പുനര്‍ജനിയുടെ പുതിയ പാഠങ്ങള്‍: ലൈല സൈന്‍ എഴുതുന്നു

ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ, മരക്കൊമ്പുകളുടെ നിഴല്‍ വീണുകിടക്കുന്ന ചെമ്മണ്‍ പാതയിലൂടെ അരമണിക്കൂര്‍ നടന്നാല്‍ കുറിച്യാര്‍ മല എല്‍.പി സ്‌കൂളിലെത്താം.
പുനര്‍ജനിയുടെ പുതിയ പാഠങ്ങള്‍: ലൈല സൈന്‍ എഴുതുന്നു

കുറിച്യാര്‍ മല ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഫസ്നയെ കഴിഞ്ഞ സ്‌കൂള്‍ വര്‍ഷത്തിന്റെ അവസാന ദിവസങ്ങളിലാണ് ആദ്യം കണ്ടത്. പ്രായത്തില്‍ കവിഞ്ഞ പക്വതയും കരുതലും സഹജീവികളോട് ദയയുമുള്ള കുട്ടി. സ്‌കൂള്‍ ബസ് സ്റ്റോപ്പില്‍ ബസിറങ്ങിയാല്‍ പലപ്പോഴും ഞങ്ങളെ എതിരേറ്റിരുന്നത് ഫസ്നയായിരുന്നു. 

ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെ, മരക്കൊമ്പുകളുടെ നിഴല്‍ വീണുകിടക്കുന്ന ചെമ്മണ്‍ പാതയിലൂടെ അരമണിക്കൂര്‍ നടന്നാല്‍ കുറിച്യാര്‍ മല എല്‍.പി സ്‌കൂളിലെത്താം. പാതകള്‍ സംഗമിക്കുന്ന അവസാനത്തെ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ നമുക്കു തോന്നും, ഇത് ഭൂതകാലത്തിന്റെ ഏതോ വഴിത്തിരിവില്‍ ആരോ സ്‌നേഹപൂര്‍വ്വം മാറ്റി സൂക്ഷിച്ചുവെച്ച ഒരു സുന്ദരമായ പ്രദേശമാണെന്ന്. യുവാക്കളുടെ ഉശിരുള്ള, പ്രായം ചെന്ന രണ്ടുപേര്‍ നടത്തുന്ന നാടന്‍ ചായക്കടകളാണ് ആദ്യം നമ്മെ വരവേല്‍ക്കുന്നത്. സൂര്യപ്രകാശം വീഴാന്‍ മടിച്ചു നില്‍ക്കുന്ന നാട്ടുവഴികളുടെ അതിരുകളില്‍ എടല, വേങ്ങ, കന്നി, കുളിര്‍മാവ്, അയനിപ്ലാവ്, കമ്പിളി, പുളി, പട്ട തുടങ്ങി കനത്ത ബലിഷ്ഠകായരായ മരങ്ങള്‍ മണ്ണില്‍ വേരുകളാഴ്ത്തി തലയുയര്‍ത്തി നില്‍ക്കുന്നു. ദുര്‍ബ്ബലമായ സൂര്യപ്രകാശം ചരിഞ്ഞുകിടക്കുന്ന ആ നാട്ടുപാത ഒരു കാട്ടുപാതയെ ഓര്‍മ്മിപ്പിക്കുന്നു. ചില വളവുകള്‍ തിരിയുമ്പോള്‍ ദൂരെ താഴ്വാരത്തിനുമപ്പുറത്ത് മിന്നിമായുന്ന ചെമ്പ്രമലയുടേയും മൈലാടിപ്പാറയുടേയും ചായത്തോട്ടങ്ങളുടേയും വയലുകളുടേയും അപൂര്‍വ്വ ദര്‍ശനം കാണാം. തെക്കു കിഴക്കായി അനേകം കവായികള്‍ (തോടുകള്‍) ഒഴുകുന്നു. അതിനടുത്തായി ഒരു ചെറിയ 'കൈവരിപ്പാലത്തിനടിയിലൂടെ തെളിനീരുറവയുടെ ചെറിയ ഒരു പ്രവാഹം'. കോരപ്പുഴയുടെ ഉത്ഭവം കുറിച്യര്‍ മലയില്‍ നിന്നാണെന്നു പറയപ്പെടുന്നു

കുറിച്യാര്‍ മല സ്‌കൂളിന് ഏകദേശം ഒരു നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട്. സ്വാതന്ത്ര്യത്തിനു മുന്‍പ് 1930-കളിലാണ് ഈ സ്‌കൂള്‍ തുടങ്ങിയത്. അന്നു തേയിലത്തോട്ടത്തിലെ ജോലിക്കാരുടെ മക്കള്‍ക്ക് പഠിക്കാന്‍ വേണ്ടിയായിരുന്നു ഈ സ്‌കൂള്‍ തുടങ്ങിയത്. അക്കാലത്ത് തൊഴിലാളികളൊക്കെ തമിഴരായതുകൊണ്ട് മീഡിയം തമിഴായിരുന്നു. അങ്ങനെ ഈ സ്‌കൂളിനെ നാട്ടുകാര്‍ അണ്ണാച്ചി സ്‌കൂള്‍ എന്നു വിളിച്ചുപോന്നു. കാലം കുറേ കഴിഞ്ഞപ്പോള്‍ കുടിയേറ്റക്കാരായ മലയാളികള്‍ എസ്റ്റേറ്റില്‍ ജോലിക്കെത്തിയതോടെയാണ് ഇവിടെ മീഡിയം മലയാളമാക്കിയത്. ആദ്യമിത് ഏകാധ്യാപക വിദ്യാലയമായിരുന്നു. അറുപതുകളുടെ തുടക്കത്തില്‍ പൗരപ്രമുഖനായ സെയ്തലവി സാഹിബാണ് സ്‌കൂള്‍ സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കാന്‍ വേണ്ട നടപടികളൊക്കെ ചെയ്തത്. അന്ന് ഒരേക്കര്‍ സ്ഥലം സ്‌കൂളിനായി എസ്റ്റേറ്റ് ഉടമ വിട്ടുകൊടുത്തു. അന്നു നൂറിലധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു. തോട്ടം മേഖല തകര്‍ന്നപ്പോള്‍ തൊഴിലാളികളില്‍ ഭൂരിഭാഗവും ഈ പ്രദേശം വിട്ടുപോയി. ഇപ്പോള്‍ സ്‌കൂളില്‍ 92 കുട്ടികളാണ് പഠിക്കുന്നത്.

വേനല്‍ക്കാലത്തുപോലും തണുപ്പു തരുന്ന ഓട് പാകിയ സ്‌കൂളിനു ചുറ്റും തേയിലച്ചെടികളും പാറക്കെട്ടുകളും മരങ്ങളുമാണ്. പകല്‍ സമയത്തുപോലും കീരിയേയും കുറുക്കനേയും പെരുമ്പാമ്പുകളേയും കാണാം. സ്‌കൂളിന്റെ വിശാലമായ മൈതാനം അവസാനിക്കുന്നത് നൂറു വര്‍ഷത്തോളം പഴക്കമുള്ള ഒരു വീട്ടിമരത്തിന്റേയും പാറക്കെട്ടുകളുടേയും സമീപത്താണ്. സ്‌കൂള്‍ അസംബ്ലി സ്ഥിരമായി ഈ മരത്തിന് താഴെയായിരുന്നു കൂടിയിരുന്നത്. മലമുകളിലെ ഈ സ്‌കൂള്‍ നാട്ടുകാരുടെ പ്രതീക്ഷയായിരുന്നു.

ഇതൊക്കെ ഓഗസ്റ്റ് 13 വരെയുള്ള ഈ വിദ്യാലയത്തിന്റ നേര്‍ച്ചിത്രമായിരുന്നു. ഇപ്പോള്‍ പൊഴുതന പഞ്ചായത്തിലെ കുറിച്യാര്‍ മലയില്‍ കാല്‍പ്പനിക ചിത്രം പോലെ സുന്ദരമായ വിദ്യാലയത്തിനു പകരം ചെളിയില്‍ പൂണ്ട ക്ലാസ്സ് മുറികളും ഉപയോഗശൂന്യമായ ഇടനാഴികളും വരാന്തയുമാണ് അവശേഷിക്കുന്നത്. ബെഞ്ചുകളും മേശകളും പഠനസാമഗ്രികളുമെല്ലാം ദുരന്തത്തിന്റെ അവശേഷിപ്പായി കനത്ത ചെളിയില്‍ പുതഞ്ഞുകിടക്കുകയാണ്. കലിതുള്ളി മലമുകളില്‍നിന്നു കുതിച്ചവന്ന വെള്ളവും മണ്ണും കുട്ടികളുടേയും നാട്ടുകാരുടേയും സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ത്തു കളഞ്ഞു. ക്ലാസ്സിലേക്കുപോലും കയറാന്‍ മടികാണിച്ച് കളിച്ചു തിമിര്‍ത്ത് നടന്നിരുന്ന കുട്ടികളുടെ സ്വകാര്യ ആഹ്ലാദമായിരുന്ന ആ മൈതാനം കടപുഴകി വന്ന മരങ്ങളും പാറക്കല്ലുകളും കട്ടപിടിച്ച ചളിയും നാമാവശേഷമാക്കിക്കളഞ്ഞു. പ്രളയത്തിന്റെ അതിഭീകരമായ പ്രഹരത്തില്‍ അതിശക്തനായ ആ വീട്ടിമരം മാത്രം കടപുഴകാതെ നൂറ്റാണ്ടിന്റെ ദുരന്തത്തിന്റെ ദൃക്സാക്ഷിയായി ബാക്കിനിന്നു. സ്‌കൂളിലേക്കുള്ള വഴിപോലും പ്രളയം ബാക്കിവെച്ചില്ല. അഗാധമായ ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ച് പ്രളയം ആ കാട്ടുപാത അപ്രത്യക്ഷമാക്കിക്കളഞ്ഞു. കൈവരിപ്പാലം പോലും നാമാവശേഷമായി, അരുവികള്‍ പുതുവഴികളിലൂടെ ഒഴുകി ഇതുവരെ കാണാത്ത പുതിയ അരുവികളും ഉരുള്‍പൊട്ടലില്‍ രൂപം കൊണ്ടു സ്‌കൂളിന്റെ ഒരേക്കര്‍ ഭൂമി ഒലിച്ചുപോയി. അവിടെ രണ്ട് വിള്ളലുകള്‍ രൂപപ്പെട്ടു.

കേരളം ഒരു നൂറ്റാണ്ടിനുള്ളില്‍ കണ്ട ഏറ്റവും രൂക്ഷമായ പ്രകൃതിദുരന്തമായിരുന്നു ഇക്കഴിഞ്ഞുപോയത്. 60 ശതമാനത്തോളം എസ്റ്റേറ്റ് മേഖലയായ ഇവിടെ അതിഭീകരമായാണ് ഉരുള്‍പൊട്ടിയത്. കുറിച്യാര്‍ മല, അമ്മാറ, സുഗന്ധഗിരി, സേട്ടുക്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ പ്രളയം കൂടുതല്‍ ദുരന്തം വിതച്ചു. രാവും പകലും തോരാതെ പെയ്ത മഴയില്‍ മലമുകളില്‍ ഉരുള്‍പൊട്ടി താഴോട്ടൊഴുകി. ആറും പാടവും റോഡുമൊക്കെ ഒന്നായി മാറി. മണ്ണ് കുത്തിയൊലിച്ച് ചിലയിടങ്ങളില്‍ പുഴകള്‍ ആഴം കൂടി, മറ്റ് ചിലയിടങ്ങളില്‍ കൃഷിയിടങ്ങളും പുരയിടങ്ങളും കവര്‍ന്ന് അവ വീതി കൂടി, ചിലവ ഗതിമാറിയൊഴുകി, ചിലയിടങ്ങളില്‍ അവ കാടും മേടും തുരുത്തും കയ്യേറി.


ചായക്കട നടത്തുന്ന മുഹമ്മദ് കുട്ടിക്ക ഉരുള്‍പൊട്ടലിന് ദൃക്സാക്ഷിയായിരുന്നു. ''വിമാനം ഇരമ്പുന്നപോലെയൊരു ഒച്ചയായിരുന്നു, വല്ലാത്തൊരു മഴയും കോട മൂടിയ പോലെ എല്ലാടവും മൂടി. ആര്‍ക്കും ഒന്നും മനസ്സിലായില്ല, ഒച്ചകേട്ട് ആള്‍ക്കാര്‍ പീടികകളില്‍നിന്നൊക്കെ പൊറത്തെറങ്ങി. അപ്പോഴാണ് വെള്ളം കുത്തിയൊലിച്ചു വരുന്നതു കണ്ടത്. ഞങ്ങളൊക്കെ ബല്ലാതെ പേടിച്ചുപോയി. എല്ലാരുംകൂടി തൊട്ടടുത്ത പള്ളിയിലേക്ക് ഓടി, എല്ലാ ജാതിക്കാരും ഉണ്ടായിരുന്നു. ഞങ്ങള്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു: പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ മഴയുടെ ശക്തി കുറഞ്ഞു''.

മൊഹമ്മദ് കുട്ടിക്കയുടെ മുഖത്ത്‌നിന്നും ഇപ്പോഴും ആ നടുക്കം വിട്ടുമാറിയിട്ടില്ല.  ''നടക്കാന്‍ പറ്റാത്ത രോഗികളെ ഞങ്ങടെ നാട്ടിലെ ചെറുപ്പക്കാര്‍ താങ്ങി കൊണ്ടുവന്നു. എല്ലാരും മദ്രസയില്‍ ഒത്തുകൂടി ഞങ്ങള്‍ ഒറ്റപ്പാത്രത്തില്‍ ചോറുതിന്നു. ഒറ്റ ഗ്ലാസ്സില്‍ ഞങ്ങള്‍ ചായ കുടിച്ചു'' മുഹമ്മദ് കുട്ടിക്ക അഭിമാനത്തോടുകൂടി പറഞ്ഞു.
പ്രളയം നാശങ്ങള്‍ വിതച്ചെങ്കിലും അത് ജനങ്ങളുടെ ഐക്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. പ്രദേശവാസിയായ അസൈനാര്‍ക്കും പറയാനുള്ളത് മറ്റൊന്നല്ല. ''ഐക്യത്തിന്റേയും സ്‌നേഹബന്ധത്തിന്റേയും നാടാണിത് ആര്‍ക്കെന്തു സംഭവിച്ചാലും ഞങ്ങളുടെ മക്കള്‍ പോയി രക്ഷപ്പെടുത്തികൊണ്ട്വരും. ഇവടെ പള്ളിയിലെ നേര്‍ച്ച കഴിക്കണത് ഹിന്ദുക്കളും അമ്പലത്തിലെ ഉത്സവം കഴിക്ക്ണത് മുസ്ലിങ്ങളുമാണ്. ഇക്കഴിഞ്ഞ 29-ന് നടന്ന ഒരു മുസ്ലിം കല്യാണം ഇബടത്തെ കുട്ടന്റെ വീട്ടില്‍ വെച്ചാ നടത്തിയത്.'' അസൈനാര്‍ക്ക പറഞ്ഞുനിര്‍ത്തി.

പ്രളയാനന്തരം 
നികത്താനാവാത്ത മാറ്റങ്ങള്‍ വരുത്തിയാണ് പ്രളയം കടന്നുപോയത്. പക്ഷേ, കൂട്ടായ്മയുടെ ശക്തിയില്‍ അവര്‍ അറ്റുപോയ പ്രതീക്ഷകളും സ്വപ്നങ്ങളും തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ദുരന്തത്തിനുശേഷം രക്ഷാപ്രവര്‍ത്തനത്തിന്റെ വഴികള്‍ അടഞ്ഞുപോയിരുന്നെങ്കിലും നാട്ടുകാരുടെ മനസ്ഥൈര്യവും കഠിനപ്രയത്‌നവും കൂട്ടായ്മയും രക്ഷാപ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ടുപോകാന്‍ അവരെ പ്രാപ്തരാക്കി, മണ്ണും പാറയും അടിഞ്ഞുകൂടിയ വഴികള്‍ വെട്ടിത്തെളിച്ചും ഒഴുകിവന്ന കൂറ്റന്‍ മരങ്ങള്‍ വെട്ടിമാറ്റിയും രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും അപകടമേഖലകളില്‍ ചെന്നെത്തി, അവിടെ പെട്ടുപോയവരെ രക്ഷപ്പെടുത്തി. അത്രയ്ക്കങ്ങ് പരിചയിച്ചിട്ടില്ലാത്ത പ്രകൃതിദുരന്തത്തില്‍ പകച്ചുപോയെങ്കിലും പലായനം ചെയ്യാനൊരുങ്ങിയവര്‍ ഒത്തൊരുമിച്ച് ഒരു ശക്തിയായി മാറി.

പ്രളയമിറങ്ങി രണ്ടാഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ജലമിറങ്ങിയ വഴിയെ വീണ്ടും നാട്ടുകാര്‍ ഒത്തുകൂടി. വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. തളര്‍ച്ച മാറ്റിവെച്ച് അവര്‍ വീണ്ടും പ്രവര്‍ത്തനസജ്ജരായി. ഓണാവധി കഴിഞ്ഞു സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് സ്‌കൂള്‍ നന്നാക്കിയെടുക്കേണ്ടതുണ്ട്. പക്ഷേ, അതു മാസങ്ങളെടുക്കുന്ന ഒരു ഭഗീരഥപ്രയത്‌നമാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ ഈ വര്‍ഷം സ്‌കൂള്‍ തുറക്കാന്‍ പറ്റില്ലെന്നു നാട്ടുകാര്‍ക്കും ഉറപ്പായി.
കൂട്ടായ ചര്‍ച്ചകള്‍ക്കിടയില്‍ ആദ്യ സഹായഹസ്തം വന്നത് വലിയ പാറ, മേല്‍മുറി മുസ്ലിം മഹല്ല് കമ്മിറ്റിയില്‍നിന്നായിരുന്നു. അവര്‍ ഹയാത്ല്‍ ഇസ്ലാം മദ്രസ കെട്ടിടത്തിന്റെ 'മുകള്‍ ഭാഗം സ്‌കൂളിനായി വിട്ടുതന്നു. ചരിത്രപരമായ ഒരു ദൗത്യം അവിടെ നിറവേറ്റപ്പെടുകയായിരുന്നു. കാര്യങ്ങളെല്ലാം പിന്നെ പെട്ടെന്നായിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ഇതിന് അനുവാദം ലഭിച്ചു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രധാനാധ്യാപകനായ പി.ടി. ശശി കളക്ടറേറ്റില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി കോഴിക്കോട്ടുകാരനായ അനീസ് നാടോടിയെ പരിചയപ്പെടുന്നത്. സ്‌കൂളിന്റെ കാര്യങ്ങള്‍ അധികമൊന്നും വിശദീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിറ്റേ ദിവസം 25-ാം തിയതി മീറ്റിംഗ്

കൂടുന്ന സമയത്ത് അനീസും കൂട്ടുകാരും സ്‌കൂളിലെത്തി.
വികാരാധീനനായാണ് ശശി മാസ്റ്റര്‍ ഈ രംഗം വിശദീകരിച്ചത്. ''സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടായിരുന്നു. ഒരു ഭാഗത്ത് ചുമര്‍കെട്ടണമായിരുന്നു. പക്ഷേ, അതിനു പറ്റാത്തതുകൊണ്ട് പ്ലാസ്റ്റിക് ഷീറ്റോ ഫ്‌ലക്‌സോ വെച്ചു മറച്ചു ക്ലാസ്സ് തുടങ്ങാമെന്നു കരുതി. പക്ഷേ, അനീസും രക്ഷിതാക്കളും കൂടി ഒത്തു ചേര്‍ന്നതോടെ സംഗതിയാകെ മാറി.''
നാട്ടുകാരും രക്ഷാകര്‍ത്താക്കളും കൂടി ഏറ്റെടുത്തതോടെ കേവലം താല്‍ക്കാലിക പഠനമുറികള്‍ ഒരുക്കുക എന്നതിലുപരിയായി എല്ലാ സൗകര്യങ്ങളോടും കൂടിയ പൂര്‍ണ്ണ സ്‌കൂള്‍ സംവിധാനം തന്നെ സൃഷ്ടിച്ചെടുക്കണം എന്ന നിര്‍ബന്ധബുദ്ധി പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പകര്‍ന്നു. ഈ ദൗത്യം പൂര്‍ത്തീകരിക്കാനായി പി.ടി.എ പ്രസിഡന്റ് അസ്ലം, നാട്ടുകാരുടെ പ്രതിനിധിയായ ഷമീര്‍, ശശി മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് അന്നത്തെ വയനാട് കളക്ടര്‍ ഇന്‍ ചാര്‍ജ്ജായ കേശവേന്ദ്രകുമാര്‍, സബ് കളക്ടര്‍ ഉമേഷ് എന്നിവരുമായും കൂടിക്കാഴ്ച നടന്നു. ഇക്കഴിഞ്ഞ പ്രളയകാലത്ത് നാടിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ച് സന്നദ്ധ പ്രവര്‍ത്തനം നടത്തിയ അനീസിന്റെ കൂടെ കൊച്ചി മുതല്‍ കാസര്‍ഗോഡ് ജില്ലകളില്‍നിന്നുവരെയുള്ള 45-ഓളം പ്രവര്‍ത്തകരുണ്ടായിരുന്നു. ഇവര്‍ മലബാര്‍ റിലീഫ്, ഹ്യൂമന്‍ ബീയിംഗ് കളക്ടീവ് എന്നീ സംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുകയാണ്. അനീസ് കുറിച്യാര്‍ മല ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ നിര്‍മ്മാണത്തിലെ തങ്ങളുടെ എളിയ പങ്കിനെക്കുറിച്ച് സംസാരിച്ചു.


''25-ന് ഞങ്ങള്‍ സ്‌കൂളിലെത്തി. ചോക്ക് മുതല്‍ ബെഞ്ചും ഡസ്‌കും വരെ ആവശ്യമായിരുന്നു. 26-ന് രാവിലെ സ്‌കൂളിന്റെ പരിതാപകരമായ അവസ്ഥ വ്യക്തമാക്കുന്ന ഒരു പോസ്റ്റര്‍ ഉണ്ടാക്കി ഞങ്ങള്‍ അപ്ലോഡ് ചെയ്തു. 27-ന് രാത്രിയായപ്പോഴേയ്ക്കും ആവശ്യമായ റിക്വയര്‍മെന്റ്‌സൊക്കെ പൂര്‍ത്തിയായി. ഞങ്ങളെ കേരളത്തില്‍നിന്നും പുറത്തുനിന്നുമുള്ളവര്‍ അകമഴിഞ്ഞ് സഹായിച്ചു. അലിഗഢ് യൂണിവേഴ്സിറ്റിയിലെ കുട്ടികളടക്കം സോഷ്യല്‍ മീഡിയ വഴി വിവരമറിഞ്ഞു സ്‌കൂളിലെത്തി. അവര്‍ക്കറിയുന്ന ജോലികള്‍ ചെയ്തു. 24 മണിക്കൂറും ഷിഫ്റ്റായി ജോലി നടന്നുകൊണ്ടിരുന്നു. കല്ലും കട്ടയും ചുമന്നു, ചുമര്‍ കെട്ടാനറിയുന്നവര്‍ അത് കെട്ടി, മറ്റുള്ളവര്‍ അവരെ സഹായിച്ചു, ചുമര്‍ തേക്കാനറിയുന്നവര്‍ അത് ചെയ്തു, ചായങ്ങള്‍ കൂട്ടി, ചുമരില്‍ മനോഹരമായ ചിത്രങ്ങള്‍ വരച്ചു.
നാട്ടുകാരായ സ്ത്രീകള്‍പോലും വെറുതെയിരുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സ്‌കൂള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ഭക്ഷണമൊരുക്കി അവരും ആ മഹത്തായ ദൗത്യത്തിന് തങ്ങളുടേതായ സംഭാവന നല്‍കി. 

72 മണിക്കൂറുകള്‍ കൊണ്ട് ഒരു സ്‌കൂള്‍  
72 മണിക്കൂറുകള്‍കൊണ്ട് ഒരു സ്‌കൂള്‍ പുനര്‍ജ്ജനിച്ചു. അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍നിന്നു പഠനോപകരണങ്ങളെത്തി. പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍നിന്നു കളിപ്പാട്ടങ്ങള്‍, ജെ.എന്‍.യുവില്‍നിന്നും ഹൈദരാബാദ് സര്‍വ്വകലാശാലയില്‍നിന്നും ടാറ്റാ സ്റ്റീല്‍ കമ്പനി, കെ.എസ്.ടി.എ, ഒരു സിംഗപ്പൂര്‍ മലയാളി ഇങ്ങനെ ചെറുതും വലുതുമായ സംഭാവനകളിലൂടെ, സഹായങ്ങളിലൂടെ സ്‌കൂള്‍ പുനര്‍ജ്ജനിച്ചു.

ഇതിനിടയില്‍ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു പഴയ സ്‌കൂളില്‍നിന്നു വിലപ്പെട്ട രേഖകളടക്കമുള്ള അവശ്യസാധനങ്ങള്‍ പുറത്തെടുത്തു. അങ്ങനെ 72 മണിക്കൂറുകള്‍ കൊണ്ട് മദ്രസയുടെ ഒരു ഭാഗം മനോഹരമായ സ്‌കൂളായി മാറി. അപൂര്‍വ്വമായ ഒരു സൗഹൃദക്കൂട്ടായ്മക്ക് സാക്ഷിയായി കുറിച്യാര്‍ മല ഗ്രാമം.
പഴയ വിദ്യാലയം നഷ്ടപ്പെട്ട കുട്ടികളെ മാനസികമായി പുതിയ സ്‌കൂളിലേക്ക് എത്തിക്കുക എന്നത് കഠിനമായ ഒരു ദൗത്യമായിരുന്നു. നഴ്സറി മുതല്‍ നാലാം ക്ലാസ്സുവരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഉരുള്‍പൊട്ടലില്‍ ഇതിലെ പല കുട്ടികളും ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്നവരുമാണ്. ഓണവും പെരുന്നാളുമൊക്കെ അവിടെയാണവര്‍ കഴിച്ചുകൂട്ടിയത്. ഇതിനു പുറമെ പലരുടേയും വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും വസ്തുവകകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. അതിന്റെ ഭാഗമായി സ്‌കൂള്‍ വര്‍ണ്ണശബളമാക്കി. ബലൂണുകളും തോരണവും തൂക്കി. പാട്ടും നൃത്തവും കയ്യടികളുമായി മദ്രസ ശബ്ദമുഖരിതമായി. എങ്ങും ചിരിക്കുന്ന പ്രതീക്ഷയുടെ മുഖങ്ങള്‍. ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ പാടുന്ന പാട്ട് കുട്ടികള്‍ ഏറ്റുപാടുന്നു. മൂന്നു ദിവസത്തെ മോട്ടിവേഷന്‍ ക്ലാസ്സുകളുടെ ഒടുവില്‍ കുട്ടികളുടെ നേതൃത്വത്തില്‍ ഒരു വെര്‍ട്ടിക്കല്‍ ഗാര്‍ഡനും സജ്ജീകരിച്ചു.
''ഞങ്ങള്‍ അവരുടെ കൂടെനിന്നു പണിയെടുത്തു എന്നേയുള്ളൂ. എല്ലാറ്റിനും നേതൃത്വം കൊടുത്തത് രക്ഷിതാക്കളും നാട്ടുകാരുമാണ്. സ്വന്തം മക്കളുടെ സ്‌കൂള്‍ പണിയാന്‍ ഭാഗ്യം കിട്ടിയ അപൂര്‍വ്വം രക്ഷിതാക്കളാണ് ഇവര്‍'' -അനീസ് പറഞ്ഞു.

''ഞങ്ങളെ സഹായിച്ചവര്‍ നിരവധിയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഒരുപാടു പേര്‍. ഇവിടെ വന്ന് ആരൊക്കെ ജോലി ചെയ്തുപോയി എന്നൊന്നും ഞങ്ങള്‍ക്കറിയില്ല. ആരും ആരെയും ബുദ്ധിമുട്ടിച്ചില്ല. കിട്ടിയ ഭക്ഷണം കഴിച്ചു. ഉള്ള സ്ഥലത്ത് കിടന്നു. ഈ ചിത്രങ്ങള്‍ വരച്ചതാരാണെന്നുപോലും ഞങ്ങള്‍ക്കറിയില്ല.'' സ്‌കൂളിലെ അധ്യാപകനായ ഷാനവാസ് പുഞ്ചിരിയോടെ ഏറെ അഭിമാനത്തോടെ പറഞ്ഞു.
പ്രളയശേഷം പ്രകൃതി പറയുന്നതും പഠിപ്പിക്കുന്നതും ഏറെയാണ്. അതിജീവനത്തിന്റെ ആ പുതിയ പാഠങ്ങള്‍ നമുക്ക് പൂര്‍ണ്ണമായും മനസ്സിലായിട്ടില്ല. നാം കൊടുത്തതൊക്കെ ഒരു നിമിഷം കൊണ്ട് തിരിച്ചുതന്നു, നമ്മള്‍ കവര്‍ന്നതും കടമെടുത്തതുമൊക്കെ ഒരു മാത്ര കൊണ്ട് തിരിച്ചെടുത്ത് പ്രകൃതി നമ്മെ ഇപ്പോഴും അദ്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ദുരന്തങ്ങള്‍ ഉല്‍കൃഷ്ടമായ മൂല്യങ്ങളും ചിന്തകളും കൊണ്ടുവരുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. വേദനയോടൊപ്പം അഭിമാനവും കൂടി ഈ പ്രളയം നമുക്ക് സമ്മാനിച്ചു. അനുഭവത്തിലൂടെ പഠിച്ച, കയ്പേറിയ പാഠങ്ങള്‍, പരസ്പരാശ്രയത്വത്തിന്റെ, തിരിച്ചറിവിന്റെ അതിജീവനത്തിന്റെ നല്ല പാഠങ്ങള്‍. അതെ, ഏത് ദുരന്തത്തില്‍നിന്നും ഒരു തിരിച്ചു നടത്തം ആവശ്യമാണ്.
    -------------------------------------------------------------------------------
പുതിയ സ്‌കൂളിലെ ചായത്തിന്റെ മണം മാറാത്ത പുത്തന്‍ ചിത്രങ്ങള്‍ക്കു നടുവില്‍നിന്നും ഫസ്ന പഴയപോലെ ഓടിവന്നു, എന്നെ കെട്ടിപ്പിടിച്ചു. മുന്‍പത്തെക്കാള്‍ ശക്തമായി അവളെന്റെ കൈ മുറുകെപ്പിടിച്ചിരുന്നു, പുതിയ സ്‌കൂളില്‍ അവളെപ്പോലെ മറ്റുള്ള കുട്ടികളും സന്തുഷ്ടരാണ്. പക്ഷേ, ദുരന്തങ്ങളുടെ ബാക്കിപത്രമെന്നപോലെ ഉരുള്‍പൊട്ടല്‍ ആഘാതമേല്‍പ്പിച്ച വീടുകളില്‍നിന്നും വന്ന കുട്ടികളില്‍നിന്ന് ആ ഭീതി ഇന്നും വിട്ടുമാറിയിട്ടില്ല. ഒരു ബുള്ളറ്റ് ചീറിപ്പായുമ്പോഴും മഴയുടെ ശബ്ദം കേള്‍ക്കുമ്പോഴും കാറ്റടിക്കുമ്പോഴും ഇവരില്‍ പലരും ആ ദിവസങ്ങളിലേയ്ക്ക് തിരിച്ചുപോകുന്നു. അവര്‍ ഇതിനെയൊക്കെ പ്രളയവുമായും ഉരുള്‍പൊട്ടലുമായും ബന്ധപ്പെടുത്തുന്നു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുമ്പോഴും മാധ്യമങ്ങളില്‍ പ്രളയ സംബന്ധമായ വാര്‍ത്തകള്‍ വരുമ്പോഴും ഇവര്‍ പേടിച്ചുപോകുന്നു. വീട്ടിലെ ഒറ്റപ്പെട്ട സന്ദര്‍ഭങ്ങളില്‍ പഠനത്തിനിടയില്‍ പൊടുന്നനെ നിശ്ശബ്ദരായി, ചിന്തകളിലേക്ക് വഴുതിവീഴുന്നു. ചിലര്‍ വീട്ടിലെ മുതിര്‍ന്നവരെ ഓടിപ്പോയി കെട്ടിപ്പിടിക്കുന്നു.
സ്‌കൂള്‍ സന്ദര്‍ശിച്ച ഡിസ്ട്രിക്റ്റ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ അന്‍സു കുര്യന്‍ ചില കുട്ടികളുടെ ഇത്തരം ആശങ്കാവഹമായ പെരുമാറ്റത്തെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു: ''കുട്ടികള്‍ കൂടുതല്‍ സമയവും ഗ്രൂപ്പ് ആക്റ്റിവിറ്റികളില്‍ മുഴുകി അവരുടെ കഴിഞ്ഞുപോയ ദുരന്തചിന്തകളില്‍നിന്നു മോചനം നേടേണ്ടതുണ്ട്. കളികളിലൂടെ അവരെ ഒരു പരിധിവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയും. അപൂര്‍വ്വം കേസുകളില്‍ തെറാപ്പി, കൗണ്‍സലിംഗ് എന്നിവകളിലൂടെ നമുക്ക് അവരെ മിടുക്കരായ പഴയ കുട്ടികളാക്കാന്‍ കഴിയും.''

ഇത്തവണ അവരോടൊപ്പം കളിയും പാട്ടും പഠനവുമായി ചെലവഴിച്ച് തിരിച്ചു വരുമ്പോള്‍ എന്റെ കയ്യിലുണ്ടായിരുന്ന പന്തിലേയ്ക്ക് അവള്‍ കൊതിയോടെ നോക്കി. ആ പന്ത് ഫസ്നയ്ക്ക് കൊടുത്തിട്ട് ഞാന്‍ പറഞ്ഞു: ''ഫസ്ന നിങ്ങള്‍ ക്ലാസ്സിലിരുന്ന് ഒഴിവു സമയത്ത് കളിക്കണം.'' അവള്‍ ഒന്നും മിണ്ടിയില്ല. ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ വീണ്ടും പറഞ്ഞു: ''നമ്മുടെ മൈതാനം നഷ്ടപ്പെട്ട സങ്കടം നമുക്ക് ഇങ്ങനെ മാറ്റിയെടുക്കാം. പോരാത്തതിന് പുതിയ സ്‌കൂളും ഉടനെ വരുമല്ലോ, അല്ലേ?'' അപ്രതീക്ഷിതമായി ഫസ്ന രണ്ടു കൈകൊണ്ടും നിഷേധം പ്രകടിപ്പിച്ചു. 
''വേണ്ട ടീച്ചറേ, പന്തു വേണ്ട. പന്ത് തന്നാല്‍ ആങ്കുട്ട്യാള് റോട്ടിലിറങ്ങി കളിച്ചു പോകും. ടീച്ചറത് തിരിച്ചുകൊണ്ടുപൊയ്‌ക്കോ'' ഫസ്നയുടെ കയ്യില്‍നിന്നു പന്ത് തിരിച്ചു വാങ്ങി ഓഫീസിലേല്‍പ്പിച്ച് ഞാന്‍ തിരിച്ചു നടന്നു.


വയനാട്ടില്‍ മലയോരങ്ങളിലേയും കുന്നുകളിലേയും നീര്‍ച്ചാലുകളുടെ ഗതിമാറ്റം ഉരുള്‍പൊട്ടലിന് തീവ്രത വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഭൂവിനിയോഗത്തില്‍ വന്ന മാറ്റങ്ങളും അശാസ്ത്രീയ നിര്‍മ്മാണങ്ങളും മണ്ണിടിച്ചിലിനിടയാക്കി. ഇതുമൂലം നിരവധി നീര്‍ച്ചാലുകള്‍ അപ്രത്യക്ഷമായി. കുന്നിന്‍ചെരുവ് ഇടിച്ചുനിരത്തുന്നതും ഖനനങ്ങളും ഭൂമിയുടെ സമതുലിതാവസ്ഥയെ ബാധിച്ചു. കുത്തനെയുള്ള സ്ഥലങ്ങളിലേക്കുള്ള റോഡ് നിര്‍മ്മാണങ്ങളും ഭൂമിയുടെ താളം തെറ്റിച്ചു. ചതുപ്പുനിലങ്ങളിലും മറ്റും പാരിസ്ഥിതിക ദുര്‍ബ്ബലാവസ്ഥ കണക്കിലെടുക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും മണ്ണിനെ പ്രതികൂലമായി ബാധിച്ചു- വയനാട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ് പറയുന്നു.

ചുരുങ്ങിയ കാലയളവില്‍ പെയ്ത കഠിനമായ മഴ തന്നെയായിരുന്നു ഉരുള്‍പൊട്ടലിന് പ്രധാന കാരണം. 80 ദിവസങ്ങളോളം 3800 മില്ലി മീറ്റര്‍ മഴ വരെ വയനാട്ടില്‍ ലഭിച്ചു. കുന്നിന്‍ പ്രദേശങ്ങളില്‍ 4800 മില്ലി മീറ്റര്‍ വരെ മഴ പെയ്തു. വയനാടന്‍ കുന്നുകളും മലകളും പൊതുവേ ലോലവും ദുര്‍ബ്ബലവുമാണ്. ഭൂരിഭാഗം മലകളുടേയും ഉള്‍ഭാഗത്ത് പശിമയേറിയ കളിമണ്ണാണ്, ഇതു കാരണം അവയ്ക്ക് കൂടുതല്‍ വെള്ളത്തെ അകത്തേയ്ക്ക് ആഗിരണം ചെയ്യാന്‍ കഴിയില്ല. വെള്ളം കുടിച്ച് കുതിര്‍ന്ന് ഇവ തുലനം തെറ്റി ഉള്ളില്‍ സംഭരിച്ച വെള്ളം ദുര്‍ബ്ബലമായ ഏതെങ്കിലും ഭാഗത്തുകൂടി ഉരുള്‍പൊട്ടലായി പുറത്തുവിടുന്നു. അതു കൊണ്ടുതന്നെ കളിമണ്ണ്, ചേടിമണ്ണ് എന്നിവ കൂടുതലുള്ള ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലാണ്. ഇത്തരം പ്രദേശങ്ങളിലൊക്കെ മണ്ണിന്റെ ഘടന അറിഞ്ഞുവേണം ഭൂമിയുടെ വിനിയോഗം നടത്താന്‍. പുനര്‍നിര്‍മ്മാണ പ്രക്രിയയിലാണെങ്കിലും അത് മണ്ണും ഭൂമിയും അറിഞ്ഞുതന്നെ വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com