ഒഴുക്ക് നിലയ്ക്കാത്ത സുബര്‍ണ്ണരേഖ

നവംബര്‍ 4 ഋത്വിക് ഘട്ടക്കിന്റെ ജന്മദിനമാണ്. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടും കാലഹരണപ്പെടാത്ത ഘട്ടക്കിന്റെ ക്ലാസ്സിക് സിനിമയുടെ കാഴ്ചയെഴുത്ത്
സുബര്‍ണ്ണരേഖ
സുബര്‍ണ്ണരേഖ

''നിങ്ങള്‍ ഈ ബംഗ്ലാദേശ് പ്രസ്ഥാനത്തിന്റെ പ്രത്യേകതയെന്നു കരുതിയത് വാസ്തവത്തില്‍ ഒരു സാമാന്യ സത്യമാണ്. പത്മയുടെയെന്നല്ല, ഗംഗയുടെയെന്നല്ല, സിന്ധുവിന്റേയും യാങ്‌സിയുടേയും നൈലിന്റേയും വോള്‍ഗയുടേയും ഡാന്യൂബിന്റേയും തീരത്ത്, ആയിരമായിരമാണ്ടുകളായി, ഒരു കൂട്ടരുടെയല്ലെങ്കില്‍ വേറൊരു കൂട്ടരുടെ മര്‍ദ്ദനത്തിനോ ചൂഷണത്തിനോ വഞ്ചനയ്‌ക്കോ ഭംഗിവാക്കിനോ ഇരയായി, എല്ലാം പൊറുത്തും എല്ലാവരോടും പൊരുത്തപ്പെട്ടും ജീവിച്ചുപോന്ന മൂകരും നിശ്ചലരുമായ ആ മനുഷ്യരും അഭയാര്‍ത്ഥികള്‍ തന്നെ. ഒരിടത്തുനിന്ന് വേറൊരിടത്തേക്കല്ലെങ്കില്‍, ഒരുകാലത്തില്‍നിന്ന് വേറൊരു കാലത്തിലേക്ക് അവര്‍ എന്നും അഭയം തേടി നീങ്ങിക്കൊണ്ടേയിരുന്നു. ഒരിക്കലും അഭയം കിട്ടാത്ത ശപിക്കപ്പെട്ട അഭയാര്‍ത്ഥിയായിരുന്നു എന്നെന്നും മനുഷ്യര്‍. അവന്റെ പ്രസ്ഥാനങ്ങളത്രയും വാസ്തവത്തില്‍ അഭയാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ മാത്രവും. ചരിത്രമെന്നത് - സ്ഥലത്തിലായാലും കാലത്തിലായാലും - ദുരിതത്തില്‍നിന്നും അടിമത്തത്തില്‍നിന്നും ആശ്വാസത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള മനുഷ്യന്റെ നിത്യമായ, അഭയം കിട്ടാത്ത അഭയാര്‍ത്ഥി പ്രവാഹത്തിന്റെ കഥയാണ്.''
-അഭയാര്‍ത്ഥികള്‍
ആനന്ദ്

ത്വിക് ഘട്ടക്കിന്റെ 'വിഭജനത്രയ'ത്തിലെ മൂന്നാമത്തെ ചിത്രമായിരുന്നു സുബര്‍ണ്ണരേഖ. ബംഗാള്‍ വിഭജനത്തിന്റെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലങ്ങളെ പരിശോധിക്കുന്ന മേഘ ധക്ക താര (1960), കോമള്‍ ഗാന്ധാര്‍ (1961) എന്നീ സിനിമകള്‍ക്കു ശേഷം ഘട്ടക്ക് 1962-ല്‍ സുബര്‍ണ്ണരേഖയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും 1965-ല്‍ ആണ് അത് റിലീസ് ചെയ്യാന്‍ കഴിഞ്ഞത്. ഘട്ടക്കിന്റെ ഏറ്റവും സങ്കീര്‍ണ്ണവും ദാര്‍ശനികവുമായ ചലച്ചിത്ര സൃഷ്ടിയാണ് സുബര്‍ണ്ണരേഖ. വിഭജനാനന്തരം അറുപതുകള്‍ വരെ ബംഗാള്‍ സമൂഹം നേരിട്ട അസ്തിത്വ പ്രശ്‌നങ്ങളാണ് ഘട്ടക്ക് സുബര്‍ണ്ണരേഖയില്‍ പകര്‍ത്തിയിരിക്കുന്നത്. 

ചലച്ചിത്ര നിരീക്ഷകനായ മെഗാന്‍ കാരിഗി ഘട്ടക്കിന്റെ സിനിമയെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: ''വിഭജനത്തോടുള്ള സമീപനം തന്നെയാണ് ഘട്ടക്കിന്റെ സിനിമകളെ സത്യജിത് റേയുടെ സിനിമകളില്‍നിന്ന് തികച്ചും വ്യതിരിക്തമാക്കുന്നത്. 'കിഴക്കന്‍ ബംഗാളിലേക്കുള്ള പഴയ പാത വെട്ടിമുറിക്കപ്പെട്ടിടത്ത് അവസാനിക്കുന്ന റെയില്‍വേ ട്രാക്കില്‍ ക്യാമറ പൊടുന്നനെ നിശ്ചലമാകുമ്പോള്‍ അനസൂയയുടെ മനസ്സില്‍, ഹൃദയഭേദകമായ ഒരു നിലവിളി ഉയരുന്നു' - കോമള്‍ ഗാന്ധാറിലെ ഒരു രംഗത്തെക്കുറിച്ചുള്ള ഘട്ടക്കിന്റെ ഈ വിവരണം വിഭജനത്തോടുള്ള അദ്ദേഹത്തിന്റെ സിനിമാസമീപനത്തെ വ്യക്തമാക്കുന്നു.''

വേരുകളും വീടുകളുമില്ലാത്ത അവസ്ഥ അഭയാര്‍ത്ഥികളുടെ മാത്രം പ്രശ്‌നമായി ചുരുക്കാന്‍ ഘട്ടക്ക് തയ്യാറല്ല. പാരമ്പര്യത്തിന്റെ നങ്കൂരങ്ങളില്‍നിന്ന് പിഴുതെറിയപ്പെട്ട ആധുനിക മനുഷ്യന്റെ അവസ്ഥയും ഒരു തരത്തില്‍ അഭയാര്‍ത്ഥിത്വമായി അദ്ദേഹം കണക്കാക്കി. വിഭജനാനന്തരമുള്ള ബംഗാളിന്റെ ഭൂമികയെ കൂടുതല്‍ വിശാലമായൊരു പ്രശ്‌നതലത്തില്‍വച്ചാണ് ഘട്ടക്ക് പരിശോധിച്ചത്. 

ഈശ്വറിന്റേയും അനുജത്തിയായ സീതയുടേയും കഥയിലൂടെയാണ് ഘട്ടക്ക് സുബര്‍ണ്ണരേഖയില്‍ ഈ പരിശോധന നടത്തുന്നത്. പടിഞ്ഞാറന്‍ ബംഗാളിലെ അഭയാര്‍ത്ഥി കോളനിയില്‍ കുഞ്ഞനുജത്തിയായ സീതയോടൊപ്പം താമസിച്ചിരുന്ന ഈശ്വര്‍ അനാഥനായിത്തീര്‍ന്ന അഭിരാമിനെ വളര്‍ത്തി വലുതാക്കുന്നു. പ്രായപൂര്‍ത്തിയായ സീതയുടേയും അഭിരാമിന്റേയും പ്രണയത്തോടുള്ള ഈശ്വറിന്റെ എതിര്‍പ്പ് മൂന്ന് പേരുടേയും ജീവിതത്തെ തകര്‍ത്തു കളഞ്ഞു. അഭിരാം സീതയുമായി ഒളിച്ചോടുകയും കുറച്ചു നാളുകള്‍ക്കുശേഷം അപകടത്തില്‍പ്പെട്ടു മരണമടയുകയും ചെയ്തു. ഈശ്വര്‍ മദ്യത്തിന്റേയും മദിരാക്ഷിയുടേയും പിടിയിലകപ്പെടുന്നു. ജീവിതം വഴിമുട്ടിയപ്പോള്‍ വേശ്യാവൃത്തി സ്വീകരിച്ച സീതയുടെ മുന്നിലാണ് തന്റെ മാംസദാഹം ശമിപ്പിക്കാന്‍ ഒരിക്കല്‍ ഈശ്വര്‍ അബദ്ധത്തില്‍ എത്തിപ്പെട്ടത്. മദ്യശാലയില്‍ കണ്ണട വച്ചു മറന്ന ഈശ്വര്‍ ആദ്യം സീതയെ തിരിച്ചറിഞ്ഞില്ല. ജ്യേഷ്ഠനെ കണ്ട മാനസികാഘാതത്തില്‍ സ്വയം ജീവനൊടുക്കിയ സീതയുടെ മരണം ഒരു കൊലപാതകമാണെന്ന തരത്തില്‍ വളച്ചൊടിക്കപ്പെട്ടു. ആ അഭ്യൂഹത്തില്‍ കുരുങ്ങി ഈശ്വറിന്റെ ജീവിതം തകര്‍ച്ചയുടെ പടുകുഴിയിലേക്ക് പതിച്ചു. ചിത്രാന്ത്യത്തില്‍ അയാള്‍ സീതയുടെ മകനായ ബിനുവിനെ കണ്ടുമുട്ടുന്നു. സന്തോഷകരമായൊരു ജീവിതം കിനാവ് കണ്ട് കുതിച്ചോടുന്ന അനന്തരവനൊപ്പം സുബര്‍ണ്ണരേഖാ നദിയുടെ കരയിലൂടെ കിതച്ചുകൊണ്ട് പതറി നീങ്ങുന്ന ഈശ്വറിന്റെ ദൃശ്യത്തിലാണ്  സിനിമ അവസാനിക്കുന്നത്. 

ഋത്വിക് ഘട്ടക്‌
ഋത്വിക് ഘട്ടക്‌

സുബര്‍ണ്ണരേഖയുടെ അടിസ്ഥാനപരമായ തന്തുരചന മെലോഡ്രാമയില്‍ അധിഷ്ഠിതമാണ്. സിനിമയുടെ ഓരോ ഖണ്ഡവും യാദൃച്ഛിക സംഭവങ്ങളാലാണ് കൂട്ടിയിണക്കിയിരിക്കുന്നത്. സുബര്‍ണ്ണരേഖയിലെ യാദൃച്ഛികത്വങ്ങളുടെ കുത്തൊഴുക്കിനെപ്പറ്റി കൃത്യമായ ബോധ്യമുള്ളയാളായിരുന്നു ഘട്ടക്ക്. വളരെ ബോധപൂര്‍വ്വമാണ് അത്തരം രംഗങ്ങള്‍ അദ്ദേഹം തന്റെ സിനിമയില്‍ ഘടിപ്പിച്ചത്. സത്യജിത് റായിയേയും ഘട്ടക്കിനേയും താരതമ്യപ്പെടുത്തി സുപ്രസിദ്ധനായ മണി കൗള്‍ പറഞ്ഞത് ഇങ്ങനെയാണ്: ''സത്യജിത് റായിയും ഘട്ടക്കും തമ്മില്‍ സുപ്രധാനമായൊരു വ്യത്യാസമുണ്ട്. നിയോ റിയലിസത്തെ ബംഗാളി പശ്ചാത്തലത്തില്‍ ഇഴുകിച്ചേര്‍ക്കാനാണ് റായ് ശ്രമിച്ചത്. ഘട്ടക്കാകട്ടെ, നാടോടി നാടകങ്ങളില്‍നിന്നാണ് തന്റെ രചനകള്‍ക്കു വേണ്ട പ്രചോദനം നേടിയത്. ഘട്ടക്കിന്റെ ചലച്ചിത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ വിവരണമെന്നതിനെക്കാള്‍ യാഥാര്‍ത്ഥ്യത്തിനുമേല്‍ ഒരു നിരോധനമാണെന്നതിനാല്‍ എനിക്കവയോട് കൂടുതല്‍ അടുപ്പം തോന്നുന്നു. ഘട്ടക്കിന്റെ കര്‍ക്കശമായ ശൈലിക്ക് വിദേശത്ത് ഏറെ ആരാധകരുണ്ടാകില്ല. ഒന്ന് പറയട്ടെ, റായിയുടെ അനുയായികള്‍ വെറും മൂന്നാംകിടക്കാരാണ്. അങ്ങേയറ്റം പരിഷ്‌കൃതമായൊരു ശില്പവൈദഗ്ദ്ധ്യത്തെ ഉദാത്ത കലയായി തെറ്റിദ്ധരിക്കുന്ന ഉപരിപ്ലവാസ്വാദകര്‍. ഘട്ടക്കിന്റെ അനുയായികള്‍ ചുരുങ്ങിയപക്ഷം തനിമയുള്ളവരെങ്കിലുമാണ്.'' ഘട്ടക്കിന്റെ പ്രസിദ്ധ ശിഷ്യനായ ജോണ്‍ എബ്രഹാം മണി കൗളിന്റെ വാക്കുകള്‍ക്ക് അടിവരയിടുന്ന ഏറ്റവും മികച്ച ഉദാഹരണമായി നമുക്കു മുന്‍പിലുണ്ടായിരുന്നല്ലോ. 

നിര്‍മ്മിക്കപ്പെട്ട കാലത്ത് പ്രേക്ഷകരാല്‍ സ്വീകരിക്കപ്പെടാതിരിക്കുകയും ഘട്ടക്കിന്റെ മരണശേഷം ക്ലാസ്സിക്കുകളായി വാഴ്ത്തപ്പെടുകയുമെന്നത് അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഏറ്റുവാങ്ങിയൊരു ദുര്‍വ്വിധിയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായി ഇന്നു കണക്കാക്കപ്പെടുന്ന സുബര്‍ണ്ണരേഖ എന്ന ക്ലാസ്സിക്കും ഈ ഗതിയില്‍നിന്നു മുക്തമല്ലായിരുന്നു. സുബര്‍ണ്ണരേഖയിലെ എല്ലാ സ്വീക്വന്‍സുകളിലും അതിക്രമത്തിന്റേയും വിനാശത്തിന്റേയും വ്യവസായവല്‍ക്കരണത്തിന്റേയും വറുതിയുടേയും വിഭജനത്തിന്റേയും ചരിത്രധ്വനികള്‍ ലീനമായിരിക്കുന്നു. സാഹിത്യത്തിലേയും സിനിമകളിലേയും ധാരാളം ഉദ്ധരണികളും ഘട്ടക് സുബര്‍ണ്ണരേഖയില്‍ സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. മാധബി മുഖര്‍ജിയുടേയും അഭി ഭട്ടാചാര്യയുടേയും അഭിനയശേഷിയും ബഹാദൂര്‍ ഖാന്റെ പശ്ചാത്തല സംഗീതവും സുബര്‍ണ്ണരേഖയുടെ മാറ്റ് കൂട്ടാന്‍ സഹായിച്ച ഘടകങ്ങളാണ്. 

നമുക്കു ചുറ്റുമുള്ള ജനങ്ങളുടെ ജീവിതം ഇത്രമാത്രം ദുരിതമയമായിരിക്കെ നാം എന്ത് തരം സിനിമകളാണ് സൃഷ്ടിക്കേണ്ടതെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു ഋത്വിക് കുമാര്‍ ഘട്ടക്ക് എന്ന കലാപകാരിയായ സംവിധായകന്‍ തന്റെ സൃഷ്ടികളിലൂടെ അന്വേഷിച്ചിരുന്നത്. ചവിട്ടിമതിക്കപ്പെടുകയും സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് പുറമ്പോക്കുകളിലേക്ക് പ്രാന്തവല്‍ക്കരിക്കപ്പെടുകയും ചെയ്തവരുടെ പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് മുഖം തിരിക്കാന്‍ ഒരിക്കലും ഘട്ടക്കിനു കഴിയുമായിരുന്നില്ല. സിനിമയിലും ജീവിതത്തിലും സ്ഥാപിത താല്‍പ്പര്യങ്ങളുടെ ദുര്‍ഗ്ഗങ്ങളെ ഇടിച്ചുനിരത്തുന്നതിലായിരുന്നു ഘട്ടക്കിന് പ്രതിപത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com