പുതിയ ഗോത്രോല്പത്തിയിലെ ഗോവര്‍ധന്മാര്‍

2005-ല്‍ പ്രസിദ്ധീകരിച്ച എന്റെ 'പുതിയ ഗോത്രത്തിന്റെ ഉല്പത്തി'യെന്ന കഥയില്‍  (ഡി.സി. ബുക്‌സ് 2009) നിന്നാണ് ആനന്ദ് ഫോണ്‍ സംഭാഷണം ആരംഭിച്ചത്.
പുതിയ ഗോത്രോല്പത്തിയിലെ ഗോവര്‍ധന്മാര്‍

2005-ല്‍ പ്രസിദ്ധീകരിച്ച എന്റെ 'പുതിയ ഗോത്രത്തിന്റെ ഉല്പത്തി'യെന്ന കഥയില്‍  (ഡി.സി. ബുക്‌സ് 2009) നിന്നാണ് ആനന്ദ് ഫോണ്‍ സംഭാഷണം ആരംഭിച്ചത്.
പ്രകൃതിദുരന്തത്തില്‍ വീടും ഉറ്റവരും നഷ്ടപ്പെട്ട ഒരു സ്ത്രീ ഉദ്യോഗസ്ഥരുടെ മുന്‍പാകെ എത്തിപ്പെടുന്നു. ഉദ്യോഗസ്ഥന്‍ അവരോട് ചോദിച്ചു: ''ശരി, നിങ്ങള്‍ പറഞ്ഞതൊക്കെ കേട്ടു. വളരെ നല്ലത്. പക്ഷേ, ഇതിനൊക്കെ എന്തെങ്കിലും തെളിവുകളുണ്ടോ? റേഷന്‍ കാര്‍ഡ്? തെരഞ്ഞെടുപ്പ് കാര്‍ഡുകള്‍? എന്തെങ്കിലും. നിങ്ങള്‍ പറഞ്ഞത് ആര്‍ക്കും പറയാം. പ്രത്യേകിച്ചും ഈ ദുരന്തസാഹചര്യത്തില്‍. ആളുകള്‍ അതൊക്കെ പറയാന്‍ വേണ്ടത്ര ബുദ്ധിയും സൂത്രവും നേടിക്കഴിഞ്ഞു. ഞങ്ങള്‍ക്കറിയേണ്ടത് നിങ്ങള്‍, നിങ്ങള്‍ പറയുന്ന ആള്‍ തന്നെയാണോയെന്നു തെളിയിക്കാനുള്ള ഏതെങ്കിലും രേഖ...''

''നഗ്‌നശരീരങ്ങള്‍ എന്തു തെളിവുകളാണ്, രേഖകളാണ്, അടയാളങ്ങളാണ് ഹാജരാക്കുക? പച്ചയായ നഗ്‌നതയല്ലാതെ? നഗ്‌നശരീരംകൊണ്ട് വീടോ പേരോ ബന്ധുക്കളെയോ തെളിയിക്കാമോ?''
ഉദ്യോഗസ്ഥര്‍ അവളുടെ നഗ്‌നമായ മുതുകില്‍ '11' എന്ന നമ്പര്‍ പച്ചകുത്തി, രേഖകളില്ലാത്തതിനാല്‍ പൗരത്വം നിഷിദ്ധമായ ആളുകളുടെ സംഘത്തിലേയ്ക്കയച്ചു. സ്ത്രീപുരുഷാരമടങ്ങുന്ന ആ സംഘം നടക്കുകയല്ല, കീടങ്ങളായി മണലിലൂടെ പരസ്പരം മുട്ടിച്ചേര്‍ന്ന് ഇഴയുകയാണ്... 
''മുതുകില്‍ തിരിയുളി കടയുന്ന വേദന. അവളുടെ നട്ടെല്ല് വളഞ്ഞു. മുതുക് താഴ്ന്നു.
അവള്‍ ധൃതിയില്‍ ആ സംഘത്തിലേയ്ക്കു ചേര്‍ന്നു. ഇഴയാന്‍ തുടങ്ങി, കീടമായി...''

ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലകളില്‍, പ്രത്യേകിച്ചും അസ്സാമില്‍, 'പുതിയ ഗോത്രത്തിന്റെ ഉല്പത്തി'ക്കഥയിലേതുപോലുള്ള സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആനന്ദ് എന്ന മനുഷ്യസ്‌നേഹിയായ എഴുത്തുകാരന്റെ ആശങ്കയാണ് ദീര്‍ഘമായ 40 ലക്ഷം മനുഷ്യരാണ് കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയ ദേശീയ പൗരത്വ രജിസ്റ്ററില്‍നിന്നു പുറത്താക്കപ്പെട്ടത്. പൗരത്വം നിഷേധിക്കപ്പെട്ടവര്‍. പൗരത്വം തെളിയിക്കാനായി അവര്‍ക്ക് ആകെയുള്ളത് എല്ലുന്തിയ സ്വന്തം ശരീരങ്ങള്‍ മാത്രമാണുള്ളത്. അവരില്‍ ബഹുഭൂരിപക്ഷവും നിരക്ഷരരാണ്. പരമദരിദ്രര്‍. തൊഴിലുകള്‍ തേടി, ഭക്ഷണം തേടി, കന്നുകാലികള്‍ക്കു മേച്ചില്‍ തേടി അലയുന്നവര്‍. രാജ്യങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തികളുണ്ടെന്നും അതു ലംഘിക്കുന്നതു കുറ്റകരമാണെന്നും അവര്‍ക്കറിയില്ല. കുറേപ്പേര്‍ തങ്ങളുടെ രാജ്യങ്ങള്‍ക്കുള്ളിലെ ആഭ്യന്തര യുദ്ധങ്ങളില്‍നിന്നും രക്ഷപ്പെട്ടവരാണ്. മേല്‍ജാതികള്‍, ഭൂരിപക്ഷ മതങ്ങള്‍, ഗോത്രങ്ങള്‍ ആട്ടിപ്പായിച്ചവരും ഉണ്ട്. അവരില്‍ മരണമടുത്ത വൃദ്ധന്മാരുണ്ട്. പ്രസവിച്ചു കണ്ണ് മിഴിഞ്ഞ കുഞ്ഞുങ്ങളുണ്ട്. അവര്‍ ഒരു രാജ്യത്തേയും പൗരന്മാരല്ല. ഇന്ത്യാ-പാക് വിഭജനത്തിന്റെ തീക്കനലുകളിലൂടെ, പാകിസ്താന്‍-ബംഗ്ലാദേശ്, യുദ്ധത്തിന്റെ ഹിംസയിലൂടെ എത്തിപ്പെട്ടവരുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രങ്ങള്‍ തമ്മിലുള്ള അക്രമപരമ്പരകളിലൂടെ പിന്തള്ളപ്പെട്ടവരുണ്ട്. ആര്‍ക്കും അവരെ വേണ്ട. ഭൂമിയില്‍ വന്‍കടലുകളിലും ചുട്ടുപഴുത്ത മണലാരണ്യങ്ങളിലും പര്‍വ്വതങ്ങളിലും പൗരത്വമില്ലാത്ത കോടാനുകോടി മനുഷ്യര്‍ അലഞ്ഞുനടക്കുന്നുണ്ട്. വെള്ളത്തില്‍ മുങ്ങിച്ചാവുന്നുണ്ട്. തണുപ്പും വെയിലും മഴയുമേറ്റ് മരണപ്പെടുന്നവരുണ്ട്.

ഇന്നിപ്പോള്‍, നമ്മുടെ കേന്ദ്രസര്‍ക്കാര്‍ അസ്സാമിന്റെ മാത്രമേ ദേശീയ പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കിയിട്ടുള്ളൂ. അതില്‍നിന്നാണ് 40 ലക്ഷംപേര്‍ പുറന്തള്ളപ്പെടുന്നത്. ഈ പൗരത്വ രജിസ്റ്റര്‍ ഇന്ത്യ മുഴുവനായും വ്യാപിപ്പിക്കുന്ന അവസ്ഥ ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. ഇത്തരമൊരു സൂചന അടുത്തിടെ നടന്ന ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയോഗത്തില്‍ അമിത്ഷാ പോലുള്ളവരുടെ വാക്കുകളില്‍നിന്നു വായിച്ചെടുക്കാം. അസംഭാവ്യമായതാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പശുമാംസത്തിന്റെ പേരില്‍, ജാതിയുടെ പേരില്‍, വസ്ത്രത്തിന്റെ പേരില്‍, ഭാഷയുടേയും മതത്തിന്റേയും മറവില്‍ ദരിദ്രരായ മുസ്ലിമിനേയും ദളിതനേയും ആള്‍ക്കൂട്ടങ്ങള്‍ തല്ലിക്കൊല്ലുന്നത് വ്യാപകമായി സംഭവിക്കുന്നത് അഞ്ച് വര്‍ഷം മുന്‍പ് നമുക്ക് സങ്കല്‍പ്പിക്കാനാവുമായിരുന്നില്ല. നമ്മുടെ കേരളത്തില്‍പ്പോലും പട്ടിണികൊണ്ട് അവശനായ മധുവെന്ന ആദിവാസി യുവാവിനെ നാട്ടുകാര്‍ കൂട്ടംകൂടി തല്ലിക്കൊന്നു; കേരളീയ പ്രബുദ്ധതയ്ക്ക് ഒരു തലപ്പാവ് ചാര്‍ത്തിക്കൊണ്ട്. പുതിയൊരു 'അപരത്വം' സൃഷ്ടിക്കപ്പെടുകയാണ് ഇന്ത്യയിലെവിടെയും. സുപ്രീംകോടതിയുടെ ഉത്തരവുകളോ ശാസനകളോ വര്‍ഗ്ഗീയ ശക്തികളുടെ ആള്‍ക്കൂട്ടങ്ങള്‍ അനുസരിക്കുന്നില്ല.

2018 ജനുവരി പത്തിനാണ് ആടുകളെ മേയ്ക്കുന്ന ബഖര്‍വാള്‍ മുസ്ലിം സമുദായത്തിലെ എട്ടു വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയെ ജമ്മുവിലുള്ള കഠ്വായിലെ അമ്പലത്തില്‍ താമസിപ്പിച്ച് പ്രാര്‍ത്ഥനാമുറിയില്‍വെച്ച് പൂജാകര്‍മ്മങ്ങള്‍ ചെയ്തശേഷം നീചമായി ബലാത്സംഗം ചെയ്തു കൊന്നത്. ഏഴുനാള്‍ കഴിഞ്ഞാണ് മൃതദേഹംപോലും കണ്ടെത്തിയത്. പ്രതികള്‍ക്ക് പിന്തുണയുമായി ബെഹബൂബ മന്ത്രിസഭയിലെ ലാല്‍സിങ്ങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നിവരും ജമ്മു ബാര്‍ അസോസിയേഷനും എത്തി. ആള്‍ക്കൂട്ട കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യം ലഭിച്ചു പുറത്തുവന്നപ്പോള്‍ ബി.ജെ.പി ജനപ്രതിനിധികള്‍ അവരെ വീരോചിതമായിട്ടാണ് സ്വീകരിച്ചത്. കേരളത്തില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞു പരോളിലിറങ്ങിയ കുഞ്ഞനന്തന്മാരെ മാര്‍ക്‌സിസ്റ്റ് വിപ്ലവപാര്‍ട്ടി രക്തഹാരമണിയിച്ചാണ് വരവേറ്റത്. ടി.പി. വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കിര്‍മാണി മനോജിന്റേയും ഷാഫിയുടേയും വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ സി.പി.എം നേതാക്കളും എം.എല്‍.എ എ.എന്‍. ഷംസീറും എത്തിയിരുന്നു. ഇന്നലെ സ്വാതന്ത്ര്യസമരത്തിലും കര്‍ഷകസമരത്തിലും പങ്കെടുത്തു ജയിലില്‍ ശിക്ഷയനുഭവിച്ചു പുറത്തു വന്നവരായിരുന്നു വീരനായകരെങ്കില്‍ ഇന്ന് ബലാത്സംഗം, വെട്ടിക്കൊല എന്നിവ നടത്തിയവരാണ് വീരനായകര്‍. ഏതു പാര്‍ട്ടിക്കും സ്വീകാര്യര്‍. ഇത്തരം വീരനായകര്‍ക്കാണ് ഇന്നു നീതി വിട്ടുള്ള നീതിയും സൗകര്യങ്ങളും ലഭിക്കുന്നത്. അവര്‍ക്ക് പരോളിനോ കേസ് നടത്താന്‍ പണത്തിനോ വക്കീലിനോ ജയിലില്‍ സുഖസൗകര്യങ്ങള്‍ക്കോ യാതൊരു കുറവുമില്ല. ഭരിക്കുന്ന പാര്‍ട്ടിക്കാരുടെ പൊലീസ് അവര്‍ക്കൊപ്പമുണ്ട്.

എന്നാല്‍, ജനവിരുദ്ധ വികസനത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക്, പ്രതിഷേധിക്കുന്നവര്‍ക്ക് സ്റ്റെയിറ്റ് നീതിയോ അവകാശമോ അല്ല നല്‍കാറുള്ളത്. വെടിയുണ്ടകളും ജയിലും മര്‍ദ്ദനവും പീഡനവും അവഹേളനവുമാണ്. എത്രായിരം ആദിവാസികള്‍ മാവോയിസ്റ്റുകളായി വേട്ടയാടപ്പെട്ടു. മാവോയിസ്റ്റുകളാക്കിയാണ് 2018 ആഗസ്റ്റ് 28-ന് മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരുമായ വെര്‍ഗോണ്‍, ഗോണ്‍ഫാല്‍വസ്, അരുണ്‍ ഫെറേറിയ, ഗൗതം മൗലാക്, സുധ ഭരദ്വാജ്, വരവരറാവു എന്നിവരെ അന്യായമായി പാതിരാത്രിയില്‍ അറസ്റ്റുചെയ്തു ജയിലിലിടാന്‍ ശ്രമിച്ചത്. എത്ര ലക്ഷം പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടു. അവരുടെ കിടപ്പാടങ്ങള്‍, കൃഷി, സംസ്‌കാരങ്ങള്‍, ദൈവങ്ങള്‍, ഭാഷകള്‍ അന്യാധീനപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ഖനി-ലോഹ വ്യവസായമായ വേദാന്ത ലിമിറ്റഡിന്റെ സ്റ്റാര്‍ലൈറ്റ് കോപ്പര്‍ ചെമ്പുരുക്ക് കമ്പനി 1992 മുതല്‍ തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1999, 2002, 2007, 2013, 2013 എന്നീ വര്‍ഷങ്ങളില്‍ ഇവിടെ വിഷവാതക ചോര്‍ച്ചയുണ്ടായി. നിരവധി പേര്‍ ഓരോ തവണയും ബോധംകെട്ട് വീണിട്ടുണ്ട്. കാറ്റ്, മണ്ണ്, വായു എന്നീ ഓരോ ജീവഘടകത്തേയും ഈ കമ്പനി വിഷമയമാക്കുന്നു. സാധാരണ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നു. പൗരാവകാശനിഷേധം തന്നെയാണിത്. പ്രതിമാസം ഉണ്ടാകുന്ന പത്ത് മരണങ്ങളില്‍ എട്ടും കാന്‍സര്‍ ബാധിച്ചിട്ടാണ്.

ഒന്നരക്കോടി ലിറ്റര്‍ വെള്ളമാണ് കമ്പനിക്ക് ഒരു ദിവസം വേണ്ടത്. ആയിരം ലിറ്ററിനു പത്തു രൂപയാണ് കമ്പനിയില്‍നിന്ന് ഈടാക്കുന്നത്. സാധാരണക്കാരന്‍ ഒരു കുടം വെള്ളത്തിന് പത്ത് രൂപാ നല്‍കണം.
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും സര്‍ക്കാരും പിന്തുണയ്ക്കാന്‍ ഇല്ലായെന്ന അവസ്ഥയിലെത്തിയപ്പോഴാണ് മത്സ്യത്തൊഴിലാളികളും വിദ്യാര്‍ത്ഥികളും അമ്മമാരും കുഞ്ഞുങ്ങളും കമ്പനിക്കെതിരെ അഹിംസാമാര്‍ഗ്ഗത്തിലൂടെ സമരത്തിനിറങ്ങിയത്. സമരം നൂറാം ദിവസത്തിലെത്തിയപ്പോള്‍ സര്‍ക്കാര്‍ സമരക്കാര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിക്കുകയല്ല ചെയ്തത്. മെയ് 22-നു പൊലീസ് 13 മനുഷ്യരെ വെടിവെച്ചുകൊന്നു; പാരിസ്ഥിതിക മലിനീകരണത്തിനെതിരെ സമരം ചെയ്തതിന്റെ പേരില്‍. ജീവിക്കാനുള്ള അവകാശത്തിനായി തെരുവിലിറങ്ങിയതിന്റെ പേരില്‍. ഒരുപക്ഷേ, 1985-ലെ ഭോപ്പാല്‍ കൂട്ടക്കൊലയ്ക്കുശേഷം ഒരു സര്‍ക്കാര്‍ പൊലീസിനെ വെച്ചു നേരിട്ട് നടത്തിയ കൂട്ടക്കൊല. ഉത്തരാധുനിക ഇന്ത്യയിലെ ജാലിയന്‍വാലബാഗ്. ഇത്തരം കൂട്ടക്കൊലകള്‍ക്കുശേഷം സമരം ചെയ്ത പൗരന്മാരെ കേസുകളില്‍ കുടുക്കി വേട്ടയാടുകയാണ് സര്‍ക്കാര്‍. ജനകീയ സമരങ്ങളെ ഏതു സര്‍ക്കാരും നേരിടുന്ന രീതിയാണിത്. ഭക്രാനംഗല്‍ അണക്കെട്ട് മുതല്‍ ഈ വേട്ടയാടല്‍ ആരംഭിക്കുന്നുണ്ട്. കുടിയൊഴിപ്പിക്കപ്പെടുന്നവരും വേട്ടയാടപ്പെടുന്നവരും എവിടെയാണ് ജീവിക്കുന്നതെന്ന് ആരും ഓര്‍ക്കാറില്ല. വന്‍കിട അണക്കെട്ടുകള്‍, ഹൈവേകള്‍, ആണവ താപനിലയങ്ങള്‍, വിമാനത്താവളങ്ങള്‍, നഗരവികസനം എന്ന് തുടങ്ങി ആധുനികകാലത്തെ ഏതു വികസനത്തിലും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളുണ്ടായിട്ടുണ്ട്. കേരളത്തിലെ ഇടുക്കിയിലും നെടുമ്പാശ്ശേരിയിലും മൂലമ്പിള്ളിയിലും ദേശീയപാതയിലും വികസനത്തിനുവേണ്ടി അഭയാര്‍ത്ഥികളായിത്തീര്‍ന്നവര്‍ക്ക് ഇന്നും അവകാശപ്പെട്ട നഷ്ടപരിഹാരങ്ങള്‍ കിട്ടിയിട്ടില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഉള്ള ഇത്തരം അഭയാര്‍ത്ഥികള്‍കൂടി ദേശീയപൗരത്വ രജിസ്റ്ററില്‍നിന്നു പുറത്താക്കപ്പെട്ടവരാണ്. അവര്‍ ഇന്ത്യയുടെ വന്‍നഗരങ്ങളില്‍ എവിടെയൊക്കെയോ യാതൊരു പൗരാവകാശവുമില്ലാതെ ജീവിതം കെട്ടിപ്പൊക്കാന്‍ പാടുപെടുന്നു.

വികസനം ജനങ്ങള്‍ക്കുവേണ്ടിയാണെന്ന് നെഹ്റു മുതല്‍ നരേന്ദ്രമോദിവരെയുള്ളവര്‍ ആവര്‍ത്തിക്കുന്നുണ്ട്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും പാറകളും പുഴകളും കായലുകളും കാടും മലയും ചാലും തോടും കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഇടതുവലതു രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മതമേധാവികളും ജനങ്ങളും ചേര്‍ന്നു നശിപ്പിച്ചത് വികസനത്തിനുവേണ്ടിയാണെന്നാണ് ഇന്നലെവരെ കേരളമാകെ പറഞ്ഞുകൊണ്ടിരുന്നത്. പശ്ചിമഘട്ടവും നമ്മുടെ പരിസ്ഥിതിയും കേരളീയന്റെ അതിജീവനത്തിന് അനിവാര്യമാണെന്നു വിവേകികള്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സാധാരണ ജനങ്ങളും അവരെ വികസന വിരോധികളാക്കി ചാപ്പകുത്തി. പരിസ്ഥിതി നശീകരണത്തിനെതിരെ ചെയ്യുന്ന ചെറുസമരങ്ങളെ തല്ലിയൊതുക്കി. സമരക്കാരുടെ പേരില്‍ കേസെടുത്തു. 2013-ല്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ പഠന റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ ക്രിസ്ത്യന്‍ മതനേതൃത്വം വയനാടും കോഴിക്കോടും ഇടുക്കിയിലുമെല്ലാം അക്രമം അഴിച്ചുവിട്ടു. കുറ്റിയാടിയില്‍ ക്വാറികള്‍ക്കെതിരെ സമരം ചെയ്തിരുന്ന ഒരു യുവ പരിസ്ഥിതി പ്രവര്‍ത്തകനെ ഇവര്‍ കല്ലെറിഞ്ഞ് കൊന്നത് കേരളീയ സമൂഹത്തില്‍ ഒരു വാര്‍ത്തപോലുമായില്ല. 2018 ആഗസ്റ്റില്‍ നാം മനുഷ്യര്‍ വരുത്തിവെച്ച പ്രളയദുരന്തത്തില്‍ അന്യാധീനമാക്കപ്പെട്ടത് എത്രകോടി മനുഷ്യരുടെ അദ്ധ്വാനവും പൊതുസ്വത്തുമാണ്. 60 ലക്ഷം കേരളീയരെങ്കിലും ഒരു മാസത്തോളമെങ്കിലും അഭയാര്‍ത്ഥികളായി മാറി. നമ്മുടെ രാജ്യം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക അഭയാര്‍ത്ഥി പ്രവാഹം. അഞ്ഞൂറോളം മനുഷ്യജീവന്‍ കുരുതികൊടുക്കപ്പെട്ടു. ഏതെങ്കിലും കോടതി ഈ ദുരന്തം വരുത്തിവെച്ച രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുസമൂഹത്തിനും എതിരെ കേസെടുക്കുമോ? നാമോരോരുത്തരും നമ്മുടെ മനസ്സാക്ഷിയുടെ കോടതിയിലെങ്കിലും നാമെന്തുകൊണ്ട് അഭയാര്‍ത്ഥികളായി എന്നതു വിചാരണ ചെയ്യുമോ?

പക്ഷേ, ഭരണകൂടത്തിന്റെ ഭാഷയില്‍ 'വികസനമാണ്.' അതുകൊണ്ടാണ് നര്‍മ്മദാ ബച്ചാവോ ആന്ദോളന്റെ മൂന്നാംതലമുറയെ മുന്നോട്ട് നയിക്കുന്ന മേധാപട്കര്‍ക്ക് പറയേണ്ടിവരുന്നത്: ''മഹാത്മാഗാന്ധിക്ക് പ്രതികരണത്തിനായി ഒരു മൗണ്ട് ബാറ്റനെപ്പോലെ ഒരാളെങ്കിലും ഉണ്ടായിരുന്നു. ഇന്ന് നമുക്കതില്ല. ജനങ്ങളുമായി സംവാദത്തില്‍ (Dialogue) ഏര്‍പ്പെടാനുള്ള താല്‍പ്പര്യംപോലും ഈ സര്‍ക്കാര്‍ (മോദി) കാണിക്കുന്നില്ലെന്നത് ഭയാനകമാണ്. ജനങ്ങളെ അവഗണിച്ചുകൊണ്ട് ജനകീയ സമരങ്ങളെ കൊന്നു കുഴിച്ചുമൂടാമെന്നവര്‍ വിചാരിക്കുന്നു.'' കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്ക് നേരെയും ഇതരഭാഗങ്ങളില്‍ പാരിസ്ഥിതിക പ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നേരെയും പിണറായി സര്‍ക്കാര്‍ കാണിക്കുന്നതും ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല.

ഇന്നു നീതിയും നിയമവും പണമുള്ളവനു മാത്രമാണ്. കോടതിയില്‍ ജീവിക്കാനുള്ള അവകാശത്തിനായി എത്തുന്നവരില്‍ 90 ശതമാനം മനുഷ്യരും ദരിദ്രരാണ്. നല്ല വക്കീലുമില്ല സ്വാധീനത്തിനു പണവുമില്ല. കോടതികളില്‍നിന്ന് അവര്‍ക്ക് ചെറിയ തോതില്‍പോലും നീതി കിട്ടാറില്ല. നിയമപാലകര്‍ അവരെ എന്നും ക്രിമിനലുകളായേ കാണാറുള്ളൂ. ഇന്ത്യയില്‍ വിവിധ ജയിലുകളില്‍ വധശിക്ഷ കാത്തുകഴിയുന്നവരില്‍ 75 ശതമാനം മനുഷ്യര്‍ ദളിതുകളോ ദരിദ്രരോ ആദിവാസികളോ ആണ്. കോടതികളില്‍ ലക്ഷങ്ങളെറിഞ്ഞു വാദിക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍ കൊലക്കയറുകളില്‍നിന്ന് അവര്‍ക്ക് രക്ഷ കിട്ടിയേനേ. അതുപോലെ, ചെയ്ത കുറ്റം എന്താണെന്നുപോലുമറിയാത്ത ആയിരക്കണക്കിനു വിചാരണത്തടവുകാര്‍ നമ്മുടെ ജയിലുകളില്‍ കഴിയുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു, പൗരാവകാശത്തിന്റെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍. നീതി നിഷേധിക്കപ്പെട്ടവരും നീതിക്കായി വാദിക്കാന്‍ ആളും അര്‍ത്ഥവുമില്ലാത്തവരും ദേശീയ പൗരത്വ രജിസ്റ്ററില്‍നിന്നു നമ്മുടെ വ്യവസ്ഥിതി തന്നെ നീക്കം ചെയ്തവരാണ്.

ഇനി മറ്റൊരു കൂട്ടരുണ്ട്, നീതി നിഷേധിക്കപ്പെട്ട പൗരന്മാര്‍. 1947-ലെ വിഭജനകാലം മുതല്‍ അവരുടെ നിര വലുതായിക്കൊണ്ടിരിക്കുകയാണ്. ഭീവണ്ടി, ഭഗല്‍പൂര്‍, ഹൈദരാബാദ്, ബീഡ്, മുസഫപൂര്‍ എന്നു തുടങ്ങി ഇന്ത്യയിലുണ്ടായിട്ടുള്ള ഓരോ വര്‍ഗ്ഗീയ കലാപത്തിലും അനാഥരാക്കപ്പെട്ട സ്ത്രീകളും കുഞ്ഞുങ്ങളും ഒരു പൗരത്വ രജിസ്റ്ററിലും ഉള്‍പ്പെടുന്നവരല്ല. 1984-ലെ സിക് വംശീയഹത്യയും 2002-ലെ ഗുജറാത്ത് വംശീയഹത്യയും 1991-1992ലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷമുള്ള കലാപങ്ങളും എത്രായിരം മനുഷ്യരെ അനാഥരാക്കിയിട്ടുണ്ട്. അവര്‍ ഏതൊക്കെ ചേരികളിലും നഗരത്തിന്റെ ഗെട്ടോകളിലും നരകിച്ചു ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഒരു ഭരണകൂടവും ചിന്തിക്കാറില്ല, തെരഞ്ഞെടുപ്പ് വേളകളിലെ പൊള്ളയായ വാഗ്ദാനങ്ങള്‍ ഒഴിച്ചാല്‍.

ഈ നീണ്ട പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്, അന്യസംസ്ഥാനങ്ങളില്‍നിന്നു മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് അദ്ധ്വാനിച്ചു പട്ടിണി മാറ്റാനായി പോകുന്ന മനുഷ്യര്‍. 1950-കള്‍ മുതല്‍ മലയാളികള്‍ മദിരാശിയിലും ബോംബെയിലും കല്‍ക്കട്ടയിലും തെരുവിലും കടലോരത്തുമൊക്കെയായി അദ്ധ്വാനിക്കുന്നുണ്ട്, പശിയടക്കാനായി. പിന്നീട് കുറേ പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കൂലിത്തൊഴിലാളികളും തൂപ്പുകാരും ആശാരിമാരുമായി പോയിട്ടുണ്ട്. അവരവിടെ രണ്ടാംകിടയോ മൂന്നാംകിടയോ പൗരന്മാരായിട്ടാണ് ജീവിക്കുന്നത്. ഒറീസ്സ, ബംഗാള്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍നിന്നു ലക്ഷക്കണക്കിന് മനുഷ്യര്‍ കേരളത്തില്‍ എല്ലാത്തരത്തിലുമുള്ള പണികളില്‍ ഏര്‍പ്പെടുന്നുണ്ട്. കോടീശ്വരന്മാരാകാനല്ല വയറുനിറച്ച് ആഹാരം കഴിക്കാന്‍. മിച്ചം വരുന്നത് അച്ഛനുമമ്മയ്ക്കും സഹോദരങ്ങള്‍ക്കും അയച്ചുകൊടുക്കാന്‍. പക്ഷേ, അവരോട് നമ്മള്‍ പുലര്‍ത്തുന്ന മനോഭാവം പണ്ട് അവര്‍ണ്ണനോടും അടിമകളോടും കാണിച്ചതുതന്നെയാണ്. അവരെ പീഡിപ്പിക്കാനും ചതിക്കാനും ചൂഷണം ചെയ്യാനും നാം ഒരു മടിയും കാണിക്കാറില്ല. പൗരത്വ രജിസ്റ്ററില്‍ ഒരുപക്ഷേ, അവരുടെ പേര് കാണുമായിരിക്കും. പക്ഷേ, അവര്‍ നമ്മെപ്പോലെ പരിഗണന അര്‍ഹിക്കേണ്ട പൗരന്മാരല്ലെന്നു നാം തീരുമാനിക്കുന്നു.
ഇനിയും മറ്റൊരു കൂട്ടര്‍, നമ്മുടെ തന്നെ വീടുകളിലെ സ്ത്രീകളാണ്. ഇതിന് വര്‍ഗ്ഗ-ജാതി-മത വ്യത്യാസങ്ങളില്ല. ഭിന്നലിംഗക്കാരിന്നും നമ്മുടെ പൗരത്വ രജിസ്റ്ററിലില്ലാത്തവരാണ്. സ്ത്രീപുരുഷന്മാരൊഴികെയുള്ളവരെ നമ്മുടെ കണ്ണുകള്‍ക്കോ മനസ്സിനോ അംഗീകരിക്കാനാവില്ല.
സംഭാഷണം അവസാനിപ്പിക്കുന്നതിനു മുന്‍പായി ആനന്ദന്റെ ഗോവര്‍ദ്ധന്റെ ഒരിക്കലും അവസാനിക്കാത്ത യാത്രകളിലേയ്ക്ക് ഞാന്‍ വിരല്‍ചൂണ്ടി. ഗോവര്‍ദ്ധന്റെ യാത്രകളില്‍ രാമചന്ദ്രന്‍ ചോദിക്കുന്നുണ്ട്: ''ആരെയാണ് തൂക്കിക്കൊല്ലാന്‍ പോകുന്നതെന്നു പറയൂ...''

''ആരെയെന്നോ? ഈ ഗോവര്‍ദ്ധനനെ, ആരും അല്ലാത്ത, ഒന്നും അല്ലാത്ത, മെലിഞ്ഞ കഴുത്തുള്ള ഈ ഗോവര്‍ദ്ധനനെയല്ലാതെ ആരെയാണ് അവര്‍ക്ക് കിട്ടുക തൂക്കിക്കൊല്ലാന്‍? കല്ലുവിന്റെ മതില്‍ വീണ് വഴിയേ പോയ ആട് ചത്തു. കുറ്റവാളിയെന്ന് രാജാവ് കണ്ടത് കോത് വാലിനെയാണ്. അയാളുടെ കഴുത്താണെങ്കില്‍ കൊലക്കുടുക്കില്‍ കൊള്ളുന്നുമില്ല...''
''നില്‍ക്കൂ ഗോവര്‍ദ്ധന്‍'' രാമചന്ദ്രന്‍ പറഞ്ഞു: ''പ്രശ്‌നം ഇതാണെങ്കില്‍ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റിയേക്കും. ഞങ്ങള്‍ക്കൊരു സൊസൈറ്റിയുണ്ട്. എഴുത്തുകാരും പത്രക്കാരും അദ്ധ്യാപകരുമൊക്കെ അടങ്ങിയത്. ഞങ്ങളതിനെ തമാശയായി കായസ്ഥ സഭ എന്നു പറയും. ഏതു കോടതിയാണ് ഇങ്ങനെ വിധിച്ചതെന്നു പറയൂ.''
''കളയൂ, ബാബു. ഞാന്‍ നിങ്ങളോട് എന്നെ രക്ഷിക്കുവാന്‍ പറഞ്ഞില്ല. നിങ്ങള്‍ക്കത് സാധിക്കുകയുമില്ല...''
...നടന്നുകൊണ്ട് ഒരു യാത്രാമൊഴിപോലെ അയാള്‍ (ഗോവര്‍ദ്ധന്‍) കൂട്ടിച്ചേര്‍ത്തു: ''ഞാന്‍ നിങ്ങളോട് ഇത്രയേ ചോദിച്ചുള്ളൂ - ഈ നടക്കുന്നതൊക്കെ ശരിയാണോ'' എന്ന്. ഇത് ശരിയോ തെറ്റോ എന്ന്. നല്ലതോ ചീത്തയോ എന്ന്, നിങ്ങളുടെ ശാസ്ത്രമനുസരിച്ച്. അത്രമാത്രം.''
(1995 - ഡി.സി ബുക്‌സ്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com