവണം. ഒരിക്കല്‍ അതിനെ ഉണര്‍ത്തുന്നതോടെ, അത് ശുഭകരമായ പ്രവര്‍ത്തനക്ഷമമാവുന്നു. ഗാരിസ്‌നൈഡര്‍ (Gary Snider) ആമകള്‍ക്ക് ഒരു ദ്വീപെന്നാണ് വിവക്ഷിച്ചത്; മറ്റൊരു ഗലാപഗോസ് എന്ന നിലയില്‍! നെയ്തലിലെ യുവാക്കള്‍ അദ്ദേഹത്തെ പഠിച്ചിട്ടൊന്നുമല്ല, കൂര്‍മ്മങ്ങളുടെ പ്രജനനപരിരക്ഷയ്ക്ക് ഒരുങ്ങിയത്.

സഹജമായ ഒരു കൃപമൂലം - ഒരു മുറിവ് ഏല്‍പ്പിക്കുന്നതേക്കാള്‍, അത് എവിടെയോ എന്തിനെയോ ആവട്ടെ, ധന്യമാണ്, ഒരു മുറിവ് ചികിത്സിച്ച് ഭേദപ്പെടുത്തുന്നത്. നാമപ്പോള്‍ പങ്കുപറ്റുക, പരിരക്ഷയുടെ ബൃഹദ് ശൃംഖലയാണ്, Forming Part of The Grand Web of Conservation - പതുക്കെപ്പതുക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗലാപഗോസിലെ ആമകളെ ഉയിര്‍പ്പിക്കാന്‍ നമുക്കൊന്നും പോംവഴികളില്ലായിരിക്കാം. പക്ഷേ, ഇവിടെ നീലേശ്വരം പോലുള്ള ആമകളുടെ സ്വപ്നസൈകതത്തെ, നാം തുടര്‍ന്നു പരിരക്ഷിച്ചില്ലെങ്കില്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com