ഒരു തുള്ളി ആഫ്രിക്ക: ദക്ഷിണാഫ്രിക്കന്‍ കാവ്യയാത്രയെക്കുറിച്ച് സച്ചിദാനന്ദന്‍ എഴുതുന്നു

''പീഡിതമായ എന്റെ നാടേ, എനിക്ക് നിന്നെ അറിയാംനീ അസന്തുഷ്ടയായി എന്നെ സ്വീകരിച്ചു,
ഒരു തുള്ളി ആഫ്രിക്ക: ദക്ഷിണാഫ്രിക്കന്‍ കാവ്യയാത്രയെക്കുറിച്ച് സച്ചിദാനന്ദന്‍ എഴുതുന്നു

''പീഡിതമായ എന്റെ നാടേ, എനിക്ക് നിന്നെ അറിയാം
നീ അസന്തുഷ്ടയായി എന്നെ സ്വീകരിച്ചു,
നിന്ദിതമായ നാടേ, വെളിച്ചം കണ്ണില്‍ കുത്തുന്ന,
കാറ്റു നെടുകേ പിളര്‍ക്കുന്ന,
മറിച്ചുവീഴ്ത്തപ്പെട്ട് പുല്ലില്‍ മുഖം കുത്തിയ
ശില്‍പ്പങ്ങളുടെ നാടേ...
ഏകാന്തതയും ചങ്ങലകളും കലഹങ്ങളും കൊണ്ട്
ശിരസ്സ് കുനിച്ച നാടേ,
ഞാന്‍ നക്ഷത്രച്ചാറു കുടിച്ച് നിന്റെ 
മടിയിലിരിക്കുന്നു, കണക്കു കൂട്ടി അമ്പരക്കുന്നു:
ശൂന്യതയ്ക്കു മേല്‍, കശാപ്പു ചെയ്ത
കോലാടിന്റെ ചോരയ്ക്ക് മേല്‍
എങ്ങനെയാണ് നീ നിന്റെ
അടിത്തറ കെട്ടിപ്പൊക്കിയത്?''

(ആരി സീതാസ്, 'വെസ്പാ ഡയറികള്‍')

ന്റെ മറ്റെല്ലാ യാത്രകളേയുംപോലെ അനാസൂത്രിതമായിരുന്നു ഈ യാത്രയും. ലാറ്റിനമേരിക്കന്‍ കവിതകള്‍ പരിഭാഷ ചെയ്തു മൂന്നു പതിറ്റാണ്ട് കഴിഞ്ഞു തുടര്‍ച്ചയായി ക്യൂബാ, പെറു, കൊളംബിയാ, വെനിസ്വേലാ എന്നിവിടങ്ങളിലേക്ക് ക്ഷണങ്ങള്‍ വന്നപോലെ തന്നെയായിരുന്നു ആഫ്രിക്കയുടെ കാര്യവും. പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ കവിയും സുഹൃത്തുമായ ആരി സീതാസിന്റെ അപ്രതീക്ഷിതമായ ഒരു കത്താണ് എന്നെ സെപ്റ്റംബര്‍ 12-ന് ജോഹന്നസ്ബര്‍ഗ്ഗില്‍ എത്തിച്ചത്. എമിറേറ്റ്സ് വിമാനമായിരുന്നതിനാല്‍ ദുബൈ വഴിയാണ് പോയത്. ആ വിമാനത്താവളത്തില്‍ ആഫ്രിക്കയിലേയ്ക്കുള്ള ഫ്‌ലൈറ്റ് കാത്തു ചെലവിട്ട രാത്രിമണിക്കൂറുകളെ സമൃദ്ധമാക്കിയത് മുന്‍പേ വാങ്ങിയതെങ്കിലും വായന നീട്ടിവെച്ചിരുന്ന ജെ.എം. കൂറ്റ്സേയുടെ 'യേശുക്രിസ്തുവിന്റ ബാല്യം' എന്ന നോവല്‍ ആയിരുന്നു. നാം ദക്ഷിണാഫ്രിക്കന്‍ സാഹിത്യത്തെ ഓര്‍ക്കുന്നത് പ്രധാനമായും അവിടത്തെ അല്ലന്‍ പേറ്റന്‍, നദീന്‍ ഗോര്‍ദിമര്‍, ജെ.എം. കൂറ്റ്സേ തുടങ്ങിയ ഇംഗ്ലീഷ് എഴുത്തുകാരിലൂടെയാണല്ലോ. അല്ലന്‍ പേറ്റന്റെ 'കേഴുക പ്രിയ നാടേ' കുട്ടിക്കാലം മുതല്‍ ഞാന്‍ ഏറ്റിനടക്കുന്ന ഒരു മുറിവാണ്. പിന്നീടാണ്, എഴുപതുകളുടെ വിഭ്രാന്തവര്‍ഷങ്ങളില്‍, ആഫ്രിക്കന്‍ കവിതകള്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ കവികളായ ഡെന്നിസ് ബ്രൂട്ടസ്, മസീസീ കുനേനെ എന്നിവരുടെ ചില രചനകള്‍ വിവര്‍ത്തനം ചെയ്യാന്‍ ഇടയായത്. ആഫ്രിക്കന്‍ കവിതയെക്കുറിച്ച് ഒരുപക്ഷേ, മലയാളത്തില്‍ വന്ന ആദ്യലേഖനം, 1967-ല്‍ മഹാരാജാസ് കോളേജ്  വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ 'കേരള ഡൈജസ്റ്റ്' മാസികയില്‍ ഞാനെഴുതിയ 'കറുത്ത കവിത' ആയിരിക്കാന്‍ ഇടയുണ്ടെങ്കിലും. അന്നു മുതലേ, അഥവാ അതിനും മുന്‍പ് എന്‍.വി. കൃഷ്ണവാരിയരുടെ അടിമകളോടുള്ള സഹാനുഭൂതി നിറഞ്ഞ 'ആഫ്രിക്ക'യും എസ്.കെ. പൊറ്റെക്കാട്ടിന്റെ 'കാപ്പിരികളുടെ നാട്ടില്‍' എന്ന (തെറ്റായ മുന്‍വിധികളും വംശീയതയും നിറഞ്ഞതെന്നു പിന്നീട് ബോദ്ധ്യപ്പെട്ട)  ആഫ്രിക്കന്‍ യാത്രാവിവരണവും വായിച്ച കുട്ടിക്കാലം മുതല്‍ തന്നെ, ആഫ്രിക്ക, മറ്റനേകം മലയാളികളുടേതെന്നപോലെ, എന്റെയും വിചാരവികാര ചക്രവാളത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. മുന്‍പൊരിക്കല്‍ ആഫ്രിക്കയ്ക്കു ക്ഷണം വന്നിരുന്നെങ്കിലും മറ്റൊരു യാത്ര അതേസമയം അനിവാര്യമായതിനാല്‍ പോകാനായില്ല. 'ഇന്‍സറെക്ഷന്‍സ്' എന്ന ഒരു ദക്ഷിണാഫ്രിക്ക ഇന്ത്യ പെര്‍ഫോമന്‍സ് പ്രൊജക്ടില്‍ പങ്കാളിയായ എന്റെ മകള്‍ സബിതയ്ക്കും അവള്‍ മുന്‍പും രണ്ടുകുറി ആഫ്രിക്കയില്‍ ഇതുമായി ബന്ധപ്പെട്ടു പോയിട്ടുണ്ട് ജോഹന്നസ്ബര്‍ഗ്ഗിലേയ്ക്ക് ക്ഷണം വന്നിരുന്നു; പക്ഷേ, അതു പിന്നീട് മാത്രം വന്നതിനാല്‍ ഞങ്ങള്‍ക്ക് യാത്ര ഒന്നിച്ചു ആസൂത്രണം ചെയ്യാനായില്ല. അവിടെ വെച്ചുമാത്രമാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്, ആഫ്രിക്കന്‍ അടിമത്തത്തിന്റെ നാളുകളെ ഓര്‍ക്കുന്ന അവരുടെ പുതിയ പെര്‍ഫോമന്‍സിന്റെ രണ്ടു ദിനങ്ങളില്‍. അതില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി അവളുടെ അനേകം പാട്ടുകളും കവിതകളും ഉണ്ടായിരുന്നു.

വിമാനമിറങ്ങിയപ്പോള്‍ പറഞ്ഞിരുന്നപോലെ ആള്‍ കാത്തുനിന്നിരുന്നില്ല, ഹോട്ടല്‍ ഏതെന്നു അറിയുകയും ഇല്ലായിരുന്നു. അല്‍പ്പനേരം കാത്തുനിന്നപ്പോഴേക്കും ആളെത്തി, നഗരത്തിന്റെ ശാന്തമായ ഒരു ഭാഗത്തായിരുന്നു എനിക്ക് താമസിക്കാനുള്ള 'ഹോളിഡേ ഇന്‍' ഹോട്ടല്‍. ജോഹന്നസ്ബര്‍ഗ്ഗിന്റെ (ഇവിടത്തുകാര്‍ 'ജോബര്‍ഗ്ഗ്' എന്നേ പറയൂ; ഇനി മുതല്‍ ലേഖനത്തിലും ഞാന്‍ അതുപയോഗിക്കുന്നത് ക്ഷമിക്കുക) ഈ ഭാഗം യൂറോപ്പ് പോലെതന്നെയാണ്; ഹോട്ടലിലെ രീതികളും അതുപോലെതന്നെ. അതുകൊണ്ട് ആഫ്രിക്കയില്‍ വന്നതായേ അപ്പോള്‍ എനിക്ക് തോന്നിയില്ല.

തലേന്നു രാത്രി ഏറിയാല്‍ ഒരു മണിക്കൂറേ ഉറങ്ങിയിരുന്നുള്ളൂ, 13 മണിക്കൂര്‍ വിമാനത്തിലും അഞ്ചു മണിക്കൂര്‍ ദുബൈ വിമാനത്താവളത്തിലും ആയിരുന്നതുകൊണ്ട്. ഹോട്ടലില്‍ ചെന്നു വിശ്രമിക്കാനായിരുന്നു പദ്ധതി. പക്ഷേ, ചെന്നയുടന്‍ തന്നെ കുളിച്ചു വേഷംമാറി പിടികാ എന്‍ടൂളി എന്ന പ്രശസ്ത കലാകാരന്റെ (ഒന്നാംതരം കവിയും പെര്‍ഫോമറും കൂടിയാണ് പിടികാ) പുതിയ ശില്‍പ്പത്തിന്റെ അനാച്ഛാദനത്തിനു പോകേണ്ടിവന്നു. ഊര്‍ജ്ജം നിറഞ്ഞുനില്‍ക്കുന്ന 'ക്വാണ്ടം പീപ്പിള്‍' എന്ന കനം കൂടിയ കരിങ്കല്‍ ശില്‍പ്പമായിരുന്നു അത്. ശക്തവും പ്രതിരോധാത്മകവുമായ ആധുനിക ആഫ്രിക്കന്‍ കലയുടെ ഒരു നല്ല മാതൃക. കലാകാരന്മാരും ഗാലറികളും നിറഞ്ഞ ഒരു തെരുവിന്റെ നാല്‍ക്കവലയിലാണ് ശില്‍പ്പം സ്ഥാപിക്കപ്പെട്ടത്. അതു കഴിഞ്ഞയുടന്‍ ഒരു കവിസമ്മേളനവും ഒരുക്കിയിരുന്നു. പിടികായും ആരി സീതാസും ഞാനും മന്‍ഡി എന്ന പെര്‍ഫോമന്‍സ് കവിയും  ഉള്‍പ്പെടെയുള്ളവര്‍ അവിടെ കവിതകള്‍ അവതരിപ്പിച്ചു. 'ഭ്രാന്തന്മാര്‍', 'കവിത തിരിച്ചുവരും' എന്നീ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷകളാണ് ഞാന്‍ വായിച്ചത്, അവ എവിടെയുമെന്നപോലെ നന്നായി സ്വീകരിക്കപ്പെട്ടു.

ഒരുറക്കം കിട്ടിയതോടെ ഞാന്‍ വീണ്ടും ഉഷാറായി. 13 രാവിലെ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനും അദ്ധ്യാപകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന ക്യാന്‍ തെമ്ബയെക്കുറിച്ചുള്ള ഒരു സിമ്പോസിയവും ഡോക്യുമെന്ററിയും ഉണ്ടായിരുന്നു. കഥകളിലും നാടകങ്ങളിലും മറ്റും ഇന്നും പ്രകീര്‍ത്തിക്കപ്പെടുന്ന തെമ്ബയെക്കുറിച്ചുള്ള ഈ ഒന്നാംതരം ചിത്രത്തില്‍ ഡോണ്‍ മറ്റെര, നദീന്‍ ഗോര്‍ദിമര്‍, അഹമ്മദ് കത്രാദ, ക്യോരപ്പെസ്‌തെ ഗോസിത്സിലെ തുടങ്ങിയ പ്രമുഖര്‍ തെംബയെക്കുറിച്ച് ഊഷ്മളമായ ഓര്‍മ്മകള്‍ പങ്കിടുന്നുണ്ട്. 13 ഉച്ചയ്ക്ക് ബ്രിക്‌സ് രാജ്യങ്ങളിലെ സാംസ്‌കാരിക വിനിമയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന 'കള്‍ച്ചറല്‍ ഡയ്നമിക്‌സ്' ശില്‍പ്പശാലയില്‍ ഇന്ത്യ-സൗത്താഫ്രിക്കാ സാംസ്‌കാരിക കൈമാറ്റത്തെക്കുറിച്ച്, പിടികായും എഗരോണാ സാംസ്‌കാരിക ഇന്‍സ്റ്റിറ്റിയൂട്ട് തലവനായ ലെബോഗാന്‍ഗ് ലാന്‍സ് നാവായുമായി എനിക്ക് സംഭാഷണത്തില്‍ ഏര്‍പ്പെടണമായിരുന്നു.

ആദ്യം ഞങ്ങള്‍ മൂന്നുപേരും അല്‍പ്പനേരം സംസാരിക്കുകയും പിന്നെ അന്യോന്യം ചര്‍ച്ചയില്‍ ഏര്‍പ്പെടുകയും തുടര്‍ന്നു കേള്‍വിക്കാരില്‍നിന്നുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയുകയുമായിരുന്നു രീതി. ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ എത്തും മുന്‍പേ തന്നെ ഉണ്ടായിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ബന്ധത്തെക്കുറിച്ചും ആദ്യ കുടിയേറ്റങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് ഞാന്‍ തുടങ്ങിയത്; ഇന്ത്യക്കാരുടെ സാംസ്‌കാരിക ലോകത്തിന്റെ അവിഭാജ്യഭാഗങ്ങളാണ് ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും എന്നും ഞാന്‍ ചൂണ്ടിക്കാട്ടി. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കു മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്, നെല്‍സണ്‍ മണ്ടേല, ബിഷപ്പ് ടൂട്ടു തുടങ്ങിയവര്‍ക്കുമേല്‍ ഉണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ചും അപ്പാര്‍തെയ്റ്റിനെക്കാള്‍ ഭീകരമായ ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ചും അംബേദ്കര്‍ ആരംഭിച്ച ജാതിനശീകരണ പ്രസ്ഥാനത്തിന് ആഫ്രിക്കന്‍ സമരങ്ങളുമായുള്ള സാദൃശ്യങ്ങളെക്കുറിച്ചും ഞാന്‍ സംസാരിച്ചു.

ഒപ്പം തന്നെ രണ്ടിടത്തേയും ബഹുഭാഷാ സാഹിത്യത്തെക്കുറിച്ചും പറഞ്ഞു. അവിടെയെന്നപോലെ ഇന്ത്യയിലും ഇന്നു വേഗം ശ്രദ്ധിക്കപ്പെടുന്നത് ഇംഗ്ലീഷ് എഴുത്തുകാര്‍ ആണെന്നും രണ്ടിടത്തും ഇംഗ്ലീഷ് വന്നെത്തിയ സാഹചര്യങ്ങള്‍ ഒന്നു തന്നെയാണെന്നും ഞാന്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 'ആഫ്രിക്കന്‍സ്' ഭാഷയ്ക്കുള്ള സ്ഥാനമാണ് ഇന്ത്യയില്‍ ഹിന്ദിക്ക് എന്നും ആഫ്രിക്കന്‍സിന്റെ മേധാവിത്വത്തിന് അവിടെ എതിര്‍പ്പുള്ളപോലെ തന്നെ ഹിന്ദിയുടെ മേധാവിത്വത്തോടും ഭാഷയോടല്ല ചില ഭാഗങ്ങളില്‍ എതിര്‍പ്പുണ്ടെന്നും ഞാന്‍ സൂചിപ്പിച്ചു. അവിടത്തെ സുലു, ഹോസാ, സോത്തോ, പെടി, ത്സ്വാന, സി സ്വാതി, ത്സോന്ഗ, വെന്‍ഡാ, എന്ടെബെലെ തുടങ്ങിയ ഭാഷകളിലെ സാഹിത്യം വിവര്‍ത്തനത്തിലൂടെ മുഖ്യധാരയില്‍ എത്തുന്നപോലെ തന്നെ ഇന്ത്യന്‍ ഭാഷാസാഹിത്യങ്ങള്‍ കുറച്ചുമാത്രമേ രാജ്യവ്യാപകമാകുന്നുള്ളൂ എന്നും പറഞ്ഞതോടൊപ്പം മലയാളസാഹിത്യത്തേയും ഭാഷയേയും കുറിച്ചും ഞാന്‍ ഹ്രസ്വമായി സംസാരിച്ചു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയിലെ കേരളത്തിലേയും സാഹിത്യോത്സവങ്ങള്‍, നാടക-ചലച്ചിത്രോത്സവങ്ങള്‍, കൊച്ചി ബിനാലെ തുടങ്ങിയവ എങ്ങനെ പ്രയോജനപ്പെടുത്താം എന്നും റെസിഡന്‍സികള്‍, ശില്‍പ്പശാലകള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ സര്‍വ്വകലാശാലകള്‍ക്ക് എങ്ങനെ മുന്‍കൈ എടുക്കാനാവുമെന്നും ഞാന്‍ ചൂണ്ടിക്കാണിച്ചു. ഇത്തരം സാധ്യതകളെക്കുറിച്ചുതന്നെയാണ് മറ്റു രണ്ടുപേരും സംസാരിച്ചത്. തുടര്‍ന്ന് ഇന്ത്യയില്‍നിന്നുള്ള ഭക്തിസൂഫി പണ്ഡിതനും ഗായകനുമായ മദന്‍ ഗോപാല്‍ സിംഗ്, ആരി സീതാസ് എന്നിവരും സംസാരിച്ചു. മദന്‍ എന്നോട് ചോദിച്ചത് മറ്റു ഇന്ത്യന്‍ കവികള്‍ അധികവും നിശ്ശബ്ദരായിരിക്കുമ്പോള്‍ എന്തുകൊണ്ട് ഞാന്‍ ജീവന്‍ പണയംവെച്ച് നിരന്തരമായി ഹിന്ദുരാഷ്ട്രവാദികളെ  എതിര്‍ക്കുന്നു എന്നായിരുന്നു. എന്നെ സംബന്ധിച്ച് ഇതു വിട്ടുവീഴ്ചയില്ലാത്ത സമരമാണെന്നും എന്റെ മനസ്സിലെ ഇന്ത്യയെ സംരക്ഷിക്കാനുള്ള ആകാംക്ഷയാണ് അതിനു പിറകിലെന്നും ഹിന്ദുവിനെക്കുറിച്ചുള്ള അവരുടെ സങ്കുചിത സങ്കല്‍പ്പങ്ങളെ ഞാന്‍ ഭക്തിസൂഫി പാരമ്പര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മൂന്നു പതിറ്റാണ്ടെങ്കിലുമായി എതിര്‍ത്തു പോന്നിട്ടുണ്ടെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലായ സംവാദത്തിലും സര്‍വ്വമതസമഭാവനയിലും വിശ്വസിക്കുന്നതുകൊണ്ട് ഞാന്‍ എല്ലാത്തരം മതമൗലികവാദങ്ങള്‍ക്കും എതിരാണെന്നും എന്റെ കവിതകള്‍തന്നെ അതിനു സാക്ഷ്യം വഹിക്കുന്നുവെന്നും ഞാന്‍ പറഞ്ഞു. തുടര്‍ന്നുള്ള എന്റെ കവിതവായനയില്‍, 'നടക്കൂ, നടക്കൂ' എന്ന കവിത വിശേഷിച്ചും  തന്റെ മനം മഥിച്ചതായി മദന്‍ പറഞ്ഞു. ഞാന്‍ വായിച്ച മറ്റൊരു കവിത കവിയും നോവലിസ്റ്റുമായ സുഹൃത്ത് പെരുമാള്‍ മുരുഗന്‍ എഴുത്ത് നിര്‍ത്തിയപ്പോള്‍ എഴുതിയ 'മാപ്പ്' ആയിരുന്നു. അതിന്റെ സാഹചര്യവും ഞാന്‍ വിശദീകരിച്ചു.

അന്ന് വൈകീട്ട് ആരി സീതാസിന്റെ പുതിയ കാവ്യം വെസ്പാ ഡയറികള്‍ പ്രകാശിപ്പിക്കപ്പെട്ടു. കവികളുടേയും ചിത്രകാരന്മാരുടേയും അക്കാദമിക്കുകളുടേയും നല്ല ഒരു ഒത്തുകൂടലായിരുന്നു അത്. സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ദക്ഷിണാഫ്രിക്കയുടെ 15 വര്‍ഷങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ ദീര്‍ഘകാവ്യം. 2012 ഓഗസ്റ്റ് മാസത്തില്‍  മരിക്കാനയില്‍ നടന്ന ഖനിത്തൊഴിലാളികളുടെ കൂട്ടക്കൊല ഇതിന്റെ സ്വഭാവം മാറ്റി. ചെ ഗുവേരയുടെ 'മോട്ടോര്‍ സൈക്കിള്‍ ഡയറിക'ളുടെ കളിമ്പം കലര്‍ന്ന ഒരു അനുകരണമായി ആരംഭിച്ച കവിതയെ കോപാകുലമായ ഒരു സത്യവാങ്മൂലമായി ആ ഭീഷണ സംഭവം മാറ്റി എന്നു കവി പറയുന്നു. ഒരേ സമയം സ്വകാര്യവും പൊതുവുമായ ഈ ആവിഷ്‌കാരം, ചരിത്രത്തേയും ഭാവിയേയും ബന്ധിപ്പിച്ച് വായനക്കാരെ അസ്വസ്ഥമായ വര്‍ത്തമാനത്തെക്കുറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. 'മരിച്ചവര്‍ തൊഴിലിലേക്ക് തിരിച്ചു പോവാന്‍ കൂട്ടാക്കിയില്ല' എന്ന വരിയിലെ ഇരുണ്ട വൈരുദ്ധ്യം ഈ കാവ്യത്തിന്റെ സ്വരം മുഴുവന്‍ നിര്‍ണ്ണയിക്കുന്നു എന്നു പറയാം. 

2
''മാ, ഞാന്‍ വീട്ടിലേക്കു വരികയാണ്
നമ്മുടെ പട്ടണത്തിന്നു മുകളില്‍
നീലിച്ചു തൂങ്ങുന്ന മല 
എന്നെ വിളിക്കുന്നു
ഇരവിന്റെ ഇരുണ്ട യാമങ്ങളില്‍
അതിന്റെ ശബ്ദം
എന്റെ ചെവികളില്‍
സ്വകാര്യങ്ങള്‍ മന്ത്രിക്കുന്നു
തെക്കുകിഴക്കന്‍ കാറ്റിന്റെ പാട്ട്
എന്റെ ഒഴിഞ്ഞ വയറ്റില്‍ കിടന്നലറുന്നു.''

('മാ, ഞാന്‍ വീട്ടിലേക്കു വരികയാണ്', ടോണി സ്റ്റുവര്‍ട്ടിന്റെ ആഫ്രിക്കന്‍സ് ഭാഷയിലെഴുതിയ കവിത)
ആദ്യത്തെ രണ്ടു ദിവസംകൊണ്ട് ഔപചാരികമായ കര്‍ത്തവ്യങ്ങള്‍ തീര്‍ന്നതു കൊണ്ട് പട്ടണത്തിലും പുറത്തും സഞ്ചരിക്കാന്‍ എനിക്ക് കുറച്ചു ദിവസങ്ങള്‍ കിട്ടി. മൂന്നാം ദിവസം എന്റെ സഹായിയായി സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയിരുന്ന ഗവേഷണ വിദ്യാര്‍ത്ഥിയായ സിയാബോംഗായ്ക്കൊപ്പം ഞാന്‍ പോയത് 'ഹെക്റ്റര്‍ പിയെറ്റേഴ്സന്‍ മ്യൂസിയം', 'ക്രെഡോ മുത്വാ സാംസ്‌കാരിക ഗ്രാമം' എന്നിവ കാണാനാണ്. എന്റെ പ്രധാന താല്‍പ്പര്യങ്ങള്‍ സമകാലീന കലയുടെ ഗാലറികളും ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും മ്യൂസിയങ്ങളും ആണെന്നു മുന്‍പേ തന്നെ ഞാന്‍ അയാള്‍ക്ക് എഴുതിയിരുന്നു. നാടിന്റെ വിമോചനസമരത്തില്‍ വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്കെടുത്തു കാണിക്കുന്നതാണ് സൊവേറ്റോയില്‍ പടിഞ്ഞാറന്‍ ഒര്‍ലാന്റോവിലുള്ള 'ഹെക്റ്റര്‍ പിയെറ്റേഴ്സന്‍ മ്യൂസിയം.' പന്ത്രണ്ടുകാരനായിരുന്ന ഹെക്റ്റര്‍ വെടിവെച്ച് കൊല്ലപ്പെട്ട സ്ഥലത്തിനു തൊട്ടടുത്താണ് ആ കുട്ടിയുടെ സ്മാരകം കൂടിയായ ഈ മ്യൂസിയം.

സൊവേറ്റോ കലാപത്തിന്റെ 26-ാം വാര്‍ഷികമായ 2002 ജൂണ്‍ 16-നാണ് ഇതു തുറന്നത്. കറുപ്പു വംശജര്‍ക്കുള്ള സ്‌കൂളുകളില്‍ നല്‍കപ്പെട്ടിരുന്ന പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരക്കുറവിനും തങ്ങളുടേതല്ലാത്ത ആഫ്രിക്കാന്‍സ് ഭാഷ തങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിനും എതിരായാണ് സൊവേറ്റോവിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. 1976 ജൂണ്‍ 16-നായിരുന്നു അത്. ഒര്‍ലാന്റോ സ്റ്റേഡിയത്തില്‍ ഒത്തു കൂടി ബന്റു വിദ്യാഭ്യാസ വകുപ്പിന്റെ പ്രാദേശിക കേന്ദ്രത്തിലേയ്ക്ക് മാര്‍ച്ച് ചെയ്തു തങ്ങളുടെ പരാതികള്‍ സമര്‍പ്പിക്കാനായിരുന്നു വിദ്യാര്‍ത്ഥികളുടെ പദ്ധതി. അവര്‍ അന്നു പിടിച്ചിരുന്ന പല പ്ലക്കാര്‍ഡുകളും മ്യൂസിയത്തില്‍ ഉണ്ടായിരുന്നു. 'ആഫ്രിക്കാന്‍സ് വലിച്ചെറിയുക', 'ദക്ഷിണാഫ്രിക്കയ്ക്ക് സ്വാതന്ത്ര്യം', 'അധികാരം ജനങ്ങള്‍ക്ക്' തുടങ്ങിയവയാണ് അവയിലെ മുദ്രാവാക്യങ്ങള്‍. ഘോഷയാത്ര സ്റ്റേഡിയത്തില്‍ എത്തും മുന്‍പേ പൊലീസ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചു; അപ്പോള്‍ കുട്ടികള്‍ കല്ലേറ് തുടങ്ങി; പൊലീസ് വെടിവെയ്ക്കാനും. വാര്‍ത്ത പരന്നതോടെ കലാപവും പടര്‍ന്നുപിടിച്ചു. ഹെക്റ്റരുടെ ജഡവും പേറിനില്‍ക്കുന്ന സുഹൃത്ത് എമ്ബൂസിയാ മഖൂബോ ഒപ്പം സഹോദരി അന്ത്വാനെറ്റ് സിതോളേയുടെ വലിയ ചിത്രം മ്യൂസിയത്തിലുണ്ട്. അതെടുത്ത ഫോട്ടോഗ്രാഫര്‍ സാം എന്‍സിമ ആ ഒരൊറ്റ ചിത്രത്തിലൂടെ ലോകപ്രശസ്തനായി, അത് കലാപകാരികള്‍ക്ക് പ്രചോദനം പകരുകയും ചെയ്തു. അനേകം ദൃക്സാക്ഷികളുടെ വിവരണങ്ങള്‍, രേഖകള്‍, ഘോഷയാത്രകളുടെ ചിത്രങ്ങള്‍ ഇവയെല്ലാം കൊണ്ടു സമൃദ്ധമാണ് രക്തസാക്ഷികളുടെ ഈ മ്യൂസിയം. ഇതിനു തൊട്ടുതന്നെയാണ് 1997 മുതല്‍ മ്യൂസിയമാക്കപ്പെട്ട മണ്ടേലാ ഹൗസ്.
അന്നു വൈകീട്ട് തന്നെ ഗൗട്ടെന്‍ഗ് എന്ന സ്ഥലത്തുള്ള 'ക്രെഡോ മുത്വാ കള്‍ച്ചറല്‍ വില്ലേജി'ല്‍ പോയി. അധിനിവേശത്തിനു മുന്‍പുള്ള ആഫ്രിക്കന്‍ സംസ്‌കാരം എന്തായിരുന്നു എന്നു കാണിക്കുന്ന സ്ഥലമാണ് ഇത്. ഇതു സ്ഥാപിച്ച ക്രെഡോ മുത്വാ, കലാകാരനും പാരമ്പര്യ ചികിത്സകനുമാണ്. 1974-1986 കാലത്ത് അദ്ദേഹം നിര്‍മ്മിച്ച നാടോടി സ്വഭാവമുള്ള ശില്‍പ്പങ്ങള്‍, കൂടുതല്‍ കൂടുതല്‍ പാശ്ചാത്യവല്‍ക്കൃതമാകുന്ന ഒരു സമൂഹത്തിന് അഭിമുഖമായി നിര്‍ത്തിയിരിക്കുന്നതായിത്തോന്നും ഇവിടെ. ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ ആദിവാസികളുടെ ദേവതമാരെ ഹിന്ദു ദേവതമാരാക്കിയതുപോലെ തന്നെ ആഫ്രിക്കയില്‍ പരമ്പരാഗതമായി നിലനിന്ന അച്ഛന്‍, അമ്മ, കുട്ടി എന്നിവരെ യൗസേപ്പും മറിയവും ക്രിസ്തുവുമായി വ്യാഖ്യാനിച്ചു കൊടുക്കുകയാണ് അധിനിവേശകാലത്ത് ആഫ്രിക്കയില്‍ എത്തിയ മിഷനറിമാര്‍ ആദ്യം ചെയ്തത്. ആ തിരുക്കുടുംബത്തിന്റെ ആദ്യരൂപം ഇവിടെയുണ്ട്. ഇതിലെ അമ്മയ്ക്ക് നാല് മുലകളുണ്ട്, രണ്ടെണ്ണം കുട്ടികള്‍ കുടിക്കുന്നു, കാലിലുള്ള ഒരു മുല ഒരു പുലിക്കുട്ടിയാണ് കുടിക്കുന്നത്. കാടിന്റെ പശ്ചാത്തലത്തിലാണ് ഈ പച്ചച്ചായം തേച്ച പ്രതിമകള്‍. മനുഷ്യരും മൃഗങ്ങളും പ്രകൃതി മുഴുവനും പരസ്പരധാരണയോടെ കഴിയുന്ന ഒരുകാലത്തെ ഈ ശില്‍പ്പവും മറ്റനേകം മൃഗമനുഷ്യശില്‍പ്പങ്ങളും പ്രതിബിംബിപ്പിക്കുന്നു. സുലു ഗോത്രത്തലവന്മാര്‍, സരീസൃപങ്ങള്‍, പലതരം ആഫ്രിക്കന്‍ കുടിലുകളുടെ മാതൃകകള്‍, 'ടോക്ക്ലോഷ്' എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ കുട്ടിപ്പിശാചുക്കള്‍, നാല് തലയുള്ള മിത്തിക്കല്‍ ജീവികള്‍ ഇവയെല്ലാം ഈ ശില്‍പ്പശേഖരത്തിലുണ്ട്. അന്യഗ്രഹജീവികള്‍ നമുക്കിടയിലുണ്ടെന്ന് ക്രെഡോ മുത്വാ വിശ്വസിക്കുന്നു, അവയുടെ ശില്‍പ്പങ്ങളും ഇവിടെയുണ്ട്.

 എയ്ഡ്‌സന്റെ വരവും ന്യൂയോര്‍ക്കിലെ ലോകവാണിജ്യഗോപുരങ്ങള്‍ വിമാനങ്ങള്‍ ഇടിച്ചു തകര്‍ക്കുന്നതും പ്രവചിക്കുന്നതായി കരുതപ്പെടുന്ന ഒരു ശില്‍പ്പവും ചിത്രവും ക്രെഡോവിന്റേതായി ഉണ്ട്. കുറ്റിയറ്റുകൊണ്ടിരിക്കുന്ന അനേകം ഔഷധസസ്യങ്ങളും ഈ വളപ്പിലുണ്ട്. ഞങ്ങളുടെ ഗൈഡ് ഒരു തത്ത്വചിന്തകനായി തോന്നിച്ചു. പരിസ്ഥിതിയുടെ പ്രാധാന്യം അയാള്‍ക്ക് നന്നായി അറിയാമായിരുന്നു. ഭൂമി ഒരു ജൈവസാകല്യം ആണെന്നും ഓരോ സൃഷ്ടിയും വസ്തുവും മറ്റു സൃഷ്ടികളേയും വസ്തുക്കളേയും ആശ്രയിച്ചിരിക്കുന്നു എന്നും അയാള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. 1986-ല്‍ ക്രെഡോ മുത്വാ ഇവിടം ഉപേക്ഷിച്ചുപോയി, പിന്നീട് 2006-ലാണ് പ്രാദേശിക സര്‍ക്കാര്‍ ഇത് ഏറ്റെടുത്തത്. ഇപ്പോഴും നന്നായി സംരക്ഷിച്ചിട്ടില്ലെങ്കിലും അധിനിവേശപൂര്‍വ്വ ആഫ്രിക്കന്‍ സംസ്‌കൃതിയിലേക്കുള്ള ഒരു കവാടമാണിത്. ഈ വളപ്പില്‍ത്തന്നെയാണ് ഓപ്പന്‍ ഹീമര്‍ഗോപുരം. വട്ടക്കോവണിയിലൂടെ കയറാവുന്ന ഈ ഗോപുരത്തിനു മുകളില്‍നിന്നാണ് ദക്ഷിണാഫ്രിക്ക കീഴടക്കാന്‍ വന്ന വെള്ളക്കാര്‍ ജോഹന്നസ്ബര്‍ഗ്ഗ് നഗരം മുഴുവന്‍ നിരീക്ഷിക്കുകയും അവിടെ എവിടെയെല്ലാം ഓഫീസുകളും പാണ്ടികശാലകളും മറ്റും നിര്‍മ്മിക്കണമെന്നു തീരുമാനിക്കുകയും ചെയ്തത്. ഞാനും സലബോംഗയും അയാളുടെ ഒരു സുഹൃത്തും ഗൈഡും ചേര്‍ന്നു മുകളറ്റം വരെ കയറി മഹാനഗരം മുഴുവന്‍ കണ്ടു. അതു വെള്ളക്കാരന്‍ കണ്ട ജോബര്‍ഗ്ഗ് ആയിരുന്നില്ല.

3

''നാം അറിയാതെ ഒരു മാലാഖ പൊങ്ങിയുയരുന്നു,
പറുദീസയില്‍ നിന്നാകാം,
ക്ലയിം തെരുവിലൂടെ കാറോടിച്ചു
തിരിവ് തിരിഞ്ഞു ചിന്താക്കുഴപ്പത്തില്‍ അകപ്പെടുമ്പോള്‍.
ദുഃഖത്തിന്റെ മാലാഖയാകാം
അഥവാ നിന്റെ തൊട്ടു താമസിക്കുന്ന വേനലിന്റെ മാലാഖ
തേനീച്ചയുടെ ശബ്ദത്തില്‍ നിന്റെ ചെവിയില്‍ മൂളുന്ന മാലാഖ
നമുക്ക് ഒന്നും അറിയാതാകുമ്പോള്‍
ശരിക്കും അറിയാതാകുമ്പോള്‍
ഒരു മാലാഖ പൊങ്ങിയുയരുന്നു.''

('മാലാഖ', റോബര്‍ട്ട് ബിരോള്‍ഡ്, ദക്ഷിണാഫ്രിക്കന്‍ ഇംഗ്ലീഷ് കവി)

രണ്ടു ദിവസം കഴിഞ്ഞു സന്ദര്‍ശിച്ച ജോബര്‍ഗ്ഗിലെ മറ്റൊരു മ്യൂസിയത്തെക്കുറിച്ചുകൂടി പറയട്ടെ. ചരിത്രപ്രാധാന്യമുള്ള 'അപ്പാര്‍തെയ്റ്റ് മ്യൂസിയം' ആണത്. ജോബര്‍ഗ്ഗിലെ ഏറ്റവും പ്രധാനമായ ഈ മ്യൂസിയം സലബോംഗായുടെ പദ്ധതിയില്‍ ഉണ്ടായിരുന്നില്ലെന്നത് എന്നെ ഒട്ടൊന്നുമല്ല അദ്ഭുതപ്പെടുത്തിയത്. ഇനി ഞാന്‍ കാണാന്‍ പോകുന്ന കാര്യങ്ങള്‍ അയാളല്ല ഞാനാണ് തീരുമാനിക്കുകയെന്ന് ആ നിമിഷം ഞാന്‍ നിശ്ചയിച്ചു. താമസിയാതെ തന്നെ ആ തീരുമാനം ശരിയായിരുന്നെന്നും ബോധ്യമായി.

അപ്പാര്‍തെയ്റ്റ് മ്യൂസിയത്തിലെ ടിക്കറ്റില്‍ത്തന്നെ വിവേചനാനുഭവം എങ്ങനെയാണെന്ന് നാം അറിയാന്‍ ആരംഭിക്കുന്നു. സന്ദര്‍ശകനു കിട്ടുക ഒന്നുകില്‍ കറുത്തവര്‍ക്കുള്ള, അല്ലെങ്കില്‍ വെളുത്തവര്‍ക്കുള്ള ടിക്കറ്റാണ്. അവര്‍ക്ക് കടക്കാനുള്ള വഴികളും വേറെ വേറെയാണ്. പുറത്തു വിപ്ലവനേതാക്കളുടെ കൂറ്റന്‍ ചിത്രങ്ങളുണ്ട്.  ദക്ഷിണ ആഫ്രിക്കയുടെ ആദ്യത്തെ 2500 വര്‍ഷത്തെ ചരിത്രം ചുരുക്കിക്കാണിക്കുന്ന ഒരു ഡോക്യുമെന്ററിയാണ് ആദ്യം. അതിലൂടെ നാം അപ്പാര്‍തെയ്റ്റിന്റെ ചരിത്രത്തിലേക്ക് വരുന്നു. ഷാര്‍പ്പ് വില്ലിലെ കൂട്ടക്കൊലയും അതിലൂടെ കലാപം ഹിമ്സയിലേക്ക് തിരിയുന്നത്, 1960-കളിലെ വര്‍ണ്ണവിവേചനാനുഭവം, ഖനികളിലെ അടിമജീവിതം, കറുത്ത അവബോധത്തിന്റെ (Black Consciounsess) ആരംഭം, രാഷ്ട്രീയനേതാക്കളുടെ തൂക്കിക്കൊലകള്‍ ഓര്‍മ്മിപ്പിക്കാനായി കുരുക്കിട്ട നൂറോളം കയറുകള്‍ തൂക്കിയിട്ട ഒരു മുറി (ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും ചലിപ്പിക്കുന്ന ഇന്‍സ്റ്റലേഷന്‍), മണ്ടേലയേയും മറ്റും ഏകാന്തത്തടവിലിട്ടിരുന്ന ഒരു കൊച്ചു കുളിമുറിയുടെ മാത്രം വലിപ്പമുള്ള, നിവര്‍ന്നു കിടക്കാനോ എണീറ്റ് നില്‍ക്കാനോ പറ്റാത്ത മുറിയുടെ മാതൃക, 1976-ലെ ആകസ്മികമായ ഉയിര്‍ത്തെഴുന്നേല്‍പ്പ്, എണ്‍പതുകളെപ്പറ്റിയുള്ള ഒരു ഫിലിം, അക്കാലത്തെ കൂട്ടക്കൊലകളും ജനകീയ പ്രതിരോധവും, അന്തര്‍ദ്ദേശീയമായ ഐക്യദാര്‍ഢ്യം, മണ്ടേലയുടെ ജയില്‍ വിമോചനം, 1990-കള്‍, സമാധാന സന്ധിയും അവകാശബില്ലും, ജനാധിപത്യത്തിലേക്കുള്ള മാറ്റം, യാഥാര്‍ത്ഥ്യവുമായുള്ള ഒത്തുതീര്‍പ്പിനുള്ള കമ്മിഷന്‍ (Truth and Reconciliation Commission), ഐന്ദ്രജാലികമായ പരിവര്‍ത്തനം, ഭരണഘടന എന്നിങ്ങനെയുള്ള വിഭാഗങ്ങളിലൂടെ നാം ഒരു തോട്ടത്തില്‍ എത്തിച്ചേരുന്നു. അവിടെ ഒരു പ്രത്യേക ഇടത്തുനിന്നു മാത്രം നോക്കിയാല്‍ മണ്ടേലയുടെ മുഖമായി കാണുന്ന, മാര്‍ക്കോ സിയാന്‍ ഫെനെല്ലി എന്ന ശില്‍പ്പി അന്‍പതു പരന്ന ഉരുക്കുസ്തംഭങ്ങളില്‍ നിര്‍മ്മിച്ച ഒരു ശില്‍പ്പമുണ്ട്. മണ്ടേലയെ 1962-ല്‍ അറസ്റ്റുചെയ്ത സ്ഥലത്താണത്. അന്‍പതു തൂണുകള്‍ മണ്ടേലയെ അറസ്റ്റുചെയ്തതിന്റെ അന്‍പതു വര്‍ഷങ്ങളെ കുറിക്കുന്നു, ഒപ്പം പലതു ചേര്‍ന്ന് ഒന്നാകുന്നത് പ്രതീകാത്മകമായി ജനതയുടെ ഐക്യ ദാര്‍ഢ്യത്തേയും.  ഞാനും റിയാസും (അദ്ദേഹം മുന്‍പും ഇവിടെ വന്നിട്ടുണ്ട്) രണ്ടു മണിക്കൂറോളം ഈ മ്യൂസിയത്തില്‍ ചെലവഴിച്ചു. വലിയ ഒരു ദൃശ്യശ്രാവ്യാനുഭവമായിരുന്നു അത്. വേദന, രോഷം, കുറ്റബോധം, ആഹ്ലാദം ഇങ്ങനെ മാറി മാറി വരുന്ന വികാരങ്ങള്‍ അനുഭവിക്കാതെ ഒരു മനുഷ്യനും അതിലൂടെ കടന്നു വരാനാകില്ല. ''സ്വതന്ത്രനാവുകയെന്നാല്‍ തന്റെ ചങ്ങല പൊട്ടിച്ചെറിയുക എന്നു മാത്രമല്ല അര്‍ത്ഥം, മറ്റുള്ളവരെ ബഹുമാനിക്കുകയും അവരുടെ സ്വാതന്ത്ര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ ജീവിക്കുക എന്നുകൂടിയാണ്'' എന്ന് മ്യൂസിയത്തില്‍ ആലേഖനം ചെയ്ത മണ്ടേലയുടെ വാക്യം (1993) ഉള്ളില്‍ പേറി മാത്രമേ അവിടെനിന്നു പുറത്തു കടക്കാനാവൂ.

 
അവിടെനിന്ന് ആഹാരം കഴിച്ചു ഞങ്ങള്‍ 'മനുഷ്യവംശത്തിന്റെ പിള്ളത്തൊട്ടില്‍' (Cradle of Humankind) എന്നറിയപ്പെടുന്ന 47000 ഹെക്ടര്‍ വിസ്തൃതിയുള്ള പ്രദേശത്തേയ്ക്ക് യാത്രയായി. ഇത് ഒരു 'യുനെസ്‌കോ ഹെരിറ്റേജ് സൈറ്റ്' ആണ്. (ഇതിനടുത്താണ് റിയാസ് തന്റെ 'റെസിഡന്‍സി'യില്‍ താമസിക്കുന്നത്. വിശാലമായ ഒരു സ്ഥലത്തുള്ള ആ സ്വയംപര്യാപ്തമായ വീട്ടിലും ഞങ്ങള്‍ പോയി. അവിടെവെച്ച് കേപ്പ് ടൗണില്‍നിന്നുള്ള ഒരു കലാകാരനെ പരിചയപ്പെടുകയും ചെയ്തു.) പ്രധാനമായും ഞങ്ങള്‍ സന്ദര്‍ശിച്ചത് അവിടത്തെ സ്റ്റെര്‍ക്ക് ഫോന്റൈന്‍  എന്നറിയപ്പെടുന്ന പ്രാചീനമായ ഗുഹയാണ്. ആദ്യമായി മനുഷ്യന്റെ പൂര്‍വ്വജര്‍ ഉണ്ടായെന്നു കരുതപ്പെടുന്ന പ്രദേശമാണ് ഇത്. പലതരം സരീസ്യപങ്ങളും (ഡയ്നോസോറുകള്‍) രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന ആദിമ മനുഷ്യ മാതൃകകളും ഇവിടെയാണ് പരിണമിച്ചുണ്ടായത്. 'മിസ്സിസ് പ്ലെസ്' എന്നു ശാസ്ത്രജ്ഞര്‍ കളിയായി പേരിട്ടിട്ടുള്ള 'ഓസ്ട്രലോപിത്തേക്കസ് ആഫ്രിക്കാന്‍സ്' എന്ന മനുഷ്യ പൂര്‍വ്വജീവിയുടെ 23 ലക്ഷം വര്‍ഷം പഴക്കമുള്ള ഫോസ്സില്‍ (ശിലീകൃതം) ഉള്‍പ്പെടെ അനേകം ഫോസ്സിലുകള്‍ ഇവിടെയുണ്ട്. 1924-ല്‍ റായ്മണ്ട് ഡാര്‍ട്ട് എന്ന അസ്ഥിഗവേഷകന്‍ ഇവിടെ ഈ വംശത്തില്‍പ്പെട്ട ഒരു കുട്ടിയുടെ ടോന്‍ഗ് ചൈല്‍ഡ് അസ്ഥി ഇവിടെ കണ്ടെത്തി തുടര്‍ന്ന് 'ഹോമോ നലേഡി' എന്നറിയപ്പെടുന്ന പ്രാക്തന മനുഷ്യന്റെ 15 ഫോസ്സിലുകള്‍ ഇവിടെ കണ്ടെത്തി. പിന്നീട് അത് 1500 ആയി. 'പരാന്ത്രോപ്പസ് റോബസ്റ്റസ്' എന്ന ആദിമ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത് ഒരു സ്‌കൂള്‍ കുട്ടിയാണ്. 25 ലക്ഷം വര്‍ഷം മുന്‍പ് എണീറ്റ് നടന്ന 'ലിറ്റില്‍ ഫുട്' എന്ന മനുഷ്യന്റേയും അവശിഷ്ടങ്ങള്‍ ഇവിടെ കണ്ടെത്തി; പത്തു ലക്ഷം കൊല്ലം മുന്‍പ് നമ്മുടെ പൂര്‍വ്വികര്‍ തീ ഇഷ്ടംപോലെ ഉപയോഗിക്കാന്‍ തുടങ്ങിയെന്നും മനസ്സിലാക്കി. 1966-ല്‍ ആരംഭിച്ച മനുഷ്യരുടെ പൂര്‍വ്വികരെതേടിയുള്ള ഖനനം ഇവിടെ ഇപ്പോഴും തുടരുകയാണ്. എനിക്ക് ഒരു ശാരീരിക ബലപരീക്ഷണം കൂടിയായിരുന്നു ഗുഹാസന്ദര്‍ശനം. തല ഇടിക്കുമെന്നതുകൊണ്ട് ഉരുക്കുതൊപ്പി വെച്ചേ അകത്തു കടക്കാനാവൂ. അനേകം പടികള്‍ ഇറങ്ങി ഒന്നരമണിക്കൂറെങ്കിലും ഗുഹയില്‍ പല തലങ്ങളില്‍ നടന്നും കുനിഞ്ഞും ഇഴഞ്ഞും കയറിയിറങ്ങി ഒടുവില്‍ പുറത്തേയ്ക്കു കയറിവരിക എന്റെ പ്രായക്കാര്‍ക്ക് ഒരു വെല്ലുവിളിതന്നെയാണ്. ഭൂകമ്പത്തില്‍ ഗുഹയുടെ ഭാഗങ്ങളും ഇടിഞ്ഞുവീണു മരിച്ചവരേയും അകത്തുള്ള തടാകത്തില്‍ പെട്ടെന്നു താഴെനിന്നു വെള്ളം പൊങ്ങി മുങ്ങിപ്പോയവരേയും കുറിച്ചെല്ലാം ഗൈഡ് പറഞ്ഞുകൊണ്ടിരുന്നു. പലയിടത്തും റിയാസ് എന്റെ കൈപിടിച്ചാണ് കൊണ്ടുപോയത് ഒടുവില്‍ പുറത്തെ സൂര്യപ്രകാശം കണ്ടപ്പോള്‍, സൂര്യനെ കണ്ടുപിടിച്ച ഒരാളുടെ സന്തോഷമാണ് എനിക്കുണ്ടായത്. റിയാസിന്റെ താല്‍ക്കാലിക വസതിയില്‍ പോയി ചായകുടിച്ച് അല്‍പ്പം വിശ്രമിച്ചപ്പോഴാണ് ക്ഷീണം തീര്‍ന്നത്. 

4

''അവര്‍ക്ക് കുറ്റബോധമില്ല
വിശപ്പ് എവിടേക്ക് കൊണ്ട്‌പോകുന്നുവോ,
അവിടേയ്ക്ക് അവര്‍ മണം പിടിച്ചു പോകുന്നു
അവര്‍ അസ്ഥിയെത്തുവോളം കടിക്കുന്നു

കഴിയുമ്പോള്‍ അവര്‍ പുല്ലില്‍
നടു നിവര്‍ത്തി കിടക്കുന്നു,
കാലുകള്‍ പിണച്ച്, നാക്ക് നീട്ടി.''

('എന്ത്‌കൊണ്ട് നായ്ക്കള്‍ നല്ല എഴുത്തുകാരാകുന്നു': ഡെന്നിസ് ഹിര്‍സണ്‍, ദക്ഷിണാഫിക്കന്‍ കവി)

ഈ ദിവസങ്ങള്‍ എനിക്ക് നല്ല ശ്രവണാനുഭവങ്ങളുടേയും ദൃശ്യാനുഭൂതികളുടേയും നാളുകള്‍ കൂടിയായിരുന്നു. 'ദി ഓര്‍ബിറ്റ്' എന്ന ജാസ് റെസ്റ്റോറന്റില്‍ പോയി (അവിടെ യാദൃച്ഛികമായി എത്തിപ്പെട്ട സബിതയോടും നിതിനോടുമൊപ്പം) ഖയാ മഹലാംഗു, ഫേയാ ഫക്കു എന്നീ പ്രസിദ്ധ ജാസ് സംഗീതജ്ഞരുടെ ജാസ് കേട്ടതായിരുന്നു ഒന്ന്. 'റ്റു യു മൈ ഡിയര്‍', 'റ്റൈം', 'ന്യൂ ഡോണ്‍' തുടങ്ങിയ ജനപ്രിയ കൃതികളുടെ രചയിതാവാണ് 1954-ല്‍ ജനിച്ച, ടോപ് ലീഗ് ആര്‍ട്ടിസ്റ്റായി ഗണിക്കപ്പെടുന്ന, സൊവേറ്റോയുടെ സ്വന്തം മഹലാംഗു. പല നാടുകളില്‍ നിന്നെത്തിയ കേള്‍വിക്കാര്‍ക്കൊപ്പം ആ ഇന്ദ്രജാലം അനുഭവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായിരുന്നു.

ഡല്‍ഹിയില്‍ പലകുറി കേട്ടിട്ടുള്ളതെങ്കിലും എത്ര കേട്ടാലും മതിവരാത്ത, സൂഫി പണ്ഡിതനും പാട്ടുകാരനുമായ മദന്‍ ഗോപാല്‍ സിംഗിന്റെ 'ചാര്‍യാര്‍' (നാല് സുഹൃത്തുക്കള്‍) എന്ന സംഘത്തിന്റെ സംഗീതം ജോബര്‍ഗ്ഗിലെ വിറ്റ്സ് സര്‍വ്വകലാശാലയുടെ ആര്‍ട്ട്സ് വിഭാഗത്തിലായിരുന്നു നടന്നത് ഒരു ഇന്ത്യ-ആഫ്രിക്കാ സെമിനാറിന്റെ ഭാഗമായി. ഓരോ പാട്ടിന്റേയും സന്ദര്‍ഭവും അതിനു പിറകിലെ ദര്‍ശനവും വിശദീകരിച്ചുകൊണ്ടുള്ള മദന്റെ രീതി എന്നെ എന്നും ആകര്‍ഷിച്ചിട്ടുണ്ട്. കബീര്‍, നാനാക്ക്, ഖുര്‍ആന്‍ ശകലങ്ങള്‍, ബുള്ളേ ഷാ, ബോബ് ഡിലന്‍: അദ്ഭുതകരമായിരുന്നു ആ സംഗീതത്തിന്റെ റേഞ്ച്.

സെപ്റ്റംബര്‍ 16, 17 തീയതികളില്‍ ജോബര്‍ഗ്ഗിന്റെ കൂടുതല്‍ ആഫ്രിക്കന്‍ സ്വഭാവമുള്ള, കലാകേന്ദ്രമായ മൊബാങ്ങില്‍ 'ലെസ്സ് ഗുഡ് ഐഡിയ' എന്ന കലാപരീക്ഷണസ്ഥലത്തായിരുന്നു 'ഇന്‍സറെക്ഷന്‍സ് ഒന്‍ഗ്സാമ്ബ്ലെ'യുടെ പുതിയ പെര്‍ഫോമന്‍സായ 'ദുഃഖത്തിന്റെ ഇഴകള്‍' (ത്രെഡ്സ് ഓഫ് സോറോ) അരങ്ങേറിയത്. ഇന്ത്യക്കാരും ആഫ്രിക്കക്കാരുമായ കവികളും പാട്ടുകാരും വാദ്യജ്ഞരും ചേര്‍ന്ന ഒരു സംഗീതക്കൂട്ടായ്മയാണ് ഇത്. ഇന്ത്യയില്‍നിന്ന് അംബേദ്കര്‍ സര്‍വ്വകലാശാലയില്‍ അദ്ധ്യാപികയും പാട്ടുകാരിയുമായ, ഐ.പി.റ്റി.എയുടെ (ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍) സംഗീതത്തില്‍ ഗവേഷണം ചെയ്തിട്ടുള്ള  സുമംഗളാ ദാമോദരന്‍, ഇംഗ്ലീഷില്‍ കവിത എഴുതുന്ന വിവേക് നാരായണന്‍, ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന ഗവേഷകയായ സബിതാ സച്ചി (എന്റെ മകള്‍ കൂടിയാണ്), സിതാര്‍ വായനക്കാരനായ പ്രീതം ഘോഷാല്‍, സരോദ് വായിക്കുന്ന അലി അഹ്സന്‍, ആഫ്രിക്കയില്‍നിന്ന് ആരി സീതാസ് ഉള്‍പ്പെടെയുള്ള കവികളും ഗായകരും എല്ലാം ഉള്‍പ്പെടുന്ന ഒരു സംഘമാണിത്. വാക്ക്, ശബ്ദം, ആവിഷ്‌കാരം, സംഗീതം, രാഷ്ട്രീയമായ ഉല്‍ക്കണ്ഠകള്‍ ഇവയിലൂടെ ആഫ്രിക്കയേയും ഇന്ത്യയേയും ബന്ധിപ്പിക്കാനുള്ള ആശാവഹമായ ഒരു പരിശ്രമമാണ് ഈ സംഘത്തിന്റെ ഇതുവരെയുള്ള മൂന്നു പ്രൊഡക്ഷനുകളും. കര്‍ഷകര്‍, ഖനിവേലക്കാര്‍, അടിമകള്‍, സ്ത്രീകള്‍ ഇവരാണ് ഇവയിലൂടെ സംസാരിക്കുന്നത്. കവിതകള്‍ ഇവിടെ പാട്ടുകളും സംഭാഷണങ്ങളും ചലനങ്ങളുമായി മാറുന്നു. ഭീകരമായ ഹിംസയ്ക്കിടയിലും പ്രത്യാശ അന്വേഷിക്കുന്നവയാണ് ഈ മൂന്നു പെര്‍ഫോമന്‍സുകളും. ഒരെണ്ണം 'ദി സ്റ്റോമിംഗ്' ഷേക്‌സ്പിയറിന്റെ 'ടെമ്പെസ്റ്റ്' നാടകം തിരിച്ചിട്ടതാണ്. ഇവിടെ പ്രോസ്പെരോ അല്ല സ്ത്രീയായ കാലിബാനാണ് (കാലിബാന) നായിക. അടിമത്തത്തേയും വിവേചനത്തേയും കുറിച്ചുള്ള ഒരു കാവ്യനാടകമായിരുന്നു അത്. 'കേപ്ടൗണ്‍', ഡര്‍ബന്‍ എന്നിവിടങ്ങളിലെ പരിപാടികളുടെ തുടര്‍ച്ചയായിരുന്നു ജോബര്‍ഗ്ഗില്‍ അവതരിപ്പിച്ച 'ദുഃഖത്തിന്റെ ഇഴകള്‍'. കവിതയുടേയും സംഗീതത്തിന്റേയും ഈ ഇന്ദ്രജാലം ഞാന്‍ രണ്ടു ദിവസവും കണ്ടു, കേട്ടു. രണ്ടാം ദിവസം തിയേറ്ററിനടുത്തുള്ള എത്യോപ്യന്‍ റെസ്റ്റോറന്റില്‍നിന്നു ഭക്ഷണം കഴിച്ചതും ഒരനുഭവമായിരുന്നു. അവരുടെ ആചാരമനുസരിച്ച് വെള്ളിമൊന്തയില്‍നിന്നു വെള്ളമൊഴിച്ചുതന്നു ഭക്ഷണത്തിനു മുന്‍പും പിന്‍പും കൈ കഴുകിക്കുകയും വലിയ തളികയില്‍ രുചികരമായ സസ്യാഹാരം (അതാവശ്യപ്പെട്ടതുകൊണ്ടാണ്) ഒരുക്കുകയും ചെയ്യുന്നതു കണ്ടപ്പോള്‍ ഞാന്‍ പഴയ കേരളം ഓര്‍ത്തു. ഒരുപക്ഷേ, മിക്കപ്പോഴും പിസയും പാസ്തയും റോളും പലതരം ബ്രെഡ്ഡുകളും പഴങ്ങളും ഒരു കുറി മാത്രം ചോറും കഴിച്ചിരുന്ന ഈ യാത്രയില്‍ ഞാന്‍ കഴിച്ച ഏറ്റവും രുചികരമായ ഭക്ഷണം ഇതായിരുന്നു.

ഗുഡ്മാന്‍, മോമോ തുടങ്ങി ജോബര്‍ഗ്ഗിലെ പല ആര്‍ട്ട്ഗാലറികളും ഞങ്ങള്‍ പോയിക്കണ്ടു. അവയില്‍ എന്നെ പ്രത്യേകം ആകര്‍ഷിച്ചത് പിടികായുടെ ഗാലറിയിലെ ശില്‍പ്പങ്ങളും അഡിസ് അബാബയില്‍നിന്നുള്ള ഐദാ മുളൂനെയുടെ ജലദൗര്‍ഭിക്ഷ്യത്തെ ആധാരമാക്കിയുള്ള പെയിന്റിങ്ങുകളും ഗുഡ്മാന്‍ ഗാലറിയിലെ യിന്‍കാ ഷോനിബാരെയുടെ ശില്‍പ്പങ്ങളും ചിത്രങ്ങളും വീഡിയോയും അടങ്ങിയ പ്രദര്‍ശനവും വില്ല്യം കെന്റിജിന്റെ 'മൂക്ക്' എന്ന പേരിലുള്ള പ്രിന്റ് പരമ്പരയുമാണ്. മൂക്കിനെ കുതിരയും പക്ഷിയും ഏകാധിപതിയും നഗ്‌നസ്ത്രീകളും എല്ലാമാക്കി രൂപപരിവര്‍ത്തനം നടത്തുന്ന ഒരു രസികന്‍ പരമ്പരയാണിത്. ഷോനിബാരെയുടെ ഫൈബര്‍ ഗ്ലാസ്സ് ശില്‍പ്പങ്ങള്‍ ശിരസ്സിന്റെ സ്ഥാനത്ത് ആഫ്രിക്ക അടയാളപ്പെടുത്തിയ ഭൂഗോളങ്ങളുമായി നില്‍ക്കുന്ന നിറപ്പകിട്ടുള്ള വസ്ത്രങ്ങളണിഞ്ഞ മനുഷ്യരുടേതാണ്; വീഡിയോ സംഗീതാത്മകമായ ഒരു നീണ്ട നിലവിളിയും. ലോകചിത്രകലയിലെ പ്രസിദ്ധങ്ങളായ മരണചിത്രങ്ങളുടെ (ചാറ്റെര്‍ട്ടന്‍, ഡാവിഞ്ചി, ഫ്രാന്‍സിസ് പുണ്യവാളന്‍ എന്നിവരെക്കുറിച്ചുള്ള ചിത്രങ്ങളുടേയും മാനെയുടെ 'ആത്മഹത്യ' എന്ന ചിത്രത്തിന്റേയും) അനുകരണങ്ങളാണ് 'ഫെയ്ക്ക് ഡെത്ത് പിക്ചര്‍' എന്നു പേരിട്ടിട്ടുള്ള പരമ്പര. 

ദക്ഷിണാഫ്രിക്കയില്‍ പോകുന്നവര്‍ക്ക് പതിവായി ലഭിക്കുന്ന ഒരു താക്കീതുണ്ട്: ''മൊബൈല്‍ പുറത്തെടുക്കരുത്, പഴ്സ് പോക്കറ്റിലിടുക, എല്ലാവരും കള്ളന്മാരാണ്.'' ശരിയാണ്, ചില ഭാഗങ്ങളില്‍, വിശേഷിച്ചും മയക്കുമരുന്നു ശീലിച്ചവരും പോക്കറ്റടിക്കാരും മറ്റും തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ തട്ടിപ്പറിയും പകല്‍ക്കൊള്ളയുമെല്ലാമുണ്ട്. പക്ഷേ, ഇത്തരം താക്കീതുകളില്‍ പതിയിരിക്കുന്ന വംശവിദ്വേഷം നാം കാണാതെ പോകരുത്. മുസ്ലിങ്ങളെല്ലാം ഭീകരവാദികളാണെന്നു പറയുംപോലെ ഒരു തെറ്റായ സാമാന്യ പ്രസ്താവമാണത്. ഇന്ത്യയെക്കുറിച്ചും ഇതേ താക്കീത് വിദേശികള്‍ക്ക് ലഭിക്കുന്നുണ്ടാവണം. ഏതായാലും അത്തരം അനുഭവങ്ങളൊന്നും എനിക്ക് ഈ ദിവസങ്ങളില്‍ ഉണ്ടായില്ല, എന്നല്ല എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായത് പരിഷ്‌കൃതമായ യൂറോപ്പില്‍ ഇറ്റലിയിലും ഫ്രാന്‍സിലും വെച്ചാണ്. ദരിദ്രരേയും ട്രാന്‍സ്‌ജെന്ററുകളേയും ഭിക്ഷക്കാരേയുമെല്ലാം കുറിച്ച് ഇത്തരം 'സ്റ്റീരിയോ ടൈപ്പിംഗ്' ഇന്ത്യയിലും പതിവാണല്ലോ. ദക്ഷിണാഫ്രിക്കയില്‍ കടുത്ത ദാരിദ്ര്യമുണ്ട് എന്നത് ശരിയാണ്. സോവേറ്റോയില്‍ പോയപ്പോള്‍ ഞാന്‍ നമ്മുടെ നഗരങ്ങളില്‍ എന്നപോലുള്ള ചേരികളും തൊഴിലാളികളുടെ തകിട് മേഞ്ഞ കുടിലുകളും കണ്ടു. വര്‍ണ്ണവിവേചനം നിയമപ്രകാരം അവസാനിച്ചിരിക്കാം, പക്ഷേ, വര്‍ഗ്ഗവും വര്‍ണ്ണവും ഇപ്പോഴും ദക്ഷിണാഫ്രിക്കയില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു ഇന്ത്യയില്‍ ജാതിയും വര്‍ഗ്ഗവും എന്നപോലെ. ജേക്കബ് സൂമയുടെ സര്‍ക്കാരിനെക്കുറിച്ചു മോശം അഭിപ്രായമാണ് അവിടത്തുകാര്‍ക്കു പലര്‍ക്കുമുള്ളത്. ആദ്യകാലത്തെ ഗാന്ധിയേയും അന്ത്യകാലത്തെ മണ്ടേലയേയും കുറിച്ച് മോശമായി സംസാരിക്കുന്നവരും ഇല്ലെന്നില്ല, പക്ഷേ, അവരുടെ ചരിത്രപരമായ പങ്ക് അവര്‍ കാണാതിരിക്കുന്നില്ല. മണ്ടേലയും ഡെസ്മണ്ട് ടൂട്ടുവും മറ്റും ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
അനുഭവസാന്ദ്രമായ പത്തു ദിവസങ്ങള്‍ സമ്മാനിച്ച ജോബര്‍ഗ്ഗിനോട് നന്ദി പറഞ്ഞു മറ്റൊരു ഉറക്കമില്ലാത്ത രാത്രിക്ക് തയ്യാറെടുക്കുമ്പോള്‍ ഞാന്‍ ആന്റ്ജീ ക്രോഗിന്റെ കവിതകള്‍ ഉറക്കെ വായിക്കുകയായിരുന്നു:

''നിനക്കും എനിക്കുമിടയില്‍
എത്ര ഹതാശമാണ് ഈ വേദന
എത്ര ഹതാശം

അത്രയേറെ സത്യം കൊണ്ടുള്ള മുറിവ്
അത്രയേറെ നാശം
അതിജീവനത്തിനു ബാക്കിയായത് അത്ര കുറവ്

ഇവിടെനിന്ന് നാം എങ്ങോട്ട് പോകും
നിന്റെ ഭൂതകാലത്തിന്റെ ഖരദൈര്‍ഘ്യത്തില്‍
രോഷത്തില്‍ തൂക്കിയിട്ട നിന്റെ ശബ്ദം

ഒരു ശബ്ദം
മറ്റൊരാളിലെത്താന്‍
എത്ര സമയമെടുക്കും,
നമുക്കിടയില്‍ കിടന്നു ചോരയൊലിക്കുന്ന
ഈ നാട്ടില്‍.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com