ഭൂമിയിലെ നരകം: ബൈജു എന്‍. നായര്‍ എഴുതുന്നു

ഇന്ത്യയില്‍നിന്ന് ആദ്യചാട്ടം ചാടി ആന്‍ഡമാനിലെത്തിയ വാനരവീരന്‍ ഇവിടെനിന്ന് അടുത്ത ചാട്ടം ചാടിയാണ് ലങ്കയിലെത്തിയതെന്ന് പുരാണം പറയുന്നു.
ഭൂമിയിലെ നരകം: ബൈജു എന്‍. നായര്‍ എഴുതുന്നു

സീതയെ വീണ്ടെടുക്കാനായി ലങ്കയിലേക്ക് ചാടിയ ഹനുമാന്റെ ആദ്യ ഇടത്താവളം ആന്‍ഡമാന്‍ ആയിരുന്നത്രേ. ഇന്ത്യയില്‍നിന്ന് ആദ്യചാട്ടം ചാടി ആന്‍ഡമാനിലെത്തിയ വാനരവീരന്‍ ഇവിടെനിന്ന് അടുത്ത ചാട്ടം ചാടിയാണ് ലങ്കയിലെത്തിയതെന്ന് പുരാണം പറയുന്നു. ഹനുമാന്‍ അഥവാ ഹന്‍ഡുമാന്‍ എന്ന പേരാണ് പിന്നീട് ആന്‍ഡമാനായി മാറിയതെന്നും ചില ചരിത്രകാരന്മാര്‍ക്ക് അഭിപ്രായമുണ്ട്.

അതെന്തായാലും, 2200 വര്‍ഷം മുന്‍പ് തൊട്ടേ ഈ ദ്വീപുകളില്‍ ജനവാസമുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ചോള രാജാവായ രാജേന്ദ്രചോളന്‍ എ.ഡി 1042-ല്‍ ഇന്തോനേഷ്യയ്ക്കെതിരായ യുദ്ധത്തില്‍ നാവികസേനാ താവളമാക്കിയത് ആന്‍ഡമാനെയാണെന്ന് ചരിത്രരേഖകളുണ്ട്. 13-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ യാത്രികനായ മാര്‍ക്കോപോളോയും ആന്‍ഡമാനെപ്പറ്റി എഴുതിയിട്ടുണ്ട്. 

വിവിധ ആദിവാസി ഗോത്രങ്ങള്‍ പരസ്പരം സ്‌നേഹിച്ചും കലഹിച്ചും കഴിഞ്ഞിരുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ലോകശ്രദ്ധയില്‍ പെട്ടത് 1755-ല്‍ ഡാനിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇവിടെ പ്രവര്‍ത്തനമാരംഭിച്ചപ്പോഴാണ്. ഡാനിഷ് കോളനിയായി പ്രഖ്യാപിക്കപ്പെട്ട ദ്വീപുകളുടെ അക്കാലത്തെ പേര് 'ന്യൂ ഡെന്‍മാര്‍ക്ക്' എന്നായിരുന്നു. ഇടയ്ക്ക് മലേറിയ പൊട്ടിപ്പുറപ്പെടുമ്പോള്‍ ദ്വീപ് വിട്ട് ഓടുന്ന ഇടവേളകളൊഴിച്ചാല്‍ ഡാനിഷുകാര്‍ 1868 വരെ ആന്‍ഡമാനില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്നു.

യൂറോപ്പില്‍നിന്ന് ഇന്ത്യയിലേക്കുള്ള സുദീര്‍ഘമായ കപ്പല്‍ സഞ്ചാരത്തിനിടെ വിശ്രമിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ തേടിയുള്ള യാത്രയാണ് ബ്രിട്ടീഷുകാരെ ആന്‍ഡമാനിലെത്തിച്ചത്. 1788 ഡിസംബര്‍ 28-ന് ക്യാപ്റ്റന്‍ ആര്‍ച്ചിബാള്‍ഡ് ബ്ലെയര്‍ എന്ന സേനാനായകന്‍  എലിസബത്ത്, വൈപ്പര്‍ എന്നീ കപ്പലുകള്‍ നിറയെ സാധനസാമഗ്രികളുമായി ആന്‍ഡമാന്റെ തെക്കേ അറ്റത്തെ ഇന്റര്‍വ്യൂ ദീപിലെത്തിയത് അങ്ങനെയാണ്. കൊടുങ്കാറ്റും മഴയും കാരണം കുറച്ചുകാലം ആന്‍ഡമാനില്‍ കഴിയേണ്ടിവന്നു, ബ്ലെയറിനും സംഘത്തിനും. ഈ സമയം കൊണ്ട് ദ്വീപുകളില്‍ സഞ്ചരിച്ച് അദ്ദേഹം ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി. സൈനികത്താവളമാക്കാനും പ്രകൃതിവിഭവങ്ങള്‍ യഥേഷ്ടം കടത്താനും പറ്റിയ സ്ഥലമാണിതെന്ന് ബ്ലെയര്‍  ലണ്ടനിലെ അധികാരികളെ അറിയിച്ചു.
തുറമുഖം നിര്‍മ്മിച്ചും രമ്യഹര്‍മ്മങ്ങള്‍ പടുത്തുയര്‍ത്തിയും ബ്രിട്ടീഷുകാര്‍ ആന്‍ഡമാനില്‍ അവകാശം സ്ഥാപിച്ചു തുടങ്ങിയപ്പോള്‍, ദ്വീപുകളുടെ അവകാശം ബ്രിട്ടന് എഴുതിക്കൊടുത്തിട്ട് ഡെന്മാര്‍ക്കുകാര്‍ കപ്പല്‍ കയറി.

ഇന്ത്യയിലെ കുറ്റവാളികളേയും സ്വാതന്ത്ര്യസമര സേനാനികളേയും പാര്‍പ്പിക്കാനായി ഒരു വലിയ ജയില്‍ നിര്‍മ്മിക്കാനാണ് ബ്രിട്ടീഷുകാര്‍ ആദ്യം പദ്ധതിയിട്ടത്. അങ്ങനെ, പോര്‍ട്ട്ബ്ലെയറില്‍ സ്ഥാപിക്കപ്പെട്ട തടവറയാണ് സെല്ലുലാര്‍ ജയില്‍.

രണ്ടാം ലോകമഹായുദ്ധ കാലത്ത്, ചാത്തം ദ്വീപില്‍ ബോംബിട്ട് മുന്നേറിയ ജപ്പാന്‍കാര്‍ ആന്‍ഡമാന്‍ പിടിച്ചടക്കി. മൂന്നു വര്‍ഷം ജാപ്പനീസ് ഭരണത്തിലായിരുന്നു ദ്വീപ്. ഇക്കാലത്ത് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ തലവനായിരുന്ന സുഭാഷ്ചന്ദ്രബോസ് ജപ്പാന്‍കാരുടെ ക്ഷണം സ്വീകരിച്ച് പോര്‍ട്ട്ബ്ലെയറിലെത്തിയിരുന്നു. അദ്ദേഹം ത്രിവര്‍ണ്ണ പതാക ഇവിടെ ഉയര്‍ത്തുകയും ചെയ്തു.

1945-ല്‍ വീണ്ടും ആന്‍ഡമാന്‍ ബ്രിട്ടീഷ് ഭരണത്തിലായി. 1947-ല്‍ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഇന്ത്യയുടെ ഭാഗവുമായി.
വളരെ എളുപ്പത്തില്‍ പറഞ്ഞുതീര്‍ന്നെങ്കിലും ചരിത്രം ആന്‍ഡമാനില്‍ എല്ലാക്കാലത്തും വിതച്ചത്   ദുരിതങ്ങളാണ്. ബ്രിട്ടീഷുകാരുടെ ദുര്‍ഭരണം, സെല്ലുലാര്‍ ജയിലിലെ നരഹത്യകള്‍, ആദിവാസികളെ അടിച്ചമര്‍ത്താനായി യൂറോപ്യന്‍ ഭരണാധികാരികള്‍ കൈക്കൊണ്ട കിരാത നടപടികള്‍, മൂന്നുവര്‍ഷമേ ഭരിച്ചുള്ളുവെങ്കിലും ജപ്പാന്‍കാര്‍ കാട്ടിക്കൂട്ടിയ കൊള്ളരുതായ്മകള്‍ ഇങ്ങനെ, 1947 വരെയുള്ള ജീവിതകാലത്തില്‍  കണ്ണീര്‍ക്കഥകള്‍ മാത്രമേ ആന്‍ഡമാന് പറയാനുള്ളു.

എങ്കിലും, എല്ലാ കണ്ണീര്‍ക്കഥകള്‍ക്കുമപ്പുറം, ദുരിതത്തിന്റെ സാഗരമായിരുന്നു സെല്ലുലാര്‍ ജയില്‍. ലോക ചരിത്രത്തില്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളോടു മാത്രമേ സെല്ലുലാര്‍ ജയിലിനെ ഉപമിക്കാനാവൂ.
അതുകൊണ്ടുതന്നെ, ആന്‍ഡമാന്‍ സന്ദര്‍ശിക്കുന്നവര്‍ നിര്‍ബന്ധമായും കാണുന്ന, കാണേണ്ട ചരിത്രസ്മാരകമാണ് സെല്ലുലാര്‍ ജയില്‍. പോര്‍ട്ട്ബ്ലെയറിലെ രണ്ടാംദിവസം ഞാനും ചെലവഴിച്ചത് ഈ ദുരിതങ്ങളുടെ സ്മാരകത്തിലാണ്.

നഗരത്തിരക്കില്‍നിന്നും പത്തുമിനിറ്റ് കാറോടിച്ചപ്പോള്‍ കുന്നിനുമുകളില്‍ ജയില്‍ ദൃശ്യമായി. കോട്ടമതില്‍ പോലെയുള്ള ഭിത്തിയുടെ നടുക്ക് ഉയര്‍ന്നുനില്‍ക്കുന്ന രണ്ട് നിരീക്ഷണ ഗോപുരങ്ങള്‍. ജയിലിന്റെ ഉള്ളിലേക്കുള്ള ഭാഗങ്ങളൊന്നും പുറത്തു  നിന്നാല്‍ ദൃശ്യമല്ല.
'ദേശീയ സ്മാരക'മെന്ന് പുറത്ത് വലിയ അക്ഷരത്തില്‍ എഴുതിവെച്ചിട്ടുണ്ട്. 1978-ല്‍ ഫെബ്രുവരി 11-ന് അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ് സെല്ലുലാര്‍ ജയിലിനെ സ്മാരകമാക്കി പ്രഖ്യാപിച്ചത്. നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയ ധീരദേശാഭിമാനികള്‍ ഏറ്റവുമധികം ദുരിതവും പീഡനവും അപമാനവും സഹിച്ച ജയില്‍മന്ദിരം ദേശീയ സ്മാരകമെന്നല്ല, ദേശീയ ദുരന്തസ്മാരകമെന്നാണ് അറിയപ്പെടേണ്ടത് എന്നെനിക്കു തോന്നി.

30 രൂപയാണ് ജയില്‍ കാണാനുള്ള ടിക്കറ്റിന്റെ നിരക്ക്. ടിക്കറ്റു വാങ്ങി ഉള്ളിലേക്കു നടക്കുമ്പോള്‍  ഹൃദയം പെരുമ്പറ കൊട്ടി. ചെറുപ്പകാലം തൊട്ടേ  ക്രൂരതയുടേയും ദുരിതങ്ങളുടേയും പര്യായമായി കേട്ടിട്ടുള്ള, സെല്ലുലാര്‍ ജയിലിലേക്ക് ഞാന്‍ പ്രവേശിക്കുകയാണെന്ന് വിശ്വസിക്കാനായില്ല.
ഗേറ്റ് കടന്ന് ഉള്ളില്‍ നിന്നപ്പോള്‍ ഒരു വണ്ടിച്ചക്രത്തിന്റെ ആരക്കാലുകള്‍പോലെ മൂന്നു കെട്ടിടങ്ങള്‍ നീണ്ടുകിടക്കുന്നതു കണ്ടു. നടുവിലെ വലിയൊരു വാച്ച് ടവറില്‍നിന്നും കെട്ടിടങ്ങള്‍ മൂന്നു ദിശകളിലേക്ക് നീളുന്നു. അവയില്‍ നിറയെ ജയിലറകളാണ്. കരുത്തുറ്റ ഇരുമ്പുകമ്പികള്‍ സ്ഥാപിച്ച് സുരക്ഷിതമാക്കിയ ജയിലറകളും ഇടനാഴിയും.

വലതുവശത്തെ കെട്ടിടത്തിനു മുന്നില്‍ കുറേ  ഇരുമ്പ് കസേരകളുണ്ട്. വൈകുന്നേരങ്ങളില്‍ നടക്കുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോയുടെ കാണികള്‍ക്കുള്ള ഇരിപ്പിടമാണിത്. അതിനു മുന്നില്‍ ചെറിയൊരു ഉദ്യാനം. ഉദ്യാനത്തിനു നടുവില്‍ സിമന്റ് തറയില്‍, തടിപ്പലകയില്‍ കൈയും കാലും കെട്ടിയിട്ട അവസ്ഥയില്‍ ചാട്ടവാറടികൊണ്ടു പുളയുന്ന ഒരു സാധുമനുഷ്യന്റെ പ്രതിമ. ഉള്ളുലയ്ക്കുന്ന കാഴ്ചകള്‍ ഇവിടെ ആരംഭിക്കുന്നു.


വിറയ്ക്കുന്ന കാല്‍വെയ്പുകളോടെ ഞാന്‍ ആദ്യം കണ്ട കെട്ടിടത്തിലേക്കു കയറി. എന്റെ മുന്നില്‍ കണ്ണെത്താ ദൂരം നീളുന്ന ഇടനാഴി തെളിഞ്ഞു. അതിന്റെ വലതുവശത്തായി തടവുകാരുടെ  സെല്ലുകളുടെ നീണ്ടനിര.
സെല്ലുലാര്‍ ജയില്‍ എന്ന പേരിനു കാരണം 696 സെല്ലുകളുടെ സമുച്ചയമാണ് ഇതെന്നതാണ്. ഇപ്പോള്‍ ആരക്കാലുകള്‍പോലെ മൂന്നു കെട്ടിടങ്ങളേ ഉള്ളൂവെങ്കിലും നിര്‍മ്മിച്ചപ്പോള്‍ ഇത് ഏഴായിരുന്നു. 4.5 മീറ്റര്‍ നീളവും 2.7 മീറ്റര്‍ വീതിയുമുള്ള 696 സെല്ലുകളാണ് അന്നുണ്ടായിരുന്നത്. തടവുകാര്‍ മുഖത്തോടുമുഖം നോക്കാതിരിക്കാനാണ് ഇടനാഴിയുടെ ഒരുവശത്തുമാത്രം സെല്ലുകള്‍ നിര്‍മ്മിച്ചത്. ആര്‍ക്കും പരസ്പരം സംസാരിക്കാന്‍പോലും പറ്റാത്ത രീതിയിലാണ് സെല്ലുകളുടെ രൂപകല്പന. സെല്ലുകളുടെ ഇരുമ്പുഗേറ്റ് പൂട്ടുന്നതിനായി ഭിത്തിക്കിടയിലൂടെ ഇരുമ്പുകുറ്റി നീക്കുന്ന സംവിധാനമാണുള്ളത്. അതായത്, തടവുകാരന് സെല്ലിനുള്ളില്‍നിന്ന് പൂട്ട് കയ്യെത്തിപ്പിടിക്കാനാവില്ല എന്നു ചുരുക്കം. ഓരോ സെല്ലിലും 3 മീറ്റര്‍ ഉയരത്തില്‍ ഇരുമ്പഴിയിട്ട ചെറിയൊരു ജനാലയുണ്ട്.

ഞാന്‍ ആദ്യം കണ്ട സെല്ലിലേക്കു കയറി. ശ്വാസം മുട്ടിക്കുന്നത്ര ചെറിയ മുറി. നിശ്ശബ്ദത നല്‍കുന്ന വിമ്മിഷ്ടം വേറെയും. എത്രയോ ധീരദേശാഭിമാനികളുടെ നെടുവീര്‍പ്പും നിലവിളിയും സ്വാതന്ത്ര്യഗീതങ്ങളും സ്വപ്നങ്ങളും കേട്ട ചുവരുകളാണിത്! കണ്ണുനീരിന്റെ നനവും ഉപ്പും ഏറ്റുവാങ്ങിയ സിമന്റുതറ കാലപ്പഴക്കത്തില്‍ വിണ്ടുകീറിയിരിക്കുന്നു.
ഞാന്‍ ഇടനാഴിയിലൂടെ നടന്നു. വീര്‍സവര്‍ക്കറെപ്പോലെയുള്ള ദേശാഭിമാനികള്‍ ബ്രിട്ടീഷുകാരന്റെ തോക്കിന്റെ മുനയില്‍ നിന്നുകൊണ്ട് 'ഭാരത് മാതാ കീ ജയ്' വിളിച്ച ഇടനാഴികള്‍. 'ഇന്ത്യന്‍ പട്ടികള്‍' എന്ന് അലറിക്കൊണ്ട് സായ്പിന്റെ ചാട്ടവാറുകളും ലാത്തികളും കിരാതനൃത്തം നടത്തിയ ജയിലറകള്‍.

സ്വാതന്ത്ര്യസമര സേനാനികളെ ഇന്ത്യയിലെ ജയിലുകളില്‍ പാര്‍പ്പിക്കുന്നത് ജനങ്ങളില്‍ സ്വാതന്ത്ര്യബോധം വര്‍ദ്ധിപ്പിക്കുമെന്ന് ബ്രിട്ടീഷുകാര്‍ കരുതി.  ആരുടേയും കണ്ണെത്താത്ത ഏതെങ്കിലുമൊരിടത്ത് തടവുകാരെ എത്തിച്ചാല്‍ അവര്‍ക്ക് സ്വാതന്ത്ര്യസമരത്തില്‍ ഇടപെടാനേ കഴിയില്ലെന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു തോന്നി. അതിനു പറ്റിയ സ്ഥലം ആന്‍ഡമാന്‍ ദ്വീപുകളാണെന്ന ലെഫ്റ്റനന്റ്  ബ്ലെയറിന്റെ റിപ്പോര്‍ട്ടുകൂടി കിട്ടിയതോടെ സെല്ലുലാര്‍ ജയിലെന്ന ആശയം പൊട്ടിവീണു.
1857-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ആദ്യവിപ്ലവത്തിന് ഇന്ത്യ വേദിയായി. നൂറുകണക്കിന് വിപ്ലവകാരികള്‍ ജയിലിലുമായി. ഇക്കാലത്താണ് ആന്‍ഡമാനില്‍ ജയില്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായത്. ഇതിനായി ഡോക്ടര്‍മാരും ജയിലര്‍മാരുമടങ്ങിയ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. അവര്‍ 1857 ഡിസംബര്‍ 8-ന് ആന്‍ഡമാന്‍ സന്ദര്‍ശിച്ചു. പല ദ്വീപുകളും ചുറ്റിക്കണ്ടിട്ട്, ഇപ്പോഴത്തെ പോര്‍ട്ട്ബ്ലെയറാണ് ജയിലിനു പറ്റിയ സ്ഥലമെന്ന് കമ്മിറ്റി വിലയിരുത്തി.

കമ്മിറ്റി കൊടുത്ത റിപ്പോര്‍ട്ട് ബ്രിട്ടീഷ് ഗവണ്‍മെന്റ് അംഗീകരിച്ചു. 1858 ഫെബ്രുവരി 22-ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ക്യാപ്റ്റന്‍ മാന്‍ ജയില്‍ നിര്‍മ്മാണത്തിന്റെ ചുമതലയേറ്റ് പോര്‍ട്ട്ബ്ലെയറിലെത്തി. തൊട്ടുപിന്നാലെ 50 നേവല്‍ ഓഫീസര്‍മാരുമെത്തി.


ജയില്‍ നിര്‍മ്മിക്കുന്നതിനു മുന്‍പ്, പോര്‍ട്ട്ബ്ലെയറില്‍ നിന്നാല്‍ കാണാവുന്നത്ര അടുത്തുള്ള റോസ് ദ്വീപില്‍ ബ്രിട്ടീഷ് ആസ്ഥാനം നിര്‍മ്മിക്കുകയാണ് ക്യാപ്റ്റന്‍ മാനും സംഘവും ചെയ്തത്. ബ്രിട്ടനിലെ നഗരങ്ങളോടു കിടപിടിക്കുന്ന രീതിയില്‍ 'റോസ് ഐലന്‍ഡ്' രൂപകല്പന ചെയ്ത് നിര്‍മ്മിക്കപ്പെട്ടു. (ജാപ്പനീസ് ബോംബിങ്ങില്‍ നാമാവശേഷമായിപ്പോയ റോസ് ഐലന്‍ഡ് സന്ദര്‍ശിച്ച കഥ പിന്നാലെ പറയാം).

ഇന്ത്യയില്‍ പല ഭാഗത്തും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നൂറുകണക്കിനാളുകള്‍ ദിനവും ജയിലുകളിലേക്ക് വന്നുചേര്‍ന്നുകൊണ്ടിരുന്നു. ഇന്ത്യയിലെ ജയിലറകള്‍ നിറഞ്ഞുകവിഞ്ഞു. സെല്ലുലാര്‍ ജയില്‍ നിര്‍മ്മിക്കുന്നതിനു മുന്‍പു തന്നെ ആന്‍ഡമാനിലെ ഏതെങ്കിലും ദ്വീപിലേക്ക് തടവുകാരെ കടത്തിയാലോ എന്ന ആലോചന മുറുകി.

നറുക്കുവീണത് പോര്‍ട്ട്ബ്ലെയറില്‍നിന്ന് വിളിപ്പാടകലെയുള്ള വൈപ്പര്‍ ഐലന്‍ഡിനാണ്. സമ്മതം ലഭിച്ചപ്പോള്‍ത്തന്നെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അവിടെ ഏറ്റവും ആവശ്യമുള്ള 'സാധനം' ആദ്യം തന്നെ നിര്‍മ്മിച്ചു കഴുമരം. പിന്നെ, തുറന്ന ജയില്‍ ഉള്‍പ്പെടെയുള്ള അനുബന്ധ കെട്ടിടങ്ങളും നിര്‍മ്മിക്കപ്പെട്ടു. സെല്ലുലാര്‍ ജയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ 16,000- ത്തിലേറെ തടവുകാര്‍ ഉണ്ടായിരുന്നത്രേ, വൈപ്പര്‍ ദ്വീപില്‍. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന ലോര്‍ഡ് മേയോയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ധീര വിപ്ലവകാരി ഷേര്‍ അലിഖാനെ തൂക്കിക്കൊന്നത് വൈപ്പര്‍ ഐലന്‍ഡിലെ കഴുമരത്തിലാണ്. ആന്‍ഡമാനിലെ മൗണ്ട് ഹാരിയറ്റിലെ ഹോപ്പ് ടൗണ്‍ ബോട്ട്ജെട്ടിയില്‍ വെച്ചാണ് ഷേര്‍ അലിഖാന്‍ മേയോയ്ക്കെതിരെ വെടിയുതിര്‍ത്തത്.
വൈപ്പര്‍ ദ്വീപിലെ നിര്‍മ്മിതികളും ഇപ്പോള്‍ നാശോന്മുഖമായിക്കഴിഞ്ഞു. കഴുമരം പക്ഷേ, അതേപടി നിലനില്‍ക്കുന്നുണ്ട്.

1890-ല്‍ സെല്ലുലാര്‍ ജയിലിന്റെ രൂപരേഖ സമര്‍പ്പിക്കപ്പെട്ടു. കുഴപ്പക്കാരനായ കുറ്റവാളികളെ മറ്റുള്ളവരില്‍നിന്ന് ആറുമാസത്തേക്കെങ്കിലും മാറ്റി, ഏകാന്ത തടവുകാരാക്കുന്ന കണ്ണൂര്‍ ജയിലിലെ ഏര്‍പ്പാട് സെല്ലുലാര്‍ ജയിലിലും പിന്തുടരണമെന്നും അതിനായി പ്രത്യേക ജയില്‍ ബ്ലോക്കുകള്‍ നിര്‍മ്മിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നത്രേ.
എല്ലാ ശുപാര്‍ശകളും അംഗീകരിച്ച ബ്രിട്ടീഷ് ഗവണ്‍മെന്റ് ഒരു കാര്യം കൂടി വ്യക്തമാക്കി: ജയില്‍ നിര്‍മ്മാണത്തിനായി തൊഴിലാളികളൊന്നും വേണ്ട. തടവുകാര്‍ തന്നെ നിര്‍മ്മിക്കട്ടെ, ജയില്‍.
വര്‍ഷങ്ങളോളം തടവില്‍ കഴിയുകയോ തൂക്കിക്കൊല്ലപ്പെടുകയോ ചെയ്യപ്പെടേണ്ട ജയില്‍ മുറികള്‍ സ്വയം നിര്‍മ്മിക്കാന്‍ തടവുകാര്‍ക്കു കൈവന്ന അസുലഭാവസരം!

ദുരിതങ്ങള്‍ അവിടെ ആരംഭിക്കുകയായിരുന്നു. 600 തടവുപുള്ളികള്‍ ജയിലിന്റെ നിര്‍മ്മാണത്തിനായി നിയോഗിക്കപ്പെട്ടു.
ഭൂകമ്പസാദ്ധ്യത കണക്കിലെടുത്ത് മൂന്നുനിലവരെ മതി, കെട്ടിടങ്ങളുടെ ഉയരമെന്ന് തീരുമാനിച്ചു. ആകെ 450 സെല്ലുകള്‍. ഒരേ നീളത്തിലുള്ള 7 കെട്ടിടങ്ങള്‍. അത് ഒരു വാച്ച് ടവറില്‍ നിന്ന് പുറപ്പെടുന്ന രീതിയിലായിരിക്കും. തടവുകാര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ ഒരേയൊരു അടുക്കള. 20 ബെഡുകളുള്ള ചെറിയ ആശുപത്രി ജയിലിനോടനുബന്ധിച്ചുണ്ടാവും. ഭക്ഷണം സെല്ലിനുള്ളില്‍ത്തന്നെ വിളമ്പും. ജയിലിനുള്ളില്‍നിന്ന് വിട്ടുനില്‍ക്കുന്ന മറ്റൊരു കെട്ടിടം ജയിലര്‍മാര്‍ക്കും പൊലീസുകാര്‍ക്കുമായി പണിയും. ജയിലിന്റെ ഓഫീസും ഇതു തന്നെയായിരിക്കും.

3.15 ലക്ഷം രൂപയാണ് ജയില്‍ നിര്‍മ്മാണത്തിന്റെ ചെലവായി കണക്കാക്കിയത്. (പക്ഷേ, 5.17 ലക്ഷം രൂപ വേണ്ടിവന്നു നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍.)
ജയിലിന്റെ നിര്‍മ്മാണത്തിന് പ്രാദേശികമായി ലഭിച്ച തടിയും കല്ലുകളുമാണ് പ്രധാനമായും ഉപയോഗിച്ചത്. മ്യാന്‍മറില്‍നിന്നും ചില സാധനങ്ങള്‍ കപ്പലില്‍ എത്തിക്കുകയും ചെയ്തു. 20,000 ക്യുബിക് അടി കരിങ്കല്ലും 30 ലക്ഷം ഇഷ്ടികകളും ഉപയോഗിക്കപ്പെട്ടു.

7 കെട്ടിടങ്ങള്‍. അവയ്ക്ക് 4 അടി വീതിയുള്ള വരാന്ത. പിന്നില്‍ 13.5 x 7.5 അടി വിസ്തീര്‍ണ്ണമുള്ള സെല്ലുകള്‍ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ സെല്ലൂലാര്‍ ജയിലിന്റെ അളവുകള്‍ ഇങ്ങനെയായിരുന്നു. വിചാരിച്ചതിലുമധികം  696 സെല്ലുകള്‍ ഉള്‍പ്പെടുത്താനും സാധിച്ചു.


കെട്ടിടങ്ങള്‍ക്കു നടുവിലെ നാലുനിലപ്പൊക്കമുള്ള ടവറില്‍ നിന്നാല്‍ ജയില്‍ വളപ്പിനുള്ളില്‍ ഈച്ച പറന്നാല്‍പ്പോലും കാണാമായിരുന്നു. കൂടാതെ ഓരോ കെട്ടിടത്തിലും കാവല്‍ക്കാരുണ്ട്. അവര്‍ മൂന്നുമണിക്കൂറില്‍ മാറിക്കൊണ്ടിരിക്കും. രാത്രിയില്‍ ഉറങ്ങിപ്പോകാതിരിക്കാനാണ് ഈ ഡ്യൂട്ടി മാറ്റം.

ഓരോ ബ്ലോക്കിനും മുറ്റമുണ്ട്. ഇവിടെ പണിപ്പുരകള്‍ സ്ഥാപിച്ചിരിക്കുന്നു. പകല്‍ സമയങ്ങളില്‍ തടവുകാര്‍ എണ്ണ ആട്ടുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യേണ്ടത് ഈ പണിപ്പുരകളിലാണ്. 
ആദ്യ ബ്ലോക്കിനു സമീപം സുന്ദരമായ ചെറിയ വീടുപോലെയൊരു കെട്ടിടം കാണാം. ഇതാണ് കഴുമരങ്ങളുടെ വീട്. ഒരേ സമയം മൂന്നുപേരെ തൂക്കിലേറ്റാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഇവിടെയുണ്ട്.
കഴുമര വീടിന്റെ തൊട്ടടുത്തുള്ള രക്തസാക്ഷി മണ്ഡപം നിന്നിരുന്നിടത്തായിരുന്നു, ജയില്‍ ആശുപത്രി.
അതിനു തൊട്ടു കാണുന്നത് അടുക്കള. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേകം അടുപ്പുകളും പാത്രങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. ഇവിടെ ഒരു കിണറും കാണാം.
1906-ലാണ് ജയിലിന്റെ പണി പൂര്‍ത്തിയായത്. ഇക്കാലമായപ്പോഴേക്കും ഇന്ത്യയില്‍

സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരുന്നു. രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ജയിലിലായി.
അങ്ങനെയൊരു സംഘം സ്വാതന്ത്ര്യസമര സേനാനികളാണ് പണി പൂര്‍ത്തിയായ സെല്ലുലാര്‍ ജയിലില്‍ ആദ്യമായി തുറങ്കിലടയ്ക്കപ്പെട്ടത്. ആലിപ്പൂര്‍ ബോംബ് കേസിലെ പ്രതികളും ഇതില്‍ ഉള്‍പ്പെടുന്നു. ബ്രിട്ടീഷുകാരെ അപഹസിച്ചുകൊണ്ടും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ആഹ്വാനം ചെയ്തുകൊണ്ടും ലേഖനങ്ങളെഴുതിയ പത്രപ്രവര്‍ത്തകരായ രാംഹരി, നന്ദുഗോപാല്‍, ലോധറാം, ഹോത്തിലാല്‍ വര്‍മ്മ എന്നിവരും അക്കൂടെ ഉണ്ടായിരുന്നു.

1909-ലാണ് സെല്ലുലാര്‍ ജയിലിന്റെ ഗേറ്റ് കടന്ന് അവര്‍ അസ്വാതന്ത്ര്യത്തിന്റെ വളപ്പിലേക്ക് പ്രവേശിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞ് 'ഹൈന്ദവ ദേശീയതയുടെ പിതാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്വാതന്ത്ര്യസമര നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറും സഹോദരന്‍ ഗണേഷും ജയിലിലെത്തി.

ജീവപര്യന്ത തടവുകാര്‍ക്ക് 25 വര്‍ഷമായിരുന്നു, തടവുശിക്ഷ. ഇവരെ ആറുമാസം കണ്ണൂര്‍ മാതൃകയില്‍ സെല്ലുലാര്‍ ജയിലില്‍ ഏകാന്ത തടവിലാക്കും. എന്നിട്ട് 18 മാസം മറ്റു ജയിലുകളില്‍ കഠിന ജോലികള്‍ ചെയ്യിച്ച് തടവിലിടും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പട്ടാള ബാരക്കുകളില്‍ ജോലി ചെയ്യാന്‍ നിയോഗിക്കപ്പെടുന്നു.

അങ്ങനെ 10 വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തടവുകാരനായിത്തന്നെ ഗ്രാമങ്ങളിലേക്കു പോകാം. കൃഷിപ്പണികള്‍ ചെയ്തും മറ്റും ജീവിക്കാമെങ്കിലും യാതൊരു പൗരാവകാശങ്ങളും ഉണ്ടായിരിക്കില്ല. അങ്ങനെ 25 വര്‍ഷം തികയ്ക്കുമ്പോള്‍ ആന്‍ഡമാന്‍ വിട്ടു പോകാനുള്ള അനുമതി നല്‍കും.

ജയിലില്‍ കഴിയുന്നവരില്‍ അച്ചടക്കം പാലിക്കാത്തവരേയും വധശിക്ഷ വിധിക്കപ്പെട്ടവരേയും എപ്പോഴും ചങ്ങലയ്ക്കിടുന്ന പതിവുമുണ്ടായിരുന്നു. കഴുത്തില്‍ ഇരുമ്പുപട്ടയിട്ട്, അതില്‍നിന്നുള്ള ചങ്ങലകള്‍കൊണ്ട്  കൈയും കാലും ബന്ധിക്കും. കനമുള്ള ഇരുമ്പു ചങ്ങല വഹിച്ചുകൊണ്ട് ഇഴഞ്ഞുനീങ്ങുന്നവര്‍ ജയിലിലെ നിത്യകാഴ്ചയായിരുന്നു.

അധികാരികളോട് കയര്‍ക്കുകയോ അനുസരണക്കേട് കാട്ടുകയോ ചെയ്താല്‍ ലഭിക്കുന്ന ശിക്ഷകള്‍ എഴുതി ഫലിപ്പിക്കാനാവില്ലെന്ന് സെല്ലുലാര്‍ ജയിലിന്റെ ചരിത്രം എഴുതിയ പ്രീതംറോയ് പറയുന്നു. കൈയാമം ധരിച്ചുകൊണ്ട് ഒരാഴ്ച ഒരേ നില്‍പ്പ് നില്‍ക്കുക, മസിലുകള്‍ അടിച്ചുടയ്ക്കുക, വായില്‍ ഇരുമ്പു കമ്പി കയറ്റുക, ആഴ്ചകളോളം പട്ടിണിക്കിടുക എന്നിവ സര്‍വ്വസാധാരണമായിരുന്നു. പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തവര്‍ നിരവധിയാണ്. പട്ടിണി കിടന്നു മരിച്ചവരും അസംഖ്യമുണ്ട്. സ്വാതന്ത്ര്യസമര സേനാനികള്‍ക്കു നേരെ നടക്കുന്ന ഇത്തരം കൊടും നരഹത്യകളുടേയും പീഡനങ്ങളുടേയും കഥകള്‍ 1300 കി.മീ അകലെ കിടക്കുന്ന ഇന്ത്യയില്‍ എത്തിപ്പെടുമായിരുന്നില്ല. അതുതന്നെയായിരുന്നു ബ്രിട്ടീഷുകാര്‍ക്ക് വേണ്ടതും. 

സെല്ലുലാര്‍ ജയില്‍ കണ്ട ഏറ്റവും ക്രൂരനായ ജയിലറായിരുന്നു ഡേവിഡ് ബാരി. 'ഇന്ത്യന്‍ നായ്ക്ക'ളെ ഭരിക്കാനും വേണ്ടിവന്നാല്‍ കൊലപ്പെടുത്താനുമായി ദൈവമാണ് തന്നെ ആന്‍ഡമാനിലേക്കയച്ചതെന്ന് ബാരി ആത്മാര്‍ത്ഥമായി വിശ്വസിച്ചു. മനുഷ്യമൃഗമെന്നാണ് ബാരിയെ അന്നത്തെ തടവുകാര്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യന്‍ മനുഷ്യനോട് ചെയ്യാന്‍ മടിക്കുന്നതെല്ലാം ഡേവിഡ് ബാരി ചെയ്തുകാണിച്ചു എന്ന് ബാരിന്‍ഘോഷ് എന്ന തടവുകാരന്‍ പിന്നീട് എഴുതി. പുതിയ തടവുകാര്‍ വരുന്ന വേളയില്‍ ബാരിയുടെ വക ഒരു പ്രസംഗമുണ്ട്. അതിങ്ങനെയായിരുന്നു: ''നിങ്ങള്‍ ഈ മതിലുകള്‍ കണ്ടോ? ഇതിന് ഉയരം കുറവാണെന്നു നിങ്ങള്‍ക്കു തോന്നുന്നില്ലേ? ഇത് എത്ര താഴ്ത്തി നിര്‍മ്മിച്ചാലും നിങ്ങള്‍ക്ക് ഇവിടെനിന്ന് രക്ഷപ്പെടാനാവില്ല എന്നതാണ് സത്യം. കാരണം, ഈ ദ്വീപിനു ചുറ്റും 1000 കി.മീറ്റര്‍ വീതിയില്‍ കടലാണ്. ചുറ്റുമുള്ള കാടുകളിലാണെങ്കില്‍ കാട്ടുപന്നികളും കാട്ടുപൂച്ചകളും പിന്നെ, നിന്നെയൊക്കെ കാണുന്ന മാത്രയില്‍ വിഷം പുരണ്ട അമ്പെയ്തു കൊല്ലുന്ന ആദിവാസികളും മാത്രമേയുള്ളൂ. ഇനി എന്നെ നോക്ക്. ഞാനാണ് ഡേവിഡ് ബാരി. മര്യാദക്കാരോട് ഞാനും മര്യാദയ്ക്ക് പെരുമാറും. പക്ഷേ, വഷളന്മാരോട് നാലിരട്ടി വഷളത്തരം കാണിക്കാന്‍ എനിക്കറിയാം. എന്നെ അനുസരിക്കാത്തവരെ ദൈവത്തിനു മാത്രമേ സഹായിക്കാന്‍ കഴിയൂ. എന്നാല്‍ ഒരുകാര്യം ഓര്‍ത്തോ, പോര്‍ട്ട്ബ്ലെയറിന്റെ ഏഴയലത്തുപോലും ദൈവം വരില്ല. കാരണം ഞാനാണ് ഇവിടുത്തെ ദൈവം...!''
തന്റെ വാഴ്ച ഉറപ്പാക്കാനായി നിരവധി പെറ്റിഓഫീസര്‍മാരെയും ബാരി നിയമിച്ചിരുന്നു. ബാരിയെക്കാള്‍ ക്രൂരനായ മിര്‍സാ ഖാനെപ്പോലുള്ളവര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നെന്ന് സവര്‍ക്കര്‍ തന്റെ ജയില്‍ സ്മരണകളില്‍ എഴുതിയിട്ടുണ്ട്.

ഡേവിഡ് ബാരി എന്ന ക്രൂരനെ കൊലപ്പെടുത്തണമെന്ന് പലരും മോഹിച്ചെങ്കിലും ദൈവം അയാളെ ആര്‍ക്കും വിട്ടുകൊടുത്തില്ല. 1920-ല്‍ ബാരിയുടെ എല്ലുകള്‍ ജീര്‍ണ്ണിച്ചു തുടങ്ങി. എഴുന്നേറ്റു നില്‍ക്കാനാവാത്ത  അവസ്ഥയില്‍ ബാരിയെ കപ്പല്‍ കയറ്റി കൊല്‍ക്കത്തയിലെത്തിച്ചു. അപ്പോഴേക്കും തീരെ അവശനായിരുന്നു, ആന്‍ഡമാന്‍ കണ്ട ഏറ്റവും ക്രൂരനായ ജയിലര്‍. വിദഗ്ദ്ധ ചികിത്സയ്ക്കായി ബാരിയെ ലണ്ടനിലേക്കു കൊണ്ടുപോകാനാണ് ഇന്ത്യയിലെ ബ്രിട്ടീഷ് ഗവണ്‍മെന്റ് തീരുമാനിച്ചതെങ്കിലും വിധി അതിനൊന്നും അനുവദിച്ചില്ല. കൊല്‍ക്കത്തയില്‍ വെച്ചു തന്നെ ഡേവിഡ് ബാരി വിധിക്കു കീഴടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com