ലൈംഗികതയുടെ രാഷ്ട്രീയം: ആര്‍എസ് കുറുപ്പ് എഴുതുന്നു

പിതുരാധികാരത്തിന്റെ അടിസ്ഥാന പരികല്പനയെക്കുറിച്ച് കേറ്റ് മില്ലെറ്റ് നടത്തിയ പഥദര്‍ശകമായ പഠനം
കേറ്റ് മില്ലെറ്റ്
കേറ്റ് മില്ലെറ്റ്

'ലോകം ഉറങ്ങുകയായിരുന്നു; കേറ്റ് മില്ലറ്റ് അതിനെ വിളിച്ചുണര്‍ത്തി- ''റാഡിക്കല്‍ ഫെമിനിസ്റ്റ് ചിന്തകയും എഴുത്തുകാരിയുമായിരുന്ന ആന്‍ഡ്രിയ ഡ്വോര്‍ക്കര്‍ എഴുതുന്നു.'' ബെറ്റി ഫ്രീഡന്‍ പേരില്ലാത്ത ആ പ്രശ്‌നത്തെക്കുറിച്ച് എഴുതിയിരുന്നു. കേറ്റ് മില്ലെറ്റ് അതിനെ പേരിട്ടു വിളിച്ചു, വിശദീകരിച്ചു, തുറന്നു കാട്ടി, അപഗ്രഥിച്ചു. 1970-ല്‍ 'ലൈംഗിക രാഷ്ട്രീയം' (sexual politics) എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തി.

''ലൈംഗികതയ്ക്ക്, സെക്സിന് സാധാരണയായി അവഗണിക്കപ്പെട്ടുപോകുന്ന ഒരു രാഷ്ട്രീയ വശമുണ്ട്- കേറ്റ് ആമുഖത്തില്‍ പറയുന്നു. ഈ രാഷ്ട്രീയത്തിന്റെ സിദ്ധാന്തവല്‍ക്കരണത്തിനുള്ള പ്രാഥമിക ഉപാദാനങ്ങളായി സമകാലിക സാഹിത്യസൃഷ്ടികളെയാണ് കേറ്റ് ഉപയുക്തമാക്കുന്നത്. ലൈംഗിക രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങള്‍ എന്ന പേരിലുള്ള ഒന്നാമദ്ധ്യായത്തില്‍ ഹെന്റി മില്ലറുടെ 'സെക്സിസ്', നോര്‍മന്‍ മെയിലറുടെ 'ആന്‍ അമേരിക്കന്‍ ഡ്രീം' ഷാങ് ഷെനെയുടെ 'തീഫ്സ് ജേര്‍ണല്‍' എന്നീ പുസ്തകങ്ങളില്‍നിന്നുള്ള സംഭോഗ വിവരണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ലൈംഗിക പ്രക്രിയയില്‍ പ്രകടമാകുന്ന സ്ത്രീയുടെ വിധേയത്വവും ആജ്ഞാനുവര്‍ത്തിത്തവും കര്‍ത്തൃത്വത്തിന്റെ അഭാവവും കേറ്റ് വിശദീകരിക്കുന്നു.

''ഈ പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതെന്നും എഴുതാന്‍ ഏറ്റവും അധികം ബുദ്ധിമുട്ടുണ്ടായതെ''ന്നും ഗ്രന്ഥകാരി തന്നെ പറയുന്ന 'ലൈംഗിക രാഷ്ട്രീയ സിദ്ധാന്തം' (Theory of Sexual Politics) എന്ന രണ്ടാമദ്ധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്: ''ഇതുവരെ നാം പരിശോധിച്ച ലൈംഗിക വിവരണങ്ങള്‍ മൂന്നും ശ്രദ്ധേയങ്ങളാവുന്നത് അവയില്‍ പ്രവര്‍ത്തിച്ചിരുന്ന പുരുഷാധികാരത്തിന്റേയും അധീശത്വത്തിന്റേയും പേരിലാണ്.'' കാരണം കേറ്റിന്റെ അഭിപ്രായത്തില്‍ സംഭോഗം ശൂന്യതയില്‍ സംഭവിക്കുന്ന ഒന്നല്ല; ജീവശാസ്ത്രപരവും ശാരീരികവുമായ ഒരു പ്രവൃത്തിയായി കാണപ്പെടുന്നുവെങ്കിലും സംസ്‌കാരം പുലര്‍ത്തുന്ന വൈവിധ്യമാര്‍ന്ന നിലപാടുകളുടേയും മൂല്യങ്ങളുടേയും സജീവമാക്കപ്പെട്ട അണുരൂപ (Microcosm)മായി പ്രവര്‍ത്തിക്കുന്ന അത് മനുഷ്യവ്യവഹാരങ്ങളുടെ വിശാലപരിസരങ്ങളില്‍ ആഴത്തില്‍ സ്ഥിതിചെയ്യുന്നു. വ്യക്തിപരമോ സ്വകാര്യമോ ആയ തലത്തില്‍ ലൈംഗിക രാഷ്ട്രീയത്തിന്റെ ഒരു മാതൃകയായി അതിനെ കണക്കാക്കാം. വ്യക്തിതലത്തില്‍നിന്ന് കൂടുതല്‍ വിശാലമായ പരിസരങ്ങളിലേക്ക് ലൈംഗിക രാഷ്ട്രീയം എന്ന ഈ സങ്കല്‍പ്പനത്തെ പരിവര്‍ത്തിപ്പിക്കുമ്പോള്‍ ലൈംഗികത രാഷ്ട്രീയമായ ഒന്നാണോ എന്ന ചോദ്യം ഉയര്‍ന്നുവരും. ഈ ചോദ്യത്തിന്റെ ഉത്തരം രാഷ്ട്രീയം എന്നത് എങ്ങനെ നിര്‍വ്വചിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. രാഷ്ട്രീയം എന്നാല്‍ മീറ്റിങ്ങുകളും പാര്‍ട്ടികളും കമ്മിറ്റികളും മറ്റുമാണെന്ന ഇടുങ്ങിയ ധാരണ ഇവിടെ പ്രസക്തമേ അല്ല എന്ന് ഗ്രന്ഥകാരി ആദ്യമേ തന്നെ വ്യക്തമാക്കുന്നുണ്ട്. ഒരു സംഘം ആളുകള്‍ മറ്റൊരു സംഘം ആളുകളെ വരുതിയിലാക്കി നിലനിര്‍ത്തുന്ന അധികാരഘടനാ ബന്ധങ്ങളാണ് രാഷ്ട്രീയം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇത്തരം അധികാരബന്ധങ്ങള്‍ ചരിത്രത്തിലുടനീളം നിലനിന്നിരുന്നു. ജന്മംകൊണ്ടു നിര്‍വ്വചിക്കപ്പെട്ട ചില വിഭാഗങ്ങള്‍ ജന്മംകൊണ്ട് നിര്‍വ്വചിക്കപ്പെട്ട മറ്റു ചില വിഭാഗങ്ങളെ അടക്കിഭരിക്കുന്ന രീതി  ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെങ്കിലും ഒരു മേഖലയില്‍ ആ സമ്പ്രദായം മാറ്റമില്ലാതെ തുടരുന്നു, ലൈംഗികതയുടെ മേഖലയില്‍. ആണ്‍വര്‍ഗ്ഗവും പെണ്‍വര്‍ഗ്ഗവും തമ്മിലുള്ള അധീശത്വത്തിന്റേയും വിധേയത്തിന്റേയുമായ ഈ ബന്ധമാണ് ലൈംഗിക രാഷ്ട്രീയം എന്ന പദം കൊണ്ട് സൂചിപ്പിക്കപ്പെടുന്നത്. ഏറ്റവും കാര്യക്ഷമമായ ആന്തരിക കോളനിവല്‍ക്കരണം സാദ്ധ്യമാക്കുന്ന ഈ അധീശ വിധേയ ബന്ധം മറ്റേതൊരു വര്‍ഗ്ഗവിഭജനത്തേയുംകാള്‍ ദൃഢതരവും തീവ്രവും ചിരസ്ഥായിയുമാണ്. നിശ്ശബ്ദമെങ്കിലും  നമ്മുടെ സമൂഹത്തിലെ ഏറ്റവും വ്യാപകമായ പ്രത്യയശാസ്ത്രവും ഏറ്റവും അടിസ്ഥാനപരമായ അധികാര പരികല്പനയുമാണ് അത്.

ഇതെന്തുകൊണ്ടെന്നാല്‍ നമ്മുടേത്  ഒരു പിതൃമേധാവിത്ത സമൂഹം patriarchy, ആണ്; എഴുതപ്പെട്ട ചരിത്രത്തിലെ മറ്റേതൊരു സമൂഹത്തേയും പോലെ. രാഷ്ട്രീയത്തിന്റെ സത്ത അധികാരമാണല്ലോ. സൈന്യം, പൊലീസ്, വ്യവസായം, ശാസ്ത്രം,  സര്‍വ്വകലാശാല രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ തുടങ്ങിയ അധികാരകേന്ദ്രങ്ങളെല്ലാം തന്നെ പുരുഷഹസ്തങ്ങളിലാണ്. ഒപ്പം പ്രകൃത്യാതീതമായ ആ 'ശക്തി', അവന്റെ പുരോഹിതന്മാര്‍, സദാചാര സംഹിതകള്‍, മൂല്യങ്ങള്‍, കലകള്‍, സംസ്‌കാരം, തത്ത്വചിന്ത എല്ലാം പുരുഷനിര്‍മ്മിതവുമാണ്. പാട്രിയാര്‍ക്കി എന്നാല്‍ സ്ത്രീക്കുമേല്‍ പുരുഷന്റെ അധീശത്വം എന്നുമാത്രമല്ല, മൂത്ത പുരുഷന്‍ ഇളയ പുരുഷന്റെ മേല്‍ പുലര്‍ത്തുന്ന ആധിപത്യം കൂടിയാണെന്ന് കേറ്റ് ഓര്‍മ്മിപ്പിക്കുന്നു.
സമകാലിക സാഹിത്യ കൃതികളുടെ സ്ത്രീപക്ഷ വായനയിലൂടെ താന്‍ അവതരിപ്പിച്ച പരികല്പനയെ പ്രത്യയശാസ്ത്രം, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം, മനഃശാസ്ത്രം, പുരാവൃത്തശാസ്ത്രം തുടങ്ങിയവയുടെ മാനദണ്ഡങ്ങളുപയോഗിച്ച് അപഗ്രഥിക്കുന്ന തികച്ചും നൂതനമായ ഒരു രീതിശാസ്ത്രം കേറ്റ് പിന്‍തുടരുന്നു. ഉദാഹരണത്തിന് പ്രത്യയശാസ്ത്രപരമായി അധികാരം പ്രവര്‍ത്തിക്കുന്നത് ഹിംസയിലൂടെ മാത്രമല്ല, ഭരണീയരുടെ സമ്മതത്തിലൂടെ കൂടിയാണല്ലോ. ലൈംഗിക രാഷ്ട്രീയം ഭരണീയരുടെ, സ്ത്രീകളുടെ, സമ്മതം നേടുന്നത് രണ്ടു ലിംഗങ്ങളുടേയും സ്വഭാവം (Temperament), പങ്ക് (Role), പദവി (Status) ഇവയുടെ നിയന്ത്രണത്തിലൂടെയുള്ള സാമൂഹ്യവല്‍ക്കരണം വഴിയാണ്. പുരുഷവര്‍ഗ്ഗം ഉത്തമവും സ്ത്രീവര്‍ഗ്ഗം അധമവുമെന്ന ധാരണ സാമൂഹ്യമായി സൃഷ്ടിക്കപ്പെടുന്നു. അങ്ങനെ പുരുഷന് ഉയര്‍ന്ന പദവിയും സ്ത്രീക്ക് താഴ്ന്ന പദവിയും പൊതുസമ്മതമാകുന്നു. അതുപോലെ ടെംപരമെന്റിന്റെ കാര്യത്തില്‍ ധിക്ഷണ, ശക്തി, കാര്യപ്രാപ്തി, ആക്രമണോത്സുകത ഇവയൊക്കെ പൗരുഷമായും വിധേയത്വം, ദുര്‍ബ്ബലത, നന്മ, അജ്ഞത ഇവയൊക്കെ സ്ത്രൈണമായും സ്വീകരിക്കപ്പെടുന്നു. ഇവയ്ക്ക് അനുപൂരകമായാണ് സെക്സ് റോള്‍ നിലവില്‍ വരുന്നത്. വീട്ടുജോലിയും കുഞ്ഞുങ്ങളെ നോക്കലും സ്ത്രീകള്‍ക്ക്, മനുഷ്യര്‍ക്കു മാത്രം അനുയോജ്യമായ റോളുകള്‍  എല്ലാം  പുരുഷന്മാര്‍ക്കും. കുട്ടികളെ പ്രസവിക്കലും വളര്‍ത്തലും മൃഗങ്ങളും ചെയ്യുന്നതാണല്ലോ! പരിമിതമായ ഈ റോള്‍ സ്ത്രീകളെ  ജീവശാസ്ത്രപരമായ നിലനില്പില്‍ മാത്രമായൊതുക്കുന്നു എന്ന് കേറ്റ് അഭിപ്രായപ്പെടുന്നു; സ്വഭാവേന ബാലശാലികളും മറ്റുമായവര്‍, പൗരുഷമുള്ളവര്‍, പ്രാധാന്യമുള്ള റോളുകള്‍ വഹിക്കാന്‍ നിയോഗിക്കപ്പെടുന്നു. അവര്‍ക്ക് ഉയര്‍ന്ന പദവി ലഭിക്കുന്നു; അവര്‍ യജമാനന്മാരാവുന്നു.
ശരീരശാസ്ത്രപരമായി അനിവാര്യമാണ് പാട്രിയാര്‍ക്കി എന്നൊരു വാദമുണ്ട്; കാരണം പുരുഷപ്രജ സ്ത്രീ പ്രജയെക്കാള്‍ കൂടുതല്‍ ശാരീരിക ശക്തിയുള്ളതാണല്ലോ. എന്നാല്‍, ആയുധങ്ങളുടെ ബട്ടണമര്‍ത്താന്‍ ശാരീരിക ശക്തി ആവശ്യമില്ലാത്ത ആധുനിക കാലത്തും പാട്രിയാര്‍ക്കി നിലനില്‍ക്കുന്നു. അതിന്റെ കാരണം ഇങ്ങനെ വിശദീകരിക്കാം. ആണ്, പെണ്ണ് എന്ന ശാരീരിക വ്യത്യാസം മാത്രമാണ് 'സെക്സ്' എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. പെരുമാറ്റം, വികാരങ്ങള്‍, ചിന്തകള്‍, ഭ്രമകല്പനകള്‍ ഇവയിലെ ആണ്‍ പെണ്‍ വ്യത്യാസങ്ങളെ  സൂചിപ്പിക്കുന്നതാണ് 'ജെന്റര്‍' എന്ന പദം. ചെറുപ്പത്തില്‍ കുട്ടികളെ ലാളിക്കുന്നതില്‍ തന്നെ ആണ്‍ പെണ്‍ ഭേദം തുടങ്ങുന്നു. ഓരോ ജെന്ററിനും ആവശ്യമുള്ളതെന്നു സമൂഹത്തിനു തോന്നുന്നത് അവരെ പഠിപ്പിക്കുന്നു, അങ്ങനെ ആണും പെണ്ണും ജനനശേഷം ആര്‍ജ്ജിക്കുന്നതാണ് അധീശത്വപൂര്‍വ്വമായ 'ആണത്തവും'  (masculine) വിധേയത്വത്തോടുകൂടിയ 'പെണ്ണത്തവും'  (feminine). ഇവിടെ ശരീരശക്തി അപ്രസക്തമാണ്.
സാമൂഹ്യശാസ്ത്രപരമായി പാട്രിയാര്‍ക്കിയുടെ ഏറ്റവും പ്രധാന സ്ഥാപനം കുടുംബമാണ്. പാട്രിയാര്‍ക്കിയുടെ ദര്‍പ്പണവും സമൂഹത്തെ വ്യക്തിയുമായി ബന്ധിപ്പിക്കുന്ന ഉപകരണവുമാണ് അത്. പാട്രിയാര്‍ക്കി എന്ന സമ്പൂര്‍ണ്ണ സ്ഥാപനത്തിലെ ഒരു പാട്രിയാര്‍ക്കല്‍ ഏകകം. പാട്രിയാര്‍ക്കിയുടെ പൊതുനിയമങ്ങളോട് കൂറ് പുലര്‍ത്താന്‍ കുടുംബം സ്വന്തം അംഗങ്ങളെ സജ്ജരാക്കുന്നു. ഒപ്പം പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ  ഒരു ഏജന്റ് ആയി പ്രവര്‍ത്തിച്ച് കുടുംബനാഥനിലൂടെ കുടുംബാംഗങ്ങളെ ഭരിക്കാന്‍ അത് ഭരണകൂടത്തെ സഹായിക്കുന്നു. 'അച്ഛന്റെ അധികാരം' (ptaria protestas) എന്ന റോമന്‍ നിയമസങ്കല്പത്തിലാണ് പാട്രിയാര്‍ക്കല്‍ കുടുംബത്തിന്റെ വേരുകള്‍ സ്ഥിതിചെയ്യുന്നത്. ആ നിയമപ്രകാരം കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന പുരുഷന്‍ സമ്പൂര്‍ണ്ണ അധികാരിയായിരിക്കും; ഇളയ പുരുഷന്മാര്‍ മുഴുവന്‍ സ്ത്രീകളും കുട്ടികളും ജോലിക്കാര്‍ ഇവരുടെ മേല്‍ കുടുംബനാഥനുള്ള അധികാരം നിരുപാധികമായിരിക്കും.

സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനും സ്വത്തിനും സമ്മതിദാനത്തിനുമുള്ള അവകാശം നല്‍കുക വഴി നിലവിലെ പാട്രിയാര്‍ക്കിയുടെ തീക്ഷ്ണത കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, വിവാഹത്തോടെ ഭര്‍ത്താവിന്റെ പേരും കുടുംബവും ദേശവും സ്വീകരിക്കാന്‍ നിര്‍ബന്ധിതയാവുന്നതിലൂടെ, സാമ്പത്തിക സുരക്ഷിതത്വത്തിനുവേണ്ടി വീട്ടുജോലിയും ലൈംഗികതയും പകരം നല്‍കേണ്ടി വരുന്നതിലൂടെ സ്ത്രീയുടെ വസ്തുവല്‍ക്കരണം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
പാട്രിയാര്‍ക്കിയുടെ പ്രത്യയശാസ്ത്രത്തിലേക്ക് കുടുംബാംഗങ്ങളെ എത്തിക്കുക എന്ന സാമൂഹ്യവല്‍ക്കരണ പ്രക്രിയയാണ് കുടുംബം പാട്രിയാര്‍ക്കിക്കു ചെയ്യുന്ന വലിയ സേവനം. അതിന്റെ ഫലമോ, കേറ്റ് പറയുന്നു: ''സംസ്‌കാരമൊന്നാകെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരുഷാധികാരത്തെ പിന്തുണക്കുന്നു; സ്ത്രീകള്‍ക്ക് ഒരധികാരവും നല്‍കുന്നുമില്ല.''

ഉയര്‍ന്ന വര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീകളുടെ പദവി താഴ്ന്ന വര്‍ഗ്ഗത്തില്‍പ്പെട്ട പുരുഷന്മാരുടെ പദവിയെക്കാള്‍ ഉയര്‍ന്നതാണെന്നു തോന്നാം; പക്ഷേ, സൂക്ഷ്മനിരീക്ഷണത്തില്‍ ഇതു ശരിയല്ലെന്നു ബോദ്ധ്യപ്പെടുമെന്നാണ് കേറ്റ് പറയുന്നത്. ഒരു ട്രക്ക് ഡ്രൈവര്‍ക്ക് അല്ലെങ്കില്‍ കശാപ്പുകാരന് എല്ലായ്‌പോഴും തന്റെ  'പുരുഷത്വം' ഉണ്ട് കൂടുതല്‍ ഉയര്‍ന്ന വര്‍ഗ്ഗത്തിലുള്ള സ്ത്രീയെക്കാള്‍ വലുതാണ് താനെന്നു സ്വയം തെളിയിക്കാന്‍. ഇക്കാര്യത്തില്‍ തന്റെ മേല്‍ക്കോയ്മ ചോദ്യം ചെയ്യപ്പെടുന്നു എന്നു തോന്നിയാല്‍ അയാള്‍ അക്രമത്തിലേക്കു തിരിഞ്ഞുവെന്നു വരാം. അശ്ലീലം കലര്‍ന്ന കമന്റുകള്‍ തെറിവിളി കളിയാക്കല്‍ ഇങ്ങനെ പല രൂപങ്ങളില്‍ ഈ ആണ്‍കോയ്മ പ്രത്യക്ഷപ്പെടാറുണ്ട് സാധാരണ ജീവിതത്തില്‍.

ഏതു വര്‍ഗ്ഗത്തിലായാലും കൂലിയില്ലാത്ത ഒരു വീട്ടുജോലിക്കാരിയാണ് സ്ത്രീ. അങ്ങനെ നോക്കുമ്പോള്‍ സ്ത്രീകള്‍ തൊഴിലാളിവര്‍ഗ്ഗത്തിലുള്‍പ്പെടുന്നുവെന്നു കാണാം. അവരുടെ സാമ്പത്തികസ്ഥിതിയും ഈ നിഗമനത്തെ സാധൂകരിക്കുന്നു. ഉയര്‍ന്ന വര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീകള്‍  പോലും തങ്ങളുടെ വര്‍ഗ്ഗത്തിനുള്ള പ്രത്യേക അധികാരാവകാശങ്ങളൊന്നും അനുഭവിക്കുന്നില്ല; അതൊക്കെ പുരുഷന്മാരുടേതു മാത്രമാണ്. എന്നാലും, കേറ്റ്  പറയുന്നു, പണ്ട് അടിമകള്‍ ചെയ്തിരുന്നതുപോലെ  സ്ത്രീകള്‍ തങ്ങളുടെ നിലനില്‍പ്പും സന്തുഷ്ടിയും തങ്ങളുടെ യജമാനന്മാരുടേതുമായി താദാത്മ്യപ്പെടുത്തുന്നു, തങ്ങളുടെ അന്നദാതാക്കള്‍, പുരുഷന്മാര്‍ അഭിവൃദ്ധിപ്പെടണമെന്ന് അവരാഗ്രഹിക്കുന്നു.
പാട്രിയാര്‍ക്കല്‍ ഭരണകൂടത്തിന്റെ ഏറ്റവും കാര്യക്ഷമമായ വശങ്ങളിലൊന്ന്  അതിനു സ്ത്രീ പ്രജകളുടെമേലുള്ള സാമ്പത്തിക അധീശത്വമാണ്. പഴയ പാട്രിയാര്‍ക്കിയില്‍ സ്ത്രീക്ക് സ്വത്തവകാശമുണ്ടായിരുന്നില്ല; ഇപ്പോള്‍, 1960-കളിലെ സ്ഥിതിയാണ് പുസ്തകത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്, ആ അവസ്ഥയ്ക്കു മാറ്റം വന്നിട്ടുണ്ടെങ്കിലും സ്ത്രീക്കു ചെയ്യാനുള്ളത് പ്രതിഫലമില്ലാത്ത വീട്ടുജോലിയോ പുരുഷന്മാരെക്കാള്‍ കുറച്ചുമാത്രം പ്രതിഫലം കിട്ടുന്ന ജോലികളോ ആണ്. പൊതുവായി പറഞ്ഞാല്‍ കേറ്റിന്റെ തന്നെ വാക്കുകളില്‍ ''പാട്രിയാര്‍ക്കിയില്‍ സ്ത്രീകളുടെ  സ്ഥാനം അവരുടെ സാമ്പത്തിക പരാശ്രയത്തിന്റെ ഒരു അനുസ്യൂതമായ ധര്‍മ്മ (function) ആകുന്നു.''
വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പാട്രിയാര്‍ക്കി സ്ത്രീകളോട് വിവേചനം പുലര്‍ത്തുന്നു. നവോത്ഥാന മാനവികതയാണ് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലെ ശാസ്ത്ര സാങ്കേതിക വിജ്ഞാനമല്ല പാട്രിയാര്‍ക്കി സ്ത്രീകള്‍ക്കു പകര്‍ന്നു കൊടുക്കുന്നതെന്നു കേറ്റ് പരാതിപ്പെടുന്നു. സ്ത്രീകള്‍ക്കു നീക്കിവെച്ചിരിക്കുന്ന ഹ്യൂമാനിറ്റിസില്‍പോലും ഉയര്‍ന്ന നേട്ടങ്ങള്‍ പുരുഷന്‍മാര്‍ക്കു സംവരണം ചെയ്തിരിക്കുകയാണ്. നാമമാത്രമായ പ്രതിനിധാനങ്ങള്‍, അത് സൂസന്‍ സെന്റാഗാകട്ടെ, ലേഡി മുറാസ്‌കിയാവട്ടെ, ഈ പൊതുനിയമത്തെ നിരാകരിക്കുന്നില്ല. ചുരുക്കത്തില്‍ ''അറിവ് അധികാരമാണെങ്കില്‍ അധികാരം അറിവ് കൂടിയാണ്; സ്ത്രീയുടെ അധഃസ്ഥിതാവസ്ഥയുടെ ഒരു വലിയ ഘടകം പാട്രിയാര്‍ക്കി അവളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ചിട്ടപ്പെടുത്തപ്പെട്ട  അറിവില്ലായ്മയാണ്.''
പാര്‍ട്രിയാര്‍ക്കിയില്‍ ബലപ്രയോഗമുള്ളതായി തോന്നുകയില്ല. കാരണം അതിന്റെ  സാമൂഹ്യവല്‍ക്കരണ വ്യവസ്ഥ അത്രയ്ക്ക് കുറ്റമറ്റതും അതിന്റെ മൂല്യങ്ങള്‍ക്കുള്ള ജനസമ്മതി അത്രയ്ക്ക് പൂര്‍ണ്ണവുമാണ്; ദീര്‍ഘകാലമായി സര്‍വ്വവ്യാപിയായി അതു നിലനില്‍ക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ പണ്ടുണ്ടായിട്ടുള്ള ബലപ്രയോഗങ്ങളെ അന്നത്തെ വ്യവസ്ഥയുടെ പ്രാകൃതത്വത്തിന്റെ ഫലമെന്നും ഇപ്പോള്‍ ഉണ്ടാവുന്നവയെ ഒറ്റപ്പെട്ട സംഭവങ്ങളെന്നും  വിശേഷിപ്പിച്ചുകൊണ്ട് നമ്മള്‍, അവഗണിക്കുന്നു. എന്നാല്‍, ബലപ്രയോഗത്തിന്റെ അദൃശ്യസാന്നിദ്ധ്യം പാട്രിയാര്‍ക്കിയില്‍ എപ്പോഴും ഉണ്ടായിരിക്കും. പാട്രിയാര്‍ക്കിയില്‍ പുരുഷന്‍ സ്ത്രീക്കെതിരെ നടത്തുന്ന ബലപ്രയോഗം നിയമവ്യവസ്ഥയിലൂടെ സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. നിയമബാഹ്യ ബന്ധങ്ങള്‍ക്കും ലൈംഗിക സ്വാതന്ത്ര്യത്തിനും മേലുള്ള നിരോധനങ്ങള്‍, സ്ത്രീക്ക് സ്വന്തം ശരീരത്തിന്മേലുള്ള അവകാശം പൂര്‍ണ്ണമായി നിഷേധിക്കുന്ന ഗര്‍ഭച്ഛിദ്ര നിരോധനം, ഇതിന്റെ ഫലമായി പ്രാകൃത ഗര്‍ഭച്ഛിദ്രത്തിലൂടെയുണ്ടാവുന്ന  മരണത്തെ  വധശിക്ഷ എന്നാണ് കേറ്റ് വിശേഷിപ്പിക്കുന്നത്, എല്ലാറ്റിലും പ്രധാനമായി ബലാത്സംഗം എന്ന പൈശാചികത ഇവയൊക്കെ ഉദാഹരണങ്ങള്‍. ബലാത്സംഗത്തെക്കുറിച്ച് കേറ്റ് എടുത്തുപറയുന്നുണ്ട്; അതിങ്ങനെ: ''ബലാത്സംഗത്തില്‍ ആക്രമണോത്സുകത, വെറുപ്പ്, പുശ്ചം, ഇരയുടെ വ്യക്തിത്വത്തെ തകര്‍ക്കാനും നശിപ്പിക്കാനുമുള്ള ത്വര എന്നീ വികാരങ്ങള്‍  ലൈംഗിക രാഷ്ട്രീയത്തിനു ഏറ്റവും അനുയോജ്യമായ രൂപം സ്വീകരിക്കുന്നു.''

ആണധികാരം അടിച്ചേല്‍പ്പിക്കുന്നതിന്റെ ഒരു വിളിപ്പേരു മാത്രമാണ് ലിംഗങ്ങള്‍ തമ്മിലുള്ള യുദ്ധമെന്നത്. ശത്രു ഹീനനാണ്, മനുഷ്യന്‍ പോലുമല്ല എന്നു കരുതപ്പെടുന്ന യുദ്ധത്തില്‍ ഏതു ക്രൂരകൃത്യവും അനുവദിക്കപ്പെടും. ലിംഗയുദ്ധത്തില്‍ അതാണ് സംഭവിക്കുന്നത്.
പാട്രിയാര്‍ക്കിയില്‍ സ്ത്രീ അനിവാര്യമായും അധ:സ്ഥിതയാണെന്നു നരവംശ ശാസ്ത്രകാരന്മാരും അഭിപ്രായപ്പെടുന്നു. സമൂഹദൃഷ്ടിയില്‍ കാണപ്പെടുന്ന  സ്ത്രീയുടെ പ്രതിരൂപം പുരുഷന്‍, പുരുഷവര്‍ഗ്ഗത്തിന്റെ സൗകര്യങ്ങള്‍ക്കനുസരിച്ചും സ്ത്രീയുടെ അപരത്വത്തെക്കുറിച്ചുള്ള ഭീതിയോടെയും രൂപപ്പെടുത്തിയിട്ടുള്ളതാണ്. എന്നു പറഞ്ഞാല്‍ പുരുഷന്‍ എന്നതാണ് മാനുഷികമായ സാമാന്യതത്ത്വം  (Human Norm), അതില്‍നിന്ന് 'അപരവും' ഭിന്നവുമായിട്ടുള്ളത് സ്ത്രീ. അപരത്വത്തെക്കുറിച്ചുള്ള അസ്വസ്ഥതകളില്‍ നിന്നാണ് സ്ത്രീ ലൈംഗികതയുടെ അശുദ്ധിയെക്കുറിച്ചുള്ള സാര്‍വ്വലൗകികമായ ധാരണകളുണ്ടായത്. ആര്‍ത്തവ അശുദ്ധി ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ല. ഹോമദ്രവ്യങ്ങള്‍ സ്ത്രീകള്‍ സ്പര്‍ശിക്കാന്‍ പാടില്ല എന്ന നിയമം എല്ലാ സമൂഹങ്ങളിലും നിലനിന്നിരുന്നുവെന്നും ചില സമൂഹങ്ങളിലെങ്കിലും പുരുഷനുള്ള ഭക്ഷണം, ആ ഭക്ഷണം ഉണ്ടാക്കിയത് സ്ത്രീയാണെങ്കില്‍ പോലും സ്ത്രീകള്‍ തൊടാന്‍ പാടില്ല എന്ന വിലക്കുണ്ടായിരുന്നുവെന്നും കേറ്റ്പറയുന്നു.
ഭൂമുഖത്ത് സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പുള്ള ഒരു സുവര്‍ണ്ണകാലം പാട്രിയാര്‍ക്കല്‍ പുരാവൃത്തങ്ങളില്‍  നിലനിന്നിരുന്നു, ഒപ്പം യഥാര്‍ത്ഥത്തില്‍ സാമൂഹ്യ കര്‍മ്മങ്ങളില്‍നിന്ന് സ്ത്രീകളെ ഒഴിവാക്കുന്ന സമ്പ്രദായവും.  ഇതില്‍നിന്നാണ് പുരുഷഗൃഹ  സംസ്‌കാരം എന്ന് നരവംശ ശാസ്ത്രകാരന്മാര്‍ വിളിക്കുന്ന സങ്കല്പനം ഉണ്ടായത്. സാക്ഷരതാ പൂര്‍വ്വഘട്ടത്തില്‍ മെലനേഷ്യയില്‍ നിലവിലിരുന്ന പുരുഷഗൃഹങ്ങള്‍ ഇപ്പോഴത്തെ പട്ടാളക്ക്യാമ്പുകളില്‍നിന്നു വ്യത്യസ്തമായിരുന്നില്ല. പുരുഷാധിപത്യത്തിന്റേയും പുരുഷവികാരങ്ങളുടേയും കോട്ടകളായിരുന്ന അവ കായികാഭ്യാസത്തിന്റെ, ഹിംസയുടെ, സ്വവര്‍ഗ്ഗരതിയുടെ ഒക്കെ കേന്ദ്രങ്ങളായിരുന്നു. പൗരുഷത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന അവ പാട്രിയാര്‍ക്കിയുടെ അധികാരപരമായ സവിശേഷതകളെ അരക്കിട്ടുറപ്പിക്കുന്നവയായിരുന്നു.

കേറ്റ് മില്ലെറ്റ്
കേറ്റ് മില്ലെറ്റ്

വിദൂരഭൂതകാലത്തു മാത്രമല്ല, ഇന്നും പുരുഷഗൃഹ സംസ്‌കാരം നിലനില്‍ക്കുന്നുണ്ടെന്നാണ് കേറ്റ് പറയുന്നത്. അവരുടെ തന്നെ വാക്കുകളില്‍ സമീപകാല പാട്രിയാര്‍ക്കിയിലെ മിക്കവാറും എല്ലാ അധികാര കേന്ദ്രങ്ങളും പുരുഷഗൃഹങ്ങളാണ്, സ്ത്രീകളുടെ സംഘങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അവയ്ക്ക് അനുബന്ധ പദവിയെ ഉണ്ടാവൂ. മാത്രമല്ല, അവ എല്ലായ്‌പോഴും പുരുഷാധികാരത്തിന്, അതു മതമേലധികാരികളാവാം, രാഷ്ട്രീയ നേതാക്കളാവാം, പുരുഷന്മാരായ നിയമസാമാജികരാവാം, വിധേയമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു.

പില്‍ക്കാലത്തു മിത്തുകളായി രൂപാന്തരം പ്രാപിച്ച സാമൂഹ്യ വിലക്കുകളും അജ്ഞേയതാ ഭീതിയും ഉപയുക്തമാക്കിയാണ് പ്രാകൃത പാട്രിയാര്‍ക്കല്‍ സമൂഹം സ്ത്രീവിദ്വേഷം പൊതുസമ്മതമായ വിശ്വാസപ്രമാണമാക്കി മാറ്റിയത്. ലൈംഗിക രാഷ്ട്രീയത്തിന്റെ ഏറ്റവും ഫലപ്രദമായ ഒരു പ്രചാരണോപാധിയാണ് മിത്ത്; പാശ്ചാത്യരുടെ പ്രധാന ഉല്‍പ്പത്തി മിത്തുകള്‍ രണ്ടും, പണ്ടോറയയുടെ പേടകവും ആദിപാപത്തിലൂടെയുള്ള മനുഷ്യന്റെ പതനവും ആദിമുതല്‍ ഇന്നോളം ലൈംഗിക രാഷ്ട്രീയത്തിന്റെ മികച്ച പ്രചാരണ സാമഗ്രികളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉര്‍വ്വരതയുടെ ദേവതയായ അമ്മദൈവത്തെ പുറന്തള്ളി സര്‍വ്വനിയന്താവായി എത്തിയ പുരുഷ ദൈവം എന്നും പാട്രിയാര്‍ക്കിയുടെ ഭാഗത്തായിരുന്നു. ആ ദൈവമാണ് തിന്മകളുടെ പേടകവുമായി ഗ്രീസിലേക്ക്. പണ്ടോറയെ അയച്ചത്; പാപത്തിന്റെ കനിയുമായി ഹവ്വയെ യഹൂദിയായിലേക്കും.

പണ്ടോറാ മിത്തിന്റെ പണിക്കുറ തീര്‍ന്ന ഒരു രൂപമാണ് ആദിപാപത്തിന്റെ കഥയെന്ന് കേറ്റ് അഭിപ്രായപ്പെടുന്നു. മനുഷ്യന്റെ പീഡാനുഭവങ്ങളുടെ, പതനത്തിന്റെ കാരണം സ്ത്രീയാണെന്ന വിശ്വാസവുമായി ആ മിത്ത് കാലങ്ങളിലൂടെ സഞ്ചരിക്കുന്നു. മദ്ധ്യകാലഘട്ടത്തില്‍ ഈ വിശ്വാസത്തോടു കൂട്ടിച്ചേര്‍ക്കപ്പെട്ട സ്‌നേഹരഹിതമായ ദാമ്പത്യമെന്ന, ലൈംഗികതയോടുകൂടിയ സ്‌നേഹം എന്നപോലെ സ്‌നേഹത്തോടുകൂടിയ ലൈംഗികതയും പാപമാണെന്ന, ബോദ്ധ്യത്തോടെ അത് ആധുനിക കാലത്തിലെത്തിനില്‍ക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഈ മിത്തില്‍ വിശ്വസിക്കുന്നവര്‍ കുറയുമെങ്കിലും അതിന്റെ വൈകാരികമായ അധീശത്വം സാര്‍വ്വലൗകികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു; ''അവന്‍ നിന്നെ ഭരിക്കും'' എന്ന ശാപത്തില്‍നിന്നു മോചനമില്ലാതെ സ്ത്രീ ഇപ്പോഴും 'വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിച്ചുകൊണ്ടിരിക്കുന്നു', പാട്രിയാര്‍ക്കി അതിന്റെ ജൈത്രയാത്ര തുടരുന്നു.
പാട്രിയാര്‍ക്കിയുടെ ഇതേവരെ വിശദീകരിക്കപ്പെട്ട ഓരോ വശവും സ്ത്രീപുരുഷ മനസ്സുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതിന്റെ  അന്തിമഫലം ലൈംഗിക രാഷ്ട്രീയം രണ്ടു ലിംഗങ്ങളിലും ഒരേപോലെ ആന്തരവല്‍ക്കരിക്കപ്പെടുന്നു എന്നതാണ്. ലൈംഗികത ഒരു കുറ്റമാണെന്ന പാട്രിയാര്‍ക്കല്‍ വിശ്വാസം സ്ത്രീയിലാണ് കൂടുതല്‍ ആഘാതമുണ്ടാക്കുന്നത്; അത് സ്ത്രീ ലൈംഗികോപകരണം മാത്രമാണെന്ന ധാരണയിലേക്ക്, സ്ത്രീയുടെ വസ്തുവല്‍ക്കരണത്തിലേക്ക് നയിക്കുന്നു. സമൂഹത്തിലെ വിശ്വാസങ്ങളും പ്രത്യയശാസ്ത്രവും പാരമ്പര്യവും എല്ലാം ചേര്‍ന്ന് അഹം ബോധത്തിലുണ്ടാവുന്ന ആഘാതങ്ങള്‍, വ്യക്തിബന്ധങ്ങളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്ന താഴ്ന്ന പ്രതിച്ഛായ, തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും ഉണ്ടാകുന്ന വിവേചനങ്ങള്‍ ഇവയെല്ലാം ചേര്‍ന്ന് സ്ത്രീകളില്‍ ഒരു ന്യൂനപക്ഷമനോഭാവം സൃഷ്ടിക്കുന്നുവെന്നു കേറ്റ് അഭിപ്രായപ്പെടുന്നു. 'ന്യൂനപക്ഷമെന്നാല്‍', കേറ്റ് ഫിലിപ്പ് ഗോള്‍ഡ്ബര്‍ഗിനെ ഉദ്ധരിക്കുന്നു: ''ശാരീരികമോ സാംസ്‌കാരികമോ ആയ കാരണങ്ങള്‍കൊണ്ട്  സമൂഹത്തിലെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമോ അസമമോ ആയ പരിഗണനകള്‍ക്കുവേണ്ടി ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്തപ്പെടുന്ന ജനവിഭാഗം എന്നാണര്‍ത്ഥം.'' ഏതെങ്കിലും ഒരു സ്ത്രീയുടെ ഭാഗത്തുനിന്നുണ്ടാവുന്ന അപഭ്രംശത്തെ ഏറ്റവും രൂക്ഷമായും ദയാരഹിതമായും വിമര്‍ശിക്കുന്നത് സ്ത്രീകളാണ് എന്നത്, സ്ത്രീകള്‍ തങ്ങളെത്തന്നെയും മറ്റു സ്ത്രീകളേയും അവമതിക്കുന്നുവെന്നത് ഒക്കെ ഈ മനോഭാവത്തിന്റെ ബഹിസ്ഫുരണങ്ങളാണ്.

പിതുരാധികാരത്തിന്റെ ഈ സര്‍വ്വാധിപത്യം അവസാനിപ്പിക്കാന്‍ ഒരു ലൈംഗിക വിപ്ലവം  തന്നെ വേണ്ടിവരുമെന്നാണ് കേറ്റിന്റെ അഭിപ്രായം; പുരുഷമേധാവിത്വത്തേയും  സ്റ്റാറ്റസ്, റോള്‍, ടെംപറമെന്റ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൂടെ അതിനെ താങ്ങി നിര്‍ത്തുന്ന പരമ്പരാഗത സാമൂഹ്യവല്‍ക്കരണത്തേയും നാമാവശേഷമാക്കുന്ന ഒരു ലൈംഗിക വിപ്ലവം ആയിരിക്കുമത്. അതിന്റെ ഫലമായി പൗരുഷ, സ്ത്രൈണ വിഭജനത്തെക്കുറിച്ച് ഒരു പുനര്‍വിചിന്തനമുണ്ടാവും; പൗരുഷമായ ആക്രമണോത്സുകതയും സ്ത്രൈണമായ വിധേയത്വവും എന്ന  സാമൂഹ്യ അവബോധം ഇല്ലാതാവും. പൗരുഷമെന്നു കരുതപ്പെടുന്ന കാര്യക്ഷമതയും ധൈഷണികതയും സ്ത്രൈണമായ ആര്‍ദ്രതയും പരപരിഗണനയും ലിംഗഭേദമെന്യേ എല്ലാവര്‍ക്കുമുണ്ടാവുന്ന അവസ്ഥ സംജാതമാവും. വിവാഹം സ്വമനസ്സാലെയുള്ള കൂടിച്ചേരലുകളാല്‍ പകരം വെയ്ക്കപ്പെടും. ഈ പരിണാമങ്ങള്‍ പാട്രിയാര്‍ക്കല്‍ കുടുംബത്തിന്റെ ഇപ്പോഴത്തെ ഘടന തകര്‍ത്തുകൊണ്ടായിരിക്കും സംഭവിക്കുക എന്നുകൂടി കേറ്റ് ഓര്‍മ്മിപ്പിക്കുന്നു.

കേറ്റിന്റെ സിദ്ധാന്തവല്‍ക്കരണം തൊള്ളായിരത്തി അറുപതുകളില്‍ ആരംഭിച്ച രണ്ടാംതരംഗ ഫെമിനിസത്തിന്റെ താത്ത്വിക അടിത്തറയുടെ ആവിഷ്‌കാരമെന്ന നിലയില്‍ത്തന്നെ സ്വീകരിക്കപ്പെട്ടു. ടൈം മാഗസിന്റെ മുഖചിത്രമായി കേറ്റ് മില്ലെറ്റിന്റെ ചിത്രം, ഒരു പുസ്തക രചയിതാവിന്, വിശേഷിച്ചും തന്റെ ഒന്നാമത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്ന ആള്‍ക്ക് ലഭിക്കാവുന്ന അപൂര്‍വ്വ സൗഭാഗ്യം. കേറ്റിന്റെ പാട്രിയാര്‍ക്കി തീസിസിന്റെ ഒരു സംഗ്രഹം നല്‍കിക്കൊണ്ട് ടൈം ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു: ''സ്ത്രീകള്‍ നിസ്സഹായരാണ്, കാരണം സമൂഹത്തിന്റെ അടിസ്ഥാന സംവിധാനങ്ങളെല്ലാം നിയന്ത്രിക്കുന്നത് പുരുഷന്മാരാണല്ലോ.''

പ്രതികൂല വിമര്‍ശനങ്ങളുമുണ്ടായി; സ്ത്രീ വിദ്വേഷപരം എന്ന പേരില്‍ അവഗണിക്കാവുന്നവയായിരുന്നില്ല അവയില്‍ ചിലതെങ്കിലും. കുടുംബത്തെപ്പറ്റിയുള്ള കേറ്റിന്റെ വിമര്‍ശം അസ്ഥാനത്താണ് എന്നതായിരുന്നു അവയിലൊന്ന്. കുടുംബ സമ്പ്രദായത്തിന് കേറ്റ് ചൂണ്ടിക്കാണിച്ച ന്യൂനതകളില്‍ പലതും ഉണ്ടെന്നു സമ്മതിക്കുമ്പോള്‍ത്തന്നെ അത് പകരം വെയ്ക്കാനൊന്നില്ലാത്ത ഒരു സ്ഥാപനമാണെന്നു ഫെമിനിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ലൈംഗിക വര്‍ഗ്ഗീകരണത്തിന് അമിത പ്രാധാന്യം കൊടുത്ത കേറ്റ് സാമ്പത്തിക, വംശീയ, വര്‍ഗ്ഗ വിഭജനങ്ങള്‍ കണക്കിലെടുക്കുകയുണ്ടായില്ല എന്ന അഭിപ്രായവും  അടിസ്ഥാനരഹിതമെന്ന് പറഞ്ഞുകൂടാ.

അതെന്തായാലും കേറ്റിന്റെ സിദ്ധാന്തം മൗലികമായി സാധുവാണെന്ന വസ്തുത അനിഷേദ്ധ്യമാണ്. ആ സിദ്ധാന്തം രൂപവല്‍കൃതമായി അരനൂറ്റാണ്ടോളം കഴിഞ്ഞ ഈ 2018-ലും ലോകത്തെവിടെയും എല്ലാ സ്ഥാപനങ്ങളും അവ മന്ത്രിസഭകളോ പാര്‍ട്ടി കമ്മിറ്റികളോ മറ്റേതെങ്കിലും അധികാരകേന്ദ്രങ്ങളോ ആവട്ടെ 'പുരുഷഗൃഹങ്ങള്‍' ആണെന്ന കാര്യത്തില്‍ സംശയമുണ്ടോ? സ്ത്രീ സംഘങ്ങള്‍ ഒട്ടുമിക്കതും പുരുഷനിയന്ത്രണത്തിലാണെന്നതിലും സംശയത്തിനവകാശമില്ല. പരസ്യങ്ങളില്‍ കാണുന്ന നൂറു കൈകളുള്ള വീട്ടമ്മ എന്ന വേലക്കാരി ഒരു യാഥാര്‍ത്ഥ്യം തന്നെയല്ലേ? സ്ത്രീസാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന, പെണ്‍മലയാളം എന്നു പേരുകേട്ട നമ്മുടെ സംസ്ഥാനത്തല്ലേ പ്രകടമായും മിസോജനിസ്റ്റിക് ആയ ചലച്ചിത്രങ്ങള്‍ ആണുങ്ങളും  പെണ്ണുങ്ങളും ഒരുമിച്ചു തീര്‍ക്കുന്ന കരഘോഷങ്ങള്‍ക്കിടയില്‍ ആഴ്ചകളോളം ഓടിക്കൊണ്ടിരിക്കുന്നത്? ലൈംഗിക രാഷ്ട്രീയത്തിന്റെ സാമൂഹ്യ ആന്തരവല്‍ക്കരണത്തിനു വേറെ ഉദാഹരണങ്ങള്‍ തേടേണ്ടതില്ലല്ലോ.
കാതറൈന്‍ മുറേമില്ലെറ്റ് എന്ന കേറ്റ് മില്ലെറ്റ് തന്റെ സിദ്ധാന്തത്തിന് ഒരു പിന്‍കുറിപ്പായി ഇങ്ങനെ എഴുതി: '...ലൈംഗിക വിപ്ലവം അവസാനം മനുഷ്യരാശിയുടെ നേര്‍പകുതിയെ അതിന്റെ അനാദികാലം മുതലുള്ള അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യം കൈവരിച്ചേക്കാം; ആ പ്രക്രിയയില്‍ നമ്മെ എല്ലാവരെയും മാനവികതയിലേക്ക് വളരെ അടുപ്പിക്കുകയും ചെയ്‌തേക്കാം. '48 വര്‍ഷങ്ങള്‍ക്കു ശേഷവും, അവരുടെ ഒന്നാം ചരമ വാര്‍ഷികത്തിലും ഇവ വിദൂരലക്ഷ്യങ്ങളായി തന്നെ നിലനില്‍ക്കുന്നു; ആ പ്രസ്താവനയില്‍ പ്രകടമായ സന്നിഗ്ദ്ധത ആവട്ടെ, ഒരു മാറ്റവുമില്ലാതെ തുടരുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com